അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നാള്‍വഴികള്‍

അബ്ദുല്‍ ബാരി കടിയങ്ങാട് ‌‌
img

രൂപീകരണം: ഉസ്മാനിയ ഖിലാഫത്ത് നാമാവശേഷമായി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1928 മെയ്  മാസത്തില്‍ ഈജിപ്തിലെ ഇസ്മാഈലിയ പട്ടണത്തില്‍ ഹസനുല്‍ ബന്നയും കൂടെയുണ്ടായ ആറു പേരും ചേര്‍ന്ന് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ രൂപീകരിച്ചു.

1933-ല്‍ ഗവണ്‍മെന്റ് ബന്നയെ ഇസ്മാഈലിയ്യയില്‍ നിന്ന് കെയ്‌റോയിലേക്ക് മാറ്റി. അവിടെ ഇഖ്‌വാന്‍ യൂണിറ്റുകള്‍ വ്യാപകമായി രൂപീകരിക്കാന്‍ ഇത് സഹായകമായി. അവിടെവെച്ച് ബന്നായുടെ പ്രസിദ്ധമായ ഹദീസുസ്സുലസാഅ്(ചൊവ്വാഴ്ച ക്ലാസുകള്‍) ആരംഭിച്ചു.

1940- ല്‍ അന്നിളാമുല്‍ ഖാസ് (പ്രത്യേക സംവിധാനം)എന്നറിയപ്പെടുന്ന സായുധ സംഘത്തിന് ഇഖ്‌വാന്‍ രൂപം നല്‍കി. (ബ്രിട്ടീഷുകാരെ ഈജിപ്തിലും ഫലസ്ത്വീനില്‍ സിയോണിസ്റ്റുകളെ നേരിടുകയുമായിരുന്നു ലക്ഷ്യം).

1941-ല്‍ ഇഖ്‌വാന്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. ഒടുവില്‍ വ്യഭിചാരം നിരോധിക്കുക, മാധ്യമ ഭാഷ അറബിയാക്കുക, മദ്യനിരോധം ഏര്‍പ്പെടുത്തുക, ഇസ്‌ലാമികാഘോഷങ്ങള്‍ ഔദ്യോഗികമായി കൊണ്ടാടുക എന്നീ നാല് ഉപാധികളും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യവും അനുവദിച്ചതോടെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി.

1944-ലെ തെരഞ്ഞെടുപ്പില്‍ ഇഖ്‌വാന്‍ മത്സരിക്കാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നു

1946-പ്രസ്ഥാനത്തിന് ഈജിപ്തില്‍ വന്‍ സ്വാധീനമുണ്ടായി. 5 ലക്ഷം സജീവ അംഗങ്ങളും അത്രതന്നെ അനുഭാവികളും 5000 ശാഖകളുമുണ്ടായി. ഈജിപ്തിനു പുറമെ സിറിയ, ലബനാന്‍, ഫലസ്ത്വീന്‍, ജോര്‍ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലും ഇഖ്‌വാന്‍ പ്രവര്‍ത്തനം തുടങ്ങി.

1948-ല്‍ ഫലസ്ത്വീനില്‍ ജൂതരാഷ്ട്രം രൂപീകരിക്കാന്‍ തയാറായപ്പോള്‍ അതിനെതിരെ ശക്തമായി ഇഖ്‌വാന്‍ രംഗത്തുവന്നു. 'ഫലസ്ത്വീനിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷികളാകാന്‍ 10000 ഇഖ്‌വാനികളെ നിങ്ങള്‍ക്ക് ഞാന്‍ വാഗ്ദാനം ചെയ്യുന്നു' എന്ന് ഹസനുല്‍ ബന്ന പ്രഖ്യാപിച്ചു.

1948 ഏപ്രില്‍ 14ന് ഈജിപ്തിലെ ഇഖ്‌വാന്‍ പോരാളികളുടെ ആദ്യ ബാച്ച് ഫലസ്ത്വീനിലേക്ക് പുറപ്പെട്ടു. ഇഖ്‌വാനികളും അറബ് സേനകളും ശക്തമായ മുന്നേറ്റം തുടരവെ ജൂണ്‍ 11ന് ഐക്യരാഷ്ട്രസഭയുടെ ആവശ്യാര്‍ഥം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

-1948-ഡിസംബര്‍ 8-ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് മഹ്മൂദ് ഫഹ്മി നഖ്‌റാഷി രഹസ്യ സായുധ സേന പ്രവര്‍ത്തിക്കുന്നു എന്ന ആരോപണമുയര്‍ത്തി ഇഖ്‌വാനുല്‍ മുസ്‌ലിമൂനിനെ നിരോധിക്കുകയും അനേകം നേതാക്കളെയും അംഗങ്ങളെയും അറസ്റ്റ് ചെയ്തു.

-1948-ഡിസംബര്‍ 28-ന് നഖ്‌റാഷി പാഷ കൊല്ലപ്പെട്ടു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന്റെ മേല്‍ ആരോപിക്കപ്പെട്ടെങ്കിലും ഇഖ്‌വാന്‍ അത് ശക്തിയായി നിരസിച്ചു.

-1949-ഫിബ്രുവരി 12ന് ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന്റെ സ്ഥാപകനും പരമോന്നത നേതാവുമായ( അല്‍മുര്‍ശിദുല്‍ ആം) ഹസനുല്‍ ബന്നയെ ശത്രുക്കള്‍ വെടിവെച്ചുകൊന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ സാമ്രാജ്യത്വശക്തികളുടെ ഈജിപ്തിലെ അംബാസഡര്‍മാര്‍ തയാറാക്കിയ പദ്ധതിയനുസരിച്ചാണ് കൊല നടന്നതെന്ന് തെളിഞ്ഞു.

1949-ജൂലൈ 25ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇഖ്‌വാന്‍ വഫദ് പാര്‍ട്ടിയെ പിന്തുണച്ചു. അധികാരത്തിലേറിയ വഫദ് പാര്‍ട്ടി ഭാഗികമായി നിരോധം നീക്കം ചെയ്തു.

- 1951-ല്‍ ഇഖ്‌വാന്റെ പരമോന്നത നേതാവായി ഹസനുല്‍ ഹുദൈബിയെ തെരഞ്ഞെടുത്തു പ്രവര്‍ത്തന രംഗത്ത് സജീവമായി.

1952- ജൂലൈ 23ന് മുഹമ്മദ് നജീബ്, ജമാല്‍ അബ്ദുന്നാസിര്‍ എന്നീവരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട് ഫ്രീ ഓഫീസേഴ്‌സ് മൂവ്‌മെന്റ് ഇഖ്‌വാന്റെ പിന്തുണയോടെ ഫാറൂഖ് രാജാവിനെ അധികാര ഭ്രഷ്ടനാക്കി. ജനറല്‍ നജീബിന്റെ പ്രഥമ നടപടികളിലൊന്ന് ഹസനുല്‍ ബന്നയുടെ മഖ്ബറ സന്ദര്‍ശനമായിരുന്നു. മന്ത്രിസഭയില്‍ 3 സീറ്റ് ബ്രദര്‍ഹുഡിന് വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും അത് നിരസിക്കുകയുണ്ടായി.

1953-ല്‍ ജനറല്‍ നജീബിനെ പുറത്തുചാടിച്ചു ജമാല്‍ അബ്ദുന്നാസിര്‍ വിപ്ലവകൗണ്‍സിലിന്റെ നേതൃത്വം കൈയടക്കി. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ തുടക്കത്തില്‍ അവരെ പിന്തുണച്ചെങ്കിലും പിന്നീട് ഹൈഅത്തുത്തഹ്‌രീര്‍ എന്ന പാര്‍ട്ടിയുണ്ടാക്കി ഇഖ്‌വാനെ അതില്‍ ലയിപ്പിക്കാന്‍ അബ്ദുന്നാസിര്‍ ശ്രമിക്കുകയുണ്ടായി. അഭിപ്രായ ഭിന്നതയുടെ പേരില്‍ അകലം പാലിക്കുകയും  ഇഖ്‌വാനെതിരെ തിരിയുകയും ഇഖ്‌വാനികളെ ക്രൂരമായി പീഢിപ്പിക്കുകയും ചെയ്തു.

-1954-ല്‍ ജമാല്‍ അബ്ദുന്നാസിറിനുനേരെ വധശ്രമം അരങ്ങേറുന്നു. ഗൂഢാലോചനക്കുറ്റം ഇഖ്‌വാന്റെ മേല്‍ ചുമത്തുകയും ഇഖ്‌വാനെ വീണ്ടും നിരോധിക്കുകയും ചെയ്തു. അല്‍മുര്‍ഷിദുല്‍ ആം ആയ ഹസനുല്‍ ഹുദൈബി, സയ്യിദ് ഖുതുബ് തുടങ്ങിയവരെ ജയിലിലടച്ചു.

1954-ല്‍ വിചാരണാ നാടകങ്ങള്‍ക്ക് ശേഷം കോടതി ഡിസംബര്‍ 4ന് ആറ് ഇഖവാന്‍ നേതാക്കള്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.

1964-ല്‍ പത്തുവര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം സയ്യിദ് ഖുതുബ് മോചിതനാകുകയും ഇഖ്‌വാന്റെ നേതൃത്വത്തിലെത്തുകയും ചെയ്തു.

1964-ല്‍ കോളിളക്കം സൃഷ്ടിച്ച സയ്യിദ് ഖുതുബിന്റെ മആലിമു ഫിത്തരീഖ്(വഴിയടയാളങ്ങള്‍) എന്ന കൃതി പുറത്തുവന്നു.

1966 ആഗസ്റ്റ് 29ന് വിചാരണ പ്രഹസനത്തിന് ശേഷം സയ്യിദ് ഖുതുബിനെയും രണ്ടു നേതാക്കളെയും തൂക്കിലേറ്റി.

-1970-ല്‍ അബ്ദുന്നാസിര്‍ മരണപ്പെടുകയും അന്‍വര്‍ സാദാത്ത് ഭരണമേറ്റെടുക്കുകയും ചെയ്തതോടെ എല്ലാ ഇഖ്‌വാന്‍ പ്രവര്‍ത്തകരെയും ജയില്‍ മോചിപ്പിക്കുകയുണ്ടായി. ഇഖ്‌വാന്‍ ആസ്ഥാനം തുറക്കുകയും പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തു.

1976-ല്‍ ഭരണകക്ഷിയുടെ ടിക്കറ്റില്‍ മത്സരിച്ച ഇഖ്‌വാന്റെ ആറു സ്ഥാനാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1978-ല്‍ നടന്ന വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പുകളില്‍ 60%സീറ്റുകളും ഇസ്‌ലാമിസ്റ്റുകള്‍ വിജയിക്കുകയുണ്ടായി.

1979-ല്‍ അന്‍വര്‍ സാദാത്ത് കേമ്പ് ഡേവിഡ് കരാറില്‍ ഒപ്പുവച്ചപ്പോള്‍ ഇഖ്‌വാന്‍ അതിനെ ശക്തമായി എതിര്‍ത്തു.

ഹുസ്‌നി മുബാറക്കിന്റെ കാലത്ത് ബ്രദര്‍ഹുഡ് തുടര്‍ച്ചയായ പീഢനങ്ങളെയും വേട്ടയാടലുകളെയും നേരിടേണ്ടി വന്നു. പക്ഷെ പരസ്യമായി തന്നെ പ്രവര്‍ത്തന രംഗത്ത് സജീവമാകുകയും ചെയ്തു. മുബാറക്ക് ഭരണത്തിന്റെ ആദ്യ ഇരുപത് വര്‍ഷങ്ങളില്‍ സംഘടന ധാരാളം മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചു.

1984-ല്‍ ആദ്യമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍  ന്യൂ വഫദ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി 18 സീറ്റുകളില്‍ മത്സരിച്ചു ഏഴ് സീറ്റുകളില്‍ വിജയിച്ചു.

1987-ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്നു സഖ്യമുണ്ടാക്കുകയും ചെയ്തു.

1990-ല്‍ പ്രതിപക്ഷ കക്ഷികളോടൊപ്പം ഇഖ്‌വാന്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.

1995-ല്‍ മുബാറക് ഇഖ്‌വാനികളെ വേട്ടയാടാനായി പ്രത്യേക ജയില്‍ തുറക്കുകയും നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നിരവധി പേരെ സൈനിക കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

2005-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് 88 സീറ്റുകള്‍ കരസ്ഥമാക്കി.

2011 ജനുവരി 25 ന് ആരംഭിച്ച വിപ്ലവത്തില്‍ ബ്രദര്‍ഹുഡ് നേതൃപരമായ പങ്കാളിത്തം വഹിക്കുകയും ഹുസ്‌നി മുബാറക്കിനെ പുറത്താക്കുകയും ചെയ്തു

-2012 ജൂണ്‍ 30ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ട്ി 51.73% വോട്ട് നേടുകയും മുഹമ്മദ് മുര്‍സി ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഈജിപ്തിന്റെ പ്രഥമ പ്രസിഡന്റാകുകയും ചെയ്തു.

2013 ജൂലൈ 3ന് പ്രതിരോധ മന്ത്രി അബ്ദുല്‍ ഫത്താഹ് സീസിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യന്‍ സൈന്യം ഭരണം അട്ടിമറിക്കുകയും ഭരണഘടനകോടതി തലവന്‍ ആദ്‌ലി മന്‍സൂറിന പ്രസിഡന്റായി വാഴിക്കുകയും ചെയ്തു. ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഇനെയടക്കം മുഴുവന്‍ ഇഖ്‌വാന്‍ നേതാക്കളെയും അറസ്റ്റ് ചെയ്തു.

2013 സെപ്റ്റംബര്‍ 23-ന് മുസ്‌ലിം ബ്രദര്‍ഹുഡിനെയും പോഷകവിഭാഗങ്ങളെയും കോടതി നിരോധിച്ചു.

നേതൃത്വം ഇതുവരെ
സ്ഥാപക നേതാവ്: ഇമാം ശഹീദ് ഹസനുല്‍ ബന്നാ (1928-49)
മുഖ്യ കാര്യദര്‍ശി: ഹസനുല്‍ ഹുദൈബി(1949-72)
ഉമര്‍ തില്‍മിസാനി (1972-86)
മുഹമ്മദ് ഹാമിദ് അബുന്നസ്വര്‍ (1986-96)
മുസ്ത്വഫാ മശ്ഹൂര്‍ (1996-2002)
മഅ്മൂന്‍ ഹുദൈബി (2002-04)
മുഹമ്മദ് മഹ്ദി ആകിഫ് (2004-10)
മുഹമ്മദ് ബദീഅ് (2010 നിലവില്‍ തുടരുന്നു)

പ്രസിദ്ധീകരണങ്ങള്‍
1933- മജല്ലതുല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍
1938-39 - അന്നദീര്‍
1939-41- അല്‍മനാര്‍
1942-48 -അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍
1946-48- അശ്ശിഹാബ്
1951- അദ്ദഅ്‌വ
1980-ലിവാഉല്‍ ഇസ്‌ലാം

 

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top