മുഖക്കുറിപ്പ്

‌‌

തുര്‍ക്കി ആസ്ഥാനമായ ഉസ്മാനി(Ottoman) ഖിലാഫത്തിന്റെ തകര്‍ച്ചയെ കുറിച്ചു ഈജിപ്ഷ്യന്‍ മഹാകവി അഹ്മദ് ശൗഖി(1868-1932) എഴുതിയ പ്രസിദ്ധമായ വിലാപകാവ്യത്തിലെ വരികളാണു മുകളില്‍ ഉദ്ധരിച്ചത്. 6 നൂറ്റാണ്ടു നീണ്ടുനിന്ന ഉസ്മാനീ ഖിലാഫത്തിന്റെ പതനം. സംഭവിച്ചത് ഏത് വര്‍ഷമാണെന്നതിനെ കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 1909-ല്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതോടെ പതനവും യാഥാര്‍ഥ്യമായി എന്നാണ് ഒരു അഭിപ്രായം. രാഷ്ട്രകൂടങ്ങളുടെ മരണം മന്ദഗതിയിലുള്ള പ്രക്രിയയാണ്. കാലഗണനയുടെ കൃത്യതയ്ക്ക് അതില്‍ പ്രസക്തിയൊന്നുമില്ല. പല നാഴികക്കല്ലുകളും തരണം ചെയ്തുകൊണ്ടാണ് പതനം പൂര്‍ത്തിയാകുന്നത്. 1923 ജൂലൈ 23-ലെ ലോസാന്‍(Lausanne) കരാര്‍ റിപ്പബ്ലിക്കിലേക്കുള്ള തുര്‍ക്കിയുടെ സഞ്ചാരപഥത്തിലെ പ്രധാന നാഴികക്കല്ലാണ്. അതേ വര്‍ഷം ഒക്‌ടോബര്‍ 23-നാണ് ദേശീയ അസംബ്ലി തുര്‍ക്കിയെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നത്. 1924 മാര്‍ച്ച് 3-ന് മുസ്തഫാ കമാല്‍ പാഷയുടെ നേതൃത്വത്തിലുള്ള തുര്‍ക്കി ഗ്രാന്റ് നാഷണല്‍ അസംബ്ലി ഖിലാഫത്ത് ഉന്മൂലനം ചെയ്തതായും ഖലീഫയുടെ സ്വത്ത് വകകള്‍ സ്റ്റേറ്റിന് മുതല്‍കൂട്ടിയതായും പ്രഖ്യാപിച്ചു. തുര്‍ക്കി അടിമുടി മാറ്റപ്പെട്ട സംഭവങ്ങളാണ് പിന്നീടു നടന്നത്. 90 ശതമാനം മുസ്‌ലിംകളുള്ള ഒരു രാജ്യത്ത് ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍ തൂത്ത് മാറ്റപ്പെട്ടു. ജനതയെ ഒന്നടങ്കം നിരക്ഷരരാക്കുന്ന ലിപി മാറ്റമടക്കമുള്ള ഭ്രാന്തന്‍ പരിഷ്‌കരണങ്ങളിലൂടെ ജനാധിപത്യത്തിന്റെ സുതാര്യതയ്ക്ക് പകരം ഡീപ്‌സ്റ്റേറ്റിന്റെ ദുരന്തത്തിലേക്കുള്ള പരിണാമം. മുസ്‌ലിം ലോകത്തിലെ ശൃംഖലിതമായ പല സംഭവങ്ങളുമായി കൂടിച്ചേര്‍ത്ത് വായിക്കേണ്ടതാണ് തുര്‍ക്കിയുടെ പരിണാമം. ഒന്നാം ലോകയുദ്ധത്തില്‍ ഉസ്മാനികളുടെ പരാജയത്തിലേക്ക് നയിച്ച ഘടകങ്ങളില്‍ അറബ് ദേശീയ വാദികളുടെ പ്രക്ഷോഭങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. പ്യൂരിറ്റന്‍ ഇസ്‌ലാമിന്റെ വക്താക്കളായ ആലു സുഊദ് ഇസ്‌ലാമില്‍ കലര്‍പ്പ്(ബിദ്അ) ചേര്‍ത്ത് ഉസ്മാനികളെ ശിക്ഷിക്കാന്‍ ദൈവം അയച്ച പടയാളികളായാണ് ബ്രിട്ടനെയും സഖ്യരാജ്യങ്ങളെയും കണ്ടത്. ബഗ്ദാദില്‍ മംഗോള്‍ ആക്രമണമുണ്ടായപ്പോഴും റോമന്‍ സാമ്രാജ്യത്തിന്റെ പടിവാതില്‍ക്കല്‍ ആറ്റില(Attila)യുടെ സേന എത്തിയപ്പോഴും കേട്ട പഴിയുടെ ആവര്‍ത്തനം. അറബികള്‍ ഖിലാഫത്തിനെ വഞ്ചിച്ചു. സയ്ക്‌സ്-പീക്കോ(Sykes-Picot) കരാറിലൂടെ ബ്രിട്ടനും ഫ്രഞ്ചുകൊളോണിയലിസ്റ്റുകളും അറബികളെയും വഞ്ചിച്ചു. അവര്‍ക്ക് വേറെ ചില പദ്ധതികളുണ്ടായിരുന്നു. ഫലസ്ത്വീന്‍ സയണിസ്റ്റുകള്‍ക്ക് ദാനം ചെയ്യുന്നതുള്‍പ്പെടെ.
തെക്കുകിഴക്കന്‍ യൂറോപ്പിന്റെ മിക്ക ഭാഗങ്ങളും കീഴടക്കി വിയന്നയുടെ പടിവാതില്‍ക്കലോളമെത്തിയ ഉസ്മാനികള്‍ 6 നൂറ്റണ്ടിനിടെ ലോകത്തിന് പല സംഭാവനകളും നല്‍കിയിട്ടുണ്ട്; സ്‌പെയിനില്‍ അറബികള്‍ ചെയ്തത് പോലെ. പക്ഷേ, ഒന്നും എന്നും നിലനില്‍ക്കില്ല എന്നത് പ്രകൃതി നിയമമാണ്. ബാഹ്യശക്തികളേക്കാളുപരി ആന്തര ജീര്‍ണതകളാലാണ് സാമ്രാജ്യങ്ങള്‍ തകരുന്നത്. ഗിബ്ബന്‍ ചൂണ്ടിക്കാട്ടിയ പോലെ 18-ാം നൂറ്റാണ്ടില്‍ ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ യൂറോപ്പ് മുന്നേറിയപ്പോള്‍ ഉസ്മാനി സാമ്രാജ്യം സ്തംഭിച്ചു നിന്നുപോയി. ശൗഖിയുടെ കവിതയില്‍ പറയുന്നത് പോലെ ഖിലാഫത്തിന്റെ പതനം ഇന്ത്യക്കും ആഘാതമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍, മൗലാനാ മുഹമ്മദലിയുടെയും ആസാദിന്റെയും മറ്റും നേതൃത്വത്തില്‍ സജീവമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. ഗാന്ധിജിയുടെ പിന്തുണയും അതിനുണ്ടായിരുന്നു. കേരളത്തിലുമുണ്ടായി അതിന്റെ അനുരണനങ്ങള്‍. അന്ന് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിന്റെ ധീരഭടന്‍('ഗാസി') ആയിരുന്നു മുസ്ത്വഫ കമാല്‍ പാഷ. ഖിലാഫത്തിനെ സംരക്ഷിക്കാന്‍ പൊരുതുന്നതായി തങ്ങള്‍ ധരിച്ച കമാല്‍ പാഷയുടെ തന്നെ കൈകളാല്‍ അത് ഗളഹസ്തം ചെയ്യപ്പെടുന്നതാണ് പിന്നീടവര്‍ക്ക് കാണേണ്ടിവന്നത്.
ഉസ്മാനി ഖിലാഫത്തിന്റെ പതനം നടന്നിട്ട് കഴിഞ്ഞ മാര്‍ച്ചില്‍ 89 വര്‍ഷം പൂര്‍ത്തിയായി. 11 വര്‍ഷം കൂടിയാകുമ്പോള്‍ ശതാബ്ദിയാകും. പക്ഷേ, ചരിത്രം സഞ്ചരിക്കുന്നത് രേഖീയം മാത്രമായല്ല ചാക്രികമായും കൂടിയാണ്. പൈതൃകത്തിലേക്ക് തിരിച്ച് പോകുന്ന ആ ചാക്രിക ചലനം തുര്‍ക്കിയില്‍ ഇന്ന് ദൃശ്യമാണ്. ലോക രാഷ്ട്രീയത്തിലും തുര്‍ക്കി പൂര്‍വ പ്രതാപത്തെ അനുസ്മരിപ്പിക്കുന്ന അതിന്റെ കേന്ദ്രസ്ഥാനം വീണ്ടെടുത്ത് കൊണ്ടിരിക്കയാണ്.
ഫ്രഞ്ചു മനീഷിയായ ഗരോഡിക്ക് സമര്‍പ്പിച്ചതായിരുന്നു കഴിഞ്ഞ ലക്കം ബോധനം. തുര്‍ക്കിയാണ് ഈ ലക്കത്തിലെ മുഖ്യപ്രമേയം. കമാല്‍ പാഷ മുതല്‍ ഉര്‍ദുഗാന്‍ വരെയുള്ള കാലങ്ങളിലൂടെയുള്ള സഞ്ചാരം. അതില്‍ കമാല്‍ പാഷയെന്ന വ്യാജബിംബത്തിന്റെ പൊളിച്ചെഴുത്തും അദ്ദേഹം മൊഴിചൊല്ലിയ ലത്വീഫയുടെ സങ്കടകഥയുമുണ്ട്. ലിബറലുകള്‍ തന്നെയാണ് പാഷയുടെ ബലൂണ്‍ കുത്തിപ്പൊട്ടിക്കുന്നത്. നൂര്‍സിയില്‍നിന്ന് തുടങ്ങി അദ്‌നാന്‍ മെന്ദരിസ്, തുര്‍ഗത് ഒസാല്‍, അര്‍ബകാന്‍ എന്നിവരിലൂടെ എ.കെ.പിയിലെത്തുന്ന ചെറുത്തുനില്‍പ്പിന്റെ തുടര്‍ച്ചയും തുര്‍ക്കി വിഷയത്തില്‍ ഗവേഷണം ചെയ്യുന്നവരും അനുഭവജ്ഞാനികളുമെഴുതിയ പഠനങ്ങളില്‍ വായിക്കാം. 90 വര്‍ഷം പൂര്‍ത്തിയാവുന്ന ആധുനിക തുര്‍ക്കിയെ കുറിച്ച സമഗ്രപഠനം മലയാളത്തില്‍ ആദ്യത്തെ സംരംഭമാണ്.
ഓരോ ഘട്ടത്തിലും 'ബോധന'ത്തിന് ഓരോ ദൗത്യമുണ്ടായിരുന്നു. അടിയന്തരാവസ്ഥയില്‍ മുഖ്യധാരാ ഇസ്‌ലാമിക മാധ്യമങ്ങള്‍ക്ക് വിലങ്ങ് വീണപ്പോഴാണ് 'ബോധനം' ആ വിടവു പരിഹരിക്കാന്‍ ആദ്യം വെളിച്ചം കാണുന്നത്. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടതോടെ ആ ദൗത്യം പൂര്‍ത്തിയാക്കി 'ബോധനം' നിഷ്‌ക്രമിക്കുകയായിരുന്നു. ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബോധനത്തിന് വീണ്ടും പഴയ ദൗത്യം ഏറ്റെടുക്കേണ്ടി വന്നു. പുതിയ ബോധ്യത്തില്‍ അത് സ്ഥിരമായി നിലനിര്‍ത്താനുള്ള സംവിധാനങ്ങളുണ്ടായി. പൊതു സമൂഹത്തിലെ ബുദ്ധിജീവി വായനാ താല്‍പര്യങ്ങളെ പരിചരിക്കുന്ന ഉള്ളടക്കത്തിലേക്ക് അത് കൂടുമാറി. കേവല മതവിജ്ഞാനീയങ്ങള്‍ മുഖ്യവിഷയമാക്കേണ്ടി വന്ന ഒരു ഘട്ടവും ഇതിന് തൊട്ടു മുമ്പുണ്ടായി. എന്നാല്‍, വായനാവൃത്തം എത്രപരിമിതമാണെങ്കിലും അക്കാദമിക മണ്ഡലത്തിലെ വിടവ് പൂര്‍ത്തിയാക്കുക എന്നത് തന്നെയാണ് പ്രസക്തമായ ദൗത്യം എന്ന തിരിച്ചറിവിലാണ് 'ബോധനം' വീണ്ടും ചുവട് മാറുന്നത്. 'ബോധന'ത്തിന്റെ ഉള്ളടക്കത്തെയും രൂപവിധാനത്തെയും കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങള്‍ കൂടി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.


Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top