മരുമക്കത്തായവും മുസ്‌ലിം നിയമവും

ടി.വി അബ്ദുറഹിമാന്‍കുട്ടി‌‌
img

       ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ കാസര്‍ഗോഡ് താലൂക്ക്, വടക്കെ മലബാറിലെ കണ്ണൂര്‍, തലശ്ശേരി, വടകര, നാദാപുരം, കുറ്റിയാടി, കുറുമ്പ്രനാട് താലൂക്ക്(കോഴിക്കോട് ജില്ല), പരപ്പനങ്ങാടി, പറവണ്ണ, കൂട്ടായി, തിരുവിതാംകൂറിലെ ചിറയംകീഴ് താലൂക്ക്, പറവൂര്‍, ഇടവ, ഒടേറ്റില്‍ തുടങ്ങിയ പ്രദേശങ്ങളിലും പരിസരങ്ങളിലും ഭാഗീകമായും പൂര്‍ണമായും മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന സമ്പ്രദായമായിരുന്നു മരുമക്കത്തായം(മാതൃദായക്രമം). തെക്കന്‍ കര്‍ണാടകത്തിലെ അളിയ സന്താന രീതികളോട് പൂര്‍ണമായും സാദൃശ്യമുണ്ടായിരുന്ന ഈ സമ്പ്രദായം കേരളത്തിലെ മുസ്‌ലിംകളില്‍ തീരദേശ നിവാസികളായിരുന്നു കൂടുതല്‍ ആചരിച്ചു വന്നിരുന്നത്.
ലോക മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ആദ്യകാലംമുതല്‍ മക്കത്തായ സമ്പ്രദായമാണ് സ്വീകരിച്ചിരുന്നത്. മരുമക്കത്തായം സ്വീകരിച്ചിരുന്ന മുസ്‌ലിംകളില്‍ ഭൂരിപക്ഷവും ഇതിനകം ആ സമ്പ്രദായം വെടിഞ്ഞു. ലക്ഷദ്വീപ് നിവാസികളും ഇന്തോനേഷ്യയിലെ മെനന്‍കവാബു സമൂഹവും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ചില ന്യൂനപക്ഷ വിഭാഗങ്ങളാണ് ഇപ്പോഴും ഈ സമ്പ്രദായം തുടര്‍ന്നുവരുന്നത്.
മലബാറിലെ ചില പ്രദേശങ്ങളില്‍ ഇതിന്റെ ഭാഗമായി വധുഗൃഹത്തില്‍ അന്തിയുറങ്ങുന്ന പുതിയാപ്പിള സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മക്കളും പേരക്കുട്ടികളും അവരുടെയെല്ലാം ഭര്‍ത്തക്കന്മാരുള്‍പ്പെടെ തലമുറകളായി നൂറിലധികം അംഗങ്ങള്‍ വസിക്കുന്ന നാമമാത്ര തറവാടുകളും മലബാറിലുണ്ട്. പല പ്രദേശങ്ങളിലും പൂര്‍വിക തറവാടുകള്‍ പൊളിച്ച് അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയെങ്കിലും പുതിയാപ്പിള സമ്പ്രദായം തുടരുന്നുണ്ട്. വയസ്സായി മരിച്ചാല്‍പോലും പള്ളിപ്പറമ്പിലെ ഖബറിടം ചൂണ്ടി ഇത് പുതിയാപ്പിളയുടെ ഖബറാണ് എന്ന വിശേഷണമാണ് ഏറെ രസകരം.
മരുമക്കത്തായം സ്വീകരിച്ചിരുന്ന പ്രാമാണികരായ പല മുസ്‌ലിം തറവാടുകളും ആദ്യകാലത്ത് സ്ത്രീ താവഴി പോറലേല്‍ക്കാതെ നിലനിര്‍ത്തുന്നതിനു വീടും അനുബന്ധമായി നടന്നുവന്നിരുന്ന സല്‍കര്‍മ ആചാരാനുഷ്ഠാനങ്ങള്‍ക്കു സ്വത്തുക്കളും വഖഫ് ചെയ്തിരുന്നു. കൂടുതല്‍ നിയമ പരിരക്ഷ ലഭിക്കാന്‍ ഇത്തരം സ്വത്തുക്കള്‍ കേരളാ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആദിമ സമൂഹങ്ങളുടെയും ഗോത്രവര്‍ഗക്കാരുടെയും പിന്തുടര്‍ച്ചയായാണ് പുരാതന കാലംമുതല്‍ കേരളത്തില്‍ ഈ സമ്പ്രദായം നിലവില്‍വരാന്‍ ഹേതുവായത്. തുടര്‍ന്ന് ഗോത്രസമൂഹങ്ങളും മറ്റു ചില വിഭാഗങ്ങളും ഈ ആചാരം തുടര്‍ന്നുപോന്നു. ആര്യബ്രാഹ്മണരും അബ്രാഹ്മണരും തമ്മില്‍ ഹിന്ദുക്കളില്‍ മറ്റെവിടെയും ഇല്ലാത്ത രീതിയില്‍ 'സംബന്ധം' പുലര്‍ത്തിയിരുന്നതുകൊണ്ടാവാം കേരളത്തില്‍ ക്ഷത്രിയര്‍, അമ്പലവാസികള്‍, നായന്മാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയില്‍ മരുമക്കത്തായം വ്യാപിക്കാന്‍ കാരണം. ജാതീയ വ്യവസ്ഥപോലെ ബ്രാഹ്മണാധിപത്യം മൂലമുണ്ടായ വികല സൃഷ്ടികളില്‍ മരുമക്കത്തായവും ഉള്‍പ്പെടും.
മലബാറിലെ ഹിന്ദുക്കളില്‍ 26 വിഭാഗങ്ങള്‍ മരുമക്കത്തായവും അത്രതന്നെ മക്കത്തായവും ആചരിച്ചിരുന്നവരായിരുന്നുവെന്ന് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പറയുന്നു. ഹിന്ദുക്കളില്‍ അംഗസംഖ്യകൊണ്ട് വര്‍ധനവുള്ള ഈഴവ സമുദായം വടക്കേ മലബാറില്‍ വടക്കേ മലബാറില്‍ മരുമക്കത്തായവും തെക്കേ മലബാറിലും തിരുവിതാംകൂറിലും മക്കത്തായവും ആചരിച്ചു. എ.ഡി പത്താം നൂറ്റാണ്ടിന് ശേഷമാണ് കേരളീയ രാജവംശങ്ങളില്‍ ഈ സമ്പ്രദായം ആവിര്‍ഭവിച്ചത്. സാമൂതിരി, ചിറക്കല്‍ രാജാവ് തുടങ്ങിയ സാമന്തജാതിയില്‍പ്പെട്ട ഭരണാധികാരികളെല്ലാം മരുമക്കത്തായികളാണ്.
മരുമക്കത്തായ തറവാടുകളിലെ നേതൃ(കാരണവര്‍) സ്ഥാനത്തേക്ക് അവരോധിക്കുന്നത് തല മുതിര്‍ന്ന അമ്മാവനോ ഇല്ലെങ്കില്‍ അനുയോജ്യനായ വ്യക്തിയോ ആയിരിക്കും. ഈ സ്ഥാനത്തിന്റെ പദവിയും പ്രതാപവും നിലനിര്‍ത്താന്‍ തറവാടു സ്വത്തിന്റെ ഒരു ഭാഗംതന്നെ നീക്കിവെക്കും. കുലീന ധനാഢ്യതറവാടുകളില്‍ അംഗസംഖ്യ എത്ര കൂടിയാലും സഹോദരിമാരും സ്ത്രീ സന്താനങ്ങളും ഐക്യത്തോടെ കൂട്ടുകുടുംബമായി മാതൃ ഭവനത്തില്‍ തന്നെ ജീവിച്ചു മരിക്കും. അതിന് അനുയോജ്യമായ രീതിയിലായിരുന്നു തറവാടുകളുടെ നിര്‍മാണം. സമ്പന്നമായ കരകൗശല വേലകളുടെയും മനുഷ്യ വിഭവ ശേഷിയുടെയും സാക്ഷ്യപത്രങ്ങളായ നാലുകെട്ടും എട്ടുകെട്ടും വിശാലമായ അകത്തളവും മുറികളും അടങ്ങിയ ഒറ്റയുമായിരിക്കും മിക്ക തറവാടുകളും. സുഭിക്ഷമായ ദൈനംദിന ജീവിതത്തിനു പുറമെ പൊതുസ്വത്തില്‍ അംഗങ്ങള്‍ക്കെല്ലാം വട്ടച്ചിലവിനുള്ള വകയും ലഭിക്കും. തറവാട് സ്വത്തുക്കള്‍ നിലനില്‍ക്കുന്ന കാലത്തോളം കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും തറവാട്ടില്‍ ഒന്നിച്ചു കഴിയാന്‍ അവസരം ലഭിക്കുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ജനിച്ചുവളരുന്നത് മാതവിനോടൊന്നിച്ച് കൂട്ടുകുടുംബത്തിലാണ്. ഓരോ അംഗത്തിനും പൊതുസ്വത്തില്‍ അവകാശം നിലനില്‍ക്കും. ഒരംഗത്തിനും സ്വന്തമായ സ്വത്തുവിഹിതം അവകാശപ്പെടാന്‍ കീഴ്‌വഴക്കം അനുവധിക്കില്ല. മുഴുവന്‍ അംഗങ്ങളും യോജിച്ചാല്‍ തറവാട് ഭാഗം വെക്കാവുന്നതാണ്. സ്വന്തം അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് സ്വന്തം ജന്മ നല്‍കിയ മക്കള്‍ക്ക് പിന്തുടര്‍ച്ചാവകാശം ലഭിക്കാതെ അന്യന്‍ ജന്മം നല്‍കിയ സഹോദരി പുത്രന്മാര്‍(മരുമക്കള്‍ക്ക്)ക്ക് ആണ് ലഭിക്കുക എന്നതാണ് വിചിത്രം. സാമ്പത്തിക ക്രയ വിക്രയങ്ങളുടെയും ഭരണത്തിന്റെയും മേല്‍നോട്ടം തറവാടു മുറ്റത്തെ രണ്ടാം പുരയായ പത്തായപ്പുരയില്‍ കാരണവര്‍ നിര്‍വഹിക്കും. കാര്യസ്ഥന്മാരും കണക്കെഴുത്തുകാരും സഹായിക്കാന്‍ സന്നദ്ധമായിരിക്കും.
നായര്‍ തറവാടുകളില്‍ കാരണവര്‍ക്കും ഭാര്യക്കും പാര്‍ക്കാന്‍ പത്തായപ്പുരയുടെ ഒരു ഭാഗം സുസജ്ജമായിരിക്കും. അമ്മാവന്റെ വിയോഗംവരെ അമ്മായിക്ക് പ്രത്യേക പദവിയും ലഭിക്കും. കൂട്ടുകുടുംബത്തിന്റെ ഭാഗം നടന്നാല്‍ ഒരു തറവാടിന് പകരം വ്യത്യസ്ത തറവാടുകളായി മാറും. ഭാഗിച്ചുണ്ടാകുന്ന ഓരോ വീടിന്റെയും അവകാശം ഭാര്യക്ക് ദാനമായി നല്‍കുകയാണ് പതിവ്. ഭാഗംവെപ്പ് നടത്താത്ത താവഴി സ്വത്തുക്കള്‍ തറവാടു സ്വത്തായി പരിഗണിക്കും. തന്മൂലം ഒരു പുരുഷായുസ്സ് മുഴുവന്‍ സമ്പാദിക്കുന്ന സ്വത്തുക്കള്‍ പലപ്പോഴും ഉടമസ്ഥന്റെ കാലശേഷം സ്വന്തം മക്കള്‍ക്ക് പോലും ലഭിക്കാറില്ല. മറിച്ച് മരുമക്കള്‍ക്ക് ലഭിക്കും. കല്യാണം കഴിഞ്ഞാല്‍ പുരുഷന്മാര്‍ വധുവിന്റെ വീട്ടിലാണ് താമസം. ഇവര്‍ക്ക് തറവാടിന്റെ കാര്യനിര്‍വഹണത്തില്‍ പ്രത്യേകമായ റോളുകള്‍ ലഭിക്കാറില്ല. അച്ചിവീട്ടില്‍ ഉണ്ടുകഴിയുന്നവര്‍ എന്നാണ് തെക്കന്‍ കേരളത്തില്‍ ഇത്തരക്കാരെ വിശേഷിപ്പിക്കാറ്.
ഹൈന്ദവരില്‍ പ്രബല വിഭാഗമായ നായര്‍ സമുദായം. ഒരു കാലത്ത് കേരളത്തിന്റെ ക്രമ സമാധാന പരിപാലനത്തിലും ഭരണത്തിലും നിര്‍ണായക പങ്കുവഹിച്ചു. വൃത്തിയിലും ഭംഗിയിലും നിഷ്‌കര്‍ഷത പാലിച്ചിരുന്ന ഈ സമുദായത്തില്‍ പത്തൊമ്പത് അവാന്തര വിഭാഗങ്ങളുണ്ടായിരുന്നു. പാലക്കാട്ടെ മന്നാടിയന്മാര്‍ ഒഴിച്ച് അവശേഷിക്കുന്നവര്‍ മരുമക്കത്തായ ദായക്രമമാണ് സ്വീകരിച്ചിരുന്നത്.
നായര്‍ സ്ത്രീകള്‍ക്ക് രണ്ടോ അതിലധികമോ ഭര്‍ത്താക്കന്മാര്‍ ഉണ്ടാകും. ഓരോ ഭര്‍ത്താക്കന്മാരെയും ഓരോ രാത്രി സ്വീകരിക്കുന്നു. മുന്‍ഗണന ഉയര്‍ന്ന ജാതിക്കാര്‍ക്കാണ്. ഇവരുമായുള്ള സംബന്ധം അഭിമാനമായി കരുതി. ഓരോരുത്തരും വരുന്ന ദിവസം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കും. ഭര്‍ത്താക്കന്മാര്‍ തമ്മില്‍ അന്യോന്യം കലഹമോ വിരോധമോ ഉണ്ടാകാറില്ല. ഗര്‍ഭവതിയായാല്‍ ആരാണ് പിതാവെന്ന് സ്ത്രീ തീരുമാനിക്കും. അച്ഛനെന്ന് നിര്‍ണയിക്കപ്പെട്ട പുരുഷന്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കും. എന്നാല്‍ അച്ഛന്റെ സ്വത്തില്‍ കുട്ടിക്ക് അവകാശം ലഭിക്കുകയില്ല.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നായന്മാരുടെ ഇടയില്‍ നടക്കുന്ന ആചാരമാണ് താലികെട്ടുകല്യാണം. അങ്ങനെ ചെയ്യാതിരിക്കുന്നത് കുടുംബത്തിന് പോരായ്മയായി ഗണിച്ചിരുന്നു. ഉന്നത കുലജാതനായ ഒരു വ്യക്തിയെ ഇതിനായി ക്ഷണിക്കും. ഒരു പുരുഷന് പല ബാലികമാരുടെയും കഴുത്തില്‍ താലികെട്ടും. താലികെട്ടിന്‌ശേഷം ബാലികയെ ഭാര്യയാക്കണമെന്നില്ല. ബാലികക്ക് വൈവാഹിക പ്രായമെത്തിയാല്‍ തനിക്ക് ഇഷ്ടമുള്ള പുരുഷനെ ഭര്‍ത്താവായി സ്വീകരിക്കാം.
ആദ്യകാലങ്ങളില്‍ 'സംബന്ധ'ത്തിന് മാന്യതയും നിയമസാധുതയും ലഭിച്ചിരുന്നില്ല. ക്രമാനുഗതമായി ഇതര വൈവാഹിക ബന്ധംപോലെ നിയമ വിധേയമാക്കി. ഇതിന്റെ കരടു നിയമം തയാറാക്കിയത് 1884-കളിലാണ്. രാജ സര്‍ ടി. മാധവറാവു അധ്യക്ഷനും ഡബ്ല്യു ലാഗന്‍, വിഗ്രാം, പി. കരുണാകരമേനോന്‍, സി. ശങ്കരന്‍നായര്‍ ഉള്‍പ്പെട്ട സബ് കമ്മിറ്റിയായിരുന്നു നിയമം തയാറാക്കിയത്.
പുലയന്മാരും മണ്ണാന്മാരും പലപ്പോഴും നായര്‍സ്ത്രീകള്‍ക്ക് ഭീഷണിയാകാറുണ്ട്. ഇവര്‍ ഒളിഞ്ഞിരുന്ന് കല്ലോ വടിയോ നായര്‍ സ്ത്രീകളുടെ ദേഹത്തേക്കെറിയുകയോ ഓടിവന്ന് സ്പര്‍ശിക്കുകയോ ചെയ്താല്‍ ഐത്തമായി. തുടര്‍ന്ന് പ്രസ്തുത സംഭവത്തിന് കാരണക്കാരനായ പുരുഷന്റെ കൂടെ അവന്റെ കൂരയില്‍ അവശേഷിക്കുന്ന കാലം കഴിയണം. ഓരോ വര്‍ഷത്തിലും നിശ്ചിത മാസങ്ങളില്‍ ഇതാവര്‍ത്തിക്കാറുണ്ട്. അതുകൊണ്ടാവാം പുലയപ്പേടിയെന്നും മണ്ണാപ്പേടിയെന്നും ഇതിനെ വിളിക്കുന്നത്. കീഴ് ജാതിക്കാരുമായി അവിഹിത വേഴ്ച നടത്തിയ സ്ത്രീയെ സമുദായം ഭ്രഷ്ട് കല്‍പിക്കുകയും ചിലപ്പോള്‍ വധിക്കുകപോലും ചെയ്യും.
പ്രാചീന അറേബ്യന്‍ സമൂഹത്തിലെ ഒരു വിഭാഗം സ്ത്രീകള്‍, തങ്ങളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന അന്യപുരുഷന്മാരെ സ്വീകരിക്കല്‍ പതിവായിരുന്നു. 'സംബന്ധം' പോലുള്ള ഇത്തരം ബന്ധങ്ങളെ 'മുഅ്ത്ത' വിവാഹം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ രീതി അനുസരിച്ച് ഒരു നിശ്ചിത കാലത്തേക്ക് പുരുഷന്‍ സ്ത്രീയുടെ വീട്ടില്‍ താമസിക്കുകയും പ്രതിഫലമായി കീഴ്‌വഴക്കമനുസരിച്ചുള്ള ഒരു നിശ്ചിത സംഖ്യ മഹര്‍(പെണ്‍പണം) സ്ത്രീക്കു നല്‍കുകയും ചെയ്തിരുന്നു. ഇത്തരം ബന്ധങ്ങള്‍ക്ക് പുരുഷനെ തെരഞ്ഞെടുത്ത് തന്റെ വീട്ടില്‍ അയാളെ സ്വീകരിക്കാനും വേണ്ടെന്നു തോന്നുമ്പോള്‍ ഉപേക്ഷിക്കാനും സ്ത്രീക്ക് അവകാശമുണ്ടായിരുന്നു.
അറബികള്‍ വ്യാപാരാര്‍ഥം ചെല്ലുന്ന ഇടങ്ങളിലെല്ലാം ഇത്തരത്തിലുള്ള ബന്ധങ്ങള്‍ നടന്നിരുന്നു. ഈ രീതിയിലുള്ള വിവാഹങ്ങളെ അക്കാലത്തെ ഭരണകൂടം നിരുത്സാഹപ്പെടുത്തിയിരുന്നില്ല. ഇതിനനുയോജ്യമായ രീതിയിലായിരുന്നു അക്കാലത്തെ സാമൂഹിക ഘടന. അറേബ്യയിലെ ചില വിഭാഗങ്ങളില്‍ നായര്‍ സമുദായത്തില്‍ നിലനിന്നിരുന്നതുപോലെയുള്ള മരുമക്കത്തായ കുടുംബ വ്യവസ്ഥിതിയും തുടര്‍ന്നിരുന്നു. ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ മലബാറിലേക്ക് കച്ചവടാവശ്യാര്‍ഥം പായക്കപ്പലില്‍ യാത്ര തിരിക്കുകയും ഡിസംബര്‍ ജനുവരി മാസങ്ങളില്‍ സ്വദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്യുന്ന അറബികള്‍ സ്വന്തം നാട്ടില്‍ എത്തുക പിന്നെയും ആഴ്ചകള്‍ കഴിഞ്ഞാണ്. കരയിലും കടലിലുമായി അഞ്ചെട്ടുമാസം ഭാര്യാ ഭര്‍തൃബന്ധമില്ലാതെ കഴിയേണ്ടിവരുന്ന അവര്‍ക്ക് കരക്കണയുന്ന തീരങ്ങളില്‍ അവിടത്തുകാരായ സ്ത്രീകളുമായി വൈവാഹിക ബന്ധം മനുഷ്യസഹജമാണ്. ഇന്നത്തെപ്പോലെ വൈവാഹിക ബന്ധങ്ങള്‍ അക്കാലത്ത് വേണ്ടത്ര നിഷ്‌കര്‍ഷത പാലിച്ചിരുന്നില്ല. മലബാറിലെ പ്രധാന തുറമുഖങ്ങളിലെല്ലാം ഈ ബന്ധങ്ങളിലുണ്ടായ സന്താനങ്ങള്‍ മാപ്പിളമാര്‍ എന്നറിയപ്പെട്ടു.
സാമൂതിരി ഭരണത്തിന്റെ ഉദയത്തോടെ മലബാറിലെ തീരപ്രദേശങ്ങളും അറേബ്യന്‍ നാടുകളും തമ്മില്‍ വ്യാപാര ബന്ധം സുദൃഡമായതിനെ തുടര്‍ന്ന് പതിനാലാം നൂറ്റാണ്ടോടെയാണ് കാസര്‍ഗോഡ്, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, പൊന്നാനി തുടങ്ങിയ പ്രദേശങ്ങളിലെ മുസ്‌ലിംകളില്‍ മരുമക്കത്തായ സമ്പ്രദായം വ്യാപിച്ചത്. മറ്റു മുസ്‌ലിംകളില്‍നിന്ന് വ്യത്യസ്തമായി കുടുംബ ഘടനയിലും ക്രയവിക്രയങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും മാമൂലുകളിലും ഇവര്‍ പല സവിശേഷതകള്‍ വെച്ചുപുലര്‍ത്തി. ഈ കാലഘട്ടത്തില്‍ സാമൂതിരിയുടെ നേതൃത്വത്തില്‍ പറങ്കികള്‍ക്കെതിരെ നടന്ന ഒരു നൂറ്റാണ്ട് (1498-1598) യുദ്ധത്തില്‍ മുസ്‌ലിം സൈന്യവും നായര്‍ സൈന്യവും ഒന്നിച്ചാണ് പ്രതിരോധനിര തീര്‍ത്തത്. ഇക്കാലത്ത് ഇരു സമുദായങ്ങളും നിലനിര്‍ത്തിയ ബന്ധം ഇതര കാലഘട്ടങ്ങളെക്കാള്‍ സുദൃഡവും സുശക്തവുമായിരുന്നു. ഇത് ഒരു പരിധിവരെ ഇരു വിഭാഗങ്ങളുടെയും ആചാരങ്ങള്‍ പരസ്പരം വ്യാപിക്കാന്‍ ഹേതുവായിരിക്കാം. സാമൂതിരിയുടെ നേതൃത്വത്തില്‍ 1571ല്‍ ചാലിയത്ത് വച്ച നടന്ന യുദ്ധത്തില്‍ പറങ്കികളെ തറപറ്റിച്ചത് ഈ കൂട്ടായ്മയുടെ വിജയമാണ്.
കോഴിക്കോടും പൊന്നാനിയിലും മറ്റു ചില പ്രദേശങ്ങളിലും മുസ്‌ലിംകളില്‍ ഈ സമ്പ്രദായം ഭാഗികമായേ നിലനിന്നിരുന്നുള്ളൂ. ഭാര്യവീട്ടില്‍ അന്തിയുറങ്ങല്‍, സന്താനങ്ങള്‍ക്ക് പിതാവിന്റെ തറവാട് പേരിന് പകരം മാതാവിന്റെ തറവാട് പേര്‍ ചേര്‍ക്കല്‍, വിവാഹ വേളകള്‍, റംസാന്‍ നോമ്പ് മാമൂലുകള്‍, വിശേഷാല്‍ ദിന ആചാരങ്ങള്‍ തുടങ്ങിയവകളില്‍ മരുമക്കത്തായ രീതിയാണ് തുടര്‍ന്നുവന്നത്. സ്വത്തിന്റെ ദായക്രമം ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് തന്നെയായിരുന്നു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും വൈജ്ഞാനിക പരിപോഷണത്തിലും നിര്‍ണായക പങ്കുവഹിക്കുന്നത് സ്ത്രീ മേധാവിത്തമാണ്. അപാകതകള്‍ ഉണ്ടെങ്കിലും കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ സുരക്ഷിതത്വവും സ്‌നേഹ സമ്പന്നമായ അന്തരീക്ഷം സംരക്ഷിക്കുന്ന രീതിയിലുമായിരുന്നു പല മരുമക്കത്തായ തറവാടുകളും നിലകൊണ്ടിരുന്നത്.
പിറക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ജീവിതാന്ത്യംവരെ അവളുടെ വാസസ്ഥലം തറവാടുതന്നെ. ആണ്‍കുട്ടിയാണെങ്കില്‍ ജന്മ ഗൃഹത്തില്‍ കാര്യമായ അവകാശം ഉണ്ടായിക്കൊള്ളണമെന്നില്ല. വിവാഹത്തിന്റെ ആദ്യ കാലങ്ങളില്‍ ഭാര്യ വീട്ടിലെ സന്ദര്‍ശകനും രാവിലെ പ്രഭാത ഭക്ഷണത്തോടെ ഭാര്യവീട്ടില്‍നിന്ന് വിടപറയുന്ന പുരുഷന്‍ രാത്രി അവിടെ കൂടണയും. ക്രമാനുഗതമായി ആ കുടുംബത്തിലെ അംഗമായിത്തീരും.
കേരളത്തിലെ ഒരേ ഒരു മുസ്‌ലിം രാജവംശമായ കണ്ണൂരിലെ അറക്കല്‍ സ്വരൂപം, തലശ്ശേരിയിലെ കേയിവംശം, കോഴിക്കോട്ടെ കോയമാര്‍, പൊന്നാനിയിലെ മഖ്ദൂം തറവാട് തുടങ്ങി കേരളത്തിലെ പല പ്രാമാണിക മുസ്‌ലിം കുടുംബങ്ങളില്‍പോലും ഈ രീതി ആചരിച്ചുപോന്നു. പല പട്ടണങ്ങളിലെയും മരുമക്കത്തായ സമ്പ്രദായത്തിന് ആ പ്രദേശങ്ങളോളം തന്നെ പഴക്കമുണ്ട്.
ഒരു കാലത്ത് കേരളത്തിനകത്തും പുറത്തും മുസ്‌ലിംകള്‍ക്ക് ആത്മീയ വൈജ്ഞാനിക നേതൃത്വം നല്‍കിയിരുന്ന പൊന്നാനിയിലെ മഖ്ദൂം സ്ഥാനാരോഹണവും ഈ രീതിയനുസരിച്ചാണ് ഇപ്പോഴും നടന്നുവരുന്നത്. മഖ്ദൂം പരമ്പരയില്‍ മൂന്നാം സ്ഥാനിയും വിശ്വപ്രശസ്ത പണ്ഡിതശ്രേഷ്ഠനുമായ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ അധിക സമയവും വിജ്ഞാന പ്രസരണത്തിലും ഇസ്‌ലാമിക പ്രബോധനത്തിലും മുഴുകിയിരുന്നതിനാല്‍ മഖ്ദൂം പദവിയോട് നീതിപുലര്‍ത്താന്‍ വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. തന്മൂലം തന്റെ സഹോദരി ഫാത്തിമയുടെയും ശൈഖ് ഉസ്മാനുബ്‌നുജമാലുദ്ദീന്‍ മഅ്ബരിയുടെ മകനുമായ ശൈഖ് അബ്ദുറഹ്മാനെ മഖ്ദൂമായി നാമനിര്‍ദേശം ചെയ്തു. അന്നുമുതലാണ് മഖ്ദൂം സ്ഥാനാരോഹണത്തില്‍ മരുമക്കത്തായം നടപ്പിലായത്. ഇപ്പോഴത്തെ മഖ്ദൂം സയ്യിദ് എം.പി മുത്തുകോയതങ്ങള്‍ ഈ പരമ്പരയിലെ നാല്‍പതാം സ്ഥാനിയായി 2007 ഒക്‌ടോബര്‍ 4(ഹി.1428 റംസാന്‍ 20)ന് സ്ഥാനമേറ്റത് ഈ കീഴ്‌വഴക്കം അനുസരിച്ചാണ്.
മരുമക്കത്തായികളായ ഹൈന്ദവര്‍ ഇസ്‌ലാം മതം സ്വീകരിച്ചതിനുശേഷം പഴയ രീതികള്‍ തുടര്‍ന്നുവന്നെന്നും മരുമക്കത്തായ സമ്പ്രദായം ആചരിച്ചുവന്ന അറബികള്‍ കച്ചവടാവശ്യാര്‍ഥം ഇവിടെ എത്തിയശേഷം വൈവാഹിക ബന്ധത്തില്‍ ജനിച്ച സന്താന പരമ്പര പൂര്‍വാചാരം തുടര്‍ന്നതായിരിക്കാമെന്നും വിവിധ പക്ഷമുണ്ട്. പരപ്പനങ്ങാടി തുടങ്ങിയ ചില പ്രദേശങ്ങളില്‍ ചില പ്രാമാണിക മുസ്‌ലിം കുടുംബങ്ങളില്‍ ഈ സമ്പ്രദായത്തിന് വിധേയമായ പൊതുസ്വത്തുക്കള്‍ ഉണ്ടായിരുന്നു. ചില കുടുംബങ്ങളില്‍ മരുമക്കത്തായവും മക്കത്തായവും താവഴി സ്വത്തുക്കളുമുണ്ടായിരുന്നു. കേരളത്തിലെ ഒരുവിഭാഗം മുസ്‌ലിംകളെ കൂടാതെ ഗുജറാത്തിലെ കച്ചിദേശക്കാരായ മേമന്‍ വിഭാഗത്തില്‍പ്പെട്ട മുസ്‌ലിംകളും തമിഴ്‌നാട്ടിലെ ലബ്ബമാര്‍ പഞ്ചാബിലെ ഒരു വിഭാഗം മുസ്‌ലിംകള്‍ ഈ രീതിതന്നെ പിന്തുടര്‍ന്നു വന്നിരുന്നു. മലബാറില്‍ ചില പ്രദേശങ്ങളില്‍ മരുമക്കത്തായ സമ്പ്രദായം തുടര്‍ന്നവരുന്നുണ്ടെങ്കിലും മുസ്‌ലിം സ്വത്തു വിഭജനം ഇസ്‌ലാമിക ചര്യ അനുസരിച്ചാണ്. മക്കത്തായം മരുമക്കത്തായം ആചരിച്ചിരുന്ന മുസ്‌ലിംകളുടെയെല്ലാം വിവാഹബന്ധങ്ങള്‍ ഇസ്‌ലാമിക ചര്യയനുസരിച്ചായതിനാല്‍ മറ്റൊരു നിയമം വേണ്ടിവന്നില്ല. മറിച്ച് സ്വത്തുദായക്രമങ്ങളില്‍ നിയമ നിര്‍മാണം അനിവാര്യമായി വന്നു.
വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും നബിചര്യയും ആദ്യകാല പണ്ഡിത ശ്രേഷ്ഠരും അംഗീകാരം നല്‍കാത്ത ഈ ദുരാചാരത്തിനെതിരെ വാമൊഴിയായും വരമൊഴിയായും പല സമുദായപരിഷ്‌കര്‍ത്താക്കളും ശക്തമായി പോരാടിയിട്ടുണ്ട്. പ്രഥമ ഗണനീയന്‍ സയ്യിദ് സനാഉല്ല മക്തി തങ്ങളാണ്. അദ്ദേഹത്തിന്റെ ദൗത്യങ്ങള്‍ക്ക് പ്രോത്സാഹനവും ആനുകൂല്യങ്ങളും നല്‍കിയിരുന്ന അറക്കല്‍ സ്വരൂപത്തിന്റെ എതിര്‍പ്പുപോലും അവഗണിച്ച് ലേഖനങ്ങള്‍ എഴുതിയും പ്രഭാഷണങ്ങള്‍ നടത്തിയും പത്രങ്ങളില്‍ പരസ്യം നല്‍കിയും നിരന്തരമായി തന്റെ ദൗത്യ നിര്‍വഹണത്തില്‍ മുഴുകി. മക്തി തങ്ങളും മുസ്‌ലിം സമുദായ നേതാക്കളില്‍ ഒരു വിഭാഗവും ഈ സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചത് കാരണം ക്രമാനുഗതമായി പരിവര്‍ത്തനത്തിന് നാന്ദികുറിച്ചു.
മദ്രാസ്, കൊച്ചി, തിരുവിതാംകൂര്‍ നിയമ നിര്‍മാണ സഭകളില്‍ ഈ വിഷയം സജീവ ചര്‍ച്ചകള്‍ വിധേയരായി. തുടര്‍ന്ന് ഇതിനെതിരെ നിയമ നിര്‍മാണങ്ങള്‍ നടന്നു. 1937ല്‍ ശരീഅത്ത് ആക്ട് (മുസ്‌ലിം വ്യക്തിനിയമം) സെന്ററല്‍ അസംബ്ലി പാസാക്കിയതിനെ തുടര്‍ന്ന് മരുമക്കത്തായ പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ക്കു പകരം ശരീഅത്ത് നിയമം മുസ്‌ലിംകള്‍ക്ക് ബാധകമായെങ്കിലും കാര്‍ഷിക സ്വത്തുക്കള്‍ക്ക് സംസ്ഥാന അസംബ്ലികൂടി നിയമ നിര്‍മാണം നടത്തേണ്ടിയിരുന്നു. തുടര്‍ന്ന് കെ.എം സീതി സാഹിബ് മദ്രാസ് അസംബ്ലിയില്‍ ശരീഅത്ത് ആക്ട് ഭേദഗതി ബില്‍ അവതരിപ്പിക്കുകയും 1949 മുതല്‍ മലബാര്‍ ഉള്‍പ്പെട്ട അവിഭക്ത മദ്രാസ് സംസ്ഥാനത്തിലാകെ മുസ്‌ലിംകളുടെ കാര്‍ഷിക സ്വത്തുക്കള്‍ക്കുകൂടി ഈ നിയമം ബാധകമാവുകയും ചെയ്തു. മദ്രാസ് കൗണ്‍സിലില്‍ ഖാന്‍ ബഹദൂര്‍ തമ്പി മരക്കാര്‍(നാഗപട്ടണം) ബില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് മരുമക്കത്തായ മുസ്‌ലിംകളുടെ സ്വാര്‍ജിത സ്വത്തുക്കള്‍ക്ക് ശരീഅത്ത് ആക്ട് ബാധകമാക്കുന്ന 1918ലെ പിന്തുടര്‍ച്ച ആക്ട് നിലവില്‍വന്നിരുന്നു. ഇതേ രീതിയിലുള്ള ബില്ല് കൊച്ചി നിയമസഭയില്‍ സീതി സാഹിബ് അവതരിപ്പിക്കുകയും 1108(1932-33)ലെ മുസ്‌ലിം പിന്തുടര്‍ച്ച ആക്ട് എന്ന പേരില്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തു. മലബാറില്‍നിന്ന് കൊച്ചിയിലെത്തി സ്ഥിരതാമസമാക്കിയ മരുമക്കത്തായ മുസ്‌ലിം കുടുംബങ്ങള്‍ക്കും പ്രസ്തുത നിയമത്തിന്റെ പ്രയോജനം ലഭിച്ചു. ഇതിന് സമാനമായ ഒരു ബില്ല് മുസ്‌ലിം മരുമക്കത്തായികളെ ഉദ്ദേശിച്ച് തിരുവിതാംകൂര്‍ നിയസഭയില്‍ എച്ച്.ബി മുഹമ്മദ് റാവുത്തര്‍(ആലപ്പുഴ) അവതരിപ്പിക്കുകയും 1108ലെ മുസ്‌ലിം പിന്തുടര്‍ച്ച ആക്ടായിതന്നെ അതും പ്രാബല്യത്തില്‍ വന്നു. കൊച്ചി സംസ്ഥാനത്തില്‍ അധിവസിച്ചിരുന്ന മരുമക്കത്തായം പിന്തുടര്‍ന്നിരുന്ന കച്ച്‌മേമന്‍ വിഭാഗത്തില്‍പ്പെട്ട മുസ്‌ലിംകള്‍ക്ക് ഹിന്ദു നിയമമായിരുന്നു ബാധകമായിരുന്നത്. ഇവര്‍ക്ക് ശരീഅത്ത് ആക്ട് ബാധകമാക്കുന്ന ഒരു ബില്ല് 1932ല്‍ സീതിസാഹിബ് അവതരിപ്പിച്ചതിനെ തുടര്‍ന്ന നിയമം പ്രാബല്യത്തില്‍ വന്നു.
മരുമക്കത്തായത്തിനെതിരെ നിയനിര്‍മാണം നടത്തിയ മറ്റൊരു പ്രഗത്ഭ സാമാജികനാണ് കാസര്‍ക്കോട്ടെ ഖാന്‍ ബഹദൂര്‍ മുഹമ്മദ് ശംനാട് സാഹിബ്. 1918ലെ മാപ്പിള പിന്തുടര്‍ച്ച ആക്ട് പാസായതിനുശേഷം അതിനുമുമ്പ് നിലവിലുണ്ടായിരുന്ന മലബാര്‍ വസിയത്ത് ആക്ട് പ്രകാരം മരുമക്കത്തായിയായ ഒരു മുസ്‌ലിംമിന്റെ സ്വത്തുക്കള്‍ മരണപത്രം മുഖേന ഉടസ്ഥന് ഇഷ്ടംപോലെ ഭാഗിക്കാന്‍ അവകാശമുണ്ടെന്നുള്ള ഒരു വാദഗതി വിവിധ കോണുകളില്‍ നിന്നുയര്‍ന്നുവന്നിരുന്നു. ഈ സംശയ ദൂരീകരണത്തിന് ശംനാട് സാഹിബ് മദിരാശി അസംബ്ലിയില്‍ അവതരിപ്പിച്ച മാപ്പിള ബില്ലിനെ തുടര്‍ന്ന് ഒരാളുടെ സ്വത്തില്‍നിന്ന് മൂന്നില്‍ ഒരു ഭാഗം മാത്രമേ വസിയ്യത്ത് പ്രകാരം അനുവദനീയമുള്ളൂ എന്ന 1939ലെ മാപ്പിള മരുമക്കത്തായ ആക്ട്(വസിയത്ത് ആക്ട്) നിലവില്‍ വന്നു. ഈ ആക്ടനുസരിച്ച് മരുമക്കത്തായ അംഗങ്ങളായ ഓരോ മുസ്‌ലിമിനും തന്റെ തറവാട് സ്വത്ത് ഭാഗിച്ചുകിട്ടാന്‍ ആവശ്യപ്പെടാനുള്ള അവകാശവും കോടതി മുഖേന അതിനായുള്ള വ്യവഹാരം നല്‍കാനും അവസരം ലഭിച്ചു. ഇങ്ങനെ ലഭിക്കുന്ന സ്വത്തിന് പിന്നീട് ശരീഅത്ത് ആക്ടിന്റെ പരിരക്ഷയേ ലഭ്യമാകുകയുള്ളൂ. തുടര്‍ന്ന് മലബാറിലെ ഭൂരിപക്ഷം മരുമക്കത്തായ മുസ്‌ലിം കുടുംബങ്ങളും വ്യവഹാരം മുഖേനയും അല്ലാതെയും ഭാഗം വെച്ചു പിരിഞ്ഞു.
അറക്കല്‍ സ്വരൂപത്തിലെ ഇരുപത്തിരണ്ടാം ഭരണാധികാരി ജുനുമാബി ആദിരാജബീവിക്ക് ഹിജ്‌റ 1194(എ.ഡി. 1780)ല്‍ അക്കാലത്തെ ലോക മുസ്‌ലിം നേതൃസ്ഥാനിയായ തുര്‍ക്കിയിലെ ഉസ്മാനിയ ഖലീഫയില്‍നിന്ന് ലഭിച്ച അറബിയിലുള്ള ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ മരുമക്കത്തായം തുടരാന്‍ അനുവാദം ലഭിച്ചിരുന്നു. ഇതിന്റെയും കൂടി പിന്‍ബലത്തിലായിരിക്കാം 1939ലെ മാപ്പിള മരുമക്കത്തായ നിയമനിര്‍മാണത്തില്‍നിന്നും പ്രസ്തുത സ്വരൂപത്തെ ഒഴിവാക്കിയത്. ഈ സ്വരൂപത്തിലെ ഇരുപത്തിമൂന്നാം ഭരണാധികാരി മറിയംബീവി ആദിരാജയുടെ ജാമാതാവും പണ്ഡിതശ്രേഷ്ഠനുമായ മായിന്‍കുട്ടി ഇളയ ഈ സമ്പ്രദായത്തെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. തന്മൂലം അദ്ദേഹത്തിന് സ്വകുടുംബത്തില്‍ നിന്ന്‌പോലും ശക്തമായ എതിര്‍പ്പ് തരണം ചെയ്യേണ്ടിവന്നു. ഈ സ്വരൂപത്തിലെ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും പുരുഷന്മാര്‍ കല്യാണം കഴിക്കുന്ന സ്ത്രീകളും കൊട്ടാരത്തില്‍ തന്നെ താമസിക്കണം. പുതിയാപ്പിളമാരും അംഗങ്ങളും പ്രതിഫലം പറ്റുന്ന യാതൊരു ജോലിയും ചെയ്യാന്‍ പാടില്ല. മാസത്തിലെ ആദ്യ ദിവസം കൊട്ടാരത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമുള്ള ജീവിതച്ചെലവ് ഭണ്ഡാരത്തില്‍നിന്ന് കാര്യസ്ഥന്മാര്‍ മുഖേന ലഭിക്കും. ഇതായിരുന്നു കീഴ്‌വഴക്കം.
രാജാധികാരം ഇല്ലെങ്കിലും കേരളത്തിലൊരു കാലത്ത് മികച്ചുനിന്ന മുസ്‌ലിം വ്യാപാരികളായിരുന്നു തലശ്ശേരിയിലെ കേയി വംശം. കണ്ണൂരിന്നടുത്ത് ചൊവ്വയിലായിരുന്നു ഈ വംശത്തിന്റെ തുടക്കം. കേയി എന്നാല്‍ കപ്പല്‍ മുതലാളി എന്നര്‍ഥം. ആലിപ്പിക്കേയി, മൂസക്കേയി, മായിന്‍കുട്ടിക്കേയി(എളയ) തുടങ്ങിയവരാണ് പ്രമുഖര്‍. വ്യാപാര ശൃംഖലയുടെ തുടക്കക്കാരന്‍ ആലിപ്പിക്കാക്കയായിരുന്നു. അദ്ദേഹം ചൊവ്വയില്‍ 1750കളില്‍ ആരംഭിച്ച വ്യാപാരം കടല്‍ മാര്‍ഗം ജലഗതാഗതത്തിന് സൗകര്യമുള്ള തലശ്ശേരിയിലേക്ക് പറിച്ചുനട്ടു. ആലിപ്പിക്കയുടെ വിയോഗത്തിനുശേഷം സഹോദരിയുടെ മകന്‍ മൂസക്കേയി ആണ് വ്യാപാരം വളര്‍ത്തി വലുതാക്കിയത്.
1960കളോടെ മരുമക്കത്തായ പിന്തുടര്‍ച്ച മുസ്‌ലിംകളില്‍നിന്ന് ഏതാണ്ട് നാമാവിശേഷമായി തുടങ്ങി. തുടര്‍ന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോ രാജ്യത്താകമാനം പ്രാബല്യത്തില്‍ വന്നതോടെ ഈ സമ്പ്രദായത്തിന് അന്ത്യമായി. നായര്‍ സമുദായത്തിലെ ഈ ആചാരം ഹിന്ദു മരുമക്കത്തായ അബോളിഷിങ്ങ് ആക്ട് നിലവില്‍ വന്നതോടെ 1976 ജനുവരി ഒന്നിന് ജനിക്കുന്ന ഓരോ കേരളീയനും ഈ സമ്പ്രദായത്തില്‍നിന്ന് നിയമ ദൃഷ്ടിയില്‍ മോചനം ലഭിച്ചു.

രചനാ സഹായി
1. കേരളാ മുസ്‌ലിംകളും മരുമക്കത്തായവും - കെ.എം സീതിസാഹിബ്
2. മലബാര്‍ മാന്വല്‍ - വില്യം ലോഗന്‍
3. കേരളാ മുസ്‌ലിം സ്ഥിതിവിവരക്കണക്ക്‌

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top