പൗരരാഷ്ട്രവും ഇസ്‌ലാമിക രാഷ്ട്രവും അറബ്, അറബേതര സമൂഹത്തിലെ സംവാദങ്ങളും

ഡോ. എം.എച്ച് ഇല്ല്യാസ്‌‌
img

         പൊതുരാഷ്ട്രീയ വ്യവഹാരങ്ങളെ അംഗീകരിക്കാനും സാഹചര്യങ്ങള്‍ക്കനുസൃതമായി ദേശ രാഷ്ട്ര-ജനാധിപത്യ യാഥാര്‍ഥ്യങ്ങളെ പുനരാഖ്യാനിക്കാനും പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും ഇസ്‌ലാമിക കക്ഷികളെ നിര്‍ബന്ധിതരാക്കുന്ന സാഹചര്യങ്ങള്‍ അറബ് വസന്താനന്തരമുണ്ടായി. അതുവഴി തീര്‍ത്തും മതപരമോ, മതേതരമോ ആയ ഒരു രാഷ്ട്രസ്ഥാപനം സാധ്യമല്ലെന്ന് വന്നു. അതിനുപകരം, ന്യൂനപക്ഷങ്ങള്‍ക്കും സമൂഹത്തിലെ ഇതര ദുര്‍ബലവിഭാഗങ്ങള്‍ക്കും ന്യായമായ ഇടം നല്‍കിക്കൊണ്ടുള്ള സിവില്‍ സ്റ്റേറ്റിന്റെ (ദൗല മദനിയ) രൂപീകരണത്തിനാണവര്‍ പ്രയത്‌നിച്ചത്. എന്നാല്‍, ഇതുകൊണ്ടര്‍ഥമാക്കുന്നത് അവിടെ ഇസ്‌ലാമിക മൂല്യങ്ങളെ പാടെ തള്ളിയെന്നല്ല. മതത്തിന്റെ പങ്ക് വളരെ പ്രകടവും നിര്‍മാണാത്മകവുമായിരുന്നു. ഇസ്ലാമിന്റെയും ജനാധിപത്യത്തിന്റെയും ഘടകങ്ങളെ മുസ്‌ലിം ബ്രദര്‍ഹുഡ് അടിവരയിട്ടുകാണിക്കുകയും ഇസ്‌ലാമിക പ്രത്യയശാസ്ത്രവും, ജനാധിപത്യ ഭരണസംവിധാനവും വിരുദ്ധധ്രുവങ്ങളിലല്ലെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടായി. ജനാധിപത്യവത്കരണത്തിനായുള്ള വ്യത്യസ്ത തരത്തിലുള്ള മുറവിളികളെ മത-മതേതര സങ്കേതങ്ങളുടെ സംയോജനരീതികളിലൂടെ ഈജിപ്തിലെയും തുനീഷ്യയിലെയും ഇസ്‌ലാമിസ്റ്റുകള്‍ അഭിമുഖീകരിച്ചു. ഈ ശ്രമം രണ്ടു കാരണങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ടു: രാഷ്ട്രീയ ഘടന രൂപീകരിക്കാനുള്ള മാര്‍ഗമായി ജനാധിപത്യത്തെ അവലംബിച്ചെന്നതു കൊണ്ടും ഭരണനിര്‍വ്വഹണരീതിയായി ജനാധിപത്യത്തെ സ്വീകരിച്ചതിനാലും.'ഒടുക്കം കൊണ്ടെത്തിച്ചത് മുര്‍സിയുടെ പതനത്തിലാണെങ്കിലും, ഭരണഘടനയിന്മേലുള്ള സംവാദങ്ങള്‍ തെരുവുകളില്‍ പോലും സ്റ്റേറ്റിന്റെ നിയമവശങ്ങള്‍ ആരോഗ്യകരമായി ചര്‍ച്ചചെയ്യപ്പെടാന്‍ മാത്രം വിശാലമായിരുന്നു. അത്തരം സംവാദങ്ങളെ, പരസ്പരം മത്സരിക്കുകയും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുകയും ചെയ്യുന്ന രണ്ടു വിഭാഗങ്ങള്‍-ജനാധിപത്യവാദികള്‍, വിപ്ലവകാരികള്‍-തമ്മിലുള്ള അനിവാര്യമായ ഏറ്റുമുട്ടലായാണ് അറബ് വസന്താനന്തര രാജ്യങ്ങളിലെ സൂചനകളില്‍ നിന്ന്, അല്‍ ജസീറ കോളമിസ്റ്റ് ലാര്‍ബി സാദിഖി പറഞ്ഞത്. ഭീകരമായ അന്യായ രാഷ്ട്രീയം അരനൂറ്റാണ്ട് കാലം അരങ്ങുവാണ സമൂഹത്തില്‍ പടിക്കുപുറത്താക്കപ്പെട്ടിരുന്ന കാല്‍പനിക രാഷ്ട്രീയ ഭാവനകളില്‍ ജീവിക്കുന്നവരായിരുന്നു രണ്ടാമത്തെ കൂട്ടര്‍. സാദിഖിയുടെ നിരീക്ഷണത്തെ ബലപ്പെടുത്തുന്നതായിരുന്നു തലാല്‍ അസദിന്റെ പ്രസ്താവനയും. നമ്മള്‍ ഇപ്പോള്‍ ഈജിപ്തില്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നവയെ വിലയിരുത്താന്‍ നമ്മുടെ രാഷ്ട്രീയ ഭാവനകള്‍ക്ക് തികച്ചും വ്യത്യസ്ത മാനദണ്ഡങ്ങള്‍ ആവശ്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയത്തെ സാധ്യമാക്കുന്ന വ്യവസ്ഥാപിത സമ്പ്രദായങ്ങള്‍ക്കും ക്രമങ്ങള്‍ക്കും ഉടമ്പടികള്‍ക്കുമപ്പുറം പോകുന്നതായിരുന്നു ഈജിപ്തിലെ അനുഭവങ്ങള്‍. ഈ സന്ദര്‍ഭത്തിലെ ബൗദ്ധിക ചര്‍ച്ചകള്‍ എല്ലാംതന്നെ അറബ് വസന്തത്തിലെ വിവിധ വശങ്ങള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സിവില്‍ സ്റ്റേറ്റ് സങ്കല്‍പം മത-മതേതര രാഷ്ട്രീയ നിലപാടുകളെ പാടെ തള്ളിയെന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്. മതം-മതേതരം എന്ന വൈരുദ്ധ്യവും കൊളോണിയല്‍ നിര്‍മിതിയായ മോഡേണ്‍ സ്റ്റേറ്റും പ്രാദേശിക പ്രകൃതമായ സാമുദായികബോധവും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായിരുന്നു. സമാനമായി, അത്തരം സാമുദായിക ബോധത്തില്‍നിന്ന് ഉടലെടുത്ത ഇസ്‌ലാമിക് ദൗല പോലുള്ള രാഷ്ട്രീയ സംഘാടനരീതികളും മൊഡേണ്‍ സ്റ്റേറ്റും തമ്മിലും പ്രകടമായി തെന്നയുള്ള ഏറ്റുമുട്ടലുകളുണ്ടായിരുന്നു. ഇത്തരം ഏറ്റുമുട്ടലുകളില്‍ മതം-മതേതര ദ്വന്ദം/വൈരുദ്ധ്യം പ്രകടമായിരുന്നു. ലോകത്തെങ്ങുമുള്ള സമുദായത്തിനോടല്ലാതെ, ഒരു പ്രത്യേക ദേശത്തോട് ഉത്തരവാദിത്തമോ ബാധ്യതയോ ഇല്ലാത്ത പരമാധികാരമില്ലാത്ത താല്‍ക്കാലിക രാഷ്ട്രീയ സംവിധാനത്തിന്റെ പ്രതിനിധാനമാണ് ഇസ്‌ലാമിക് ദൗല. ഈജിപ്തിനെ സംബന്ധിച്ചിടത്തോളം, കൊളോണിയല്‍ ശക്തികള്‍ പടച്ചുണ്ടാക്കിയതും നവകൊളേണിയല്‍ ശക്തികള്‍ പിന്തുണക്കുകയും ചെയ്ത ഒരു രാഷ്ട്രീയ സ്ഥാപനമാണ് മതേതര രാഷ്ട്രം.
ഈ പശ്ചാത്തലത്തില്‍ പോസ്റ്റ് സെക്കുലറിസത്തിന്റെ കാഴ്ചപ്പാടിലൂടെ ദൗല മദനിയയുടെ സ്വഭാവത്തെ രാഷ്ട്രീയ വിശകലനം ചെയ്യുന്നതിന് പ്രാധാന്യമുണ്ടെന്നു കരുതുന്നു. ആ രീതിയിലുള്ള ഒരു ശ്രമമാണീ പ്രബന്ധം. പോസ്റ്റ് സെക്കുലര്‍ സ്‌റ്റേറ്റെന്നാല്‍ നിലവിലെ മതേതരവത്കരണ പ്രക്രിയകളെ പാടെ തള്ളിയുള്ളതും മധ്യകാല മതാധിപത്യലേക്കുള്ള തിരിച്ചുപോക്കുമല്ല. പകരം, മതേതരവത്കരണ പ്രക്രിയയിലുടനീളം മതമൂല്യങ്ങള്‍ക്ക് സ്ഥിരസ്ഥാനമുണ്ടായിരുന്നുവെന്നാണ് ഈ കാഴ്ചപ്പാട് മുന്‍കൂറായി സ്വീകരിക്കുന്നത്. ദേശത്തെ കുറിച്ച മതത്തിന്റെ നിര്‍ണയങ്ങളെ വിശദീകരിക്കുന്നതില്‍ മതേതരത്വം പരാജയപ്പെടുന്നു. മതത്തിന് മുകളില്‍ മതേതരത്വം അന്ധമായി സ്വീകരിച്ച മേല്‍ക്കോയ്മ വസ്തുതാപരമായ വിശകലനങ്ങളെ അസാധ്യമാക്കിത്തീര്‍ക്കുന്നുണ്ട്.
ഹാബര്‍മാസ് ഈ കാഴ്ചപ്പാടിനെ വിശദീകരിക്കുന്നത് മതേതരവത്കരണത്തിന്റെ അന്തരീക്ഷത്തിലും അനുസ്യൂതമായി തുടരുന്ന മതവിഭാഗങ്ങളുടെ സാന്നിധ്യമെന്നാണ്. സമകാലീന ജീവിതത്തില്‍ മതത്തെ വിശദമാക്കുന്നതില്‍ മതേതര സിദ്ധാന്തങ്ങള്‍ പരാജയപ്പെടുന്നതിനെ വിശകലനം ചെയ്തുകൊണ്ടാണ് പ്രമുഖ ആന്ത്രോപോളജിസ്റ്റായ തലാല്‍ അസദ് പോസ്റ്റ് സെക്കുലരിസത്തെ വികസിപ്പിക്കുന്നത്. ആധുനികതയുടെ ആവിര്‍ഭാവത്തില്‍ മതത്തിനു സംഭവിച്ച പിന്നോട്ടു പോക്കിനു ശേഷം പൊടുന്നനെ മതാഭിമുഖ്യം വര്‍ധിച്ചുവരുന്നതിനെയല്ല പോസ്റ്റ് സെക്കുലരിസമെന്നു വിളിക്കുന്നതെന്നും പകരം, നേരത്തേ മതത്തെ ഉപയോഗശൂന്യമെന്നു തീര്‍പ്പുകല്‍പിച്ചിരുന്നവരില്‍ പോലും ഇപ്പോഴുണ്ടായിട്ടുള്ള മനംമാറ്റത്തെയാണ് അത് കുറിക്കുന്നതെന്നും ഹാന്‍സ് ജോസ് പറയുന്നുണ്ട്. മതം പുതുതായൊരു അര്‍ത്ഥം കൈവരിച്ചെന്നോ, ശ്രദ്ധ നേടിയെന്നോ അല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. സ്ഥിരസാന്നിധ്യമായ മതസമൂഹങ്ങളെയും അവരുണ്ടാക്കുന്ന അനുരണനങ്ങളേയും നോക്കിക്കാണുന്നതില്‍ മതേതര മുഖ്യധാര കൈവരിച്ച മാറ്റത്തിലാണ് പോസ്റ്റ് സെക്കുലരിസം ശ്രദ്ധ പതിപ്പിക്കുന്നത്. ചുരുക്കത്തില്‍, കേന്ദ്രസ്ഥാനത്ത് ശാസ്ത്രയുക്തിയെ സ്ഥാപിച്ച മതേതര സ്റ്റേറ്റിലെ മതസമ്പ്രദായങ്ങളെ വിലയിരുത്തുന്നതില്‍ മതേതര ശ്രമങ്ങള്‍ക്ക് സംഭവിക്കുന്ന വീഴ്ചയെ ചര്‍ച്ചാവിധേയമാക്കുകയും, സ്റ്റേറ്റിനെ പരികല്‍പന ചെയ്യുന്നതില്‍ മതം നിര്‍വഹിക്കുന്ന പങ്കിനെ നോക്കിക്കാണുന്നതിന് ഒരു ബദല്‍ സമീപനം മുന്നോട്ടുവെക്കുകയുമാണ് പോസ്റ്റ് സെക്കുലരിസം ചെയ്യുന്നതെന്നും ഹാന്‍സ് ജോസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ, സമകാലീനാവസ്ഥയില്‍ വര്‍ധിച്ചുവരുന്ന സങ്കീര്‍ണതകളുടെ പശ്ചാത്തലത്തില്‍ മതവും മതേതരത്വവും അതിന്റെ മുന്‍ധാരണകളെ അഴിച്ചുപണിയേണ്ടതിന്റെ ആവശ്യകതയും പോസ്റ്റ് സെക്കുലരിസം സമര്‍ഥിക്കുന്നുണ്ട്. മതത്തിന് വര്‍ധിച്ചുവരുന്ന പ്രസക്തിയെ വെളിവാക്കുന്ന തരത്തില്‍ സിവില്‍ സ്റ്റേറ്റ് സ്ഥാപിക്കുന്നതിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, പൊതുമതേതര മൂല്യങ്ങളില്‍ ഊന്നി, മതത്തെയും മതേതരത്വത്തെയും കുറിച്ച മുന്‍ധാരണകളെ വീണ്ടുവിചാരത്തിനു വിധേയമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ പ്രബന്ധത്തിലൂടെ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നത്.

ആധുനിക അറബ് ഭരണകൂടവും സെക്കുലര്‍ ഹാങോവറും
         മതം, മതേതരമെന്ന ഭിന്നങ്ങളെ പ്രശ്‌നവത്കരിക്കുന്നതില്‍ മുര്‍സി ഭരണകൂടം പ്രധാന പങ്കുവഹിച്ചു. മതവും മതേതരത്വവും തമ്മിലുള്ള-യുക്തിയും വിശ്വാസവും എന്നോ, സാര്‍വത്രിക ജനാധിപത്യവും ഗോത്ര വിഭാഗീയതയും എന്നോ ഭിന്നിപ്പിക്കാനാവാത്ത, സങ്കീര്‍ണമായ ബന്ധമാണ് സിവില്‍ സ്റ്റേറ്റിന്റെ രൂപീകരണത്തിന്റെ അനുഭവങ്ങള്‍ തുറന്നുകാണിച്ചത്. വ്യാപനത്തിലും, സംഘാടനത്തിലും ദര്‍ശനത്തിലും മുസ്‌ലിം ബ്രദര്‍ഹുഡ് സങ്കല്‍പിച്ച രാഷ്ട്രീയ ഘടന യുറോപ്യന്‍ കാഴ്ചപ്പാടിലെ ദേശരാഷ്ട്രത്തിനു ഉള്‍കൊള്ളാനാവാത്തതായിരുന്നു. പൂര്‍വ്വ കൊളോണിയല്‍ ഇസ്‌ലാമിക രാഷ്ട്രീയ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയ ബ്രദര്‍ഹുഡ്, അറബ് ദേശീയത അടിസ്ഥാനമായ രാഷ്ട്രീയ ഭാവനകളെയും തള്ളിക്കളഞ്ഞു.
എല്ലാ സമൂഹങ്ങളും അനിവാര്യമായ ചരിത്രഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവരുമെന്നും ഒടുക്കം ആധുനിക മതേതര ദേശരാഷ്ട്ര മാതൃകയില്‍ എത്തുമെന്നുമായിരുന്നു എല്ലാ അറബ് നാടുകളിലെയും ആധുനികതയുടെ സിരാകേന്ദ്രങ്ങളില്‍ വിശ്വസിച്ചുപോന്നിരുന്നത്. അത്തരം മുന്നോട്ടുപോക്കില്‍ മതേതരവത്കരണത്തിന്റെ അനുബന്ധമായ ചില വിഷമഘട്ടങ്ങളെ തരണം ചെയ്ത് കടന്നുപോകേണ്ടതുണ്ടെന്നും അതില്‍ സംസ്‌കാരത്തിന്റെ മൗലികമായ പുനഃസംവിധാനം അനിവാര്യമാണെന്നുമായിരുന്നു ആധുനികതയോടൊപ്പം ഉടലെടുത്ത എല്ലാ സാമൂഹികരാഷ്ട്രീയ പദ്ധതികളും ആവര്‍ത്തിച്ചുറപ്പിച്ചിരുന്നത്. ഈ സംസ്‌കരണ യജ്ഞത്തില്‍ തദ്ദേശീയതയെ ആന്തരികവത്കരിച്ചുകൊണ്ട് അവിടത്തുകാരായ പ്രമാണികള്‍ മതേതരവത്കരണ പ്രക്രിയയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
കൊളോണിയല്‍ ബന്ധങ്ങളിലൂടെയാണ് ആധുനിക മതേതരത്വത്തിന്റെ ആശയങ്ങള്‍ അറബ് സമൂഹങ്ങളിലേക്കെത്തുന്നത്. യൂറോപ്പില്‍ വികസിച്ച ദേശീയതയുടെ സംഘബോധത്തില്‍നിന്ന് മാറ്റിനിര്‍ത്താനാവാത്ത ദേശരാഷ്ട്ര ബോധം പക്ഷേ, മേഖലയില്‍ രാഷ്ട്രത്തെ കുറിച്ചു നിലനിന്നിരുന്ന മറ്റെല്ലാ സങ്കല്‍പങ്ങളെയും തള്ളുകയായിരുന്നു.
ചരിത്രം പരിശോധിച്ചാല്‍ അറബ് രാഷ്ട്രങ്ങള്‍ ഉയിര്‍കൊണ്ടത് ബൗദ്ധിക വ്യവഹാരങ്ങളില്‍ ഇസ്‌ലാമിക രാഷ്ട്രീയത്തോട് അനുബന്ധമായി ഉമ്മത്ത് (ആഗോള മുസ്‌ലിം സമൂഹം) എന്ന പദത്തെയും അറബ് ദേശീയതയോട് അനുബന്ധമായി വതന്‍ (ദേശീയ സമൂഹം) എന്ന പദത്തെയും നിര്‍വചിക്കുന്നതില്‍ മുഴുകിയിരിക്കുന്ന സമയത്താണെന്ന് കാണാം. ഈ രണ്ട് ആശയങ്ങളുടെയും ചരിത്രപരമായ വ്യാപ്തി കാരണത്താല്‍ തുടക്ക കാലഘട്ടങ്ങളില്‍ അറബ് പണ്ഡിതര്‍ ജനങ്ങളുടെ സംയുക്ത രാഷ്ട്രീയ സംഘടനകളെയോ അതുമായി ബന്ധപ്പെട്ടുകിടക്കുന്ന അതിര്‍ത്തി, പ്രാദേശിക പരമാധികാര സങ്കല്‍പങ്ങളെയോ അംഗീകരിക്കാന്‍ ഉത്സാഹം കാണിച്ചിരുന്നില്ല. അല്‍പം ചില അപവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സ്റ്റേറ്റ് ഒരു ആശയമായും ഒരു ഘടനയായും അറബ് രാഷ്ട്രങ്ങള്‍ക്ക് പലപ്പോഴും തോന്നിയിട്ടില്ല. പൊതു രാഷ്ട്രീയധാരയില്‍ സ്റ്റേറ്റ് ആധുനികവല്‍ക്കരണത്തിനും മതേതരവല്‍ക്കരണത്തിനും വിധേയമാവാത്തതിനാല്‍ 'ഉമ്മത്തിനും' 'വതനും' സവിശേഷ സ്ഥാനം അറബ് സാമൂഹ്യ മത മേഖലകളില്‍ ലഭിച്ചു. 'മതേതര' സ്റ്റേറ്റും അതിലെ മത മൂല്യങ്ങള്‍ ഉള്ള ജനങ്ങളും തമ്മിലുള്ള ബന്ധത്തെ ഈ സാമൂഹ്യ സാംസ്‌കാരിക ഒത്തു പൊരുത്തമില്ലായ്മ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണുണ്ടായത്. ആദ്യമൊക്കെ ഔപചാരികതയില്‍ ബദ്ധശ്രദ്ധരായും പിന്നീട് ഘടനാപരതയില്‍ ഊന്നിയും അറബികള്‍ പലപ്പോഴായി കടം വാങ്ങിയതാവട്ടെ സ്റ്റേറ്റുമായി ബന്ധപ്പെട്ട പാശ്ചാത്യ ആശയങ്ങളാണ്. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും നിലവില്‍വന്ന പുതിയ രാഷ്ട്രങ്ങള്‍ ആവട്ടെ, കൊളോണിയല്‍ അധികാരികള്‍ക്ക് പരിചിതമായ 'വ്യാകരണങ്ങള്‍ക്ക്' അനുസൃതമായി വരക്കപ്പെട്ട കള്ളികളില്‍ ഒതുക്കപ്പെട്ടവരാണ്.
ഇത്തരുണത്തില്‍, ഈജിപ്ഷ്യന്‍ രാഷ്ട്രീയ ചിന്തകന്‍ ഹാമിദ് റാബിയുടെ നിരീക്ഷണങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ആധുനിക അറബ് സ്റ്റേറ്റിന്റെ അടിസ്ഥാന ആശയവല്‍ക്കരണത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു റാബി. ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പത്തെ യൂറോപ്യന്‍ ജ്ഞാന പാരമ്പര്യ മൂശയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതിന്റെ വ്യര്‍ത്ഥത അദ്ദേഹം മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അറബ് ലോകത്ത് ദേശരാഷ്ട്ര സങ്കല്‍പം ഉദ്ഭവിച്ചത് കത്തോലിക്ക് മാതൃകയെ അനുകരിച്ചു കൊണ്ടാണ്. സ്റ്റേറ്റും പൗരനും തമ്മില്‍ ഇടനില തടസ്സങ്ങള്‍ ഇല്ലാത്ത നേരിട്ടുള്ള ബന്ധം സൃഷ്ടിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യമായി കണ്ടിരുന്നത്. യഥാര്‍ത്ഥത്തില്‍ ചര്‍ച്ചിനെ ഒരു നിശ്ശബ്ദ കാണിയാക്കി നിര്‍ത്തുക വഴി എല്ലാ മത ശക്തികളെയും ശുദ്ധീകരിക്കുകയും ഒരു പ്രത്യേക മതത്തിന്റെയോ മതവിഭാഗത്തിന്റെയോ അധീശത്വം ഉറപ്പാക്കാനാണ് യുറോപ്യന്‍ മോഡല്‍ ശ്രമിച്ചത്. ഈ പൊരുത്തക്കേടിന്റെ ഉത്തമ ഉദാഹരണമാണ് ഇസ്‌ലാമിക മോഡലിന്റെ സ്വാധീനം ഇല്ലാതിരുന്ന ആധുനിക അറബ് രാഷ്ട്രങ്ങള്‍. ഇസ്‌ലാമിക മോഡലിന്റെ അനുധാവനത്തിലൂടെ സാംസ്‌കാരിക പൈതൃകത്തിന്റെ (തുറാത്ത്) ഉത്ഥാനവും കൃത്യമായ രാഷ്ട്രീയ ലക്ഷ്യവും തെളിഞ്ഞുവരുമായിരുന്നിട്ടു കൂടി ഈ മോഡല്‍ ചര്‍ച്ചയായത് പോലുമില്ല.
വോട്ടിംഗ്, ഔപചാരിക വ്യവസ്ഥിതകള്‍, സംഘടിത പ്രതിപക്ഷം പോലുള്ള പദാവലികള്‍ അപരിചിതമായിരുന്നെങ്കിലും രാഷ്ട്രീയ സന്തുലിതാവസ്ഥ നില നിര്‍ത്താന്‍ ഉതകുന്ന ആശയാദര്‍ശങ്ങളാല്‍ സമ്പുഷ്ടമായിരുന്നു ഇസ്‌ലാമിക മോഡലിന്റെ രാഷ്ട്രീയ അടിത്തറ. റാബി മുന്നോട്ടു വെക്കുന്നത് ഖലീഫക്കും ഉലമാക്കള്‍ക്കും ന്യായാധിപന്മാര്‍ക്കും ഇടയിലുള്ള നിയന്ത്രണം, മിതത്വം പോലുള്ള ആശയങ്ങളുടെ സങ്കലനമാണ്. ആ അര്‍ത്ഥത്തില്‍ ഇസ്‌ലാമിക ഭരണ സംവിധാനത്തെ വ്യവസ്ഥാപിത അതിര്‍ വരമ്പുകളും പരമാധികാരവും ഘടകമാക്കിയ യൂറോപ്യന്‍ സാഹചര്യത്തിലേക്ക് പരാവര്‍ത്തനം ചെയ്യാനാവില്ല. ഒരു സംഘടിത മതരാഷ്ട്രീയ സമൂഹം എന്നോ 'ഉമ്മത്ത്' എന്നോ ഇതിനെ വ്യംഗ്യാര്‍ഥത്തില്‍ സൂചിപ്പിക്കാവുന്നതാണ്. അപ്രകാരം, യുറോപ്യന്‍ ജ്ഞാനോദയ പാരമ്പര്യത്തിന്റെ വിമോചന വശത്തിന് ഇസ്‌ലാമിന്റെ കാഴ്ചപ്പാടിലുള്ള നൈതിക സങ്കല്‍പങ്ങളെ മറികടക്കാന്‍ കഴിഞ്ഞതുമില്ല. സ്റ്റേറ്റ് വ്യവഹാരങ്ങളില്‍ കേന്ദ്ര സ്ഥാനത്താണ് പാശ്ചാത്യ ലോകത്തെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം, വിമോചനം പോലുള്ള ആശയങ്ങള്‍. ഇസ്‌ലാമിക വിചാരധാരയില്‍ ഈ സങ്കല്‍പങ്ങള്‍ക്ക് അല്‍പം കൂടി കടന്ന് ദേശ രാഷ്ട്ര ആശയങ്ങള്‍ക്ക് അപ്പുറത്തുള്ള സ്ഥാനമാണുള്ളത്.
അറബ് ഇസ്‌ലാമിക ലോകത്ത് സ്റ്റേറ്റ് പരമ്പരാഗത രീതിയില്‍ പരുവപ്പെട്ടത് ചരിത്രപരമായിത്തന്നെ രണ്ടു പ്രക്രിയകള്‍ കാരണത്താലാണെന്ന് കാണാം. സുല്‍ത്താനിക രാഷ്ട്രത്തിന്റെ സ്വാഭാവിക പരിണാമവും പരിഷ്‌കരണ പ്രക്രിയയുമാണവ. ഇതില്‍ത്തന്നെ, അവസാനം പറഞ്ഞത് ഭരണ സംവിധാനങ്ങളുടെ മാറ്റം പോലുള്ള ഭൗതിക പരിവര്‍ത്തനങ്ങളുടെ ഫലമായി വന്നുഭവിച്ചതാണ്. യുറോപ്പില്‍ നിന്നാണ് മേല്‍ച്ചൊന്ന പരിഷ്‌കരണ പ്രക്രിയ ഏറിയകൂറും കടംകൊണ്ടിട്ടുള്ളത്. തുര്‍ക്കി സുല്‍ത്താന്‍ തന്റെ അധികാരം ആഭ്യന്തരമായും ബാഹ്യമായും ഏകീകരിക്കുന്നതിനുവേണ്ടി അവതരിപ്പിച്ച തന്‍സീമതിലൂടെയാണ് ഈ പാരമ്പര്യം ആദ്യമായി പുറത്തുവരുന്നത്. ഇത് പിന്നീട് കൊളോണിയലിസ്റ്റുകള്‍ അവരുടെ സാമ്രാജ്യത്വ മാര്‍ക്കറ്റ് വിപുലീകരിക്കാനും പ്രാദേശിക അധികാരഘടനയെ ബലഹീനമാക്കാനും ഉപയോഗിച്ചുപോന്നു. തങ്ങളുടെ സാമ്രാജ്യത്വ മാര്‍ക്കറ്റിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ മാത്രമല്ല അക്കാലയളവില്‍ ഉയിര്‍കൊണ്ട സാമൂഹ്യ പ്രമാണിവര്‍ഗത്തെ തങ്ങളുടെ രാഷ്ട്രീയ മണ്ഡലത്തില്‍ ഉള്‍ക്കൊള്ളിക്കാനും ആധുനിക സ്റ്റേറ്റ് കൊളോണിയലിസ്റ്റുകളെ സഹായിച്ചു.
എന്നിരുന്നാലും, ഒരു ഇറക്കുമതിച്ചരക്കായി ആധുനിക സ്റ്റേറ്റ് നിലവില്‍ വന്നത് ഒട്ടൊക്കെ കൊളോണിയല്‍ സമ്മര്‍ദ ഫലമായും ഒട്ടൊക്കെ പാശ്ചാത്യ, അനുകരണത്തിന്റെ ഫലമായുമാണ്. പക്ഷേ, ഇതിന് ജനപ്രിയ രാഷ്ട്രീയ സങ്കല്‍പ്പനങ്ങളെ ആവാഹിക്കാനോ അതിലൂടെ ഇതിനോടുള്ള അറബികളുടെ മനോഭാവം മാറ്റിയെടുക്കാനോ കഴിയാതെ പോയി. അക്കാലയളവിലെ അറബ് രാഷ്ട്രീയ സങ്കല്‍പനങ്ങള്‍ സ്റ്റേറ്റ് എന്ന ആശയത്തെക്കാളും കുറച്ചുകൂടി സങ്കീര്‍ണമായ സാംസ്‌കാരിക ഐക്യത്തിലേക്കും രാഷ്ട്രീയ ഉദ്ഗ്രഥനത്തിലേക്കും തിരിയുകയായിരുന്നു. മത രാഷ്ട്രീയ അധിഷ്ഠിതമായ പാന്‍ ഇസ്‌ലാമിസവും ഭാഷസംസ്‌കാരാധിഷ്ഠിതമായ അറബ് ദേശീയതയും ആയിരുന്നു അറബ് മുഖ്യധാരയില്‍ ഇടംപിടിക്കാന്‍ കിട മത്സരം നടത്തിയ രണ്ട് പ്രധാന പ്രത്യയശാസ്ത്രങ്ങള്‍. ആദ്യത്തേത് വ്യാപ്തി നിറഞ്ഞ ഇസ്‌ലാമിക ആശയമായ 'ഉമ്മത്തിനെ' പ്രതിനിധാനം ചെയ്യുമ്പോള്‍ രണ്ടാമത്തേത് ഒട്ടുവളരെ ഉള്‍ക്കൊള്ളല്‍ ശേഷിയുള്ള മതേതര ദേശീയതയുടെ ആകത്തുകയായ 'വതന്‍' എന്ന ആശയത്തെ പ്രതിനിധീകരിക്കുന്നു. രണ്ടിനും ജീവസ്സുറ്റ പ്രചാരം ഉണ്ട്. അറബികള്‍ രാഷ്ട്രീയത്തെ ഒരു പ്രദേശരഹിത വിഷയമായി കാണുന്നതാണ് ഇതിനു കാരണം. ആധുനിക സ്റ്റേറ്റിന്റെ 'വൈദേശികത' അതിനെ വൈകാരികമായി അടയാളപ്പെടുത്തുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിച്ചുകൊണ്ടേയിരുന്നു.
ഈജിപ്തിന്റെ ചരിത്രത്തില്‍ ധാരാളം സമഷ്ടികള്‍ ഉണ്ടെങ്കിലും 1805 ല്‍ അധികാരത്തില്‍ വന്ന മുഹമ്മദ് അലിയുടെ ഭരണകാലം മുതല്‍ ഇങ്ങോട്ടാണ് ആധുനിക കാഴ്ചപ്പാടിലുള്ള ബാഹ്യമായ പരമാധികാരത്തിലും ആഭ്യന്തരമായി നിയമവ്യവസ്ഥയും സ്റ്റേറ്റ് ചരിത്രത്തിന്റെ ഭാഗമാവുന്നത്. ആദ്യമായി പൗരത്വം എന്ന ആശയവും ആധുനിക വിദ്യാഭ്യാസ രീതിയും, ദേശീയ സൈന്യവും, കണിശതയുള്ള ഉദ്യോഗസ്ഥഘടനയും, രാജ്യ നിയന്ത്രണത്തില്‍ ഉള്ള വ്യാവസായിക കൂട്ടായ്മയും, രാഷ്ട്രീയ പ്രമാണിവര്‍ഗത്തിന്റെ ആവിര്‍ഭാവവും എല്ലാം ഉണ്ടാവുന്നത് ഇദ്ദേഹത്തിന്റെ കാലത്താണ്. മുഹമ്മദ് അലിയുടെ 'ആധുനിക സ്റ്റേറ്റ്' നിര്‍മിതിക്കായുള്ള ശ്രമം ഓട്ടോമന്‍ ഭരണത്തില്‍ നിലവിലുണ്ടായിരുന്ന രീതികളുടെയും യൂറോപ്യന്‍ അനുഭവങ്ങളുടെയും ഘടകങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടുള്ളതായിരുന്നു. സ്റ്റേറ്റ് ഘടന 1840-ലെ അദ്ദേഹത്തിന്റെ പരാജയ ശേഷം വന്ന ഭരണകര്‍ത്താക്കളും പിന്തുടരുകയുണ്ടായി. പക്ഷേ, ആഭ്യന്തര കലഹങ്ങളും ഭീഷണികളും ക്രമേണ സ്‌റ്റേറ്റ് ഘടനയുടെ പതനത്തിലേക്കും അത് പിന്നീട് 1882-ലെ ബ്രിട്ടീഷ് അധിനിവേശത്തിലേക്കും വഴിവെച്ചു.
'ശുദ്ധമായ മതേതര' രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് പൂരകമായി സ്റ്റേറ്റിന്റെ സാംസ്‌കാരിക ലക്ഷ്യങ്ങളെ കൈയൊഴിയുന്നതാണ് പോസ്റ്റ് കൊളോണിയല്‍ കാലഘട്ടത്തിലെ ആധുനിക സ്റ്റേറ്റ് രൂപീകരണത്തിനു ശേഷം കാണാന്‍ കഴിഞ്ഞത്. രാഷ്ട്രീയ മേഖലകളില്‍ ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ കൃത്യമായ മേധാവിത്വം നേടിയിട്ടും മതേതര ആധുനിക സ്റ്റേറ്റിന്റെ കാല്‍പനികഭാവം ഇവിടത്തെ രാഷ്ട്രീയ മേലാളരുടെ സങ്കല്‍പ്പങ്ങളെ ആകര്‍ഷിച്ചു കൊണ്ടേ ഇരുന്നു. ആധുനിക ദേശരാഷ്ട്രങ്ങള്‍ അടങ്ങിയ പശ്ചിമേഷ്യയുടെയും വടക്കന്‍ ആഫ്രിക്കയുടെയും വളര്‍ച്ച മതവും പൊതു ഇടങ്ങളും തമ്മില്‍ വ്യക്തമായ അന്തരം സൂക്ഷിച്ചു കൊണ്ട് പാശ്ചാത്യ ലോകം വളര്‍ത്തിയെടുത്ത 'മതേതരവല്‍കരണ പ്രബന്ധവുമായി' ബന്ധിപ്പിക്കാനാണ് ശ്രമിച്ചത്. 'ആധുനിക സ്റ്റേറ്റ്' രൂപവല്‍കരണത്തിനായി ഓരോ സമൂഹത്തിന്റെയും സാംസ്‌കാരികവും മതപരവുമായ പ്രത്യേകതകളെ സൗകര്യപൂര്‍വം തള്ളിക്കളഞ്ഞു.
പ്രത്യയശാസ്ത്ര അടിത്തറയില്‍ കൊളോണിയലിസത്തിന്റെ ദൂഷ്യ ഫലങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും, കൊളോണിയല്‍ ആശയാധിഷ്ഠിതമായ സ്റ്റേറ്റിനു പകരംവെക്കാന്‍ ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് വസ്തുത. ഈ കഴിവില്ലായ്മ അറബ് ദേശീയതയുടെ ജനപ്രിയ പ്രത്യയ ശാസ്ത്രവും കോളനികളായി സൃഷ്ടിക്കപ്പെട്ട അറബ് രാഷ്ട്രങ്ങള്‍ തമ്മിലും ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ എത്തിച്ചു. ഉദാഹരണത്തിന്, ജമാല്‍ അബ്ദുന്നാസര്‍ അറബ് ദേശീയതയില്‍ നിന്നും കോളോണിയല്‍ മതേതര ആധുനിക സ്റ്റേറ്റില്‍ നിന്നും അംഗീകാരം നേടാന്‍ ശ്രമിച്ചു. ഒരു 'ആധുനിക' ഈജിപ്ത് ഉണ്ടാക്കുവാന്‍ ഇസ്‌ലാമിനെ കൂട്ടുപിടിക്കുകയും ചെയ്തു.
നാസര്‍രാഷ്ട്രം ആധുനിക മതേതരത്വ സ്വാധീനം ഉള്ളതും അറബ് സോഷ്യലിസ്റ്റ് രാഷ്ട്രവും ആയിരുന്നു. ഈ രണ്ട് വിരുദ്ധ ആശയങ്ങള്‍ ഒരു രമ്യതയില്‍ ഒത്തുചേര്‍ന്ന് നിന്നു ഇവിടെ. ഇതിന്റെ സോഷ്യലിസ്റ്റ് ഘടകം പല മൂന്നാം ലോകരാഷ്ട്രങ്ങളെയും ആകര്‍ഷിച്ചു. പക്ഷേ, ഈജിപ്തുകാര്‍ക്ക് ഇതില്‍ എപ്പോഴും ഒരു അപരത്വം അനുഭവപ്പെട്ടു. ഇതിന്റെ സ്റ്റേറ്റ് മെഷിനറികളും വിഭവങ്ങളും ജനങ്ങളുടെ നിത്യ ജീവിതവുമായി കെട്ടുപിണഞ്ഞു കിടന്നെങ്കിലും, സമൂഹവുമായി ഒരു വൈകാരിക അടുപ്പം ഉണ്ടാക്കുന്നതില്‍ സ്റ്റേറ്റ് പരാജയമായിരുന്നു. അറബ് ദേശീയത എന്ന ആകര്‍ഷക പദം കൊണ്ടൊന്നും യൂറോപ്യന്‍ അനുഭവങ്ങളുടെ ഘടനയില്‍ വാര്‍ത്തെടുക്കപ്പെട്ട ആധുനിക സ്റ്റേറ്റിനു പകരം ആശയം കൊണ്ടുവരാന്‍ നാസറിനായില്ല.
തുടക്കത്തില്‍ അറബ് സോഷ്യലിസ്റ്റ് പശ്ചാത്തലത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ആധുനിക ലിബറല്‍ സ്റ്റേറ്റിനെ അതിന്റെ മാതൃകയാക്കി നാസര്‍ പിന്നീട് കൊണ്ടുവന്നതാവട്ടെ ഒരു ഏകാധിപത്യ ഭരണമാണ്. മതേതര ആധുനിക സ്റ്റേറ്റ് സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് വിടുതല്‍ നേടാനാവാതെ തത്ത്വത്തില്‍ കൊളോണിയലായി സൃഷ്ടിക്കപ്പെട്ട ദേശ രാഷ്ട്രത്തിന്റെയും അറബ് ദേശീയതയുടെയും പരിചിതമല്ലാത്ത ഒരു സന്തുലനത്തിലാണ് നാസര്‍ ഭരണം കലാശിച്ചത്. ഈ ഒരു ചേര്‍ച്ച ഇല്ലായ്മ കിരാതമായ രീതിയില്‍ ജനങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു ഭരണസംവിധാനത്തിലാണ് എത്തിച്ചേര്‍ന്നത്. കമ്യൂണിസ്റ്റുകളും മുസ്‌ലിംകളുമാണ് ഈ അടിച്ചമര്‍ത്തല്‍ ഭീകരതക്ക് കൂടുതലായും പാത്രമായത്.
സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്രം അറബ് സോഷ്യലിസത്തില്‍നിന്ന് നിയോലിബറലിസത്തിലേക്ക് മാറിയെങ്കിലും വളഞ്ഞ വഴിയിലൂടെയെങ്കിലും മതേതരത്വവും നിയോലിബറലിസവും ബന്ധിതമായി കിടക്കുന്നു എന്നതിന്റെ ഉദാഹരണമായി സാദത്ത്ഭരണം മാറി. പ്രായോഗിക തലത്തിലും ആശയ തലത്തിലും മതവും സ്റ്റേറ്റും വേര്‍തിരിച്ചുകൊണ്ട് ഭരിക്കുന്ന രൂപം ആണ് സാദത്ത് പിന്തുടര്‍ന്നത്. ഇത് ആധുനിക 'മതേതര' അറബ് സ്റ്റേറ്റിന്റെ സവിശേഷത എകാധിപത്യവുമായുളള അതിന്റെ സ്വാഭാവിക അടുപ്പം വരച്ചു കാണിച്ചുതരുന്നുമുണ്ട്. മതത്തെയും സ്റ്റേറ്റിനെയും വേര്‍പെടുത്തി ഏകാധിപത്യം ചമച്ച സാദത്ത് ഭരണകൂടം ജനങ്ങളുടെ മതവിശ്വാസത്തെ കടിഞ്ഞാണിടുന്ന 'മതേതരത്വത്തെ' ഇതിനായി വിദഗ്ദമായി ഉപയോഗിക്കുകയും ചെയ്തു.
മുബാറക്കിന്റെ കീഴിലുള്ള മതേതര സ്റ്റേറ്റ് ഇതേ നിഷേധാര്‍ത്ഥത്തില്‍ തന്നെയാണ് അതിന്റെ നയങ്ങള്‍ അമേരിക്കക്കുമുന്നില്‍ അടിയറവെച്ചത്. ഇതിനു പകരമായി, അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം ലഭിച്ചപ്പോള്‍ ഭരണം കൂടുതല്‍ കൂടുതല്‍ അടിച്ചമര്‍ത്തല്‍ സ്വഭാവവും ഏകാധിപത്യ പ്രവണതയും കാണിച്ചുകൊണ്ടിരുന്നു. സൈനികശക്തി കൈമുതലാക്കി അമേരിക്കയോടും മറ്റു പാശ്ചാത്യ ശക്തികളോടുമുള്ള സാമ്പത്തിക, രാഷ്ട്രീയ വിധേയത്വം ത്വരിതപ്പെടുത്തി 'മതേതര' മുബാറക് ഭരണം മുന്നോട്ടുപോയി. മതേതരത്വം അടിച്ചേല്‍പ്പിച്ചും ഇസ്‌ലാമിനെ അകറ്റിനിര്‍ത്തിയുമാണ് ഇത് അദ്ദേഹം നടപ്പാക്കിയത് എന്നു മാത്രം. ലിബറല്‍ പക്ഷത്തുനിന്നും ഇടതുപക്ഷത്തു നിന്നുമുള്ള തന്ത്രപരമായ പിന്തുണ നേടിയാണ് മതേതര വല്‍കരണം മുബാറക് നടപ്പില്‍വരുത്തിയത്. അതുവഴി തന്റെ ഏകാധിപത്യ മോഹങ്ങളും. ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളാണ് ഇതില്‍ ബലിയാടുകള്‍ ആയത്. തലാല്‍ അസദിന്റെ അഭിപ്രായത്തില്‍ ഇടതുലിബറല്‍ നിരൂപകര്‍ ഈജിപ്ഷ്യന്‍ സമൂഹത്തിലെ വിഭാഗീയതക്ക് പരിഹാരം, രാഷ്ട്രീയവും മതവും കൂടിക്കലരാതിരിക്കലാണ് എന്ന പക്ഷക്കാരായിരുന്നു. അമേരിക്കന്‍ നേതൃത്വത്തില്‍ അരങ്ങേറിയ 'ഭീകരതക്കെതിരായ യുദ്ധവും' രാഷ്ട്ര സുരക്ഷയും മുബാറക് തന്റെ ഭരണ മോഹങ്ങള്‍ക്ക് സമര്‍ത്ഥമായ മറയാക്കി.
'മതേതര' സ്റ്റേറ്റില്‍ അടങ്ങിയിരിക്കുന്ന ഈ പ്രവണതകള്‍ അറബ്‌വസന്താനന്തര കാലത്തെ ഭരണകൂടസ്‌പോണ്‍സര്‍ അതിക്രമങ്ങള്‍ക്ക് ന്യായീകരണമായി കൊണ്ടു വന്നത് വലിയ വിമര്‍ശനത്തിനിടയാക്കി. നാസറിന്റെ കാലം മുതല്‍ അനുവര്‍ത്തിച്ചുപോരുന്ന സ്റ്റേറ്റ് സമം മതേതര വല്‍കരണ വ്യവസ്ഥ എന്നതില്‍നിന്ന് മാറി മതവല്‍കൃത ആധുനിക രഹിത കാഴ്ച്ചപാടുകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. ബ്രദര്‍ഹുഡ് മുന്നോട്ടുവെച്ച സിവില്‍ സമൂഹ പരികല്‍പന ദൈവശാസ്ത്ര ഘടകങ്ങളില്‍ ശ്രദ്ധ ഊന്നാതെ മതത്തിന്റെ വൈവിധ്യ മാനങ്ങള്‍ക്ക് ഇടം കൊടുക്കുന്നതായിരുന്നു. തങ്ങളുടെ ലക്ഷ്യം ശരീഅത്ത് അനുസരിച്ചുള്ള ഒരു സ്റ്റേറ്റ് ആണെന്ന് ബ്രദര്‍ഹുഡ് പരസ്യമായിത്തന്നെ പറഞ്ഞപ്പോള്‍ മുര്‍സി, പാശ്ചാത്യഅനുകൂല ഏകാധിപത്യ ഭരണത്തിനെതിരെ നിലകൊണ്ടു. ജനുവരി 25 ലെ വിപ്ലവം അതിജീവിച്ച 'മതേതര' ശക്തികളും അവരുടെ കണ്ണികളായ സൈന്യം, മീഡിയ, കച്ചവടനീതിന്യായ സമൂഹവും ആയിരുന്നു ഒരു സിവില്‍ സമൂഹം ഉണ്ടാക്കുന്നതിനു തടസ്സമായി വന്ന പ്രധാന ശക്തികള്‍.
ആഴത്തില്‍ ഇറങ്ങി പരിശോധിച്ചാല്‍, SCAF ന്റെ വിപ്ലവത്തിനെതിരുള്ള ഭീഷണിയെ ശക്തമായി ചെറുത്തുനിന്ന സിവില്‍ സമൂഹ പ്രസ്ഥാനങ്ങള്‍ എന്തുകൊണ്ടാണ്, ആദ്യമായി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ സൈന്യം അട്ടിമറിക്കുമ്പോള്‍ മൗനംദീക്ഷിച്ചത് എന്നത് എളുപ്പം മനസ്സിലാക്കാന്‍ കഴിയും. കഴിഞ്ഞ ആറ് ദശകങ്ങളിലായി പല തരത്തിലുമുള്ള സിവില്‍ സമൂഹ ഗ്രൂപ്പുകള്‍ ഉണ്ടാവുകയും നിലനിന്നുപോവുകയും മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ടെങ്കിലും, സ്റ്റേറ്റ് അതിന്റെ മതേതര പരിധിക്കുള്ളില്‍ ഉള്‍ക്കൊള്ളാന്‍ വളരെ കുറച്ച് വിഭാഗങ്ങളെയേ അനുവദിച്ചുള്ളൂ. ഒട്ടുമിക്ക ഗ്രൂപ്പുകളെയും ഇല്ലാതാക്കാനോ തളര്‍ത്താനോ ആണ് ശ്രമിച്ചിട്ടുള്ളത്. അതില്‍ത്തന്നെ, ലിബറല്‍ മധ്യവര്‍ത്തി സമൂഹങ്ങളുടെ ഘടകങ്ങള്‍ സ്റ്റേറ്റിന്റെ ലാളനക്ക് പാത്രമായവരാണ്. വിപ്ലവം ഉണ്ടായപ്പോള്‍ ഈ ബന്ധം അവര്‍ എളുപ്പം പൊട്ടിച്ചെറിഞ്ഞെങ്കിലും.
അധികാരത്തില്‍ ഉണ്ടായിരുന്ന മുസ്‌ലിം ബ്രദര്‍ഹുഡ് മതേതര ലോക വീക്ഷണത്തിനും മതവിശ്വാസങ്ങള്‍ക്കും ഇടയില്‍ ഉണ്ടായിരുന്ന വിടവ് എന്ന പാരമ്പര്യ ബോധത്തെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. അവരുടെ കാഴ്ചപ്പാടിലുള്ള സിവില്‍ സ്റ്റേറ്റില്‍ അത്രമേല്‍ വിരുദ്ധങ്ങളല്ല മതവും മതേതരത്വവും.

ദൗലത് മദീനയുടെ സംവാദാത്മകത
         അറബ് വസന്തം ചുരുങ്ങിയ കാലത്തേക്കാണെങ്കിലും കൊളോണിയല്‍ ശക്തികളാല്‍ നിര്‍മിക്കപ്പെട്ടതും നവകൊളോണിയല്‍ ശക്തികളുടെ സഹായത്താല്‍ നിലനിന്നിരുന്നതുമായ മേഖലകളുടെ ജനപ്രീതി നഷ്ടപ്പെടുത്തുവാന്‍ കാരണമായി. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും പാശ്ചാത്യ നിര്‍മിത തത്ത്വങ്ങള്‍ക്ക് പകരം പാശ്ചാത്യേതര (പ്രധാനമായും ഇസ്‌ലാമിക) തത്ത്വങ്ങളെ പുല്‍കാന്‍ ഉള്ള പ്രവണത ഉണ്ടായി. തുര്‍ക്കി പോലുള്ള ഒരു സിവില്‍ സമൂഹ ഘടന 'മതേതരത്വത്തിന് വെല്ലുവിളി സൃഷ്ടിച്ച് മുന്‍ മാതൃക ആയിട്ടുണ്ടെങ്കിലും ഈജിപ്തും തുനീഷ്യയുമാണ് അത് കൂടുതല്‍ പ്രശസ്തമാക്കുന്നത്.
ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഉള്ള സ്റ്റേറ്റ് (ദൗലത്) ധാര്‍മിക തത്ത്വങ്ങളില്‍ അധിഷ്ഠിതമായതും ജനക്ഷേമ രാഷ്ട്രീയ അടിത്തറയുള്ളതും സ്വകാര്യ, പൊതു എന്നീ വേര്‍തിരിവുകള്‍ ഇല്ലാത്തതും തത്ത്വസംഹിത അടിസ്ഥാനത്തില്‍ ഉള്ളതും ആണ്. സംസ്‌കാരം ഇതിന്റെ നിര്‍ബന്ധ ഘടകവും അതിന്റെ സംസ്ഥാപനത്തിലൂടെ രാഷ്ട്രീയ മാതൃക ഉദ്ദേശിക്കുന്നില്ലെങ്കില്‍ പോലും സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കല്‍ തീര്‍ച്ചയായും ഇതിന്റെ ലക്ഷ്യമാണ്. സ്റ്റേറ്റിന്റെ പ്രവര്‍ത്തനം നിര്‍ണിത അതിര്‍ത്തിക്കുള്ളില്‍ ഒതുക്കുന്നതും രാഷ്ട്രീയ പരിധിക്കുള്ളില്‍ തളച്ചിടുന്നതും സ്റ്റേറ്റ് പരമാധികാരം എന്ന സങ്കല്‍പവും ഇസ്‌ലാമിന് അന്യമാണ്. ബര്‍ഹൗട്ടി ഇസ്‌ലാമിക സ്റ്റേറ്റിനെ നിര്‍വചിക്കുന്നത് പരമാധികാരരഹിത, പ്രാദേശിക പരിധിവിമുക്ത താല്‍ക്കാലിക രാഷ്ട്രീയ വ്യവസ്ഥ എന്നാണ്. ഈ വ്യവസ്ഥ ബര്‍ഹൗട്ടിയുടെ അഭിപ്രായത്തില്‍ കേവല അതിര്‍ത്തി നിര്‍ണിതമല്ലാത്തതും ദേശ, ഭാഷ പരിധിക്കപ്പുറമുള്ളതും മുസ്‌ലിം സമൂഹത്തിനോട് (ഉമ്മത്തിനോട്) മൊത്തത്തില്‍ ഉത്തരവാദിത്തം ഉള്ളതുമാണ്.
അറബ് സാഹചര്യത്തില്‍ ഒരു അര്‍ത്ഥവും യുറോപ്യന്‍ സാഹചര്യത്തില്‍ മറ്റൊരു അര്‍ത്ഥവും ആണ് ഭാഷാപരമായി ദൗലത്തിനുള്ളത്. ഇസ്‌ലാമിക ചരിത്രത്തിന്റെ തന്നെ പ്രത്യേകതയാണ് ഉമ്മത്തും ദൗലത്തും തമ്മിലുള്ള തന്മയീ ഭാവം. ഏതിനാണ് ഇസ്‌ലാമിക നിയമം നടപ്പാക്കുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്തം എന്ന ചോദ്യത്തിന് ചരിത്രപരമായി തന്നെ വലിയ കഥകള്‍ പറയാനുണ്ട്. ദൗലത്ത് മദനിയ്യ എന്നത് പരമ്പരാഗത അര്‍ത്ഥത്തില്‍ തന്നെ മത രാഷ്ട്ര സങ്കല്‍പ്പത്തില്‍ നിന്നുള്ള വ്യതിചലനമാണ്. പക്ഷേ, ഇതിനെ കുറച്ചുകൂടി വിശാല അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ മതേതരത്വവും തിയോക്രസിയും ഉയര്‍ത്തുന്ന വെല്ലുവിളിക്കുള്ള ശരിയായ പ്രത്യുത്തരമാണ് അതെന്നു മനസ്സിലാക്കാം.
സൈദ്ധാന്തികമായി ദൗലത് മദനിയ്യ മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു ലിഖിത ഭരണഘടന എഴുതാന്‍ കെല്‍പുള്ള സാങ്കേതിക വിദഗ്ധരുടെ കയ്യില്‍ ഭദ്രമായി മുന്നോട്ടു പോകുന്ന ഒരു രാഷ്ട്രമായിരിക്കും. ആധുനിക അര്‍ത്ഥത്തില്‍ പട്ടാള ജനറലുകള്‍ ഭരിക്കുന്ന സൈനിക രാഷ്ട്രമോ പുരോഹിതന്മാര്‍ ഭരിക്കുന്ന തിയോക്രാറ്റിക് രാഷ്ട്രമോ അല്ല അത്. പൗരസമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അങ്ങേയറ്റം പ്രാമുഖ്യംകൊടുക്കുന്ന ഒരു നിര്‍മാണാത്മക പങ്കാളിത്ത വ്യവസ്ഥിതി ആയിരിക്കും അത്. ജനവിധിയെ മാനിച്ചു കൊണ്ടായിരിക്കും ആ സ്റ്റേറ്റ് മുന്നോട്ടു പോവുക. ഇതിന് വിശ്വാസാവിശ്വാസങ്ങള്‍ വിലങ്ങുതടിയാവുകയുമില്ല.
ദൗലത് മദനിയ്യ ഈജിപ്ഷ്യന്‍ സാഹചര്യത്തില്‍ ഒരു വ്യത്യസ്ത കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്. ഭരണാധികാരി/ഖലീഫ വ്യവസ്ഥക്ക് പകരം ഇസ്‌ലാമിക ശരീഅത്തും നിയമങ്ങളും നടപ്പാക്കുവാന്‍ പകരം മാര്‍ഗങ്ങളാണ് ഇവിടെ അവലംബിച്ചത്. മുന്‍ചൊന്ന സാഹചര്യത്തില്‍ ശരീഅത്ത് നടപ്പില്‍വരുത്തിയത് ജനങ്ങളുടെ തെരഞ്ഞെടുപ്പും ആഗ്രഹവും അനുസരിച്ചായിരുന്നു. ഖലീഫ ഭരണത്തില്‍നിന്ന് വിഭിന്നമായി സിവില്‍ സ്റ്റേറ്റ് ജനാധിപത്യത്തോടും ഭരണഘടനാധിഷ്ഠിത സമത്വ സങ്കല്‍പ്പങ്ങളോടും അരികു ചേര്‍ന്ന് നില്‍ക്കുന്നു. ഇവിടെ പക്ഷേ, ഊന്നല്‍കൊടുക്കുന്നത് സ്റ്റേറ്റിന്റെ 'ജനാധിപത്യ' വശത്തിനാണ്, മറിച്ച്, 'മതേതര' വശത്തിനല്ല.
അറബ് വസന്തം തുറന്നുവിട്ട രാഷ്ട്രീയ വ്യവഹാരം മാത്രമല്ല സിവില്‍ സ്റ്റേറ്റ് എന്ന ആശയത്തിന്റെ സമകാലിക പ്രസക്തി വിളിച്ചോതുന്നത്. പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും സ്റ്റേറ്റ് സങ്കല്‍പങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കോളനി ഭരണത്തെക്കാള്‍ പഴക്കമുണ്ട്. 1950 കളില്‍ തുടങ്ങി മുസ്‌ലിം ബ്രദര്‍ഹുഡ് ആണ് സിവില്‍ സ്റ്റേറ്റ് എന്ന ആശയത്തിന് ഇസ്‌ലാമിക പശ്ചാത്തലം കൊടുത്തത്. സിവില്‍ സ്റ്റേറ്റ് എന്ന ആശയത്തെ എതിര്‍ത്തവരില്‍ ഇസ്‌ലാമിക ചേരിയില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് സലഫികള്‍ ആയിരുന്നു. അവരെ സംബന്ധിച്ചിടത്തോളം 'സിവില്‍ സ്റ്റേറ്റ്' എന്നത് 'മതേതര സ്റ്റേറ്റിനു' തുല്യമാണ്. അതു കൊണ്ടുതന്നെ, ഇസ്‌ലാം വിരുദ്ധവും പാശ്ചാത്യ അനുകൂലവുമായ ഇതിനെ ഇവര്‍ നിയമവിരുദ്ധമായി കാണാന്‍ തുടങ്ങി. പക്ഷേ, ബ്രദര്‍ഹുഡ് സാഹിത്യങ്ങള്‍ പ്രചരിപ്പിച്ചതാവട്ടെ സിവില്‍ സ്റ്റേറ്റിന് ഇസ്‌ലാമും ശരീഅത്തുമായി മുന്നോട്ടു പോകാന്‍ കഴിയും എന്നാണ്. പാശ്ചാത്യ നിര്‍മിത മതേതരത്വം മാത്രമേ ഇസ്‌ലാമിന് അന്യമാവുന്നുള്ളൂ.
ദൗലത് മദനിയ്യയുടെ 'മതേതര' വിമര്‍ശകര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന വശം ശരീഅത്തിന്റേതാണ് ശരീഅത്ത് അടിസ്ഥാനമാവുമ്പോള്‍ സ്വാഭാവികമായും അധികാര വികേന്ദ്രീകരണവും വൈവിധ്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദൗലത് മദനിയ്യയില്‍ ഉണ്ടാവില്ല എന്നാണവര്‍ വാദിക്കുന്നത്. ഭരണം ഒരു മതാധിഷ്ഠിത സങ്കല്‍പം ആവുന്നിടത്താണ് മിതവാദി സുന്നികള്‍ ഇതുമായി ഇടയുന്നത്. ഇസ്‌ലാമിക പശ്ചാത്തലമുള്ള 'സിവില്‍ സ്റ്റേറ്റ്' എന്നത് അവരെ സംബന്ധിച്ചിടത്തോളം ഹുകൂമത്തെ ഇലാഹി മതത്തിന്റെ പ്രധാനഭാഗമായി കാണുന്ന ബ്രദര്‍ഹുഡിനു മാത്രമേ ഗുണം ചെയ്യുകയുള്ളൂ. ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തിന്റെ ജനാധിപത്യവല്‍കരണം എന്നതിലപ്പുറം ഭരണം കൈയാളുന്നതിലെ മതാംശം ഉദ്‌ഘോഷിക്കുന്ന ബ്രദര്‍ഹുഡിനാണ് ഇത് ആത്യന്തികമായി ഗുണംചെയ്യുക.
'സിവില്‍' എന്ന ആശയത്തെ പുനര്‍വ്യാഖാനിക്കുന്നതിലൂടെ മതത്തിന് പൊതു ജീവിതവുമായി ഇടഞ്ഞു നില്‍ക്കുന്ന ഒരു വശം ഇല്ല എന്നാണു മുസ്‌ലിം ബ്രദര്‍ഹുഡ് പറയാന്‍ ശ്രമിക്കുന്നത്. ആ അര്‍ത്ഥത്തില്‍ നമുക്കിതിനെ ഒരിക്കലും 'മതേതര' കാഴ്ചപ്പാടിനെ ലഘൂകരിക്കുന്ന ഒന്നായി കാണാന്‍ കഴിയില്ല. പശ്ചിമേഷ്യയുടെയും ഉത്തരാഫ്രിക്കയുടെയും സവിശേഷ ചരിത്രരാഷ്ട്രീയ മാനം പരിശോധിച്ചാല്‍ 'മതേതര സ്റ്റേറ്റിന്' എപ്പോഴും ഒരു മതവിരുദ്ധ സൈനിക പശ്ചാത്തലം ഉണ്ടെന്നു മനസ്സിലാകും. 'സിവില്‍ സ്റ്റേറ്റ്' എന്ന ആശയം പക്ഷേ, മതേതരത്വത്തെ കൂടി ഉള്‍ക്കൊള്ളുന്നതും എന്നാല്‍ തീര്‍ത്തും മതരഹിതമല്ലാത്തതും ആയ ഒരു വശത്തെയാണ് പ്രതിനിധീകരിക്കുന്നത്. 'മതേതര സ്റ്റേറ്റ്' 'സിവില്‍ സ്റ്റേറ്റ്' എന്നീ ആശയങ്ങളെ മുസ്‌ലിം ബ്രദര്‍ഹുഡ് വിശേഷിപ്പിക്കുന്നതു തന്നെ ഏറെ വ്യത്യസ്തമായാണ്. ദൗലത് മദനിയ്യ അതിന്റെ മതരഹിത പക്ഷത്താല്‍ അല്ല മറിച്ചു സ്വേച്ഛാധിപത്യ പ്രവണതക്കെതിരെയുള്ള ചെറുത്തുനില്‍പിന്റെ പേരിലാണ് ശ്രദ്ധേയമാവുന്നത്. സൈനികാധികാരത്തിന് പുറത്തുള്ള ഒരു പ്രത്യേക മതത്തിന്റെ ആധിപത്യം ഭരണരാഷ്ട്രീയ കാര്യങ്ങളില്‍ അനുവദിക്കാതിരിക്കുന്ന വ്യവസ്ഥയാണ് ഒരു 'സിവില്‍ സ്റ്റേറ്റ്' സ്വപ്നം കാണുന്നത്. ഇതിലൂടെ ഒരു മതകീയ മതേതര മുന്നണി ഉണ്ടാക്കുകയും അതുവഴി സാമ്പ്രദായിക 'മതേതര' സ്റ്റേറ്റിനെയും അതിന്റെ മര്‍ദനോപാധികളെയും തടുക്കുക എന്നുമാണ് ബ്രദര്‍ഹുഡ് ഉദ്ദേശിച്ചത്. മുര്‍സി മുന്നോട്ടുവെക്കുന്ന സിവില്‍ സ്റ്റേറ്റിന്റെ മറ്റൊരു മുഖം 'ജനാധിപത്യ ഭരണ ഘടന അനുസൃത സ്റ്റേറ്റ് എന്നതാണ്. സ്റ്റേറ്റിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പറയുന്നിടത്ത് മുര്‍സി പറയുന്നത് ഇപ്രകാരമാണ്: 'സ്റ്റേറ്റ് എന്നാല്‍ ഈജിപ്ഷ്യന്‍ ദേശീയത്വം ഉള്ള ജനാധിപത്യ നിയമ സംഹിതകള്‍ പാലിക്കുന്ന ആധുനിക സ്റ്റേറ്റ് ആയിരിക്കും എന്ന് മാത്രമല്ല അവിടെ പരമാധികാരം ജനങ്ങള്‍ക്കും പാര്‍ലമെന്റിനും ആയിരിക്കും.'
മതത്തെ രാഷ്ട്രീയ മുഖ്യധാരയില്‍നിന്ന് അകറ്റി നിര്‍ത്തുന്ന സ്റ്റേറ്റ് ആയിരിക്കില്ല ആ അര്‍ത്ഥത്തില്‍ നിര്‍വചിക്കപ്പെട്ട 'സിവില്‍ സ്റ്റേറ്റ്.' അവിടെ എന്നാല്‍ മതങ്ങള്‍ക്കും സ്ഥാനം ഉണ്ടാകും. താരിഖ് റമദാന്‍ വാദിക്കുന്നതു പോലെ, ഇസ്‌ലാമിസ്റ്റുകള്‍ അറബ് വസന്താനന്തര സാഹചര്യത്തെ ഒരേയവസരം 'മതേതരത്വത്തില്‍ നിന്ന് ചിതറിത്തെറിച്ചതും ഇറാനിയന്‍ തിയോക്രസിയില്‍ നിന്ന് വിഭിന്നമായതും അവരുടെ തന്നെ പൂര്‍വ കാല ആശയമായിരുന്ന സമ്പൂര്‍ണ ഇസ്‌ലാമിക സ്റ്റേറ്റ് എന്നതില്‍ നിന്നുമുള്ള വിടുതലുമാണ്. മുര്‍സി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ബ്രദര്‍ഹുഡ് പറയുന്നത്, സിവില്‍ സ്റ്റേറ്റ് പ്രവര്‍ത്തിക്കുക മതേതരത്വത്തിനും ഒരു മതത്തിന്റെ അധീശവ്യവസ്ഥയില്‍ നിന്നും ഉള്ള ഒരു മാറ്റം എന്ന നിലയില്‍ ആയിരിക്കും. ഇവ രണ്ടും ഇവരുടെ അഭിപ്രായത്തില്‍ പാശ്ചാത്യ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഉല്‍പന്നമാണ്. താരിഖ് റമദാന്‍ വളരെ വ്യക്തമായി 'സിവില്‍ സ്റ്റേറ്റിന്റെ' ഉത്തരവാദിത്തം വിശദീകരിച്ചിട്ടുണ്ട്. മതപരവും രാഷ്ട്രീയവും പാശ്ചാത്യ വിരുദ്ധ സംസ്‌കാരവുമാണ് അവ.
ഇസ്‌ലാമിക ശിപാര്‍ശയുള്ള മൂന്ന് സ്വതന്ത്ര അധികാര കേന്ദ്രങ്ങളെയാണ് ബ്രദര്‍ഹുഡ് അവതരിപ്പിച്ചത്. പാര്‍ലമെന്റ്, നീതിന്യായ വ്യവസ്ഥ, ഗവണ്‍മെന്റ് എന്നിങ്ങനെ ആണ് ആ തരം തിരിവ്. മതവര്‍ഗ അതീതമായി ജനങ്ങള്‍ക്കാണ് അവിടെ പരമാധികാരം. ഇസ്‌ലാം ഈ മൂന്നു ഘടകങ്ങളുടെയും സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിക്കുന്നുണ്ട് എന്നാണ് മുര്‍സിയുടെ പക്ഷം. മുര്‍സിയെ ഉദ്ധരിക്കുകയാണെങ്കില്‍: 'ഇസ്‌ലാം അതിനെ അവതരിപ്പിക്കേണ്ടതും അംഗീകരിക്കേണ്ടതും ജനങ്ങളാണ്. സമത്വവും സ്വാതന്ത്ര്യവും ഉറപ്പു തരുന്ന ഒരു സിവില്‍, ജനാധിപത്യ രാഷ്ട്രം ആയിരിക്കും അത് എന്നത് അസന്ദിഗ്ധമാണ്. ഇറാനിയന്‍ മോഡല്‍ ആയ തിയോക്രസി ഒരിക്കല്‍ പോലും ഈജിപ്ത് പിന്തുടരില്ല എന്നും ബ്രദര്‍ഹുഡ് സമ്മതിക്കുന്നു. 'വിഖ്യാത ഇസ്‌ലാമിക പണ്ഡിതനും ബ്രദര്‍ഹുഡുമായി നിതാന്ത ബന്ധം പുലര്‍ത്തുന്ന യൂസുഫുല്‍ ഖറദാവിയും ഇതേ അഭിപ്രായം തന്നെയാണ് പറയുന്നത്. ഇതിനെ തിയോക്രാറ്റിക് സ്റ്റേറ്റ് ആയി കരുതുന്നത് തെറ്റാണെന്നും അത് ഒരിക്കല്‍ പോലും ആ ഒരു പരിണതിയിലേക്ക് എത്തിച്ചേരില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. അഹ്ദയുടെ നേതാവും മതേതരത്വത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുമുള്ള റാശിദുല്‍ ഗനൂശിയും ഇവ്വിഷയകമായി തന്റെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. ഇസ്‌ലാമിക സ്റ്റേറ്റും സിവില്‍ സ്റ്റേറ്റും രണ്ടു ധ്രുവങ്ങളില്‍ ആണെന്ന വാദത്തെ അദ്ദേഹം ശക്തമായി എതിര്‍ക്കുന്നു. സ്റ്റേറ്റിന്റെ തത്ത്വസംഹിതയായി മതേതരത്വം മാറുന്നതിലേ അദ്ദേഹത്തിന് വിരുദ്ധാഭിപ്രായമുള്ളു.
ഈ പേപ്പറില്‍ മറ്റൊരിടത്ത് പറഞ്ഞതുപോലെ 'മതേതരം' എന്ന പദം സ്വേഛാധിപത്യത്തിന്റെ പര്യായമായി കാണാന്‍ കഴിയുന്നതോ അല്ലെങ്കില്‍ അതിനോട് പൂരകമായി വര്‍ത്തിക്കുന്നതോ ആണ്. 'മതേതര' രാഷ്ട്രീയത്തിന് ഒരു പ്രതിരോധ മാനം കൊടുത്തവരില്‍ നാസര്‍, സാദത്ത്, മുബാറക്ക് എന്നിവരുടെ 'മതേതര' ഭരണത്തിന്റെ പ്രത്യക്ഷ ഇരകളെ ഒരു പക്ഷേ, വൈരുധ്യം ആയി തോന്നിയേക്കാം. വസന്തത്തിനു മുമ്പുള്ള കാലഘട്ടം ആഗോളവല്‍കരണത്തിന്റെ ദൂഷ്യഫലങ്ങളാല്‍ മതകീയ ഇടത് സ്പര്‍ധ കൂടുതല്‍ വഷളാക്കുകയും ചെയ്തു. നവ ലിബറല്‍ കാലത്ത് വളരെ സ്പഷ്ടമായ രീതിയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍നിന്ന് വിട്ടകന്ന സ്റ്റേറ്റ് ആയി ആധുനിക സ്റ്റേറ്റ് മാറുകയും ചെയ്തു. ഇവിടെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ് സ്വേച്ഛാധിപത്യത്തിനും നവ ലിബറല്‍ കാലത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും എതിരായി പ്രവര്‍ത്തിച്ചത്.
ചുരുക്കത്തില്‍, ദൗലത് മദനിയ്യ അതിന്റെ പ്രായോഗിക തലത്തില്‍ മതത്തിന്റെയും മത മൂല്യങ്ങളുടെയും അധികാര വ്യവഹാരങ്ങളിലെ സ്ഥാനം തെളിയിച്ചു തന്നു. ഇസ്‌ലാമിക മോഡല്‍ ഈ അവസരത്തില്‍ അതിന്റെ രാഷ്ട്രീയ ഇച്ഛാശക്തി വിളിച്ചോതുകയും സമകാലിക രാഷ്ട്രീയത്തില്‍ മതത്തിന്റെയും അതിന് അധികാര രൂപീകരണത്തിലുള്ള പങ്കിനെയും അതു വഴി അതിന്റെ സ്വാധീന ശേഷിയും മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയുകയും ചെയ്തു. യുക്തിഭദ്രതയും ശാസ്ത്രീയ അടിത്തറയും ഉള്ള ഒരു ആധുനിക സ്റ്റേറ്റിനെ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്ത മതേതര പരിശ്രമങ്ങളുടെ അപചയങ്ങളും പൊള്ളത്തരങ്ങളും കൂടുതലായി ഇതിലൂടെ വെളിവാകുകയും ചെയ്തു.

ഉപസംഹാരം
         ഈജിപ്തിലെയും തുനീഷ്യയിലെയും സിവില്‍ സ്റ്റേറ്റ് രൂപീകരണം ഇസലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ വലിയൊരു പരിണാമദശയെ കുറിക്കുന്നു. ഈ ഒരു ചരിത്ര വശം ഇസ്‌ലാമും സിവില്‍ സ്റ്റേറ്റും രണ്ടു വിരുദ്ധ ആശയങ്ങള്‍ അല്ലെന്നും ഇവക്ക് പൊതുവായി സ്വേച്ഛാധിപത്യ പ്രവണതകളോടുള്ള എതിര്‍പ്പും വ്യക്തമാക്കി. മുസ്‌ലിം ബ്രദര്‍ഹുഡ് നേതൃത്വം കൊടുത്ത ഈ സങ്കല്‍പത്തെ പക്ഷേ സംശയദൃഷ്ടിയോടെയാണ് പരമ്പരാഗത മതേതര ചേരിയും ഇടതുപക്ഷവും കണ്ടത്. ഇത് ജനാധിപത്യത്തിന് വന്‍ ദോഷം ചെയ്യും എന്ന നിലയില്‍ ആയിരുന്നു അവരുടെ വാദം മുന്നോട്ട് പോയത്. ഈജിപ്ത് അനുഭവം, മതവും മതേതരവും എന്ന ദ്വന്ദം മായ്ച്ചുകൊണ്ട് ജനാധിപത്യവും ജനാധിപത്യ വിരുദ്ധതയും സ്വാതന്ത്ര്യവും സ്വേഛാധിപത്യവും തമ്മിലുമുള്ള ദ്വന്ദ്വത്തെയാണ് ലോക ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്.

വിവ: കെ.ഇ മുഹമ്മദ്‌

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top