ദുബായ് 'വിശുദ്ധത'യുടെ നഗരം

എം.എച്ച് ഇല്യാസ്‌‌
img

തുല്യമായ സ്വഭാവഗുണവും പ്രകൃതവുമുളള നഗരമാണ് ദുബായ്. മുത്ത് മുങ്ങിയെടുക്കുകയും മത്സ്യബന്ധനത്തിലേര്‍പ്പെടുകയും ചെയ്യുന്ന സാധാരണ സമൂഹം എന്നതില്‍ നിന്നും 'നവ സഹസ്രാബ്ദത്തിന്റെ'തിരക്കു പിടിച്ച ആധുനിക നഗരമായും ഗള്‍ഫിന്റെ സമ്പന്നമായ തുറമുഖ നഗരത്തിലേക്കുമുള്ള അതിന്റെ പരിണാമം തീര്‍ച്ചയായും നാടകീയം തന്നെയാണ്. എന്നിരുന്നാലും ദുബായിയുടെ സവിശേഷത അതിന്റെ മഹത്തരമായ ഘടനകളിലാണ്്്(superlative structures)1 സ്ഥിതി ചെയ്യുന്നത്. അവ ദുബായിക്ക് സവിശേഷമായ അര്‍ത്ഥങ്ങള്‍ നല്‍കുന്ന മാധ്യമമായി വര്‍ത്തിക്കുന്നു. ലോകോത്തര നിലവാരമുളള ഇന്‍ഫ്രാസ്ട്രക്ച്ചര്‍, വാണിജ്യ സൗഹൃദ അന്തരീക്ഷം, രാഷ്ട്രീയ പരമായ നിഷ്പക്ഷത തുടങ്ങിയ ക്രമീകരണങ്ങളിലൂടെ ദുബായ് നഗരം അതിന്റെ സ്വത്വത്തെ ആവിഷ്്ക്കരിക്കുന്നു. ദുബായിയുടെ വാസ്തുശില്‍പ വൈഭവത്തോടൊപ്പം ഒരു രസകരമായ രാഷ്ട്രീയ-സ്ഥലസംബന്ധമായ (politico-spatio) പ്രക്രിയ കൂടി പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. ദുബായിയില്‍ ആവിര്‍ഭവിച്ചു വരുന്ന പുതിയ തരം നാഗരികതയെ കുറിച്ച് ധാരാളം എഴുതപ്പെടുന്നുണ്ട്. സ്ഥലത്തേയും രാഷ്ട്രീയത്തെയും സംബന്ധിച്ച സാമ്പ്രദായിക ധാരണകളുടെ സമൂലമായ പുനരാവിഷ്‌ക്കാരമാണ് ദുബായിയുടെ വികാസം നമുക്ക് വ്യക്തമാക്കിത്തരുന്നത്. അതുകൊണ്ടു തന്നെ അക്കാദമിക്കുകള്‍ ഈ നഗരത്തിന് കേവലം സ്ഥലപരമായ ഒരു അസ്തിത്വമല്ല കല്‍പ്പിച്ച് നല്‍കുന്നത്. മറിച്ച്, സാമൂഹിക-രാഷ്്രടീയ വ്യവഹാരങ്ങളുടെ മാധ്യമമായിട്ടാണ് അവര്‍ ദുബായിയെ നോക്കി കാണുന്നത്.
വന്‍കിട പദ്ധതികള്‍ മാധ്യമ ചര്‍ച്ചകള്‍ക്കും വാദകോലാഹലങ്ങള്‍ക്കും വിഷയീഭവിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായി, ചില ദക്ഷിണേഷ്യന്‍ പ്രദേശങ്ങളുമുള്‍പ്പെടെ (ഇവയാണ് ഗള്‍ഫിലെ തൊഴിലാളികളില്‍ ഭൂരിഭാഗത്തേയും സംഭാവന ചെയ്യുന്നത്) മേഖലയിലെ മുഴുവന്‍ രാജ്യങ്ങളും അനുകരിക്കേണ്ട മാതൃകയായും ദുബായ് മാറി കഴിഞ്ഞു2. രസകരമെന്നു പറയട്ടെ, എല്ലാ മിഡിലീസ്റ്റ് രാജ്യങ്ങളും വിവരങ്ങള്‍ ആരായുന്നത് ദുബായിയോടായി മാറിയിരിക്കുന്നു-എല്ലാവരും ആയിത്തീരാനാഗ്രഹിക്കുന്ന ഒരു മാതൃകാരാജ്യം. മേഖലയിലെ രാജ്യങ്ങളെല്ലാം തന്നെ, അവ രാഷ്ട്രീയപരമായി എതിര്‍പക്ഷത്താണെങ്കില്‍ പോലും ദുബായിയുടെ വിജയത്തില്‍ അങ്ങേയറ്റം താല്‍പര്യമുള്ളവരാണ്3. ഇത്തരത്തിലുളള അതിഭാവുകത്വവും ഭാവനയും ഭ്രമവും വേറൊരു നഗരവും കരസ്ഥമാക്കിയിട്ടുണ്ടാകില്ല. 'ദുബായ് മോഡല്‍'എന്നു പറയപ്പെടുന്നത് വ്യാപക പ്രചാരം സിദ്ധിച്ച ഒരു സാങ്കേതികപദമായി മാറി. അതിന്റെ വ്യതിരിക്തമായ വികസനരീതിയുടെ കയറ്റുമതി സാധ്യതയെയാണ് അത് ദ്യോതിപ്പിക്കുന്നത്.4
മിഡിലീസ്റ്റിലെ പ്രമുഖ വാണിജ്യ കേന്ദ്രം എന്ന നിലയിലേക്കുളള ദുബായിയുടെ പരിവര്‍ത്തനം, അറബ് സംസ്‌കാരത്തിന്റെ കാവല്‍ക്കാര്‍ എന്ന പദവി ബാഗ്ദാദില്‍നിന്നും കെയ്‌റോയില്‍നിന്നും പറിച്ചെടുത്ത് ദുബായിയുടെ മേല്‍ ചാര്‍ത്തുന്നതിനെയും കുറിക്കുന്നുണ്ട്. ഇത് സംവാദങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വഴിവെക്കുന്ന ഒന്നാണ്. ഈ സാഹചര്യവുമായി ബന്ധപ്പെട്ട ഏറ്റവും ശക്തിമത്തായ വാദം അല്‍ഷതാവിയുടേയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദുബായിയുടെ ഘടനാപരമായ രൂപമാറ്റം പോസ്റ്റ് കൊളോണിയല്‍ വായനക്ക് വേദിയൊരുക്കുന്നു. അദ്ദേഹം ദുബായിയെ 'സാമൂഹിക പരിവര്‍ത്തനത്തിന്റെ തിളങ്ങുന്ന മാതൃകയായി' അവതരിപ്പിക്കുന്നു. കിഴക്കിനും പടിഞ്ഞാറിനുമിടയില്‍ പുതുതായി ഉദയം കൊള്ളുന്ന കേന്ദ്രങ്ങളുടെ പടിവാതിലായി ദുബായിയെ വെക്കാവുന്നതാണ്. അഥവാ ഉദിച്ചുയരുന്ന കിഴക്കിലേക്ക് പടിഞ്ഞാറില്‍ നിന്നും സാമ്പത്തിക ഇഛാശക്തിയുടേയും സാംസ്‌ക്കാരികമായ മൂലകേന്ദ്രത്തിന്റെയും സ്ഥാനമാറ്റത്തിനുളള 'നിര്‍ണ്ണായകമായ ഒരു താവളം'. ദുബായിയുടെ നാഗരികതയുടെ ശൈലി ഈ പോസ്റ്റ് കൊളോണിയല്‍ അവസ്ഥയോടുള്ള പ്രതികരണമാണ്. കിഴക്ക്-പടിഞ്ഞാറ്, പൗരസ്്ത്യം(ഓറിയന്റ)്-പാശ്ചാത്യം(ഓക്‌സിഡന്റ)്, കൊളോണിയല്‍-പോസ്റ്റ് കോളോണിയല്‍ തുടങ്ങിയ വിഭജനരേഖകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന ദുബായിയുടെ മാറിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക പ്രതലം ഇതിന് തെളിവാണ്.
ആര്‍ക്കിടെക്ച്ചറിനെ/വാസ്തുവിനെപ്പറ്റി സംസാരിക്കുമ്പോള്‍ തന്നെ, തദ്ദേശീയമായ അറബ് നഗര രീതിയിലുളള നിര്‍മ്മിതികളും മറ്റൊരിടത്ത്് അതില്‍നിന്നും വ്യത്യസ്തമായി പ്രത്യേകതരത്തിലുളള ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിട മാതൃകകള്‍ ഉള്‍പ്പെടുത്താനുളള ശ്രമവും കാണാവുന്നതാണ്. സ്വത്വസംബന്ധമായി നോക്കുമ്പോള്‍ ദേശാന്തര വൈവിധ്യങ്ങളെ സ്വാംശീകരിക്കുന്നതിനുളള തന്ത്ര പ്രധാനമായ ഇടമായും ദുബായി ഉയര്‍ന്നു വന്നിരിക്കുന്നു. ലോകത്താകമാനമുളള ആളുകളേയും വ്യത്യസ്തവും, ചിലപ്പോള്‍ പരസ്പര വിരുദ്ധം തന്നെയുമായ മൂല്യങ്ങളെയും ജീവിത ശൈലിയെയും സ്വീകരിക്കാനുളള ദുബായിയുടെ സന്നദ്ധതയും കഴിവും അതുല്യം തന്നെയാണ്.
ഇവിടെ പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. ആഗോള നഗര സങ്കല്‍പ്പങ്ങളില്‍ ദുബായി എവിടെ നില്‍ക്കുന്നു; പഴയ/പുതിയ (നഗര) ഭാവനകള്‍ക്കിടയില്‍ ദുബായി അസ്ഥിരമായ ഒരിടത്താണോ അതോ ഉയര്‍ച്ച പ്രാപിച്ചിട്ടാണോ ഉളളത്? എന്നിരുന്നാലും അന്വേഷണത്തിന്റെ ഭൂമിക പാരമ്പര്യം/ആധുനികം, പഴയ/പുതിയ, പാശ്ചാത്യം(occident)/പൗരസ്ത്യം(orient) തുടങ്ങിയ പരമ്പരാഗത ദ്വന്ദങ്ങള്‍(ബൈനറികള്‍) ക്കിടയില്‍ ഒതുക്കപ്പെടാന്‍ പാടില്ല. അത്തരം സമീപനങ്ങള്‍ സ്ഥലപരതയേയും(spatialtiy) നാഗരികതയേയും(urbantiy) പുതിയ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കേണ്ട ചലനാത്മക പ്രക്രിയകളെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടേക്കാം.
നിയോ-ലിബറല്‍ ആഗോളീകരണ കാലത്ത് നഗരം(the ctiy)എന്നത് ഒരു ജീവസ്സുറ്റ രൂപകമാണ്(metaphor). സാമാന്യജനങ്ങളുടെ കണ്ണില്‍ 'ദുബായ്' എന്നത് ഉപഭോഗപരതയുടെ പര്യായമാണ്. വര്‍ണ്ണാഭമായ കാര്യപരിപാടികളുടേയും ഷോപ്പിംഗ് മാളുകളുടേയും മേമ്പൊടിയുള്ള ഈ നഗരത്തിന്റെ പേര് ഒരു തരം കൃത്രിമത്വമാണ് ഉണര്‍ത്തുന്നത്. അതിന്റെ നേട്ടങ്ങളോട് കിടമത്സരം നടത്തിക്കൊണ്ടിരിക്കുന്ന മേഖലയിലെ മറ്റു നഗരങ്ങളെ മറികടന്ന് മുന്നേറാന്‍, ദുബായ് അതിന്റെ വര്‍ണശബളിമ ഉപയോഗിക്കപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ, പ്രാഥമികമായി വാണിജ്യസ്വഭാവം കൊണ്ടായിരിക്കണം അറിയപ്പെടേണ്ടത് എന്ന ഒരു താല്‍പര്യവും ദുബായ് വെച്ചുപുലര്‍ത്തുന്നുണ്ട്.7 രസകരമെന്നു പറയട്ടെ, ഗള്‍ഫ് മേഖലയിലെ 'അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട' നഗരം എന്ന രീതിയിലുള്ള എടുത്ത് കാട്ടലില്‍ നിന്നാണ് നഗരത്തിന്റെ സമീപകാല ഖ്യാതി വരുന്നത്.8 ഈ വിശേഷണം ഒരുപക്ഷേ, തന്ത്രപരമായ ഒരു മുതല്‍ക്കൂട്ടായി മാറ്റപ്പെട്ടേക്കാം. അതുവഴി ധാരാളം ബിസിനസ് തല്‍പ്പരരായ ആളുകളേയും ബഹുരാഷ്ട്ര കമ്പനികളേയും ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കും. അതുകൂടാതെ, ഈ ഭൂപ്രദേശത്തിന്റെ സ്ഥലപരമായ ചരിത്രത്തെ പുനര്‍നിര്‍മിക്കാനും, ഭൂതകാലത്തില്‍ അതിനുണ്ടായിരുന്ന പഴയ സാമൂഹിക-രാഷ്ട്രീയ ആഖ്യാനങ്ങളില്‍നിന്നും രക്ഷനേടാനും അവ സഹായകമാകും.
തീര്‍ച്ചയായും സാമ്പത്തിക മാന്ദ്യം ദുബായിയുടെ ചിരകാല പദ്ധതികള്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കാമെങ്കിലും, ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കുന്ന പ്രവൃത്തി ദുബായ് നഗരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. കേവലമൊരു ആഗോള നഗരം എന്നതിനുപരിയായി-- വരേണ്യമായ ഒരിടം(a hyperspace)9, അവിടെ നാം നമ്മെ സ്വയമൊരു പ്രേക്ഷകനായി കണ്ടെത്തുന്നു-- എന്ന പ്രമേയവുമായി ദുബായ് ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. നഗരത്തിന്റെ വര്‍ണശബളിതമായ ഈ അന്തരീക്ഷം 'വിശുദ്ധി'യുടെ പ്രത്യേകമായ ഒരു ഭൂമിശാസ്ത്രത്തെ ഉല്‍പ്പാദിപ്പിക്കുന്നു. മുതലാളിത്ത വ്യവഹാര പരിസരത്തില്‍ സാധാരണയായി ഒരു വസ്തുവിനെ പവിത്രമാക്കുന്നത് എന്താണെന്നാല്‍, സാധാരണ ഉപയോഗങ്ങള്‍ക്ക് ആ വസ്തുവിന്റെ ലഭ്യതക്കുറവ് തന്നെയാണ്10. അത്തരം (പവിത്ര)സ്ഥലങ്ങള്‍ പ്രദര്‍ശനത്തെ (display)ഉദ്ദേശിച്ചുളളവയാണ്; പൊതു ഉപയോഗത്തിനോ അഥവാ സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നുതിനോ വേണ്ടിയല്ല അവ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പൊതു ഉപയോഗത്തില്‍നിന്നും നീക്കം ചെയ്യപ്പെടുമ്പോള്‍ അത്തരം സ്ഥലങ്ങള്‍ പ്രദേശത്തെ നിയമങ്ങള്‍ക്ക് അതീതമായി മാറുന്നു. തുച്ഛ ഉപയോഗ മൂല്യത്തോടൊപ്പം ഉയര്‍ന്ന പ്രദര്‍ശന മൂല്യവും അതിയായ രാഷ്ട്രീയ പിന്‍ബലവും കൂടിയാവുമ്പോള്‍ അവ മുതലാളിത്തത്തിന്റെ പവിത്രമായ ഇടങ്ങളായിത്തീരുന്നു.
മുതലാളിത്തവും മതവും സമാന്തരമായി പൊരുത്തപ്പെട്ടു പോകുന്ന ഒരിടം കൂടിയാണ് ദുബായ്. ഒരിക്കല്‍ മതത്തിന്റെ 'പാവനമായ സ്ഥലങ്ങള്‍ക്ക്' കരുതിവെച്ച കര്‍ത്തവ്യങ്ങളും, സ്ഥലവും പ്രത്യേകതകളും ഈ സിറ്റി സമ്പൂര്‍ണമായും കൈവശം വെച്ചിരിക്കെ നഗരവുമായി ബന്ധപ്പെട്ട മതപരത(relegiostiy)വിശാലമായി ചര്‍ച്ച ചെയ്യുന്നത് ഇവിടെ പ്രസക്തമാണ്. രാഷ്ട്രീയ പ്രക്രിയകളേയും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളേയും മനസ്സിലാക്കുന്നതിന് അത്തരമൊരു സ്ഥലം അനിവാര്യമാണ്. ദുബായിയുടെ ജീവസ്സുറ്റ ഇടങ്ങളെ സാധാരണ ജനങ്ങളുടെ ഉപയോഗത്തില്‍നിന്നും ഒഴിവാക്കിയെടുത്ത്, 'അവിശുദ്ധതയുടെ'(profanation) പുതിയ ഭൂമിശാസ്ത്രത്തിന്റെ രൂപീകരണത്തോടെ അവിടുത്തെ ജനങ്ങളുടെ ഇടങ്ങള്‍ നീക്കം ചെയ്യപ്പെടുന്നുവെന്ന് സ്ഥാപിക്കുകയാണ് ഈ കൃതി ചെയ്യുന്നത്. ദുബായിയിലെ പുതിയ സാമൂഹിക-സ്ഥലപര അവസ്ഥകളെ തിടുക്കത്തില്‍ രൂപപ്പെടുത്തുന്നതിലേക്ക് വഴിയൊരുക്കുന്ന ചില ഘടകങ്ങളെക്കുറിച്ചും ഇത് ചര്‍ച്ച ചെയ്യുന്നു. അവസാനമായി, പുതിയ രാഷ്ട്രീയ ക്രമങ്ങള്‍, ഭൂമിശാസ്ത്രപരമായ അര്‍ത്ഥങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനായി ഒരുമിച്ച് ചേരുന്ന വ്യത്യസ്തങ്ങളായ സ്ഥലപര പ്രവണതകള്‍ (spatial trends) സന്ധിക്കുന്ന ഒരിടം എന്ന നിലയില്‍ ദുബായിയെ മനസ്സിലാക്കാനുള്ള ഒരന്വേഷണം കൂടിയാണിത്.

സിറ്റി അഥവാ ഒരു കാഴ്ചവസ്തു
രാജഭരണത്തിന്റ ആഗോളീകരണത്തോടൊപ്പം ഗള്‍ഫ് നാടുകളിലെ നഗരസമൂഹ രൂപീകരണം വ്യത്യസ്തമായ സഞ്ചാരപഥത്തിലൂടെയാണ് ചലിച്ചുകൊണ്ടിരിക്കുന്നത്. ഖലഫ് നിരീക്ഷിക്കുന്നതു പോലെ, ഈ നഗര രൂപീകരണം അതിന്റെ സാമൂഹിക ശാസ്ത്രപരമായ സ്വഭാവങ്ങളിലും പരിണാമത്തിലും മറ്റു പ്രബല മുതലാളിത്ത രാജ്യങ്ങളിലെയും അല്ലെങ്കില്‍ വ്യാവസായികമായി പിന്നാക്കമായ വികസ്വര രാജ്യങ്ങളിലെയും സാമൂഹിക അവസ്ഥകളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു(11). ഈ നഗരം ഒരു വലിയ നാടകാലയമായി സംവിധാനിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക ആഗോളീകരണം അതിന്റെ നാടകങ്ങള്‍ അരങ്ങേറ്റുകയും പ്രത്യേകമായ സ്ഥലമാതൃകകളെ ഉല്‍പാദിപ്പിച്ച് അറബ് ഗള്‍ഫിലെ പ്രാദേശിക സംസ്‌കാരങ്ങളെയാകമാനം വ്യത്യസ്ത തരത്തില്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. നഗര വികസനത്തിന്റെ വേഗത, രൂപം, രീതി എന്നിവയൊക്കെ ഗള്‍ഫിലാകമാനം ഒരേ തരത്തിലാണുളളത്. പക്ഷേ, നഗരവല്‍ക്കരണം മന്ദഗതിയില്‍ നടക്കുന്ന മറ്റു വികസ്വര രാജ്യങ്ങളുമായി ഗള്‍ഫ് രാജ്യങ്ങളെ താരതമ്യം ചെയ്യുന്നത് കുറച്ച് പ്രയാസകരം തന്നെയാണ്12. റയാഡ് പ്രയോഗിക്കുന്നതു പോലെ പെട്രോ-നാഗരികത(ptero-urbanism) എന്ന വിശേഷണമാണ് ഈ നഗരത്തിന്റെ സാമൂഹിക-സ്ഥല വികാസങ്ങളെ ആഗോളീകരണ പ്രക്രിയയുമായി ചേര്‍ത്തു വിവരിക്കുമ്പോള്‍ ഉപയോഗിക്കാന്‍ ഉചിതമായത്.13 ഇത്തരം സിറ്റികള്‍ അതാതു രാജ്യത്തിന്റെ തലസ്ഥാനം മാത്രമായല്ല പ്രവര്‍ത്തിക്കുന്നത്, എണ്ണ സമ്പത്തിന്റെ 'പൊളിറ്റിക്കല്‍ ഇക്കോണമിയെ' നിയന്ത്രിക്കുന്ന നഗര കേന്ദ്രങ്ങളായും ഇവ പ്രവര്‍ത്തിക്കുന്നു.14 അങ്ങനെ ലോക മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിലും സംസ്‌കാരത്തിലും അവ സ്വയം അവതരിപ്പിക്കപ്പെടുന്നു. ബഹുവംശ സ്വഭാവത്തിലേക്കുള്ള പെട്ടെന്നുള്ള വികാസത്തിലും പ്രത്യേക പാര്‍പ്പിട ശ്രേണിയിലും അവയുടെ സാമൂഹിക രൂപീകരണം തെളിഞ്ഞ് കാണുന്നുണ്ട്.
ഭീമാകാരമായ മാളുകള്‍(mall), വാണിജ്യ സമുച്ചയങ്ങള്‍, പ്രൗഢവും ഉയരത്തിലുളളതുമായ ടവറുകള്‍, ഗ്രാന്റ് എക്‌സിബിഷനും കോണ്‍ഫറന്‍സ് സെന്ററും, ഇന്റര്‍നെറ്റ് സിറ്റികള്‍, മീഡിയ സിറ്റികള്‍, നോളജ് സിറ്റികള്‍, റിക്രിയേഷന്‍ തീം പാര്‍ക്കുകള്‍ തുടങ്ങിയ പ്രദര്‍ശനപരമായ ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ നിര്‍മാണങ്ങള്‍ക്കാണ് ദുബായ് സിറ്റി സമീപകാലത്ത് പ്രാധാന്യം കൊടുത്തുകൊണ്ടിരിക്കുന്നത്. അവയില്‍ തന്നെ ഗള്‍ഫ് സിറ്റികളുടെ എടുത്തുപറയാവുന്ന മേന്മയായി മാറുന്നത് ഷോറൂമുകളുടെ കേന്ദ്രീകരണവും വലിയ മാളുകളും വലിയ എക്‌സിബിഷന്‍ സെന്ററുകളുമൊക്കെത്തന്നെയാണ്.16 ബുര്‍ജ്-അല്‍-അറബ് (ബോട്ടിന്റെ മാതൃകയിലാണ് ഇവ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്), പാം ഐലന്റുകള്‍(ഏറ്റവും വലിയ കൃത്രിമ ദ്വീപുകളാണിത്), ബുര്‍ജ്-അല്‍-ഖലീഫ(ലോകത്തിലെ ഏറ്റവും നീളം കൂടിയ ബില്‍ഡിംഗ്) തുടങ്ങിയവ ദുബായിയുടെ വര്‍ണശബളിമയും പ്രദര്‍ശനപരതയും വര്‍ധിപ്പിക്കുകയും ദുബായിയെ ഒരു 'ഐക്കണ്‍' ആക്കി മാറ്റുകയും ചെയ്യുന്നു. ഒരുപക്ഷേ, ദുബായിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചക്കുളള കാരണം ഇത്തരം രമ്യ-ഹര്‍മ്യങ്ങളുടെ നിര്‍മ്മിതിയാണ് എന്നു കാണാം. എന്നാല്‍ സാമ്പത്തിക മാന്ദ്യം കാരണം അവ ഇന്ന് നിശ്ചലാവസ്ഥയിലാണ്.18 ദുബായിയിലെ പഴയ സാമൂഹിക ഇടങ്ങളായ പള്ളികള്‍, സൂക്കുകള്‍, മജ്‌ലിസ്, അങ്ങാടികള്‍ തുടങ്ങിയവക്കു പകരം പുതിയ രാഷ്ട്രീയ-സാമ്പത്തിക ഇടമായ മാര്‍ക്കറ്റുകള്‍ വലിയ പ്രൗഢിയോടും കേന്ദ്രീകരണത്തോടും കൂടി ഇടംപിടിച്ചിരിക്കുന്നു. പഴയ സാമൂഹിക ഇടങ്ങള്‍ ഒരു ദൈവിക ഇടമോ അല്ലെങ്കില്‍ വിജനമായ ഇടമോ ആയിട്ടല്ല, മറിച്ച്് സാധാരണക്കാര്‍ക്ക് സംവദിക്കാനും കൈമാറ്റം ചെയ്യാനുമുളള ഒരിടമായിട്ടായിരുന്നു ഒരിക്കല്‍ പ്രതിനിധീകരിക്കപ്പെട്ടിരുന്നത്.
മുന്‍പ് എണ്ണ ഖനനത്തിന് ഉപയോഗിച്ചിരുന്ന സ്ഥലങ്ങളെ പരമ്പരാഗത ഗ്രാമീണ മാതൃകയില്‍ പുനര്‍നിര്‍മിക്കുന്ന പദ്ധതിയായിരുന്നു മറ്റൊരു ശ്രദ്ധേയമായ നീക്കം. എന്നാല്‍ പലപ്പോഴും അംബര ചുംബികളായ ആധുനിക കെട്ടിടങ്ങളുടെ ഇടയിലാണ് അത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇത്തരം ഇടങ്ങള്‍ മറ്റു ദേശങ്ങളിലെ വരേണ്യ വിഭാഗത്തിനു വേണ്ടി നെയ്‌തെടുക്കുകയാണെന്ന് സാധാരണ ജനങ്ങള്‍ക്കു മനസ്സിലായില്ല. ഇത്തരം വികസനങ്ങളില്‍ പലതും സാധാരണക്കാരുടെ അധിവാസ കേന്ദ്രങ്ങളെ ഒഴിപ്പിച്ചും കുടിയിറക്കിയുമാണ് യാഥാര്‍ത്ഥ്യമായത്്.19 ഗള്‍ഫ് സിറ്റികള്‍ അവയുടെ തനതു രൂപത്തില്‍നിന്നും അകന്നുപോവുകയും ജനങ്ങള്‍ക്ക് സംഗമിക്കാനും സംഘടിക്കുവാനുമുളള ഇടങ്ങള്‍ നഷ്ടപ്പെടുത്തുകയും അവയൊക്കെ ധാരാളം നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഉന്നത കെട്ടിടങ്ങള്‍ക്കും ആര്‍ക്കിടെക്ച്ചറല്‍ ടവറുകള്‍ക്കും വഴിമാറുന്നതും നാം കാണുന്നു.20 'മിഡിലീസ്റ്റിന്റെ ഷോപ്പിംഗ് തലസ്ഥാനം' എന്ന വിശേഷണത്തില്‍ ദുബായ് സ്വയം അഭിരമിക്കുന്നു.
നാം മുമ്പു ചര്‍ച്ച ചെയ്തതു പോലെ, ഇത്തരം മാളുകള്‍ സാധനങ്ങള്‍ വാങ്ങുന്നതിനുളള സ്ഥലങ്ങള്‍ മാത്രമായല്ല നിലനില്‍ക്കുന്നത്. മറിച്ച്, പ്രവാസികളായ തൊഴിലാളികളും മറ്റും കണ്ടുമുട്ടുന്ന സംഗമ കേന്ദ്രങ്ങളായും മാറുന്നു. അധിക പേരും ഇവിടങ്ങളില്‍ വരുന്നത് ഷോപ്പിംഗിനല്ല, അങ്ങുമിങ്ങും ചുറ്റിക്കറങ്ങാനാണ്. ഒരു ഉപഭോക്താവ് എന്നു വിശദീകരിക്കാന്‍ പര്യാപ്തമായ സംഗതികള്‍ക്കല്ല യഥാര്‍ത്ഥത്തില്‍ ആളുകള്‍ ഇവിടെ വ്യാപൃതരാവുന്നത്22. സാധാരണ ജനങ്ങള്‍, പ്രധാനമായും ദക്ഷിണേഷ്യന്‍ പ്രവാസി തൊഴിലാളികള്‍ ഈ 'ഉപഭോഗത്തിന്റെ കത്തീഡ്രലില്‍' ഒത്തുചേരുന്നത് തങ്ങളുടെ പരിചയക്കാരെ കാണാനും നാട്ടിലെ വിവരങ്ങള്‍ കൈമാറാനുമാണ്. അതിന്റെ പ്രത്യേക രീതിയിലുളള നിര്‍മ്മാണം കൊണ്ടുതന്നെ മാള്‍ പലരുടേയും വിമോചന ഇടം കൂടിയാണ്.
മാളുകള്‍ ഒരു സ്ഥലമെന്ന നിലക്ക് ആളുകള്‍ക്ക് അവരുടെ വംശവൈവിധ്യം(ethnictiy)കാണിക്കാനുളള ഇടവും, തൊഴില്‍പരമായ വ്യത്യസ്ത പ്രവര്‍ത്തനങ്ങളില്‍ മുഴുകുവാനും അല്ലെങ്കില്‍ മറ്റുളളവരുമായി സംസര്‍ഗം പുലര്‍ത്താനും കൂടാതെ മറ്റു സംസ്‌കാര വ്യത്യാസങ്ങളോടൊപ്പം ആഘോഷിക്കുവാനുമുളള ഇടമാണ്.23 യു.എ.ഇയിലെ ഏറ്റവും വലിയ റീടെയിലിംഗ് നെറ്റ്‌വര്‍ക്കായ ലുലു സെന്ററിന്റെ മുദ്രാവാക്യം ഇങ്ങനെ വായിക്കാം 'ലോകം ഇവിടെ ഷോപ്പ് ചെയ്യാനെത്തുന്നു.' 'ലോകം ഷോപ്പിംഗ് മാളിനുളളിലാണ്' എന്ന ക്രൗഫോഡിന്റെ24 വിശേഷണം ഏതു മാളിനും നല്‍കാന്‍ കഴിയും; വിശേഷിച്ചും ദുബായിയില്‍. ഇവിടെ ഷോപ്പിംഗ് മാളുകള്‍ നാടുവിട്ട തൊഴിലാളികളുടെ പൊതു ഇടമായി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.
ദുബായിയിലെ മാളുകള്‍ മറ്റുളളവയില്‍നിന്നും വ്യത്യസ്തമായി ഉപഭോക്താവിനെ വശീകരിക്കാനും വിനോദിപ്പിക്കാനും അവര്‍ക്കു സംതൃപ്തമായ 'അനുഭവം' നല്‍കാനുമുള്ള രീതിയിലാണു ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത്.25 വിനോദത്തിനുളള വലിയ സ്രോതസ് എന്ന നിലയില്‍ മാളുകള്‍ ദിനംപ്രതി ആയിരക്കണക്കിനു ഉപഭോക്താക്കളേയും കാഴ്ചക്കാരേയും ആകര്‍ഷിക്കുന്നു. ആഗോള മുതലാളിത്തത്തിന്റെ വശ്യതയും ചരക്കുകളും മാളുകളുടെ രൂപം പ്രാപിക്കുമ്പോള്‍ ഉപഭോക്താവ് നിഷ്‌ക്രിയനായ പ്രേക്ഷകനായി മാറുന്നു. മഹനീയമായ ഡിസൈനുകള്‍കൊണ്ടും സൗന്ദര്യാത്മക പ്രദര്‍ശനങ്ങളാലും വര്‍ണശബളിമയാലും മാളുകള്‍ 'ആഗോള മുതലാളിത്തത്തിന്റെ സ്വപ്‌നങ്ങളിലേക്കു ശ്രദ്ധയൂന്നുകയും ജനങ്ങളുടെ ദൈനംദിന ഇടപാടുകളില്‍ ആഗോളീകരണ ഭാവനകള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു'.26
ദുബായിയുടെ ഷോക്കേസ് ചിത്രം ഒരു പ്രത്യേക പ്രയോഗത്തിലേക്കാണ്-നഗര ഇടത്തിന്റെ (കൗതുക)പ്രദര്‍ശനവല്‍ക്കരണം(spectacularization)- പോകുന്നത്. അവിടെ പുതിയ സ്ഥലരൂപീകരണ(spatial process) പ്രക്രിയയില്‍ സാധാരണക്കാര്‍ കാഴ്ചക്കാരായി മാറും. ന്യൂയോര്‍ക്ക് സിറ്റിയുടെ കാര്യത്തില്‍ മിഷേല്‍ ഡി സെര്‍ഷ്യോ രേഖപ്പെടുത്തിയപോലെ, ദൃഷ്ടി ഗോചരതയുടെ(visibiltiy) അതിര്‍ത്തികള്‍ക്കു 'തൊട്ടു താഴെ' അവര്‍ വസിക്കുന്നു. സമ്പൂര്‍ണമായും 'ഗോചരമായ ഇടത്തില്‍'(visible terrain), ഈ തൊഴിലാളികള്‍ കാണാന്‍ സാധിക്കാത്ത ഇടത്തെ ഉപയോഗപ്പെടുത്തുന്നു. ഈ വര്‍ണ്ണശബളിമ (spectaculartiy) എല്ലാ തരം സാമൂഹിക ബന്ധങ്ങളിലേക്കും അവബോധങ്ങളിലേക്കും വ്യാപിക്കുന്നു. ലോകത്തെ പ്രധാനപ്പെട്ട സിറ്റികളുടെ ഭൂപടത്തില്‍ സ്ഥാനമുറപ്പിക്കാനാണ് ദുബായ് അതിന്റെ 'അത്ഭുതദൃശ്യ'(spectacle)ങ്ങളെ28 ഉപയോഗിക്കുന്നത്. ഈ അത്ഭുത ദൃശ്യങ്ങള്‍ സാധാരണക്കാരെ അകറ്റുകയും ബഹുജനങ്ങള്‍ ഇതിനെ സഹനത്തോടെ ഏറ്റെടുക്കുകയും ചെയ്യുന്നു. എല്‍ഷെറ്റാവി വാദിക്കുന്നത് ദുബായിയിലെ ഈ അത്ഭുത കാഴ്ച ''കേവലം നഗരവത്ക്കരണത്തിന്റെ ഉല്‍പ്പന്നം മാത്രമല്ല, മറിച്ച് പുതിയ തരം നാഗരികതയുടെ29 പേരിലുളള ഒരു അപരവത്ക്കരണ പ്രക്രിയ കൂടിയാണ്''എന്നാണ്. അദ്ദേഹം തുടരുന്നു: ''ഈ പ്രത്യേകമായ രൂപീകരണ പ്രക്രിയയില്‍, കാഴ്ച്ചക്കാരനെ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഉപകരണമായി 'കാഴ്ച'മാറുകയല്ല ചെയ്യുന്നത്, മറിച്ച് കാഴ്ച്ചക്കാരന്‍ അവന്റെ കാഴ്ച്ചപാടും പ്രതീക്ഷകളും രൂപീകരിക്കുന്നതിന് വേണ്ടിയാണ് കാഴ്ച്ചയെ സ്വീകരിക്കുന്നത്.''

മുതലാളിത്തത്തിന്റെ പവിത്രമായ ഇടങ്ങള്‍
ഗള്‍ഫിലെ പുതിയ മാര്‍ക്കറ്റിംഗ് ഇടങ്ങളുടെ വളര്‍ച്ചയില്‍ -പ്രത്യേകിച്ചും ദുബായിയിലെ- പ്രധാനമായും രണ്ടു കാര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഒന്നാമതായി, അവ പ്രധാനമായും പ്രദര്‍ശനത്തെ ഉദ്ദേശിച്ചുളളവയാണ്. അവ സാധാരണക്കാരുടെ പൊതു ആവശ്യങ്ങള്‍ക്കു വേണ്ടിയുളളതല്ല.30 രണ്ടാമതായി, പൊതു ഉപയോഗത്തില്‍നിന്നും നീക്കം ചെയ്യപ്പെടുമ്പോള്‍ അത്തരം സ്ഥലങ്ങള്‍ പ്രദേശത്തെ നിയമങ്ങളില്‍നിന്നും സുരക്ഷ കൈവരിക്കുന്നു. തുച്ഛ ഉപയോഗ മൂല്യത്തോടൊപ്പം ഉയര്‍ന്ന പ്രദര്‍ശന മൂല്യവും അതിയായ രാഷ്ട്രീയ പിന്‍ബലവും കൂടിയാവുമ്പോള്‍ അവ മുതലാളിത്തത്തിന്റെ പവിത്ര ഇടങ്ങളായി മാറുന്നു.31
എന്നിരുന്നാലും, ഈ വികസനത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കുന്നതിനായി എന്താണ് പവിത്രമായ/വിശുദ്ധമായ ഇടം(*പവിത്രത/വിശുദ്ധത എന്നത് sacred എന്ന മൂലപദത്തിനെ സൂചിപ്പിക്കാന്‍ ഇവിടുന്നങ്ങോട്ട് ഉപയോഗിച്ചിട്ടുണ്ട്-വിവര്‍ത്തകന്‍) എന്നു വിശദീകരിക്കുന്നത് ഉചിതമായിരിക്കും. മാമൂല്‍ പ്രകാരം മതം ആത്യന്തികമായും ദൈവത്തിനു വേണ്ടി കൈവശം വെച്ചിരിക്കുന്ന സ്ഥലമാണ് പവിത്രമായ ഇടം എന്നത്. ജനങ്ങളുടെ സ്വതന്ത്ര ഉപയോഗത്തില്‍നിന്നും തടയപ്പെട്ട ഉപയോഗ മൂല്യമില്ലാത്ത പ്രദര്‍ശനമൂല്യം മാത്രമുളളവയാണവ.32 പവിത്ര സ്ഥലം അതുകൊണ്ടുതന്നെ വെറുതെയങ്ങ് കാണപ്പെടുന്നതോ(found) കണ്ടെത്തപ്പെടുന്നതോ(discover) അല്ല. മറിച്ച്, ജനങ്ങള്‍ അവരുടെ പ്രത്യേക താല്‍പ്പര്യങ്ങള്‍ക്കായി അവകാശവാദമുന്നയിക്കുന്നതും ഉടമപ്പെടുത്തുന്നതുമാണ്.33 'പവിത്രത' ഒരു സവിശേഷത എന്ന നിലയില്‍ സ്ഥലത്തിനെ പ്രതിനിധീകരിക്കുന്നു, അതുകൊണ്ടു തന്നെ പവിത്രത 'നല്‍കപ്പെട്ടതല്ല' (not 'given') അനിവാര്യമായും ജനങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്(constructed). ഇത്തരം പവിത്രമായ ഭൂമിശാസ്ത്രത്തെ ഫൂക്കോ നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, പവിത്ര സ്ഥലം അധികാരത്തിന്റെ ഉപകരണമാണ്, അഥവാ ചില തരത്തിലുളള സാംസ്‌കാരികമോ രാഷ്ട്രീയ-നീതിന്യായപരമോ ആയ അധികാരത്താല്‍34 നിയന്ത്രിക്കപ്പെടുന്ന പ്രദേശം. തര്‍ക്ക പ്രദേശം എന്നതിനാല്‍ തന്നെ അവ അധീശത്വ സാമൂഹിക രാഷ്ട്രീയ അധികാര ശ്രേണികളാല്‍ ബന്ധിക്കപ്പെടുകയും അവയില്‍നിന്നും അര്‍ത്ഥങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്യുന്നു. 'സ്ഥലക്രമത്തെ'(spatial order) സൂചിപ്പിക്കാനായി ഇതേയര്‍ത്ഥത്തില്‍ ബോര്‍ദ്യോവും 'പവിത്ര സ്ഥലം' എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. പ്രത്യേകമായ സ്ഥലക്രമത്തിലൂടെയും കോഡുകളിലൂടെയും അടയാളങ്ങളിലൂടെയും സാമൂഹിക അസമത്വങ്ങളെ അവ നിയമസാധുതയുളളവയാക്കി മാറ്റുന്നു.35
പവിത്ര ഇടങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വശം 'മേല്‍ക്കോയ്മയുടേയും കീഴൊതുക്കലിന്റേയും, ഉള്‍ക്കൊളളലിന്റേയും പുറന്തളളലിന്റേയും, അപഹരണത്തിന്റെയും തിരസ്‌ക്കരണത്തിന്റെയും ഇടയിലുളള ശ്രേണീബദ്ധമായ അധികാര ബന്ധമാണ്'.36 പവിത്ര ഇടങ്ങളുടെ നിര്‍മ്മാണത്തിലെ നാല് തരം രാഷ്ട്രീയത്തെ വാന്‍ഡര്‍ ല്യൂവ് ചൂണ്ടിക്കാട്ടുന്നു. ശ്രേണീപരമായ കൂട്ടിച്ചേര്‍ക്കലിന്റെ രാഷ്ട്രീയത്തെ അദ്ദേഹം അടിവരയിടുന്നു. അവിടെ 'സ്ഥലത്തിന്റെ വിശുദ്ധത കീഴടക്കലുകളിലൂടെ സ്ഥാപിക്കപ്പടുന്നു; അതുപോലെത്തന്നെ സമ്പത്തിന്റെ രാഷ്ട്രീയം, അവിടെ വിശുദ്ധ സ്ഥലങ്ങള്‍ കയ്യടക്കപ്പെടുകയും കൈവശം വെക്കപ്പെടുകയും അനുഭവിക്കപ്പെടുകയും ചെയ്യുന്നു.'37 അതിന്റെ വിശുദ്ധത നിലനിര്‍ത്തിപ്പോരുന്നത് സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ മേല്‍ അവകാശവാദങ്ങളും പ്രതിവാദങ്ങളും ഉന്നയിച്ചാണ്. 'അവിടെ ഒഴിവാക്കലിന്റെ(exclusion) രാഷ്ട്രീയം കൂടിയുണ്ട്. എന്തെന്നാല്‍ അവിടെ വിശുദ്ധത സംരക്ഷിക്കപ്പെടുന്നത് അതിര്‍ത്തികള്‍ നിലനിര്‍ത്തിയാണ്. 'വിശുദ്ധതതയുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യേണ്ട മറ്റൊരു പ്രധാന വിഷയമാണ് മോഹം(desire)എന്നത്്. സ്ഥലത്തിനോടുളള മോഹം ആ ഭൂപ്രദേശത്തെ കുത്തകവല്‍ക്കരിക്കുന്നതിലേക്ക് അനിവാര്യമായും നയിക്കുന്നു. അവിടെ സ്ഥലം കൈയ്യിലൊതുക്കപ്പെടുകയും മറ്റുളളവരുടെ ഇടം അദൃശ്യമാക്കപ്പെടുകയും ചെയ്യും.
അതുകൊണ്ടുതന്നെ വിശുദ്ധ സ്ഥലങ്ങള്‍ ദൈവികമോ, മതപരമോ മാത്രമായല്ല വായിക്കപ്പെടേണ്ടത്. മറിച്ച്, അവ സാമൂഹികവും രാഷ്ട്രീയപരവും സാമ്പത്തികപരവുമായ നിര്‍മ്മാണങ്ങളുടെ പ്രതിഫലനം കൂടിയാണ്. അഗംബെന്‍ ഇത്തരം വിശുദ്ധതകളെക്കുറിച്ച് സൂചിപ്പിക്കുകയും വിശുദ്ധ ഇടങ്ങളെക്കുറിച്ച സാമ്പ്രദായിക വിശകലനങ്ങള്‍ക്കപ്പുറത്തേക്കുളള സാധ്യതകള്‍ തുറന്നിടുകയും ചെയ്യുന്നു.39
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ജനകീയ(popular)ഉപയോഗങ്ങളില്‍നിന്നും എടുത്തുമാറ്റി പ്രത്യേകമായി സൂക്ഷിക്കുന്ന എല്ലാ വസ്തുക്കളും 'പവിത്രമാണ്'. ജനങ്ങളുടെ പൊതു ഉപയോഗത്തില്‍നിന്നും ഉല്‍പ്പന്നങ്ങളെ എടുത്തുമാറ്റുക വഴി മുതലാളിത്തവും ഈ വിശുദ്ധവല്‍ക്കരണത്തിന്റെ പ്രധാനഗുണത്തെ വെളിവാക്കുകയാണ്. അതുകൊണ്ടുതന്നെ വിശുദ്ധ ഇടങ്ങളെ നിര്‍മ്മിക്കുന്ന സാമൂഹിക, രാഷ്ട്രീയ, വ്യവസായ സംരംഭക 'അവിശുദ്ധ ശക്തികളെ'(profane force)വിശകലനം ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
മതവും ക്യാപിറ്റലിസവും സമാന്തരമായി ഒത്തുപോകുന്ന വലിയ ഒരിടമാണ് ദുബായ്. വലിയ അളവിലുളള സ്വയം ഭരണാവകാശത്താലും സ്വാതന്ത്ര്യം കൊണ്ടും ഒരിക്കല്‍ മതത്തിന്റെ 'വിശുദ്ധ ഇടങ്ങള്‍ക്ക്' കരുതിവെച്ചിരുന്ന കര്‍ത്തവ്യങ്ങളും സ്ഥലവും ഈ നഗരം കൈവശപ്പെടുത്തിയിരിക്കുന്നു. സ്‌പെഷ്യല്‍ ഇക്കണോമിക് ഏരിയകള്‍ക്കും ഫ്രീ സോണുകള്‍ക്കും രാഷ്ട്രീയ സ്വയംഭരണാവകാശം അനുവദിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരത്തിലുളള ആശയങ്ങളാണ് ദുബായിയുടെ സാമ്പത്തിക വിജയത്തിന്റെ പ്രധാന ഘടകം. ദുബായി വാണിജ്യ ഇടങ്ങള്‍ക്കു നല്‍കുന്ന പവിത്രതയെ ഇവ വ്യക്തമാക്കിത്തരുന്നു. മാര്‍ക്കറ്റിനു ചുറ്റുമായി വിശുദ്ധതയുടെ പ്രത്യേക ഭൂപടം എങ്ങനെ നിര്‍മ്മിക്കപ്പെടുന്നു എന്നും ഇത് വ്യക്തമാക്കുന്നു.
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ സ്ഥലമായ ജബല്‍ അലി ഫ്രീ സോണിന് കുടിയേറ്റം പോലുളള ചില പ്രധാനപ്പെട്ട വിഷയങ്ങളിലെ നിയമപരമായ അധികാരം കൂടി നല്‍കപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര ശ്രദ്ധ ഉന്നമിട്ട് വളരെ കുറഞ്ഞ നിയന്ത്രണങ്ങളേ ജബല്‍ അലിയിലുളളൂ. ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി, ലോക്കല്‍ അതോറിറ്റിക്ക് തൊഴില്‍ പ്രശ്‌നങ്ങള്‍, പരിസ്ഥിതി സംരക്ഷണം, മുനിസിപ്പല്‍ പ്രശ്‌നങ്ങള്‍, മേഖലയിലെ സാമ്പത്തിക നിയന്ത്രണം തുടങ്ങിയവയില്‍ വിശാലമായി അധികാരം നല്‍കപ്പെട്ടിരിക്കുന്നു. കഫീല്‍ (പ്രാദേശിക സ്‌പോണ്‍സര്‍) ഇല്ലാതെ ബിസിനസ് നടത്താന്‍ ജബല്‍ അലിയില്‍ സ്വാതന്ത്ര്യമുണ്ട്. മറ്റു ഗള്‍ഫ് നാടുകള്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്തതാണിത്. അങ്ങനെ ഉദാരപൂര്‍ണമായ വിസ നിയമങ്ങളും കുടിയേറ്റ വ്യവസ്ഥകളും അവര്‍ കൈക്കൊളളുന്നു.
ജബല്‍ അലിയിലെ വിജയകരമായ ഫ്രീ ട്രേഡ് സോണിന്റെ നിര്‍മ്മാണത്തോടു കൂടി, ദുബായിയില്‍ ഇപ്പോള്‍ അത്തരത്തിലുളള ധാരാളം ഫ്രീ സോണുകള്‍ വലിയ നിയമ പരിരക്ഷയോടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു.40 ഓയില്‍, പാചക വാതക ഉല്‍പ്പാദനത്തിന് ദുബായി അതിന്റെ സാമ്പത്തിക പ്രക്രിയയില്‍ ചെറിയ പ്രാധാന്യം കൊടുത്തതോടു കൂടി യു.എ.ഇയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുളള41 തന്ത്രപ്രധാനമായ നയങ്ങളിലെ പ്രധാനശ്രദ്ധ ഈ ഫ്രീ സോണുകള്‍ നേടിയെടുത്തിരിക്കുന്നു. സേവന മേഖലയിലെ ചില സോണുകള്‍ (ഉദാ: ദുബായ് ഇന്റര്‍നെറ്റ് സിറ്റി, ദുബായ് മീഡിയ സിറ്റി, ഹെല്‍ത്ത് കെയര്‍ സിറ്റി, നോളജ് വില്ലേജ്, ദുബായ് ഇന്റര്‍ നാഷണല്‍ ഫിനാന്‍സ് സെന്ററുകള്‍ തുടങ്ങിയവ) രാജ്യത്തെ സാധാരണ നിയമങ്ങളേക്കാള്‍ ഉദാരപൂര്‍ണമായ പ്രത്യേക നിയമ പരിരക്ഷ അനുഭവിക്കുന്നു. ലൈസന്‍സ്, ഏജന്‍സി, ദുബായ്‌വല്‍ക്കരണം, ദേശീയ തലത്തിലുളള ഭൂരിപക്ഷ-ഉടമസ്ഥാവകാശ ഉടമ്പടികള്‍ തുടങ്ങിയ പ്രാദേശിക സമ്പദ് മേഖലയിലെ നിയമ പ്രശ്‌നങ്ങളൊന്നും ഈ ഫ്രീ സോണുകളില്‍ ബാധകമല്ല. 'കുറഞ്ഞ സ്‌റ്റേറ്റ് നിയന്ത്രണം, കൂടിയ കാര്യക്ഷമത' എന്ന രണ്ട് പ്രമാണ വാക്യങ്ങളാണ് ദുബായ് വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.
ഗവണ്‍മെന്റ് പെര്‍മിറ്റുകളുടെയും ലൈസന്‍സുകളുടേയും വേഗത്തിലുളള ലഭ്യത, വാണിജ്യ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഭൂമിയുടെ വിതരണം, പരിപൂര്‍ണമായും വികസിച്ച ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ സൗകര്യം, വലിയ അളവിലുളള സ്റ്റേറ്റിന്റെ സഹായ സഹകരണങ്ങള്‍ എന്നിവ ഫ്രീ സോണുകളുടെ പ്രത്യേകതയാണ്. ഈ പ്രോത്സാഹനങ്ങളില്‍ മുതലെടുക്കുന്ന ആയിരക്കണക്കിനു കമ്പനികളുടെ താവളം കൂടിയാണ് ദുബായ്. ഈ ഫ്രീ സോണുകളിലെ കമ്പനികള്‍ നൂറു ശതമാനം വിദേശ ഉടമസ്ഥാവകാശം, കോര്‍പറേറ്റ് ടാക്‌സ് അവധികള്‍, സ്വകാര്യ നികുതിയിളവുകള്‍, മൂലധനത്തിലും ലാഭ നഷ്ടങ്ങളുടെ വീതം വെപ്പുകളിലെ നിയന്ത്രണമില്ലായ്മ, കയറ്റുമതി നികുതിയിലും നാണയ മൂല്യ മാറ്റത്തിലുമുളള സ്വാതന്ത്ര്യം തുടങ്ങിയവ അനുഭവിക്കുന്നു. ദുബായിയിലെ സ്വത്ത് നിയമങ്ങള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയില്‍ കൂടുതല്‍ വിദേശ കമ്പനികളെ സ്വീകരിക്കാനുളള പുതിയ ഫ്രീ സോണുകള്‍ നിര്‍മ്മിക്കാന്‍ ഉദാരീകരണ നിയമവ്യവസ്ഥകള്‍ രൂപപ്പെടുത്താനുളള പരിശ്രമത്തിലാണ് ഭൂപരിസ്ഥിതി വകുപ്പ് ഇപ്പോഴുളളത്.
പൊതുവായി, മേഖലയിലെ ഇക്കണോമിക് സോണുകളില്‍ വ്യത്യസ്തമായ ഭരണ നിര്‍വ്വഹണ ഘടനയും രാഷ്ട്രീയ ഉത്തരവാദിത്തവും പങ്കാളിത്തവുമാണുളളത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥകളില്‍ നിന്നും പ്രത്യേകമായി എടുത്തു മാറ്റി വലിയ അളവില്‍ പരിരക്ഷയോടുകൂടി പരിപാലിക്കപ്പെടുന്നവയാണ് അത്തരം ഇടങ്ങള്‍. 'സമ്പന്നരായ കുലീനര്‍ക്കു' മാത്രമായി കൈമാറ്റം ചെയ്യപ്പെട്ട ഒരു മണ്ഡലം പോലെ... ഈ ഇക്കണോമിക് സോണുകള്‍ അതിന്റെ ഉപയോഗ മൂല്യത്തിനേക്കാള്‍ വലിയ പ്രദര്‍ശന മൂല്യം കൈവരിക്കുന്നു. ഇവ വര്‍ണ ശബളിമയുടെ പ്രദര്‍ശനത്തിനു കൊടുത്തതു കൊണ്ടുതന്നെ എല്ലാവരുടേയും ഉപയോഗവും സാധാരണ ജനങ്ങളുടെ പങ്കാളിത്തവും അസാധ്യമായിത്തീരുന്നു. ഈ പരിരക്ഷകളില്‍നിന്നും വലിയ അളവില്‍ 'മതപരത'(relegiostiy) പ്രസരിക്കപ്പെടുന്നു. ആഗോള സാമ്പത്തികത ഈ ഇടങ്ങളുടെ പരിശുദ്ധിക്ക് അംഗീകാരം നല്‍കുകയും, എല്ലാവരുടേയും ഉപയോഗത്തില്‍ നിന്നും കുറച്ചു പേരുടെ ഉപയോഗത്തിലേക്ക്, അതുപോലെ അശുദ്ധിയില്‍നിന്നും പരിശുദ്ധിയിലേക്ക്, അല്ലെങ്കില്‍ മനുഷ്യനില്‍നിന്നും ദൈവികതയിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
SEZ(പ്രത്യേക സാമ്പത്തിക മേഖല)നു മേലുളള പ്രത്യേകമായ അധികാരത്തിന്റേയും സമ്പൂര്‍ണമായ അവകാശവാദത്തിന്റേയും വിഷയങ്ങള്‍, 'ദൈവിക ഇടങ്ങളു'മായി ബന്ധപ്പെട്ട വിഷയത്തില്‍ മത-മുതലാളിത്ത വ്യവഹാരങ്ങള്‍ തമ്മിലുള്ള ഘടനാപരമായ സാദൃശ്യത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഈ ഘടനാപരമായ സാദൃശ്യത്തെ (affintiy) മനസ്സിലാക്കാന്‍ വിശുദ്ധ ഇടങ്ങളുടെ മേല്‍ രണ്ടുപേരും(മതവും മുതലാളിത്തവും) അനുഭവിക്കുന്ന നിയമപരമായ സ്വയം ഭരണാവകാശത്തെ താരതമ്യം ചെയ്താല്‍ മതിയാകും. ഈ സ്വയം ഭരണാവകാശം രണ്ടുതരം ആഭ്യന്തരമായ പരമാധികാരത്തെ- അഥവാ രാഷ്ട്രീയപരവും നിയമപരവുമായ പരമാധികാരങ്ങളെ- പ്രകടമാക്കുന്നു. ആഭ്യന്തര രാഷ്ട്രീയ പരമാധികാരം രാജ്യത്തിനകത്തെ സമ്മര്‍ദങ്ങളില്‍നിന്നും നിര്‍ബന്ധങ്ങളില്‍നിന്നും മുക്തമായി രാഷ്ട്രീയ ബിസിനസുകളില്‍ ഏര്‍പ്പെടാന്‍ സ്റ്റേറ്റിനെ സഹായിക്കുന്നു. ആഭ്യന്തര നിയമപരമായ പരമാധികാരം ബാഹ്യ ഏജന്‍സികളുടെ സമ്മര്‍ദ്ദമില്ലാതെ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സ്റ്റേറ്റിനെ സഹായിക്കുന്നു.
മിഡിലീസ്റ്റിലെ സ്റ്റേറ്റുകളുടെ പരമാധികാരത്തിന് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുളള പലതരത്തിലുളള ഭീഷണികളും കൂട്ടായ ആക്രമണങ്ങളും നേരിടേണ്ടിവരുന്നു. സാമ്പത്തിക ഉദാരീകരണം, സാമ്പത്തികമായും രാഷ്ട്രീയമായും സ്റ്റേറ്റുകളുടെ പ്രാദേശിക ഫോറങ്ങളിലേക്കുളള (ഉദാ:GCC) ഉദ്ഗ്രഥനം, പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ഉദയം തുടങ്ങിയവ സ്റ്റേറ്റിന്റെ പരമാധികാരത്തിന്റെ നാശത്തിന് കാരണമായി. പോസ്റ്റ് കൊളോണിയല്‍ സ്‌റ്റേറ്റുകള്‍ അവരുടെ രാഷ്ട്രീയപരവും രാജ്യതന്ത്രപരവുമായ പരമാധികാരത്തെ നവ-ഉദാരീകരണ ശക്തികള്‍ക്ക് അടിയറവെച്ചപ്പോള്‍, പല മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലും ഇസ്‌ലാം ജനകീയ ഭാവനകളിലെ സാമ്രാജ്യത്വ വിരുദ്ധ പരിവേഷം നേടിയെടുക്കുകയും ജനകീയ ഐഡിയോളജി ആയി മാറുകയും ചെയ്തു. എങ്കിലും എണ്ണ സമ്പത്തുളള അറബ് രാജ്യങ്ങള്‍ അവയുടെ ഗോത്ര/മത ഘടനകളില്‍നിന്നും മാറി രാഷ്ട്ര പരമാധികാരത്തെ വെല്ലുവിളിക്കാനുളള പ്രധാന ശക്തിയായി സാമ്പത്തിക മേഖലകളെ കണ്ടു. വ്യാപകത്വമുള്ള ആവിഷ്‌ക്കരണങ്ങളിലൂടെ വിശുദ്ധതയും(sacred) പരമാധികാരവും(sovereign) തമ്മിലുളള ബന്ധത്തിന്റെ പുത്തന്‍ സമവാക്യങ്ങള്‍ അവര്‍ വാഗ്ദാനം ചെയ്യുന്നു. മതത്തിന്റെ വിശുദ്ധ സ്ഥലങ്ങള്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്ന പോലെത്തന്നെ സ്വയംഭരണാധികാരവും സ്വാതന്ത്ര്യവും ഈ ഇടങ്ങളും ഏറിയോ കുറഞ്ഞോ കൈവശം വെക്കുകയും, പ്രാദേശിക രാഷ്ട്രീയ ഘടകങ്ങളില്‍നിന്നും അവയുടെ സ്ഥല നിയന്ത്രണങ്ങളില്‍നിന്നും സ്വതന്ത്രമാകുകയും ചെയ്യുന്നു.
ഒരുഘട്ടത്തില്‍, ആഗോള നിയോ-ലിബറല്‍ പുനഃസംഘടനയുടെ ഭാഗമായി തങ്ങളുടെ അസംഖ്യം പരമാധികാരങ്ങള്‍ ജി.സി.സിക്ക് നഷ്ടപ്പെട്ടപ്പോള്‍, അതിന്റെ വിശുദ്ധമായ ഭൂമിശാസ്ത്രത്തെ ഏകീകരിച്ചതിലും വേര്‍തിരിച്ചു സംരക്ഷിച്ചതിലും മാര്‍ക്കറ്റിന് സുപ്രധാനമായ പങ്കുണ്ട്. 'വിശുദ്ധ ലോകങ്ങളുടെ' മാതൃകയില്‍ ഭൂഭാഗങ്ങള്‍ നിര്‍മിക്കപ്പെടുമ്പോള്‍, പല ഭൗതിക ഘടകങ്ങളും സ്ഥലത്തിന്റെ ഈ 'പരിശുദ്ധിയിലേക്ക്'(sacredness) സംഭാവനകളര്‍പ്പിക്കുന്നു. മുതലാളിത്തം മതത്തെ നഗര മണ്ഡലങ്ങളുടെ ഇരുവശത്തു നിന്നും ദൂരേക്ക് അകറ്റി മാറ്റുകയും ഒരു 'സിവിക് മതത്തെ'(civic relegion)42 പകരം വെക്കുകയും ചെയ്യുന്നു. സിവിക് മതം വാണിജ്യ ആവശ്യങ്ങളെ മതത്തിനു മുകളില്‍ പ്രതിഷ്ഠിക്കുന്നു. ഈ സിവിക് മതത്തിനു നിലനില്‍ക്കണമെങ്കില്‍ ഉപഭോഗം, സൂചക വിനിമയങ്ങള്‍, കപടത തുടങ്ങിയവ അത്യാവശ്യമാണ്.43
മുതലാളിത്തത്തിന്റെ വിശുദ്ധമായ സ്ഥലങ്ങളില്‍ നടപ്പാക്കിയ പ്രത്യേക ഭൂസ്വത്ത് നിയമങ്ങള്‍ സ്ഥലത്തിന്റെ രാഷ്ട്രീയ-നിയമ പരിരക്ഷക്കുളള തെളിവാണ്. യു.എ.ഇയിലെ മറ്റു എമിറേറ്റ്‌സുകളെപ്പോലെത്തന്നെ ദുബായിയും പ്രവാസികളുടെ ഭൂമിയുടെ വില്‍പ്പനയും പാട്ടത്തിനു കൊടുക്കലും കര്‍ശനമായ നിയമങ്ങളിലൂടെയാണ് നിയന്ത്രിക്കുന്നത്. വിദേശികളുടെ ഉടമസ്ഥാവകാശം നിയന്ത്രിക്കപ്പെടാറാണ് പതിവ്. എന്നാല്‍, ദുബായി ഇത്തരം കര്‍ക്കശമായ നിയമങ്ങള്‍ ഉപേക്ഷിക്കുകയും നിശ്ചിത സ്ഥലങ്ങളില്‍നിന്ന് ഭൂസ്വത്ത് സ്വതന്ത്രമായി വാങ്ങാന്‍ വിദേശികളെ അനുവദിക്കുകയും ചെയ്യുന്നു. തങ്ങളുടെ പുതിയ മുദ്രാവാക്യമായ 'ഓപണ്‍ ഡോര്‍സ്(open doors), ഓപണ്‍ മൈന്‍ഡ്‌സ്(open minds)'ലൂടെ പാം ഐലന്റുകള്‍ പോലെയുളള തന്ത്രപ്രധാമായ സ്ഥലത്ത് വിദേശ ഉടമസ്ഥാവകാശവും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളും അനുവദിക്കുന്നു.

'അതുല്യമായ അരാഷ്ട്രീയമായ' നഗരം
മുമ്പ് ചര്‍ച്ച ചെയ്തതു പോലെ, ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് ദുബായിയെ പ്രശസ്തമാക്കുന്നത് അതിന്റെ രാഷ്ട്രീയപരമായ നിഷ്പക്ഷത/ഉദാസീനതയാണ് (politically netural).44 ദുബായിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് ദുബായി ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് തന്നെ സമ്മതിച്ചതാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദുബായിയുടെ 'ധര്‍മ്മ ചിന്ത'തന്നെ വാണിജ്യമാണ്.45 ഒരു സ്ഥലത്തിന്റെ രാഷ്ട്രീയമായ ഉദാസീനത സാധാരണയായി സാമ്പത്തിക ആഗോളീകരണത്തിന്റെ ചിത്രമാണ് നല്‍കുക എന്നാല്‍ ദുബായിയുടെ കാര്യത്തില്‍, ഈ വിശേഷണം ബഹുരാഷ്ട്ര കമ്പനികളെയും ബിസിനസ് തല്‍പരരായ ആളുകളേയും ആകര്‍ഷിക്കുന്ന തന്ത്രപരമായ ഈട് ആയാണ് മാറുന്നത്. ദുബായി എന്നത് വിജയത്തിന്റെ കഥയാണ്. കാരണം, ഇതൊരു ബിസിനസ് സൗഹൃദ-രാഷ്്ട്രീയ നിഷ്പക്ഷ ഇടമാണ്.
രാഷ്ട്രീയമായ നിഷ്പക്ഷതയാണ് പോസ്റ്റ് ലിബറലൈസേഷന്‍(ഉദാരീകരണാനന്തര)കാലത്തെ ഏറ്റവും വലിയ ആകര്‍ഷണം. അന്താരാഷ്ട്ര രാഷട്രീയത്തിലും പ്രാദേശിക രാഷ്ട്രീയത്തിലും ദുബായിയെ കാണാന്‍ സാധിക്കില്ല. രാഷ്ട്രീയ പരിവേഷത്തിന്റെ പ്രകടമായ അഭാവം ഒരു ദുര്‍ബലതയായി കണക്കാക്കാമോ? ഇല്ല. ഒരാള്‍ ഈ ദുര്‍ബലതയെ ഒരു നഷ്ടത്തില്‍ കവിഞ്ഞ് ലാഭമായി കാണാന്‍ തുനിഞ്ഞാല്‍ ഇല്ല എന്നാണുത്തരം.46 രാഷ്ട്രീയപരമായ മഹിമ ഇല്ലാത്തതുകൊണ്ടു തന്നെ സാമ്പത്തികത്തെയും രാഷ്ട്രീയത്തെയും ഒരയഞ്ഞ ആദര്‍ശപ്രതലത്തില്‍ കൈകാര്യം ചെയ്യാം എന്ന തന്ത്രപരമായ ഒരവസരവും കൂടി കൈവന്നിരിക്കുന്നു.47
ഈ രാഷ്ട്രീയ നിഷ്പക്ഷത പല രൂപം കൈക്കൊളളുകയും പല രംഗങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിസ്സംശയം, ഒരു മാര്‍ക്കറ്റ് മൂല്യം എന്നതിനേക്കാള്‍ തന്ത്രപരമായ ഇത്തരം മൂല്യങ്ങള്‍(strategic assets) ബൃഹത്തായ കരുതിവെപ്പുകള്‍ നല്‍കുന്നു.48 അത്തരത്തിലുളള ഒരു അരാഷ്ട്രീയ നഗരമായതിനാല്‍ ദുബായിക്ക് അതില്‍നിന്നും പ്രയോജനം കിട്ടുന്നു. മേഖലയിലെ വേറൊരു സിറ്റിക്കും അത്തരമൊരു 'പോസിറ്റീവ്' ആയ രാഷ്ട്രീയ നിഷ്പക്ഷത അവകാശപ്പെടാനാവില്ല. രാഷ്ട്രീയമായി ശക്തമായ പദവിയുളള ദുബായിക്കു ലഭിക്കാന്‍ ഇടയില്ലാത്ത നേട്ടമാണ് രാഷ്ട്രീയമായി ദുര്‍ബലമായ ദുബായിക്കു കിട്ടുന്നത്. മറ്റൊരു രാഷ്ടട്രീയ ഗുണം കിട്ടുന്ന നിലപാടാണ് സെന്‍സിറ്റീവായ പ്രശ്‌നങ്ങളിലുളള ദുബായിയുടെ നിഷ്പക്ഷത എന്നത്.
സത്യത്തില്‍, മേഖലയിലെ രാഷ്ട്രീയ അസ്ഥിരത ദുബായിക്ക് നേട്ടം നല്‍കുന്നു. യുദ്ധത്തിലേര്‍പ്പെട്ട പാര്‍ട്ടികള്‍ പോലും ഒരു ടേബിളിനിരുവശവും ചേര്‍ന്ന് വിവാദ വിഷയങ്ങളില്‍ പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. അബ്ദുല്‍ ഹാലിഖ് അബ്ദുളള പറയുന്നതു പോലെ, 'ദുബായിയില്‍ വെച്ചു മാത്രമേ അമേരിക്കക്കാര്‍ക്കും ഇറാന്‍കാര്‍ക്കും സൗഹാര്‍ദപൂര്‍വ്വം സന്ധിക്കാനും, സമാധാനത്തോടെ സംസാരിക്കാനും അപരന്റെ ഉദ്ദേശ്യങ്ങളെ എളുപ്പത്തില്‍ ചോര്‍ത്തിയെടുക്കാനും സാധിക്കൂ.' ഇതേ രാഷ്ട്രീയ നിഷ്പക്ഷത തന്നെയാണ് അങ്ങേയറ്റം വിവാദ സാധ്യതയുളള ഓയില്‍ നിയമത്തിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ ഒരു കൂട്ടം ഇറാഖി രാഷ്ട്രീയക്കാരെ ദുബായിയിലെത്തിച്ചത്്. അസ്ഥിരമായ ഇറാഖില്‍ വെച്ചോ മേഖലയിലെ മറ്റു സ്ഥലങ്ങളില്‍ വെച്ചോ ഒരു ചര്‍ച്ച സംഘടിപ്പിക്കുന്ന കാര്യത്തില്‍ ഇറാഖികള്‍ക്കു സമ്മതമുണ്ടായിരുന്നില്ല.50 2009-ലെ ഇന്ത്യാ-പാക് രഹസ്യ ചര്‍ച്ചക്കു ദുബായി വേദിയായതോടു കൂടി അതിന്റെ രാഷ്ട്രീയ നിഷ്പക്ഷതക്ക് അന്താരാഷ്ട്ര പ്രശസ്തി വര്‍ധിച്ചു. ചുരുക്കത്തില്‍, ചര്‍ച്ചക്കു വേണ്ടി ആരു വരുന്നു എന്നത് ദുബായിക്കു പ്രശ്‌നമേയല്ല, അവര്‍ എമിറേറ്റ്‌സിന്റെ രാഷ്ട്രീയവല്‍ക്കരണത്തിനു കൂട്ടു നില്‍ക്കാതെ മാറി നില്‍ക്കുന്നേടത്തോളം കാലം.

പുതിയ ഭൂപടവും മങ്ങിയ മറ്റുളള സ്ഥലങ്ങളും
ദുബായിയെ 'അഭൂതപൂര്‍വ്വമായ അരാഷ്ട്രീയ' സിറ്റിയായി എടുത്തു കാണിക്കുന്നതോടെ ആ നാടിന്റെ സ്ഥലപര ചരിത്രത്തെ പുനര്‍നിര്‍മ്മിക്കാനും കഴിഞ്ഞ കാലത്ത് അത് കൈവശം വെച്ച പഴയ 'രാഷ്ട്രീയ-മതപര' ആഖ്യാനങ്ങളില്‍നിന്നും മുക്തമാവാനും സഹായിക്കുന്നു. ഈ ആകര്‍ഷക വാക്യം ദുബായിയുടെ പഴയ ഭൂപടത്തെ അപനിര്‍മ്മിക്കുകയും പഴയ സ്ഥലങ്ങളെ പുതിയവ കൊണ്ട് സജീവമായി പുനഃസ്ഥാപിക്കുന്ന സ്ഥലമായും ദുബായി മാറുന്നു. പഴയ ഭൂമിശാസ്ത്രത്തെ പുനരാവിഷ്‌ക്കരിക്കുമ്പോള്‍ ഒരു സൂചകമെന്ന നിലയിലുളള രാഷ്ട്രീയ നിര്‍ണ്ണയത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ അപ്രത്യക്ഷമാവുന്നു. പാം ഐലന്റുകളുടെ52 ഭൂപടങ്ങളും ചാര്‍ട്ടുകളും ഇത്തരമൊരു പുതിയ പരീക്ഷണത്തിന്റെ 'ടെക്സ്റ്റ് ബുക്ക് ശൈലി'യിലുളള ഉദാഹരണമാണ്.
സാധാരണ അറേബ്യന്‍ മരുഭൂമികളുടെ സ്ഥിരം ചിത്രങ്ങള്‍ക്കു വിരുദ്ധമായി പാം ഐലന്റുകള്‍ വ്യത്യസ്തമായ പ്രതി-ചിത്രങ്ങളാണ് നല്‍കുന്നത്. അറേബ്യന്‍ പെനിന്‍സുലയെക്കുറിച്ച ടൂറിസ്റ്റ് ഭാവനകളില്‍ ഒട്ടകങ്ങള്‍ റോന്തു ചുറ്റുന്ന മരുഭൂമികളും അറ്റമില്ലാത്ത ചക്രവാളങ്ങളും തരിശായ മരുഭൂമിയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന മരുപ്പച്ചകളുമായിരിക്കും. ഇത്തരം സങ്കല്‍പ്പങ്ങള്‍ക്ക് ഒരു ബദല്‍ കാഴ്ച നല്‍കി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണിവിടെ. അതിന്റെ സ്‌കെച്ചുകളെ ആശ്രയിച്ചാല്‍, പാം ഐലന്റിന്റെ മാപ്പുകള്‍ യാഥാര്‍ത്ഥ്യത്തിന്റെ വ്യത്യസ്ത അവസ്ഥകളില്‍ നമ്മെ തളച്ചിടും. 'അതിന്റെ ഭൂഭാഗങ്ങളെ പ്രദര്‍ശിപ്പിക്കുക' എന്നതില്‍ കവിഞ്ഞ് പാം ഐലന്റുകളുടെ രേഖാചിത്രങ്ങളുടെ പ്രതിനിധീകരണം ദുബായിയുടെ പുതിയ ഐഡന്റിറ്റിയുടെ സമീകരണത്തെക്കൂടി സൂചിപ്പിക്കുന്നു.
ഈ ചിത്രങ്ങള്‍ അരാഷ്ട്രീയവും ഹിതകരവും ആയതുകൊണ്ടു തന്നെ ദുബായിയുടെ പുതിയ ഐഡന്റിറ്റിയെ സൂചിപ്പിക്കാന്‍ ഇവ ധാരാളമായി ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ പുതിയ ഭൂപടം അതിന്റെ സൈദ്ധാന്തികമായ ഉപയോഗത്തോടൊപ്പം തന്നെ ആ ഭൂഭാഗത്തെ അരാഷ്ട്രീയവല്‍ക്കരിക്കുക എന്ന പ്രയോഗതലത്തെ കൂടി ഉള്‍ക്കൊളളുന്നുണ്ട്. ഈ പുതിയ മാപ്പിന്റെ നിര്‍മ്മാണത്തിലൂടെ സിറ്റിയിലെ പുതിയ രാഷ്ട്രീയത്തെക്കൂടി മോടി പിടിപ്പിക്കാന്‍ സാധിക്കും. ഇവിടെ സ്ഥലപര ചരിത്രത്തെ അധികാരത്തിന്റെ വിന്യാസമായും അതിന് നിയമസാധുത്വം നല്‍കുകയും ചെയ്യുന്ന തരത്തില്‍ പുനഃസൃഷ്ടിക്കുന്ന ഉപകരണമായും ഈ മാപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ദുബായിയുടെ ഈ പുതിയ മാപ്പ്(map) കേവലം സ്ഥലങ്ങളെ അടയാളപ്പെടുത്തുന്ന ചാര്‍ട്ടുകളായല്ല പ്രവര്‍ത്തിക്കുന്നത്, മറിച്ച് വ്യത്യസ്തമായ സ്ഥലക്രമീകരണങ്ങളെ അടയാളപ്പെടുത്തുന്ന രാഷ്ട്രീയ വ്യവസ്ഥ ആയാണ്.
ദുബായിയുടെ ഈ പുതിയ സ്ഥലരൂപീകരണം സാന്നിധ്യത്തിന്റേയും അസാന്നിധ്യത്തിന്റേയും (presence and absence) വ്യത്യസ്തമായ ചോദ്യങ്ങളുയര്‍ത്തുന്നു. ഒരുകൂട്ടം സാമൂഹിക ശാസ്ത്രജ്ഞന്‍മാരെ സംബന്ധിച്ചിടത്തോളം ഗള്‍ഫിലെ 'സാമൂഹിക രൂപീകരണം' അതിന്റെ സാമ്പത്തികവും സാമൂഹികവുമായ വേര്‍തിരിക്കല്‍53 ഘടനകളിലാണുളളത്. ദുബായിയുടെ പുതിയ സിറ്റി മാപ്പ്, അതിന്റേതായ അധികാര ഘടനകള്‍ രൂപീകരിക്കുകയും, ഉള്‍ക്കൊളളലിന്റേയും പുറന്തളളലിന്റേയും സാങ്കേതികാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു.
GCC സമൂഹങ്ങള്‍ സ്ഥലപരമായ പുറന്തളളലുകളുടെ പ്രധാന സ്രോതസുകളായതിനു ശേഷം, അവക്കു സംഭവിച്ചു കൊണ്ടിരിക്കുന്ന ആന്തരികമായ ശോഷണത്തെക്കുറിച്ചുളള വിവരണം നന്നായിരിക്കും. ചരിത്രപരമായി, പൗരന്‍(വത്വനി), വിദേശി (വാഫിള്) എന്നീ വിഭജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. വര്‍ഗം, വംശം/ദേശം തുടങ്ങിയ വിഭജന രീതികള്‍ വളരെ സങ്കീര്‍ണമായി ചുറ്റിപ്പിണഞ്ഞിരിക്കുകയാണിവിടെ. പൗരന്‍/വിദേശി വിഭജനങ്ങള്‍ വളരെ ആഴത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അവ ഇപ്പോള്‍ പുതിയ വഴികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.54 അതോടൊപ്പം തന്നെ, വര്‍ഗാടിസ്ഥാനത്തില്‍ സമൂഹം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്തിനധികം ഈ വ്യത്യസ്ത തരത്തിലുളള വേര്‍തിരിവ് ഒരു പ്രത്യേകമായ പുതിയ സാമൂഹിക വിഭജനത്തിലേക്കുമെത്തിക്കുന്നു.55
ഗവ്രിലിഡ്‌സ് ഈ അവസ്ഥയെ വളരെ വ്യക്തമാക്കി വിവരിക്കുന്നു: 'ഗോവന്‍ ക്രിസ്ത്യാനികള്‍ കുവൈറ്റിലെ നഗരത്തില്‍ വസിക്കുന്ന കുടുംബങ്ങള്‍ക്ക് വീട്ടുവേല ചെയ്യുകയോ ഗൃഹാധ്യാപനം നടത്തുകയോ ചെയ്യുന്നു.'56 നേപ്പാളികളും ശ്രീലങ്കയിലെ തമിഴന്മാരും ക്രമാനുഗതമായി സെക്യൂരിറ്റി ജോലിക്കാരും ഓഫീസ് ബോയികളുമാകുമ്പോള്‍ അമേരിക്കയും മറ്റു പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളും ഉയര്‍ന്ന ശമ്പളത്തിലുളള മാനേജര്‍മാരെ നല്‍കുന്നു.57 സൗത്ത്, ഈസ്റ്റ് ഏഷ്യയിലെ ക്ലാര്‍ക്കുകളും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും മധ്യ വര്‍ഗമാകുന്നു. ചില സമയങ്ങളില്‍, യൂറോപ്യന്‍ സ്ത്രീകളോ ലെബനീസ് സ്ത്രീകളോ ചെയ്യുന്ന അതേ ജോലി ശ്രീലങ്കക്കാരിയോ ഫിലിപ്പിന്‍കാരിയോ ചെയ്യുമ്പോള്‍ വംശീയമായി മാറുകയും ശമ്പളം കാല്‍ഭാഗമായി കുറയുകയും ചെയ്യുന്നു.
ഏറ്റവും പ്രധാനപ്പെട്ടതെന്തെന്നാല്‍ ഈ വ്യത്യസ്ത തരത്തിലുളള വിഭജനങ്ങള്‍ പല ഏരിയകളിലും വ്യത്യസ്ത രീതിയിലാണു പ്രവര്‍ത്തിക്കുന്നത്. വളരെ ചലനാത്മകമായ സാമ്പത്തിക വളര്‍ച്ചയാണ് ഇപ്പോഴത്തെ ഈ രീതി നല്‍കുന്നതെങ്കിലും സാമൂഹികവും സ്ഥലപരവുമായ അസമത്വങ്ങളുടെ ഒരു പുതിയ ഭൂമിക ഇവ സൃഷ്ടിക്കുന്നു. മേഖലയിലുടനീളമുളള നിയോ-ലിബറല്‍ സാമ്പത്തിക നയങ്ങളുടെ സ്വീകരണം, പുതിയ തരം നാഗരിക അസമത്വങ്ങള്‍ക്കു കാരണമാകുകയും പലതരത്തിലുളള സാമൂഹിക സംഘങ്ങളുടെ രൂപീകരണത്തിനു കാരണമാകുകയും ചെയ്യുന്നു. സിറ്റിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പല തരത്തിലുളള നാഗരികതകളെ നോക്കുമ്പോള്‍, ദുബായി അതിന്റെ പഴയ അറബ് മോഡലില്‍നിന്നും വളരെയധികം മുന്നോട്ടു പോവുന്നതും വികേന്ദ്രീകരിക്കപ്പെട്ട സ്ഥലങ്ങളോ കഷ്ണങ്ങളോ ആയി മാറുന്നതും ഒരാള്‍ക്കു കാണാവുന്നതാണ്.58
ദുബായിയുടെ ഈ വികസനങ്ങള്‍ പ്രദേശത്തെ കഷ്ണങ്ങളാക്കുകയും അവ മറ്റു സ്ഥലങ്ങളുടെ വികസനത്തിനു കാരണമായിത്തീരുന്നതും കാണാം. വ്യത്യസ്ത ഗ്രൂപ്പുകളും സംഘങ്ങളും അവരുടേതായ ആവശ്യത്തിനു സ്ഥലത്തെ പ്രയോജനപ്പെടുത്തുന്നതു ശ്രദ്ധിച്ചാല്‍ ഈ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. അതുകൊണ്ടു തന്നെ ദുബായി സ്ഥലപരമായ അര്‍ത്ഥത്തില്‍ വെറുമൊരു നിഷ്പക്ഷ ഇടമല്ല. മറിച്ച്, പരസ്പരം എതിര്‍ക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന സ്ഥലങ്ങളുടെ ഞെട്ടിക്കുന്ന മിശ്രണമാണ്. സിറ്റി അതിനെ ഏകീകരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും, അതിന്റെ ഭൂമിശാസ്ത്രത്തിന് ബഹുത്വമാര്‍ന്ന പ്രകടനങ്ങളുണ്ട്. ആകെമൊത്തം ഇതൊരു ചേരിവത്ക്കരണം(ghettoization) തന്നെയാണ്, പ്രത്യേകമായ സ്ഥല വിഭജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവിടെയുണ്ട്. തദ്ദേശവാസികള്‍ക്കു മാത്രമായി ഡിസൈന്‍ ചെയ്യപ്പെട്ട പ്രദേശങ്ങളും പ്രവാസികള്‍ക്കു മാത്രമായി വംശാടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകളിലായി അത്ര തന്നെ സ്വയംഭരണാവകാശമില്ലാതെ അതിരിട്ടവയും അവിടെയുണ്ട്.59
ഖലഫിനെ സംബന്ധിച്ചിടത്തോളം, ഗള്‍ഫിലെ ഇപ്പോഴത്തെ പാര്‍പ്പിട മാതൃകകള്‍ അവിടുത്തെ സാമൂഹിക വര്‍ഗത്തെയും വംശത്തെയും പ്രതിഫലിപ്പിക്കുന്നു.60 മൂന്നു തരം പ്രധാനപ്പെട്ട ദേശീയ പാര്‍പ്പിട മാതൃകകളെ ഖലഫ് കണ്ടെത്തുന്നു. അവ ഓരോന്നും ഓരോ തരം സാമൂഹിക വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
1) രാഷ്ട്രീയവും സാമ്പത്തികവുമായ വരേണ്യരുടെ ഭവനങ്ങള്‍.
2) പുതിയ മധ്യ വര്‍ഗത്തിന്റേത്
3) താഴ്ന്ന വരുമാനമുളള സാമൂഹ്യ വിഭാഗത്തിന്റേത്61
വരേണ്യര്‍ വില്ലകള്‍, ഫാം ഹൗസുകള്‍, സ്വതന്ത്രമായ ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയില്‍ വസിക്കുമ്പോള്‍ നിര്‍മ്മാണ-വ്യവസായ തൊഴിലാളികള്‍ റെസിഡന്‍ഷ്യല്‍ ക്യാമ്പുകളിലും ചെറ്റക്കുടിലുകളിലും ക്യാബിനുകളിലും നഗര പ്രാന്തങ്ങളിലും താമസിക്കുന്നു. പ്രവാസികള്‍ എന്നത് കേവലം ഒരു തൊഴില്‍പര കാറ്റഗറി അല്ല, മറിച്ച് അവരുടെ വംശവും ദേശീയതയുമെല്ലാം തീര്‍പ്പ് കല്‍പ്പിക്കുന്നതിനുളള ഘടകങ്ങളാകാറുണ്ട്.62 വിദേശ പ്രൊഫഷനലുകള്‍ വാടകക്കെടുക്കുന്ന ബില്‍ഡിംഗുകളും വില്ലകളും മറ്റൊരു പാര്‍പ്പിട മാതൃകയെ പ്രതിനിധീകരിക്കുന്നു.63
ഈ കര്‍ക്കശമായ വിഭജനത്തില്‍, ലേബര്‍ ക്യാമ്പുകളും മറ്റു ദരിദ്ര പോക്കറ്റുകളും64 എല്ലാം തന്നെ ആത്മപ്രശംസയുടെ ഇടങ്ങളായ വര്‍ണാഭമായ മാളുകള്‍ക്കകലെ മറ്റൊരിടത്തേക്കു മാറ്റപ്പെടുന്നു. വളരെ തരംതാണവരായും, എളുപ്പത്തില്‍ നീക്കാനാകുന്ന തൊഴില്‍ശക്തികള്‍ എന്ന നിലയിലും ഗണിക്കപ്പെടുന്ന തൊഴിലാളികളെ നഗര പ്രാന്തങ്ങളിലെ ക്യാമ്പുകളില്‍ അധിവസിപ്പിക്കുന്നു.65 ദുബായില്‍ 'ലേബര്‍ ക്യാമ്പുകള്‍ വഴി എന്ന ലേബലില്‍ ബസുകള്‍ ഓടിക്കൊണ്ടിരിക്കുന്നു'.66
എന്നിരുന്നാലും, ഈ സ്ഥലപരമായ പുറന്തളളല്‍ പ്രക്രിയ ദുബായില്‍ മാത്രമല്ല ഉളളത്, അത് അറബി നാടുകളുടെ സവിശേഷത കൂടിയാണ്. അവിടെ സിറ്റികള്‍ ചരിത്ര പ്രാധാന്യമുളളത്, കൊളോണിയല്‍ ശേഷിപ്പ്, സ്വാതന്ത്ര്യാനന്തരം വളര്‍ച്ച കൈവരിച്ചവ എന്നിങ്ങനെയായി കാണാം.67 ആഗോളീകരണ പ്രക്രിയ കേന്ദ്രങ്ങളുടെയും അതിരുകളുടെയും ഈ പുതിയ ഭൂമിശാസ്ത്രത്തെ കൂടുതല്‍ തീക്ഷ്ണമാക്കി. പരസ്്പരം കെട്ടുപിണഞ്ഞു നില്‍ക്കുന്ന പുതിയ ടെക്‌നോളജികളും സാമൂഹിക ശൃംഖലകളും ഈ ഭൂപര വിഭജനത്തിലേക്ക് സംഭാവനകളര്‍പ്പിക്കുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി മറ്റെല്ലായിടത്തും സംഭവിക്കുന്നതു പോലെ ദേശാന്തര മേലാളന്മാരുടെ മാത്രം നേട്ടത്തിനായി GCC-യിലെ നഗരങ്ങള്‍ക്ക് അവയുടെ ഭൂമിശാസ്ത്രപരമായ തനിമ നഷ്ടമായിക്കൊണ്ടിരിക്കുന്നു.
അനൗപചാരികതകളെ വിസ്മരിച്ച് ഔപചാരികതകള്‍ക്കു വേണ്ടി, അതിന്റെ കാഴ്ചപരതക്കു മാത്രം പ്രാധാന്യം നല്‍കി സിറ്റിയെ ഒരൊറ്റ ബ്രഷില്‍ ചിത്രീകരിക്കുവാന്‍ ഈ മാപ്പുകള്‍ ശ്രമിക്കുന്നു. അതോടൊപ്പം ഭാവനയിലെ കലര്‍പ്പില്ലാത്ത ജീവിത ശൈലികള്‍ കൂടി വിഭാവനം ചെയ്യപ്പെടുമ്പോള്‍ ഭൂരിപക്ഷം വരുന്ന പ്രവാസി തൊഴിലാളികളുടെ സാമൂഹിക ഇടങ്ങള്‍ അദൃശ്യമായിപ്പോവുകയും വര്‍ണശബളിമയില്ലാത്ത അവരുടെ ജീവിതശൈലികള്‍ മറയ്ക്കപ്പെടുകയും ചെയ്യുന്നു. കുടിയേറ്റവും വംശവും അപരത്വത്തിന്റെ കാരണങ്ങളാകുമ്പോള്‍ സൗത്തേഷ്യന്‍ തൊഴിലാളികളുടെ സ്ഥലങ്ങള്‍ സിറ്റിയുടെ ഔദ്യോഗിക ചിത്രത്തിലിടം പിടിക്കാതെ പോകുന്നു. ഈ സ്ഥല നിയന്ത്രണങ്ങളില്‍നിന്നും രക്ഷ നേടുന്ന ഒരേയൊരു പ്രവാസി സമൂഹം ഉയര്‍ന്ന ശമ്പളമുളള അമേരിക്കക്കാരും യൂറോപ്യന്മാരുമായിരിക്കും.
1980കള്‍ മുതലുളള കുടിയേറ്റം പെട്ടെന്നുളള നാഗരിക വളര്‍ച്ചക്കു കാരണമാകുകയും ദുബായിക്ക് ഒരു ബഹുവംശ സ്വഭാവം നല്‍കുകയും ചെയ്തു. ചില പ്രത്യേക രാജ്യങ്ങളില്‍ വേരുകളുളള 'ലോകത്താകമാനമുളള സംസ്‌കാരവ്യൂഹങ്ങള്‍ കൂട്ടത്തോടെ' ദുബായിലെത്തുകയും അവ ചില പ്രാദേശിക വംശീയ സ്വഭാവമുളള ഗ്രൂപ്പുകളായി 'ദുബായിയില്‍ പുനരധിവാസം (re-territorialization) അവകാശപ്പെടുകയും ചെയ്യുന്നു.69 തദ്ദേശീയരായ തൊഴിലാളികളില്‍ ഭൂരിപക്ഷവും ഇന്ന് കുടിയേറ്റക്കാരാകുമ്പോള്‍ പല 'പ്രാദേശിക കേന്ദ്രീകരണ' വും (localization) സ്ഥല പരിണാമത്തിന്റെ തെളിവുകളായി മാറുന്നു. ഈ ആഗോള ബഹുവംശ സാംസ്‌കാരിക സാമൂഹിക നിര്‍മ്മിതികള്‍ എങ്ങനെയാണ് ദേശീയതക്കകത്ത് സ്വാംശീകരിക്കപ്പെട്ടത് എന്നത് ഒരു പ്രഹേളിക തന്നെയാണ്. ഖലഫ് നിരീക്ഷിക്കുന്നതു പോലെ, ധാരാളം വരുന്ന വിദേശ തൊഴിലാളികള്‍ അവരുടേതായ സംസ്‌കാര/പ്രാദേശികതകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍ കൂടിയും ചിലപ്പോള്‍ അവ ദേശീയമായ രാഷ്ട്രീയ/സാംസ്‌കാരിക ഭാവനകളില്‍ പെട്ടുപോകാറുണ്ട്്.70 സാംസ്‌കാരിക സാമൂഹിക പ്രക്രിയകളില്‍ പ്രവാസികള്‍ക്ക് ഇടമില്ലാത്തതു കൊണ്ടും മുഖ്യധാരാ സംസ്‌കാരങ്ങള്‍ക്ക് മറ്റുളളവരെ സ്വാധീനിക്കാന്‍ കഴിയാത്തതുമാണ് ഇത്തരം വഴുതിപ്പോവലുകള്‍ക്ക് കാരണം എന്നു കാണാം. വരേണ്യമായ കോര്‍പ്പറേറ്റ്-ദേശീയ സംസ്‌കാരങ്ങളുടെ മിശ്രണം മറ്റു സംസ്‌കാരങ്ങളുടെയും സ്വത്വങ്ങളുടേയും സാമൂഹികവും സ്ഥലപരവുമായ 'അപരത്വ'ത്തിനു കാരണമാകുന്നു. ആഗോളവല്‍ക്കരണത്തിനനുസൃതമായി ദുബായിയുടെ സാമൂഹിക ഇടങ്ങള്‍ രൂപപ്പെടുത്തപ്പെട്ടത് കുടിയേറ്റക്കാരില്‍ വ്യത്യസ്തമായ സ്വാധീനങ്ങളാണ് ഉണ്ടാക്കിയത്.
സങ്കീര്‍ണമായ നിയമനിര്‍മാണം, അന്യായമായ നഷ്ടപരിഹാര രീതികള്‍, ദേശീയവല്‍ക്കരണം, വിദേശികളുടെ അവസരങ്ങളിലുളള നിയന്ത്രണം എന്നിവയിലൂടെ സാമൂഹിക-സ്ഥലപര വിഭജനം സ്ഥാനപനവല്‍ക്കരിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമം വിഭാഗീയതയുടെ ആഴവും പരപ്പും കൂട്ടിക്കൊണ്ടിരിക്കുകയാണ്. ദേശവാസികളും കുടിയേറ്റക്കാരും തമ്മിലുളള ബന്ധങ്ങള്‍ പ്രത്യേക നിയമങ്ങള്‍ വഴി സംവിധാനിക്കപ്പെടുക വഴി കുടിയേറ്റക്കാര്‍ കീഴൊതുക്കപ്പെട്ടു. ദേശവാസികള്‍ അവരുടെ ദേശ-വംശ ബോധത്തോടൊപ്പം തന്നെ, ഇപ്പോള്‍, അവരുടെ വര്‍ഗ അധികാര ഘടനകളിലും ശ്രദ്ധ ചെലുത്തുന്നു. ഈ പ്രത്യേകമായ പെരുമാറ്റങ്ങള്‍ വലിയ സാമ്പത്തിക അസമത്വത്തിനു കാരണമാകുകയും ദേശവാസികളും മറ്റു ഗ്രൂപ്പുകളും കുടിയേറിയവരെ ചൂഷണം ചെയ്യുന്നതിലേക്കു നയിക്കുകയും ചെയ്യുന്നു. വംശീയമായും വര്‍ഗീയമായും വ്യത്യസ്ത തലങ്ങളില്‍ ഈ ചൂഷണം പ്രകടമാകുമ്പോള്‍, ഏഷ്യയിലേയും ആഫ്രിക്കയിലേയും അവിദഗ്ദ്ധ, അര്‍ധവിദഗ്ദ്ധ തൊഴിലാളികള്‍ വ്യത്യസ്ത തലത്തിലുളള ചൂഷണങ്ങള്‍ക്കു വിധേയരാകുന്നുണ്ട്.71 സമീപ കാലത്ത് സൗത്തേഷ്യന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട് ഉണ്ടായ തൊഴില്‍പ്രശ്‌നങ്ങള്‍ നിലവിലെ കലുഷിത സാഹചര്യത്തെ തുറന്നുകാട്ടുന്നുണ്ട്. ന്യൂ പോസ്റ്റ് ഓയില്‍/ആഗോളാനന്തരകാല (പോസ്റ്റ്് ഗ്ലോബലൈസ്ഡ്) സാമൂഹിക ബന്ധങ്ങളിലെ പരസ്പര വൈര്യത്തെയും ഇവ വെളിവാക്കുന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനത തങ്ങളുടെ ശബ്ദം കണ്ടെത്തുന്ന, അവകാശങ്ങള്‍ ഉന്നയിക്കുന്ന ഒരു രാഷ്ട്രീയ തുറവിയായിട്ടാണ് പണ്ഡിതന്‍മാര്‍ ഇതിനെ നോക്കികാണുന്നത്.

ഉപസംഹാരം
ദുബായിയുടെ വികസനത്തിലേക്കൊന്നു കണ്ണോടിക്കുമ്പോള്‍ അതിനെ ഇന്ന് കാണുന്ന തരത്തിലുള്ള നഗരമാക്കി മാറ്റിയതില്‍ ചില അവിഭാജ്യ ഘടകങ്ങളുടെ സാന്നിധ്യം പ്രകടമാകും. അവയിലേറ്റവും പ്രധാനപ്പെട്ടത് അതിന്റ പ്രദര്‍ശനപരത/വര്‍ണ്ണശബളിമ (spectacularization) തന്നെയാണ്. അവ വിനോദങ്ങളും വിശ്രമ വേളകളും ആനന്ദങ്ങളും നല്‍കുന്നതിനുളള പ്രധാന ഘടകമായി വര്‍ത്തിക്കുന്നു. യഥാര്‍ത്ഥ ഉപഭോക്താക്കളുടെ അഭാവം കൊണ്ടും വെറും കാണികളുടെ സാന്നിധ്യം കൊണ്ടും നഗരത്തിന്റെ ഭൗതിക രൂപം ഭീമാകാരമായ മ്യൂസിയത്തെയോ ഷോറൂമുകളെയോ അനുസ്മരിപ്പിക്കുന്നു. അതുപോലെത്തന്നെ, നാം എപ്പോഴും ആഗോളീകരണവുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കുന്ന നഗരത്തിലെ സാമ്പത്തിക പുനസംവിധാനം എന്നത്, മുതലാളിത്തത്തിന്റെ വിശുദ്ധ ഇടങ്ങളുടെ ഉദയവുമായി ചേര്‍ത്തുവെച്ചു മനസ്സിലാക്കാന്‍ സാധിക്കും. അവിടെ പ്രദര്‍ശനമെന്ന് ഒരു നടപ്പുവ്യവസ്ഥയായി മാറിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങള്‍ പ്രദേശത്തെ നിയമങ്ങള്‍ക്ക് അതീതമായി നിലകൊള്ളുകയും, ദേശബാഹ്യമായ വരേണ്യരായ ഇടപാടുകാരെ തൃപ്തിപ്പെടുത്തുന്ന ഇടമായി മാറുകയും ചെയ്യുന്നു. അത്തരം ഇടങ്ങളില്‍ വലിയ ഷോപ്പിംഗ് മാളുകളും പ്രത്യേക ഇക്കണോമിക് സോണുകളും വളരെ സങ്കീര്‍ണമായ ബില്‍ഡിംഗുകളുമുണ്ട്്. എന്നാല്‍ അവ കേവലം ആര്‍ക്കിടെക്ച്ചറല്‍ ബില്‍ഡിംഗുകള്‍ മാത്രമല്ല, മറിച്ച് അവ അതുല്ല്യവും(unique) പകിട്ടേറിയതും(spectacular) പ്രതീകാത്മകവുമാണ്.
അത്തരം ഇടപാടുകാരെയും വിദേശ നിക്ഷേപങ്ങളെയും ആകര്‍ഷിക്കാന്‍ ദുബായി സ്വയം മോടി കൂട്ടുന്നതില്‍ വ്യാപൃതയാണിപ്പോള്‍. ഈ ആവശ്യത്തിനു വേണ്ടി ദുബായി സ്വീകരിച്ച വര്‍ണശബളിമയേറിയ ആര്‍ക്കിടെക്ച്ചറല്‍ രീതി ദുബായിയുടെ ട്രേഡ്മാര്‍ക്കായി മാറിയിരിക്കുന്നു. ടൂറിസവുമായി ബന്ധപ്പെട്ട് തന്റെ തന്നെ രൂപകല്‍പ്പനയിലാണിപ്പോള്‍ ദുബായി. അത്തരം മേഖലകളെ വിശുദ്ധങ്ങളായി അംഗീകരിച്ചു കൊടുക്കുക വഴി തീര്‍ത്ഥാടന കേന്ദ്രത്തിന്റെ സ്ഥാനം കൂടി അവ കയ്യടക്കിയിരിക്കുകയാണിപ്പോള്‍.
'കൗതുകവല്‍ക്കരിക്കപ്പെട്ട മാര്‍ക്കറ്റുകളുടെ' അപ്രാപ്യത സാധാരണക്കാരായ ബഹുജനങ്ങളുടെ വലിയ അതൃപ്തിക്കു വഴിവെക്കുന്നുണ്ട്. എമിറേറ്റ്‌സിലെ തദ്ദേശീയരായ വലിയൊരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഈ വികസനങ്ങള്‍ അത്ര സ്വാഗതാര്‍ഹമല്ല. ഈ ബില്‍ഡിംഗുകളും ബിസിനസുകളും പദ്ധതികളുമെല്ലാം ആര്‍ക്കു വേണ്ടിയാണെന്നാണ് അവര്‍ ചിന്തിക്കുന്നത്. മാത്രമല്ല, പല ആഢംബര നിര്‍മ്മിതികളും അവരുടെ ദൈനംദിന ജീവിതത്തില്‍നിന്നും വളരെ അകലത്തിലാണ് നിലകൊള്ളുന്നത്. പലര്‍ക്കും അതൊരു തരം അകറ്റി നിര്‍ത്തലായാണ് അനുഭവപ്പെടുന്നത്, സിറ്റിയിലെ മുഴുവന്‍ ബില്‍ഡിംഗുകളും വിദേശികള്‍ക്കു വേണ്ടി നിര്‍മ്മിക്കപ്പെട്ടിരിക്കെ പ്രത്യേകിച്ചും.
സ്ഥലങ്ങളുടെ പുനസംവിധാനങ്ങളിലുളള പ്രവണതകള്‍ പുതിയതരം പ്രാദേശികമായ കേന്ദ്രീകരണങ്ങളിലേക്കു നയിച്ചു. വിശുദ്ധിയുടേയും കേന്ദ്രീകരണങ്ങളുടേയും ഭൂമിശാസ്ത്രം പുതിയതരം അരികുവല്‍ക്കരണങ്ങളിലേക്കു നയിക്കുകയും പഴയ സമ്പന്ന/ദരിദ്ര വിഭജനങ്ങള്‍ക്കു പകരം പുതിയ ഒരു തരം അസന്തുലിതത്ത്വത്തിന്റെ ബലതന്ത്രത്തെ ചലനാത്മകമാക്കുകയും ചെയ്തു. നവ സാമ്പത്തിക രൂപീകരണം ബ്രിട്ടീഷുകാരും മറ്റു പാശ്ചാത്യരും മുകളിലും ഇന്ത്യക്കാരും ഫിലിപ്പീനികളും മധ്യത്തിലും മറ്റു സൗത്തേഷ്യന്‍ തൊഴിലാളികള്‍ താഴെയുമായ, വ്യക്തമായ ദേശീയ/വംശീയ ചുവയുളള ഒരു സാമൂഹിക അധികാര ശ്രേണിയെ ഉഛസ്ഥായിയില്‍ എത്തിക്കുകയും ചെയ്തു.
അതുപോലെ, മെഗാപ്രൊജക്ടുകള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ട അതുല്യമായ വെറുമൊരു സ്ഥലമല്ല ദുബായി; അതിന്റെ സാധാരണമായ ഒരു ദിവസം എല്ലാ മേഖലയിലും പ്രയാസങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും അഭിമുഖീകരിക്കുന്നത് നമുക്ക് കാണിച്ചു തരുന്നു. ഈ സിറ്റിക്കൊരിക്കലും പരിപൂര്‍ണമായ ഒരു സ്വത്വമാകാന്‍ കഴിഞ്ഞിട്ടില്ല; എതിര്‍ത്തു നില്‍ക്കുന്ന ഒരുപാടു സ്വത്വങ്ങളുടെ മത്സരവേദിയായാണ് ഈ സിറ്റി മാറുന്നത്. പാശ്ചാത്യര്‍ക്കും ഗള്‍ഫ് സമൂഹത്തിലെ താഴ്ന്ന തട്ടിലുളളവരായ സൗത്തേഷ്യയിലെ തൊഴിലാളികള്‍ക്കുമായി വ്യത്യസ്ത തരം ദുബായികള്‍ എമിറേറ്റ്‌സിലുണ്ട്.

കുറിപ്പുകള്‍
1. ഈ മഹനീയ മാതൃകകളില്‍ ഏറ്റവും നീളം കൂടിയ ബില്‍ഡിംഗും (ബുര്‍ജ് ഖലീഫ) ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത ദ്വീപായ പാം ഐലന്റും ഉള്‍പ്പെടും.
2. ഒസല്ല, 2007
3. യു.എ.ഇയുമായി അതിര്‍ത്തി പങ്കിടുന്ന കിഷ് ഐലന്റടക്കം പലസ്ഥലങ്ങളിലും ദുബായി മോഡല്‍ പകര്‍ത്താനുളള ഇറാന്റെ ശ്രമം അതിനു തെളിവാണ്.
4. elshetawy2010,p.3
5. ibid
6. ibid
7. ibid,p.8
8. Abdulla 2008
9. ഹൈപ്പര്‍ സ്‌പേസ് എന്നാല്‍, വ്യക്തിക്ക് മള്‍ട്ടി നാഷണല്‍ കമ്പനികളുമായോ ആഗോള വരേണ്യരുമായോ ഇടപാടുകള്‍ നടത്താന്‍ കഴിയാത്ത ഇടം. fredric jameson,1991
10. agamben, 2007,p.73
11. khalaf
12. qutub,1985,p.175
13. riad 1981,p.1
14. ഖലഫിനെ സംബന്ധിച്ചിടത്തോളം ഓയില്‍ സമ്പത്തും ആഗോളീകരണ പ്രക്രിയയും പരിഗണിച്ചാണ് ഗള്‍ഫ് സിറ്റികളെ വായിക്കേണ്ടത്. khalaf ,pp.244&246
15. khalaf 2006,p.244-246
16. khalaf ,p.256
17. ബുര്‍ജ് അല്‍ അറബ്. ഏറ്റവും നീളം കൂടിയ ഹോട്ടല്‍. ദുബായിയുടെ ഒരതിരടയാളമായി മാറി. അതിന്റെ ബ്രോഷറില്‍ ഇങ്ങനെ വായിക്കാം 'രാജാക്കന്മാര്‍ക്കും രാജ്ഞികള്‍ക്കും ശൈഖുമാര്‍ക്കും അനുയോജ്യമായത്.'
18. ദിവസേന പ്രഖ്യാപിക്കപ്പെടുന്ന ഒരു മള്‍ട്ടി-ബില്ല്യണ്‍ ഡോളര്‍ പദ്ധതി. ഓരോ ദിവസവും തലേ ദിവസത്തേക്കാള്‍ മോഹമുണര്‍ത്തുന്നതായിരിക്കും. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നൂറു കണക്കിനു വിനോദപരിപാടികള്‍ ഈ പദ്ധതികള്‍ കൊണ്ടുവന്നു. സാമ്പത്തിക മാന്ദ്യം തീര്‍ച്ചയായും ഈ പ്രവണതകളെ മന്ദീഭവിപ്പിച്ചു.
19. ഖലഫ് നിരീക്ഷിക്കുന്നതു പോലെ 'പുനനിര്‍മ്മിക്കപ്പെട്ട ഗ്രാമങ്ങള്‍ പ്രാദേശിക ചരിത്രത്തില്‍ തണുത്തുറഞ്ഞ ചീളുകളെപ്പോലെയായി.... ആധുനിക ഗള്‍ഫ്് നാഗരികമാകുന്ന മുറക്ക് ഈ പൈതൃകങ്ങള്‍ അള്‍ത്താരകളായി മാറി. ഗ്രഹണം ബാധിച്ച സിറ്റി പുനനിര്‍മ്മിച്ചപ്പോള്‍ പരിപാലിക്കപ്പെട്ടവ ഓയില്‍ അഭിവൃദ്ധിയാല്‍ തുടച്ചുമാറ്റപ്പെട്ടു.'
20. pappe 2005,p.157-8
21. സാമൂഹികരണ സ്ഥലമെന്ന നിലയില്‍ മാളുകള്‍ പള്ളികള്‍ക്കു പകരം വെക്കപ്പെട്ടു. ahamed,1994
22. elshetawy 2010,p.183
23. ibid
24. 1992 മാര്‍ഗരറ്റ് ക്രൗഫോഡ് 'ലോകം മാളിനുളളിലാണ്' എന്ന പ്രയോഗത്തെ ജനകീയവല്‍ക്കരിച്ചു. see crawford 1992,p.124-40
25. നിങ്ങള്‍ ദുബായിലെത്തുമ്പോള്‍ ആളുകള്‍ നിങ്ങള്‍ക്ക് ആദ്യം കാണിച്ചു തരുന്നത് സാംസ്‌കാരിക സ്ഥലങ്ങളോ ചരിത്ര പ്രദേശങ്ങളോ അല്ല, പകരം മാളുകളാണ്.
26. kanna 2003,pp.9-10
27. certeau 1988,p-91-93
28. ഗയ് ഡിബോഡിന്റെ അഭിപ്രായത്തില്‍ അത്ഭുതക്കാഴ്ച എന്നത് ലോകത്തെ 'യാഥാര്‍ത്ഥ്യം സങ്കല്‍പ്പം' എന്നതിലേക്കു ചിതറിക്കുന്നു. ഈ അത്ഭുത ദൃശ്യം കാഴ്ച്ചചക്കാരനും കാഴ്ചവസ്തുവും തമ്മില്‍ ഒരു തരം അകല്‍ച്ച സൃഷ്ടിക്കുന്നു. debord 1967
29. elshetawy 2010.p.140-41
30. ഗള്‍ഫ് സിറ്റികള്‍ പ്രാഥമികമായും പ്രദര്‍ശനത്തിന്റെ കേന്ദ്രങ്ങളാണ്, ഉല്‍പാദനത്തിന്റേതല്ല. kanna 2003,p.9-10
31. agamben 2007
32. ibid, p.73
33. chidester and linenthal 1995,p.15
34. ഗ്രൂപ്പുകളുടെ സ്ഥലങ്ങളുടെ മേലുളള അസമത്വപൂര്‍ണമായ സമീപനം കാരണം ആ സ്ഥലത്ത് ചില ഗ്രൂപ്പുകള്‍ അധികാരം പ്രയോഗിക്കുന്നതിനു കാരണമാകുന്നു. foucault 1980
35. bordieu,1994
36. childester and linenthal 1995,p.17
37. van der leeuw 1986
38. ibid
39. agamben,2007
40. ധാരാളം ഫ്രീ സോണുകളുണ്ടാവുന്നത് ബിസിനസ് സംരംഭങ്ങള്‍ക്ക് ധാരാളം നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനു കാരണമാകുന്നു.
41. GDP വെറും 3 ശതമാനമായപ്പോള്‍ തന്നെ ആഗോളമായി വളരുന്നതിനായി ദുബായി സാമ്പത്തിക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എമിറേറ്റ്‌സിന്റെ ഏറ്റവും വലിയ ശക്തി ടൂറിസം, ഗതാഗതം, നിര്‍മ്മാണം, ഫിനാന്‍ഷ്യല്‍ മേഖല എന്നിവയിലാണ്.
42. nancy 1983,p.105
43. baudillard,1972
44. abdulla 2008
45. wall street journal'our ambition for the middle east'12 jan 2008
46. marchal 2005
47. ദുബായിയുടെ പ്രകടമായ ദുര്‍ബലത അതിന്റെ തന്നെ ആധിപത്യമുളള ഭൂപ്രദേശത്തിനുമേലുളള അവകാശ വാദത്തില്‍ നിന്നുളള പിന്നോട്ടു പോക്കില്‍ പ്രതിഫലിക്കുന്നു. GCCക്കു കൂടി താല്‍പര്യമുളള തര്‍ക്ക ദ്വീപിനു വേണ്ടി ഇറാനുമായി ഇടയാന്‍ ദുബായി ഇഷ്ടപ്പെടുന്നില്ല.
48. Abdulla n.32
49. ibid
50. ibid
51. ibid
52. ലോകത്തെ ഏറ്റവും വലിയ തിരിച്ചു പിടിക്കല്‍ പ്രക്രിയ. കോസ്‌മോപൊളിറ്റന്‍ സിറ്റിയോടൊപ്പം ലോകത്തെ ഏറ്റവും വലിയ കൃത്രിമ ദ്വീപും.
53. Abu-lughod,1983 p.223-231
54. ഈ സിറ്റികള്‍ അഭൂതപൂര്‍വ്വമായ ഗതി വേഗവും, ജനസംഖ്യാ അസന്തുലിതത്തിലേക്കു നയിക്കുന്ന വിഭിന്നങ്ങളായ(ദേശ/വിദേശ, ലിംഗ) ജനസംഖ്യാ വര്‍ധനവും കാണിക്കുന്നു. ഖലഫ് 2006.p 250
55. for details see dresch 2006 and longva 1997
56. gavrielides 1987,p.162
57. ബ്രിട്ടീഷുകാരും മറ്റു പാശ്ചാത്യരും മുകളിലായ ഒരധികാര ശ്രേണി അവിടെ നിലനില്‍ക്കുന്നു. അവിടെ ഇന്ത്യക്കാരും ഫിലിപ്പിനോകളും മധ്യത്തിലാവുകയും സൗത്തേഷ്യക്കാര്‍ താഴെപ്പോവുകയും ചെയ്യുന്നു.
58. elshetawy 2010.pp 4-5
59. ബഹു വംശ വൈവിധ്യങ്ങളും വേര്‍തിരിക്കപ്പെട്ട പാര്‍പ്പിട മാതൃകകളും എണ്ണ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളില്‍ സവിശേഷമായും ഉളളവയല്ല. khalaf 2006,p.250
60. ദുബായിയിലെ ഓരോ വംശത്തെയും വേര്‍തിരിക്കുന്ന പാര്‍പ്പിട മാതൃകകളുണ്ട്്. ജനസംഖ്യയില്‍ 75 ശതമാനത്തോളം വരുന്ന സൗത്തേഷ്യന്‍ തൊഴിലാളികള്‍ക്കായി മീനാ ബസാര്‍, സബ്ക്ക് ഏരിയ, നഇഫ് സൂക്ക് എന്നിവയാണുളളത്. see elshetawy 2010,p.189. ഒരാള്‍ക്ക് ഈ പാര്‍പ്പിട മാതൃകകളെ ഉള്‍ക്കൊളളലിന്റേയും പുറന്തളളലിന്റേയും ഇടമായും കാണാവുന്നതാണ്. see khalaf 2006 pp.251,256
61. khalaf 2006 pp.253-256
62. ibid p.251 dresch,2006
63. Al-najjar 1996,p.28-37
64. അറബ് സിറ്റികള്‍ക്ക് വളരെ സങ്കീര്‍ണമായ ഘടനയാണുളളത്. ഓരോ ഔദ്യോഗിക നഗരത്തിനകത്തും പാവങ്ങള്‍ക്കായി ഒരനൗദ്യോഗിക സിറ്റി ഉണ്ടായിരിക്കും. see lughod 1967, p.161
65. dresch 2006 and elshetawy 2010 p.165
66. ഈ സാമൂഹികമായ വേര്‍തിരിവ് പദവികള്‍ക്കനുസരിച്ചാണ്.വംശ-ദേശ മാനദണ്ഡങ്ങളില്‍ അവയെ വിലയിരുത്താനാകും. dresch 2006
67. abu lughod 1967
68. ദുബായി അതുല്യവും അഭൂതപൂര്‍വ്വവുമായ പരീക്ഷണമാണ്. 200ലധികം ദേശീയതകളെ ഉള്‍ക്കൊള്ളുന്ന വേറൊരു സിറ്റിയുമില്ല. see elshetawy 2010 pp1-2
69. ജനവൈവിധ്യങ്ങളെ ആഘോഷിക്കുന്ന ഭൂപ്രദേശങ്ങളാണ് സിറ്റികള്‍. ഇന്നത്തെ ദുബായി സിറ്റിയില്‍ വൈവിധ്യങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്നു. പക്ഷേ, ഭൂസ്ഥലവുമായി ജനങ്ങള്‍ക്കുളള ബന്ധത്തെ അനുസരിച്ച് അതൊരു ഗ്ലോബല്‍ സിറ്റിയാണ്. സ്‌റ്റേറ്റുമായോ ദേശീയ സംസ്‌കാരങ്ങളെയോ അത് മധ്യവര്‍ത്തിയാക്കുന്നില്ല.
70. khalaf 2006,p.248
71. ibid 256

(pls add the reference as it is)

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top