ഹദീസുകളുടെ സംരക്ഷണം പ്രവാചക കാലത്തും അതിനു ശേഷവും

മുഹമ്മദ് കാടേരി‌‌
img

അല്ലാഹു മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിന് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചു. അതിന്റെ വ്യാഖ്യാനവും പ്രയോഗവല്‍ക്കരണവും നിര്‍വഹിക്കാന്‍ മുഹമ്മദ് നബി(സ)യെ നിയോഗിക്കുകയും ചെയ്തു. ഖുര്‍ആന്‍ വചനങ്ങളും അവയുടെ ഉദ്ദേശ്യങ്ങളും ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കല്‍ നബി(സ)യുടെ മുഖ്യ കര്‍ത്തവ്യമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ''നാം ഈ ഉദ്‌ബോധനം താങ്കള്‍ക്കു അവതരിപ്പിച്ചുതന്നത് ജനങ്ങള്‍ക്ക് അവതീര്‍ണമായത് അവര്‍ക്ക് വിവരിച്ചുകൊടുക്കാനും അവര്‍ ചിന്തിക്കുന്നതിനും വേണ്ടിയാകുന്നു'' (അന്നഹ്ല്‍: 44). റസൂല്‍(സ) കല്‍പിച്ചതെന്തും സ്വീകരിക്കണമെന്നും അവിടുന്ന് നിരോധിച്ചതെന്തും വര്‍ജിക്കണമെന്നും അല്ലാഹു കല്‍പിച്ചിരിക്കുന്നു: ''റസൂല്‍ നിങ്ങള്‍ക്കു നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. അദ്ദേഹം ഏതൊന്നില്‍നിന്നു നിങ്ങളെ വിലക്കിയോ അതില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്യുക'' (അല്‍ഹശ്ര്‍: 7). അല്ലാഹുവോടുള്ള അനുസരണത്തോടു ചേര്‍ത്ത് പല ഖുര്‍ആന്‍ വചനങ്ങളിലും റസൂലി(സ)നോടുള്ള അനുസരണവും പരാമര്‍ശിച്ചിരിക്കുന്നു. താഴെ സൂക്തം ഉദാഹരണമാണ്: ''നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവിന്‍. നിങ്ങള്‍ക്കു കാരുണ്യം ലഭിച്ചേക്കും'' (ആലുഇംറാന്‍: 132). റസൂലിനെ അനുസരിക്കുന്നത് അല്ലാഹുവിനെ അനുസരിക്കല്‍ തന്നെയാണെന്നും അദ്ദേഹത്തെ സ്‌നേഹിക്കുന്നത് അല്ലാഹുവിനെ സ്‌നേഹിക്കലാണെന്നും അല്ലാഹു ഉണര്‍ത്തിയിരിക്കുന്നു: ''റസൂലിനെ ആര്‍ അനുസരിച്ചുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചിരിക്കുന്നു'' (അന്നിസാഅ്: 80). ''പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാണ്. നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും'' (ആലുഇംറാന്‍: 31).
ഈ നിര്‍ദേശങ്ങളുടെയെല്ലാം ഫലമായി ഇസ്‌ലാമിക ജീവിത പാതയില്‍ സ്വഹാബിമാര്‍ക്ക് നബി(സ)യെ ആശ്രയിക്കുകയല്ലാതെ നിര്‍വാഹമുണ്ടായിരുന്നില്ല. നബി(സ)യാകട്ടെ അവര്‍ക്കു ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശദീകരിച്ചുകൊടുത്തു. അവരുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുത്തു. ഭിന്നാഭിപ്രായങ്ങളില്‍ തീര്‍പ്പു കല്‍പിച്ചു. വഴക്കുകളില്‍ വിധി പ്രസ്താവിച്ചു. അവരോ, തിരുമേനി(സ)യുടെ കല്‍പനകളും നിര്‍ദേശങ്ങളും നിരോധനങ്ങളുമെല്ലാം അണുഅളവ് തെറ്റാതെ സ്വീകരിച്ചുപോന്നു. ആരാധനാ കര്‍മങ്ങളാകട്ടെ, ഇടപാടുകളാകട്ടെ, മറ്റേതു കാര്യമാകട്ടെ അതിലെല്ലാം അവര്‍ക്കു മാതൃക റസൂല്‍(സ) തന്നെ. നബിതിരുമേനിക്കു മാത്രം ബാധകമായ ചില പ്രത്യേക കാര്യങ്ങള്‍ മാത്രമേ ഇതില്‍നിന്ന് ഒഴിച്ചുനിര്‍ത്താവുന്നതായുള്ളൂ.

സ്വഹാബിമാരുടെ ഹദീസ് പഠനം
സ്വഹാബിമാരുമായി വളരെ ഇടകലര്‍ന്നുകൊണ്ടുള്ളതായിരുന്നു നബി(സ)യുടെ ജീവിതം. പള്ളിയിലും അങ്ങാടിയിലും വീട്ടിലും നാട്ടിലും യാത്രയിലുമെല്ലാം അവിടുന്ന് അവരുമായി സമ്പര്‍ക്കം പുലര്‍ത്തി. സ്വഹാബിമാരാകട്ടെ, വളരെ ആദരവോടും ജിജ്ഞാസയോടും കൂടി അവിടുത്തെ വാക്കുകളും പ്രവൃത്തികളും ഉള്‍ക്കൊണ്ട് അനുധാവനം ചെയ്യുമായിരുന്നു. കാരണം അവരുടെ മതപരവും ലൗകികവുമായ ജീവിതത്തിന്റെ അച്ചുതണ്ടായിരുന്നു നബി(സ). ജോലിത്തിരക്കുകള്‍ക്കിടയിലും തിരുമേനിയുടെ സദസ്സില്‍ അവര്‍ ഊഴം നിശ്ചയിച്ചു പങ്കെടുത്തിരുന്നത് ആ വിഷയത്തില്‍ അവരുടെ ജിജ്ഞാസ എത്ര തീവ്രമായിരുന്നുവെന്ന് തെളിയിക്കുന്നു. ഉമര്‍(റ) പ്രസ്താവിക്കുന്നു: ''ഞാനും ഉമയ്യതുബ്‌നു സൈദ് വംശജനായ എന്റെ ഒരു അയല്‍ക്കാരനും നബി(സ)യുടെ അടുക്കല്‍ ചെല്ലുന്നതിന് ഊഴം നിശ്ചയിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം പോകും. അടുത്ത ദിവസം ഞാനും. ഞാന്‍ പോയ ദിവസം ലഭിച്ച അറിവുകള്‍ അദ്ദേഹത്തിനു കൈമാറും. അദ്ദേഹം പോകുന്ന ദിവസത്തെ അറിവുകള്‍ എനിക്കും പകര്‍ന്നുതരും'' (ബുഖാരി). നബി(സ)യുടെ സുന്നത്ത് പഠിക്കാനും അവിടുത്തെ മാര്‍ഗദര്‍ശനങ്ങളും ജീവിത മാതൃകകളും പിന്തുടരാനുമുള്ള സ്വഹാബിമാരുടെ തീക്ഷ്ണമായ അഭിലാഷത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. മദീനയില്‍നിന്ന് അകലെ താമസിച്ചിരുന്ന ഗോത്രസമൂഹങ്ങള്‍ ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ പഠിച്ചറിയാന്‍ റസൂല്‍(സ) തിരുമേനിയുടെ അടുത്തേക്ക് തങ്ങളുടെ ദൂതന്മാരെ അയക്കലായിരുന്നു പതിവ്. അവര്‍ തിരിച്ചുവന്ന് മറ്റുള്ളവരെ പഠിപ്പിക്കും. കേവലം ഒരു കര്‍മശാസ്ത്രവിധി അന്വേഷിക്കുന്നതിനുപോലും ബഹുദൂരം സഞ്ചരിച്ച് നബിസന്നിധിയില്‍ അവര്‍ എത്തുമായിരുന്നു. ഉഖ്ബത്തുബ്‌നു നാഫിഇ(റ)ന്റെ അനുഭവം ഉദാഹരണമാണ്. അദ്ദേഹം പ്രസ്താവിച്ചതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു; ''തനിക്കും തന്റെ ഭാര്യക്കും ഞാന്‍ മുലകൊടുത്തിട്ടുണ്ടെന്ന് (ഇരുവരും മുലകുടി ബന്ധത്തില്‍ സഹോദരന്മാരാണെന്ന്) ഒരു സ്ത്രീ അദ്ദേഹത്തോട് പറയുകയുണ്ടായി. മക്കയിലായിരുന്ന അദ്ദേഹം ഉടനെ മദീനയിലേക്കു പുറപ്പെട്ടു. അവിടെ എത്തി നബി(സ)യെ കണ്ടു. ഒരാള്‍ ഒരു സ്ത്രീയെ അവള്‍ മുലകുടിബന്ധംവഴി തന്റെ സഹോദരിയാണെന്ന് അറിയാതെ വിവാഹം കഴിച്ചു. അനന്തരം ഇരുവര്‍ക്കും മുലകൊടുത്ത സ്ത്രീ ആ വിവരം അയാളെ അറിയിച്ചാല്‍ എന്താണ് 'വിധി'യെന്ന് അന്വേഷിച്ചു. അങ്ങനെ പറയപ്പെട്ടിരിക്കെ ബന്ധം എങ്ങനെ തുടരാനാണ് എന്നായിരുന്നു നബി(സ)യുടെ പ്രതികരണം. ഉടനെ അദ്ദേഹം അവളുമായി പിരിഞ്ഞ് മറ്റൊരു വിവാഹം കഴിച്ചു.''
ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിച്ചറിയാന്‍ ചില സ്വഹാബിമാര്‍ അവരുടെ ഭാര്യമാരെ നബിപത്‌നിമാരുടെ അടുത്തേക്ക് അയച്ചിരുന്നു. നബി(സ) തിരുമേനിയുടെ കുടുംബ ജീവിതത്തെപ്പറ്റി പത്‌നിമാര്‍ക്കാണല്ലോ കൂടുതല്‍ അറിയുക. നോമ്പുകാരന്‍ തന്റെ ഭാര്യയെ ചുംബിക്കുന്നത് സംബന്ധിച്ച് ചോദിക്കാന്‍ ഒരു സ്വഹാബി തന്റെ ഭാര്യയെ നബിപത്‌നി ഉമ്മുസലമ(റ)യുടെ അടുത്തേക്ക് അയച്ചതും നബി(സ) അങ്ങനെ ചെയ്യാറുണ്ടായിരുന്നുവെന്ന് അവര്‍ മറുപടി പറഞ്ഞതും അത്വാഉബ്‌നു യസാര്‍ ഉദ്ധരിച്ച ഹദീസിലുണ്ട് (മുവത്വ). സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെപ്പറ്റി ചോദിക്കാന്‍ ചില സ്വഹാബി വനിതകള്‍ നബി(സ)യുടെ പത്‌നിമാരെ സമീപിച്ചിരുന്നു. സ്ത്രീകളോട് നേരില്‍ പറയാന്‍ ലജ്ജ തോന്നുന്ന കാര്യങ്ങള്‍ സ്വപത്‌നിമാര്‍ മുഖേന നബി(സ) അവരെ അറിയിക്കുകയും ചെയ്തിരുന്നു. ഒരു സ്ത്രീവന്ന് താന്‍ ഋതുരക്തത്തില്‍നിന്ന് ശുദ്ധിയാകേണ്ടത് എങ്ങനെ എന്ന് നബി(സ)യോട് ചോദിച്ചു. അതിനു തിരുമേനി കൊടുത്ത മറുപടി അവര്‍ക്കു വേണ്ട പോലെ മനസ്സിലായില്ല. അതിനാല്‍ അതവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ അവിടുന്ന് ആഇശ(റ)യോട് കല്‍പിച്ചു (ബുഖാരി, മുസ്‌ലിം).
സ്വഹാബിമാര്‍ പല തരക്കാരായിരുന്നു. പട്ടണവാസികള്‍, ഗ്രാമവാസികള്‍, മരുഭൂവാസികള്‍, കച്ചവടക്കാര്‍, കര്‍ഷകര്‍ എന്നിങ്ങനെ പല മേഖലകളില്‍ വര്‍ത്തിക്കുന്നവരായിരുന്നു അവര്‍. അധികം ജോലി ചെയ്യാതെ ഇബാദത്തുകളില്‍ മുഴുകി ജീവിക്കുന്നവരായിരുന്നു ചിലര്‍. ചിലര്‍ മദീനയില്‍ തന്നെ കഴിഞ്ഞുകൂടുന്നവരാണെങ്കില്‍ മറ്റു ചിലര്‍ ധാരാളം യാത്ര ചെയ്യുന്നവരായിരുന്നു. നബി(സ)യാണെങ്കില്‍ വെള്ളിയാഴ്ചകള്‍ക്കും പെരുന്നാള്‍ ദിനങ്ങള്‍ക്കും പുറമെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമേ സ്വഹാബിമാരുടെ പൊതുസദസ്സില്‍വെച്ച് അധ്യാപനം നടത്തിയിരുന്നുള്ളൂ. ഇബ്‌നു മസ്ഊദ് (റ) നിവേദനം ചെയ്യുന്നു: ''ഞങ്ങള്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ സന്ദര്‍ഭോചിതമായി മാത്രമേ അവിടുന്ന് ഞങ്ങള്‍ക്ക് ഉപദേശം നല്‍കിയിരുന്നുള്ളൂ'' (ബുഖാരി). അതിനാല്‍ ഹദീസുകളുടെ പഠനത്തില്‍ അവര്‍ ഒരേ നിലവാരത്തിലായിരുന്നില്ല. അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി, ഇബ്‌നു മസ്ഊദ്(റ) തുടങ്ങി ആദ്യകാലത്ത് തന്നെ ഇസ്‌ലാമില്‍ പ്രവേശിച്ചവരും അബൂഹുറയ്‌റ, അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ്(റ) എന്നിവരെപ്പോലെ നബി(സ)യുമായി കൂടുതല്‍ ബന്ധപ്പെട്ടു കഴിഞ്ഞിരുന്നവരുമാണ് സ്വാഭാവികമായും ഹദീസുകളില്‍ കൂടുതല്‍ പരിജ്ഞാനമുള്ളവര്‍. എഴുതിയെടുക്കാന്‍ ശ്രമിച്ചവരും അങ്ങനെത്തന്നെ.

സുന്നത്തിന്റെ സംരക്ഷണം നബി(സ)യുടെ കാലത്ത്
മനഃപാഠമാക്കിയും എഴുതിവെച്ചും ഖുര്‍ആന്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ നബി(സ)യും സ്വഹാബിമാരും അതീവ ജാഗ്രത പുലര്‍ത്തിയിരുന്നുവെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല. നബി(സ) നിര്യാതനാകുമ്പോള്‍, ഏറ്റക്കുറവോ ക്രമഭംഗമോ കൂടാതെ ഖുര്‍ആന്‍ മനഃപാഠമാക്കിയ ധാരാളം സ്വഹാബിമാര്‍ ഉണ്ടായിരുന്നു. പലരും എഴുതി സൂക്ഷിച്ചിട്ടുമുണ്ടായിരുന്നു. എങ്കിലും ഖുര്‍ആന്റെ എല്ലാ ഭാഗങ്ങളും ക്രമപ്രകാരം ഒരു ഗ്രന്ഥത്തില്‍ സമാഹരിച്ചിട്ടുണ്ടായിരുന്നില്ല. ഈ ദൗത്യമാണ് അബൂബക്ര്‍(റ) തന്റെ ഖിലാഫത്ത് കാലത്ത് നിര്‍വഹിച്ചത്. എന്നാല്‍ സുന്നത്തിന്റെ സ്ഥിതി ഇതായിരുന്നില്ല. റസൂലി(സ)ന്റെ ജീവിതകാലത്തും ശേഷവും സുന്നത്ത് ഇസ്‌ലാമിന്റെ മൂലപ്രമാണമാണെങ്കിലും ഖുര്‍ആനെപ്പോലെ ഔപചാരികമായി എഴുതി സൂക്ഷിച്ചിരുന്നില്ല. അതിന്റെ കാരണം ഇവയാണ്:
1. നുബുവ്വത്തിനുശേഷം നബി(സ) സ്വഹാബിമാര്‍ക്കിടയില്‍ 23 വര്‍ഷം ജീവിച്ചു. ഇത്രയും കാലത്തെ വാക്കുകളും പ്രവൃത്തികളും എഴുതി സൂക്ഷിക്കുക വളരെ പ്രയാസകരമായിരുന്നു. വളരെ ആളുകള്‍ ഒന്നിച്ചിരുന്നാല്‍ കുറേ കാലം കൊണ്ടു ചെയ്തുതീര്‍ക്കാന്‍ സാധിക്കുന്ന കാര്യമാണത്. എഴുത്തറിയാവുന്നവര്‍ കുറവും അതിനുള്ള സൗകര്യങ്ങള്‍ വിരളവുമായിരുന്നു. ശരീഅത്തിന്റെ ഒന്നാമത്തെ മൂലപ്രമാണമെന്ന നിലയില്‍ ഒരക്ഷരം പോലും വ്യത്യാസപ്പെടാതെയും ഏറ്റക്കുറവില്ലാതെയും ഖുര്‍ആന്‍ സംരക്ഷിക്കേണ്ടതുള്ളതിനാല്‍ മുഴുശ്രദ്ധയും അത് രേഖപ്പെടുത്തുന്നതില്‍ കേന്ദ്രീകരിക്കേണ്ടിവന്നു.
2. അറബികള്‍ പൊതുവെ നിരക്ഷരരായിരുന്നതിനാല്‍ പഠിക്കുകയും മനഃപാഠമാക്കുകയും ചെയ്യുന്നതില്‍ തങ്ങളുടെ ഓര്‍മശക്തിയെയാണ് മിക്കവാറും അവലംബിച്ചിരുന്നത്. ഖുര്‍ആന്റെ അവതരണം സന്ദര്‍ഭോചിതം അല്‍പാല്‍പമായിരുന്നതിനാല്‍ അത് മനഃപാഠമാക്കലും എഴുത്തറിയുന്നവര്‍ക്ക് രേഖപ്പെടുത്തിവെക്കലും എളുപ്പമായിരുന്നു. നബി(സ)യുടെ നിയോഗം മുതല്‍ കാലവിയോഗം വരെയുള്ള വാക്കുകളും പ്രവൃത്തികളുമെല്ലാം ഉള്‍ക്കൊള്ളുന്നതും അതിവിപുലവുമാണ് സുന്നത്ത്. പലപ്പോഴായി വിവിധ സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്നതൊക്കെ എഴുതി സൂക്ഷിക്കല്‍ അപ്രായോഗികമായിരുന്നു. എഴുതിയെടുത്താല്‍ തന്നെ ഖുര്‍ആന്‍ പോലെ ഹദീസുകളും മനഃപാഠമാക്കുന്നതിലേക്കു ശ്രദ്ധതിരിക്കാനും നബിവചനങ്ങള്‍ അറിയാതെ ഖുര്‍ആന്‍ വചനങ്ങളുമായി കൂടിക്കലരാനും ഇടയുണ്ട്. ഇക്കാരണത്താല്‍ ആദ്യകാലത്ത് നബിവചനങ്ങള്‍ രേഖപ്പെടുത്തുന്നതില്‍നിന്ന് നബി(സ) സ്വഹാബിമാരെ വിലക്കിയിരുന്നു. അബൂസഈദില്‍ ഖുദ്‌രി നിവേദനം ചെയ്യുന്നു: നബി(സ) അരുളി: ''നിങ്ങള്‍ എന്നില്‍നിന്ന് യാതൊന്നും എഴുതിവെക്കരുത്. ഖുര്‍ആനല്ലാത്തത് ആരെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അത് മായ്ച്ചുകളയണം.'' (മുസ്‌ലിം).
എന്നാല്‍ നബി(സ) തിരുമേനിയുടെ കാലത്ത് തന്നെ ചില സ്വഹാബിമാര്‍ ഹദീസുകള്‍ എഴുതിവെക്കാറുണ്ടായിരുന്നുവെന്നത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാകുന്നു. ചില ഉദാഹരണങ്ങള്‍: ബനൂലൈസ് ഗോത്രം ഖുസാഅഃ ഗോത്രത്തില്‍പെട്ട ഒരാളെ വധിച്ചതിനു പ്രതികാരമായി മക്കാ വിജയ വര്‍ഷം ഖുസാഅഃ ഗോത്രക്കാര്‍ ബനൂലൈസില്‍നിന്ന് ഒരാളെ വധിച്ചു. ഈ വിവരം നബി(സ) അറിഞ്ഞപ്പോള്‍ തന്റെ വാഹനപ്പുറത്തിരുന്ന് ഒരു പ്രസംഗം ചെയ്തു. അതില്‍ മക്കയുടെ പവിത്ര പദവിയെക്കുറിച്ചും കൊലപാതകത്തില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും തിരുമേനി വിവരിച്ചിരുന്നു. തദവസരം യമന്‍കാരനായ അബൂശാഹ് എഴുന്നേറ്റു പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഇക്കാര്യങ്ങള്‍ എനിക്ക് എഴുതിത്തന്നാലും.' അവിടുന്ന് ആജ്ഞാപിച്ചു: 'അബൂശാക്ക് എഴുതിക്കൊടുക്കുവിന്‍' (ബുഖാരി, തിര്‍മിദി, അഹ്മദ്, ദാരിമി).
ഇസ്‌ലാമിലേക്കു ക്ഷണിച്ചുകൊണ്ട് നബി(സ) പല രാജാക്കന്മാര്‍ക്കും നേതാക്കള്‍ക്കും കത്തുകള്‍ അയച്ചിരുന്നു. ചില പ്രദേശങ്ങളിലേക്ക് സൈന്യങ്ങളെ അയക്കുമ്പോള്‍ അവരെ വായിച്ചുകേള്‍പ്പിക്കാന്‍ കല്‍പിച്ചുകൊണ്ട് സൈനിക നായകന്മാരുടെ അടുക്കല്‍ തിരുമേനി എഴുത്തുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഈ എഴുത്തുകളുടെ ഉള്ളടക്കം സുന്നത്ത് തന്നെയാണല്ലോ. ചില സ്വഹാബിമാര്‍ നബി(സ)യില്‍നിന്ന് വിവരങ്ങള്‍ എഴുതിയെടുക്കല്‍ പതിവുണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു അംറ്(റ) അത്തരത്തില്‍പെട്ട ഒരു ഏട് തന്നെ സൂക്ഷിച്ചിരുന്നു. അതിന് സ്വാദിഖഃ(സത്യം പറയുന്നത്) എന്ന് നാമകരണവും നല്‍കിയിരുന്നു. അബൂഹുറയ്‌റഃ(റ) പ്രസ്താവിക്കുന്നു: ''റസൂലിന്റെ ഹദീസിനെക്കുറിച്ച് അബ്ദുല്ലാഹിബ്‌നു അംറ് അല്ലാതെ എന്നേക്കാള്‍ അറിവുള്ളവര്‍ ഉണ്ടായിരുന്നില്ല. കാരണം അദ്ദേഹം എഴുതിവെക്കുമായിരുന്നു. ഞാന്‍ എഴുതിയിരുന്നില്ല'' (അഹ്മദ്, ബൈഹഖി- 'അല്‍മദ്ഖല്‍' എന്ന കൃതിയില്‍). അബ്ദുല്ലാഹിബ്‌നു അംറ് ഹദീസുകള്‍ എഴുതിയെടുക്കുന്നതു കണ്ട ചില സ്വഹാബിമാര്‍ അദ്ദേഹത്തെ ഇപ്രകാരം ഗുണദോഷിക്കുകയുണ്ടായി: ''റസൂല്‍(സ) പറയുന്നതെല്ലാം താങ്കള്‍ എഴുതിവെക്കുന്നു. റസൂല്‍(സ) ചിലപ്പോള്‍ ദേഷ്യപ്പെടാനും തദവസരം പൊതുനിയമമാകാനിടയില്ലാത്ത വല്ല കാര്യവും സംസാരിക്കാനും സാധ്യതയുണ്ട്.'' അബ്ദുല്ലാഹിബ്‌നു അംറ്(റ) അവര്‍ പറഞ്ഞകാര്യം അറിയിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: ''താങ്കള്‍ എഴുതിക്കൊള്ളുക. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ! എന്റെ വായില്‍നിന്ന് യാഥാര്‍ഥ്യമല്ലാതെ പുറത്തുവരികയില്ല'' (ജാമിഉ ബയാനില്‍ ഇല്‍മ്). കൊലപാതകത്തിനു നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത രക്തബന്ധുക്കളില്‍ അര്‍പ്പിതമാണെന്നും മറ്റുമുള്ള വിധികള്‍ അടങ്ങുന്ന ഒരു ഏട് അലി(റ)യുടെ പക്കല്‍ ഉണ്ടായിരുന്നതായും റസൂല്‍(സ) തന്റെ ചില ഉദ്യോഗസ്ഥന്മാര്‍ക്ക് ആടുകളുടെയും ഒട്ടകങ്ങളുടെയും സകാത്തിന്റെ കണക്കുകള്‍ എഴുതി നല്‍കിയതായും ഇബ്‌നു അബ്ദില്‍ ബര്‍റ് ഉദ്ധരിച്ചിട്ടുണ്ട്.
ഹദീസുകള്‍ എഴുതിവെക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നബിവചനവും അതിനു അനുവാദം നല്‍കിയതായി സൂചിപ്പിക്കുന്ന ഉപര്യുക്ത നിവേദനങ്ങളും തമ്മില്‍ വൈരുധ്യമില്ല. ആദ്യം അത് നിരോധിക്കുകയും പിന്നീട് അനുവാദം നല്‍കി പ്രസ്തുത നിരോധം എടുത്തുകളയുക (നസ്ഖ് ചെയ്യുക)യും ചെയ്തുവെന്നാണ് ഇരുനിവേദനങ്ങളെയും വിലയിരുത്തി അധിക പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്. എഴുതിവെക്കുമ്പോള്‍ ഖുര്‍ആനും നബിവചനങ്ങളും തമ്മില്‍ തിരിച്ചറിയാനാവാതെ അബദ്ധത്തില്‍ അകപ്പെടാന്‍ സാധ്യതയുള്ളവരോടാണ് നിരോധമെന്നും അങ്ങനെ സംഭവിക്കുകയില്ലെന്ന് വിശ്വസിക്കാവുന്നവര്‍ക്ക് മാത്രമായിരുന്നു അനുവാദമെന്നുമാണ് ചില പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചത്. ഖുര്‍ആന്‍പോലെ ഔപചാരികമായ നിലക്കും പൊതുവായ അര്‍ഥത്തിലും ഹദീസുകള്‍ രേഖപ്പെടുത്തുന്നതിനാണ് വിലക്കെന്നും അനുവാദം പ്രത്യേക പരിതഃസ്ഥിതിയിലും നിര്‍ണിത വ്യക്തികള്‍ക്കുമായിരുന്നുവെന്നും മനസ്സിലാക്കാവുന്നതാണ്. നബി(സ) തിരുമേനിയുടെ ജീവിതാന്ത്യവേളയില്‍ രോഗം കഠിനമായ സന്ദര്‍ഭത്തില്‍ അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: ''എനിക്ക് ഒരു താള്‍ കൊണ്ടുവന്നു തരുവിന്‍. എനിക്കു ശേഷം നിങ്ങള്‍ ഒരിക്കലും വഴിപിഴച്ചുപോകാതിരിക്കാന്‍ ഉതകുന്ന ഒരു എഴുത്ത് ഞാന്‍ എഴുതിത്തരാം'' എന്നാല്‍ തിരുമേനിക്കു രോഗം വളരെ കഠിനമാണെന്നും നമ്മുടെ പക്കല്‍ ഖുര്‍ആനുണ്ടല്ലോ എന്നും പറഞ്ഞ് ഉമര്‍(റ) അത് തടയുകയായിരുന്നുവെന്ന് ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. ഹദീസുകള്‍ എഴുതിവെക്കുന്നതിനുള്ള വിലക്ക് ആദ്യകാലത്തായിരുന്നുവെന്നും പിന്നീടത് അനുവദിച്ചുവെന്നുമുള്ള ഭൂരിപക്ഷാഭിപ്രായത്തിന് പിന്‍ബലമേകുന്നു ഈ ഹദീസ്.

സുന്നത്തിന്റെ സംരക്ഷണവും പ്രചാരവും നബി(സ)ക്കു ശേഷം
നബി(സ)യുടെ ജീവിത കാലത്ത് അവിടുത്തെ കല്‍പനകളും ചര്യകളും പിന്‍പറ്റല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുള്ളപോലെ, അവിടുത്തെ കാലശേഷവും അവയെ പിന്‍പറ്റല്‍ മുസ്‌ലിംകളുടെ മേല്‍ നിര്‍ബന്ധമാകുന്നു. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വാക്യങ്ങള്‍ തന്നെയാണ് അതിനു തെളിവ്. കാരണം അവയിലടങ്ങിയ കല്‍പന പൊതുവായുള്ളതാണ്. ഒരു കാലഘട്ടത്തെയോ ജനവിഭാഗത്തെയോ മാത്രം ഉദ്ദേശിച്ചുള്ളതല്ല. നബി(സ)യുടെ കാലശേഷവും അവിടുത്തെ സുന്നത്ത് പിന്‍പറ്റല്‍ നിര്‍ബന്ധമാണെന്നു കുറിക്കുന്ന ഹദീസുകളും ധാരാളമുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം തികഞ്ഞ ബോധ്യം സ്വഹാബിമാര്‍ക്കുണ്ടായിരുന്നു. അതിനാല്‍ നബി(സ)യുടെ നിര്‍ദേശങ്ങളും കര്‍മമാതൃകകളും സസൂക്ഷ്മം പിന്തുടരുന്നതില്‍ അവര്‍ നിഷ്‌കര്‍ഷ പുലര്‍ത്തി. ഭരണമേറ്റശേഷം ജനങ്ങളെ അഭിമുഖീകരിച്ച് ആദ്യമായി നടത്തിയ പ്രഭാഷണത്തില്‍ അബൂബക്ര്‍(റ) പ്രസ്താവിച്ചു: ''ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന കാലത്തോളം നിങ്ങള്‍ എന്നെ അനുസരിക്കുവിന്‍'' (ത്വബരി). തങ്ങള്‍ അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്‌നത്തിന്റെയും പരിഹാരം ഖുര്‍ആനില്‍ ഇല്ലെങ്കില്‍ നബിചര്യയില്‍ അത് അന്വേഷിക്കുക അബൂബക്ര്‍ സ്വിദ്ദീഖ് ഉള്‍പ്പെടെ മുഴുവന്‍ ഖുലഫാഉര്‍റാശിദൂന്റെയും പതിവായിരുന്നു. ഹദീസ് ലഭിച്ചാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കും. അതോടൊപ്പം ഖുര്‍ആന്‍ പോലെ നബിചര്യയും അടുത്ത തലമുറകള്‍ക്ക് കൈമാറേണ്ടത് തങ്ങളില്‍ അര്‍പ്പിതമായ ബാധ്യതയാണെന്ന് സ്വഹാബത്ത് മനസ്സിലാക്കിയിരുന്നു. തന്റെ ചര്യ വരും തലമുറകള്‍ക്ക് എത്തിച്ചുകൊടുക്കണമെന്ന് അവരോട് വസ്വിയ്യത്ത് ചെയ്ത ശേഷമാണ് നബി(സ) ഭൗതികലോകത്തുനിന്ന് വിടവാങ്ങിയത്. 'നിങ്ങളില്‍ ഹാജറുള്ളവന്‍ ഹാജറില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ' എന്ന നബി(സ)യുടെ ഹജ്ജത്തുല്‍ വദാഇലെ പ്രഭാഷണവാചകം ഏറെ പ്രശസ്തമാണ് (ജാമിഉ ബയാനില്‍ ഇല്‍മ്). നബി(സ) പ്രസ്താവിച്ചതായി സൈദുബ്‌നു സാബിത്(റ) നിവേദനം ചെയ്യുന്നു: 'എന്റെ വചനം കേള്‍ക്കുകയും ഗ്രഹിക്കുകയും മനഃപാഠമാക്കുകയും ചെയ്തശേഷം താന്‍ കേട്ടതുപോലെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന മനുഷ്യനെ അല്ലാഹു പ്രശോഭിതനാക്കട്ടെ. മറ്റുള്ളവരില്‍നിന്നത് ലഭിക്കുന്ന എത്രയോ പേര്‍ നേരില്‍ കേട്ടവനേക്കാള്‍ ഗ്രഹിക്കുന്നവരായുണ്ട്'(അബൂദാവൂദ്, തിര്‍മിദി). അതിനാല്‍ കാലാന്തരേണ അവര്‍ വിവിധ നാടുകളില്‍ പോയി താമസിക്കുകയും ഹദീസുകളും മറ്റു ദീനീ വിജ്ഞാനങ്ങളും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. പിന്മുറക്കാരായ താബിഉകള്‍ ഹദീസ് പഠിക്കാന്‍ അവരെ സമീപിക്കുകയും അതിനുവേണ്ടി ദീര്‍ഘയാത്രകള്‍ നടത്തുകയും ചെയ്തു. ഇതുവഴി ഹദീസുകള്‍ സംരക്ഷിക്കപ്പെടുകയും സമൂഹത്തില്‍ പ്രചരിക്കുകയുമുണ്ടായി.
ഹദീസുകള്‍ ഉദ്ധരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വിഷയത്തില്‍ സ്വഹാബികള്‍ എല്ലാവരും ഒരേ നിലവാരത്തിലായിരുന്നില്ല. ധാരാളമായി ഹദീസുകള്‍ ഉദ്ധരിച്ചവരും കുറഞ്ഞ തോതില്‍ മാത്രം നിവേദനം ചെയ്തവരും അവരില്‍ ഉണ്ടായിരുന്നു. സുബൈറുബ്‌നുല്‍ അവ്വാം, സൈദുബ്‌നു അര്‍ഖം, ഇംറാനുബ്‌നു ഹുസൈ്വന്‍ തുടങ്ങിയവര്‍ കുറച്ചുമാത്രം ഹദീസുകള്‍ നിവേദനം ചെയ്തവരാണ്. അബ്ദുല്ലാഹിബ്‌നുസ്സുബൈര്‍ തന്റെ പിതാവിനോട് ചോദിച്ചു: ''ഇന്നയാളുകള്‍ ചെയ്യുന്നപോലെ നിങ്ങള്‍ നബി(സ)യില്‍നിന്ന് ഹദീസ് ഉദ്ധരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നില്ലല്ലോ.'' അദ്ദേഹം പറഞ്ഞു: ''അറിയുക, ഞാന്‍ നബിതിരുമേനിയെ വേര്‍പിരിയാറില്ലായിരുന്നു. എന്നാല്‍ അവിടുന്ന് ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: എന്റെ പേരില്‍ ആരെങ്കിലും ബോധപൂര്‍വം കളവ് പറഞ്ഞാല്‍ അവന്‍ തന്റെ താവളം നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ'' (ബുഖാരി). ഇബ്‌നുമാജ തന്റെ സുനനില്‍ ഉദ്ധരിക്കുന്നു. ഞങ്ങള്‍ക്ക് ഹദീസുകള്‍ പറഞ്ഞുതരണമെന്ന് ആളുകള്‍ സൈദുബ്‌നുല്‍ അര്‍ഖമിനോട് പറയുമായിരുന്നു. തദവസരം അദ്ദേഹം പറയും: ''ഞങ്ങള്‍ക്ക് വയസ്സാവുകയും മറവി ബാധിക്കുകയും ചെയ്തിരിക്കുന്നു. റസൂലി(സ)ല്‍നിന്ന് ഹദീസുകള്‍ ഉദ്ധരിക്കുന്നത് ഗൗരവാവഹമായ കാര്യമാണ്.'' സാഇബു ബ്‌നു യസീദ് പറയുന്നു: ''മദീനയില്‍നിന്ന് മക്കയിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ സഅ്ദുബ്‌നു മാലികി(റ) നോടൊപ്പമുണ്ടായിരുന്നു. നബി(സ)യില്‍നിന്ന് ഒരു ഹദീസ് പോലും അദ്ദേഹം ഉദ്ധരിക്കുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായില്ല.'' അനസുബ്‌നു മാലിക്(റ) നബി(സ)യില്‍നിന്ന് ഹദീസ് ഉദ്ധരിച്ചാല്‍  (അല്ലെങ്കില്‍ അവിടുന്ന് പറഞ്ഞ പ്രകാരം) എന്നു കൂടി പറയുമായിരുന്നു. നബി(സ)യെ ഉദ്ധരിക്കുന്നതില്‍ കളവ് സംഭവിക്കുന്നത് പേടിച്ചായിരുന്നു അത്.
സുബൈറിനെയും സൈദുബ്‌നുല്‍ അര്‍ഖമിനെയും പോലെ ചില സ്വഹാബിമാര്‍ ഹദീസുകളുടെ നിവേദനം ചുരുക്കാനുള്ള കാരണം മേല്‍ ഉദ്ധരണികളില്‍നിന്നുതന്നെ മനസ്സിലാക്കാം. തങ്ങള്‍ ഉദ്ദേശിക്കാത്തവിധം അതില്‍ വല്ല അബദ്ധവും വന്നുപോകുമോ എന്ന ഭയമായിരുന്നു അത്. നബി(സ)യില്‍നിന്നു കേട്ട അതേ വാക്കുകളില്‍ തന്നെ നിവേദനം ചെയ്യാനാകുമെന്ന് അവര്‍ക്ക് ഉറപ്പുവരുത്താന്‍ കഴിഞ്ഞിരുന്നില്ല. അല്ലാഹുവിന്റെ ദീനില്‍ സൂക്ഷ്മത പാലിക്കേണ്ടതിനാല്‍ ഹദീസുകളുടെ നിവേദനം ചുരുക്കുകയാണ് തങ്ങള്‍ക്ക് അഭികാമ്യമെന്ന് അവര്‍ കരുതി.
എന്നാല്‍ ഹദീസുകള്‍ ധാരാളമായി നിവേദനം ചെയ്തവര്‍ സ്വഹാബിമാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അബൂഹുറയ്‌റഃ(റ) ഉദാഹരണമാണ്. അദ്ദേഹം വിജ്ഞാനത്തിന്റെ ഒരു ഭണ്ഡാരമായിരുന്നു. അദ്ദേഹം നിവേദനം ചെയ്ത ഹദീസുകള്‍ ജനമനസ്സുകളിലും ജ്ഞാനവേദികളിലും നിറഞ്ഞുനിന്നു. ഇബ്‌നു അബ്ബാസ്(റ) മറ്റൊരു ഉദാഹരണമാണ്. നബി(സ) വഫാത്താകുമ്പോള്‍ ചെറുപ്പമായിരുന്ന അദ്ദേഹം മുതിര്‍ന്ന സ്വഹാബിമാരെ സമീപിച്ച് ഹദീസ് പഠിക്കുകയും അതിനായി കഠിന പ്രയത്‌നം നടത്തുകയും ചെയ്തു. അദ്ദേഹം പറഞ്ഞതായി ഇബ്‌നു അബ്ദില്‍ ബര്‍റ് നിവേദനം ചെയ്യുന്നു: ''നബി(സ)യുടെ സ്വഹാബിമാരില്‍ ഒരാളുടെ വശം ഹദീസ് ഉള്ളതായി എനിക്കു വിവരം ലഭിക്കും. എനിക്കു വേണമെങ്കില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരാളെ അയക്കാനും അദ്ദേഹം ഹദീസ് ശേഖരിച്ച് എനിക്ക് പറഞ്ഞുതരാനും സാധിക്കുമായിരുന്നു. പക്ഷേ, ഞാന്‍ തന്നെ അദ്ദേഹത്തിന്റെ അടുത്തേക്കു പോകും. അദ്ദേഹം വീട്ടില്‍നിന്നു പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കും. പിന്നീട് അദ്ദേഹം വരുമ്പോള്‍ ഹദീസ് ചോദിച്ചു പഠിക്കുകയായിരുന്നു പതിവ്'' (ജാമിഉ ബയാനില്‍ ഇല്‍മ്). ഈ വിധം ക്ലേശമനുഭവിച്ച് ഹദീസുകള്‍ ശേഖരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഉത്സുകനായിരുന്നു ഇബ്‌നു അബ്ബാസ്(റ).
സ്വഹാബിമാരില്‍ ധാരാളം ഹദീസുകള്‍ നിവേദനം ചെയ്തവര്‍ ഉണ്ടായിരുന്നുവെങ്കിലും അബൂബക്‌റി(റ)ന്റെയും ഉമറി(റ)ന്റെയും ഭരണകാലത്ത് അത് കുറഞ്ഞ തോതിലേ നടന്നിരുന്നുള്ളൂ. ഒരുവശത്ത് ഹദീസുകളുടെ നിവേദനത്തില്‍ സൂക്ഷ്മത പുലര്‍ത്താനും മറുവശത്ത് ഖുര്‍ആന്റെ പഠനത്തിന് കൂടുതല്‍ പരിഗണന നല്‍കാനും ജനങ്ങളെ പ്രേരിപ്പിക്കല്‍ അവരുടെ നയമായിരുന്നു. ഖുര്‍ആനിന്റെ അവതരണം പൂര്‍ത്തിയാകുന്നത് നബി(സ)യുടെ വഫാത്തോടു കൂടിയാണല്ലോ. യാതൊരു മാറ്റവും ക്രമഭംഗവും കൂടാതെ ഖുര്‍ആന്‍ സംരക്ഷിക്കുകയും ജനമധ്യേ പ്രചരിപ്പിക്കുകയും ചെയ്യേണ്ട കാലമാണത്. ഹദീസുകള്‍ കൂടുതല്‍ ഉദ്ധരിക്കുന്നത് ജനശ്രദ്ധ ഖുര്‍ആനില്‍നിന്ന് ഹദീസിലേക്കു തിരിയാനിടയാക്കും. നിവേദനങ്ങളുടെ ആധിക്യം സൂക്ഷ്മതക്കുറവിനും ഹദീസുകളില്‍ അബദ്ധങ്ങള്‍ വന്നുചേരാനും നിമിത്തമാവുകയും ചെയ്യും. ഇക്കാരണത്താല്‍ സ്വഹാബിമാര്‍ ഹദീസുകള്‍ അധികമായി നിവേദനം ചെയ്യരുതെന്ന് ഉമര്‍(റ) ആഗ്രഹിച്ചു. ഖറളത്തുബ്‌നു കഅ്ബ്(റ) പറഞ്ഞതായി ഇമാം ശഅ്ബി ഉദ്ധരിക്കുന്നു: ഞങ്ങള്‍ ഇറാഖിലേക്കു പുറപ്പെട്ടതായിരുന്നു. അപ്പോള്‍ ഉമര്‍(റ) സ്വിറാര്‍ വരെ ഞങ്ങളോടൊപ്പം സഞ്ചരിച്ചു. അവിടെവെച്ച് അദ്ദേഹം വുദൂഅ് ചെയ്യാനൊങ്ങി. രണ്ട് അവയവങ്ങള്‍ കഴുകിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളോട് ചോദിച്ചു: ''ഞാന്‍ നിങ്ങളുടെ കൂടെ വന്നത് എന്തിനാണെന്നറിയുമോ?'' ഞങ്ങള്‍ പറഞ്ഞു: ''അതേ, ഞങ്ങള്‍ റസൂലി(സ)ന്റെ അനുചരന്മാരാണ്. അതിനാല്‍ താങ്കള്‍ ഞങ്ങളോടൊപ്പം വന്നു.'' ഉമര്‍(റ) പറഞ്ഞു: ''നിങ്ങള്‍ ഒരു നാട്ടുകാരിലേക്കു ചെന്നെത്തുകയാണ്. തേനീച്ചയുടെ മുഴക്കം പോലെ ഖുര്‍ആന്‍ പാരായണത്തിന്റെ ധ്വനി അവര്‍ക്കുണ്ടാകും. നിങ്ങള്‍ ഹദീസുകള്‍ കൊണ്ട് അതില്‍നിന്നവരെ തടയരുത്. അവരെ ഹദീസുകളില്‍ വ്യാപൃതരാക്കുകയുമരുത്. ഖുര്‍ആന്‍ നന്നായി പഠിപ്പിക്കുക. നബി(സ)യില്‍നിന്നുള്ള നിവേദനങ്ങള്‍ കുറക്കുക. ഇനി പോകൂ! നിങ്ങള്‍ക്കു സഹകാരിയായി ഞാനുണ്ട്'' അങ്ങനെ ഖറളഃ(റ) ഇറാഖിലെത്തിയപ്പോള്‍ അന്നാട്ടുകാര്‍ പറഞ്ഞു: ''ഞങ്ങളെ ഹദീസ് പഠിപ്പിച്ചാലും!'' അദ്ദേഹം പറഞ്ഞു: ''ഉമര്‍(റ) ഞങ്ങളെ വിലക്കിയിരിക്കുന്നു'' (ജാമിഉ ബയാനില്‍ ഇല്‍മ്). അബൂഹുറയ്‌റഃ(റ)യുടെ പ്രസ്താവനയും ഉമറി(റ)ന്റെ പ്രസ്തുത നിലപാടിനെയാണ് സൂചിപ്പിക്കുന്നത്. 'ഉമറി(റ)ന്റെ കാലത്ത് താങ്കള്‍ ഇവ്വിധം ഹദീസുകള്‍ നിവേദനം ചെയ്യുമായിരുന്നോ?' എന്നു ചോദിച്ചപ്പോള്‍ അബൂഹുറയ്‌റഃ(റ) പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്ക് ഹദീസ് ഉദ്ധരിച്ചുതരുന്നപോലെ ഉമറി(റ)ന്റെ കാലത്ത് ഹദീസ് ഉദ്ധരിച്ചിരുന്നുവെങ്കില്‍ അദ്ദേഹം തന്റെ ചാട്ടവാര്‍ കൊണ്ട് എന്നെ പ്രഹരിക്കുമായിരുന്നു' (ജാമിഉ ബയാനില്‍ ഇല്‍മ്).
എന്നാല്‍ ഹദീസുകള്‍ നിവേദനം ചെയ്യുന്നത് ഉമര്‍(റ) തീര്‍ത്തും നിരോധിച്ചുവെന്ന് ഇതിനര്‍ഥമില്ല. ഹദീസ് നിവേദന വിഷയത്തില്‍ സൂക്ഷ്മതക്കുറവ് വരുന്നതിനെയും ഹദീസുകളില്‍ അബദ്ധവും വ്യാജവും കലരുന്നതിനെയും പ്രതിരോധിക്കലായിരുന്നു ഉമറി(റ)ന്റെ ലക്ഷ്യം. ഹദീസുകള്‍ ഉദ്ധരിക്കാന്‍ ഉമര്‍(റ) തന്നെ അബൂഹുറയ്‌റഃ(റ)യെ അനുവദിച്ചുവെന്ന് കുറിക്കുന്ന റിപ്പോര്‍ട്ടുണ്ട്. അതുകൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് ഉമറി(റ)ന്റെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമാവുക. അബൂഹുറയ്‌റഃ(റ) ധാരാളമായി ഹദീസുകള്‍ നിവേദനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹവും ഉമറും(റ) തമ്മില്‍ ഇപ്രകാരം ഒരു സംഭാഷണം നടന്നു: ഉമര്‍(റ): ''നബി(സ) ഇന്ന സ്ഥലത്തായിരുന്നപ്പോള്‍ താങ്കള്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നോ?'' അബൂഹുറയ്‌റഃ(റ): ''അതേ, 'ആരെങ്കിലും എന്റെ പേരില്‍ മനഃപൂര്‍വം കളവു പറഞ്ഞാല്‍ അവന്‍ തന്റെ താവളം നരകത്തില്‍ സജ്ജീകരിച്ചുകൊള്ളട്ടെ' എന്ന് നബി(സ)  പറഞ്ഞത് ഞാന്‍ കേള്‍ക്കുകയുണ്ടായി.'' ഉമര്‍(റ): ''താങ്കള്‍ അത് ഓര്‍ക്കുന്നുവെങ്കില്‍ പോയി ഹദീസുകള്‍ നിവേദനം ചെയ്യുക.''
ഹദീസുകള്‍ ഉദ്ധരിച്ചത് കാരണം ഇബ്‌നു മസ്ഊദ്, അബുദ്ദര്‍ദാഅ്, അബൂദര്‍റ്(റ) എന്നീ മൂന്ന് പ്രമുഖ സ്വഹാബിമാരെ ഉമര്‍(റ) തടവിലിട്ടതായി ഒരു റിപ്പോര്‍ട്ട് ചിലയാളുകള്‍ക്കിടയില്‍ പ്രചരിച്ചിട്ടുണ്ട്. ഇബ്‌നു ഹസ്മിന്റെ 'അല്‍ഇഹ്കാമി'ല്‍ ഒഴികെ മറ്റു പരിഗണനാര്‍ഹമായ ഗ്രന്ഥങ്ങളിലൊന്നും ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കണ്ടിട്ടില്ല. ഇബ്‌നു ഹസ്മാകട്ടെ അതിന്റെ നിവേദക പരമ്പര കണ്ണിയറ്റതും വ്യാജ നിര്‍മിതിയുമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. പ്രസ്തുത റിപ്പോര്‍ട്ട് ശരിയാണെന്ന് വന്നാല്‍ അതിന്റെ താല്‍പര്യം രണ്ടിലൊന്നാവനേ തരമുള്ളൂ. ഒന്നുകില്‍ ഉമര്‍(റ) പ്രസ്തുത സ്വഹാബിമാരെ തെറ്റിദ്ധരിച്ചിരിക്കണം. അല്ലെങ്കില്‍ ഹദീസ് നിവേദനം ചെയ്യുന്നത് അദ്ദേഹം തടഞ്ഞുവെന്നും അത് മൂടിവെക്കാന്‍ അദ്ദേഹം നിര്‍ബന്ധിച്ചുവെന്നും മനസ്സിലാക്കണം. ഇതിലേതെങ്കിലുമൊന്ന് ഉമറി(റ)നെ സംബന്ധിച്ച് വിചാരിക്കാന്‍ ഒരു ന്യായവുമില്ല. ഇബ്‌നു മസ്ഊദ് മഹാനായ സ്വഹാബിയും ആദ്യകാലത്തു തന്നെ ഇസ്‌ലാം സ്വീകരിച്ച വ്യക്തിയുമാണ്. ഉമര്‍(റ) അദ്ദേഹത്തെ ജനങ്ങള്‍ക്ക് ദീന്‍ പഠിപ്പിക്കുന്നതിനായി ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. തത്സമയം അദ്ദേഹം ഇറാഖുകാരെ ഇപ്രകാരം ഉണര്‍ത്തുകയുണ്ടായി: ''അബ്ദുല്ല(ഇബ്‌നു മസ്ഊദ്)യെ നിങ്ങള്‍ക്ക് അയച്ചുതന്ന് എന്റെ സ്വന്തം ആവശ്യത്തേക്കാള്‍ നിങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരിക്കുകയാണ് ഞാന്‍.'' ഈ വാക്കില്‍നിന്ന് ഉമര്‍(റ) അദ്ദേഹത്തിനു കല്‍പിക്കുന്ന സ്ഥാനം സ്പഷ്ടമാണല്ലോ.
അബുദ്ദര്‍ദാഉം അബൂദര്‍റും ഹദീസുകള്‍ കൂടുതലൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അബുദ്ദര്‍ദാഅ് ശാമില്‍ മുസ്‌ലിംകളുടെ ഗുരുവും അധ്യാപകനുമായിരുന്നു. ശാമുകാരെ ദീന്‍ പഠിപ്പിക്കുന്ന അദ്ദേഹത്തെ ഹദീസ് ഉദ്ധരിച്ചതിന്റെ പേരില്‍ ഉമര്‍(റ) എങ്ങനെ തടവിലാക്കും? അബൂഹുറയ്‌റഃ(റ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ടതിന്റെ ഒരംശം പോലും ഹദീസുകള്‍ അബൂദര്‍റില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല. എന്നിരിക്കെ അബൂഹുറയ്‌റ(റ)യെ തടവിലാക്കാതെ അബൂദര്‍റി(റ)നെ തടവിലിടുന്നതിന് ന്യായമെന്താണ്? ഇബ്‌നു അബ്ബാസ്, അബൂഹുറയ്‌റഃ, ആഇശഃ, ജാബിറുബ്‌നു അബ്ദില്ല(റ) തുടങ്ങി ഹദീസുകള്‍ കൂടുതല്‍ നിവേദനം ചെയ്തവരുടെ പേരില്‍ ഉമര്‍(റ) നടപടിയൊന്നും എടുത്തിട്ടില്ല. ഹദീസുകള്‍ കൂടുതല്‍ നിവേദനം ചെയ്ത അബൂഹുറയ്‌റ(റ)ക്ക് അതിനു അനുമതി നല്‍കിയ ഉമര്‍(റ) അദ്ദേഹത്തേക്കാള്‍ കുറച്ചുമാത്രം ഹദീസുകള്‍ നിവേദനം ചെയ്ത ഇബ്‌നു മസ്ഊദിനെയും അബുദ്ദര്‍ദാഇനെയും അബൂദര്‍റിനെയും ശിക്ഷിക്കുമെന്ന് കരുതാന്‍ ന്യായമേതുമില്ല.

ഹദീസ് സംരക്ഷണാര്‍ഥമുള്ള യാത്രകള്‍
ആദ്യ ഖലീഫമാരായ അബൂബക്‌റി(റ)ന്റെയും ഉമറി(റ)ന്റെയും ഭരണകാലം അവസാനിക്കുന്നതുവരെ ഹദീസുകള്‍ സ്വഹാബിമാരുടെ ഹൃദയങ്ങളില്‍ സുരക്ഷിതമായിരുന്നു. മറുനാടുകളില്‍ കൂടുതലായൊന്നും അത് പ്രചരിച്ചിരുന്നില്ല. പ്രത്യേക ആവശ്യങ്ങള്‍ക്കു വേണ്ടി ചില വ്യക്തികളെ പുറത്തുപോകാന്‍ അനുവദിച്ചതല്ലാതെ സ്വഹാബിമാര്‍ പൊതുവില്‍ മദീന വിട്ടുപോകരുതെന്ന് ഉമര്‍(റ) കല്‍പിച്ചിരുന്നു. മദീനയിലാകട്ടെ ഖുര്‍ആന്റെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനുവേണ്ടി ഹദീസുകളുടെ നിവേദനത്തിലും പ്രചാരണത്തിലും കുറവ് വരുത്തേണ്ടതും ഉണ്ടായിരുന്നു. ഉസ്മാ(റ)ന്റെ ഖിലാഫത്തില്‍ ഈ അവസ്ഥക്കു മാറ്റം വന്നു. സ്വഹാബിമാര്‍ പലനാടുകളിലും നഗരങ്ങളിലും മാറിത്താമസിച്ചു. ഖുര്‍ആന്റെ സുരക്ഷിതത്വത്തിനു പ്രായോഗിക മാര്‍ഗങ്ങള്‍ കൈക്കൊണ്ടതിനാല്‍ ഹദീസുകളുടെ വ്യാപനം ഖുര്‍ആന്റെ സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നീങ്ങിയിട്ടുണ്ടായിരുന്നു. ജനങ്ങള്‍ക്ക് സ്വഹാബിമാരുടെ മാര്‍ഗദര്‍ശനം അനുപേക്ഷ്യമായി. വയോധികരായ സ്വഹാബിമാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ ജനങ്ങള്‍ക്ക് യുവ സ്വഹാബിമാരെ കൂടുതലായി ആശ്രയിക്കേണ്ടിവന്നു. യുവ സ്വഹാബിമാരാകട്ടെ പ്രായം ചെന്ന സ്വഹാബിമാരെ സമീപിച്ച് കൂടുതല്‍ ഹദീസുകള്‍ കരസ്ഥമാക്കുന്നതില്‍ ഉത്സുകരുമായി. ഈ ആവശ്യാര്‍ഥം പലരും ദീര്‍ഘമായ യാത്രകള്‍ തന്നെ ചെയ്തു.
ജാബിറുബ്‌നു അബ്ദില്ല(റ) പറയുന്നു: നബി (സ)യില്‍ നിന്നു ഞാന്‍ കേട്ടിട്ടില്ലാത്ത ഒരു ഹദീസ് സ്വഹാബിമാരില്‍ ഒരാളുടെ വശമുണ്ടെന്ന് എനിക്കു വിവരം ലഭിച്ചു. ഉടനെ ഞാന്‍ ഒരു ഒട്ടകത്തെ വാങ്ങി. അതിന്റെ പുറത്ത് യാത്രാ സജ്ജീകരണങ്ങള്‍ ഒരുക്കി. ഒരുമാസം യാത്ര ചെയ്തു ശാമില്‍ എത്തി. അന്‍സ്വാരിയായ അബ്ദുല്ലാഹിബ്‌നു ഉനൈസ് ആയിരുന്നു പ്രസ്തുത സ്വഹാബി. ഞാന്‍ അദ്ദേഹത്തെ സമീപിച്ച് ഇപ്രകാരം ബോധിപ്പിച്ചു: 'നബി (സ)യില്‍നിന്നു ഞാന്‍ കേള്‍ക്കാത്ത ഒരു ഹദീസ് താങ്കളുടെ വശമുണ്ടെന്ന് എനിക്കു വിവരം ലഭിച്ചിരിക്കുന്നു. അത് കേള്‍ക്കുന്നതിന് മുമ്പ് ഞാനോ നിങ്ങളോ മരണപ്പെട്ടേക്കുമെന്ന് ഞാന്‍ ആശങ്കിച്ചു.' ഉടനെ പ്രസ്തുത ഹദീസ് അദ്ദേഹം എനിക്കു പറഞ്ഞുതന്നു.
അത്വാഉബ്‌നു അബീറബാഹ് പറയുന്നു: ''ഉഖ്ബത്തുബ്‌നു ആമിര്‍(റ) റസൂല്‍(സ) തിരുമേനിയില്‍നിന്നു കേട്ട ഒരു ഹദീസ് -അത് കേട്ടവരില്‍ അദ്ദേഹം ഒഴികെ മറ്റാരും അവശേഷിച്ചിരുന്നില്ല- അന്വേഷിച്ചുകൊണ്ട് അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) അദ്ദേഹത്തിന്റെ അടുത്തേക്ക് യാത്ര ചെയ്തു. ഈജിപ്തിലെ ഗവര്‍ണര്‍ മസ്‌ലമതുബ്‌നു മഖ്‌ലദിന്റെ വസതിയിലായിരുന്നു അദ്ദേഹം. ഉഖ്ബഃ(റ) ഇറങ്ങിവന്ന് അബൂ അയ്യൂബല്‍ അന്‍സ്വാരി(റ)യെ ആലിംഗനം ചെയ്തു. എന്നിട്ട് ചോദിച്ചു: അബൂ അയ്യൂബ്, താങ്കളെ ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിച്ച കാര്യമെന്താണ്? സത്യവിശ്വാസിക്ക് മറ(രക്ഷ) നല്‍കുന്നതിനെ സംബന്ധിച്ച് താങ്കള്‍ റസൂലി(സ)ല്‍നിന്ന് ഉദ്ധരിച്ച ഒരു ഹദീസ് ഉണ്ടല്ലോ. അദ്ദേഹം പറഞ്ഞു: അതേ, റസൂല്‍(സ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു: ''ആരെങ്കിലും ഒരു സത്യവിശ്വാസിക്ക് ഭൗതികലോകത്തെ മനോവേദനയില്‍നിന്ന് രക്ഷ നല്‍കിയാല്‍ അന്ത്യനാളില്‍ അല്ലാഹു അവന് രക്ഷ നല്‍കുന്നതാണ്.'' അനന്തരം അബൂഅയ്യൂബ്(റ) വാഹനപ്പുറത്തുകയറി മദീനയിലേക്കു തിരിച്ചു. ഇക്കാരണത്താല്‍ ഗവര്‍ണര്‍ മസ്‌ലമയുടെ പാരിതോഷികം ഈജിപ്തിലെ അല്‍ അരീശില്‍ വെച്ചേ അദ്ദേഹത്തിനു കൈപ്പറ്റാനായുള്ളു (ജാമിഉ ബയാനില്‍ ഇല്‍മ്).
ഈ വിധം ഹദീസുകളുടെ പഠനവും നിവേദനവും സജീവമായി. സ്വഹാബിമാരുടെ കാലം അവസാനിക്കുന്നതിനു മുമ്പ് അവരെ സമീപിച്ച് ഹദീസുകള്‍ കരഗതമാക്കാന്‍ താബിഉകള്‍ വ്യഗ്രത കാണിച്ചു. സ്വഹാബിമാര്‍ പരസ്പരം ഹദീസുകള്‍ നിവേദനം ചെയ്യുന്നതിലോ അവരില്‍ നിന്നു മറ്റുള്ളവര്‍ ഹദീസ് സ്വീകരിക്കുന്നതിലോ യാതൊരു സംശയത്തിനും ആശങ്കക്കും ഇടമുണ്ടായിരുന്നില്ല. ഹദീസുകളില്‍ കൃത്രിമമോ കെട്ടിച്ചമയ്ക്കലോ അക്കാലത്ത് സംഭവിച്ചിരുന്നില്ല. ബറാഉബ്‌നു ആസിബ്(റ) പറയുന്നു; ''ഞങ്ങള്‍ എല്ലാവരും റസൂലി(സ)ല്‍നിന്ന് ഹദീസുകള്‍ നേരിട്ടു കേട്ടിരുന്നില്ല. ഞങ്ങള്‍ക്ക് കൃഷിയിടങ്ങളും ജോലിത്തിരക്കുകളും ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ജനങ്ങള്‍ കളവു പറയുമായിരുന്നില്ല. അതിനാല്‍ നബിസന്നിധിയില്‍ ഹാജരായവര്‍ അല്ലാത്തവര്‍ക്ക് ഹദീസുകള്‍ പറഞ്ഞു കൊടുക്കുമായിരുന്നു'' (ബൈഹഖി). ഖതാദഃ ഉദ്ധരിക്കുന്നു; ''അനസ്(റ) ഒരു ഹദീസ് നിവേദനം ചെയ്തു. തദവസരം ഒരാള്‍ ചോദിച്ചു: 'താങ്കള്‍ ഇത് നബി(സ)യില്‍നിന്നു കേട്ടതാണോ?' അദ്ദേഹം പറഞ്ഞു: ''അതേ, അല്ലെങ്കില്‍ കളവു പറയാത്തവര്‍ എനിക്കു പറഞ്ഞുതന്നതാണ്. അല്ലാഹുവാണ് സത്യം! ഞങ്ങള്‍ കളവ് പറയാറില്ലായിരുന്നു. കളവ് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയുകയുമില്ലായിരുന്നു'' (ബൈഹഖി).
പിന്നീട് ഇസ്‌ലാമിക സമൂഹത്തില്‍ കക്ഷിത്വവും വിഭാഗീയതയും തലപൊക്കിയതിനെ തുടര്‍ന്നാണ് ഹദീസുകളില്‍ കൈകടത്താനുള്ള ശ്രമം ആരംഭിച്ചത്. സമുദായത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ മാറ്റം സംഭവിച്ചതുപോലെ അവരുടെ ദീനീ രംഗത്തും മാറ്റം സംഭവിക്കാന്‍ കാരണമായത് പ്രസ്തുത കുഴപ്പങ്ങളായിരുന്നു. ഭിന്നതകള്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഒതുങ്ങിനില്‍ക്കാതെ ദീനീരംഗത്തേക്കും വ്യാപിച്ചു. മതപരിവേഷമണിഞ്ഞ ഓരോ കക്ഷിക്കും തങ്ങളുടെ ആദര്‍ശ ലക്ഷ്യങ്ങള്‍ക്കു പിന്‍ബലം നല്‍കുന്ന തെളിവുകള്‍ ഖുര്‍ആനില്‍നിന്നും ഹദീസുകളില്‍നിന്നും ലഭിക്കേണ്ടതുണ്ടായിരുന്നു. ഭേദഗതിയോ കൂട്ടിച്ചേര്‍ക്കലോ സാധ്യമാകാത്ത വിധം ഖുര്‍ആന്‍ ജനഹൃദയങ്ങളിലും ലിഖിതങ്ങളിലും ഭദ്രമായി സൂക്ഷിക്കപ്പെട്ടിരുന്നു. നബിചര്യയുടെ സ്ഥിതി അതായിരുന്നില്ല. അതില്‍ കൈകടത്തലും കൃത്രിമവും വ്യാജം ചമയ്ക്കലും സാധ്യമായിരുന്നു. കക്ഷിനേതാക്കളുടെയും കക്ഷികളാല്‍ ആദരിക്കപ്പെടുന്ന വ്യക്തികളുടെയും മഹത്വവും ശ്രേഷ്ഠതയും വിവരിക്കുന്ന ഹദീസുകളാണ് വ്യാജ നിര്‍മിതികളായി ആദ്യം പുറത്തുവന്നത്. ഒട്ടേറെ അവാന്തര വിഭാഗങ്ങളുള്ള ശീഈ വിഭാഗത്തില്‍ നിന്നായിരുന്നു ഇതിന്റെ തുടക്കം. നഹ്ജുല്‍ ബലാഗഃയുടെ വ്യാഖ്യാതാവും ശീഈ പണ്ഡിതനുമായ ഇബ്‌നു അബില്‍ ഹദീദ് എഴുതുന്നു: ''ശ്രേഷ്ഠതകളെ സംബന്ധിച്ച ഹദീസുകളില്‍ വ്യാജ നിര്‍മിതിയുടെ തുടക്കം ശീഈകളില്‍ നിന്നാകുന്നു.... അഹ്‌ലുസ്സുന്നയിലെ വിവരദോഷികള്‍ വ്യാജ നിര്‍മിതികള്‍ ഉപയോഗിച്ച് അതിനെ നേരിടുകയുമുണ്ടായി'' (ശര്‍ഹു നഹ്ജില്‍ ബലാഗഃ 2/143).

വ്യാജ ഹദീസുകള്‍ക്കെതിരെ കൈക്കൊണ്ട നടപടികള്‍
സുന്നത്തിന്റെ സംരക്ഷണത്തിനും അതിലെ തെറ്റും ശരിയും വേര്‍തിരിക്കുന്നതിനും സ്വഹാബത്തിന്റെ കാലം മുതല്‍ കൃത്യവും സൂക്ഷ്മവുമായ മാനദണ്ഡങ്ങള്‍ പണ്ഡിതന്മാര്‍ ആവിഷ്‌കരിക്കുകയുണ്ടായി. ഈ വിഷയത്തില്‍ അവര്‍ കൈക്കൊണ്ട നടപടികളും സ്വീകരിച്ച നിലപാടുകളും പഠനവിധേയമാക്കുന്ന ഏതൊരാള്‍ക്കും അവര്‍ ചെയ്തതിനപ്പുറം ഒന്നും ചെയ്യാനില്ലെന്നും സൂക്ഷ്മ പരിശോധനയിലും നിരൂപണത്തിലും അവര്‍ അനുവര്‍ത്തിച്ച മാര്‍ഗങ്ങളേക്കാള്‍ ഉത്തമമായ മാര്‍ഗം വേറെ ഇല്ലെന്നും സമ്മതിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ഹദീസുകള്‍ മാത്രമല്ല, ലോകജന സമൂഹങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഏതൊരു വാര്‍ത്തയും ഉദ്ധരണിയും ശാസ്ത്രീയമായും വൈജ്ഞാനികമായും പരിശോധിക്കുന്നതിനും നിരൂപണം ചെയ്യുന്നതിനുമുള്ള അടിസ്ഥാന തത്വങ്ങള്‍ കൂടിയാണ് ആ മഹാന്മാര്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. ഏതൊരു സമുദായത്തിനു മുമ്പിലും അഭിമാനപൂര്‍വം എടുത്തു പറയാവുന്ന നേട്ടമാണത്.
ഈ രംഗത്ത് അവര്‍ നടത്തിയ പ്രധാന ചുവടുവെപ്പാണ് ഇസ്‌നാദ് അഥവാ നിവേദക പരമ്പര വെളിപ്പെടുത്തല്‍. ഹദീസ് വന്ന മാര്‍ഗങ്ങള്‍ പരിശോധിച്ച് അവയുടെ വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷമല്ലാതെ അത് സ്വീകരിച്ചുകൂടാ എന്ന തത്വമാണ് ഇസ്‌നാദ് ഉള്‍ക്കൊള്ളുന്നത്. താബിഈ പണ്ഡിതനായ ഇബ്‌നു സീരീന്‍ പ്രസ്താവിച്ചതായി ഇമാം മുസ്‌ലിം തന്റെ സ്വഹീഹിന്റെ മുഖദ്ദിമയില്‍ ഉദ്ധരിക്കുന്നു: ''അവര്‍(സ്വഹാബിമാരും മറ്റും) ഇസ്‌നാദ് ചോദിക്കാറുണ്ടായിരുന്നില്ല. പിന്നീട് സമൂഹത്തില്‍ കുഴപ്പവും കാലുഷ്യവും പ്രചരിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'നിങ്ങളുടെ നിവേദകന്മാരുടെ പേര് വെളിപ്പെടുത്തുവിന്‍.' അനന്തരം അഹ്‌ലുസ്സുന്നയെ തിരിച്ചറിഞ്ഞ് അവരുടെ ഹദീസ് സ്വീകരിക്കുകയും ബിദ്അത്തുകാരെ കണ്ടുപിടിച്ച് അവരുടെ നിവേദനങ്ങളെ നിരാകരിക്കുകയും ചെയ്യും.'' ഇമാം സുഹ്‌രി പ്രസ്താവിച്ചു: ''ഇസ്‌നാദ് ദീനിന്റെ ഭാഗമാണ്. ഇസ്‌നാദ് ഇല്ലായിരുന്നുവെങ്കില്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവര്‍ ഇച്ഛിക്കുന്നതെന്തും പറയാമായിരുന്നു.''
ഇസ്‌ലാമിക സമൂഹത്തില്‍ കുഴപ്പം സംജാതമായ ശേഷം ജീവിച്ച സ്വഹാബിമാരില്‍ നിന്നുതന്നെ ഈ പരിശോധന ആരംഭിച്ചിരുന്നു. മുജാഹിദ് പ്രസ്താവിച്ചതായി ഇമാം മുസ്‌ലിം തന്റെ സ്വഹീഹിന്റെ മുഖദ്ദിമയില്‍ ഉദ്ധരിക്കുന്നു: 'ബശീറുല്‍ അദവി വന്ന് ഇബ്‌നു അബ്ബാസിന്റെ സാന്നിധ്യത്തില്‍ ഹദീസുകള്‍ ഉദ്ധരിക്കാന്‍ തുടങ്ങി. റസൂല്‍(സ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു, നബി(സ) ഇങ്ങനെ അരുളിയിരിക്കുന്നു എന്നിങ്ങനെ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇബ്‌നു അബ്ബാസ്(റ) അതിനു ചെവികൊടുക്കുകയോ അദ്ദേഹത്തെ ശ്രദ്ധിക്കുകയോ ചെയ്തില്ല. തദവസരം ബശീര്‍ ചോദിച്ചു: 'താങ്കള്‍ എന്തുകൊണ്ട് എന്റെ ഹദീസുകള്‍ ശ്രദ്ധിക്കുന്നില്ല? ഞാന്‍ നബി(സ)യില്‍നിന്ന് ഹദീസുകള്‍ നിവേദനം ചെയ്യുന്നു. താങ്കള്‍ അത് കേള്‍ക്കാത്തതെന്ത്?' ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: 'ഒരു കാലത്ത്, അല്ലാഹുവിന്റെ റസൂല്‍ പ്രസ്താവിച്ചു എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞങ്ങളുടെ ദൃഷ്ടി അയാളില്‍ പതിയുകയും കാതുകള്‍ അയാളെ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ജനം വേണ്ടതും വേണ്ടാത്തതും പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്കു പരിചിതമല്ലാത്തത് ജനങ്ങളില്‍നിന്ന് സ്വീകരിക്കാതായി.'
നബിചര്യയുടെ സംരക്ഷണത്തിന് സഹായകമെന്നോണം അറിവിന്റെ കേദാരങ്ങളായിരുന്ന പ്രമുഖരായ പല സ്വഹാബിമാരെയും അല്ലാഹു ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിച്ചിരുന്നു. ദീനീ വിഷയങ്ങളില്‍ സംശയ നിവാരണം വരുത്താനും ഹദീസുകളുടെ നിജഃസ്ഥിതി അന്വേഷിച്ചു ഉറപ്പു വരുത്താനും ജനങ്ങള്‍ക്ക് അവരെ സമീപിക്കാമായിരുന്നു. ഹദീസുകളുടെ വിശ്വാസ്യത ഉറപ്പു വരുത്താന്‍ സ്വഹാബിമാരും താബിഉകളും ധാരാളം യാത്രകള്‍ നടത്തുകയുണ്ടായി. ജാബിര്‍(റ) ശാമിലേക്കും അബൂഅയ്യൂബ്(റ) ഈജിപ്തിലേക്കും യാത്ര ചെയ്ത വിവരം മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. താബിഈ പണ്ഡിതനായ അബുല്‍ ആലിയഃ പറയുന്നു: 'സ്വഹാബിമാരെ ഉദ്ധരിച്ച് ആരെങ്കിലും ഹദീസ് പറയുന്നത് കേട്ടാല്‍ ഞങ്ങളതില്‍ സംതൃപ്തരായിരുന്നില്ല. അതിനാല്‍ സ്വഹാബിമാരില്‍നിന്ന് നേരിട്ടു കേള്‍ക്കാന്‍ അവരുടെ അടുത്തേക്കു യാത്ര ചെയ്യുക പതിവായിരുന്നു.' സഈദുബ്‌നുല്‍ മുസയ്യബ് പറയുന്നു: 'കേവലം ഒരു ഹദീസിന്റെ അന്വേഷണാര്‍ഥം ഞാന്‍ രാപ്പകലുകള്‍ യാത്ര ചെയ്തിട്ടുണ്ട്' (ജാമിഉ ബയാനില്‍ ഇല്‍മ്).
ഹദീസുകളുടെ സാധുത ഉറപ്പു വരുത്തുന്നതിന് നിവേദകന്മാരെ സംബന്ധിച്ച നിശിതമായ പരിശോധനയായിരുന്നു അവര്‍ സ്വീകരിച്ച മറ്റൊരു മാര്‍ഗം. ഹദീസുകളില്‍ യഥാര്‍ഥവും വ്യാജവും പ്രബലവും ദുര്‍ബലവും തിരിച്ചറിയാന്‍ സഹായകമായ ഉദാത്തമായ ഒരു രീതിശാസ്ത്രമാണത്. ഇതിനായി നിവേദകരുടെ ജീവചരിത്രവും പ്രത്യക്ഷവും പരോക്ഷവുമായ അവരുടെ സ്വഭാവ ചര്യകളും പഠനവിധേയമാക്കി. നിവേദകരുടെ ന്യൂനത വെളിപ്പെടുത്തുന്നതിന് യാതൊരുവിധ പ്രതിബന്ധവും അവര്‍ക്കു മുമ്പില്‍ ഉണ്ടായിരുന്നില്ല. യഹ്‌യബ്‌നു സഈദിബ്‌നി ഖത്ത്വാനോട് ഒരാള്‍ ചോദിച്ചു: 'താങ്കള്‍ ഹദീസ് സ്വീകരിക്കാതെ തള്ളിക്കളഞ്ഞ ഈ ആളുകള്‍ അന്ത്യനാളില്‍ അല്ലാഹുവിന്റെ സന്നിധിയില്‍ താങ്കളുടെ പ്രതിയോഗികളായിരിക്കില്ലേ?' അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: 'എന്റെ ഹദീസുകളെ നീ എന്തുകൊണ്ട് സംരക്ഷിച്ചില്ല?' എന്ന ചോദ്യവുമായി നബി(സ) എന്റെ പ്രതിയോഗിയാകുന്നതിനേക്കാള്‍ എനിക്കിഷ്ടം ഇവര്‍ എന്റെ പ്രതിയോഗികളാവലാണ്.''

ഹദീസുകളുടെ ഗ്രന്ഥാവിഷ്‌കാരം
സ്വഹാബിമാരുടെ കാലം അവസാനിക്കുമ്പോള്‍ ഹദീസുകള്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. മനഃപാഠമാക്കി ഹൃദയങ്ങളില്‍ സൂക്ഷിച്ചിരുന്ന ഹദീസുകള്‍ വാമൊഴിയായുള്ള നിവേദനം വഴി ജനങ്ങളിലെത്തിക്കലായിരുന്നു പതിവ്. എന്നാല്‍ ഖലീഫ ഉമറി(റ)ന്റെ കാലത്ത് തന്നെ ഹദീസുകള്‍ ഗ്രന്ഥങ്ങളില്‍ സമാഹരിക്കുന്നതിനെപറ്റി ചിന്തിച്ചുതുടങ്ങിയെന്ന് കരുതേണ്ടിയിരിക്കുന്നു. ഉര്‍വത്തുബ്‌നു സുബൈര്‍(റ) പ്രസ്താവിച്ചതായി ഇമാം ബൈഹഖി തന്റെ 'അല്‍ മദ്ഖലി'ല്‍ ഉദ്ധരിക്കുന്നു: ''ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) ഹദീസുകള്‍ എഴുതിവെക്കാന്‍ ഉദ്ദേശിച്ചു. അതേപ്പറ്റി സ്വഹാബിമാരുമായി കൂടിയാലോചിച്ചു. ഹദീസുകള്‍ രേഖപ്പെടുത്തിവെക്കാമെന്ന് അവര്‍ അഭിപ്രായപ്പെടുകയും ചെയ്തു. പിന്നീട് ഒരു മാസക്കാലം ഉമര്‍(റ) അല്ലാഹുവിനോട് ഇസ്തിഖാറഃ (നല്ലത് തോന്നിപ്പിച്ചുതരാനുള്ള പ്രാര്‍ഥന) നടത്തി. പ്രസ്തുത വിഷയത്തില്‍ അല്ലാഹു അദ്ദേഹത്തിന്റെ മനസ്സിന് ദൃഢത നല്‍കുകയും ചെയ്തു. അങ്ങനെ ഒരു ദിവസം അദ്ദേഹം പ്രസ്താവിച്ചു: ഞാന്‍ ഹദീസുകള്‍ എഴുതി സൂക്ഷിക്കാന്‍ ഉദ്ദേശിക്കുകയുണ്ടായി. എന്നാല്‍ നിങ്ങള്‍ക്കു മുമ്പുള്ള ഒരു ജനത ചില ഗ്രന്ഥങ്ങള്‍ എഴുതിയുണ്ടാക്കുകയും അനന്തരം അവരതില്‍ ആമഗ്നരാവുകയും അല്ലാഹുവിന്റെ ഗ്രന്ഥത്തെ അവഗണിക്കുകയും ചെയ്തത് ഞാന്‍ ഓര്‍ത്തു. അല്ലാഹുവാണ് സത്യം, ഞാന്‍ ഒരിക്കലും അല്ലാഹുവിന്റെ ഗ്രന്ഥത്തോട് മറ്റൊന്ന് കൂട്ടിച്ചേര്‍ക്കുകയില്ല'' (ജാമിഉ ബയാനില്‍ ഇല്‍മ്). അന്ന് ഖുര്‍ആന്‍ അവതരിച്ചിട്ട് അധികകാലം പിന്നിട്ടിരുന്നില്ല. പുതിയ ജനവിഭാഗങ്ങള്‍ ഇസ്‌ലാമിലേക്കു പ്രവഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ പരിതഃസ്ഥിതിയോട് തികച്ചും അനുഗുണമായിരുന്നു ഉമറി(റ)ന്റെ തീരുമാനം.
കാലാന്തരത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഛിദ്രതയും കക്ഷിത്വവും ഉളവായി. തല്‍ഫലമായി വ്യാജോക്തികളും കൃത്രിമ വാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ് ഹദീസുകള്‍ ഗ്രന്ഥരൂപത്തില്‍ സമാഹരിക്കുന്നതിനെപ്പറ്റി ഇസ്‌ലാമിക നേതൃത്വവും പണ്ഡിതന്മാരും വീണ്ടും ചിന്തിച്ചുതുടങ്ങിയത്. ഈ വിഷയത്തില്‍ ക്രിയാത്മകമായ ആദ്യ കാല്‍വെപ്പ് മഹാനായ ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസിന്റേതായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങള്‍ ഏകോപിച്ച് അഭിപ്രായപ്പെടുന്നു. മദീനയിലെ തന്റെ ഗവര്‍ണറും ന്യായാധിപനുമായ അബൂബക്‌റിബ്‌നു ഹസ്മിന് അദ്ദേഹം എഴുതി: ''നബി(സ)യുടെ ഹദീസുകള്‍ കണ്ടെത്തി രേഖപ്പെടുത്തിവെക്കുക. നിശ്ചയം, വിജ്ഞാനത്തിന്റെ നിഷ്‌ക്രമണവും പണ്ഡിതന്മാരുടെ തിരോധാനവും ഞാന്‍ ഭയപ്പെടുന്നു'' അംറഃ ബിന്‍തു അബ്ദിറഹ്മാനില്‍ അന്‍സ്വാരിയ്യഃ(മ.ഹി 98)യുടെയും ഖാസിമുബ്‌നു മുഹമ്മദിബ്‌നി അബീബക്‌റി(മ.ഹി 106)ന്റെയും വശമുള്ള ഹദീസുകള്‍ ശേഖരിക്കാന്‍ അദ്ദേഹം പ്രത്യേകം ഓര്‍മപ്പെടുത്തിയിരുന്നു. ഇബ്‌നു ഹസ്മിനോട് മാത്രമല്ല, മറ്റു നഗരങ്ങളിലെ ഗവര്‍ണര്‍മാരോടും ഉമറുബ്‌നു അബ്ദില്‍ അസീസ് ഇപ്രകാരം നിര്‍ദേശിക്കുകയുണ്ടായി. രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കും ഇവ്വിഷയകമായി അദ്ദേഹം കത്തെഴുതിയിരുന്നുവെന്ന് ഹാഫിള് അബൂനുഐം തന്റെ 'താരീഖു ഇസ്വ്ബഹാനി'ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇതുവഴി ഉമറുബ്‌നു അബ്ദില്‍ അസീസ്, തന്റെ മാതാമഹനായ ഉമറുബ്‌നുല്‍ ഖത്ത്വാബ് നേരത്തേ ചിന്തിച്ചതും പ്രത്യേക കാരണത്താല്‍ മാറ്റിവെച്ചതുമായ ആശയം പ്രയോഗവല്‍ക്കരിക്കുകയായിരുന്നു.
എന്നാല്‍ അബൂബക്‌റിബ്‌നു ഹസ്മ്, അംറയുടെയും ഖാസിമുബ്‌നു മുഹമ്മദിന്റെയും വശമുള്ള ഹദീസുകള്‍ രേഖപ്പെടുത്തി ഖലീഫക്ക് അയച്ചുകൊടുത്തുവെന്നല്ലാതെ മദീനക്കാരുടെ വശമുള്ള മുഴുവന്‍ ഹദീസുകളും സമാഹരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് നിര്‍വഹിച്ചത് മുഹമ്മദുബ്‌നു മുസ്‌ലിമിബ്‌നി ശിഹാബ് എന്ന ഇമാം സുഹ്‌രി(മ.ഹി 124)യാണ്. അദ്ദേഹം അക്കാലത്തെ ഏറ്റവും വലിയ ഹദീസ് പണ്ഡിതനായിരുന്നു. ഇമാം സുഹ്‌രി മാത്രം നിവേദനം ചെയ്തിട്ടുള്ള 90 ഹദീസുകള്‍ ഉണ്ടെന്ന് ഇമാം മുസ്‌ലിം പ്രസ്താവിച്ചിരിക്കുന്നു. സുഹ്‌രി ഇല്ലായിരുന്നുവെങ്കില്‍ ധാരാളം ഹദീസുകള്‍ നഷ്ടപ്പെടുമായിരുന്നുവെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം ഹസനുല്‍ ബസ്വ്‌രിയെപ്പോലുള്ള പണ്ഡിതന്മാര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലാണിത്. എന്നാല്‍ ഇമാം ബുഖാരി, മുസ്‌ലിം, അഹ്മദ് തുടങ്ങിയവര്‍ ഹദീസുകള്‍ ക്രോഡീകരിച്ച രൂപത്തിലായിരുന്നില്ല ഇമാം സുഹ്‌രിയുടെ ക്രോഡീകരണം. അധ്യായങ്ങളോ ശീര്‍ഷകങ്ങളോ നല്‍കാതെ സ്വഹാബിമാരില്‍നിന്ന് താന്‍ പഠിച്ചത് മുഴുവന്‍ സമാഹരിക്കുകയായിരുന്നു അദ്ദേഹം. ചിലപ്പോള്‍ സ്വഹാബിമാരുടെ പ്രസ്താവനകളും താബിഉകളുടെ ഫത്‌വകളും അതില്‍ ഇടകലര്‍ന്നിരിക്കും. എങ്കിലും, ഹദീസുകള്‍ ഗ്രന്ഥങ്ങളില്‍ സമാഹരിക്കുകയെന്ന ദൗത്യത്തിന് തുടക്കം കുറിച്ചത് ഇമാം സുഹ്‌രിയാകുന്നു.
സുഹ്‌രിക്കു ശേഷം വന്ന തലമുറയില്‍ ഹദീസ് സമാഹരണ പ്രക്രിയ കൂടുതല്‍ സജീവമായി. മക്കയില്‍ ഇബ്‌നു ജുറൈജും(മരണം ഹി. 150) ഇബ്‌നു ഇസ്ഹാഖും (മ.ഹി 151) മദീനയില്‍ സഈദുബ്‌നു അബീഅറൂബ(മ.ഹി. 156), റബീഉബ്‌നു സ്വബീഹ് (മ.ഹി 160), ഇമാം മാലിക് (മ.ഹി 179) എന്നിവരും ബസ്വ്‌റഃയില്‍ ഹമ്മാദുബ്‌നു സലമ(മ.ഹി 167)യും കൂഫയില്‍ സുഫ്‌യാനു സ്സൗരി(മ.ഹി 161)യും ശാമില്‍ അബൂഅംറില്‍ ഔസാഇ(മ.ഹി. 157)യും വാസിത്വില്‍ ഹുശൈമും(മ.ഹി 173) ഖുറാസാനില്‍ അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്കും(മ.ഹി. 181) യമനില്‍ മഅ്മറും (മ.ഹി 154) റയ്യില്‍ ജരീറുബ്‌നു അബ്ദില്‍ ഹമീദ്(മ.ഹി 188), സുഫ്‌യാനുബ്‌നു ഉയൈനഃ (മ.ഹി 198), ലൈസുബ്‌നു സഅ്ദ് (മ.ഹി 175), ശുഅ്ബത്തുബ്‌നുല്‍ ഹജ്ജാജ് (മ.ഹി 160) എന്നിവരും ഹദീസുകളുടെ ഗ്രന്ഥസമാഹരണം നിര്‍വഹിച്ചു.
ഹദീസുകളുടെ ക്രോഡീകരണത്തെയും സമാഹരണത്തെയും സംബന്ധിച്ചേടത്തോളം ശോഭനകാലം ഹിജ്‌റഃ മൂന്നാം നൂറ്റാണ്ടാണ്. മുസ്‌നദുകളുടെ മാതൃകയില്‍ ഹദീസുകള്‍ ക്രോഡീകരിച്ചുതുടങ്ങിയത് ഈ നൂറ്റാണ്ടിലാണ്. വിഷയ വൈവിധ്യം പരിഗണിക്കാതെ ഓരോ സ്വഹാബിയില്‍നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ പ്രത്യേക അധ്യായങ്ങളിലായി ക്രോഡീകരിച്ച ഗ്രന്ഥങ്ങളാണ് മുസ്‌നദുകള്‍. അബ്ദുല്ലാഹിബ്‌നു മൂസല്‍ അബ്‌സി അല്‍കൂഫി, മുസദ്ദദുല്‍ ബസ്വ്‌രി, അസദുബ്‌നു മൂസാ, നഈമുബ്‌നു ഹമ്മാദില്‍ ഖുസാഈ എന്നിവരാണ് ആദ്യമായി മുസ്‌നദുകള്‍ രചിച്ചത്. പിന്നീട് അവരുടെ പാത പിന്തുടര്‍ന്ന് ഇമാം അഹ്മദ് തന്റെ പ്രഖ്യാതമായ മുസ്‌നദ് രചിച്ചു. ഇസ്ഹാഖുബ്‌നു റാഹവൈഹി, ഉസ്മാനുബ്‌നു അബീശൈബഃ എന്നിവരും മുസ്‌നദുകള്‍ രചിച്ചു. സ്വഹാബികളുടെ പ്രസ്താവനകളോ താബിഉകളുടെ ഫത്‌വകളോ ഉള്‍പ്പെടുത്താതെ നബി(സ)യില്‍നിന്നുള്ള ഹദീസുകള്‍ മാത്രം സമാഹരിക്കുന്ന രീതിയാണ് മുസ്‌നദ് കര്‍ത്താക്കള്‍ സ്വീകരിച്ചത്. എന്നാല്‍ സ്വഹീഹും അല്ലാത്തതും വേര്‍തിരിച്ചു രേഖപ്പെടുത്തിയിരുന്നില്ല. ഹദീസ് പണ്ഡിതന്മാര്‍ക്കോ അവരോട് അന്വേഷിച്ചറിയുന്നവര്‍ക്കോ അല്ലാതെ അവ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. ഹദീസ് പഠിതാക്കള്‍ക്ക് വലിയ പ്രയാസമുളവാക്കിയ കാര്യമായിരുന്നു അത്.
ഈ വസ്തുതയാണ് ഹദീസ് പണ്ഡിതന്മാരില്‍ അഗ്രേസരനായ ഇമാം ബുഖാരിയെ സ്വഹീഹായ ഹദീസുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് തന്റെ പ്രകൃഷ്ട ഗ്രന്ഥമായ അല്‍ജാമിഉസ്സ്വഹീഹ്(സ്വഹീഹുല്‍ ബുഖാരി) രചിക്കാന്‍ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് സമകാലീനനും ശിഷ്യനുമായ ഇമാം മുസ്‌ലിം തന്റെ സ്വഹീഹും രചിച്ചു. ഇതിനു ശേഷം സുനനു അബീദാവൂദ്(മ.ഹി 275), സുനനുന്നസാഈ(മ.ഹി. 303), ജാമിഉത്തിര്‍മിദി(മ.ഹി. 279), സുനനു ഇബ്‌നിമാജ (മ.ഹി 273) എന്നീ ഗ്രന്ഥങ്ങളും വിരചിതമായി. ആദ്യകാല ഹദീസ് സമാഹാരങ്ങളില്‍ വന്ന ഹദീസുകളെ അധ്യായങ്ങളാക്കിത്തിരിച്ചും ശീര്‍ഷകങ്ങള്‍ നല്‍കിയും സമാഹരിക്കുകയായിരുന്നു ഈ പണ്ഡിതന്മാര്‍. ഇവര്‍ക്കു ലഭിക്കാത്തതോ വിട്ടുകളഞ്ഞതോ ആയ ചില ഹദീസുകള്‍ കണ്ടെത്തി ക്രോഡീകരിക്കുക മാത്രമേ നാലാം നൂറ്റാണ്ടിലെ പണ്ഡിതന്മാര്‍ക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. പൂര്‍വ പണ്ഡിതന്മാരുടെ നിവേദനങ്ങള്‍ സമാഹരിക്കുക, അവ നിരൂപണവിധേയമാക്കുക, കൂടുതല്‍ നിവേദന പരമ്പരകള്‍ കണ്ടെത്തുക എന്നീ കൃത്യങ്ങളാണ് നാലാം നൂറ്റാണ്ടിലെ പണ്ഡിതന്മാര്‍ നിര്‍വഹിച്ചത്. നാലാം നൂറ്റാണ്ടില്‍ ജീവിച്ച പണ്ഡിതന്മാരില്‍ വിശ്രുതനാണ് ഇമാം ത്വബറാനി(മ.ഹി 360). സുലൈമാനുബ്‌നു അഹമദ് അത്ത്വബറാനി എന്നാണ് മുഴുവന്‍ പേര്. അദ്ദേഹം ഹദീസില്‍ മൂന്ന് മുഅ്ജമുകള്‍ രചിച്ചു. മുഅ്ജമുല്‍ കബീറാണ് അവയിലൊന്ന്. സ്വഹാബിമാരുടെ നാമങ്ങള്‍ അക്ഷരമാലാടിസ്ഥാനത്തില്‍ ക്രമീകരിച്ചുകൊണ്ട് ഓരോ സ്വഹാബിയും നിവേദനം ചെയ്ത ഹദീസുകള്‍ അവരുടെ നാമങ്ങള്‍ക്കു താഴെ സമാഹരിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. 25500 ഹദീസുകള്‍ ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നു. മുഅ്ജമുല്‍ ഔസത്വ്, മുഅ്ജമുല്‍ അസ്വ്ഗര്‍ എന്നിവയാണ് മറ്റു രണ്ടു മുഅ്ജമുകള്‍. തന്റെ ഗുരുനാഥന്മാരുടെ നാമങ്ങള്‍ അക്ഷരക്രമത്തില്‍ വിന്യസിച്ച് ഓരോ ഗുരുനാഥനും നിവേദനം ചെയ്ത ഹദീസുകള്‍ ഈ ഗ്രന്ഥങ്ങളില്‍ സമാഹരിച്ചിരിക്കുന്നു. പിന്നീട് ദാറഖുത്വ്‌നി(മ.ഹി. 385) തന്റെ വിഖ്യാതമായ സുനന്‍ രചിച്ചു. ഇബ്‌നു ഹിബ്ബാന്‍(മ.ഹി 354), ഇബ്‌നു ഖുസൈമഃ (മ.ഹി. 311), ത്വഹാവി(മ.ഹി. 321) എന്നിവരും തങ്ങളുടെ സമാഹാരങ്ങള്‍ പുറത്തിറക്കി.
ഈവിധം നബിചര്യയുടെ ശേഖരണവും ഗ്രന്ഥാവിഷ്‌കാരവും പൂര്‍ത്തിയായി. ഹദീസുകളിലെ സ്വഹീഹും അല്ലാത്തവയും വേര്‍തിരിക്കപ്പെട്ടു.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top