ഈജിപ്ത്, ബംഗ്ലാദേശ്: പുനര്‍ നിര്‍ണയിക്കപ്പെടേണ്ട ജനാധിപത്യം

‌‌

അറബ് വസന്തത്തെ തുടര്‍ന്നുണ്ടായ മുന്നേറ്റങ്ങളെ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തുടച്ചു മാറ്റുന്നതിന്റെ ഭാഗമാണ് ഈജിപ്തില്‍ സൈനിക അട്ടിമറി നടന്നത്. ജൂത ജുതേതര രാഷ്ട്ര സഖ്യം എന്ന രണ്ട് വിഭജനങ്ങളാണ് ഈ മേഖലയില്‍ അമേരിക്ക ലക്ഷ്യമിടുന്നത്. ഇസ്രായേലേതര രാഷ്ട്രങ്ങളുടെ മുന്നേറ്റങ്ങളെ തടയിടുകയും അവരുടെ സൈനിക, ആയുധ ശക്തിയെ കുറച്ചുകൊണ്ട് വരികയെന്നത് ഇതിന്റെ ലക്ഷ്യമാണ്. മേഖലയിലെ വലിയ സൈനിക ശക്തികള്‍ ഇറാന്‍, സിറിയ, ഈജിപ്ത്, ഇറാഖ് എന്നിവയാണ് ഈ സൈനിക ശക്തിയെ ഇസ്രായേലിനെതിരെ തിരിച്ചുവിടാന്‍ സാധ്യതയുള്ള ഏത് വിഭാഗം ഭരണാധികാരികളെയും നിഷ്‌കാസിതരാക്കുക എന്നതാണ് അമേരിക്കയുടെ രാഷ്ട്രീയ നയം. മുഹമ്മദ് മുര്‍സിയെ അട്ടിമറിക്കാന്‍ സൈന്യത്തിന് ഏഴായിരം കോടി ഡോളര്‍ യു.എസ് നല്‍കിയത് ഈ ലക്ഷ്യ സാക്ഷാല്‍കാരത്തിനാണ്. സൈന്യം അധികാരം പിടിച്ചെടുത്ത് മുര്‍സിയെ തടങ്കലിലാക്കിയതിനു ശേഷം തഹ്‌രീര്‍ ചത്വരത്തില്‍ നടന്ന 'ആഘോഷരാത്രി'യെ ആര്‍ഭാടമാക്കിയതും വിഭവസമൃദ്ധമായ ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്തതും പശ്ചിമേഷ്യയിലെ അമേരിക്കന്‍ കരാറുകാരുടെ സംഘമായിരുന്നു. മുര്‍സി അധികാരത്തിലേറിയ സന്ദര്‍ഭത്തില്‍ ഫോണില്‍ മാത്രം വിളിച്ചഭിനന്ദിച്ചവര്‍ ഫതഹ്‌സീസിയുടെ അധികാരാരോഹണത്തിനുശേഷം കൂട്ടംകൂട്ടമായി എത്തുകയുണ്ടായി. പതിനായിരം വര്‍ഷങ്ങളുടെയെങ്കിലും സാംസ്‌കാരികാനുഭവമുള്ള ഈജിപ്തിന്റെ ചരിത്രത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് മുര്‍സി. 52 ശതമാനത്തോളം വോട്ടുനേടിയ മുര്‍സിയെ ബ്രദര്‍ഹുഡ്കാരനായത് കൊണ്ടുമാത്രം അട്ടിമറിക്കപ്പെട്ടതാണ്. ഈജിപ്തിലെ ബ്രദര്‍ഹുഡും ഫലസ്ത്വീനിലെ ഹമാസും ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമിയും ജനാധിപത്യത്തെക്കുറിച്ചുള്ള പുനര്‍നിര്‍ണയത്തിനു പ്രേരിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിക സംസ്‌കൃതിയെ ആഴത്തില്‍ ആന്തരവത്കരിച്ചവര്‍ മതരഹിത ജനാധിപത്യത്തിലേക്ക് നീങ്ങണമെന്ന് ശഠിക്കുന്നത് ശരിയല്ല. ഇസ്‌ലാമിന്റെ വിമോചന സാധ്യതകളെ ഉപയോഗപ്പെടുത്തി സര്‍വാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ പോരാടുന്നവരെ മതമൗലിക വാദികളെന്ന് ആക്ഷേപിച്ച് ജനാധിപത്യ കശാപ്പിന് ന്യായം ചമക്കുകയാണ് അമേരിക്കയും സയണിസ്റ്റ് രാഷ്ട്രവും.
    ജനാധിപത്യത്തിന്റെയും ആവിഷ്‌കാരത്തിന്റെയും വ്യാജമുഖംമൂടി ധരിച്ചവരുടെ മൗനമാണ് ഇതില്‍ ഏറെ അതിശയകരമായത്. തുടക്കത്തില്‍ സൈന്യത്തിന്റെ കൂടെ നിന്നിരുന്ന അന്നൂര്‍ പാര്‍ട്ടിയില്‍ ഒരുവിഭാഗം മുര്‍സി അനുകൂല നിലപാടിലേക്ക് മാറിയിരിക്കുന്നു. ഇടതുപക്ഷ പുരോഗമന സഖ്യപാര്‍ട്ടികള്‍ സൈന്യത്തെ ശക്തമായി പിന്തുണക്കുന്നു. സാമ്പത്തിക ഉദാരവത്കരണം, സാമൂഹിക മാറ്റം എന്നിവ സാധ്യമാക്കാന്‍ സൈന്യത്തിന് സാധിക്കുമെന്ന് വിശ്വസിക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ ഇടതുപക്ഷ ഗ്രൂപ്പുകള്‍ ഈജിപ്തിലായിരിക്കും. ഈജിപ്തിലെ 42 ശതമാനം സമ്പത്തിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും സൈന്യത്തിനാണ്. സൈനിക സ്വാധീനമുള്ള രാജ്യങ്ങളില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ഈജിപ്തിലെ സൈന്യത്തിന്റേത്. വന്‍കമ്പനികളില്‍ പങ്കാളിത്തം, വിദേശ അക്കൗണ്ടുകള്‍, വന്‍കിട ഹോട്ടലുകള്‍, ഇന്ധന കമ്പനികള്‍ തുടങ്ങി വലിയൊരു കോര്‍പറേറ്റാണ് സൈന്യം. അവരുടെ ആസ്തികളില്‍ കൈവക്കുന്നവരെ കൊന്നും കൊലവിളിച്ചും തീര്‍ത്ത സമാന്തര സ്റ്റേറ്റാണ് സൈന്യത്തിനുള്ളത്. മുര്‍സി അധികാരത്തിലേറിയപ്പോള്‍ കൃത്രിമമായ ക്ഷാമമുണ്ടാക്കിയവര്‍ ഇപ്പോള്‍ സുലഭമായി അവശ്യസാധനങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നു. തുര്‍ക്കിയും ആഫ്രിക്കന്‍ യൂനിയനും ഖത്തറും ജര്‍മനിയും വെനിസ്വലയും ഒഴിച്ചുനിര്‍ത്തിയാല്‍ സൈനിക അട്ടിമറിയെ ആക്ഷേപിക്കുന്നവര്‍ ആരുമില്ല. സുഊദിയും യു.എ.ഇയും കുവൈത്തുമടക്കമുള്ള രാഷ്ട്രങ്ങള്‍ സൈനിക ഭരണകൂടത്തിന്റെ കൂടെയാണ്.
    ബംഗ്ലാദേശിലും മതേതര പക്ഷക്കാര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചത് പോലെ ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിച്ചിരിക്കുന്നു. കര്‍ഫ്യൂകളും അടിയന്തരാവസ്ഥകളുമായി മുന്നോട്ടുപോകുന്ന ഈ രാജ്യങ്ങളിലെ സംഭവവികാസങ്ങളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എഴുത്തുകാരുടെ നിരീക്ഷണങ്ങളുമാണ് ഈ ലക്കം ബോധനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top