ഈജിപ്ത് അട്ടിമറിയിലൂടെ പടിഞ്ഞാറിന്റെ ഇസ്‌ലാം പേടിയാണ് പുറത്ത് വന്നത്

ക്രിസ് ഹെഡ്ജ്‌‌
img

ഈജിപ്തില്‍ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലകള്‍ തീവ്രവാദ ചിന്താഗതികളിലേക്ക് ജനങ്ങലെ എത്തിക്കും. ദരിദ്രരായ മുസ്‌ലിംകള്‍ ചെന്നെത്താറുള്ള അവസാനത്തെ സങ്കേതമാണ് റാഡിക്കല്‍ ഇസ്‌ലാം. അഞ്ചുനേരത്തെ നമസ്‌കാരങ്ങളാണ് ദരിദ്രമുസ്‌ലിംകളുടെ ജീവിതം ക്രമപ്പെടുത്തുന്ന ഒരേയൊരു സംഗതി. ജീവിതത്തിനൊരു ലക്ഷ്യമുണ്ടെന്ന തിരിച്ചറിവോടൊപ്പം, നമസ്‌കാരങ്ങള്‍ക്കു മുമ്പ് നിര്‍വഹിക്കുന്ന വുദൂവും കര്‍ക്കശമായ നിയമനിര്‍ദേശങ്ങളും നിരാശ്രയരായ പരകോടി മുസ്‌ലിംകള്‍ക്ക് ആശപകര്‍ന്നു നല്‍കുന്നു. അടിച്ചമര്‍ത്തലുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന തീവ്രവാദപ്രത്യയശാസ്ത്രങ്ങള്‍ കര്‍ക്കശവും വിട്ടുവീഴ്ചയില്ലാ മനോഭാവം പുലര്‍ത്തുന്നതുമായിരിക്കും. ലോകത്തെ കറുപ്പ്/വെളുപ്പ്, നല്ലത്/ചീത്തത്, വിശ്വാസി/അവിശ്വാസി എന്നിങ്ങനെ ദ്വന്ദ്വങ്ങളായി വിഭജിച്ചുനിര്‍ത്തുന്നു അത്. ക്രിസ്തീയ, ജൂത, സ്ത്രീ സമൂഹങ്ങളോട് നിഷ്‌കരുണമായിരിക്കുമത് പെരുമാറുക. അതേസമയം, സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്ക് ആശയും അഭയവുമായി വര്‍ത്തിക്കുന്നു. ഹുസ്‌നി മുബാറകിന്റെ കിരാതമായ പട്ടാളഭരണത്തിലേക്കുള്ള തിരിച്ചുപോക്കുമാത്രമല്ല, ഈജിപ്തിനെയും മറ്റുദരിദ്ര രാഷ്ട്രങ്ങളെയും ഭീകരമായ രക്തച്ചൊരിച്ചിലിലേക്കു നയിക്കാനിരിക്കുന്ന ഒരു വിശുദ്ധയുദ്ധത്തിന്റെ തുടക്കമാണിപ്പോള്‍ ഈജിപ്തില്‍ നടക്കുന്നത്.
    റാഡിക്കല്‍ ഇസ്‌ലാമിന്റെ സ്വാധീനശേഷി തകര്‍ക്കണമെങ്കില്‍, അനുയായികള്‍ക്ക് വിപുലമായ സമ്പദ്ഘടനയിലൊരു ഓഹരി നല്‍കേണ്ടിവരും; ദാരിദ്ര്യവും നിരാശയും നിരാശ്രയത്വങ്ങളൊന്നുമലട്ടാത്ത ഭാവിജീവിതത്തിന്റെ കച്ചിത്തുരുമ്പെങ്കിലും നല്‍കേണ്ടിവരും. കെയ്‌റോവില്‍ പടര്‍ന്നുപന്തലിച്ചു കൊണ്ടിരിക്കുന്ന ഗല്ലികളിലോ ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകളിലോ ന്യൂ ദല്‍ഹിയിലെ കോണ്‍ക്രീറ്റ് കൂരകളിലോ ഒക്കെ ജീവിച്ചുനോക്കുക. എല്ലായിടത്തും പ്രതീക്ഷകള്‍ ഇരുളടഞ്ഞിരിക്കുകയാണ്. പഠിക്കാന്‍ പോകാനൊക്കില്ല. ജീവിക്കാന്‍ ഒരു ജോലിയും തരപ്പെടില്ല. വിവാഹം കഴിക്കാനൊരു വഴിയുമുണ്ടാകില്ല. രാജപ്രഭുക്കളും പട്ടാള ജനറലുകളും വാഴുന്ന സമ്പദ്ഘടനയോട് പൊരുതിനില്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല. മുന്നിലുള്ള ഒരേയൊരു പോംവഴി രക്തസാക്ഷിയാകുക മാത്രമാണ്. ജീവിതത്തിലതുവരെ നേടാനാകാത്ത പ്രശസ്തിയുടെയും പ്രൗഢിയുടെയും നിമിഷങ്ങള്‍ നിങ്ങള്‍ക്കപ്പോള്‍ നേടിയെടുക്കാനാകും. അതുവഴി, ഈജിപ്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ മതയുദ്ധമായി വിശേഷിപ്പിക്കപ്പെടും. കെയ്‌റോവിലെ രക്തപങ്കിലമായ ചത്വരങ്ങളില്‍ നിന്നുയര്‍ന്നുവരുന്ന പ്രക്ഷോഭകാരികള്‍ നടത്തുന്ന അക്രമങ്ങള്‍ ഭീകരവാദപ്രവര്‍ത്തനങ്ങളായി ചിത്രീകരിക്കപ്പെടുകയും ചെയ്യും. യഥാര്‍ഥത്തില്‍ മതം സാധാരണ പൗരന് ആശ്വാസവും വിമോചനവുമാണ്.
    ഈ കലുഷസ്ഥിതിക്ക് കാരണമായി വര്‍ത്തിച്ചത് മതമല്ല. ലോകത്തെ പിന്നാക്കംപോയ ജനതക്ക് കീഴൊതുങ്ങിയും ദരിദ്രരായും, അല്ലെങ്കില്‍ വെടിയുണ്ടക്കിരയായുമൊക്കെ കഴിയേണ്ടിവരുന്ന, തകര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള സമ്പദ്ഘടനയാണതിനു കാരണം. പോരാട്ടനിരകള്‍ ഈജിപ്തില്‍ നിന്ന് ആഗോളതലത്തിലേക്ക് വളരുകയാണിപ്പോള്‍. ഈജിപ്തിലെ സൈനികസ്വേഛാധിപതി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസി അവരോധിച്ച നാമമാത്ര പ്രസിഡന്റ് അദ്‌ലി മന്‍സൂര്‍ ഈജിപ്തു ജനതക്കുമേല്‍ സൈനിക വാഴ്ച അടിച്ചേല്‍പിച്ചിരിക്കുകയാണ്. കര്‍ഫ്യൂവും അടിയന്തിരാവസ്ഥവരെ പ്രഖ്യാപിച്ചിരിക്കുന്നു. അത്രപെട്ടെന്നൊന്നും അത് എടുത്തു മാറ്റാന്‍ സാധ്യതയുമില്ല.
    റാഡിക്കല്‍ പ്രസ്ഥാനങ്ങളുടെ ജീവരക്തം രക്തസാക്ഷിത്വമാണ്. ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ കൃത്യങ്ങള്‍ അതിനു വേണ്ടുവോളം സഹായവുമായിട്ടുണ്ട്. ഇനി വിശുദ്ധാത്മാക്കളുടെ ഊരും പേരുമുപയോഗപ്പെടുത്തി ക്ഷുഭിതരായ പണ്ഡിതന്മാര്‍ പ്രതികാരയുദ്ധത്തിന് ആഹ്വാനം ചെയ്യാനുമിടയുണ്ട്. അക്രമം ശക്തിപ്പെടുകയും രക്തസാക്ഷികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നതിനനുസരിച്ച് മൊത്തം ഈജിപ്തിനെത്തന്നെ നാശോന്മുഖമാക്കിയേക്കാവുന്നൊരു യുദ്ധം ഉരുവപ്പെട്ടേക്കാം. പോലീസും കോപ്റ്റിക്ക് ക്രിസ്ത്യാനികളും പടിഞ്ഞാറുകാരും മതേതരവാദികളും വാണിജ്യസംരംഭങ്ങളും ബാങ്കുകളും ടൂറിസവ്യാപാരങ്ങളുമെല്ലാം അതിനു ഇരയാകുകയും ചെയ്യും. ബ്രദര്‍ഹുഡും റാഡിക്കല്‍ ഇസ്‌ലാമിസ്റ്റുകളും ചേര്‍ന്നൊരു തെരഞ്ഞെടുപ്പ്‌രാഷ്ട്രീയത്തിന്  അരങ്ങൊരുങ്ങാനുമിടയുണ്ട്. ബ്രദര്‍ഹുഡ് മിതവാദങ്ങളുന്നയിക്കുന്ന പ്രസ്ഥാനമാണ്. സമാധാനപരമായി അവര്‍ നയിച്ച പ്രക്ഷോഭങ്ങളെപ്പോലും പട്ടാളഭരണകൂടം നേരിട്ടത് ക്രൂരമായ രീതിയിലാണ്. ഇത് ജനങ്ങളില്‍ തീവ്രവാദ പ്രവണതക്ക് വളമേകുന്ന നടപടിയായിരിക്കും. 1990കളില്‍ കെയ്‌റോവില്‍ ന്യൂയോര്‍ക് ടൈംസ് ലേഖകനായി ഞാനുണ്ടായിരുന്നപ്പോള്‍ സംഭവിച്ചപോലെ കൂട്ടക്കൊലകളും കൊലപാതകങ്ങളും ഈജിപ്തിന്റെ നിത്യജീവിതത്തിലേക്ക് തുളച്ചുകയറും. അതുപക്ഷേ, ഇപ്രാവശ്യം അക്രമങ്ങള്‍ ദൂരവ്യാപകവും കൂടുതല്‍ രൂക്ഷവും നിയന്ത്രണാതീതവുമായിരിക്കും.
    ഈജിപ്തിലിപ്പോള്‍ നടക്കുന്നത്, ദരിദ്രസമൂഹങ്ങളും മാടമ്പിമാരും തമ്മില്‍ രൂപപ്പെടാനിരിക്കുന്ന വ്യാപകമായിരുന്ന/വ്യാപകമായ സംഘട്ടനത്തിന്റെ മുന്നൊരുക്കമാണ്. ഭക്ഷ്യവിലക്കയറ്റവും കാലവസ്ഥാമാറ്റങ്ങള്‍ വരുത്തിത്തീര്‍ക്കുന്ന വിളനാശവും ജനസംഖ്യാപെരുപ്പവും തൊഴിലില്ലായ്മയും തൊഴില്‍കുറവും വിഭവശോഷണവും മൂലമുണ്ടാകുന്ന യുദ്ധം. ഈജിപ്തിലെ 80 മില്ല്യണ്‍ ജനങ്ങളില്‍ 33 ശതമാനവും പതിനാലോ അതിനു താഴെയോ പ്രായമുള്ളവരാണ്.  പരലക്ഷം ജനങ്ങള്‍ ദാരിദ്ര്യരേഖക്കുതാഴെയോ തൊട്ടുമുകളിലോ ആയാണ് കഴിയുന്നത്. ലോകബാങ്കിന്റെ കണക്കനുസരിച്ച് അവിടത്തെ ദൈനംദിന വരുമാനം രണ്ടു ഡോളറാണ്. ഈജിപ്തിലെ ദരിദ്രജനങ്ങള്‍ അവരുടെ വരുമാനത്തിന്റെ പകുതിയിലേറെ ശതമാനവും ഭക്ഷണത്തിനു വേണ്ടിയാണ് ചിലവഴിക്കുന്നത്. പലപ്പോഴും ആ ഭക്ഷണങ്ങള്‍ക്കൊക്കെ തുഛംവരുന്ന പോഷകമൂല്യമേ ഉണ്ടാകാറുള്ളൂ. ഋഴ്യുശേമി ഇലിലേൃ ളീൃ ജൗയഹശര ങീയശഹശ്വമശേീി (ഇഅജങട)ഉം യു.എന്‍ ലോക ഭക്ഷ്യ പദ്ധതിസംഘവും പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച്, 2009ലെ പതിനാലു ശതമാനത്തില്‍ നിന്ന് 2011ല്‍ പതിനേഴ് ശതമാനത്തിലേക്ക് വളര്‍ന്നിട്ടുണ്ട് ഈജിപ്തിലെ ഭക്ഷ്യസുരക്ഷാകുറവ്. അതായത്, 13.7 മില്ല്യന്‍ ഈജിപ്ത്യന്‍ ജനത ഭക്ഷ്യസുരക്ഷാ ഭീഷണി നേരിടുന്നുണ്ടുവെന്ന്. ദരിദ്രവിഭാഗങ്ങളിലെ കുട്ടികള്‍ക്കിടയില്‍ പോഷകക്കുറവ് പകര്‍ച്ചാവ്യാധിയായിത്തീര്‍ന്നിട്ടുണ്ട്. അഞ്ചുവയസ്സിനടിയിലുള്ള 31 ശതമാനം കുഞ്ഞുങ്ങളുടെയും വളര്‍ച്ച മുരടിച്ചിട്ടുണ്ട്. നിരക്ഷരത 70 ശതമാനം വരെ കടന്നിരിക്കുന്നു.
    പാവങ്ങളി(ഘല െങശലെൃമയഹല)െല്‍ വിക്ടര്‍ ഹ്യൂഗോ ദരിദ്രജനങ്ങളുമായുള്ള യുദ്ധം വിവരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് സ്വാര്‍ഥംഭരികളും ബഹിഷ്‌കൃതരും തമ്മിലുള്ള പോരാട്ടമാണ് അതെന്നാണ്. ഹ്യൂഗോയുടെ അഭിപ്രായത്തില്‍, സ്വാര്‍ഥംഭരികള്‍ക്ക് സുഖാലസ്യത്തില്‍ കണ്ണുമഞ്ഞളിച്ച് സ്വബോധങ്ങള്‍വരെ നഷ്ടമാകുന്നു. പീഡിത വര്‍ഗങ്ങളെയൊക്കെ വെറുക്കുന്നിടത്തു വരെയെത്തുന്ന പീഡിതഭയം അവരിലുണ്ടാക്കുന്ന അലസഭാവത്തിന് കുലുക്കമുണ്ടാക്കുകയില്ല. മനസാക്ഷികള്‍ മരവിച്ചുപോകാന്‍ മാത്രം സ്വാത്മരതി അവരില്‍ വളര്‍ന്നിട്ടുണ്ടാകും. സ്വയമനുഭവിച്ച പീഡനങ്ങളും ഇല്ലായ്മകളും മൂലം അക്രമങ്ങളിലേക്ക് വഴിമാറിയ ബഹിഷ്‌കൃത സമൂഹം ശത്രുതയും ആര്‍ത്തിയും അപരരുടെ സന്തോഷത്തില്‍ അസന്തുഷടിയും പ്രകടിപ്പിക്കും. വ്യക്തിതാല്‍പര്യങ്ങള്‍ പൂര്‍ത്തീകരിച്ചെടുക്കാനവര്‍ ക്ഷുഭിതരായേക്കും. ആഗ്രഹപൂര്‍ണമായ ഹൃദയവും ദാരിദ്ര്യവും വിധിവിശ്വാസവും ശുദ്ധഅജ്ഞതയുമായിരിക്കും അവരെ നയിക്കുന്നത്.
    അടിച്ചമര്‍ത്തപ്പെട്ട ജനത പുല്‍കുന്ന വിശ്വാസ സംഹിതകള്‍ അസഹിഷ്ണുതാപരമാകാനിടയുണ്ട്. പക്ഷേ, ഈ വിശ്വാസവ്യവസ്ഥകളൊക്കെയും അനീതിയുടെയും ഭരണകൂട അതിക്രമങ്ങളുടെയും ലോകമേലാളന്മാര്‍ അവര്‍ക്കുനേരെ നടത്തിയ ക്രൂരകൃത്യങ്ങളുടെയുമൊക്കെ പ്രതികരണങ്ങളാണ് സത്യത്തില്‍. നമ്മുടെ ശത്രു റാഡിക്കല്‍ ഇസ്‌ലാമല്ല. ആഗോള മുതലാളിത്തമാണ്. ഇവിടെ ജീവിതം തകര്‍ന്നവര്‍ക്ക് വിപണിയിലെ കുത്തകള്‍ക്കു മുന്നില്‍ തലകുനിക്കേണ്ട സ്ഥിതിയാണുള്ളത്. പ്രകൃതി വിഭവങ്ങളും ലോകസമ്പത്തും ദുരുപയോഗം ചെയ്ത് ആഗോള കോര്‍പറേറ്റു മേലാളന്മാര്‍ വാഴുന്നിടത്ത് പാവങ്ങള്‍ക്ക് വിശന്നുവലയേണ്ട ഗതിയാണുള്ളത്. ഇവിടെ നമ്മുടെ സൈന്യവും അമേരിക്കന്‍ പിന്തുണയുള്ള പട്ടാളവും നഗരവീഥികളില്‍ കൂട്ടക്കശാപ്പു നടത്തുകയാണ്. സമീപസ്ഥമായൊരു ഡിസ്‌ട്ടോപ്യന്‍* ഭൂമികയിലേക്ക് തുറന്നുവെച്ച കിളിവാതിലാണ് ഈജിപ്ത്. ഇവിടെ നടക്കുന്ന അതിജീവനപോരാട്ടങ്ങള്‍ ഭൂഗോളത്തില്‍ മനുഷ്യവാസത്തിന്റെ ആണിയടിക്കും. അതെങ്ങനെയായിരിക്കുമെന്നറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ കെയ്‌റോവിലെ ഏതെങ്കിലുമൊരു ശവപ്പറമ്പ് സന്ദര്‍ശിക്കുക.
വിവ: മുഹമ്മദ് ശഹീര്‍Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top