തുര്‍ക്കികളുടെ കലാവിഷ്‌കാരങ്ങള്‍

എം.കെ നൗഷാദ്‌‌
img

പുരാതനങ്ങളായ സംസ്‌കാരങ്ങളെയും നാഗരികതകളെയും ആധുനികര്‍ക്ക് വര്‍ണാഭമാക്കിക്കൊടുക്കുന്നതില്‍ അവരവരുടെ കലകള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. മതപ്രത്യയശാസ്ത്രചരിത്രങ്ങളിലും കലകളുടെ ഈ വൈവിധ്യസാന്നിധ്യം പ്രത്യക്ഷമാണ്. അതോടൊപ്പം, ഒരേ ആശയസംജ്ഞക്ക് തന്നെ കാലദേശങ്ങള്‍ക്കനുസൃതമായി നിറഭാവ വ്യത്യാസം നല്‍കുമെന്നതില്‍ ഇത്തരം കലാസാന്നിദ്ധ്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കാലാന്തരത്തില്‍ ഇത്തരം കലകള്‍ ആ മതത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ തന്നെ പേരിലറിയപ്പെടുകയോ ഗണിക്കപ്പെടുകയോ ചെയ്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അപ്രകാരമാവാം പഴയ തുര്‍ക്കിയുടെ(അനതോലിയ) പല കലാവിഷ്‌കാരങ്ങളും നവതുര്‍ക്കിയില്‍ ഇസ്‌ലാമിന്റെയോ മുസ്‌ലിംകളുടെയോ മേല്‍വിലാസത്തിലാണറിയപ്പെടുന്നത്. എന്നുമാത്രമല്ല, പല കലകളും ദൈവാരാധനയുടെത്തന്നെ ഭാഗമായോ ദൈവദത്തമായോ പരിഗണിച്ചുപോന്നിരുന്നു. തന്മൂലം, ഇത്തരം കലാപ്രകടനങ്ങളെ അംഗശുദ്ധി (Ablution)പോലെ മതപ്രാധാന്യമുള്ള കര്‍മങ്ങള്‍ അനുഗമിക്കപ്പെട്ടു. തുര്‍ക്കിഷ് കലാരൂപങ്ങളായ എബ്രുവും തസ്ഹീബും ദെര്‍വീശ് ഡാന്‍സും(Sufi dervis) ഈ ഗണത്തില്‍ ചിലതുമാത്രമാണ്. സെല്‍ജൂക്കുകള്‍ക്കു ശേഷം പ്രബല ശക്തിയായി വളര്‍ന്നുവന്ന ഓട്ടോമന്‍ സാമ്രാജ്യം ലോകമുസ്‌ലിം നേതൃത്വം(ഖിലാഫത്ത്) ഏറ്റെടുത്തതോടൊപ്പം ആ കാലഘട്ടത്തിലെ ലോകോത്തര കലാവിഷ്‌കാരങ്ങളുടെ ഈറ്റില്ലമെന്ന ഖ്യാതിയും നേടിയെടുക്കുകയുണ്ടായി. കലകളില്‍ സമാര്‍ജിച്ച ഈ പ്രമാണിത്തമാവാം 'കലാകാരന്മാരുടെ കളിത്തൊട്ടിലെ'ന്നറിയപ്പെടുന്ന പേര്‍ഷ്യയില്‍ നിന്നുപോലും പ്രസിദ്ധരായ പല കലാ മര്‍മ്മജ്ഞരെയും അനതോലിയയുടെ ഹൃദയത്തിലേക്കാകര്‍ഷിച്ചത്. പ്രാദേശികാടിസ്ഥാനത്തിലവിടെ വിഭിന്നമായി നിലനിന്നിരുന്ന എണ്ണമറ്റ കലാസാന്നിദ്ധ്യങ്ങളുടെ ഹ്രസ്വമായ സംഗ്രഹം പോലും അസാധ്യമെന്നിരിക്കെ കൂട്ടത്തില്‍ സാകൂതമെന്നു തോന്നിയ ചില കലാരൂപങ്ങളുടെ വിവരണമാണ് 'അനതോലിയന്‍ ആവിഷ്‌കാരത്തിലൂടെ' ഉദേശിക്കുന്നത്.

ഹത് (Husn-i- Hat) കാലിഗ്രാഫി
എഴുത്തിനെ ഒരു കലയെന്നതിനെക്കാള്‍ ജീവിതോപാധിയായി മാറ്റിയ ഒരു സമൂഹമായിരുന്നു തുര്‍ക്കികള്‍. വൈജ്ഞാനികമായും സാംസ്‌കാരികമായും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന തുര്‍ക്കികള്‍; പ്രധാനമായും തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിളുകാര്‍ പരമ്പരാഗതമായിത്തന്നെ ഉയര്‍ന്ന സംസ്‌കാരങ്ങള്‍ക്കുടമകളായിരുന്നു. 'The Conqueror' എന്നറിയപ്പെടുന്ന ഫാതിഹ് സുല്‍ത്താന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതിന് ശേഷമാണ് ഒരു കലാരൂപമെന്ന നിലയില്‍ 'ഹത്' തുര്‍ക്കിയിലെത്തുന്നത്. തുര്‍ക്കിഷ് ഭാഷയില്‍ 'രേഖ', 'പാത' എന്നര്‍ഥം വരുന്ന ഹത്(hat) പിന്നീടുള്ള കാലം തുര്‍ക്ക് ഇസ്‌ലാമിന്റെയും ഖിലാഫത്ത് ഭരണത്തിന്റെയും കലാ പ്രതിനിധിയായി മാറുകയായിരുന്നു. ഇതിന്റെ പ്രധാനമായ കാരണങ്ങളില്‍, തുര്‍ക്ക് റിപ്പബ്ലിക്കിനുമുമ്പ് തുര്‍ക്കികള്‍ ഉപയോഗിച്ചിരുന്ന അറബിഅക്ഷരമാലയും, ഹത്തിനുപയോഗിക്കുന്ന പദവാചകങ്ങളിലധികവും അറബിഭാഷയില്‍നിന്നോ ഖുര്‍ആന്‍പ്രവാചകചര്യയില്‍ നിന്നോ കടമെടുത്തവയോ ആയിരുന്നതാവാം. അയാ സോഫിയയിലെയും(Hagia Sophia) സുലൈമാനിയെ മോസ്‌ക്കിലെയും കാലിഗ്രഫി ചിത്രങ്ങള്‍ ഈ നിലക്ക് ചരിത്ര പ്രാധാന്യമേറിയവയാണ്. ഖിലാഫത്തിന്റെ പതനത്തോടെ രൂപീകൃതമായ തുര്‍ക്ക് റിപ്പബ്ലിക്കില്‍ ലിപി പരിഷ്‌കരണത്തിന്റെ(ScriptReform) പേരില്‍ അറബിലിപികള്‍ നിരോധിക്കുകയും തുര്‍ക്ക് അര്‍മീനിയന്‍ വംശജനും ബഹുഭാഷാ വിദഗ്ധനുമായ ആഗോപ് ദില്‍അചറിന്റെ(AgopDilacar) സഹായത്തോടെ ലാറ്റിന്‍ അക്ഷരമാലയില്‍ പുതിയ തുര്‍ക്കിഷ് ഭാഷ രൂപീകരിക്കുകയും ചെയ്തതോടെ അറബ് പേര്‍ഷ്യന്‍ ലിപികളിലെ കാലിഗ്രഫികള്‍ തുര്‍ക്കികള്‍ക്കന്യമായി. ഓട്ടോമന്‍ രാജാക്കന്മാരില്‍ പലരും ഈനിലക്ക് അഗ്രഗണ്യരായ കാലിഗ്രാഫര്‍മാരായിരുന്നു(Hat Sanatci). രാജാക്കന്മാരില്‍ തന്നെ സുല്‍ത്താന്‍ ബെയാസിത് നല്ലൊരു കാലിഗ്രാഫറായിരുന്നു. അദ്ദേഹത്തിന്റെ കോര്‍ട്ടില്‍ (ഓട്ടോമന്‍ കാലഘട്ടത്തിലെ കൊട്ടാര അകത്തളത്തിനു കോര്‍ട്ട് എന്നാണു വിളിക്കുന്നത്) മറ്റു കലാകാരന്മാരോടൊപ്പം അഗ്രഗണ്യരായ കാലിഗ്രാഫേഴ്‌സിനെയും അദ്ദേഹം നിയമിച്ചിരുന്നു. പാശ്ചാത്യ നാടുകളില്‍നിന്നുപോലും പ്രഗല്ഭരായ കാലിഗ്രാഫേഴ്‌സിനെയദ്ദേഹം ഇറക്കുമതി ചെയ്തു. ഈ ഗണത്തില്‍ 'കാലിഗ്രഫിയിലെ ജീനിയസ്' എന്നറിയപ്പെടുന്ന അമേസ്യക്കാരനായ(Ameysa) ശൈക്ക് ഹംദുല്ല (1429-1520) ഇവരില്‍ പ്രധാനിയാണ്. സുല്‍ത്താന്‍ ബെയാസിതിന്റെ കാലിഗ്രഫി പ്രേമം കൊണ്ടാവാം പിന്മുറക്കാര്‍ ഇസ്തംബൂളില്‍ അദ്ദേഹം നിര്‍മിച്ച 'ബെയാസിത് മദ്രസയെ'(Beyazit Medresesi) 'തുര്‍ക്കിഷ് കാലിഗ്രഫി മ്യൂസിയമാക്കി'(Hat Sanatlari Müzesi) രൂപാന്തരപ്പെടുത്തിയത്. തുര്‍ക്കികളുടെ കാലിഗ്രഫി പ്രാവീണ്യത്തെ കുറിച്ച് ഇസ്‌ലാമിക ലോകത്ത് ഇപ്രകാരം ഒരു ചൊല്ലുപോലുമുണ്ടായിരുന്നു: 'ഖുര്‍ആന്‍ ഹിജാസില്‍ അവതരിക്കപ്പെട്ടു, മിസ്‌റില്‍(Egypt) വായിക്കപ്പെട്ടു, ഇസ്തംബൂളില്‍ എഴുതപ്പെട്ടു.' ഇന്നു കേട്ടുകേള്‍വി മാത്രമായ വ്യത്യസ്തതരം ഹത് രൂപങ്ങള്‍ തുര്‍ക്കിയില്‍ നിലനിന്നിരുന്നു. സിജില്ലത്(sicillât), ദിബാജ്(dîbac), സെന്‍ബുര്‍(zenbur), മുഫാത്തബ്(mufattab), ഹറെം(harem), ലുലുഇ(lu lui), മുആലാക്(muallâk), മ്യുര്‍സെല്‍(mürsel) തുടങ്ങിയ ഹത് വകഭേദങ്ങള്‍ അവയില്‍ ചിലതുമാത്രമാണ്. സെല്‍ജൂ ക്കുകളുടെയും ഓട്ടോമനിന്റെയും ഇത്തരം കലാസൃഷ്ടികള്‍ തോപ്കപ്പാലസിലും(TopkapiSarai) തുര്‍കിഷ് ആന്‍ഡ് ഇസ്‌ലാമിക് ആര്‍ട്ട്് മ്യൂസിയത്തിലുമായി (Museum of Turkish and Islamic Arts) സംരക്ഷിച്ചു പോരുന്നു.

എബ്രു (Ebru)-Paper Marbling
തുര്‍ക്കിയില്‍ ആദ്യകാലംമുതലേ പ്രാധാന്യത്തിലുള്ളതും ഓട്ടോമന്‍ കാലഘട്ടത്തില്‍ പ്രസിദ്ധിയാര്‍ജിച്ച് ഈ വര്‍ത്തമാനത്തിലും നിലനില്ക്കുന്നതുമായ അനതോലിയന്‍ ചിത്രകലാരൂപമാണ് എബ്രു. പ്രഭവസ്ഥാന സംബന്ധിയായി കൃത്യമായ ജ്ഞാനമില്ലെങ്കിലും പുരാതന പേര്‍ഷ്യ വഴിയാണ് എബ്രു തുര്‍ക്കിയിലെത്തുന്നത്. ലളിതമായി, വെള്ളത്തിലുള്ള ചിത്രകല(Art in Water) എന്നുമിതിനെ വിളിക്കാം. പശമയമായ വെള്ളത്തിലേക്ക് ഒരു നേരിയ വടികൊണ്ട്(stick) മിനെറെലില്‍(Mineral) നിന്നും പച്ചക്കറി(Vegetables)കളില്‍ നിന്നും നിര്‍മിച്ച കളറുകള്‍ തെളിച്ചു കുതിരരോമം കൊണ്ടുള്ള ബ്രഷിന്റെ സഹായത്തോടെ ഒരേസമയം അസാധ്യവും അനിര്‍വചനീയവുമായ ഒരു കലാസൃഷ്ടി രൂപപ്പെടുത്തുന്ന കലാരൂപമാണ് എബ്രു. ഉയര്‍ന്ന സാമര്‍ഥ്യവും കൈവഴക്കവും അടക്കവും ശ്രദ്ധയും ക്ഷമയും മനസാന്നിധ്യവും ആവശ്യമായി വരുന്ന കലാരൂപമാണിത്. ഒരിക്കല്‍ നിര്‍മിച്ചവ അതേപടി പുനര്‍നിര്‍മിക്കലോ ആവര്‍ത്തി ക്കലോ എബ്രുവില്‍ അസാധ്യമാണ്. സെല്‍ജൂക്ക്, ഓട്ടോമന്‍ കാലഘട്ടം മുതല്‍തന്നെ ഗ്ലാസ്, ടൈല്‍, മാര്‍ബിള്‍ തുടങ്ങിയവകളിലെ ചിത്രപ്പണികള്‍, പുസ്തകങ്ങളുടെ പുറംചട്ടകള്‍, കത്തുകളുടെയും ലിഖിതങ്ങളുടെയും അലങ്കാരം, വീടുകളുടെയും കൊട്ടാരങ്ങളുടെയും അകത്തളങ്ങളിലെ മോടിപിടിപ്പിക്കല്‍ തുടങ്ങി ഒട്ടനവധി വിതാനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന കലാമാതൃകയായിരുന്നു എബ്രു. അനതോലിയയില്‍ വളരുന്ന ഒരുതരം ചെടിയില്‍നിന്നുമെടുത്ത ചെറിയ കനത്തിലുള്ള കിത്‌റെ-Ktire- (TragacanthGum) എന്ന പശപോലുള്ള പദാര്‍ത്ഥം നീണ്ട ചതുരാകൃതിയിലുള്ള തളികയിലെ വെള്ളത്തില്‍ ലയിപ്പിച്ച് ചെറിയ ചുള്ളിക്കമ്പുകൊണ്ട് കളറുകള്‍ വെള്ളത്തില്‍ പടരാത്ത രീതിയില്‍ തളിച്ച് അവ കുതിരരോമംകൊണ്ടുള്ള ബ്രഷിന്റെ സഹായത്തോടെ പ്രത്യേകരൂപങ്ങള്‍ നിര്‍മിച്ച് അതിനുമുകളിലൂടെ പേപ്പര്‍ ചലിപ്പിച്ചു ശ്രദ്ധയോടെ ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കുന്ന രീതിയാണ് എബ്രു. ഓരോ നിറങ്ങളെടുക്കുമ്പോഴും വ്യത്യസ്തങ്ങളായ കമ്പുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ ഒന്നുതന്നെ കഴുകി വേണം ഉപയോഗിക്കാന്‍. 13-ാംനൂറ്റാണ്ടില്‍ തുര്‍ക്കിസ്ഥാനിലാണ് ഈ കലാരൂപത്തിന്റെ ഉത്ഭവമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇസ്തംബൂള്‍ ഇത്തരം കലാകാരന്മാരുടെ കേന്ദ്രമായിരുന്നു. യൂറോപ്പിലേക്കും മറ്റും കയറ്റിയയക്കുന്നതിനായി 1920കളുടെ തുടക്കംവരെയും ഇസ്തംബൂളിലെ ബയാസിത് കവലകളില്‍ (BeyazitCeddesi)ഇത്തരം എബ്രു ഷോപ്പുകള്‍ ധാരാളമായി കണ്ടിരുന്നു. ഇത്തരം സൃഷ്ടികളെ തുര്‍ക്കിഷ് എബ്രു എന്നാണ് യൂറോപ്യന്മാര്‍ വിളിച്ചിരുന്നത്. വളരെ രസകരമായ വസ്തുത, ദൈവികവും ആജ്ഞേയവുമായൊരു കലയായാണ് തുര്‍ക്കികള്‍ എബ്രുവിനെ അന്നുമിന്നും പരിഗണിച്ചുപോരുന്നത്. നല്ല മതവിശ്വാസികളായിരുന്ന തുര്‍ക്കികള്‍ ജീവനുള്ള ജാലങ്ങളുടെ ചിത്ര സൃഷ്ടിപ്പിനു മതപരമായ വിലക്കുണ്ടെന്ന (തെറ്റി?)ധാരണ വെച്ചുപുലര്‍ത്തിയതുകൊണ്ടാവാം അബ്‌സ്ട്രാക്ട്(Abstract) രൂപങ്ങളും തുലിപ് പുഷ്പങ്ങളുമായിരുന്നു പ്രധാനമായും എബ്രുവിലെ കലാസൃഷ്ടിമാതൃകകള്‍. നിര്‍മാതാവാരെന്നറിയപ്പെടാത്ത, 450-500 ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള എബ്രു ചിത്രങ്ങള്‍ ഇന്നും തുര്‍ക്ക് മ്യൂസിയങ്ങളിലുണ്ട്. ചിചെക് എബ്രു (Cicek Ebru), തുലിപ് എബ്രു(Turlip Ebru), ചോപ്ര/കുംസാല്‍ എബ്രു(Copra/Kumsal Ebru), ബുയൂക് എബ്രു(buyuk Ebru), യസ്ലി എബ്രു (yazli ebru), അക്കാസേ എബ്രു(Akkase Ebru) എന്നിവ വ്യത്യസ്തതരം എബ്രു വകഭേദങ്ങളാണ്. 2014ലില്‍ UNESCO എബ്രുവിനെ 'The Representative List of the Intangible Cultural Heritage of Humantiy' എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി ആദരിച്ചിരുന്നു.

തെസ്ഹീബ് (Tezhip)-Gilding:
എഴുത്തുലിപികളെയും പുസ്തക രേഖകളെയും സ്വര്‍ണം കൊണ്ടോ തിളക്കമാര്‍ന്ന നിറക്കൂട്ടുകള്‍ കൊണ്ടോ അലങ്കരിക്കുന്ന തെഹ്‌സീബ് കലാരൂപചരിത്രം ഉയ്ഗൂര്‍ തുര്‍ക്കികളില്‍നിന്നാണ് ആരംഭിക്കുന്നത്. 'സ്വര്‍ണമണിയിക്കല്‍' എന്നാണ് തെസ്ഹീബിന്റെ പദാനുപദാര്‍ഥം. സ്വര്‍ണത്തെ പരത്തി പാളികളാക്കുകയും തുടര്‍ന്ന് പൊടിച്ച് വെള്ളത്തിലിട്ട് ആ വെള്ളം തോല്‍പ്പശയില്‍(Gelatine) ചേര്‍ത്ത് ആവശ്യമായ കനത്തില്‍ അസംസ്‌കൃതപദാര്‍ത്ഥം(Material) നിര്‍മിച്ചെടുത്തതിന് ശേഷമാണ് ലിപികളെ നിറമണിയിക്കല്‍. സിന്തറ്റിക്ക് കളറുകളുടെ(Synthetic Paints) വരവോടെ തെസ്ഹീബിലും ഇവയുപയോഗിക്കാന്‍ തുടങ്ങി. തെസ്ഹീബ് കലാകാരന്‍-മുസെഹിബ്(müzehhip)- ഒരു കട്ടിയുള്ള കടലാസിനു(Hard Paper) മുകളില്‍ സുതാര്യമായൊരു മുന്‍മാതൃകവെച്ച് സൂചികൊണ്ട് ആ മാതൃകക്കു മുകളില്‍ ചെറുതായി കുത്തി സുഷിരങ്ങളുണ്ടാക്കി, പശമയമായ കറുത്തപൊടി ആ സുഷിരങ്ങളില്‍ നിറച്ച് മുകളിലെ സുതാര്യമായ പേപ്പറെടുത്തുമാറ്റി(Transperant Paper) പാര്‍ശ്വഭാഗങ്ങളില്‍ സ്വര്‍ണപാളികള്‍ കൊണ്ടലങ്കരിക്കുന്ന കലാരൂപമാണ് തെസ്ഹീബ്. ഇന്നത്തെ പ്രയോഗത്തില്‍ ഒരു 3D പ്രതീതിയാണ് തെസ്ഹീബുകള്‍ക്കുണ്ടായിരുന്നത്. നൂറ്റാണ്ടുകള്‍ ഈടുനില്‍ക്കുന്ന നാലടുക്കുകളുള്ള 'മുറക്കാ'(Murakka) എന്ന പേപ്പറാണ് ഇതിനുപയോഗിക്കുന്നത്. ഒമ്പതാം നൂറ്റാണ്ടിനുശേഷമാണ് സെല്‍ജൂക്കികള്‍ (Seljuk) വഴി ഈ കലാരൂപം അനതോലിയയിലെത്തുന്നത്. ഈജിപ്തിലും പേര്‍ഷ്യയിലും തൈമൂര്‍ ഭരിച്ചിരുന്ന പ്രദേശങ്ങളായ ഹെറാത്ത്(Herat), ഹിവെ(Hive), ബുഖാറ(Bukhara), സമര്‍ഖന്ത്(Samarkand) തുടങ്ങിയ പ്രദേശങ്ങളിലും ഈ കലാരൂപം പ്രസിദ്ധമായിരുന്നു. ആദ്യകാലങ്ങളില്‍ 'കില്‍കലം' Kilkalem- (Hair Pen) എന്ന പ്രത്യേകതരം പേനയായിരുന്നു ഇതിനുപയോഗിച്ചിരുന്നത്. അന്ന് ഈയൊരു ഉപകരണം(Tool) മാത്രമേ ഇതിന്റെ നിര്‍മിതിക്കുപയോഗിച്ചിരുന്നുള്ളൂ. പലപ്പോഴും ലിപിനിര്‍മിച്ചിരുന്നതും(hat) തെസ്ഹീബ് നിര്‍മിച്ചിരുന്നതും രണ്ടു വ്യത്യസ്ത ആളുകളായിരുന്നു. സുല്‍ത്താന്‍ ബെയാസിതിന്റെ കാലഘട്ടമെന്നത് കാലിഗ്രഫിയെപോലെത്തന്നെ തെസ്ഹീബിനും പേരുകേട്ടതായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് 'മുസ്ഹഫുകളില്‍' തെസ്ഹീബ് വിപുലമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. തെസ്ഹീബിന്റെ ഈയലങ്കാരം ഖുര്‍ആനിലെ ആദ്യാവസാന ഏടുകളില്‍, പ്രത്യേകിച്ചും ഫാത്തിഹ സൂറയുടെ ഏടുകളില്‍ ഇന്നും തുടര്‍ന്നു പോരുന്ന മാതൃകകളാണ്. പ്രസിദ്ധനായ തുര്‍ക്കിഷ് കാലിഗ്രാഫര്‍ ശൈഖ് ഹാമിദുല്ലയുടെ ഖുര്‍ആന്‍ കാലിഗ്രഫികള്‍ ഇതിനുദാഹരണങ്ങളാണ്. പുസ്തകങ്ങളിലെ അല്ലെങ്കില്‍ ഖുര്‍ആനിലെ തന്നെ ആദ്യ പേജുകളിലെ ഈ കലാനിര്‍മിതിയെ 'സെര്‍ലെവ്ബ'(Serlevba) എന്നാണു മുസെഹിബുകള്‍ വിളിക്കുന്നത്. ഖുര്‍ആനിനോടുള്ള ആദരവ് സൂചകമായി മുസെഹിബുകള്‍ ഇത്തരം നിര്‍മിതികളില്‍ വലിയ ശ്രദ്ധയും ശ്രമവും(efforts) ചെലുത്തിപ്പോന്നിരുന്നു. ഖുര്‍ആനിലെ ഓരോ ആയത്തുകള്‍ക്ക് ശേഷവും കാണുന്ന (ആയത്തിന്റെ നമ്പര്‍ ഉള്‍കൊണ്ടിട്ടുള്ള) ചെറിയ വൃത്താകൃതിയിലുള്ള 'ചിത്രപ്പണികള്‍' തെസ്ഹീബ് നിദര്‍ശനങ്ങളാണ്. ഖുര്‍ആന്‍ ആയത്തുകളുടെ അറുതിയിലുള്ള കുഞ്ഞു തെസ്ഹീബ് മാതൃകകളെ 'ദുരാക്ക് തെസ്ഹീബ്' (Durak Teship) എന്നാണു വിളിക്കുന്നത്. കഠിനപരിശ്രമവും ശ്രദ്ധയും ആവശ്യമായിവരുന്നതിനാലാവാം 'സെര്‍ലെവ്ബ തെസ്ഹീബുകള്‍' പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കംമുതല്‍ തന്നെ വിരളമായിത്തുടങ്ങി. ഖുര്‍ആനെ ഒഴിച്ചുനിര്‍ത്തിയാല്‍, പുസ്തകങ്ങളുടെയും പ്രധാന കൃതികളുടെയും ആദ്യപുറങ്ങളിലായിരുന്നു പ്രധാനമായും തെസ്ഹീബുകളുടെയിടം. സുല്‍ത്താന്‍ മുറാദ് രണ്ടാമന്റെ(Murat II) പേരില്‍ നിര്‍മിച്ച സംഗീത ശാസ്ത്ര പുസ്തകമാണ് പുസ്തകരൂപത്തിലുള്ള ആദ്യത്തെ തെസ്ഹീബായി കണക്കാക്കുന്നത്(Revan, 1726, Topkapi Palace). രാജാക്കന്മാരും പ്രമാണികളും പലമേഖലകളില്‍ കഴിവുതെളിയിച്ച ആളുകള്‍ക്കും മറ്റും നല്‍കിപ്പോന്നിരുന്ന പ്രശസ്തിപത്രങ്ങളിലും പതക്കങ്ങളിലും സ്വര്‍ണ നിര്‍മിത തെസ്ഹീബുകള്‍ ഉപയോഗിച്ചിരുന്നു. നല്‍കുന്ന അധികാരിയുടെ സാമ്പത്തിക നിലവാരമനുസരിച്ചാണ് തെസ്ഹീബിലെ 'കെട്ടുറപ്പും' ചാരുതയും.
തെസ്ഹീബിന്റെ കൃതയുഗമായി ഗണിക്കപ്പെടുന്ന ഓട്ടോമന്‍ കാലഘട്ടത്തിന്റെ തുടക്കത്തോടെത്തന്നെ അലങ്കാര രചനകള്‍ക്ക്(Decorative Art) ഒരദ്ധ്യാത്മികമാനം(Spiritual tSructure) കൈവരികയുണ്ടായി. കോണ്‍സ്റ്റാന്റിനോപ്പിള്‍ (Constantinople) കീഴിടക്കിയ ഫാത്തിഹ്‌സുല്‍ത്താന്‍ മെഹ്മദ് (Fatih Sultan Mehmet) നല്ലൊരു പുസ്തകകലാപ്രേമികൂടിയായിരുന്നു. ഉസ്‌ബെക് വംശജനും 'അലങ്കാരത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നവനുമായ ബാബാ നക്കാഷിനെ ചുമതലപ്പെടുത്തി തോപ്കപ് പാലസിലദ്ദേഹമൊരു 'നക്കാഷ് ഹാനെ'(House of Decorators) തന്നെ നിര്‍മിച്ചിരുന്നു. കൊട്ടാരങ്ങളില്‍ 'നക്കാഷ് ഹാനെകള്‍ നിര്‍മിക്കുന്നത് ഉയ്ഗൂര്‍ തുര്‍ക്കികളുടെ രീതിയും പാരമ്പര്യവുമായിരുന്നു. ഫലത്തില്‍ ഇത്തരം നക്കാഷ് ഹാനെകള്‍ ഒരു ഫൈന്‍ ആര്‍ട്‌സ് കോളേജിന്റെ പ്രതീതിയാണുളവാക്കിയിരുന്നത്. ഓട്ടോമന്‍ കാലഘട്ടത്തിലെ ഹസന്‍ ബിന്‍ അബ്ദുല്ലയും, ഹസന്‍ ബിന്‍ മെഹമദ്, മെലക്ക് അഹമ്മദ് തെബ്‌റീസി, ഹസന്‍ ബിന്‍ അബ്ദുല്‍ ജലീല്‍, തുര്‍മൂടഷ് ബിന്‍ ഹൈയ്‌റദ്ദീന്‍, ഉവൈസ് ബിന്‍ അഹമദ്, ബൈറാം ബിന്‍ ദേര്‍വീഷ്, ഇബ്രാഹിം ബിന്‍ അഹമദ്, മെഹ്മദ് ബിന്‍ ബൈറാം, ഹെറാത്ത്, ഷിറാസ്, ശാഹ്കുലു, 'ഇബ്‌നു അറബ്' എന്നറിയപ്പെടുന്ന ഫസലുല്ല നക്കാഷുമെല്ലാം അതാത് കാലഘട്ടങ്ങളിലെ അഗ്രഗണ്യരായ സര്‍നക്കാഷുകളായിരുന്നു (Cheif Decorators). എന്നിരുന്നാലും, ഓട്ടോമന്‍ ഭരണത്തിന്‍ പരിധിയിലായിരുന്നിട്ടുപോലും 18-19 നൂറ്റാണ്ടുകളില്‍ തുര്‍ക്കിഷ് കലകളിലെ ക്ലാസ്സിക് പാശ്ചാത്യന്‍ മാതൃകകളുടെ(Classic and Western Motifes) സ്വാധീനം തെസ്ഹീബിന്റെ ഖ്യാതിയെ കാര്യമായി ബാധിക്കുകയുണ്ടായി.

ജില്‍ത് സനാത്(Skin/BindingArt)
പുസ്തകം, എഴുത്ത്, പഠനം തുടങ്ങിയവക്ക് പ്രാധാന്യം നല്കിയിരുന്ന മുസ്‌ലിം ഭരണാധികാരികള്‍ ഭരിച്ചിരുന്നത് കൊണ്ടാവാം തുര്‍ക്ക്-ഇസ്‌ലാമിക് കലകളുടെ ഗണത്തില്‍ വരുന്നവയിലധികവും എഴുത്ത്, ലിപി, പുസ്തകം തുടങ്ങിയവയുമായി ബന്ധപ്പെട്ട കലാമാതൃകകളാണ്. ജില്‍ത് എന്ന കലാരൂപവും അത്തരം ഒരു സൃഷ്ടിരൂപമാണ്. 'തൊലി' 'തോല്‍' എന്നര്‍ത്ഥം വരുന്ന 'ജില്‍ത് സനാത്തിന്' തുര്‍ക് ഡകറേറ്റീവ് ആര്‍ട്ടില്‍ വലിയ പ്രാധാന്യമുണ്ട്. 'ക്ലാസിക് ജില്‍ത് ആര്‍ട്ടിന്'(Classic Cilt Sanati) ഏറ്റവുമനുയോജ്യമായ പദാര്‍ത്ഥം തോലായതുകൊണ്ടാണ് ഈ കലക്ക് ഈ പേര് ലഭിക്കുന്നത്. പുസ്തകങ്ങളുടെ പുറംചട്ടക്കും താളുകള്‍ക്കും ഒരു സംരക്ഷിത കവചം കൂടിയാണ് 'ജില്‍ത് സനാത്'. ഏഴ്, ഒമ്പത് നൂറ്റാണ്ടുകളില്‍ ഈജിപ്തിലെ കോപ്ടിക് വംശജരും മദ്ധ്യേഷ്യയിലെ ഉയ്ഗൂര്‍ വംശജരുമാണ് ഈ രീതിക്ക് തുടക്കം കുറിച്ചത്. അക്കാലഘട്ടത്തിലെന്ന് പറയപ്പെടുന്ന ഉയ്ഗൂര്‍ നിവാസികളുടേതായ തോലുകളിലുള്ള നാണയമാതൃകകളും കത്തികൊണ്ടു രൂപകല്പന ചെയ്ത ജ്യാമിതി രൂപങ്ങളും ഗവേഷകന്മാര്‍ കണ്ടെടുത്തിട്ടുണ്ട്. സെല്‍ജൂക്കുകളിലൂടെ ഓട്ടോമനിലെത്തുകയും ഇരുപതാംനൂറ്റാണ്ടുവരെ വളരെ പ്രായോഗിക തലത്തില്‍ത്തന്നെ ജനകീയമാവുകയും ചെയ്ത ഒരു കലാരൂപമായിരുന്നു ജില്‍ത് സനാത്. ഖുര്‍ആന്‍, ഹദീസ് തുടങ്ങി വളരെ പ്രാധാന്യത്തോടെ പരിരക്ഷിച്ചു പോന്നിരുന്ന പുസ്തകങ്ങളായിരുന്നു ഇപ്രകാരം 'തോലാവരണം' ചെയ്യപ്പെട്ടിരുന്നത്. ഇതില്‍ തന്നെ പല വ്യത്യസ്ത രീതികളും രൂപങ്ങളും കൈക്കൊണ്ടിരുന്നു. റൂമി(Rumi), ശംസ്(Shams), പ്രിന്റ്(yazli), ഔഷധീയാലങ്കരണം(Bitkisel Suslenme) തുടങ്ങി വ്യത്യസ്ത രീതികള്‍ കലാകാരന്മാര്‍ തുടര്‍ന്നുപോന്നിരുന്നു. സെല്‍ജൂക്കുകളുടെ കാലഘട്ടത്തില്‍തന്നെ ജില്‍ത് സനാത് വളരെ സമ്പന്നമായിരുന്നു. തുടര്‍ന്നുവന്ന ഓട്ടോമന്‍ സാമ്രാജ്യത്തിനും ഈ കലാരൂപം അതിന്റെ പകിട്ട് നിലനിര്‍ത്തി. ഓട്ടോമന്‍ കാലഘട്ടത്തിലെ ആദ്യ ജില്‍ത് സനാത് മാതൃകകള്‍ എന്നറിയപ്പെടുന്നവ ഫാതിഹ് സുല്‍ത്താന്റെ കാലത്തേതായിരുന്നു. ഫാതിഹ് സുല്‍ത്താന്‍ തനിക്കായി നിര്‍മിച്ച പുസ്തകാലയത്തിനായി എഴുതപ്പെട്ട പുസ്തകത്തിന്റെതാണ് 'തോല്‍ ചട്ട'. ഓട്ടോമന്‍ കാലഘട്ടത്തിലെ ആദ്യ ജില്‍ത് സനാത് സൃഷ്ടിയായി കണക്കാക്കുന്നതും ഇതാണ്. തെസ്ഹീബ് പോലുള്ള കലാമാതൃകകള്‍ അനുകരിച്ച് പാര്‍ശ്വങ്ങളില്‍ സ്വര്‍ണം കൊണ്ടലങ്കരിച്ചും വ്യത്യസ്ത നിറങ്ങളുപയോഗിച്ചും ഇതിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. ഈ കലാരൂപം അതിന്റെ ഉച്ചിയിലെത്തിയ 16-ാം നൂറ്റാണ്ടില്‍ അതിഗംഭീരമായ അനവധി കലാസൃഷ്ട്ടികള്‍ ജന്മമെടുക്കുകയുണ്ടായി. 17-ാം നൂറ്റാണ്ടില്‍ തോലുകൊണ്ടുള്ള പുറംചട്ട നിര്‍മാണം നിലച്ചുപോയെങ്കിലും 18-ാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ മെഹ്‌മെത് III (1703–1730) ദാമാത് ഇബ്രാഹിം പാഷയുടെ പ്രോത്സാഹനത്തോടെ പുതിയ സങ്കേതനങ്ങളോടെയും വൈവിദ്ധ്യങ്ങളോടെയും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരികയുണ്ടായി. ശംസെ(Semse), ജെഹാര്‍കുശെ(Çeharkuse), ലാകെ(Lake), സെര്‍ബുഹാര്‍ (Zerbahar), മുഷെബ്ബെക് (Müsebbek), യസ്മ(Yazma), മുറസ്സ(Murassa) തുടങ്ങിയവ വ്യത്യസ്ത ജില്‍ത് സനാത് രൂപങ്ങളാണ്.

ചീനി സനാത് (Tile Art)
എട്ട്, ഒമ്പത് നൂറ്റാണ്ടുകളില്‍ ഉയ്ഗൂര്‍ തുര്‍ക്കികളില്‍ നിന്നാരംഭിച്ച് ഖാഗനേറ്റ്(Khaganate), ഗസ്‌നവിത്(Ghaznavid) തുടങ്ങിയ സാമ്രാജ്യങ്ങളുടെ സ്വാധീനത്തിലൂടെ സെല്‍ജൂക്കുകള്‍ വഴി അനതോലിയയിലെത്തി ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രപ്രതീകമായി മാറിയ കലാരൂപമാണ് 'ചീനി സനാത്' എന്നറിയപ്പെടുന്ന Tile Art. ഓട്ടോമന്‍ വാസ്തു കലാസൃഷ്ടിളുടെ ഇന്നും നിലനില്‍ക്കുന്ന പ്രതിരൂപങ്ങളില്‍ ഈ 'നീല ടൈലുകള്‍' (BlueTiles) തുര്‍ക്കിയിലെങ്ങും ദൃശ്യമാണ്. ഇസ്തംബൂളില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ 'ബ്ലൂ മോസ്‌ക്കിന്'(SulthanAhmad Mosque) പേരുലഭിച്ചതുതന്നെ അതിന്റെ ഉള്‍ചുവരുകളില്‍ ആലേഖനം ചെയ്തിട്ടുള്ള 20,000 വരുന്ന നീല ടൈലുകളുടെ സാന്നിദ്ധ്യമാണ്. ഇസ്തംബൂളില്‍ സ്ഥിതിചെയ്യുന്ന ഈ ഓട്ടോമന്‍ ആര്‍കിടെക്ചര്‍ വിസ്മയം എന്നും സഞ്ചാരികളുടെ കൗതുകകേന്ദ്രമാണ്. ഇപ്രകാരം അനവധി കൊട്ടാരങ്ങളും പള്ളികളും മദ്രസകളും കല്ലറകളും(Tomb) ലിപിഅലേപിത ടൈലുകളുടെ അസാമാന്യഭംഗിയില്‍ നിര്‍മിതമായവയാണ്. ഓട്ടോമന്‍ കാലഘട്ടത്തിന്റെ ഉയര്‍ച്ചയോടെ ടൈല്‍ ആര്‍ട്ടും പുതിയൊരു അദ്ധ്യായത്തിനു തുടക്കംകുറിച്ചു. അതോടെ ടൈലുകളില്‍ ഖുര്‍ആനിക വചനങ്ങളും പ്രവാചക വചസ്സുകളും സ്ഥാനംപിടിച്ചു. പതിനൊന്നാം നൂറ്റാണ്ടില്‍ തുര്‍ക്കി ഭരിച്ചിരുന്ന ബെയ്‌ലിക്കുകളെ(Anatolian beyliks) ഓട്ടോമന്‍ വാസ്തുവിദ്യകളുടെ തുടക്കക്കാരായാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. അവരുടെ കാലഘട്ടത്തില്‍ നിര്‍മിച്ച പല 'ടൈല്‍ ആര്‍ട്ട്' വര്‍ക്കുകളും ഇസ്തംബൂളിലെ Çinili Kösk Müzesi (Tiled Kiosk IstanbulArchaeological Museum)ത്തിലും ബെര്‍ലിന്‍ സ്റ്റേറ്റ് മ്യൂസിയത്തിലും ഇന്നും അവശേഷിക്കുന്ന സ്മരണകളാണ്. ഇസ്‌നിക് ഗ്രീന്മോരസ്‌ക് മിനാരം(1390), ബുര്‍സ ഗ്രീന്‍മോസ്‌ക്, ശവകുടീരം(1421), ബുര്‍സമുറാദിയെ മോസ്‌ക്(1426), എദിര്‍നെ മുറാദിയെ മോസ്‌ക്(1433), ഇസ്തംബൂള്‍ മഹമൂത് പാഷ ശവകുടീരം(1463), ടൈല്‍ കിയോസ്‌ക് Çinili Kösk'te- (1472), എദിര്‍നെ ഷാ മെലെക് പാഷാ മോസ്‌ക്, ഹുറം സുല്‍ത്താന്‍ ശവകുടീരം(1558), റുസ്തം പാഷ മോസ്‌ക്ക്(1561), സുലൈമാന്‍ ഒന്നാമന്റെ ശവകുടീരം(1566), സൊകുല്ലു മെഹ്മദ്പാഷാ മോസ്‌ക്(1572), പിയാലെ പാഷാ മോസ്‌ക്(1573), ഉസ്‌കുദാറിലെ വാലിദെ അതിക് മോസ്‌ക്(1583) തുടങ്ങിയവയിലെ സുന്ദരങ്ങളായ ടൈല്‍ ആര്‍ട്ട് വര്‍ക്കുകള്‍ ഇസ്‌ലാമിക കലാവൈഭത്തിന്റെ ഇന്നും നിലനില്‍ക്കുന്ന നിദര്‍ശനങ്ങളാണ്. സെല്‍ജൂക്കുകളുടെ തലസ്ഥാനമായിരുന്ന കൊനിയയിലും സിവാസ്, തൊകാത്, ബെയ്‌ശെഹിര്‍, കയ്‌സരി, എര്‍സുറും, മലാത്യ, അലന്യ തുടങ്ങിയ പട്ടണങ്ങളിലും ഇത്തരം ടൈല്‍ ആര്‍ട്ട് വളരെ പ്രസിദ്ധവും ഇന്നും നിലനിലക്കുന്നവയുമാണ്. ആദ്യകാലങ്ങളില്‍ മൊസൈക്ക് പെയിന്റുകളും ഇനാമെല്‍ പെയിന്റുകളുമാണിതിന് പ്രധാനമായുമുപയോഗിച്ചിരുന്നത്. Turquoiseഉം cobalt blue, eggplant violetഉം ബ്ലാക്കും ഇതിന്റെ ജനകീയമായ നിറങ്ങളാണ്. സെല്‍ജൂക്കുകളുടെ കാലഘട്ടത്തില്‍ മൊസൈക്കുകളിലും ഇത്തരം ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്തിരുന്നു. ശവകുടീരങ്ങളുടെയും മിഹ്‌റാബുകളുടെയും മിനാരങ്ങളുടെയും ഉള്‍വശം അലങ്കരിക്കുന്നതിനായിരുന്നു പ്രധാനമായും ഇവ ഉപയോഗിച്ചിരുന്നത്. കൊനിയയിലെ കരതായ് മദ്രസയുംKaratay Medrese (Konya,1251), അലാദ്ധീന്‍ മോസ്‌ക്കും (Konya, 1220), സിവാസിലെ ഗോക്ക് മദ്രസയും പള്ളിയും (Sivas, 1271), മലാത്യ ഗ്രാന്ഡ്യ മോസ്‌ക്കും(Malathya,1247), കൊനിയയിലെ ഇന്‍ജെ മിനാറെലി മദ്രസയും(Konya, 1264) മൊസൈക്ക് ടൈല്‍ ആര്‍ട്ട് വര്‍ക്കുകളുടെ പ്രതിരൂപങ്ങളാണ്. കൊട്ടാരങ്ങളുടെ നിര്‍മിതിയില്‍ മാത്രമായി ഉപയോഗിച്ചിരുന്ന ടൈലുകളാണ് മിനായ്‌ടൈലുകളും (minai tiles) ലസ്റ്റര്‍ ടൈലുകളും(luster tiles). ജിയോമെട്രിക് പാറ്റേണുകള്‍ക്ക് പ കരമായി നക്ഷത്ര, സങ്കലന ചിഹ്നാകൃതിയിലുള്ള ടൈലുകളാണുപയോഗിച്ചിരുന്നത്. ടൈല്‍ ആര്‍ട്ട് വര്‍ക്കുകളുടെ കൂട്ടത്തില്‍ ഏറ്റവും അനന്യസുലഭമായി കണ്ടിരുന്ന ടൈല്‍ ആണ് വെള്ളയും നീലയും കളറുകളുള്ളവ. ഇതിന്റെ കണ്‍മുന്നിലുള്ള ഉദാഹരണങ്ങളാണ് എദിര്‍ശയിലെ (Edirne) മുറാദ് II മോസ്‌ക്(1436), ഉച്ച് ശെറെഫ്‌ലി മോസ്‌ക് -Uc Serefli Mosque-(1437-1448), ബുര്‍സയിലെ അഹമദ് രാജകുമാരന്റെ ശവകുടീരം(1429), മുസ്തഫ രാജകുമാരന്റെയും(1474), മഹ്മൂദ് രാജകുമാരന്റെ ശവകുടീരം(1506), ഇസ്തംബൂളിലെ തോപ്കപ് പാലസിന്റെ ചില ഭാഗങ്ങള്‍ തുടങ്ങിയവ.

കാത്' സനാത് (Kati' Sanat-'paper filigree' orCut Out Relief)
ഓട്ടോമന്‍ കാലഘട്ടത്തില്‍ മത-തത്വദര്‍ശന ഗ്രന്ഥങ്ങളുടെ കെട്ടുമട്ടുകള്‍ അലങ്കരിക്കുന്നതിനായി തോല്‍, പേപ്പര്‍ പ്രതലങ്ങള്‍ വളരെ സങ്കീര്‍ണങ്ങളായ മാതൃകകള്‍ പതിപ്പിച്ച് രൂപകല്പന ചെയ്‌തെടുക്കുന്ന കലാരീതിയാണ് കാത് സനാത്. തോലുകളിലും പേപ്പറുകളിലും മൂര്‍ച്ചയേറിയ ചെറിയ പ്രത്യേകതരം പേനകത്തി(kaletmras or nevregen)കൊണ്ട് രൂപങ്ങള്‍ നിര്‍മിച്ച് മുഹല്ലെബി –muhallebi- എന്നറിയപ്പെടുന്ന പാലിന്റെയും അരിപ്പൊടിയുടെയും ബൈന്റിംഗ് പശയുടെയും മിശ്രിതം കൊണ്ട് ആ രൂപങ്ങളെ പുസ്തകങ്ങളുടെ പ്രതലങ്ങളില്‍ നന്നായി പതിപ്പിച്ചെടുക്കുന്ന കാത് സനാത് കലാരൂപങ്ങള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുന്നവയും പുസ്തകങ്ങളെ കാലങ്ങളോളം അതിന്റെ ഭംഗിയില്‍ സംരക്ഷിക്കുന്നവയുമാണ്. ഇപ്രകാരം തോലുകളിലും പേപ്പറുകളിലും രൂപപ്പെടുത്തിയെടുക്കുന്നവയെ 'Erkek Oyma' (MaleCurving) എന്നും മുറിച്ചെടുത്ത രൂപകല്പനകള്‍ പതിക്കുന്ന പ്രതലത്തെ 'disi oyma'(Female Curving) എന്നുമാണ് അറിയപ്പെടുന്നത്. കലാകാരന്മാര്‍ കഴിവും സാമര്‍ത്ഥ്യവുമനുസരിച്ച് പലരൂപത്തിലായിരുന്നു ഈ കലാരൂപത്തെ ചിത്രീകരിച്ചിരുന്നത്. പെയിന്റിംഗ്, കാലിഗ്രഫി തുടങ്ങിയ കലാരൂപങ്ങളോടൊപ്പം ഒരേ പ്രതലത്തില്‍ തന്നെ ഒരു മിശ്രിതമാദ്ധ്യമമായും(Mixed Meduim) ഇതിനെ ഉപയോഗിച്ചിരുന്നവരുണ്ടായിരുന്നു.

കക്മ സനാത് (Mother of Pearl Art)
ചിപ്പി (Mother of Pearl) കൊണ്ടുള്ള കലാരൂപങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. പ്രകൃത്യാ സുന്ദരനിര്‍മിതികളായ ചിപ്പിയാണ് ഈ കലാനിര്‍മിതിയിലെ സാകൂതമായ അസംസ്‌കൃതവസ്തു. നയനസുഭഗമായ ഈ ചിപ്പികളെ ഒരുരീതിയില്‍നിന്നും മറ്റൊന്നിലേക്ക് മാറ്റുന്നതില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന സമൂഹങ്ങളും വംശങ്ങളും തങ്ങളുടേതായ സങ്കേതങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഇതരങ്ങളായ കൈവഴികളിലൂടെ വികസിച്ച കക്മ സനാത്, ഓട്ടോമന്‍ തുര്‍ക്കിയിലെത്തിയതോടെ വ്യത്യസ്ത ശാഖാരൂപങ്ങളിലൂടെ നവീനമായ ദൃശ്യാനുഭൂതി കൈവരികയുണ്ടായി. ചിപ്പികള്‍ കൊണ്ടുള്ള കക്മ കലാരൂപത്തില്‍ പ്രധാനമായും മൂന്ന്കാര്യങ്ങളാണ് കലാകാരന്മാര്‍ ശ്രദ്ധിക്കുന്നത്. ഒന്നാമതായി കക്മക്കുപയോഗിക്കുന്ന ചിപ്പിക്ക്(Sedef) നിശ്ചിതമായ കനമുണ്ടായിരിക്കണം(Thickness). രണ്ടാമതായി മഴവില്ലിന്റെ നിറങ്ങള്‍ നിലനിര്‍ത്തികൊണ്ടായിരിക്കണം ഇതിന്റെ നിര്‍മിതി, മൂന്നാമതായി, വ്യത്യസ്തങ്ങളായ ചിപ്പികള്‍ ഉപയോഗിക്കുമ്പോഴും ദൃഷ്ടിയില്‍ സാമ്യതയുണ്ടായിരിക്കണം. തുര്‍ക്കിക്കു പുറമേ ഇറ്റലി, ഗ്രീസ്, സൈപ്രസ്, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഈ കലാരീതി നിലവിലുണ്ടായിരുന്നു. പില്‍കാലത്ത് ഈരാജ്യങ്ങളില്‍ നിന്നും ചിപ്പിനിര്‍മിതമായ ജ്യാമിതീയരൂപങ്ങള്‍ ചരിത്രകാരന്മാര്‍ കണ്ടെത്തിയിരുന്നു. ചൈനയില്‍ നിന്നും കണ്ടെടുത്ത ചിപ്പികൊണ്ടുള്ള രൂപങ്ങള്‍ Tang Dynasty (618-906) യുടെതാണെന്നാണ് അവകാശപ്പെടുന്നത്. കക്മ കലാനിര്‍മിതിയില്‍ ചിപ്പിയോടൊപ്പം ഉപയോഗിച്ചിരുന്ന മറ്റൊരു പദാര്‍ത്ഥമായിരുന്നു ആനക്കൊമ്പ്(Ivory). സ്‌പെയിനിലെ ഉമയിദ്(Omayyid) കാലഘട്ടത്തില്‍ ആനക്കൊമ്പുകൊണ്ടുള്ള പെട്ടികള്‍(കക്മ ആര്‍ട്ടില്‍ നിര്‍മിതമായ) വളരെ പ്രസിദ്ധങ്ങളായിരുന്നു. പാരീസിലെ Louvre Museumത്തില്‍ ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുള്ള കക്മ കലാസൃഷ്ടി 968 കാലഘട്ടത്തിലേതെന്ന് മുദ്രണം ചെയ്തിരിക്കുന്നു. കൊമ്പുകൊണ്ടുള്ള ചെറിയപെട്ടിയില്‍(IvoryChest) രേഖപ്പെടുത്തിയിരിക്കുന്ന നാമവിശേഷണം 'Abdurrahman Salisinoglu El Mugirat, Caliph of Cordoba' എന്നാണ്. 16-ാം നൂറ്റാണ്ടില്‍ ഇന്ത്യയിലും ഈ കലാരൂപം വളരെ പ്രസിദ്ധിയാര്‍ജിച്ചിരുന്നതായി പറയപ്പെടുന്നു. താജ്മഹലിന്റെ കവാടത്തിലെ കലാസൃഷ്ടികള്‍ ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
സെദെഫ്കാര്‍(Sedefkar) എന്നറിയപ്പെടുന്ന കക്മ ആര്‍ട്ടിസ്റ്റ് തങ്ങളുടെ കലാസൃഷ്ടികളില്‍ മുദ്രണം ചെയ്യല്‍ പതിവായത് കൊണ്ട് ഈ മുദ്രണങ്ങളുടെ കാലപ്പഴക്കം ഗണിച്ചാണ് കലാസൃഷ്ടികളുടെ പഴക്കം നിര്‍ണയിച്ചിരുന്നത്. ഓട്ടോമന്‍ തുര്‍ക്കിയില്‍ കക്മയുടെ പ്രാരംഭസംബന്ധിയായി കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും അക്കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട കലാസൃഷ്ടികളിലെ കയ്യൊപ്പുകള്‍ക്ക് അനുസൃതമായി അവകളുടെ കാലഗണന നിര്‍ണയിക്കുന്ന പതിവുതന്നെയാണ് തുടര്‍ന്നുപോന്നിരുന്നത്. ഓട്ടോമന്‍ കാലഘട്ടത്തില്‍ ചിപ്പി നിര്‍മിതി കലകളുടെ തുടക്കമെന്നു കണക്കാക്കുന്ന ബലിക് ശെഹിറിലെ സാഗ്‌നോസ് പാഷാമോസ്‌കിന്റെയും എദിര്‍ണയിലെ ബെയാസിത് മോസ്‌കിന്റെയും കവാടങ്ങളിലെ കലാസൃഷ്ടികളുടെ കാലപ്പഴക്കവും ഗവേഷകര്‍ ഇപ്രകാരമാണ് നിര്‍ണയിച്ചിരിക്കുന്നത്. 'ജേതാവ്' എന്നറിയപ്പടുന്ന ഫാതിഹ് സുല്‍ത്താന്റെ ശവകുടീരവും കക്മ കലാസൃഷ്ടിപ്പിന്റെ സുന്ദരപ്രതീകമായിരുന്നു. എന്നാല്‍ 1509-ലെ ഭൂമികുലുക്കവും 1782-ലെ തീപിടുത്തവും ഈ കലാസൃഷ്ടികളെ ഇന്നലെകളിലേ മായ്ച്ചുകളഞ്ഞു. കൊട്ടരങ്ങളായിരുന്നു കക്മ കലാകാരന്മാരുടെപ്രധാന സങ്കേതങ്ങളിലൊന്ന്. മെഹ്മത് ഉസ്താ (Mehmet usta) തോപ്കപ് പാലസിലെ പ്രസിദ്ധനായ കക്മ കലാകാരനായിരുന്നുവെന്ന് എഴുത്തുകാരന്‍ ജാഫെര്‍ ജെലബി വിശദീകരിക്കുന്നു. പ്രസിദ്ധനായ തുര്‍ക്കിഷ് ആര്‍കിടെക്റ്റ് മീമാര്‍ സിനാന്റെ(Mimar Sinan) ശിഷ്യനും ഇസ്തംബൂളിലെ സുല്‍ത്താന്‍ അഹ്മദ് മോസ്‌ക്കിന്റെ(Blue Mosque)നിര്‍മാതാവുമായിരുന്ന സെദെഫ്കാര്‍ മെഹ്മത് ആഗാ(ടedefkar Mehmet Aga)പ്രസിദ്ധനായൊരു കക്മ കലാകാരനായിരുന്നു. സെദെഫ്കാര്‍ എന്ന സ്ഥാനപ്പേര് തന്നെ അദ്ദേഹത്തിന് ലഭിക്കുന്നത് അങ്ങനെയാണ്. വളരെ ചെലവേറിയ കലയായത് കൊണ്ടാവണം ചിപ്പികൊണ്ടുള്ള കലാസൃഷ്ടികള്‍ പലപ്പോഴും രാജക്കന്മാര്‍ക്കോ മറ്റു പ്രമാണിമാര്‍ക്കോ അയച്ചിരുന്ന സമ്മാനങ്ങളോ കാണിക്കകളോ ആയിരുന്നു. അതുവഴി കലാകാരന്മാര്‍ക്ക് സ്ഥാനമാനങ്ങളും വിലപിടിച്ച സമ്മാനങ്ങളും ലഭിക്കുന്ന പതിവും ഉണ്ടായിരുന്നു. ഓട്ടോമന്‍ സുല്‍ത്താന്‍ മുറാദ് മൂന്നാമന്‍ വളരെ അലങ്കൃതമായൊരു ആവനാഴി സമ്മാനിച്ചതോടെയായിരുന്നു പ്രതിഭാധനനായിരുന്ന സെദെഫ്കാര്‍ മെഹ്മദ് ആഗാക്ക് സുല്‍ത്താന്റെ ചീഫായുള്ള സ്ഥാനക്കയറ്റംവരെ ലഭ്യമായത് എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പതിനാറാം നൂറ്റാണ്ടോടുകൂടി കക്മ കലാരീതിയില്‍ ഉജ്ജ്വലങ്ങളായ(Masterpiece) സൃഷ്ടികള്‍ക്ക് ജന്മം നല്‍കപ്പെട്ടു. കൊട്ടാരാവശ്യങ്ങള്‍ക്കായുള്ള പല്ലക്കുകളിലെ കക്മ നിര്‍മാണം ഇതില്‍ ശ്രദ്ധേയങ്ങളാണ്. സുല്‍ത്താന്‍ അബ്ദുല്‍ ഹാമിദിന്റെ കാലഘട്ടത്തില്‍ മറ്റു രാജാക്കന്മാര്‍ക്കും പ്രമാണിമാര്‍ക്കും അദ്ദേഹം നല്‍കിയിരുന്ന പാരിതോഷികങ്ങള്‍ കക്മ കലാരീതിയില്‍ തയാറാക്കിയ നിര്‍മിതികളായിരുന്നു. കക്മ സനാത്തിന്റെ ഖ്യാതി വര്‍ദ്ധിച്ചതോടെ കലാകാരന്മാര്‍ വ്യത്യസ്ത മാദ്ധ്യമങ്ങളും സങ്കേതങ്ങളും തങ്ങളുടെ നിര്‍മിതിയില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ചിലര്‍ ചിപ്പികളോടൊപ്പം ആനക്കൊമ്പു പോലെ വിലയേറിയ വസ്തുക്കളും കക്മ ആര്‍ട്ട് പ്രതലത്തില്‍ പതിപ്പിക്കാന്‍ തുടങ്ങി. കക്മ സനാത്തില്‍ മര്‍മ പ്രധാനമായ തെരഞ്ഞെടുപ്പ് അതിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ മരപ്പലകകളാണ്. കക്മയില്‍ ഉപയോഗിക്കുന്ന ചിപ്പികളുടെ നിറഭാവ സാമ്യത പോലെത്തന്നെ പ്രാധാന്യമേറിയതാണ് തെരഞ്ഞെടുക്കുന്ന മരപ്പലകകളും. വിഭിന്ന കാലാവസ്ഥകളിലും അന്തരീക്ഷ താപവ്യതിയാനങ്ങളിലും രൂപമാറ്റം സംഭവിക്കാത്ത, നൂറ്റാണ്ടുകളോളം ഈടുനില്‍ക്കുന്ന മരങ്ങള്‍ വേണം ഇതിനുപയോഗിക്കാന്‍. കക്മ സനാത്തിന്റെ നിര്‍മാണത്തിനുപയോഗിക്കുന്ന സാങ്കേതികരീതികളും നിര്‍മാണത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥാനവുമനുസരിച്ചാണ്(Place) വ്യത്യസ്ത വര്‍ഗങ്ങളായി തിരിക്കുന്നത്. ഇസ്തംബൂള്‍ കക്മ, ദമസ്‌കസ് കക്മ എന്നീ ശൈലികള്‍ ഇപ്രകാരം ഉരുത്തിരിഞ്ഞവയാണ്.

തുഗ്‌റ-Tugra-(Sultanic Cipher)
ഓട്ടോമന്‍ സുല്‍ത്താന്മാരുടെ വളരെ ശ്രദ്ധേയമായ സംജ്ഞകളിലൊന്നാണ് തുഗ്‌റ എന്നറിയപ്പെടുന്ന നാമാലേഖിത രാജകീയ കയ്യൊപ്പുചിഹ്നങ്ങള്‍. ഒരു കയ്യൊപ്പ് എന്നതില്‍ കവിഞ്ഞ് വിശിഷ്ടമായ കലാസൃഷ്ടിയായിരുന്നു ഓരോ തുഗ്‌റയും. ഓരോ സുല്‍ത്താനും(ഖലീഫ) തന്റെ പേരിലുള്ളതും തന്റേതു മാത്രവുമായ തുഗ്‌റകളായിരുന്നു ഉപയോഗിച്ചിരുന്നത്. അതേസമയം എല്ലാവരുടെയും തുഗ്‌റ ഒരേ ഘടനയിലും(Format) രൂപത്തിലും(Font) ഉള്ളവയായിരുന്നു. അതേസമയം ഓട്ടോമന്‍ സുല്‍ത്താന്മാര്‍ ഉപയോഗിച്ചിരുന്ന ഈ തുഗ്‌റ മുദ്രണരീതികള്‍ തുര്‍ക്കിയില്‍ മാത്രം പരിമിതമായിരുന്നില്ല. ഇന്ത്യയിലെ ഡക്കാന്‍ പ്രവിശ്യ ഭരിച്ചിരുന്ന നിസാമികള്‍(Nizamis of Hyderabad) വരെ തങ്ങളുടെ നാണയങ്ങളിലും മറ്റും ഈ തുഗ്‌റ മുദ്രണ ചിഹ്നങ്ങള്‍ ആലേഖനം ചെയ്തിരുന്നു. അധികാരം ഏറ്റെടുത്ത ഉടനെത്തന്നെ ഓരോ ഓട്ടോമന്‍ സുല്‍ത്താനും തന്റെ സ്റ്റാമ്പിലും സീലിലും നാണയങ്ങളിലും സ്വനാമാലേഖിതമായ തുഗ്‌റ ഉപയോഗിച്ചുതുടങ്ങുന്നു. ഒമ്പത്, പത്ത് നൂറ്റാണ്ടുമുതല്‍ തുടങ്ങുന്ന തുഗ്‌റയുടെ ചരിത്രം സല്‍ജൂക്ക്മംലൂക്കുകള്‍ മാര്‍ഗമാണ് ഓട്ടോമനിലെത്തുന്നത്. തുഗ്‌റയുടെ ചരിത്രപ്രാരംഭത്തെ സംബന്ധിച്ചു പല ഇതിഹാസങ്ങളും നിലവിലുണ്ടങ്കിലും പുരാതന തുര്‍ക്കിക്ക് ജനതകളുടെ കുതിരവാല്‍ അടയാളങ്ങളിലേക്കുള്ള(raditional horse tail signs) സൂചനകളാണ് പ്രബലമായിക്കരുതുന്നത്.
കുര്‍സുസെറെ(kürsüsere), തുഗ്(tug), ബെയ്‌സെ (beyze)-iç Beyze, dis Beyze കോള്‍(kol) തുടങ്ങിയ നാലുഭാഗങ്ങളാണ്(components) തുഗ്‌റക്കുള്ളത്. താഴ്ഭാഗത്തുള്ള കൂര്‍ത്ത അക്ഷരങ്ങളോടുകൂടിയ അധീശനാമമാണ് 'സെറെ.' സുല്‍ത്താന്റെ നാമം 'താങ്ങി'(Holoding Part) നില്‍ക്കുന്നതാണ് തുഗ്‌റയുടെ ഈ ഭാഗം. തുഗ്‌റയുടെ മദ്ധ്യത്തിലെ ഇംഗ്ലീഷ് അക്ഷരമാലയിലെ 'S'നു സദൃശമായ ഭാഗത്തോളമെത്തിനില്‍ക്കുന്ന മൂന്നു ലംബങ്ങളാണ് 'തുഗ്'. സുല്‍ത്താന്റെ അക്ഷര പദാവലികളിലെ മൂന്നക്ഷരങ്ങളുടെ വാലുകളാണിവ. ഇടതുവശത്തേക്കായി അണ്ഡാകൃതിയില്‍(Egg Shape) പുറന്തള്ളിനില്‍ക്കുന്ന ഭാഗത്തെ 'ബെയ്‌സെ' എന്നാണു വിളിക്കുന്നത്. ബെയ്‌സെയില്‍ വലിയ വൃത്തത്തെ പുറം ബെയ്‌സെ(DisBeyze) എന്നും ഉള്‍വശത്ത് നില്‍ക്കുന്നതിനെ 'ഉള്‍ ബെയ്‌സെ'(Ic Beyze) എന്നുമാണ് വിളിക്കുന്നത്. 'സെറെ'യില്‍നിന്നും 'ബെയ്‌സെ'യിലെത്തി നില്ക്കുന്ന നീണ്ട വരകളായ 'കാല്‍' എന്നര്‍ത്ഥം വരുന്ന ഗീഹ തുഗ്‌റയുടെ അസ്തിവാരമായാണ് കണക്കാക്കുന്നത്. തുഗ്‌റയില്‍ 'സെറെ' ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അധീശാധിപത്യത്തെയാണ് സൂചിപ്പിക്കുന്നത്. അതിനു മുകളിലാണ് 'എക്കാലത്തെയും വിജയശ്രീലാളി' എന്ന മുദ്രാവാക്യ ശകലം സുല്‍ത്താന്റെ നാമത്തോടൊപ്പം ചേര്‍ക്കു ന്നത്. 1324ല്‍ ഒസ്മാന്‍ ഗാസിയാണ് ആദ്യമായി തുഗ്‌റ ഉപയോഗിച്ചത്. ഒര്‍ഹാന്‍ ഇബ്‌നു ഉസ്മാന്‍ എന്നുമാത്രമേ അദ്ദേഹം തുഗ്‌റയില്‍ എഴുതിയിരുന്നുള്ളൂ. പിന്നീട് സുല്‍ത്താ ന്‍ ബെയാസിദാണ് 'TheRuler' എന്നര്‍ത്ഥം വരുന്ന 'Han' കൂടി തന്റെ നാമത്തോടൊപ്പം ഉപയോഗിച്ചു തുടങ്ങിയത്. സുല്‍ത്താ ന്‍ മുറാദ് രണ്ടാമന്റെ കാലത്തില്‍ 'Victorious' എന്നര്‍ത്ഥം വരുന്ന Muzaffer എന്ന പദം കൂടി തുഗ്‌റയില്‍ ഉപയോഗിച്ചുതുടങ്ങി. പിന്നീട് Muzaffer എന്നതിന്റെ കൂടെ 'എന്നെന്നും' എന്നര്‍ത്ഥം വരുന്ന 'Daima' എന്ന പദം കൂടി കൂട്ടിച്ചേര്‍ത്തു. ഓരോ സുല്‍ത്താനും തന്റെ സമയത്തുള്ള പോസ്റ്റല്‍ സ്റ്റാമ്പിലും കൊടികളിലും നാണയങ്ങളിലും മറ്റു ഭരണകൂട സൗധങ്ങളിലും ഈ തുഗ്‌റ മുദ്രകളായിരുന്നു ഉപയോഗിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ കറുത്ത മഷിയില്‍ പതിച്ചിരുന്ന തുഗ്‌റ സുല്‍ത്താന്‍ മുറാദ് രണ്ടാമന്റെ കാലമായപ്പോഴേക്കും സ്വര്‍ണത്തില്‍ തയ്യാറാക്കിത്തുടങ്ങി. പിന്നീട് തസ്ഹീബ് കലാരീതികളുടെ സഹായത്തോടെ അരികുകള്‍ക്ക് തിളക്കം നല്കി. തുഗ്‌റയുടെ കലാചാതുര്യത കൊണ്ടാവാം പല മുസ്‌ലിം രാജാക്കന്മാരും തങ്ങളുടെ ഒഫീഷ്യല്‍ സ്റ്റാമ്പുകളില്‍ തുഗ്‌റകള്‍ ഉപയോഗിച്ചിരുന്നു. ഹൈദരാബാദ് നിസാമികളുടെ കാലണ, അരയണ, ഒരണ തുടങ്ങിയ നാണയങ്ങളിലെ മുദ്രണങ്ങള്‍ ഇതില്‍ ശ്രദ്ധേയമായവയായിരുന്നു.

കുണ്ഡെകര്‍-Kundekari- (Wood Carving)
തുര്‍ക്ക് ഇസ്‌ലാമിക് കലാശേഖരങ്ങളില്‍ സുപ്രധാനമായ ഇടമാണ് കുണ്ഡെകര്‍ സനാത് എന്നറിയപ്പെടുന്ന മരത്തിലെ കൊത്തുപണി കലാരൂത്തിനുള്ളത്. പ്രയോഗത്തില്‍ ക്ഷമയുടെ പര്യായമായി കണക്കാക്കുന്ന ഈ കലാരൂപത്തിന്റെ പ്രഥമമായ പണിയായുധവും ക്ഷമതന്നെ. അളവുകളില്‍ വരുന്ന ഹ്രസ്വ വ്യതിയാനങ്ങള്‍ വരെ വ്യാപകമായ പ്രതികൂല പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ കുണ്ഡെകറ് പഠനോപദേശങ്ങളില്‍ ആദ്യപാഠം ക്ഷമയുടെ അദ്ധ്യായങ്ങളാണ്. സെല്‍ജൂക്കികളില്‍ നിന്നാരംഭിച്ച് പുറം രാജ്യങ്ങളിലേക്ക് വ്യാപിച്ച കുണ്ഡെകറ് സനാത് പ്രധാനമായും പള്ളികളുടെ വാതില്‍, മിമ്പര്‍, ഖുതുബ സംസാരത്തിനായി ഉപയോഗിക്കുന്ന ലെക്ടന്‍ (Pulpit), കപ്‌ബോര്‍ഡുകളുടെ വാതില്‍(Cupboard Doors), ജനല്‍ പൊളികള്‍(Window Doors), ചെറിയ പെട്ടികള്‍(Tiny Chests) തുടങ്ങി മരത്തില്‍ നിര്‍മിത ഉരുപ്പടികളിലായിരുന്നു വിസ്മയങ്ങള്‍ സൃഷ്ടിച്ചിരുന്നത്. വ്യത്യസ്ത മാനങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കിലും, പേര്‍ഷ്യന്‍ ഭാഷയിലെ 'ഉറപ്പുള്ള മരം' എന്നര്‍ത്ഥം വരുന്ന 'Kunde' എന്ന പദത്തില്‍ നിന്നാണ് Kundekari എന്ന പദത്തിന്റെ ഉത്ഭവമെന്നനുമാനിക്കുന്നു. കുണ്ഡെകറ് സനാത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കലാകാരന്മാരെ 'കുണ്ഡെകറ്‌സ്'(Kundekars) എന്നാണ് വിളിക്കുന്നത്. അനതോലിയക്കാരുടെ കുത്തകയായി കണ്ടിരുന്ന ഈ കലാരൂപത്തിന് തുടര്‍നാളുകളില്‍ ലോകാടിസ്ഥനത്തില്‍തന്നെ വിശാലമായ ഇടമാണ് നേടാനായത്. ആധ്യാത്മികമായി നല്ല ക്ഷമയാവശ്യമുള്ള ഈ കലാരൂപം ആദ്യകാലങ്ങളില്‍ തന്നെ ആണി, പശ തുടങ്ങിയ സാങ്കേതികങ്ങളുടെ അവലംബമില്ലാതെയായിരുന്നു നിര്‍മിക്കപ്പെട്ടിരുന്നത്. ഇതില്‍ ഏറ്റവും സുപ്രധാനമായത് പശയുടെ സാന്നിധ്യമില്ലാതെ മരങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്ന തന്ത്രങ്ങളാണ്. കേരളത്തിലെ തച്ചുശാസ്ത്ര വിദഗ്ധരും ആശാരിമാരും ഇത്തരം കലാരീതികള്‍ തുടന്നുപോന്നിരുന്നതായി തച്ചുശാസ്ത്ര കലാവിശകലന ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. പരസ്പരം വേര്‍തിരിക്കല്‍ സാദ്ധ്യമാക്കി ഒറ്റമരത്തടിയില്‍ നിര്‍മിച്ചിരുന്ന കുണ്ഡെകറ് കലാസൃഷ്ട്ടികള്‍ വളരെ ആശ്ചര്യമുളവാക്കുന്ന അത്ഭുതസൃഷ്ടികളായിരുന്നു. ഖുര്‍ആന്‍ പഠന സമയവേളകളില്‍ പഠിതാക്കള്‍ ഉപയോഗിക്കുന്ന മരം കൊണ്ടുള്ള 'ഖുര്‍ആന്‍ സ്റ്റാന്‍ഡ്' ഇതിനൊരുത്തമോദാഹരണമാണ്. ഇത്തരം 'സ്റ്റാന്റുകള്‍' വളരെ മുമ്പുകാലം മുതല്‍ തന്നെ കേരളീയര്‍ക്ക് സുപരിചിതവും പ്രദേശത്ത്‌സുലഭവുമായിരുന്നു. മരപ്പാളികളിലെ കേവല കൊത്തുപണികളിലധികരിച്ച് മരപ്പലകകള്‍ തമ്മിലുള്ള ബന്ധനമാണ് ഈ കലാപ്രദര്‍ശനത്തിന്റെ ആത്മാവ്. വിഭിന്ന വര്‍ണ്ണങ്ങളിലുള്ള മരപ്പലകകളില്‍നിന്നും മാതൃകകള്‍ നിര്‍മിച്ചെടുത്ത് ഇതര മരപ്രതലത്തില്‍ അണിനിരയായി ആലേഖനം ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ പിന്നീടുള്ള കാലം ലോഹങ്ങളോടൊപ്പം സ്വര്‍ണ്ണം, ആനക്കൊമ്പ് തുടങ്ങി വളരെ വ്യയഹേതുകങ്ങളായ പദാര്‍ത്ഥങ്ങളും ഉപയോഗിച്ചുതുടങ്ങി. കുണ്ഡെകറ് സനാത് നിര്‍മിതികള്‍ അതിന്റെ ഉജ്ജ്വലമായ ദൃഢബന്ധനം കൊണ്ടാവാം നൂറ്റാണ്ടുകളോളം യാതൊരു കേടുപാടും കൂടാതെ നിലനില്ക്കുന്നു. ശക്തിയേറിയ ചൂട്, ഈര്‍പ്പം, തണുപ്പ് തുടങ്ങിയ കാലാവസ്ഥ വ്യതിയാനങ്ങളില്‍ കേടുപാട് സംഭവിക്കാതിരിക്കാന്‍ രണ്ടു മരക്കഷണങ്ങളുടെ സന്ധികളിലായി കലാകാരന്മാര്‍ ഒരു'Wooden Skelton' സ്ഥാപിക്കുന്ന പതിവുണ്ടായിരുന്നു. ഇവ മരപ്പലകകള്‍ക്ക് നല്ല ബലവും ഈടും പ്രദാനംചെയ്യുന്നു. അത്‌കൊണ്ടുതന്നെയാണ് ഭൂമികുലുക്കം, അഗ്‌നിബാധ തുടങ്ങിയ അവസരങ്ങളില്‍ പോലും കേടുപാട് സംഭവിക്കാതെ വര്‍ഷങ്ങള്‍ പഴക്കമുള്ള കുണ്ഡെകര്‍ കലാസൃഷ്ടികള്‍ ഇന്നും മ്യൂസിയങ്ങളിലെ ആശ്ചര്യവസ്തുവാകുന്നത്.

ശവക്കല്ല് കൊത്തുവേലകള്‍ -Mezar Tasi(Tomb Stone Carving)
സുപ്രധാന ദിനങ്ങളില്‍ പ്രിയപ്പെട്ടവരുടെ കല്ലറ(Grave) സന്ദര്‍ശിക്കല്‍ തുര്‍ക്കികളില്‍ ഇന്നും നിലനില്‍ക്കുന്ന സമ്പ്രദായമാണ്. മണ്‍മറഞ്ഞവരുടെ സ്മരണ പുതുക്കലും മരണത്തെക്കുറിച്ച ബോധമുയര്‍ത്തലുമാണ് ഇതുവഴി അവര്‍ ആര്‍ജിച്ചെടുക്കുന്നത്. തുര്‍ക്കിഷ് കലാസമുച്ചയ ചരിത്രത്തില്‍ ശവക്കല്ലറകള്‍ക്കുമുണ്ട് ചരിത്രപ്രാധാന്യം. കല്ലറയുടെ തലഭാഗങ്ങളില്‍ സ്ഥാപിതമായ നീളന്‍ ശവക്കല്ലുകളാണ് ഈ കലാസ്മാരകങ്ങള്‍. കേവലമായ ചിത്രപ്പണിയില്‍ ഒതുങ്ങുന്നതല്ല ഇവയുടെ വിശേഷണം. മരണപ്പെട്ട വ്യക്തിയുടെ പദവി, ജീവചരിത്രം, തൊഴില്‍, സാമൂഹികാവസ്ഥ, പട്ടണത്തിന്റെ ഘടന, സാമൂഹിക മാറ്റങ്ങള്‍, രോഗങ്ങള്‍, താല്പര്യങ്ങള്‍ തുടങ്ങി ഒട്ടനവധി സംജ്ഞകളിലേക്ക് വെളിച്ചം വീശുന്ന സംക്ഷിപ്ത വിവരണങ്ങളാണ് നീണ്ട ഈ കല്ലുകളില്‍. ഓട്ടോമന്‍ പിറവിക്കും മുമ്പേ നടപ്പിലുണ്ടായിരുന്ന ഈ സമ്പ്രദായം ഓട്ടോമന്‍ ഘട്ടത്തോടെ പുതിയൊരു കലാരൂപമായി ശക്തിപ്പെടുകയുണ്ടായി. അറബിയിലും ഓട്ടോമന്‍ തുര്‍ക്കിയിലും കൊത്തിവെച്ചിരുന്ന അക്ഷരമാലയില്‍ ശിരസ്സിനു സമാനമായ 'തല' ശവക്കല്ലുകള്‍ക്ക് നയനസുഭഗമായ അനുഭൂതിനല്‍കുന്നു. ഒരു നിലക്ക് കല്ലുകളിലെ കാലിഗ്രഫി എന്നും കല്ലിലെ ചിത്രാലങ്കാരം എന്നും ഇതിനെ വിളിക്കാം. അയ്യൂബിയെ മുനിസിപ്പാലിറ്റിയിലുള്ള അയ്യൂബ് സുല്‍ത്താന്‍ മോസ്‌കിനരികെ സ്ഥിതിചെയ്യുന്ന 'അബൂ അയ്യൂബില്‍' അന്‍സാരി(റ)വിന്റെ ഖബറിന്റെ പരിസരങ്ങളിലായി ഓട്ടോമന്‍ കാലഘട്ടത്തില്‍ രൂപപ്പെട്ട ഒട്ടനവധി ശവക്കല്ലുകള്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ആശ്ചര്യകാഴ്ചകളാണ്. ഇത്തരം ശവക്കല്ലുകളെ കുറിച്ച് പഠനം നടത്തിയ ഗ്രന്ഥകാരന്‍ നിദായി സെവിം(Nidayi Sevim) പറയുന്നത് 'ശില്പകലാവിസ്മയങ്ങളായ ഈ കല്ലുകള്‍ ചരിത്രകാരന്മാര്‍ക്ക് ഭൂതഭാവിക്കിടയിലെ സേതുവാണെന്നാണ്.' മേധാവിത്വ സ്ഥാനങ്ങളലങ്കരിച്ചിരുന്ന കുടുംബങ്ങളിലെ സ്ത്രീകളുടെ ശവക്കല്ലുകളാണ് കൂടുതല്‍ ഹൃദയഹാരികളായവ. പുഷ്പങ്ങളായിരുന്നു ഈ കല്ലുകളിലെ രൂപമാതൃകകള്‍(Motifs). ആദ്യകാലങ്ങളില്‍ അറബിഭാഷയായിരുന്നു കല്ലുകളിലെ കൊത്തുപണികള്‍ക്ക് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് ഓട്ടോമന്‍ തുര്‍ക്കിഷിലേക്ക് രൂപാന്തരപ്പെട്ടു. ഉരുണ്ട തലഭാഗം, സ്ഥാനപ്പേര്, വ്യക്തി വിവരണം, പിതാവിന്റെ പേര്, സാമൂഹിക സ്ഥാനം, സ്വനാമം, സ്തുതി വിവരങ്ങള്‍, ഖുര്‍ആനിലെ ആദ്യ അദ്ധ്യായം, മരണ തീയതി തുടങ്ങി ക്രമമായി വിവരച്ചിരിക്കുന്ന സുന്ദരമായ നീണ്ട കരിങ്കല്‍ ശില്പങ്ങളാണിവകളെല്ലാം. ഇസ്തംബൂളില്‍ പ്രധാനമായും അയ്യൂപ് സുല്‍ത്താന്‍, എദിര്‍ണെകപ്, ബെയ്‌കൊസ്, ബിയൊഗലു, ചെമ്‌ബെര്‍ലി താഷ്, കരജഹ്മെത്, മെര്‍കസ് എഫന്ധി തുടങ്ങി ഇരുപതോളം പ്രൊവിന്‍സുകളില്‍ പിന്‍വശം കവിതാശകലങ്ങളാല്‍ അലംകൃതമായ ഓട്ടോമന്‍ ശവക്കല്ലുകള്‍ പ്രൗഢിയുടെയും കലാഭിവൃദ്ധിയുടെയും പ്രതീകങ്ങളായി തലയുയര്‍ത്തി നില്‍ക്കു ന്നു.

കരഗൊസും ഹാജിവാതും-Karagoz ve Hacivat ( Karagoz and Hacivat Shadow Play)
വിഭിന്ന സര്‍ഗ സ്വഭാവമുള്ള കരഗൊസ്, ഹാജിവാത് എന്നീ പാവകഥാപാത്രങ്ങളിലൂടെ നിലവിലെ സാമൂഹ്യ സാഹചര്യങ്ങളെയും വ്യവസ്ഥിതികളേയും ഹാസ്യാത്മകമായി നിരൂപണ വിധേയമാക്കുന്ന നിഴല്‍ കലാപ്രദര്‍ശനമാണ് (Shadow Show) 'കരഗൊസും ഹാജിവാതും'. ഇന്തോനേഷ്യയിലെ ജാവക്കടുത്ത് പിറവിയെടുത്തതെന്ന് പറയപ്പെടുന്ന ഈ കലാരൂപം ഓട്ടോമന്‍ കൊട്ടാരത്തിലാണ് ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടതെന്നു തുര്‍കിഷ് സഞ്ചാരിയായ എവ്‌ലിയ ജെലെബി(Evliya Celebi) രേഖപ്പെടുത്തുന്നു. ഈ പ്രകടനത്തില്‍ വ്യത്യസ്ത കഥാപാത്രവേഷങ്ങള്‍ കൂടി 'അഭിനയിക്കുന്നുണ്ടെങ്കിലും' പ്രധാന കഥാപാത്രങ്ങളായ കരഗൊസിന്റെയും ഹാജിവാത്തിന്റെയും നാമങ്ങളിലാണ് ഈ ദൃശ്യകല ജനപ്രിയമായിരിക്കുന്നത്. സ്വകാര്യമായി വീടുകളിലും പൊതുയിടങ്ങളിലും; ഓട്ടോമന്‍ കാലഘട്ടത്തില്‍ പ്രത്യേകിച്ചും, 17-19 നൂറ്റാണ്ടുകളില്‍ ഏറ്റവുമധികം ആസ്വദിക്കപ്പെട്ട കലാപ്രകടനമാണ് കരഗൊസും ഹാജിവാത്തും. വളരെ ഗൗരവമേറിയ സാമൂഹിക-രാഷ്ട്രീയവാദ വിഷയങ്ങള്‍ വരെ ഹാസ്യാത്മകമായൊരു നിഴല്‍പ്രകടനം വഴി ജനസമക്ഷമെത്തിയിരുന്നു എന്നതാണ് ഈ കലാരൂപത്തിന്റെ ആകര്‍ഷണീയത. അതേസമയം ഒരു വിശ്വാസി ജീവിതത്തില്‍ പുലര്‍ത്തിയിരിക്കേണ്ട സാമാന്യ മര്യാദകളും ധര്‍മ്മങ്ങളും ഒരു ഗുണപാഠം കണക്കെ ഒരാള്‍ മറ്റൊരാള്‍ക്ക് ഉപദേശിച്ചുകൊടുക്കുന്ന രീതിയിലും ഈ കലാരൂപം ഉപയോഗിച്ചു പോന്നിരുന്നു. ഇതില്‍ പ്രധാനമായും പ്രവാചക ചര്യകളുടെ ഉദ്‌ബോധനങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. റമദാന്‍, സുന്നത്ത് കല്യാണം(circumcisions), പ്രധാന ഉത്സവ ദിനങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലായിരുന്നു പ്രധാനമായും ഈ കലാപ്രകടനം. റമദാനിന്റെ രാത്രികളെ ആഘോഷമാക്കുന്ന ഇസ്തംബൂളിലെ നിശാകോഫിഹൗസുകളില്‍ ഇന്നും കരഗൊസും ഹാജിവാത്തും സജീവ സാന്നിദ്ധ്യങ്ങളാണ്. ഒരുകാലത്ത് രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ ആശയപ്രചാരണത്തിനും രാഷ്ട്രീയ മുതലെടുപ്പിനും വരെ ഈ കലയേയും കലാകാരന്മാരെയും വിലക്കെടുക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. കരഗൊസ് പ്രകടനത്തിന്റെ പരമമായ വിജയവും നിലവാരവും പാവകളെ പ്രഭാവിളക്കുക്കള്‍ക്കു മുന്നില്‍ നിഴലുകളായി ചലിപ്പിക്കുന്ന കലാകാരന്റെ വിരല്‍ത്തുമ്പിലെ പ്രകടന പാടവത്തികവിലാണ്. ഒട്ടകത്തിന്റെയോ പശുവിന്റെയോ തോലില്‍നിന്നും 3540 സെ.മീ നീളത്തില്‍ മനുഷ്യരൂപത്തില്‍ രൂപപ്പെടുത്തിയെടുക്കുന്ന കഥാപാത്രങ്ങളുടെ കൈകാലുകള്‍ ചലനാത്മകമാം വിധം ബന്ധിപ്പിക്കപ്പെട്ടവയാണ്. 'ഇന്ത്യന്‍ മഷി' കൊണ്ടോ മരത്തില്‍ നിന്നെടുത്ത പ്രത്യേകതരം ചായങ്ങള്‍ കൊണ്ടോ തോല്‍കഥാപാത്രങ്ങളെ ചമയിക്കുന്ന കലാകാരന്‍ ഇവകളെ ബലമുള്ള നൂലുമായി ബന്ധിപ്പിക്കുന്നു. കഥാപാത്ര ബന്ധിത നൂലറ്റങ്ങള്‍ കലാകാരന്റെ വിരല്‍ത്തുമ്പുകളുമായി ബന്ധിതമായിരിക്കും. പിന്നീട് കഥാപാത്രങ്ങളുടെ ഓരോ ചുവടുകളും ചലനങ്ങളും നിയന്ത്രിക്കപ്പെടുന്നത് കലാകാരന്റെ വിരല്‍ത്തുമ്പുകളാണ്. കരഗൊസും ഹാജിവാത്തും തമ്മിലെ ഹാസ്യാത്മക സംഭാഷണങ്ങളില്‍ വിഷയസാഹചര്യങ്ങള്‍ക്കനുസരിച്ചു ദ്വയാര്‍ഥങ്ങളും(double meanings) അതിശയോക്തികളും(exaggerations) അനുകരണങ്ങളും(imitating accents) മേമ്പൊടിയായി ചേര്‍ക്കു ന്നു. ഇതര കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ച് വിഭിന്ന ഭാഷഭേദങ്ങളുപയോഗിക്കുന്ന കലാകാരന്റെ അനുകരണജ്ഞാന വൈഭവം അസാമാന്യമാംവിധം അതിശയോക്തി നിറഞ്ഞതാണ്. പ്രധാന കഥാപാത്രമായ കരഗൊസ് തെരുവിലെ സാധാരണക്കാരനെയും സാമാന്യ ബുദ്ധിയെയുമാണ് പ്രതിനിധീകരിക്കുന്നത്. കാര്യങ്ങളില്‍ 'നേരെവാ നേരെപ്പോ'(straight forward) പ്രകൃതക്കാരനും വിശ്വസ്തനുമായിരിക്കും കരഗൊസ്. മൊട്ടത്തല, തലയിലെ ടര്‍ബന്‍, ബഹുലമായ താടി എന്നിവയില്‍നിന്നും എളുപ്പം തിരിച്ചറിയാന്‍ കഴിയുന്ന കരഗൊസ് കഥാപാത്രത്തിന്റെ വലതുകൈയിനെക്കാള്‍ നീളംകൂടിയതാണ് ഇടതുകൈ. കൂട്ടുകാരന്‍ ഹാജിവാത്താകട്ടെ കരഗൊസിന്റെ നേര്‍വിപരീതവും. മതപരമായി ഉയര്‍ന്ന യോഗ്യതയുള്ള, കാവ്യാത്മകമായി ഓട്ടോമന്‍ തുര്‍ക്കിഷില്‍ സംസാരിക്കുന്ന ഹാജിവാത് കൗശലക്കാരനും കാര്യങ്ങളില്‍ നിപുണനുമാണ്. എന്നിരുന്നാലും കരഗൊസിന്റെ സാമാന്യബുദ്ധിക്കു(Common Sense) മുമ്പില്‍ പലപ്പോഴും ഹാജിവാത് പതറിപ്പോവാറുണ്ട്. ഇസ്തംബൂളിന്റെ സംസ്‌കാരത്തില്‍ വേരൂന്നിയ കഥാപാത്രങ്ങളാണ് അഭിനയേത്രികളെങ്കിലും അവരുടെ സ്മാരകങ്ങള്‍ ഇസ്തംബൂളില്‍നിന്നും അല്‍പ്പം മാറി ബുര്‍സേയിലാണ് സ്ഥിതിചെയ്യുന്നത്.

തുര്‍ക്ക് മിനിയേച്ചര്‍-Turk Miniyaturu(Miniature Art)
ഓട്ടോമന്‍ സൈന്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുന്നതിനു മുമ്പുതന്നെ എഴുത്തുപ്രതികളോടൊന്നിച്ച് ചിത്രീകരണശൈലി(Illustration) പിന്തുടരുന്ന രീതി തുര്‍ക്കു കള്‍ക്കിടയില്‍ നിലനിന്നിരുന്നു. തെസ്ഹീബ്, എബ്രു, ഹത്ത് തുടങ്ങിയ കലാരൂപങ്ങളോടൊന്നിച്ചുതന്നെ പ്രയോഗത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ് മിനിയേച്ചര്‍ ആര്‍ട്ട്. കടലാസു കണ്ടുപിടിച്ചത് മുതല്‍ തന്നെ ഈ കലാരീതി തുടര്‍ന്നുവന്നിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ആറ്, ഏഴ്, എട്ട് നൂറ്റാണ്ടുകളിലെ ചുമര്‍ ചിത്രീകരണഎഴുത്തുകളിലേക്കാണ് തുര്‍ക്ക് മിനിയേച്ചറിന്റെ ചരിത്രം ചെന്നെത്തുന്നത്. തുര്‍ക്കിയുടെ സവിശേഷമായ മങ്ങിയ കാലാവസ്ഥ(Withering Climate) ഈ കാലങ്ങളത്രയും ഇവയെ സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. തുര്‍ക്കിസ്ഥാന്‍, ഇറാന്‍, മെസ്സപ്പെട്ടോമിയ, അനതോലിയ ഉള്‍പ്പെടുന്ന പ്രവിശാലമായ സെല്‍ജൂക്ക് സാമ്രാജ്യ പരിധിയില്‍ വന്നിരുന്ന ഇന്നത്തെ ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖന്ത് മിനിയേച്ചര്‍ കലയില്‍ പേരുകേട്ട പ്രദേശമായിരുന്നു. എട്ടാം നൂറ്റാണ്ടിലും മറ്റും ഈ പ്രദേശത്ത് മരത്തിലും പ്ലാസ്റ്ററിലും തോലുകളിലുമായി മിനിയേച്ചര്‍ പണിശാലകള്‍ നടന്നുപോന്നിരുന്നതായി സെന്‍ട്രല്‍ ഏഷ്യയെക്കുറിച്ച് ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ച് നടത്തിയ ആല്‍ബര്‍ട്ട്വോന്‍ ലെ കോഗിനെ പോലുള്ള ചരിത്രകാരന്മാര്‍ സൂചന നല്‍കിയിട്ടുണ്ട്. അനതോലിയയില്‍ സെല്‍ജൂക്കുകള്‍ക്കിടയില്‍ വളരെ വിപുലമായരീതിയില്‍ തന്നെ ഈ കലാരൂപം നിലനിന്നിരുന്നുവെങ്കിലും ഒമ്പതാം നൂറ്റാണ്ടില്‍ ഉയ്ഗൂര്‍ തുര്‍ക്കുകള്‍ക്കിടയിലാണ് മിനിയേച്ചര്‍ ആര്‍ട്ട് അത്യധികം ജനപ്രീതി കൈവരിച്ചത്. ചിത്രകലയില്‍ പേരെടുത്ത ഒട്ടനവധി കലാകാരന്മാര്‍ ജീവിച്ചിരുന്ന ഉയ്ഗൂര്‍ സമൂഹത്തിന്(ഉയ്ഗൂര്‍ തുര്‍ക്ക്) കിസില്‍കന്റോ(Kizilkent) പട്ടണത്തില്‍ സ്വന്തമായി ഒരു മിനിയേച്ചര്‍ സ്‌കൂള്‍ തന്നെയുണ്ടായിരുന്നു. എന്നു മാത്രമല്ല, ചിത്രകലയില്‍ സുപ്രധാനമായിക്കാണുന്ന വെളിച്ചത്തേയും നിഴലുകളെയും സംബന്ധിച്ച അഗാധജ്ഞാനം കരഗതമായിരുന്ന ഉയ്ഗൂര്‍ കലാകാരന്മാര്‍, കലയിലും കലാകാരന്മാരിലും അതീവതാല്പര്യം കാണിച്ചിരുന്ന സെല്‍ജൂക്കികളുടെ ആര്‍ട്ട്‌സ്‌കൂള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശക്തിപ്രഭാവം കൂടിയായിരുന്നു. 'കറുത്ത പേന' എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന കലാകാരന്‍ മുഹമ്മദ് ബക്‌സി ഉയ്ഗൂറിന്റെ കലാസൃഷ്ടികള്‍ അസാധ്യമാവിധം അതിശയോക്തി നിറഞ്ഞവയാണ്. ഉയ്ഗൂര്‍ തുര്‍ക്ക് കലാസൃഷ്ടികളുടെ പ്രസന്നമായ പ്രതീകം കൂടിയാണദ്ദേഹം. കാലാന്തരത്തില്‍ വ്യത്യസ്ത രീതിയും ശൈലിയും പ്രയോഗിച്ചിരുന്ന മിനിയേച്ചര്‍ കലാരൂപം ഓട്ടോമന്‍ കാലഘട്ടത്തിലും ശക്തമായ സംഭാവനകളര്‍പ്പിക്കുകയുണ്ടായി. സൂഫിധാരകള്‍ക്ക് അതിപ്രാധാന്യം ലഭിച്ചിരുന്ന ഓട്ടോമന്‍ കാലഘട്ടത്തില്‍ മിനിയേച്ചര്‍ ചിത്രങ്ങള്‍ വ്യത്യസ്തമായ ശൈലിയായിരുന്നു തുടര്‍ന്നുപോന്നിരുന്നത്. 'ദൈവത്തിന്റെ യഥാര്‍ഥ സൃഷ്ടികള്‍ നശ്വരമാണെന്ന' സൂഫി ചിന്തകളുടെ സ്വാധീനഫലമായി യാഥാര്‍ഥ്യങ്ങളില്‍ കൈകടത്തി 'അയാഥാര്‍ഥ്യ'(Unrealistic) ചിത്രങ്ങളായിരുന്നു ഓട്ടോമന്‍ കാലഘട്ടത്തിലെ മിനിയേച്ചറില്‍ ചിത്രീകരിച്ചിരുന്നത്. ഇതിനായി കാരിക്കേച്ചര്‍ രീതിയോ വ്യത്യസ്തമായ ഓട്ടോമന്‍ ചിത്രീകരണ രീതിയോ(Ottoman tSyle of Human Figure) തുടര്‍ന്ന് പോന്നു. 1453-ലെ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ വിജയപ്രതീകമായ ഇസ്തംബൂളിലെ 'പനോരമ 1453' ചരിത്ര മ്യൂസിയത്തില്‍ ഇത്തരം അബ്‌സ്ട്രാക്റ്റ് രീതിയിലുള്ള ഓട്ടോമന്‍ മിലിട്ടറി മാപ്പുകളും സൂചകങ്ങളും ഇന്നും സന്ദര്‍ശകര്‍ക്ക് ലഭ്യമാണ്. ഇവകളിലധികവും പക്ഷിനേത്രവീക്ഷണകോണിലുള്ള(Bird eye view) ചിത്രീകരണങ്ങളാണ്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നതിന്റെ ഭാഗമായി ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ ആകാര ബൃഹത്വവല്ക്കരിക്കുന്ന രീതി ഓട്ടോമന്‍ മിനിയേച്ചറില്‍ തുടര്‍ന്നുപോന്നിരുന്നു. സാധാരണയായി ഒരു കൂട്ടുസംരഭ സൃഷ്ടികളാണീ (Collective) ഓട്ടോമന്‍ മിനിയേച്ചര്‍ സൃഷ്ടികള്‍. ഒരു കലാകാരന്‍ വ്യത്യസ്ത ചമയങ്ങളില്‍ മൊത്തം ചിത്രത്തിന്റെ ഒരു സംഗ്രഥനം(Abstract) തയ്യാറാക്കുന്നു. പിന്നീട് മറ്റുള്ള കലാകാരന്മാര്‍ കറുപ്പുമഷിയില്‍ എഴുതുകയും വ്യത്യസ്ത ചായങ്ങളില്‍ പൂര്‍ണമായ ചിത്രങ്ങള്‍ വരച്ചെടുക്കുകയും ചെയ്യുന്നരീതി തുടര്‍ന്നുപോന്നിരുന്നതുകൊണ്ടാവാം മറ്റു കലാസൃഷ്ടികളില്‍ പതിവുണ്ടായിരുന്ന മുദ്രണസമ്പ്രദായം(Signing Tradition) ഈ കലാസൃഷ്ടികളില്‍ അന്യമാണ്. പുതിയ ശൈലികള്‍ കരഗതമാക്കുന്നതിനും മറ്റും ഇറ്റലി, പേര്‍ഷ്യ, അല്‍ബേനിയ തുടങ്ങി ഒട്ടനേകം രാജ്യങ്ങളില്‍ നിന്നും ഓട്ടോമന്‍ രാജാക്കന്മാര്‍ കലാകാരന്മാരെ ഇറക്കുമതി ചെയ്യുന്ന പതിവുമുണ്ടായിരുന്നു. ചരിത്രത്തില്‍ പ്രതാപശാലി എന്നറിയപ്പെടുന്ന സുല്‍ത്താന്‍ സുലൈമാന്റെ കാലഘട്ടമായിരുന്നു മിനിയേച്ചറിന്റെ സുവര്‍ണ്ണ കാലഘട്ടം (Golden Era). യുദ്ധങ്ങളുടെയും മറ്റു സുപ്രധാന ചലനങ്ങളുടെയും ആവിഷ്‌കാരങ്ങളാണ് രാജാക്കന്മാര്‍ കലാകാരന്മാരെ കൊണ്ട് പ്രധാനമായും ചിത്രീകരിപ്പിച്ചിരുന്നത്. ഇന്നും ഇസ്തംബൂളിലെ തോപ്കപ് മ്യൂസിയത്തില്‍ ലഭ്യമായ 1527 എന്ന തീയതി മുദ്രണം ചെയ്തിരിക്കുന്ന ഒരു മിനിയേച്ചര്‍ കലാസൃഷ്ടി ഓട്ടോമന്‍ കോര്‍ട്ടുമായി ബന്ധപ്പെട്ട 29 മുഖ്യ കലാകാരന്മാരും 12 കീഴ്കലാകാരന്മാരും ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ളതാണ്. അക്കാലഘട്ടത്തിലെ ഏറ്റവും പ്രസിദ്ധനായ കലാകാരനായിരുന്നു 'Mtarakci Nasuh' എന്നറിയപ്പെടുന്ന നസൂഹ് അല്‍ സിലാഹി അല്‍ മത്രാക്കി (Nasuh el silahi el Mtaraki). തന്റേതുമാത്രമായ Topographic Painting എന്നൊരു നൂതന രീതിതന്നെ ഈ മാതൃകയിലദ്ദേഹം ആവിഷ്‌കരിക്കുകയുണ്ടായി. ഒരേയൊരു ചിത്രം നോക്കി അതിന്റെ വ്യത്യസ്ത കോണുകളില്‍(View Points) നിന്നുള്ള ദൃശ്യങ്ങള്‍ വിഭാവനം ചെയ്യാന്‍ സാധിച്ചിരുന്ന അദ്ദേഹം അക്കാലത്ത് പട്ടണങ്ങളും കോട്ടകളും പോര്‍ട്ടുകളും വരെ ചായം പൂശിയിരുന്നു. 16-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയും, പ്രത്യേകിച്ചും സുല്‍ത്താന്‍ അഹ്മദ് ഒന്നാമന്റെയും, സുല്‍ത്താന്‍ ഒസ്മാന്റെയും കാലഘട്ടമായതോടെ പുസ്തക ആല്‍ബി രൂപത്തിലുള്ള മിനിയേച്ചര്‍ രീതികള്‍മാറി ഒറ്റയേടുകളിലായുള്ള സൃഷ്ടികള്‍ ജനപ്രീതിയാര്‍ജ്ജിച്ചു തുടങ്ങി. സുല്‍ത്താന്‍ മുറാദ് നാലാമന്റെ കാലഘട്ടമായപ്പോഴേക്കും ഇസ്തംബൂളില്‍ മാത്രമായി ആയിരത്തില്‍പരം ചിത്രകാരന്മാരും നൂറില്‍പരം പണിശാലകളും ഉണ്ടായിരുന്നതായി നാല്‍പതോളം വര്‍ഷങ്ങള്‍ ഓട്ടോമന്‍ സാമ്രാജ്യം ചുറ്റിക്കറങ്ങിയ എവലിയ ജെലെബി(Evliya Celebi) പ്രസ്താവിക്കുന്നു. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഗുഹാവാസികളുടേതടക്കം കലീലയും ദിംനയും, പേര്‍ഷ്യന്‍ കവി നിസാമി ഗഞ്ചവിയുടെ(Nizami Ganjavi-1141–1209) ഹുസ്‌റെവും ശിരിനും, ലൈലയും മജ്‌നുവും തുടങ്ങി തുര്‍ക്ക് മുസ്‌ലിം സാമ്രാജ്യ മേല്‍നോട്ടത്തിന്‍ കീഴില്‍ ഒട്ടനവധി മിനിയേച്ചര്‍ സൃഷ്ടികള്‍ ഇന്നും വിലമതിക്കാനാവാത്ത കലാസ്മാരകങ്ങളായി ഇസ്തംബുളിലെയും മറ്റും മ്യൂസിയങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു.

1. M. Ugur Derman, 'The Ottoman Calligraphy', in: Kemal Çiçek (ed.), The Great Ottoman-Turkish Civilization. Volume 4 (Ankara, 2000), pp. 659-668.

Bibliography

1. Isik Yazan ,Antika, The Turkish Journal Of Collectable Art, May1986 Issue:14.
2. Of Marbles and Men, Turkey's Cultural Ambitions: Turkey Gets Tough with Foreign Museums and Launches a New Culture War (unsigned article), The Economist, no. 8785 (19 May 2012).
3. M. Ugur Derman, 'The Ottoman Calligraphy', in: Kemal Çiçek (ed.), The Great Ottoman-Turkish Civilisation. Volume 4 (Ankara, 2000).
4. Isik Yazan ,Antika, The Turkish Journal Of Collectable Art, May1986 Issue:14.
5. G. Oney, 'Anadolu'da Turk Devri Cini ve Seramik Teknikleri', Turk Cini Sanati, 1976: 11
6. O. Aslanapa, S. Yetkin, A. Altun, Iznik Cini Firinlari Kazisi, II. Donem, 1989: 25
7. Antika, The Turkish Journal of Collectable Art-October 1986 issue: 19
8. ATIL, Esin, The Age of Sultan Süleyman the Magnificent, Washington DC: National Gallery of Art, 1987.
9. Antika, The Turkish Journal Of Collectable Art , July 1985 Issue:4 by : Can Kerametli

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top