ഇസ്‌ലാമിന്റെ രാഷ്ട്രീയ രൂപങ്ങള്‍

മുഹമ്മദ് അസദ്‌‌
img

സ്‌ലാമിക രാഷ്ട്രത്തെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചുമുള്ള സങ്കല്‍പങ്ങള്‍ക്ക് അനിസ്‌ലാമിക സംജ്ഞകള്‍ പ്രയോഗിക്കുന്നത് മാത്രമല്ല ഇസ്‌ലാമിക രാഷ്ട്രീയ നിയമം പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ മുമ്പിലുള്ള കെ.ണി. മറിച്ച്; ഭാവിയിലെ നമ്മുടെ വികസനത്തിനു മാതൃകയാക്കാന്‍ ഒട്ടേറെ മുസ്‌ലിംകള്‍ 'ചരിത്രത്തിലെ മുന്‍സംഭവങ്ങ'ളെ ആശ്രയിക്കുന്നതാണ് അതിലേറെ വലിയ ആപത്ത്.
ജനങ്ങളുടെ ക്ഷേമവും സന്തുഷ്ടിയും ഉറപ്പ് വരുത്തണമെങ്കില്‍ അനിവാര്യമായും ചെയ്യേണ്ട കാര്യങ്ങളിലൊന്ന് കഴിഞ്ഞ അധ്യായത്തില്‍ ഞാന്‍ ഊന്നിപ്പറയുകയുണ്ടായി: അതായത്, മനുഷ്യന്റെ സാമൂഹികവും ബുദ്ധിപരവുമായ വികസനത്തിനു പൂര്‍ണമായ അനുമതി നല്‍കുകയും അങ്ങനെ രാഷ്ട്രീയ വ്യവസ്ഥയുടെ സങ്കല്‍പത്തില്‍ കാണിക്കുന്ന അയവില്ലായ്മ ഒഴിവാക്കുകയും വേണം. മുസ്‌ലിം രാഷ്ട്രങ്ങളുടെ ഭൂതകാലചരിത്രത്തിലേക്കും ഒരു 'മാതൃകാ' ഇസ്‌ലാമിക രാഷ്ട്രത്തെക്കുറിച്ച് ഇന്നു പലരും പുലര്‍ത്തിവരുന്ന ധാരണകളിലേക്കും കണ്ണോടിച്ചാല്‍ ഈ അയവില്ലായ്മയുടെ ഘടകത്തെ നമുക്കെളുപ്പം കണ്ടെത്താന്‍ കഴിയും. ആരോഗ്യപരമായ സാമൂഹ്യവികസനത്തിനു ഒട്ടും യോജിച്ചതല്ല അത്. അബ്ബാസിയാ കാലഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും പലപ്പോഴും ഭരണാധികാരികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ തിടുക്കം കൂട്ടുന്നതുമായ, രാഷ്ട്രീയ സിദ്ധാന്തത്തെക്കുറിച്ച പ്രാചീന മുസ്‌ലിം ഗ്രന്ഥങ്ങളെ മാത്രമല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്. അതിനേക്കാള്‍ കൂടുതല്‍, 'ഇസ്‌ലാമികം' എന്ന വിശേഷണത്തിനു അര്‍ഹമാവുന്നതായി, നാല് ഖലീഫമാരുടെ ഭരണസംവിധാനത്തില്‍നിന്നു മനസ്സിലാവുന്ന വിധത്തിലുള്ള ഒരൊറ്റ രാഷ്ട്രീയ രൂപമേ ഇസ്‌ലാമിന്നുള്ളൂവെന്ന, കഴിഞ്ഞ കാലങ്ങളിലെയും ആധുനിക കാലഘട്ടത്തിലെയും പല മുസ്‌ലിംകളും വച്ചു പുലര്‍ത്തുന്ന, അഭിപ്രായത്തെയാണ്. ഇതിനേക്കാള്‍ അബദ്ധജടിലമായ ഒരാശയം വേറെയില്ല.
ഖുര്‍ആനിലെയും സുന്നത്തിലെയും രാഷ്ട്രീയ ശാസനകളെ വസ്തുനിഷ്ഠമായ ഒരു പരിശോധനക്ക് വിധേയമാക്കിയാല്‍, അവ ഒരു പ്രത്യേക രാഷ്ട്രരൂപം മുമ്പോട്ടു വെക്കുന്നില്ല എന്നു നമുക്ക് മനസ്സിലാവുന്നതാണ്. അതായത്, ശരീഅത്ത് ഇസ്‌ലാമിക രാഷ്ട്രം ഇന്ന രീതിയിലായിരിക്കണമെന്നു വ്യവസ്ഥപ്പെടുത്തുകയോ വിശദമായ ഒരു ഭരണഘടന മുമ്പില്‍ വെക്കുകയോ ചെയ്യുന്നില്ല. എന്നാല്‍, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ വ്യവസ്ഥ ഒരു മിഥ്യയല്ലതാനും ഏതൊരു കാലഘട്ടത്തിലും ഏതൊരു സാഹചര്യത്തിലും പ്രായോഗികമായ ഒരു രാഷ്ട്രീയപദ്ധതിയുടെ സുവ്യക്തമായ രൂപരേഖ അത് നമുക്ക് നല്‍കുന്നുണ്ട്. ഏത് സാഹചര്യത്തിലും ഏത് കാലഘട്ടത്തിലും പ്രയോഗവല്‍ക്കരിക്കേണ്ടതായതുകൊണ്ടു തന്നെ, ആ പദ്ധതിയുടെ രൂപരേഖ മാത്രമേ അത് നല്‍കുന്നുള്ളൂ; വിശദരൂപം നല്‍കുന്നില്ല. മനുഷ്യന്റെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങള്‍ കാലനിബദ്ധവും മാറിക്കൊണ്ടിരിക്കുന്നതുമത്രെ. അയവില്ലാത്ത കര്‍ശന നിയമങ്ങള്‍ക്ക് മാറ്റങ്ങളിലേക്കുള്ള ഈ സ്വാഭാവിക പ്രവണതയോട് നീതി പുലര്‍ത്താന്‍ സാധിക്കുകയില്ല; അസാധ്യമായ ഈ കാര്യത്തിനു ശരീഅത്ത് ശ്രമിക്കുന്നുമില്ല. ദൈവിക നിയമമായ ശരീഅത്ത്, ചരിത്രപരമായ വികസനത്തെ മുന്‍കൂട്ടിക്കാണുകയും വളരെക്കുറച്ച് രാഷ്ട്രീയ തത്വങ്ങള്‍ മാത്രം മനുഷ്യനു മുമ്പില്‍ വെച്ചുകൊടുക്കുകയും ചെയ്യുന്നു. അതിന്നപ്പുറം ഭരണകൂടത്തിന്റെ പ്രവര്‍ത്തനരീതികള്‍, ദൈനംദിന കാര്യങ്ങള്‍ തുടങ്ങി നിയമനിര്‍മാണം ആവശ്യമുള്ള വളരെ വിശാലമായ ഒരു മേഖല ഓരോ കാലഘട്ടത്തിലുമുള്ള ഇജ്തിഹാദിന്നായി അത് വിട്ടിരിക്കുകയാണ്.
നമ്മുടെ മുമ്പിലുള്ള പ്രശ്‌നത്തെക്കുറിച്ച് പറയുമ്പോള്‍ ഇസ്‌ലാമിക രാഷ്ട്രത്തിനു ഒരൊറ്റ രൂപമല്ല ഉള്ളതെന്നും അനേകം രൂപങ്ങളുണ്ടെന്നും ഒരാള്‍ക്ക് നിശ്ശങ്കമായ പറയാന്‍ കഴിയും. തങ്ങളുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ രൂപം കണ്ടെത്തേണ്ടത് അതാത് കാലഘട്ടങ്ങളിലെ മുസ്‌ലിംകളാണ്. സാമൂഹ്യ ജീവിതവുമായ ബന്ധപ്പെട്ട വ്യക്തവും അസന്ദിഗ്ധവുമായ ശരീഅത്ത് നിയമങ്ങളുമായി പൂര്‍ണമായും യോജിക്കുന്നതാവണം അവര്‍ തെരഞ്ഞെടുക്കുന്ന രൂപം എന്ന ഒരൊറ്റ ഉപാധിയേയുള്ളൂ.
ശരീഅത്തിലെ ഈ രാഷ്ട്രീയ നിയമങ്ങള്‍ നാല് ഖലീഫമാരുടെ കാലത്തെ ഭരണപരമായ നടപടിക്രമങ്ങളിലും രീതികളിലും പൂര്‍ണമായി പ്രായോഗിക രൂപം പൂണ്ടു. അതിനാല്‍ അവരുടെ രാഷ്ട്രം എല്ലാ അര്‍ഥത്തിലും ഇസ്‌ലാമിക രാഷ്ട്രമായിരുന്നു എന്നു പറയാം. എന്നാല്‍, ഇസ്‌ലാമിക രാഷ്ട്രത്തിനു ലിഖിത ഭരണഘടനയുണ്ടായിരുന്നിട്ടില്ലാത്ത ആ കാലഘട്ടത്തില്‍ തന്നെ രാഷ്ട്രസംബന്ധിയായ ശരീഅത്ത് നിയമങ്ങളോടൊപ്പം തന്നെ, ഖുര്‍ആനിന്റെയം സുന്നത്തിന്റെയും ചൈതന്യം ഒട്ടും ചോര്‍ന്നുപോവാതെ  വ്യാഖ്യാനിച്ചുകൊണ്ട് തങ്ങളുടെ കാലത്തിന്നനുസൃതമായി ആ ഭരണാധികാരികള്‍ ആവിഷ്‌കരിച്ച മറ്റു ചില നിയമങ്ങളുമുണ്ടായിരുന്നു -ഇജ്തിഹാദിലൂടെ രൂപംകൊണ്ട നിയമങ്ങള്‍. ഇവക്കും പുറമെ, ഖുര്‍ആനില്‍നിന്നോ സുന്നത്തില്‍നിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ രൂപംകൊടുത്തതല്ലാത്ത ഭരണ നിര്‍വഹണപരവും മറ്റുമായ നിയമ നിര്‍മാണവും അവര്‍ തങ്ങളുടെ കാലഘട്ടത്തില്‍ നടത്തിയിരുന്നതായി നമുക്ക് കാണാം- പൊതുതാല്‍പര്യവും ഭരണകൂടത്തിന്റെ കാര്യക്ഷമതയും മാത്രം പരിഗണിച്ച് രൂപംകൊടുത്ത നിയമങ്ങള്‍. (ഉമര്‍ പേര്‍ഷ്യന്‍ മാതൃകയില്‍ ഒരു ദീവാന്‍ ഖജനാവ് സ്ഥാപിച്ചതും പുതുതായി പിടിച്ചടക്കിയ പ്രദേശങ്ങളില്‍ അറേബ്യയില്‍നിന്നുള്ള പോരാളികള്‍ ഭൂസ്വത്താര്‍ജിക്കുന്നത് നിരോധിച്ചതും ഉദാഹരണമായെടുക്കുക). ഭരണകൂടം ന്യായമായ ആവശ്യങ്ങള്‍ക്ക് ആവിഷ്‌കരിച്ചതായതുകൊണ്ടും ശരീഅത്തിന്റെ ചൈതന്യത്തിന്നു ഒരു തരത്തിലും വിരുദ്ധമല്ലാത്തതുകൊണ്ടും ആ നിയമങ്ങള്‍ക്ക് ആ കാലഘട്ടത്തില്‍ പൂര്‍ണമായ നിയമസാധുതയുണ്ടായിരുന്നു. പക്ഷേ, അതുകൊണ്ട് അവ എല്ലാകാലത്തേക്കും പ്രസക്തിയുള്ളതായി നിലനില്‍ക്കണമെന്നര്‍ഥമില്ല.

പ്രവാചകാനുചരന്മാരുടെ മാതൃക
നിയമപരമായ പരിവര്‍ത്തനക്ഷമതക്കു വേണ്ടിയുള്ള ഈ വാദത്തോട് ഇങ്ങനയൊരെതിര്‍പ്പ് പ്രകടിപ്പിച്ചേക്കാം; 'ഇസ്‌ലാമിന്റെ പരമമായ ലക്ഷ്യങ്ങളെക്കുറിച്ച് നമ്മേക്കാള്‍ എത്രയോ കൂടുതല്‍ അറിവുള്ളവരല്ലേ പ്രവാചകന്റെ മഹന്മാരായ അനുയായികള്‍? അതുകൊണ്ട് രാഷ്ട്രതന്ത്രത്തിന്റെ കാര്യത്തിലും അവരുടെ മാതൃക തന്നെ കഴിയാവുന്നേടത്തോളം പൂര്‍ണമായി പിന്‍പറ്റാന്‍ അനിവാര്യമല്ലേ? തന്റെ അനുയായികളെ മാതൃകയാക്കാന്‍ പ്രവാചകന്‍ നമ്മോട് കല്‍പിച്ചിട്ടില്ലേ?'
ഈ വാദത്തില്‍ ശക്തമായ വൈകാരികാംശമുണ്ട്. അതുകൊണ്ട് ഇവിടെവെച്ചു തന്നെ ഞാനതിനു മറുപടി പറയാം.
തന്റെ അനുയായികളെ മാതൃകയാക്കേണ്ടതിന്റെ ആവശ്യകത പ്രവാചകന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്നത് ശരിയാണ്. അവന്‍ നേതാവിന്റെ കൂടെ അനേകം വര്‍ഷങ്ങള്‍ ചെലവഴിച്ചതുകൊണ്ടു മാത്രമല്ല അത്. അവരില്‍ ചിലരുടെ സ്വഭാവവും ഗുണവിശേഷങ്ങളും അനുപമമാംവിധം ഉല്‍കൃഷ്ടത ആര്‍ജിച്ചിരുന്നതുകൊണ്ടു കൂടിയാണ്. അവരോടൊപ്പമെത്താന്‍ ശ്രമിക്കുകയെന്ന നമ്മുടെ ബാധ്യത അവരുടെ സ്വഭാവ മഹിമയോടും ഗുണവിശേഷങ്ങളോടും മാത്രമാണ് ബന്ധപ്പെട്ടിരിക്കുന്നത്- അവരുടെ വിശുദ്ധ, നിസ്വാര്‍ഥത, ആദര്‍ശധീരത, ദൈവിക നിയമങ്ങളോടുള്ള അതിശക്തമായ പ്രതിബദ്ധത തുടങ്ങിയവ. രാഷ്ട്രത്തിന്റെ ഭരണകാര്യങ്ങളില്‍ പ്രവാചകന്റെ അനുയായികള്‍ അവലംബിച്ച മാര്‍ഗങ്ങള്‍ പില്‍ക്കാലത്തെ ജനങ്ങള്‍ അനുകരിക്കണമെന്നല്ല അതിന്നര്‍ഥം. അവ ആ കാലഘട്ടത്തിലെ ആവശ്യങ്ങള്‍ക്കനുസൃതമായി ആ വ്യക്തി നടത്തിയ ഇജ്തിഹാദിന്റെ ഫലമായുണ്ടായ നിയമങ്ങളാണ്. എല്ലാ കാര്യത്തിലും ശരീഅത്തിന്റെ ശാസനകളെ മാത്രം ആശ്രയിച്ചുകൊണ്ടുള്ളതായിരുന്നില്ല അവ. സ്വതന്ത്രമായി ഇജ്തിഹാദീ തീരുമാനങ്ങളെക്കുന്നതിനു ഭരണാധികാരിക്കുള്ള സ്വാതന്ത്ര്യം വ്യക്തമാക്കുന്ന അനേകം പ്രവാചക വചനങ്ങളുണ്ട്. അനുയായിയായിരുന്ന മുആദുബ്‌നു ജബലുമായി പ്രവാചകന്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ റിപ്പോര്‍ട്ടിനോളം വിശദമായൊന്നും വേറെ കാണാനാവില്ല. അതിവിടെ ചേര്‍ക്കട്ടെ.
'മുആദുബ്‌നു ജബലിനെ യമനിലെ ഗവര്‍ണറായി നിശ്ചയിച്ചപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു: 'താങ്കളുടെ മുമ്പിലെത്തുന്ന പ്രശ്‌നങ്ങളില്‍ താങ്കളെങ്ങനെയാണ് വിധി നടത്തുക?' 'ദൈവഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍' 'ദൈവ ഗ്രന്ഥത്തില്‍ കണ്ടില്ലെങ്കിലോ?' 'നബി വിധിച്ചതനുസരിച്ച്' 'നബിയുടെ സുന്നത്തിലും ഉത്തരം കണ്ടെത്തിയില്ലെങ്കിലോ?' 'എങ്കില്‍ ഞാന്‍ സ്വയം വിചിന്തനം നടത്തും (അജ്തഹിദു ബിര്‍റഅ്‌യി) ഇത് കേട്ടപ്പോള്‍ പ്രവാചകന്‍ അല്ലാഹുവിനെ സ്തുതിച്ച് അദ്ദേഹത്തെ ആശീര്‍വദിച്ചുകൊണ്ടു ഇങ്ങനെ പറഞ്ഞു: 'ദൈവത്തിന്റെ ദുതനെ ഇക്കാര്യത്തില്‍ സന്തോഷിപ്പിക്കാന്‍ ഈ ദൂതന്നു കഴിഞ്ഞതില്‍ അല്ലാഹുവിന്നു സ്തുതി?' (തിര്‍മുദി, അബൂദാവൂദ്)
അന്നോളം നിലവിലില്ലാതിരുന്ന വിധം താനെടുത്ത ഭരണപരവുമായ തീരുമാനങ്ങള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും ഖണ്ഡിത വിധികളില്‍ നിന്നു രൂപംകൊണ്ട നിയമ സംഹിതക്ക് സ്ഥിരമായ ഒരനുബന്ധമായിത്തീരുമെന്ന് മുആദ് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. അതുപോലെത്തന്നെ, മുആദിന്റെ ഭൂമിശാസ്ത്രപരമായ അധികാര പരിധിക്ക് പുറത്തുള്ളവര്‍ക്കും അദ്ദേഹത്തിന്റെ ഭാവി ഇജ്തിഹാദി വിധികള്‍ ബാധമാക്കാന്‍ പ്രവാചകനും ഉദ്ദേശിച്ചിരുന്നില്ല; പിന്‍തലമുറകളുടെ കാര്യം പറയാനുമില്ല. കാരണം ഒരു പ്രത്യേക വിഷയത്തില്‍ ഒരു അനുയായി എടുക്കുന്ന തീരുമാനം മറ്റു അനുചരന്മാര്‍ എടുക്കുന്നതില്‍ ഭിന്നമാകുമായിരുന്നു- അങ്ങനെ പല തവണ സംഭവിച്ചിട്ടുണ്ട്. ഖുര്‍ആനും സുന്നത്തും ഖണ്ഡിതമായി വിധി പ്രസ്താവിച്ചിട്ടില്ലാത്ത എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ഓരോ അനുചരന്റെയും സാമാന്യ ബുദ്ധിക്കുള്ള അംഗീകാരത്തില്‍ കുറഞ്ഞൊന്നുമായിരുന്നില്ല പ്രസ്തുത പ്രവാചക വചനത്തിന്റെ വിവക്ഷ. യഥാര്‍ഥത്തില്‍, പ്രവാചകന്റെ ഒരൊറ്റ അനുയായിയും വിശ്വാസ-കര്‍മ കാര്യങ്ങളിലുള്ള തന്റെ ഇജ്തിഹാദ് ഏതെങ്കിലുമൊരര്‍ഥത്തില്‍ മറ്റൊരാള്‍ക്ക് ബാധകമാകുമെന്നു കരുതിയിരുന്നുമില്ല. അതിരറ്റ വിയനംകൊണ്ടനുഗ്രഹീതമായിരുന്നു അവരുടെ ഹൃദയങ്ങള്‍. എല്ലാ കാലത്തേക്കുമുള്ള ഒരു നിയമദാതാവിന്റെ പദവി തനിക്കുണ്ടെന്നു അവരിലാരും അഹങ്കരിച്ചിരുന്നില്ല. എന്നിട്ടും പിന്നീടു വന്ന തലമുറകള്‍ അവരുടെ മേല്‍ ആ പദവി ആരോപിക്കുകയാണുണ്ടായത്. പ്രവാചകന്റെ വിശ്വസ്തരായ അനുയായികളോട് അവര്‍ക്ക് തോന്നിയ, നീതീകരിക്കാവുന്നതാണെങ്കിലും അതിരുകവിഞ്ഞ ഭക്ത്യാദരവുകള്‍ മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായ അപൂര്‍ണതകളുടെ നേരെ അവരെ അന്ധരാക്കി. ഈ അന്ധതയെ തുടര്‍ന്നു, രാഷ്ട്രീയ കാര്യങ്ങളില്‍ പ്രവാചകന്റെ അനുയായികള്‍ നടത്തിയ ഇജ്തിഹാദിന്റെ എല്ലാ വിശദാംശങ്ങളെയും 'നിയമ സാധുതയുള്ള ഒരു മുന്‍ നടപ്പാ'യി അംഗീകരിക്കുകയെന്ന അബദ്ധം അവര്‍ ചെയ്യുന്നു; ശരീഅത്തിന്റെ അടിസ്ഥാനത്തിലോ സാമാന്യബുദ്ധികൊണ്ടോ നീതീകരിക്കാനാവാത്ത ഒരു സമീപനം.
പ്രവാചകന്റെ അനുയായികളോട് നാം കാണിക്കുന്ന ആദരവിനു ഒട്ടും മങ്ങലേല്‍പിക്കാതെ തന്നെ നാം അംഗീകരിക്കേണ്ടതുണ്ട്, ഇജ്തിഹാദിലൂടെ അവരെടുത്ത തീരുമാനങ്ങള്‍- ആ വ്യക്തി എത്ര തന്നെ മഹാനാവട്ടെ- അദ്ദേഹത്തിന്റെ ചുറ്റുപാടുകളാലും അറിവിനാലും സ്വാധീനിക്കപ്പെട്ടിരിക്കുമെന്നത്. സാമൂഹ്യകാര്യങ്ങളിലുണ്ടാവുന്ന അറിവ് ഒരാളുടെ സ്വഭാവമഹിമയെ മാത്രം ആശ്രയിച്ചല്ല പരിഗണിക്കേണ്ടത്; ലഭ്യമായ ചരിത്രാനുഭവങ്ങളുടെ ആകത്തുകകൂടി മുമ്പില്‍വെച്ചാണ്. പതിമൂന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്റെ അനുയായികള്‍ക്കുണ്ടായിരുന്ന ചരിത്രപരമായ അനുഭവങ്ങളേക്കാള്‍ എത്രയോ വ്യാപ്തിയുള്ളതാണ് നമുക്ക് ഇന്നു ലഭ്യമായ ചരിത്രാനുഭവങ്ങള്‍ എന്നതില്‍ സംശയത്തിനിടമില്ല. ഒട്ടേറെ ശാസ്ത്രീയ സങ്കല്‍പങ്ങളില്‍ കഴിഞ്ഞു കടന്ന നൂറ്റാണ്ടുകള്‍ക്കിടയിലുണ്ടായ അഭൂതപൂര്‍വമായ വികാസങ്ങളുടെ ഫലമായി, ഇസ്‌ലാമിന്റെ സാമൂഹിക- സാമ്പത്തിക നിര്‍ദേശങ്ങള്‍, ഒരര്‍ഥത്തില്‍ പ്രവാചകന്റെ അനുയായികള്‍ക്ക് ഗ്രഹിക്കാന്‍ സാധിച്ചിരിക്കാവുന്നതിനേക്കാളേറെ. ആഴത്തില്‍ മനസ്സിലാക്കുവാന്‍ നമുക്കിന്നു സാധിക്കുന്നുണ്ട് എന്നു നാം യഥാര്‍ഥത്തില്‍ അറിഞ്ഞിരിക്കേണ്ടതാണ്. അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല, കഴിഞ്ഞ പതിമൂന്നു നൂറ്റാണ്ടുകളിലെ ചരിത്രപരവും ബുദ്ധിപരവുമായ അനുഭവ സമ്പത്തിന്റെ കൂടി അടിസ്ഥാനത്തില്‍ നമുക്ക് അഭിപ്രായങ്ങള്‍ രൂപീകരിക്കാനാവും എന്നതാണതിനു കാരണം. നമുക്ക് ലഭ്യമായ ഈ അനുഭവങ്ങള്‍ അവരെ സംബന്ധിച്ചേടത്തോളം വരുംകാലത്തിന്റെ ഘനനിബിഢമായ മഞ്ഞു പാളികളാല്‍ മറഞ്ഞു കിടക്കുകയായിരുന്നു.
ഇസ്‌ലാമിന്റെ സന്ദേശം ശാശ്വതമാണെന്നും അത് മനുഷ്യന്റെ അന്വേഷണ ബുദ്ധിക്ക് മുമ്പില്‍ സദാ തുറന്നു കിടക്കുകയുമാണെന്ന വസ്തുത നാമൊരിക്കലും വിസ്മരിച്ചുകൂടാ. ലോകത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് എത്ര വര്‍ധിക്കുന്നുവോ അത്രത്തോളം നന്നായി ഇസ്‌ലാമിക നിയമങ്ങളുടെ മഹത്വം നമുക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നതാണ് ഖുര്‍ആന്റെയും പ്രവാചകന്റെ ജീവിത മാതൃകയുടെയും അനുപമമായ സവിശേഷത. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സ്വതന്ത്രമായി ഇജ്തിഹാദ് ചെയ്യല്‍ അനുവദനീയം മാത്രമല്ല, അനുശാസിക്കപ്പെട്ടത് കൂടിയാണ്- വിശേഷിച്ച് ശരീഅത്ത് പൂര്‍ണമായും മൗനമവലംബിക്കുകയോ പൊതുതത്വങ്ങള്‍ മാത്രം നല്‍കുകയോ ചെയ്ത പ്രശ്‌നങ്ങളില്‍.
ഭരണപരമായ കാര്യക്ഷമത കൈവരുത്താനും സാമൂഹ്യ നീതി പരിരക്ഷിക്കാനുമായി എന്തെന്ത് മാര്‍ഗങ്ങളവലംബിക്കണമെന്ന നമ്മുടെ തീരുമാനങ്ങള്‍ നാം ജീവിക്കുന്ന കാലഘട്ടത്താലും സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങളാലും വ്യവസ്ഥീകൃതം- കണ്ടാഷന്‍ഡ്- ആയിരിക്കുമെന്നത് വ്യക്തമാണ്. അതിനാല്‍ ഒരിസ്‌ലാമിക രാഷ്ട്രത്തില്‍ രൂപം കൊടുക്കുന്ന നിയമങ്ങളില്‍ ബഹുഭൂരിഭാഗവും കാലാനുസൃതം മാറിക്കൊണ്ടിരിക്കണം. എന്നാല്‍, ഖുര്‍ആനും സുന്നത്തും ഖണ്ഡിതമായി പറഞ്ഞതും ഒരു വിശ്വാസിയുടെ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ മാറ്റാന്‍ പാടില്ലാത്തതുമായ നിയമങ്ങള്‍ക്ക് ഇത് ബാധകമല്ല; മാത്രവുമല്ല, നിലവിലുള്ള ശരീഅത്തിന്റെ അസന്ദിഗ്ധമായ വിധികള്‍ക്ക് പുതുതായി രൂപം കൊടുക്കുന്നതും മാറ്റങ്ങള്‍ക്ക് വിധേയവുമായ ശറഈ ബാഹ്യമായ നയമങ്ങള്‍ ഒരു തരത്തിലും വിരുദ്ധമാവരുത് എന്ന വ്യവസ്ഥയെ ഒരിക്കലും ലംഘിക്കുകയുമരുത്. ഖുലഫാഉര്‍റാശിദുകളുടെ കാലത്തിനു പതിമൂന്നു നൂറ്റാണ്ടുകള്‍ക്ക് ശേഷം രൂപംകൊടുക്കുന്ന ഇസ്‌ലാമിക ഭരണഘടനക്ക് ആദ്യകാലത്തേതില്‍നിന്നും ന്യായമായും വ്യത്യാസം പുലര്‍ത്താം എന്നത് ഇപ്പറഞ്ഞവയില്‍നിന്നും സംശയരഹിതമാംവിധം വ്യക്തമാവുന്നു.
ഒരു കാലഘട്ടത്തിലെ രാഷ്ട്രീയമായ ആവശ്യങ്ങള്‍ ആദ്യ കാലത്തുണ്ടായ ആവശ്യങ്ങളില്‍നിന്നു പലപ്പോഴും ഭിന്നമായിരിക്കുമെന്ന് മനസ്സിലാക്കാന്‍ പതിമുന്നു നൂറ്റാണ്ടുകളുടെ ഇടവേളയെ മനസ്സിലിട്ടരിച്ചെടുക്കേണ്ട ആവശ്യമില്ല. ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ തന്നെ ഖുലഫാഉര്‍റാശിദുകള്‍ അവരുടെ ഭരണവ്യവസ്ഥയില്‍- നാമിന്നു പറയും വിധമാണെങ്കില്‍, രാഷ്ട്രത്തിന്റെ ഭരണഘടനയില്‍- മാറ്റങ്ങള്‍ വരുത്തിയിരുന്നു; ഒട്ടേറെ വിഷയങ്ങളില്‍, ഉദാഹരണത്തിന്നു, രാഷ്ട്രത്തലവനെ തെരഞ്ഞെടുക്കുന്ന പ്രശ്‌നമെടുക്കാം.
തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം എന്ന തത്വത്തെ സംബന്ധിച്ച് പ്രവാചകന്റെ അനുയായികള്‍ക്കിടയില്‍, സ്വാഭാവികമായും, യാതൊരഭിപ്രായ വ്യത്യാസവുമുണ്ടായിരുന്നില്ല. കാരണം, ഈ വിഷയത്തില്‍ ശരീഅത്തിന്റെ വിധികള്‍ സുവ്യക്തമത്രെ. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണത്തലവനെ തെരഞ്ഞെടുക്കുകയാണ് വേണ്ടത് എന്നകാര്യം സംശയാതീതമാണെങ്കിലും, തെരഞ്ഞെടുപ്പിനു ശരീഅത്ത് ഒരു പ്രത്യേക രീതി നിര്‍ദേശിക്കുന്നില്ല. അതുകൊണ്ട് ഏത് രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നത് ശരീഅത്തിന്റെ പരിധിക്ക് പുറത്തുള്ള ഒരു കാര്യമാണെന്നും അക്കാരണത്താല്‍, സമുദായത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്കനുസൃതമായി അത് മാറണമെന്നുമാണ് പ്രവാചകന്റെ അനുയായികള്‍ മനസ്സിലാക്കിയിരുന്നത്. അത് ശരിയുമാണ്. ഈ അടിസ്ഥാനത്തില്‍ പ്രവാചകന്റെ വിയോഗസമയത്ത് മദീനയിലുണ്ടായിരുന്ന മുഹാജിറുകളുടെയും അന്‍സാറുകളുടെയും നേതാക്കള്‍ അബൂബക്കറിനെ ഒന്നാം ഖലീഫയായി തെരഞ്ഞെടുത്തു. തന്റെ മരണശയ്യയില്‍വെച്ച് അബൂബക്കര്‍ ഉമറിനെ തന്റെ പിഗാമിയായി നാമനിര്‍ദേശം ചെയ്യുകയും ഇതിന്നു പിന്നീട് സമുദായം അംഗീകാരം നല്‍കുകയും ചെയ്തു. (ഈ സംഭവത്തില്‍, പ്രസ്തുത അംഗീകാരം തെഞ്ഞെടുപ്പിനു തുല്യമാണ്). ഉമറാകട്ടെ, മരണം മുമ്പില്‍ കണ്ടപ്പോള്‍, പ്രവാചകന്റെ ഏറ്റവും പ്രശസ്തരായ അനുചരന്മാരുടെ ഒരാറംഗ സമിതിയെ നാമനിര്‍ദേശം ചെയ്യുകയും അവരില്‍നിന്നു തന്റെ പിന്‍ഗാമിയായി ഒരാളെ തെരഞ്ഞെടുക്കാന്‍ അവരെ ചുമതലപ്പെടുത്തുകയുമാണ് ചെയ്തത്. അവര്‍ ഉസ്മാനെ ഉമറിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കുകയും സമുദായം അതിന്നംഗീകാരം നല്‍കുകയും ചെയ്തു. ഉസ്മാന്റെ മരണശേഷം, പ്രവാചകന്റെ പള്ളിയിലെ ആരാധകവൃന്ദം അലിയെ ഖലീഫയായി പ്രഖ്യാപിക്കുകയും സമുദായത്തിലെ ഭൂരിഭാഗവും അദ്ദേഹത്തോട് അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്തു.
'ഖുലഫാഉര്‍റാശിദുകള്‍' എന്നു നാം പറയുന്ന നാലു പേരുടെ ഭരണത്തിന്‍കീഴിലും ഒരു സുപ്രധാന വിഷയത്തില്‍ രാഷ്ട്രത്തിന്റെ നിയമവ്യവസ്ഥ വ്യത്യസ്തമായിരുന്നു എന്നു നാമിവിടെ കാണുന്നു. കാരണം, ഏത് രീതിയില്‍ രാഷ്ട്രത്തലവനെ തെരഞ്ഞെടുക്കണമെന്ന കാര്യം വളരെ പ്രാധാന്യമുള്ള ഭരണഘടനാപരമായ ഒരു പ്രശ്‌നമാണെന്നത് നിഷേധിക്കാനാവില്ല. തെരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രവാചകന്റെ അനുയായികള്‍ സ്വീകരിച്ച ഈ വ്യത്യസ്ത സമീപനങ്ങള്‍, രാഷ്ട്രത്തിന്റെ ഭരണഘടന കാലാനുസൃതം മാറാവുന്നതാണെന്നും അതില്‍ 'ഇസ്‌ലാമികത' ഒട്ടും നഷ്ടപ്പെടുന്നില്ലെന്നുമാണ് അവര്‍ മനസ്സിലാക്കിയതെന്നു വ്യക്തമാകുന്നു.
മറ്റൊന്ന്, രാഷ്ട്രനിര്‍മിതിയടക്കമുള്ള ഇസ്‌ലാമിന്റെ എല്ലാ ലക്ഷ്യങ്ങളും ഖുലഫാഉര്‍റാശിദുകളുടെ ശ്രമങ്ങളോടെ പൂര്‍ത്തിയായി എന്നു വിശ്വസിക്കുന്നതും അബദ്ധമാണ്. അങ്ങനെയായിരുന്നെങ്കില്‍, സ്ഥിരമായ ആവര്‍ത്തനത്തിനുള്ള ആഹ്വാനം മാത്രമായിരുന്നു ഇസ്‌ലാം. മുന്‍ഗാമികളുടെ പ്രവര്‍ത്തനങ്ങളെ അനുകരിക്കാന്‍ മാത്രമാണ് നമ്മോട് കല്‍പിക്കുമായിരുന്നത്. യഥാര്‍ഥത്തില്‍, ഇസ്‌ലാം സാമൂഹികമായും, ആത്മീയമായും, അതുകൊണ്ടുതന്നെ രാഷ്ട്രീയമായും ഉള്ള ശാശ്വത പുരോഗതിയിലേക്കുള്ള ആഹ്വാനമാണ്.
ഖിലാഫത്ത് ഇസ്‌ലാമിക രാഷ്ട്രനിര്‍മിതിക്ക് മഹത്തായ ഒരു തുടക്കമാണ് കുറിച്ചത്; തുടര്‍ന്നുവന്ന നൂറ്റാണ്ടുകളില്‍ അതിനൊരു തുടര്‍ച്ച ലഭിക്കുകയോ അതിജയിക്കപ്പെടകുയോ ഉണ്ടായിട്ടില്ല. അതൊരു തുടക്കം മാത്രമായിരുന്നു. അബൂബക്കറിന്റെ സ്ഥാനാരോഹണത്തിന്റെ നിമിഷം മുതല്‍ അലിയുടെ മരണത്തിന്റെ നിമിഷം വരെയും, ഇസ്‌ലാമിക ഭരണക്രമം, ഘടനാപരമായ കോണിലൂടെ നോക്കിയാല്‍, രാഷ്ട്രവികസനത്തിന്റെയും ഭരണനിര്‍വഹണാനുഭവങ്ങളുടെയും ഓരോ ഘട്ടത്തിലും വികസിച്ചും വളര്‍ന്നും കൊണ്ടിരിക്കുന്ന, സ്ഥായിയായ ഒരു പരിവര്‍ത്തനാവസ്ഥയിലായിരുന്നു എന്നു കാണാവുന്നതാണ്. ഒരു പുരുഷാന്തരത്തിന്നുള്ളില്‍, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ അറേബ്യയുടെ സീമകളില്‍നിന്നും ഉത്തരാഫ്രിക്ക മുതല്‍ മധ്യേഷ്യവരെ നീണ്ടുകിടക്കുന്ന ഒരു ഭൂവിഭാഗത്തോളം വികസിക്കുകയുണ്ടായി. പ്രവാചകന്റെ ജീവിതകാലത്ത് പരിമിതാവശ്യങ്ങളും താരതമ്യേന സ്ഥിരമായ പ്രശ്‌നങ്ങളും മാത്രമുള്ള കര്‍ഷക സമൂഹവും അജപാല സമൂഹവും മാത്രം അടങ്ങിയിരുന്ന ഒരു രാഷ്ട്രം പെട്ടെന്ന് ഏറെ സങ്കീര്‍ണമായ ബൈസാന്റൈന്‍-സസ്സാനിയന്‍ സംസ്‌കാരങ്ങളുടെ പിന്‍തുടര്‍ച്ചക്കാരായി മാറി. ഭരണകൂടത്തിന്റെ മിക്കവാറും മുഴുവന്‍ ഊര്‍ജവും സൈനികമായ ഏകീകരണത്തിനും ഭരണപരമായ കാര്യക്ഷമത ഏറ്റവും കുറഞ്ഞ തോതിലെങ്കിലും ഉറപ്പുവരുത്തുന്നതിനുംവേണ്ടി വ്യയം ചെയ്യേണ്ടിയിരുന്ന ഒരു ഘട്ടത്തില്‍, രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ അനുദിനം പുതിയ, കൂടുതല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുകയായിരുന്നു. ഭരണകൂടത്തിനു പലപ്പോഴും മുന്‍കരുതലോ ആലോചനയോ കൂടാതെ പെട്ടെന്നു തീരുമാനങ്ങളെടുക്കേണ്ടിയിരുന്നു; അതിനാല്‍ പലപ്പോഴും അവ പരീക്ഷണപരമായിരുന്നു താനും. തിളക്കമാര്‍ന്ന ആദ്യ പരീക്ഷണത്തിന്റെ സ്ഥാനത്ത് തന്നെ നില്‍പ്പുറപ്പിച്ച്, ഖലീഫമാര്‍ക്ക് പതിമൂന്നു നൂറ്റാണ്ടുകള്‍ക്ക് ശേഷവും അവരുടെ അതേ രീതിയിലും രൂപത്തിലും ഒരിസ്‌ലാമിക രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് യഥാര്‍ഥ ദൈവ ഭക്തിയെയല്ല കാണിക്കുന്നത്. പ്രത്യുത, പ്രവാചകാനുചരന്മാരുടെ ക്രിയാത്മകമായ ശ്രമങ്ങളെ ഒറ്റിക്കൊടുക്കകലായിരിക്കുമത്. അവര്‍ മാര്‍ഗദര്‍ശികളും വഴി കണ്ടുപിടിക്കാന്‍ മുമ്പേ നടന്നവരുമായിരുന്നു. അവരോടൊപ്പമെത്താന്‍ നാം യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് പൂര്‍ണമാക്കാന്‍ കഴിയാതെപോയ കാര്യങ്ങള്‍ നാം ഏറ്റെടുക്കുകയും അതേ ചൈതന്യത്തോടുകൂടി അത് തുടരുകയും ചെയ്യണം.
'എന്റെ അനുയായികള്‍ എന്റെ സമുദായത്തിനു ഒരു അമാനത്ത് ആണ്' (മുസ്‌ലിം) എന്നു പ്രവാചകന്‍ പറഞ്ഞിരുന്നില്ലേ?

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top