ഇസ്‌ലാമിക വിദ്യാഭ്യാസ തത്ത്വശാസ്ത്രം ഒരു മുഖവുര

ഡോ. മാജിദ് അര്‍സാന്‍ കീലാനി ‌‌
img

സമുദായങ്ങളുടെ പിന്നാക്കത്തെയും പരാജയത്തെയും കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ ആദ്യമായി പരിശോധിക്കുക അവരുടെ വിദ്യാഭ്യാസവ്യവസ്ഥയെക്കുറിച്ചായിരിക്കും. മാനസികവും ധൈഷണികവുമായ ഉള്ളടക്കത്തിലെ പിന്നാക്കമോ മുന്നാക്കമോ ആണ് ഏതൊരു സമൂഹത്തിന്റെയും വിവിധ ജീവിതമേഖലകളില്‍ പ്രകടമാവുക. ''ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നതുവരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല'' (അര്‍റഅ്ദ് 11).
ആധുനിക ഇസ്‌ലാമിക ചിന്ത ഈ പ്രശ്‌നം മനസ്സിലാക്കിയിട്ടുണ്ട്. ആധുനിക ഇസ്‌ലാമിക സമൂഹത്തിന്റെ പിന്നാക്കത്തെക്കുറിച്ച ഏതു ചര്‍ച്ചയും വിദ്യാഭ്യാസ വ്യവസ്ഥയെക്കുറിച്ച വിശകലനത്തില്‍ നിന്നാണ് തുടങ്ങുക. മുസ്‌ലിം ലോകത്ത്, പൂര്‍വഗാമികളായ പിതാക്കളെയോ ആധുനികരായ വിദേശികളെയോ അനുകരിക്കുന്ന രണ്ടു വിഭാഗങ്ങളാണ് നിലവിലുള്ളത്. അനുകരിക്കുന്നത് പുതിയതായാലും പഴയതായാലും ഫലം ഒന്നുതന്നെ. കാരണം, രണ്ടും സമൂഹത്തിന്റെ നിലവിലെ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കലാണ്; സ്വബുദ്ധിയെ നിര്‍വീര്യമാക്കലാണ്.
പാരമ്പര്യ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അധ്യാപനങ്ങളിലും മൂല്യനിര്‍ണയത്തിലും ലക്ഷ്യങ്ങളോ രീതികളോ ഇല്ല. പൂര്‍വ പിതാക്കളുടെ പ്രതാപങ്ങളെക്കുറിച്ച് ക്ലാസ് മുറികളില്‍ 'കാഥികരായ അധ്യാപകര്‍' നല്‍കുന്ന മനോരഞ്ജമായ വീരകഥനങ്ങളും 'ഇസ്‌ലാമിലേക്ക് മടങ്ങാ'നുള്ള പ്രസംഗകരുടെ ആഹ്വാനങ്ങളും മാത്രമാണ് വിദ്യാഭ്യാസത്തിന്റെ അച്ചുതണ്ടായി വര്‍ത്തിക്കുന്നത്. ഇതെല്ലാറ്റിന്റെയും മിച്ച ഫലമോ, ഇസ്‌ലാമിലേക്ക് എങ്ങനെ തിരിച്ചുപോകണം, ദുന്‍യാവിന്റെ പരിപാലനം എങ്ങനെ എന്നറിയാത്ത അവസ്ഥയും!
ഈ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിച്ചപ്പോള്‍, നിലവിലെ വിദ്യാഭ്യാസത്തിലെ വന്ധ്യതക്ക് നിദാനമായ പ്രശ്‌നം നിര്‍ണയിക്കുകയോ ചരിത്രം പഠിക്കുകയോ ചെയ്തില്ല. എല്ലാറ്റിനും പിരാഹരം പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ഇറക്കുമതി ചെയ്യുകയാണെന്ന സ്ഥിതി വന്നു. പാഠ്യപദ്ധതി, വിദ്യാഭ്യാസ ഘട്ടങ്ങള്‍, പരീക്ഷകള്‍, അധ്യാപകരുടെ സ്ഥാനപ്പേരുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ പേരുകള്‍ മുതലായവ അപ്പടി പകര്‍ത്തിയപ്പോള്‍ അവക്ക് പിന്നിലെ തത്ത്വശാസ്ത്രത്തെ വിലയിരുത്താതെ സ്വീകരിച്ചു.
പടിഞ്ഞാറന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാതൃകയില്‍ സ്ഥാപിതമായ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉദ്ദിഷ്ട പരിഷ്‌കരണത്തിന് യോഗ്യമായിരുന്നില്ല. കാരണം അവയും പടിഞ്ഞാറന്‍ സ്ഥാപനങ്ങളുടെയും യൂനിവേഴ്‌സിറ്റികളുടെയും വിദ്യാഭ്യാസ ഏജന്‍സികളായിരുന്നു. അവയുടെ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുകയും പ്രസിദ്ധീകരണങ്ങള്‍ പരിഭാഷപ്പെടുത്തുകയും അതിലെ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തുപോന്നു. ഇതിന്റെ ഫലമായി പുതിയ തലമുറകളില്‍ നിന്ദ്യതയും ഹീനത്വവും നട്ടുവളര്‍ത്തപ്പെടുകയും ധൈഷണികമായും മാനസികമായും മാതൃസമൂഹത്തില്‍നിന്ന് പറിച്ചു മാറ്റപ്പെടുകയും ചെയ്തു.
ഇരുപാതം നൂറ്റാണ്ടിലെ എണ്‍പതുകളില്‍ ഇസ്‌ലാമിസ്റ്റ് ഗവേഷകര്‍ പ്രശ്‌നം നിര്‍ണയിക്കുകയും വിദ്യാഭ്യാസത്തിന്റെ പാശ്ചാത്യവത്കരണത്തിനു പകരം ഇസ്‌ലാമികവത്കരണം നടത്തണമെന്നും, അളവിനേക്കാള്‍ ഗുണത്തിന് പ്രാധാന്യം നല്‍കണമെന്നുമുള്ള വാദം മുന്നോട്ടുവെക്കുകയുണ്ടായി. തദ്വിഷയകമായി പല കൃതികളും പഠനങ്ങളും പുറത്തിറങ്ങി. പക്ഷേ, ആ പഠനങ്ങള്‍ നിലവിലെ വിദ്യാഭ്യാസാവശ്യങ്ങള്‍ പരിഹരിക്കാന്‍ അപര്യാപ്തമായിരുന്നു.
കാരണം: 1. ഗതകാലങ്ങളില്‍ പുഷ്‌കലമായ സാംസ്‌കാരിക, നാഗരിക സംഭാവനകളും പില്‍ക്കാലത്ത് നൂറ്റാണ്ടുകളോളം പുരോഗമനോന്മുഖമായ ഫലങ്ങള്‍ നല്‍കുകയും ചെയ്തത് എന്ന നിലയില്‍ മാത്രം അത് പരിമിതമായിരുന്നു.
2. ഈ വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ ഇസ്‌ലാമിനോട് സ്‌നേഹാഭിമുഖ്യം വളര്‍ത്താന്‍ മാത്രമേ ഉപകരിച്ചുള്ളൂ. അതിനെ വിദ്യാഭ്യാസ പദ്ധതികളായോ സ്ഥാപനങ്ങളായോ വളര്‍ത്താന്‍ പര്യാപ്തമായിരുന്നില്ല. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളേയോ പരിപാടികളെയോ ഉള്ളടക്കങ്ങളെയോ ഇസ്‌ലാമികവത്കരിക്കാന്‍ സഹായകമായ വ്യക്തമായ വിദ്യാഭ്യാസ തത്ത്വശാസ്ത്രം സമര്‍പ്പിക്കാന്‍ അത് അപര്യാപ്തമായിരുന്നു.
3. ഇസ്‌ലാമികവത്കരണ ശ്രമങ്ങള്‍ നവീകരണത്തിന്റെ ഗ്രഹണ നിലവാരത്തിനും നവീകരണത്തെ തടസ്സപ്പെടുത്തുന്ന നിലവാരങ്ങള്‍ക്കുമിടയില്‍ വേര്‍തിരിച്ചില്ല. അതായത്, ഇസ്‌ലാമിക വിദ്യാഭ്യാസത്തെക്കുറിച്ച് ഗവേഷണം ഇസ്‌ലാമിനെ ഗ്രഹിക്കാനുള്ള മനുഷ്യരുടെ ശ്രമമാണ്. അല്ലാതെ, ഖുര്‍ആനിക-തിരുചര്യാ പ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിനെ മനസ്സിലാക്കാനുള്ള ശ്രമമല്ല. ഈ ഗ്രഹണത്തിന്റെ ചരിത്രപരമായ പ്രയോഗവത്കരണങ്ങള്‍, കര്‍മശാസ്ത്രത്തിലും ആദര്‍ശവിശ്വാസ കാര്യങ്ങളിലും ഗവേഷകരുടെ കണ്ടെത്തലുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്‍കുകയുണ്ടായി. തദ്ഫലമായി, ഇസ്‌ലാമിക വിദ്യാഭ്യാസ തത്ത്വശാസ്ത്രം അഞ്ച് ഇനങ്ങളായി തിരിഞ്ഞു.
ഒന്ന്, ഇസ്‌ലാമിനെ ഒരു നാഗരിക-പരിഷ്‌കരണ- സാര്‍വലൗകിക ആശയ ദൗത്യം എന്ന നിലയില്‍ സമര്‍പ്പിക്കുന്ന വിദ്യാഭ്യാസ തത്ത്വശാസ്ത്രം. മാനവ സമൂഹത്തിന്റെ സംരക്ഷണവും പുരോഗതിയുമാണതിന്റെ ലക്ഷ്യം. മര്‍ദകരെ മര്‍ദനത്തില്‍ നിന്നും മര്‍ദിതരെ അവരുടെ മര്‍ദകരില്‍നിന്നും മോചിപ്പിച്ച് സര്‍വരെയും നന്മയുടെയും ഉല്‍ക്കര്‍ഷത്തിന്റെയും വഴിയിലേക്ക് നയിക്കുക. മാനവ സമൂഹത്തിന്റെ അസ്തിത്വത്തെ ഭീഷണിപ്പെടുത്തുന്ന മാനസികമായ അടിമത്തത്തില്‍ നിന്നും സാമൂഹികമായ ബന്ധനങ്ങളില്‍നിന്നും സമഗ്രമായി മോചിപ്പിക്കുക. പ്രവാചക-ഖുലഫാഉര്‍റാശിദ് ഘട്ടങ്ങളില്‍ ഇതായിരുന്നു ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ സവിശേഷത.
രണ്ട്, ഇസ്‌ലാമിനെ ഒരു സാമൂഹിക-ജനകീയ ഐഡിയോളജിയായി അവതരിപ്പിക്കുക. അതിലൂടെ മര്‍ദിതരെ മര്‍ദകര്‍ക്കെതിരെ ഇളക്കിവിടുക. ഈ വിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹികമോ വംശപരമോ മതപരമോ ആയ നിലവാരങ്ങളില്‍ സംഘട്ടനങ്ങള്‍ സംഘടിപ്പിക്കുക.
മൂന്ന്, അധികാരികളുടെയോ സമുദായത്തിന്റെയോ കീഴില്‍ മതപരമായ ജോലികള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരായ ഔദ്യോഗിക പണ്ഡിതന്മാരെ വാര്‍ത്തെടുക്കുക.
നാല്, മനുഷ്യര്‍ക്ക് തങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആവശ്യങ്ങള്‍ നിവൃത്തിക്കാനും ആരാധനാപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാനും സഹായിക്കുന്നതും എന്നാല്‍ സംഘടിതമായ പ്രവര്‍ത്തനങ്ങളിലോ പൊതു വിഷയങ്ങളിലോ പങ്കാളികളാക്കാകത്തതുമായ വിദ്യാഭ്യാസം.
അഞ്ച്, മനുഷ്യനെ ദുന്‍യാവാകുന്ന സ്റ്റേഷനില്‍ ഇറക്കാതെ, ജനിച്ചേടം മുതല്‍ പരലോകം വരെ ഒറ്റക്കുതിപ്പിനു കൊണ്ടുപോകുന്നതരം വിദ്യാഭ്യാസം. ഈതരം വിദ്യാഭ്യാസം അലസതയെയും ബലഹീനതയെയും ന്യായീകരിക്കുന്നു. ഇഹലോക വിരക്തിയുടെയും പരലോകോന്മുഖതയുടെയും പേരില്‍ സമര പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുന്നു.
രണ്ടു മുതല്‍ അഞ്ചു വരെയുള്ള ഇനങ്ങളാണ് ഖുലഫാഉര്‍റാശിദുകള്‍ക്ക് ശേഷം വിവിധ രാഷ്ട്രീയ കര്‍മശാസ്ത്ര നേതൃത്വങ്ങള്‍ക്ക് കീഴില്‍ ഇന്നുവരെയും ഇസ്‌ലാമിക വിദ്യാഭ്യാസത്തെ നിയന്ത്രിച്ചുപോരുന്നത്. ഇസ്‌ലാമിനെ മനസ്സിലാക്കുന്നതിലെ ഈ അന്തരങ്ങള്‍ ശ്രദ്ധിച്ചതായി ഈ അടുത്ത കാലം വരെ ഇറങ്ങിയ പുസ്തകങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല.
ആയതിനാല്‍, ഇസ്‌ലാമിക വിദ്യാഭ്യാസ തത്ത്വശാസ്ത്രത്തില്‍ രണ്ടു കാര്യങ്ങള്‍ സാക്ഷാല്‍കൃതമാവണം. 1. പ്രഥമമായി ഇസ്‌ലാമിക ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും തരണം ചെയ്യാന്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തെ പ്രാപ്തമാക്കണം. കാലഘട്ടത്തിന്റെ താല്‍പര്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ യോഗ്യമാക്കണം.
2. ആധുനിക മുസ്‌ലിമിനെ വര്‍ത്തമാനകാല പ്രതിസന്ധികളില്‍നിന്ന് പുറത്തു കടക്കാന്‍ സഹായിക്കുന്ന, ലോക വിദ്യാഭ്യാസ ധൈഷണിക കളത്തിലേക്ക് കടന്നുചെല്ലാന്‍ പ്രാപ്തനാക്കുക.
ആധുനികകാലത്ത് സംസ്‌കാരങ്ങള്‍ തമ്മില്‍ സഹവര്‍ത്തിത്വത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുന്നു. അതിലൂടെ ജീവിതത്തിലേക്ക് കടന്നുകയറാന്‍ നമുക്ക് കഴിയുന്ന സാഹചര്യമുണ്ടായിരിക്കുന്നു. ധന്യമായ പൈതൃകത്തിന്റെ അഭിമാനം കൊള്ളുന്നതിനു പകരം തന്റെ കാലത്തെയും തന്റെ ദൗത്യത്തിന്റെ ഉള്ളടക്കത്തെയും പ്രകാശിപ്പിക്കാന്‍ ആധുനിക മുസ്‌ലിമിന് കഴിയണം.
മുന്നാക്കത്തിന്റെയും നന്മയുടെയും സുവാര്‍ത്ത പകര്‍ന്നുനല്‍കാനും പിന്നാക്കത്തിന്റെയും തിന്മയുടെയും കെടുതികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഒരു സാക്ഷിയെ പോലെ അയാള്‍ പ്രവര്‍ത്തിക്കണം. കാലത്തിന്റെ മാധ്യമങ്ങളും സാങ്കേതികതകളും ചിന്തയും ഭാഷയും സ്വായത്തമല്ലാത്തവര്‍ക്ക് അത് സാധ്യമല്ല. അതിനാല്‍, ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് ആധുനിക അടിത്തറയില്‍ വ്യക്തത വരുത്തുകയാണ് ഈ പഠനത്തിന്റെ ഉദ്ദേശ്യം.

വിദ്യാഭ്യാസ തത്ത്വശാസ്ത്രം-ഇസ്‌ലാമിക
പരിപ്രേക്ഷ്യം
മനുഷ്യന്റെ ജനനം, ജീവിതം, മരണം എന്നിവയെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുകയാണ് വിദ്യാഭ്യാസ തത്ത്വശാസ്ത്രത്തിന്റെ പൊതു ചട്ടക്കൂട്. ഇതിനെ വിദ്യാഭ്യാസ തത്ത്വശാസ്ത്രജ്ഞര്‍ യാഥാര്‍ഥ്യത്തിന്റെ മേഖല (ontology) എന്നാണ് വ്യവഹരിച്ചിരിക്കുന്നത്. ഈ ബന്ധങ്ങള്‍ മനസ്സിലാക്കാനുള്ള രീതി അറിവിന്റെ ദര്‍ശനം (Epistemology) എന്നും. ഈ ബന്ധങ്ങള്‍ വിധിക്കുന്ന മാനദണ്ഡങ്ങള്‍ മൂലദര്‍ശനം (Axiology) എന്നും വിളിക്കപ്പെടുന്നു. ഇവ മനുഷ്യന്റെ ജീവിതചര്യകളുമായി എങ്ങനെ സമരസപ്പെടുമെന്ന് മനസ്സിലാക്കാന്‍ മനുഷ്യപ്രകൃതി(Human Nature)യെ പറ്റി പഠിക്കുന്നു.1
മേല്‍ നാലു ഘടകങ്ങളെയും കുറിച്ച് ക്രൈസ്തവത സമര്‍പ്പിച്ച വ്യാഖ്യാനങ്ങള്‍ നവോത്ഥാന വക്താക്കള്‍ നിരാകരിച്ചതോടെ, അവയെക്കുറിച്ച് പുതിയ ചിന്തകളും ചര്‍ച്ചകളും നടക്കുകയുണ്ടായി. അവ ശാസ്ത്ര കണ്ടെത്തലുകളുമായി കൂടുതല്‍ ഒത്തുപോകുന്നവയാണ്.2
ആധുനിക വിദ്യാഭ്യാസ തത്ത്വശാസ്ത്രം നിര്‍ണയിച്ച മേല്‍ നാല് തത്ത്വങ്ങള്‍- Ontology, Epistemology, Axiology, Human Nature -സ്പഷ്ടീകരിക്കുന്നതിന് നടത്തപ്പെട്ട ശ്രമങ്ങളെ റിച്ചാര്‍ഡ്‌വാന്‍ സ്‌കൂട്ടറും കൂട്ടുകാരും ഇങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നു: ''ജീവിത യാഥാര്‍ഥ്യം, സാമൂഹികവും സാര്‍വലൗകികവുമായ വിഷയങ്ങളുടെ ലക്ഷ്യങ്ങള്‍ മുതലായവ സംബന്ധിച്ച് മനുഷ്യന്‍ എപ്പോഴും അന്വേഷണത്തിലാണ്. വ്യാവസായികവും സാങ്കേതിക ശാസ്ത്രപരവുമായി സമൂഹവും വ്യക്തികളും അനുഭവിക്കുന്ന സംശയത്തിനും അസ്വസ്ഥതക്കുമിടയില്‍ മാനസികമായ സന്തുലിതത്വം കണ്ടെത്താനുള്ള വഴികളെക്കുറിച്ച് അവന്‍ നിരന്തരം പരിഹാരമാരായുകയാണ്. ഈ വക വിഷയങ്ങളെല്ലാം വിദ്യാഭ്യാസ പ്രക്രിയയുടെ അച്ചുതണ്ടാണ്.'' 3
പക്ഷേ, മനുഷ്യര്‍ അന്വേഷിക്കുന്ന ബന്ധങ്ങള്‍ 'ജീവിത ബന്ധ'ങ്ങളില്‍ മാത്രം പരിമിതമല്ല. എന്നാല്‍ സ്‌കൂട്ടറും കൂട്ടുകാരും ബന്ധങ്ങളെ ജീവിതത്തില്‍ മാത്രം പരിമിതപ്പെടുത്തുകയാണ്. ജനനത്തിന്റെ വിവിധ ഘട്ടങ്ങള്‍, ജീവിതം, മരണം, മരണാനന്തര ഘട്ടങ്ങള്‍ ഉള്‍പ്പെടെ സമസ്ത ജീവിത ദശകളുമായി അഭേദ്യമായും സമഗ്രമായും നിലനില്‍ക്കുന്ന ബന്ധങ്ങളിലെ ചിലതു മാത്രമാണ് ഭൗതിക ബന്ധങ്ങള്‍. മറ്റൊരുവിധം പറഞ്ഞാല്‍, സ്രഷ്ടാവ്, മനുഷ്യന്‍, പ്രപഞ്ചം, ജീവിതം, പരലോകം എന്നിവ സംബന്ധിച്ച് സമഗ്രമായ ആശയം പകര്‍ന്നുതരാന്‍ കഴിയുന്നതാവണം വിദ്യാഭ്യാസം
അങ്ങനെ വരുമ്പോള്‍, വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളെയും ഉദ്ദേശ്യങ്ങളെയും ഈ ലക്ഷ്യങ്ങളിലേക്ക് എത്തിക്കുന്ന ഗവേഷണ മാര്‍ഗങ്ങളെയും മാനദണ്ഡങ്ങളെയും വിശദീകരിക്കുകയും ഇതിനുസൃതമായി തന്നെ ചൂഴ്ന്നുനില്‍ക്കുന്ന മൊത്തം പ്രപഞ്ചവുമായി പഠിതാവിന്റെ ബന്ധങ്ങളെ നിര്‍ണയിക്കുകയുമാണ് വിദ്യാഭ്യാസ തത്ത്വശാസ്ത്രം കൊണ്ട് യഥാര്‍ഥത്തില്‍ വിവക്ഷിക്കുന്നത് അഥവാ വിവക്ഷിക്കേണ്ടത്.
ഇത് വിശദീകരിക്കുന്നതില്‍ വിവിധ ആധുനിക വിദ്യാഭ്യാസ തത്ത്വശാസ്ത്രങ്ങളുടെ ബലഹീനതയെക്കുറിച്ച് നാം മുന്‍ അധ്യായത്തില്‍ വായിച്ചു. അതുകൊണ്ടുതന്നെ, ഖുര്‍ആനും തിരുചര്യയും ആധാരമായുള്ള ഇസ്‌ലാമിക വിദ്യാഭ്യാസ തത്ത്വശാസ്ത്രം ഇത്തരുണത്തില്‍ ഏറെ ശ്രദ്ധേയമാണ്. 'അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോക വിജയം നേടുക. ഐഹികജീവിതത്തില്‍നിന്ന് നിനക്കുള്ളഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തതുപോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല' (ഖസ്വസ്വ് 77). ദൈവം, പ്രപഞ്ചം, ജീവിതം, മനുഷ്യന്‍, പരലോകം എന്നിവയുമായുള്ള മനുഷ്യന്റെ ബന്ധങ്ങളാണ് ഈ സൂക്തത്തില്‍ നിര്‍ണയിച്ചിരിക്കുന്നത്. ഇതോടൊപ്പം തെറ്റും ശരിയും, നന്മയും തിന്മയും നിര്‍ണയിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങളും ഖുര്‍ആനും തിരുചര്യയും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവയെ ദൈവഭക്തി പ്രധാനമായ മൂല്യങ്ങള്‍ എന്ന് വിളിക്കാം. തെറ്റും ശരിയും വ്യവഛേദിച്ച് മനസ്സിലാക്കുന്നതിന് ഖുര്‍ആന്‍ ചില പൊതു ചട്ടക്കൂടുകള്‍ നിര്‍ണയിച്ചിട്ടുണ്ട് ഇതിനെ 'ജ്ഞാനശാസ്ത്രം' എന്ന് പറയാം.
ഈ പുസ്തകത്തിന്റെ ഒന്നാം പതിപ്പിറങ്ങിയപ്പോള്‍ ചില പഠിതാക്കള്‍ 'ഫല്‍സഫഃ' (തത്ത്വശാസ്ത്രം) എന്നുപയോഗിച്ചതിന്റെ സാധുതയെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി. 'ഫല്‍സഫഃ' എന്ന പദം അനറബിയായിരിക്കെ അത് ഉപയോഗിക്കുന്നതിന്റെ സാംഗത്യമാണ് അവര്‍ക്ക് അറിയേണ്ടത്.
എന്റെ മറുപടി ഇങ്ങനെ: 1 ഫല്‍സഫഃ എന്ന പദം നൂറ്റാണ്ടുകളായി അറബിഭാഷയില്‍ പ്രചാരത്തിലുള്ളതും ആധുനികയുഗത്തില്‍ വ്യാപകമായി പ്രയോഗത്തിലിരിക്കുന്നതുമായ പദമാണ്. നബി(സ)യുടെ കാലടിപ്പാടുകള്‍ പിന്‍പറ്റുന്ന പ്രബോധകര്‍ തന്റെ ജനതയെ അവരുടെ ഭാഷയില്‍ സംബോധന ചെയ്യാന്‍ ബാധ്യസ്ഥരാണ്. ലോകം ഒരു ആഗോള ഗ്രാമമായി കഴിഞ്ഞിരിക്കെ ആഗോളസമൂഹമൊന്നാകെ നമ്മുടെ പ്രബോധിതരായി മാറിയിരിക്കുകയാണ്.
2. വിശുദ്ധ ഖുര്‍ആനില്‍ അറബിപദങ്ങള്‍ മാത്രമല്ല ഉള്ളത്. അറബി-അറബിയേതര ഭാഷകള്‍ തമ്മില്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഇടപഴക്കത്തിലൂടെ പല അനറബി പദങ്ങളും അറബിവത്കൃതമായിരിക്കുന്നു. 'ഖുര്‍ആന്‍ ജ്ഞാനശാസ്ത്ര'വുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം ത്വബരി തന്റെ ജാമിഉല്‍ ബയാന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന കൃതിയില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
അതിന്റെ സംഗ്രഹം:
1. അന്യ ഭാഷാപദം അറബി ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ പ്രചുരമായതായിരിക്കുക.
2. പ്രസ്തുത പദപ്രയോഗം കാലങ്ങളായി നിലവിലുള്ളതാവുക.
3 അറബിവത്കൃതമായ അന്യ ഭാഷാപദത്തിന്റെ സൂച്യാശയം അറബി സംസാരിക്കുന്നവര്‍ക്ക് മനസ്സിലാവുക.4 ഇതുപോലെ നബി(സ)യും അനറബി പദങ്ങള്‍ ഉപയോഗിച്ചിരുന്നു
'യഥാര്‍ഥ വിജ്ഞാനം ഇല്ലാതെയാവും, അജ്ഞത പ്രകടമാവും, കൊലകപാതകം വര്‍ധിക്കും.'5 ഇവിടെ 'കൊലപാതകം' എന്നതിന് നബി(സ) 'ഹറജ്' എന്നാണ് ഉപയോഗിച്ചത്. 'ഹറജ്' എന്നത് അനറബി പദമാണ്.6 അബ്‌സീനിയന്‍ ഭാഷ പഠിക്കുകയും അവിടെ വെച്ച് ശിശു ജനിക്കുകയും ചെയ്ത ഖാലിദുബ്‌നു സഈദിബ്‌നുല്‍ ആസ്വിന്റെ മകള്‍ ഉമ്മു ഖാലിദിനോട് സംസാരിക്കവെ, 'ഉമ്മു ഖാലിദ്' ഇത് നല്ലതാണ് എന്ന് പറയുകയുണ്ടായി.7 'നല്ലത്' എന്നതിന് അബ്‌സീനിയന്‍ ഭാഷയില്‍ 'സനാ' എന്നാണ് ഉപയോഗിക്കുക.8
3. പദങ്ങളുടെ അക്ഷരങ്ങളോ അവയുടെ സ്രോതസ്സുകളോ അല്ല, അവയുടെ ധൈഷണികമായ ആശയമാണ് പ്രധാനം. യഥാര്‍ഥ മതത്തിനും അസത്യ മതത്തിനും ഒരുപോലെ ഉപയോഗിക്കുന്ന 'ദീന്‍' എന്നതുപോലെയാണ് 'ഫല്‍സഫഃ' എന്ന പദവും. ചിന്താരീതി എന്ന നിലയിലും ധാരണകളുടെയും വിശ്വാസങ്ങളുടെയും ഘടന എന്ന നിലയിലും ഉപയോഗിക്കപ്പെടുന്ന 'തത്ത്വശാസ്ത്രം'എന്ന പദത്തെ വ്യവഛേദിച്ച് മനസ്സിലാക്കുകയാണ് വേണ്ടത്. ചിന്താമാര്‍ഗം എന്ന നിലയില്‍ തത്ത്വശാസ്ത്രം പ്രപഞ്ചത്തിലെ അടിസ്ഥാനങ്ങളുടെ ശാസ്ത്രീയവും സംവാദപരവുമായ ഘട്ടങ്ങളിലൂടെയാണ് മുന്നോട്ടുപോവുന്നത്. ഉദാഹരണമായി, ആകാശഭൂമികളുടെ സൃഷ്ടിപ്പുകളെക്കുറിച്ച് പര്യാലോചിക്കാന്‍ ഉല്‍ബോധിപ്പിക്കുന്ന ഖുര്‍ആന്‍ അവ്വിധം ചിന്തിക്കുന്നവര്‍ 'ഞങ്ങളുടെ നാഥാ, നീ ഇത് വൃഥാ സൃഷ്ടിച്ചതല്ലെന്നു പറയും' എന്ന് പ്രതികരിക്കുമെന്ന് പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍, ഇതിനു വിരുദ്ധമായി സ്രഷ്ടാവ്, മനുഷ്യന്‍, പ്രപഞ്ചം, ജീവിതം, മരണാനന്തരം മുതലായവയെ പറ്റി തെറ്റായ നിലപാടുകളിലും മനുഷ്യര്‍ എത്തിച്ചേരാം.
ഇതുപോലെ, ജീവിതതത്ത്വശാസ്ത്രവും വിദ്യാഭ്യാസ തത്ത്വശാസ്ത്രവും തമ്മില്‍ വ്യവഛേദിച്ച് മനസ്സിലാക്കപ്പെടണം. ജീവിതതത്ത്വശാസ്ത്രം മൗലികമായ അസ്തിത്വ വിഷയങ്ങളും മാനുഷിക സാമൂഹിക മൂല്യങ്ങളും ചര്‍ച്ച ചെയ്യുന്നു. അതില്‍ തെറ്റുകള്‍ സംഭവിക്കാം. വിദ്യാഭ്യാസ തത്ത്വശാസ്ത്രം, വിദ്യാഭ്യാസത്തിന്റെ പൊതു ലക്ഷ്യങ്ങളെയും രീതികളെയും അവയുടെ അടിത്തറകളെയും അവയിലൂടെ ലഭ്യമാവുന്ന പ്രായോഗിക ഫലങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഉദാഹരണം: ഗണിത തത്ത്വശാസ്ത്രം, ചരിത്ര തത്ത്വശാസ്ത്രം, വിദ്യാഭ്യാസ തത്ത്വശാസ്ത്രം മുതലായവ. ഈ ഇനത്തിന്റെ ശരിയും തെറ്റും, അതത് നാഗരികതകളെ മുന്നോട്ടുവെക്കുന്ന ജീവിത തത്ത്വശാസ്ത്രത്തിന്റെ ശരിയും തെറ്റുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. പ്രപഞ്ചം, മനുഷ്യന്‍ എന്നിവയുടെ അസ്തിത്വ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഇസ്‌ലാമിന്റെ ദര്‍ശനം തെറ്റാതിരുന്നത് അതിന്റെ തത്ത്വശാസ്ത്രം തെറ്റാതിരുന്നതിനാലാണ്.
ഇസ്‌ലാമിക ചരിത്രത്തില്‍ മതവും തത്ത്വശാസ്ത്രവും തമ്മില്‍ സംഘട്ടനങ്ങള്‍ക്ക് വഴിമരുന്നിട്ടവരാണ് ഇസ്‌ലാമിലെ ചിന്താരംഗത്ത് രൂപംകൊണ്ട നിഷേധാത്മകമായ എല്ലാ ദുഷ്ഫലങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്. ഇസ്‌ലാമിക നാഗരകിതയുടെ ദാര്‍ശനിക ദൗര്‍ഢ്യം അവര്‍ ഇതുവഴി തകര്‍ത്തുകളഞ്ഞു. ഇസ്‌ലാമിക തത്ത്വശാസ്ത്രത്തെ യവന ബഹുദൈവത്വ ഉള്ളടക്കം ഉപയോഗിച്ച് വിശകലനം ചെയ്തും ഭൗതികാതീതമായ എല്ലാറ്റിനെയും ബുദ്ധി ഉപയോഗിച്ച് വ്യാഖ്യാനിച്ചുമാണ് അവര്‍ ഇസ്‌ലാമിന് ദ്രോഹം വരുത്തിയത്.
വഴിതെറ്റിയ ബഹുദൈവത്വത്തോട് കലഹിച്ചതിനൊപ്പം പ്രകൃതി വിജ്ഞാനീയങ്ങളെ മാറ്റിനിര്‍ത്തിയതും സമൂഹത്തിന്റെ വൈജ്ഞാനിക വന്ധ്യതക്ക് കാരണമായി. മുസ്‌ലിം ധിഷണയെ അതിന്റെ നിഷേധാത്മകമായ ദൗര്‍ബല്യങ്ങളില്‍ നിന്ന് മോചിപ്പിക്കാനായി ഇബ്‌നു തൈമിയ്യ ശ്രമിച്ചപ്പോള്‍ നിരൂപണാത്മകമായ ചിന്തയെതെറ്റായ ഉള്ളടക്കങ്ങളില്‍ നിന്ന് മോചിപ്പിച്ചെടുക്കാന്‍ ശ്രദ്ധിക്കുകയുണ്ടായി. പക്ഷേ, അദ്ദേഹത്തിന്റെ വിമര്‍ശകര്‍ അത് വിവേചിച്ച് മനസ്സിലാക്കുകയുണ്ടായില്ല.9
4. 'വിദ്യാഭ്യാസ തത്ത്വശാസ്ത്രം' എന്ന സാങ്കേതികപദം എല്ലാ ആധുനിക സംസ്‌കാരങ്ങളിലും പ്രചുരമാണ്. ഇതര വിജ്ഞാന മേഖലകളിലും അത് പ്രയോഗിക്കപ്പെടുന്നുണ്ട്. 'ചരിത്ര തത്ത്വശാസ്ത്രം', 'ശാസ്ത്ര തത്ത്വശാസ്ത്രം', 'സാമൂഹിക തത്ത്വശാസ്ത്രം' മുതലായവ ഉദാഹരണം. ആയതിനാല്‍ മേല്‍ സാങ്കേതിക പദത്തിന്റെ ഉപയോഗം ഒഴിവാക്കുക എന്നാല്‍ ലോക ധൈഷണികരംഗത്ത് ഇസ്‌ലാമിക ഉള്ളടക്കത്തിന് പ്രവേശനം നിഷേധിക്കുക എന്നത്രെ. അതുവഴി നഷ്ടപ്പെടുന്നത് മിഥ്യയുടെ ഉള്ളടക്കം തകര്‍ക്കാനുള്ള ഇസ്‌ലാമിന്റെ അവസരമാണ്.
5. നാഗരികമാനദണ്ഡം. നാഗരികതകളുടെ സഹവര്‍ത്തിത്വം എപ്പോഴും നിര്‍ണിതമായ തോതില്‍ ഇതര സംസ്‌കാരങ്ങളും ഭാഷാ പദങ്ങളുമായി ഇടപഴകാന്‍ അവസരമുണ്ടാക്കുന്നു. ഈ പ്രവണത ഇമാം ത്വബ്‌രി തന്റെ തഫ്‌സീറിന്റെ മുഖവുരയില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ പ്രവണതയെ ഇബ്‌നു അത്വിയ്യഃ ഇങ്ങനെ വിശദീകരിക്കുന്നു:10 'ഖുര്‍ആന്‍ അവതീര്‍ണമായ അറബി ഭാഷ സംസാരിക്കുന്ന അറബികള്‍ വ്യാപാരാവശ്യാര്‍ഥമുള്ള യാത്രകള്‍ വഴി ഇതര ഭാഷകളുമായി ബന്ധപ്പെട്ടിരുന്നു. അബൂ അംറിന്റെ ശാം യാത്രയും ഉമര്‍(റ), അംറുബ്‌നുല്‍ ആസ്വ്(റ), ഇമാറത്തുബ്‌നുല്‍ വലീദ് (റ) എന്നിവരുടെ അബ്‌സീനിയന്‍ യാത്രയും, അഅ്ശായുടെ ഹീറയിലേക്കുള്ള യാത്രയും, ഭാഷാ പ്രവീണനായിട്ടും അവിടത്തെ ക്രൈസ്തവരുമായുള്ള അദ്ദേഹത്തിന്റെ ഇടപഴക്കവും മറ്റും ഉദാഹരണം. ഇതിലൂടെ അനറബി പദങ്ങള്‍ ധാരാളമായി അറബി ഭാഷയിലേക്ക് വന്നു. അവയില്‍ ചിലത് അക്ഷരങ്ങള്‍ കുറച്ച് ഉപയോഗിച്ചു. കവിതകളിലും സംഭാഷണങ്ങളിലും പ്രയോഗിച്ച് അവ ശുദ്ധ സാഹിത്യ പദപ്രയോഗങ്ങളായി അംഗീകാരം ലഭിച്ചു. ഇത് ഒരു അറബിക്കറിയില്ലെങ്കില്‍ ഇതര ഭാഷകളിലേത് അറിയാത്തതുപോലെയാണയാളുടെ അവസ്ഥ. 'ഫാത്വിര്‍' എന്ന പദം ഇബ്‌നു അബ്ബാസിന് അറിയാതിരുന്നത് ഉദാഹരണം. ഇത്തരം പദങ്ങള്‍ യഥാര്‍ഥത്തില്‍ അറബിയാണെങ്കിലും അറബികള്‍ അത് ഉപയോഗിച്ച് അറബിവത്കരിക്കുകയായിരുന്നു.11
അറബിയേതര ഭാഷകളിലും ഇത്തരം പ്രവണതകള്‍ കാണാം. സര്‍ക്കശി ഉദ്ധരിച്ച 'അല്‍ ഖിസ്ത്വ്', 'അല്‍ഖിസ്ത്വാസ്' എന്നീ പദങ്ങള്‍ റോമന്‍/ലാറ്റിന്‍ പദങ്ങളാണ്. രണ്ടിന്റെയും അര്‍ഥം 'നീതി' എന്നാണ്.12 ലാറ്റിനില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വന്ന Justice, Just എന്നീ പദങ്ങള്‍ മേല്‍ പദങ്ങളുടെ അതേ അര്‍ഥമാണ് പ്രകാശിപ്പിക്കുന്നത്.
ത്വബരി, സുയൂത്വി, സര്‍കശീ, ഇബ്‌നു അതിയ്യഃ മുതലായവര്‍ ഇത്തരം അനറബി പദങ്ങള്‍ ഖുര്‍ആനിലുണ്ടെന്ന് മനസ്സിലാക്കുകയും ഭാഷയില്‍ അത് ഉപയോഗിക്കുന്നത് അനുവദിക്കുകയും ചെയ്തുവെങ്കില്‍ അത് ഖുര്‍ആന്റെ ഭാഷാപമരായ അമാനുഷികതയുടെ തെളിവുകൂടിയാണ്. ഇത്തരം ലോക ഭാഷാ സാദൃശ്യങ്ങള്‍ മനസ്സിലാക്കാന്‍ സര്‍വകലാശാലകള്‍ക്കു പോലും കഴിയില്ല. എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബിയുടെ ജിഹ്വയിലൂടെ ഇത്തരമൊരു ഭാഷാ സാമ്യം പ്രകടമാവുമ്പോള്‍ അത് മനുഷ്യശേഷികളുടെ എല്ലാ വൃത്തങ്ങള്‍ക്കും അപ്പുറത്താണ്. മറ്റുള്ളവരുമായി അടയാത്തതും തുറന്നതുമായ മുസ്‌ലിം ധിഷണയുടെ വികാസക്ഷമതയാണ് ഇതിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. അപരന്മാരുടെ ഹൃദയത്തിലേക്കും മനസ്സുകളിലേക്കും സാംസ്‌കാരിക പാലം നിര്‍വഹിക്കാന്‍ അതുവഴി കഴിയുന്നു. ലോകത്ത് പല ഘട്ടങ്ങളിലായി ഊഴം വെച്ച് വന്നുപോയ എല്ലാ കാലിക നാഗരികതകളും അവസാനിച്ച് നിരന്തരവും ഏകവുമായ ഒരു നാഗരികത-ഇസ്‌ലാമിക നാഗരികത- മേല്‍ക്കൈ നേടുമെന്നു തന്നെയാണ് ഇതിലൂടെ മനസ്സിലാവുന്നത്. ആഗോള ഗ്രാമമായി മാറിയ ആധുനികലോകത്ത് നടന്നുകൊണ്ടിരിക്കുന്ന പാരസ്പര്യം ഭാഷകളും ആദര്‍ശവിശ്വാസങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും മാനവ വര്‍ഗങ്ങളുടെ ഇടപഴക്കവുമെല്ലാം ലോകത്ത് പുതിയൊരു ഘട്ടം തുറക്കുകയാണ്. മൂന്നു മതങ്ങളും -ഇസ്‌ലാം, യഹൂദ, ക്രൈസ്തവ- പ്രതീക്ഷിത മസീഹ് (മിശിഹ), പ്രതീക്ഷിത മഹ്ദി എന്നിവരെ സംബന്ധിച്ച് സംസാരിക്കുമ്പോള്‍ മാനവതയിലേക്ക് മൊത്തം ആഗതനാവുന്ന നായകനെ സംബന്ധിച്ചാണ് വിവക്ഷിക്കുന്നത്. അവരുടെയും അവരുടെ സഹായികളുടെയും കൈകളിലൂടെ ലോക സന്തുലിതത്വവും പരസ്പര പ്രതിപ്രവര്‍ത്തനത്തിലൂടെ ആരോഗ്യകരമായ ശുദ്ധീകരണവും നടക്കുമെന്ന് തന്നെയാണ് നാം പ്രത്യാശിക്കുന്നത്. എല്ലാം ചേര്‍ന്ന് ഒരു ഏകലോക ഉയര്‍ന്നുവരും. പുതിയൊരു ലോകത്തിന്റെ ജനനം നടക്കും. അതിലൂടെ ഫറോവയുടെയും അബൂജഹ്‌ലിന്റെയും കിസ്‌റായുടെയും മറ്റും കാലഘട്ടങ്ങളിലേക്ക് നാം നോക്കുന്നതുപോലെ നമ്മുടെ കാലഘട്ടത്തെയും നാം വിലയിരുത്തുന്ന സാഹചര്യമുരുത്തിരിയും.
ആഗതമാവുന്ന സാര്‍വലൗകിക ഘട്ടത്തില്‍ പങ്കാളികളാവുന്ന വ്യക്തികളും ജനവിഭാഗങ്ങളുമായിരിക്കും ഏക മാനവ നാഗരികതയുള്ള ലോക സമൂഹത്തിന്റെ പദാര്‍ഥമായി വര്‍ത്തിക്കുക. ഇവര്‍ രണ്ട് വിഭാഗമായിരിക്കും. അതില്‍ ഒരു വിഭാഗത്തിന്റെ നേതൃത്വം ലോകമാകെ ചിതറിക്കിടക്കുന്ന മോറിസ് ബുക്കായ്, റജാ ഗരോഡി മുതലായവരെപ്പോലുള്ള മുസ്‌ലിംകളിലെ നായകപ്രധാനരായ വ്യക്തിത്വങ്ങളായിരിക്കും. ജെയിംസ് ബേക്കര്‍, ജോനാസ് സോലക്, റെനെ ഡൊബോ മുതലായ ക്രൈസ്തവരാണ് മറ്റൊരു വിഭാഗം. യഹൂദരിലെ അബ്‌റഹാം മാസ്‌ലൊ, സാംസ്‌കാരിക ഗവേഷകനായ ആല്‍വിന്‍ ടഫ്‌ളര്‍ മുതലായവരും ഈ ഇനത്തില്‍ വരുന്നവരാണ്. ഇവരും ഇവരെപ്പോലുള്ളവരും വരാന്‍ പോകുന്ന ഘട്ടത്തെയും അതിന്റെ പ്രകൃതിയെയും അത് മുന്നോട്ടുവെക്കുന്ന ആശയാദര്‍ശങ്ങളെയും സംബന്ധിച്ച ഗ്രാഹ്യത്തില്‍ വ്യത്യസ്ത നിലവാരക്കാരായിരിക്കാം. മോറിസ് ബുക്കായിയും റജാ ഗരോഡിയും ഈ ഘട്ടത്തെക്കുറിച്ചും വരാനിരിക്കുന്ന ഘട്ടത്തെക്കുറിച്ചും നല്ല ബോധ്യത്തിലെത്തിയിരിക്കുന്നു. മറ്റു ചിലരാകട്ടെ, വരാനിരിക്കുന്ന പ്രഭാതത്തിന്റെ നൂലിഴകള്‍ കടന്നുപോകുന്നതിനിടെ കാലിടറിക്കളിക്കുന്നവരാണ്
വ്യത്യസ്ത നിലവാരത്തിലുള്ള ഒന്നാം വിഭാഗത്തെ തുടര്‍ന്നുവരുന്ന രണ്ടാം വിഭാഗത്തിന്റെ ആഗമനം പ്രത്യക്ഷീഭവിക്കുംവിധമുള്ള തുടക്കം ലോക വ്യാപകമായി കാണാന്‍ തുടങ്ങിയിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. നിലവിലെ ദുരിതപൂര്‍ണമായ ജീവിതവ്യവസ്ഥകളില്‍ അവര്‍ അസ്വസ്ഥരാണ്. അവരുടെ സീമാതീതമായ അസ്വസ്ഥതകള്‍ തീവ്രവാദമായും അന്യതാ ബോധമായും, ഒന്നിനോടും കൂറില്ലാത്ത മാനസികാവസ്ഥയായും അവര്‍ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒടുങ്ങാറായ നിലവിലെ അസ്വസ്ഥതകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപായാന്വേഷണത്തിന്റെ ലക്ഷണങ്ങളാണവയെല്ലാം.
ആധുനിക ലോകം വളരെ വേഗം പ്രതിപ്രവര്‍ത്തിക്കുന്നതാണ്. ബോധവും ജ്ഞാനവും യുക്തിയും ധാരാളമുള്ളവര്‍ അതിജീവിക്കും (The Survival of the wisest) എന്ന ജോനാസ് സോലക് വിളിക്കുന്ന സാമൂഹിക നിയമമനുസരിച്ച് ലോകം പുതിയൊരു ജനനത്തിന് തയാറെടുക്കുകയാണ്.
വരാനിരിക്കുന്ന ലോകത്തിന്റെ പുതിയ ഘട്ടത്തിന്റെ തെളിയടയാളങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന 'ലോക പണ്ഡിതന്മാര്‍ക്ക് ജന്മം നല്‍കാന്‍ കഴിവുള്ള ഇസ്‌ലാമിക വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യം. അതിന്റെ പ്രബോധനവും അതില്‍ നിന്ന് പിന്തിനിന്നാലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച ബോധവത്കരണവും അവര്‍ നടത്തണം. നൂറ്റാണ്ടുകളായി മുസ്‌ലിം ധിഷണ അകര്‍മണ്യതയുടെ തടവിലാണ്. ലോക സംഭവങ്ങളുമായും സംസ്‌കാരങ്ങളുമായി ഇടപഴകിയാല്‍ തങ്ങളുടെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നാണ് മുസ്‌ലിംകള്‍ ധരിച്ചുവശായിരുന്നത്. അത് തങ്ങളുടെ അന്തകമാണെന്നുവരെ വിശ്വസിക്കപ്പെട്ടു. അല്ലാഹു ഓരോ പുതിയ കാര്യത്തില്‍ എപ്പോഴും വ്യാപൃതനാണെന്ന് ഖുര്‍ആനിക കാഴ്ചപ്പാടിന്റെ വെളിച്ചത്തില്‍ ആധുനിക ആഗോള ഗ്രാമത്തിലെ ധൈഷണിക രണാങ്കണത്തിലേക്ക് കടന്നുചെല്ലാന്‍ മുസ്‌ലിംകള്‍ക്ക് കഴിയണം.
'നാളേക്കു വേണ്ടി എന്തു സമ്പാദിച്ചു എന്ന് ഓരോ ആത്മാവും നോക്കട്ടെ' എന്ന ഖുര്‍ആനിക ആഹ്വാനം നാം ചെവിക്കൊള്ളണം. അജ്ഞതയെയും അതിന്റെ തുടര്‍ഫലങ്ങളായ ധൈഷണികവും സാമൂഹികവുമായ ബലക്ഷയങ്ങളെയും ജാഗ്രതയോടെ കരുതിയിരിക്കുന്ന ഭക്തന്മാര്‍ക്കാണ് യഥാര്‍ഥ ഭാവിയെന്നും നാം തിരിച്ചറിയണം. ആഗോള ഗ്രാമത്തില്‍ നടക്കുന്ന വികാസ പരിണാമങ്ങളെ നിഷേധാത്മകവും യാഥാസ്ഥിതികവും കറുത്തതും ഇടുങ്ങിയതുമായ ദൃഷ്ടിയോടെ നോക്കുന്നതിനു പകരം, ജനങ്ങള്‍ക്കിടയില്‍ മധ്യവര്‍ത്തികളായി, സത്യസാക്ഷികളായി സ്വതന്ത്രമായി വീക്ഷിക്കാനാവണം നാം ശ്രമിക്കേണ്ടത്. സത്യവാനോട് താങ്കള്‍ സത്യത്തിന്റെ പക്ഷത്താണ്, അതിനാല്‍ ആശീര്‍വദിക്കുന്നു എന്നു പറയണം. അസത്യവാദിയോട്, താങ്കള്‍ അസത്യത്തിന്റെ പക്ഷത്താണ് എന്നു പറഞ്ഞ്, അയാളുടെ തെറ്റിനെ സത്യസന്ധമായും വ്യക്തമായും സുബദ്ധമായും നല്ല നിലയില്‍ തിരുത്തണം. ആരുടെയും ഒന്നിലും നാം കുറവ് വരുത്തരുത്. ആളുകളുടെ സ്‌നേഹം സമ്പാദിക്കാനായില്ലെങ്കിലും അവരുടെ ആദരവ് പിടിച്ചുപറ്റാന്‍ നമുക്ക് കഴിയണം. അല്ലാഹു സത്യവിശ്വാസികളില്‍നിന്ന് പ്രതീക്ഷിക്കുന്നത് അവര്‍ സത്യത്തിന്റെ വിശ്വസ്ത പക്ഷക്കാരാവണമെന്നാണ്. ഇവ്വിധമാണ് തിരുമേനി ആദ്യകാല നേതാക്കളെ വളര്‍ത്തിയെടുത്തത്.
വിവ: ഫില്‍ദഃ ഫര്‍ഹാന്‍

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top