ഇസ്‌ലാമും ശാസ്ത്രവും തമ്മിലുള്ള സംവാദങ്ങള്‍

‌‌

         മുസ്‌ലിംകളുടെ ശാസ്ത്ര ഇടപെടലുകളെക്കുറിച്ച നിരീക്ഷണങ്ങളും ഗവേഷണങ്ങളുമടങ്ങുന്ന സമ്പൂര്‍ണ സയന്‍സ് പതിപ്പാണ് ഈ പുതുവര്‍ഷത്തില്‍ ബോധനം മുന്നോട്ടുവെക്കുന്നത്. കേരളത്തില്‍ ആദ്യത്തെ ഒരു ശ്രമമാണിത്. ഇസ്‌ലാമും ശാസ്ത്രവും തമ്മിലുള്ള സംവാദങ്ങള്‍ ധാരാളമായി ലോകത്ത് നടന്നിട്ടുണ്ട്. ശാസ്ത്രങ്ങളിലെ വിവിധ ധാരകളെയും വിഷയങ്ങളെയും ഖുര്‍ആനുമായും ഹദീസുകളുമായും താരതമ്യംചെയ്ത് നടക്കുന്ന പഠനങ്ങള്‍ ഇന്ന് സുലഭമാണ്. ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇസ്‌ലാമിക ലോകത്തുനിന്നും പ്രസിദ്ധീകൃതമാകുന്ന ഗ്രന്ഥങ്ങള്‍, പ്രസിദ്ധീകരണാലയങ്ങളുടെ മുന്‍ഗണനാക്രമങ്ങളിലധികവും ശാസ്ത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും താരതമ്യപഠനങ്ങളുമായിരുന്നു. ശാസ്ത്രത്തെ അധികരിച്ച് ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളും സംഘടനകളും ഈ സമയങ്ങളില്‍ നിലവില്‍വന്നിരുന്നു. കേരളത്തില്‍ ശാസ്ത്രവിചാരം പോലുള്ള മാഗസിനുകള്‍ ഇതിനുദാഹരണമാണ്. ശാസ്ത്രത്തെയും ഇസ്‌ലാമിനെയും ബന്ധപ്പെടുത്തിയുള്ള താരതമ്യചര്‍ച്ചകളെക്കാള്‍ വളരെ പ്രധാനമായിരുന്നു സയന്‍സുമായി മുസ്‌ലിംലോകവും ഇസ്‌ലാമും നടത്തിയ ഇടപെടലുകള്‍. കേരളത്തിലെ മുസ്‌ലിംകള്‍ ഗോളശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, ശാസ്ത്ര മാഗസിനുകള്‍, പുസ്തകങ്ങള്‍ എന്നിവയുടെ പ്രസാധനത്തില്‍ വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചവരാണ്. വൈദ്യശാസ്ത്ര മേഖലയില്‍ നാല് വാള്യങ്ങള്‍ വരുന്ന അറബി ഗ്രന്ഥങ്ങള്‍ മലയാളികളായ മുസ്‌ലിംകള്‍ എഴുതിയിട്ടുണ്ടായിരുന്നു. ഖിബ്‌ലയുടെ ദിശ നിര്‍ണയം, കാലഗണനാക്രമങ്ങള്‍ എന്നിവ തിട്ടപ്പെടുത്തുന്നതിന് ശാസ്ത്രീയമായ രീതികള്‍ ഉപയോഗിച്ചിരുന്നു. ചാലിലകത്തിന്റെ ഫന്നുല്‍ മീഖാത്ത് ഈ വിഷയത്തില്‍ മികച്ച ഗ്രന്ഥമാണ്. ഇന്ത്യയില്‍ യൂനാനി മെഡിസിന്‍, ഉറുദുവില്‍ രചിക്കപ്പെട്ട ശാസ്ത്ര ഗ്രന്ഥങ്ങള്‍ എന്നിവയെല്ലാം പടിഞ്ഞാറിന്റെ നിര്‍ണിതമായ സൂത്രവാക്യങ്ങള്‍ രൂപപ്പെടുന്നതിനുമുമ്പ് മുസ്‌ലിംകള്‍ നടത്തിയ ശാസ്ത്രഗവേഷണങ്ങളാണ്. പാശ്ചാത്യര്‍ രൂപംചെയ്ത ശാസ്ത്രത്തിന്റെ നിരപേക്ഷതയും മറ്റൊരു പ്രശ്‌നമാണ്. നരവംശശാസ്ത്രവും സാമൂഹ്യശാസ്ത്രവുമെല്ലാം വ്യത്യസ്ത വിഭാഗങ്ങളെ അക്കാദമിക് വയലന്‍സിന് വിധേയമാക്കാനുള്ള ഉപാധികളായിരുന്നു. വിവിധ വംശങ്ങളുടെ യോഗ്യത കൂട്ടാനും ഇകഴ്ത്താനുമെല്ലാം അവര്‍ ശാസ്ത്രത്തെയാണ് ഉപയോഗപ്പെടുത്തിയത്. ഇസ്‌ലാംവിമര്‍ശനത്തിന് ശാസ്ത്രത്തില്‍ പ്രത്യേക ശാഖകള്‍ തന്നെ ഇതിന്റെ ഭാഗമായി തുടങ്ങിയിരുന്നു. ശാസ്ത്രത്തെ പടിഞ്ഞാറ്, കിഴക്ക് എന്നീ ദ്വന്ദങ്ങള്‍ക്കുപരിയായി ഇടപെടലുകള്‍ നടത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരുടെ നിരീക്ഷണങ്ങള്‍, അതിന്റെ സാധ്യതകള്‍, അപകട സൂചനകള്‍ എന്നിവയെ പരിചയപ്പെടുത്താന്‍ ബോധനം ഈ ലക്കം ഉദ്ദേശിക്കുന്നു. കേരളത്തിലെ മുസ്‌ലിംകള്‍, മുസ്‌ലിം പണ്ഡിതന്മാര്‍ നടത്തിയ ശാസ്ത്ര ഇടപെടലുകള്‍, സംവാദങ്ങള്‍, പുസ്തകങ്ങള്‍, വൈദ്യശാസ്ത്ര മേഖലയില്‍ നല്‍കിയിട്ടുള്ള കനപ്പെട്ട എഴുത്തുകള്‍ എന്നിവയും ഇതിന്റെ ഭാഗമായി പരിചയപ്പെടുത്തുന്നു.


Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top