ഫത്‌വകളെ എങ്ങനെ വായിക്കാതിരിക്കാം?

കെ. അഷ്‌റഫ്‌‌
img

         അരുണ്‍ ശൂരിയുടെ ഫത്‌വകളെ കുറിച്ചുള്ള പുസ്തകത്തെപ്പറ്റി ഖദീജ മുംതാസിന്റെ വിലയിരുത്തലുകള്‍ അടങ്ങിയ ലേഖനം ഈയിടെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു. ഇസ്‌ലാമിലെ ലിംഗപദവിയെ കുറിച്ച് ഖദീജ മുംതാസ് നടത്തുന്ന, ഇസ്‌ലാമിക പാഠവിമര്‍ശനത്തിന്റെ ഭാഗമായി ഉയരുന്ന സ്ത്രീപക്ഷ വായനകള്‍, ഏറെ വിപുലീകരിക്കപ്പെട്ട ഒരു വിമര്‍ശന മണ്ഡലമായി കാണേണ്ടതുണ്ട്. ഖുര്‍ആന്‍, ഹദീസ് തുടങ്ങിയവക്കു പുറമെ, മുസ്‌ലിം സാമൂഹിക ലോകത്തിലെ തന്നെ സവിശേഷ മതവ്യവഹാരമായ ഫത്‌വകളുടെ ചരിത്രസാഹചര്യങ്ങളെയും അത് നില നില്‍ക്കുന്ന സാമൂഹിക സവിശേഷതകളെയും കണക്കിലെടുക്കുന്ന സൂക്ഷ്മ വിമര്‍ശനങ്ങള്‍ ഈ മേഖലയില്‍ പുതുവികാസം നേടുന്നുണ്ട്. ലോകവ്യാപകമായിത്തന്നെ, ഇസ്‌ലാമിക സ്ത്രീവാദികള്‍ അടക്കമുള്ളവര്‍ക്ക് ലിംഗപദവി അടക്കമുള്ള ബഹുവിധ അധികാരത്തിന്റെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ മത വിമര്‍ശനത്തിന്റെ ഭാഷയുടെയും വിശകലന ചട്ടക്കൂടിന്റെയും പ്രശ്‌നം വളരെ പ്രധാനമായിത്തന്നെ എടുക്കുന്നു. ഉദാഹരണമായി ആമിന വദൂദ്, ഫാത്തിമ മേര്‍നീസി, ലൈല അഹമദ്, കേഷിയ അലി, സീബ മിര്‍ ഹുസൈനി തുടങ്ങിയവരുടെ ഇസ്‌ലാമിക പാഠവിമര്‍ശനത്തിനു വലിയ ചര്‍ച്ചകള്‍ ഉണ്ടാക്കാന്‍ സാധിച്ചത് അത് മുസ്‌ലിം ജീവിതത്തെയും ഇസ്‌ലാമിക പ്രമാണങ്ങളെയും വായിക്കുന്നതില്‍ പുലര്‍ത്തുന്ന സൂക്ഷ്മ സമീപനങ്ങള്‍ കൊണ്ടാണ്. ലിംഗനീതി അടക്കമുള്ള ഒട്ടനവധി ജനാധിപത്യ മൂല്യങ്ങളെ വളരെ പ്രധാനമായി കാണുന്നതോടൊപ്പം ഇസ്‌ലാമിക പാഠങ്ങളെയും പാരമ്പര്യത്തെയും അവര്‍ വളരെ ഗൗരവത്തില്‍ തന്നെ കാണുന്നു.
അരുണ്‍ ഷൂരിയുടെ പുസ്തകത്തിലെ പ്രശ്‌നം അദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ആണെന്നും അതൊഴിച്ചു നിര്‍ത്തിയാല്‍ പുസ്തകം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പ്രസക്തമാണെന്നും ഖദീജ മുംതാസിന്റെ ലേഖനം പറയുന്നു. എന്നാല്‍, ഇവിടെ വാദിക്കുന്നത് ഷൂരിയുടെ രാഷ്ട്രീയം മാത്രമല്ല ഫത്‌വകളെ കുറിച്ചുള്ള പ്രശ്‌നകരമായ സാമാന്യബോധ്യങ്ങള്‍ ഷൂരിയുടെ ഏറെ സ്വീകാര്യമായ വായനയിലുണ്ടെന്നാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ ഏറെ പ്രധാനമായി കരുതുന്ന അഞ്ച് ഫത്‌വ ഗ്രന്ഥങ്ങള്‍ ആണ് ഷൂരി പഠിക്കുന്നത് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. മാത്രമല്ല, ഈ മേഖലയില്‍ നിലനില്‍ക്കുന്ന വൈജ്ഞാനികമായ ദയനീയാവസ്ഥ പരിഹരിക്കലും അദ്ദേഹത്തിന്റെ എഴുത്തിന്റെ ലക്ഷ്യമാണ്. നല്ല ആഗ്രഹങ്ങള്‍ ധാരാളം ഉള്ള അദേഹത്തിന്റെ വായനകള്‍ പ്രധാനമായും മൂന്നു മേഖലയിലാണ് വഴുതുന്നത് . ഒന്ന്) മുസ്‌ലിം സാമൂഹ്യ ജീവിതത്തില്‍ എന്താണ് ഫത്‌വയുടെ സ്ഥാനം? രണ്ട്) ഒരു ഫത്‌വയെ വായിക്കേണ്ടതെങ്ങനെ? മൂന്ന്) മുസ്‌ലിം ജീവിതത്തിലെ ഫത്‌വയുമായി ബന്ധപ്പെട്ട മത അധികാരത്തിന്റെ പ്രത്യേകത എന്താണ്? ഇവ മൂന്നും നിര്‍ണയിക്കുന്നതില്‍ ഷൂരി ചില പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഈ വിഷയകമായി ഇപ്പോള്‍ പുറത്തു വന്ന ഹുസൈന്‍ അലി അഗ്രാമയുടെ Questioning Secularism : Islam,  Sovereinty and the Rule of Law in Modern  Egypt പുതിയ പഠനം (Chicago Universtiy Press 2013) നല്‍കുന്ന മുസ്‌ലിം ഫത്‌വ അനുഭവങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള എത്‌നോഗ്രഫി, ഫത്‌വകള്‍ വായിക്കുന്നതില്‍ ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളില്‍ പൊതുവെ സെക്യുലര്‍ ആധുനിക വിമര്‍ശക സ്ഥാനം അനുഭവിക്കുന്ന പരിമിതികള്‍ വ്യക്തമാകുന്നുണ്ട്. ഷൂരിയുടെ പുസ്തകം ഉന്നയിക്കുന്ന മുഴുവന്‍ വിഷയങ്ങളില്‍ ഒരു സംവാദം ഈ ലേഖനത്തിന്റെ ലക്ഷ്യമല്ല. നേരെമറിച്ച്, ഹുസൈന്‍ അലി അഗ്രാമയുടെ വായനകള്‍ മുന്‍നിര്‍ത്തി ഷൂരി ഫത്‌വകളെ വായിക്കുന്ന ചില വിശകലനപരമായ അടിസ്ഥാനങ്ങളുടെ ബലഹീനതയെ കുറിച്ച് സൂചിപ്പിക്കുകയാണ് ലക്ഷ്യം. ഖദീജ മുംതാസിന്റെ വായന ഷൂരിയുടെ പല നിഗമനങ്ങളും അംഗീകരിക്കുന്നത് ഇങ്ങനെയൊരു പരിശോധന ഏറെ അത്യാവശ്യമാക്കുന്നു. ഖദീജ മുംതാസിന്റെ ലേഖനം ഉന്നയിക്കുന്ന വളരെ വിശാലമായ വിമര്‍ശനാത്മകമായ ഒരു മുസ്‌ലിം ബൗദ്ധികമണ്ഡലത്തിന്റെ പ്രാധാന്യം അടിവരയിടുന്നതോടൊപ്പം തന്നെ ,അതിന്റെ വിമോചന രാഷ്ട്രീയ ലക്ഷ്യം തള്ളിക്കളയാതെ വിശകലനത്തിന്റെ ലളിത സമീപനങ്ങളും ഇവിടെ പരിശോധിക്കപ്പെടേണ്ടതുണ്ട് എന്ന് മാത്രം.
ഫത്‌വ എന്നത് ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസരിച്ചു മതപണ്ഡിതന്‍ നല്‍കുന്ന അഭിപ്രായമാണ് . അത് നല്‍കുന്ന ആളുടെ അഭിപ്രായം മാത്രമാണ്. അതിന് ആധുനിക കോടതി വിധികളെ പോലെ നിയമസാധുതയോ അത് ലംഘിച്ചാല്‍ ശിക്ഷയോ ഇല്ല. ഇനി ഇസ്‌ലാമിക ഭരണകൂടം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഉള്ള ശരീഅ കോടതികളിലെ ജഡ്ജിമാര്‍ (ഖാദി) നല്‍കുന്ന വിധികളെ പോലെയുള്ള നിയമ സാധുതയും അതിനനുസരിച്ചുള്ള ഗൗരവമോ ഇല്ല. ഇനി ശരീഅ കോടതികളും ഫത്‌വകളും തമ്മിലുള്ള ബന്ധം പരിശോധിച്ചാല്‍ ശരീഅ കോടതി വിധിയും ഫത്‌വയും തമ്മിലുള്ള വ്യത്യാസം ആധുനിക മതേതര നിയമങ്ങള്‍ അനുസരിച്ചുള്ള കോടതിവിധിയും ഫത്‌വയും തമ്മിലുള്ള വ്യത്യാസം പോലെയാണ്. ശരീഅ നിലനില്‍ക്കുന്ന സമൂഹത്തില്‍ ഫത്‌വ സംവിധാനം നിലനില്‍ക്കുന്നു. ആധുനിക സെക്യുലര്‍ കോടതി നിലനില്‍ക്കുന്ന രാജ്യങ്ങളിലും ഫത്‌വ സംവിധാനം നില നില്‍ക്കുന്നു. ഉദാഹരണമായി ശരീഅ പൊതു നിയമസംവിധാനം ആകാത്ത ഇന്ത്യ പോലുള്ള ദേശരാഷ്ട്രങ്ങളിലും ശരീഅ വ്യക്തിനിയമം മാത്രമാകുന്ന ഈജിപ്ത് പോലുള്ള ദേശരാഷ്ട്രങ്ങളിലും ഫത്‌വ സാമൂഹിക ജീവിതത്തില്‍ നിലനില്‍ക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കോടതിയിലെ ജഡ്ജിയും ശരീഅ കോടതിയിലെ ഖാദിയും ഫത്‌വ നല്‍കുന്ന മുഫ്തിയും വ്യത്യസ്ത തരത്തിലുള്ള നിയമ അധികാരമാണ് കൈയാളുന്നത്. ഷൂരിയുടെ പുസ്തകം ആധുനിക കോടതികളും ശരീഅ കോടതികളും ഫത്‌വ സംവിധാനങ്ങളും തമ്മിലുള്ള വ്യത്യാസം ഒട്ടും പരിഗണിക്കുന്നില്ല. മാത്രമല്ല, മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഇന്ത്യയിലെ ഇസ്‌ലാമിക നിയമത്തിന്റെ പ്രത്യേകതകളെ കുറിച്ച് തീരെ പരിഗണിക്കാതെയാണ് അദ്ദേഹം ഈ വിഷയകമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. എന്തുകൊണ്ടാണ് ഇസ്‌ലാമിക പാഠത്തെയും പാരമ്പര്യത്തെയും മുസ്‌ലിം ജീവിതത്തിലെ സാമൂഹികമായ പ്രത്യേകതകളെയും കുറിച്ച സൂക്ഷ്മ സമീപനങ്ങള്‍ ഷൂരിയുടെ ഫത്‌വ വിമര്‍ശനത്തില്‍ ഇല്ലാതെ പോവുന്നത്? ഈയൊരു ചോദ്യത്തിന്റെ പ്രാധാന്യം കൂടുതല്‍ മനസ്സിലാകണമെങ്കില്‍ ഫത്‌വകള്‍ എങ്ങനെയാണ് ഒരു സാമൂഹിക സംവിധാനം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കണം.
ഫത്‌വകള്‍ മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഫത്‌വകള്‍ ആവശ്യമാകുന്ന ഒരാളുടെ ചോദ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. അയാള്‍/അവള്‍ തന്റെ ജീവിതത്തിലെ കുഴക്കുന്ന ഒരു പ്രശ്‌നത്തെ കുറിച്ച് അല്ലെങ്കില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒരു പ്രശ്‌നത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായ ഉത്തരം കിട്ടാന്‍ മുഫ്തി(ഈ വിഷയത്തില്‍ കൂടുതല്‍ പഠിച്ച വ്യക്തി)യോട് ചോദിക്കും. ചോദിക്കുന്ന വ്യക്തിയുടെ ലക്ഷ്യം പലപ്പോഴും ഇസ്‌ലാമികമായ വ്യക്തിജീവിതം എങ്ങനെ കൂടുതല്‍ സൂക്ഷ്മതയോടെയും ഭക്തിയോടെയും നയിക്കാം എന്നതാണ്. മുഫ്തി ആവട്ടെ തനിക്കു ബോധ്യമായ ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണങ്ങള്‍ മുന്നില്‍ വെച്ച് ഒരു ഉത്തരം നല്കും. ഈ അഭിപ്രായം, ചോദ്യം ചോദിക്കുന്ന വ്യക്തിക്ക് വേണമെങ്കില്‍ സ്വീകരിക്കാം. അല്ലെങ്കില്‍ അയാള്‍ക്ക്/അവള്‍ക്ക് അത് സ്വീകാര്യമല്ലെങ്കില്‍ ആ ഫത്‌വ ഉപേക്ഷിക്കാം. തികച്ചും ചോദിക്കുന്ന വ്യക്തിയുടെ തെരഞ്ഞെടുപ്പിനുള്ളില്‍ വരുന്ന കാര്യമാണിത്. ഫത്‌വ നല്‍കുന്ന ആള്‍ക്ക് തന്റെ വിധി മറ്റേയാള്‍ സ്വീകരിക്കണം എന്നതില്‍ യാതൊരു നിര്‍ബന്ധവും ചെലുത്താന്‍ കഴിയില്ല. ഇവിടെ ബലത്തെക്കാള്‍(force) പരസ്പരസമ്മതം (consensus) വളരെ പ്രധാനമാണ്. അതോടൊപ്പം തന്നെ, ഫത്‌വ വ്യക്തിനിഷ്ടമാണ്, അതൊരു സാമൂഹിക നിയമമല്ല. മാത്രമല്ല, അതിനെ മുഴുവന്‍ സമൂഹത്തിനും ബാധകമായ മതവിധി ആയി കാണാനും സാധിക്കില്ല. ഫത്‌വ ഈജിപ്തിലെ ആധുനിക മതേതര നിയമം മുന്‍ നിര്‍ത്തിയുള്ള കോടതികള്‍ കൈയാളുന്ന ബലപ്രയോഗത്തിലൂടെയുള്ള നിയമ അധികാരം വെച്ച് നോക്കുമ്പോള്‍ കുറെകൂടി അയഞ്ഞ സാമൂഹിക അധികാരമാണ് ഫത്‌വകള്‍ ഉള്‍കൊള്ളുന്ന സാമൂഹിക ലോകം എന്ന് ഹുസൈന്‍ അലി അഗ്രാമ ചൂണ്ടിക്കാട്ടുന്നു. ഫത്‌വകളുടെ ലക്ഷ്യം എന്നത് നിയമം എന്നതിനേക്കാള്‍ ധാര്‍മികം ആണ്. നിയമപരമായ ഒരു ശരീരത്തെ നിര്‍മിക്കുന്നതിനെക്കാള്‍ ധാര്‍മികമായി പ്രചോദിക്കപ്പെട്ട ഒരു ശരീരത്തെയാണ് ഫത്‌വ കളിലൂടെ നിര്‍മിക്കപ്പെടുന്നത്. തന്റെ ജീവിതത്തെ കുറിച്ച് തന്റെ ബോധ്യങ്ങള്‍ക്കുള്ളില്‍ അന്വേഷിക്കുന്ന വിശ്വാസിയായ മുസ്‌ലിമിന്റെ ആകുലതകള്‍ ഒരു ഫത്‌വക്കുള്ളില്‍ കാണാം.
ഇവിടെയാണ്, ഫത്‌വയുടെ പാഠ ഉള്ളടക്കം (textual content) മാത്രം പരിശോധിക്കുന്ന വിമര്‍ശനങ്ങള്‍ മുസ്‌ലിം മതജീവിതത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാകുന്നതില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത്. ഒരു ഫത്‌വ പ്രവര്‍ത്തിക്കുന്നത് നാം പഠിക്കുമ്പോള്‍ ഫത്‌വ ചോദിക്കുന്ന വ്യക്തി, അത് ചോദിക്കപ്പെടുന്ന വ്യക്തി, ഫത്‌വയുടെ ഉള്ളടക്കം, അത് ഫത്‌വ നല്‍കുന്ന സാമൂഹ്യ സാഹചര്യം ഒക്കെ പരിഗണിക്കണം. ഇസ്‌ലാമിലെ വിധിവിലക്കുകള്‍, ധാര്‍മിക വിധികള്‍ ഒക്കെ ബന്ധപ്പെട്ട ധാരാളം ചോദ്യങ്ങള്‍ ആളുകള്‍ ചോദിക്കും. രാഷ്ട്രീയം, സംസ്‌കാരം മുതല്‍ ഭക്ഷണം, വസ്ത്രം, ലൈംഗികത അടക്കമുള്ള വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഫത്‌വകളില്‍ ചര്‍ച്ചയാവുന്നത് കാണാം. വിശ്വാസികള്‍ ഇതൊക്കെ ചോദിക്കുകയും അതിനോട് പ്രതികരിക്കുയും ചെയ്യുന്നു. ഇത് ചോദിക്കുന്നവരില്‍ വ്യത്യസ്ത ലിംഗ പദവികളില്‍ പെട്ടവരുണ്ട്. വര്‍ഗ, ജാതി, പ്രദേശ വ്യത്യാസങ്ങള്‍ പുലര്‍ത്തുന്നവരുണ്ട്. ഇങ്ങനെ കിട്ടുന്ന ഫത്‌വകളില്‍ തമാശകളും കെട്ടുകഥകളും തത്ത്വചിന്താപരമായ ഉള്‍കാഴ്ചകളും ഒക്കെ നിറഞ്ഞതാണ്. ഫത്‌വയുടെ സാമൂഹ്യലോകം ഇസ്‌ലാമിലെ ധാര്‍മിക അധികാരത്തിന്റെ വ്യത്യസ്തമായ പ്രകാശനമായാണ് വായല്‍ ഹല്ലാഖിനെ പോലുള്ള, ഇവ്വിഷയകമായി ഏറെ പഠിച്ച പണ്ഡിതന്മാര്‍ പറയുന്നത്. വേറൊരു രീതിയില്‍, ഫത്‌വകള്‍ നിത്യജീവിതത്തിന്റെ ഉള്ളില്‍ തന്നെ നിലനില്‍ക്കുന്ന കാര്യങ്ങള്‍ ആണ്. അത് ഭരണകൂട അധികാരം, ദേശീയ പരമാധികാരം അടക്കമുള്ള വലിയ ഘടനകള്‍ക്കു പുറത്തുള്ള നിത്യജീവിതത്തിന്റെ സങ്കീര്‍ണതയെ നിരന്തരം വെളിവാക്കുന്നു. ആധുനിക കാലത്ത് ഫത്‌വകളില്‍ തന്നെ ദേശീയം, ശാസ്ത്രീയം, യുക്തി, ആധുനികം തുടങ്ങിയ സംവര്‍ഗങ്ങള്‍ക്ക് പുറത്തുള്ളതുമായ ചോദ്യവും ഉത്തരവും കാണാം. അതോടൊപ്പം ലിംഗ നീതി, തുല്യനീതി തുടങ്ങിയ ആധുനിക മൂല്യങ്ങളോട് ഇവയോട് ഇടയുന്ന ധാരാളം ഫത്‌വകള്‍ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട പലതും ആ ചോദിക്കുന്ന ആളുടെയും അതില്‍ താല്‍പര്യമുള്ളവരുടെയും വായനക്കും ആലോചനക്കും അവരുടെ സാമൂഹ്യപദവിക്കും ബാധകമായതാണ്. ഇവയോട് വിയോജിക്കുന്ന ലിംഗപദവി, തുല്യനീതി, ശാസ്ത്രീയം തുടങ്ങിയ ആധുനിക മൂല്യങ്ങള്‍ക്കിണങ്ങിയ ഫത്‌വകള്‍ നല്‍കുന്ന മുസ്‌ലിം പണ്ഡിതന്മാര്‍ ഇന്നുണ്ട്. ഇങ്ങനെയുള്ള സങ്കീര്‍ണമായ വ്യവഹാര ലോകത്തെ കാണുന്നതില്‍നിന്ന് പാഠഉള്ളടക്കത്തെ മാത്രം കേന്ദ്രീകരിച്ച ഷൂരിയുടെ ഏകദിശ വായനകള്‍ പരിമിതികള്‍ അനുഭവിക്കുന്നു. ഒരു ഫത്‌വ ഉണ്ടാകുന്ന സാഹചര്യം മുഫ്തിയുടെ ഉത്തരത്തില്‍ മാത്രം ഊന്നിനിന്നുള്ള വായനകളെ മാത്രം ആശ്രയിച്ചുനില്‍ക്കുന്ന കാര്യമല്ല. ഫത്‌വയുടെ പാഠം എന്നത് ഷൂരി നോക്കുന്ന പോലെ ചില മുഫ്തിമാരുടെ ഉത്തരങ്ങളില്‍ മാത്രം നിന്ന് വിശകലനം ചെയ്യേണ്ട ഒന്നല്ല. ചോദിക്കുന്ന ആളുടെ നിര്‍വഹകത്വം അടക്കം നേരത്തേ സൂചിപ്പിച്ച നിരവധി ഘടകങ്ങള്‍ കൂടി ഇതില്‍ പരിഗണിക്കേണ്ടതുണ്ട്. ഇതിന്റെ അഭാവം ഷൂരി അടക്കമുള്ളവര്‍ നടത്തുന്ന ഫത്‌വ വിമര്‍ശനത്തിന്റെ മുഖ്യ ബലഹീനതയാണ്. ഫത്‌വകളുടെ സാമൂഹിക ധര്‍മം പഠിച്ച മുഹമ്മദ് ഷാഹിദ് മതീയെ പോലുള്ള സൗത്ത് ആഫ്രിക്കന്‍ ഗവേഷകന്‍ മാലി പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മത ജീവിതത്തെ തന്നെ പരിഷ്‌കരിക്കുന്നതില്‍ ഫത്‌വകളുമായി ബന്ധപ്പെട്ടു സാധാരണ മുസ്‌ലിംകളുടെ ചോദ്യങ്ങള്‍ നിര്‍മിച്ച പങ്കിനെ എടുത്തു കാട്ടുന്നു. ഫത്‌വയുടെ ചോദ്യങ്ങള്‍ അതിനു കിട്ടുന്ന ഉത്തരങ്ങളെപോലെ തന്നെ പ്രധാനമാവുന്ന ഒരു സാഹചര്യവും ഒരുവേള ഫത്‌വകളെ തന്നെ നിര്‍മിക്കുന്ന അധികാരം ആയി ചോദ്യങ്ങള്‍ ചില അവസരങ്ങളിലെങ്കിലും മാറുന്നുവെന്നും പ്രസ്തുത പഠനം ചൂണ്ടിക്കാട്ടുന്നു.
രണ്ടാമത്തെ പ്രശ്‌നം, മതാധികാരത്തെ ഫത്‌വയുമായി ബന്ധപ്പെട്ടു കാണുന്നത്തിന്റെ പ്രശ്‌നമാണ്. സാമാന്യമായി പറയുകയാണെങ്കില്‍ മതഅധികാരം(religious authortiy) മുകളില്‍ നിന്ന് താഴോട്ടു സഞ്ചരിക്കുന്നു. അത് പുരോഹിതന്റെ അധികാരപ്രയോഗത്തിനു സാദ വിശ്വാസിയായി ഇരയാകുന്നു. പക്ഷേ, തത്ത്വത്തില്‍ ഇങ്ങനെയുള്ള ഏകദിശയിലുള്ള മത അധികാരം ഫത്‌വകളുടെ കാര്യത്തില്‍ നിലനില്‍ക്കുന്നില്ല. ഇവിടെ നേരത്തേ സൂചിപ്പിച്ചതുപോലെ, ചോദ്യം ചോദിക്കുന്ന ആളുകള്‍ തന്റെ ജീവിത സാഹചര്യത്തിന്റെ ഉള്ളില്‍ നിന്ന് മതത്തെ കുറിച്ച് വളരെ വ്യത്യസ്തമായ ഒരു ചോദ്യം നിര്‍മി ക്കുന്നു . അത് സ്വയം പ്രേരിതമായി ആ വിഷയത്തില്‍ കൂടുതല്‍ പ്രാവീണ്യമുള്ള ഒരു മുഫ്തിയോടു ചോദിക്കുന്നു. മുഫ്തി നല്‍കുന്ന ഫത്‌വ സ്വീകരിക്കണമോ വേണ്ടയോ എന്നത് ചോദിക്കുന്ന വ്യക്തിയുടെ തിരഞ്ഞെടുപ്പിനുള്ളില്‍ വരുന്നതാണ്. അതുകൊണ്ടുതന്നെ, മുഫ്തിക്ക് ചോദിക്കുന്ന ആളുടെ മേല്‍ ബലപ്രയോഗമോ അല്ലെങ്കില്‍ അയാളെ നിര്‍ബന്ധിക്കാനോ കഴിയാതെ വരുന്നു. ചോദിക്കുന്ന വ്യക്തിയും മുഫ്തിയും തമ്മിലുള്ള ബന്ധം ഏകദിശയില്‍ ഉള്ളതല്ല. ചോദിക്കുന്ന വ്യക്തി ഇവിടെ ചോദ്യം ചോദിക്കാനും അയാള്‍ക്ക് ഉത്തരം കിട്ടുന്ന സന്ദര്‍ഭത്തില്‍ അത് സ്വീകരിക്കുന്ന കാര്യത്തിലും പൂര്‍ണ സ്വതന്ത്രനാണ്. ഇവിടെ മത അധികാരത്തിന്റെ പ്രശ്‌നങ്ങള്‍ ഏകപക്ഷീയമായ അനുഭവമല്ല. വിശ്വാസിയുടെ ധാര്‍മികതയെ ഈ സംവിധാനം വിലമതിക്കുന്നുവെന്ന് കാണാം. ഈ വിഷയകമായി ഈജിപ്തില്‍ ഇപ്പോള്‍ ജനജീവിതത്തില്‍ ഏറെ പ്രധാനമായ ഫത്‌വ കൗണ്‍സിലുകളെ കുറിച്ച് പഠിച്ച ഹുസൈന്‍ അലി അഗ്രമ ഫത്‌വകളുടെ ലോകം മത അധികാരത്തെ കുറിച്ച ശ്രേണീപരവും ഏകദിശയിലുള്ളതുമായ സങ്കല്‍പത്തെ തന്നെ റദ്ദു ചെയ്യുന്ന അനുഭവ ലോകമായാണ് വിലയിരുത്തുന്നത്.
ഫത്‌വയുടെ പാഠം, ഫത്‌വയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മത അധികാരം ഇവയുമായി ബന്ധപ്പെട്ട അത്ര സൂക്ഷ്മമല്ലാത്ത വായനകള്‍ മതവിമര്‍ശനത്തിന്റെ വിശകലനപരമായ ബലഹീനതയാണ് കാണിക്കുന്നത്. അരുണ്‍ ഷൂരിയെ പോലുള്ളവര്‍ മുസ്‌ലിംകളെ കുറിച്ച് വാര്‍പ് മാതൃകകള്‍ പ്രചരിപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് എഴുതുന്നത്. പക്ഷേ, അങ്ങനെയുള്ള രാഷ്ട്രീയത്തിനപ്പുറം ഇസ്‌ലാമില്‍ തന്റെ ഇടം നിരന്തരം അന്വേഷിക്കുന്ന ജനാധിപത്യവാദിയായ ഖദീജ മുംതാസിനെ പോലുള്ളവര്‍ കുറെകൂടി ഗൗരവ വായനകള്‍ അവലംബിക്കുന്നത് ഇനിയും വികസിക്കേണ്ട മതവിമര്‍ശനത്തിനു കരുത്തു പകരാനേ ഉപകരിക്കൂ. ഖദീജ മുംതാസ് പറയുന്ന പോലെ, ഇസ്‌ലാമിലെ മത പൗരോഹിത്യം, ലിംഗ പദവി ഇവയുമായി ബന്ധപ്പെട്ട സംവാദങ്ങളെ നാം ഇനിയും മുന്നോട്ടു കൊണ്ടുപോകണം. പക്ഷേ, അത് മുസ്‌ലിം ജീവിതത്തെ മുന്‍നിര്‍ത്തിയുള്ള സാമാന്യബോധങ്ങളോടും മത അധികാരത്തിന്റെ പ്രശ്‌നത്തെ കുറിച്ച അലസ വായനകളെയും ലംഘിക്കുന്ന ഇടപെടലുകളിലൂടെയാണ് വികസിക്കേണ്ടത്. ഇതാണ് ഇസ്‌ലാമിക സ്ത്രീവാദം അടക്കമുള്ള പുതിയ മുസ്‌ലിം വൈജ്ഞാനിക വ്യവഹാരങ്ങള്‍ സ്വയം പറയുന്നത്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top