നബിചരിത്രത്തില്‍ ഒരമൂല്യഗ്രന്ഥം

വി.കെ അലി‌‌
img

ലിബിയക്കാരനായ ഡോ. അലി മുഹമ്മദ് അസ്വല്ലാബി ഇസ്‌ലാമിക വൈജ്ഞാനിക വൃത്തങ്ങളില്‍ അടുത്ത കാലംവരെയും അത്രയൊന്നും അറിയപ്പെടുന്ന ആളായിരുന്നില്ല. ലിബിയയിലെ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തില്‍ പഠനപര്യവേക്ഷണങ്ങളില്‍ മുഴുകുന്ന ഒരുവിജ്ഞാനദാഹിയായിരുന്നു അദ്ദേഹം. എന്നാല്‍ 'മൗസൂഅത്തുസ്സിയര്‍' എന്ന വിജ്ഞാനകോശം പുറത്തുവന്നതോടെ അദ്ദേഹം മുസ്‌ലിം ലോകത്തെ അമ്പരപ്പിച്ചു കളഞ്ഞു. മുഹമ്മദ് നബി(സ)യുടെ ജീവചരിത്രത്തിന് പുറമെ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി, ഹസനുബ്‌നു അലി, മുആവിയ, ഉമറുബ്‌നു അബ്ദില്‍ അസീസ് എന്നീ നേതാക്കളുടെ ചരിത്രവിശകലനമാണ് ഓരോ പ്രത്യേക വാള്യങ്ങളായി ഈ വിജ്ഞാനകോശത്തിലുള്ളത്. ഓരോ വാള്യവും അഞ്ഞൂറും ആയിരവുമൊക്കെ പേജുകളില്‍. ഈ ഗ്രന്ഥങ്ങളാകട്ടെ റഷ്യ, ഇറാഖ്, മൗറിതാനിയ, അള്‍ജീരിയ, ഈജിപ്ത്, ഖത്തര്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി ലക്ഷക്കണക്കില്‍ കോപ്പികള്‍ അച്ചടിച്ചു കഴിഞ്ഞു. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തിലെ 'നബിചരിത്ര' കൃതിയെക്കുറിച്ച് മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഈ ഗ്രന്ഥത്തെക്കുറിച്ച ലബ്ധപ്രതിഷ്ഠനായ ഒരു ഇറാഖി ഗ്രന്ഥകാരന്‍(ഡോ. അബ്ദുല്‍കരീം സൈദനാണെന്ന് തോന്നുന്നു) അഭിപ്രായപ്പെട്ടത് ''താങ്കളുടെ പുസ്തകം പോലെ നബി ചരിത്രത്തില്‍ മറ്റൊരു കൃതി ഞാന്‍ കണ്ടിട്ടില്ല'' എന്നാണ്.
1963-ല്‍ ലിബിയയിലെ ബംഗാസി പട്ടണത്തിലാണ് അലിസ്വല്ലാബിയുടെ ജനനം. സുഊദി അറേബ്യയിലെ മദീനാ യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. പഠനത്തില്‍ വളരെ മുന്‍പന്തിയിലായിരുന്ന സ്വല്ലാബി എല്ലാ ക്ലാസുകളിലും ഒന്നാമനായാണ് വിജയിച്ചിരുന്നത്. ബിരുദാനന്തര പഠനം നടന്നത് സുഡാനിലെ ഖാര്‍ത്തൂം യൂനിവേഴ്‌സിറ്റിയിലാണ്. അവിടെ നിന്നുതന്നെയാണ് ഖുര്‍ആനിക വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയതും. ഇസ്‌ലാമിസ്റ്റ് സംഘടനകളോടായിരുന്നു അദ്ദേഹത്തിന്റെ ആഭിമുഖ്യമെങ്കിലും ഒരു സംഘടനയുമായും ഔദ്യോഗികബന്ധം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവസാനഘട്ടത്തില്‍ കേണല്‍ ഖദ്ദാഫിയുടെ ഭരണകൂടവും പ്രക്ഷോഭകരും ഏറ്റുമുട്ടിയപ്പോള്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ചില ശ്രമങ്ങളെല്ലാം അദ്ദേഹം നടത്തുകയുണ്ടായി. ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്‌ലാമുമായുള്ള തന്റെ വ്യക്തിബന്ധം ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. ഡോ. ഖര്‍ദാവി അധ്യക്ഷനായുള്ള ഇന്റര്‍നാഷണല്‍ മുസ്‌ലിം ഉലമാ സംഘത്തില്‍ മെമ്പറാണ് സ്വല്ലാബി.
മുഹമ്മദ്‌നബി(സ)യുടെ ജീവചരിത്രത്തില്‍ കനപ്പെട്ട പല ഗ്രന്ഥങ്ങളും പുറത്തുവന്നിട്ടുണ്ട്. പൂര്‍വികര്‍ എഴുതിയവയും ആധുനിക എഴുത്തുകാരുടെ കൃതികളും അക്കൂട്ടത്തില്‍ കാണാം. അബുല്‍ഹസന്‍ അലി നദ്‌വിയുടെ 'അസ്സീറന്നബവിയ്യ' ഹൈക്കലിന്റെ 'ഹയാതു മുഹമ്മദ്', മുബാറക് പൂരിയുടെ 'അര്‍റഹീഖുല്‍ മഖ്തൂം', മുഹമ്മദ് നബ്ഹാന്‍ ഖബ്ബാസിന്റെ 'അല്‍ ഇസ്ത്വിഫാ ഫീ സീറതില്‍ മുസ്ത്വഫാ' (മൂന്നു വാള്യങ്ങള്‍) മുഹമ്മദ് ദര്‍വസയുടെ 'സീറത്തുര്‍റസൂല്‍', സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ 'സീറത്തുന്നബി' എന്നിവ ഇക്കൂട്ടത്തില്‍ പ്രസിദ്ധങ്ങളാണ്. എല്ലാ കൃതികളെയും സമാഹരിച്ചും തന്റേതായ വീക്ഷണങ്ങളും അഭിപ്രായങ്ങളും പ്രകാശിപ്പിച്ചുമാണ് സ്വല്ലാബി ഈ ചരിത്രഗ്രന്ഥം രചിച്ചിട്ടുള്ളത്. ഗ്രന്ഥരചനക്ക് അദ്ദേഹം ഉപയോഗപ്പെടുത്തിയ കൃതികളുടെ പെരുപ്പം അത്ഭുതാവഹമാണ്. മുന്നൂറ്റി എഴുപത്തൊന്ന് കൃതികളെ തന്റെ റഫറന്‍സ് ഗ്രന്ഥങ്ങളായി ബിബ്‌ളിയോഗ്രഫിയില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ അത്രയൊന്നും പ്രാമാണികമോ അവലംബനീയമോ അല്ലാത്തവയുമുണ്ടെന്നത് മറ്റൊരു കാര്യം. പലതും അദ്ദേഹത്തെക്കാള്‍ താഴെയുള്ളവരുടെ പുസ്തകങ്ങളാണ്. സ്വല്ലാബി എഴുതി: ഖുര്‍ആനിനെക്കുറിച്ചും നബി ചരിത്രത്തെക്കുറിച്ചും ചിന്തിച്ചുകൊണ്ട് എന്റെ ആയുസ്സിലെ കുറേവര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയി. എന്റെ ജീവിതത്തിലെ സുവര്‍ണ നാളുകളായിരുന്നു അത്. ആ അന്വേഷണത്തിനിടയില്‍ എന്റെ വിപ്രവാസത്തിന്റെയും പലായനത്തിന്റെയും നോവുകള്‍ ഞാന്‍ വിസ്മരിച്ചു. റഫറന്‍സ് ഗ്രന്ഥങ്ങളുടെ വരികള്‍ക്കിടയില്‍ കാണുന്ന മുത്തുകളും പവിഴങ്ങളും ഞാന്‍ ശേഖരിച്ചു കോര്‍ത്തെടുത്തു. പഴയതും പുതിയതുമായ ഗ്രന്ഥങ്ങളില്‍ കാണുന്ന വ്യത്യസ്ത സമീപനങ്ങള്‍ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. ഇബ്‌നുഹിശാം പറയാത്തത് ദഹബി പറയും. മറ്റ് സീറാ ഗ്രന്ഥങ്ങളിലില്ലാത്ത ചിലത് ഇബ്‌നുകസീര്‍ പറയും. നമ്മുടെ ഇക്കാലത്ത് സ്വിബാഹു പറയാത്തതായിരിക്കും മുഹമ്മദ് ഗസാലി പറയുക. ഗദ്ബാന്‍ പറയാത്തതായിരിക്കും ബൂതി പറയുക. (ഇവരെല്ലാം നബി ചരിത്രമെഴുതിയ സമകാലീന പണ്ഡിതരാണ് - ലേഖകന്‍) ഇപ്രകാരം തഫ്‌സീറുകളിലും ഹദീസ് വ്യാഖ്യാനങ്ങളിലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലുമില്ലാത്ത പലതും ഞാന്‍ കണ്ടെത്തി. അവയെല്ലാം പാഠങ്ങള്‍, ഫലങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ ഞാന്‍ ക്രോഡീകരിച്ചു. ചരിത്രസംഭവങങളില്‍നിന്ന് പ്രയോജനമുള്‍ക്കൊള്ളാന്‍ വായനക്കാരനെ അവസഹായിക്കും.
ശതക്കണക്കില്‍ റഫറന്‍സ് കൃതികളില്‍നിന്ന് ഞാന്‍ ശേഖരിച്ച വൈജ്ഞാനിക ചിന്തകളും പൈതൃകങ്ങളും ഈ ഗ്രന്ഥത്തില്‍ കാണാം. ഈ പരിശ്രമത്തെ കൂടുതല്‍ ഐശ്വര്യപൂര്‍ണമാക്കാന്‍ സംവാദങ്ങളും ചര്‍ച്ചകളും ഞാന്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. (പേജ്: 10)
സമൂഹത്തിന്റെ ശിക്ഷണത്തിലും രാഷ്ട്രനിര്‍ണാണത്തിലും പ്രവാചക ശൈലി മനസ്സിലാക്കുന്നത് അനിവാര്യമാണ്. അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ എങ്ങനെ? അവയുമായി പ്രവാചകന്‍ പ്രതികരിച്ചതെങ്ങനെ? ഇസ്‌ലാമിക പ്രബോധനവുമായി ഭൂമിയില്‍ വ്യാപരിച്ചപ്പോള്‍ തിരുമേനി സ്വീകരിച്ച സരണിയേത്? ഇവ അറിയുന്നതിലൂടെ മാത്രമേ, പ്രബോധനത്തില്‍ നമ്മുടെ വഴി കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ഭദ്രമായ അടിത്തറകളില്‍ നമ്മുടെ സൗധം കെട്ടിപ്പടുക്കാന്‍ കഴിയൂ. സമൂഹത്തിന്റെ സംസ്‌കരണം, രാഷ്ട്രസംവിധാനം എന്നീ മേഖലകളിലെല്ലാം പ്രവാചകന്റെ കര്‍മസരണി സമഗ്രമായിരുന്നു. ദൈവത്തിന്റെ കര്‍ശന നിര്‍ദേശങ്ങളെ അദ്ദേഹം സൂക്ഷ്മമായി പിന്തുടര്‍ന്നു. അങ്ങേയറ്റം യുക്തിബോധത്തോടും ബുദ്ധിപരതയോടും കൂടി അവയെ പ്രയോഗവല്‍ക്കരിച്ചു. അങ്ങനെ സ്വന്തം അനുയായികളില്‍ ദൈവിക പദ്ധതിയുടെ മൂല്യങ്ങളും ദര്‍ശനങ്ങളും നട്ടുവളര്‍ത്തി. സൃഷ്ടികര്‍ത്താവിനെയും മനുഷ്യനെയും പ്രപഞ്ചത്തെയും ജീവിതത്തെയും സ്വര്‍ഗനരകങ്ങളെയും കുറിച്ച ഇസ്‌ലാമിക സങ്കല്‍പങ്ങള്‍ അവരില്‍ രൂഢമൂലമാക്കി.'' (പേ: 9)
തന്റെ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഡോ. അലിസ്വല്ലാബി എഴുതി: ഈ ഗ്രന്ഥത്തില്‍ പ്രവാചകന്റെ ചരിത്ര സ്വഭാവങ്ങളെയാണ് കഥനം ചെയ്യുന്നത്. പ്രവാചക നിയോഗത്തിന് മുമ്പുള്ള ലോകകാലാവസ്ഥ, പ്രവാചക നിയോഗ കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന നാഗരികതകള്‍, സാമ്പത്തിക-സാമൂഹിക-ധാര്‍മിക സാഹചര്യങ്ങള്‍, നബിയുടെ ജനനത്തിന് മുമ്പുള്ള പ്രധാനസംഭവങ്ങള്‍, ദിവ്യബോധനസിദ്ധി, പ്രബോധനത്തിന്റെ ഘട്ടങ്ങള്‍, മക്കാ കാലഘട്ടം. പ്രബോധനത്തെ പ്രതിരോധിക്കാന്‍ ബഹുദൈവവിശ്വാസികള്‍ സ്വീകരിച്ച രീതികള്‍, ഹബ്ശയിലേക്കുള്ള പലായനം, ത്വാഇഫ് യാത്ര, ഇസ്‌റാഅ്-മിഅ്‌റാജ്, അറബി ഗോത്രങ്ങളില്‍ പ്രബോധനം, മദീനാ നിവാസികളുമായുള്ള പ്രബോധന ബന്ധം, ഹിജ്‌റ എന്നിവയാണ് ആദ്യത്തെ മുന്നൂറോളം പേജുകളിലായി ചര്‍ച്ച ചെയ്തിരിക്കുന്നത്. മദീനയില്‍ പ്രവാചകനെത്തിയ ശേഷമുള്ള പരിഷ്‌കരണ സംരംഭങ്ങള്‍, വേദക്കാരുമായുള്ള സമാധാനകരാര്‍, ശത്രുസമൂഹങ്ങളുമായുള്ള സായുധസംഘട്ടനങ്ങള്‍, സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക-ഭരണ രംഗങ്ങളില്‍ ഘട്ടംഘട്ടമായി നടപ്പിലാക്കിയ പരിഷ്‌കരണങ്ങള്‍, ഹുദൈബിയാ സന്ധി, മക്കാവിജയം, പ്രവാചകന്റെ വിയോഗം തുടങ്ങിയ വിഷയങ്ങള്‍ ബാക്കിയുള്ള പേജുകളില്‍ വിശകലനം ചെയ്യുന്നു. (മൊത്തം തൊള്ളായിരത്തി മുപ്പത്തിനാല് പേജ്)
സാധാരണ പ്രവാചക ചര്യകളെഴുതുന്ന ഗ്രന്ഥകാരന്മാര്‍ക്ക് സംഭവിക്കുന്ന അബദ്ധത്തെക്കുറിച്ച് സ്വല്ലാബി സൂചിപ്പിക്കുന്നുണ്ട്. ചരിത്രം സംഗ്രഹിക്കുന്നതിന്നായി സംഭവങ്ങലെ ചുരുക്കി അവതരിപ്പിക്കുക എന്നതാണത്. ഇത് മുഖേന വായനക്കാരില്‍ പ്രവാചക ചരിത്രം സായുധ ഏറ്റുമുട്ടലുകളുടെ പരമ്പര'യായിരുന്നു എന്ന തെറ്റുധാരണ സൃഷ്ടിക്കും. ഇത് ആ അനുപമ ജീവിതത്തിലെ സംസ്‌കരണാത്മകവും പുരോഗമനാത്മകവുമായ വ്യത്യസ്ത മണ്ഡലങ്ങള്‍ തമസ്‌കരിക്കപ്പെടാനിടയാക്കും. അതിന്റെ അപകടകാരികതയെക്കുറിച്ച് ഗ്രന്ഥകാരന്‍ എഴുതുന്നു: കഴിഞ്ഞ ദശകങ്ങളില്‍ നബിചരിത്രത്തില്‍ മനോഹരമായ പഠനങ്ങള്‍ വെളിച്ചം കണ്ടിട്ടുണ്ട്. മുബാറക് പൂരിയുടെ 'ഹഹീഖുല്‍ മഖ്തൂം' ഗസാലിയുടെ 'ഫിഖ്ഹുസ്സീറ' സൂഥിയുടെ 'ഫിഖ്ഹുസ്സീറ' അബുല്‍ഹസന്‍ നദ്‌വിയുടെ 'അസ്സീറന്നബവിയ്യ' എന്നിവ പോലെ. ഇവയെല്ലാം സംഗ്രഹിത പഠനങ്ങളാണ്. ചില യൂനിവേഴ്‌സിറ്റികള്‍ ഈ പുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. അവ നബിചരിത്രം പൂര്‍ണമായി ഉള്‍ക്കൊള്ളുമെന്ന് ചില വിദ്യാര്‍ഥികള്‍ ധരിക്കുകയും ചെയ്യുന്നു. ഇത് -എന്റെ അഭിപ്രായത്തില്‍- ഭീമാബദ്ധമാണ്. ചില പള്ളി ഇമാമുകളിലേക്കും ഈ അബദ്ധം പടര്‍ന്നിട്ടുണ്ട്. ചില ഇസ്‌ലാമിക നേതൃത്വങ്ങളിലേക്കും. അത് അനുയായികളിലും പ്രതിബിംബിക്കുന്നുണ്ട്. നബിചരിത്രത്തെക്കുറിച്ച സങ്കുചിതമായ വീക്ഷണമാണ് ഇത് ജനങ്ങളിലുണ്ടാക്കുന്നത്. (പേ: 10) ഈ അബദ്ധം പരിഹരിക്കുന്നതിനാണ് സമഗ്രമായ ഒരു നബിചരിത്രം രചിക്കാന്‍ ഡോ. അലി സന്നദ്ധമായതെന്ന് ഇതില്‍നിന്ന് വ്യക്തമാകും.
ചരിത്ര വസ്തുതകള്‍ പറഞ്ഞുപോകുകയല്ല ഗ്രന്ഥകാരന്‍ ചെയ്യുന്നത്. സംഭവങ്ങളെ അപഗ്രഥിക്കുകയും അവയില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠങ്ങള്‍ ഉരിത്തിരിച്ചെടുക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, തന്റെ ഗ്രന്ഥത്തിന്റെ മുഴുവന്‍ പേര്‍ 'പ്രവാചകചര്യ-സംഭവ വിവരണവും അപഗ്രഥനവും' എന്നാണദ്ദേഹം വെച്ചിരിക്കുന്നത്. ഒരു മാതൃകാ ഇസ്‌ലാമിക സമൂഹത്തെ പ്രവാചകന്‍ എപ്രകാരമാണ് സൃഷ്ടിച്ചതെന്നും അവരെങ്ങനെ ഉദാത്തമായ ഇസ്‌ലാമിക രാഷ്ട്രമായി രൂപാന്തരപ്പെട്ടുവെന്നും ഓരോ ഇഷ്ടികയും ചേര്‍ത്തുവെച്ചുകൊണ്ട് ഡോ. സ്വല്ലാബി സ്ഥാപിക്കുന്നു. അതുകൊണ്ട് പലപ്പോഴും ഒരു ചരിത്രകാരന്റെ പരിധികള്‍ ലംഘിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാവിന്റെയും ഹദീസ് പണ്ഡിതന്റെയും കര്‍മശാസ്ത്രവിശാരദന്റെയും മേഖലകളില്‍ അദ്ദേഹം വിഹരിക്കുന്നു.
മുസ്‌ലിം യുവതലമുറക്ക് ശിക്ഷണം നല്‍കി അവരെ പ്രവാചക ശിഷ്യന്മാരുടെ ......കര്‍ത്താക്കളാക്കുകയാണ് ഗ്രന്ഥകാരന്റെ ആത്യന്തികമായ അഭിലാഷം. അതുകൊണ്ടുതന്നെ, ഓരോ ചരിത്ര സംഭവങ്ങള്‍ക്കു ശേഷവും 'ഫവാഇദുന്‍ വ ദുറൂസുന്‍ ഇബറുന്‍' (ഗുണപാഠങ്ങള്‍, സദ്ഫലങ്ങള്‍) എന്ന ശീര്‍ഷകത്തില്‍ അവ അക്കമിട്ടു നിരത്തുന്നത് ഈ കൃതിയുടെ ഒരു സവിശേഷതയാണ്. പലപ്പോഴും അത് അധികമായി എന്ന് തോന്നിപ്പോകും. ഇസ്‌റാഅ് സംഭവങ്ങള്‍ വിവരിച്ചശേഷം 10 നമ്പറുകളിട്ട് അവയിലെ പാഠങ്ങള്‍ എണ്ണിപ്പറയുന്നു. ഹിജ്‌റ സംഭവങ്ങള്‍ വിശദീകരിച്ചശേഷം അവയുടെ ഗുണപാഠങ്ങള്‍ 24 നമ്പറുകളിലായി 15 പേജുകളില്‍ വിശദീകരിക്കുന്നു. ബദ്ര്‍ യുദ്ധത്തില്‍ നിന്നുള്‍ക്കൊള്ളേണ്ട ഗുണപാഠങ്ങള്‍ 11 പേജുകളില്‍ പരന്നുകിടക്കുന്നു. ഉഹ്ദുയുദ്ധത്തിന്റെ പാരജയ കാരണങ്ങള്‍ പതിനഞ്ചു പേജുകളില്‍ സമാഹരിക്കുന്നു. ഇവ കേവലം ഉദാഹരണങ്ങള്‍ മാത്രമാണ്.
ഇസ്‌ലാമിക വിഷയങ്ങളില്‍ വിജ്ഞാനകോശസമാനമായ പാണ്ഡിത്യം ഉള്ളതിനാലാകാം ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്ര ചര്‍ച്ചകളെല്ലാം ഈ 'സീറാ' ഗ്രന്ഥത്തില്‍ ഇടം പിടിച്ചിരിക്കുന്നു. പലപ്പോഴും അവ സാധാരണ വായനക്കാര്‍ക്ക് അരോചകമാകും. വിജയപരാജയ നിയമങ്ങള്‍ അന്‍ഫാല്‍, ആലുഇംറാന്‍ അധ്യായങ്ങളില്‍(പേ: 523) അഹ്‌സാബ് യുദ്ധത്തെയും അതിന്റെ അനന്തര ഫലങ്ങളെയും കുറിച്ച ഖുര്‍ആനിക വിവരണം(പേ: 608) ഇസ്‌റാഅ്, മിഅ്‌റാജ് സംഭവങ്ങള്‍ ഹദീസുകളിലൂടെ(പേ: 223) വലാഅ്, ബറാഅ് (പേ: 444) ബഹുദൈവ വിശ്വാസിയുടെ സഹായം തേടല്‍(പേ: 449) യുദ്ധവുമായി ബന്ധപ്പെട്ട ചില കര്‍മശാസ്ത്ര വിധികള്‍ (പേ: 689,711) തുടങ്ങിയവ ഉദാഹരണങ്ങളാണ്.
അത്രയൊന്നും പ്രബലമല്ലാത്ത ചില റഫറന്‍സുകളെ അവലംബിച്ചെഴുതിയ ചരിത്രസംഭവങ്ങളും ഈ പുസ്തകത്തിലുണ്ട്. നബി(സ) തന്റെ ചെറുപ്പകാലത്ത് പിതൃവ്യന്‍ അബൂത്വാലിബിനോടൊപ്പം കച്ചവട സംഘത്തില്‍ പുറപ്പെടുകയും വഴിയില്‍വെച്ച് 'ബുഹൈറാ' എന്ന പാതിരി നബിയില്‍ പ്രവാചക ലക്ഷണങ്ങള്‍ കണ്ട് തിരിച്ചറിഞ്ഞതായും അബൂത്വാലിബിനെ വിളിച്ച് പെട്ടെന്ന് കുട്ടിയെ തിരിച്ചയക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ അപകട സാധ്യതയുണ്ടെന്നും മുന്നറിയപ്പു നല്‍കിയതായും പറയുന്ന സംഭവം ഗ്രന്ഥകാരന്‍ ഉദ്ധരിച്ചിട്ടുണ്ട് (പേ: 57,58) എന്നാല്‍ ഇത് പ്രബലമായ ചരിത്ര രേഖകളിലോ നിവേദനങ്ങളിലോ സ്ഥിരപ്പെട്ടിട്ടില്ലെന്നും ഇമാം തുര്‍മുദി, ഇമാം ദഹബി, ഇമാം ഇബ്‌നുല്‍ ഖയ്യിം എന്നിവര്‍ പ്രസ്തുത നിവേദനങ്ങളുടെ ദൗര്‍ബല്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും അല്ലാമാ ശിബ്‌ലി നുഅ്മാനി തന്റെ 'സീറത്തുന്നബി'യില്‍ സ്ഥാപിച്ചിട്ടുണ്ട്. അതേയവസരം പ്രവാചകന്റെ അനുചരനും കവിയുമായിരുന്ന ഹസ്സാനുബ്‌നു സാബിത് വലിയ ഭീരുവായിരുന്നുവെന്നും. അഹ്‌സാബ് യുദ്ധവേളയില്‍ മുസ്‌ലിം സ്ത്രീകളെയും കുട്ടികളെയും പതിയിരുന്നാക്രമിക്കാന്‍ ശ്രമിച്ച ഒരു ജൂതനെ നേരിടാന്‍ ഹസ്സാന്‍ അധീരനായപ്പോള്‍ പ്രവാചകന്റെ അമ്മായി സ്വഫിയ്യയാണ് ശത്രുവിനെ വകവരുത്തിയതെന്നും പറയുന്ന റിപ്പോര്‍ട്ടുകള്‍ ഗ്രന്ഥകാരന്‍ അവിശ്വസിക്കുന്നു. ഈ സംഭവത്തിന്റെ നിവേദന പരമ്പര സ്ഥിരപ്പെട്ടിട്ടില്ലെന്നും പ്രസ്തുത സംഭവം ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതല്ലെന്നും സ്വല്ലാബി വ്യക്തമാക്കിയിട്ടുണ്ട്. (പേ: 615).
ചുരുക്കത്തില്‍ പ്രവാചക ചരിത്ര ശാഖക്ക് കനത്തൊരു മുതല്‍ക്കൂട്ടാണ് ഡോ. അലി സ്വല്ലാബിയുടെ ഈ ഗ്രന്ഥം. അറബി ഭാഷാ സ്‌നേഹികള്‍ക്കും ചരിത്ര കുതുകികള്‍ക്കും അത് വളരെ പ്രയോജനപ്പെടും. ഇസ്‌ലാമിക കലാലയങ്ങളില്‍ പാഠപുസ്തകമായി അംഗീകരിക്കാവുന്നതുമാണ്. നടേപറഞ്ഞ എട്ടുവാള്യങ്ങള്‍ സീറാ വിജ്ഞാനകോശം അച്ചടിച്ച് 'ഗിഫ്റ്റ് ബോക്‌സാ'യി വിതരണം ചെയ്യുന്നത് ഖത്തറിലെ വഖ്ഫ് മന്ത്രാലയമാണ്. വിതരണം സൗജന്യമാണ്.

 അസ്സീറ അന്നബവിയ്യഃ ഡോ. അലി മുഹമ്മദ് അസ്വല്ലാബി
പസാധനം:
Ministry of Awqaf and Islamic affairs
Doha - Qatar


Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top