ഇന്ത്യയിലെ മുസ്‌ലിം വ്യക്തി നിയമം: ചരിത്ര പശ്ചാത്തലം

അഡ്വ. ടി.എം. അബ്ദുല്ല‌‌
img

       ഇസ്‌ലാമിക നിയമത്തിന്റെ കണിക ഇന്ത്യ ദര്‍ശിച്ചത് ക്രിസ്താബ്ദം 712ല്‍ മുഹമ്മദ് ഇബ്‌നുഖാസിം സിന്ധ് കൈയടക്കിയതുമുതലാണ്. പക്ഷേ, നിയമം സ്ഥാപിതമായത് 13ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ഖുതുബുദ്ദീന്‍ ഐബക്കിന്റെ ഭരണത്തിന്നു ശേഷമായിരുന്നുവത്രെ. മുഗള്‍ രാജാക്കന്മാര്‍ ഹനഫീ മദ്ഹബുകാരായിരുന്നു. ഇന്ത്യ ആദ്യമായിക്കണ്ട ആധാരകരമായ ഇസ്‌ലാമിക നിയമഗ്രന്ഥം 12ാം നൂറ്റാണ്ടില്‍ റഷ്യന്‍ തുര്‍ക്കിസ്ഥാനില്‍ ജനിച്ച ബുര്‍ഹാനുദ്ദീന്‍ മര്‍ഗിനാനി 'ഹിദായ' എന്ന പേരില്‍ എഴുതിയ ഹനഫീ നിയമ ഗ്രന്ഥമായിരുന്നു. അതിനുശേഷം 13ാം നൂറ്റാണ്ടില്‍ നജ്മുദ്ദീന്‍ അല്‍ ഹില്ലി എന്നു പേരായ ശിയാ പണ്ഡിതന്‍ 'ശറഉല്‍ ഇസ്‌ലാം' എന്ന പേരില്‍ ശിയാ നിയമ ഗ്രന്ഥം രചിച്ചു. അമൂര്‍ത്തമായ തത്ത്വങ്ങളടങ്ങിയ ഗ്രന്ഥങ്ങളേക്കാള്‍ തത്ത്വങ്ങള്‍ പ്രയോഗപ്പെടുത്തി കല്‍പിക്കപ്പെട്ട വിധികളാണ് പ്രയോജനപ്പെടുക എന്ന കാരണത്താല്‍ ഔറംഗസീബിന്റെ കാലത്ത് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അന്നുവരെ പണ്ഡിതന്മാര്‍ പുറപ്പെടുവിച്ച 'ഫത്‌വകള്‍' സമാഹരിച്ച ഫതാവാ ആലംഗീരി' എന്ന ഗ്രന്ഥം 17ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടു. 'ഹിദായ' അറബിയില്‍നിന്നു പേര്‍ഷ്യന്‍ ഭാഷയിലും അതു പിന്നീട് ഇംഗ്ലീഷിലും തര്‍ജമ ചെയ്തു. 'ഫതാവാ ആലംഗീരി'യും 'ശറഉല്‍ ഇസ്‌ലാ'മും ബെയ്‌ലി എന്നു പേരായ ഒരു ഇംഗ്ലീഷുകാരന്‍ ജഡ്ജി 'ബെയ്‌ലിയുടെ ഡൈജസ്റ്റ്' എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തി. ഇസ്‌ലാമിക നിയമങ്ങളറിയാന്‍ ഈ മൂന്നു ഗ്രന്ഥങ്ങളായിരുന്നു ഇന്ത്യയില്‍ ഉണ്ടായത്. ഇന്നും ഇന്ത്യയിലുള്ള മുസ്‌ലിം വ്യക്തിനിയമങ്ങളുടെ വേരുകള്‍ ഈ ഗ്രന്ഥങ്ങളിലാണ് കാണുക. ശാഫികള്‍ക്ക് മിന്‍ഹാജുത്താലിബീന്‍ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് തര്‍ജമയും ഉണ്ട്.
ഹിന്ദു നിയമവും മുസ്‌ലിം നിയമവും തങ്ങളുടെ മതങ്ങളുമായി അവിഭാജ്യമായി ബന്ധപ്പെട്ടതാണെന്ന വസ്തുത പണ്ടേ അംഗീകരിക്കപ്പെട്ടതാണ്. തല്‍ഫലമായി, മുസ്‌ലിം നിയമം മുസ്‌ലിംകള്‍ക്ക് ബാധകമാക്കിയപ്പോള്‍ ഹിന്ദുനിയമം ഹിന്ദുക്കള്‍ക്കും മുഗള്‍ രാജാക്കന്മാര്‍ അനുവദിച്ചിരുന്നു. ഈ നയം പിന്നീട് ബ്രിട്ടീഷുകാര്‍ തുടര്‍ന്നുവന്നു എന്നല്ലാതെ അവര്‍ പുതുതായി ആവിഷ്‌കരിച്ചതല്ല. ക്രിസ്താബ്ദം 17ാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി കച്ചവടവും ഭരണവും തുടങ്ങിയപ്പോള്‍ ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ക്ക് എല്ലാ വിഷയങ്ങളിലും തങ്ങളുടെ മതാധിഷ്ഠിതമായ വ്യക്തിനിയമങ്ങള്‍ അനുസരിപ്പാന്‍ സ്വാതന്ത്ര്യം നല്‍കി. 1772ല്‍ പാസാക്കപ്പെട്ട റഗുലേഷന്‍ II പ്രകാരം ദായക്രമം, പിന്തുടര്‍ച്ചാവകാശം, വിവാഹം, ജാത്യാചാരം, ജാതിസ്ഥാപനങ്ങള്‍ (ഇവിടെ ജാതി എന്നു പറയുന്നത് മതത്തിനാണ്) എന്നിവകളെ സംബന്ധിച്ച കേസുകള്‍, മുസ്‌ലിംകളുടേതാണെങ്കില്‍ ഖുര്‍ആന്‍ അനുസരിച്ചും ഹിന്ദുക്കളുടേതാണെങ്കില്‍ 'ശാസ്ത്ര'മനുസരിച്ചും തീര്‍പ്പ് കല്‍പിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടു. ഖുര്‍ആന്‍ ഉപദേശിക്കുവാന്‍ മൗലവിമാരും ശാസ്ത്രം ഉപദേശിക്കുവാന്‍ പണ്ഡിറ്റ്മാരും കോടതികളില്‍ നിയോഗിക്കപ്പെട്ടു. ഈ നടപടി ചിരകാലം നടപ്പിലുണ്ടായിരുന്നു. മേല്‍പറഞ്ഞ വിഷയങ്ങളൊഴിച്ചു ബാക്കിയുള്ള വിഷയങ്ങളില്‍ ജാതി-മത ഭേദമന്യെ ഇംഗ്ലീഷുകാരുടെ നീതി തത്ത്വങ്ങള്‍ അനുസരിച്ചു വിധി കല്‍പിക്കപ്പെട്ടു. 1858ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍നിന്ന് ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യന്‍ ഭരണം ഏറ്റെടുത്തപ്പോള്‍ ബ്രിട്ടീഷ് നിയമത്തിന്റെ 'അധികാരം' മുറുകി. ബ്രിട്ടീഷ് പാര്‍ലമെന്റ് 1843ല്‍ അടിമ നിരോധന ആക്ടും 1850ല്‍ ജാതി അവശത നിവാരണ ആക്ടും പാസാക്കി. ഒന്ന് മനുഷ്യരെ അടിമകളാക്കുന്നത് നിരോധിച്ചു. മറ്റേത് ജാതിയോ മതമോ മാറിയ ആള്‍ക്ക് സിവില്‍ നിയമപ്രകാരമുള്ള അനന്തര, പിന്തുടര്‍ച്ചാവകാശങ്ങള്‍ നഷ്ടപ്പെടാതെ വന്നു. ഈ രണ്ട് ആക്ടുകളും അവര്‍ ഇന്ത്യയില്‍ നടപ്പാക്കി. 1860 ഇന്ത്യന്‍ പീനല്‍കോഡുണ്ടാക്കിയതു മുതല്‍ ഇന്ത്യയില്‍ ആകമാനം ഒരേ കുറ്റ-ശിക്ഷാ നിയമം നടപ്പാക്കി. ഇവയെല്ലാം സമുദായ ഭേദമന്യെ നടപ്പാക്കിയതോടെ മുസ്‌ലിംകളെ സംബന്ധിച്ച് ഈ വിഷയങ്ങളില്‍ അവരുടെ സ്വന്തം നിയമം നടപ്പാക്കുവാന്‍ സാധിക്കാതെവന്നു. 1861ല്‍ ബോംബെ, കല്‍കത്ത, മദ്രാസ് എന്നീ മൂന്നു സ്ഥലങ്ങളില്‍ ഹൈക്കോടതി സ്ഥാപിച്ചു. 1872ല്‍ ബ്രിട്ടീഷ് തത്ത്വങ്ങളനുസരിച്ച് ഇന്ത്യക്ക് ഒരു തെളിവ് ആക്ട് ഉണ്ടാക്കി. അതു മുതല്‍ മുസ്‌ലിമിന് ഇസ്‌ലാമിക തെളിവ് നിയമം നഷ്ടപ്പെട്ടു. 1887ല്‍ പാര്‍ലമെന്റ് പാസാക്കിയ ആക്ടില്‍ മുസ്‌ലിമിന്റെ സ്വത്തവകാശം, വിവാഹം, മതാചാരങ്ങള്‍ എന്നീ വിഷയങ്ങളില്‍ കോടതി വിധികള്‍ കല്‍പിക്കുമ്പോള്‍ നിയമനിര്‍മാണം വഴി മാറ്റിയതോ നീക്കിയതോ ആയ ഭാഗങ്ങള്‍ ഒഴിച്ചു ബാക്കി ഭാഗങ്ങള്‍ പ്രയോഗിക്കണം എന്ന നിര്‍ദേശമുണ്ടായി. ഇസ്‌ലാമിക നിയമത്തില്‍ ഒരു മുസ്‌ലിമിന്റെ സ്വത്തവകാശി ഒരു അമുസ്‌ലിമാകുവാന്‍ പാടില്ലെങ്കിലും ജാതിമത മാറ്റത്താല്‍ സ്വത്തവകാശം നശിക്കുന്നില്ല എന്ന ബ്രിട്ടീഷ് നിയമം ഇസ്‌ലാമിക സ്വത്തവകാശ നിയമത്തെ ഭേദഗതി ചെയ്തതാണ് ഈ സന്ദര്‍ഭത്തില്‍ പ്രസക്തം. എന്നാല്‍ വിവാഹം, മതാനുഷ്ഠാനാചാരങ്ങള്‍ എന്നിവയില്‍ ബ്രിട്ടീഷ് നിയമം കൈകടത്തിയിരുന്നില്ല. കീഴ്‌വഴക്കങ്ങളെയും ആചാരങ്ങളെയും അവര്‍ ആദരിക്കാറുണ്ടായിരുന്നു. ആചാരങ്ങളോടുള്ള പ്രതിപത്തി, മുസ്‌ലിംകളുടെ ഇടയില്‍, ചില അനിസ്‌ലാമിക ആചാരങ്ങള്‍ അംഗീകരിക്കുന്നിടത്തോളം ഇന്നും കണ്ടുവരുന്നു എന്നത് ഒരു വസ്തുതയാകുന്നു.
1860ല്‍ ഹൈക്കോടതികള്‍ സ്ഥാപിച്ചതോടുകൂടി മൗലവിമാരുടെയും പണ്ഡിതന്മാരുടെയും കോടതി ഉപദേശക ഉദ്യോഗം അവസാനിച്ചു; കോടതികളില്‍ നിയമ പരിശീലനം കഴിച്ച വക്കീലന്മാരുടെ സാന്നിധ്യം ആവശ്യമായി. മൗലവിമാര്‍ക്ക് പകരം വക്കീല്‍മാര്‍ വന്ന വ്യവസ്ഥക്ക് ഗുണവും ദോഷവും ഉണ്ടായി. മൗലവിമാര്‍ അന്നും കര്‍ശനമായ സിദ്ധാന്തികളായിരുന്നു. ലൗകിക സമ്പര്‍ക്കമോ നടപടിക്രമമോ അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. അവര്‍ക്ക് അറിയുന്ന ഭാഷ ബ്രിട്ടീഷ് ജഡ്ജിമാര്‍ക്കോ ജഡ്ജിമാര്‍ക്ക് അറിയുന്ന ഭാഷ അവര്‍ക്കോ അറിവില്ലായിരുന്നു. കേസുകള്‍ വര്‍ധിച്ചു. അവയുടെ വൈവിധ്യതയും സങ്കീര്‍ണതയും വര്‍ധിച്ചു. 1880 മുതല്‍ ഏഴു നൂറ്റാണ്ടോളം ഇന്ത്യയില്‍ മുസ്‌ലിം വ്യക്തിനിയമത്തിന്റെ സുവര്‍ണകാലമായിരുന്നു എന്നു പറയാം. ഈ കാലഘട്ടത്തില്‍ അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ വ്യുല്‍പത്തിയുള്ള ആധുനിക നിയമപടുക്കളായ ജസ്റ്റിസ് മഹമൂദ്, ജസ്റ്റിസ് അമീര്‍അലി, ജസ്റ്റിസ് അബ്ദുറഹീം, ബാരിസ്റ്റര്‍ എ.എഫ്.എം അബ്ദുര്‍റഹ്മാന്‍, ജസ്റ്റിസ് തയ്യിബ്ജി എന്നീ മഹാരഥന്മാര്‍ മുസ്‌ലിം വ്യക്തിനിയമത്തിന്റെ വികാസത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കി. അറബിയിലെ മൂലഗ്രന്ഥങ്ങളില്‍ കടന്നുചെല്ലാന്‍ അവര്‍ക്ക് സാധിച്ചു. പക്ഷേ, ഇസ്‌ലാമിക നിയമങ്ങളുടെ സങ്കീര്‍ണതയും തനതായ സ്രോതസ്സുകളില്‍ അവയെ മനസ്സിലാക്കാന്‍ ഉണ്ടായ പ്രയാസങ്ങളും ബ്രിട്ടീഷ് ജഡ്ജിമാരെ അമ്പരപ്പിക്കുകയായിരുന്നു. മുസ്‌ലിം നിയമപ്രശ്‌നം തന്റെ മുമ്പാകെ വന്നാല്‍ ഒരു തീരുമാനവും എടുക്കാതെ ഒഴിഞ്ഞുമാറാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ സന്തുഷ്ടനായിരുന്നുവെന്ന് ഉന്നതനായ ബ്രിട്ടീഷ് ജഡ്ജി ഒരിക്കല്‍ ഒരു വിധിന്യായത്തില്‍ പറഞ്ഞു. മുസ്‌ലിം വ്യക്തിനിയമത്തില്‍ അല്‍പസ്വല്‍പ ഭാഗങ്ങളില്‍ മാത്രമേ ക്രോഡീകരണമുണ്ടായിട്ടുള്ളൂ. 1913ല്‍ കുടുംബ വഖഫ് സാധൂകരണ ആക്ട് 1937ല്‍ ശരീഅത്ത് ആക്ട് 1939ല്‍ ഫസ്ഖ് ആക്ട് 1854ലെ വഖഫ് ആക്ട്, പ്രാദേശികമായി 1918ല്‍ മാപ്പിള മരുമക്കത്തായം ആക്ട് 1928ല്‍ മാപ്പിള വസ്യത്ത് ആക്ട് 1920ല്‍ കാശ്മീര്‍ മുസ്‌ലിം മഹര്‍ ആക്ട്, 1938ല്‍ കച്ചീമേമന്‍ ആക്ട്, 1949ല്‍ മുസ്‌ലിം വിവാഹ-തലാഖ് രജിസ്‌ട്രേഷന്‍ ആക്ട് (ഒഡിഷ, അസം, ബീഹാര്‍, വെസ്റ്റ് ബംഗാള്‍ ഇവക്ക് മാത്രം) കൂട്ടത്തില്‍ 1880ലെ നിരര്‍ഥകവും നിഷ്പ്രയോജനകരവുമായ ഖാസി ആക്ട് എന്നിങ്ങനെയായിരുന്നു നിയമങ്ങളുടെ ക്രോഡീകരണം നടന്നത്. ഇവയില്‍ പ്രധാനമായ ശരീഅത്ത് ആക്ടിനെ പറ്റി ചുവടെ വിവരിക്കുന്നുണ്ട്.
ആക്ടുകള്‍ ഉള്‍ക്കൊണ്ട ഭാഗങ്ങളൊഴിച്ച് ബാക്കി ഭാഗങ്ങള്‍ ഹനഫി നിയമത്തിന്നു 'ഹിദായ'യും ശാഫി നിയമത്തിന്നു 'മിന്‍ഹാജും' അംഗീകരിക്കുന്നു. ഹനഫികള്‍ ഭൂരിപക്ഷമുള്ളതുകൊണ്ട് കോടതി വിധികളും ഹനഫി നിയമത്തെ സംബന്ധിച്ചുള്ളതാണധികവും. മൂല ഗ്രന്ഥങ്ങളില്‍ ഇന്നുള്ള വക്കീലന്മാരോ ജഡ്ജിമാരോ കടന്നു ചെല്ലില്ല. മുമ്പു പ്രിവി കൗണ്‍സില്‍ വിധികളും ഇപ്പോള്‍ സുപ്രീം കോടതി വിധികളും ഹൈക്കോടതി വിധികളും മാത്രമേ സാധാരണയായി അവര്‍ നോക്കാറുള്ളൂ.
പ്രിവി കൗണ്‍സില്‍ ചില തെറ്റായ വിധികള്‍ മുസ്‌ലിം നിയമത്തില്‍ കല്‍പിച്ചിട്ടുണ്ട്. 1894ല്‍ അവര്‍ കുടുംബ വഖ്ഫിനെ റദ്ദാക്കി വിധിച്ചു. റസൂല്‍ തിരുമേനി അത് അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ അതിനെ അസാധൂവാക്കരുത് എന്ന് ജസ്റ്റിസ് അമീര്‍ അലി ആദ്യമായി ഒരു വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടത് ബ്രിട്ടീഷ് ജഡ്ജിമാര്‍ അനുസരിച്ചില്ല. ദാനം വഴി സ്വത്തു ശാശ്വതമായി കെട്ടിനിര്‍ത്തുവാന്‍ അനുവദിക്കാത്ത പ്രവാചകന്‍, 'ധര്‍മം' എന്ന പേരും പറഞ്ഞു സ്വത്തു കെട്ടി നിര്‍ത്തുവാന്‍ അനുവദിച്ചിരുന്നുവെന്നു തങ്ങള്‍ക്കു വിശ്വസിക്കുവാന്‍ സാധിക്കുന്നില്ല എന്ന കാരണമാണ് ജഡ്ജിമാര്‍ അമീര്‍ അലിയുടെ അഭിപ്രായം നിരസിക്കുവാന്‍ പറഞ്ഞത്. (അബ്ദുല്‍ ഫതാ കേസ്). ഈ തെറ്റായ വിധിക്കെതിരായി ഇന്ത്യന്‍ മുസ്‌ലിം സമൂഹം പ്രക്ഷോഭം നടത്തിയതിന്റെ ഫലമായി 1913ല്‍ കുടുംബ വഖഫ് സാധൂകരണ ആക്ട്, ഇന്ത്യയില്‍ പാസാക്കപ്പെട്ടു. 1897ല്‍ മറ്റൊരു തെറ്റായ വിധിയുണ്ടായി. ഭര്‍ത്താവു മരിച്ച സ്ത്രീയെ ഒരു കൊല്ലംവരെ ഭര്‍തൃ ഗൃഹത്തില്‍ താമസിപ്പിച്ചു സംരക്ഷിക്കുവാന്‍ ഖുര്‍ആന്‍ കല്‍പിക്കുന്നു എന്ന് ഖുര്‍ആനിലെ 2ാം അധ്യായം 240ാം ആയത്ത് ചൂണ്ടിക്കാട്ടി അമീര്‍ അലി വാദിച്ചു. ജഡ്ജിമാര്‍ സ്വീകരിച്ചില്ല. പറഞ്ഞ കാരണമാണ് വിചിത്രം. ഖുര്‍ആനില്‍ എന്തു പറയുന്നുവെന്നു തങ്ങള്‍ നോക്കേണ്ടതില്ല. 'ഹിദായ'യിലോ 'ഇമാമ'യിലോ അങ്ങനെ ഒരവകാശം തങ്ങള്‍ കാണുന്നില്ല എന്നായിരുന്നു അവര്‍ കാരണം പറഞ്ഞത്. (കുല്‍സുംബി കേസ്). ശിയാക്കള്‍ വസ്യത്ത് വഴി വഖഫ് ചെയ്യാന്‍ പാടില്ല എന്നു കാര്യകാരണസഹിതം ജസ്റ്റിസ് മഹ്മൂദ് വിധിച്ചതു പ്രിവി കൗണ്‍സില്‍ അംഗീകരിച്ചില്ല; കാരണം പറഞ്ഞത് പണ്ടുള്ളവര്‍ പറയാത്ത പുതുതായ തത്ത്വങ്ങളൊന്നും ഈ വക കാര്യത്തില്‍ തങ്ങള്‍ അംഗീകരിക്കുവാന്‍ ഒരുക്കമില്ല എന്നായിരുന്നു. വിഷയങ്ങളുടെ 'ശറഈ'യായ വശങ്ങളെ പ്രതിപാദിച്ചായിരുന്നില്ല അവരുടെ മത വിഷയങ്ങളിലെ വിധികള്‍. ചട്ടങ്ങളായിരുന്നു അവയ്ക്കവലംബം. എന്നാലും, പില്‍കാലങ്ങളിലേക്ക് അത്തരം വിധികള്‍ നിയമങ്ങളായി വന്നു. ഒറ്റ ശ്വാസത്തില്‍ മൊഴിഞ്ഞ മൂന്നു മൊഴി മൂന്ന് ത്വലാഖ് ആകുമോ എന്ന് 1871ല്‍ ബോംബെ ഹൈക്കോടതിയില്‍ പ്രശ്‌നം വന്നപ്പോള്‍ 75 കൊല്ലമായി ഇങ്ങനെയുള്ള മൂന്നു മൊഴി മൂന്നു ത്വലാഖുകളായി കണക്കാക്കുന്നു എന്നു പറഞ്ഞു മൂന്നു തലാഖുകളായി എണ്ണി. ഇന്നും നിയമം അതുതന്നെയാണ്. അഹമദിയാക്കള്‍ മുസ്‌ലിംകളാണോ എന്ന പ്രശ്‌നം 1921ല്‍ മദിരാശി ഹൈക്കോടതിയില്‍ വന്നപ്പോള്‍ ഒരു ബ്രിട്ടീഷ് ജഡ്ജിയും കണ്ണൂര്‍ക്കാരനായ ജസ്റ്റിസ് കൃഷ്ണനും ചേര്‍ന്ന് അവര്‍ മുസ്‌ലിംകളാണെന്നു വിധിച്ചു. ജസ്റ്റിസ് കൃഷ്ണയ്യര്‍ കേരള ഹൈക്കോടതിയിലും അങ്ങനെ വിധിച്ചിരുന്നു. മുസ്‌ലിം ജഡ്ജിമാര്‍ വിധികര്‍ത്താക്കളായിരുന്നെങ്കില്‍ വിധികള്‍ ഇതുതന്നെയായിരിക്കുമോ എന്നു സംശയിക്കാം. മതാധിഷ്ഠിതമായ പ്രശ്‌നങ്ങളെ തീരുമാനിക്കാന്‍ മതപരമായ വിവരവും വീക്ഷണവും ഉള്ളവരാണ് കടൂതല്‍ പ്രാപ്തര്‍ എന്നാണ് ഈ വക വിധികള്‍ സൂചിപ്പിക്കുന്നത്. ഹിന്ദുമത പ്രശ്‌നങ്ങളെ സംബന്ധിച്ച കേസുകളില്‍ ഹിന്ദു ജഡ്ജിമാര്‍ക്കും ഈ പ്രാപ്തിയുണ്ടാകും. കേരള ഹൈക്കോടതിയില്‍ രസകരമായൊരു കേസുണ്ടായി. നിസ്‌കാരപ്പള്ളിയില്‍ വെച്ചു ചെണ്ടകൊട്ടി ചന്ദനക്കുടം നേര്‍ച്ച കൊണ്ടാടുവാന്‍ പാടുണ്ടോ എന്നായിരുന്നു പ്രശ്‌നം. അഞ്ചു സമയങ്ങളിലല്ലേ നമസ്‌കരിക്കേണ്ടൂ, അതിനാല്‍, മറ്റു സമയങ്ങളില്‍ ചെണ്ട കൊട്ടാമെന്നു ജഡ്ജി പറഞ്ഞു. ഒരു മുസ്‌ലിം ജഡ്ജി ആയിരുന്നുവെങ്കില്‍ ഈ അഭിപ്രായം എഴുന്നള്ളിക്കയില്ലായിരുന്നു. പിന്നീട് ഭാഗ്യവശാല്‍ പള്ളിയില്‍ ചെണ്ടകൊട്ട് പാടില്ലെന്ന വിധിയുണ്ടായി. ഇന്നും ശരീഅത്ത് മേഖലയിലെ പ്രശ്‌നങ്ങള്‍ കോടതികളില്‍ വരുമ്പോള്‍ മതപരമായ അറിവോ വീക്ഷണമോ സ്പിരിറ്റോ ഇല്ലാത്ത ജഡ്ജിമാര്‍ക്ക് തെറ്റു പറ്റാറുണ്ട്.
മുസ്‌ലിം വ്യക്തിനിയമത്തില്‍ അനിസ്‌ലാമികമായ പല നിയമങ്ങളും ആചാരബലത്തിന്മേല്‍ കടന്നുകൂടി. മാപ്പിളമാരില്‍ നൂറ്റാണ്ടുകളായി ആചരിക്കപ്പെട്ട മരുമക്കത്തായ നിയമം, കച്ചിമേമന്‍, ഖോജ, ബോറ വിഭാഗങ്ങളില്‍ നിലവിലുണ്ടായിരുന്ന ചില ഹിന്ദു ആചാരങ്ങള്‍; കാശ്മീരില്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശം നിഷേധിച്ച് വെറും സംരക്ഷണം കൊണ്ടു തൃപ്തിപ്പെട്ട നിയമം... ഇവയെല്ലാം മുസ്‌ലിം വ്യക്തി നിയമത്തിന്റെ ഭാഗങ്ങളായിരുന്നു. 1937ല്‍ പാസ്സാക്കപ്പെട്ട ശരീഅത്ത് ആക്ട് മുസ്‌ലിം വ്യക്തിനിയമത്തിലെ അതിപ്രധാനമായ നാഴികക്കല്ലാണ്. ഈ ആക്ട് ഇങ്ങനെ പ്രഖ്യാപിക്കുന്നു; വിപരീതമായ കീഴ്‌വഴക്കവും ആചാരവും ഉണ്ടായാലും കക്ഷികള്‍ മുസ്‌ലിംകളാണെങ്കില്‍ വസ്യത്തില്ലാത്ത ദായം, സ്ത്രീകള്‍ക്കുള്ള സ്വത്ത്, കരാറോ ദാനമോ മൂലം ലഭിക്കുന്ന സ്വത്ത്, വിവാഹം, തലാഖും ഈലയും, സിഹാറും ലിആനും ഖുല്‍ഉം മുബാറഅയും ഉള്‍പ്പെടെ വിവാഹമോചനം, സംരക്ഷണം, മഹര്‍, രക്ഷാകര്‍തൃത്വം, ദാനം, ട്രസ്റ്റ് മതധര്‍മ സ്ഥാപനങ്ങളുടെ വഖ്ഫ് എന്നീ വിഷയങ്ങളില്‍ മുസ്‌ലിംകള്‍ തമ്മിലുള്ള കേസുകള്‍ ശരീഅത്ത് തത്ത്വങ്ങള്‍ അനുസരിച്ചു വിധി കല്‍പിക്കേണ്ടതാകുന്നു. ഈ ആക്ടിന്റെ ഗുണം സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന് അധികാരസ്ഥന്മാര്‍ക്ക് എഴുതി ബോധിപ്പിച്ചവര്‍ക്ക് മേല്‍പറഞ്ഞ വിഷയങ്ങള്‍ കൂടാതെ ദത്തെടുക്കാതിരിക്കാനും മുഴുവന്‍ സ്വത്തുക്കള്‍ വസ്യത്ത് ചെയ്യാതിരിക്കാനും കൂടി ഈ ആക്ട് മൂലം സാധിക്കുന്നതാകുന്നു. ഇങ്ങനെ എടുത്തുപറയാന്‍ കാരണം കച്ചിമേമന്‍-ഖോജ സമുദായങ്ങളില്‍ ആചാരമെന്ന നിലക്ക് ഈ അനിസ്‌ലാമികമായ ദത്തെടുപ്പും സ്വത്തു മുഴുവനും വസ്യത്ത് ചെയ്യുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. അതില്‍നിന്നും അവര്‍ക്ക് വേണമെങ്കില്‍ ഒഴിഞ്ഞുമാറി ദത്തെടുക്കാതെയും ശരീഅത്ത് അനുസരിച്ച് മാത്രം വസ്യത്ത് ചെയ്തും ഈ ആക്ടിന്റെ നന്മ ആസ്വദിക്കാന്‍ സാധിച്ചു. കച്ചിമേമന്മാര്‍ പിറ്റെകൊല്ലം 1938ല്‍ തന്നെ മറ്റൊരു ആക്ട് പാസാക്കി അനിസ്‌ലാമികമായ ഈ ആചാര നിയമങ്ങളില്‍നിന്നു പിന്മാറി ശരീഅത്ത് ആക്ടിന്റെ പരിധിയില്‍ വന്നു. ഖോജമാര്‍ക്ക് ചില മുസ്‌ലിം നിയമങ്ങളും ചില ഹിന്ദു നിയമങ്ങളും സങ്കരമായാണുള്ളത്. അവര്‍ ചില സുന്നി നിയമങ്ങളും ചില ശിയാ നിയമങ്ങളും കൂടി അനുസരിക്കുന്നു. കാശ്മീര്‍ മുസ്‌ലിംകള്‍ക്ക് ശരീഅത്ത് ആക്ട് ബാധകമല്ല. കാരണം, കാശ്മീരൊഴിച്ച് ഇന്ത്യയുടെ നിയമമാണിത്. മലബാര്‍ മാപ്പിളമാര്‍ പുരാതനമായി ചില ഹിന്ദു നിമയങ്ങള്‍ ആചരിച്ചിരുന്നു. അവര്‍ ഹിന്ദുക്കളെപ്പോലെ മുഴുസ്വത്തുക്കളും വസ്യത്ത് ചെയ്തിരുന്നു. സ്വയാര്‍ജിത സ്വത്തുക്കള്‍പ്പോലും മരണാനന്തരം മരുമക്കള്‍ക്കല്ലാതെ ശറഈയ അവകാശികള്‍ക്കു സിദ്ധിച്ചിരുന്നില്ല. ഈ സ്ഥിതിക്ക് 2 പ്രാദേശിക ആക്ടുകള്‍ കൊണ്ടു മാറ്റം വരുത്തി. 1918ല്‍ മക്കത്തായ ആക്ട് പാസായി. അതുമൂലം, സ്വയാര്‍ജിത സ്വത്ത് മുസ്‌ലിം നിയമപ്രകാരമുള്ള അവകാശികള്‍ക്കു ലഭിച്ചു. 1928ല്‍ മാപ്പിള വസ്യത്ത് ആക്ട് പാസാക്കിയതുവഴി മുസ്‌ലിം നിയമപ്രകാരം മൂന്നിലൊന്നു മാത്രം അവര്‍ ഒസ്യത്ത് ചെയ്യാമെന്നു വന്നു. മരുമക്കത്തായാചാരമനുസരിച്ച് ഭാഗിച്ചുകിട്ടിയ സ്വത്ത് മുസ്‌ലിം നിയമപ്രകാരമുള്ള അവകാശികള്‍ക്കു സിദ്ധിച്ചു. ശരീഅത്ത് ആക്ടിന്നു ശേഷം അനിസ്‌ലാമികമായ യാതൊരാചാരവും സ്വത്തു കാര്യങ്ങളില്‍ അനുസരിപ്പാന്‍ പാടില്ലാതെ ആയി. മരുമക്കത്തായ സമ്പ്രദായം ഇനി സൃഷ്ടിക്കാന്‍ പാടില്ല.
ശരീഅത്ത് ആക്ട് ഒരു പ്രഖ്യാപന ആക്ട് മാത്രമാണ്. അതില്‍ എടുത്തു പറഞ്ഞിട്ടുള്ള വിഷയങ്ങളിലെ ശരീഅത്ത് തത്ത്വങ്ങള്‍ ഏവ എന്നു വിശദീകരിച്ചു പറയുന്നില്ല. ഇത് എല്ലാ മുസ്‌ലിംകള്‍ക്കും ബാധകമായിട്ടുള്ളതു കൊണ്ട് ശിയാ, സുന്നി, ശാഫി, ഹനഫി ഇത്യാദി വിഭാഗങ്ങളിലെയും മദ്ഹബുകളിലെയും ഭിന്നമായ നിയമവശങ്ങള്‍ മാറാതെ നിലനില്‍ക്കുന്നു. താന്താങ്ങളുടെ വിഭാഗീയ നിയമങ്ങള്‍ അനുസരിക്കാമെന്ന് വിവക്ഷ. പക്ഷേ, അവ എന്താണെന്നറിയുന്നില്ല. 1939ലെ ഫസ്ഖ് ആക്ട് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രയോജനകരമായ മാര്‍ഗം സ്വീകരിച്ചിരിക്കുന്നു. ഈ ആക്ട് സുന്നി-ശിയാ ഭേദമോ മദ്ഹബു ഭേദമോ ഇല്ലാതെ സര്‍വ മുസ്‌ലിംകള്‍ക്കും ബാധകമാണ്. അതില്‍ ഫസ്ഖ് ചെയ്‌വാനുള്ള നിയമതത്ത്വങ്ങള്‍ അക്കമിട്ടു കാണിച്ചിട്ടുണ്ട്. ആയതിനാല്‍, അവ എല്ലാവര്‍ക്കും അറിയാന്‍ സാധിക്കുന്നു. ശരീഅത്ത് ആക്ടില്‍ അങ്ങനെ വേണ്ടിയിരുന്നു. ഇതര മുസ്‌ലിം രാജ്യങ്ങള്‍ ശരീഅത്ത് നിയമങ്ങള്‍ ക്രോഡീകരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ക്രോഡീകരണം ശരീഅത്ത് ആക്ടിന്നു ശേഷം (രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍) ഫസ്ഖ് ആക്ടില്‍ ഉണ്ടായി. അത് ഏറ്റവും ഉചിതവും ഉപയോഗപ്രദവും ആയി. നൂറു ശതമാനം ശരീഅത്ത് നിയമം ആവാനും അറിയാനും അനുസരിക്കാനും അതിന്റെ ക്രോഡീകരണം ആവശ്യമാകുന്നു. ആയതിന്ന് ശരീഅത്ത് ആക്ട് വിശദീകരിച്ചു പുനര്‍നിര്‍മിച്ചാല്‍ മതിയാകുന്നതാണ്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top