ആത്മീയരാഷ്ട്രീയവും വിശ്വാസാധിഷ്ഠിത വികസനവും

‌‌

സ്‌ലാമിക സമൂഹത്തിന്റെ ഉള്ളടക്കത്തെ ക്രമീകരിക്കുന്നതില്‍ ഇസ്‌ലാമിക പ്രമാണങ്ങളും ചരിത്രവും രാഷ്ട്രീയമായ നിയമങ്ങള്‍, ഇടപെടലുകള്‍ എന്നിവക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. മദീന സ്റ്റേറ്റിന്റെ രൂപീകരണം മുതല്‍ അണമുറിയാത്ത ചരിത്രത്തിന്റെ ശൃംഖലകളില്‍ ഇതിന്റെ പ്രായോഗിക രൂപങ്ങളും നമുക്ക് കാണാവുന്നതാണ്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഭരണതത്വങ്ങളില്‍ നിന്നും വ്യതിചലനം സംഭവിക്കുമ്പോള്‍ അതിനോടുള്ള പ്രതിഷേധങ്ങളും മുസ്‌ലിം സമൂഹത്തിന്റെ ഭാഗത്തുനിന്നും അരങ്ങേറിയത് രാഷ്ട്രീയപരമായിരുന്നു. ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ജനാധിപത്യ സ്വഭാവത്തിന് ഇത് വളരെ പ്രയോജനം ചെയ്തിട്ടുണ്ട്. കര്‍മശാസ്ത്രമേഖലയില്‍ മുസ്‌ലിം സമൂഹം ഓരോ ഘട്ടങ്ങളിലും നടത്തിയ വൈജ്ഞാനിക ഗവേഷണങ്ങള്‍ രാഷ്ട്രീയ മീമാംസകളിലും ഉണ്ടായിട്ടുണ്ട്. ഇമാം അല്‍മാവര്‍ദിയുടെ ഭരണകൂട രൂപീകരണ സിദ്ധാന്തങ്ങളും രാഷ്ട്രീയ നിര്‍മാണ ചര്‍ച്ചകളില്‍നിന്ന് വ്യത്യസ്തമാണ് ഇമാം ഗസ്സാലിയും ഇബ്‌നു തൈമിയയും മുന്നോട്ടുവെക്കുന്ന വിഷയങ്ങള്‍. ഖിലാഫത്തിന്റെ നടത്തിപ്പുകളും തെരഞ്ഞെടുപ്പും ഓരോ സമയങ്ങളിലും വ്യത്യസ്തമായിരുന്നു. ഇസ്‌ലാമിക ഗവേഷണങ്ങള്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള മേഖലയും ഇതുതന്നെയാണ്. ഇസ്‌ലാമിക സമൂഹത്തിലെ ഭരണനേതൃത്വങ്ങളുടെ സ്വേഛാധിപത്യ പ്രവണതകളും യൂറോപ്പിന്റെ അധിനിവേശവും രാഷ്ട്രീയ ഇടപെടലുകളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍ ഒരു വിഭാഗം ജനങ്ങളെ അകറ്റി നിര്‍ത്തി. തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്തിന്റെ തകര്‍ച്ചയും യൂറോ കേന്ദ്രീകൃതമായ ദര്‍ശനങ്ങളുടെയും വിജ്ഞാനങ്ങളുടെയും ദേശരാഷ്ട്ര രൂപീകരണങ്ങളും ഇസ്‌ലാമിക രാഷ്ട്രീയ ചര്‍ച്ചകളെ മുസ്‌ലിം സമൂഹത്തില്‍നിന്നും ഒഴിവാക്കി നിര്‍ത്താന്‍ പര്യാപ്തമായിരുന്നു. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ രൂപീകരണത്തോടെ ഇസ്‌ലാമിന്റെ വിമോചനപരത ആത്മീയമുക്തി തുടങ്ങിയ സംയോജിപ്പിച്ച ആശയങ്ങളും പ്രബോധനങ്ങളും ലോകത്ത് ശക്തി പ്രാപിച്ചു. ഇസ്‌ലാമിന്റെ സമഗ്രമായ ജീവിത വീക്ഷണത്തെയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പരിചയപ്പെടുത്തിയത്. ലോകത്തെമ്പാടുമുള്ള മുസ്‌ലിം ഭൂരിപക്ഷ/ന്യൂനപക്ഷ രാഷ്ട്രങ്ങളില്‍ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സ്വാധീനവും ഘടകങ്ങളും രൂപീകൃതമായി. ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക ധാരയായ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എഴുപതിലധികം രാഷ്ട്രങ്ങളില്‍ വ്യത്യസ്ത  പേരുകളിലും നയങ്ങളിലും പ്രവര്‍ത്തിച്ചുതുടങ്ങി. മറ്റൊരു ഇസ്‌ലാമിക ചിന്താധാരയായ ജമാഅത്തെ ഇസ്‌ലാമിയും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ശക്തി പ്രാപിച്ചു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ന്യൂനപക്ഷ പ്രദേശങ്ങളും വ്യത്യസ്ത നയങ്ങള്‍, പേരുകള്‍ ഘടനാ സംവിധാനങ്ങള്‍ എന്നിവയവലംബിച്ചുകൊണ്ടാണ് ഇസ്‌ലാമിക പ്രതിനിധാനം സംഘടനയെന്ന നിലയില്‍ ഇവ നിര്‍വഹിച്ചത്. ദൈവത്തിന്റെ പരമാധികാരത്തില്‍ ഊന്നിയ നിലവിലുള്ള പാശ്ചാത്യന്‍ വിമോചന ദര്‍ശനങ്ങളോട് ഏറ്റുമുട്ടിയും പാശ്ചാത്യന്‍ ലിബറല്‍ ചിന്താഗതികളെ തുറന്ന് എതിര്‍ക്കുകയും ചെയ്തുകൊണ്ടാണ് ഇവയുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടത്.
ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയ ചിന്താഗതിയോട് നിഷേധാത്മക സമീപനം സ്വീകരിക്കുകയും അവയുടെ മനുഷ്യവിരുദ്ധ മുഖങ്ങളെ അനാവരണം ചെയ്തുകൊണ്ടാണ് ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ തുടക്ക കാലത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍ പുരോഗമിച്ചത്. ഇസ്‌ലാമിനെ കേവല ആത്മീയ മുക്തിയുടെ മാര്‍ഗമായി മനസ്സിലാക്കിയ സമൂഹത്തില്‍ ആത്മീയാംശമുള്ള ഭൗതികവിമോചന പ്രത്യയശാസ്ത്രമായിട്ടാണ് ഈ പ്രസ്ഥാനങ്ങള്‍ പരിചയപ്പെടുത്തിയത്. പല രാജ്യങ്ങളിലും നിര്‍ണായക സ്വാധീനമായും ചില രാജ്യങ്ങളില്‍ സാന്നിധ്യമായും ഈ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. സ്ത്രീ പങ്കാളിത്തം, അമുസ്‌ലിം പങ്കാളിത്തം, നേരിട്ടുള്ള രാഷ്ട്രീയ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിരവധി സംവാദങ്ങള്‍ ഇസ്‌ലാമിക പണ്ഡിതന്മാരിലൂടെ വികസിക്കുകയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ ഇതിന്റെ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തു. പ്രായോഗികമായ രാഷ്ട്രീയ ചേരിയിലേക്ക് വികസിച്ചപ്പോള്‍ രൂപപ്പെട്ട പുതിയ പ്രശ്‌നങ്ങളും പ്രതിസന്ധികളെയും ധീരമായി അഭിമുഖീകരിക്കാനും ഇസ്‌ലാമിക പ്രമാണങ്ങളുടെ വ്യാഖ്യാനങ്ങള്‍ രചിക്കുവാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തയാറായി. രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കാള്‍ പൗരരാഷ്ട്രീയ ശക്തിപ്പെട്ടുവരുന്ന കാലഘട്ടത്തില്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ചിരുന്ന അടിസ്ഥാനങ്ങളില്‍ തന്നെ പുതിയ അന്വേഷണവും വായനകളും നടന്നു. തിരസ്‌കാരങ്ങള്‍ക്ക് പകരം ഉള്‍ക്കൊള്ളലിന്റെയും ആഗോള ഇസ്‌ലാമികത(തത്വത്തില്‍ അംഗീകരിക്കുന്നണ്ടെങ്കിലും)യില്‍നിന്നും ഓരോ ദേശങ്ങളുടെയും ക്ഷേമത്തെ മുന്‍നിര്‍ത്തിയുള്ള വികാസത്തിലേക്ക് ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ ഒട്ടുമിക്കവയും എത്തിച്ചേര്‍ന്നു. ആഗോള ഖിലാഫത്തിന് പകരം ക്ഷേമരാഷ്ട്രവും അല്‍ ജമാഅത് സങ്കല്‍പത്തില്‍നിന്നും വ്യത്യസ്തമായി പൗര സമൂഹവും രൂപപ്പെടുത്തിയ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പുതിയ ദിശയിലേക്ക് ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രവേശിച്ചു കഴിഞ്ഞു. അക്കാദമിക് പണ്ഡിതര്‍ ഇതിനെ ഇവ ഇസ്‌ലാമിക രാഷ്ട്രീയം എന്ന് വ്യവഹരിക്കുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ഇത് ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിരുന്ന നയപരമായ വികാസമാണ്. അറബ് വസന്താനന്തര ഇസ്‌ലാമിക ലോകത്തുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയാണ് ചെയ്തിരിക്കുന്നത്. റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, റാശിദ് ഗനൂസി, മുഹമ്മദ് മുര്‍സി തുടങ്ങിയവരുടെ ഭരണപരവും രാഷ്ട്രീയവുമായ നയങ്ങള്‍ വികസിച്ചിട്ടുള്ളത് നവ ഇസ്‌ലാമിക ചിന്താധാരയിലൂടെയാണ്. ഇസ്‌ലാമിക പ്രമാണങ്ങളുടെയും ചരിത്രത്തിന്റെയും പിന്‍ബലത്തില്‍നിന്നുതന്നെയാണ് ഈ മാറ്റം അവര്‍ സാധ്യമാക്കിയിട്ടുള്ളത്. മദീന സ്റ്റേറ്റിനെകുറിച്ച റാശിദുല്‍ ഗനൂശിയുടെയും ഖര്‍ദാവിയുടെയും നിരീക്ഷണങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. ഇസ്‌ലാമിക സമൂഹത്തിനിടയില്‍ മാത്രമല്ല പുറത്തുള്ള ബുദ്ധിജീവികളിലും അക്കാദമിക് വിദഗ്ധരിലും ഇത്തരം ചര്‍ച്ചകള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. ആത്മീയ രാഷ്ട്രീയം (Spiritual politics) വിശ്വാസാധിഷ്ഠിത വികസനം(Faith based development) തുടങ്ങിയ പദാവലികള്‍ തുര്‍ക്കി, ഇറാന്‍, മലേഷ്യ, ടുണീഷ്യ, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളെ മുന്‍നിര്‍ത്തിയുള്ള പഠനങ്ങളില്‍ വ്യാപകമാണ്. വികസനങ്ങളുടെയും പുരോഗതിയുടെയും ഏറ്റവും വലിയ ശത്രുവായി വിശ്വാസത്തെ പ്രതിഷ്ഠിച്ചിരുന്ന ആധുനികതയോടുള്ള കലഹമാണ് പുതിയ കാലത്തുള്ള പഠനങ്ങള്‍ നിര്‍വഹിക്കുന്നത്. വിശ്വാസം, ധാര്‍മികത, ഭക്തി എന്നിവയുള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെ വിമോചന സാധ്യതയും മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിയില്‍ ഇവിയുടെ സ്വാധീനവും ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇസ്‌ലാമിക രാഷ്ട്രീയത്തെ പഴയ ഭാവുകത്വത്തില്‍മാത്രം കൈകാര്യം ചെയ്യുന്ന അല്‍പം ചില ഇടതുപക്ഷ/വലതുപക്ഷ ബുദ്ധിജീവികളെ മാറ്റി നിര്‍ത്തിയാല്‍ ലോകത്തെ പ്രഗത്ഭരായ ഗവേഷകരും പണ്ഡിതരും സത്യസന്ധമായൊരു ഓഡിറ്റിംഗിനാണ് ഇസ്‌ലാമിക രാഷ്ട്രീയത്തെ വിധേയമാക്കുന്നത്. രാഷ്ട്രത്തിന്റെ വികസനം, സാമ്പത്തിക പുരോഗതി, ദേശീയ വരുമാന വളര്‍ച്ച, മതസ്വാതന്ത്ര്യം തുടങ്ങിയവയില്‍ 'തുര്‍ക്കി മോഡലി'നെ അക്കാദമിക് പണ്ഡിതര്‍ എടുത്ത് കാണിക്കുന്നത് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പുതിയ സമവാക്യങ്ങളെ വിലയിരുത്തുന്നതിന്റെ ഭാഗമാണ്. പുതിയ ഗവേഷണങ്ങള്‍ പഠനങ്ങള്‍ എന്നിവയിലൂടെ ഇനിയും വികസിതമാകുന്ന ഇസ്‌ലാമിക രാഷ്ട്രീയം ലോകത്തെ നിര്‍ഭയമായി അഭിമുഖീകരിച്ചുകൊണ്ടിരിക്കും. ഓരോ ചരിത്രഘട്ടങ്ങളിലും അതിന്റെ ദൗത്യവും മറ്റൊന്നായിരുന്നില്ല.
ബോധനം ഈ ലക്കം ഇസ്‌ലാമിക രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇമാം അബൂഹനീഫ, ഇമാം അല്‍മാവര്‍ദി, ഇമാംഗസ്സാലി, ഇബ്‌നു തൈമിയ്യ, ജമാലുദ്ദീന്‍ അഫ്ഗാനി, ഇമാം ഖുമൈനി, സല്‍മാന്‍ സഈദ്, അലി ശരീഅത്തി, മുഹമ്മദ് അസദ്, സയ്യിദ് ഹുസൈന്‍ നസ്ര്‍, റാശിദുല്‍ ഗനൂശി തുടങ്ങിയ പ്രഗത്ഭരായ പണ്ഡിതന്മാരുടെ വീക്ഷണങ്ങള്‍ ഇതില്‍ പ്രധാനമാണ്. വ്യത്യസ്തരായ മറ്റു പണ്ഡിതന്മാരുടെ ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ചുള്ള വിശകലനങ്ങളും പഠനങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അറബ് വിപ്ലവാനന്തര ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ചുള്ള അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ ഇസ്‌ലാമിക വിമോചന രാഷ്ട്രീയ വീക്ഷണത്തെക്കുറിച്ച പഠനവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. അധിനിവേശത്തിന്റെയും അതിനോട് ഏറ്റുമുട്ടിയ വിവിധ കാലങ്ങളിലെ മുസ്‌ലിംകളുടെ കുടിയേറ്റങ്ങളെക്കുറിച്ച ദീര്‍ഘമായൊരു പഠനവും ഈ ലക്കത്തില്‍ വായിക്കാനാവും. വിവിധങ്ങളായ വീക്ഷണകോണില്‍നിന്ന് ഇസ്‌ലാമിക രാഷ്ട്രീയത്തെ നിരീക്ഷിക്കുന്ന ഈ ലക്കം വിശദമായ വായനക്കുള്ള ഒരു തുടക്കം മാത്രമാണ്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top