അലി ശരീഅത്തിയുടെ വൈരുദ്ധ്യാധിഷ്ഠിത ഐക്യമെന്ന ആശയം

ശമീര്‍ബാബു കൊടുവള്ളി‌‌
img

റാന്‍ വിപ്ലവത്തിന് പ്രത്യയശാസ്ത്രപരമായ പശ്ചാത്തലമൊരുക്കിയ ചിന്തകനാണ് അലി ശരീഅത്തി. വിപ്ലവക്കാലത്തെന്നപോലെ അതിനുശേഷവും പ്രബുദ്ധരായ യുവതീയുവാക്കളെയും ബുദ്ധിജീവികളെയും അഗാധമായി സ്വാധീനിച്ചു ശരീഅത്തിയുടെ ചിന്തകള്‍. മര്‍ദ്ദിതരുടെ വിമോചനപത്രമായിരുന്നു ശരീഅത്തിക്ക് ഇസ്‌ലാമികദര്‍ശനം. പീഡിതരുടെ ദൈവമായിരുന്നു അദ്ദേഹത്തിന്റെ ദൈവം. പോരാളികള്‍ക്ക് ജന്മം നല്‍കുന്ന പ്രത്യയശാസ്ത്രമാണ് തന്റെ ഇസ്‌ലാമെന്ന് ശരീഅത്തി പ്രഖ്യാപിച്ചു. ചിന്തയോടൊപ്പം കര്‍മത്തിനും ശക്തിയോടൊപ്പം ധര്‍മത്തിനും സമരത്തോടൊപ്പം പഠനത്തിനും പ്രാധാന്യം നല്‍കുന്നു അത്. മര്‍ദ്ദിതന്റെ വിമോചനത്തിന് വിഘാതമാകുന്ന എല്ലാ സ്ഥാപിതശീലങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. പുരോഹിതവര്‍ഗവും സാമ്പ്രദായിക പണ്ഡിതവര്‍ഗവും മര്‍ദ്ദകഭരണകൂടവും വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. മര്‍ദ്ദിതരുടെ വിമോചനം മുന്‍നിര്‍ത്തിയാണ് ഇസ്‌ലാമികവീക്ഷണങ്ങളോടൊപ്പം വിവിധ സാമൂഹികസിദ്ധാന്തങ്ങളെയും പ്രയോജനപ്പെടുത്തിയത്. സ്‌നേഹം, തത്വജ്ഞാനം, അധികാരം എന്നീ ആശയങ്ങളുടെ സമ്മിശ്രമായ ചേരുവയിലൂടെയാണ് മാതൃകാപുരുഷനും പ്രബുദ്ധസമൂഹവും പിറവിയെടുക്കുന്നതെന്ന് ശരീഅത്തി വിശ്വസിച്ചു. അതിനായി ജീസസിന്റെ സ്‌നേഹവും സോക്രട്ടീസിന്റെ തത്വജ്ഞാനവും സീസറിന്റെ അധികാരവും ഒരു വ്യക്തിയില്‍ ഒരുമിക്കേണ്ടതുണ്ട്.
വിപ്ലവപദ്ധതിയായി ഇസ്‌ലാമികദര്‍ശനത്തെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അലി ശരീഅത്തി ശീഈ-സുന്നി ഐക്യത്തെക്കുറിച്ചും സംസാരിക്കുന്നത്. ചര്‍ച്ച പുരോഗമിക്കുന്നതിന് മുന്നോടിയായി ചില വസ്തുതകള്‍ മനസ്സിലാക്കേണ്ടതുണ്ട്. അടിസ്ഥാനപരമായി ശരീഅത്തി ശീഈ വിശ്വാസിയാണ്. ശീഇസത്തിന്റെ ഭൂമികയിലൂന്നിയാണ് ഐക്യമെന്ന ആശയത്തെ അദ്ദേഹം വിശകലനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ വിശകലനങ്ങളെ പ്രമാണത്തിന്റെയും യുക്തിയുടെയും ത്രാസിലിട്ട് നിരൂപണം ചെയ്തശേഷം അവയോട് യോജിക്കാം, അല്ലെങ്കില്‍ വിയോജിക്കാം. യോജിക്കലും വിയോജിക്കലും ചിന്താസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ചിന്താസ്വാതന്ത്ര്യത്തിന്റെ തലത്തില്‍ നിന്ന് കാര്യങ്ങളെ കാണാതെ ശരീഅത്തിക്ക് അങ്ങനെയുള്ള അഭിപ്രായം വെച്ചുപുലര്‍ത്താന്‍ പാടില്ലെന്ന് വാദിക്കുന്നതും മുസ്‌ലിം ലോകത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ നിരാകരിക്കുന്നതും ഐക്യസങ്കല്‍പത്തെ ഗൂഢാലോചനയായി ചിത്രീകരിക്കുന്നതും അയുക്തികതയാണ്.
രാഷ്ട്രീയപരമായ സാഹചര്യങ്ങളായിരുന്നു ശീഇസത്തിന്റെ ഉത്ഭവത്തിന് നിദാനം. സഖീഫാസംഭവവും ഉസ്മാന്റെ വധവും തുടര്‍ന്നുള്ള സംഭവങ്ങളും ശീഇസത്തിന്റെ ഉല്‍ഭവത്തിന് വഴിയൊരുക്കി. ഈ സംഭവവികാസങ്ങളില്‍ അലിയുടെ പക്ഷത്ത് നിന്നവര്‍ പില്‍ക്കാലത്ത് ശീഇകള്‍ എന്നറിയപ്പെട്ടു. അലി ശരീഅത്തിക്ക് പ്രവാചകന്‍ മുഹമ്മദ് കഴിഞ്ഞാല്‍ മാതൃകാവ്യക്തിത്വവും പൂര്‍ണമനുഷ്യനും അലിയ്യുബ്‌നു അബീത്വാലിബായിരുന്നു. പ്രവാചകനും അലിയും മുഴക്കിയ ആദര്‍ശവചനമാണ് വിപ്ലവത്തിന്റെയും പോരാട്ടത്തിന്റെയും ആദര്‍ശവചനം. പ്രവാചകന്റെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ശരീഅത്തിയുടെ മറുപടി അലിയെന്നാണ്. ഈ വാദത്തിന് തെളിവായി അദ്ദേഹം മുന്നോട്ടുവെക്കുന്നത് നിയമനതത്വമാണ്. ഒരു വ്യക്തി തന്റെ പിന്‍ഗാമിയെ നേരിട്ട് നിയമിക്കലാണ് നിയമനതത്വം. ഇതനുസരിച്ച് പ്രവാചകന്‍ തന്റെ പിന്‍ഗാമിയായി അലിയെ നിയോഗിച്ചിരിക്കുന്നു. പ്രാമാണികമായ തെളിവുകള്‍ക്കപ്പുറം യുക്തിപരമായ ന്യായങ്ങളാണ് നിയമനതത്വത്തിന് ശരീഅത്തി അവലംബിക്കുന്നത്. പ്രധാനമായും രണ്ട് ന്യായങ്ങള്‍ നിരത്തുന്നു. ഹജ്ജ്‌വേളയില്‍ പ്രവാചകന്‍ അലിയെ നേതാവായി നിശ്ചയിച്ചതും തബൂക്ക് യുദ്ധത്തില്‍ അലിയെ പങ്കെടുപ്പിക്കാതെ പ്രവാചകന്‍ മാറ്റിനിര്‍ത്തിയതുമാണ് പ്രസ്തുതന്യായങ്ങള്‍. കൂടാതെ പ്രവാചകന്‍ തന്റെ ജീവിതത്തില്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്നത് അലിയെയായിരുന്നുവെന്ന് ശരീഅത്തി അഭിപ്രായപ്പെടുന്നു. മേല്‍വിഷയത്തില്‍ സുന്നിസത്തിന്റെ നിലപാടും ശരീഅത്തി പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് തത്വത്തിലാണ് സുന്നികള്‍ വിശ്വസിക്കുന്നത്. കൂടിയാലോചനയിലൂടെ തെരഞ്ഞെടുത്ത വ്യക്തിയെ നിയമിക്കലാണ് തെരഞ്ഞെടുപ്പ്തത്വം. ഈ തത്വപ്രകാരം പ്രവാചകനുശേഷം അബൂബക്കര്‍ ഉത്തരാധികാരിയായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് സുന്നീലോകം വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ്തത്വം പ്രമാണപരമാണെന്ന് ശരീഅത്തി നിരീക്ഷിക്കുന്നു.
നിയമനതത്വവും തെരഞ്ഞെടുപ്പ്തത്വവും മുന്‍നിര്‍ത്തി അലി ശരീഅത്തി എത്തിചേരുന്ന നിഗമനം ഇപ്രകാരമാണ്. ഭിന്നവിരുദ്ധമായ ഈ രണ്ട് തത്വങ്ങളും ഒരേ മതത്തില്‍ നിന്ന് ഉരുതിരിഞ്ഞതാണ്. അവ തെറ്റല്ല, ശരിയുമാണ്. നിയമനതത്വം യുക്തിപരമാണെങ്കില്‍ തെരഞ്ഞെടുപ്പ്തത്വം പ്രമാണപരമാണ്.തുടര്‍ന്ന് നിയമനതത്വത്തിന്റെയും തെരഞ്ഞെടുപ്പ്തത്വത്തിന്റെയും സമന്വയം സാധ്യമാക്കുന്നു. പ്രവാചകനുശേഷം നിയമനത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും രണ്ടുഘട്ടങ്ങളുണ്ട്. നിയമനത്തിന്റേതാണ് ആദ്യഘട്ടം. പന്ത്രണ്ട് ഇമാമുകള്‍ അടങ്ങുന്നതാണ് നിയമന ഘട്ടം. പ്രഥമ ഇമാമായ അലിയടക്കമുള്ള ഈ ഇമാമുകളെ പ്രവാചകന്‍ നേരിട്ട് നിയമിച്ചതാണ്. ഈ ഘട്ടത്തില്‍ പ്രസ്തുത ഇമാമുകളാണ് മുസ്‌ലിംസമൂഹത്തെ നയിക്കുക. നിയമനഘട്ടത്തെ സാധൂകരിക്കാന്‍ ശരീഅത്തി മുന്നോട്ടുവെക്കുന്ന വാദമിതാണ്. പ്രവാചകസമൂഹം ഇപ്പോഴും പ്രാഥമികമാണ്. ആദര്‍ശപരമായും ധാര്‍മികപരമായും അവര്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ചിട്ടില്ല. നിയമനഘട്ടം അവസാനിക്കുമ്പോഴേക്കും അവര്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നതായിരിക്കും. തുടര്‍ന്നാണ് രണ്ടാം ഘട്ടമായ തെരഞ്ഞെടുപ്പ്ഘട്ടത്തിന്റെ ആരംഭം. പിന്നീടങ്ങോട്ട് തെരഞ്ഞെടുപ്പിലൂടെയായിരിക്കും മുസ്‌ലിംസമൂഹത്തിന്റെ നേതാവ് നിയമിക്കപ്പെടുക.
ശീഈ-സുന്നി ഐക്യത്തിന്റെ സാക്ഷാല്‍ക്കാരത്തിന് രണ്ട് തലങ്ങളിലൂടെ അദ്ദേഹം കടന്നുപോകുന്നു. ഒന്ന്, വ്യതിചലിച്ച ശീഇസത്തിന്റെ വിമര്‍ശനം. രണ്ട്, വൈരുദ്ധ്യാധിഷ്ഠിത ഐക്യമെന്ന ആശയം. അലി ശരീഅത്തിക്ക് യഥാര്‍ഥ ശീഇസം മുകളില്‍ പറഞ്ഞ അലവീശീഇസമായിരുന്നു. അതിന് വിരുദ്ധമായ വ്യതിചലിച്ച ശീഇസത്തെ അദ്ദേഹം വിമര്‍ശിച്ചു. വ്യതിചലിച്ച ശീഇസത്തിന്റെ പ്രതീകമാണ് സ്വഫവീശീഇസം. ഇറാനിലെ സ്വഫവീഭരണകൂട(1502-1722)മാണ് സ്വഫവീ ശീഇസത്തിന് അടിത്തറയിട്ടത്. ശൈഖ് സ്വഫിയുദ്ധീനെന്ന സൂഫിയിലേക്ക് ചേര്‍ത്തുകൊണ്ടാണ് ഈ ഭരണത്തിന് സ്വഫവീ എന്ന നാമമുണ്ടായത്. ശൈഖും പുത്രനും സുന്നീധാരയില്‍ പെട്ടവരായിരുന്നു. പിന്നീടുള്ള സന്താനപരമ്പര ശീഇസം സ്വീകരിക്കുകയും ഇറാനില്‍ ശീഇസത്തിന്റെ പുതിയൊരു യുഗത്തിന് തുടക്കമിടുകയും ചെയ്തു. ശാഹ് ഇസാമഈലാണ് സ്വഫവീഭരണകൂടത്തിന്റെ പ്രഥമഭരണാധിപന്‍.
യഥാര്‍ഥ ശീഇസത്തിന്റ സുവര്‍ണ്ണകാലം സ്വഫവീശീഇസത്തോടെ അവസാനിക്കുന്നു. തുടര്‍ന്നാണ് വ്യതിചലിച്ച ശീഇസത്തിന്റെ തുടക്കം. നവോത്ഥാനപരമായ ശീഇസം വ്യതിചലിച്ച ശീഇസത്തിന് വഴിമാറി. മര്‍ദ്ദനത്തിന്റെയും പീഢനത്തിന്റെയും ഉപകരണമായിരുന്നു ശാഹ് ഇസ്മഈല്‍. ശീഇസത്തിന്റെ പേരില്‍ ഇസ്‌ലാമികവിരുദ്ധമായ നടപടികളാണ് അദ്ദേഹം കൈകൊണ്ടത്. ഭൂരിപക്ഷം സുന്നികളായിരിക്കെ സ്വഫവീശീഇസത്തെ രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. രാഷ്ട്രത്തിന്റെ ഔദ്യോഗിക ഉപകരണങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചു. ജനങ്ങളെ അടിച്ചമര്‍ത്താനും രാഷ്ട്രങ്ങളുടെ അധിനിവേശത്തിനും ഖുസ്‌ലിബാഷ് എന്ന സൈനികമുന്നണിക്ക് രൂപംനല്‍കി. അധികാരത്തിന് മതപരമായ വര്‍ണം ലഭിക്കാന്‍ ഇമാമുമാരുടെ വംശപരമ്പരയില്‍ പെട്ടവരാണ് തങ്ങളെന്ന് സ്വഫവികള്‍ വാദിച്ചു. കൂടാതെ പേര്‍ഷ്യന്‍ ദേശീയതയെയും മദ്ഹബ് പക്ഷപാതിത്വത്തെയും കൂട്ടുപിടിച്ചു. ശീഇകള്‍ക്കും സുന്നികള്‍ക്കുമിടയില്‍ ഭിന്നത ഇളക്കിവിട്ടു. യോജിപ്പിന്റെയും രജ്ഞിപ്പിന്റെയും മേഖലകള്‍ നിഷ്പ്രഭമാക്കുകയും അനൈക്യത്തിന്റെ പ്രവണതകള്‍ക്ക് വിത്തിടുകയും ചെയ്തു. ആദ്യത്തെ രണ്ട് ഖലീഫമാരായ അബൂബക്കറിനെയും ഉമറിനെയും ശപിക്കല്‍ രാഷ്ട്രത്തിന്റെ പൊതുനിയമമാക്കി. യഥാര്‍ഥശീഇകളും സുന്നികളും ഒരുപോലെ സ്വഫവീഭരണത്തിന്റെ പീഢനത്തിന് വിധേയമായി. വാളുകളുപയോഗിച്ച് സുന്നികളോട് പ്രതികാരം ചോദിച്ചു.അവരെ സമൂഹമധ്യത്തില്‍ താറടിച്ചു. റോഡുകളിലും വഴികളിലും ഔദ്യോഗികസൈന്യത്തെ വിന്യസിച്ചു. പ്രവാചകാനുയായികളുടെ മേല്‍ ശാപവും ആക്ഷേപവും ചൊരിയാന്‍ വഴിയാത്രക്കാരെ നിര്‍ബന്ധിപ്പിച്ചു. നിരാകരിക്കുന്നവരെ അക്രമണത്തിന് വിധേയമാക്കി.
സ്വഫവീശീഇസത്തെ അതിരൂക്ഷമായ രീതിയിലാണ് അലി ശരീഅത്തി കൈകാര്യം ചെയ്യുന്നത്. അലവീശീഇസത്തിന്റെ മറുപതിപ്പാണത്.കേവലമായ തിന്മയും ഭിന്നിപ്പിന്റെയും അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും പുത്തനാവിഷ്‌കാരത്തിന്റെയും അധികാരവാജ്ഞയുടെയും ശീഇസമാണത്. യുക്തിവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണത്. രാഷ്ട്രീയനിസംഗതയുടെയും സ്വേഛാധിപത്യത്തിന്റെയും ചൂഷണത്തിന്റെയും പാതയാണത്. വിദ്വേഷം, വെറുപ്പ്, ഉന്മൂലനചിന്താഗതി, അന്ധമായ പക്ഷപാതിത്വം മുതാലയവയാണ് സ്വഫവികളുടെ സവിശേഷതകള്‍. കര്‍ബലാസംഭവത്തെ വിപ്ലവത്തിന് ഊര്‍ജം നല്‍കുന്ന സ്രോതസ്സായി മനസ്സിലാക്കാന്‍ സ്വഫവികള്‍ക്ക് സാധിച്ചിട്ടില്ല. ഉപരിപ്ലവമായിട്ടാണ് അവര്‍ അതിനെ കണ്ടത്. കര്‍ബലയുമായി ബന്ധപ്പെടുത്തി സ്വഫവികള്‍ ആവിഷ്‌കരിച്ച മാറത്തടിച്ചുള്ള അട്ടഹാസം അന്ധവിശ്വാസപരവും നൂതനവുമായ പ്രവണതയാണ്. പ്രകടനപരത എന്നതിനപ്പുറം ആന്തരികമായ വിപ്ലവവീര്യം അതിനില്ല. പ്രവാചകാനുയായികളെ പൊതുവിലും അബൂബക്കര്‍, ഉമര്‍ എന്നിവരെ വിശേഷിച്ചും ശപിക്കുന്നതിനെയും ആക്ഷേപിക്കുന്നതിനെയും കാടത്തം, തീവ്രത തുടങ്ങിയ പദങ്ങളുപയോഗിച്ചുകൊണ്ടാണ് ശരീഅത്തി വിമര്‍ശിക്കുന്നത്.
മറുവശത്ത് അലവീശീഇസമാണ് ശരീഅത്തിക്ക് യഥാര്‍ഥ ശീഇസം. കേവലമായ നന്മയാണത്. വ്യതിചലിച്ച ശീഇസത്തെയും സുന്നിസത്തെയും അത് നിരാകരിക്കുന്നു. ഇസ്‌ലാമികദര്‍ശനത്തിന്റെ പ്രൗഢിയും സൗന്ദര്യശാസ്ത്രത്തിന്റെ പ്രതീകവുമാണത്. വിശുദ്ധവേദം, തിരുചര്യ, ചിന്താസ്വാതന്ത്ര്യം, പരിവര്‍ത്തം, ഐക്യം, സമന്വയം മുതലായവയുടെ മാര്‍ഗമാണത്. പ്രവാചകകുടുംബത്തെ അതിരറ്റ് അത് സ്‌നേഹിക്കുന്നു. പ്രവാകന്‍ മുഹമ്മദും അലിയുമാണ് അതിന്റെ മാതൃക. ചിന്തയിലും പ്രയോഗത്തിലും വിപ്ലവവും പോരാട്ടവുമാണത്. സത്യം, സമത്വം, നീതി, ധര്‍മം തുടങ്ങിയ മൂല്യങ്ങളുടെ സംസ്ഥാപനമാണ് അതിന്റെ ലക്ഷ്യം. അടിച്ചമര്‍ത്തപ്പെട്ട ഭൂരിപക്ഷത്തിന്റെ അവകാശങ്ങല്‍ക്കാണത് നിലകൊള്ളുന്നത്. ലോകത്ത് മനുഷ്യന്‍ എന്ത് പ്രവര്‍ത്തിക്കണം എന്നതിന്റെ ഉത്തരമാണത്.
ശീഇസമെന്നപോലെ യഥാര്‍ഥസുന്നിസത്തെയും വ്യാജസുന്നിസത്തെയും അലി ശരീഅത്തി വേര്‍ത്തിരിക്കുന്നുണ്ട്. അമവീസുന്നിസമാണ് വ്യാജസുന്നിസം. അമവീസുന്നിസത്തിനും സ്വഫവീശീഇസത്തിനുമിടയില്‍ മൗലികവ്യത്യാസമില്ല. പ്രവാചകന്‍ മുഹമ്മദിന്റെ പാത പിന്‍പറ്റിയ തെരഞ്ഞെടുപ്പ്തത്വത്തിന്റെ പാതയാണ് യഥാര്‍ഥസുന്നിസം. അതേസമയം അമവീ സുന്നിസം മറ്റൊന്നാണ്. അമവീ ഭരണാധികാരി മുആവിയയാണ് അതിന് തുടക്കമിട്ടത്. സ്വഫവീശീഇസത്തെ വിമര്‍ശിക്കാനുപയോഗിച്ച അതേ പദങ്ങളുപയോഗച്ചാണ് അമവീസുന്നിസത്തെയും ശരീഅത്തി വിമര്‍ശിക്കുന്നത്. അധികാരത്തിന്റെ ഔദ്യോഗികപദവി ലഭിക്കാന്‍ മതതത്വങ്ങളെ ദുരുപയോഗം ചെയ്ത സുന്നിസമാണത്. വെള്ളിയാഴ്ച ദിവസം പ്രഭാഷണങ്ങളില്‍ അലിയെ ശപിക്കുന്ന സമ്പ്രദായം അമവീസുന്നിസത്തിന്റെ സവിശേഷതയാണ്. ഉമറുബ്‌നു അബ്ദില്‍ അസീസാണ് ഈ സമ്പ്രദായം നിര്‍ത്തലാക്കിയത്.
വൈരുദ്ധ്യാധിഷ്ഠിത ഐക്യത്തിന്റെ ആശയം രൂപപെടുത്തികൊണ്ടാണ് ഐക്യത്തിന് അലി ശരീഅത്തി ഭൂമികയൊരുക്കുന്നത്. സുന്നികള്‍ക്കും ശീഇകള്‍ക്കും ഇടയില്‍ ചിന്താപരമായ ഏകീഭാവവും ശത്രുതാപരമായ ഭിന്നതയുമല്ല ഉണ്ടാവേണ്ടത്. ചിന്താപരമായ ഏകീഭാവം വൈജ്ഞാനികമായ മുരടിപ്പാണ് കൊണ്ടുവരിക. ഏകീഭാവം ഉള്ളിടത്ത് സ്വേഛാധിപത്യത്തിന്റെ പ്രവണതകള്‍ ഉണ്ടായിരിക്കും. വൈജ്ഞാനിക ഏകതാനത അഭികാമ്യമല്ല. വിഭിന്നമായി ചിന്തിക്കുകയെന്നത് മനുഷ്യന്റെ പ്രകൃതമാണ്. അതുകൊണ്ട് മുസ്‌ലിം അമുസ്‌ലിമാവുകയില്ല. എന്റെ സമുദായത്തിലെ പന്ധിതന്മാരുടെ അഭിപ്രായവ്യത്യാസങ്ങള്‍ അനുഗ്രഹമാണെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്. സഖീഫയിലെ ചരിത്രസംഭവം സുന്നികള്‍ ഒരു വീക്ഷണകോണിലൂടെ നോക്കുന്നു. ശീഇകള്‍ മറ്റൊരു വീക്ഷണകോണിലൂടെ നോക്കുന്നു. ഏതെങ്കിലുമൊരു വീക്ഷണം സ്വീകരിക്കല്‍ ചിന്താസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ശിയാപക്ഷം തങ്ങളുടെ രീതിശാസ്ത്രത്തിലൂടെ എത്തിചേര്‍ന്ന ചരിത്രപരവും സാമൂഹികവുമായ ചിന്താസരണിയെ ഉപേക്ഷിച്ച് സുന്നിസത്തെ സ്വീകരിക്കണമെന്നും സുന്നീപക്ഷം മറിച്ചും സ്വീകരിക്കണമെന്നും പറയുന്നതില്‍ അര്‍ഥമില്ല. അപ്രകാരം ശത്രുതാപരമായ ഭിന്നത സ്വത്വത്തിന്റെ ശൈഥില്ല്യമാണ് വരുത്തിവെക്കുക. ശീഈ-സുന്നി സംഘട്ടനത്തിന്റെ ഫലമായി മുസ്‌ലിം സമൂഹം ഇത്രയുംക്കാലം അതനുഭവിക്കുകയായിരുന്നു. ദ്വീര്‍ഘകാലത്തെ പ്രതിഭാസമാണ് സുന്നിശീഈ സംഘട്ടനം. കഴിഞ്ഞുപോയ അനൈക്യത്തിന്റെ ഭൂതത്തിലേക്ക് തിരിച്ചുപോകരുത്. തിരിച്ചുപോയാല്‍ ഇസ്‌ലാമികദര്‍ശനത്തെയും മാനുഷികതയെയും ശത്രുവിന് ഒറ്റികൊടുക്കലായിരിക്കും അതിന്റെ ഫലം. ആധുനികപരിസരത്ത് തല്‍സംബന്ധമായ ചര്‍ച്ചകള്‍ അനഭികാമ്യവും നിഷ്പ്രയോജനവുമാണ്. അനൈക്യം എല്ലാ സീമകളെയും ഭേദിച്ചിരിക്കുന്നു. ശിയാ സുന്നിക്കെതിരെ ക്രൈസ്തവനെയും സുന്നി ശിയാക്കെതിരെ ജൂതനെയും കൂട്ടുപിടിക്കുന്നു. ആഴത്തില്‍ ആലോചിച്ചാല്‍ സുന്നി-ശീഈ സംഘട്ടനം ശത്രുവിന്റെ സൃഷ്ടിയാണെന്ന് ബോധ്യപ്പെടും. അനൈക്യത്തിലൂടെ മുസ്‌ലിംസമൂഹത്തിന്റെ ദൈവികമായ ചൈതന്യമാണ് ചോര്‍ന്നുപോയത്.
ചിന്താപരമായ ഏകീഭാവത്തിനും ശത്രുതാപരമായ ഭിന്നതക്കും മധ്യേയുള്ള പൊതുവായ ഐക്യത്തിന്റെ മാര്‍ഗമാണ് അലി ശരീഅത്തി സമര്‍പ്പിക്കുന്നത്. പൊതുവായ ഐക്യം ന്യായവും സാധുവുമാണ്. അതിന്റെ സാക്ഷാല്‍ക്കാരം സുന്നികളും ശീഇകളും ഉള്‍കൊള്ളുന്ന ഉമ്മത്തിന്റെ പൊതുബാധ്യതയാണ്. സാമൂഹികമായും രാഷ്ട്രീയമായും വിശ്വാസപരമായും ഇരുപക്ഷത്തിനും യോജിപ്പുകളേ ഉള്ളൂ. ഇരുവിഭാഗത്തിനും പൊതുവായ വിശ്വാസവും ലക്ഷ്യവും സംസ്‌കാരവും ഭാഗധേയവും ശത്രുക്കളും ഉണ്ട്. മുസ്‌ലിംകള്‍ ഒരര്‍ഥത്തില്‍ സുന്നികളാണ്. കാരണം വിശുദ്ധവേദവത്തിലും വിശ്വസനീയ മാര്‍ഗത്തിലൂടെ സ്ഥിരപ്പെട്ട തിരുചര്യയിലും വിശ്വസിക്കുന്നവരാണവര്‍. മറ്റൊരര്‍ഥത്തില്‍ അവര്‍ ശീഇകളാണ്. കാരണം പ്രവാചകനോടും പ്രവാചകകുടുംബത്തോടും സ്‌നേഹം വെച്ചുപുലര്‍ത്തുന്നവരാണവര്‍. ഇരുകൂട്ടരും തങ്ങളുടെ വീക്ഷണങ്ങള്‍ നിലനിര്‍ത്തി സമവായം രൂപപെടുത്തുകയാണ് വേണ്ടത്. മര്‍ദ്ദകനെതിരെ മര്‍ദ്ദിതനൊപ്പവും അനീതിക്കെതിരെ നീതിക്കൊപ്പവും നിലകൊള്ളല്‍ ഇരുപക്ഷത്തിന്റെയും സാമൂഹികവും രാഷ്ട്രീയവുമായ ധര്‍മമാണ്. സുന്നിപക്ഷം ശിയാപക്ഷത്തെ വ്യാജവിശ്വാസികളായി പുറത്താക്കുകയോ മതപരിത്യാഗികളായി മുദ്രകുത്തുകയോ ചെയ്യാതിരിക്കുമാറുള്ള ശക്തമായ ഐക്യത്തിന്റെ മാര്‍ഗമാണിത്. നിയമനതത്വവും തെരഞ്ഞെടുപ്പ്തത്വവും മാറ്റിനിര്‍ത്തിയാല്‍ യഥാര്‍ഥസുന്നിസത്തിനും അലവീശീഇസത്തിനുമിടയില്‍ വിയോജിപ്പിന്റെ ഇടങ്ങള്‍ ഇല്ലെന്ന് ശരീഅത്തി നിരീക്ഷിക്കുന്നു.
ഇരുപക്ഷത്തിന്റെയും ഐക്യത്തിലുടെ മാത്രമേ ഇസ്‌ലാമികപൈതൃകത്തിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമാവുകയുള്ളൂവെന്ന് അലി ശരീഅത്തി വിശ്വസിച്ചു. ഐക്യം ചരിത്രപരമായ ആവശ്യകതയാണ്.ഇസ്‌ലാമികദര്‍ശനത്തിന്റെ സംസ്ഥാപനത്തിനും മുസ്‌ലിംസമൂഹത്തിന്റെ സ്വത്വസംരക്ഷണത്തിനും അത് അനിവാര്യമാണ്. ശത്രുക്കള്‍ സുന്നിക്കും ശീഇക്കുമെതിരിലല്ല, ഇസ്‌ലാമികദര്‍ശനത്തിനും അതിന്റെ സംസ്‌കാരത്തിനും എതിരിലാണ് നിലകൊള്ളുന്നത്. ഇരുപക്ഷത്തുമുള്ള പന്ധിതന്മാരോടും പാമരന്മാരോടുമുള്ള ശരീഅത്തിയുടെ അഭിസംബോധന ഇപ്രകാരമാണ്. മുസ്‌ലിമെന്ന നിലയില്‍ ഓരോ വിഭാഗവും ഉയര്‍ന്ന് ചിന്തിക്കണം. ഐക്യത്തിന് തുരങ്കം വെക്കുന്ന സാമ്പ്രദായിക പന്ധിതന്മാരെയല്ല ആവശ്യം. ഐക്യം സാധ്യമേയല്ല എന്നാണ് അവരുടെ ന്യായം. പ്രത്യുല്‍പന്നമതിത്വം കൈമുതലായുള്ള പണ്ഡിതന്മാരെയാണ് വേണ്ടത്. അവര്‍ യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞ് വ്യതിചലനങ്ങളില്‍ നിന്ന് ഇരുപക്ഷത്തെയും മോചിപ്പിക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുകയാണെങ്കില്‍ അധികഭിന്നതകളും ഇല്ലാതാവും. ഇരുപക്ഷവും വംശീയമനോഭാവം വെടിഞ്ഞ് സാമൂഹികനന്മയില്‍ വ്യാപരിക്കണം. ഇസ്‌ലാമികചരിത്രത്തിലെ സംഭാവനകള്‍ സുന്നികളും ശീഇകളും ഉള്‍ക്കൊള്ളുന്ന മുസ്‌ലിംനാഗരികതയുടെ പൊതുസംഭാവനകളാണ്. പൊതുവായ ഐക്യത്തിലൂടെയാണ് നിലവിലെ മുസ്‌ലിംസമൂഹത്തിന്റെ സ്വത്വപ്രതിസന്ധിയെ മറികടക്കാനും മാനുഷ്യകത്തിന്റെ ആത്മീയവും ഭൗതികവുമായ വിമോചനം സാധ്യമാക്കാനും കഴിയുകയുള്ളൂവെന്നും ശരീഅത്തി ഉറച്ചുവിശ്വസിച്ചു.

അവലംബം
1. ഖിറാഅത്തുന്‍ ഫീ കിത്താബിത്തശയ്യുഅുല്‍ അലവിയ്യു വത്തശയ്യുഅുല്‍ സ്വഫവിയ്യു, സകീ രിള, http://al-nnas.com/ARTICLE/ZReda/25k1.htm
2. ഹഖീഖത്തു തശയ്യുഅി വതസന്നുനി മിന്‍ വിജ്ഹത്തി നള്‌രില്‍ ഫൈലസൂഫ് ശരീഅത്തി ലി തക്‌രീബില്‍ മദ്ഹബി, http://islamicbooks.info/H-26-V-Arabic/V-Truth%20about%20Shia-Sunni.htm
3. റെഡ് ശീഇസം: ദി റിലീജിയന്‍ ഓഫ് മാറ്റേഡം, ബ്ലാക്ക് ശീഇസം: ദി റിലീജിയന്‍ ഓഫ് മേണിംഗ്, അലി ശരീഅത്തി, http://www.iranchamber.com/personalities/ashariati/works/red_black_shiism.php
4. അലി ശരീഅത്തി ആന്റെ് ദി ഐഡിയോളജൈസേഷന്‍ ഓഫ് റിലീജിയന്‍, ഇസ്‌കന്ദര്‍സദ്ഗി, http://www.pbs.org/wgbh/pages/frontline/tehranbureau/2011/10/ali-shariati-and-the-ideologization-of-religion.html
5. തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍, അലി ശരീഅത്തി,പ്രതിഭ ബുക്ക്‌സ്:കോഴിക്കോട്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top