ബംഗ്ലാദേശ് ജനാധിപത്യധ്വംസനത്തിന് വ്യാജചരിത്രം

അശ്‌റഫ് കീഴുപറമ്പ്‌‌
img

ടപ്പ് ജനാധിപത്യത്തിന്റെ ബലഹീനതകളെ നന്നായി തുറന്നു കാട്ടുന്നുണ്ട് ഈജിപ്തിലെയും ബംഗ്ലാദേശിലെയും സമീപകാല രാഷ്ട്രീയ സംഭവ വികാസങ്ങള്‍. ഭരണാധികാരി മാറിയിട്ടും തരിമ്പും മാറാതെ നിന്ന 'ഡീപ് സ്റ്റേറ്റി'ന്റെ മിലിട്ടറി, പോലീസ്, ജുഡീഷ്യറി, മീഡിയ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഈജിപ്തില്‍ ജനാധിപത്യത്തെ പച്ചക്ക് കശാപ്പ് ചെയ്തത്. ജനാധിപത്യത്തിന്റെ കശാപ്പ് തന്നെയാണ് ബംഗ്ലാദേശിലും നടക്കുന്നതെങ്കിലും രീതി ശാസ്ത്രത്തില്‍ അല്ലറചില്ലറ വ്യത്യാസങ്ങളുണ്ട്. എന്നോ പരിഹൃതമായ ഒരു പ്രശ്‌നത്തെ(settled issue) അതിന്റെ പൂര്‍വകാല ഹിംസാത്മകതയോടെ പുനരുജ്ജീവിപ്പിച്ചും അതിന് സഹായകമാകുന്ന തരത്തില്‍ സമാന്തരമായൊരു വ്യാജചരിത്രം ചമച്ചുമാണ് ബംഗ്ലാദേശില്‍ ജനാധിപത്യ ശക്തികളെ ഭരണകൂടം വേട്ടയാടുന്നത്.
    ജനസേവന പ്രവര്‍ത്തനങ്ങളിലൂടെ തൃണമൂല തലത്തില്‍ വമ്പിച്ച സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന ബംഗ്ലാജമാഅത്തെ ഇസ്‌ലാമിയെ തകര്‍ക്കുക എന്നതാണ് അവാമി ലീഗിന്റെ ഈ ഭരണകൂട ഭീകരതയുടെ ഏക ലക്ഷ്യം. കുല്‍ദീപ് നയാറിനെപ്പോലുള്ള മുതിര്‍ന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ തീര്‍ത്തും പക്ഷപാതപരമായ നിലപാടാണ് ഈ പ്രശ്‌നത്തില്‍ പുലര്‍ത്തിക്കാണുന്നത്. 1971ലെ വിഭജനകാല സംഘര്‍ഷങ്ങളെയും വംശീയ തീവ്രവികാരങ്ങളെയും പുനരുജ്ജീവിപ്പിച്ച് 'മതമൗലികവാദികളെ' ഒറ്റപ്പെടുത്തണമെന്നു കൂടി അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ബംഗ്ലാ രാഷ്ട്രീയത്തിലെ ആസുര പ്രവണതകളുടെ സത്യാവസ്ഥ പുറത്തുകൊണ്ട് വരുന്നവരെ, അവര്‍ ബംഗ്ലാദേശ് രൂപീകരണത്തിന് വേണ്ടി ശൈഖ് മുജീബുര്‍റഹ്മാന്റെ വലംകൈയായി പ്രവര്‍ത്തിച്ചവരാണെങ്കില്‍ കൂടി, അദ്ദേഹം തീര്‍ത്തും അസഹിഷ്ണുതയോടെ നോക്കിക്കാണുകയും ചെയ്യുന്നു.  അതിന് തെളിവാണ് നയാര്‍ 'ഏഷ്യന്‍ എയ്ജി'ല്‍(2013 ജൂണ്‍ 6) എഴുതിയ ലേഖനം. 'ബംഗ്ലാദേശിന് അതിന്റെ വഴി നഷ്ടപ്പെട്ടു' എന്നാണ് അദ്ദേഹം പരിതപിക്കുന്നത്. ബംഗ്ലാദേശിന്റെ രൂപീകരണ ചരിത്രത്തെയും പുതിയ സംഭവ വികാസങ്ങളെയും അവലോകനം ചെയ്തുകൊണ്ട് കമാല്‍ ഹുസൈന്‍ എഴുതിയ പുസ്തക(Bangladesh: Quest for Freedom and Justice / University Press Limited, Bangladesh)ത്തിന്റെ രൂക്ഷ വിമര്‍ശനമാണ് ഈ ലേഖനം. കമാല്‍ ഹുസൈന്‍ ആരാണെന്നല്ലേ? അറിയപ്പെടുന്ന നിയമജ്ഞന്‍. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവായ ശൈഖ് മുജീബുര്‍റഹ്മാന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍. അദ്ദേഹം രൂപവത്കരിച്ച ആദ്യ ബംഗ്ലാ കാബിനറ്റില്‍ നിയമമന്ത്രിയും(1972-73) വിദേശകാര്യമന്ത്രിയും(1973-75) പെട്രോളിയം മന്ത്രിയും(1974-75) ഒക്കെ ആയിരുന്നയാള്‍. ബംഗ്ലാദേശിന്റെ ആധികാരിക ചരിത്രമെഴുതാന്‍ ഇദ്ദേഹത്തെപ്പോലെ മറ്റാരുണ്ട് എന്നാണ് ആരും ചോദിക്കുക. പക്ഷേ, ഇദ്ദേഹം എഴുതിയത് ശരിയായിട്ടില്ല, ഗൃഹപാഠം ചെയ്ത് ഇദ്ദേഹം വീണ്ടുമൊരു ചരിത്രമെഴുതട്ടെ എന്നാണ് നയാര്‍ ഉപദേശിക്കുന്നത്. സംഭവങ്ങള്‍ നേരില്‍ കാണുകയും അനുഭവിക്കുകയും ചെയ്ത നീ അവിടെ നില്‍ക്ക്, കേട്ട്‌കേള്‍വിയിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കിയ ഞാന്‍ പറയട്ടെ എന്ന പത്രപ്രവര്‍ത്തന ധാര്‍മികതക്ക് ഒട്ടും ചേരാത്ത നിലപാടാണ് കുല്‍ദീപ് നയാറുടെത്. കുല്‍ദീപ് വിചാരിച്ച പോലെയുള്ള വിശകലനമല്ല പുസ്തകത്തിലുള്ളത് എന്നത് മാത്രമാണ് ഗ്രന്ഥകര്‍ത്താവ് ചെയ്ത 'തെറ്റ്.' ഇനി വിശകലനത്തില്‍ ചരിത്രപരമായ അബദ്ധമുണ്ടെങ്കില്‍ അത് ലേഖനത്തില്‍ ചൂണ്ടിക്കാട്ടണമായിരുന്നു. അത് ചെയ്തിട്ടുമില്ല. ഇന്ത്യയില്‍ പത്രപ്രവര്‍ത്തകരും ബുദ്ധിജീവികളും എങ്ങനെ ബംഗ്ലാദേശ് പ്രശ്‌നത്തെ കാണുന്നു എന്നതിന്റെ ഒരു മാതൃകയാണിത്.
    ധീരവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിന് മാതൃകയായി ഉയര്‍ത്തിക്കാട്ടപ്പെടാറുള്ളതാണല്ലോ 'തെഹല്‍ക.' 2013 മാര്‍ച്ച് 9ന് ഈ വാരിക ബംഗ്ലാരാഷ്ട്രീയത്തെക്കുറിച്ച് ഒരു കവര്‍‌സ്റ്റോറി ചെയ്തിരുന്നു. എല്ലാ ലേഖനങ്ങളും ഫീച്ചറുകളും അവാമി ഗവണ്‍മെന്റിന്റെ പച്ചക്കള്ളങ്ങള്‍ അപ്പടി പകര്‍ത്തിവെച്ചവ. യുദ്ധം ഇസ്‌ലാമിനും ഇസ്‌ലാമിസത്തിനും എതിരായതിനാല്‍ അന്വേഷണാത്മകതയും നിഷ്പക്ഷതയും അട്ടം കയറി. കുറ്റം പറയരുതല്ലോ, അതില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു ലേഖനമുണ്ട്; അമീന മുഹ്‌സിന്‍ എന്ന ഒരു ബംഗ്ലാദേശി പ്രഫസറുടെ വക. ഏറക്കുറെ സന്തുലിതമെന്ന് പറയാവുന്ന ഒന്ന്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ബംഗ്ലാ ദേശീയതയെ വീണ്ടും കത്തിച്ചുവിടുന്നതില്‍ അവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. യുദ്ധക്കുറ്റത്തിന്റെ പേരിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെയും ബംഗ്ലാദേശ് നാഷ്‌നല്‍ പാര്‍ട്ടിയുടെയും നേതാക്കളെയും അനുയായികളെയും പിടികൂടുന്നതെങ്കില്‍ അത്തരക്കാര്‍ അവാമി ലീഗിലുമുണ്ട്. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാത്തതെന്താണ്? അമീന ചോദിക്കുന്നു. ഈ ലേഖനത്തിന് പക്ഷേ, തെഹല്‍ക വക ഒരു അടിക്കുറിപ്പ്: 'ഇത് എഴുത്തുകാരിയുടെ വ്യക്തിപരമായ അഭിപ്രായമാണ്.' പത്രത്തിന്റെ അഭിപ്രായം നേരത്തെ തന്നെ തയാറാക്കി വെച്ചിട്ടുണ്ട് എന്നര്‍ഥം.
    ഈ കണ്ണടച്ച് ഇരുട്ടാക്കല്‍ മലായാള മാധ്യമ വിശകലനങ്ങളിലും തെളിഞ്ഞ് കാണാം. തെളിവിന്റെ കച്ചിത്തുരുമ്പ് പോലുമില്ലാതെ ബംഗ്ലാ ജമാഅത്തിന്റെ മുന്‍ അധ്യക്ഷന്‍ പ്രഫ. ഗുലാം അഅ്‌സമിന്, അവാമി അനുകൂലികളെ കുത്തിനിറച്ച ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചപ്പോള്‍ അതിലെ അന്യായം തുറന്നു കാട്ടുന്നതു പോകട്ടെ, ആ സാത്വിക വ്യക്തിത്വത്തെ 'ബംഗ്ലാ ഹിറ്റ്‌ലര്‍' എന്ന് മുദ്ര കുത്തുകയായിരുന്നു ഒരു മുത്തശ്ശിപ്പത്രം. അതേസമയം ഒറ്റപ്പെട്ടതെങ്കിലും ഏറക്കുറെ സന്തുലിതമായി ബംഗ്ലാ പ്രശ്‌നത്തെ നോക്കിക്കണ്ട പത്രങ്ങളും ഇന്ത്യയിലുണ്ട്. ജമാഅത്തിനെതിരെയുള്ള നീക്കങ്ങള്‍ അവാമി ലീഗിന്റെ പ്രതികാര രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ഇത് അവിടത്തെ സാമൂഹിക-സാമ്പത്തിക വികസനത്തെ തകര്‍ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു 'ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്‌ലി'യില്‍ (2013 ഫെബ്രുവരി 23) സുബീര്‍ ഭൗമിക് എഴുതിയ ലേഖനത്തില്‍.

വ്യാജചരിത്രത്തിന്റെ കഥ
    42 വര്‍ഷം മുമ്പ് ബംഗ്ലാദേശ് രൂപവത്കരണവേളയില്‍ നടന്നുവെന്ന് പറയപ്പെടുന്ന യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് അവാമി ഭരണകൂടം ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ വേട്ടയാടുന്നത്. ഏറ്റവുമൊടുവില്‍ ജമാഅത്തിന് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക് വന്നിരിക്കുന്നു. ഇത്രയും കാലം ചര്‍ച്ചകളില്‍ പോലും ഇല്ലാതിരുന്ന 'യുദ്ധക്കുറ്റം' എങ്ങനെയാണ് വളരെ പെട്ടെന്ന് ഒരു ഭരണകൂടത്തിന്റെയും നീതിന്യായ സംവിധാനത്തിന്റെയും മുഖ്യ അജണ്ടയായി മാറിയത്? 1979 ല്‍ പുനഃസംഘടിപ്പിക്കപ്പെടുകയും, ഭരണഘടനയും കൊടിയും പ്രവര്‍ത്തന പരിപാടികളുമെല്ലാം തീരുമാനിക്കപ്പെടുകയും ചെയ്ത ശേഷം ഇന്നോളം ജമാഅത്തെ ഇസ്‌ലാമി ബംഗ്ലാ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. 1986, 1991, 1996, 2001, 2008 എന്നീ വര്‍ഷങ്ങളില്‍ നടന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ ജമാഅത്ത് പങ്കെടുക്കുകയും പാര്‍ലമെന്റില്‍ സജീവസാന്നിധ്യമറിയിക്കുകയും ചെയ്തിരുന്നു. ഒരു തവണ ഭരണത്തില്‍ പങ്കാളിയാവുകയും ജമാഅത്ത് മന്ത്രിമാര്‍ മികച്ച ഭരണം കാഴ്ച വെക്കുകയും ചെയ്തു. 1990-ല്‍ ജനറല്‍ ഹുസൈന്‍ മുഹമ്മദ് ഇര്‍ശാദിന്റെ പട്ടാള ഭരണത്തിനെതിരെ പ്രക്ഷോഭം നയിക്കാന്‍ അവാമിലീഗും ജമാഅത്തെ ഇസ്‌ലാമിയും ഉള്‍പ്പെടെയുള്ള അഞ്ച് പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു മുന്നണി വരെ രൂപവത്കരിച്ചു. അന്നൊന്നും 'യുദ്ധക്കുറ്റങ്ങള്‍' ഉയര്‍ത്തിക്കൊണ്ട് വരാഞ്ഞതെന്ത്?
    1970-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കിഴക്കന്‍ പാകിസ്താനില്‍(ഇന്നത്തെ ബംഗ്ലാദേശ്) ശൈഖ് മുജീബുര്‍റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമിലീഗ് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ജനവിധി മാനിക്കാന്‍ യഹ്‌യഖാന്റെ നേതൃത്വത്തിലുള്ള പാക് പട്ടാള ഭരണകൂടം കൂട്ടാക്കാതിരിക്കുന്നതാണ് ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ പിറവിക്കും അതിന് മുമ്പും ശേഷവുമുള്ള കൂട്ടക്കുരുതികള്‍ക്കും കാരണമായത്. കിഴക്കന്‍ ബംഗാളിലെ ജനങ്ങളോടും അവരുടെ ഭാഷയോടും സംസ്‌കാരത്തോടുമൊക്കെ പാക് പട്ടാളവരേണ്യ വര്‍ഗം പുലര്‍ത്തിയ പുഛവും അവഗണനയും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. അതാണ് ഒടുവില്‍ വിഭജനവാദത്തിലേക്ക് വഴിമാറിയത്. ഇതിലൊക്കെ ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനക്ക് എന്തെങ്കിലും പങ്കുള്ളതായി അതിന്റെ കടുത്ത വിമര്‍ശകര്‍ വരെ ആരോപിച്ചിട്ടില്ല. അതിനാല്‍ തന്നെ, രഹസ്യ മിലീഷ്യകളുണ്ടാക്കി പാക് സൈന്യത്തോടൊപ്പം കൊള്ളയിലും കൊള്ളിവെപ്പിലും ജമാഅത്ത് നേതൃത്വം പങ്ക് ചേര്‍ന്നു എന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. പ്രക്ഷോഭങ്ങളും അതിക്രമങ്ങളും രൂക്ഷമായ സന്ദര്‍ഭത്തില്‍ ജനവികാരം മാനിക്കണമെന്നാണ് പാക് ജമാഅത്തെ ഇസ്‌ലാമി ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. 1970 ഡിസംബര്‍ 7ലെ തെരഞ്ഞെടുപ്പിന് ശേഷം മൗലാനാ മൗദൂദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാക് ജമാഅത്ത് നിര്‍വാഹക സമിതി ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം കാണുക: 'തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ എത്രയധികം അളവില്‍ നടന്നിട്ടുണ്ട് എന്ന് സമ്മതിച്ചാലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂരിപക്ഷം നേടിയ കക്ഷികള്‍ ജനാധിപത്യ ക്രമത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അത് നേടിയിട്ടുള്ളത്. അതിനാല്‍ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന പാര്‍ട്ടി എന്ന നിലക്ക്, ഭൂരിപക്ഷം ലഭിച്ച കക്ഷികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കണമെന്നാണ് ജമാഅത്തിന്റെ ഖണ്ഡിത നിലപാട്. ആ പാര്‍ട്ടികള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഭരണത്തിലേറിയ ശേഷം അവര്‍ പാലിക്കുന്നുണ്ടോ എന്ന് ജനങ്ങളും വിലയിരുത്തട്ടെ. ജനാധിപത്യത്തില്‍ ഒരു വിധിതീര്‍പ്പും അവസാന വിധിതീര്‍പ്പല്ല. യഥാര്‍ഥ ജനാധിപത്യ രീതികള്‍ നാട്ടില്‍ നടപ്പിലാക്കപ്പെടുകയാണെങ്കില്‍, തങ്ങളുടെ ആശയങ്ങളും നയപരിപാടികളും ജനങ്ങളുമായി പങ്ക്‌വെക്കാന്‍ ഓരോ പാര്‍ട്ടിക്കും അവസരം ലഭിക്കും. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു കക്ഷിയെ മാറ്റി മറ്റൊന്നിനെ പരീക്ഷിക്കാന്‍ ജനങ്ങള്‍ക്കും ലഭിക്കും അവസരം' (ആഈന്‍ വാരിക, ലാഹോര്‍, 1971 ജനുവരി 8)
    ദേശീയ അസംബ്ലി ഉടനടി വിളിച്ച് ചേര്‍ക്കണമെന്നും ഭരണഘടനയനുസരിച്ച് കാര്യങ്ങള്‍ നീക്കണമെന്നും മറ്റൊരു പ്രമേയത്തില്‍ ജമാഅത്ത് ആവശ്യപ്പെടുകയുണ്ടായി:
    'രാഷ്ട്രത്തിനകത്ത് അതിശക്തമായി ഉയരുന്ന രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സുരക്ഷാപരവുമായ വെല്ലുവിളികള്‍ നേരിടാനുള്ള ഏക മാര്‍ഗം ദേശീയ അസംബ്ലി വിളിച്ചുകൂട്ടുകയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്യുക എന്നതാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ട് മാസത്തിലധികമായി. ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ ഇനിയും തുടങ്ങിയിട്ടില്ലാത്തതിനാല്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവാനാണ് സാധ്യതയത്രയും... ജനങ്ങളും അസ്വസ്ഥരാണ്. ജനാധിപത്യ പ്രതീക്ഷകള്‍ നിരാശയായി പരിണമിച്ചിരിക്കുന്നു. ഈ രാഷ്ട്രീയ ശൂന്യത ഒരു മഹാദുരന്തത്തിന്റെ സൂചനയാണ്. അതിനാല്‍ ഭരണഘടനാ പ്രകാരമുള്ള നടപടിക്രമങ്ങള്‍ ഉടനെ ആരംഭിക്കാന്‍ ഞങ്ങള്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നു.' (ആഈന്‍ വാരിക, ലാഹോര്‍, 1971 ഫെബ്രുവരി 17).
    തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ്, അതായത് 1970 ഒക്‌ടോബര്‍ 24-ന് മൗലാനാ മൗദൂദി നടത്തിയ ഒരു പ്രഭാഷണത്തില്‍ പട്ടാള ഭരണത്തിന് ഒരു രാഷ്ട്രത്തെ ഒന്നിപ്പിച്ച് നിര്‍ത്താനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ജനാഭിലാഷങ്ങളെ മാനിക്കുക മാത്രമാണ് ഐക്യപ്പെടുത്താനുള്ള വഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'കിഴക്കന്‍ പാകിസ്താന്‍ വിട്ടുപോവുകയാണെങ്കില്‍ പാക് സൈന്യത്തിന് എന്ത് ചെയ്യാന്‍ പറ്റും? പാകിസ്താന്റെ ഇരുഖണ്ഡങ്ങളെയും യോജിപ്പ് നിര്‍ത്തിയത് സൈന്യമല്ല, ഇസ്‌ലാമിക സാഹോദര്യമാണ്. ഇരു ഭാഗങ്ങളിലുമുള്ള ഭൂരിപക്ഷം ജനങ്ങളും ഈ സാഹോദര്യബന്ധം തുടരണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ രാഷ്ട്രം ഒന്നായി തന്നെ നിലനില്‍ക്കും. ഭൂരിപക്ഷം ജനങ്ങളും ഈ സാഹോദര്യ ബന്ധം ഉപേക്ഷിച്ച് വേര്‍പെട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍, സൈനിക ശക്തികൊണ്ട് മാത്രം നിങ്ങള്‍ക്ക് കിഴക്കന്‍ പാകിസ്താനെ കൂടെ നിര്‍ത്താനാവില്ല.' (ലാഹോറിലെ അഫ്ഗാന്‍ പാര്‍ക്കില്‍ 1970 ഒക്‌ടോബര്‍ 24-ന് ചെയ്ത പ്രസംഗം, ആഈന്‍ വാരിക 1971, മാര്‍ച്ച് 12).
    ഒട്ടും വൈകാരികമല്ലാത്ത, ഭാഷാ-പ്രാദേശിക പക്ഷപാതം തൊട്ടു തീണ്ടാത്ത തികച്ചും തത്ത്വാധിഷ്ഠിതമായ നിലപാടാണ് അവിഭക്ത പാക് ജമാഅത്തെ ഇസ്‌ലാമി ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് ഈ ഉദ്ധരണികള്‍ സാക്ഷ്യപ്പെടുത്തുന്നു. വിഭജനം ഇസ്‌ലാമിക സാഹോദര്യത്തിന് കനത്ത ആഘാമേല്‍പ്പിക്കുമെന്നതിനാല്‍ രാജ്യത്തെ മറ്റുപല കക്ഷികളെയും പോലെ ജമാഅത്തും വിഭജനത്തിന് എതിരായിരുന്നു എന്ന് മാത്രം. ഈ താത്ത്വിക വിയോജിപ്പിനപ്പുറം, ജമാഅത്തോ അതിന്റെ അനുബന്ധഘടകങ്ങളോ സ്വാതന്ത്ര്യ സമരപ്പോരാളികളെ കൂട്ടക്കൊല ചെയ്യാന്‍ പാക് സൈന്യത്തിന് കൂട്ടുനിന്നു എന്ന് 2007 വരെ ഒരാളും ആരോപിച്ചിട്ടില്ല. മുജീബുര്‍റഹ്മാന്‍ അധികാരത്തില്‍ വന്നശേഷം നിലവില്‍ വന്ന യുദ്ധക്കുറ്റ വിചാരണാ കോടതിയില്‍ ജമാഅത്തിന്റെ ഏതെങ്കിലും നേതാവിനെയോ പ്രവര്‍ത്തകനെയോ വിചാരണ ചെയ്തിട്ടുമില്ല.
    നമുക്കിനി യഥാര്‍ഥ ചരിത്രത്തിലേക്ക് കടക്കാം. 1972 ജനുവരിയില്‍ ബംഗ്ലാ പ്രസിഡന്റ് ശൈഖ് മുജീബുര്‍റഹ്മാന്‍ രണ്ട് നിയമങ്ങള്‍ കൊണ്ടുവന്നു.  War Crimes Act Dw Collaboration Order 1972 ഉം. വാര്‍ ക്രൈംസ് ആക്ട് പ്രകാരമാണ് പാക് സൈനികര്‍ക്കും ജനറല്‍മാര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. അവരില്‍ 195 പേര്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. ഇവര്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ തടവുകാരായതിനാല്‍ അവരെ വിട്ടുകിട്ടാന്‍ ഇന്ത്യയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. പാക് ഗവണ്‍മെന്റിനെയും സൈന്യത്തെയും സഹായിച്ചു എന്നതിന്റെ പേരില്‍ ബംഗ്ലാദേശ് ഗവണ്‍മെന്റ് പിടികൂടിയവരില്‍ 37,471 പേര്‍ക്കെതിരെയാണ് യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ചിരുന്നത്. കുറ്റപത്രം സമര്‍പ്പിച്ചത് 2748 പേര്‍ക്കെതിരെയും. ബാക്കി 34,723 പേര്‍ക്കെതിരില്‍ തെളിവില്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാനായില്ല. അവരെ വിട്ടയക്കുകയും ചെയ്തു. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ഈ 2748 പേരില്‍ തന്നെ 752 പേരെ മാത്രമാണ് കോടതി ശിക്ഷിച്ചത്. തെളിവില്ലാത്തതിനാല്‍ ബാക്കിയുള്ള എല്ലാവരെയും വെറുതെവിട്ടു. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട 2748 പേരില്‍ ഒരാള്‍ പോലും ജമാഅത്തുകാരനല്ല എന്നതാണ് സത്യം.
    മേല്‍പ്പറഞ്ഞ രണ്ട് ആക്ടുകള്‍ക്ക് പുറമെ, ബംഗ്ലാ ഭരണഘടനക്ക് രൂപം നല്‍കിയവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിക്കും രൂപം നല്‍കിയിരുന്നു. യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്തവരെക്കുറിച്ച വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു മുഖ്യദൗത്യം. പാക് സൈന്യത്തിന്റെയും മറ്റും അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. MCA Committee എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. അവാമി ലീഗിന്റെ ഓഫീസില്‍ തന്നെയായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്.
    കുറ്റകൃത്യങ്ങളെക്കുറിച്ച ഈ വിപുലമായ വിവര ശേഖരണത്തില്‍ ജമാഅത്തുമായി വിദൂരബന്ധമുള്ള ഒരാള്‍ പോലും ഉള്‍പ്പെട്ടിരുന്നില്ല. 30 ലക്ഷം പേരെ പാക് സൈന്യം കൊന്നു, രണ്ട് ലക്ഷം സ്ത്രീകളെ മാനഭംഗപ്പെടുത്തി എന്ന സര്‍ക്കാര്‍ വാദത്തിന് തെളിവ് ഹാജരാക്കാന്‍ രണ്ട് വര്‍ഷത്തെ തെളിവ് ശേഖരണത്തിന് ശേഷവും ഈ കമ്മിറ്റിക്ക് കഴിഞ്ഞില്ല. പിന്നീടുള്ള രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച്, സുഭാഷ് ചന്ദ്രബോസിന്റെ പേരമകള്‍ ശര്‍മിള ബോസ് എഴുതിയ വിവാദ പുസ്തകത്തില്‍ (Dead Reckoning: Memories of the 1971 Bangladesh War) ഒട്ടേറെ വിവരങ്ങളുണ്ട്. വിഭജനത്തിന്റെ മുറിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് മൂന്ന് രാഷ്ട്രങ്ങളില്‍ നിന്നുമുണ്ടായതെന്ന് അവര്‍ എഴുതുന്നു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിമാര്‍- യഥാക്രമം സ്വരണ്‍സിംഗ്, അസീസ് അഹ്മദ്, കമാല്‍ ഹുസൈന്‍- ഒരു ഒത്തുതീര്‍പ്പു ഫോര്‍മുല ഉണ്ടാക്കുകയും 1974 ഏപ്രിലില്‍ മൂവരും അതില്‍     ഒപ്പുവെക്കുകയും ചെയ്തു. തടവുകാരാക്കപ്പെട്ട  195 പാക് സൈനികരെ ഈ ധാരണാപത്ര പ്രകാരം മോചിപ്പിച്ചു. പാക് സൈന്യത്തിന്റെ പിടിയിലായവരെ അവരും വിട്ടയച്ചു. 'ശത്രുവിനെ സഹായിച്ചവര്‍' (Collaborators) എന്ന ഗണത്തില്‍ പെടുന്നവര്‍ക്ക് 1973 നവംബറില്‍ ബംഗ്ലാദേശ് പ്രസിഡന്റ് ശൈഖ് മുജീബുര്‍റഹ്മാന്‍ പൊതുമാപ്പ് നല്‍കുകയാണുണ്ടായത്. അതേസമയം കടുത്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ചിലരെ ശിക്ഷിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തെ തടവ് ജീവിതത്തിന് ശേഷം അവര്‍ക്കും മാപ്പ് നല്‍കുകയാണുണ്ടായത്.
    1974 ഏപ്രിലില്‍ പാകിസ്താനിലെ ലാഹോറില്‍ ചേര്‍ന്ന ഒ.ഐ.സി(ഓര്‍ഗനൈസേഷന്‍ ഓഫ് ദി ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ്) ശൈഖ് മുജീബുര്‍റഹ്മാന്‍ പങ്കെടുക്കുകയുണ്ടായി. ഇതോടെ ബംഗ്ലാദേശിനെ ഒരു രാഷ്ട്രമായി പാകിസ്താന്‍ അംഗീകരിച്ചു. 1976-ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ പൂര്‍ണ നയതന്ത്രബന്ധങ്ങള്‍ സ്ഥാപിതമായി. തുടര്‍ന്ന് പാക് പ്രധാനമന്ത്രി സുല്‍ഫീഖര്‍ അലി ഭൂട്ടോ ബംഗ്ലാദേശ് സന്ദര്‍ശിച്ചു.
    ഈ ചരിത്രമെല്ലാം ഒട്ടനവധി ഗവേഷണ ഗ്രന്ഥങ്ങളിലും ഓര്‍മക്കുറിപ്പുകളിലും രേഖപ്പെട്ടുകിടക്കുന്നണ്ട്. പാക് സൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായിരിക്കെ 1971-ല്‍ ഒളിച്ചോടി 'മുക്തി ബാഹിനി'യില്‍ ചേര്‍ന്ന് പോരാടിയ ശരീഫുല്‍ ഹഖ് (ഇദ്ദേഹത്തെ ബംഗ്ലാദേശ് ഗവണ്‍മെന്റ് ഏറ്റവും വലിയ ബഹുമതിയായ 'ബീര്‍ ഉത്തം' നല്‍കി ആദരിച്ചു) ഒരു ആത്മകഥ എഴുതിയിട്ടുണ്ട് -Bangladesh: Untold Facts എന്ന പേരില്‍. മറച്ച് വെക്കപ്പെട്ടതും എന്നാല്‍ നേരിട്ടറിവുള്ളതുമായ ഒരുപാട് സത്യങ്ങള്‍ ഇതില്‍ അനാവരണം ചെയ്യപ്പെടുന്നു. ശൈഖ് മുജീബുര്‍റഹ്മാന്റെ മൂന്നര വര്‍ഷക്കാലത്തെ ഭരണത്തില്‍ അരങ്ങേറിയ അതിക്രമങ്ങളും ഇതില്‍ വായിക്കാം. ഇന്ത്യന്‍ ലഫ്റ്റനന്റ് ജനറലായിരുന്ന ജേക്കബിന്റെ Surrender at Dacca: Birth of a Nation എന്ന പുസ്തകവും നിഷ്പക്ഷമായി സംഭവങ്ങളെ വിലയിരുത്തുന്നുണ്ട്. മറ്റൊരു പുസ്തകമെഴുതിയത് ധാക്ക യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സയ്യിദ് സജ്ജാദ് ഹുസൈന്‍ - The waste of Time.
    ഈ ചരിത്രവസ്തുതകളെയൊക്കെ തമസ്‌കരിച്ചുകൊണ്ടുള്ള വ്യാജചരിത്രമാണ് അവാമിലീഗ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ 'മാധ്യമ സിംഹങ്ങള്‍' അതൊക്കെ ഒരക്ഷരം വിടാതെ പൊലിപ്പിച്ചെടുത്ത് ആഘോഷിക്കുകയും ചെയ്യുന്നു.

'ഇന്റര്‍നാഷ്‌നല്‍' ക്രൈംസ് ട്രൈബ്യൂണല്‍
എന്നോ ഉണങ്ങിക്കഴിഞ്ഞ മുറിവുകള്‍ മാന്തിപ്പൊളിക്കാനാണ് 2010-ല്‍ അവാമിലീഗ് ഭരണകൂടം ഇന്റര്‍നാഷ്‌നല്‍ ക്രൈംസ് ട്രൈബ്യൂണല്‍ പുനഃസ്ഥാപിച്ചത്. 'ഇന്റര്‍നാഷ്‌നല്‍' എന്ന് കേട്ട് ഞെട്ടേണ്ട. അവാമി ലീഗ് അനുകൂലികളായ ജഡ്ജിമാരും അഭിഭാഷകരും മാത്രമുള്ള, ഒട്ടും സുതാര്യമല്ലാത്ത ഒരു പ്രാദേശിക ട്രൈബ്യൂണലാണിത്. യുദ്ധക്കുറ്റ വിചാരണയുടെ യാതൊരുവിധ അന്താരാഷ്ട്ര മര്യാദകളും ഈ ബോഡി പാലിക്കുന്നില്ല. അന്താരാഷ്ട്ര പൊതുവേദികളില്‍നിന്ന് ഉയരുന്ന ഒരു വിമര്‍ശനവും ഈ ട്രൈബ്യൂണല്‍ കാര്യമാക്കുന്നുമില്ല. ചില ഉദാഹരണങ്ങള്‍ കാണുക:
* ട്രൈബ്യൂണല്‍ രൂപവത്കരിച്ചത് ശരിയായ രീതിയിലല്ലെന്ന് ഇന്റര്‍നാഷ്‌നല്‍ ബാര്‍ അസോസിയേഷന്‍(2009 ഡിസംബര്‍ 9)
* അമേരിക്കന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷ്‌നല്‍ ലോ, ട്രൈബ്യൂണലിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു(2010 മെയ് 19).
* ഇന്റര്‍നാഷ്‌നല്‍ സെന്റര്‍ ഫോര്‍ ട്രാന്‍സിഷനല്‍ ജസ്റ്റിസ് ട്രൈബ്യൂണലിനെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല(2011 മാര്‍ച്ച് 15)
* യുദ്ധക്കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് അമേരിക്കന്‍ സ്ഥാനപതി സ്റ്റീഫന്‍ ജെ. റാപ്പ് വിമര്‍ശനം ഉന്നയിച്ചു(2011 മാര്‍ച്ച് 21).
* ട്രൈബ്യൂണലിന്റെ മുഴുവന്‍ വ്യവഹാരങ്ങളെയും വിമര്‍ശിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് കത്തയച്ചു(2011 മെയ് 18).
* ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ ട്രൈബ്യൂണലിന്റെ നിയമസാധുതയെക്കുറിച്ച് മൗലികമായ ചോദ്യം ഉന്നയിച്ചു(2011 ജൂണ്‍ 21).
* യു.എന്‍ വര്‍കിംഗ് ഗ്രൂപ്പ് ഓണ്‍ ആര്‍ബിട്ടററി ഡിറ്റന്‍ഷന്‍ 'ട്രൈബ്യൂണല്‍ നാടക'ത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു(2012 ഫെബ്രുവരി 6).
    യൂറോപ്പിലെയും മലേഷ്യയിലെയും തുര്‍ക്കിയിലെയും അഭിഭാഷക സംഘടനകളും ട്രൈബ്യൂണലില്‍ കളിയാടുന്ന 'നീതി'യെ നന്നായി പരിഹസിച്ചിട്ടുണ്ട്. മുഹമ്മദ് നിസാമുല്‍ ഹഖ് എന്ന അവാമിലീഗ് പക്ഷപാതിയായിരുന്നു ട്രൈബ്യൂണലിന്റെ ആദ്യ ചെയര്‍മാന്‍. അദ്ദേഹവും ബ്രസല്‍സില്‍ അഭിഭാഷകനായി ജോലി നോക്കുന്ന അഹ്മദ് സിയാവുദ്ദീന്‍ എന്ന മറ്റൊരു അവാമി പക്ഷക്കാരനും തമ്മില്‍ നടന്ന സംഭാഷണവും എഴുത്തുകുത്തുകളും ലണ്ടനില്‍നിന്നിറങ്ങുന്ന ദി ഇക്കണോമിസ്റ്റ് വാരിക 2012 ഡിസംബര്‍ 8നും ഡിസംബര്‍ 15നും പുറത്തുവിട്ടതോടെയാണ് ചെയര്‍മാന് രാജിവെക്കേണ്ടിവന്നത്. 230 ഇ മെയിലുകളും 17 മണിക്കൂര്‍ നീളുന്ന ഇവര്‍ തമ്മിലുള്ള സംഭാഷണവുമാണ് വാരിക വെളിച്ചത്ത് കൊണ്ടുവന്നത്. പൊതുജനത്തിനും അന്താരാഷ്ട്ര സമൂഹത്തിനും സംശയം തോന്നാത്തവിധം എങ്ങനെ യുദ്ധക്കുറ്റങ്ങള്‍ പടച്ചുണ്ടാക്കാം എന്ന 'വിദഗ്‌ധോപദേശ'മാണ് സംഭാഷണത്തിലുടനീളം. കേസിന്റെ ഡ്രാഫ്റ്റ് താന്‍ തന്നെ അയച്ച് തരാമെന്നും ബ്രസ്സല്‍സിലെ കക്ഷി പറയുന്നുണ്ട്. ട്രൈബ്യൂണലും പ്രോസിക്യൂഷനും ഗവണ്‍മെന്റും തമ്മിലുള്ള സകല കള്ളക്കളികളും അതോടെ പുറത്തായി. ജമാഅത്ത് നേതാക്കള്‍ക്ക് നല്‍കേണ്ട ശിക്ഷയും അതിന്റെ സമയവും നേരത്തെ തീരുമാനിച്ചിരുന്നുവെന്നും വ്യക്തമായി(SKYPE Conversation between Nizamul Haque and Ahmad എന്ന യൂ ട്യൂബ് സംഭാഷണം കാണുക). ട്രൈബ്യൂണല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇത് മതിയായ കാരണമായിരുന്നെങ്കിലും മറ്റൊരാളെ പകരം നിശ്ചയിച്ച് പ്രതികാര നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു ഭരണകൂടം. കേസുകള്‍ മുഴുവനായി പഠിച്ച ജഡ്ജിമാരും ട്രൈബ്യൂണലില്‍ ഇല്ല എന്നതാണ് വിചിത്രം. അവരാണ് ജമാഅത്ത് നേതാക്കള്‍ക്കെതിരെ തുരുതുരാ വധശിക്ഷകള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്! സത്യസന്ധവും കുറ്റാരോപിതര്‍ക്ക് തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നതുമായ ഏത്തരം വിചാരണയെയും നേരിടാന്‍ തങ്ങള്‍ തയാറാണെന്ന് ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി എന്നും സന്നദ്ധത അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വിചാരണക്കൊടുവില്‍ കുറ്റക്കാരാണെന്ന് തെളിയുന്ന പക്ഷം ഏത് ശിക്ഷയും ഏറ്റുവാങ്ങുകയും ചെയ്യാം. പക്ഷേ, തനി 'കംഗാരു കോടതി'യായി അധഃപതിച്ചിരിക്കുകയാണ് ബംഗ്ലാദേശിലെ മുഴുവന്‍ നിയമസംവിധാനങ്ങളും. സത്യമെഴുതിയതിന്റെ പേരില്‍ ഒമ്പത് മാസം ജയിലില്‍ കഴിയേണ്ടിവന്ന 'അമര്‍ദേശ്' ബംഗാളി ദിനപത്രത്തിന്റെ എഡിറ്റര്‍ മഹ്മൂദ് റഹ്മാന്‍ പറയുന്നത്, ബംഗ്ലാദേശില്‍ ഏറ്റവുമധികം ജീര്‍ണിച്ചത് നീതിന്യായ സംവിധാനമാണ് എന്നാണ്(യൂ ട്യൂബ് വീഡിയോ കാണുക). ഇത്തരം കോടതികള്‍ എന്ത് തരം നീതിയാണ് വിളമ്പുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. വളരെ പരിഹാസ്യമായ വൈരുധ്യങ്ങള്‍ നിറഞ്ഞതാണ് ട്രൈബ്യൂണലിന്റെ ഓരോ ശിക്ഷാ വിധിയും. ഇത് മീഡിയക്ക് മിനസ്സിലാകാഞ്ഞിട്ടില്ല. എന്നിട്ടും 'സെക്യുലരിസ'ത്തിന് വേണ്ടി അവ ജനാധിപത്യക്കശാപ്പിന് കൂട്ടുനില്‍ക്കുകയാണ്.

പരിഹാസ്യമായ ശിക്ഷാവിധികള്‍
    ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം. ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി അസി. സെക്രട്ടറി ജനറല്‍ അബ്ദുല്‍ഖാദിര്‍ മുല്ലയെ 2013 ജനുവരി അവസാനവാരത്തില്‍ ട്രൈബ്യൂണല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നു. മുഴുവന്‍ ജമാഅത്ത് നേതാക്കള്‍ക്കും വധശിക്ഷ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ മുല്ലക്ക് മാത്രം എന്തുകൊണ്ട് ജീവപര്യന്തം? ഇത് അവാമിലീഗ് അണികളെ ഇളക്കിവിടാനുള്ള തന്ത്രപരമായ നീക്കമായിരുന്നു. 'ജമാഅത്ത് നേതാക്കള്‍ക്ക് വധശിക്ഷ നല്‍കൂ' എന്ന് ആക്രോശിച്ചുകൊണ്ട് അവാമി ലീഗുകാര്‍ 'ശാഹ് ബാഗ്' ചത്വരത്തിലേക്ക് നീങ്ങി. ഇത് ഭരണകൂടം നേരത്തെ തിരക്കഥയെഴുതി ഒപ്പിച്ചെടുത്ത ഒന്നായിരുന്നു. ഇതിനെയാണ് മീഡിയ 'ബംഗാളി വസന്ത'മെന്ന് വാഴ്ത്തിയത്. ജമാഅത്ത് നേതാക്കളെക്കുറിച്ച വൃത്തികെട്ട കാര്‍ട്ടൂണുകള്‍ അവര്‍ ചത്വരത്തിലുടനീളം തൂക്കിയിട്ടു. ഈ സമരത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ തത്‌സമയം സോഷ്യല്‍ മീഡിയയില്‍ ഇസ്‌ലാമിനെയും ഖുര്‍ആനെയും  പ്രവാചകനെയും പറ്റി കുറിച്ചിട്ടത് നിറയെ അശ്ലീലങ്ങളായിരുന്നു. അതിലൊരു വാക്യവും എടുത്തെഴുതാന്‍ കൊള്ളില്ലെന്ന് പത്രപ്രവര്‍ത്തകനായ സലീം മന്‍സൂര്‍ ഖാലിദ് എഴുതുന്നു. ഇതിനെതിരെ മതസംഘടനകള്‍ ശരീഅത്ത് സംരക്ഷണ വേദിയുണ്ടാക്കി തെരുവിലിറങ്ങി. പ്രതിരോധത്തിലായ ഭരണകൂടം മതനിന്ദ നടത്തിയവര്‍ക്കെതിരെ പേരിനെങ്കിലും ചില ശിക്ഷാ നടപടികളെടുക്കാന്‍ നിര്‍ബന്ധിതമായി. ഈ ഇസ്‌ലാം വിരുദ്ധ പ്രോപഗണ്ടക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളായിരുന്നു ബ്ലോഗറായ താരിഖ് ശാന്‍തു. ശാഹ്ബാഗ് ചത്വരത്തില്‍ സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഇയാള്‍ കുഴഞ്ഞുവീണു. ധാക്കയിലെ മുജീബുര്‍റഹ്മാന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാളെ മതസംഘടനകള്‍ വകവരുത്തിയതാണെന്നായി അവാമിലീഗുകാരുടെ പ്രചാരണം. ശാഹ്ബാഗ് കലഹത്തിന്റെ മറവില്‍ തന്നെയാണ് ഒട്ടേറെ ഹിന്ദുക്ഷേത്രങ്ങള്‍ അക്രമിക്കപ്പെട്ടത്. ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന അതിക്രമങ്ങളായിരുന്നു അവയെന്ന് വ്യക്തം. മതസംഘടനകളുടെ തലയില്‍ കെട്ടിവെക്കാന്‍ പറ്റിയ ഇഷ്യു തന്നെയാണല്ലോ അതും.
    അബ്ദുല്‍ ഖാദിര്‍ മുല്ലയെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. ബംഗ്ലാദേശ് സ്വതന്ത്രമായ ഉടന്‍ ഇദ്ദേഹം ധാക്കാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ബംഗ്ലാദേശ് റൈഫിള്‍സില്‍ ചേര്‍ന്നു. ഒരു സര്‍ക്കാറേതര അര്‍ധ സൈനിക വിഭാഗമാണിത്. ഇദ്ദേഹം യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എങ്ങനെയാണ് ഒരു അര്‍ധ സൈനിക വിഭാഗത്തില്‍ നിയമനം കിട്ടിയത്? അക്കാലത്ത് ഇല്ലാതിരുന്ന ഒരു ആരോപണം 42 വര്‍ഷത്തിന് ശേഷം കെട്ടിച്ചമച്ചു എന്നല്ലേ ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്?
    വധശിക്ഷ വിധിക്കപ്പെട്ട മറ്റൊരു ജമാഅത്ത് നേതാവാണ് സംഘടനയുടെ ഉപാധ്യക്ഷനായ ദലാവര്‍ ഹുസൈന്‍ സഈദ്. ബംഗ്ലാദേശിലെ അറിയപ്പെടുന്ന ദീനീ പണ്ഡിതനും ഉജ്വല പ്രഭാഷകനും. ഇദ്ദേഹത്തിനെതിരെയുള്ള മുഴുവന്‍ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന് ഏത് ഏത് സാധാരണക്കാരനും ബോധ്യമാകും. ട്രൈബ്യൂണലിന്റെ ആദ്യ ചെയര്‍മാന്‍ മുഹമ്മദ് നിസാമുല്‍ഹഖും ബ്രസല്‍സിലെ അഭിഭാഷകന്‍ അഹ്മദ് സിയാവുദ്ദീനും തമ്മിലുള്ള സംഭാഷണത്തെപ്പറ്റി നാം നേരത്തെ പരാമര്‍ശിച്ചുവല്ലോ. ദലാവറിനെതിരെ കേസ് ചമയ്ക്കുന്നതിനെക്കുറിച്ചാണ് അതിലെ മുഖ്യസംസാരങ്ങളിലൊന്ന്. 'ജനം അന്തിമ വിധിയേ ശ്രദ്ധിക്കൂ, പിന്നാമ്പുറ കാര്യങ്ങള്‍ ചികയാന്‍ പോകില്ല' എന്ന് ബ്രസല്‍സിലെ അഭിഭാഷകന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഈ കേസ് അത്രക്ക് ദുര്‍ബലമായത് കൊണ്ട് തന്നെയാവണം ഈ കമന്റ്. മതവൃത്തങ്ങളില്‍ ജമാഅത്തിന് പുറത്തും പൊതുസ്വീകാര്യനായ ദലാവര്‍ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയെന്ന് അവാമി ലീഗുകാര്‍ പോലും വിശ്വസിക്കുന്നുണ്ടാവില്ല. ദലാവറിന്റെ ജീവചരിത്രം പരിശോധിച്ചാല്‍ ഇത് പകല്‍ പോലെ വ്യക്തമാവും. ബംഗ്ലാദേശ് രൂപവത്കരണവും അതിനോടനുബന്ധിച്ച കൂട്ടക്കൊലകളും നടക്കുന്ന കാലത്ത് ദലാവറിന് ജമാഅത്തെ ഇസ്‌ലാമിയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. നേരിട്ടോ പരോക്ഷമായോ അക്കാലത്ത് എന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ അദ്ദേഹം പങ്കാളിയായതിനും തെളിവില്ല. 1975 ല്‍ ആണ് അദ്ദേഹം ജമാഅത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടനാവുന്നത്. 1979-ല്‍ അതില്‍ അംഗത്വമെടുക്കുകയും ചെയ്തു. പിന്നെ അദ്ദേഹം ജമാഅത്ത് ടിക്കറ്റില്‍ മത്സരിച്ച് പാര്‍ലമെന്റ് അംഗം വരെയായി. അന്നൊന്നും ഇല്ലാതിരുന്ന ആരോപണം ഇപ്പോള്‍ പെട്ടെന്ന് എവിടെ നിന്ന് പൊട്ടിമുളച്ചു?
    ദലാവറിനെതെരിയുള്ള കേസില്‍ പ്രോസിക്യൂഷന്‍ കൊണ്ട് വന്ന സാക്ഷി ഹിന്ദുമത വിശ്വാസിയായ സുഖ് രഞ്ജന്‍ ബാലി എന്നൊരാളാണ്. തന്റെ സഹോദരനെ ദലാവര്‍ കൊന്നു എന്ന് ബാലി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. തന്റെ പേര് സാക്ഷി പട്ടികയില്‍ വന്നത് എങ്ങനെയെന്ന് ബാലിക്ക് മനസ്സിലായില്ല. തന്റെ പേരിലുള്ള സാക്ഷിമൊഴി പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സഹോദരന്‍ കലാപകാലത്ത് കൊല്ലപ്പെട്ടിട്ടുണ്ട്; പക്ഷേ, കൊന്നത് ദലാവറല്ല എന്നാണ് ബാലി മൊഴി കൊടുക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇത് ഔദ്യോഗികമായി തിരുത്തുന്നതിന് വേണ്ടി കോടതിയിലേക്ക് പുറപ്പെട്ട ബാലിയെ കോടതി വാതില്‍ക്കല്‍ വെച്ച് ഒരജ്ഞാതസംഘം തട്ടിക്കൊണ്ട് പോയി. ആ സംഘം ബംഗ്ലാ രഹസ്യപ്പോലീസായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ബാലിയെക്കുറിച്ച് പിന്നെ യാതൊരു വിവരവുമില്ല. ഒരു സാക്ഷിയെ തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്ന് അഭിഭാഷകന്‍ ട്രൈബ്യൂണലിനെ അറിയിച്ചെങ്കിലും യാതൊരു അന്വേഷണവും നടക്കുകയുണ്ടായില്ല.
    ധാക്കയില്‍ നിന്നിറങ്ങുന്ന ഒരു പത്രമാണ് ബാലി കൊല്‍ക്കത്തയിലെ ഒരു ജയിലില്‍ നരകിക്കുകയാണെന്ന് പുറംലോകത്തെ അറിയിച്ചത്. ബംഗ്ലാം രഹസ്യപ്പോലീസ് ആഴ്ചകളോളം പീഡിപ്പിച്ച ശേഷം ബാലിയെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൊണ്ട് വന്നു തള്ളുകയായിരുന്നു. അങ്ങനെയാണ് ഇന്ത്യന്‍ പോലീസിന്റെ പിടിയിലായത്. ബാലി ബംഗ്ലാദേശിലേക്ക് തിരിച്ച് വരുന്ന പക്ഷം അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
    കള്ളക്കേസുകളുണ്ടാക്കി ജയിലിലടച്ചിരിക്കുകയാണ് ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ മൗലാന മുത്വീഉറ്‌റഹ്മാന്‍ നിസാമിയെയും. ഖാലിദ സിയയുടെ മന്ത്രിസഭയില്‍ കൃഷി വകുപ്പ് മന്ത്രിയായിരുന്ന നിസാമി മികച്ച ഭരണമാണ് കാഴ്ചവെച്ചിരുന്നത്. അവാമി ലീഗ് ഭരണത്തിലെത്തിയപ്പോള്‍ നിസാമിയെ അഴിമതിക്കേസുകളില്‍ കുടുക്കാനായിരുന്നു തുടക്കത്തില്‍ ശ്രമം. വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും  സംശുദ്ധിയുടെ പര്യായമായ നിസാമിക്കെതിരെ അത് സാധ്യമല്ലെന്ന് വന്നപ്പോഴാണ് ആരുടെ തലയിലും ഏത് നിമിഷവും പൊട്ടി വീഴാവുന്ന 'യുദ്ധക്കുറ്റങ്ങളുടെ' രംഗപ്രവേശം. വിചാരണ വേളയില്‍ അദ്ദേഹം ട്രൈബ്യൂണലിനെ ചില ചരിത്ര സത്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. 1970 ലെ പൊതു തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ പകാസ്താനില്‍ അവാമിലീഗിന് ഭൂരിപക്ഷം കിട്ടിയപ്പോള്‍ ജനവിധി മാനിച്ച് അധികാരം ആ പാര്‍ട്ടിക്ക് കൈമാറണമെന്ന് ശക്തമായി വാദിച്ചിട്ടുണ്ട് താന്‍. അധികാരം കൈമാറാത്തതാണല്ലോ എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കം. അന്ന് യഹ്‌യാഖാന്റെ പട്ടാള ഭരണമായിരുന്നെങ്കിലും യഥാര്‍ഥ അധികാരം സുല്‍ഫീഖര്‍ അലി ഭൂട്ടോയുടെ കൈകളിലായിരുന്നു. അധികാരം കൈമാറരുതെന്ന ഏകാധിപത്യ സമീപനം സ്വീകരിച്ചതും ഭൂട്ടോ തന്നെ. ഇത്തരക്കാരൊക്കെ ഇപ്പോഴും ഹീറോകളായി വാഴ്ത്തപ്പെടുന്നു!
    പത്ര കട്ടിംഗുകളാണ് നിസാമിക്കെതിരെ തെളിവായികൊണ്ട് വന്നിരിക്കുന്നത്. താന്‍ ചെന്ന് യുദ്ധകുറ്റകൃത്യങ്ങള്‍ നടത്തി എന്ന ആരോപിക്കപ്പെടുന്ന പല സ്ഥലങ്ങളും തനിക്ക് പരിചയമില്ലാത്തതാണെന്ന് അദ്ദേഹം ട്രൈബ്യൂണലില്‍ വാദിച്ചു. കൊര്‍മോജ എന്ന ഗ്രാമത്തെ പറ്റി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. താന്‍ ആ ഗ്രാമത്തില്‍ പ്രതികാര നടപടികള്‍ സ്വീകരിച്ചത് ആ ഗ്രാമക്കാര്‍ തനിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണെന്നും അതില്‍ ആരോപിക്കുന്നു. 1970-ലെ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചിട്ടില്ല. 1986ലാണ് താന്‍ ആദ്യമായി സ്ഥാനാര്‍ഥിയാവുന്നത്. പിന്നെ എങ്ങനെ വോട്ട് ചെയ്യാത്തതിന് ഗ്രാമീണര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കും? നിസാമി ചോദിച്ചു.

ഗുലാം അഅ്‌സം
    '91 വയസ്സുള്ള പ്രഫസര്‍ ഗുലാം അഅ്‌സമിന് വധശിക്ഷ തന്നെയാണ് നല്‍കേണ്ടത്. പക്ഷേ, അദ്ദേഹത്തിന്റെ ആരോഗ്യവും പ്രായവും  പരിഗണിച്ച് അത് 90 വര്‍ഷത്തെ ജീവപര്യന്തം തടവാക്കി മാറ്റുകയാണ്. ശിക്ഷ തുടര്‍ച്ചയായി, അല്ലെങ്കില്‍ മരണം വരെ അനുഭവിക്കണം.' 2013 ജൂലൈ 15-ന് ഫദ്ല്‍ കബീര്‍, ജഹാംഗീര്‍ ഹസന്‍, അന്‍വാറുല്‍ ഹസന്‍ എന്നിവര്‍ ഉള്‍പ്പെട്ട യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമിയുടെ ഏറ്റവും തലമുതിര്‍ന്ന നേതാവ് പ്രഫസര്‍ ഗുലാം അഅ്‌സമിനെതിരെ നടത്തിയ വിധിപ്രസ്താവമാണിത്.
    നിഗൂഢ വ്യക്തിത്വത്തിന്റെ ഉടമയൊന്നുമല്ല ഗുലാം അഅ്‌സം. തുറന്ന പുസ്തകമായിരുന്നു അദ്ദേഹത്തിന്റെ ഇതഃപര്യന്തമുള്ള ജീവിതം. 1922 നവംബര്‍ 7-ന് ജനിച്ച അദ്ദേഹം വിദ്യാര്‍ഥിയായിരിക്കെ പല സമരങ്ങളിലും ഭാഗഭാക്കായി. 1950 ല്‍ ധാക്ക യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നെയാണ് ബംഗാളി ഭാഷാപ്രക്ഷോഭത്തിന്റെ മുന്‍നിരയിലേക്ക് വരുന്നത്. 1955-ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ആകൃഷ്ടനായി. 1971 മാര്‍ച്ച് 24 ആയപ്പോഴേക്കും കിഴക്കന്‍ പാകിസ്താനിലെ പ്രക്ഷോഭം സകല പരിധികളും കൈവിട്ടുപോയിരുന്നു. സ്വാതന്ത്ര്യപ്രക്ഷോഭം ഇടക്കെപ്പോഴോ കിഴക്കന്‍ പാകിസ്താനില്‍ താമസിക്കുന്ന ഉര്‍ദു സംസാരിക്കുന്നവര്‍ക്കും ബിഹാരി-പഞ്ചാബി-പഠാന്‍ വംശജര്‍ക്കുമെതിരായി തിരിഞ്ഞു. കൂട്ടക്കൊലകള്‍ അരങ്ങേറി(ഈ യുദ്ധക്കുറ്റകൃത്യങ്ങളെക്കുറിച്ച് ഇന്നാരും മിണ്ടുന്നില്ല). 1971 മാര്‍ച്ച് 25-ന് പാക് സൈന്യം രംഗത്തിറങ്ങി. അവരും നടത്തി കൂട്ടക്കൊലകള്‍. ഈയൊരു ഭീതിജനകമായ സന്ദര്‍ഭത്തില്‍ ഏതൊരു ധീരനായ മനുഷ്യസ്‌നേഹിയും ചെയ്യുന്നതേ പ്രഫസര്‍ ഗുലാം അഅ്‌സമും ചെയ്തുള്ളൂ. അദ്ദേഹവും  നൂറുല്‍ അമീന്‍, ഫദ്ല്‍ ഖാദിര്‍ ചൗധരി, മൗലവി ഫരീദ് അഹ്മദ്, ഖ്വാജ ഖൈറുദ്ദീന്‍, ശഫീഖുല്‍ ഇസ്‌ലാം തുടങ്ങി അക്കാലത്തെ സമാദരണീയ വ്യക്തിത്വങ്ങളും ചേര്‍ന്ന് 'പീസ് കമ്മിറ്റികള്‍'ക്ക് രൂപം നല്‍കി. അത്യന്തം കലുഷമായ ആ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ കമ്മിറ്റികള്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല എന്നത് മറ്റൊരു കാര്യം.
    1971 ഡിസംബര്‍ 21-ന് ഗുലാം അഅ്‌സം പടിഞ്ഞാറന്‍ പാകിസ്താനില്‍ നിന്ന് കിഴക്കന്‍ പാകിസ്താനിലേക്ക് പുറപ്പെട്ടുവെങ്കിലും ഇന്ത്യയുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാല്‍ വിമാനത്തിന് കൊളംബോ വഴി തിരിച്ച് പടിഞ്ഞാറന്‍ പാകിസ്താനിലേക്ക് തന്നെ പറക്കേണ്ടി വന്നു. 1973 ഏപ്രില്‍ 18-ന് ബംഗ്ലാ പ്രസിഡന്റ് ശൈഖ് മുജീബുര്‍റഹ്മാന്‍ ഗുലാം അഅ്‌സമിന്റെ ബംഗ്ലാ പൗരത്വം റദ്ദാക്കി. വര്‍ഷങ്ങളോളം പാകിസ്താനില്‍ പ്രവാസിയായി കഴിഞ്ഞ അദ്ദേഹം 1978 ആഗസ്റ്റ് ഒന്നിന് ധാക്കയില്‍ തിരിച്ചെത്തി. തന്റെ പൗരത്വം തിരിച്ച് കിട്ടുന്നതിനായി അദ്ദേഹം നടത്തിയ 20 വര്‍ഷം നീണ്ട ഐതിഹാസിക നിയമപ്പോരാട്ടത്തിനിടയിലായിരുന്നു ഇത്. 1993ല്‍ അഅ്‌സമിന്റെ പൗരത്വം പുനഃസ്ഥാപിച്ചുകൊണ്ട് സുപ്രീം കോടതി ജഡ്ജി നടത്തിയ നിരീക്ഷണം വളരെ ശ്രദ്ധേയമാണ്. ''..... പാകിസ്താന്‍ സൈന്യമോ അവരുടെ സില്‍ബന്ദികളായ രാജാകാര്‍(രിദാകാര്‍), അല്‍ബദ്ര്‍, അല്‍ശംസ് തുടങ്ങിയ വിഭാഗങ്ങളോ നടത്തിയതായി പറയപ്പെടുന്ന അതിക്രമങ്ങളില്‍ ഹരജിക്കാരന് നേരിട്ടോ പരോക്ഷമായോ പങ്കുണ്ടെന്നതിന് യാതൊരു സൂചനയുമില്ല. സ്വാതന്ത്ര്യ സമര കാലത്ത് ഉണ്ടായതായി പറയപ്പെടുന്ന അതിക്രമങ്ങളില്‍ ഹരജിക്കാരന്‍ പങ്കാളിയായതിന് ഏതെങ്കിലും തരത്തിലുള്ള ഒരു തെളിവും ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല.'' (വിധി പ്രസ്താവത്തിന്റെ പൂര്‍ണ ടെക്സ്റ്റിന്: ghulamazamdotnet.files.wordpress.com/2012/01/judgement 1993 -ghulam-azam.pdf). ഗുലാം അഅ്‌സമിന് ബ്രിട്ടീഷ് വിസ നിഷേധിക്കപ്പെട്ടപ്പോള്‍ ബ്രിട്ടീഷ് ഇമിഗ്രേഷന്‍ ട്രൈബ്യൂണലും ഇതേ നിരീക്ഷണം നടത്തിയിട്ടുണ്ട്. അപ്പീല്‍ നല്‍കിയ ആള്‍(അഅ്‌സം) ഗുരുതരമായ അതിക്രമങ്ങള്‍ നടത്തി എന്നാണ് വാദമെങ്കില്‍ അതിനുള്ള ഒരു നിസ്സാര തെളിവെങ്കിലും വാദം പൂര്‍ത്തിയായി പതിനഞ്ച് മാസം പിന്നിട്ടിട്ടും എതിര്‍ഭാഗം സമര്‍പ്പിക്കാത്തതെന്ത് എന്ന് ഇമിഗ്രേഷന്‍ ട്രൈബ്യൂണല്‍ ചോദിച്ചു (വിധിയുടെ പൂര്‍ണ ടെക്സ്റ്റിന് സന്ദര്‍ശിക്കുക: ghulamazamdotnet.files.wordpress.com/2012/01/uk-immigration-judgement.pdf)
    നിരപരാധിത്വം തെളിയിക്കുന്ന ഇത്തരം രേഖകള്‍ക്ക് പുല്ലുവില കല്‍പിച്ചുകൊണ്ടാണ് ഹസീന വാജിദിന്റെ ഗവണ്‍മെന്റ് 2012 ജനുവരി 11-ന് യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഗുലാം അഅ്‌സമിനെ അറസ്റ്റ് ചെയ്യുന്നത്. ഈ കേസില്‍ സാക്ഷിപറയാന്‍ രണ്ടായിരം പേര്‍ സന്നദ്ധരായെങ്കിലും വിരലിലെണ്ണാവുന്ന പേര്‍ക്ക് മാത്രമേ ട്രൈബ്യൂണല്‍ അനുവാദം നല്‍കിയുള്ളൂ. ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കി ആറ് മാസത്തിന് ശേഷമാണ് വിശുദ്ധ ഖുര്‍ആന്റെ ഒരു കോപ്പിപോലും അദ്ദേഹത്തിന് നല്‍കിയത്. തടവിലായിരിക്കെ സ്വന്തം സഹോദരന്‍ മരണമടഞ്ഞപ്പോള്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനും അനുവദിച്ചില്ല. സ്വന്തം മകന്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല അഅ്‌സമിനെ ഒരു കാരണവും കാണിക്കാതെ ഭരണകൂടം സൈന്യത്തില്‍നിന്ന് പിരിച്ചുവിട്ടു.
    ഈ വന്ദ്യവയോധികന്റെ പ്രായമോ രോഗമോ ഒന്നും ട്രൈബ്യൂണലോ ഭരണകൂടമോ ഒട്ടും പരിഗണിച്ചിരുന്നില്ല. വിചാരണ നടക്കുമ്പോള്‍ പലപ്പോഴും അദ്ദേഹം ബോധരഹിതനാകും. ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും. കുറ്റാരോപിതന്‍ ഇല്ലെന്ന് വെച്ച് വിചാരണ നടപടികള്‍ നിര്‍ത്തിവെക്കുന്ന പ്രശ്‌നമൊന്നുമില്ല. വിധിപ്രസ്താവം നേരത്തെ തന്നെ തയാറാക്കിയിരുന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്ന പണിയേ ട്രൈബ്യൂണലിന് ഉണ്ടായിരുന്നുള്ളൂ. അതിന് കുറ്റാരോപിതനോ സാക്ഷികളോ തെളിവുകളോ ഒന്നും വേണമെന്നില്ല. ഇക്കാലമത്രയും അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത് എട്ടടി മാത്രം നീളമുള്ള, ഇടുങ്ങിയ ഒരു സെല്ലിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആ സെല്ലില്‍നിന്ന് മാറ്റിയപ്പോള്‍ പ്രഫസര്‍ പറഞ്ഞു: 'ഖബ്‌റില്‍നിന്ന് എഴുന്നേറ്റ് വന്നത് പോലെയുണ്ട്!' ആ 'ഖബ്‌റി'ലേക്ക് പിന്നെയെത്തിയത് മറ്റൊരു ജമാഅത്ത് നേതാവ്.
    ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ട് എ.ടി.എം ഫസല്‍ കബീര്‍ നല്‍കിയ വിധി പ്രസ്താവത്തില്‍, ഗുലാം അഅ്‌സം യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്തതിന് തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ജമാഅത്തിന്റെ നേതാവെന്ന നിലക്ക് മേല്‍ ഉത്തരവാദിത്തം(Superior responsibilites) ആണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിനെതിരെ ഒരു സാക്ഷിയെപ്പോലും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തെളിവായി കൊണ്ട് വന്നത് മുഴുവന്‍ പത്രകട്ടിംഗുകള്‍! പുസ്തകങ്ങള്‍ കൊണ്ട് വന്നിരുന്നതെങ്കില്‍ ഇതിനേക്കാള്‍ ഭേദമായിരുന്നെന്ന് ട്രൈബ്യൂണലിന് തന്നെ പറയേണ്ടി വന്നു. പത്രകട്ടിംഗുകള്‍ പോലും തെളിവാകുന്ന സമീപകാല ലോക ചരിത്രത്തിലെ ഏറ്റവും അപഹാസ്യമായ വിചാരണ പ്രഹസനങ്ങളിലൊന്നാണിതെന്ന് പറയാന്‍ മറ്റെന്ത് തെളിവ് വേണം. ഗുലാം അഅ്‌സമിന്റെ അഭിഭാഷകന്‍ പറഞ്ഞതാണ് ശരി: അദ്ദേഹത്തെ ഒരു മിനിറ്റ് ശിക്ഷിക്കാനുള്ള തെളിവ് പോലും പ്രോസിക്യൂഷന്റെ കൈവശമില്ല.
    ഇനി ആ പത്രകട്ടിംഗുകളുടെ കാര്യം. ബംഗ്ലാദേശിലെ പ്രമുഖരോടൊപ്പം 'പീസ് കമ്മിറ്റികള്‍' ഉണ്ടാക്കി ഗുലാം അഅ്‌സം കലാപകാലത്ത് സമാധാനശ്രമങ്ങള്‍ നടത്തിയിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. ഹിന്ദു-മുസ്‌ലിം സ്പര്‍ദയോ മറ്റോ ഊതിക്കത്തിക്കുന്ന എന്തെങ്കിലും പ്രസ്താവന അദ്ദേഹം നടത്തിയതായി ഇക്കാലത്തെ പത്രങ്ങള്‍ എവിടെ ചികഞ്ഞാലും കണ്ടെത്താനാവുകയില്ല. വിമോചനപ്പോരാളികളെയും സൈനിക നേതൃത്വത്തെയും മാറിമാറി സന്ദര്‍ശിച്ചുകൊണ്ട് അനുരജ്ഞനത്തിന് ശ്രമിക്കുകയായിരുന്നു അദ്ദേഹവും പീസ് കമ്മിറ്റികളിലെ മറ്റു നേതാക്കളും. ഇതിന്റെ ഭാഗമായി അദ്ദേഹം പാക് ജനറല്‍ ടിക്കാ ഖാനെയും സന്ദര്‍ശിച്ചിരുന്നു. ഇവര്‍ ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോകളാണ് അദ്ദേഹത്തിന് കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുണ്ട് എന്നതിന് തെളിവായി പിന്നീട് പ്രചരിപ്പിക്കപ്പെട്ടത്.  ആ കട്ടിംഗുകളുടെ ഒരു കെട്ട് പ്രോസിക്യൂഷനും ഹാജരാക്കി ട്രൈബ്യൂണലില്‍!
    പ്രഫ. ഗുലാം അഅ്‌സം കിടന്ന, ഖബ്ര്‍ പോലെ ഇടുങ്ങിയ തടവറയില്‍ പിന്നെയെത്തിയത് ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ്. അദ്ദേഹത്തിന് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. വിധികേട്ടപ്പോള്‍ ഭാവമാറ്റങ്ങളൊന്നുമില്ലാതെ അദ്ദേഹം ജഡ്ജിയോട് പറഞ്ഞു: 'താങ്കളുടെ വിധിപ്രസ്താവം നൂറ് ശതമാനം അധാര്‍മികമാണ്; ഞാന്‍ നൂറ് ശതമാനം നിരപരാധിയും. ശരിയാണ്, ഞാനൊരു തെറ്റ് ചെയ്തിട്ടുണ്ട്. അത് ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു എന്നുള്ളതാണ്.' കഴിഞ്ഞ മന്ത്രിസഭയില്‍ അഴിമതി രഹിത ഭരണം കാഴ്ചവെച്ച് ജനപ്രീതി നേടിയ മന്ത്രിയായിരുന്നു അലി അഹ്‌സന്‍. ഒരു കാലത്ത് ജമാഅത്ത് ബന്ധമുണ്ടായിരുന്ന, ഇപ്പോള്‍ പ്രവാസിയായിക്കഴിയുന്ന, ഖുര്‍ആന്റെ സന്ദേശപ്രചാരണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന അബുല്‍ കലാം ആസാദിനെതിരെയുമുണ്ട് വധശിക്ഷ. അബുല്‍കലാം മുഹമ്മദ് യൂസുഫ്, മൗലാനാ അബ്ദുസ്സുബ്ഹാന്‍, അസ്ഹറുല്‍ ഇസ്‌ലാം, മീര്‍ ഖാസിം അലി തുടങ്ങിയ ജമാഅത്ത് നേതാക്കള്‍ക്കും ഉടന്‍ വധശിക്ഷ പ്രതീക്ഷിക്കാം.

ഇനിയെന്ത്?
    ബംഗ്ലാ രാഷ്ട്രീയം അനുദിനം വഷളായി വരികയാണ്. തങ്ങളുടെ ഏകാധിപത്യ നയങ്ങളെ പിന്തുണക്കാത്തവരെ മുഴുവന്‍ രാജ്യദ്രോഹികളുടെ പട്ടികയില്‍ പെടുത്തുകയാണ് അവാമി ലീഗ് ഭരണകൂടം. അബ്ദുല്‍ ഖാദിര്‍ മുല്ലക്ക് വധശിക്ഷ നല്‍കണമെന്ന് അപ്പീല്‍ നല്‍കിയ 2013 ഫെബ്രുവരി 20-ന് ബംഗ്ലാ നിയമകാര്യമന്ത്രി സുരന്‍ജിത് സെന്‍ഗുപ്ത പറഞ്ഞു: 'ഞങ്ങള്‍ 1972 ലെ ഭരണഘടന(ഏകപാര്‍ട്ടി ഭരണം, പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ്) തിരിച്ചുകൊണ്ട് വരാന്‍ ആഗ്രഹിക്കുന്നു. ജമാഅത്തിനെതിരെ സകല നിരോധവും കൊണ്ട് വരും. അതിന്റെ നേതാക്കള്‍ക്ക് വധശിക്ഷ നല്‍കും.' ശൈഖ് മുജീബുര്‍റഹ്മാന്റെ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന ഡോ. കമാല്‍ ഹുസൈനെയും നോബല്‍ സമ്മാനജേതാവ് മുഹമ്മദ് യൂനുസിനെയും കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. കാരണം ജമാഅത്ത് നേതാക്കള്‍ക്ക് വധശിക്ഷ നല്‍കുന്നതിനെ അവര്‍ പിന്തുണക്കുന്നില്ല. ആ മൗനം രാജ്യദ്രോഹമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം (ഇന്‍ഡിപെന്‍ഡന്റ് ദിനപത്രം, ധാക്ക, 2013 ഫെബ്രുവരി 21). മുഹമ്മദ് യൂനുസിന്റെ ഗ്രാമീണ ബാങ്കിംഗ് ശൃംഖല ഗവണ്‍മെന്റ് ഈയിടെ ഏറ്റെടുത്തത് ഈ പ്രതികാര നടപടിയുടെ തുടര്‍ച്ചയാണ്. ജമാഅത്തിനെ മാത്രമല്ല, വിയോജിക്കുന്നവരെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്ന ജനവിരുദ്ധ നടപടികളാണ് അരങ്ങേറുന്നത്.
    കഴിഞ്ഞ ജൂണില്‍ ബംഗ്ലാദേശില്‍ നടന്ന കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ഒരു സൂചകമായി എടുക്കാമെങ്കില്‍, വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് അവാമി ലീഗിനെയും കൂട്ടരെയും കാത്തിരിക്കുന്നത്. സില്‍ഹറ്റ്, ബാരിസല്‍, രാജഷാഹി, ഖുല്‍ന എന്നീ നാല് കോര്‍പറേഷനുകളിലേക്ക് നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ബംഗ്ലാ നാഷനലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) നേതൃത്വം നല്‍കുന്ന 18 കക്ഷിമുന്നണി(ഇതില്‍ ജമാഅത്ത് ഒരു പ്രധാന കക്ഷിയാണ്) നാലിലും അവാമി ലീഗിനെതിരെ വന്‍വിജയം നേടുകയുമുണ്ടായി. ഇതില്‍ ഭീതി പൂണ്ട ഭരണകക്ഷി അടുത്ത പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്താന്‍ സാധ്യതയില്ല എന്നാണ് മനസ്സിലാവുന്നത്. നിലവിലെ ചട്ടമനുസരിച്ച് ഭരിക്കുന്ന കക്ഷി പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ പാടില്ല. ഒരു കെയര്‍ടേക്കര്‍ ഭരണമാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. കെയര്‍ടേക്കര്‍ ഭരണത്തിന് കൈമാറാതെ താന്‍ സ്വയം തന്നെ തെരഞ്ഞെടുപ്പ് നടത്തും എന്നാണ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പ്രഖ്യാപനം. 1996-ല്‍ അന്ന് പ്രതിപക്ഷത്തായിരുന്ന ഹസീന ജമാഅത്തെ ഇസ്‌ലാമിയെയും കൂട്ട് പിടിച്ച് ബി.എന്‍.പി സര്‍ക്കാറിനെതിരെ നടത്തിയ സമരത്തിനൊടുവിലാണ് ഈ കെയര്‍ടേക്കര്‍ സംവിധാനം നിലവില്‍ വന്നത് എന്നതാണ് ഇതിലെ തമാശ. ഈ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ബി.എന്‍.പിയും സഖ്യകക്ഷികളും. തെരഞ്ഞെടുപ്പ് ഏതെങ്കിലും വിധത്തില്‍ അട്ടിമറിക്കപ്പെടുകയാണെങ്കില്‍ ജനാധിപത്യത്തിന്റെ മറ്റൊരു കുരുതിക്കളമായി ബംഗ്ലാദേശ് മാറും.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top