ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി ജീവിതവും നവോത്ഥാനവും (1703-1762)

‌‌

മുജദ്ദിദ് അല്‍ഫസാനിയുടെ മരണശേഷം എണ്‍പത് വര്‍ഷം കഴിഞ്ഞാണ് ശാഹ്‌വലിയുല്ലാഹിയുടെ ജനനം. ഔറംഗസീബ് ചക്രവര്‍ത്തി അന്തരിക്കുമ്പോള്‍ ദഹ്‌ലവിക്ക് നാലുവയസ്സ് പ്രായമായിരുന്നു. മുഗള്‍ സാമ്രാജ്യം തുണ്ടുകളായി ചിതറുകയും രാജ്യത്തിന്റെ വലിയൊരു ഭാഗം അരക്ഷിതാവസ്ഥയിലാവുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്. മുസ്‌ലിംകളുടെ രാഷ്ട്രീയ സ്ഥിതി മാത്രമല്ല ജീര്‍ണമായിരുന്നത് ധാര്‍മികമായും അവര്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആഢംബരം, സുഖലോലുപത, സ്വാര്‍ഥത, വിശ്വാസരാഹിത്യം തുടങ്ങിയ തിന്മകള്‍ പരക്കെ വ്യാപിച്ചിരുന്നു. ഈ കാലഘട്ടത്തിലാണ് ശാഹ്‌വലിയുല്ലയുടെ ഗ്രന്ഥരചനയും പരിഷ്‌കരണ സംരംഭങ്ങളും തുടങ്ങുന്നത്. മുസ്‌ലിംകളുടെ ഐക്യത്തിനും ശക്തമായ അധികാരസംവിധാനത്തിനും ധാര്‍മിക കരുത്തിനും ദുരാചാരങ്ങളില്‍നിന്നും മുക്തമായ വിശുദ്ധിയുള്ള ജീവിതത്തിനും വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. വ്യത്യസ്തമായൊരു ശൈലിയാണ് ദഹ്‌ലവി സ്വീകരിച്ചത്. പാരമ്പര്യവും പരിഷ്‌കരണവും ചേര്‍ത്തുകൊണ്ടുള്ള രീതി. പ്രമാണങ്ങളുടെ അര്‍ഥവും ആശയവും സന്ദര്‍ഭവും അപഗ്രഥിക്കുന്ന വിശകലനങ്ങള്‍ നിലവിലുള്ള സമൂഹത്തിന് ഇസ്‌ലാമിന്റെ ചൈതന്യം മനസ്സിലാക്കാന്‍ സഹായിക്കുന്ന സമര്‍ഥനവും എഴുത്തും തുടങ്ങിയ ധാരാളം പ്രത്യേകതകള്‍ ഉള്ളതായിരുന്നു ശാഹ്‌വലിയുല്ലയുടെ രീതിശാസ്ത്രമെന്ന് ശൈഖ് മിര്‍സ അലവി നിരീക്ഷിക്കുന്നുണ്ട്.
മുസ്‌ലിംകളെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിന് നിരവധി രാജാക്കന്മാര്‍ക്കും അമീറുമാര്‍ക്കും അദ്ദേഹം കത്തുകളെഴുതി. മറാത്തികള്‍ക്ക് കനത്ത പരാജയമേല്‍പിച്ച പ്രസിദ്ധമായ പാനിപ്പത്ത് യുദ്ധത്തിന് ഷാ അബ്ദാലിയെ പ്രേരിപ്പിച്ചത് ശാഹ്‌വലിയുല്ലയുടെ കത്തായിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ ശക്തവും ധാര്‍മികവുമായ ഒരു അധികാര സംവിധാനം അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. മുസ്‌ലിംകളിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പ് ഇല്ലാതാക്കാനും അഭിപ്രായ ഭിന്നതകളില്‍ തീവ്രത കൈക്കൊള്ളുന്നതിനും പകരം സമചിത്തത പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
വിശുദ്ധ ഖുര്‍ആന്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് പരിഭാഷ ചെയ്തതാണ് ദഹ്‌ലവിയുടെ മഹത്തായ ഒരു സംഭാവന. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകളുടെ വൈജ്ഞാനിക ഭാഷയായിരുന്നു പേര്‍ഷ്യന്‍. സാധാരണ മുസ്‌ലിംകള്‍ക്ക് വരെ ഖുര്‍ആന്‍ പാരായണവും പഠനവും ഇതിലൂടെ പ്രാപ്യമായി. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, ഇസ്‌ലാമിക ചരിത്രം, തസവ്വുഫ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തിന് ഗ്രന്ഥങ്ങളുണ്ട്. 'ഹുജ്ജത്തുല്ലാഹില്‍ ബാലിഗ'യാണ് ശാഹ്‌വലിയുല്ലയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം. ഇമാം ഗസ്സാലി, ഇബ്‌നു തൈമിയ, മുജദ്ദിദ് അല്‍ഫസാനി എന്നിവരെപ്പോലെ തന്റെ കാലത്തെ പരിഷ്‌കര്‍ത്താവായിട്ടാണ് ദഹ്‌ലവിയും എണ്ണപ്പെടുന്നത്. മുസ്‌ലിംകളുടെ ഉണര്‍വിന്റെയും പരിഷ്‌കരണ, നവോത്ഥാന സംരംഭങ്ങളുടെയും പ്രചോദന കേന്ദ്രം ശാഹ്‌വലിയുല്ലാഹിയാണെന്നതില്‍ സംശയമില്ല. അദ്ദേഹത്തെപ്പോലെ തന്നെ പുത്രന്മാരും പ്രഗത്ഭരായ പണ്ഡിതരും പരിഷ്‌കര്‍ത്താക്കളുമായിരുന്നു. ഷാ അബ്ദുല്‍ അസീസ്(1746-1823), ഷാ റഫീഉദ്ദീന്‍(1750-1818) ഷാ അബ്ദുല്‍ ഖാദിര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ പുത്രന്മാരില്‍ ഏറെ പ്രശസ്തരാണ്. ഉറുദുവില്‍ ഖുര്‍ആന്‍ ആദ്യമായി പരിഭാഷപ്പെടുത്തിയത് ഷാ റഫീഉദ്ദീനാണ്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top