മുസ്‌ലിം വ്യക്തിനിയമവും രാഷ്ട്രീയ അസ്തിത്വവും

‌‌

       ബഹുമത സമൂഹങ്ങളില്‍ മതവിശ്വാസത്തെയും മതാചരണത്തെയും സംബന്ധിച്ച് ഓരോ രാജ്യത്തെയും ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ സംരക്ഷണമാണ് വ്യക്തിനിയമങ്ങളിലൂടെ ഉറപ്പുവരുത്തുന്നത്. ഇന്ത്യയെപോലുള്ള ബഹുമത, ജാതി സംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് വ്യക്തിനിയമം ദേശീയ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായി ഉണ്ടാവേണ്ടതാണ്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന്റെ വ്യക്തിനിയമവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഭൂരിപക്ഷ സമൂഹത്തിനിടയില്‍ തങ്ങളുടെ മത സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ന്യൂനപക്ഷങ്ങള്‍ വ്യക്തിനിയമത്തെ സമീപിക്കുന്നത്. മുസ്‌ലിംകളെ സംബന്ധിച്ച് വ്യക്തിനിയമം തങ്ങളുടെ മതപരവും സാംസ്‌കാരികവുമായ അസ്തിത്വത്തിന്റെ ഭാഗമായിട്ടാണ് അവര്‍ കരുതുന്നത്. അതുസംബന്ധിച്ച ഏതൊരു ചര്‍ച്ചയും അവരില്‍ ആശങ്കയുളവാക്കുന്നു. ഏക സിവില്‍ കോഡിനു വേണ്ടി വാദിക്കുന്നവരുടെ പശ്ചാത്തലവും മനസ്സിലിരിപ്പുമാണ് മുസ്‌ലിംകളിലെ സംഭീതിക്കു കാരണം.
ബ്രിട്ടീഷ് കാലത്തു പോലും വ്യക്തിനിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പരിഷ്‌കരണങ്ങളിലും മതപണ്ഡിതരുമായി കൂടിയാലോചിച്ചിരുന്നു. എന്നാല്‍, സ്വാതന്ത്ര്യാനന്തരമുള്ള ഭരണകൂടങ്ങള്‍ ഇതിന് തയാറായിരുന്നില്ല. ഇന്ത്യയില്‍ എല്ലാ മുസ്‌ലിം വിഭാഗത്തിനും പൊതു പ്രാതിനിധ്യമുള്ള ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ഇവിടെ നിലനില്‍ക്കുമ്പോള്‍ പോലും അവരുമായി സംവദിക്കാന്‍ ഭരണകൂടം തയാറാവാതെ ഏകപക്ഷീയമായ പരിഷ്‌കാരങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നതാണ് ഒട്ടുമിക്ക വിവാദങ്ങളും ഉണ്ടാകുന്നത്. ശരീഅത്ത് എന്ന് കേള്‍ക്കുമ്പോഴേക്കും അതിപ്രാകൃതമായ ഒന്നിനെ നേരിടാനുള്ള 'മതേതര ബുദ്ധിജീവി'കളുടെ മുറിവിളികള്‍ കൂടിയാവുമ്പോള്‍ വിവാദങ്ങള്‍ പൂര്‍ണമാവുന്നു.
അതേസമയം, മുസ്‌ലിംകള്‍ക്ക് ഗുണകരമായ രീതിയില്‍ വ്യക്തിനിയമം പരിഷ്‌കരിക്കുന്നതിന് മതപണ്ഡിതര്‍ നേതൃത്വം നല്‍കേണ്ടതാണ്. വ്യക്തിനിയമം പരിഷ്‌കരിക്കുന്നതിന്റെ ഏതൊരു ചര്‍ച്ചയും പാര്‍ലമെന്റില്‍നിന്ന് തുടങ്ങുന്നതിനു മുമ്പ് മതപണ്ഡിതന്മാരില്‍നിന്നുതന്നെ ആരംഭിക്കണം. അങ്ങനെയാവുമ്പോഴേ പരിഷ്‌കരണത്തിന്റെ ഗുണാത്മകമായ വശങ്ങള്‍ ലഭ്യമാവുകയുള്ളൂ. ലോകത്ത് വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള വ്യക്തിനിയമങ്ങള്‍ ഏകരൂപമല്ല. ഇരുപതിലധികം രാജ്യങ്ങളില്‍ വ്യക്തിനിയമം നിലനില്‍ക്കുന്നത് വ്യത്യസ്ത രീതിയിലാണ്. പാശ്ചാത്യ മുസ്‌ലിം സമൂഹത്തിന്റെ കുടുംബനിയമങ്ങള്‍ പൗരസ്ത്യ മുസ്‌ലിം സമൂഹത്തിന്റേതില്‍നിന്നും വ്യത്യസ്തമാണ്. കാലാനുസൃതമായി സാമൂഹികാവസ്ഥകളിലുണ്ടാവുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് വ്യക്തിനിയമങ്ങളുടെ പ്രയോഗവല്‍ക്കരണത്തില്‍ വ്യത്യസ്ത രീതികളാണ് ഓരോ രാജ്യവും സ്വീകരിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഗുണകരമായ രീതിയില്‍ വ്യക്തിനിയമ പരിഷ്‌കരണങ്ങള്‍ക്ക് ശ്രമമുണ്ടാകണം. മുസ്‌ലിം സമൂഹത്തിലെ ആധുനിക വാദികളും സംഘ് അനുകൂലികളും വാദിക്കുന്ന പോലെ ഏക സിവില്‍കോഡാണ് ഇന്ത്യയില്‍ ഉണ്ടാവേണ്ടതെന്ന ന്യായം ഒട്ടും പ്രസക്തമല്ല. വ്യക്തിനിയമങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാവുന്നത് പുതിയകാലത്ത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top