ഹദീസ് പഠനത്തിന്റെ പ്രസക്തി

‌‌

ചിന്താപരമായി വേദത്തിലുള്ള വിശ്വാസം പോലെത്തന്നെ പ്രധാനമാണ് പ്രവാചകനിലുള്ള വിശ്വാസം. പ്രവാചകത്വ വിശ്വാസത്തിന്റെ അഭാവത്തില്‍ വേദ വിശ്വാസം അര്‍ഥ ശൂന്യമാണ്. ഇതേപ്രകാരമാണ് പ്രായോഗിക ജീവിതത്തില്‍ ഖുര്‍ആനിനെ പിന്‍പറ്റുന്നതും സുന്നത്തിനെ പിന്‍പറ്റുന്നതും തമ്മിലുള്ള ബന്ധം. ഖുര്‍ആനിന്റെ പ്രായോഗിക രൂപമാണ് ഹദീസുകള്‍. വാക്കുകൊണ്ടും കര്‍മംകൊണ്ടും വേദഗ്രന്ഥത്തിന് പ്രവാചകന്‍ നല്‍കിയ വിശദീകരണം. സുന്നത്തിനെ തിരസ്‌കരിച്ചുകൊണ്ട് ഖുര്‍ആനിനെ സ്വീകരിക്കാനാവില്ല. ഖുര്‍ആന്‍ പഠനത്തോളം തന്നെ പ്രധാനമാകുന്നു ഹദീസ് പഠനവും. മനുഷ്യ ജീവിതത്തിന് സമ്പൂര്‍ണ മാതൃകയാണ് പ്രവാചക ചര്യ. ആ ജീവിതത്തിന്റെ ഓരോ അടക്കവും അനക്കവും പ്രവാചകന്‍ പ്രതിനിധാനം ചെയ്ത ആദര്‍ശത്തിന്റെ സ്പന്ദനങ്ങളായിരുന്നു. പ്രവാചക ശിഷ്യന്മാര്‍ ഒപ്പിയെടുത്ത ആ ജീവിതത്തെയും അതിന്റെ വെളിച്ചത്തെയും അവഗണിച്ച് ഇസ്‌ലാമില്‍ ജീവിക്കാന്‍ ഒരാള്‍ക്കും സാധിക്കുകയില്ല.
ശരീഅത്ത് നിയമങ്ങളുടെ പഠനത്തിലും പ്രസക്തമായ ജീവിത വിധികളുടെ തീര്‍പ്പുകളിലും ഖുര്‍ആനിനെക്കാളും സുന്നത്തിനെക്കാളും കര്‍മശാസ്ത്ര ഉദ്ധരണികള്‍ക്ക് പ്രാധാന്യം കൈവരുന്നത് ഒട്ടും സൂക്ഷ്മമല്ലാത്ത പ്രവണതയാണ്. ഹദീസ് നിഷേധ പ്രവണതയും വ്യാജ ഹദീസുകളില്‍ അഭയം തേടുന്നതും വലിയ വിലനല്‍കേണ്ടിവരുന്ന കെടുതികളാണ്. ഹദീസുകളെ ഏറ്റവും ശുദ്ധമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാണ് നിദാന ശാസ്ത്രങ്ങളും സനദുകളെ കുറിച്ചുള്ള പഠനങ്ങളും ഹദീസിനോളം വളര്‍ന്ന പഠനശാഖയായി മാറിയത്. ഖുര്‍ആനിന്റെ അക്ഷരവും അര്‍ഥവും സ്വീകരിക്കപ്പെടുകയും പൂര്‍ണമാവുകയും ചെയ്യുന്നത് സുന്നത്തിനെ ചേര്‍ത്തുനിര്‍ത്തുമ്പോഴാണ്. പ്രവാചക ജീവിതം ഓരോ സന്ദര്‍ഭങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ഇസ്‌ലാമിക സമൂഹം സുന്നത്തിന്റെ സംരക്ഷണത്തിന് ഏറ്റെടുത്ത വമ്പിച്ച വൈജ്ഞാനിക ദൗത്യത്തോളം സമാനമാണ് പ്രവാചക ജീവിതത്തെ മലിനപ്പെടുത്താനും നിന്ദിക്കുവാനും യൂറോപ്പും ഓറിയന്റലിസ്റ്റുകളും നടത്തിയ ശ്രമങ്ങളും. ഹദീസുകളെ ദുര്‍വ്യാഖ്യാനിച്ചും റസൂലിന്റെ ജീവിതത്തെ മോശമായി വരച്ചും ദൃശ്യവല്‍ക്കരിച്ചും എഴുതിയും നടത്തുന്ന ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് യൂറോ-അമേരിക്കന്‍ നിര്‍മിതികളില്‍ പ്രവാചക ജീവിതം ഒരു സുപ്രധാന അധ്യായമായിരുന്നു. അതുകൊണ്ടുതന്നെ പ്രവാചക ജീവിതത്തെക്കുറിച്ചുള്ള പഠനത്തിനും വായനക്കും വലിയ സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളുണ്ട്. ചെറുതാണെങ്കിലും മലയാളത്തിലും ഹദീസ് പഠനങ്ങളും വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഹദീസുകളെ കുറിച്ചുള്ള പഠനങ്ങള്‍ അതിന്റെ പ്രാമുഖ്യം, ചരിത്രം വിമര്‍ശനങ്ങളുടെ രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള അന്വേഷണമാണ് ഈ ലക്കം ബോധനം.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top