ഖുര്‍ആനിന്ന് സുന്നത്തുകൊണ്ടുള്ള വ്യാഖ്യാനം

‌‌
img

ഖുര്‍ആനിക സൂക്തങ്ങളുടെ വ്യാഖ്യാനമായി അതില്‍നിന്ന് തന്നെയുള്ള മറ്റു സൂക്തങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ പിന്നീട് തിരുസുന്നത്തുകൊണ്ടാണ് അതിന് വ്യാഖ്യാനം നല്‍കേണ്ടത്. ഖുര്‍ആനിനെ നമുക്ക് വിശദീകരിച്ചു തന്നത് പ്രവാചകതിരുമേനി(സ)യാണ്. ഈ വസ്തുത ഖുര്‍ആന്‍ തന്നെ പരാമര്‍ശിക്കുന്നുണ്ട്. ''താങ്കള്‍ക്ക് നാം ഖുര്‍ആന്‍ അവതരിപ്പിച്ചു തന്നത് താങ്കള്‍ ജനങ്ങള്‍ക്കത് വിശദീകരിച്ചുകൊടുക്കാന്‍ വേണ്ടിയാകുന്നു.'' (അന്നഹ്്ല്‍ 44)
സൂറത്തുന്നിസാഇലെ 113ാം ആയത്തില്‍ പറയുന്നു. ''അല്ലാഹു താങ്കള്‍ക്ക് ഗ്രന്ഥവും ഹിക്മത്തും അവതരിപ്പിച്ചു തരികയും താങ്കള്‍ക്കറിവില്ലാത്തത് പഠിപ്പിച്ചു തരികയും ചെയ്തു. അല്ലാഹു താങ്കള്‍ക്ക് നല്‍കിയ അനുഗ്രഹം വളരെ വലുതാണ്.''
ഈ ആയത്തില്‍ പരാമര്‍ശിച്ച ഹിക്മത്ത് കൊണ്ടുള്ള വിവക്ഷ നബി(സ)യുടെ സുന്നത്താണെന്നും സുന്നത്ത് അംഗീകരിക്കാതെ ഖുര്‍ആന്‍ ഉള്‍ക്കൊള്ളുക ക്ഷിപ്രസാധ്യമല്ലെന്നും അതുകൊണ്ടു തന്നെ അതിനെ അംഗീകരിക്കല്‍ നമുക്ക് നിര്‍ബന്ധമാണെന്നും നിരവധി തെളിവുകളുടെ വെളിച്ചത്തില്‍ ഇമാം ശാഫിഈ(റ) സമര്‍ഥിക്കുന്നു (അര്‍രിസലാത്ത്).
ഖുര്‍ആനിനെ പറഞ്ഞതിനുശേഷം ഹിക്്മത്തിനെ പരാമര്‍ശിച്ചതായി അല്‍ബഖറ 231, ആലുഇംറാന്‍ 164, സൂറത്തുല്‍ ജുമുഅഃ 3, അഹ്‌സാബ് 34 തുടങ്ങിയ സൂക്തങ്ങളിലും കാണാന്‍ കഴിയും.
ധാരാളം തിരുവചനങ്ങളിലും ഈ വസ്തുതയെക്കുറിച്ചുള്ള പരാമര്‍ശം കാണാം.
''എനിക്ക് ഖുര്‍ആനും (അതിന്റെ വിവരണമായി) അത്രതന്നെ വേറെയും നല്‍കപ്പെട്ടു'' (അബൂദാവൂദ് ഇബ്‌നുമാജ).
മറ്റൊരു ഹദീസില്‍ പറയുന്നു. ''മുആദുബ്‌നു ജബലി(റ)നെ ഇസ്്‌ലാമിക പ്രബോധനത്തിനായി യമനിലേക്ക് നിയോഗിച്ചപ്പോള്‍ പ്രവാചകപുംഗവന്‍(സ) അദ്ദേഹത്തോടു ചോദിച്ചു: 'മുആദ്! എന്തുകൊണ്ടാണ് താങ്കള്‍ ജനങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കുക?''
''അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച്.'' അദ്ദേഹം മറുപടിയേകി.
വീണ്ടും അവിടുന്ന് ചോദിച്ചു: ''ഖുര്‍ആനില്‍ വ്യക്തമായ വിധി കണ്ടെത്തിയില്ലെങ്കിലോ?''
''തിരുദൂതരുടെ സുന്നത്തനുസരിച്ച് വിധിക്കും.'' അദ്ദേഹം പറഞ്ഞു.
''സുന്നത്തിലും കണ്ടില്ലെങ്കിലോ?'' എന്ന ചോദ്യത്തിന് ''(അവ രണ്ടും അവലംബിച്ച്) സ്വയം ഇജ്തിഹാദ് നടത്തും. അതില്‍ വീഴ്ചവരുത്തുകയില്ല.'' എന്നായിരുന്നു മറുപടി.
ഇതുകേട്ട തിരുമേനി(സ) മുആദിന്റെ നെഞ്ചില്‍ തട്ടി ഇപ്രകാരം പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതന്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യത്തിന് താങ്കള്‍ക്ക് തൗഫീക്കേകിയ അല്ലാഹുവിന് സര്‍വസ്‌തോത്രങ്ങളും.''
ഇബ്‌നു മുബാറക്(റ) ഇംറാനുബ്‌നു ഹുസൈന്‍(റ)വിനെഇപ്രകാരം ഉദ്ധരിക്കുന്നു: ഒരാളോട് അദ്ദേഹം പറഞ്ഞു: ''നീ പരമ വിഡ്ഢി തന്നെ. 'ളുഹ്ര്‍' നാല് റക്അത്താണെന്നും അതില്‍ ഉച്ചത്തില്‍ ഓതാന്‍ പാടില്ലെന്നും ഖുര്‍ആനില്‍ നിനക്ക് കണ്ടെത്താന്‍ കഴിയുമോ? തുടര്‍ന്ന് നിസ്‌കാരം, സകാത്ത് മുതലായ കാര്യങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം എണ്ണി. ഇവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഖുര്‍ആനില്‍ നീ കണ്ടെത്തിയിട്ടുണ്ടോ?''
അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ ഇവയെക്കുറിച്ചെല്ലാം വ്യംഗ്യമായ രീതിയിലാണ് പ്രതിപാദനം നടത്തിയിട്ടുള്ളത്. തിരുസുന്നത്ത് അവയെ വിശദീകരിക്കുന്നു.
ഹ്രസ്വമായി വിവരിക്കപ്പെടുകയും ഖുര്‍ആനില്‍ മറ്റൊരിടത്തും അതിന് വ്യാഖ്യാനം ഇല്ലാതിരിക്കുകയും ചെയ്താല്‍ ഹദീസ് അവലംബിച്ചായിരിക്കണം അതിന് വ്യാഖ്യാനം നല്‍കേണ്ടതെന്ന് പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായമാണ്. സ്വഹാബത്ത് ഖുര്‍ആന്‍ വ്യാഖ്യാനത്തിനായി അവലംബിച്ച വ്യവസ്ഥയും ഇതായിരുന്നു. (ഇത്ഖാന്‍)
ഇമാം അഹ്്മദുബ്‌നു ഹമ്പര്‍(റ) പറയുന്നു: ''തിരുസുന്നത്ത് വിശുദ്ധ ഖുര്‍ആനിനെ വിശദീകരിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്നു.''1
ഇമാം അബൂഹനീഫ(റ)യുടെ വാക്കുകള്‍ കാണുക: ''നബി തിരുമേനിയുടെ സുന്നത്തില്ലായിരുന്നുവെങ്കില്‍ നമ്മിലാരും ഖുര്‍ആന്‍ ഗ്രഹിക്കുമായിരുന്നില്ല.''
ഈ വിവരണങ്ങളില്‍ നിന്നെല്ലാം തിരുസുന്നത്ത് നിര്‍ബന്ധമായും അനിവാര്യമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
ഖുര്‍ആന്റെ വ്യാഖ്യാനം 'സുന്നത്തില്‍' നിന്ന് ലഭിക്കുന്നതിന്റെ ഏതാനും ഉദാഹരണങ്ങളാണ് താഴെ കൊടുക്കുന്നത്.
സൂറത്തുല്‍ ഫാതിഹഃയിലെ 'നേരായ പാതയില്‍ ഞങ്ങളെ നീ നയിക്കേണമേ! നിന്റെ ക്രോധത്തിന് പാത്രീഭവിച്ചവരുടെയും വഴിപിഴച്ചവരുടെയും മാര്‍ഗത്തിലല്ല' എന്ന സൂക്തത്തിലെ അല്ലാഹുവിന്റെ ക്രോധത്തിന് അര്‍ഹരായവരും വഴിപിഴച്ചവരും ആരെന്ന് ഇമാം അഹ്്മദും(റ) തിര്‍മുദി(റ)യും നിവേദനം ചെയ്ത ഹദീസ് വ്യക്തമാക്കിത്തരുന്നു. അല്ലാഹുവിന്റെ ക്രോധത്തിന് വിധേയരായവര്‍ യഹൂദികളും വഴിപിഴച്ചവര്‍ ക്രിസ്ത്യാനികളുമാണ്.
അദിയ്യുബ്‌നു ഹാതിമി(റ)ല്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: റസൂല്‍ തിരുമേനി(സ) പറഞ്ഞു: ''തീര്‍ച്ചയായും അല്ലാഹുവിന്റെ ദേഷ്യത്തിന് പാത്രമായവര്‍ യഹൂദികളും വഴി കേടിലായവര്‍ നസാറാക്കളുമാണ്.'' ഈ തഫ്‌സീറിനെത്തന്നെ സൂറത്തുല്‍ മാഇദയിലെ 66ാം സൂക്തം ശക്തിപ്പെടുത്തുന്നുണ്ട്.
''പറയുക! അല്ലാഹുവിങ്കല്‍ ഇതിനേക്കാള്‍ ഹീനമായ പ്രതിഫലമുള്ളവരെപ്പറ്റി നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരട്ടെയോ? അല്ലാഹു ശപിച്ചവരും അവന്‍ കോപിച്ചവരും കുരങ്ങുകളും പന്നികളുമാക്കി മാറ്റിയവരും പിശാചിന് ദാസ്യവേല ചെയ്തവരുമാണവര്‍. നികൃഷ്ടസ്ഥാനത്തുള്ളവരും നേരായ പാതവിട്ട് ബഹുദൂരം വ്യതിചലിച്ച് സഞ്ചരിക്കുന്നവരുമാണവര്‍.''
ആയത്തില്‍ പ്രതിപാദിച്ച ശപിക്കപ്പെട്ട വിഭാഗം യഹൂദികളാണ്.
സൂറത്തുല്‍ അന്‍ആമിലെ 82ാം സൂക്തമായ ''വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അക്രമം കലര്‍ത്താതിരിക്കുകയും ചെയ്തവര്‍ക്കു മാത്രമുള്ളതാണ് നിര്‍ഭയത്വം. അവര്‍ തന്നെയാണ് സന്മാര്‍ഗികള്‍'' എന്നതിലെ അക്രമം എന്തെന്ന് ഗ്രഹിക്കാന്‍ കഴിയാതെ വന്ന സ്വഹാബാക്കളോട് തിരുനബി(സ) പറഞ്ഞു: ''അത് നിങ്ങള്‍ ഉദ്ദേശിക്കും പോലെയല്ല. അല്ലാഹുവിന്റെ സദ്‌വൃത്തനായ അടിമയുടെ (ലുഖ്മാന്‍(അ)ന്റെ) 'തീര്‍ച്ചയായും ശിര്‍ക്ക് വലിയ അക്രമം തന്നെ' (ലുഖ്മാന്‍ 13) എന്ന വാക്ക് നിങ്ങള്‍ ശ്രവിച്ചിട്ടില്ലയോ? അതുകൊണ്ടുള്ള വിവക്ഷ ശിര്‍ക്കാകുന്നു.'
ഇപ്രകാരം തന്നെ ''നിശ്ചയം താങ്കള്‍ക്ക് കൗസറിനെ നാം നല്‍കിയിരിക്കുന്നു'' (സൂറത്തുല്‍ കൗസര്‍ 1) വെന്ന സൂക്തത്തിലെ കൗസര്‍ കൊണ്ടുള്ള വിവക്ഷയും റസൂല്‍ തിരുമേനി(സ) വ്യക്തമാക്കിത്തരുന്നു.
അനസി(റ)ല്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ''കൗസര്‍ എന്നാല്‍ സ്വര്‍ഗത്തില്‍ എനിക്കെന്റെ നാഥന്‍ നല്‍കുന്ന നദിയാകുന്നു'' (മുസ്്‌ലിം, അഹ്്മദ്).
പ്രവാചകപുംഗവരുടെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ആയിശ(റ) ധാരാളം ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കിയിട്ടുണ്ട്. ആര്‍ത്തവ ഘട്ടത്തിലുള്ള ഭാര്യാഭര്‍തൃബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് ആയിശാബീവി(റ) നബിയില്‍നിന്നു തനിക്കുണ്ടായ അനുഭവങ്ങള്‍ വിവരിച്ചിരിക്കുന്നു. ആര്‍ത്തവ സമയത്ത് അവരൊന്നിച്ച് ഭക്ഷണം കഴിച്ചിരുന്നു (നസാഈ). ഈ ഘട്ടത്തില്‍ അവര്‍ സഹശയനം നടത്തിയിരുന്നു (മുവത്വ). കൂടാതെ പള്ളിക്കകത്ത് ഖുര്‍ആന്‍ ഓതിക്കൊണ്ടിരുന്ന തിരുമേനി(സ) ആഇശാബീവിയുടെ മടിയില്‍ തലവെച്ചുകൊടുത്ത സംഭവവും(ബുഖാരി) നബിക്കവര്‍ നമസ്‌കാരപടം എടുത്തുകൊടുത്ത സംഭവവുമെല്ലാം (മുസ്‌ലിം) ഇതില്‍പ്പെടുന്നു.
മദ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന (മാഇദയിലെ 90ാം) സൂക്തത്തെക്കുറിച്ച് ആയിശ ബീവി പറയുന്നു: ''തേനു കൊണ്ടുണ്ടാക്കിയിരുന്ന ഒരിനം മദ്യം യമന്‍കാര്‍ ഉപയോഗിച്ചിരുന്നു. അതേക്കുറിച്ച് നബി(സ)യോടവര്‍ ചോദിച്ചപ്പോള്‍ മത്തുണ്ടാക്കുന്ന സര്‍വം ഹറാമാണെന്ന് അവിടുന്ന് പ്രത്യുത്തരം നല്‍കി. മദ്യനിരോധത്തിനു കാരണം അതിന്റെ നാമമല്ല പ്രത്യുത അത് സൃഷ്ടിക്കുന്ന വിപത്താണ്.'' ആയിശാബീവി(റ) വ്യക്തമാക്കി.
അന്‍ആം സൂറത്തില്‍ 151ാം ആയത്തിലെ വധത്തെക്കുറിച്ചുള്ള പരാമര്‍ശത്തെ വിശദീകരിക്കാന്‍ ആയിശാ ബീവി(റ) അവലംബിച്ചത് താഴെ പറയുന്ന ഹദീസാണ്.
മൂന്ന് കാരണങ്ങള്‍ കൊണ്ടല്ലാതെ ഒരു മുസ്‌ലിമിന്റെ രക്തം അനുവദനീയമല്ല. വിവാഹിതന്‍ വ്യഭിചരിക്കുക, മനപൂര്‍വം മറ്റൊരു മുസ്്‌ലിമിനെ വധിക്കുക, അല്ലാഹുവോടും റസൂലിനോടും യുദ്ധം ചെയ്യുക ഇവയാണ് ആ മൂന്ന് കാരണങ്ങള്‍ (മുസ്‌ലിം). അല്‍ബഖറ സൂറയില്‍ വ്രതത്തെക്കുറിച്ച് പ്രതിപാദിക്കുന്നിടത്തുള്ള ''രാത്രിയുടെ കറുപ്പ് രേഖയില്‍നിന്നും പ്രഭാതത്തിന്റെ വെള്ളിരേഖ പ്രത്യക്ഷപ്പെടുന്നതുവരെ നിങ്ങള്‍ ഭുജിക്കുകയും പാനം ചെയ്യുകയും ചെയ്യുക''(187) എന്ന ആയത്തിറങ്ങിയപ്പോള്‍ അതില്‍പ്പറഞ്ഞ കാര്യങ്ങളെ പ്രത്യേകമായും നിരുപാധികം പറഞ്ഞവയെ സോപാധികമായും അത് പ്രതിപാദിക്കുന്നു.
ഇവയില്‍ സംക്ഷിപ്തമായി പറഞ്ഞ കാര്യത്തിന് ഹദീസ് വിശദീകരണം നല്‍കുന്നതിന് ഉദാഹരണമായി ഖുര്‍ആനില്‍ നമസ്‌കാരത്തെയും സകാത്തിനെയും ഹജ്ജിനെയും കുറിച്ചുവന്ന പരാമര്‍ശങ്ങളെടുക്കാം. നമസ്‌കാരത്തിന്റെ സമയങ്ങളെക്കുറിച്ചോ റക്അത്തുകളുടെ എണ്ണത്തെപ്പറ്റിയോ അതിന്റെ രൂപത്തെ സംബന്ധിച്ചോ അതില്‍ വ്യക്തമാക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ വ്യക്തമായും നമുക്ക് ഗ്രാഹ്യമായിത്തീരുന്നത് തിരുസുന്നത്തിലൂടെയാണ്. ഇപ്രകാരം സകാത്തിന്റെ സമയത്തെപ്പറ്റിയും കണക്കിനെ സംബന്ധിച്ചും അതിന്റെ വ്യത്യസ്ത ഇനങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായി മനസ്സിലാക്കാനുള്ള മാര്‍ഗവും തിരുസുന്നത്തുതന്നെ. ഹജ്ജിന്റെ കാര്യവും ഇതില്‍നിന്നു ഭിന്നമല്ല. ഇതിന്റെ വിധികളും റുക്‌നുകളുമെല്ലാം വിശദമായി പ്രതിപാദിക്കുന്നതും സുന്നത്തിലാണ്. തിരുമേനി(സ) പറയുന്നു: ഹജ്ജിന്റെ കര്‍മങ്ങള്‍ എന്നില്‍നിന്ന് നിങ്ങള്‍ പഠിക്കുക. ഞാന്‍ എപ്രകാരം നമസ്‌കാരം നിര്‍വഹിക്കുന്നതായി കാണുന്നുവോ അപ്രകാരം നിങ്ങള്‍ നമസ്‌കരിക്കുക''(സ്വഹീഹുല്‍ബുഖാരി).
കളവുനടത്തിയവനുള്ള ശിക്ഷയെ പരാമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: ''മോഷ്ടാവ് സ്ത്രീയായാലും പുരുഷനായാലും അവരെ കരഛേദം ചെയ്യുവിന്‍'' (അല്‍മാഇദ 38). ഇവിടെ ഏതു കരമാണ് ഛേദിക്കേണ്ടതെന്നു വ്യക്തമല്ല. അത് വലതു കൈയാണെന്ന് തിരുനബി(സ) പറഞ്ഞുതരുന്നു. നിരുപാധികമായിപ്പറഞ്ഞ ഖുര്‍ആന്‍ സൂക്തത്തിന് സുന്നത്ത് ഉപാധി നല്‍കിയതിന് ഉദാഹരണമാണത്.
സൂറത്തുല്‍ ബഖറയിലെ ''അവര്‍ക്കവിടെ(സ്വര്‍ഗത്തില്‍) വിശുദ്ധരായ ഇണകളുണ്ടായിരിക്കും'' എന്ന സൂക്തത്തിന്റെ വിശദീകരണമായി വന്ന തിരുവചനം ഇപ്രകാരമാണ്. ഈ ആയത്തില്‍ പറഞ്ഞ ''മുത്വഹ്്‌റത്ത്'' (സംശുദ്ധരായവര്‍) കൊണ്ടുദ്ദേശ്യം ആര്‍ത്തവ രക്തം, മൂക്കള, കഫം തുടങ്ങിയ മ്ലേഛതകളില്‍ നിന്നെല്ലാം സംശുദ്ധരായവര്‍ എന്നാണ്.
ഖുര്‍ആനില്‍ വ്യക്തമാക്കാത്ത വിധികളെ വിശദമാക്കിക്കൊണ്ടും അതില്‍ പ്രതിപാദിച്ചിട്ടില്ലാത്തവയെ പരാമര്‍ശിച്ചുകൊണ്ടും വരുന്നതാണ് മൂന്നാമത്തെ രൂപം.
ഫിത്വ്‌റ് സകാത്തിന്റെ വിധികള്‍, വിവാഹിതനായ വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന വിധി, പിതാമഹിയുടെ ഓഹരി സംബന്ധമായ വിഷയം. രണ്ടു സാക്ഷികള്‍ക്കു പകരം ഒരു സാക്ഷി നില്‍ക്കുന്നതിനെപ്പറ്റിയും സത്യം ചെയ്യുന്നിടത്ത് വാദിയുടെ അവകാശത്തെക്കുറിച്ചുമുള്ള ചര്‍ച്ച തുടങ്ങിയ കാര്യങ്ങളിലെല്ലാം സുന്നത്ത് നല്‍കുന്ന വിശദീകരണത്തെ മൂന്നാമത്തെ ഈ വകുപ്പില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഖുര്‍ആനിലെ നാസിഖ്(ദുര്‍ബലപ്പെടുത്തുന്നത്), മന്‍സൂഖ്(ദുര്‍ബലപ്പെടുത്തപ്പെട്ടത്) എന്നിവ വേര്‍തിരിക്കുന്നത് സുന്നത്തു കൊണ്ടുള്ള വ്യാഖ്യാനത്തിന്റെ വേറൊരു രൂപമാണ്.
അല്ലാഹു പറയുന്നു: ''നിങ്ങളിലൊരാള്‍ക്ക് മരണമടുത്താല്‍ അയാള്‍ ധനം ഉപേക്ഷിക്കുന്നുവെങ്കില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ന്യായമായ രീതിയില്‍ വസ്വിയ്യത്തു ചെയ്യല്‍ നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. ഭക്തന്മാര്‍ക്ക് ഇതൊരു ബാധ്യതയാകുന്നു'' (അല്‍ ബഖറ 180). ഈ ആയത്തിനെ ''അനന്തരാവകാശിക്ക് വസ്വിയ്യത്തില്ല'' എന്ന തിരുവചനം പരിമിതമപ്പെടുത്തുന്നു.(3)
''നിങ്ങളുടെ സ്ത്രീകളില്‍ ദുര്‍നടപടികളിലേര്‍പ്പെടുന്നവര്‍ക്കെതിരില്‍ നിങ്ങളില്‍ നിന്നുള്ള നാലുപേരെ സാക്ഷികളായികൊണ്ടുവരിക. നാലുപേര്‍ സാക്ഷ്യംവഹിച്ചുവെങ്കില്‍ ആ സ്ത്രീകളെ മരണം വരെ അല്ലെങ്കില്‍ വീടുകളില്‍ തടഞ്ഞുവെക്കുക. നിങ്ങളില്‍ ഈ കുറ്റത്തിലേര്‍പ്പെടുന്ന രണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കേണ്ടതാകുന്നു. അവര്‍ പശ്ചാത്തപിക്കുകയും സ്വയം സംസ്‌കരിക്കുകയും ചെയ്താല്‍ നിങ്ങളവരെ വിട്ടേക്കണം. എന്തെന്നാല്‍ അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യവാനുമാകുന്നു.'' (അന്നിസാഅ് 15,16).
ഈ സൂക്തങ്ങളെ സൂറത്തുന്നൂറിലെ ആയത്ത്(വ്യഭിചാരിയെ നൂറടി അടിക്കണമെന്ന് കല്‍പിക്കുന്നത്) ദുര്‍ബലപ്പെടുത്തുന്നുവെന്ന് ഹദീസിലൂടെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
മറ്റൊരു രൂപം, ഖുര്‍ആനില്‍ പറഞ്ഞകാര്യത്തെ സുന്നത്തു ശക്തിപ്പെടുത്തുന്നതാണ്.
''ഓ, വിശ്വസിച്ചവരേ, നിങ്ങളുടെ മുതലുകള്‍ നിഷിദ്ധമാര്‍ഗങ്ങളിലൂടെ പരസ്പരം ഭുജിക്കാതിരിക്കുക. അത് ഉഭയ സമ്മതത്തോടെയുള്ള ക്രയവിക്രയമായിരിക്കണം'' (സൂറത്തുന്നിസാഅ് 29). ഈ ആയത്തിനെ ''ഒരു മുസ്്‌ലിമിന്റെ ധനം അവന്റെ തൃപ്തികൂടാതെ ഒരാള്‍ക്കും അനുവദനീയമല്ല'' എന്ന നബിവചനം ശക്തിപ്പെടുത്തുന്നു.(4)
ഇപ്പറഞ്ഞ രൂപങ്ങളൊക്കെ അബ്ദുല്‍ വഹാബ് ഖല്ലാഫ് തന്റെ 'ഇല്‍മു ഉസൂലില്‍ ഫിഖ്ഹി'ല്‍ വിശദമാക്കുന്നതു കൂടി കാണുക.
വിശുദ്ധ ഖുര്‍ആനില്‍ വന്ന വിധികളെ സുന്നത്ത് ശക്തിപ്പെടുത്തുകയും വിശദമാക്കുകയും ചെയ്യുന്നത് മൂന്ന് രൂപങ്ങളില്‍ ഏതെങ്കിലും ഒന്നനുസരിച്ചായിരിക്കും.
(1) ഖുര്‍ആനില്‍ വന്ന ഒരു വിധി സുന്നത്ത് സുവ്യക്തമാക്കുകയും വിശദമാക്കുകയും ചെയ്യുന്നു. അപ്പോള്‍ പ്രസ്തുത ഹുക്മിന് രണ്ട് അടിസ്ഥാനങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഖുര്‍ആനിക സൂക്തങ്ങളാല്‍ സ്ഥിരീകൃതമായ ലക്ഷ്യങ്ങളാണവയിലൊന്ന്. റസൂലിന്റെ സുന്നത്തിനാല്‍ ശക്തിനല്‍കപ്പെടുന്ന തെളിവാണ് മറ്റൊന്ന്. നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, റമദാന്‍ വ്രതമനുഷ്ഠിക്കുക, ഹജ്ജ് ചെയ്യുക തുടങ്ങിയവയ്ക്കുള്ള കല്‍പനയും അല്ലാഹുവിന് പങ്കുകാരെ ചേര്‍ക്കുക, കള്ള സാക്ഷ്യം വഹിക്കുക, മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുക, അകാരണമായി ഒരു ശരീരത്തെ വധിക്കുക തുടങ്ങിയവയെക്കുറിച്ചുള്ള നിരോധനവുമെല്ലാം ഈ ഹുക്മുകളില്‍പ്പെടുന്നതാണ്. ഇത്തരം കാര്യങ്ങളെ സംബന്ധിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളെ തിരുസുന്നത്ത് കൂടുതല്‍ ശക്തിപ്പെടുത്തുകയും ഇവയ്ക്കനുകൂലമായ തെളിവുകള്‍ നിരത്തുകയും ചെയ്യുന്നു.
നമസ്‌കാരം നിര്‍വഹിക്കാനും സകാത്ത് കൊടുക്കാനും ഹജ്ജ് ചെയ്യാനുമുള്ള കല്‍പനകള്‍ ഖുര്‍ആനിലുണ്ടെങ്കിലും നമസ്‌കാരത്തിന്റെ റക്അത്തുകളെക്കുറിച്ചോ സകാത്തിന്റെ കണക്കിനെപ്പറ്റിയോ ഹജ്ജിന്റെ കര്‍മങ്ങളെ സംബന്ധിച്ചോ ഉള്ള വിശകലനങ്ങള്‍ ഖുര്‍ആനിലില്ല. ഇവയെല്ലാം തിരുദൂതരുടെ വാക്കിലൂടെയും പ്രവര്‍ത്തനത്തിലൂടെയും മറ്റുമാണ് നമുക്ക് ഗ്രാഹ്യമായിത്തീരുന്നത്. ഇതേ പ്രകാരം തന്നെ കച്ചവടം അല്ലാഹു അനുവദനീയമാക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്യുന്നു. ഇവയില്‍ സ്വീകാര്യവും അല്ലാത്തതുമായ കച്ചവടം, പലിശയുടെ വിവിധ ഇനങ്ങള്‍ തുടങ്ങിയവ വേര്‍തിരിച്ചുതരുന്നതും സുന്നത്തുതന്നെ. ഇപ്രകാരം ശവത്തെ അല്ലാഹു ഹറാമാക്കി നിശ്ചയിച്ചിരിക്കുന്നു. എന്നാല്‍ ഇതില്‍നിന്നും സമുദ്രജീവികളുടേത് ഒഴിവാണെന്ന് സുന്നത്ത് വ്യക്തമാക്കിത്തരുന്നു.
(2) ഖുര്‍ആന്‍ നിശ്ശബ്ദത പാലിച്ച ഒരു ഹുക്മിന് സുന്നത്ത് സ്ഥിരീകരണം നല്‍കുന്നു.
ഖണ്ഡിതമായി ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടില്ലാത്ത ഒരു കാര്യത്തെ സുന്നത്ത് സ്ഥിരപ്പെടുത്തുന്നതാണിത്. ഒരു സ്ത്രീയെ അവളുടെ മാതൃസഹോദരി എന്നിവരോടൊപ്പം ഭാര്യയാക്കി വെക്കല്‍ അനുവദനീയമല്ലെന്ന വിധി ഇതില്‍പ്പെടുന്നതാണ്. ഇതുപോലെ തേറ്റയുള്ള വന്യമൃഗങ്ങള്‍, വേട്ടപ്പക്ഷികള്‍ എന്നിവയെ ഭക്ഷിക്കലും പുരുഷന്‍ പട്ടുവസ്ത്രം ഉപയോഗിക്കലും സ്വര്‍ണമോതിരം ധരിക്കലുമെല്ലാം ഹറാമാണെന്ന വിധി, കുടുംബബന്ധത്താല്‍ ഹറാമാകുന്ന കാര്യങ്ങളൊക്കെയും മുലകുടി ബന്ധത്താല്‍ ഹറാമാകുമെന്ന നിയമം, തുടങ്ങി സുന്നത്തില്‍ മാത്രം പ്രതിപാദിച്ച കാര്യങ്ങള്‍ ഈ വകുപ്പിലാണ് പെടുക. ഇവയുടെ ഉത്ഭവകേന്ദ്രം തിരുദൂതര്‍ക്കു ലഭിച്ച ദിവ്യബോധനമോ അല്ലെങ്കില്‍ അവിടുന്ന് സ്വമേധയാ നടത്തിയ 'ഇജ്തിഹാദോ' ആയിരിക്കും.
ഇവ്വിഷയകമായി ഇമാം ശാഫിഈ(റ)യുടെ വാക്കുകള്‍കൂടി ഗ്രഹിക്കുക.
തിരുസുന്നത്ത് മൂന്ന് വിധേന വരുമെന്നതില്‍ പണ്ഡിതര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായി എനിക്കറിയാന്‍ കഴിഞ്ഞിട്ടില്ല. അല്ലാഹു ഖണ്ഡിതമായിപ്പറഞ്ഞ ഒരു കാര്യത്തെ അതനുസരിച്ചു തന്നെ തിരുദൂതചര്യയാക്കുന്നതാണ് അവയിലൊന്ന്. അവന്‍ സംഗ്രഹിച്ചു പറഞ്ഞ ഒരു വിഷയത്തിന്റെ ഉദ്ദേശ്യം വിപുലമായ രീതിയില്‍ പ്രതിപാദനം നടത്തുന്നതാണ് മറ്റൊന്ന്. മൂന്നാമത്തെ രൂപം അല്ലാഹു ഖണ്ഡിതമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ഒരു കാര്യത്തെ റസൂല്‍ തിരുമേനി(സ) നടപ്പില്‍ വരുത്തുന്നതുമാണ്.


(1) അഅ്‌ലാമുല്‍ മുഹദ്ദിസീന്‍ പേ. 9
(2) തഫ്‌സീര്‍ ഇബ്‌നുകസീര്‍ വല്‍ബഗ്‌വി വാ. 1 പേ. 187
(4) താരീഖ് തഫ്‌സീര്‍ വമുഫസ്സിരീന്‍ (പേ. 56-59)
(5) ഇല്‍മു ഉസൂലില്‍ ഫിഖ്ഹ് (പേ. 39,40)

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top