സകാത്ത് കമ്മറ്റികളും നാടിന്റെ പ്രശ്‌നങ്ങളും

‌‌

ഇസ്‌ലാമിന്റെ അതിപ്രധാനമായ അധ്യാപനങ്ങളിലൊന്നാണ് സകാത്ത്. ഇതില്‍ മുസ്‌ലിങ്ങളിലാര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. പക്ഷെ ഏറെക്കാലമായി സാമൂഹിക ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാവുന്ന ഒരു ഘടകമെന്ന നിലയില്‍ സകാത്തിന്റെ പ്രധാന്യം മനസ്സിലാക്കപ്പെട്ടിരുന്നില്ല. പകരം ചില പണക്കാര്‍ റമദാന്റെ അവസാനത്തില്‍ ഏതാനും നാണയത്തുട്ടുകള്‍ കുറച്ചു യാചകന്മാര്‍ക്കു വിതരണം ചെയ്യുന്ന ഗര്‍ഹണീയമായ ഒരേര്‍പ്പാട് മാത്രമായിരുന്നു. ഇന്നീ അവസ്ഥയില്‍ പ്രകടമായ മാറ്റങ്ങളുണ്ടായിരിക്കുന്നുവെന്നത് ഏതൊരു കേരളീയനെയും സന്തോഷിപ്പിക്കാതിരിക്കുകയില്ല. കേരളത്തിലെ വ്യത്യസ്ത ചിന്താധാരകള്‍ക്കു സ്വാധീനമുള്ള അനേകം മഹല്ലുകളില്‍ ഇന്ന് സകാത്ത് സംഘടിതമായി സംഭരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. പക്ഷെ ഈ സംരംഭങ്ങള്‍ ഏറിയകൂറും യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നു ഇനിയും ഏറെ അകലെയാണ്.
ഒന്നാമത്, നാട്ടിലുള്ള എല്ലാ സകാത്ത് ദായകരെയും തങ്ങളോട് സഹകരിപ്പിക്കുവാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. മഹല്ലിലെ കാരണവന്‍മാരുടെ സഹകരണമാണ് ഇതിനാദ്യമായി ലഭ്യമാക്കേണ്ടത്. അവരുടെ അനുമതിയോടെ ഒരു സന്നദ്ധ സംഘം രൂപവല്‍ക്കരിക്കുകയും അവര്‍ സകാത്ത് ദായകരെ കണ്ട് സകാത്ത് സംഘടിതമായി വിതരണം ചെയ്യുന്നതിന്റെ പ്രാധാന്യം ബോധ്യമാക്കുകയുമാണെങ്കില്‍ സഹകരിക്കാത്തവര്‍ ഉണ്ടാവുകയില്ല.
രണ്ടാമത്, സഹകരിക്കാന്‍ സന്നദ്ധരായവര്‍ തന്നെ അവരുടെ എല്ലാ ധനത്തിന്റെ സകാത്തും കൃത്യമായി നല്‍കുവാന്‍ ഇനിയും മാനസികമായി പാകപ്പെട്ടിട്ടില്ല. നാണയങ്ങളുടെ സകാത്ത് മാത്രമാണ് ഒരു പരിധിവരെയെങ്കിലും പലരും ഇപ്പോഴും പരിഗണിച്ചു വരുന്നത്. വരുമാനത്തിന്റെ വലിയ ഒരു ഭാഗം വരുന്ന കാര്‍ഷിക വിളകളള്‍ തീര്‍ത്തും അവഗണിക്കപ്പെടുകയാണ്. ഇങ്ങനെ നിരവധി കാരണങ്ങളാല്‍ സകാത്തിന്റെ സംഭരണം തന്നെ അതീവ ശുഷ്‌കമാണെന്നുവേണം പറയാന്‍. എന്നാല്‍ അതിനേക്കാള്‍ പരിതാപകരമാണ് വിതരണത്തിന്റെ കഥ.
പലേടത്തും സംഭരിച്ച സകാത്ത് ഫലപ്രദമായും കൃത്യമായും വിതരണം ചെയ്യപ്പെടുന്നില്ല. ആവശ്യക്കാര്‍ ഹരജിയുമായി കമ്മറ്റിയെ സമീപിച്ചാല്‍ മാത്രം സംഖ്യ പാസാക്കിക്കൊടുക്കും. പണ്ട് വല്ല സഹായവും ലഭിക്കണമെങ്കില്‍ ഒരു മുതലാളിയെ പ്രീണിപ്പിച്ചാല്‍ മതിയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കമ്മിറ്റിക്കാരായ കൂടുതല്‍ മുതലാളിമാരെ പ്രീണിപ്പിക്കണമെന്ന് സാരം. ഇതല്ലല്ലോ സംഘടിത സകാത്തുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. വ്യക്തികളുടെ അഭിമാനം സംരക്ഷിച്ചുകൊണ്ടു തന്നെ നാട്ടിലെ ദാരിദ്ര്യവും പട്ടിണിയും പരമാവധി ഇല്ലാതാക്കുകയാണ് സകാത്തിന്റെ ലക്ഷ്യം. അതിനു വ്യക്തമായ പ്ലാനും പരിപാടിയും ആവശ്യമാണ്. ഒന്നാമതായി, മഹല്ലിലെ മൊത്തം കുടുംബങ്ങളുടെ സ്ഥിതിവിവരണക്കണക്ക് ശേഖരിക്കണം. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക നില, കുടുംബ നാഥരുടെ ആരോഗ്യം, കുടുംബത്തില്‍ ജോലിചെയ്യാന്‍ കഴിയുന്നവര്‍, പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത നിരാലംബ കുടുംബങ്ങള്‍, ഹ്രസ്വകാല പരിശീലനം വഴി ജോലിചെയ്യാന്‍ പ്രാപ്തരാക്കാവുന്ന സ്ത്രീ പുരുഷന്മാര്‍, പഠിക്കുന്നവരും ഉയര്‍ന്നു പഠിക്കാന്‍ യോഗ്യരുമായ കുട്ടികളുടെ എണ്ണം തുടങ്ങി അത്യാവശ്യമായ വിവരങ്ങള്‍ സ്ഥിവിവരക്കണക്കെടുപ്പിലൂടെ ആദ്യമായി ശേഖരിക്കണം. ഈ വിവരങ്ങള്‍ ഒരു കമ്പ്യൂട്ടറില്‍ ഒരിക്കല്‍ ശേഖരിച്ചാല്‍ വര്‍ഷാന്തം അത് നവീകരിക്കുകയേ വേണ്ടതുള്ളൂ. വനിതാ ഡോക്ടര്‍മാര്‍, വനിതാ ഗൈനക്കോളജിസ്റ്റുകള്‍ തുടങ്ങി സമൂഹത്തില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട വിദഗ്ധരുടെ സജ്ജീകരണത്തിനും മറ്റു മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം തേടുന്നതിനും ആവശ്യമായ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക, ജോലിയില്ലാത്ത പാവങ്ങളായ പത്തോ പതിനഞ്ചോ പെണ്‍കുട്ടികളുടെ ഒരു കൂട്ടായ്മയുണ്ടാക്കി അവര്‍ക്കു തുന്നല്‍ പരിശീലനവും തുടര്‍ന്നു തുന്നല്‍ മെഷീനുകളും നല്‍കി സ്വയം പര്യാപ്തരാക്കുക, ഒന്നോ രണ്ടോ കമ്പ്യൂട്ടറുകള്‍ വാങ്ങി ഐ.ടി വിദ്യാഭ്യാസം നല്‍കിക്കൊണ്ട് ഒരു തൊഴില്‍ പരിശീലന കേന്ദ്രം സ്ഥാപിക്കുക, കുറച്ചുപേര്‍ക്കു ഡ്രൈവിംഗ് അഭ്യസിപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുക, ഏതാനും ആളുകളെ ഓട്ടോറിക്ഷകള്‍ നല്‍കി സ്വയം പര്യാപ്തരാക്കുക, മഹല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നാട്ടിലെ പാവങ്ങളായ ഒരു സംഘം ആളുകള്‍ ഒരുമിച്ചു ചേര്‍ന്നു കൂട്ടു കൃഷി നടത്താന്‍ പ്രേരിപ്പിക്കുകയും ലാഭത്തില്‍ ഒരു വിഹിതം സകാത്ത് കമ്മിറ്റിക്കു നല്‍കുകയും ചെയ്യുക തുടങ്ങി സമൂഹത്തെ ക്രമേണ ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റാനുതകുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചുനടപ്പിലാക്കിക്കൊണ്ടാണ് സകാത്തിന്റെ വിതരണം കാര്യക്ഷമമാക്കേണ്ടത്. ഇഛാശക്തിയുള്ള ഒരു പറ്റം യുവാക്കള്‍ വിചാരിച്ചാല്‍ ഏത് മഹല്ലിലും കാര്യക്ഷമമായി നടപ്പിലാക്കാവുന്ന കാര്യങ്ങളാണിതെല്ലാം. പക്ഷെ എവിടെയാണവര്‍? കാലം അവരെയാണ് കാത്തിരിക്കുന്നത്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top