ദത്തവകാശത്തിന്റെ നീതിശാസ്ത്രം

അഡ്വ: എം.എം അലിയാര്‍‌‌
img

         സാധാരണക്കാര്‍ക്ക് ഒറ്റനോട്ടത്തില്‍ തികച്ചും ന്യായമെന്ന് തോന്നാവുന്ന ഒരാവശ്യവുമായി ശബ്‌നം ഹശ്മി 2005-ല്‍ ഇന്ത്യയിലെ പരമോന്നത കോടതിയെ സമീപിക്കുകയും ആ കേസില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ച് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എന്ന സംഘടന കക്ഷി ചേര്‍ന്ന് തര്‍ക്കിക്കുകയും ഹരജിക്കാരിയുടെ ആവശ്യം അനുവദിച്ച് ഒരു വിധി നല്‍കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയില്ലെന്ന് വിശദീകരിച്ച് സുപ്രീംകോടതി കേസ് 19-04-2014 തീയതി തീര്‍പ്പാക്കുകയും ചെയ്തത് (Shabnam Hashmi verses union of India and others w.p(c) 470/2005) വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയുണ്ടായി.
ഇന്ത്യയില്‍ ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ നിയമവ്യവസ്ഥകളില്ലെന്നും ക്രിസ്ത്യന്‍, മുസ്‌ലിം ഉള്‍പ്പെടെയുള്ള ഇതര മതക്കാര്‍ക്ക് ദത്തെടുക്കുന്നതിന് നിയമം ഇല്ലെന്നും കുട്ടികളെ ദത്തെടുക്കുക എന്നത് ജാതിമത വ്യത്യാസമില്ലാതെ ഏതൊരു പൗരന്റെയും മൗലികാവകാശമാണെന്നും അതിനാല്‍ ദത്തവകാശം മൗലികാവകാശമായി പ്രഖ്യാപിച്ച് ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനും എല്ലാ മതക്കാര്‍ക്കും കുട്ടികളെ ദത്തെടുക്കുന്നതിനുള്ള നിയമനടപടിക്രമങ്ങള്‍ വ്യക്തമാക്കി നിയമനിര്‍മാണം നടത്താനും കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാറിനെ എതിര്‍കക്ഷിയാക്കി ശബ്‌നം ഹശ്മി സുപ്രീംകോടതിയെ സമീപിച്ചത്.
മുസ്‌ലിം വ്യക്തിനിയമം ദത്തവകാശം അനുവദിക്കുന്നില്ലെന്നും ശരീഅത്ത് നിരോധിച്ചതായ ഒരുകാര്യം മൗലികാവകാശമെന്നല്ല നിയമപരമായ അവകാശമായി പോലും അംഗീകരിക്കാന്‍ പറ്റില്ലെന്നും അനേകം നിയമപ്രശ്‌നങ്ങളും തെളിവുകളും നിരത്തി മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ശക്തമായി വാദിക്കുകയും സുപ്രീംകോടതി ബോര്‍ഡിന്റെ വാദഗതികള്‍ മുഴുവന്‍ അംഗീകരിച്ചില്ലെങ്കിലും മറ്റ് ചില സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് ഹരജിക്കാരിയുടെ ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
ഇന്ത്യയില്‍ ഹിന്ദുനിയമത്തില്‍ മാത്രമാണ് ദത്തെടുക്കാനുള്ള അവകാശവും നിയമ നടപടിക്രമങ്ങളും വ്യവസ്ഥകളും ദത്തെടുത്താലുള്ള അനന്തരാവകാശ ബാധ്യതകളും വ്യക്തമായി നിയമമാക്കിയിട്ടുള്ളത്. ഇതാകട്ടെ ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗവുമാണ്.
പുത്രേണ ലോകാന്‍ ജയതി പൗത്രേണാതന്ത്യമശ്‌നതേ
അഥപുത്രസ്യപൗത്രേണ ബ്രധ്‌നസ്യാപ്‌നോതി വിഷ്ടപം
(മനുസ്മൃതി: അധ്യായം 9, ചരണം 137)
പുത്രന്‍ ജനിച്ചാല്‍ സ്വര്‍ഗലോകം പ്രാപിക്കുമെന്നും പുത്രനു പുത്രന്‍ ജനിച്ചാല്‍ പുണ്യലോകത്തില്‍ ദീര്‍ഘകാലം വസിക്കുമെന്നും പൗത്രനു പുത്രന്‍ ജനിച്ചാല്‍ സൂര്യലോകം പ്രാപിക്കുമെന്നുമാണ് മേല്‍ സൂചിപ്പിച്ച ശ്ലോകത്തിന്റെ അര്‍ത്ഥം.
പിതാവിനെ പുത് എന്ന നരകത്തില്‍നിന്ന് ത്രാണനം ചെയ്യുന്നവന്‍ അഥവാ രക്ഷിക്കുന്നവന്‍ എന്നാണ് പുത്രന്‍ എന്ന വാക്ക് വിവക്ഷിക്കുന്നത് എന്നാണ് മനുസ്മൃതി തുടര്‍ന്ന് പറയുന്നത്. പൗത്രനും ദൗഹിത്രനും(പുത്രിയുടെ പുത്രന്‍) ഭേദമില്ലെന്നതിനാല്‍ പുത്രിവഴിയും മോക്ഷം നേടാമെന്ന് അടുത്ത ചരണത്തില്‍ വിവരിക്കുന്നു. മാതാപിതാക്കള്‍ക്ക് ശേഷക്രിയ(ശ്രാദ്ധം) ചെയ്യാനും വംശം നിലനിര്‍ത്താനും പുത്രന്‍ അനിവാര്യമാണ്. ഔരസന്‍, ക്ഷേത്രജന്‍ എന്നിങ്ങനെ ഭാര്യക്ക് ജനിച്ച മക്കളില്ലാത്തിടത്ത് ദത്തന്‍ ഗോത്രത്തിനും ധര്‍മത്തിനും ദ്രവ്യത്തിനും അര്‍ഹതയുള്ളവനാകും. (മനുസ്മൃതി: അധ്യായം 9, ചരണം 165)
മാതാപിതാവാദദ്യാതാം യമത്പിഃ പുത്രമാപദി
സദൃശം പ്രീതി സംയുക്തം സജ്ഞേയോദത്തിമസുതഃ
(മനുസ്മൃതി: അധ്യായം 9, ചരണം 168)
മാതാപിതാക്കന്മാര്‍ ഒന്നിച്ചോ ഒരാള്‍ തനിച്ചോ സ്വജാതിയില്‍ പുത്രനില്ലാതെ ദുഃഖിക്കുന്ന ഒരുത്തന് സന്തോഷപൂര്‍വം ഈ പുത്രന്‍ നിനക്കു സ്വന്തമാകുന്നു എന്നു പറഞ്ഞ് നീര്‍ വീഴ്ത്തി ദാനം ചെയ്താല്‍ ആ പുത്രനെ ദത്തന്‍ എന്നു പറയുന്നു. ഇതാണ് ഈ ശ്ലോകത്തിന്റെ അര്‍ഥം.
ഇന്ത്യ സ്വതന്ത്രയായ ശേഷം ഹിന്ദുക്കള്‍ക്കായി നിയമനിര്‍മാണം നടത്തിയ കൂട്ടത്തില്‍ ഹിന്ദുകോഡ് ബില്ലിന്റെ ഭാഗമായി പാസ്സാക്കിയ 1956-ലെ ഹിന്ദു അഡോപ്ഷന്‍ ആന്റ് മെയിന്റനന്‍സ് ആക്ടിലെ രണ്ടാം അധ്യായം അതായത് 5 മുതല്‍ 17 വരെ വകുപ്പുകള്‍ ദത്ത് സംബന്ധിച്ച നിയമവ്യവസ്ഥകളാണ്. ദത്തെടുക്കുന്നയാളും ദത്ത് എടുക്കപ്പെടുന്ന കുട്ടിയും എതിര്‍ലിംഗത്തില്‍പെട്ടവരാണെങ്കില്‍ അവര്‍ തമ്മില്‍ 21 വയസ്സെങ്കിലും പ്രായവ്യത്യാസമുണ്ടായിരിക്കണമെന്നതും ദത്തെടുക്കുന്ന വ്യക്തിക്ക് ദത്തെടുക്കുന്ന കുട്ടിയുടെ ലിംഗത്തില്‍പെട്ട രക്തബന്ധത്തിലുള്ളതോ ദത്തെടുത്തതോ ആയ മറ്റ് കുട്ടികള്‍ ഉണ്ടായിരിക്കാന്‍ പാടില്ല തുടങ്ങിയതുമായ വ്യവസ്ഥകള്‍ ഈ നിയമത്തിലെ പുരോഗമനപരമായ വ്യവസ്ഥകളായി ചൂണ്ടിക്കാണിക്ക പ്പെടുന്നു. കൂടാതെ ഹിന്ദു സ്ത്രീക്ക് സ്വന്തം നിലക്ക് ദത്തെടുക്കാമെന്നതും കുട്ടിയെ ദത്ത് കൊടുക്കുന്ന കാര്യത്തില്‍ മാതാവിനും പിതാവിനും തുല്യഅവകാശമായിരിക്കുമെന്നതും ഈ നിയമത്തില്‍ 2010-ല്‍ കൊണ്ടുവന്ന ഭേദഗതികളാണ്.
ദത്ത് കൊടുക്കുന്ന കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളോ രക്ഷാകര്‍ത്താവോ കുട്ടിയെ കൊടുക്കലും ദത്ത് വാങ്ങുന്നവര്‍ കുട്ടിയെ ഏറ്റെടുക്കലും അപ്രകാരമുള്ള ദത്ത് കൊടുക്കാനും വാങ്ങാനുമുള്ള ഉദ്ദേശ്യത്തോടെയുള്ള യഥാര്‍ഥ കൈമാറ്റം നടന്നിരിക്കണണമെന്നതും (Sn 11(2)) നിര്‍ബന്ധ വ്യവസ്ഥയാണ് ദത്ത് എടുക്കപ്പെടുന്ന കുട്ടി ദത്തെടുത്ത മാതാപിതാക്കളെ അനന്തരമെടുക്കുന്ന അവരുടെ കുട്ടിയായി നിയമത്തില്‍ കണക്കാക്കാം. എന്നാല്‍ ദത്തെടുക്കപ്പെടുന്ന ആള്‍ അയാളുടെ യഥാര്‍ഥ കുടുംബത്തില്‍ തുടര്‍ന്നാല്‍ ആരെയെല്ലാം വിവാഹം കഴിക്കാന്‍ പാടില്ലയോ അവരെയൊന്നും വിവാഹം കഴിക്കാന്‍ ദത്തിനു ശേഷവും പാടില്ലാത്തതാണ്(Sn 14(4)).
മേല്‍പറഞ്ഞ നിയമങ്ങളെല്ലാം ഹിന്ദുക്കള്‍ക്ക് മാത്രം ബാധകമാകുന്ന നിയമമാണ്. ശബ്‌നം ഹശ്മിക്ക് ഈ നിയമം ബാധകമാക്കാന്‍ നിവൃത്തിയില്ലാത്തതിനാലാണ് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ഈ കേസിനെ കോടതിയില്‍ നേരിട്ടത് 2004-ലെ Juvenile Justice (Care and protection of children) Actഉം അതിനെ തുടര്‍ന്ന് 2007-ല്‍ പാസാക്കിയ അതേ നിയമത്തിലെ (The Juvenile Justice (care and protection of children) Rules 2007) ചട്ടങ്ങളും അനുസരിച്ച് അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളെ അതത് പ്രദേശങ്ങളില്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ മുഖാന്തിരം ദത്തെടുക്കുന്നതിന് ഏത് മതക്കാര്‍ക്കും അവകാശമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു.
1989 നവംബര്‍ 20-ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ച United Nations convention on the Right of the child(UNCRC) ലെ വ്യവസ്ഥകള്‍ അംഗീകരിച്ച ഒരു അംഗരാജ്യം എന്ന നിലയില്‍ അവ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 2000-ല്‍ മേല്‍പറഞ്ഞ ജുവനൈല്‍ ജസ്റ്റിസ് നിയമം ഇന്ത്യ നിര്‍മിച്ച് പാസാക്കിയത്. കുട്ടികളുടെ അവകാശങ്ങള്‍ പ്രഖ്യാപിച്ച മേല്‍പറഞ്ഞ കണ്‍വെന്‍ഷന്‍ ആദ്യമായി നടപ്പാക്കിയ രാജ്യം എന്ന ഖ്യാതി നേടിയെടുക്കുക എന്ന ലക്ഷ്യവും മേല്‍പറഞ്ഞ നിയമം ധൃതിപിടിച്ച് വേണ്ടത്ര പഠനങ്ങള്‍ നടത്താതെ പാസാക്കിയതില്‍ ഉണ്ടായിരുന്നു.
കുട്ടികളുടെ നാനാവിധമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകളും കുട്ടിക്കുറ്റവാളികളെ കൈകാര്യം ചെയ്യേണ്ട രീതികളുമെല്ലാം നിയമമാക്കിയ ഈ നിയമത്തില്‍ ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ കുട്ടികളെ താല്‍പര്യമുള്ള കുടുംബങ്ങള്‍ക്ക് ദത്ത് നല്‍കാനുള്ള വ്യവസ്ഥയും(സെക്ഷന്‍ 41) ഉള്‍പ്പെടുത്തി എന്നല്ലാതെ ഹിന്ദു നിയമത്തിലേതുപോലെ ദത്ത് സംബന്ധിച്ച നിയമനടപടി ക്രമങ്ങളോ അവകാശ ബാധ്യതകളോ ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ല.
ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ തുടര്‍ച്ചയായി 2007-ല്‍ കൊണ്ടുവന്ന ജുവനൈല്‍ ജസ്റ്റിസ് ചട്ടങ്ങളിലും അനാഥരും ഉപേക്ഷിക്കപ്പെട്ടതുമായി കിട്ടുന്ന കുട്ടികളെ ദത്ത് നല്‍കാന്‍ യോഗ്യരായി പ്രഖ്യാപിക്കുന്നതിന് കുട്ടിക്ക് അവകാശികളില്ലെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടിക്രമങ്ങളും തുടര്‍ന്ന് കുട്ടിയെ ദത്തെടുക്കുന്നവര്‍ക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥ ചെയ്യുന്നതല്ലാതെ നിയമപദവിയോ(legal status) അവകാശ ബാധ്യതകളോ വ്യക്തമാക്കിയിട്ടില്ല.
ക്രിസ്തുമതത്തില്‍പെട്ടവര്‍ക്ക് അവരുടെ കാതോല്‍ നിയമപ്രകാരം ദത്തെടുക്കുന്നത് നിയമാനുസൃതമാണെന്ന് Philips Altred malvi V.Y.J Gonsalvis and others എന്ന കേസില്‍ (AIR 1999 Kerala 187) കേരള ഹൈക്കോടതിയും Manuel Theodore D'souzaയുടെ കേസില്‍ (2000(3) Born CR 244) മുംബൈ ഹൈക്കോടതിയും കണ്ടെത്തി വിധി പ്രഖ്യാപിച്ചിട്ടുള്ളത് ചൂണ്ടിക്കാട്ടി ക്രിസ്ത്യാനികള്‍ക്ക് ദത്തെടുക്കുന്നതിന് നിയമതടസ്സങ്ങളില്ലെന്ന് സുപ്രിംകോടതി ഈ വിധിന്യായത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2000-ലെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും 2007-ലെ ജുവനൈല്‍ ജസ്റ്റിസ് ചട്ടങ്ങള്‍ പ്രകാരവും അനാഥരും ഉപേക്ഷിക്കപ്പെട്ടതുമായി കിട്ടുന്ന കുട്ടികളെ ഏത് മതക്കാര്‍ക്കും ദത്ത് സ്വീകരിക്കാം എന്നുള്ളതിനാല്‍ ഹര്‍ജിക്കാരിയുടെ ആവശ്യത്തില്‍ പ്രത്യേകം വിധി നല്‍കാന്‍ സുപ്രിം കോടതി വിസമ്മതിക്കുകയാണ് ചെയ്തത്.
മാതാപിതാക്കള്‍ ആരെന്ന് അറിയാത്തതോ വെളിപ്പെടുത്താത്തതോ ആയ കുട്ടികളെ എടുത്തു വളര്‍ത്തുന്നവര്‍ക്ക് സ്വന്തം മകന്‍ അല്ലെങ്കില്‍ മകള്‍ എന്ന നിയമപദവിയും(Legal status) അനന്തരാവകാശം ഉള്‍പ്പെടെയുള്ള അവകാശങ്ങളും ഉറപ്പാക്കുന്നതുമായ ഒരു നിയമനിര്‍മാണമായിരുന്നു ശബ്‌നം ഹശ്മിയുടെ ആവശ്യം. സാധാരണക്കാര്‍ക്ക് പ്രത്യക്ഷത്തില്‍ തികച്ചും ന്യായമെന്ന് തോന്നാവുന്ന ഈ ആവശ്യത്തെ കേസില്‍ കക്ഷിചേര്‍ന്ന് ശക്തിയുക്തം എതിര്‍ത്ത മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാദങ്ങളാണ് മാധ്യമ വിമര്‍ശങ്ങള്‍ക്ക് കാരണമായത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിലെ നീതിശാസ്ത്രം കുറഞ്ഞത് മുസ്‌ലിംകളെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്.
ദത്ത് സമ്പ്രദായം ഇസ്‌ലാം നിരോധിച്ചത് തന്നെയാണ്. ഇക്കാര്യത്തില്‍ മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ പോലുമില്ല. ഹിന്ദു നിയമപ്രകാരവും യഥാര്‍ഥ മാതാപിതാക്കള്‍ അല്ലെങ്കില്‍ രക്ഷാകര്‍ത്താവ്(Natural gardian) തന്നെ ദത്ത് നല്‍കണം. ദത്ത് വഴി ജനിച്ച കുടുംബത്തില്‍നിന്നും അനന്തരാവകാശവും ശ്രാദ്ധം ചെയ്യുന്നതിനുള്ള അവകാശവും നീങ്ങുമെന്നല്ലാതെ ജന്മം നല്‍കിയ മാതാപിതാക്കളുമായുള്ള മറ്റ് അവകാശ ബാധ്യതകളൊന്നും നഷ്ടപ്പെടില്ല. എന്നാല്‍ പുതിയ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ ദത്ത്(Adoption) മാതാപിതാക്കള്‍ ആരെന്നത് കണ്ടെത്താതെ അല്ലെങ്കില്‍ രഹസ്യമാക്കി വെച്ച് അയാളെ ദത്ത് എടുത്തവരുടെ മാത്രം സന്തതിയായി കണക്കാക്കുന്നതാണ്. ഇതിനെയാണ് മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് സുപ്രിംകോടതിയില്‍ എതിര്‍ത്തത്. ഇത് പരിഷ്‌കൃതമായ നിയമവ്യവസ്ഥക്കും നീതിശാസ്ത്രത്തിനും എതിരാണ്.
ഇസ്‌ലാമിക നിയമസംവിധാനത്തില്‍ ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശം പോലെ തന്നെ പ്രധാനമാണ് ആ വ്യക്തിയുടെ മാതാപിതാക്കള്‍ ആരാണെന്ന് അറിയാനുള്ള അവകാശവും. വിവാഹം കഴിക്കുക എന്നത് ആണിന്റെയും പെണ്ണിന്റെയും ജീവിത ലക്ഷ്യവും മൗലിക അവകാശവുമാണ്. എന്നാല്‍ രക്തബന്ധത്തില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹം ഇസ്‌ലാമില്‍ കടുത്ത പാപവും ഇസ്‌ലാമിക നിയമസംവിധാനത്തില്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റവുമാണ്. ആണാകട്ടെ പെണ്ണാകട്ടെ ഒരു വ്യക്തി വിവാഹത്തിന് തയാറെടുക്കുമ്പോള്‍ തന്റെ മാതാപിതാക്കള്‍ ആരെന്നറിയില്ലെങ്കില്‍ തനിക്ക് വിവാഹം നിഷിദ്ധരായവര്‍ ആരൊക്കെയെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരികയും അത് ആ വ്യക്തിക്ക് വിവാഹം കഴിക്കാനുള്ള അവകാശം തന്നെ തടയുന്നതിന് തുല്യമാവുകയും ചെയ്യും. രക്തബന്ധത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹനിരോധം വെറും മതപരമായ കാര്യം മാത്രമല്ല; ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുകൂടിയാണ്. അത്തരം ബന്ധത്തിലുണ്ടാകുന്ന കുട്ടികള്‍ മാനസിക, ശാരീരിക വൈകല്യങ്ങളോടുകൂടിയോ മാറാരോഗങ്ങളോടു കൂടിയോ ജനിക്കാനാണ് കൂടുതല്‍ സാധ്യത എന്നതും ജനിതക വൈകല്യങ്ങള്‍ തുടര്‍ന്നുള്ള തലമുറകളിലേക്കും വ്യാപിക്കും എന്നുള്ളതുമെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ഈ നീതിശാസ്ത്രമാണ് ഇസ്‌ലാമിക നിയമവ്യവസ്ഥയില്‍ പ്രസവം മറച്ചു വെക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയിരിക്കുന്നത്. ഈ ലോകത്ത് ജനിക്കുന്ന ഓരോ കുട്ടിയുടെയും മാതാവും പിതാവും ആരെന്ന് വെളിപ്പെടുത്താതിരിക്കുന്നത് ആ കുട്ടിയോട് അതിന്റെ മാതാപിതാക്കള്‍ മാത്രമല്ല, സമൂഹവും ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്. അതിനാല്‍തന്നെ അത് സമൂഹത്തിനെതിരായ ഗുരുതരമായ ക്രിമിനല്‍ കുറ്റമാകേണ്ടതാണ്. അതിന് ഉത്തരവാദികളായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കേണ്ടത് രാഷ്ട്രത്തിന്റെ ബാധ്യതയാണ്.
ഇന്ത്യയില്‍ നിലവിലുണ്ടയിരുന്ന ഇസ്‌ലാമിക നിയമവ്യവസ്ഥയിലെ കുറ്റങ്ങള്‍ തന്നെയാണ് ബ്രിട്ടീഷുകാര്‍ അവരുടേതായ ചില ഭേദഗതികളോടെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ക്രോഡീകരിച്ചത്. അക്കൂട്ടത്തില്‍ ജനനം മുതല്‍ മറച്ചുവെക്കല്‍(concealment of birth) എന്ന കുറ്റം എഴുതിച്ചേര്‍ത്തപ്പോള്‍ അവരുടെ യുക്തിക്ക് വെറുതെ ജനനം മറച്ചുവെക്കുന്നതില്‍ എന്താണ് ഇത്ര കുറ്റം എന്ന് ചിന്തിച്ചിട്ടായിരിക്കാം അവര്‍ അതിനോടുകൂടി by secret disposal of dead body (രഹസ്യമായി മൃതദേഹം മറവുചെയ്യുന്നതുവഴി) എന്നുകൂടി ചേര്‍ത്ത് ജനനം മറച്ചുവെക്കുക എന്ന ക്രിമിനല്‍ കുറ്റത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവുമെല്ലാം ഇല്ലാതാക്കിക്കളഞ്ഞു (ഐ.പി.സി വകുപ്പ് 318). ഇപ്പോള്‍ വല്ല പാവപ്പെട്ട സ്ത്രീയും ചാപിള്ള പ്രസവിച്ചാല്‍ അത് നാട്ടുകാരെ മുഴുവന്‍ അറിയിച്ച് കുഴിച്ചിട്ടില്ലെങ്കില്‍ പോലീസ് മാന്തിയെടുത്ത് കേസാക്കും എന്ന അവസ്ഥയും എന്നാല്‍ പ്രസവിച്ച് കുഞ്ഞിനെ ഇരുചെവി അറിയാതെ വല്ല അനാഥാലയത്തിന്റെയും വാതില്‍ക്കലോ അല്ലെങ്കില്‍ ഈ ക്രിമിനല്‍ പ്രവൃത്തി എളുപ്പത്തില്‍ ചെയ്യാന്‍ സര്‍ക്കാര്‍ തന്നെ സ്ഥാപിച്ചിട്ടുള്ള അമ്മതൊട്ടിലിലോ കൊണ്ടുപോയി ഇട്ടാല്‍ എല്ലാം ശുഭം എന്ന വിരോധാഭാസത്തിലും കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു.
നാട്ടില്‍ ഒരു അനാഥ ജഡം കണ്ടെത്തിയാല്‍ അത് ആര്, എങ്ങനെ മരണപ്പെട്ടു എന്നെല്ലാം കണ്ടെത്താന്‍ നമ്മുടെ നിയമ സംവിധാനങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ നമുക്കറിയാം. ആ മരണത്തിനു പിന്നില്‍ ആരുടെയെങ്കിലും കുറ്റകരമായ പ്രവൃത്തിയുണ്ടെങ്കില്‍ അവരെ കണ്ടെത്തി ശിക്ഷിക്കുക വഴി സമൂഹത്തില്‍ സുരക്ഷിതത്വബോധം ഉണ്ടാക്കുകയാണല്ലോ അതിന്റെ ലക്ഷ്യം. എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായി കാണേണ്ട കുറ്റമല്ലേ, ഒരു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടതായി കണ്ടാല്‍ അതിന്റെ മാതാപിതാക്കള്‍ ആരെന്ന് കണ്ടെത്തി ജനനം മറച്ചുവെച്ച കുറ്റത്തിന് കേസെടുത്ത് അവരെ ശിക്ഷിക്കുക എന്നതും അതുവഴി ഒരു കുട്ടിയും മാതാപിതാക്കള്‍ ആരെന്ന് അറിയാതെ വളരുന്നില്ല എന്ന് ഉറപ്പാക്കേണ്ടതും.
കുഞ്ഞിന് ജന്മം നല്‍കിയ മാതാപിതാക്കള്‍ക്ക് അതിനെ വളര്‍ത്താന്‍ വിഷമം നേരിടുന്ന സാഹചര്യത്തില്‍ അത്തരം കുട്ടികളെ ഏറ്റെടുത്ത് സ്വന്തം മക്കളെപ്പോലെ വളര്‍ത്തുന്നതിന് ഇസ്‌ലാം എതിരല്ലെന്നും ഇസ്‌ലാമില്‍ 'കഫാല' എന്നറിയപ്പെടുന്ന ഈ രീതിയാണ് സമൂഹത്തിന് ഗുണകരമെന്നും അത് ഇസ്‌ലാം അനുവദിക്കുന്ന ഒരു സല്‍പ്രവൃത്തിയാണെന്നും എന്നാല്‍ മാതാപിതാക്കള്‍ ആരെന്ന് വെളിപ്പെടുത്താതെ ദത്തെടുക്കല്‍ അനുവദിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ ദത്തെടുക്കല്‍ വ്യവസ്ഥകളാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നുമാണ് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വാദിച്ചത്. ഐക്യരാഷ്ട്രസഭയിലെ UNCRC പ്രഖ്യാപനം ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി വിവിധ മാര്‍ഗങ്ങള്‍ വ്യവസ്ഥ ചെയ്തുണ്ടാക്കിയ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ അതിലേക്ക് ഉള്‍പ്പെടുത്തിയ ഒരു മാര്‍ഗം മാത്രമാണ് ദത്തെടുക്കല്‍ എന്നും UNCRC പ്രഖ്യാപനത്തിലെ ആര്‍ട്ടിക്ക്ള്‍ 20(3)ല്‍ കുട്ടികളുടെ സംരക്ഷണത്തിന് ഇസ്‌ലാമിക നിയമപ്രകാരമുള്ള 'കഫാല'യാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും കുട്ടികളുടെ യഥാര്‍ഥ മാതാപിതാക്കള്‍ ആരെന്ന് അംഗീകരിച്ചും വെളിപ്പെടുത്തിയും 'കാഫി' എന്ന വളര്‍ത്തു രക്ഷിതാക്കള്‍ക്ക് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമസാധുതയാണ് കുറഞ്ഞത് മുസ്‌ലിം കുട്ടികളുടെ കാര്യത്തിലെങ്കിലും നടപ്പാക്കേണ്ടത് എന്നുമുള്ള മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡിന്റെ വാദം സുപ്രീംകോടതി അതിന്റെ വിധിന്യായത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. (Paragraph 10, shabnam hashmi V. Union of India and others)
ഏതായാലും സുപ്രീം കോടതി ഈ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടേണ്ടതില്ല എന്ന് വിധിച്ചത് തല്‍ക്കാലം ആശ്വാസകരമാണ്. എന്നാല്‍ ദൈവകല്‍പിതമാകയാല്‍ തികച്ചും യുക്തിഭദ്രവും ശാസ്ത്രീയവുമായ നിയമവ്യവസ്ഥ പിന്തുടരുന്നവര്‍ എന്ന നിലയില്‍ ഇതര സമുദായങ്ങള്‍ക്കെല്ലാം മാതൃകയാകേണ്ട മുസ്‌ലിം സമൂഹത്തില്‍ തന്നെ ഇസ്‌ലാം നിരോധിച്ച 'മാതൃത്വവും പിതൃത്വവും വെളിപ്പെടുത്താത്ത ദത്തെടുക്കല്‍' എന്ന മ്ലേഛ പ്രവൃത്തിക്കുവേണ്ടി വാദിക്കുന്നവരും അത്തരം മ്ലേഛ പ്രവൃത്തി നിര്‍ബാധം നടത്തുന്നവരും അതിനു നേരെ കണ്ണടക്കുന്ന മതപണ്ഡിതന്മാരും ധാരാളമുണ്ടെന്ന് തെളിയിക്കുന്നതായി മേല്‍ വിവരിച്ച കേസും സംഭവ വികാസങ്ങളും.
വൈവാഹിക നിയമങ്ങളില്‍ നിരന്തരം പുതുതായി നിയന്ത്രണങ്ങളും അബദ്ധ നിയമങ്ങളും പാസാക്കി നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ സമീപഭാവിയില്‍തന്നെ വിവാഹത്തിന് ജാതക പൊരുത്തം നോക്കുന്നതുപോലെ ഇനി വധൂവരന്മാര്‍ തമ്മില്‍ രക്തബന്ധമില്ലെന്ന് ഉറപ്പാക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന നിയമവും പ്രതീക്ഷിക്കാം അത്തരം സമൂഹത്തില്‍ മുപ്പതുകാരിയായ വധു നാല്‍പ്പത്തഞ്ചുകാരനായ വരനെ വിവാഹം ആലോചിച്ച് ഡി.എന്‍.എ ടെസ്റ്റ് നടത്തിയപ്പോള്‍ മകള്‍ സ്വന്തം വാപ്പയെയാണ് വിവാഹം ആലോചിച്ചത് എന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞു തുടങ്ങിയ വാര്‍ത്ത സര്‍വസാധാരണമായി വായിക്കാം.
UNCRC പ്രഖ്യാപനം നടത്തുന്നതിലേക്കായിട്ടാണ് ഈ നിയമം ഉണ്ടാക്കിയിട്ടുള്ളത് എന്ന് എടുത്തുപറഞ്ഞിട്ടുള്ള ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ പക്ഷേ UNCRC പ്രഖ്യാപനത്തിലെ ആര്‍ട്ടിക്ക്ള്‍ 7ല്‍ പറയുന്ന കുട്ടിയുടെ മാതാപിതാക്കള്‍ ആരാണ് എന്ന് അറിയാനുള്ള അവകാശവും (Right to know his/her parents as for as possible) ആര്‍ട്ടിക്കിള്‍ 8ല്‍ പറയുന്ന കുടുംബ ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിത്വം നിലനിര്‍ത്താനുള്ള കുട്ടികളുടെ അവകാശവും (Right to presence identity including family relations), ആര്‍ട്ടിക്ക്ള്‍ 20(3)ല്‍ ഒന്നാമതായി പറയുന്ന ഇസ്‌ലാമിക നിയമത്തിലെ കഫാല(Kafalah of islamic law)യും വിട്ടുകളഞ്ഞതിന് കേന്ദ്ര സര്‍ക്കാരിന് എന്ത് ന്യായമാണ് പറയാനുള്ളത് എന്ന് ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ ആരും ചോദിച്ചുകണ്ടില്ല എന്നതും ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top