ഐനുല്‍ ഖിബ്‌ല വിവാദം: മതവും ശാസ്ത്രവും ഒന്നിച്ച സന്ദര്‍ഭം

എം.കെ. നൗഷാദ് കാളികാവ്‌‌
img

         തികച്ചും മതപരമായ ഖിബ്‌ല നിര്‍ണയം എങ്ങനെയാണ് ശാസ്ത്ര സംബന്ധിയാവുന്നത്? അതിനുപയോഗിക്കുന്ന ശാസ്ത്രീയ ഏകകങ്ങള്‍ എങ്ങനെയാണ് മതമല്ലാതാവുന്നത്? അതുമല്ലെങ്കില്‍ എന്ത് മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ടാണ് അതിനെ മതമെന്നും ശാസ്ത്രമെന്നും വിഭജിക്കുന്നത്? ശാസ്ത്രീയതയെങ്ങനെയാണ് മതത്തിന് പുറത്തായി ഗണിക്കപ്പെടുന്നത്? തുടങ്ങി ഒട്ടനേകം ചോദ്യങ്ങള്‍ അവശേഷിക്കെതന്നെ, മതത്തെയും ശാസ്ത്രത്തെയും വേര്‍തിരിക്കാതെ, പരസ്പര പൂരകങ്ങളായ രണ്ട് ഏകകങ്ങളായി (parallel attributes) ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ കോളിളക്കം സൃഷ്ടിച്ച ഐനുല്‍ ഖിബ്‌ല വിവാദത്തില്‍ 'ശാസ്ത്രീയ-മത' വശങ്ങളെ ഒരു വിശകലനം അത്രമാത്രം. ഇവിടെ പ്രതിപാദ്യം കേരളം ഇന്ന് നാം കാണുന്ന 'കേരള സംസ്ഥാന'മല്ല; 1956 മുമ്പുള്ള മലബാറും തിരുവിതാംകൂറും തിരുകൊച്ചിയുമെല്ലാം ചേര്‍ന്നുള്ള പഴയ കേരളമാണ്.
ഐനുല്‍ ഖിബ്‌ല വിവാദത്തിന്റെ പ്രത്യക്ഷ-പരോക്ഷ ബന്ധം തീര്‍ത്തും മതപരമായിരുന്നു, മതവുമായി ബന്ധപ്പെട്ടായിരുന്നു. കേരള മുസ്‌ലിംകള്‍ക്കിടയില്‍ കാലങ്ങളായി നിലനിന്നിരുന്ന ഇന്നും നിലനില്‍ക്കുന്ന പല വിവാദ-വാദപ്രതിവാദങ്ങളിലാണ് എന്ന നിലക്കതിനെ സമീപിക്കല്‍ അഭികാമ്യമല്ല.
വര്‍ഷങ്ങളുടെ തുടര്‍ച്ചയായ പഠന-ഗവേഷണ-പരീക്ഷണ പ്രവര്‍ത്തനങ്ങളുടെ അനന്തര ഫലമായുണ്ടായ വൈജ്ഞാനിക പ്രതിഫലനമായിരുന്നു 'ഐനുല്‍ ഖിബ്‌ല വിവാദം' എന്ന പേരിലറിയപ്പെടുന്ന ഖിബ്‌ല വിവാദം. അതിന്റെ പ്രധാന തെളിവ് അതില്‍ അണിനിരന്ന 'കക്ഷി'കളുടെ personal profile ആണ്.
ഐനുല്‍ ഖിബ്‌ല വിവാദം പണ്ഡിതന്മാര്‍ക്കിടയില്‍ പ്രാധാന്യമര്‍ഹിക്കാനുണ്ടായ പ്രധാന കാരണം അതിന്റെ അടിസ്ഥാന സ്വഭാവം തന്നെയായിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നായ നമസ്‌കാരത്തിന്റെ 'ഖിബ്‌ലക്ക് മുന്നിടുക'യെന്ന 'ശര്‍ത്തില്‍' (conditon) മേലായിരുന്നു ചര്‍ച്ചകളത്രയും. കൃത്യമായി ഖിബ്‌ലക്ക് അഭിമുഖമായി നമസ്‌കാരം നിര്‍വഹിച്ചാല്‍ മാത്രമേ പ്രാര്‍ഥന സ്വഹീഹ്(valid) ആവൂ എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം (ഐനുല്‍ ഖിബ്‌ല). അതേസമയം, ഏകദേശം ഖിബ്‌ലയുടെ വശത്തേക്ക് തിരിഞ്ഞ് നമസ്‌കരിച്ചാലും പ്രാര്‍ഥന സ്വഹീഹാവും എന്നായിരുന്നു മറുവാദം (jihatul Qubla).
ഐനുല്‍ ഖിബ്‌ലയുടെ വക്താവായി പ്രധാനമായും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും(1866-1919), കാസര്‍ഗോഡ് ഖാസി അബ്ദുല്ല മൗലവി, ചാലിലകത്തിന്റെ ശിഷ്യനായ ചെറുശ്ശേരി അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, നെഞ്ചല്‍പാനടി സുലൈമാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു. എതിര്‍ ചേരിയില്‍, കൊല്ലോളി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, യൂസുഫ് മുസ്‌ലിയാര്‍, കോയാ കുട്ടി സാഹിബ്, തട്ടാങ്ങര കുട്ടിയമു മുസ്‌ലിയാര്‍, കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍, പുളിക്കല്‍ കൊയ്യോളി അഹ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു.
ഐനുല്‍ ഖിബ്‌ല വിവാദ ചര്‍ച്ചകളിലെ ഏറ്റവും ശ്രദ്ധേയമായ വശം അതിലെ പങ്കാളിത്തമായിരുന്നു. ഒരുവശത്ത് അധ്യാപകനും മറുവശത്ത് വിദ്യാര്‍ഥിയുമിരുന്ന് പരസ്പരം പോരടിച്ച സന്ദര്‍ഭം കൂടിയായിരുന്നു സംവാദം. ചാലിലകത്തിന്റെ എതിര്‍വശത്ത് അദ്ദേഹത്തിന്റെ ഗുരുനാഥനും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളും അണിനിരന്നതായി നമുക്ക് കാണാന്‍ കഴിയും.
അന്ന്, തീര്‍ത്തും ശാസ്ത്രീയമായ ഏകകങ്ങളുടെ അകമ്പടികളോടെ മാത്രം തീര്‍പ്പിലെത്താന്‍ കഴിയുന്ന തികച്ചും മതപരമായൊരു വിഷയത്തിന്റെ പരിഹാരത്തിനായി പഠന-നിരീക്ഷണ-മത്സരത്തിലേര്‍പ്പെട്ടവര്‍ 'സാധാരണക്കാരായ മതപണ്ഡിതന്മാരായിരുന്നു.'
ശാസ്ത്രം അത്രമേല്‍ പുരോഗമിച്ചിട്ടില്ലാത്ത, പ്രത്യേകിച്ച് കേരളക്കരയിലേക്ക് അത്രയൊന്നും ശാസ്ത്രത്തിന്റെ വരവറിയിച്ചിട്ടില്ലാത്ത കാലഘട്ടത്തിലായിരുന്നു. ഈ മത-ശാസ്ത്ര സംവാദം സംഘടിപ്പിക്കപ്പെട്ടതെന്നത് ശ്രദ്ധേയമാണ്.
ഖിബ്‌ല തര്‍ക്കം ഒരവസരത്തില്‍ തികഞ്ഞ ദൈവഭയത്തിന്റെയും മതപണ്ഡിതന്മാര്‍ പുലര്‍ത്തിപ്പോന്ന ശാസ്ത്ര പഠന വിശകലനങ്ങളുടെയും പ്രതീകം കൂടിയായിരുന്നു. അതോടൊപ്പം, ആരോഗ്യകരമായൊരു സംവാദ പൈതൃകം കൂടി തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടാന്‍ കഴിയുന്ന തരത്തിലുള്ള ഉദാഹരണം കൂടിയായിരുന്നു. ഇതിന്റെ വക്താക്കളായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കോയാകുട്ടി സാഹിബ്, കുഞ്ഞന്‍ ബാവമുസ്‌ലിയാര്‍, തട്ടാങ്ങര കുട്ട്യാമു തുടങ്ങിയവര്‍ ഒരേസമയം മതനേതൃത്വവും ഒരവസരത്തില്‍ മതത്തിന് പുറത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ട മാത്തമാറ്റിക്‌സ്, ആസ്‌ട്രോളജി തുടങ്ങി ശാസ്ത്രശാഖകളില്‍ അഗ്രഗണ്യന്മാരും ഇവ്വിഷയങ്ങളിലെ ഗ്രന്ഥകാരന്മാര്‍ കൂടിയായിരുന്നു.
തന്റെ വാദങ്ങള്‍ സംബന്ധിയായി ഇല്‍മുല്‍ ഫലഖ് ഇല്‍മുല്‍ ഹിസാബ്(ilmul hisab), ഇല്‍മുല്‍ മീഖാത്ത് തുടങ്ങിയവ വിശകലനം ചെയ്ത് ചാലിലകത്ത് രചിച്ച ഗ്രന്ഥമാണ് 'അദ്ദഅ്‌വയും 'തുഹ്ഫത്തുല്‍ അക്താബും. തന്റെ വാദങ്ങള്‍ക്ക് പുറമെ ഇന്ത്യക്കകത്തും പുറത്തുമുള്ള ഒട്ടനവധി പണ്ഡിതന്മാരുടെ ഖിബ്‌ല സംബന്ധിയായ ഫത്‌വകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണീ കൃതികള്‍. അപ്രകാരം മംഗലാപുരം ദെഞ്ചില്‍പാടി സുലൈമാന്‍ മുസ്‌ലിയാര്‍ രചിച്ച തുഹ്ഫത്തുല്‍ അഫ്ബാബ് എന്ന ഗ്രന്ഥം ചാലിലകത്തിന്റെ വാദവും എതിര്‍വാദവും അതിന് സമാനമായ രാജ്യ-രാജ്യാന്തര ഫത്‌വകള്‍ ഉള്‍ക്കൊള്ളിച്ചുള്ള കൃതിയാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അദ്ദേഹം തന്നെ രചിച്ച മറ്റൊരു ഗ്രന്ഥം 'ഖൈറുല്‍ അദില്ല ഫീ ഇസ്തിഖ്ബാലില്‍ ഖിബ്‌ല' എന്ന അറബി മലയാള ഗ്രന്ഥവും ഈ വിഷയം സമഗ്രമായി കൈകാര്യം ചെയ്യുന്നവയാണ്. ഈ വിഷയ സംബന്ധിയായി രചിക്കപ്പെട്ട മറ്റൊരു ഗ്രന്ഥമാണ് അഹ്മദ് കോയ ശാലിയാത്തിയുടെ 'ഖീറത്തുല്‍ അദില്ല ഫീ ഹദിയിസതിഖ്' എന്ന കൃതി.
1900ത്തിന്റെ തുടക്കത്തിലാണ് 'ഐനുല്‍ ഖിബ്‌ല' കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഉടലെടുക്കുന്നത്. പ്രഗദ്ഭ പണ്ഡിതനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വെളിപ്പെടുത്തലുകളാണ് യഥാര്‍ഥത്തില്‍ ഇത്തരമൊരു ചര്‍ച്ചയിലേക്ക് വഴിതെളിച്ചത്. വെല്ലൂര്‍ ലത്വീഫിയ്യയിലെ പ്രഗദ്ഭ പണ്ഡിതരായ മുഹമ്മദ് റുഖ്‌നുദ്ദീന്‍ ഖാദിരിയ്യയില്‍നിന്നും ശൈഖ് മുഹമ്മദ് അബ്ദുല്‍അസീസ് ജലീലില്‍നിന്നും ആസ്‌ട്രോളജി, ലോജിക്, ഫിലോസഫി, ജ്യോമിട്രി തുടങ്ങിയ വിഷയങ്ങളില്‍ ആഴങ്ങളിലുള്ള പഠനങ്ങള്‍ നടത്തിയ ശേഷമാണ് അധ്യാപനത്തിനായി ചാലിലകത്ത് കേരളത്തിലെത്തുന്നത്. ലത്വീഫിയ്യയിലെ പഠനത്തിനു ശേഷം അതിരാം പട്ടണത്തിലെ അബ്ദുല്‍ ഹസീലം സാഹിബില്‍നിന്നും 6 മാസക്കാലം ഇല്‍മുല്‍ ഫലഖില്‍ പ്രത്യേക പരിശീലനമഭ്യസിച്ചിരുന്നു. വ്യത്യസ്ത ഗുരുനാഥന്മാരുടെ ശിക്ഷണം കൊണ്ടാവാം പഠന-നിരീക്ഷണ-വീക്ഷണങ്ങളില്‍ തന്റേത് മാത്രമായൊരു ശൈലി ചാലിലകത്തിനുണ്ടായിരുന്നു. ഭൗതിക, ഗോള ശാസ്ത്ര പഠനങ്ങള്‍ക്കപ്പുറം മതം നിഷ്‌കര്‍ഷിക്കുന്ന തലത്തിലേക്ക് (എന്നാല്‍ ശാസ്ത്രം നിരാകരിക്കുന്ന) കൂടി പഠന-പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിക്കുന്നതിലദ്ദേഹം ശ്രദ്ധാലുവായിരുന്നു. കാര്യങ്ങളെ കൃത്യമായും കാര്യക്ഷമമായും സമീപിച്ചതിന്റെ അനന്തര ഫലമാവാം പല വിഷയങ്ങളിലും തന്റെതായൊരു വീക്ഷണവും കാഴ്ചപ്പാടും രൂപീകരിക്കാനദ്ദേഹത്തിന് സാധിച്ചത്.
ഗോളശാസ്ത്ര പഠനത്തില്‍ ചാലിലകത്തിനെ സ്വാധീനിച്ച ബൃഹത്തായൊരു ഗ്രന്ഥമായിരുന്നു Risalathy Maradini: Sheik Ahmadul Adravi (അദ്‌റവി) എന്നറിയപ്പെടുന്ന അഹ്മദ് ഹാഷിം സാഹിബില്‍നിന്ന് തന്നെയായിരുന്നു ഈ ഗ്രന്ഥത്തിലുമദ്ദേഹം പരിചയപ്പെടുന്നതും മനസ്സിലാക്കിയെടുക്കുന്നതും.
ശൈഖ് അഹ്മദ് ഹാഷിം സാഹിബിന്റെ ശിക്ഷണത്തോടെയാണ് റുബൂഉല്‍ മുജയ്യദ് ഉപയോഗിച്ച് രിസാലത്തു മാറദീനിയുന്‍ വളരെ സങ്കീര്‍ണങ്ങളായ ക്രിയകളോരോന്നുമദ്ദേഹത്തിന് ഉരുത്തിരിച്ചെടുക്കാന്‍ സാധിച്ചത്. പിന്നീടവകളെ ലളിതമായ ശാസ്ത്ര സങ്കേതമുപയോഗിച്ച് ലഘൂകരിക്കാനും പ്രായോഗികരീതിയിലേക്ക് കൊണ്ടുവരുവാനുമദ്ദേഹത്തിന് സാധിച്ചു. ഇതേത്തുടര്‍ന്ന് ഇല്‍മുല്‍ ഫലഖിലും ഇല്‍മുല്‍ മീഖാത്തിലും കാലങ്ങളായി തുടര്‍ന്ന് വന്നിരുന്ന അല്‍ജിബ്ര രീതിയില്‍ നിന്നും മാറി അരിത്തമെറ്റിക് രീതിയില്‍ രിസാലത്തി മാറദീനിയുടെ ശൈലി തന്നെ മാറ്റി പുതിയൊരു രീതിയില്‍ അദ്ദേഹം അത് ആവിഷ്‌കരിച്ചു. തുടര്‍ന്ന്, സ്വന്തമായി നമസ്‌കാര സമയ ഖിബ്‌ല നിര്‍ണയത്തിന് ആയാസരഹിതമായൊരു രീതിയുമദ്ദേഹം കൊണ്ടുവന്നു. അതോടൊപ്പം, പുതിയ നമസ്‌കാര സമയം ക്രോഡീകരിക്കുകയും ചെയ്തു. ഈ വിഷയങ്ങള്‍ സംബന്ധിയായി ചാലിലകത്ത് രചിച്ച ഗ്രന്ഥങ്ങളില്‍ ചിലതാണ് 'ഹാശിയാത്തുന്‍ അലാ രിസാലത്തില്‍ മാറദീനി, കിതാബുല്‍ ഹിസാബി ഫീ ഇല്‍മില്‍ മിര്‍ഖാത്തി, രിസാലത്തു അവാ ഫീ ഖിബ്‌ലത്തി തുടങ്ങിയവ.
വെല്ലൂരില്‍നിന്നും തിരിച്ചെത്തിയ ശേഷം മയ്യഴിയില്‍ ദര്‍സ് നടത്തിയിരുന്ന ചാലിലകത്ത് പുളിക്കലുണ്ടായിരുന്ന പി.പി കോയാകുട്ടി സാഹിബിന്റെ ക്ഷണപ്രകാരമായിരുന്നു പുളിക്കല്‍ വലിയ ജുമുഅത്ത് പള്ളിയിലെത്തുന്നതും ദര്‍സ് നടത്തുന്നതും. വെല്ലൂരില്‍നിന്നും മറ്റുമായി അദ്ദേഹം പഠിച്ചെടുത്ത ഇല്‍മുല്‍ ഫലഖ്, ഇല്‍മുല്‍ ഹിസാബ്, ഇല്‍മുല്‍ മീഖാത്ത് തുടങ്ങിയ സ്വാഭാവികമായും അദ്ദേഹത്തിന്റെ പാഠ്യ വിഷയങ്ങളുടെ ഭാഗമായി. കേരളത്തില്‍ മത വിദ്യാര്‍ഥികള്‍ക്കിടയില്‍ പൊതുവില്‍ അപരിചിതമായിരുന്നു ഈ വിഷയങ്ങള്‍. അതുകൊണ്ടു തന്നെ, വിദ്യാര്‍ഥികള്‍ ആവേശപൂര്‍വമായിരുന്നു ഇവകളെ സ്വീകരിച്ചത്. ഇത്തരം വിഷയങ്ങള്‍ പഠിച്ചെടുക്കുന്നതിലും പരീക്ഷിക്കുന്നതിലും വിദ്യാര്‍ഥികളും വളരെ വലിയ താല്‍പര്യം കാണിച്ചു.
വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഇവ്വിഷയങ്ങള്‍ പുതിയതായിരുന്നു. അതുകൊണ്ടുതന്നെ, പരീക്ഷണാടിസ്ഥാനത്തില്‍ മലബാറിലെ, പ്രത്യേകിച്ച് കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പള്ളിയുടെ ഖിബ്‌ലയവര്‍ പരിശോധിക്കുകയുണ്ടായി. ഇതുവഴി ഒട്ടുമിക്ക പള്ളികളുടെയും ദിശ കൃത്യമല്ലെന്നവര്‍ കണ്ടെത്തുകയും ചെയ്തു. പരീക്ഷണ ഫലങ്ങള്‍ ഉസ്താദിനെ അറിയിച്ചതിന്റെ ഫലമായി ചാലിലകത്ത് തന്നെ നേരിട്ട് പല പള്ളികളുടെയും ഖിബ്‌ലയുടെ ദിശ പരിശോധിക്കുകയും അദ്ദേഹം ദര്‍സ് നടത്തിയിരുന്ന പുളിക്കല്‍ ജുമുഅത്ത് പള്ളിയുടെ ഖിബ്‌ല തന്നെ തെറ്റാണെന്നദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രഖ്യാപനം വളരെ വലിയ പ്രത്യാഘാതമുണ്ടാക്കി. ഇതേത്തുടര്‍ന്ന് രൂപംകൊണ്ട ചര്‍ച്ചകളും സംവാദങ്ങളുമാണ് 'ഐനുല്‍ ഖിബ്‌ല വിവാദ'മെന്ന പേരിലറിയപ്പെട്ടത്. ഇതുവഴി കേരളത്തിലെ പണ്ഡിതന്മാരെല്ലാം രണ്ട് ചേരികളായി തീര്‍ന്നു- ഐനുല്‍ ഖിബ്‌ല വിഭാഗവും ജിഹത്തുല്‍ ഖിബ്‌ല വിഭാഗവും. ഇതില്‍ ഐനുല്‍ ഖിബ്‌ല വിഭാഗത്തിലെ പ്രധാനിയായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി.
ഈ ചര്‍ച്ചയുടെ ഫലമെന്നോണം കേരളത്തിനകത്ത് പലയിടങ്ങളിലായി സംവാദങ്ങളും തീപ്പൊരി ചര്‍ച്ചകളും അരങ്ങേറി. ഇതില്‍ ഏറ്റവും പ്രാധാന്യമേറിയ രണ്ട് സംവാദങ്ങളായിരുന്നു പുളിക്കലിലെ സംവാദവും മാഹിയിലെ സംവാദവും. മാഹിയിലെ സംവാദത്തിനു ശേഷം ഒരു പരിധിവരെ ഈ വിഷയം കെട്ടടങ്ങി. ഈ സംവാദാവസാനം കുട്ട്യാമു മുസ്‌ലിയാര്‍ 'മലബാറിലെ മുസ്‌ലിംകള്‍ ഇനി അവരുടെ നാടിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് തിരിഞ്ഞ് നമസ്‌കരിച്ചാല്‍ അവരുടെ നമസ്‌കാരം ശരിയാണ്' എന്നെഴുതിയ ഒരൊപ്പു ശേഖരണം നടത്തി. ഇതില്‍ വളരെ കുറഞ്ഞവരൊഴികെ മറ്റെല്ലാ പണ്ഡിതരും തങ്ങളുടെ സമ്മതിദായകത രേഖപ്പെടുത്തുകയുണ്ടായി.
മുമ്പ് കാലത്തുതന്നെ ദിശാനിര്‍ണയം പുറം ലോകത്തിന് അജ്ഞാതമായ ഒന്നായിരുന്നു എന്ന് വിശ്വസിക്കല്‍ പ്രയാസകരമാണ്. കച്ചവടാവശ്യാര്‍ഥവും മറ്റും പുറം ലോകങ്ങളിലേക്ക് കപ്പല്‍ യാത്ര നടത്തിയവരും ദിശ നിര്‍ണയിക്കാനായി വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു. ആ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ പ്രധാനമായും ദിശനിര്‍ണയത്തിനും മറ്റും ചോക്ക്, സ്‌കെയില്‍, തവക്ക, ദാഇറത്തുല്‍ ഹിന്ദിയ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു. കപ്പലിലും മറ്റും യാത്രചെയ്തിരുന്നവര്‍ ഉപയോഗിച്ചിരുന്ന സങ്കേതങ്ങള്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ഉപയോഗിച്ചിരുന്നതില്‍നിന്നും വ്യത്യസ്തമായ ഉപകരണങ്ങളായിരുന്നു. ഖിബ്‌ലയുടെ ദിശനിര്‍ണയത്തിനുപയോഗിച്ചിരുന്ന രൂപകം(തവക്ക) കപ്പലിലും മറ്റും ഉപയോഗിച്ചിരുന്ന 'വടക്കുനോക്കിയന്ത്ര'ത്തില്‍നിന്നും വ്യത്യസ്തമായിരുന്നു. വടക്കുനോക്കിയന്ത്രത്തിന്റെ സഹായത്തോടെ ഭൂമിയുടെ ഴലീഴൃമുവശരമഹ റശൃലരശേീി ീള ിീൃവേ കണക്കാക്കാനാവും. ഇതാവട്ടെ ഴലീഴൃമുവശരമഹ റശൃലരശേീി ീള ിീൃവേ ല്‍നിന്നും പ്രദേശങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതായും കാണാം.
ആധുനിക ദിശനിര്‍ണയ സങ്കേതങ്ങള്‍ വ്യാപകമാവുന്നതിനു മുമ്പ് പല പണ്ഡിതന്മാരും ലോഗരിതം അടിസ്ഥാനമാക്കി നമസ്‌കാരസമയം നിര്‍ണയിക്കുന്നതിന് തവക്ക ഉപയോഗിച്ചിരുന്നതായി കാണാം. മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമായി ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി നമസ്‌കാര സമയ നിര്‍ണയത്തിനായി അരിത്ത്‌മെറ്റിക് രീതിയായിരുന്നു തുടര്‍ന്നു പോന്നിരുന്നത്. ഇതിന് സഹായകമായിരുന്ന ഇല്‍മുല്‍ ഹിസാബും ഇല്‍മുല്‍ മീഖാത്തും അദ്ദേഹത്തിന് ഇഷ്ടവിഷയങ്ങളായിരുന്നു. തഞ്ചാവൂര്‍ ജില്ലയിലെ 'അദിരാം പട്ടണ'ത്തിലെ ദഹ്‌ലാന്റെ പക്കല്‍നിന്നാണദ്ദേഹം ഇവ കരസ്ഥമാക്കിയത്.
ഇസ്‌ലാമിന്റെ ആദ്യ കാലഘട്ടം മുതല്‍ക്കുതന്നെ മുസ്‌ലിംകള്‍ക്കിടയില്‍ പഠന വിധേയമാക്കപ്പെട്ട ഒരു ശാസ്ത്ര ശാഖയായിരുന്നു ഇല്‍മുല്‍ മീഖാത്ത്. ഇതുവഴി വ്യത്യസ്ത ഭൂപ്രദേശങ്ങളിലെ ഖിബ്‌ല നമസ്‌കാര സമയം കൃത്യമായി നിര്‍ണയിക്കാന്‍ സാധിച്ചിരുന്നു. എണ്ണത്തില്‍ കുറവായിരുന്നെങ്കില്‍ പോലും കേരളത്തിലെ പള്ളികളുടെ. ഉത്ഭവം മുതല്‍ തന്നെ ഈ വിഷയത്തില്‍ പ്രഗദ്ഭരായ ആളുകളുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. കാരണം കേരളത്തിലെ പൗരാണിക പള്ളികളെല്ലാം തന്നെ ഖിബ്‌ലക്കഭിമുഖമായാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. നമസ്‌കാരത്തിന് ഖിബ്‌ല നിര്‍ണയമെത്രമാത്രം പ്രാധാന്യമര്‍ഹിച്ചതാണോ അത്ര തന്നെ പ്രാധാന്യമുള്ളതായിരുന്നു ഖിബ്‌ല നിര്‍ണയശാസ്ത്രവും. ഇഹ്‌യാ ഉലൂമിദ്ദീനില്‍ ഇമാം ഗസ്സാലിയുടെ വിജ്ഞാന വിഭജനത്തില്‍ ഈ വിജ്ഞാനമാര്‍ജിക്കലിനെ ഫര്‍ദ് കിഫായയായി കണക്കാക്കാവുന്നതാണ് (The acquisition of a knowledge is not obligatory to everyone but obligatory to sufficient numbers of muslim). ചാലിലകത്ത് കേരളത്തില്‍ വന്ന് അധ്യാപനം തുടങ്ങിയത് മുതല്‍ ഈ വിഷയ ശാഖകള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചതായി കാണാവുന്നതാണ്. പ്രത്യേകിച്ച് ഖിബ്‌ല വിവാദാനന്തരം കേരള പണ്ഡിതന്മാര്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും ഇല്‍മുല്‍ ഫലഖും ഇല്‍മുല്‍ മീഖാത്തും ഇല്‍മുല്‍ ഹിസാബുമെല്ലാം തങ്ങളുടെ അറിവിന്റെ അനിവാര്യതയാക്കിമാറ്റുന്നതില്‍ സ്തുത്യര്‍ഹമായ പങ്കു വഹിച്ചിട്ടുണ്ട്.
ചാലിലകത്തിന് മുമ്പ് 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തന്റെ വിഖ്യാതമായ ഫത്ഹുല്‍ മുഈന്‍ എന്ന ഗ്രന്ഥത്തില്‍ ഇതു സംബന്ധിയായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അപ്രകാരം തന്നെ ഖാസി മുഹമ്മദും അറിയപ്പെട്ടൊരു ഗോള ശാസ്ത്രജ്ഞനായിരുന്നു. ഈ വിഷയത്തില്‍ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളാണ് 'മന്‍ജൂമതുന്‍ ഫീ ഇല്‍മില്‍ അഫ്‌ലാഖി വസുജൂം ഉം ഇല്‍മുല്‍ ഹിസാബു സംബന്ധിയായി അദ്ദേഹം രചിച്ച 'മന്‍ജൂമതുന്‍ ഫീ ഹിസാബ് എന്ന ഗ്രന്ഥവും.
ഐനുല്‍ ഖിബ്‌ല വിവാദ വേളയിലും അതിനു ശേഷവും ഐനുല്‍ ഖിബ്‌ല, ജിഹത്തുല്‍ ഖിബ്‌ല ശീര്‍ഷകങ്ങളില്‍ ഖണ്ഡനങ്ങളും ഖണ്ഡനങ്ങളുടെ മറു ഖണ്ഡനങ്ങളുമായി ഒട്ടനവധി ചെറു രചനകളും വെളിച്ചം കണ്ടിരുന്നു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് അഹ്മദ് കോയ ശാലിയാത്തിയുടെ രചനകളെല്ലാം ഈ ചര്‍ച്ചകളുടെ തുടര്‍ച്ചകളായനുമാനിക്കുന്നതില്‍ ആക്ഷേപമില്ല.
ഐനുല്‍ഖിബ്‌ല വിവാദത്തില്‍ ഖിബ്‌ല ശരിയായ ദിശയിലല്ലാത്ത എല്ലാ പള്ളികളം പൊളിച്ചുമാറ്റിപ്പണിയണമെന്നായിരുന്നു ചാലിലകത്തിന്റെ പരിഹാരം. ഐനുല്‍ ഖിബ്‌ല അനിവാര്യമാണെന്ന് വെക്കുകില്‍ തന്നെയും സ്വഫ്ഫുകളുടെ ദിശയില്‍ ചെറിയ മാറ്റം വരുത്തുന്നതിലൂടെ പരിഹരിക്കപ്പെടുന്ന പ്രശ്‌നത്തിന്, നൂറുകണക്കിന് പള്ളികള്‍ പൊളിച്ചുമാറ്റുകയെന്നത് തീര്‍ത്തും അപകടകരമായൊരു തീരുമാനവും വാദവുമായിരുന്നു. ആ കലാഘട്ടത്തിലെ സാമൂഹ്യ പരിതസ്ഥിതി പരിഗണിക്കുമ്പോള്‍, പട്ടിണിയിലും പരിവെട്ടത്തിലും കഴിഞ്ഞു കൂടുന്നവരായിരുന്നു മുസ്‌ലിംകള്‍. ഇന്ന് നാം കഴിക്കുന്നത് പോലെ മൂന്നുനേരം ഭക്ഷണം കഴിക്കാനില്ലാത്ത സന്ദര്‍ഭങ്ങളില്‍ വഖ്ഫ് സ്വത്തുക്കളായിരുന്നു മിക്ക പള്ളികളുടെയും ആശ്രയവും നിലനില്‍പ്പും. ഒരുപക്ഷേ, ഇന്നാണ് ഇത്തരത്തിലുള്ള പ്രസ്താവനയെങ്കില്‍ അതിനു പിന്നിലെ construction companyകളുടെ ഗൂഢാലോചനയുടെ സാധ്യതയെയായിരിക്കും ജനം ആദ്യമന്വേഷിക്കുക.
എന്നിരുന്നാല്‍ തന്നെയും, കേരള മുസ്‌ലിം പണ്ഡിതന്മാരുടെയും വിദ്യാര്‍ഥികളുടെയുമിടയില്‍ ഇല്‍മുല്‍ ഫലഖും ഇല്‍മുല്‍ മീഖാത്തും ഇല്‍മുല്‍ ഹിസാബുമെല്ലാമൊരു മുഖ്യ വിഷയമാകുന്നത് ചാലിലകത്ത് കൊണ്ടുവന്ന 'ഐനുല്‍ ഖിബ്‌ല' വിവാദമായിരുന്നു. എന്നു മാത്രല്ല, ചാലിലകത്ത് രചിച്ച പല ഗ്രന്ഥങ്ങളും കേരളത്തിലെ പല ദര്‍സുകളിലും മതപാഠശാലകളിലും പാഠ്യവിഷയമായിത്തീര്‍ന്നു. 'വടക്കുനോക്കിയന്ത്രവും' അനുബന്ധ യന്ത്രസാമഗ്രികളും ഇത്രമേല്‍ പുരോഗതി പ്രാപിച്ചിട്ടില്ലാത്ത അക്കാലഘട്ടത്തില്‍ ചാലിലകത്ത് സ്വീകരിച്ച റുബൂഉല്‍ മുജയ്യദിനെയായിരുന്നു അധ്യാപകരും വിദ്യാര്‍ഥികളും ദിശ മനസ്സിലാക്കാനും ഉപയോഗിച്ചിരുന്നത്.
ഇതോടൊപ്പം തന്നെ, തികച്ചും ശാഖാപരമെന്ന് പറയാവുന്ന ഖിബ്‌ല സംബന്ധ ചര്‍ച്ച ഒരുപക്ഷേ, ഒരു ശാസ്ത്രശാഖയെ വിപുലമായി തന്നെ കേരളക്കരക്ക് പരിചയപ്പെടുത്തിക്കൊടുത്തു എന്നു തന്നെ പറയാം. എണ്ണത്തില്‍ വളരെ പരിമിതമായ ആളുകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഗോളശാസ്ത്രവും മറ്റും കേരള മുസ്‌ലിംകള്‍ക്ക് സുപരിചിതമാക്കുന്നതിലേക്ക് വഴി തെളിച്ചത് ഐനുല്‍ ഖിബ്‌ല വിവാദവും ചാലിലകത്തെന്ന വ്യക്തിപ്രഭാവവുമാണെന്നു വേണം കരുതാന്‍.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top