റമദാന്‍ പൈശാചികതക്ക് വിലക്ക് വീഴുന്ന കാലം

വി.കെ. അലി‌‌
img

       കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം- ജന്തുസഹജമായ വികാരങ്ങളാണിവ. മനുഷ്യനെയും മൃഗത്തെയും വേര്‍തിരിക്കുന്നത് ഇവയുടെ സംസ്‌കരണവും നിയന്ത്രണവുമാണ്. ഇവയെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നത് പ്രകൃതിയോടുള്ള വെല്ലുവിളിയും ബുദ്ധിശൂന്യതയുമാണെങ്കില്‍, ഇവയെ അനിയന്ത്രിതമായി വിടുന്നത് പൈശാചികതയിലേക്കും മൃഗീയതയിലേക്കുമുള്ള കുതിച്ചു ചാട്ടമാണ്. അതിനാല്‍ ഇസ്‌ലാം ശ്രമിക്കുന്നത് മനുഷ്യനിലുള്ള ഇത്തരം വികാരങ്ങളെ സംസ്‌കരിച്ചുകൊണ്ട്, ലോക നേതൃത്വം അവനെ ഏല്‍പിക്കുക എന്നതാണ്. ഇതിനാവശ്യമായ അധ്യാപനങ്ങളും നിര്‍ദേശങ്ങളുമാണ് മനുഷ്യോല്‍പത്തി മുതല്‍ പ്രവാചകരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും ദൈവം നല്‍കിക്കൊണ്ടിരിക്കുന്നത്.
മനുഷ്യനെ ഇഛാനുസാരം വിടുകയും അവന്റെ സ്വാതന്ത്ര്യത്തില്‍ പരമാവധി ഇടപെടാതിരിക്കുകയുമാണ് പാശ്ചാത്യ സംസ്‌കൃതിയുടെ മുഖമുദ്ര. ഉഭയ കക്ഷി സമ്മതത്തോടെയുള്ള പരസ്ത്രീ ബന്ധവും, സ്വവര്‍ഗരതിയും സാമ്പത്തിക കുത്തകവല്‍ക്കരണവും സദാചാരഭ്രംശവുമെല്ലാം അതിന്റെ അനന്തരഫലങ്ങളാണ്. ചങ്ങമ്പുഴ പാടിയതാണ് അതിന്റെ മുദ്രാവാക്യം
എന്തുവന്നാലും എനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം...
വിശുദ്ധ ഖുര്‍ആന്‍ അതിനെ ആവിഷ്‌കരിക്കുന്നതിപ്രകാരം:
''ഈ ഭൗതിക ജവിതം കേവലം കളിയും തമാശയും ബാഹ്യമോടിയും തമ്മില്‍ തമ്മിലുള്ള പൊങ്ങച്ചം പറയലും സമ്പത്തിലും സന്തതികളിലും പരസ്പരം മികച്ചു നില്‍ക്കാനുള്ള ത്വരയുമല്ലാതെ മറ്റൊന്നുമല്ല- (അല്‍ഹദീദ്)
ശരീരേഛകളെ നിയന്ത്രിക്കുന്നതിന് ഏറ്റം ഫലപ്രദമായ ആരാധനാ കര്‍മമാണ് നോമ്പ്. അനുവദനീയമായ ഇഛകളെപോലും ദൈവപ്രീതിക്കുവേണ്ടി ഒരു നിശ്ചിത സമയത്തേക്ക് വര്‍ജിക്കുന്ന ആരാധനാ രീതികയാണല്ലോ അത്. ആഹാര-നിരാഹാര-മൈഥുനാദി കാര്യങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ അവ സനിഷ്‌കര്‍ഷം പാലിക്കാന്‍ നോമ്പുകാരന്‍ ബാധ്യസ്ഥനാണ്. അതുപോലെ വാക്കിലും പ്രവൃത്തിയും ജാഗ്രത പുലര്‍ത്താന്‍ നോമ്പുകാരന് കഴിയണം. തിരുമേനി പറഞ്ഞു: ''ദുഷിച്ച വാക്കും പ്രവര്‍ത്തനവും വര്‍ജിക്കാത്തവന്‍ ഭക്ഷണവും പാനീയവും ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒരാവശ്യവുമില്ല.'' തിന്മക്കെതിരെയുള്ള ഒരുപരിചയായി നോമ്പ് മാറണമെങ്കില്‍ ക്രിയാത്മകവും നിഷേധാത്മകവുമായ ഇരുവശങ്ങളും അതില്‍ പാലിക്കപ്പെടേണ്ടതുണ്ട്.
ദൈവം നല്‍കുന് പ്രത്യേക അനുഗ്രഹങ്ങള്‍ക്ക് വ്രതമനുഷ്ഠിച്ച് കൃതജ്ഞത കാണിക്കാന്‍ ആവശ്യപ്പെടുന്ന രീതി ഖുര്‍ആനില്‍ പലേടത്തും കാണാം. ചിലപ്പോള്‍ വ്രതമനുഷ്ഠിക്കുന്നത് അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനുള്ള മുന്‍ ഉപാധിയായിരിക്കും. മറ്റുചിലപ്പോള്‍ അനുഗ്രഹങ്ങള്‍ ലഭിച്ചശേഷമായിരിക്കും. മൂസാനബിക്ക് തൗറാത്ത് നല്‍കപ്പെട്ടത് നാല്‍പത് ദിവസത്തെ ധ്യാനനിരതമായ ശിക്ഷണത്തിനു ശേഷമാണ്. സകരിയ്യാ നബിക്ക് വാര്‍ധക്യ കാലത്ത് സന്താനലബ്ധി ഉണ്ടായപ്പോള്‍ അദ്ദേഹത്തോട് കല്‍പിച്ചതും മൗനവ്രതം ആചരിക്കാനാണ്. മര്‍യം ഈസായെ ഗര്‍ഭം ധരിച്ചപ്പോള്‍ അവരോടും കല്‍പിച്ചത് വ്രതമനുഷ്ഠിക്കാനായിരുന്നു. അതിനാല്‍ വിശുദ്ധ ഖുര്‍ആന്റെ അവതരണം മനുഷ്യകുലത്തിന് ലഭിച്ച അനുഗ്രഹമെന്ന നിലക്ക് ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന വ്രതം അനുഷ്ഠിക്കാന്‍ വിശ്വാസികള്‍ കല്‍പിക്കപ്പെടുന്നത് തികച്ചും സംഗതമത്രെ. ''ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാന്‍. ജനങ്ങള്‍ക്ക് സന്മാര്‍ഗവും സന്മാര്‍ഗത്തിന്റെയും സത്യാസത്യ വിവേചനത്തിന്റെയും വ്യക്തമായ ദൃഷ്ടാന്തങ്ങളും എന്ന നിലക്ക്. അതിനാല്‍ അതിന് സാക്ഷികളാകുന്നവര്‍ ആ മാസത്തില്‍ നോമ്പനുഷ്ഠിക്കട്ടെ.'' (വിശുദ്ധ ഖുര്‍ആന്‍).
'റമദാന്‍' എന്ന പദത്തിന് 'കരിച്ചുകളയുന്ന' എന്ന ആശയമുണ്ട്. സര്‍വതിന്മകളെയും കരിച്ചുകളയാന്‍ റദമാന്‍ പ്രാപ്തമാണ്. അര്‍ഹമായ രീതിയില്‍ വ്രതാനുഷ്ഠാനം സാധിക്കണമെന്ന് മാത്രം. വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി ഒരാള്‍ റദമാന്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്റെ കഴിഞ്ഞകാല പാപങ്ങളത്രയും പൊറുക്കപ്പെടും(നബിവചനം) സല്‍ക്കര്‍മങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുക, ദുഷ്‌കര്‍മങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുക, ഭക്തിസാന്ദ്രമായ ജീവിതം നയിക്കുക എന്നതാണ് നോമ്പിന്റെ സ്വഭാവം. അതുകൊണ്ടുതന്നെ ''റമദാന്‍ പ്രവേശിച്ചാല്‍ സ്വര്‍ഗീയകവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യുന്നു.'' (നബിവചനം) മുസ്‌ലിം ലോകത്ത് സാര്‍വത്രികമായി കാണപ്പെടുന്ന ഈ ഭക്തിപരതയാണ് റമദാനിനെ ചൈതന്യവത്താക്കുന്നതും ആത്മീയ വസന്തം സൃഷ്ടിക്കുന്നതും.
പാശ്ചാത്യ ദര്‍ശനങ്ങള്‍ മനുഷ്യവംശത്തെ ഇതര ജന്തുവര്‍ഗങ്ങളില്‍ ഒന്നായി കാണുകയും തദടിസ്ഥാനത്തില്‍ അവനെ സമീപിക്കുകയും ചെയ്യുന്നു. കടിഞ്ഞാണില്ലാത്ത ജന്തുവാസനകളുടെ പരമാവധി പൂര്‍ത്തീകരണമാണ് അവരുടെ വീക്ഷണത്തില്‍ മനുഷ്യജീവിതത്തിന്റെ വിജയം. ഇസ്‌ലാം ഇതിന് ഘടകവിരുദ്ധമാണ്. പൈശാചികതയുടെയും ദൈവികതയുടെയും മൂലകങ്ങള്‍ അവന്റെ പ്രകൃതിയിലുണ്ട്. പൈശാചിതയോട് അടരാടി ദൈവികതയെ ജ്വലിപ്പിക്കുന്നതാണ് ഇസ്‌ലാമിക സങ്കല്‍പത്തില്‍ ജീവിത വിജയം. നോമ്പ് ഈ ലക്ഷ്യത്തിന് ഏറ്റം ഫലപ്രദമായ ആരാധനാ കര്‍മമാണ്.
ലോകമെങ്ങും ഒരേ സമയത്ത് വ്രതം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രസ്തുത ആരാധനയിലെ സാമൂഹിക വശത്തിന് ഊന്നല്‍ നല്‍കുന്നതിനാണ്. നോമ്പ് ഒരു 'കാര്‍ണിവല്‍' ആയി മാറുകയും സമൂഹം മുഴുവന്‍ അതിന്റെ ആഘോഷത്തിലും സന്തോഷത്തിലും പങ്കാളിത്തം വഹിക്കുകയും ചെയ്യുമ്പോള്‍ വ്രതാനുഷ്ഠാനം ആനന്ദകരമായ അനുഭവമാകും. അനിസ്‌ലാമികമായ ചുറ്റുപാടിലും സമൂഹങ്ങളിലും മതപരമായ അനുഷ്ഠാനങ്ങള്‍ മുറുകെ പിടിക്കുമ്പോള്‍ 'തീക്കട്ട' കൈയിലെടുക്കുന്ന പ്രതീതിയാണെങ്കില്‍, ഇസ്‌ലാമികവും ഭക്തിനിര്‍ഭരവുമായ സമൂഹത്തില്‍ അത് ആനന്ദകരവും അനായാസവുമായിത്തീരുന്നു. മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം ഒരു വലിയ 'തര്‍ബിയത്തു ക്യാമ്പി'ലൂടെ സംസ്‌കരിച്ചെടുക്കാന്‍ ഇതുമുഖേന സാധിക്കുന്നു.
ഖുര്‍ആന്റെ അവതരണമാണല്ലോ റമദാന്‍ വ്രതത്തിന്റെ അടിസ്ഥാന പ്രചോദനം. ഖുര്‍ആന്‍ അവതരിച്ചത് റമദാനിലാണെന്നും പ്രസ്തുത മാസത്തിന് സാക്ഷികളാകാന്‍ നോമ്പെടുക്കണമെന്നും അതാവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഖുര്‍ആനിലേക്കുള്ള മടക്കമാണ് ഇക്കാലത്തെ മുന്‍ഗണന നേടേണ്ട അനുഷ്ഠാനം. ഖുര്‍ആന്‍ പാരായണം, പഠനം, അതിന്റെ ആശയങ്ങളിലേക്കുള്ള അന്വേഷണ യാത്ര(തദബ്ബുര്‍) എന്നിവക്ക് ഇക്കാലത്ത് സവിശേഷ പ്രാധാന്യമുണ്ട്. റമദാനിലെ രാവുകളില്‍ ജിബ്‌രീല്‍വന്ന് തിരുമേനി(സ)ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുമായിരുന്നു. റമദാനില്‍ ഖുര്‍ആന്‍ ഒരാവര്‍ത്തി പാരായണം ചെയ്യണമെന്ന് ഇതില്‍നിന്നും പണ്ഡിതന്മാര്‍ മനസ്സിലാക്കിയിട്ടുണ്ട്. സ്വഹാബികള്‍ പള്ളിയിലും അല്ലാതെയും ഖുര്‍ആന്‍ പാരായണത്തിന് പ്രത്യേകം തല്‍പരരായിരുന്നു. ഇമാം മാലിക് റമദാന്‍ മാസമായാല്‍ ഖുര്‍ആന്‍ പഠനത്തിനായി മുഴുസമയവും നീക്കിവെച്ചിരുന്നുവത്രെ.
കേവല ഭൗതികതയുടെ തേരോട്ടം നടക്കുകയും ആത്മീയത പൊതുജീവിതത്തില്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ പൈശാചികതക്ക് കൂച്ച് വിലങ്ങിടാന്‍ ഈ റമദാന്‍ പ്രയോജനപ്പെടണം.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top