പലിശരഹിത മൈക്രോ ഫിനാന്‍സ് പഠനങ്ങള്‍- സഹൂലത്ത്

ഒ.കെ ഫാരിസ്‌‌
img

സഹൂലത്ത് മൈക്രോ ഫിനാന്‍സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 'സഹൂലത്ത്' എന്ന പേരില്‍ തന്നെ ഒരു ഗവേഷണ ജേര്‍ണല്‍ ആരംഭിച്ചിരിക്കുന്നു. വര്‍ഷത്തില്‍ രണ്ട് ലക്കങ്ങള്‍ (ജനുവരി, ജൂണ്‍) പുറത്തിറങ്ങുന്ന പുസ്തകത്തില്‍ പലിശരഹിത മൈക്രോ ഫിനാന്‍സിന് ആയിരിക്കും മുഖ്യ ഊന്നല്‍ നല്‍കുക. ഇന്ത്യയിലും പുറത്തുമുള്ള ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് ഉതകുന്ന വിധത്തില്‍ ശാസ്ത്രീയമായ അന്വേഷണങ്ങളാണ് പുസ്തകം ഉള്‍ക്കൊള്ളുന്നത്. ഇതിന്റെ ഒന്നാം ലക്കം 2012 ജൂണില്‍ പുറത്തിറങ്ങി. എഡിറ്റര്‍ ഔസാഫ് അഹ്മദ്. വില: 150.
വിശാലാര്‍ഥത്തില്‍ പിന്നാക്ക ജനവിഭാഗങ്ങള്‍, ദരിദ്രര്‍ തുടങ്ങിയ വിഭാഗങ്ങളുടെയും പിന്നാക്ക പ്രദേശങ്ങളുടെയും സാമ്പത്തിക ഉന്നമനത്തിനുതകുന്ന പ്രായോഗിക ചര്‍ച്ചകളും ധനകാര്യ-സഹകരണ സംരംഭങ്ങള്‍, വാണിജ്യ ബാങ്കിംഗ്, മൈക്രോ ഫിനാന്‍സ്, പലിശ രഹിത മൈക്രോ ഫിനാന്‍സ് തുടങ്ങിയ മേഖലകളും പുസ്തകത്തില്‍ ചര്‍ച്ചാ വിഷയമാകുന്നു. പലിശരഹിത മൈക്രോഫിനാന്‍സ് രംഗത്ത് സ്വതന്ത്രമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തി ശാസ്ത്രീയ മാനം കൈവരിക്കാനാണ് സഹൂലത്ത് ലക്ഷ്യമിടുന്നത്.
നജാത്തുല്ല സിദ്ദീഖി, ഉമര്‍ ചാപ്ര, ഉബൈദുല്ല തുടങ്ങി പലിശരഹിത മൈക്രോ ഫിനാന്‍സിലും പലിശ രഹിത സാമ്പത്തിക ശാസ്ത്രത്തിലും ലോകത്ത് തന്നെ അറിയപ്പെടുന്ന പ്രഗത്ഭരാണ് ഒന്നാം ലക്കത്തില്‍ ലേഖനങ്ങള്‍ എഴുതിയിരിക്കുന്നത്. പ്രായോഗിക രംഗത്ത് ഉപകരിക്കുന്ന രീതിയില്‍ ഒരു കേസ് സ്റ്റഡിയും ഉണ്ട്. പുറമെ, അല്‍ ഖൈര്‍ കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റയും ജനസേവ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെയും റിപ്പോര്‍ട്ടുകളും ഉണ്ട്. കൂടാതെ ഒരു ബുക് റിവ്യൂവും ദി മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍, 2011 ന്റെ വിശദമായ ഡോക്യുമെന്റും ഒന്നാം ലക്കം ഉള്‍ക്കൊള്ളുന്നു.
കേവലം അക്കാദമികമായ അന്വേഷണങ്ങള്‍ക്കപ്പുറം പ്രായോഗിക തലത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സഹായകമാകുന്ന വിധത്തിലുള്ള പഠനങ്ങളാണ് ഏറെയും. പലിശ രഹിത മൈക്രോ ഫിനാന്‍സ് ലാഭേഛയോടെ നടത്തുന്ന ഒരു 'കച്ചവടമല്ല' എന്ന വളരെ പ്രധാനപ്പെട്ട ഒരു തത്വം നജാത്തുല്ല സിദ്ദീഖിയുടെ എഴുത്തില്‍ നമുക്ക് വയിക്കാം. ഇസ്‌ലാമിക് ഫിനാന്‍സിന്റെ വ്യത്യസ്ത രീതികളെ മൈക്രോ ഫിനാന്‍സില്‍ എങ്ങനെ നടപ്പാക്കാം എന്ന് അദ്ദേഹം വിശകലനം ചെയ്യുന്നു.
ഖുര്‍ആനിക സൂക്തങ്ങളുടെ വെളിച്ചത്തില്‍ സാമ്പത്തിക രംഗത്തെ അസമത്വത്തെയും അനീതിയെയും വിശകലനം ചെയ്യുന്നതാണ് ഉമര്‍ ചാപ്രയുടെ എഴുത്ത്. ദരിദ്രരെ പരമ്പരാഗത ബാങ്കുകള്‍ അവഗണിക്കുന്ന വിധം പാകിസ്താനിലെ കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ കണക്കുകള്‍ നിരത്തി വിശദീകരിക്കുന്നുണ്ട്. സാമ്പത്തിക നീതി നടപ്പാക്കാനാവശ്യമായ രീതികളും ചര്‍ച്ച ചെയ്യുന്നു.
ഒന്നാം ലക്കത്തില്‍ വളരെ ശ്രദ്ധേയമായി തോന്നിയത് വഖാര്‍ അന്‍വറിന്റെ താരതമ്യ പഠനമാണ്. നോബല്‍ സമ്മാന ജേതാവായ ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ ഗ്രാമീണ്‍ ബാങ്കും സമാന സേവനങ്ങള്‍ പലിശ രഹിതമായി നടപ്പാക്കി വരുന്ന ഇസ്‌ലാമി ബാങ്ക് ബംഗ്ലാദേശ് ലിമിറ്റഡും തമ്മിലാണ് താരതമ്യം. 250 ശാഖകള്‍ മാത്രമുള്ള ഇസ്‌ലാമി ബാങ്കിന്റെയും 2000ല്‍ പരം ശാഖകളുള്ള ഗ്രാമീണ്‍ ബാങ്കിന്റെയും വാര്‍ഷിക കണക്കുകളാണ് അക്കൗണ്ടിംഗ് അനുപാതങ്ങള്‍ ഉപയോഗിച്ച് വിശകലനം ചെയ്യുന്നത്. പലിശ രഹിത മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുമായി മുന്നോട്ട് പോകുന്നവര്‍ക്കും പുതുതായി തുടങ്ങുന്നവര്‍ക്കും ആവേശം നല്‍കുന്നതാണ് കണക്കുകള്‍.
സഹൂലത്ത് ഒന്നാം ലക്കം പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നുണ്ട്. കൂടുതല്‍ വൈവിധ്യങ്ങളോടെ തുടര്‍ ലക്കങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top