മതേതര ഇടതുപക്ഷത്തിനുള്ള പാഠങ്ങള്‍

മഹ്മൂദ് മംദാനി‌‌
img

ഈയിടെ ഈജിപ്തിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചുള്ള രൂക്ഷമായ സംവാദങ്ങള്‍ 1990-കളില്‍ റുവാണ്ടയില്‍ നടന്ന കൂട്ടക്കൊലയെക്കുറിച്ച് എന്നെ ചിന്തിപ്പിച്ചു. 1994-ല്‍ ഞാന്‍ റുവാണ്ട സന്ദര്‍ശിച്ചു. അവിടെ ഞാന്‍ കണ്ടുമുട്ടിയ ഏതാണ്ടെല്ലാവരും എന്നോടു പറഞ്ഞു കുന്തം കൈയിലേന്തിയ ദശലക്ഷത്തോളം ഊര്‍ജസ്വലരായ സാധാരണക്കാരുടെ പങ്കാളിത്തമുണ്ടായിരുന്നില്ലെങ്കില്‍ അവിടെ കൂട്ടക്കൊല ഉണ്ടാകുമായിരുന്നില്ലെന്ന്. സ്വന്തമായി ഒറ്റപ്പെട്ട കൂട്ടക്കൊലകള്‍ മാത്രമാണ് ഭരണകൂടം നടത്തിയിട്ടുണ്ടാവുക. നല്ലൊരു വിഭാഗം ജനങ്ങളും പങ്കെടുത്ത, രാജ്യത്തെ കീടങ്ങളില്‍നിന്നും രക്ഷിക്കാന്‍ വേണ്ടി നടത്തിയതെന്നു വിളിക്കപ്പെട്ട ക്രൂരതകളെ നാമെങ്ങനെയാണ് വിലയിരുത്തേണ്ടത്?
    റുവാണ്ടയിലെ രക്തരൂക്ഷിതമായ കൂട്ടക്കുരുതി ജനിതകമായ കൂട്ടക്കൊലയായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. റുവാണ്ടയിലെ ജനകീയമായ കൂട്ടക്കൊല ഓര്‍മയിലുള്ളവര്‍ക്കാര്‍ക്കും സൈനിക അട്ടിമറി - ഇപ്പോള്‍ ഈജിപ്തില്‍ നടക്കുന്ന ഭീകരതക്കെതിരായ ജനകീയ യുദ്ധം- എന്താണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല.
    റുവാണ്ടയില്‍ നടന്ന കൂട്ടക്കൊലയും ഇപ്പോള്‍ ഈജിപ്തില്‍ നടക്കുന്നതും തമ്മില്‍ മറ്റൊരു പ്രധാന സാമ്യമുണ്ട്. റുവാണ്ടയില്‍ നടന്നതിനെ അമേരിക്ക ഏലിീരശറല (കൂട്ടക്കൊല) എന്ന് വിളിക്കാന്‍ മടിച്ചു. ഇപ്പോള്‍ ഈജിപ്തില്‍ നടന്നതിനെ ഇീൗു (അട്ടിമറി) എന്ന് വിളിക്കാന്‍ മടിക്കുന്നു.
    സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് എതിരല്ലെങ്കില്‍ ധാര്‍മികമൂല്യങ്ങളുടെ നഗ്നമായ ലംഘനം പോലും അധികാരികള്‍ക്ക് പ്രശ്‌നമാവില്ല.
    മുര്‍സിയെ അധികാരത്തില്‍നിന്ന് നീക്കം ചെയ്ത രീതിയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഈജിപ്തില്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും പരിഗണന ലഭിക്കുംവിധം ഒരു വിശാലമായ രാഷ്ട്രീയസഖ്യം രൂപീകരിക്കാനുള്ള സാധ്യതയെത്തന്നെ ചോദ്യംചെയ്യുന്നു.
    ഈജിപ്തിലെ സംഭവവികാസങ്ങളുടെ വര്‍ത്തമാനവും ഭൂതവും ഭാവിയും തമ്മില്‍ പല സമാനതകളുമുണ്ട്.
    മുബാറകിനെ മറിച്ചിട്ട ജനുവരിയിലെ പ്രക്ഷോഭം ഭീകരതക്കെതിരായ യുദ്ധത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുകയും രാഷ്ട്രീയ ഇസ്‌ലാമിനെ അനായാസം അപകീര്‍ത്തിപ്പെടുത്താന്‍ പറ്റാതാക്കുകയും ചെയ്തു. ഈജിപ്തിലെ ഏറ്റവും നന്നായി സംഘടിപ്പിക്കപ്പെട്ട പാര്‍ട്ടിയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഇലക്ഷനിലെ ജയം രാഷ്ട്രീയ ഇസ്‌ലാമിന്റെ വ്യത്യസ്ത ധാരകളെ -പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെയും സായുധ പോരാട്ടത്തില്‍ വിശ്വസിക്കുന്നവരെയും - തിരിച്ചറിയാന്‍ സഹായകമായി.
    ജൂലൈയിലെ സൈനിക അട്ടിമറി പൊതുവെ രാഷ്ട്രീയ ഇസ്‌ലാമെന്ന് അറിയപ്പെടുന്ന ആശയത്തിന്റെ വക്താക്കളില്‍തന്നെ പരസ്പര ശത്രുത കൊണ്ടുവന്നിരിക്കുന്നു. ഈ മേഖലയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ സൈനിക അട്ടിമറിയെ എതിര്‍ത്തു. തുര്‍ക്കിയില്‍ ഭരണത്തിലിരിക്കുന്ന ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയാണ് ഇതില്‍ പ്രധാനം. സൈനിക അട്ടിമറിയെ ശക്തമായി പിന്തുണച്ചത് രാജഭരണത്തിനു കീഴിലുള്ള സുഊദി അറേബ്യ, യു.എ.ഇ പോലുള്ള രാജ്യങ്ങളാണ്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാജഭരണത്തിനെതിരായുള്ള നിലപാടുകളെ ഭയന്നുകൊണ്ടാകാം ഇത്. രാജഭരണം നിലനില്‍ക്കുന്ന ഖത്തറിന്റേത് മധ്യമനിലാപാടാണ്. സുഊദി അറേബ്യയുടേതില്‍നിന്നും സ്വതന്ത്രമായ വിദേശനയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തര്‍ കുറച്ചുകാലമായി ബ്രദര്‍ഹുഡും ഹമാസുമായ സഹകരണത്തിന്റെ മേഖലകള്‍ തേടുകയായിരുന്നു.
    തഹ്‌രീര്‍ സ്‌ക്വയറില്‍ ഒരുമിച്ച വിശാല സഖ്യത്തെ ഛിദ്രതയില്ലാതെ നിലനിര്‍ത്തുക എന്നത് മുബാറക് ഭരണകൂടത്തെ താഴെയിറക്കിയതോടുകൂടി ഒരു വലിയ വെല്ലുവിളിയായിത്തീര്‍ന്നു. രാഷ്ട്രീയമായിപ്പറഞ്ഞാല്‍ സഖ്യത്തിലെ ഭൂരിപക്ഷങ്ങളും ന്യൂനപക്ഷങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ നല്ല നിലയില്‍ നിലനിര്‍ത്താന്‍ വേണ്ട പദ്ധതികള്‍ രൂപീകരിക്കുക എന്നതാണത്. മുബാറകിന്റെ കാലഘട്ടത്തിലും അതിനുശേഷവും മുസ്‌ലിം ബ്രദര്‍ഹുഡ് എന്ന മാതൃകസംഘടനയില്‍നിന്നും വേര്‍പെട്ട് ചില സംഘങ്ങളുണ്ടായതിനുകാരണം ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയാതെ പോയതാണ്.
    മുബാറകിന്റെ കാലഘട്ടത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡില്‍നിന്നും വേര്‍പെട്ട് സായുധപ്പോരാട്ട ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടതിന്റെ ദീര്‍ഘകാല ചരിത്രമുണ്ട്. ബ്രദര്‍ഹുഡ്  സമാധാന മാര്‍ഗങ്ങളിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുഴുകുന്നതിനെ അവ വിമര്‍ശിച്ചു. ലക്‌സറില്‍ ടൂറിസ്റ്റുകളെ കൂട്ടക്കൊല ചെയ്തതിന് ഏറെ ദുഷ്‌പേര് നേടിയ ഇസ്‌ലാമിക് ജിഹാദാണ് ഇവയില്‍ ഏറ്റവും അറിയപ്പെട്ടത്. സീനായില്‍ ഈ പ്രവണത വീണ്ടും തലപൊക്കിയിട്ടുണ്ട്. വരും കാലങ്ങളില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ കേള്‍ക്കാന്‍ കഴിയുമെന്ന് ഏതാണ്ടുറപ്പാണ്.

ഭിന്നത
    മുബാറകിനെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ ഭിന്നതയാണ് അടിയന്തിര പ്രാധാന്യമേറിയത്. മുബാറകിന്റെ പതനശേഷം, മുബാറകിന്റെ ഭരണകാലത്ത് വര്‍ഷങ്ങളോളം ജയിലിലടക്കപ്പെട്ട വ്യക്തിയും ആക്ടിവിസ്റ്റും ഡോക്ടറുമായ അബ്ദുല്‍ മുനീം അബ്ദുല്‍ ഫുത്തൂഹ് ഈജിപ്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി.
    ഇസ്‌ലാമിസ്റ്റുകള്‍ക്കും സെക്യുലരിസ്റ്റുകള്‍ക്കും സ്ത്രീകള്‍ക്കും കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കും ലിബറലുകള്‍ക്കിടയിലുമുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് അബ്ദുല്‍ ഫുത്തൂഹ് വാഗ്ദത്തം ചെയ്തു. മുബാറകിനു ശേഷം രാജ്യം മുന്നോട്ടുനീങ്ങുന്നതിന് ഇതനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടനക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പരിപാടിയില്ലെന്ന് കളവ് പറഞ്ഞ് ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന അംഗമായിരുന്ന അബ്ദുല്‍ ഫുത്തൂഹിനെ സംഘടനയില്‍നിന്ന് പുറത്താക്കി.
    ഒടുവില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുഹമ്മദ് മുര്‍സിയെ നോമിനേറ്റ് ചെയ്തു. അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 30 മുതല്‍ മുര്‍സിക്കെതിരായി പ്രക്ഷോഭമാരംഭിച്ചു. ഒട്ടനവധിപേര്‍ അതില്‍ പങ്കെടുത്തു. മുബാറകിനെ പുറത്താക്കാന്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ട ഇടത്തട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുര്‍സിക്കു കഴിഞ്ഞില്ലെന്ന് വ്യക്തമാണ്. ഇസ്‌ലാമിസ്റ്റുകളെയും സെക്യുലരിസ്റ്റുകളെയും ഒരുമിച്ചു നിര്‍ത്താന്‍ കഴിയുംവിധമുള്ള ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ അഭാവത്തില്‍ ഒരു സഖ്യം രൂപപ്പെടാന്‍ സാധ്യതയില്ല. ഒരു ഐക്യമുന്നണി രൂപീകരിക്കുന്നതിലുണ്ടായ പരാജയം സൈന്യത്തെ ഉത്തരവാദിത്തമുള്ളവരാക്കുന്നതും ജുഡീഷ്യറിയുടെ ഉന്നതസ്ഥാനങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതും കൂടുതല്‍ പ്രയാസകരമാക്കി.
    മുര്‍സിയെ നീക്കം ചെയ്ത രീതിയും തുടര്‍സംഭവവികാസങ്ങളും ഈജിപ്തിലെ ഏതെങ്കിലും രാഷ്ട്രീയ കൂട്ടായ്മക്ക് വിശാലമായ ഒരു ദേശീയ സഖ്യത്തെ ഒന്നിച്ചുനിര്‍ത്താനുള്ള കഴിവുണ്ടോ എന്ന ചോദ്യമുയര്‍ത്തുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സംഘടിത ശക്തി ഇലക്ഷനുകളിലൂടെയും റഫറണ്ടത്തിലൂടെയും പലവട്ടം തെളിയിക്കപ്പെട്ടതാണ്. ഇത്തരം നേട്ടങ്ങള്‍ ഹൃസ്വകാലംകൊണ്ട് കൈവരിക്കാനാവില്ലെന്നറിയാവുന്ന മതേതര ഇടതുപക്ഷം പാര്‍ലമെന്ററി രീതികള്‍ക്കപ്പുറമുള്ള മാര്‍ഗങ്ങളിലേക്ക് -തെരുവിലെ ജനക്കൂട്ടം, പട്ടാളം, മുബാറക് ഭരണകൂടത്തിന്റെ അവശേഷിപ്പുകള്‍(ഫുലൂല്‍) തുടങ്ങിയവയുടെ സഖ്യം- തിരിഞ്ഞു.
    വിശ്വാസ യോഗ്യമായ ഒരു ദേശീയസഖ്യം രൂപപ്പെടുത്തുക എന്നത് അസാധ്യമാകുംവിധം ആശയപരമായി വ്യത്യാസങ്ങളുള്ള മതേതര സഖ്യമാണ് അതിന്റെ ഫലം. തുടക്കമെന്ന നിലയില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സംഘടിത ശക്തിയെ തടുക്കുന്നതിന് മതേതര ഇടതുപക്ഷം മുബാറകിന്റെ കാലഘട്ടത്തില്‍ നിലവില്‍വന്ന അധോരാഷ്ട്ര(ഉലലു ടമേലേ)ത്തെ  ആശ്ലേഷിച്ചു. മതേതര  ഇടതുപക്ഷത്തിന്, പ്രത്യേകിച്ചും യുവാക്കളുടെ തമര്‍റുദ് മൂവ്‌മെന്റിന് തെരുവിലെ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയുണ്ട്. ആര്‍മി ജനറല്‍മാര്‍ക്ക് നേതൃരംഗത്ത് പരിചയവും സൗകര്യങ്ങളുമുണ്ട്. ഇവയെല്ലാം ഫുലൂലിന്റെ പാത എളുപ്പമുള്ളതാക്കുമെന്നവര്‍ വിചാരിച്ചു.
    മുസ്‌ലിം ബ്രദര്‍ഹുഡിന് പട്ടാളത്തെ സിവിലിയന്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. അധികാരവുമായി കെട്ടിമറിഞ്ഞതിനാല്‍ സഖ്യകക്ഷികളെ കൂടെ നിര്‍ത്താന്‍ ബ്രദര്‍ഹുഡിന് കഴിഞ്ഞില്ല. ബ്രദര്‍ഹുഡില്‍നിന്നും വേര്‍പെട്ടുപോയ ഗ്രൂപ്പുകള്‍ പോര്‍ട്ടുസെയ്ദിലെ കൂട്ടക്കൊലകളില്‍  പങ്കാളിത്തം വഹിക്കുകയും കെയ്‌റോവില്‍ ശിയാക്കളെ വധിക്കുകയും ചെയ്തപ്പോള്‍ മതേതര ഇടതുപക്ഷം കൃത്യമായി നടന്ന വലിയ കൂട്ടക്കൊലകളില്‍ പങ്കാളിത്തം വഹിച്ചു.
    ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇവിടെയൊരു പാഠമുണ്ട്, ഈജിപ്തില്‍ മാത്രമല്ല എവിടെയും. തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ കഴിയുമെന്ന മോഹത്താല്‍ ഇടതുപക്ഷ രാഷ്ട്രീയക്കാരും ബുദ്ധിജീവികളും അധികാരം കൈക്കലാക്കുന്നു. അധികാരത്തിലിരിക്കുന്നവര്‍ ഉത്തരവാദിത്വമുള്ളവരാവുക എന്നതിനേക്കാള്‍ അധികാരശക്തിയാണ് അവരെ ആകര്‍ഷിക്കുന്നത്. മതേതരമല്ലാത്ത ആശയങ്ങള്‍ക്ക് -അത് മതകീയമോ വംശീയമോ ആകട്ടെ- ജനപിന്തുണ ലഭിക്കുന്ന മിക്ക അവസരങ്ങളിലും ദേശീയതയെ ഇടതുപക്ഷം ഉത്സാഹപൂര്‍വം പുണരുന്നു. ഇതിന്റെ ഭാഗമായി സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കെതിരെ ഭീകരമാംവിധം ശക്തിപ്രയോഗിക്കുന്നതിനെ ഇടതുപക്ഷം നിയമവിധേയമായിക്കാണുന്നു. ഈ മേഖലയിലെ കൊളോണിയലാനന്തരം ചരിത്രത്തില്‍ -നാസര്‍ മുതല്‍ ക്രൂമ വരെ- ഇതിന് ഉദാഹരണങ്ങളുണ്ട്. നാസറിന്റെ കാലഘട്ടത്തിലെ അറബ് ദേശീയത മുതല്‍ സീസിയുടെ വര്‍ത്തമാന കാലത്തെ ഈജിപ്ഷ്യന്‍ ദേശീയത വരെ.
    ചരിത്രപരമായ ഒരു വങ്കത്തമാണ് ഇടതുപക്ഷം ഈജിപ്തിലും ആവര്‍ത്തിച്ചത്. ഇസ്‌ലാമിക കക്ഷികളില്‍ ഏറ്റവും പുരോഗതിയാര്‍ജിച്ച മുസ്‌ലിം ബ്രദര്‍ഹുഡിന് പകരം കാടന്‍ പട്ടാളഭരണത്തെയാണവര്‍ സ്വീകരിച്ചത്. മാര്‍ക്‌സും അനുയായികളും ആഫ്രിക്കയിലെ വംശീയ ഉന്മൂലനത്തോട് സ്വീകരിച്ച അതേ നിലപാടാണ് മതേതര ഇടതുപക്ഷവും സ്വീകരിച്ചത്. പ്രഖ്യാപിതമായി പീഡിതരുടെ കൂടെ നില്‍ക്കാന്‍ സ്ഥാപിതമായവര്‍ മര്‍ദകരുടെ കൂടെ നില്‍ക്കുന്ന കൗതുകകരമായ കാഴ്ച.
    ചൈനയുടെ ചരിത്രത്തിലെ കഴിഞ്ഞകാല ജനകീയ  പ്രക്ഷോഭങ്ങളെല്ലാം അധികാരത്തിലിരിക്കുന്ന രാജാക്കന്മാരെ മാറ്റി പുതിയ രാജാക്കന്മാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്ന് മാവോ ഒരിക്കലെഴുതി. ഒരു യജമാനനെ മാറ്റി മറ്റൊരു യജമാനനെ പ്രതിഷ്ഠിക്കുന്ന ഈ രീതിയില്‍നിന്ന് മാറുക എന്നതാണ് ഇടതുപക്ഷം ചെയ്യേണ്ടത്. ഈജിപ്തിലും ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലും മതേതര ഇടതുപക്ഷം ഈ സമുചിത പാഠം മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്.

വിവ: സിദ്ദീഖ് സി സൈനുദ്ദീന്‍

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top