ശാഹ് വലിയുല്ലയുടെ സാമൂഹിക ചിന്തകള്‍ ആധുനിക വീക്ഷണത്തില്‍

ഡോ. ഹുസൈന്‍ മുഹമ്മദ്‌‌
img

ശാഹ് വലിയുല്ലാഹി(1702-1763)യുടെ 'ഹുജ്ജത്തുല്‍ ബാലിഗ'യിലെ സാമൂഹിക ശാസ്ത്രത്തെ അപഗ്രഥിക്കുന്ന 'ഇര്‍തിഫാഖാത്ത്'എന്ന ആശയമാണ് ഈ പഠനത്തിന്റെ കേന്ദ്രം. ഇര്‍തിഫാഖാത്ത് മനുഷ്യന്റെ വളര്‍ച്ചാ ഘട്ടങ്ങളെ താരതമ്യപ്പെടുത്തി നാല് സാമൂഹിക-സാമ്പത്തിക വികാസ ഘട്ടങ്ങളെ പരിചയപ്പെടുത്തുന്നു. ആധുനിക സോഷ്യോളജിയുടെ വെളിച്ചത്തില്‍ ശാഹ് വലിയുല്ലയുടെ തിയറികളെ വിശദീകരിക്കുകയും വിമര്‍ശന വിധേയമാക്കുകയുമാണീ ലേഖനം.

ആമുഖം
അയഞ്ഞ, മൃദുലത, ആര്‍ദ്രത തുടങ്ങിയ അര്‍ഥങ്ങളെ കുറിക്കുന്ന 'രിഫ്ഖ്'എന്ന അറബി പദത്തില്‍ നിന്നാണ് 'ഇര്‍തിഫാഖാത്ത്'എന്ന പദം വരുന്നത്. മനുഷ്യന്‍ അവനു ലഭിക്കുന്ന വിഭവങ്ങളെ ആസൂത്രിതമായും കരുതിവെപ്പോടെയും ഭാവി തലമുറയെ പരിഗണിച്ചും ഉപയോഗിക്കണമെന്ന് ഇത് സൂചിപ്പിക്കുന്നു (ലുഗത്തുല്‍ ഖുര്‍ആന്‍-2010). മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും വളര്‍ച്ചക്കുമുളള ലഭ്യതയാണ് 'ഇര്‍തിഫാഖാത്ത്.' മനുഷ്യ സമൂഹം ധാരാളം പ്രതിസന്ധികളാല്‍ മുഖരിതമാണ്. ദൈനംദിന പ്രശ്‌നങ്ങളെ നിയന്ത്രിക്കാനുളള ടെക്‌നിക്കാണ് ഇര്‍തിഫാഖാത്ത്. ഇവയെ ഭൗതികം എന്നും ആത്മീയം എന്നും വേര്‍തിരിക്കാം(ശാഹ് വലിയുല്ല-62). ഭൗതികവും അഭൗതികവുമായി(ആത്മീയം) നിരന്തരമായ സാംസ്‌കാരിക മാറ്റത്തിന് സമൂഹങ്ങള്‍ വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് ഡയാന കിന്‍ഡാള്‍ രേഖപ്പെടുത്തുന്നു. ഒരു സമൂഹം രൂപീകരിക്കപ്പെട്ടതിനു ശേഷം അതിന്റെ പൂര്‍ണതയിലെത്തുന്നതിനു മുമ്പ് പ്രധാനമായും നാല് ഘട്ടങ്ങളിലൂടെ കടന്നു പോകുമെന്ന് മഹ്മൂദ് അഹമ്മദ് പറയുന്നു. ശാഹ് വലിയുല്ലായും സമൂഹ പരിണാമങ്ങളെ നാല് ഘട്ടങ്ങളിലായി വിശദീകരിക്കുന്നു.

സമൂഹ വികാസത്തിന്റെ ഒന്നാം ഘട്ടം
സമൂഹം അതിന്റെ വികാസത്തിന്റെ ഒന്നാം ഘട്ടത്തില്‍ ഭക്ഷണം, വെളളം, പാര്‍പ്പിടം മുതലായവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യം ഭക്ഷണത്തിന്റേതാണ്. നിലം ഉഴല്‍, നടീല്‍, കിണര്‍ കുഴിക്കല്‍ തുടങ്ങിയവയെല്ലാം മനുഷ്യന്റെ ഭക്ഷണം എന്ന അടിസ്ഥാന ആവശ്യത്തെ പൂര്‍ത്തീകരിക്കാനുളളതാണ്. മനുഷ്യ കുലം അതിന്റെ വളര്‍ച്ചാപരമായ ആദ്യ ഘട്ടങ്ങളില്‍ നേരിടുന്ന പ്രഥമ വെല്ലുവിളി അവന്റെ ഭാഷാവിനിമയവുമായി ബന്ധപ്പെട്ടവയാണ്. വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് അര്‍ഥങ്ങളുല്‍പ്പാദിപ്പിക്കുക എന്നത് വലിയ ഒരു പ്രക്രിയ തന്നെയാണ്. ശാഹ് വലിയുല്ലാഹിയെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ അവന്റെ മനസ്സിലുളളതിനെ പ്രകടിപ്പിക്കുന്ന ഉപകരണമാണ് ഭാഷ. ആധുനിക ഭാഷാ ശാസ്ത്രവും ശാഹ് വലിയുല്ലയോടു യോജിക്കുന്നു. മനുഷ്യന്റെ വികാരങ്ങളെ പ്രകടിപ്പിക്കുന്ന ശബ്ദങ്ങളുടെയും വാക്കുകളുടെയും വ്യവസ്ഥയാണ് ഭാഷ എന്ന് ദുര്‍ഖയിം എഴുതുന്നു(ദുര്‍ഖയിം-1935). ഇതോടൊപ്പം തന്നെ മനുഷ്യന്‍ പാര്‍പ്പിടം, വസ്ത്രം തുടങ്ങി സന്താനോല്‍പ്പാദനത്തിനും ലൈംഗിക താല്‍പ്പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനുമായി വിവാഹ ബന്ധത്തിലേര്‍പ്പെടുന്നു. പരസ്പര സഹകരണം എന്നതായിരിക്കും ഈ ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങള്‍ക്കു വേണ്ടി മനുഷ്യന്‍ പരിശ്രമിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും അതു കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങളെ ഒത്തു തീര്‍ക്കാനും നീതി കരഗതമാക്കുവാനുമായി സമൂഹത്തില്‍ നേതൃത്വം ഉദയം കൊളളുന്നു. ഈ ആദ്യ ഘട്ടം പൂര്‍ത്തീകരിക്കപ്പെടുന്നതോടെ സമൂഹം അതിന്റെ പരിണാമത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിക്കുന്നു(ശാഹ് വലിയുല്ല-62).

സമൂഹ വികാസത്തിന്റെ രണ്ടാം ഘട്ടം
സഹജബോധം, പുതിയ കാര്യങ്ങള്‍ കണ്ടത്താനുളള വ്യഗ്രത, സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ തുടങ്ങിയ ഗുണങ്ങളുടെ പ്രഭാവത്താല്‍ ഈ ഘട്ടത്തില്‍ സമൂഹം വളരാന്‍ തുടങ്ങുന്നു. ശാഹ് വലിയുല്ലയെ സംബന്ധിച്ചിടത്തോളം പ്രധാനമായും അഞ്ചു തരം ശേഷികളാണ് സമൂഹത്തിന്റെ വികാസത്തില്‍ പങ്കു വഹിക്കുന്നത്. മനുഷ്യന്‍ അവന്റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ അവ അഞ്ചു തരം ശാസ്ത്രങ്ങള്‍ക്കു/ശേഷികള്‍ക്കു രൂപം നല്‍കുന്നു. അവ താഴെ കൊടുക്കുന്നു.
1) ഉപജീവനം
2) സമ്പാദനം
3) പാര്‍പ്പിടം
4) കച്ചവടം
5) സഹകരണം(ബുദ്ദറുല്‍ ബാസിഗ-1980)

1) ഉപജീവനത്തിന്റെ ശാസ്ത്രം: ഇര്‍തിഫാഖാത്തിന്റെ ആദ്യ ഘട്ടത്തില്‍ കൈവരിച്ച പുരോഗതിയെ നിയന്ത്രിക്കുന്ന ശാസ്ത്രമാണിത്. ഭക്ഷണം, വെളളം, സ്വപ്‌നം, യാത്ര, സംസാരം, ആചാരങ്ങള്‍ തുടങ്ങിയവയില്‍ സദാചാരത്തിന്റെ ഇടപെടലുണ്ടാവുമ്പോഴാണ് ഉപജീവനത്തിന്റെ ഫിലോസഫി രൂപം കൊളളുന്നത്. ശാഹ് വലിയുല്ല സൂചിപ്പിക്കുന്ന ആചാരങ്ങളും സമ്പ്രദായങ്ങളുമെല്ലാം സാര്‍വ്വലൗകിക മനുഷ്യ സംസ്‌കാരത്തില്‍ വേരൂന്നിയ 'ആരോഗ്യകരമായ മനുഷ്യന്റെ ഗുണ വിശേഷങ്ങളാ'ണ്. അഥവാ ജീവിതത്തിന്റെ ഓരോ തുറകളിലും ഏത് വ്യത്യസ്ത സമൂഹത്തിലേയും ജനവിഭാഗങ്ങള്‍ തമ്മില്‍ സാര്‍വ്വലൗകികമായ ചില സ്വഭാവഗുണങ്ങളില്‍ സാദൃശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ജനങ്ങള്‍ അനുഷ്ഠിച്ചു പോരുന്നവ സദാചാരത്തിന്റെയും ധാര്‍മികതയുടെയും സ്റ്റാന്‍ഡേര്‍ഡുകളെ നിര്‍ണയിക്കുന്നു. ചുരുക്കത്തില്‍ ഉപജീവനത്തിന്റെ ശാസ്ത്രം മനുഷ്യനെ സാംസ്‌കാരികമായ ഉന്നമനത്തിലേക്കു നയിക്കുന്നു.
2) സമ്പാദനത്തിന്റെ ശേഷി: ഓരോ മനുഷ്യന്റേയും കഴിവിനും പ്രാപ്തിക്കും അനുയോജ്യമായ ജോലിയാണ് അവന്‍ തെരഞ്ഞെടുക്കേണ്ടത്. മനുഷ്യ നാഗരികതയുടെ ആദ്യഘട്ടത്തില്‍ രൂപപ്പെട്ട സമ്പാദനവുമായി ബന്ധപ്പെട്ട സഹകരണത്തിന്റേയും കൈമാറ്റത്തിന്റേയും സ്വഭാവങ്ങളെ പരിശോധിക്കുന്ന ശാസ്ത്രമാണിത്. കൃഷി, ആശാരിപ്പണി, നെയ്ത്ത്, കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയവയാണ് സഹകരണ മേഖലയുമായി ബന്ധപ്പെട്ടവ. ആളുകള്‍ സമ്പാദനാവശ്യത്തിനായി സഹകരണാടിസ്ഥാനത്തില്‍ ചെയ്യുന്നവയെല്ലാം തൊഴിലായിത്തീരുന്നു. പരസ്പര സഹകരണം, കൈമാറ്റം, അഭിപ്രായ രൂപീകരണം എന്നിവയിലൂടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ധാന്യം പങ്കു വെക്കല്‍(മുസാറഹത്ത്), ലാഭ-നഷ്ടങ്ങളുടെ പങ്കുവെക്കല്‍(മുദാറബ), സാധനങ്ങളും സേവനങ്ങളും വായ്പയെടുക്കല്‍(ഇജേറ), പാര്‍ട്ണര്‍ഷിപ്പ്(മുഷാറക) തുടങ്ങിയവ രൂപം കൊളളുന്നു (ഇസ്‌ലാമിക് ബാങ്കിംഗ്-ഇമ്രാന്‍ ഉസ്മാനി). അങ്ങനെ വരുമ്പോള്‍ സമൂഹത്തിലെ എല്ലാ അംഗങ്ങളും മതിയായ സമ്പന്നരാവുകയോ അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പര്യാപ്തമായവരോ ആയിത്തീരുന്നു.
3) കുടുംബം: ശിശു പരിപാലനം, വിവാഹം, ബന്ധങ്ങള്‍ മുതലായവയുടെ അടിസ്ഥാനപരമായ യൂനിറ്റ്. മാതാപിതാക്കളോട് കരുണകാണിക്കല്‍, ഇണകള്‍ തമ്മിലുളള ബന്ധത്തെ ഊഷ്മളമാക്കല്‍, വംശപാരമ്പര്യങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയവയിലൂടെ സമൂഹത്തില്‍ കെട്ടുറപ്പും സഹകരണവും ഉറപ്പു വരുത്തുന്നു.
4) ബിസിനസ് നിപുണത: ഇത് വാണിജ്യ ശേഷി എന്നും അറിയപ്പെടുന്നു. വില്‍പ്പന, വാടകക്കു കൊടുക്കല്‍, പണയം, വായ്പ തുടങ്ങിയവ ഉള്‍ക്കൊളളുന്നു.
5) പരസ്പര സഹകരണം(ബുദ്ദറുല്‍ ബാസിഗ-1985): ജാമ്യം, അനുമാനം, പാര്‍ട്ണര്‍ഷിപ്പ് എന്നിവ ഉള്‍ക്കൊളളുന്നു.
സമൂഹപരിണാമത്തിന്റെ രണ്ടാം ഘട്ടം നല്ലതും ചീത്തതുമായ ഗുണങ്ങളുടെ സമ്മിശ്രണമാണ്.

സമൂഹ പരിണാമത്തിന്റെ മൂന്നാംഘട്ടം
ഇര്‍തിഫാഖിന്റെ ഈ മൂന്നാം ഘട്ടത്തില്‍ സഹകരണത്തിന്റെ ഫലമായി രാഷ്ട്രീയ സംവിധാനവും രാഷ്ട്രീയ പാര്‍ട്ടികളും രൂപം കൊളളുന്നു. ചിലര്‍ നേതാക്കളും മറ്റു ചിലര്‍ ഈ സംവിധാനത്തിന്റെ അണികളുമായിത്തീരുന്നു. വികസിത സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥാപനങ്ങളായ മുദാറബ, മുസാറബ പോലുളളവ നിലവില്‍ വരുന്നു. രണ്ടാം ഘട്ടത്തിലെ അഞ്ചു ശേഷികള്‍ പുതിയ സാഹചര്യത്തില്‍ 'സിറ്റി സ്റ്റേറ്റ്' ആയി രൂപപ്പെടുന്നു. നേതാക്കള്‍ ഈ നഗര രാഷ്ട്രത്തിന്റെ ഭാഗമായി നീതി, സമത്വം, വിഭവങ്ങളുടെ തുല്യ വിതരണം, സുരക്ഷ തുടങ്ങിയവയെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നു.
പ്രത്യേകമായ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി സമൂഹത്തിലെ അംഗങ്ങള്‍ തമ്മില്‍ ബന്ധങ്ങള്‍ സ്ഥാപിക്കുകയും അവ ഇമാമുമാരാല്‍ ഭരിക്കപ്പെടുകയും ചെയ്യുന്നു.
ശാഹ് വലിയുല്ല തന്റെ സാമൂഹിക ചിന്തകളെല്ലാം തന്നെ വളരേ സൂക്ഷ്മമായ പരിശോധനക്കു ശേഷം മാത്രമേ സ്വീകരിച്ചിരുന്നുളളൂ. സാര്‍വലൗകികമായ കാരണങ്ങളെയാണ് അദ്ദേഹം തന്റെ അവലംബമാക്കി സ്വീകരിച്ചത്.
നഗര രാഷ്ട്രത്തിന്റെ ദൗത്യങ്ങള്‍ താഴെ പറയുന്നവയാണ്.
രാഷ്ട്രത്തിന്റെ പ്രതിരോധ മേഖലയെ സഹായിക്കുക, ഭക്ഷണ വിതരണം, വസ്ത്രം, കുടി വെളള വിതരണം, പാര്‍പ്പിട ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക, ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും. കൂടാതെ നായാട്ട്, മത്സ്യബന്ധനം തുടങ്ങിയവയും ഇതില്‍ പെടുന്നു.
തൊഴില്‍ തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ശാഹ് വലിയുല്ലയെ സംബന്ധിച്ചിടത്തോളം താഴെ പറയുന്ന ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. 1) കഴിവും അഭിരുചിയും 2) അവസരങ്ങളുടെ ലഭ്യത.
ഇങ്ങനെ സംഘടിപ്പിക്കപ്പെടുന്ന നഗര രാഷ്ട്രങ്ങള്‍ക്ക് ഐക്യം വളരെ പ്രധാനമാണ്. ഐക്യത്തെ ശാഹ് വലിയുല്ല സമൂഹ വികാസത്തിന്റെ നാലാം ഘട്ടമായും രാഷ്ട്രീയ സംഘങ്ങളുടെ വികാസത്തിന്റെ ആദ്യ ഘട്ടമായും വിശദീകരിക്കുന്നു. മനുഷ്യ സമൂഹത്തിന്റെ ഈ പരിണാമ ഘട്ടത്തില്‍ സമൂഹത്തില്‍ ചുമതലയെന്തെന്ന്് തിരിച്ചറിയപ്പെടുകയും അതിന് നേതൃത്വം നല്‍കുന്നയാളെ ഇമാം എന്നു വിളിക്കുകയും ചെയ്യുന്നു. ശാഹ് വലിയുല്ലയെ സംബന്ധിച്ചിടത്തോളം ഗവണ്‍മെന്റ് എന്നത് അല്ലാഹുവിന്റെ പ്രതിനിധിയായി ഭരണം നടത്തുന്നവയാണ്. ഗവണ്‍മെന്റിന്റെ രൂപീകരണം സമൂഹത്തെ അതിന്റെ നാലാമത്തെ പരിണാമ ഘട്ടത്തിലേക്കു നയിക്കുന്നു. ശാഹ് വലിയുല്ലാഹിയുടെ പ്രയോഗത്തില്‍ ഇതിനെ 'ഖിലാഫത്തെ ആമഃ' അഥവാ ആഗോളവല്‍ക്കരണം എന്നു വിളിക്കുന്നു. ദേശീയ ഗവണ്‍മെന്റുകള്‍ സംഘടിപ്പിക്കപ്പെട്ട് ഉന്നത തലത്തിലുളള ഒരു സാര്‍വ്വലൗകികതല ഗവണ്‍മെന്റ് രൂപീകരിക്കപ്പെടുന്നു എന്നതാണ് ഇര്‍തിഫാഖാതിന്റെ നാലാം ഘട്ടം.

സാമൂഹ്യ പരിണാമത്തിന്റെ നാലാം ഘട്ടം-ആഗോളീകൃത സാമൂഹ്യ വികസനം
സംസ്‌കാരം അതിന്റെ ഉന്നത തലത്തിലേക്കു വികസിക്കുമ്പോള്‍ സമൂഹ സുരക്ഷ, സമാധാനം, നീതി പാലനം എന്നിവക്കുളള രാഷ്ട്രീയ സഖ്യങ്ങള്‍ നിര്‍മിക്കപ്പെടുന്ന ബഹുസ്വരമായ ഒരു സമൂഹം ഉദയം ചെയ്യുന്നു. ഭൂമിശാസ്ത്രപരവും ആദര്‍ശപരവുമായ അതിര്‍ത്തികള്‍ മറികടന്നുളള വ്യത്യസ്ത സംസ്‌കാരങ്ങളുടെ സഹകരണം ഉറപ്പുവരുത്തുന്ന നഗര രാഷ്ട്രങ്ങളുടെ സംഘടിത രൂപമാണ് ശാഹ് വലിയുല്ലയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ സഖ്യം എന്ന ആശയം. ഈ ഭരണകൂടങ്ങളുടെ ഐക്യം സ്ഥാപിക്കപ്പെടുമ്പോള്‍ അവ ആത്മീയമായ അംശങ്ങളുളള ഒരൊറ്റ വ്യക്തിയെപ്പോലെ ആയിത്തീരുന്നു. ഈ ഒരൊറ്റ ശരീരമാകുന്ന ഭരണകൂടങ്ങളെ ചികിത്സിക്കുന്ന ഡോക്ടറാണ് ഇമാം. അതായത് ഇമാം എന്നതിലൂടെ ഒരു പ്രത്യേക വ്യക്തിയെ അല്ല ശാഹ് വലിയുല്ല അര്‍ഥമാക്കുന്നത്. മറിച്ച് ഇവയെ ഏകോപിപ്പിച്ചു ഭരിക്കുന്ന ഗവണ്‍മെന്റുകള്‍ക്കു സമമായാണ് അദ്ദേഹം അതിനെ പ്രയോഗിക്കുന്നത്.
രാഷ്ട്രത്തിന്റ സമ്പദ് ഘടനയെ വിശാലമാക്കുന്നതിനായി വ്യക്തിയെ പ്രോത്സാഹിപ്പിക്കലും ഗവണ്‍മെന്റിന്റെ ചുമതലയാണ്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ പൊതുവായി സാമ്പത്തിക വിഭവങ്ങളുടെ തുല്യമായ വിതരണം, ലാഭകരവും നീതിയുക്തവുമായ തൊഴിലുറപ്പ്, മറ്റു ധാര്‍മിക ച്യുതിയില്‍ നിന്നും സമൂഹത്തെ തടയല്‍ എന്നിങ്ങനെ മനസ്സിലാക്കാം.

ഉപസംഹാരം
മുകളില്‍ പറഞ്ഞ സിദ്ധാന്ത പ്രകാരം സമൂഹം സ്വയം പര്യാപ്തത കൈവരിക്കുന്നു. അല്ലാത്ത പക്ഷം സമൂഹം ജീര്‍ണതക്കും നാശത്തിനും വിധേയമാകുന്നു. ചുരുക്കത്തില്‍, മുകളില്‍ പറഞ്ഞ അഞ്ചു ശേഷികള്‍ സമൂഹത്തിനു നടപ്പില്‍ വരുത്താനായാല്‍ സമൂഹത്തിനു വികസനവും സമൃദ്ധിയും കൈവരിക്കാന്‍ സാധിക്കുന്നതാണ്. ഈ ആഗോളീകരണ കാലത്ത് സംശുദ്ധത, സദ്ഭരണം എന്നിവ കാഴ്ച വെക്കാന്‍ ശാഹ് വലിയുല്ല സൂചിപ്പിച്ച രീതികള്‍ അവലംബിക്കേണ്ടതുണ്ട്.
സമകാലിക സ്ത്രീ പ്രസ്ഥാനങ്ങളും പരിസ്ഥിതി പ്രസ്ഥാനങ്ങളും പീസ് മൂവ്‌മെന്റുകളുമെല്ലാം തന്നെ ശാഹ് വലിയുല്ലായുടെ സമൂഹ വികാസത്തിന്റെ നാലാം ഘട്ടത്തില്‍ വരുന്നു. ഡാര്‍വിനെപ്പോലെ അഗസ്‌റ്റെ കോംടെയും സമൂഹം നിശ്ചിത ദിശയിലൂടെ സഞ്ചരിക്കുകയും ചെറിയ ദിശയില്‍ നിന്നും വലിയ ദിശയിലേക്കു പോവുകയും ചെയ്യുന്നു എന്നു പറയുന്നുണ്ട്. ആധുനിക ശാസ്ത്ര പുരോഗതി ശാഹ് വലിയുല്ല സൂചിപ്പിച്ച ദിശയിലേക്കാണു പോയിക്കൊണ്ടിരിക്കുന്നത്. ദുര്‍ഖയിമിനെ സംബന്ധിച്ചിടത്തോളം സമൂഹം ചെറിയ അവസ്ഥകളില്‍ നിന്നും വളരേ സങ്കീര്‍ണമായ അവസ്ഥയിലേക്കു പോയിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ സിദ്ധാന്ത പ്രകാരം സമൂഹങ്ങള്‍ ഒരു പോലെയുളള ഘട്ടങ്ങള്‍ പിന്നിട്ട് സമാനമായ അന്ത്യത്തിലെത്തുന്നു. ഇതിനെ ഏകരേഖാ പരിണാമ വാദം എന്നു പറയുന്നു. എന്നാല്‍ പാര്‍സണെ(1902-1979)പോലെയുളള ബഹുരേഖാ പരിണാമ വാദികള്‍ സമൂഹത്തെ ഒരുതരം സന്തുലിത രൂപമായി മനസ്സിലാക്കുന്നു. സമൂഹത്തിലെ മാറ്റങ്ങള്‍ ഈ സന്തുലനത്തെ നിലനിര്‍ത്താനുളളതായിരിക്കും. എന്നാല്‍ ശാഹ് വലിയുല്ല സിദ്ധാന്തങ്ങള്‍ ഈ പരിണാമ വാദങ്ങളുമായി സാദ്യശ്യപ്പെടുന്നതല്ല.
(Interdisciplinary journal of contemporary research in businsseല്‍ ഡോ.ഹുസൈന്‍ മുഹമ്മദ്, ഡോ.സാഖിബ് ഷഹസാദ്, ഡോ.അബ്ദുല്‍ ഖദൂസ്, എസ്.എം റംസാന്‍, അമീര്‍ നവാസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് 2011 ഡിസംബറില്‍ പ്രസിദ്ധപ്പെടുത്തിയത്).
വിവ: അബ്ദുല്‍ അഹദ് തിരൂര്‍

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top