ആഗോള മുസ്‌ലിം രാഷ്ട്രീയ സാന്നിധ്യവും പടിഞ്ഞാറും

സല്‍മാന്‍ സയ്യിദ്‌‌
img

രാഷ്ട്രീയം മുസ്‌ലിം ജീവിതത്തിന്റെ അവിഭാജ്യ ഘടകമാവുന്നതെങ്ങനെ? മുസ്‌ലിം രാഷ്ട്രീയം എന്തുകൊണ്ടാണ് അനീതിയുടെ വക്താക്കളെ ചൊടിപ്പിക്കുന്നത്. സല്‍മാന്‍ സയ്യിദ് എഴുതുന്നു.

ആഗോള വ്യാപകമായി ദൃശ്യമാകുന്ന മുസ്‌ലിം  ഉണര്‍വ്വ് എന്ന പ്രതിഭാസത്തെ പൂര്‍ണമായി നിരാകരിക്കുന്നവരാണ് ബുഷ്-ബ്ലെയര്‍ ചിന്താധാരക്കാര്‍. സ്വയം നിര്‍ണയാവകാശത്തിനുള്ള മുസ്‌ലിം പ പരിശ്രമങ്ങളെ നിരാകരിക്കാന്‍ അവരുപയോഗിക്കുന്ന പ്രധാന ആയുധം നിരാശ ബാധിക്കാന്‍ മാത്രം യാതൊരു പ്രതിസന്ധിയും മുസ്‌ലിംകളെ ചൂഴ്ന്ന് നില്‍ക്കുന്നില്ലെന്ന് ഭാവിക്കലാണ്. തങ്ങളുടെ പതിതാവസ്ഥ നിശബ്ദമായി അംഗീകരിക്കുകയാണ് മുസ്‌ലിംകള്‍ക്ക് മുമ്പിലുള്ള പോംവഴിയെന്നും അവര്‍ പറയാതെ പറയുന്നു. 1992ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബില്‍ ക്ലിന്റന്റെ പ്രധാന ഉപദേഷ്ടാക്കളിലൊരാളായ ജെയിംസ് കാര്‍വിലെ അമേരിക്കന്‍ പൊതുബോധത്തിലേക്കെറിഞ്ഞു കൊടുത്ത ഒരു മുദ്രാവാക്യമുണ്ട്. 'വിവരദോഷീ, പ്രശ്‌നം സാമ്പത്തികമാണ്.' ആ സമയത്തെ അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനായിരുന്നു അത്. ആ കാലത്ത് പാശ്ചാത്യ പ്ലൂട്ടോക്രസിയുടെ മുഖ്യ ഉത്തരവാദിത്വം സാമ്പത്തിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുക എന്നതായിരുന്നു. നാണയപ്പെരുപ്പം കുറക്കുക, തൊഴിലില്ലായ്മ നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ വര്‍ഷാവര്‍ഷം സാമ്പത്തികവളര്‍ച്ച  ത്വരിതപ്പെടുത്തുകയായിരുന്നു സര്‍ക്കാറിന്റെ ഉത്തരവാദിത്വം. ഭീകരതക്കെതിരെയുള്ള യുദ്ധത്തിന്റെ രംഗപ്രവേശത്തോടെ ജനതയുടെ സുരക്ഷ ഉറപ്പുവരുത്തലായി ഒരു സര്‍ക്കാറിന്റെ കാര്യപ്രാപ്തി അളക്കാനുള്ള മാനദണ്ഡം. ശീത         യുദ്ധത്തോടു കൂടി നമ്മള്‍ പുറന്തള്ളിയെന്ന് കരുതിയ സെക്യൂരിറ്റി അജണ്ടയിലേക്കുള്ള തിരിച്ചു പോക്ക് പല നയരൂപീകരണ വിദഗ്ധരെയും ഓര്‍ക്കാപുറത്താണ് പിടികൂടിയതെന്ന് തോന്നുന്നു. പരസ്പരം നാശം ഉറപ്പുവരുത്തലായിരുന്നല്ലോ ശീതയുദ്ധത്തിലടങ്ങിയിരുന്ന തത്വം. ഈ അലസതക്ക് പിന്നിലുള്ള പ്രധാന കാരണം പടിഞ്ഞാറും 'അപടിഞ്ഞാറന്‍' രാജ്യങ്ങളും തമ്മിലുള്ള വ്യവഹാരങ്ങളെ പൊതുവില്‍ പിടികൂടിയിരിക്കുന്ന വിവരദോഷവും ധാര്‍ഷ്ട്യവുമാണ്. പ്രശസ്തരായ ചില മുസ്‌ലിംകള്‍ ചേര്‍ന്നെഴുതിയ ഒരു കത്തിനെ അപലപിക്കാന്‍ ബ്ലെയര്‍ മന്ത്രിമാരും പരിവാരങ്ങളും ഇസ്‌ലാമോ ഫോബിയ തലക്ക് പിടിച്ച സൈദ്ധാന്തിക വിശാരദന്മാരോടൊപ്പം അണിനിരന്നപ്പോള്‍ നാം കണ്ടതതാണ്. ന്യൂ ലേബര്‍ പാര്‍ട്ടിയിലെ ചില പ്രമുഖ നേതാക്കളടക്കം ചേര്‍ന്നാണ് ആ കത്തെഴുതിയത്. ബ്രിട്ടീഷ് വിദേശ നയം മുസ്‌ലിംകള്‍ക്കിടയില്‍ തീവ്ര ചിന്താഗതി വളര്‍ത്താന്‍ കാരണമായേക്കും എന്നായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. തീര്‍ത്തും  അവസരോചിതമായ ഈ ഇടപെടലിനെ ഇസ്‌ലാമോഫോബിക് തിയറിസ്റ്റുകള്‍ നാലുവശത്തു നിന്നും ഒച്ചവെച്ചു മുക്കിക്കളഞ്ഞു. കത്തിഷ്ടപ്പെടാത്തത് കൊണ്ട് പോസ്റ്റുമാനെ തട്ടുക എന്ന ലളിതവത്കൃത യുക്തിയില്‍ ഈ പ്രവണതയെ ഒതുക്കാനാവില്ല. അത് ആഴത്തില്‍ വേരോടിയിട്ടുള്ള ഒരു മനസ്ഥിതിയെയാണ് അനാവരണം ചെയ്യുന്നത്. മുസ്‌ലിം  ഉണര്‍വിന്റെ രാഷ്ട്രീയ മാനങ്ങളെ തിരസ്‌കരിക്കുന്നതാണ് ആ മനസ്ഥിതി.
ശാക്തിക ചേരികള്‍ക്ക് ഇസ്‌ലാ മിനോടുള്ള പ്രശ്‌നം മുസ്‌ലിംകള്‍ മസ്ജിദില്‍ പോയി പ്രാര്‍ഥിക്കുന്നതോ റമളാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുന്നതോ അല്ല. ചുറ്റുപാടുമുള്ള അനീതികളോട് പ്രതികരിച്ചില്ലെങ്കില്‍ അവര്‍ നല്ല മുസ്‌ലിംകളാവില്ല എന്ന രാഷ്ട്രീയ വീര്യം കൂടിയ ആശയമാണ് അവരെ അസ്വസ്ഥപ്പെടുത്തുന്നത്. ഇസ്‌ലാമിനെ സാമൂഹികവും രാഷ്ട്രീയവുമായ ഒരു ക്രമത്തിനുള്ള ചാലക ശക്തിയായി വ്യാഖ്യാനിക്കുന്നവരും ഈ വ്യാഖ്യാനത്തോട് വിയോജിക്കുന്നവരും തമ്മിലുള്ള സംവാദം ഇസ്‌ലാമിക ലോകത്ത് ഉടനീളമുള്ളതാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ഇസ്‌ലാം ജീവിതത്തിനു വേണ്ടിയാണെന്ന് വിശ്വസിക്കുന്നവരും ഇസ്‌ലാം മസ്ജിദിലൊതുങ്ങുന്നു എന്ന് വിശ്വസിക്കുന്നവരും തമ്മിലുള്ള സംവാദം.
ജീവിതം എന്ന വര്‍ത്തമാനത്തെ കുറിച്ചും ജീവിതം എങ്ങനെയായിരിക്കണം എന്ന ഭാവിയെ കുറിച്ചുമുള്ള മുസ്‌ലിം സമരം ഒരു സമുദായമെന്ന നിലയില്‍ മോചിതരാവാനുള്ള തന്റേടമാണ് അവരില്‍ നിന്ന് ആവശ്യപ്പെടുന്നത്. ക്രൂരതകളില്‍ നിന്നുള്ള മോചനം, ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനം, അസമത്വങ്ങളില്‍  നിന്നുള്ള മോചനം. സ്വാതന്ത്യത്തോടുള്ള ഈ അഭിവാഞ്ചയാണ് ഉമ്മത്തിനെ ചലനാത്മകമാക്കുന്നത്. അപൂര്‍ണമായ മതമോ, ശുഷ്‌കിച്ച സംസ്‌കാരമോ, പഴഞ്ചന്‍ ആചാരങ്ങളോ ഒന്നുമല്ല മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നം. കാതലായ പ്രശ്‌നം രാഷ്ട്രീയപരമാണ്. മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അനീതികളില്‍ നിന്നുടലെടുക്കുന്നതാണ്. മുസ്‌ലിംകള്‍ അനീതികള്‍ക്ക്  നേരെ സംഘടിതമായ ശബ്ദമുയര്‍ത്തുമ്പോള്‍ അനീതികളെ ഉപജീവിച്ചു കഴിയുന്നവര്‍ ഈ സമരങ്ങളെ പൊതുജനമധ്യത്തില്‍ ഇകഴ്ത്തിക്കാട്ടാനുളള ശ്രമങ്ങള്‍ നടത്തുന്നു.
ശീതയുദ്ധകാലത്ത് തങ്ങളുടെ ഭാഗത്ത് ദൈവമൊന്നുമില്ലെങ്കിലും ചുരുങ്ങിയ പക്ഷം സത്യമെങ്കിലുമുണ്ടെന്ന ആത്മവിശ്വാസമുണ്ടായിരുന്നു പടിഞ്ഞാറിന്. അതു കൊണ്ടാണ് സോവിയറ്റ് യൂനിയന് തങ്ങളുടെ സകല വിഭവ ശേഷിയുമുപയോഗിച്ച് വാര്‍ത്തകളുടെയും വിവരങ്ങളുടെയും സ്വതന്ത്രമായ വിനിമയങ്ങള്‍ക്ക് കടിഞ്ഞാണിടേണ്ടി വന്നത്. ഭീകരവാദത്തിനെതിരെയുള്ള വാദം വിജയിക്കാന്‍ ബ്ലെയറിന് നിയമത്തെ കൂട്ടുപിടിക്കേണ്ടി വരുന്നതും ബുഷ് സംഘത്തിന് അല്‍ജസീറ ഓഫീസ് ബോംബിട്ട് തകര്‍ക്കേണ്ടി വരുന്നതും. ഇത് കാണിക്കുന്നത് പടിഞ്ഞാറന്‍ യുദ്ധപ്രഭുക്കന്മാര്‍ക്ക്  സത്യം തങ്ങളുടെ ഭാഗത്താണോ എന്ന തീര്‍ച്ചയില്ലായ്മയാണ്. അതുകൊണ്ടാണ് കാലേകൂട്ടി തീരുമാനിക്കപ്പെട്ട പ്രതികരണങ്ങള്‍ നമുക്ക് ലഭിക്കുന്നത്. മുസ്‌ലിം പ്രതികരണങ്ങളുടെ രാഷ്ട്രീയ സ്വഭാവത്തെ തലതിരിച്ചെഴുതി ജാഗ്രത നിറഞ്ഞ ഒരു മുസ്‌ലിം പൊതുബോധം രൂപപ്പെടുന്നതിനെ എതിര്‍ക്കുന്നവരുടെ മുമ്പില്‍ താലത്തില്‍ വെച്ചു കൊടുക്കുന്നഇടപാടാണിത്. ഇരയെ കുറ്റപ്പെടുത്തി മൂലക്കിരുത്തുന്ന ഈ ഫോര്‍മുലയിലെ സ്ഥിരം ചേരുവകള്‍ ഇനി പറയുന്നതാണ്; ഭ്രാന്തന്‍ മുല്ലമാര്‍, ക്ഷുഭിതരായ മുസ്‌ലിം യുവാക്കള്‍, ഛിദ്രിതമായ ഏഷ്യന്‍ കുടുംബങ്ങള്‍...

ചില 'ബോധ്യങ്ങളുടെ' ഫലമായി ഓപറ സംവിധായകന്മാര്‍/ നാടക സംവിധായകന്മാര്‍/ ആര്‍ട്ട് ഗാലറി ഉടമസ്ഥര്‍/മ്യൂസിയം ക്യൂറേറ്റര്‍മാര്‍/ പ്രസാധകന്മാര്‍ തുടങ്ങിയവര്‍ പുസ്തകങ്ങള്‍, കലാസൃഷ്ടികള്‍, പെര്‍ഫോമന്‍സ് തുടങ്ങിയ ആവിഷ്‌കാരങ്ങള്‍ പിന്‍വലിക്കുകയോ പ്രദര്‍ശനത്തില്‍ നിന്ന് പിന്‍വാങ്ങുകയോ ചെയ്യുന്നു. രണ്ടുകാരണങ്ങളാണ് പൊതുവില്‍ ഇത്തരം നടപടികള്‍ക്കു  പിന്നിലുണ്ടാവുക.
സാമുദായിക വികാരങ്ങള്‍ വ്രണപ്പെടുത്തരുതെന്ന സദുദ്ദേശ്യമാണൊന്ന്. 'സുരക്ഷാ പ്രശ്‌നങ്ങള്‍' ആണ് മറ്റൊരു കാരണം. കാരണമെന്തായാലും ലിബറല്‍ ഡെമോക്രസിയുടെ സ്വയം പ്രഖ്യാപിത കാവലാളുകള്‍ മുസ്‌ലിംകളെ സംസ്‌കാര ശൂന്യര്‍, അരസികര്‍, അതിവൈകാരികര്‍, യുക്തിഹീനര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ചാപ്പകളുപയോഗിച്ച് താറടിക്കുന്നു. ഭരണസംവിധാനങ്ങളെ ഇത്തരം മൂരാച്ചികള്‍ക്ക് മുമ്പില്‍ തലകുനിക്കുന്നതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നു. മള്‍ട്ടികള്‍ച്ചറലിസത്തെ  രാഷ്ട്രീയ കൃത്യത അതിരു കടന്നതിന്റെ പേരില്‍ ഭത്സിക്കുന്നു. സമൂഹത്തെ പടഞ്ഞാറിന്റെ മൂല്യങ്ങള്‍ക്ക് വേണ്ടി നട്ടെല്ലുയര്‍ത്തി  നില്‍ക്കാനുള്ള ത്രാണിയില്ലായ്മയുടെ പേരില്‍ പുച്ഛിക്കുന്നു.
ടെലിവിഷന്‍ ഡോക്യുമെന്ററി പ്രോഗ്രാം എഡിറ്റര്‍മാര്‍/ പകല്‍സ മയത്തെ സംവാദ വീരന്മാര്‍/ CRE തലവന്മാര്‍/ ഫ്രഞ്ച് ഹൈസ്‌കൂള്‍ ഫിലോസഫി അധ്യാപകന്മാര്‍/ കാബിനറ്റ് മന്ത്രിമാര്‍ തുടങ്ങിയ ഒരു നീണ്ടനിര തന്നെ അലക്ഷ്യമായ പ്രസ്താവനകളിലൂടെ പക്ഷപാതികളും ഇസ്‌ലാമോഫോബിയ ബാധിച്ചവരും നിറഞ്ഞു നില്‍കുന്ന 'ജനപ്രിയഗാലറികളിലേക്ക്' ഗോളടിച്ച് അഭിനന്ദനത്തിന്റെ പൂചെണ്ടുകള്‍ ഏറ്റുവാങ്ങുന്നു.  'പ്രശ്‌നപങ്കിലമായ' വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ ചങ്കൂറ്റം കാണിച്ചതിന്റെ പേരിലാണ് മേല്‍പറഞ്ഞവര്‍ പൂചെണ്ടുകള്‍ വാരിക്കൂട്ടുന്നത്.
മുസ്‌ലിംകള്‍ ന്യായമായ കാരണങ്ങളുടെ പേരില്‍ ഇത്തരം അന്യായങ്ങള്‍ക്ക് നേരെ ശബ്ദമുയര്‍ത്തു മ്പോള്‍ അവര്‍ അനാവശ്യമായി ഇരകളുടെ കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച് വംശീയ വിവേചനത്തിന്റെ പേരില്‍ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം ഏറ്റുവാങ്ങേണ്ടി വരുന്നു. സ്വയം വിമര്‍ശനത്തിനുള്ള 'കഴിവില്ലായ്മയുടെ' പേരിലും, 'നാറുന്ന' മള്‍ട്ടികള്‍ച്ചറലിസത്തിന്റെയ പേരിലും തന്തക്ക് പിറക്കാത്ത കഴുവേറികളായി മുദ്രകുത്തപ്പെടുന്നു.
അതേ സമയം തന്നെ പൊതുമണ്ഡലത്തിലും മാധ്യമങ്ങളിലും മുസ്‌ലിംകളുയര്‍ത്തുന്ന യുക്തിഭദ്രമായ വിമര്‍ശങ്ങളും മുസ്‌ലിംകളുടെ ന്യായമായ രാഷ്ട്രീയ അവകാശവാദങ്ങളും പൊതുസമൂഹത്തിലിടം നേടുന്നതിനുള്ള പരിശ്രമങ്ങളുമെല്ലാം പ്രാമാണികതക്ക് വേണ്ടി കിതാബുകെട്ടുകള്‍ തപ്പുന്ന മൗലവിമാരുടെ കോടതികളിലേക്ക് റഫര്‍ ചെയ്യപ്പെടുന്നു. മുസ്‌ലിംകളുടെ രാഷ്ട്രീയ അനാഥത്വവും നിസഹായതയും രാഷ്ട്രവുമായുള്ള ഇടപാടുകളില്‍ നിന്നുള്ള ബോധപൂര്‍വമായ മാറിനില്‍ക്കലായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. മുസ്‌ലിംകളുടെ പാര്‍ശ്വവത്കരണവും മുസ്‌ലിംകളോടുള്ള വിവേചനവും ഉദ്ഗ്രഥനത്തോടുള്ള വിസമ്മതമായി വ്യാഖ്യാനിക്കപ്പെടുന്നു. ആധുനികതയോടുള്ള വിപ്രതിപത്തി പ്രാചീനമായ ചട്ടക്കൂടുകളുടെ ഉല്‍പന്നമായി വായിക്കപ്പെടുന്നു. സാമ്രാജ്യത്വ ക്രൂരതകളുടെ അടിത്തറയില്‍ പടുത്തുയര്‍ത്തപ്പെട്ട സങ്കുചിത ദേശീയതയിലധിഷ്ഠിതമായ ദേശപുരാണങ്ങള്‍ അംഗീകരിക്കുന്നതിനുള്ള വൈമനസ്യം നന്ദികേടിന് മകുടോദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുസ്‌ലിം സ്ത്രീകള്‍ നിരന്തരമായി നേരിടേണ്ടി വരുന്ന തൊഴില്‍ വിവേചനങ്ങള്‍ രാഷ്ട്രീയവും മതപരവുമായ വരട്ടുവാദത്തിന്റെ അക്കൗണ്ടിലേക്ക് വരവ് വെക്കപ്പെടുന്നു. മുസ്‌ലിം യുവാക്കളുടെ രാഷ്ട്രീയമായ ഇടപെടലുകള്‍ക്ക് കൂച്ചുവിലങ്ങിടുന്നു. സ്വയം പ്രതിരോധത്തിനായുള്ള കൂട്ടായ്മകളെ കുറ്റകൃത്യമായി മുദ്രകുത്തി കവിഞ്ഞ അനുപാതത്തിലുള്ള ശിക്ഷകള്‍ ചാര്‍ത്തുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങളെ മതഭ്രാന്തായി മുദ്രകുത്തി അതിന്റെ ഉത്തരവാദിത്വം 'വെറുപ്പിന്റെ പ്രത്യയശാസ്ത്രം' പ്രചരിപ്പിക്കുന്ന മുല്ലമാരുടെ പിടലിക്കിടുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് മുഴുക്കെ വിവേചന രഹിതമായി ഭീകരവാദ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു.
ദൈവശാസ്ത്രത്തിന്റെയും വംശീയതയുടെയും പരിവൃത്തത്തിനകത്ത് നിന്നു കൊണ്ടല്ലാതെ മുസ്‌ലിം എന്ന സംഞ്ജയുടെ ചര്‍ച്ച അസാധ്യമായിത്തീര്‍ന്നിരിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്.
രാഷ്ട്രീയം ദൈവശാസ്ത്രപരം, വംശീയം, അക്രമാസക്തം, അനിയന്ത്രിതം എന്നൊക്കെ സമര്‍ഥമായി വിവര്‍ത്തിതമാവുന്ന പൊതുവ്യവഹാരത്തില്‍ രാഷ്ട്രീയ മുസ്‌ലിംകളും മുസ്‌ലിം രാഷ്ട്രീയവും തമ്മില്‍ ചേരാത്ത പദങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത്. മേല്‍ചൊന്ന പദങ്ങള്‍ക്കെല്ലാം മുസ്‌ലിംകളെ ഭ്രാന്തന്മാരും അപകടകാരികളുമായി ചിത്രീകരിക്കാനുള്ള ശേഷിയുണ്ട്. മദീനയുടെ അധിപതിയില്‍ നിന്ന് തുടങ്ങുന്ന ക്രമം അവര്‍ക്ക്  നല്കുന്നത് ആത്മീയമായ വിശ്രാന്തി മാത്രമല്ല തങ്ങളുടെ ജീവചരിത്രങ്ങള്‍ അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്താനുള്ള ആഖ്യാനത്തിന്റെ ശൃംഖല കൂടിയാണെന്ന് ഇസ്‌ലാമിനെ ഗൗരവമായി കാണുന്ന മുസ്‌ലിംകള്‍ തിരിച്ചറിയുന്നുണ്ട്.
അഫ്ഗാനിസ്താന്‍, ചെച്‌നിയ, കശ്മീര്‍, ഇറാഖ്, ഫലസ്ത്വീന്‍, തുടങ്ങിയ ദേശങ്ങളിലെ യുദ്ധങ്ങള്‍ക്കെതിരെ മുസ്‌ലിംകള്‍ പ്രതികരിക്കുന്നു. പ്രകോപിതരാകുന്ന പാശ്ചാത്യന്‍ രാഷ്ട്രീയ സൈദ്ധാന്തികരെ അവര്‍ അപലപിക്കുകയും ചെയ്യുന്നു. അവര്‍ വിശുദ്ധമെന്ന് കരുതുന്നതിനെ പിച്ചിച്ചീന്തുമ്പോള്‍ കവിളിന്റെ മറുപുറം കാണിച്ചുകൊടുക്കാതെ ക്രിയാത്മകമായ പ്രതികരണങ്ങളിലും മുസ്‌ലിം രാഷ്ട്രീയം ആഗോള തലത്തില്‍ വീണ്ടും പ്രതിപാദിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും രാഷ്ട്രീയങ്ങളിലൂടെ സാന്നിധ്യമാവുന്ന മുസ്‌ലിം സമൂഹത്തോട് പടിഞ്ഞാറ് രൂപപ്പെടുത്തിയ തീര്‍പ്പുകളില്‍നിന്ന് ഇടപെടാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ ഇടപാടുകള്‍ അവരെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു. ജയിംസ് കാര്‍വലിന്റെ പ്രസ്താവനക്ക് ഇങ്ങനെയൊരു തിരുത്തുകൊടുക്കാം. 'വിവരദോഷീ പ്രശ്‌നം രാഷ്ട്രീയമാണെ'ന്ന് ആത്മവഞ്ചനയുടെ അടിത്തറ മാന്തുന്നവര്‍ക്ക് ഇത് തന്നെയാണ് ഏറ്റവും ഉചിതമായ മറുപടി.
വിവ: ബിശ്‌റു അഹ്മദ്‌

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top