പശ്ചിമേഷ്യന്‍ മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍

ജോണ്‍ ചെറിയാന്‍‌‌
img

ഒടുവില്‍ അറബ് വസന്തത്തിന്റെ തിരിയണഞ്ഞു. ഒപ്പം മധ്യ പൗരസ്ത്യ ദേശത്ത് ജനാധിപത്യം പുലരുമെന്ന പ്രതീക്ഷയും. പകരം അവിടെ അമേരിക്കയുടെ സിറിയ ആക്രമണ ഭീതിയുടെയും ഇസ്രയേല്‍ ഹിസ്ബുല്ലയെ ലബനാനില്‍ നിന്നും ഹമാസിനെ ഗസ ഇടനാഴിയില്‍ നിന്നും തുരത്താനുമുള്ള യുദ്ധമേഘങ്ങള്‍ ഇരുണ്ടു കൂടുകയാണ്. 1979-ലെ ഇസ്‌ലമിക വിപ്ലവത്തിന് ശേഷം ഇറാന്‍ മാത്രമാണ് ഈ ദേശത്ത് ഓരോ നാലു വര്‍ഷത്തിലും തെരെഞ്ഞെടുപ്പ് നടത്താന്‍ കെല്‍പുള്ള ഏക രാഷ്ട്രം. രാജ്യത്ത് പൗരോഹിത്യത്തിന്റെ ചില പരിശോധനകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഇവിടെ ഏവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യമുണ്ട്. തുനീഷ്യയിലാണെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ കടുത്ത സമ്മര്‍ദത്തിലാണ്. ഈജിപ്തിനെ അപേക്ഷിച്ച് ഇവിടെ വിജയിച്ച ഇസ്‌ലാമിസ്റ്റുകള്‍ മതേതര കക്ഷികളെ കൂടി ഉള്‍ക്കൊള്ളിച്ച് വിശാലമായ ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള ദീര്‍ഘദൃഷ്ടിയുണ്ടായിരുന്നു. ലബനാനിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട് പക്ഷേ ഇവിടുത്തെ പുരാതന ഭരണഘടന അധികാരം വര്‍ഗങ്ങള്‍ക്കിടയില്‍ വീതിച്ച് നല്‍കിയിരിക്കുകയാണ്.
    മധ്യപൗരസ്ത്യ ദേശത്ത് ശക്തി കൊണ്ടും ജനസംഖ്യ കൊണ്ടും മുന്നില്‍ നില്‍ക്കുന്ന അറബ് രാഷ്ട്രമായ ഈജിപ്ത് കേവലം ഒരു വര്‍ഷത്തെ സിവിലിയന്‍ ഭരണത്തിന് ശേഷം വീണ്ടും സൈന്യത്തന്റെ  പിടിയിലമര്‍ന്നിരിക്കുന്നു. ഈജിപതിലെ സംഭവങ്ങളുടെ ഗതി അറബ് വസന്തത്തിലേക്കോ ദേശത്ത് ജനാധിപത്യത്തിന്റെ വളര്‍ച്ചയിലേക്കോ അല്ലെന്നാണ് ഇന്ത്യയിലെ ഈജിപ്ഷ്യന്‍ അംബാസഡര്‍ ഖാലിദ് അല്‍ ബഖ്‌ലി ഫ്രണ്ട്‌ലൈനിനോട് പറഞ്ഞത്. ബ്രദര്‍ഹുഡിനും എതിരാളികള്‍ക്കുമിടയില്‍ സമവായത്തിലൂടെ പരിഹാരം കാണാന്‍ സൈന്യം പരമാവധി പരിശ്രമിച്ചിരുന്നു. അദ്ദേഹം പറഞ്ഞു. ''ഒപ്പുകള്‍ ശേഖരിക്കലായിരുന്നു സാധാരണ ഈജിപ്തുകാര്‍ക്ക്  അവശേഷിച്ച ഏകമാര്‍ഗം.'' 22 മില്ല്യനിലധികം ജനങ്ങള്‍ മുര്‍സി സര്‍ക്കാറിനെ പിരിച്ച് വിടാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പത്രികയില്‍ ഒപ്പു വച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം അവകാശപ്പെട്ടു. ബഖ്‌ലിയുടെ അഭിപ്രായത്തില്‍ പട്ടാളത്തിന് ഈജിപ്തിലുടനീളം പ്രക്ഷോഭം നടത്തിക്കൊണ്ടിരുന്ന 33 മില്ല്യന്‍ ജനങ്ങള്‍ക്കൊ പ്പം നില്ക്കുകയല്ലാതെ വേറെ പോം വഴിയുണ്ടായിരുന്നില്ല.
നയതന്ത്രജ്ഞരുടെ നിര്‍ബന്ധ പ്രകാരം സൈന്യം തെരഞ്ഞെടുപ്പ് നടത്താനുള്ള മാര്‍ഗം വെട്ടിത്തെളിക്കുകയാണ് ചെയ്തത് മറിച്ച് അധികാരം തട്ടിപ്പറിക്കുകയായിരുന്നില്ല. ബഖ്‌ലി പറഞ്ഞു. 79 മാസത്തിനിടക്ക് ഈജിപ്തില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും മുസ്‌ലിം  ബ്രദര്‍ഹുഡ് അടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതില്‍ പങ്കു കൊള്ളുമെന്നുമായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചത്. നിര്‍ഭാഗ്യവശാല്‍ ജയലിലും ഒളിവിലും കഴിയുന്ന തങ്ങളുടെ നേതാക്കളെ കൊണ്ട് ബ്രദര്‍ഹുഡ് സൈന്യത്തോട് കൊമ്പു കോര്‍ക്കുകയാണുണ്ടായത്. ഈ അടുത്ത കാലത്താണ് സംഘടനയെ നിരോധിക്കുന്നതിനെ കുറിച്ച് അധികാരികള്‍ സംസാരിച്ച് തുടങ്ങിയത്. തുടര്‍ന്ന്  1991ല്‍ അള്‍ജീരിയ സാക്ഷ്യം വഹിച്ചത് പോലൊരു രക്തക്കളം ഈജിപ്തിലും ഉണ്ടാകുമെന്ന് മിക്ക നിരീക്ഷകരും പ്രതീക്ഷിച്ചിരുന്നു. അള്‍ജീരിയയില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിന് തടയിടാന്‍ പട്ടാളം തുനിഞ്ഞിറങ്ങിയപ്പോഴാണ് പതിനായിരക്കണക്കിന് ആളുകളുടെ ജീവനപഹരിച്ച കൂട്ടക്കുരുതി അന്ന് അരങ്ങേറിയത്. അതിനെ തുടര്‍ന്ന് സമാധാനം പുനസ്ഥാപിക്കാന്‍ ആ രാജ്യത്തിന് ഒരു  പതിറ്റാണ്ടിലധികം കാലം വേണ്ടി വന്നു. എന്നാല്‍ ഈജിപ്തല്‍ എല്ലാ അനന്തര ഫലങ്ങളേയും നേരിടാനും രാജ്യത്തിനെതിരെ ഉയര്‍ന്നു  വരാവുന്ന സകല തീവ്രവാദ ഭീഷണിക്ക് തടയിടാനും സൈന്യം സജ്ജമാണെന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ഈജിപ്തിന്റെ ഔദ്യോഗിക ഗാര്‍ഡുകള്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണെന്ന് അവിടെ നടന്ന സംഭവവികാസങ്ങള്‍ തെളിയിച്ചു. നിരപരാധികളുടെ രക്തം അവിടെ ചിതറിത്തെറിച്ചു. സിറിയയിലെ കശാപ്പുകാരന്‍  പ്രസിഡന്റിനെ ഇടക്കാല സൈനിക ഭരണകൂടം പിന്തുണച്ചു.
    സിറിയക്ക് മേലുള്ള യുദ്ധഭീതി.
ബ്രദര്‍ഹുഡിനെ വളര്‍ത്താന്‍ ധാരാളം  സമയവും സമ്പത്തും വിനിയോഗിച്ച അമേരിക്ക ഇന്ന് ഈജിപ്തില്‍ കടുത്ത സമ്മര്‍ദത്തിലാണ്. രാജ്യത്തെ ഇരു വിഭാഗവും പടിഞ്ഞാറിനെ സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. സിറിയയിലെ പോരാളികളെ പൂര്‍ണമായും പിന്താങ്ങുന്ന മുര്‍സിയുടെ നയമല്ല ഇടക്കാല ഗവണ്‍മെന്റ് സ്വീകരിച്ചത്. സിറിയന്‍ പ്രക്ഷോഭത്തിന് ശക്തിപകരാന്‍ പോകുന്ന ഈജിപ്തുകാരെ തടയാനും അവര്‍ ശ്രദ്ധിച്ചിരുന്നു. സിറിയക്ക് മേലുള്ള പടിഞ്ഞാറിന്റെ സൈനിക നടപടിക്കെതിരേയും കെയ്‌റോ ശബ്ദമുയര്‍ത്തിയിരുന്നു. അതോടൊപ്പം മുര്‍സി  വിരുദ്ധ പ്രക്ഷോഭത്തിലേക്ക് നയിച്ച തമറുദ് പ്രസ്ഥാനത്തെയും സര്‍ക്കാര്‍ പിന്തിരിച്ചിരുന്നില്ല. ഇസ്രയേലുമായുള്ള 1978ലെ ക്യാമ്പ് ഡേവിഡ് ഒത്തുതീര്‍പ്പ്  റദ്ദാക്കാനുള്ള ആവശ്യമുന്നയിച്ച് ഒപ്പുകള്‍ ശേഖരിച്ചു കൊണ്ടാണ് തമറുദ് മൂവ്‌മെന്റ്  ഉടലെടുത്തത്. ആഗസ്റ്റ് അവസാന വാരത്തിലാണ് അമേരിക്ക യുദ്ധഭീഷണിയുമായി സിറിയക്ക് നേരെ തിരിഞ്ഞത്. രാജ്യത്തിന്റെ ''സംരക്ഷണ ഉത്തരാവാദിത്തം'' ഏറ്റെടുത്ത് കൊണ്ടാണ് ഈ നടപടി. അമേരിക്കയുടെ ഇതേ സംരക്ഷ ഉത്തരാവാദിത്തം തന്നെയാണ് യൂഗോസ്ലാവ്യയെ ഛിന്നഭിന്നമാക്കിയതും ലിബിയയിലെ രാജഭരണം നീക്കിയതും.  ഇതിന്റെ പകര്‍പ്പാണ് സിറിയയലും പ്രതീക്ഷിക്കുന്നത്. ഏതായാലും അറേബ്യന്‍ തെരുവുകള്‍ക്ക്  പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി  അരങ്ങേറിയ അറബ് വസന്തം ചോരയില്‍ മുങ്ങിയ അന്ത്യത്തലേക്കടുക്കുകയാണ്. അമേരിക്കയുടെ സിറിയ ആക്രമണം പ്രദേശത്ത് വലിയ യുദ്ധത്തിന് തിരികൊളുത്താന്‍ ശേഷിയുള്ളതായിരുന്നു. കാരണം സിറിയയെ ആക്രമിച്ചാല്‍ തങ്ങള്‍ ഇസ്രയേലിന് നേരെ തിരിയുമെന്ന് സിറിയന്‍ ഉദ്യോഗസ്ഥര്‍ സൂചന നല്‍കി യിരുന്നു. രണ്ട് വര്‍ഷം മുമ്പ് രാജ്യത്ത് പ്രക്ഷോഭം തുടങ്ങിയ അന്ന് മുതല്‍ തന്നെ ഇസ്രയേല്‍ സ്വന്തമായി സിറിയക്കെതിരെ സൈനിക നടപടി ആരംഭിച്ചതായിരുന്നു.
ഇസ്രയേല്‍ രഹസ്യന്വേഷണ വിഭാഗമായി മൊസാദില്‍ നിന്നാണ് ഒബാമ ഭരണകൂടത്തിന് സിറിയന്‍ ഭരണകൂടം ഡമസ്‌കസില്‍ രാസായുധം പ്രയോഗിച്ചതിന് തെളിവ് കിട്ടിയത്. ഇസ്രയേലി ഇന്റലിജന്‍സിന് ഡമസ്‌കസില്‍ നിന്ന് ഔദ്യോഗിക സംഭാഷണത്തിനിടക്കാണ് ഈ വിവരം കിട്ടിയതെന്ന് അമേരിക്ക, ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്തിരുന്നു. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗങ്ങളും പടിഞ്ഞാറിന്റെ സുരക്ഷാകാര്യ വിദഗ്ധരും ഈ തെളിവ് നിരസിക്കുകയാണുണ്ടായത്. ക്രൂയിസ് മിസൈലുകളുമായി യുദ്ധത്തിനിറങ്ങിയ യു.എസ് ഒടുവില്‍ യുദ്ധത്തില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു.  റഷ്യയുടെ വിദേശകാര്യ സഹമന്ത്രി ദിമിത്രി റൊഗോസന്‍ ആഗസ്റ്റ് അവസാത്തില്‍ ''കുരങ്ങിന്റെ കൈയിലെ പൂമാല പോലെയാണ് പടിഞ്ഞാറ് ഇസ്‌ലാമിനോട് പെരുമാറുന്നത്'' എന്ന് പരിഹസിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.
    ഈ സംഭവവികാസങ്ങളെല്ലാം അല്‍ഖ്വയ്ദ, സലഫി, തക്ഫിരി ഗ്രൂപ്പുകള്‍ക്ക് എളുപ്പത്തില്‍ സിറിയന്‍ ഭരണകൂടത്തെ മറിച്ചിടാനാണ് സഹായകമായത്. സമീപ സംഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രധാന കാര്യം അറബ് വസന്തത്തിന്റെ സല്‍ഫലങ്ങളെ വരുതിയിലാക്കാന്‍  അമേരിക്കയും ഇസ്രയേലും സൗദിയും തമ്മില്‍ കൈകോര്‍ത്തതാണ്. ഫലസ്ത്വീന്‍ പ്രശ്‌നം ഇപ്പോള്‍ പിന്നോട്ട് മാറ്റിവച്ചിരിക്കുയാണ്. സ്വേഛാഭരണകൂടങ്ങളെ സംരക്ഷിക്കുന്ന തിരക്കിലാണിപ്പോളവര്‍. ഈ രാജ്യങ്ങളിലൊക്കെ വലിയ അളവില്‍ ഹൈഡ്രോ കാര്‍ബണ്‍ നിക്ഷേപമുണ്ടായത് ആകസ്മികമാവാം. സിറിയയെയും ലബനാനേയും അസ്ഥിരപ്പെടുത്താനും തുടര്‍ന്ന്  ഇറാനെ ദുര്‍ബലമാക്കാനും മൊസാദും സി.ഐ.എയും സുഊദി രഹസ്യാന്വേഷണവിഭാഗവും യോജിച്ച് പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടും  പുറത്തായിട്ടുണ്ട്.
സുഊദി രഹസ്യാന്വേഷണ മേധാവി പ്രിന്‍സ് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ആഗസ്റ്റ് ആദ്യത്തില്‍ പരസ്യമായി മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. ബഷാറുല്‍ അസദിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ വ്‌ലാദിമിര്‍ പുടിനെ സഹകരണമുണ്ടാക്കിയെടുക്കാനായിരുന്നു ആ സന്ദര്‍ശനം. പകരം ബില്യന്‍ കണക്കിന് ഡോളറിന്റെ ആയുധ ഉടമ്പടിയാണ് സുഊദിയുടെ വാഗ്ദാനം. സിറയയില്‍ സൈനിക നടപടിയല്ലാതെ വേറെ മാര്‍ഗമില്ല എന്ന കാര്യവും പ്രിന്‍സ് ബന്ദാര്‍ പ്രസിഡന്റ് പുടിനെ താക്കീത് ചെയ്തിരുന്നതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ മോസ്‌കോവിനെ അനുനയിപ്പിക്കാന്‍ അത് മതിയായിരുന്നില്ല. സ്ഥിരീകരിക്കാത്ത രാസായുധ പ്രയോഗത്തിന്റെ പേരും പറഞ്ഞ് സിറിയക്ക് നേരെ ക്രൂയിസ് മിസൈല്‍ ആക്രമണത്തിന് മുതിര്‍ന്ന അമേരിക്കയുടെ ലക്ഷ്യം സിറിയന്‍ സൈന്യമായിരുന്നു.
ഈജിപ്തിലെ സമീപ സംഭവ വികാസങ്ങളില്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ നിര്‍ണായക പങ്കുണ്ട്. സുഊദി അറേബ്യയും പ്രധാന സഖ്യകക്ഷികളായ യു.എ.ഇയും കുവൈത്തും  ഈജിപ്തിലെ തെരഞ്ഞെടുക്കപ്പെട്ട സിവിലിയന്‍ ഭരണകൂടത്തിനെതിരെ പട്ടാളത്തിന് സര്‍വ പിന്തുണയും ഉറപ്പ് വരുത്തിയിട്ടുണ്ട്. സൈന്യം അധികാരം പിടിച്ചെടുത്ത ഉടനെ മൂന്ന് രാഷ്ട്രങ്ങളും കൂടി 12 ബില്യന്‍ ഡോളറിന്റെ വാര്‍ഷിക സഹായമാണ് ഈജിപ്തിന് പ്രഖ്യാപിച്ചത്. അമേരിക്കയുടെ 1.4 ബില്ല്യന്‍ ഡോളറിന്റെ സഹായമാണ് അതുവരെ ഈജിപ്തിന് ലഭിച്ചിരുന്നത്. ഈ സഹായം തന്നെ ഒബാമ ഭരണകൂടം നിര്‍ത്തിവെക്കുമെന്ന ഭയമുണ്ടായിരുന്നു. ഈജിപ്തിനും ഇസ്രയേലിനുമാണ് യു.എസിന്റെ സാമ്പത്തിക സഹായം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത്. അമേരിക്കയുടെ കോണ്‍ഗ്രഷനല്‍ നിയമം രാജ്യത്ത് പട്ടാള അട്ടിമറിയ സ്ഥിരീകരിക്കപ്പെട്ടാല്‍ സഹായം നിര്‍ത്തി വെക്കണമെന്ന് അനുശാസിച്ചിട്ടുണ്ട്. പക്ഷേ ഈജിപ്തിന്റെ  കാര്യത്തില്‍ ആ ഭയം അസ്ഥാനത്തായിരുന്നു. ഈജിപ്ഷ്യന്‍ സൈന്യം പൂര്‍ണമായും അമേരിക്കയെ ആശ്രയിച്ചാണ് നില കൊളളുന്നത്.

സുഊദിക്കും മുസ്‌ലിം ബ്രദര്‍ഹുഡിനുമിടയില്‍ നല്ല ബന്ധമല്ല നിലനില്‍ക്കുന്നത്. 2011 ല്‍ ഹുസ്‌നി മുബാറക്ക് കടപുഴകിയതും 2012ല്‍ ബ്രദര്‍ഹുഡ് തെരഞ്ഞെടുപ്പില്‍ വിജയശ്രീലാളിതരായതും സുഊദിയെ അമ്പരപ്പിച്ച സംഭവങ്ങളായിരുന്നു. ഈ വിദ്വേഷം നിലനില്ക്കു ന്നതോടൊപ്പം ബ്രദര്‍ഹുഡിനെയും സിറിയയിലും ഇറാഖിലുമൊക്കെയുള്ള മറ്റ് ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങള്‍ക്കു മുള്ള പിന്തുണ തുടര്‍ന്നിരുന്നു. സ്വന്തം ദേശങ്ങളില്‍ നിന്നുള്ള കടുത്ത ഭീഷണിയെ ചെറുക്കാനായിരുന്നു രാജ ഭരണകൂടങ്ങളുടെ ഈ തന്ത്രം. അറബ് ദേശത്ത് കടുത്ത പ്രതിസന്ധിക്കിടയിലും സുസംഘടിതമായി പിടിച്ചുനിന്ന ഏക സംഘടന ബ്രദര്‍ഹുഡാണ്. സംഘടനയുടെ ശക്തി കേന്ദ്രമായ ഈജിപ്തില്‍ നിന്ന് തന്നെ ബ്രദര്‍ഹുഡിനെ ശിഥിലീകരിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ അരങ്ങേറുന്നുണ്ട്. ബ്രദര്‍ഹുഡിനെ മൂലക്കിരുത്താനുള്ള കെയ്‌റോയുടെ പുതിയ തീരുമാനങ്ങള്‍ക്ക് സുഊദിയുടെയം കൂട്ടു രാജ്യങ്ങളുടെയും ശക്തമായ പിന്തുണ നല്‍കിയിട്ടുണ്ട്.

ഈ അടുത്തകാലത്ത് മുസ്‌ലിം ബ്രദര്‍ഹുഡിന് അമേരിക്കയുടെയും പടിഞ്ഞാറിന്റെതും അംഗീകാരം കിട്ടിയിട്ടുണ്ടായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന് ഇടപാട് നടത്താന്‍ പറ്റിയ മിതവാദി ഇസ്‌ലാമിസ്റ്റുകളായി അവര്‍ ബ്രദര്‍ഹുഡിനെ ലോകത്തിന് മുന്നില്‍ പ്രതിഷ്ഠിക്കുകയും ചെയതു. തെരഞ്ഞെടുക്കപ്പെട്ട മുര്‍സി സര്‍ക്കാര്‍ ഹുസ്‌നി മുബാറക്കിന്റെ നവ ഉദാര സാമ്പത്തികനയം തന്നെയായിരുന്നു പിന്തുടര്‍ന്നത്. ബ്രദര്‍ഹുഡിന്റെ ഫലസ്ത്വീന്‍ പതിപ്പായ ഹമാസ് ഫലസ്ത്വീനില്‍ അധികാരത്തിലായിട്ട് കൂടി ഗസ ഇടനാഴി മുര്‍സി ഭരണകൂടം അടച്ചിട്ടു. എന്നിട്ടും സുഊദിയും പട്ടാള ഭരണകൂടവും വളരെ സമാധാനപരമായി പ്രക്ഷോഭം സംഘടിപ്പിച്ച ബ്രദര്‍ഹുഡിനെതിരെ ഇപ്പോള്‍ തീവ്രവാദ കുറ്റമാണ് ആരോപിക്കുന്നത്. തീവ്രവാദികളേയും രാജ്യദ്രോഹികളേയും തുടച്ച് നീക്കുന്ന കാര്യത്തില്‍ പട്ടാളത്തിന് സുഊദിയിലെ അബ്ദുല്ല രാജാവിന്റെ പരസ്യ പിന്തുണയും ലഭിച്ചിട്ടുണ്ട്. രാജാവ് ഒന്നുകൂടി കടന്ന് ഈജിപ്തില്‍ തീവ്രവാദം പടര്‍ത്തുന്നതിന് അമേരിക്കയെയും ഖത്തറിനെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയതു. ബ്രദര്‍ഹുഡിന് പ്രധാനമായും സാമ്പത്തിക പിന്തുണ നല്കുന്നത് ഖത്തറാണ്. അമേരിക്കയാണെങ്കില്‍ ബ്രദര്‍ഹുഡ് നേതാക്കളുമായി നല്ല ബന്ധം കാത്തു സൂക്ഷിച്ചിട്ടുമുണ്ടായിരുന്നു.
മധ്യ പൗരസ്ത്യ ദേശത്തെ കീറിമുറിക്കാനുള്ള അമേരിക്കയുടെ തന്ത്രങ്ങള്‍ വിജയം വരിക്കുന്ന കാഴ്ചയാണ് അവിടുത്തെ പുതിയ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ജോര്‍ജ്  ബുഷിന് അധീശത്വമുണ്ടായിരുന്ന നിയോ കണ്‍സര്‍വേറ്റീവ് നയത്തിന്റെ ഭാഗമാണിത്. അമേരിക്കന്‍ നയതന്ത്രജ്ഞരില്‍ പ്രധാനിയായ ഹെന്റി കിസിന്‍ഗിര്‍ ലക്ഷ്യം ഒന്നുകൂടി ഊന്നിപ്പറയുന്നുണ്ട്. ''മൂന്ന് സാധ്യതകളാണ് സിറിയയില്‍ നിന്നും പ്രതീക്ഷിക്കുന്നത്, അസദിന്റെ വിജയം, സുന്നികളുടെ വിജയം അല്ലെങ്കില്‍ വ്യത്യസ്ത ദേശീയ സഖ്യങ്ങള്‍ സ്വതന്ത്രാധികാരത്തോടെ പ്രദേശങ്ങളായി രൂപപ്പെടുക'' മിഷിഗണ്‍ യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ കിസിന്ഗിര്‍ പറഞ്ഞു. മൂന്നാമത്തെ പരിഹാരത്തിനാണ് താന്‍ മുന്‍ഗണന നല്കുന്നതെന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. സിറിയയെ ഫ്രാന്‍സും ഇറാഖിനെ ബ്രിട്ടനുമാണ് നിര്‍മിച്ചതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യമനിലെ നൊബേല്‍ സമ്മാന ജേതാവ് തവക്കുല്‍ കര്‍മാന്‍ ഈജിപ്തിലെ സംഭവങ്ങളെ അറബ് വസന്തത്തിന്റെയും  ദേശത്ത് ജനാധിപത്യ മുന്നേറ്റത്തിന്റെയും അന്ത്യമായാണ് വിശേഷിപ്പിച്ചത്. ബ്രദര്‍ഹുഡിന്‍ യമന്‍ ശാഖയില്‍ അംഗമാണ് കര്‍മാന്‍, കൂടാതെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള യമനിലെ സമാധാന സമ്മാനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അറബ് വസന്തം ജനാധിപത്യം പടുത്തുയര്‍ത്താനുള്ളതായിരുന്നു, ''സൈനിക അട്ടിമറി അതിന്റെ അന്ത്യമായിരുന്നു.'' കര്‍മാന്‍ പറഞ്ഞു. ഈജിപതില്‍ പട്ടാളത്തിന്റെ ഇടപെടല്‍ ജനാധിപത്യം പുനസ്ഥാപിക്കാനുളളതാണെന്ന അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറിയുടെ അഭിപ്രായത്തെ നിശിതമായി വിമര്‍ശിക്കുകയായിരുന്നു അവര്‍. മുബാറക്കിനെ തള്ളിയിട്ട വിപ്ലവത്തിന് പിന്നിലെ പ്രധാന കാരണം ഈജിപ്ഷ്യന്‍ ജനതയുടെ ജീവിത നിലവാരം കൂപ്പുകുത്തിയതായിരുന്നു. മുന്ന് ഡോളറില്‍ കുറഞ്ഞ വരുമാനം കൊണ്ടാണ് 40 ശതമാനം ആളുകള്‍ ജീവിച്ചിരുന്നത്. വലിയൊരു വിഭാഗം യുവാക്കള്‍ തൊഴില്‍ രഹിതരുമായിരുന്നു. ഈജിപ്തിനു ചുറ്റുമുള്ള അറബ് രാജ്യങ്ങളിലും ഈ ഭീതി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ലിബിയയിലെ വിപ്ലവം ജയിച്ചത് അമേരിക്ക പിന്നില്‍ നിന്ന് കളിച്ചത് കൊണ്ടാണ്. ഇപ്പോള്‍ ആ രാജ്യം സാമ്പത്തികമായും രാഷ്ട്രീയമായും തീരെ അസ്ഥിരപ്പെട്ട നിലയിലാണ്. കൂടാതെ ഊര്‍ജം സ്രോതസുകള്‍ക്ക്  മേല്‍ ഗോത്രവിഭാഗങ്ങള്‍ പിടിമുറുക്കിയിട്ടുമുണ്ട്. ഗദ്ദാഫിയെ തൂത്തെറിയാന്‍ വിദേശ ശക്തികളില്‍ ആയുധങ്ങള്‍ കൈപ്പറ്റിയ തീവ്ര ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങള്‍ ഇപ്പോള്‍ സ്വതന്ത്രരായിരുക്കുകയാണ്.
    അമേരിക്കയും കൂട്ടാളികളും അറബ് വസന്തത്തിന്റെ ഗതിമാറ്റാന്‍ തുടക്കം മുതല്‍ തന്നെ കിണഞ്ഞ് ശ്രമിച്ചിരുന്നു. സ്വതന്ത്ര വിദേശ നയത്തോടെയുള്ള പരമാധികാര രാഷ്ട്രങ്ങള്‍ രൂപപ്പെടുന്നത് തടയലായിരുന്നു അവരുടെ ലക്ഷ്യം. ബിന്‍ അലിയും ഗദ്ദാഫിയും വാഷിംഗ്ടണിനോട് കൂറുള്ള രാജാക്കന്മാരായിരുന്നു. സിറിയയില്‍ വിപ്ലവത്തന്റെ  കാഞ്ചി വലിച്ചത് പടിഞ്ഞാറിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. അറബ് വസന്തത്തിന്റെയും അതുണ്ടാക്കുന്ന സ്വാഭാവികമാറ്റത്തെയും സ്വാധീനിക്കാന്‍ വ്യത്യസ്ത ഗോത്ര, വര്‍ഗ വിഭാഗങ്ങളെ ശക്തിപ്പെടുത്തുക എന്ന പുതിയ തന്ത്രമാണ് അവര്‍ പയറ്റിയത്. സ്വാഭാവികമായും 'ശിയ ചന്ദ്രന്‍' ഇറാനിലും ഇറാഖിലും ഹിസ്ബുല്ലക്കിടയിലും എളുപ്പത്തില്‍ തലപൊക്കി. യഥാര്‍ഥത്തില്‍ മതേതര ഭരണഘടന നിലനിന്നിരുന്ന സിറിയയും പുരാതന ഗോത്രവിഭാഗങ്ങളുടെയും വിശ്വാസങ്ങളുടെയും കേന്ദ്രമായിത്തീര്‍ന്നു. പടിഞ്ഞാറ് ഊതിപ്പെരുപ്പിച്ച  സുന്നിശിയ സംഘര്‍ഷം സിറിയയിലും ഇറാഖിലും ലബനാനിലും നല്ല സ്വാധീന മുണ്ടാക്കിയിട്ടുണ്ട്. യമനിലും ഈജിപ്തിലും ബഹ്‌റൈനിലും ഇറാന്‍ സ്വാധീനമുണ്ടാക്കുന്നത് തടയലായിരുന്നു ഇതിന്റെ ലക്ഷ്യം. ബഹ്‌റൈനിലെ കൂടുതല്‍ ജനങ്ങളും ശിയാ വിശ്വാസക്കാരാണ്. യമനിലെ മുഖ്യ ന്യൂനപക്ഷവും ശിയാക്കളാണ്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top