ഹസ്‌നൈന്‍ ഹൈക്കലും പട്ടാള ഭരണകൂടവും

അഹ്മദ് ദയ്ബാന്‍‌‌
img

2011 ജനുവരി 25-ലെ വിപ്ലവം ഈജിപ്തിന്റെയും ഒപ്പം അറബ്‌ലോകത്തിന്റെയും ചരിത്രത്തില്‍ ഒരു വഴിത്തിരിവായിത്തീരുമെന്ന് ഏകസ്വരത്തില്‍ അംഗീകരിക്കപ്പെട്ട കാര്യമായിരുന്നു. രാഷ്ട്രീയ-സാമൂഹിക-ചിന്താ മണ്ഡലങ്ങളിലുണ്ടായ മാറ്റത്തിന്റെ ഫലമായി ആ വിപ്ലവം ചരിത്രകാരന്മാര്‍ക്കും വിവിധ കലാ-സാംസ്‌കാരിക രചനകള്‍ക്കും ഫലപുഷ്ടിയുള്ള ഒരു ഉറവിടമായിത്തീര്‍ന്നു. ദശകങ്ങളായി മര്‍ദക സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ നിലനിര്‍ത്തിപ്പോന്ന പേടിയുടെ വേലികള്‍ (Barriers of Fears) നിലംപൊത്തി, ജനം അതിന്റെ സ്വാതന്ത്ര്യവും അഭിലാഷവും കൈപ്പിടിയിലാക്കി, ഏതൊരു ഏകാധിപതിയോടും ഇല്ല എന്നുപറയാനുള്ള ശക്തി ആര്‍ജിച്ചതാണ് ആ വിപ്ലവത്തിന്റെ പ്രധാന നീക്കിയിരിപ്പുകള്‍. എന്നാല്‍ 2013 ജൂണ്‍ 30ന് മുമ്പും ശേഷവുമായി നടന്ന ആസൂത്രിതമായ പട്ടാള അട്ടിമറി, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ജനകീയ രാഷ്ട്രപതിയെ സ്ഥാനഭ്രഷ്ട്രനാക്കി. തുടര്‍ന്ന് രൂക്ഷമായ ഭിന്നതയും ധ്രുവീകരണവുമുണ്ടാക്കി. രക്തരൂക്ഷിതമായ കൂട്ടക്കൊലകള്‍ അട്ടിമറിക്കാര്‍ നടപ്പാക്കി. പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ വേരുപിഴുതെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അങ്ങനെ ജനുവരി വിപ്ലവത്തിന്റെ ഗുണഫലങ്ങളെ വലിയതോതില്‍ നശിപ്പിച്ചു. മുബാറക് ഏകാധിപത്യത്തിന്റെ അവശിഷ്ടങ്ങളും സാംസ്‌കാരിക ബുദ്ധിജീവികളും സെക്യുലറിസ്റ്റുകളും ലിബറലുകളും ഇടതുപക്ഷവുമടങ്ങുന്ന സൈനിക അട്ടിമറി അനുകൂലികളും ഭരണഘടനാ നിയമ സംരക്ഷണത്തിനായി നിലകൊള്ളുന്ന ജനങ്ങളും തമ്മിലുള്ള രൂക്ഷമായ സമരത്തിന്റെ പൊടിപടലങ്ങള്‍ക്കിടയില്‍ തെളിയുന്ന പുതിയ വിവരങ്ങളും റിപ്പോര്‍ട്ടുകളും ചരിത്രകാരന്മാരെയും ഗവേഷകരെയും പുനര്‍വായനയ്ക്കായി പ്രേരിപ്പിക്കും.
    പ്രഫ. മുഹമ്മദ് ഹസ്‌നൈന്‍ ഹൈക്കലിന്റെ വായനക്കാര്‍ക്ക് അദ്ദേഹത്തെ അറിയാവുന്നതാണ്. വാക്കുകളിലും വാക്യങ്ങളിലും തന്നെകുറിച്ച് സൂചന നല്‍കുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. ചരിത്ര രേഖകള്‍ ചൂണ്ടിക്കാട്ടി, വിശേഷണങ്ങള്‍ പെരുപ്പിച്ച്, വാഗ്‌വിസ്താരം നടത്തിയാണ് അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിക്കുക. എഴുതുന്ന വിഷയവുമായി ബന്ധപ്പെട്ട പ്രധാന വ്യക്തിത്വങ്ങളുമായി അദ്ദേഹം അഭിമുഖവും നടത്താറുണ്ട്. എന്റെ സുഹൃത്തായ ഈജിപ്ഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ സലീം അസൂസിന്റെ നിരീക്ഷണത്തില്‍ ജൂലായ് മൂന്നിന് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയത് അറിയിച്ചുകൊണ്ട് ജനറല്‍ അബ്ദുല്‍ ഫതഹ് അസ്സീസി നടത്തിയ പ്രസ്താവനയില്‍ ഹസ്‌നൈന്‍ ഹൈക്കലിന്റെ ശൈലിയുടെ സൂചന വ്യക്തമാണ്.
    സീസിയുടെ പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ അസൂസിന്റെ കണ്ടെത്തലുകളെ ബലപ്പെടുത്തുന്ന കാര്യങ്ങള്‍ എനിക്കു കാണാന്‍ കഴിഞ്ഞു. 'മഹത്തായ ഈജിപ്തിലെ ജനങ്ങളേ, ജനങ്ങളുടെ പ്രക്ഷോഭങ്ങളുടെയും മുറവിളികളുടെയും നേരെ കണ്ണും കാതുമടക്കുവാന്‍ സൈന്യത്തിനു കഴിയില്ല. ജനത അതിന്റെ രാഷ്ട്ര ദൗത്യമാണ് ആവശ്യപ്പടുന്നത്. രാഷ്ട്രീയ ദൗത്യമല്ല. ഈ ദൗത്യം ആ വിളി ഉള്‍ക്കൊള്ളുന്നു.  ജനം അതിന്റെ ലക്ഷ്യവും അനിവാര്യതയും നിര്‍ണയിച്ചിരിക്കുന്നു. വിശ്വസ്തവും ഉത്തരവാദിത്തപൂര്‍ണവും അനിവാര്യവുമാകുന്ന ഒരു രാഷ്ട്രീയ മാറ്റം അതാവശ്യപ്പെടുന്നു.'ജൂലൈ 14-ന് സീസി ഏതാനും ഉദ്യോഗസ്ഥരോടായി നടത്തിയ പ്രസംഗം പരിശോധിച്ചാല്‍ കൂടുതല്‍ പ്രയോജനപ്പെടും. ആ സംസാരവും പ്രഫസര്‍ ഹസ്‌നൈന്‍ ഹൈക്കലിലേക്ക് വിരല്‍ ചൂണ്ടുന്നു. 'ജനത്തിന്റെ കല്‍പനയ്ക്ക് വിധേയമായാണ് സൈന്യം പ്രവര്‍ത്തിക്കുകയും നിലകൊള്ളുകയും ചെയ്യുന്നത്, ജനത്തോട് കല്‍പ്പിച്ചുകൊണ്ടല്ല. ജനസേവനത്തിനാണ് സൈന്യം, ജനത്തില്‍ നിന്ന് അകലെയല്ല. സൈന്യം ജനങ്ങളില്‍ നിന്ന് കേള്‍ക്കുകയാണ്, ജനത്തെ കേള്‍പ്പിക്കുകയല്ല.'
    മറ്റൊരിടത്ത് അദ്ദേഹം പറയുന്നു: 'ജനം ആവശ്യപ്പെട്ടതും ക്ഷണിച്ചതുമായ ഉത്തരവാദിത്തമാണ് സൈന്യം നിര്‍വ്വഹിച്ചത്. തകര്‍ന്ന അഭിലാഷങ്ങളും തമസ്‌കരിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളും മാറ്റിപ്പണിയുവാന്‍ സൈന്യത്തിന് കഴിയുമെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: 'ജനശക്തി 2011 ജനുവരിയില്‍ ഉയിര്‍ത്തെഴുന്നേറ്റിരുന്നു. പിന്നീട് കണ്ടത് അതിന്റെ പ്രതീക്ഷകള്‍ ലക്ഷ്യങ്ങളും തകര്‍ന്നുപോകുന്നതാണ്. അതിന്റെ ഭാവിയുടെ മേല്‍ ഇരുട്ടുവീണു. അറിവിന്റെയും വെളിച്ചത്തിന്റെയും ശക്തിയുടെയും കാലമുദ്രകള്‍ പിന്നീടത് സ്വീകരിച്ചില്ല.'
    പ്രഫ. ഹൈക്കല്‍ മുഹമ്മദ് മുര്‍സിയെ നീക്കംചെയ്യുന്നതിനെ അനുകൂലിച്ചിരുന്നു എന്നത് രഹസ്യമായ കാര്യമല്ല. താല്‍ക്കാലിക പ്രധാനമന്ത്രി അദ്‌ലി മന്‍സൂറുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഏറെ പ്രാധാന്യത്തോടെയാണ്. രാജ്യത്തിന്റെ ആഭ്യന്തര ബാഹ്യ സംഭവവികാസങ്ങളെ കുറിച്ച് ഹൈക്കലിന്റെ അഭിപ്രായങ്ങള്‍ അദ്‌ലി മന്‍സൂര്‍ ശ്രദ്ധിച്ചു.' കൂടിക്കാഴ്ച കൂറച്ചുകൂടി വ്യാഖ്യാന സാധ്യതയുള്ളതാണ്. പ്രഫ. ഹൈക്കല്‍ മാറ്റങ്ങളില്‍ സന്തോഷവാനായിരുന്നു. അബ്ദുന്നാസറിന്റെ നേതൃത്വത്തില്‍ നടന്ന ജൂലൈ 23 വിപ്ലവത്തിന്റെ സാക്ഷിയായിരുന്നു ഹൈക്കല്‍. നാസര്‍ ഇടക്കിടെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഒരുപക്ഷേ, സീസിയില്‍ അദ്ദേഹം മറ്റൊരു നാസറിനെ കണ്ടിരിക്കാം. അദ്ദേഹത്തിന്റെ നിലപാടുകള്‍ പൂര്‍ണമായും ശരിയായില്ല. നിരപരാധികളുടെ ചോരയില്‍ അത് പങ്ക് പറ്റുകയും ചെയ്തു.
    ജൂണ്‍ 30, ജൂലൈ 3 സംഭവങ്ങള്‍ കൂടുതല്‍ രചനാ സാധ്യതകളുള്ള ഒരു ചരിത്രാവസരമാണെന്ന് ഞാന്‍ കരുതുന്നു. അക്കാര്യത്തില്‍ പ്രഫസറും ബോധവാനാവാതിരിക്കില്ല. അബ്ദുന്നാസിര്‍, സാദത്ത്, മുബാറക് കാലഘട്ടങ്ങളില്‍ ഈജിപ്തിലുണ്ടായ സംഭവവികാസങ്ങളെകുറിച്ച് തന്റെ വീക്ഷണങ്ങള്‍ വിശദീകരിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്, പ്രഫസര്‍. മുര്‍സിയുടെ ചുരുങ്ങിയ ഭരണകാലവും അതിന്റെ നാടകീയമായ അന്ത്യവും കൂടുതല്‍ ആകര്‍ഷകമാണ്.
    ലഭ്യമായ തെളിവുകളും റിപ്പോര്‍ട്ടുകളുമനുസരിച്ച് പ്രഫസര്‍ ദാറുന്നശ്ര്‍ ആലമിയയുമായി ചേര്‍ന്ന് 'ലോകം വിറച്ച നാലുമണിക്കൂര്‍' എന്ന പേരിലൊരു പുസ്തകം തയാറാക്കുന്നുണ്ട്. പുസ്തകം പുറത്തിറങ്ങിയാല്‍ അതില്‍ വായനക്കാര്‍ക്ക് സീസിയുടെ രണ്ടുപ്രസംഗത്തിന്റെയും പാരഗ്രാഫുകള്‍ അതില്‍ കാണാന്‍ കഴിയും. ചില ചിത്രങ്ങള്‍ അതിലിടം പിടിക്കും. ജൂണ്‍ മുപ്പതിലെ പ്രക്ഷോഭത്തിലെ എണ്ണത്തിലെ കളികളും വാഗ്വാദങ്ങളും അതില്‍ കാണാം. വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന്റെ ആവശ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സൈന്യം എന്നു സ്ഥാപിക്കാന്‍ വേണ്ടി വിമാനങ്ങളില്‍ നിന്ന് സൈന്യം ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ദശലക്ഷങ്ങള്‍ പ്രക്ഷോഭത്തില്‍ പങ്കുകൊണ്ടിരുന്നുവെന്നാണ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ കൂട്ടുനിന്നവരുടെയും സൈന്യത്തിന്റെ അവകാശ വാദം. പക്ഷെ, സിനിമാ സംവിധായകന്‍ ഖാലിദ് യൂസുഫിന്റെ സഹായത്തോടെ നിര്‍മിച്ചെടുത്തതാണ് ഒരു ചിത്രമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. മറ്റൊരു ചിത്രം പകര്‍ത്തിയ തീയതിയാണെങ്കില്‍ 2011 ജനുവരി 28!
വിവ: എന്‍.പി സലാഹുദ്ദീന്‍

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top