'മുസ്‌ലിം' തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും

ചന്ദ്രന്‍ കോമത്ത്‌‌‌
img

യൂറോപ്യന്‍ യൂണിയന്‍ ഒരു പ്രാദേശിക സാമ്പത്തികസഖ്യം മാത്രമോ, അതോ സവിശേഷമായ ചില ആശയമൂല്യവ്യവസ്ഥകളോടു കൂടി വികസ്വരമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘാതമോ എന്ന ചോദ്യം ഇതു സംബന്ധിച്ച വിശകലനങ്ങളില്‍ അടുത്തിടെയായി ഉയര്‍ന്നുവരുന്നുണ്ട്. വിശാല യൂറോപ്യന്‍ സംയോജനം(Greater European Integration) എന്ന അജണ്ട യൂണിയന്റെ ഘടനയെയും പ്രവര്‍ത്തനങ്ങളെയും സങ്കീര്‍ണമാക്കിയിട്ടുണ്ട്. ഒരു കസ്റ്റംസ് യൂണിയനില്‍നിന്നും വിദേശകാര്യവും പ്രതിരോധവും സാമൂഹ്യരാഷ്ട്രീയ നിയമങ്ങളുമെല്ലാം ഒന്നിച്ച് തീരുമാനിക്കപ്പെടുന്ന അവസ്ഥയിലേക്ക് കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ യൂറോപ്യന്‍ യൂണിയന്‍ മാറിക്കഴിഞ്ഞു. രണ്ടാം ലോകയുദ്ധാനന്തര പരിതഃസ്ഥിതികളില്‍നിന്നും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലേക്ക് എത്തുമ്പോഴേക്കും ഒരു സാമ്പത്തികസഖ്യം എന്നതില്‍നിന്നും ഉയര്‍ന്ന് യൂണിയന്‍ അതിന്റെ 'തന്മ' (Identity)യെ നിര്‍വചിക്കാന്‍ ശ്രമിക്കുന്ന തലത്തിലേക്ക് വളര്‍ന്നുവരികയായിരുന്നു. ഇത്തരമൊരു ചുറ്റുപാടില്‍ പുതിയ അംഗങ്ങളും അവയുടെ യൂണിയന്‍ പ്രവേശന മാനദണ്ഡങ്ങളുമെല്ലാം സാമ്പത്തികവും രാഷ്ട്രീയവുമായ വ്യവസ്ഥകള്‍ക്കപ്പുറത്തേക്ക് മാറി സംസ്‌കാരത്തിലും മൂല്യങ്ങളിലുമെല്ലാം കേന്ദ്രീകരിക്കപ്പെടുന്ന വിധത്തില്‍ ചര്‍ച്ചാവിഷയമാകുന്നത് യൂറോപ്യന്‍ യൂണിയനെക്കുറിച്ചുള്ള മറ്റു ചില അന്വേഷണങ്ങള്‍ക്ക് പ്രേരണ നല്‍കുന്നു.
യൂറോപ്യന്‍ യൂണിയന്റെ ഐഡന്റിറ്റിയെക്കുറിച്ചുള്ള ധാരണകള്‍ രൂപീകരിക്കുമ്പോള്‍ യൂറോപ്പിന്റെ ചില പൊതു സ്വത്വങ്ങളുടെ വീണ്ടെടുക്കല്‍ അത്യാവശ്യമാണെന്നും, അതു തന്നെയാണ് യൂണിയനെ മുന്നോട്ട് നയിക്കേണ്ടതുമെന്നു കരുതപ്പെടുന്നതിന് ചില മറുവശങ്ങളുണ്ട്. നിയോലിബറലിസത്തിന്റെയും ആഗോളവത്കരണത്തിന്റെയും പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രൂപംകൊള്ളുന്ന പ്രാദേശികയൂണിയനുകളെയും സാമ്പത്തിക സഖ്യങ്ങളെയും ഒരു ഏകീകൃത ശക്തിയെന്ന നിലയില്‍ ചേര്‍ത്തുനിര്‍ത്തുന്നതില്‍ സാമ്പത്തികേതരമായ ഘടകങ്ങള്‍ക്കും പങ്കുണ്ടെന്നതാണു വാസ്തവം. ഒരു ദശകത്തിലധികമായി തുടരുന്ന തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനത്തെക്കുറിച്ചും അതിനു നേരിടുന്ന കാലദൈര്‍ഘ്യത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഈ പശ്ചാത്തലത്തില്‍ ശ്രദ്ധയര്‍ഹിക്കുന്നു.
ഏഷ്യാവന്‍കരയിലും യൂറോപ്പിലുമായി കിടക്കുന്ന തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയന്‍ ഒരു 'യൂറോപ്യന്‍ രാജ്യമായി' കണക്കാക്കുന്നുണ്ടോ? വ്യക്തമായല്ലെങ്കിലും അങ്ങനെ സമ്മതിക്കുന്നു എന്നതിനു ദൃഷ്ടാന്തമാണ് 1999 ഡിസംബറില്‍ ഹെല്‍സിങ്കിയില്‍ ചേര്‍ന്ന ഇ.യു(European Union) സമ്മേളനം തുര്‍ക്കിയുടെ യൂണിയന്‍ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചത്. കൂടാതെ 2004 ഡിസംബര്‍ 17-ന് ഇരുപത്തിയഞ്ചംഗ യൂറോപ്യന്‍ യൂണിയന്‍ ബ്രസ്സല്‍സില്‍ ചേര്‍ന്നുകൊണ്ട് യൂറോപ്യന്‍ ക്ലബ്ബിലേക്ക് അങ്കാറയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി സംയോജന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ 2005 ഒക്‌ടോബര്‍ 3-ാം തീയതി നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ സംയോജന ചര്‍ച്ച തുടങ്ങുന്നതിനുമുമ്പു തന്നെ അംഗരാജ്യമായ ഓസ്ട്രിയ ഉയര്‍ത്തിയ എതിര്‍പ്പുകളും മറ്റു രാജ്യങ്ങളുടെ മുറുമുറുപ്പുകളും തുര്‍ക്കിയുടെ പ്രവേശന വിഷയത്തില്‍ കരിനിഴല്‍ പരത്തി. യൂണിയനില്‍ അംഗത്വം നല്‍കി, തുര്‍ക്കിയെ യൂറോപ്പിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ മിക്ക അംഗങ്ങള്‍ക്കും എതിര്‍പ്പുണ്ടെങ്കിലും തത്ക്കാലം ചര്‍ച്ചകള്‍ തുടരാന്‍ തന്നെയാണ് ഇയു നേതൃത്വം ഒക്‌ടോബര്‍ മാസത്തില്‍ തീരുമാനിച്ചത്. എന്നാല്‍ എത്രകാലംകൊണ്ട് അവ പൂര്‍ത്തിയാകുമെന്നോ, പ്രവേശന യോഗ്യതയുടെയും മറ്റു മാനദണ്ഡങ്ങളുടെയും സൂക്ഷ്മാംശങ്ങളിലേക്ക് എത്രത്തോളം കടന്നുപോകുമെന്നോ വ്യക്തമല്ല. സംയോജന ചര്‍ച്ചകള്‍ ഇരുപതു വര്‍ഷത്തോളം നീണ്ടുനിന്നാലും അത്ഭുതപ്പെടാനില്ലെന്ന് ഇയു നേതൃത്വം പറയുന്നുണ്ട്.
മറുവശത്ത് യൂണിയനില്‍ പൂര്‍ണഅംഗത്വം നല്‍കുന്നതിന് പകരമായി തുര്‍ക്കിക്ക് വച്ചുനീട്ടിയ ചില 'പ്രത്യേക അധികാര അവകാശങ്ങള്‍' (ബ്രിട്ടനും ഫ്രാന്‍സും നിര്‍ദേശിച്ചത്) ആ രാജ്യം നിരാകരിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് തുര്‍ക്കിഷ് പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉന്നയിച്ച ചോദ്യവും സുപ്രധാനമാണ്. യൂറോപ്യന്‍ യൂണിയന് ഒരു ക്രിസ്ത്യന്‍ ക്ലബ്ബായി തുടരാനും മറിച്ച് ഒരു ലോകാംഗമായി ഇടപെടാനും സാധ്യതകളുണ്ടെന്ന് വ്യക്തമാക്കിയ ഉര്‍ദുഗാന്‍, തുര്‍ക്കിയുടെ പ്രവേശനം യൂണിയന്റെ പ്ലൂരലിസത്തോടുള്ള മനോഭാവത്തെ സൂചിപ്പിക്കുമെന്നുകൂടി വിശദീകരിക്കുകയുണ്ടായി. ഇത്തരമൊരവസ്ഥയില്‍ 1963 മുതല്‍ യൂറോപ്യന്‍ കമ്യൂണിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന, പടിഞ്ഞാറന്‍ സൈനികസാമ്പത്തിക ജീവിതവുമായി പങ്കുചേരുന്ന തുര്‍ക്കിയുടെ തൊണ്ണൂറുകള്‍ക്കുശേഷമുള്ള അംഗത്വചര്‍ച്ചകള്‍ ഈ രീതിയില്‍ പരിണമിക്കുന്നതെന്തുകൊണ്ടാണെന്നു മനസ്സിലാക്കേണ്ടതുണ്ട്.
ശീതയുദ്ധത്തിന്റെ അവസാനവും സോവിയറ്റുയൂണിയന്റെ തകര്‍ച്ചയോടും കൂടി ലോകരാഷ്ട്രീയത്തില്‍ ഉടലെടുത്ത ഘടനാപരമായ മാറ്റങ്ങളും അമേരിക്കന്‍ നേതൃത്വത്തിലുള്ള ഫിനാന്‍സ് മൂലധനത്തിന്റെ ആഗോളവ്യാപനവും രാജ്യങ്ങളുടെ ആഭ്യന്തരരാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങളുമെല്ലാംകൂടി ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിലത്തെ ദശകത്തിന് ഒരു സങ്കീര്‍ണമുഖമാണ് പ്രദാനം ചെയ്തത്. ആ സാഹചര്യത്തില്‍ പടിഞ്ഞാറന്‍ യൂറോപ്പിനെ കേന്ദ്രീകരിച്ചുകൊണ്ട് മുതലാളിത്ത വ്യവസ്ഥയ്ക്ക് ഒരു താങ്ങായി നിലനിന്ന യൂറോപ്യന്‍ കമ്യൂണിറ്റിക്ക് ബെര്‍ലിന്‍മതിലിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് മധ്യകിഴക്കന്‍ യൂറോപ്പില്‍ ഉടലെടുത്ത പുതിയ സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ അതീവ താല്‍പര്യമുണ്ടായിരുന്നു. അതിന്റെ വ്യക്തമായ പ്രതിഫലനമാണ് 1993-ലെ മാസ്ട്രിച്ച് ഉടമ്പടിയും അതിന്റെ അടിസ്ഥാനത്തിലുള്ള യൂണിയന്‍ പുനഃക്രമീകരണവും വിശാല യൂറോപ്യന്‍ സംയോജനമെന്ന അജണ്ടയുടെ ഉയര്‍ന്നുവരും. മാസ്ട്രിച്ച് ഉടമ്പടി യൂണിയന്‍ പ്രവര്‍ത്തനത്തിനാവശ്യമായ മൂന്ന് തൂണുകളെ നിശ്ചയിക്കുകയും (ഒന്ന്, യൂറോപ്യന്‍ കൗണ്‍സിലും അതിന്റെ സുപ്രാ നാഷണല്‍ അധികാരങ്ങളും; രണ്ട് ഫോറിന്‍ ആന്റ് സെക്യൂരിറ്റി പോളിസി; മൂന്ന്, ജസ്റ്റിസ് ആന്റ് ഹോം അഫയേഴ്‌സ്) അവയുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതേ സമയത്തുതന്നെ കിഴക്കന്‍ യൂറോപ്പിലെ പരിവര്‍ത്തനങ്ങളെത്തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനിലെ അംഗത്വത്തിനപേക്ഷിച്ചുകൊണ്ട് തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയ വ്യവസ്ഥകള്‍ മാറ്റിമറിക്കുകയും പടിഞ്ഞാറന്‍ മുതലാളിത്തത്തിന്റെ പുതിയ രൂപഭാവങ്ങളുമായി പൊരുത്തപ്പെടാന്‍ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തു. കമ്യൂണിസത്തിനെതിരായുള്ള ''നെവര്‍ എഗെയ്ന്‍'' മുദ്രാവാക്യം പുതിയ കോണ്‍സ്റ്റിസ്റ്റ്യൂഷണലിസവും ഈ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സൈദ്ധാന്തിക പിന്‍ബലം നല്‍കി.
1997-ല്‍ ലക്‌സംബര്‍ഗില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ സമ്മേളനം മുന്‍സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ അംഗത്വകാര്യത്തില്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളുകയും അവയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കുകയും ചെയ്തു. അതേസമയം തുര്‍ക്കിയുടെ അംഗത്വകാര്യം യാതൊരു വിധത്തിലും പരിഗണനാ വിധേയമായില്ല. പ്രസ്തുത സമ്മേളനത്തിന്റെ അധ്യക്ഷനും ലക്‌സംബര്‍ഗ് പ്രധാനമന്ത്രിയുമായ ജീന്‍ ക്ലൗഡ് ജുന്‍കറിന്റെ നിലപാട് തുര്‍ക്കിക്ക് തിരിച്ചടിയായി. ''പീഡനം നിത്യത്തൊഴിലാക്കിയ തുര്‍ക്കിയെപ്പോലുള്ള രാജ്യത്തിന് ഇയുവിന്റെ മേശമേല്‍ സ്ഥാനമില്ല'' എന്നാണ് ജുന്‍കര്‍ അഭിപ്രായപ്പെട്ടത്. കൂടാതെ, 1985 മുതല്‍ പത്തുവര്‍ഷക്കാലം യൂറോപ്യന്‍ കമ്മീഷന്റെ അധ്യക്ഷനായിരുന്ന ജാക്വസ് ഡിലോറും ഫ്രാന്‍സിന്റെ മുന്‍പ്രസിഡന്റ് വലേറി ജിസ്ഗാര്‍ഡും തുര്‍ക്കിയുടെ അംഗത്വത്തെ മുന്‍നിരയില്‍നിന്ന് എതിര്‍ത്തു. എങ്കിലും 1999 ഡിസംബറില്‍ യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിയെ ഒരു സ്ഥാനാര്‍ഥിയായി അംഗീകരിച്ചു. പിന്നീട് 2002 ഡിസംബറില്‍ കോപ്പന്‍ ഹേഗനില്‍ ചേര്‍ന്ന ഇയു സമ്മേളനം തുര്‍ക്കിയുടെ യൂണിയന്‍ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുമ്പായി കൈവരിക്കേണ്ട ചില യോഗ്യതാനിര്‍ദേശങ്ങള്‍ കോപ്പന്‍ഹേഗന്‍ മാനദണ്ഡങ്ങള്‍ എന്ന പേരില്‍ മുന്നോട്ടുവെച്ചു. പ്രസ്തുത മാനദണ്ഡങ്ങളുടെ പൂര്‍ത്തീകരണം സംയോജന ചര്‍ച്ചകള്‍ക്കുള്ള മുന്‍കൂര്‍ യോഗ്യതയായി അംഗീകരിക്കുകയും ചെയ്തു. സ്ഥിരതയുള്ള ജനാധിപത്യ സ്ഥാപനങ്ങള്‍, കമ്പോള സമ്പദ്‌വ്യവസ്ഥ, നിയമവാഴ്ച ജനാധപിത്യം, മനുഷ്യാവകാശങ്ങള്‍, ന്യൂനപക്ഷ സംരക്ഷണം, മിലിട്ടറിയുടെ ഭരണത്തിലുള്ള പങ്ക് ഇല്ലാതാക്കല്‍ എന്നിവ ഇതിലെ പ്രധാന വ്യവസ്ഥകളായിരുന്നു.
ഇതേസമയം തന്നെ യൂണിയന്‍ പ്രവേശനത്തിനായി തുര്‍ക്കി ഭരണകൂടം ഒരു ദേശീയകര്‍മപരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ശ്രമം തുടങ്ങി. യൂണിയന്‍ പ്രവേശനം അഭിമാനപ്രശ്‌നമായി കാണുന്ന ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഈ രംഗത്ത് കാര്യമായ മുന്നേറ്റം നടത്തിക്കഴിഞ്ഞു. രാഷ്ട്രീയ വ്യവസ്ഥയെ ലിബറലൈസ് ചെയ്തതിന്റെ ഭാഗമായി ഭരണഘടനാപരവും നിയമനിര്‍മാണപരവുമായ നിരവധി പരിഷ്‌കാരങ്ങള്‍ തുര്‍ക്കി നടപ്പിലാക്കി. അഭിപ്രായ സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം എന്നിവയെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ നീക്കം ചെയ്ത തുര്‍ക്കി (ഒര്‍ഹാന്‍ പാമുക്കിന്റെ വിചാരണക്കാര്യം മറക്കുന്നില്ല) യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്റൈറ്റ്‌സിന്റെ ആറ്, പതിമൂന്ന് വകുപ്പുകളില്‍ ഒ...കയും അവയ്ക്ക് സ്ഥിരീകരണം നല്‍കുകയും ചെയ്തിരുന്നു. വധശിക്ഷാനിരോധനം നടപ്പിലാക്കിയ ഉര്‍ദുഗാന്‍ ഭരണകൂടം സ്വതന്ത്ര ജ്യുഡീഷ്യറിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നടപടികള്‍ കൈക്കൊണ്ടു. പോലീസ് കസ്റ്റഡിയിലെ പീഡനങ്ങള്‍ ഒഴിവാക്കാന്‍ ജയില്‍ സമ്പ്രദായത്തില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തി, രാഷ്ട്രീയാഭിപ്രായങ്ങളെ നിയന്ത്രിച്ചിരുന്ന ഭീകരവിരുദ്ധ നിയമങ്ങള്‍ എടുത്തുകളഞ്ഞ് പീനല്‍കോഡുകളിലും ക്രിമിനല്‍ നടപടി കോഡുകളിലും മാറ്റം വരുത്തി.
തുര്‍ക്കി ജനസംഖ്യയില്‍ അഞ്ചുശതമാനം വരുന്ന ആളുകളുടെ അവകാശസംരക്ഷണത്തിനായും നിരവധി നടപടികള്‍ സ്വീകരിച്ചു. തെക്കുകിഴക്കന്‍ ഭാഗങ്ങളിലായി വര്‍ഷങ്ങളോളം നിലനിന്നിരുന്ന അടിയന്തരാവസ്ഥാ നിയമങ്ങള്‍ ...ലിക്കുകയും കുര്‍ദിഷ് ഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിനായി നിയനിര്‍മാണം നടത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മാധ്യമസ്വാതന്ത്ര്യം, സംപ്രേക്ഷണം സ്വാതന്ത്ര്യം എന്നിവയും അംഗീകരിച്ചിട്ടുണ്ട്. നിരോധിക്കപ്പെട്ട കുര്‍ദ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നേതാവായ സെയ്‌ല സന ഉഗയോടെയുള്ള നിരവധി പേരെ 2004-ല്‍ ജയിലില്‍നിന്നും വിട്ടയയ്ക്കുകയുണ്ടായി. ലിബറല്‍ കമ്പോളസമ്പദ് വ്യവസ്ഥയ്ക്ക് പ്രോത്സാഹനത്തിനായി കൈക്കൊണ്ട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ശ്രദ്ധേയമാണ്. സാമ്പത്തിക വളര്‍ച്ചാനിരക്ക് അഞ്ചുശതമാനം എന്ന നിലയിലെത്തിക്കാനും ഉര്‍ദുഗാന്‍ ഭരണത്തിനു കഴിഞ്ഞു. മിലിട്ടറിയന്‍ ഭരണത്തിലുള്ള പങ്ക് കുറക്കുന്നതിന്റെ ഭാഗമായി 2004-ല്‍ നടത്തിയ ഭരണഘടനാ ഭേദഗതിയിലൂടെ സൈനികര്‍ക്ക് സിവിലിയന്മാരെ വിചാരണ ചെയ്യാനുള്ള അധികാരം എടുത്തുമാറ്റി. തുര്‍ക്കിയുടെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ മിലിട്ടറി മേധാവിത്വ അധികാരഘടനക്ക് മാറ്റങ്ങള്‍ വരുത്തി. രാജ്യത്തിന്റെ തന്ത്രപ്രധാനമായ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള സെക്യൂരിറ്റി കൗണ്‍സിലിലെ മിലിട്ടറി അംഗങ്ങളുടെ അധികാരം എടുത്തുകളയുകയും കൂടുതല്‍ സിവിലിയന്മാരെ ഉള്‍പ്പെടുത്തി വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമപ്രകാരം എന്‍.എസ്.സി ജനറല്‍ സെക്രട്ടറിയെ നിയമിക്കാന്‍ പ്രധാനമന്ത്രിക്കാണ് അധികാരമുള്ളത്. എന്‍.എസ്.സിയുടെ ഭരണകൂട ഉപദേശക ചുമതലയും നിയമഭേദഗതികളിലൂടെ കുറച്ചിട്ടുണ്ട്. പക്ഷേ, 2004 മാര്‍ച്ചിലെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ 'ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി റിപ്പോര്‍ട്ട്' തുര്‍ക്കി കോപ്പന്‍ഹേഗന്‍ മാനദണ്ഡങ്ങളില്‍ കാര്യമായ പുരോഗതി നേടിയിട്ടില്ലെന്നു പറയുന്നു. മിലിട്ടറിക്ക് ഭരണത്തിലുള്ള പങ്കും അത് ഊന്നിപ്പറയുന്നു. മാത്രമല്ല, ഉര്‍ദുഗാന്റെ മുസ്‌ലിം യാഥാസ്ഥിതികത്വത്തിന്റെ പൂര്‍വചരിത്രം കൂടി ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഇസ്തംബൂള്‍ ഗവര്‍ണറായിരിക്കെ ഇസ്‌ലാമിസ്റ്റുകളെ പ്രീണിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പഠനകാലത്ത് ഫുട്‌ബോള്‍ ടീമില്‍ അംഗമായിരിക്കെ ക്ഷൗരം ചെയ്യാന്‍ ആവശ്യപ്പെട്ട കോച്ചിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചതും, 1998-ല്‍ സെക്യുലര്‍ നാഷണലിസ്റ്റ് നേതാവ് സിയ ഗോകല്‍പിന്റെ കവിത ഇസ്‌ലാമിക പ്രചരണത്തിനായി ഉപയോഗിച്ചതിന്റെ പേരിലുള്ള കോടതിവിമര്‍ശനവും ചൂണ്ടിക്കാട്ടി, ഉര്‍ദുഗാന്റെ നയങ്ങള്‍ ആത്മാര്‍ഥതയില്ലാത്തതും ഇസ്‌ലാമികസമീപനത്തിലൂന്നിയതുമാണെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്.

തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും

തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധത്തിന് നാലു ദശകങ്ങള്‍ നീണ്ട ചരിത്രമുണ്ട്. 1963-ല്‍ യൂറോപ്യന്‍ കമ്മ്യൂണിറ്റിയുമായി ഒപ്പുവെച്ച അങ്കാറ എഗ്രിമെന്റിലൂടെയാണ് ഇരുവിഭാഗവും തമ്മിലുള്ള ഔദ്യോഗിക ബന്ധങ്ങള്‍ ആരംഭിക്കുന്നത്. മറുവശത്ത്, നാറ്റോയിലൂടെ സൈനികമായും സാമ്പത്തികമായും പടിഞ്ഞാറുമായി സജീവബന്ധം നിലനിര്‍ത്തിയ തുര്‍ക്കി ശീതയുദ്ധസമയത്ത് സോവിയറ്റ് യൂണിയന്റെ മധ്യപൗരസ്ത്യ ദേശത്തേക്കുള്ള വ്യാപനം തടയാനുള്ള കേന്ദ്രമായി നിലനിന്നു. 1987-ല്‍ യൂറോപ്യന്‍ കമ്യൂണിറ്റി ഒരു സിംഗിള്‍ മാര്‍ക്കറ്റിനായുള്ള ചര്‍ച്ചകളെല്ലാം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് യൂണിയനിലേക്ക് തുര്‍ക്കി പൂര്‍ണ അംഗത്വത്തിന് അപേക്ഷിച്ചു. എങ്കിലും തുര്‍ക്കിയെ ഉള്‍പ്പെടുത്താന്‍ ഇയു തയാറായില്ല. 2004 മെയ് 1-ന് മുന്‍സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളടക്കം പത്തംഗങ്ങളെ യൂണിയനില്‍ ചേര്‍ത്ത് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംയോജനം നടത്തിയെങ്കിലും തുര്‍ക്കിയെ അപ്പോഴും പുറത്തുതന്നെ നിലനിര്‍ത്തി.
തുര്‍ക്കിയെപ്പോലുള്ള ഒരു 'മുസ്‌ലിം രാഷ്ട്ര'ത്തിന് (സത്യത്തില്‍ മതേതര രാഷ്ട്രമാണ് തുര്‍ക്കി) യൂറോപ്പിന്റെ ഭാഗമാകാന്‍ കഴിയുമോ എന്നതാണ് ഇവിടെ പ്രശ്‌നവിഷയം. ഇതിന്റെ ഭാഗമായി യൂണിയന്‍ നേതൃത്വം ചില ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്. തുര്‍ക്കി എന്നെങ്കിലും യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നോ? തുര്‍ക്കിയിലെ മുസ്‌ലിംകള്‍ക്ക് യൂറോപ്പിന്റെ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ പങ്കുവയ്ക്കാന്‍ പറ്റുമോ? 'യൂറോപ്പിലെ രോഗി'യായ തുര്‍ക്കി ഒരു വന്‍കരയുടെ ജീവിതത്തില്‍ ഇടപെടുമ്പോള്‍ നൂറ്റാണ്ടുകളോളം അതിനെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് അതുള്‍ക്കൊള്ളാനാകുമോ?
സമീപകാലത്ത് യൂറോപ്പില്‍ ശക്തിപ്രാപിച്ച മുസ്‌ലിംവിരുദ്ധവികാരവും ചില വംശീയ വാര്‍പ്പുമാതൃകകളുടെ പുനരുജ്ജീവനവും സെപ്റ്റംബര്‍ പതിനൊന്നോടുകൂടി ആരംഭിച്ച 'ഭീകരതയ്‌ക്കെതിരായ യുദ്ധവും' യൂറോപ്യന്‍ വംശീയബന്ധങ്ങളില്‍ കാര്യമായ ചലനങ്ങള്‍ക്കിടവരുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, തുര്‍ക്കിയുടെ ചരിത്രവും ഭൂമിശാസ്ത്രവും സംസ്‌കാരവുമെല്ലാം യൂണിയന്‍ നേതൃത്വത്തിന്റെ സങ്കുചിത കാഴ്ചപ്പാടില്‍ ചോദ്യം ചെയ്യലിനു വിധേയമാവുന്നുണ്ട്. സാമ്പത്തികമായും ജിയോപൊളിറ്റിക്കലായും തുര്‍ക്കിക്കുള്ള പ്രാധാന്യത്തോളം തന്നെ പരിഗണന അതിന്റെ സംസ്‌കാരത്തിനും നല്‍കപ്പെടുമ്പോള്‍ വിഷയം സങ്കീര്‍ണമാകുന്നു. ജിയോപൊളിറ്റിക്‌സിന്റെയും ജിയോഇക്കണോമിക്‌സിന്റെയും സാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ടുള്ള ഒരു നിയോമര്‍ക്കന്റെല്‍ വ്യവസ്ഥമാത്രം പിന്തുടരാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നില്ല. യൂണിയന്റെ സംസ്ഥാപനത്തിനു പിന്നില്‍ 'പൊതുവായ കമ്പോളം' (Common Market) എന്ന ആശയം ഒരു മുഖ്യഘടകമായി വര്‍ത്തിച്ചിരുന്നെങ്കിലും ഇന്ന് അതിന്റെ പൊതുസ്വഭാവത്തിന് മറ്റു ചില തലങ്ങള്‍ കൂടിയുണ്ട്. യൂറോപ്പിന്റെയും അതിനു പുറത്തുമുള്ള ഭൂമിശാസ്ത്രവും ചരിത്രവും സംസ്‌കാരവും പാരമ്പര്യവും മതവും വംശീയതയുമെല്ലാം ഈ ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ എഴുപത് മില്യനോളം ജനങ്ങളുള്ള (മുസ്‌ലിം) തുര്‍ക്കിയുടെ യൂണിയന്‍ പ്രവേശനത്തെ സാമ്പത്തിക പരിഗണനമാത്രം വച്ചാണ് യൂറോപ്യന്‍ യൂണിയന്‍ നോക്കിക്കാണുന്നതെന്നു പറയാന്‍ പറ്റില്ല. നാല്‍പത് വര്‍ഷത്തിലധികമുള്ള കാലയളവില്‍ യൂണിയന്റെ പ്രത്യയശാസ്ത്രപരമായ അടിസ്ഥാനങ്ങളില്‍ വന്ന മാറ്റങ്ങള്‍കൂടി അത്  പ്രതിഫലിപ്പിക്കുന്നുണ്ട്.
രണ്ടാം ലോകയുദ്ധാനന്തര സന്ദിഗ്ധാവസ്ഥയില്‍നിന്നും ജൂത കൂട്ടക്കൊലയുടെ മുന്‍ധാരണകളില്‍നിന്നും യൂറോപ്പ് ഏറെ മുന്നേറിക്കഴിഞ്ഞെങ്കിലും വലിയൊരു പരിധിവരെ അന്നത്തേതിനു സമാനമായ ചില പ്രത്യയശാസ്ത്ര മൂല്യവ്യവസ്ഥകളാണ് യൂണിയന്റെ മുന്നോട്ടുള്ള പ്രയാണത്തെ നിര്‍ണയിക്കുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ശക്തിപ്രാപിച്ച രാഷ്ട്രീയത്തിന്റെ സാംസ്‌കാരികവത്കരണം യൂറോപ്പിലും സജീവമായിട്ടുണ്ട്. ഹണ്ടിംഗ്ടണെപ്പോലുള്ള ചിന്തകര്‍ മുന്നോട്ടുവെച്ച 'സാംസ്‌കാരിക സംഘട്ടന' സിദ്ധാന്തം രാഷ്ട്രീയത്തിന്റെ സാംസ്‌കാരികവത്കരണത്തിന് സൈദ്ധാന്തികാടിത്തറ നല്‍കി. യൂറോപ്യന്‍ യൂണിയന്റെ പ്രവര്‍ത്തനങ്ങളെയും അത് സ്വാധീനിക്കാന്‍ തുടങ്ങി. തുര്‍ക്കിയുടെ സംസ്‌കാരവും ചരിത്രവും തന്മയുമെല്ലാം ഹണ്ടിംഗടണിന്റെ കാഴ്ചപ്പാടില്‍ യൂറോ-അമേരിക്കന്‍ വ്യവസ്ഥക്ക് ഭീഷണിയായേക്കാവുന്ന നിര്‍ണായക ഘടകങ്ങളാണ്.

തുര്‍ക്കിയും യൂറോപ്പും

രണ്ട് പ്രമുഖ ജര്‍മന്‍ ചരിത്രകാരന്മാരായ ഹാന്‍സ് ഉള്‍റിച്ച് വെഹ്‌ലറും, ഹെന്റിച്ച് അഗസ്റ്റ് വിന്‍ക്ലറും തുര്‍ക്കിക്ക് യൂറോപ്പിന്റെ/യൂണിയന്റെ ഭാഗമാകാന്‍ കഴിയില്ല എന്ന് ശക്തമായി വാദിക്കുന്നവരാണ്. ഡൈസെയ്റ്റ് എന്ന ജര്‍മന്‍ പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തില്‍ തുര്‍ക്കിയുടെ യൂണിയന്‍ പ്രവേശനത്തിനെതിരായി വെഹ്‌ലര്‍ മൂന്ന് കാരണങ്ങള്‍ പറയുന്നുണ്ട്. ഒന്ന്, വര്‍ത്തമാനകാല തുര്‍ക്കിക്ക് ഒരു ലിബറല്‍ ജനാധിപത്യ വ്യവസ്ഥ എന്ന നിലയില്‍ യോഗ്യതയില്ല. കാരണം ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് രാജ്യത്ത് (ഭരണകൂടത്തില്‍) ഇപ്പോഴും നല്ല സ്വാധീനമുണ്ട്. മിലിട്ടറിയുടെ ഭരണത്തിലുള്ള പങ്കാളിത്തവും മനുഷ്യാവകാശ ധ്വംസനങ്ങളുടെ നീണ്ട തുടര്‍ച്ചയും ഒരു ലിബറല്‍ ജനാധിപത്യവ്യവസ്ഥയെന്ന നിലിയിലുള്ള പരിഗണന തുര്‍ക്കിക്ക് നല്‍കുന്നില്ല. രണ്ടാമത്തെ കാരണം, (മൂലകാരണം) തുര്‍ക്കിയുടെ ചരിത്രപരമായ മുന്‍ഗാമിയായിരുന്ന ഓട്ടോമന്‍ സാമ്രാജ്യം നൂറ്റാണ്ടുകളോളം ക്രിസ്ത്യന്‍ യൂറോപ്പിന്റെ മുഖ്യ ശത്രുവായിരുന്നു എന്നതാണ്. കൂടാതെ യൂറോപ്പിന്റെ ചരിത്രപരമായ നേട്ടങ്ങളില്‍ തുര്‍ക്കിക്ക് ഒരിക്കലും പങ്ക് അവകാശപ്പെടാനാവില്ല. അതായത്, ഗ്രീക്കോ-റോമന്‍ പാരമ്പര്യം, പ്രൊട്ടസ്റ്റന്റ് മതനവീകരണം, നവോത്ഥാനം, ജ്ഞാനോദയം, ശാസ്ത്രീയ വിപ്ലവം തുടങ്ങിയ യൂറോപ്പിന്റെ പൈതൃകം തുര്‍ക്കിക്ക് അന്യമാണ്. മൂന്നാമതായി, പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന തുര്‍ക്കിഷ് സമൂഹങ്ങള്‍ അതാത് സമൂഹങ്ങളുമായി കൂടിക്കലരാതെ അതിന്റെ വ്യതിരിക്തസ്വഭാവം നിലനിര്‍ത്തുന്നത് യൂറോപ്യന്‍ സമൂഹങ്ങളുടെ സാമൂഹ്യോദ്ഗ്രഥനത്തിനു തടസ്സമാണ്. കൂടാതെ തുര്‍ക്കി യൂണിയനില്‍ ചേരുകയാണെങ്കില്‍ ദരിദ്രരായ ലക്ഷക്കണക്കിന് അനറ്റോളിയന്‍ വിഭാഗക്കാര്‍ യൂറോപ്പിന്റെ വ്യാവസായിക-വാണിജ്യ ഭാഗങ്ങളില്‍ കുടിയേറിപ്പാര്‍ക്കാനിടയാകുമെന്നും അത് നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുമെന്നും വെഹ്‌ലര്‍ കൂട്ടിച്ചേര്‍ക്കുന്നു.
വെഹ്‌ലറും വിന്‍ക്ലറും തുര്‍ക്കിയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും 'ഇസ്‌ലാമിക്' അന്യം(Islamic other) എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയതെന്ന് ഇതില്‍നിന്നും വ്യക്തമാവുന്നു. ഇത്തരമൊരു 'അന്യ'ത്തിന്റെ നിര്‍മാണത്തില്‍ സെനഫോബിക് റേസിസത്തിന്റെ ആശയങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവരുടെ വാദത്തിന്റെ കേന്ദ്രവശം യൂറോപ്പിന്റെ ചരിത്രാഖ്യായികയ്ക്ക് പുറത്തായിരുന്നു തുര്‍ക്കിയെന്നതാണ്. അതായത് യൂറോപ്പിന്റെ പ്ലൂരലിസത്തിലേക്കും, ജ്ഞാനോദയത്തിലേക്കും, മനുഷ്യാവകാശ-ലിബറല്‍ ജനാധിപത്യ വ്യവസ്ഥകളിലേക്കുമുള്ള പുരോഗതിയ്ക്ക് പുറത്താണ് തുര്‍ക്കി എന്നതിനാല്‍ ആ രാജ്യത്തിന് ഒരിക്കലും യൂറോപ്പുമായി യോജിച്ചു പോകാനാവില്ല. യൂറോപ്യന്‍ യൂണിയന്‍ അംഗത്വകാര്യത്തിലും ഇതുതന്നെയാണ് പ്രശ്‌നം. ഈ ചരിത്രകാരന്മാര്‍ പരിഗണിക്കാതെ വിട്ടുകളഞ്ഞതും മറച്ചുവെച്ചതുമായ ചരിത്രയാഥാര്‍ഥ്യങ്ങള്‍കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനംവരെയെങ്കിലും ക്രിസ്ത്യന്‍ യൂറോപ്പില്‍ നിലനിന്നതിനേക്കാള്‍ സഹിഷ്ണുതയും വിശ്വാസവൈജാത്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഓട്ടോമന്‍ സാമ്രാജ്യത്തില്‍ നിലനിന്നിരുന്നു എന്നതാണ് അതിലൊന്ന്. ഈ ചരിത്രകാരന്മാര്‍ ദ്വന്ദ്വനിര്‍മിതിയില്‍ ദ്വന്ദ്വത്തിന്റെ അപരയാഥാര്‍ഥ്യങ്ങളെ ഒരിക്കലും പരിഗണിക്കുന്നില്ല. അപരത്വത്തിന് അന്യത കല്‍പിക്കുന്നതിലൂടെ അവ അധമമായി മാറുന്നു. ക്രിസ്ത്യന്‍ യൂറോപ്പിനെ പ്ലൂരലിസത്തിന്റെ കേന്ദ്രമായി നിര്‍വചിക്കുമ്പോള്‍ ഓട്ടോമന്‍ സാമ്രാജ്യം ഏകാത്മകമാവുന്നു. വൈവിധ്യങ്ങളെ അനുവദിക്കാത്ത ഒന്നായി അതു വിലയിരുത്തപ്പെടുന്നു. ക്രിസ്ത്യന്‍ യൂറോപ്പില്‍ രാഷ്ട്രീയം മതവിമുക്തമാകുമ്പോള്‍ പുറത്ത് അങ്ങനെയല്ലാതായി മാറുന്നു. ക്രിസ്ത്യന്‍ യൂറോപ്പില്‍ രാഷ്ട്രീയം മതവിമുക്തമാണെന്ന് ഉദ്‌ഘോഷിക്കുന്ന ഈ ചരിത്രകാരന്മാര്‍ ആധുനിക യൂറോപ്പില്‍ ഏതെല്ലാം തരത്തിലാണ് മതവും രാഷ്ട്രീയവും കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നത്, അല്ലെങ്കില്‍ ക്രിസ്ത്യാനിറ്റി പടിഞ്ഞാറന്‍ യൂറോപ്പിന്റെ രാഷ്ട്രീയ സംസ്‌കാരത്തെ നിര്‍ണയിക്കുന്നത് എന്നൊക്കെ മനസ്സിലാക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്നതിന്റെ യുക്തിയും മറ്റൊന്നല്ല.
ക്രിസ്ത്യന്‍ എംപയറില്‍നിന്നും ആധുനിക ദേശരാഷ്ട്രത്തിലേക്കുള്ള യൂറോപ്പിന്റെ വളര്‍ച്ച സഹിഷ്ണുതയുടെയും പ്ലൂരിസത്തിന്റെയും വിജയഗാഥയായി വിലയിരുത്തുന്നതും ശരിയല്ല. പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെയുള്ള യൂറോപ്പിന്റെ ചരിത്രം രക്തപങ്കിലവും വംശഹത്യയുടെ യുക്തിയില്‍ അടിയുറച്ചതുമാണ്. മത യുദ്ധങ്ങള്‍, അസഹിഷ്ണുത, വംശീയത, സാമ്രാജ്യത്വം, അധിനിവേശം, ദേശീയസങ്കുചിതത്വം, ഫാസിസം, ജൂതകൂട്ടക്കൊല എന്നിവയും ഈ കാലഘട്ടത്തിന്റെ അഭേദ്യഘടകങ്ങളാണ്. മാത്രമല്ല, യൂറോപ്യന്‍ യൂണിയന്‍ സ്ഥിരീകരണം നേടിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന 'യൂറോപ്യന്‍ ഭരണഘടന'യില്‍പ്പോലും ക്രിസ്ത്യാനിറ്റിയില്‍ കേന്ദ്രീകരിച്ച മൂല്യവ്യവസ്ഥകള്‍ പ്രകടമാകുന്നുണ്ട്. ഓട്ടോമന്‍ സാമ്രാജ്യകാലത്ത് അര്‍മേനിയന്‍ വംശജര്‍ക്കെതിരെ നടത്തിയ വംശഹത്യയുടെ പേരില്‍ ക്ഷമാപണം നടത്തണമെന്ന യൂറോപ്യന്‍ ആവശ്യം അംഗീകരിക്കാത്ത തുര്‍ക്കിയുടെ നിലപാട് ഇയുവിനെ അസ്വസ്ഥമാക്കുന്നു. അതേസമയം ഹോളോകോസ്റ്റില്‍ എത്തിനില്‍ക്കുന്ന വംശഹത്യാപരമ്പരയുടെ വഴിത്താരകള്‍ മനസ്സിലാക്കാന്‍ യൂറോപ്പ് ഇന്നും തയാറല്ല.

സംസ്‌കാരം, ഭൂമിശാസ്ത്രം

തുര്‍ക്കിയുടെ യൂണിയന്‍ പ്രവേശന കാര്യത്തില്‍ യൂറോപ്പിന്റെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ അതിര്‍ത്തി എന്ന ആശയം കടന്നുവരുന്നുണ്ട്. യൂറോപ്യന്‍ ഉദ്ഗ്രഥനത്തിന്റെ ആദ്യദശകങ്ങളില്‍തന്നെ ഇത്തരം വിചാരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തൊണ്ണൂറുകളോടെയാണ് അവ മേല്‍ക്കൈ നേടുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍(ക്രിസ്ത്യന്‍ ഡമോക്രാറ്റുകള്‍, ന്യൂറൈറ്റ് നിയോകോണ്‍സര്‍വേറ്റീവ് ഗ്രൂപ്പുകള്‍) കുടിയേറ്റ ന.. കര്‍ത്താക്കള്‍, മാധ്യമ വിദഗ്ധര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ക്കിടയില്‍ ഇത് ശക്തിപ്രാപിച്ചിട്ടുണ്ട്. 2002-ലെ കോപ്പന്‍ ഹേഗന്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുര്‍ക്കിയുടെ യൂറോപ്യന്‍ സ്വഭാവത്തെക്കുറിച്ചുള്ള വിചാരങ്ങളെ വീണ്ടും മുന്നോട്ടു കൊണ്ടുവന്നു. ഇത്തവണ അഭിപ്രായങ്ങള്‍ ഇയുവിന്റെ ഉന്നതകേന്ദ്രങ്ങളില്‍ നിന്നുതന്നെയുണ്ടായി. മുന്‍ഫ്രഞ്ച് പ്രസിഡന്റും 'കണ്‍വെന്‍ഷന്‍ ഓണ്‍ ദി ഫ്യൂച്ചര്‍ ഓഫ് യൂറോപ്പി'ന്റെ ചെയര്‍മാനുമായ വലേറി ജിസ്ഗാര്‍ഡ് തുര്‍ക്കിയുടെ യൂണിയന്‍ പ്രവേശനത്തെക്കുറിച്ചുളള തന്റെ വീക്ഷണം ഇപ്രകാരം വ്യക്തമാക്കി. ''തുര്‍ക്കിയുടെ തലസ്ഥാനം യൂറോപ്പല്ല. അതിന്റെ തൊണ്ണൂറ്റിയഞ്ച് ശതമാനം ജനങ്ങളും യൂറോപ്പിനു പുറത്തുള്ളവരാണ്. അതൊരു യൂറോപ്യന്‍ രാജ്യമല്ല.'' തുര്‍ക്കിയുടെ ജനസംഖ്യാവര്‍ധനവ് കണക്കിലെടുത്ത്, ആ രാജ്യം യൂണിയനില്‍ അംഗമായാല്‍ അത് യൂണിയനിലെയും യൂറോപ്യന്‍ പാര്‍ലമെന്റിലെയും ഏറ്റവും വലിയ ബ്ലോക്ക് ആയി മാറും എന്നുകൂടി സൂചിപ്പിക്കുന്ന ജിസ്ഗാര്‍ഡ് ''തുര്‍ക്കി യൂണിയന്‍ മെമ്പറായാല്‍ അത് യൂറോപ്പിന്റെ അന്ത്യമായിരിക്കും'' എന്നു മുന്നറിയിപ്പ് നല്‍കുന്നു.
യൂറോപ്പിന്റെ സംസ്‌കാരത്തെയും ഭൂമിശാസ്ത്രത്തെയും എങ്ങനെ നിര്‍വചിക്കണമെന്നത് തുര്‍ക്കിയുടെ അംഗത്വകാര്യം ചര്‍ച്ചയ്ക്കു വരുമ്പോള്‍ തീവ്രമാകുന്നു. യൂണിയന്‍ വ്യവഹാരങ്ങളിലും ഇത് അടുത്തിടെ സജീവമാണ്. അതിര്‍ത്തികള്‍ സാംസ്‌കാരികമായി നിര്‍വചിക്കപ്പെടേണ്ടതാണെന്നുള്ള വീക്ഷണപ്രകാരം ക്ലാസിക്കല്‍ പാരമ്പര്യം, ജ്ഞാനോദയം, നവോത്ഥാനം, വ്യാവസായിക വിപ്ലവം, ക്രിസ്ത്യാനിറ്റിയുടെ പുരോഗതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, ജനാധിപത്യം എന്നിവ യൂറോപ്പിന്റെ മുഖ്യ സവിശേഷതകളായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്, ഈ അടിസ്ഥാന ഘടകങ്ങളിന്മേലാണ് യൂറോപ്പിന്റെ യഥാര്‍ഥ നിര്‍മാണം നടന്നതെന്ന് വിശദമാക്കാനാണ്. ചരിത്രകാരനായ ജീന്‍ ബാപ്റ്റിസ്റ്റ് ഡുറോസില്ലെ വ്യതിരിക്തമായ അതിര്‍ത്തികളും കലര്‍പ്പില്ലാത്ത വംശീയതയും ആണ് യൂറോപ്പിന്റെ അടിസ്ഥാന ഗുണമെന്ന് അഭിപ്രായപ്പെടുന്നു.
ഇയു നേതാവും മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുമായ റോബര്‍ട്ട് ഓവന്‍ പറയുന്നത് ''തുര്‍ക്കിയെ യൂറോപ്പിലേക്ക് വേണ്ട'' എന്നാണ്. യൂറോപ്പിന് വ്യതിരിക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദേശിക്കുന്ന ഓവന്‍ തുര്‍ക്കിഷ്-ഇറാനിയന്‍ അതിര്‍ത്തിയിലേക്ക് യൂറോപ്പിന്റെ അതിര്‍ത്തി നീണ്ടുപോകുന്നില്ല എന്നു വാദിക്കുന്നു. തുര്‍ക്കി യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്നാല്‍ യൂറോപ്പിന്റെ അതിര്‍ത്തി മിഡില്‍ ഈസ്റ്റുവരെയും എത്തുമെന്നര്‍ഥം. വംശീയമായി യൂറോപ്പും ഏഷ്യയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നു പറയുന്ന ഇദ്ദേഹം റഷ്യയെക്കൂടി യൂറോപ്യന്‍ അല്ലാതാക്കുന്നുണ്ട്. റഷ്യയെ പ്രത്യേക വംശീയതയും മനുഷ്യരുമുള്ള വന്‍കരയായാണ് ഓവന്‍ കാണുന്നത്. കൂടാതെ ഡച്ച് വിദേശകാര്യമന്ത്രിയായിരുന്ന ഹാന്‍സ് വാന്‍മെയ്ര്‍ട്ടോ പറയുന്നത് വലിയൊരു മുസ്‌ലിം രാജ്യമായ തുര്‍ക്കി പ്രശ്‌നം സൃഷ്ടിക്കുമെന്നും മിഡില്‍ ഈസ്റ്റില്‍നിന്നും പ്രശ്‌നങ്ങള്‍ യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യേണ്ടതില്ല എന്നുമാണ്. പടിഞ്ഞാറന്‍ സുരക്ഷയ്ക്ക് സോവിയറ്റ് പതനത്തിനുശേഷം ഏറ്റവും വലിയ ഭീഷണി മിലിട്ടന്റ് ഇസ്‌ലാം ആണെന്ന് നാറ്റോ സെക്രട്ടറി വില്പികാലെസും പറയുകയുണ്ടായി. വംശീയതയുടെ വാര്‍പ്പുമാതൃകകള്‍ അടങ്ങിയ ഡുറോസില്ലെയുടെ യൂറോപ്പ്: എ ഹിസ്റ്ററി ഓഫ് ഇറ്റ്‌സ് പീപ്പിള്‍ എന്ന പുസ്തകം യൂറോപ്യന്‍ കമ്മീഷന്‍ പൗരന്മാര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നായിട്ടാണ് നിര്‍ദേശിച്ചിരിക്കുന്നത്. പശ്ചിമ യൂറോപ്പിലെ എല്ലാ യഥാര്‍ഥ നിവാസികളും വെള്ളനിറക്കാരാണെന്നും മംഗോളിയന്‍ അധിനിവേശം അപൂര്‍വമായി മാത്രം സ്പര്‍ശിച്ച സ്ഥലമാണ് ഇതെന്നുമാണ് പുസ്തകം പറയുന്നത്. ആഫ്രിക്കന്‍, ഏഷ്യന്‍ കുടിയേറ്റക്കാര്‍ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനംവരെ സ്പര്‍ശിച്ചിട്ടില്ലാത്ത സ്ഥലമെന്നുകൂടി പടിഞ്ഞാറന്‍ യൂറോപ്പിനെ ഡൂറോസില്ലെ വിശേഷിപ്പിക്കുന്നുണ്ട്. ഇപ്രകാരം യൂണിയന്‍ വികസനം തുര്‍ക്കിയുടെ കാര്യത്തില്‍ സാംസ്‌കാരിക ഭൂമിശാസ്ത്ര വ്യതിരിക്തതകളില്‍ അധിഷ്ഠിതമാകുമ്പോള്‍ യൂറോപ്പിന്റെ 'യഥാര്‍ഥ' അതിര്‍ത്തികള്‍ എവിടെ? 'അവ യൂറോപ്പില്‍ മാത്രമാണോ?' തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നു. മാത്രമല്ല, ചില മുന്‍ അംഗത്വകാര്യത്തില്‍ യൂറോപ്പിനു പുറത്തുള്ള ഭൂമിശാസ്ത്രം എന്തുകൊണ്ടു തടസ്സമായില്ല എന്നതുകൂടി പരിശോധിക്കേണ്ടതുണ്ട്.
യൂറോപ്യന്‍ കമ്യൂണിറ്റിക്ക് നിദാനമായ 'ട്രീറ്റീസ് ഓഫ് റോമി'ല്‍ 1957-ല്‍ ഒപ്പുവെയ്ക്കുമ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയ ഫ്രാന്‍സിന്റെ അവിഭാജ്യഘടകമായി അംഗീകരിക്കപ്പെട്ടിരുന്നു. 1961-ലെ സ്വാതന്ത്ര്യംവരെ അള്‍ജീരിയ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെയും യൂറോപ്യന്‍ കമ്യൂണിറ്റിയുടെയും ഭാഗമായി നിലകൊണ്ടു. ആ സമയത്ത് ഫ്രാന്‍സ് ടെറിട്ടോറിയലായി യൂറോപ്യനേക്കാള്‍ ആഫ്രിക്കന്‍ ആയിരുന്നു. അതുപോലെ 1986-ല്‍ സ്‌പെയിന്‍ യൂറോപ്യന്‍ കമ്യൂണിറ്റിയില്‍ അംഗമായി ചേര്‍ന്നപ്പോള്‍ അതിന്റെ യൂറോപ്പിനു പുറത്തുള്ള ഭൂമിശാസ്ത്രം പ്രശ്‌നമായില്ല. ജനാധിപത്യത്തിന്റെയും സ്ഥാപനങ്ങളുടെയും പുനഃസ്ഥാപനം മാത്രമാണ് യൂണിയന്‍ പ്രവേശനത്തിന്റെ മാനദണ്ഡമായത്. മാത്രമല്ല സ്‌പെയിനിന് ഇപ്പോഴും യൂറോപ്പിനു പുറത്ത് ചില ആഫ്രിക്കന്‍ പ്രദേശങ്ങളുടെ മേല്‍ ഉടമാവകാശമുണ്ട്. അപകോളനീകരണം പൂര്‍ത്തിയാകാത്ത വടക്കന്‍ ആഫ്രിക്കയിലെ മെറോക്കന്‍ സമീപപ്രദേശങ്ങളായ മെലില്ല, ക്യൂട്ട എന്നിവ സ്‌പെയിനിന്റെയും അതുവഴി യൂറോപ്യന്‍ യൂണിയന്റെയും ഘടകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ രീതിയില്‍ 1950-കളിലും 1980-കളിലും ഉയര്‍ന്നുവരാത്ത ഭൂമിശാസ്ത്രപ്രശ്‌നമാണ് തുര്‍ക്കിയുടെ അംഗത്വകാര്യത്തില്‍ ഉയര്‍ന്നുവരുന്നത് എന്നത് പ്രശ്‌നം ഭൂമിശാസ്ത്രത്തിനുമപ്പുറത്താണെന്നതിന്റെ വ്യക്തമായ സൂചനയാണ്.
2002-ല്‍ ജിബ്രാള്‍ട്ടര്‍ കടലില്‍കിടക്കുന്ന മൊറോക്കന്‍ തീരത്തുനിന്ന് ഇരുനൂറ് മീറ്റര്‍ അകലെയുള്ള പെരിജില്‍ ദ്വീപിന്റെ ഉടസ്ഥതയെച്ചൊല്ലി മൊറോക്കോയും സ്‌പെയിനും തമ്മില്‍ തര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് സൈന്യത്തെ ഇറക്കിക്കൊണ്ട് ഒരു നിരീക്ഷണസംവിധാനം ആ രാജ്യം അവിടെ സ്ഥാപിച്ചു. തര്‍ക്കം തീവ്രമായപ്പോള്‍ മെലില്ല, ക്യൂട്ട ദ്വീപുകളുടെ ഉടമസ്ഥതയ്ക്കായി മൊറോക്കോ ആക്രമണം നടത്തിയേക്കുമെന്ന് ഭയന്ന സ്‌പെയിന്‍ നാല് യുദ്ധക്കപ്പലുകള്‍ അവിടേക്കയച്ചു. ഈ പ്രതിസന്ധി ഇയുവിനകത്ത് ചര്‍ച്ചാവിഷയമാവുകയും സ്‌പെയിനിന് പൂര്‍ണ പിന്തുണ കിട്ടുകയും ചെയ്തു. മാത്രമല്ല യൂറോപ്യന്‍ കമ്മീഷന്‍ മൊറോക്കന്‍ നടപടിയെ 'അധിനിവേശം' എന്നു വിശേഷിപ്പിക്കുകയും സാമ്പത്തിക ഉപരോധത്തിന് വ്യവസ്ഥ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഈ പ്രശ്‌നം ഇയുവിന്റെ കുടിയേറ്റ നയത്തിലും പ്രതിഫലനങ്ങളുണ്ടാക്കി.
2002-ലെ ഇയുവിന്റെ സിവില്ലെ സമ്മേളനം മുഖ്യപരിഗണന നല്‍കിയത് ആഫ്രിക്കയില്‍നിന്നുള്ള (മഗ്‌രിബ് പ്രദേശത്തുനിന്നുള്ള) കുടിയേറ്റം തടയുന്നതിനായിരുന്നു. കുടിയേറ്റം തടയുന്നതിനായി ഈ ആഫ്രിക്കന്‍ തീര ദ്വീപുകള്‍ ഉപയോഗിക്കാനും തീരുമാനിക്കപ്പെട്ടു. യൂറോപ്യന്‍ വംശശുദ്ധി വാദക്കാരുടെ കുടിയേറ്റ വിരുദ്ധ പ്രചരണങ്ങള്‍ക്ക് ശക്തി ലഭിക്കുന്നതും ഇതേ ഘട്ടത്തിലാണ്. ആഫ്രിക്കന്‍/അറബ് കുടിയേറ്റക്കാര്‍ അനധികൃതമായി യൂറോപ്പിലേക്ക് കടക്കുന്നത് തടയാന്‍ സ്‌പെയിനുമായി ചേര്‍ന്ന് 120 മില്യണ്‍ ഡോളറിന്റെ റഡാര്‍ നിരീക്ഷണ സംവിധാനം ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ സ്ഥാപിക്കാന്‍ ഇയു പദ്ധതിയിട്ടു. കൂടാതെ ക്യൂട്ടയില്‍ നാല്‍പത് മില്യണ്‍ ഡോളര്‍ മുടക്കി നിരീക്ഷണസംവിധാനങ്ങള്‍ സ്ഥാപിച്ച് കുടിയേറ്റക്കാരെ കണ്ടുപിടിക്കാനുള്ള നടപടികളും പുരോഗതിയിലാണ്. കുടിയേറ്റക്കാര്‍ക്കെതിരെ ഇയു രാജ്യങ്ങളിലുടനീളം വ്യാപകമായിക്കൊണ്ടിരിക്കുന്ന നിരീക്ഷണത്തിന്റെ ഭാഗമാണ് മെലില്ല, ക്യൂട്ട ദ്വീപുകള്‍ കേന്ദ്രീകരിച്ചുള്ള നടപടികള്‍. സ്‌പെയിനിനെപ്പോലെ മധ്യധരണ്യാഴി പ്രദേശത്ത് നിര്‍ണായക സ്വാധീനമുള്ള ഇറ്റലിയും ഇമ്മാതിരി നിരവധി പരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്.

യൂണിയനും പൗരത്വവ്യവഹാരങ്ങളും

തുര്‍ക്കിയുടെ യൂണിയനിലെ അംഗത്വപ്രശ്‌നത്തെ മനസ്സിലാക്കാന്‍ ഇയുവിന്റെ പൗരത്വവ്യവഹാരങ്ങള്‍ കൂടി വിശകലന വിധേയമാക്കേണ്ടതുണ്ട്. നിയോലിബറല്‍ ഇക്കണോമിസത്തിന്റെയും എത്‌നോ-കള്‍ച്ചറലിസത്തിന്റെയും ഘടകങ്ങള്‍ ഈ വ്യവഹാരങ്ങളില്‍ മുഖ്യ പങ്ക് വഹിക്കുന്നത് കാണാം. യൂണിയന്റെ 'ഐഡന്റിറ്റി'യെക്കുറിച്ചുള്ള ചര്‍ച്ചകളും ഇതിന്റെ ഭാഗമായിട്ടാണ് ഉന്നയിക്കപ്പെടുന്നത്. 1993-ല്‍ സംസ്‌കാരത്തെ 'ട്രീറ്റി ഓണ്‍ യൂറോപ്യന്‍ യൂണിയനില്‍' ഉള്‍പ്പെടുത്തിയതിന്റെ അടിസ്ഥാന യുക്തി യൂറോപ്പിന്റെ നിര്‍മിതിയില്‍ ഊന്നുന്നതാണ്. 'പൊതുപൗരത്വം' ആയിരിക്കണം യൂറോപ്യന്‍ സംയോജനത്തിന്റെ മൂലക്കല്ല് എന്നിതു നിര്‍ദേശിക്കുന്നു. 1993-ല്‍ യൂറോപ്യന്‍ കമ്മീഷന്‍ പുറത്തിറക്കിയ ചില ലഘുലേഖകളിലും ഇതിനെക്കുറിച്ച് പറയുന്നുണ്ട്. യൂറോപ്യന്‍ പൗരത്വത്തെ യൂറോപ്പുമായി സമീകരിച്ചുകൊണ്ട് യുക്തിയുടെ ഉത്ഭവ കേന്ദ്രവും സാംസ്‌കാരിക നിര്‍മാണത്തിന്റെ ഈറ്റില്ലവുമാണതെന്നു പറയുന്നു. രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുള്ള സാംസ്‌കാരിക പാരമ്പര്യമാണ് മററു ഭൂ ജനവിഭാഗങ്ങളില്‍നിന്ന് വ്യതിരിക്തത നിലനിര്‍ത്താന്‍ യൂറോപ്പിനെ പ്രേരിപ്പിക്കുന്നതത്രേ.
പൗരത്വത്തെക്കുറിച്ചുള്ള യൂണിയന്‍ വ്യവഹാരങ്ങള്‍ ആരംഭിക്കുന്നത് എഴുപതുകളുടെ തുടക്കത്തിലാണ്. തുടക്കം മുതല്‍ തന്നെ ഇത് 'യൂറോപ്യന്‍ തന്മ'യെന്ന ആശയവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടന്നു. സിറ്റിസണ്‍ ഓഫ് യൂറോ, യൂറോപ്യന്‍ സിറ്റിസണ്‍ഷിപ്പ്, കമ്യൂണിറ്റി സിറ്റിസണ്‍ഷിപ്പ് തുടങ്ങിയ വ്യത്യസ്ത പേരുകളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അരങ്ങേറി. വാസ്തുവിദ്യാ പാരമ്പര്യങ്ങളുടെ സംരക്ഷണം, അസൈലം, കുറ്റകൃത്യങ്ങള്‍, കുടിയേറ്റം, യൂറോപ്യന്‍ തന്മാരൂപീകരണം, മീഡിയ പോളിസി, കറന്‍സി, ഭാഷാ ടൂറിസം തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെ പൗരത്വത്തിന്റെ വ്യത്യസ്ത വശങ്ങള്‍ പ്രശ്‌നവത്കൃതമായി. 1980-കള്‍ക്ക് ശേഷം ഇയു സംയോജനത്തിന് പ്രേരകമായി വര്‍ത്തിച്ചത് 'വ്യക്തികേന്ദ്രിത കമ്പോള പൗരത്വം' എന്ന ആശയമായിരുന്നു. അതേസമയം തന്നെ ഇയു മറ്റൊരു കാര്യവും വ്യക്തമാക്കി. അതിര്‍ത്തികളെ ഭേദിച്ചുള്ള കമ്പോള സംയോജനവും വ്യക്തികളുടെ പങ്കാളിത്തവും മാത്രം യൂറോപ്യന്‍ പാര്‍ലമെന്റ് നടപടികളിലൂടെ വെളിപ്പെട്ടു. പൊതുവായ പൈതൃകം, സംസ്‌കാരം, ഭാഷ, മതം ഇതൊക്കെ യൂറോപ്യന്‍ പൗരത്വത്തിന്റെ സാധുത്വത്തിനാവശ്യമായ മുഖ്യഘടകങ്ങളാണെന്ന വാദം എത്‌നോ-കള്‍ച്ചറല്‍ സിറ്റിസണ്‍ഷിപ്പിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. പൗരത്വത്തിന്/അംഗത്വത്തിന് പൊതുവായ തുടര്‍ച്ചയും ചരിത്രപരമായ പൈതൃകവും അനിവാര്യമാണ് എന്നതാണ് ഇതിലെ കാതലായ സംഗതി. യൂറോപ്യന്‍ കമീഷന്റെ മുന്‍ പ്രസിഡന്റ് ജാക്വസ് ഡിലോറിന്റെ അഭിപ്രായത്തില്‍ യൂറോപ്പിന്റെ പൊതുസാംസ്‌കാരിക പൈതൃകത്തിന്റെ പ്രഭവങ്ങള്‍ പടിഞ്ഞാറന്‍ മനസ്സിന്റെയും പാരമ്പര്യങ്ങളാണ്. ഗ്രീക്കോ-ഗോമന്‍-ജുഡായോ-ക്രിസ്ത്യന്‍ മൂല്യങ്ങളാണ് ഇതിന്റെ സത്തയെ നിര്‍ണയിക്കുന്നത്. 1991-ല്‍  യൂറോപ്യന്‍ പാര്‍ലമെന്റ് യൂറോപ്യന്‍ സംസ്‌കാരത്തെ അടിസ്ഥാനമാക്കി ക്ലാസിക്കല്‍ സംസ്‌കാരത്തെയും ക്രിസ്ത്യാനിയെയും നിര്‍മിച്ചിട്ടുണ്ട് എന്നതും ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതുണ്ട്. 1996-ല്‍ ഇയു നേതാവ് റൊമാനോ പ്രോദി പറഞ്ഞത് യൂറോപ്യന്‍ സംയോജന പ്രക്രിയയുടെ പൊതുബോധം നിര്‍മിക്കുന്നത് ക്രിസ്ത്യാനിറ്റിയാണെന്നാണ്. സാംസ്‌കാരിക സംഘട്ടന സിദ്ധാന്തകാരനായ ഹണ്ടിംഗടണ്‍ പറയുന്നത് യൂറോപ്യന്‍ കമ്യൂണിറ്റി നിലനില്‍ക്കുന്ന യൂറോപ്യന്‍ സംസ്‌കാരത്തിന്റെയും പടിഞ്ഞാറന്‍ ക്രിസ്ത്യാനിറ്റിയുടെയും സഖ്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ്. ഇയു പ്രഥമ പരിഗണന നല്‍കേണ്ടത് പടിഞ്ഞാറന്‍ അല്ലാത്ത രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം തടയുന്നതിനാണ് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
1974-ലെ പാരീസില്‍ ചേര്‍ന്ന യൂറോപ്യന്‍ കമ്യൂണിറ്റി തലവന്മാരുടെ സമ്മേളനത്തിലാണ് 'സിറ്റിസണ്‍ഷിപ്പ് ഓഫ് യൂണിയന്‍' എന്ന ആശയം ഉരുത്തിരിയുന്നത്. യൂറോപ്യന്‍ കമ്യൂണിറ്റിയിലെ പൗരന്മാരുടെ പ്രത്യേകാവകാശങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു വര്‍ക്കിംഗ് കമ്മിറ്റി രൂപീകരിക്കുന്നതും ഈ സമ്മേളനത്തിലാണ്. ഇതിന് ഒരു വര്‍ഷം മുമ്പുതന്നെ കോപ്പന്‍ ഹേഗനില്‍ ചേര്‍ന്ന കമ്മ്യൂണിറ്റി വിദേശമന്ത്രിസമ്മേളനം ഒരു 'ഡിക്ലറേഷന്‍സ് ഓഫ് യൂറോപ്യന്‍ ഐഡന്റിറ്റി' മുന്നോട്ടു വെച്ചിരുന്നു. പൗരത്വമടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ഒന്നായിരുന്നു ഇത്. യൂറോപ്യന്‍ കൗണ്‍സിലിന് സമര്‍പ്പിച്ച 1976-ലെ ടിന്‍ഡമാസ് റിപ്പോര്‍ട്ട് മുകളില്‍പ്പറഞ്ഞ ആശയഗതികള്‍ വികസിപ്പിച്ച് യൂറോപ്യന്‍ പൗരത്വം എന്ന കാഴ്ചപ്പാടിനു രൂപം കൊടുക്കാന്‍ നിര്‍ദേശിച്ചു. പൗരത്വ നിര്‍ണയത്തില്‍ യൂറോപ്പിന്റെ പൊതുപൈതൃകങ്ങളും മൂല്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും യൂറോപ്യന്‍ കമ്യൂണിറ്റിയിലെ ആളുകള്‍ എന്ന നിലയ്ക്ക് ഒരു വ്യതിരിക്ത സമൂഹത്തെ വാര്‍ത്തെടുക്കണമെന്നും അത് യൂറോപ്യന്‍ നാഗരികതയുടെ അടിസ്ഥാനങ്ങളെ ബഹുമാനിക്കുന്നതായിരിക്കണമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍ ഇപ്പോള്‍ ഇയു മുന്നോട്ടുവെക്കുന്ന പൗരത്വത്തിന്റെ ആധാരം സമാനസ്വത്വത്തെക്കുറിച്ചുള്ള കല്‍പനയാണ് എന്നര്‍ഥം. ചരിത്രപരമായ ഒരു സമുദായത്തിന്റെ സംസ്‌കാരത്തിലും മതത്തിലും മൂല്യങ്ങളിലും വംശീയതയിലും കേന്ദ്രീകരിക്കുന്ന ഇത്തരമാശയം തന്മാനിര്‍വചനത്തില്‍നിന്നും ചിലതിനെ പുറന്തള്ളുന്നതിലേക്ക് നയിക്കുന്നു. വെള്ളക്കാരല്ലാത്ത, ക്രിസ്ത്യാനിയല്ലാത്ത വിഭാഗങ്ങള്‍ക്ക് 'അപര' സ്വഭാവം കൈവരുന്നു. തുര്‍ക്കിയും സ്വാഭാവികമായും ഇത്തരമൊരു ഗണത്തിലാണുള്‍പ്പെടുന്നത്. 1980-കളിലെ കമ്യൂണിറ്റി ചര്‍ച്ചകളില്‍ പൗരത്വത്തിന്റെ കൂട്ടായ വശങ്ങള്‍ക്കുള്ള പ്രാധാന്യം കുറഞ്ഞുവരികയും സംസ്‌കാരത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കപ്പെടുകയുമുണ്ടായി. നിയോലിബറല്‍ ഇക്കണോമിസം സംയോജനത്തില്‍ മുഖ്യ പങ്കുവഹിക്കാന്‍ തുടങ്ങിയതോടെ അപസാമൂഹ്യവല്‍ക്കരിക്കപ്പെട്ട പൗരത്വ കാഴ്ചപ്പാട് ഭരണകൂട നയങ്ങളില്‍ മുന്‍കൈ നേടിത്തുടങ്ങി. എഴുപതുകളില്‍ ഉടലെടുത്ത നവ വലതുപക്ഷ പ്രസ്ഥാനങ്ങളുടെ അജണ്ടയില്‍ നിയോലിബറലിസവും കണ്‍സര്‍വേറ്റിസവും ഒത്തിണക്കിയ പൗരത്വകാഴ്ചപ്പാടുകള്‍ പ്രാമുഖ്യം നേടുന്നതും ഈ സമയത്തുതന്നെയാണ്. ആഭ്യന്തര വ്യത്യസ്തതകള്‍ അനുവദിക്കുന്ന സാമൂഹികഐക്യം എന്ന ആശയത്തിന് തീര്‍ത്തും എതിരാണ് വംശീയ മുന്‍വിധികളില്‍ അടിയുറച്ച യൂറോപ്യന്‍ നവവലതുപ്രസ്ഥാനങ്ങള്‍. ഫ്രാന്‍സില്‍ ഇതിന്റെ നേതൃത്വം ലിപെന്‍ നേതൃത്വം നല്‍കുന്ന 'നാഷണല്‍ ഫ്രണ്ട്' ഏറ്റെടുത്തിട്ടുണ്ട്. ബ്രിട്ടനിലും ജര്‍മനിയിലുമെല്ലാം അതു ശക്തിയാര്‍ജിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ പിന്തുണയോടുകൂടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവ ഉദാരസാംസ്‌കാരിക പൗരത്വനയങ്ങളുടെ ഏറ്റവുമൊടുവിലത്തെ ഫലമാണ് പാരീസിലെയും സമീപപ്രദേശങ്ങളിലെയും ചേരികളിലുണ്ടായ കലാപങ്ങള്‍.
സെപ്റ്റംബര്‍ പതിനൊന്നോടെ പടിഞ്ഞാറന്‍ യൂറോപ്പില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ട ദേശീയ തന്മയെയും ഐക്യത്തെയും കുറിച്ചുള്ള ആകുലതകളും ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്റെ ഭാഗമായുള്ള നടപടികളും അവിടങ്ങളിലെ വംശീയബന്ധങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബഹുല സംസ്‌കാരത്തില്‍നിന്നും ഏകസംസ്‌കാരത്തിലേക്കുള്ള മാറ്റവും ഇതോടൊപ്പം ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പിലുടനീളമുള്ള കുടിയേറ്റ ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ ഇതു വ്യക്തമാണ്. സെപ്റ്റംബര്‍ പതിനൊന്നിനുശേഷം ഓരോ രാജ്യവും ഓരോ തരം സ്വാംശീകരണ മാതൃകകള്‍ ദേശീയോദ്ഗ്രഥനത്തിനെന്ന പേരില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു വശത്ത് രാഷ്ട്രനിര്‍മിതിയുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ചില മിത്തുകള്‍ പുനരുജ്ജീവിപ്പിക്കപ്പെടുകയും അതില്‍ കേന്ദ്രീകരിച്ചുള്ള തന്മാ നിര്‍വചനം നടക്കുകയും ചെയ്യുമ്പോള്‍ കുടിയേറ്റ സമൂഹങ്ങളും അവയുടെ സംസ്‌കാരങ്ങളും ഇതിനുള്ള വലിയ തടസ്സമായി മറുവശത്ത് അടയാളപ്പെടുത്തപ്പെടുന്നു. ദേശീയ തന്മയ്ക്ക് ഏറ്റവും വലിയ ഭീഷണി കുടിയേറ്റ സമൂഹങ്ങളാണ് എന്ന രീതിയിലാണ് വിലയിരുത്തലുകളുടെ പോക്ക്. നെതര്‍ലണ്ടില്‍ ഇത് 'ദേശീയ മൂല്യങ്ങളിലും നിലവാരങ്ങളിലും' കേന്ദ്രീകരിച്ചപ്പോള്‍ സ്വീഡനിലും നോര്‍വെയിലും 'ഉള്‍ച്ചേര്‍ക്കലിലെ സാംസ്‌കാരിക തടസ്സങ്ങള്‍' ശ്രദ്ധാവിഷയമായി. ബ്രിട്ടനില്‍ 'സമുദായ ഭദ്രത' ഉയര്‍ത്തപ്പെട്ടപ്പോള്‍ ഫ്രാന്‍സില്‍ 'ഭരണകൂട മതേതരത്വ'വും ജര്‍മനിയില്‍ 'മുഖ്യ സംസ്‌കാരചര്‍ച്ച'യുമാണ് ദേശീയോദ്ഗ്രഥനത്തിനുള്ള അടിസ്ഥാനം. ഡെന്മാര്‍ക്കില്‍ 'കുടിയേറ്റക്കാരുടെ ഇടയിലെ അസഹിഷ്ണുത നിറഞ്ഞ സംസ്‌കാര'ത്തിലാണ് ശ്രദ്ധ പതിഞ്ഞത്. 'പൊതുസുരക്ഷ'യും കുറ്റകൃത്യങ്ങളും സ്‌പെയിനില്‍ കേന്ദ്രവിചാരമായി. സെപ്റ്റംബര്‍ പതിനൊന്നിനുശേഷം ഡച്ച് പാര്‍ലമെന്റ് അതിന്റെ എട്ടുലക്ഷത്തോളം വരുന്ന മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസം, തൊഴില്‍, പ്രായം, ലിംഗഭേദം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ദേശീയ സര്‍വെക്ക് തുടക്കമിടുകയും അതില്‍ മൗലികവാദ ലിബറല്‍ വേര്‍തിരിവ് നടത്തുകയും ചെയ്തു. ജര്‍മനിയില്‍ തുര്‍ക്കിയില്‍നിന്നും എത്തിയ കുടിയേറ്റക്കാരുടെ രണ്ടുമൂന്നു തലമുറക്കാരുടെ ഇടയിലും ഇത്തരം പരിശോധനകള്‍ വ്യാപകമാണ്. ജര്‍മനിയില്‍ നിരവധി പള്ളികള്‍ പരിശോധനക്ക് വിധേയമാക്കുകയും ധനസഹായ പ്രഭവങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഫ്രാന്‍സാകട്ടെ സെക്യുലറിസത്തെ ശക്തിപ്പെടുത്തുന്നതിന്റെ പേരില്‍ പൊതുസ്ഥലങ്ങളില്‍ മുസ്‌ലിം മൂടുപടം, സിക്ക് തലപ്പാവ്, ക്രിസ്ത്യന്‍ കുരിശ് ഉള്‍പ്പെടെയുള്ള എല്ലാ ചിഹ്നങ്ങളും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. ആംഗ്ലോ-അമേരിക്കന്‍ മാതൃകയിലുള്ള ബഹുത്വത്തിന്റെയും അതംഗീകരിക്കുന്ന ആഭ്യന്തര വ്യത്യാസങ്ങളുടെയും പാത പിന്തുടര്‍ന്നാല്‍ ഫ്രഞ്ച് റിപ്പബ്ലിക്കിന് അതിന്റെ ആത്മാവു നഷ്ടപ്പെടുമെന്ന് പ്രസിഡന്റ് ജാക്ക് ഷിറാക് അഭിപ്രായപ്പെട്ടത് ഇതിനോട് ചേര്‍ത്തുവായിക്കണം. ആകസ്മികമായിരിക്കാം, യൂറോപ്യന്‍ ഭരണഘടന ഫ്രാന്‍സില്‍ നിരസിക്കപ്പെട്ട 2005 മെയ് 29 തുര്‍ക്കി സുല്‍ത്താനായ മുഹമ്മദ് ഫാതിഹ് ബൈസന്റൈന്‍ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതിന്റെ(1453) അഞ്ഞൂറ്റി അന്‍പത്തിരണ്ടാം വാര്‍ഷികം കൂടിയായിരുന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ഫ്രാന്‍സിന്റെ പ്രതികരണം തുര്‍ക്കിയുടെ യൂണിയന്‍ പ്രവേശനത്തില്‍ നിര്‍ണായകമാകുമെന്ന് പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നു. പലരും പ്രകീര്‍ത്തിക്കുന്ന യൂറോപ്പിന്റെ ആതിഥ്യ മര്യാദ(hospitality) ഇവിടെ പ്രസ്‌നവത്കരിക്കപ്പെടുകയാണ്. തുര്‍ക്കിയുടെ യൂണിയന്‍ അംഗത്വകാര്യം ചര്‍ച്ചക്ക് വരുമ്പോള്‍ എന്തുകൊണ്ടാണത് തന്മയുടെയും ഭൂമിശാസ്ത്രത്തിന്റെയും സാംസ്‌കാരിക വൈകാരിക വ്യാത്യാസത്തിന്റെയും ഇടുങ്ങിയ കോണുകളിലൂടെ മാത്രം വിചിന്തനം ചെയ്യപ്പെടുന്നതെന്നത് സജീവശ്രദ്ധ ആവശ്യപ്പെടുന്നു. ആഗോളവത്കരണം അതിരുകള്‍ അപ്രത്യക്ഷമാക്കുന്നു എന്നു പറയുമ്പോള്‍ത്തന്നെ സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ അതിരുകള്‍ അതിന്റെ പഴയപ്രതാപം അഭംഗുരം നിലനിര്‍ത്തുന്നുണ്ടെന്ന യാഥാര്‍ഥ്യമാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്.
കടപ്പാട്: പച്ചക്കുതിര

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top