ശരീഅത്ത് വിവാദത്തിലെ ശരിയും തെറ്റും

പ്രഫ. ഓമാനൂര്‍ എം. മുഹമ്മദ്‌‌
img

       ലോകത്തെവിടെയും ശരീഅത്ത് ഇന്ന് ചര്‍ച്ചാവിഷയമാണ്. പാകിസ്താന്‍, ഈജിപ്ത്, ഇറാന്‍ തുടങ്ങി ഒട്ടേറെ മുസ്‌ലിം രാഷ്ട്രങ്ങളില്‍ ശരീഅത്തിന്റെ പേരില്‍ വിവാദങ്ങള്‍ നടക്കുന്നുണ്ട്.
ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും ശരീഅത്ത് ചര്‍ച്ചാവിഷയമാണ്. ശരീഅത്ത് അനുകൂലികളും പ്രതികൂലികളും ശരീഅത്ത് എന്താണെന്ന് അറിയാത്തവരും ശരീഅത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുതലെടുപ്പ് നടത്തുന്നവരുമൊക്കെ ഈ വിവാദത്തില്‍ പങ്കാളികളാണ്. വിവാഹമുക്തയായ മുസ്‌ലിം സ്ത്രീക്ക് പുനര്‍വിവാഹം വരെ പഴയ ഭര്‍ത്താവ് ചെലവിന് കൊടുക്കണമെന്നും ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും നിര്‍ദേശിക്കുന്ന സുപ്രീംകോടതി വിധിയും കമ്യൂണിസ്റ്റ് യുക്തിവാദി-വര്‍ഗീയ പ്രസ്ഥാനങ്ങളുടെ ശരീഅത്തിനു നേരെയുള്ള ആക്രമണങ്ങളുമാണ് ഇന്നത്തെ സാഹചര്യത്തില്‍ ശരീഅത്ത് ചര്‍ച്ചക്ക് കൂടുതല്‍ ചൂടു പകര്‍ന്നത്.
ഇന്ത്യയുടെ അഖണ്ഡതക്കും ദേശീയോദ്ഗ്രഥനത്തിനും നാട്ടിലെ എല്ലാ പൗരന്മാര്‍ക്കും ബാധകമാകുന്ന സിവിലും ക്രിമിനലുമായ നിയമങ്ങള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. മതേതരത്വം എന്ന ആശയം ഇത്തരമൊരു നിയമനിര്‍മാണത്തിലൂടെ മാത്രമേ സാക്ഷാത്കരിക്കപ്പെടൂ എന്നാണവര്‍ കരുതുന്നത്. എന്നാല്‍, ഭിന്നമതങ്ങളും സംസ്‌കാരങ്ങളും ഭാഷകളും ദര്‍ശനങ്ങളും വേഷക്രമങ്ങളും ആചാരങ്ങളും സഹസ്രാബ്ദങ്ങളായി നിലനിന്നുവരുന്ന ഈ രാജ്യത്ത് അവക്കെല്ലാം തനതായ വ്യക്തിത്വം അനുവദിച്ചുകൊണ്ടുള്ള ഒരു സമൂഹവ്യവസ്ഥിതിയാണ് കൂടുതല്‍ ആരോഗ്യകരമായിരിക്കുക എന്ന് കരുതുന്നവരും ധാരാളമുണ്ട്.
വ്യത്യസ്തങ്ങളായ ഈ വീക്ഷണങ്ങളോട് ഇന്ത്യയിലെ ജനസംഖ്യയില്‍ പതിനഞ്ച് ശതമാനത്തിലധികം മുസ്‌ലിംകളുടെ പ്രതികരണം പ്രാധാന്യമര്‍ഹിക്കുന്നു.
ശരീഅത്ത് എന്നത് ഇസ്‌ലാം ദീനിന്റെ നിയമങ്ങളാണ്. മുസ്‌ലിംകളുടെ വിശ്വാസപ്രകാരം ആദിമനുഷ്യനായ ആദം തൊട്ട് 'ഇസ്‌ലാംദീന്‍' ആരംഭിച്ചു. ആദംമുതല്‍ ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും ദൈവമതമായ ഇസ്‌ലാം പ്രചരിപ്പിച്ചവരായിരുന്നു. പ്രവാചകന്മാരുടെ കാലത്ത് ലോകപുരോഗതിക്കനുസരിച്ച് ദീനിന്റെ നിയമസംഹിതയായ ശരീഅത്ത് മാറ്റങ്ങള്‍ക്ക് വിധേയമായി. മുഹമ്മദ് നബിയുടെ ആഗമനത്തോടെയാണ് ഇസ്‌ലാംമതത്തിന്റെ അന്തിമശരീഅത്ത് അവതരിക്കുന്നത്. അതാണ് ഖുര്‍ആന്‍. ഖുര്‍ആനില്‍ കല്‍പിച്ചിട്ടുള്ള മൗലിക നിയമങ്ങള്‍ക്ക് ഒരു മാറ്റവും പാടില്ലെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പര്‍ശിക്കുന്നതാണ് ഇസ്‌ലാമിക ശരീഅത്ത്. ആരാധനാകര്‍മങ്ങള്‍, വൈവാഹിക ജീവിതമുറകള്‍, സിവില്‍, ക്രിമിനല്‍ നടപടി വ്യവസ്ഥകള്‍ രാഷ്ട്രീയം, ഭരണം, അനന്തരാവകാശ നിയമങ്ങള്‍ തുടങ്ങി ജീവിതത്തെ ബാധിക്കുന്ന എല്ലാ മേഖലകളിലും ശരീഅത്ത് വ്യാപകമാണ്. എന്നാല്‍, ഇന്ത്യയിലെന്നല്ല മുസ്‌ലിം രാജ്യങ്ങളില്‍പോലും ഇന്ന് ഇസ്‌ലാമിക ശരീഅത്ത് പൂര്‍ണമായും നടപ്പിലില്ല. ലോകത്തിലെ മിക്കരാജ്യങ്ങളും യൂറോപ്യന്‍ കൊളോണിയലിസത്തിന് കീഴിലായതാണ് ഇതിന് പ്രധാന കാരണം. അവര്‍ തങ്ങളുടെ കോളനികളിലെ നിയമങ്ങളപ്പാടെ മാറ്റിമറിച്ചു. പഴയ ആംഗ്ലോ സാക്ക്‌സന്‍ നിയമങ്ങളും റോമന്‍നിയമങ്ങളും മറ്റും നടപ്പാക്കി. ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയിലും സംഭവിച്ചത് ഇതായിരുന്നു. ഇവിടെ മുഗളന്മാരുടെയും നാട്ടുരാജാക്കന്മാരുടെയും കാലത്ത് ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടെ മതനിയമങ്ങളനുസരിച്ച് ജീവിക്കാന്‍ അവകാശമുണ്ടായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ബ്രിട്ടീഷുകാര്‍ എല്ലാവര്‍ക്കും ബാധകമായ ഒരു പൊതു ക്രിമിനല്‍കോഡ് നടപ്പാക്കി. എന്നാല്‍, ഓരോ മതവിഭാഗങ്ങളെയും ബാധിക്കുന്ന വൈയക്തിക നിയമങ്ങളില്‍ ബ്രിട്ടീഷുകാര്‍ കൈ കടത്തിയില്ല. അത്തരം പ്രശ്‌നങ്ങളില്‍ ഓരോ മതവിഭാഗത്തിനും അവരുടെ മതഗ്രന്ഥങ്ങളിലെ നിയമങ്ങളനുസരിച്ച് ജീവിക്കാനുള്ള നിയമനിര്‍മാണം അവര്‍ നടത്തുകയുണ്ടായി. അങ്ങനെയാണ് ഇന്ത്യയില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ നിലവില്‍വരുന്നത്. മുഹമ്മദന്‍ ലോ എന്ന പേരിലറിയപ്പെടുന്ന ഈ മുസ്‌ലിം വ്യക്തിനിയമം ശരീഅത്ത് അല്ലെന്ന് പറയാന്‍ പറ്റില്ല. പക്ഷേ, അത് ഇസ്‌ലാമിക ശരീഅത്തിന്റെ ഒരു ചെറിയ അംശത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ. 1937ലെ ശരീഅത്ത് ആക്ട്, 1939ലെ മുസ്‌ലിം വിവാഹമോചന ആക്ട്, 1954ലെ വഖ്ഫ് ആക്ട് എന്നീ മൂന്ന് കേന്ദ്ര ആക്ടുകളിലധിഷ്ഠിതമാണ് ഇന്ത്യന്‍ മുസ്‌ലിം വ്യക്തിനിയമം എന്ന് പറയാം. ഹനഫീ പണ്ഡിതനായിരുന്ന ശൈഖ് ബുര്‍ഹാനുദ്ദീന്‍ മര്‍ഖീനാനെയെഴുതിയ 'അല്‍ഹിദായത്തു ഫീ ഫുറൂഇല്‍ ഇസ്‌ലാം'' എന്ന ഗ്രന്ഥത്തിന് ചാള്‍സ് ഹാമില്‍ട്ടണ്‍ എഴുതിയ പരിഭാഷയും മുഗള്‍ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഫത്‌വാ സമാഹാരമായ 'ഫതാവാ ആലംഗീരി' എന്ന ഗ്രന്ഥത്തിന് ബെയ്‌ലി എഴുതിയ വിവര്‍ത്തനവുമാണ് സുന്നീ നിയമങ്ങള്‍ ക്രോഡീകരിക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ അവലംബമാക്കിയത്. ശിആ പണ്ഡിതനായിരുന്ന നജ്മുദ്ദീന്‍ഹില്ലി എഴുതിയ ''ശറാഇഉല്‍ ഇസ്‌ലാമി''ന്ന് ബെയ്‌ലി എഴുതിയ പരിഭാഷയാണ് ശിയാ നിയമങ്ങള്‍ക്ക് ആധാരം. ശിയാക്കളെയും സുന്നികളെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അവരവര്‍ സ്വീകരിച്ചുവരുന്ന മദ്ഹബുകളെ ആശ്രയിച്ചുതന്നെയായിരുന്നു വിധി നടത്തിയിരുന്നത്. ഹനഫീ നിയമമുസരിച്ച് മുസ്‌ലിം സ്ത്രീക്ക് ഭര്‍ത്താവിനെ വിവാഹമോചനം നടത്താനുള്ള അവകാശം നേടിയെടുക്കാന്‍ വളരെ പ്രയാസമായിരുന്നു. ഈ പ്രയാസത്തെ മറികടക്കാന്‍ ഇസ്‌ലാമില്‍നിന്ന് പുറത്ത് പോവുക എന്ന സൂത്രമായിരുന്നത്രെ പ്രയോഗിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് മാലികീമദ്ഹബ് അനുസരിച്ച് 1939ലെ ഫസ്ഖ് ആക്ട് പാസാക്കപ്പെട്ടത്. സംരക്ഷിക്കുന്നതില്‍ ഭര്‍ത്താവ് വീഴ്ചവരുത്തുക, ഭാര്യയുടെ ജീവിതം ദുരിത പൂര്‍ണമാക്കുക, മറ്റുതരത്തില്‍ ഭാര്യയോട് മോശമായി പെരുമാറുക തുടങ്ങിയ കാരണങ്ങളാല്‍ ഈ നിയമംമൂലം മുസ്‌ലിംസ്ത്രീക്ക് വിവാഹമോചനം നടത്താന്‍ അവകാശം സിദ്ധിച്ചു.
എന്നാല്‍, ബ്രിട്ടീഷുകാര്‍ ഹിദായയും ഫതാവയും മിന്‍ഹാജ്ജുമെല്ലാം അവലംബമാക്കി ആവിഷ്‌കരിച്ച ഈ വ്യക്തിനിയമങ്ങള്‍ യഥാര്‍ഥ ഇസ്‌ലാമിക ശരീഅത്തുമായി ബന്ധമില്ലെന്ന് വാദിക്കുന്നവര്‍ മുസ്‌ലിംകളില്‍ തന്നെയുണ്ട്. ഇത് കടന്നവാദമാണ്. ഈ വ്യക്തിനിയമങ്ങള്‍ തലാഖിന്റെയും ബഹുഭാര്യത്വത്തിന്റെയും കാര്യത്തില്‍ അമിതമായ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടതാണെങ്കിലും അതിന്റെ പേരില്‍ അവ കുഴിച്ചുമൂടണം എന്ന് പറയുന്നത് അവിവേകമാണ്. ഖുര്‍ആന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് ഈ നിയമങ്ങള്‍ വഴി ഒരു സാധാരണമുസ്‌ലിം എടുക്കാവുന്ന ദുഃസ്വാതന്ത്ര്യവും ദുരുപയോഗവും തടയാനുള്ള നിയമമാണ് കൊണ്ടുവരേണ്ടത്. ഉദാഹരണത്തിന് ഇസ്‌ലാം ഇഷ്ടംപോലെ നാലു സ്ത്രീകളെ വിവാഹംചെയ്യാനോ യഥേഷ്ടം വിവാഹമോചനം നടത്താനോ പുരുഷനെ അനുവദിക്കുന്നില്ല. ആരോഗ്യപരവും സാമ്പത്തികവും സാമൂഹ്യവും നൈതികവുമായ ഒട്ടേറെ പ്രശ്‌നങ്ങളെ വിലയിരുത്തിയതിനു ശേഷം മാത്രമേ ഇസ്‌ലാം പുരുഷനെ രണ്ടാം വിവാഹത്തിന് അനുവദിക്കുന്നുള്ളൂ. അതുപോലെത്തന്നെ, ഭാര്യാഭര്‍തൃബന്ധം ഒരു നിലക്കും സുഗമമായി മുന്നോട്ടുപോവുകയില്ലെന്ന് ഇരുവിഭാഗത്തിനും ഉത്തമബോധ്യം വന്നാല്‍ മാത്രമേ വിവാഹമോചനം അനുവദിക്കുന്നുള്ളൂ. കര്‍ക്കശമായ ഇത്തരം നിബന്ധനകളൊന്നുംതന്നെ ഇന്ത്യന്‍ വ്യക്തിനിയമങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. ഈ പശ്ചാത്തലത്തെ പരമാവധി ചൂഷണം ചെയ്യുകയാണ് ദൈവഭയമില്ലാത്ത മുസ്‌ലിംകള്‍ ചെയ്യുന്നത്. പലപ്പോഴും സ്ത്രീക്കും അതുവഴി മുസ്‌ലിം കുടുംബത്തിനും ദോഷകരമായി ഭവിക്കുന്ന ഈ ചൂഷണം തടയാന്‍ വ്യക്തിനിയമങ്ങളില്‍ ഖുര്‍ആനിനും സുന്നത്തിനും അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ശരീഅത്തിന് എതിരല്ല, അനുകൂലമാണ്. ഇത്തരം നിയന്ത്രണങ്ങള്‍ മുസ്‌ലിം പണ്ഡിതന്മാരോടാലോചിച്ച് ആത്മാര്‍ഥതയോടെ ഖുര്‍ആന്റെ യഥാര്‍ഥ സ്പിരിറ്റ് ഉള്‍ക്കൊണ്ട് നടപ്പാക്കാന്‍ യത്‌നിച്ചാല്‍ അത്തരം ഒരു പരിഷ്‌കരണം സ്വാഗതാര്‍ഹമായിരിക്കും. മറിച്ച്, ഈ ദുഃസ്വാതന്ത്ര്യവും ദുരുപയോഗവും എടുത്തുകാണിച്ച് നിലവിലുള്ള നിയമം തന്നെ ഉന്മൂലനം ചെയ്ത് മറ്റേതെങ്കിലും വ്യക്തിനിയമം ഏക സിവില്‍കോഡിന്റെ പേരുപറഞ്ഞ് മുസ്‌ലിംകളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ അത് ഇന്ത്യയില്‍ ഇന്നേവരെ അഭിമാനകരമായി എടുത്തുകാണിക്കാന്‍ സാധിച്ച നാനാത്വത്തില്‍ ഏകത്വം എന്ന തത്ത്വത്തെ നശിപ്പിക്കാനേ ഉപകരിക്കൂ. മുസ്‌ലിംകളുടെ വ്യക്തിത്വത്തിന് ഏല്‍പിക്കുന്ന ക്ഷതം അവരെ പ്രകോപിപ്പിക്കും. ഇന്ത്യയുടെ ദേശീയ ഐക്യത്തിന് തന്നെ ദോഷം വരുത്താനും അത് കാരണമായിത്തീരും. എല്ലാവരും ഒരു സിവില്‍കോഡ് തന്നെ സ്വീകരിച്ചതുകൊണ്ട് രാഷ്ട്രത്തിന് ഒരു പ്രത്യേകനേട്ടവും കൈവരിക്കാനില്ല.
മുസ്‌ലിംകള്‍ പൊതുവെ ഇസ്‌ലാമിക ശരീഅത്തില്‍ ഒരു മാറ്റവും പാടില്ലെന്ന് വിശ്വസിക്കുന്നവരും വാദിക്കുന്നവരുമാണ്. കാരണം ശരീഅത്ത് സ്രഷ്ടാവായ അല്ലാഹുവിന്റെ നിയമങ്ങളാണ്; മനുഷ്യനെ നിയന്ത്രിക്കാന്‍ മനുഷ്യനുണ്ടാക്കുന്ന നിയമങ്ങളേക്കാള്‍ എത്രയും ഉത്തമമായത് അതാണെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.
എന്നാല്‍, ലോകത്ത് നടക്കാനിരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാര്‍ഗം ഖുര്‍ആനിലുണ്ടെന്ന് മുസ്‌ലിംകളാരും വാദിക്കുന്നില്ല. ഖുര്‍ആനിലുള്ളത് കുറ്റമറ്റതും എല്ലാ കാലത്തേക്കും ബാധകവുമായ മൗലിക നിയമങ്ങളാണ്. ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ജനനന്മ മുമ്പില്‍കണ്ട് പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള ഉപനിയമങ്ങളുണ്ടാക്കാന്‍ ഇസ്‌ലാം നിയമജ്ഞന്മാര്‍ക്കും നിയമനിര്‍മാണ സഭകള്‍ക്കും അധികാരം നല്‍കുന്നുണ്ട്. ''കാര്യങ്ങളില്‍ അവരോട് കൂടിയാലോചിക്കുക'' എന്ന ഖുര്‍ആന്റെ നിര്‍ദേശം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇങ്ങനെയുണ്ടാക്കുന്ന നിയമങ്ങള്‍ എല്ലാ കാലത്തേക്കും ബാധകമായിക്കൊള്ളണമെന്നില്ല. ആവശ്യാനുസരണം അവയില്‍ ഭേദഗതിയാകാവുന്നതുമാണ്.
മുആദിനെ യമനിലെ ഗവര്‍ണറായി നിയോഗിച്ച സംഭവത്തില്‍നിന്ന് ആനുകാലിക പ്രശ്‌നങ്ങളോട് ഇസ്‌ലാമിന്റെ സമീപനമെന്താണെന്ന് വ്യക്തമാണ്. (മുആദ് യാത്ര പുറപ്പെടുന്ന സമയത്ത് നബി ചോദിച്ചു. ''താങ്കളെങ്ങനെ വിധി നടത്തും?'' മുആദിന്റെ മറുപടിയുടെ ചുരുക്കം ഇതാണ്. ''ഞാന്‍ ഖുര്‍ആന്‍ അനുസരിച്ച് വിധിക്കും, അതില്‍ വിധി കണ്ടില്ലെങ്കില്‍ അല്ലാഹുവിന്റെ ദൂതന്റെ നടപടിക്രമങ്ങളനുസരിച്ച് വിധി കല്‍പിക്കും. അവ രണ്ടിലും വിധി കണ്ടെത്തിയില്ലെങ്കില്‍ അവയുടെ വെളിച്ചത്തില്‍ എന്റെ യുക്തിയനുസരിച്ച് വിധിക്കും'') സമകാലിക പ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ നിയമം നിര്‍മിക്കാന്‍ നബി അനുവാദം നല്‍കിയിട്ടുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു. മുആദിന്റെ മറുപടി നബി സസന്തോഷം സ്വാഗതം ചെയ്യുകയാണുണ്ടായത്.
ഒരിക്കലും മാറ്റം പാടില്ലെന്ന് വാദിക്കുന്നത് ഖുര്‍ആനിലും ഹദീസിലും വന്ന മൗലിക നിയമങ്ങളെക്കുറിച്ചാണ്. വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം, അനന്തരാവകാശം തുടങ്ങി ഇന്ന് ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഖുര്‍ആന്‍ നല്‍കിയ നിയമങ്ങള്‍ മൗലിക സ്വഭാവമുള്ളവയാണ്. അവയില്‍ ഒരിക്കലും മാറ്റം പാടില്ല. സ്ത്രീക്കു പുരുഷന്റെ പകുതി സ്വത്ത് എന്ന ഇസ്‌ലാമിക ദായക്രമത്തെ ഇന്ന് ചിലര്‍ എതിര്‍ക്കുന്നുണ്ടല്ലോ. എന്നാല്‍, ഇക്കാര്യത്തിലെ ഖുര്‍ആന്റെ വിധി ഖണ്ഡിതമാണ്. അതിനാല്‍, അതില്‍ മാറ്റം അനുവദനീയമല്ല. ഇസ്‌ലാമിക കുടുംബ വ്യവസ്ഥയില്‍ സ്ത്രീയേക്കാള്‍ ഒട്ടേറെ ബാധ്യതകള്‍ പുരുഷനില്‍ ചുമത്തിയത്‌കൊണ്ടാണ് ഈ പകുതിസ്വത്ത് സമ്പ്രദായം ഉണ്ടായത്. പുരുഷന്റെ സ്വത്തുകൊണ്ട് ഭാര്യമാരെയും കുട്ടികളെയും സംരക്ഷിക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. സ്ത്രീക്കാണെങ്കില്‍ ഇങ്ങനെയുള്ള ഒരുത്തരവാദിത്തവുമില്ല. തന്റെ സ്വത്ത് ഇഷ്ടപ്രകാരം ചെലവ് ചെയ്യാനോ വില്‍ക്കാനോ ഉള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്. കൂടാതെ, വിവാഹസമയത്ത് ഭര്‍ത്താവില്‍നിന്നും നല്ലൊരു തുക അവള്‍ക്ക് മഹ്‌റായും ലഭിക്കുന്നു. ഇത്തരം പരിതഃസ്ഥിതിയില്‍ ഇസ്‌ലാം സ്ത്രീയെ രണ്ടാം കിടയായി കണ്ടുവെന്ന് പറയാന്‍ ഒരു കാരണവുമില്ല. സ്ത്രീയുടെ ഒരു സ്വാതന്ത്ര്യത്തെയും ഇസ്‌ലാം ഹനിച്ചിട്ടില്ല. പുരുഷനെ അപേക്ഷിച്ച് സ്ത്രീകള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനാണ് ഇസ്‌ലാം ശ്രമിച്ചിട്ടുള്ളത്. പുരുഷനോ സ്ത്രീക്കോ ആര്‍ക്കാണ് ഇസ്‌ലാമില്‍ മാന്യമായ സ്ഥാനം എന്ന് ചോദിച്ചാല്‍ ഖുര്‍ആനില്‍നിന്നും ലഭിക്കുന്ന ഉത്തരം ആരാണ് കൂടുതല്‍ നന്മ ചെയ്യുന്നത്, അവര്‍ക്കാണ് എന്നാണ്. സ്ത്രീയുടെയും പുരുഷന്റെയും ജീവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ പരിഗണിച്ച് സ്ത്രീക്ക് ആവശ്യമായ പരിരക്ഷണം നല്‍കുകയാണ് ഇസ്‌ലാം ചെയ്തത്. ഈ പരിരക്ഷണത്തെയാണ് പലരും അടിമത്തമായി ചിത്രീകരിക്കുന്നത്. പുരുഷനോട് നിര്‍ബന്ധമായി വെള്ളിയാഴ്ച പള്ളികളില്‍ സംബന്ധിച്ച് ജുമുഅ പ്രാര്‍ഥന നടത്തണമെന്ന് ഇസ്‌ലാം കല്‍പിച്ചപ്പോള്‍, സ്ത്രീകളുടെ പ്രകൃതിപരമായ വൈഷമ്യങ്ങളോര്‍ത്ത് അവര്‍ക്കത് നിര്‍ബന്ധമാക്കിയില്ല. ഏതു രംഗത്തും പുരുഷനെപ്പോലെ ഓടിച്ചാടി നടക്കാനുള്ള പ്രകൃതമല്ലല്ലോ സ്ത്രീക്കുള്ളത്. സദുദ്ദേശ്യത്തോടെയുള്ള ഇസ്‌ലാമിന്റെ സ്ത്രീ സംരക്ഷണ നിയമങ്ങളുടെ യഥാര്‍ഥ മഹത്ത്വം മനസ്സിലാക്കാതെയാണ് ഇന്നത്തെ പല 'സ്ത്രീവിമോചക പ്രസ്ഥാനക്കാരും' എഴുന്നള്ളുന്നത്. സ്ത്രീയെ മാനിക്കുന്നവനും ശുശ്രൂഷിക്കുന്നവനുമാണ് മുസ്‌ലിം. സ്ത്രീയെ കണ്ണീര്‍ കുടിപ്പിക്കുന്നവന്‍ ഇസ്‌ലാമിക ശരീഅത്തിന്റെ ഘാതകനാണ്. ഇത്തരക്കാരനെ ചൂണ്ടിക്കാട്ടി ശരീഅത്തിനെ എതിര്‍ക്കുന്നത് ശാസ്ത്രീയമോ നീതിയുക്തമോ അല്ല.
ഖുലഫാഉല്‍ അര്‍ബഅത്തിന്റെയും മറ്റും കാലത്ത് നടന്ന ചില സംഭവങ്ങളുദ്ധരിച്ചും ശരീഅത്തില്‍ മാറ്റമാവാമെന്ന് വാദിക്കുന്നവരുണ്ട്. യഥാര്‍ഥത്തില്‍, ഇവര്‍ കഥയറിയാത്തവരാണ്. ഉദാഹരണത്തിന് ഉമറിന്റെ ഭരണകാലത്ത് ഉണ്ടായ ഒരു സംഭവമെടുക്കാം. ഒരു ക്ഷാമകാലത്ത് കളവുകേസില്‍ കുടുങ്ങിയ പ്രതിയെ ഉമര്‍ വെറുതെ വിട്ടു. കേസ് തെളിഞ്ഞിട്ടും ഉമര്‍ കൈ മുറിച്ചില്ല. കട്ടവന്റെ കൈ മുറിക്കുക എന്ന ശരീഅത്ത് ഇവിടെ ഉമര്‍ മാറ്റിയില്ലേ എന്നാണിവരുടെ ചോദ്യം. ശരീഅത്ത് ജനനന്മക്കുള്ളതാണെന്നും ജനങ്ങളെ ഉപദ്രവിക്കാനുള്ളതല്ലെന്നും മനസ്സിലാക്കാത്തതുകൊണ്ടാണ് ഉമറിന്റെ ഈ പ്രവര്‍ത്തനത്തെ ശരീഅത്തില്‍ മാറ്റമായി ചിത്രീകരിക്കുന്നത്. കട്ടവന്റെ കൈ മുറിക്കുക എന്നത് ഇസ്‌ലാമിലെ പരമാവധി ശിക്ഷയാണ്. കൊലയാളിയെ തൂക്കിക്കൊല്ലുക എന്നതാണ് നമ്മുടെ ക്രിമിനല്‍ ശിക്ഷാനിയമം നല്‍കുന്ന പരമാവധി ശിക്ഷ. എന്നുവെച്ച് എല്ലാ കൊലക്കേസിലും പ്രതി വധശിക്ഷക്ക് വിധിക്കപ്പെടുന്നില്ല. ചിലപ്പോള്‍ ജീവപര്യന്തം ശിക്ഷ നല്‍കുന്നു, ചിലപ്പോള്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിടുന്നു. ഇത് ഭരണഘടനയില്‍ വരുത്തിയ മാറ്റമാണ് എന്ന് ആരും വാദിക്കുന്നില്ല. ക്ഷാമകാലമായതു കൊണ്ട്, ശരീഅത്ത് വിഭാവനം ചെയ്യുന്ന ജീവകാരുണ്യം കാണിക്കുകയാണ് ഉമര്‍ ചെയ്തത്.
അതുപോലെത്തന്നെ, നാലു മദ്ഹബുകളില്‍ ഉള്ള വ്യത്യാസങ്ങളെ ചൂണ്ടിക്കാട്ടി അത് ശരീഅത്ത് ഭേദഗതിയാണെന്ന് തമാശ പറയുന്നവരുണ്ട്. ചിന്താസ്വാതന്ത്ര്യം അനുവദിക്കാത്ത കമ്യൂണിസ്റ്റുകള്‍ മാത്രമേ ഇത്തരം വാദങ്ങളുന്നയിക്കുകയുള്ളൂ.
ഏതായാലും, മുസ്‌ലിം വ്യക്തിനിയമത്തില്‍ മാറ്റം വരുത്താന്‍ ഇന്ത്യാഗവണ്‍മെന്റ് എടുത്തു ചാടുകയില്ലെന്നാണ് മനസ്സിലാകുന്നത്. എങ്കിലും, കോടതികള്‍ വ്യക്തിനിയമങ്ങളെ ആശ്രയിക്കാതെ ഖുര്‍ആന്‍ നേരിട്ടു വ്യാഖ്യാനിക്കാന്‍ മുതിര്‍ന്നാല്‍ ശരീഅത്തിന് വിരുദ്ധമായ നിലപാടില്‍ വിധികളുണ്ടാകാനുള്ള സാധ്യത വിരളമല്ല. ഷാബാനുകേസില്‍ അതാണല്ലോ സംഭവിച്ചത്. വിവാഹമോചിതയായ സ്ത്രീക്ക് മുന്‍ഭര്‍ത്താവ് അവളുടെ പുനര്‍വിവാഹംവരെ ചെലവിന് കൊടുക്കണം എന്ന വിധി ഖുര്‍ആനിലില്ല, സ്വമേധയാ ഒരാള്‍ അങ്ങനെ കൊടുക്കുന്നത് നല്ല കാര്യമാണെങ്കിലും ഒരു വ്യക്തിയില്‍ ഇത്തരത്തിലുള്ള ഒരു ഭാരം ഖുര്‍ആന്‍ ചുമത്തുന്നില്ല. അല്‍ബഖറയിലെ 241-ാം ആയത്ത് മാത്രമെടുത്ത് അക്ഷരാര്‍ഥത്തില്‍ വ്യാഖ്യാനിച്ചാല്‍ ഈ വിധി തെറ്റല്ലെന്ന് പറയാമെങ്കിലും, ഖുര്‍ആനിലെ സൂറത്തുത്തലാഖിലെ ആയത്തുകളും നബിയുടെയും ഇമാമുമാരുടെയും വ്യാഖ്യാനങ്ങളും പരിശോധിച്ചാല്‍ ആ വിധി ശരിയല്ലെന്ന് കാണാന്‍ കഴിയും. സ്ത്രീയുടെ കാര്യം മാത്രം പരിരക്ഷിക്കുന്ന ആ വിധി പുരുഷനോട് അനീതി കാണിക്കുന്നു. പണക്കാരനായ ഏതെങ്കിലും ഒരു പുരുഷനെ മാത്രമെടുത്താല്‍ ഈ വിധികൊണ്ട് അയാള്‍ കഷ്ടത്തിലാവുകയില്ലെന്ന് സമാധാനിക്കാമെങ്കിലും രാജ്യത്തെ എല്ലാ കോടതികളും ഇനി ഈ വിധിയനുസരിച്ച് തീര്‍പ്പ് കല്‍പിക്കാന്‍ ബാധ്യസ്ഥമാണെന്ന വസ്തുത സംഗതി ഗുരുതരമാക്കുന്നു. തതുല്യമോ കൂടുതലോ ജഡ്ജിമാര്‍ ഉള്‍പ്പെട്ട സുപ്രീം കോടതിയുടെതന്നെ മറ്റൊരു ബഞ്ച് ഈ വിധിന്യായത്തില്‍ ഭേദഗതി വരുത്തുകയോ ചെയ്യുന്നതുവരെ ഇത് നിയമമായിരിക്കും. എന്നാല്‍, ബ്രിട്ടീഷ് ജഡ്ജിമാര്‍ തങ്ങളുടെ വിധിന്യായങ്ങളില്‍ ഖുര്‍ആനെ സ്വതന്ത്രമായി വ്യാഖ്യാനിക്കാന്‍ ഒരുമ്പെട്ടിരുന്നില്ല. ഖുര്‍ആനിനും സുന്നത്തിനും പൗരാണികര്‍ നല്‍കിയിരുന്നതിന് വിരുദ്ധമായ വ്യാഖ്യാനങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും കോടതികള്‍ ഖുര്‍ആന്‍ ആയത്തുകള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്നത് അപകടകരമാണെന്നും പ്രിവി കൗണ്‍സില്‍ അഭിപ്രായപ്പെട്ടിരുന്നു.
മുസ്‌ലിം ഭൂരിപക്ഷം ഒന്നിച്ചാവശ്യപ്പെടുന്നതുവരെ വ്യക്തി നിയമത്തില്‍ കൈവെക്കുകയില്ലെന്ന സര്‍ക്കാറിന്റെ ഉറപ്പ് മുസ്‌ലിംകള്‍ക്ക് ആശ്വാസകരമാണ്. മുസ്‌ലിംകള്‍ ഒരു കാലത്തും അതാവശ്യപ്പെടുകയില്ല. അവരുടെ ശരീഅത്തിന്റെ മഹത്ത്വം അവര്‍ക്കറിയാം. പക്ഷേ, സര്‍ക്കാര്‍ വേണ്ടത് ഇന്ത്യയില്‍ ഒരു മുസ്‌ലിമേയുള്ളൂവെങ്കിലും അവന് വ്യക്തി നിയമം അനുസരിച്ച് ജീവിക്കാന്‍ അവസരം നല്‍കുകയാണ്.
വ്യക്തിനിയമങ്ങള്‍ സംരക്ഷിക്കണം എന്ന് മുറവിളി കൂട്ടുന്നവര്‍ എന്തുകൊണ്ട് ഇസ്‌ലാമിക ക്രിമിനല്‍ നിയമത്തിന് വേണ്ടി വാദിക്കുന്നില്ല എന്ന് ചോദിക്കുന്നവരുമുണ്ട്. രണ്ടും തമ്മിലുള്ള അന്തരം മനസ്സിലാക്കാന്‍ പ്രയാസമില്ല. കട്ടവന് കൈമുറിക്കല്‍ ശിക്ഷ ലഭിച്ചില്ലെങ്കിലും അവന്റെ വൈയക്തിക ജീവിതത്തെ അത് ബാധിക്കുന്നില്ല. കുറ്റവാളിയെ ശിക്ഷിക്കുന്നത് ആ ശിക്ഷയില്‍നിന്ന് സമൂഹം പാഠമുള്‍ക്കൊള്ളാനാണ്. പക്ഷേ, സാധ്യമാണെങ്കില്‍ ക്രിമിനല്‍ കാര്യങ്ങളിലും ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കുന്നതിനോടുതന്നെയാണ് യഥാര്‍ഥ മുസ്‌ലിംകള്‍ യോജിക്കുക.
(ശരീഅത്ത് വിവാദ പശ്ചാത്തലത്തില്‍ അല്‍ഹുദ പ്രസിദ്ധീകരിച്ച ശരീഅത്ത് ചര്‍ച്ചകള്‍ എന്ന പുസ്തകത്തില്‍നിന്ന്)

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top