ഗോളശാസ്ത്രവും സി.എം മൗലവിയും

റാശിദ് പൂമംഗലം‌‌
img

സ്വാതന്ത്ര്യാനന്തര കാസറഗോഡിന്റെ വൈജ്ഞാനിക പുരോഗതിയെ നിര്‍ണയിക്കുകയും നയിക്കുകയും ചെയ്ത പണ്ഡിത പ്രതിഭയായിരുന്നു ഖാസി സി.എം അബ്ദുല്ല മൗലവി(1933-2010). ചരിത്രപരവും പ്രാദേശികവുമായ കാരണങ്ങളാല്‍ പിന്നാക്കാവസ്ഥയിലേക്ക് തള്ളപ്പെട്ട ഒരു സമൂഹത്തില്‍ തന്റെ പുരോഗമനാത്മകവും ശാസ്ത്രീയവുമായ ആശയങ്ങള്‍ അവതരിപ്പിക്കുകയും സാക്ഷാത്കരിക്കുകയും ചെയ്ത സി.എം ഒരു നവോത്ഥാന നായകനെന്ന ലേബലിലാണ് ഏറെയും അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍, വൈജ്ഞാനിക വിശാരദന്മാര്‍ ഒരു പാരമ്പര്യ മതപണ്ഡിതനെന്നതിലുപരി തികവുറ്റ ഗോളശാസ്ത്രകാരന്റെ ഇടമാണ് സി.എമ്മിന് നിര്‍ണയിച്ചു നല്‍കിയിട്ടുള്ളത്.

ഗോളശാസ്ത്രത്തില്‍ സി.എമ്മിന്റെ ഇടം
ഇസ്‌ലാമില്‍ നമസ്‌കാരമടക്കം പല ആരാധനാനുഷ്ഠാനങ്ങളും ആകാശ ഗോളങ്ങളുടെ ചലനങ്ങളെയും മാറ്റങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, 'ഇല്‍മുല്‍ മീഖാത്തും' 'ഇല്‍മുല്‍ ഫലകും' പ്രാദേശികമായ പ്രത്യേകതകളോടെ മുസ്‌ലിം നാടുകളിലെല്ലാംതന്നെ ഉയര്‍ന്നുവന്നു. ഗോളശാസ്ത്ര പഠനങ്ങള്‍ കേരള മുസ്‌ലിം പണ്ഡിതന്മാരിലും ഉയര്‍ന്നു വരുന്നത് ഈയൊരു അനിവാര്യതയിലൂടെയാണ്. ഇത്തരമൊരു അനിവാര്യത ഉണ്ടായിരിക്കെ തന്നെ ചില വ്യക്തികളിലൂടെയും കുടുംബങ്ങളിലൂടെയുമാണ് കേരളത്തില്‍ ഈ പഠനശാഖ നിലനിന്നുപോന്നിരുന്നത് എന്നു കാണാം. പള്ളി ദര്‍സുകളില്‍ ഇത് ഒരു പഠന വിഷയമായിരുന്നെങ്കിലും അനിവാര്യമായ ഒരു പേപ്പര്‍ അല്ലായിരുന്നതിനാല്‍ വ്യാപകമായി കൈകാര്യം ചെയ്യപ്പെട്ടിരുന്നുമില്ല. പ്രസ്തുത മേഖലയില്‍ പ്രത്യേക താല്‍പര്യമുള്ളവര്‍ വിദഗ്ധരായ അധ്യാപകരുടെ സഹായത്തോടെ വിഷയത്തില്‍ അതീവ പ്രാഗദ്ഭ്യം നേടുകയും ചെയ്തു. ഇവ്വിഷയകമായി രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍, പ്രസ്തുത മേഖലക്ക് ഒരു അനുവാചക വൃന്ദമുണ്ടായിരുന്നു എന്നു മനസ്സിലാക്കാന്‍ സഹായകമാണ്.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കടന്നുവരവാണ് കേരളത്തില്‍ ഗോളശാസ്ത്ര പഠനങ്ങള്‍ക്കു പുതിയ മാനങ്ങള്‍ പകര്‍ന്നുതന്നത്. ഈ രംഗത്ത് വ്യാപകമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അദ്ദേഹത്തിന്റെ രംഗപ്രവേശം വഴിവെച്ചു. ''രിസാലതുല്‍ മാറദീനി'' എന്ന വിശ്രുത ഗ്രന്ഥത്തിന്റെ ശൈലിയെ, ബീജഗണിതത്തിനു പകരം അങ്കഗണിതമുപയോഗിച്ചുകൊണ്ട് അദ്ദേഹം പുനരാവിഷ്‌കരിച്ചിരുന്നു. കേരള ഇസ്‌ലാമിക മണ്ഡലത്തിലെ ഗോളശാസ്ത്ര പഠനത്തെ ചാലിലകത്തിനു മുമ്പും ശേഷവും എന്നു തിരിക്കാവുന്നവിധം അനര്‍ഘമായിരുന്നു അദ്ദേഹത്തിന്റെ സാധന.
ഗോളശാസ്ത്രത്തില്‍ ശ്രദ്ധേയമായ ചില ഗ്രന്ഥരചനകള്‍ നടത്തിയ അഹ്മദ്‌കോയ ശാലിയാത്തിയടക്കം, ചാലിലകത്തിനു ശേഷവും ഒരുപിടി ഗോളശാസ്ത്ര പണ്ഡിതരെ കേരളം ദര്‍ശിച്ചു. മഞ്ചേശ്വരം സ്വദേശി യു.കെ. ആറ്റക്കോയ തങ്ങള്‍ അവരില്‍ പ്രധാനിയാണ്. ചാലിയം പരിചയപ്പെടുത്തിയ രീതിയും ശൈലിയും അടിസ്ഥാനമാക്കിയുള്ള തുടര്‍ച്ചകളായിരുന്നു പില്‍ക്കാല പഠനങ്ങളെന്നു കാണാം. പിന്നീട് ഈ രംഗത്ത് പുതിയ പ്രവണതകളും ശൈലിയുമായി കടന്നുവന്നത് സി.എം അബ്ദുല്ല മൗലവിയാണ്.
ചാലിലകത്തിനു ശേഷം ഈ മേഖലയില്‍ ഇത്ര ആഴമേറിയ പഠന നിരീക്ഷണങ്ങള്‍ നടത്തിയും ഇത്രമാത്രം ഗ്രന്ഥങ്ങള്‍ രചിക്കുകയുംചെയ്ത ഏക വ്യക്തി സി.എം അബ്ദുല്ല മൗലവിയാണെന്നു കാണാം. കേരള മുസ്‌ലിം ചരിത്രത്തില്‍ ഇതുവരെയുള്ള ഗോളശാസ്ത്ര പഠനങ്ങളും ഗ്രന്ഥരചനകളും പരിശോധിച്ചുനോക്കിയാല്‍ ചാലിലകത്തിന്റെ ചിന്തകളുടെ ഒരു നിലക്കുള്ള പൂര്‍ത്തീകരണമാണ് സി.എമ്മിലൂടെ നടപ്പായതെന്നു മനസ്സിലാക്കാവുന്നതാണ്. ചാലിലകത്തിനും സി.എമ്മിനുമിടയിലെ (1919-2010) ഒരു നൂറ്റാണ്ടിലെ പഠനങ്ങളെടുത്തു നോക്കിയാല്‍ അവയെല്ലാം പരിമിത സ്വഭാവമുള്ളതായിരുന്നുവെന്ന് കാണാം. അവരില്‍ തന്നെ ഗോളശാസ്ത്രത്തിനു മാത്രം സമര്‍പ്പിക്കപ്പെട്ട വൈജ്ഞാനിക പാരമ്പര്യമുള്ളവരും കുറവാണ്. എന്നാല്‍, സി.എമ്മിന്റെ പഠനങ്ങളും രചനകളും വൈജ്ഞാനിക ജീവിതം മുഴുക്കെ തന്നെയും ഈ വിഷയത്തില്‍ കേന്ദ്രീകരിച്ചുള്ളതാണ്. പാരമ്പര്യരീതികളെ മാറ്റിയെഴുതിയും പുനരാവിഷ്‌കരിച്ചും പുതിയ ശൈലികള്‍ക്കു തുടക്കം കുറിച്ചും പുതുവഴി വെട്ടിയ സി.എം, മധ്യകാല-ആധുനിക പഠനങ്ങള്‍ സമന്വയിപ്പിക്കുകയും ചെയ്തു. സി.എമ്മിനെ ഏറെ വ്യതിരിക്തനാക്കുന്നതും ഈ സമന്വയ പഠനമാണ്. മധ്യകാല പഠനങ്ങള്‍ ആധുനികവുമായി സമന്വയിക്കുന്നിടത്താണ് കൃത്യമായ ദിശ നിര്‍ണയിച്ചു നല്‍കാവുന്നത്.
വെളിച്ചം കണ്ടതും കാണാത്തതുമായി ഒരു ഡസനോളം വരുന്ന അദ്ദേഹത്തിന്റെ രചനകളുടെ ആഴവും പരപ്പുമാണ് ഇതിന്റെ തെളിവുകള്‍.

സി.എമ്മിന്റെ ഗോളശാസ്ത്ര പഠനം
ഗോളശാസ്ത്ര സംബന്ധിയായുള്ള സി.എമ്മിന്റെ പഠനങ്ങള്‍ വിലയിരുത്താനുള്ള മികച്ച മാര്‍ഗം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പഠന വിധേയമാക്കുക എന്നതു തന്നെയാണ്. ആദ്യകാലങ്ങളില്‍ സി.എം ഉസ്താദിന്റെ ലേഖനങ്ങളും അന്വേഷണങ്ങളും ലേഖന രൂപത്തിലാണ് പുറത്തുവന്നിരുന്നത്. പിന്നീടാണ് പുസ്തക രചനയിലേക്കു കടക്കുന്നത്. ഇംഗ്ലീഷിലും അറബിയിലുമായി അഞ്ചുപുസ്തകങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1) ഇസ്തിഖ്‌റാജു ഔഖാതിസ്സ്വലാത്
ഇസ്തിഖ്‌റാജു ഔഖാത്തിസ്സ്വലാതി വ സുമൂത്തില്‍ ഖിബ്‌ലതി അലാ ത്വരീഖി ഹിസാബ് ലോഗരിതം എന്നാണ് പൂര്‍ണ നാമം. ശാസ്ത്രമേഖലയില്‍ മുസ്‌ലിം മുന്നേറ്റം ദൃശ്യമായ മധ്യകാലത്ത് ഈ മേഖലയില്‍ കാര്യക്ഷമമായ ഗവേഷണങ്ങള്‍ നടന്നിരുന്നു. ജ്യോതിര്‍ഗോളങ്ങളുടെ നിശ്ചിത സ്ഥാനം കണ്ടെത്തുന്ന ''ഇല്‍മുല്‍ മീഖാത്ത്'' എന്ന ശാസ്ത്രമേഖലയില്‍ അവഗാഹമുള്ളവരെ അക്കാലത്ത് പള്ളികളില്‍ മുവഖിത് ആയി നിയമിച്ചിരുന്നു. ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളിലെ ഡയറക്ടര്‍ക്കു സമാനരായിരുന്നു അവര്‍. ഇബ്‌നു ശാക്കിര്‍(1375), അല്‍ മാര്‍ദീനി(1494) തുടങ്ങിയവര്‍ മുവഖിതുമാരായിരുന്നു.
പുത്തവാദം(sophisticated Quadrant) എന്ന ഗോളശാസ്ത്ര ഉപകരണം വളരെ ഉപകാരപ്രദവും അതിന്റെ ആധുനിക രൂപങ്ങള്‍ ഇന്നു ലഭ്യവുമാണ്. സിബ്തുല്‍ മാര്‍ദീനിയുടെ ഒരു ഗ്രന്ഥം ഇതിനെ പറ്റിയുള്ളതാണ്. അതിന്റെ തുടര്‍ച്ചയായുള്ള 'രിസാലത്തുല്‍ ഹിബാസ് ആണ് നമ്മുടെ ദര്‍സുകളില്‍ പഠിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതില്‍ പറയപ്പെട്ട പൗരാണിക ഗണിത മാര്‍ഗങ്ങള്‍, അക്കങ്ങള്‍ക്കു പകരം അക്ഷരങ്ങള്‍ ഉപയോഗിക്കുന്ന (അബ്ജദിയ്യ) രീതിയിലുള്ളതാണ്.
നിര്‍ധാരണംചെയ്‌തെടുക്കാന്‍ വിഷമകരമായ ഈ രീതിക്കു പകരം ലളിതമായ ആധുനിക മാര്‍ഗങ്ങള്‍ നിലവിലുണ്ട്. അത്തരമൊന്നാണ് ലോഗരിതം മുഖേനയുള്ളത്. രിസാലതുല്‍ ഹിസാബിലുള്ള അടിസ്ഥാന സിദ്ധാന്തങ്ങളനുസരിച്ചു തന്നെ അതിന്റെ ഗണന രീതിയെ ലോഗരിതത്തിലേക്ക് മാറ്റുക എന്ന ദൗത്യമാണ് സി.എം ഉസ്താദ് ഈ പുസ്തകത്തിലൂടെ നിര്‍വഹിച്ചിട്ടുള്ളത്.
2) ഇല്‍മുല്‍ ഫലക്(Astronomy)
ഗോളശാസ്ത്രം അഥവാ ജ്യോതിശാസ്ത്രം എന്നാണ് ഇല്‍മുല്‍ ഫലക് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ആദ്യകാലങ്ങളില്‍ പ്രപഞ്ചഘടനയെ വിശദീകരിക്കാന്‍ ശ്രമിച്ച് അരിസ്റ്റോട്ടില്‍, ടോളമി തുടങ്ങിയവര്‍ അവതരിപ്പിച്ച പ്രപഞ്ചഘടന ആധുനിക രീതിയില്‍ നിന്നും വളരെയകലെയായിരുന്നു. അതനുസരിച്ച് നിശ്ചലമായ ഭൂമിയായിരുന്നു പ്രപഞ്ചത്തിന്റെ കേന്ദ്രം. ടോളമിയുടെ ഈ ഭൂകേന്ദ്ര പ്രപഞ്ച സിദ്ധാന്തത്തെ (Geometric system) തകര്‍ത്തുകൊണ്ടാണ് സൗര കേന്ദ്ര സിദ്ധാന്തം(helecentric system) രംഗത്തുവരുന്നത്. ആധുനിക ശാസ്ത്രം ഐക്യകണ്‌ഠ്യേന അംഗീകരിക്കുന്നത് ഈ സിസ്റ്റമാണ്.
ദര്‍സുകളിലും മറ്റും പഠിപ്പിക്കപ്പെടുന്ന കിതാബുകള്‍ ടോളമിയുടെ പഴഞ്ചന്‍ സിദ്ധാന്തങ്ങളനുസരിച്ചാണ്. അത്തരം ധാരണകളെ പൊളിച്ചെഴുതുന്ന ഒരു അറബി ഗ്രന്ഥം ഈ മേഖലയില്‍ ഉണ്ടാവണമെന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ ഉള്ളതാണ് സി.എമ്മിന്റെ ഈ ഗ്രന്ഥം. ഇതിന്റെ ഒന്നാം ഭാഗം അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇല്‍മുല്‍ ഫലക് അലാ ഈള ഇല്‍മില്‍ ഹദീസ് എന്ന ഈ ഗ്രന്ഥത്തിന്റെ രണ്ടു ഭാഗങ്ങളിലൂടെ മേല്‍പറഞ്ഞ മേഖലകള്‍ക്കപ്പുറം നമസ്‌കാര സമയം ഖിബ്‌ല നിര്‍ണയം തുടങ്ങിയവയുടെ ആമുഖ പഠനവും സാധ്യമാണ്.
3) തസ്‌വീദുല്‍ ഫികരി വല്‍ ഹിമം
ഇതൊരു ഗണിതശാസ്ത്ര കൃതിയാണ്. നമസ്‌കാരസമയം, ഖിബ്‌ല നിര്‍ണയം എന്നിവ കണ്ടുപിടിക്കാനുള്ള കണക്കുകള്‍ക്ക് ആവശ്യമായ അടിസ്ഥാന ഗണിത വിവരണമാണിതിലുള്ളത്. ദശാംശം, ലോഗരിതം, ട്രിഗണോമെട്രിയുടെ ചില ഭാഗങ്ങള്‍ എന്നിവയാണ് ഇതിന്റെ ഇതിവൃത്തം. സൈന്‍, കൊസൈന്‍ എന്നിവയുടെ ഒരു വിശാല വിവരണവുമിതിലടങ്ങിയിട്ടുണ്ട്. ദര്‍സുകളില്‍ പഠിപ്പിക്കപ്പെടുന്ന 'രിസാല' പോലെയുള്ള ഗ്രന്ഥങ്ങള്‍ ആധുനിക രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇതുമൂലം എളുപ്പത്തില്‍ സാധ്യമാണ്. അത്തരമൊരു ലക്ഷ്യം മുന്നില്‍കണ്ടാണ് ഇതിന്റെ രചനയും.
4) Magnetic Compass and Its Declination from standard Direction
മാഗ്‌നെറ്റിക് കോംപസിന്റെ ചരിത്രവും പ്രയോഗവുമാണിതിന്റെ ഉള്ളടക്കം. ഇത് ഖിബ്‌ല കണ്ടുപിടിക്കാനുള്ള പുസ്തകമല്ല, മറിച്ച് ഈ ഉപകരണത്തെക്കുറിച്ചുള്ള പഠനമാണ്.
ചിലപ്പോഴൊക്കെ തെറ്റിദ്ധരിക്കപ്പെട്ടതുപോലെ ഭൂമിയുടെ ഭൂമിശാസ്ത്രപരമായ വടക്കു തെക്ക് അല്ല ഈ പഠനം കാണിക്കുന്നത്. മറിച്ച്, മാഗ്‌നെറ്റിക് നോര്‍ത്ത് ആണ്. ഭൂമിശാസ്ത്രപരമായ ദിക്കുകളില്‍നിന്ന് പലപ്പോഴും വ്യത്യസ്തമാണിത്. എല്ലാ സ്ഥലങ്ങളില്‍നിന്നും ഇത് തുല്യമായിരിക്കുകയുമില്ല. ആയതിനാല്‍ ഈ ന്യൂനത കൃത്യമായി കണ്ടുപിടിച്ച് പരിഹാരമാര്‍ഗം കാണേണ്ടതുണ്ട്.
മൈനസ് വ്യതിയാനത്തെ യഥാര്‍ഥ വടക്കിനോട് കൂട്ടുകയും കിഴക്കോട്ടുള്ള വ്യതിയാനത്തെ കുറക്കുകയുമാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍, യഥാര്‍ഥ വടക്ക് മാഗ്‌നെറ്റിക് ഭൂമിയില്‍നിന്ന് എത്ര വ്യത്യസ്ഥമാണെന്നു കണ്ടുപിടിക്കാം.
ധ്രുവ നക്ഷത്രം ഉപയോഗിച്ചും ജ്യാമിതീയ വൃത്തം(ദാഇറതുല്‍ ഹിന്ദിയ്യ) ഉപയോഗിച്ചും ദിക്കുകള്‍ കണ്ടുപിടിക്കാം. ജ്യാമിതീയ വൃത്തമോ മേല്‍സൂചിപ്പിച്ച വഴികളോ ഉപയോഗിച്ചുകൊണ്ട് കാന്തിക സൂചിയുടെ വ്യതിയാനം കണ്ടുപിടിക്കാവുന്നതാണ്. ദിക്കുകള്‍ കണ്ടുപിടിച്ചതിനു ശേഷം കാന്തിക സൂചി മുഖേനയുള്ള ദിശയുമായി അതിനെ താരതമ്യപ്പെടുത്തി അതു കണ്ടെത്താനാകും.
5) അല്‍ ബുസ്വീലത്തുല്‍ മിഗ്‌നാ ഫീസീയു വന്‍ഹിറാഫു അനില്‍ ജിഹാത്തില്‍ അസ്വ്‌ലിയ്യ.
ഈ ഗ്രന്ഥം മേല്‍പറഞ്ഞ ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ അറബി പതിപ്പാണ്.
പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകങ്ങള്‍ക്കു പുറമെ നിരവധി ലേഖനങ്ങളും പഠനങ്ങളും സി.എം തന്റെ ജീവിതകാലത്തും രചിച്ചിരുന്നു. 'ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ഗോളശാസ്ത്ര പഠനങ്ങള്‍' എന്ന പേരില്‍ മോയിന്‍ മലയമ്മ ഹുദവി സി.എമ്മിന്റെ ഗോളശാസ്ത്ര പഠനങ്ങളെ സമാഹരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. തീര്‍ച്ചയായും സി.എമ്മിന്റെ പര്യാപ്തമായൊരു ഗ്രന്ഥമാണത്.

നിരീക്ഷണാലയം
പ്രായോഗിക ഗോളശാസ്ത്ര പഠനത്തില്‍ സി.എമ്മിന്റെ താല്‍പര്യം വ്യക്തമാക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണാലയം.
മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ഉസ്താദിന്റെ ഓഫീസിനു മുമ്പില്‍ നിര്‍മിക്കപ്പെട്ട ഒരു തറയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങള്‍. സൂര്യനുദിച്ചുയരുന്നതിനു മുമ്പ് അവിടെയെത്തി നിരീക്ഷണ സാമഗ്രികളുമായി അദ്ദേഹം പലവിധ പഠനങ്ങളിലേര്‍പ്പെടും. ചോക്കും സ്‌കെയിലും തവക്കലും ദാഇറത്തുല്‍ ഹിന്ദിയുമായി നട്ടുച്ച വെയില്‍ വരെ നീണ്ടിരുന്ന ആ പഠനങ്ങള്‍ കാഴ്ചക്കാര്‍ക്ക് കൗതുകമായിരുന്നു.
കേരള മുസ്‌ലിം ചരിത്രത്തില്‍ ഒരു നിര്‍ണായകമായ ഏടാണ് സി.എം അബ്ദുല്ല മൗലവി എഴുതിച്ചേര്‍ത്തത്. ചെമ്പിരിക്ക സ്വദേശിയായ ഈ ശാസ്ത്രകുതുകിയുടെ പഠനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തേണ്ടുന്ന ആവശ്യകതയിലേക്കാണ് ഓരോ സി.എം. പഠനവും വിരല്‍ചൂണ്ടുന്നത്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top