ഖിലാഫത്ത്: സംഘര്‍ഷവും സംവാദവും

‌‌

ഖിലാഫത്തിനെ കുറിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്നു ഐ.എസ്.ഐ.എസിന്റെയും ബൊക്കോഹറാമിന്റെയും ഖിലാഫത്ത് പ്രഖ്യാപനമാണ് ഇതിന്റെ പശ്ചാത്തലം. അറബ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യവല്‍ക്കരണത്തെ ചെറുത്തുതോല്‍പിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ തന്നെയാണ് തിരശ്ശീലക്ക് പിന്നിലുള്ളവര്‍. ഇസ്‌ലാമിക ഖിലാഫത്ത്, സ്റ്റേറ്റ് എന്ന മഹത്തായ സങ്കല്‍പത്തെ മോശമായി ചിത്രീകരിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. എന്നാല്‍, ആഗോള മുസ്‌ലിം പണ്ഡിതവേദിയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഇറാഖിലെ 'ഇസ്‌ലാമിക സ്റ്റേറ്റിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. ഐ.എസിന്റെ ഖലീഫയായി സ്വയം പ്രഖ്യാപിച്ച അബൂബക്കര്‍ അല്‍ബഗ്ദാദിയുടെയും ഐ.എസിന്റെയും പൊടുന്നനെയുള്ള രംഗപ്രവേശത്തില്‍ നിറയെ നിഗൂഢതകളുണ്ട്. ഒരു വര്‍ഷത്തോളം അമേരിക്കയുടെ തടവറയിലായിരുന്ന ബഗ്ദാദിയെ എന്തിനാണ് പുറത്തുവിട്ടത്, അമേരിക്കയിലെ പ്രതിരോധ ഉദ്യോഗസ്ഥരുടെയും വിദേശകാര്യമേധാവികളുടെയും കൂടെ ഇദ്ദേഹം ഇരിക്കുന്ന ചിത്രങ്ങള്‍ പറയുന്നത് എന്താണ്? ഐക്യരാഷ്ട്ര സഭയുടെ അനുമതിയില്ലാതെ ലോകത്തിന് എണ്ണ നല്‍കാന്‍ ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നു, മൊസാദ് പരിശീലനം നല്‍കിയ കമാന്റോകളെ ഐ.എസിന് എങ്ങനെ ലഭിച്ചു? തുടങ്ങി നിരവധി സംശയങ്ങളുടെ മറവിലാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് സിറിയ എന്ന ഈ സംഘം പ്രവര്‍ത്തിക്കുന്നത്. ബശ്ശാറുല്‍ അസദിന്റെ ഏകാധിപത്യ പ്രവണതക്ക് വിരാമമിടാന്‍ കഴിയുമായിരുന്ന സിറിയയിലെ ജനകീയ മുന്നേറ്റം ഇതിലൂടെ കേവല വിഭാഗീയ കലാപമായി മാറ്റപ്പെട്ടു. അറബ് വസന്താനന്തരം രൂപപ്പെട്ട ജനാധിപത്യ ഉണര്‍വ്വിനെ ശിയാ-സുന്നി വിഭാഗീയ കലാപങ്ങളിലേക്ക് ഒതുക്കാന്‍ ഐ.എസിന്റെ പിറവി കാരണമായി. മധ്യേഷ്യയില്‍ ഇസ്രായേലിന്റെ ഏറ്റവും വലിയ ഭീഷണിയായ ഇറാനെ തളച്ചിടാനും മേഖലയില്‍ ഒരിക്കല്‍കൂടി അമേരിക്കക്ക് നേരിട്ട് ഇടപെടാനും സാധിച്ചു. അറബ് വസന്തത്തിലൂടെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ ബുദ്ധിപരമായ വെല്ലുവിളികളെയും ജനാധിപത്യത്തോടുള്ള ഇസ്‌ലാമിസ്റ്റുകളുടെ സമീപനങ്ങളെയും തടഞ്ഞുനിര്‍ത്താന്‍ പ്രതിലോമ ഉള്ളടക്കങ്ങളോടുകൂടി ഇസ്‌ലാമിനെ പ്രതിനിധീകരിക്കാന്‍ ഇസ്‌ലാമിക സ്റ്റേറ്റിനെ പോലുള്ളവര്‍ ആവശ്യമായിരുന്നു. അതുകൊണ്ടാണ് പാശ്ചാത്യരും അവരുടെ പത്രമാധ്യമങ്ങളും ഇതിനെ പിന്തുണക്കാനും പ്രചരിപ്പിക്കാനും സന്നദ്ധമായത്.
ഇസ്‌ലാമിക ഖിലാഫത്തിനെ കുറിച്ച പ്രതിലോമവും പുരോഗമനപരവുമായ ധാരാളം ചര്‍ച്ചകള്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അവയെ പരിചയപ്പെടുത്താനാണ് ബോധനം ഉദ്ദേശിക്കുന്നത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വെക്കുന്ന ഖിലാഫത്തും അതിന്റെ യാഥാര്‍ഥ്യവും അറബ് ഉയര്‍ത്തെഴുന്നേല്‍പിനുശേഷം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍തന്നെ ഖിലാഫത്തിനെ കുറിച്ചു നടത്തിയ സംവാദങ്ങള്‍, പുനര്‍വിചിന്തനങ്ങള്‍ എന്നിവ വളരെ വിപുലമായതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഖിലാഫത്തെന്ന സമാന്തര ഭരണസംവിധാനം ഉണ്ടാക്കിയ ആലി മുസ്‌ലിയാരും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ലോകത്ത് തന്നെ ഏറ്റവും വലിയ ഖിലാഫത്ത് മൂവ്‌മെന്റിന് ഇന്ത്യയില്‍ ജന്മം നല്‍കിയ അലി സഹോദരന്മാരും പുതിയ ഖിലാഫത്ത് ഭരണ ക്രമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന തുര്‍ക്കിയും അതിന് നേതൃത്വം നല്‍കുന്ന അക് പാര്‍ട്ടിയും ഖിലാഫത്തെന്ന പരികല്‍പനയെ ആധുനിക ജനാധിപത്യ ഭരണക്രമത്തിലേക്ക് വിന്യസിച്ച തുനീഷ്യയും മൊറോക്കോയും അടങ്ങുന്ന വൈവിധ്യമേറിയ സംവാദങ്ങളാണ് ഇസ്‌ലാമിക ഖിലാഫത്തില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും. ഇതിനെ പരിചയപ്പെടുത്താനും ഇവിടെ ഉദ്ദേശിക്കുന്നു.
അതോടൊപ്പം സയണിസ്റ്റ് പ്രചാരണങ്ങളെയും ഇസ്രായേലിന്റെ നിലനില്‍പിനെയും സംബന്ധിച്ച വിശകലനങ്ങളും വിവരണങ്ങളും ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top