ജനാധിപത്യ പുനഃക്രമീകരണത്തില്‍ ഇസ്‌ലാമിന്റെ ശേഷി

കാഞ്ച ഐലയ്യ‌‌
img

നാധിപത്യത്തെക്കുറിച്ച ഏത് ചര്‍ച്ചയും രാഷ്ട്രീയ ജനാധിപത്യത്തിലാണ് എത്തുക. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ജനാധിപത്യത്തെക്കുറിച്ച് വലിയ മൗനമാണ് ഏത് സംവാദങ്ങളിലും മുഴച്ചുനില്‍ക്കുക.ഒരു ജനതയുടെ സമൂലമായ പുനര്‍ നിര്‍ണയങ്ങള്‍ക്ക് ശക്തി പകരുന്നതാവുമ്പോഴേ ജനാധിപത്യം അനുഭവേദ്യമാവൂ. വ്യത്യസ്തതകളെ പരിഗണിക്കുമ്പോള്‍ തന്നെ സാംസ്‌കാരികവും സാമൂഹികവുമായ ഏകാധിപത്യം നിലനില്‍ക്കുകയും കേവല തെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യം തളച്ചിടപ്പെടുകയും ചെയ്യും. ജനാധിപത്യത്തിന്റെ സമ്പൂര്‍ണമായ പുനഃക്രമീകരണത്തില്‍ ഇസ്‌ലാമിനു വലിയ പങ്കുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പ്രവാചകന്റെ ജീവിതത്തില്‍ അദ്ദേഹം നടപ്പിലാക്കിയ ഭരണം സാംസ്‌കാരിക മൂല്യങ്ങള്‍, സാമൂഹിക പുനര്‍നിര്‍മാണം എന്നിവയില്‍ വ്യത്യസ്തതകളെ പരിഗണിച്ചിട്ടുണ്ട്. ഇസ്‌ലാമിക ലോകങ്ങളില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന അറബ് വസന്തങ്ങളിലും തെളിയുന്നത് ആഗോള ജനാധിപത്യത്തിന്റെ പുനഃക്രമീകരണത്തിലുള്ള ഇസ്‌ലാമിന്റെ ശേഷിയാണ്.

ജനാധിപത്യം വളരെ മോശം കാലാവസ്ഥയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് നാം ജനാധിപത്യത്തെക്കുറിച്ചും വൈവിധ്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നത്. പാര്‍ലമെന്റെ് മുതല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വരെയുള്ള ഇന്ത്യന്‍ ജനാധിപത്യ സംവിധാനം അറുപത് വര്‍ഷം പിന്നിട്ടുവെങ്കിലും, നിരവധി പ്രതിസന്ധികളാണ് അഭിമുഖീകരിച്ചു. കൊണ്ടിരിക്കുന്നത്. ജാതീയത, സാമൂഹിക അസമത്വം, ശക്തന്റെ ചുഷണം, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ മുഖ്യമാണ്. ചൂഷണവും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും അപ്രതിരോധ്യമായിത്തീര്‍ന്നിരിക്കുന്നു. 1947-ല്‍ ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ അടിച്ചേല്‍പ്പിച്ച (രാജ്യ നന്മക്കാണെങ്കിലും) ജനാധിപത്യം (പിന്നീട്  ഭരണഘടനാപരമായി നിയമമാക്കിയ) ഇന്ത്യയില്‍ ഇപ്പോഴും പൂര്‍ണമായിട്ടില്ല.
മൂല്യപരമോ, ഘടനാപരമോ ആയ ഒരു ജനാധിപത്യ അന്തഃസത്തയും ഹൈന്ദവ രാഷ്ട്രീയ സംവിധാനത്തിനില്ല. തികഞ്ഞ ഫാസിസ്റ്റ് അടിത്തറയാണ് ഹൈന്ദവ സാമൂഹിക സംവിധാനത്തിനുള്ളത്. തുടക്കത്തില്‍ ജാതീയതയുടെ അടിസ്ഥാനം ചാതുര്‍വര്‍ണ്യമായിരുന്നു. പിന്നീട് കുറച്ച് കാലത്തിനകം ആയിരക്കണക്കിന് ജാതികളായി മാറി. ചാണക്യന്‍ എന്നറിയപ്പെടുന്ന ബ്രാഹ്മണ തത്ത്വശാസ്ത്രജ്ഞന്‍ കൗടില്യയില്‍ രചിച്ച ഗ്രന്ഥമാണ് അര്‍ത്ഥശാസ്ത്രം. മനുഷ്യര്‍ക്കിടയിലെ ഉച്ച നീചത്വം ഇന്ത്യന്‍ ചരിത്രത്തിലുടനീളം സംരക്ഷിക്കപ്പെടേണ്ട ഒന്നായാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. ഇതിന് ഒരു സാമ്പത്തിക സിദ്ധാന്തവും പുസ്തകം പറയുന്നില്ല. ഹൈന്ദവതക്ക്് നിയമസംവിധാനം ഉണ്ടാക്കിയ എഴുത്തുകാരനാണ് മനു. മനുവിന്റെ നിയമസംവിധാനം മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വവും, അധികാര ശ്രേണിയും ഇന്ത്യന്‍ സമൂഹത്തിനകത്ത് വ്യവസ്ഥാപിതമായി കുടിയിരുത്തുകയായിരുന്നു. രണ്ട് ജാതികള്‍ക്കിടയിലെ ബന്ധത്തിലും, ആണിനും പെണ്ണിനുമിടയിലെ ബന്ധത്തിലും ഒരു ജനാധിപത്യപരതയും അത് പ്രകടിപ്പിച്ചില്ല. ഈ സംവിധാനമാണ് ഇന്ത്യന്‍ ജനാധിപത്യം അനന്തരമെടുത്തത്.
എന്നാല്‍ ബുദ്ധ പാരമ്പര്യത്തില്‍ നിന്നുള്ള സാമൂഹിക ഘടന ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. അത് മുന്നോട്ട് വെക്കുന്ന സംഘ സിസ്റ്റം ആന്തരികമായി ജനാധിപത്യ ഘടന കാത്തു സൂക്ഷിക്കുന്നതാണ്. അംബേദ്കറാണ് ഇന്ത്യന്‍ ഭരണഘടനാ രചനക്ക ് നേതൃത്വം കൊടുത്തതെങ്കിലും ഇന്ത്യന്‍ ജനാധിപത്യ ചട്ടക്കൂടിനകത്ത് സുപ്രധാന ഇടം ബുദ്ധ ചിന്താ ധാരക്ക് ലഭിച്ചില്ല. അക്കാലത്ത് സുപ്രധാനമായും നാല് മതങ്ങളാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഒന്ന് ബ്രാഹമണര്‍ നേതൃത്വം കൊടുത്തിരുന്ന ഹൈന്ദവതയാണ്. ദലിതരില്‍ നിന്നു മുകളിലോട്ട് പോയിരുന്ന വ്യത്യസ്ത ജാതികളുടെ പരമ്പരയാണ് രണ്ടാമത്തേത്. ഇന്ത്യന്‍ സാമ്പത്തികോദ്പാദനത്തില്‍ വലിയ പങ്ക് വഹിച്ചവരാണിവര്‍. പക്ഷെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇടം നിഷേധിക്കപ്പെട്ടവരാണിവര്‍. ഇന്ത്യയിലെ ഹിന്ദുത്വ ശക്തിക്ക് തുല്യമായ മറ്റൊന്നായിരുന്നു ഇന്ത്യയിലെ ഇസ്‌ലാമിക ശക്തി. വിഭജനത്തിന് മുമ്പുള്ള ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ നാല്‍പത്തിയഞ്ച് ശതമാനത്തോളമായിരുന്നു. ദൗര്‍ഭാഗ്യകരമായ കാര്യം മുസ്‌ലിംകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലിറങ്ങിയെങ്കിലും ഇസ്‌ലാമിക  ചിന്താധാരക്ക് വേണ്ടത്ര സ്വാധീനം ലഭിക്കുകയുണ്ടായില്ല എന്നതാണ്. മുസ്‌ലിംകള്‍ ഒരു ഭാഗത്ത് ജിന്നയുടെ ചിന്താധാരയിലും, മറുഭാഗത്ത് അബുല്‍കലാം ആസാദിന്റെ ചിന്താധാരയിലുമായിരുന്നു. ഇസ്‌ലാമിക ആശയങ്ങളെ ഇന്ത്യന്‍ ജനാധിപത്യ രൂപീകരണത്തിനകത്ത് ഉള്‍ക്കൊള്ളിക്കാന്‍ അബുല്‍കലാം ആസാദ് ഒരുപാട് ശ്രമിച്ചെങ്കിലും പരിഗണിക്കപ്പെടുകയുണ്ടായില്ല. അതുകൊണ്ടദ്ദേഹം ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ട ചട്ടക്കൂട് രൂപപ്പെടുത്തുന്നതില്‍ കാര്യമായ പങ്ക് വഹിക്കാന്‍ ശ്രമിച്ചു. അതുവരെ ഇന്ത്യന്‍ വിദ്യാഭ്യാസ രംഗം മുഴുവനായി കൈയടക്കി വെച്ചിരുന്നത് ഇന്ത്യന്‍ ബ്രാഹ്മണിസമായിരുന്നു. ലോകത്തുടനീളമുള്ള വിദ്യാഭ്യാസ ചിന്തകളെ അദ്ദേഹം അതിനായി പഠന വിധേയമാക്കുകയുണ്ടായി. പക്ഷേ അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യ രൂപീകരണത്തില്‍ കാര്യമായ  ഇടം ലഭിച്ചില്ല. പിന്നീടുണ്ടായിരുന്നത് ക്രിസ്ത്യന്‍ ജനവിഭാഗമാണ്. ബൈബിള്‍ പാരമ്പര്യം ഇന്ത്യയില്‍ വളരെ ശക്തമായിരുന്നു. പക്ഷെ അത് ബ്രിട്ടീഷ് അധിനിവേശ സംസ്‌കാരത്തിന്റെ ഭാഗമായാണ് കാണപ്പെട്ടത്. ഇന്ത്യന്‍ ജനാധിപത്യ രൂപീകരണത്തില്‍ അവര്‍ക്കും കാര്യമായ അവസരം ലഭ്യമായില്ല. ബുദ്ധ പാരമ്പര്യത്തിന്റെ സ്വാധീനം വളരെ വിരളവുമായിരുന്നു.  
ഇസ്‌ലാമിക വിദ്യാര്‍ഥി വിഭാഗം ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് സഗൗരവം ആലോചിക്കേണ്ടിയിരിക്കുന്നു. ആഗോളതലത്തിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ഇസ്‌ലാം ചിത്രീകരിക്കപ്പെടുന്നത് വളരെ ഹീനമായാണ്. പാശ്ചാത്യ ശക്തികളുടെയും ഇന്ത്യന്‍ ബ്രാഹ്മണിസത്തിന്റെയും  പ്രചാരണത്താല്‍ ഇസ്‌ലാം സംശയകരമായാണ് വീക്ഷിക്കപ്പെടുന്നത്. കൊലപാതകികളും പിടിച്ചുപറിക്കാരും വാളും രക്തവുമുപയോഗിച്ച് തദ്ദേശീയരെ മതം മാറ്റാന്‍ നിര്‍ബന്ധിക്കുന്നവരുമാണെന്ന ചിത്രം ഇവിടെ നിര്‍മിക്കപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിന്റെ സാന്നിധ്യം കൊണ്ട് താരതമ്യേന സംഘര്‍ഷങ്ങള്‍ കുറവായ ചൈനയും ജപ്പാനുമുള്‍പ്പെടുന്ന ലോകത്തിന്റെ കിഴക്കന്‍ ഭാഗത്തും ഇസ്‌ലാമിനോട് അനുകമ്പാപൂര്‍ണമായ സമീപനമല്ല ഉള്ളത്. ഭാഗ്യവശാല്‍ അറബ് വസന്തം ആരംഭിച്ചത് മുതല്‍, ഇസ്‌ലാമിനെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായിരിക്കുന്നു. മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റിയില്‍ ഞങ്ങള്‍ നടത്തിയ പഠനത്തില്‍ വ്യത്യസ്തമായ നിരീക്ഷണങ്ങളാണ് കണ്ടെത്തിയത്. ഏഴാം നൂറ്റാണ്ടില്‍ ഇസ്‌ലാം കടന്നു വന്നിട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യ എല്ലാ അര്‍ഥത്തിലും നേപ്പാളിനേക്കാള്‍ പിറകിലായിപ്പോകുമായിരുന്നു. ഇസ്‌ലാമിന്റെ സമത്വാധിഷഠിതമായ സാമൂഹിക സങ്കല്‍പവും സാമ്പത്തിക വീക്ഷണവും മനുഷ്യ സമത്വവും ഇന്ത്യന്‍ സാമൂഹിക ഘടനക്ക് വലിയ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. അതേ സമയം രാജാറാം മോഹന്‍ റോയ് മുതല്‍ ഇന്നോളമുള്ള ഇന്ത്യന്‍ ചിന്താധാര ഇസ്‌ലാമിനെ ഏറ്റവും അക്രമാസക്തമായ മതമായാണ് ചിത്രീകരിച്ചത്. സാധാരണക്കാര്‍ അതു വിശ്വസിക്കുകയാണ് ചെയ്യുന്നത്. ഇസ്‌ലാമിനെതിരെ നിരവധി ആരോപണങ്ങളാണുള്ളത്. ജനാധിപത്യം ഇസ്‌ലാമിനന്യമാണ്, എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ഇസ്‌ലാമിന് ശേഷിയില്ല, കാലത്തിനനുസരിച്ച മാറാന്‍ ഇസ്‌ലാമിനാവുകയില്ല എന്നിങ്ങനെ നീളുന്നു ആരോപണങ്ങള്‍. വാസ്തവത്തില്‍ ഏഴാം നൂറ്റാണ്ട് മുതലിങ്ങോട്ട് ഏറ്റവും വേഗത്തില്‍ കാലാനുസൃതമായി പ്രതികരിച്ച ആത്മീയ സംവിധാനമാണ് ഇസ്‌ലാം. യഥാര്‍ഥത്തില്‍ ആഗോള ജനാധിപത്യത്തെ തന്നെ പുനര്‍നിര്‍മിക്കുവാനുള്ള ശേഷി ഇസ്‌ലാമിനാണുള്ളത്. പൂര്‍ണ്ണാര്‍ഥത്തില്‍ ആണ്‍ -പെണ്‍ വിവേചനം ആദ്യമായി അവസാനിപ്പിച്ചത് ഇസ്‌ലാമാണ്. അത്‌വരെ എല്ലാം മറിച്ചായിരുന്നു.
ബുദ്ധമതത്തില്‍ പെണ്ണിനെ ഒരു മാലിന്യമായാണ് കണക്കാക്കിയിരുന്നത്. ബുദ്ധ മതത്തിലെ ആത്മീയ വ്യക്തികള്‍ക്ക് വിവാഹം നിഷിദ്ധമായിരുന്നു. ആത്മീയ കേന്ദ്രത്തിലേക്ക് പെണ്ണിന് പ്രവേശം വിലക്കിയിരുന്നു. സ്ത്രീകള്‍ക്ക് മാത്രമായുള്ള ആത്മീയ കേന്ദ്രം അവര്‍ നടത്തിയ സമരത്തെത്തുടര്‍ന്നാണ്് അനുവദിക്കപ്പെട്ടത്. വിവാഹിതനായിരുന്ന ശ്രീ ബുദ്ധന്‍ ആത്മീയതക്കായി തന്റെ ഇണയെ ഉപേക്ഷിച്ചു. അദ്ദേഹം അവരെ വിവാഹ മോചനം നടത്തിയില്ലെന്ന് മാത്രമല്ല, ലൈംഗിക ബന്ധം ആത്മീയ കേന്ദ്രത്തിന്റെ പവിത്രത കളങ്കപ്പെടുത്തുമെന്ന കാരണത്താല്‍ പ്രവേശം വിലക്കുകയും ചെയ്തു. ആണ്‍-പെണ്‍ ബന്ധമില്ലാതെ മനുഷ്യ ജനനം തന്നെ അസാധ്യമാണല്ലോ. ഒരു സ്ത്രീയോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് ബുദ്ധന്‍ ചെയ്തത്.
ക്രൈസതവതയില്‍ പെണ്ണിന് ചര്‍ച്ച് വലിയൊരു കാലയളവോളം വിലക്കപ്പെട്ടതായിരുന്നു. ബിഷപ്പുമാര്‍ക്കും പാസ്റ്റര്‍മാര്‍ക്കും വിവാഹം നിഷേധിക്കപ്പെട്ടിരുന്നു. വിവാഹം ദൈവാനുഗ്രഹങ്ങള്‍ തടയുമെന്നതായിരുന്നു വിശ്വാസം. ബൈബിള്‍ വായിക്കാനുള്ള അവകാശവും കാലങ്ങളോളം പെണ്ണിനുണ്ടായിരുന്നില്ല. ഹൈന്ദവതയിലും ബ്രാഹ്മണര്‍ക്ക് മാത്രമായിരുന്നു വേദങ്ങള്‍ വായിക്കാന്‍ അനുവാദമുണ്ടായിരുന്നത്. അത് തന്നെ ബ്രാഹ്മണരായ ആണുങ്ങള്‍ക്ക് മാത്രം. സരസ്വതി ദേവിയാണ് വിജ്ഞാനത്തിന്റെ ദേവി. പെണ്ണിന് വിജ്ഞാനാര്‍ജ്ജനത്തിന് അനുവാദമില്ലെങ്കില്‍ സരസ്വതീ ദേവി സ്വാഭാവികമായും അജ്ഞയായിരുന്നിരിക്കണം. പിന്നെങ്ങനെയാണവര്‍ വിജ്ഞാനത്തിന്റെ ദേവിയായത്!
പെണ്ണിനും ആണിനും വിവാഹം കഴിക്കാനുള്ള ദൈവാനുമതിയെക്കുറിച്ച് ആദ്യമായി സംസാരിച്ചത് പ്രവാചകന്‍ മുഹമ്മദാണ്. അദ്ദേഹം തന്നെ വിവാഹിതനായിരുന്നു. പെണ്ണിനെ രണ്ടാം കിടയായല്ല സൃഷ്ടിച്ചതെന്ന് പ്രവാചകന്‍ മുഹമ്മദാണ് പഠിപ്പിച്ചത്. വിവാഹാനുമതി പോലെ വിവാഹ മോചനവും വ്യവസ്ഥാപിതമായി സ്ഥാപിച്ചത് ഖുര്‍ആനാണ്. ഇണകള്‍ക്ക് ഒത്തു പോകാനാകുന്നില്ലെങ്കില്‍ വിവാഹ മോചനവും ഉറപ്പു നല്കപ്പെട്ടു.
പെണ്ണിന് ആദ്യമായി ഉടമസ്ഥാവാകാശം നല്കിയതും ഖുര്‍ആനാണ്്. ഖുര്‍ആനിന് മുമ്പ് മറ്റൊരു പ്രമാണത്തിലും ഇത് നല്കപ്പെട്ടിരുന്നില്ല. ഖുര്‍ആന്‍ കൊണ്ട് മാത്രമാണ് മുസ്‌ലിമിനും അമുസ്‌ലിമിനും ക്രൈസ്തവര്‍ക്കും അല്ലാത്തവര്‍ക്കും ഇന്ന് ഇന്ത്യയില്‍ ഈ അധികാരം പെണ്ണിന് ലഭിച്ചത്. ഇത് ഇന്ത്യയിലെ ഇസ്‌ലാമിന്റെ സാന്നിധ്യം കൊണ്ടാണ്.
ഹൈന്ദവതയില്‍ പുരോഹിതന്മാര്‍ പോലും കുപ്പായം ധരിക്കാറുണ്ടായിരുന്നില്ല. അവരെല്ലാവരും അര്‍ധ നഗ്നരായിരുന്നു. തുന്നിയ വസ്ത്ര സങ്കല്പം ലോകത്ത് പ്രവാചകന് മുമ്പ് അന്യമായിരുന്നു. പൈജാമയും കമ്മീസും ഷര്‍ട്ടും പാന്റുമൊന്നും പ്രവാചകന് മുമ്പുള്ള ക്രൈസ്തവ ലോകത്തുണ്ടായിരുന്നില്ല. തുന്നല്‍ പ്രവാചകന്റെ കാലത്താണ് ലോകത്ത് ആരംഭിച്ചത്. അത് കൊണ്ടാണ് അദ്ദേഹത്തെ തുന്നല്‍ ശാസ്ത്രജ്ഞനെന്ന് ഞാന്‍ വിളിക്കുന്നത്. നഗ്നതയും അര്‍ധ നഗ്നതയും ദൈവേഛയുടെ ഭാഗമല്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിയായി ജനിക്കുന്നത് കൊണ്ടാണ് മനുഷ്യന്‍ നഗ്നനായി പിറക്കുന്നത്. എന്നാല്‍ വളരുന്നതിനനുസരിച്ച് മുഴുവന്‍ മറക്കുന്നതാണ് ദൈവഹിതം. അങ്ങനെയാണ് തുന്നിയ വസ്ത്രങ്ങള്‍ ഇന്ത്യയില്‍ എത്തുന്നത്. പൂര്‍ണ്ണമായി മറയുന്ന വസ്ത്രങ്ങള്‍ ഇന്ത്യയിലെ ബ്രാഹമണര്‍ ധരിക്കാനാരംഭിച്ചതങ്ങനെയാണ്.
1932 വരെ കേരളത്തിലെ സ്ത്രീകള്‍ക്ക് മാറ് മറക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഉന്നത ജാതിക്കാരായ സ്ത്രീകള്‍ക്കും അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ ബ്രാഹ്മണിസത്തെ തിരിച്ചറിയുകയും മുഴുവന്‍ മറയുന്ന ബുര്‍ഖ ധരിക്കാനാരംഭിക്കുകയും ചെയ്തു. നഗ്നതക്കെതിരായി ബുര്‍ഖയെയാണ് ഞാന്‍ പിന്തുണക്കുക. ഹൈന്ദവത നഗ്നതയെ പിന്തുണച്ചപ്പോള്‍ പ്രവാചകന്‍ മുഹമ്മദ് പൂര്‍ണ്ണമായി മറയുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. ആണിനും പെണ്ണിനും ശരീരം മുഴുവന്‍ മറയുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഇന്ന് ഞാന്‍ പൂര്‍ണ്ണ വസ്ത്രധാരിയായത് പ്രവാചകന്‍ മുഹമ്മദ് കാരണമാണ്. ഗ്രീസില്‍ പോലും തുന്നിയ വസ്ത്രങ്ങള്‍ കാണാനായിട്ടില്ല. സോക്രട്ടീസ്, അരിസ്‌റ്റോട്ടില്‍, പ്ലാറ്റോ എന്നിവരുടെ ചിത്രങ്ങളിലൊന്നും അത് കാണാനില്ല.
വൃത്തി ഇസ്‌ലാമിന്റെ മറ്റൊരു സുപ്രധാന സംഭാവനയാണ്. ഞാന്‍ കൊടുങ്ങല്ലൂരിലെ ചേരമാന്‍ പെരുമാള്‍ പള്ളിയില്‍ പോയി. അവിടത്തെ വൃത്തി എന്നെ അത്ഭുതപ്പെടുത്തി. അവിടെ പ്രവേശിക്കുന്നതിന് മുമ്പ് മുഖവും കൈകാലുകളും കഴുകാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പല ക്ഷേത്രങ്ങളിലും പോയിട്ടുണ്ട്. അവിടെയൊന്നും ഇത്ര വ്യവസ്ഥാപിതമായി കഴുകാനാവിശ്യപ്പെട്ടിട്ടില്ല. ഈ വൃത്തിയുടെ ശാസ്ത്രം ലോകത്തിന് പഠിപ്പിച്ചത് പ്രവാചകനാണ്. ഇന്ത്യന്‍ ജനവിഭാഗങ്ങളില്‍ എറ്റവും കുറവ് എയ്ഡ്‌സ് രേഖപ്പെടുത്തിയിട്ടുള്ളത് ഇന്ത്യന്‍ മുസ്‌ലിംകളിലാണ്. മുസ്‌ലിംകള്‍ വിശ്വാസത്തിന്റെ ഭാഗമായി കാത്തു സൂക്ഷിക്കുന്ന വൃത്തിയാണ് കാരണം. ലൈംഗികാവയവങ്ങള്‍ വരെ എല്ലായിപ്പോഴും കഴുകുന്ന ശീലമുള്ളവരാണ് മുസ്‌ലിംകള്‍. എയ്ഡ്‌സ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇന്ത്യന്‍ ജാതി വിഭാഗങ്ങളിലാണ്. കാരണമവര്‍ക്ക് കഴുകി വൃത്തിയാക്കുന്ന ശീലമില്ല. വൃത്തിയും ശുദ്ധിയും മറ്റുള്ളവരെ അകറ്റുവാനുള്ള ഉപാധിയായിട്ടല്ല ഇസ്‌ലാം മനസ്സിലാക്കുന്നത്. അവരെകൂടി ചേര്‍ത്തു നിര്‍ത്തി സംസ്‌കരിക്കാനാണ് ഇസ്‌ലാം ശ്രമിക്കുന്നത്. ഇന്ത്യയിലെ ഉന്നതജാതികളിലുള്ള വൃത്തി മറ്റുള്ളവരെ അകറ്റിനിര്‍ത്തുന്ന അയിത്തത്തിന്റെ ഭാഗമാണ്. ഇസ്‌ലാം ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഇന്ത്യയില്‍ എത്തിയിരുന്നില്ലെങ്കിലുള്ള അവസ്ഥയൊന്നു സങ്കല്പിച്ച് നോക്കേണ്ടത് ഇപ്പോഴാണ്.
ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാമാശ്ലേഷണവും ഇസ്‌ലാമിനെതിരെയുള്ള ആരോപണത്തിനുള്ള മറുപടിയാണ്. ചന്ദ്രന്‍ പിളരുന്നതായി അദ്ദേഹം കണ്ട സ്വപ്‌നം വിശദീകരിച്ച് കൊടുത്തത് അറേബ്യയില്‍ നിന്ന് വന്ന കച്ചവടക്കാരായിരുന്നു. അതോടെ അദ്ദേഹം രാജ്യം വിടാനും ഇസ്‌ലാം സ്വീകരിക്കാനും സന്നദ്ധനായി. എന്നു വെച്ചാല്‍ ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ഇസ്‌ലാം സ്വീകരിച്ചത് ആരും നിര്‍ബന്ധിച്ചോ വാളെടുത്തോ ആയിരുന്നില്ല. ഒരു രാജാവ് മക്കയിലെത്തി ഇസ്‌ലാമാശ്ലേഷിച്ചാണ് ഇസ്‌ലാം ഇന്ത്യയില്‍ ആരംഭിച്ചത്. അതൊരു മതംമാറ്റമായിരുന്നില്ല. മറിച്ച് തനിക്കിഷ്ടപ്പെട്ട ആത്മീയ അജണ്ട അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു. ഇത് യഥാര്‍ഥത്തില്‍ പഠിപ്പിക്കപ്പെട്ടിട്ടില്ല. ചേരമാന്‍ പെരുമാളിന്റെ ഈ കഥ ഏതെങ്കിലും സ്‌കൂളുകളിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. ചരിത്ര പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങേണ്ടവയല്ല ഈ വസ്തുതകള്‍. ഈയര്‍ഥത്തില്‍ ഇസ്‌ലാമിക പാരമ്പര്യത്തില്‍ ഒട്ടനവധി ജനാധിപത്യ മൂല്യങ്ങളുണ്ട്.
മനുഷ്യ സമത്വത്തിന്റെ കാര്യത്തിലും ഇസ്‌ലാമിന്റെ സംഭാവന മികച്ചതായിരുന്നു. മനുഷ്യരെല്ലാം സമന്‍മാരാണെന്ന് ആദ്യമായി പറഞ്ഞത് ക്രൈസ്തവതയാണ്. ഇസ്‌ലാം അതിനെ ഉറപ്പിക്കുകയുണ്ടായി. പ്രവാചകന്റെ കാലത്ത് അടിമ സംവിധാനമുണ്ടായിരുന്നു. പക്ഷേ പ്രവാചകന്‍ പറഞ്ഞത് വളരെ ശ്രദ്ധേയമാണ്. നിങ്ങളുടെ വീട്ടില്‍ ഒരു അടിമയുണ്ടെങ്കില്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം അവര്‍ക്കും നല്കുക. നിങ്ങള്‍ ഉറങ്ങുന്ന അതേ വിരിപ്പ് അവര്‍ക്കും നല്കുക. നീ ജീവിക്കുന്ന അതേ പോലെ അവര്‍ക്കും ജീവിത സാഹചര്യങ്ങള്‍ ഒരുക്കുക. അടിമയായ പെണ്ണാണ് നിന്റെ പക്കലുള്ളതെങ്കില്‍ ദൈവേഛ കാംക്ഷിച്ച് നീ അവളെ വിവാഹം കഴിക്കുക. വളരെ ശ്രദ്ധേയമായ പ്രവാചകന്റെ ഇത്തരം ഇടപെടലുകള്‍ നമ്മുടെ പാഠപുസ്തകങ്ങളിലെവിടെയും ഉള്‍പ്പെടുത്തിയിട്ടില്ല. മുസ്‌ലിം ചെറുപ്പക്കാരാണ് അത് നിര്‍വഹിക്കേണ്ടത്.
മുസ്‌ലിം തലമുറ ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസത്തിലും കാര്യമായി ശ്രദ്ധിക്കണം. ഇന്ത്യയില്‍ ഭരണം നടത്താനാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇംഗ്ലീഷ് പഠിച്ചേ മതിയാകൂ. ഈ രാജ്യത്ത് മുസ്‌ലിം ജനവിഭാഗത്തിന് ഏറ്റവും ശക്തിയുള്ള സമൂഹമായി മാറണമെങ്കില്‍ ഇംഗ്ലീഷ് അത്യന്താപേക്ഷിതമാണ്. ഞാന്‍ ഉറുദു യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനാണ്. ഞാനെന്റെ വിദ്യാര്‍ഥികളോട് എപ്പോഴും പറയാറുള്ള കാര്യം ഉറുദു ഭാഷക്ക് ഇന്ന് ഇന്ത്യ ഭരിക്കാനാവുകയില്ല എന്നാണ്. നിങ്ങളുടെ മലയാളത്തിന് കേരളം പോലും ഭരിക്കാന്‍ സാധിക്കുകയില്ല. കമ്യൂണിസ്റ്റുകാര്‍ ഏറ്റവും വലിയ കപടരാണ്. അവര്‍ തങ്ങളുടെ കുട്ടികളെ ക്രിസ്ത്യന്‍ മിഷിണറി സ്‌കൂളുകളിലയക്കുകയും സാധാരണക്കാരോട് പ്രാദേശിക ഭാഷ പഠിക്കാനാവശ്യപ്പെടുകയും ചെയ്യുന്നു. ഇതാണ് അവരുടെ കപടത. സി.പി.എമ്മിലെ ഇന്നത്തെ ഏറ്റവും വലിയ നേതാക്കളെ എടുത്തു നോക്കൂ. പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും നോക്കൂ. രണ്ട് പേരും ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നവരാണ്; പഠിച്ചത് ജെ.എന്‍.യുവിലും. സീതാറാം യെച്ചുരി തെലുങ്കു ഭാഷക്കാരനാണ്. ഇന്നുവരെ അദ്ദേഹം പാര്‍ലമെന്റ്ില്‍ ഇംഗ്ലീഷ് ഭാഷയിലല്ലാതെ സംസാരിച്ചിട്ടില്ല. ബംഗാളില്‍ പാവങ്ങളായ പ്രദേശ വാസികളെ ബംഗാളി ഭാഷ പഠിപ്പിക്കാനാണ് പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഇംഗ്ലീഷ് അറിയാത്ത ഒരു താഴ്ന്ന ജാതിക്കാരനും ഇന്ന് പാര്‍ട്ടി നേതാവാകാനാവുകയില്ല. അധികാരത്തിലിരിക്കുന്നവരൊക്കെ ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. രാഹുല്‍ ഗാന്ധി, സച്ചിന്‍ പൈലറ്റ്, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരെല്ലാം ഓക്‌സ്‌ഫോര്‍ഡിലും, ഹാര്‍വാര്‍ഡിലും പഠനം പൂര്‍ത്തിയാക്കിയവരാണ്. ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കാതെ അവരെ എങ്ങനെയാണ് ചോദ്യം ചെയ്യാനാവുക. അത്‌കൊണ്ട് ഇംഗ്ലീഷ് ഭാഷ ഇന്ത്യയിലെ ഏക ഭാഷയായി മാറണം. അതാണെന്റെ ആഗ്രഹം. എങ്കില്‍ മാത്രമേ എല്ലാവര്‍ക്കും തുല്യ നിലവാരത്തില്‍ ഉന്നതരുമായി മത്സരിക്കാനാകൂ. സംസ്‌കൃതമാണ് മാതൃഭാഷയെന്നാണ് ബ്രാഹ്മണര്‍ പറയുന്നത്. എന്നാല്‍ 99.9 ശതമാനം ബ്രാഹ്മണരും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നവരാണ്. എന്ത്‌കൊണ്ടാണിങ്ങനെ? കാരണം അത് അധികാരത്തിന്റെ ഭാഷയാണ്. പണത്തിന്റെ ഭാഷയാണ്. വിമാനത്തിന്റെ ഭാഷയാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത വീടുകളുടെയും ക്ഷേത്രങ്ങളുടെയും ഭാഷയാണ്; സാധാരണക്കാരുടെയല്ല. ഒബാമയെപ്പോലെ പ്രസിഡന്റൊകാനും അവരാഗ്രഹിക്കുന്നു. ഇംഗ്ലീഷ് കൂടാതെ അത് സാധ്യമല്ലല്ലോ.
നമുക്ക് സ്വപ്‌നങ്ങളില്ലാത്തതാണ് പ്രശ്‌നം. മാനം പിടിച്ചടക്കാനാവശ്യമായ സ്വപ്‌നങ്ങള്‍ നമ്മള്‍ കാണണം. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് എന്ത് കൊണ്ട് അമേരിക്കന്‍ പ്രസിഡന്റായിക്കൂടാ? ഇതാണ് മാറ്റം. ഇന്ത്യയില്‍ അധികാരത്തിന് ഇംഗ്ലീഷ് അനിവാര്യമാണ്. ഇംഗ്ലീഷ് ഇന്ത്യയുടെ ഏക ഭാഷയായാല്‍ മാത്രമേ എസ്.സി, എസ്.എസ്ടി വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രതിസന്ധികളില്ലാതെ ഭരിക്കാനാകൂ.
ഏതൊരു വിഭാഗത്തിനും മുന്നോട്ട് പോകാന്‍ ഒഴിച്ചുകൂടാനാവാത്ത മറ്റൊരു കാര്യം വായനയാണ്. ഉയര്‍ന്ന ജാതി വിഭാഗങ്ങള്‍ പ്രതിവര്‍ഷം ഒരു കുട്ടിക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി പത്ത് ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. എന്നാല്‍ വായിക്കാന്‍ പണമാവിശ്യമില്ല. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുല്‍ കലാം ആസാദ് വിദ്യ അഭ്യസിച്ചത് വായനയിലുടെയും സ്വയം പരിശ്രമത്തിലൂടെയുമാണ്. നമ്മളിന്ന് കാണുന്ന യു.ജി.സിയും ഐ.ഐ.ടികളും ഐ.ഐ.എമ്മുകളുമുണ്ടാക്കിയത് അദ്ദേഹമാണ്. ഇന്ത്യന്‍ വിദ്യാഭ്യാസ ക്രമത്തിന് എന്തെങ്കിലും നന്മയുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ സ്വാധീനം കൊണ്ട് മാത്രമാണ്. അദ്ദേഹം ഏറ്റവും വലിയ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനിയായിരുന്നു.     
ഉദ്പാദനപ്രദമായ പരിശീലനങ്ങളിലും നമ്മളേര്‍പ്പെടണം. അപ്പോഴേ തൊഴിലിന്റെ അന്തസ്സ് നമുക്ക് മനസ്സിലാകൂ. ഷൂ നിര്‍മിക്കാന്‍ നമ്മളിലെത്ര പേര്‍ക്ക് അറിയും? ട്രാക്റ്റര്‍ ഓടിക്കാന്‍ എത്ര പേര്‍ക്കറിയും? ഇതൊന്നുമറിയില്ലെങ്കിലും ഭക്ഷണം കഴിക്കുവാന്‍ നമുക്കറിയാം. എങ്കില്‍ പിന്നെ നമ്മളേക്കാള്‍ വലിയ ബ്രാഹ്മണരാരാണ്? ഇവയറിഞ്ഞാലേ തൊഴിലെടുക്കുന്നവന്റെ മൂല്യം നമുക്ക് മനസ്സിലാക്കാനാകൂ. അത് മനസ്സിലായിട്ടില്ലെങ്കില്‍ ദലിതരോടോ അലക്കുകാരോടോ നമുക്ക് ബഹുമാനമുണ്ടാവുകയില്ല. തൊഴിലെടുക്കുന്നവര്‍ ദൈവപ്രീതിക്കര്‍ഹരാണെന്നാണ് പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ചത്. അദ്ദേഹം തന്നെ മക്കയിലെ വലിയ കച്ചവടക്കാരനായിരുന്നു. തൊഴിലിന്റെ മഹത്വം ഇസ്‌ലാമിനെപ്പോലെ ഉള്‍ക്കൊണ്ട മറ്റു മതങ്ങളില്ല.
ഞാനെഴുതിയ ഒരു പുസ്തകത്തിന്റെ പേര് എരുമ ദേശീയത എന്നാണ്. ചിലര്‍ ഇന്ത്യയെ പശു ദേശീയ രാജ്യമാക്കാനാണ് ശ്രമിക്കുന്നത്. പശു ഇന്ത്യന്‍ മൃഗമല്ല. പശു ഒരു ഭക്ഷ്യ വസ്തുവെന്ന നിലക്ക്് ആര്യന്‍മാരോടൊപ്പമാണ് ഇന്ത്യയിലെത്തുന്നത്. എരുമ ഇന്ത്യയിലെ ഒരു വളര്‍ത്തു മൃഗമാണ്. ഇന്ത്യയല്ലാതെ എരുമയുടെ പാല്‍ കുടിക്കുന്ന ഒരു രാജ്യവും ലോകത്തില്ല. ഇന്ത്യയിലെ ഉയര്‍ന്ന ജാതിക്കാരും എരുമയുടെ പാല്‍ കുടിക്കുന്നവരാണ്. കാരണം അത് വെള്ള നിറമുള്ള പാലാണ് നല്കുന്നത്. എന്നാല്‍ അത് കറുത്ത മൃഗമായതിനാല്‍ അവരതിനെ ആരാധിക്കുന്നില്ല. എന്ന് വെച്ചാല്‍ വെളുപ്പ് ഭംഗിയുള്ളതും കറുപ്പ് മോശവുമാണെന്നര്‍ത്ഥം. എന്നാല്‍ ഇസ്‌ലാമില്‍ കറുപ്പും തുല്യ മഹത്വമുള്ളതാണ്. അത് കൊണ്ട് കൂടിയാണ് മുസ്‌ലിം സ്ത്രീകള്‍ മുഴുവനും കറുപ്പ് ബുര്‍ഖ ധരിക്കുന്നത്. കറുത്തവരെ പ്രവാചകന്‍ പള്ളിപരിപാലകരും സേനാനായകരുമാക്കി. കറുപ്പ് ഒരിക്കലും വിവേചനത്തിനിരയായിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ കറുപ്പ് എപ്പോഴും വിവേചനത്തിനിരയായിട്ടുണ്ട്. കറുപ്പ് മോശമാണെങ്കില്‍ സ്വന്തം തലയിലുള്ള കറുത്ത മുടി വെട്ടി മാറ്റാന്‍ സന്നദ്ധമാവണമെന്ന് ഞാന്‍ ഉയര്‍ന്ന ജാതിക്കാരോട് നിരന്തരം ആവിശ്യപ്പെടാറുണ്ട്.  
നമ്മള്‍ എരുമയെ മുന്നില്‍ പ്രതിഷ്ഠിക്കാന്‍ സന്നദ്ധമാവണം. എങ്കില്‍ പശുവുമായുള്ള വര്‍ഗീയ കലാപങ്ങള്‍ ഇവിടെയുണ്ടാവുകയില്ല. കാരണം എരുമ ഇന്ത്യന്‍ മൃഗമാണ്. പാല്‍ നല്കുന്ന എരുമ അമേരിക്കയിലോ, ചൈനയിലോ, യൂറോപ്പിലോ അല്ല ഉള്ളത്. ഇന്ത്യയുദ്പ്പാദിപ്പിക്കുന്ന പാലിന്റെ അമ്പത്തിരണ്ട് ശതമാനവും എരുമയില്‍ നിന്നാണ്. അത്‌കൊണ്ട് ഇത് എരുമ രാഷ്ട്രമാണ്. മുഴുവന്‍ ദേവാലങ്ങളുടെയും മുന്നില്‍ എരുമക്ക് ഇടമുണ്ടാകണം. എങ്കില്‍ ഇവിടെ വര്‍ഗീയതയുണ്ടാവുയില്ല. കാരണം അപ്പോഴാണ് നമ്മള്‍ പൂര്‍ണ്ണ ഇന്ത്യക്കാരാകുന്നത്. ദ്രാവിഡിയന്‍ കറുപ്പും എരുമയുടെ കറുപ്പും അതിലൊരുമിക്കുന്നുണ്ട്.
ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയിലെ ജാതീയതയെക്കുറിച്ച് ഈയടുത്ത് ഒരു സെമിനാര്‍ നടന്നു. ഇതിന് തടയിടണമെങ്കില്‍ തൊഴില്‍പരമായ വിവേചനം ഇല്ലാതാക്കാന്‍ മുസ്‌ലിംകള്‍ തയാറാകണം. അത് തൊഴിലിന്റെ അന്തസ്സ് തിരിച്ചറിയുന്നതിലൂടെയാണ് സാധിക്കുക. എങ്കിലേ താഴ്ന്ന ജാതി വിഭാഗങ്ങളെ ആദരിക്കാന്‍ നമുക്കാകൂ. വ്യത്യസ്ത ജാതി വിഭാഗങ്ങളില്‍ നിന്ന് കടന്ന് വരുന്നവര്‍ക്ക് അതേ തൊഴില്‍ ശീലങ്ങള്‍ നിലനിര്‍ത്തപ്പെടുന്ന അന്തരീക്ഷം ഒഴിവാക്കപ്പെടണം. അങ്ങനെയായാലേ ജാതിരഹിത ഇന്ത്യന്‍ സമൂഹം നിലവില്‍ വരൂ. സ്ത്രീ വിവേചനവും സഗൗരവം ചര്‍ച്ച ചെയ്യേണ്ടതാണ്. കാരണം ലോകം മുഴുവന്‍ സ്ത്രീ ആശ്രിത സംവിധാനത്തിലേക്ക് പൂര്‍ണമായി മാറിത്തുടങ്ങുകയാണ്. വൃത്തി, തൊഴില്‍, വസ്ത്രം, അന്തസ്സ്, സ്ത്രീ എന്നിവയുടെ സാമൂഹ്യ പ്രാധാന്യം പുനഃക്രമീകരിച്ചതില്‍ ഇസ്‌ലാമിനു വലിയ പങ്കുണ്ട്. സമൂഹത്തിലെ ഓരോ ചിഹ്നങ്ങളെയും വിഭാഗങ്ങളെയും പുനര്‍നിര്‍ണയിക്കുകയും അവക്കാവശ്യമായ സ്ഥാനങ്ങള്‍ വകവെച്ച് കൊടുക്കുകയും ചെയ്യുന്നതിലൂടെയാണ് വ്യത്യസ്തത ഉള്‍ക്കൊള്ളുന്ന ജനാധിപത്യ ക്രമം ലോകത്ത് ഉണ്ടാവുക. അറബ് വിപ്ലവങ്ങള്‍ ഇത് മനസ്സിലാക്കിയത് പ്രവാചകന്റെ തന്നെ അധ്യാപനങ്ങളില്‍ നിന്നാണ്.
വിവ: ജസീം പി.പി

 (എസ്.ഐ.ഒ നടത്തിയ ഡിഫറന്‍സ് ആന്റ് ഡെമോക്രസി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രഭാഷണം.)


Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top