ഹദീസ് ക്രോഡീകരണത്തിന് ഒരാമുഖം

ഡോ. മുഹമ്മദ് ഹമീദുല്ല‌‌
img

ബൂഹുറയ്‌റയുടെ ശിഷ്യന്‍മാരില്‍ പെട്ട പ്രഗത്ഭനായ ഒരു ഹദീസ് പണ്ഡിതനാണ് ഹമ്മാം ഇബ്‌നു മുനബ്ബിഹ്. അല്‍ സഹീഫുല്‍ സഹീഹ എന്ന ഹദീസ് ഗ്രന്ഥം സമാഹരിച്ചിരിക്കുന്നത് അദ്ദേഹമാണ്. വളരെയധികം പഴക്കം ചെന്ന ഗ്രന്ഥമാണിത്. അബൂഹുറയ്‌റയുടെയും ഹമ്മാമിന്റെയും ജനനസ്ഥലം യമനാണ്. ഗവേഷണാര്‍ത്ഥം മദീനയിലെത്തിയ ഹമ്മാം അബൂഹുറയ്‌റയുടെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു. സല്‍സ്വഭാവവുമായി ബന്ധപ്പെട്ട 140 ഓളം വരുന്ന തിരുവചനങ്ങള്‍ അബൂഹുറയ്‌റ ഹമ്മാമിന് പഠിപ്പിച്ച് കൊടുത്തു.
ഹിജ്‌റയുടെ ആദ്യനൂറ്റാണ്ടിന്റെ മധ്യകാലത്ത് ക്രോഡീകരിക്കപ്പെട്ട ഈ ഗ്രന്ഥം നല്ലൊരു ചരിത്രാഖ്യാനം കൂടിയാണ്. പ്രവാചകന്റെ മരണത്തിന് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹദീസുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയത് എന്ന് ചിലയാളുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഇബ്‌നു ഹമ്പല്‍, ബുഖാരി, മുസ്‌ലിം, തിര്‍മിദി തുടങ്ങിയ ഹദീസ് പണ്ഡിതരെ അവര്‍ തള്ളിക്കളയുകയായിരുന്നു. പ്രവാചകന്റെയോ സ്വഹാബാക്കളുടെയോ കാലത്ത് ഒരു ഹദീസും രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നാണവര്‍ വാദിക്കുന്നത്. എന്നാല്‍ സ്വഹാബാക്കളുടെ കാലത്തുതന്നെ ക്രോഡീകരിക്കപ്പെട്ട ഹദീസ് സമാഹാരമാണ് സഹീഫുല്‍ സഹീഹ്. ബുഖാരിയോ മുസ്‌ലിമോ തിര്‍മിദിയോ അവരുടേതായി ഒന്നും കൂട്ടിച്ചേര്‍ക്കുകയോ വെട്ടിത്തിരുത്തുകയോ ചെയ്തിട്ടില്ല എന്ന് ഈ ഗ്രന്ഥം സസൂക്ഷ്മം നിരീക്ഷിക്കുന്ന പക്ഷം നമുക്ക് മനസ്സിലാകും. മാത്രമല്ല, അബൂഹുറയ്‌റ നിവേദനം ചെയ്ത ഈ ഗ്രന്ഥത്തിലെ മുഴുവന്‍ ഹദീസുകളും സിഹാഉസ്സിത്തയില്‍ നമുക്ക് കണ്ടെടുക്കാനാകും. ഈ ഹദീസുകളുടെ ആശയം വരുന്ന മറ്റു പല ഹദീസുകളും ഒരുപാട് സ്വഹാബാക്കളില്‍ നിന്നായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹദീസ് പണ്ഡിതരെ തള്ളിക്കളയുന്നവരുടെ വാദങ്ങള്‍ അടിസ്ഥാനരഹിതങ്ങളാണ് എന്നതിന്റെ തെളിവുകളാണിവ.

ഹമ്മാം ഇബ്‌നു മുനബ്ബിഹ്
ഹമ്മാമിനെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നത് പ്രസക്തമാണെന്ന് തോന്നുന്നു. ഇബ്‌നു സഅദ് പറയുന്നു: ഹിഷാം ഇബ്‌നു അബ്ദുല്‍ മലിക്കിന്റെ ഖിലാഫത്തിന്റെ ആദ്യ കാലത്ത് സനായില്‍ വെച്ചാണ് വഹ്ബ് ഇബ്‌നു മുനബ്ബിഹ് മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ സഹോദരനാണ് ഹമ്മാം. മദീനയിലെ പഠനകാലത്താണ് ഹമ്മാം അബൂഹുറയ്‌റയെ കണ്ടുമുട്ടുന്നത്. അതിനു ശേഷമാണ് അബൂഹുറയ്‌റ നിവേദനം ചെയ്ത തിരുവചനങ്ങള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങുന്നത്. വഹബിന്റെ മരണത്തിന് മുമ്പുതന്നെ അദ്ദേഹം ഈ ലോകത്തോട് വിട പറയുകയുണ്ടായി. അബൂ ഉഖ്ബ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു.
ഇബ്‌നു ഹജര്‍ പറയുന്നു: 'അബൂഹുറയ്‌റ, മുആവിയ, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അബ്ദുല്ലാഹിബ്‌നു ഉമര്‍, അബ്ദുല്ലാഹിബ്‌നു സുബൈര്‍ തുടങ്ങിയവരെല്ലാം നിവേദനം ചെയ്ത നബിവചനങ്ങള്‍ ഹമ്മാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരന്‍മാരായ വഹ്ബ് ഇബ്‌നു മുനബ്ബിഹ്, അഖില്‍ ഇബ്‌നു മഖില്‍ ഇബ്‌നു മുനബ്ബിഹ്, അലി ഇബ്‌നു അല്‍ഹസന്‍ ഇബ്‌നു അതാശ്, മമ്മാര്‍ ഇബ്‌നു റാഷിദ് തുടങ്ങിയവരെല്ലാം ഹദീസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ആശ്രയിച്ചിരുന്നത് ഹമ്മാമിനെയായിരുന്നു. ഇസ്ഹാഖ് ഇബ്‌നു മന്‍സൂര്‍ ഹമ്മാമിനെ വിശ്വസ്തനായ ഹദീസ് റിപ്പോര്‍ട്ടറായാണ് കണക്കാക്കുന്നത്. തന്റെ അല്‍തിഖ്വത്(വിശ്വാസയോഗ്യരായ ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ജീവചരിത്രം) എന്ന പുസ്തകത്തില്‍ ഇബ്‌നു ഹിബ്ബാന്‍ ഹമ്മാമിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അല്‍മയ്മൂനി എഴുതുന്നു: 'ഇസ്‌ലാമിന്റെ ആദ്യകാലത്ത് ബൈസാന്റിയന്‍-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുമായി നടന്ന യുദ്ധങ്ങളില്‍ ഹമ്മാം പങ്കെടുത്തിട്ടുണ്ട്. സഹോദരനായ വഹ്ബിന് വായിക്കാന്‍ വേണ്ടി ധാരാളം പുസ്തകങ്ങള്‍ അദ്ദേഹം വാങ്ങുമായിരുന്നു. അബൂഹുറയ്‌റയുടെ ശിഷ്യനായിരുന്ന ഹമ്മാം അദ്ദേഹത്തില്‍നിന്ന് 140 ഓളം ഹദീസുകള്‍ നേരിട്ട് പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു മഅ്മര്‍. തന്റെ അവസാന കാലത്ത് മഅ്മറിന് അദ്ദേഹം ഹദീസുകള്‍ ഉറക്കെ വായിച്ചുകൊടുക്കുമായിരുന്നു. പിന്നീട് ഹമ്മാമിന് തീരെ വയ്യാതായപ്പോള്‍ മഅ്മര്‍ സ്വയം തന്നെ ഹദീസുകള്‍ പഠിക്കാന്‍ തുടങ്ങി. അലി ഇജ്‌ലി പറയുന്നു: 'ഹമ്മാം ഒരു യമനിയായിരുന്നു. താബിഇയായിരുന്ന അദ്ദേഹം വിശ്വാസയോഗ്യനായ ഹദീസ് റിപ്പോര്‍ട്ടറായിരുന്നു.' അബൂഹുറയ്‌റ നിവേദനം ചെയ്ത ഹദീസുകളാണ് സഹീഫ എന്ന തന്റെ ഗ്രന്ഥത്തില്‍ ഹമ്മാം ക്രോഡീകരിച്ചിട്ടുള്ളത്.

സഹീഫയുടെ ക്രോഡീകരണം
സഹീഫ എന്ന തന്റെ ഗ്രന്ഥം ഹമ്മാം ഒരിക്കല്‍ പോലും ഒരു സ്വകാര്യസ്വത്തായി കണക്കാക്കിയിരുന്നില്ല. തന്റെ മുഴുവന്‍ ശിഷ്യന്‍മാര്‍ക്കും അദ്ദേഹം അത് പഠിപ്പിച്ച് കൊടുത്തു. മരണം വരെ അദ്ദേഹം ആ കടമ നിര്‍വ്വഹിച്ചു. മഅ്മര്‍ ഇബ്‌നു റാഷിദ് അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പെട്ട ഏറെ പ്രതിഭാധനനായ വ്യക്തിയായിരുന്നു. തന്റെ ശിഷ്യന്‍മാര്‍ക്കദ്ദേഹം സഹീഫ പൂര്‍ണമായും പഠിപ്പിച്ച് കൊടുത്തു. മഅ്മറിന്റെ ശിഷ്യനായിരുന്നു അബ്ദുല്‍ റസാഖ് ഇബ്‌നു ഹമ്മാം ഇബ്‌നു നഫി അല്‍ ഹിംയരി. ഒരു യമനിയായിരുന്ന അദ്ദേഹം വലിയൊരു പണ്ഡിതനായിരുന്നു. അദ്ദേഹവും സഹീഫയുടെ പ്രചാരണത്തില്‍ വ്യാപൃതനായിരുന്നു. പ്രഗത്ഭരായ ഹദീസ് പണ്ഡിതരായിരുന്ന അഹ്മദ് ഇബ്‌നു ഹമ്പല്‍, അബുല്‍ ഹസന്‍ അഹമ്മദ് ഇബ്‌നു യൂസുഫുല്‍ സുലാമി എന്നിവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായിരുന്നു. തന്റെ ഗ്രന്ഥമായ അല്‍മുസ്‌നദില്‍ ഹമ്പല്‍ സഹീഫ പൂര്‍ണമായും ഉള്‍പ്പെടുത്തുകയുണ്ടായി. അല്‍സുലാമിയാകട്ടെ, മരണം വരെ ജനങ്ങള്‍ക്കത് എത്തിച്ചു കൊടുക്കുന്നതില്‍ മുഴുകുകയായിരുന്നു.
അബ്ദുല്‍ വഹാബ് ഇബ്‌നു മിന്‍ദാഹിന്റെ ശിഷ്യന്‍മാരായിരുന്നു അല്‍തഖാഫിയും അല്‍ഇസ്ബഹാനിയും. അവര്‍ രണ്ട് പേരും തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് സഹീഫ പഠിപ്പിച്ച് കൊടുക്കാറുണ്ടായിരുന്നു. അല്‍ഇസ്ബഹാനിയുടെ വിദ്യാര്‍ത്ഥിയായിരുന്നു അല്‍ബന്‍ദാഹി. സുല്‍ത്താന്‍ സലാഹുദ്ദീന്‍ നിര്‍മ്മിച്ച ഈജിപ്തിലെ മതപാഠശാലയായിരുന്ന നസിരിയ്യ സലാഹിയ്യയില്‍ അല്‍ബന്‍ദാഹി വിദ്യാര്‍ത്ഥികള്‍ക്ക് സഹീഫ പഠിപ്പിച്ച് കൊടുക്കാറുണ്ടായിരുന്നു. കുരിശ് യുദ്ധത്തിന്റെ തീക്ഷ്ണമായ കാലമായിരുന്നു അത്. അന്നദ്ദേഹം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന കൈയെഴുത്ത് പ്രതിയായിരുന്നു പിന്നീട് വന്ന തലമുറകള്‍ നൂറ്റാണ്ടുകളോളം ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരില്‍ സലാഹുദ്ദീന്റെ മകനായിരുന്ന അല്‍മാലിക് അല്‍അഫ്ദല്‍ മുതല്‍ ഈജിപ്തിലെ മിലിട്ടറി ഗവര്‍ണര്‍ വരെയുണ്ടായിരുന്നു. ഈജിപ്തില്‍ നിന്നുള്ള ഒട്ടുമിക്ക ഇസ്‌ലാമിക പണ്ഡിതരും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായിരുന്നു.

നാം നേരത്തെ നിരീക്ഷിച്ച പോലെ തലമുറകളില്‍നിന്ന് തലമുറകളിലേക്ക് സഹീഫയുടെ സന്ദേശം കൈമാറ്റം ചെയ്യപ്പെട്ടു. ചില ഹദീസ് പണ്ഡിതരാകട്ടെ, തങ്ങളുടെ ഗ്രന്ഥങ്ങളില്‍ സഹീഫയെയും ഉള്‍പ്പെടുത്തി. ഈ ഹദീസ് പണ്ഡിതരില്‍ വളരെ പ്രമുഖനായ വ്യക്തിയായിരുന്നു അഹ്മദ് ഇബ്‌നു ഹമ്പല്‍. ഹദീസുകളെല്ലാം അവ നിവേദനം ചെയ്തവര്‍ക്ക് കീഴില്‍ വേര്‍തിരിച്ച് ക്രോഡീകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഹമ്പലിന്റെ ഹദീസ് ഗ്രന്ഥമായ മുസ്‌നദില്‍ ഹമ്മാമിന്റെ സഹീഫയും ഉള്‍പ്പെടുത്തിയ കാര്യം നാം മുമ്പ് സൂചിപ്പിക്കുകയുണ്ടായി. അതിനാല്‍ തന്നെ മുസ്‌നദിലെ മറ്റ് ഹദീസ് ശേഖരങ്ങളുമായി സഹീഫയെ താരതമ്യം ചെയ്തുകൊണ്ട് അതിന്റെ ആധികാരികതയെ അളക്കാനും അതോടൊപ്പം തന്നെ മുസ്‌നദിലെ ഹദീസ് ശേഖരങ്ങളുടെ ആധികാരികതയെക്കുറിച്ച് മനസ്സിലാക്കാനും അതുവഴി സാധിച്ചു. മഅ്മര്‍, അബ്ദുല്‍റസാഖ്, അല്‍ബുഖാരി, മുസ്‌ലിം തുടങ്ങിയ ഹദീസ് പണ്ഡിതര്‍ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഹദീസുകള്‍ ക്രോഡീകരിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഹമ്മാമിന്റെ ഹദീസുകള്‍ അവ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ചാപ്റ്ററുകളിലായാണ് അവര്‍ ക്രോഡീകരിച്ചിട്ടുള്ളത്.
അല്‍ബുഖാരിയുടെയും മുസ്‌ലിമിന്റെയും ഗ്രന്ഥങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കില്‍ ഹമ്മാമിന്റെ ഒരുപാട് ഹദീസ് ശേഖരങ്ങള്‍ അവയില്‍ വ്യാപിച്ച് കിടക്കുന്നതായി കാണാന്‍ സാധിക്കും. നൂറ്റാണ്ടുകളുടെ കാലവ്യത്യാസമുണ്ടെങ്കിലും അവയില്‍ യാതൊരു വിധത്തിലുള്ള ഏറ്റക്കുറച്ചിലുകളോ തിരുത്തലുകളോ കാണാന്‍ സാധ്യമല്ല.

ഇസ്‌നാദ് (ഹദീസ് നിവേദകരുടെ പരമ്പര)
തങ്ങളുടെ ഗ്രന്ഥങ്ങളിലെ ചില പ്രധാനപ്പെട്ട വിവരങ്ങളുടെ ഉത്ഭവങ്ങളെ ആധുനിക പണ്ഡിതര്‍ വെളിപ്പെടുത്താറുണ്ട്. എന്നാല്‍ എത്ര സൂക്ഷ്മതയോടെ ക്രോഡീകരിച്ച ഗ്രന്ഥങ്ങളാണെങ്കിലും പ്രധാനപ്പെട്ട രണ്ട് പ്രശ്‌നങ്ങള്‍ അപ്പോഴും ബാക്കിയാകും. (1) പബ്ലിഷ് ചെയ്ത ഗ്രന്ഥങ്ങളില്‍ എന്തെങ്കിലും അബദ്ധം പിണഞ്ഞിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുക അസാധ്യമാണ്. എന്നാല്‍ രചയിതാവില്‍നിന്ന് നേരിട്ട് കേട്ട് മനസ്സിലാക്കിയതിനു ശേഷമാണ് ഒരാള്‍ ഗ്രന്ഥത്തെ സമീപിക്കുന്നതെങ്കില്‍ ആ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. (2) വിവരശേഖരണത്തിനായി തങ്ങള്‍ സമീപിക്കുന്ന ഗ്രന്ഥങ്ങളില്‍ മാത്രം സംതൃപ്തിയടയുക എന്ന നിലപാടാണ് ആധുനികര്‍ പൊതുവെ സ്വീകരിക്കാറുള്ളത്. അതിനാല്‍ തന്നെ ഗുരുതരമായ അബദ്ധങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയേറെയാണ്. എന്നാല്‍ ഹദീസ് ഗ്രന്ഥങ്ങളുടെ കാര്യം ഇതില്‍നിന്നും ഏറെ വ്യത്യസ്തമാണ്.
ചരിത്രത്തിലുടനീളം ഹദീസ് പണ്ഡിതരും മുസ്‌ലിം ചരിത്രകാരന്‍മാരും തങ്ങളുടെ ഗ്രന്ഥരചനയില്‍ കാണിച്ച സൂക്ഷ്മത ശ്രദ്ധേയമാണ്. തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യങ്ങള്‍ നേരിട്ട് കാണുകയോ കേള്‍ക്കുകയോ ചെയ്തവരില്‍നിന്നു തന്നെ ഉദ്ധരിക്കാന്‍ അവര്‍ സൂക്ഷ്മത പുലര്‍ത്തിയിരുന്നു. മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഈ സവിശേഷതയെക്കുറിച്ച് കൊല്‍ക്കത്ത യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറായ മുഹമ്മദ് സുബൈര്‍ സിദ്ദീഖി എഴുതിയിട്ടുണ്ട്.
ബെര്‍ലിനിലെയും ദമസ്‌കസിലെയും പബ്ലിക് ലൈബ്രറികളില്‍ സഹീഫയുടെ കൈയെഴുത്തു പ്രതികള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ബെര്‍ലിനില്‍ നിന്നും അത് ജര്‍മനിയിലെ തന്നെ വേറൊരു നഗരത്തിലേക്ക് മാറ്റപ്പെട്ടു. ഇപ്പോഴും അതവിടെ സുരക്ഷിതമായി പരിപാലിക്കപ്പെട്ടു പോരുന്നുണ്ട്. ഞാന്‍ ബെര്‍ലിന്‍ സന്ദര്‍ശിച്ച സമയത്ത് അത് മുഴുവന്‍ എഴുതിയെടുക്കുകയുണ്ടായി. ദമസ്‌കസിലെ സഹീഫയുടെ കോപ്പി ബെര്‍ലിനിലേതിനേക്കാള്‍ മികച്ചുനില്‍ക്കുന്നതാണ്. അവിടത്തെ യൂനിവേഴ്‌സിറ്റികളില്‍ പഠനാവശ്യങ്ങള്‍ക്കായി അതുപയോഗിക്കാറുണ്ട്. ദമസ്‌കസിലെ സാഹിരിയ്യ ലൈബ്രറിയിലാണ് അത് സൂക്ഷിച്ചുവെച്ചിരിക്കുന്നത്. ബഹുമാന്യനായ സുബൈര്‍ സിദ്ദീഖിയാണ് എന്നോട് അതിനെക്കുറിച്ച് പറഞ്ഞുതന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തോട് ഞാനേറെ കടപ്പെട്ടിരിക്കുന്നു.

ഹദീസ് എഴുത്തിന്റെ നിരോധനം
ഹദീസ് എഴുതിവെക്കുന്നത് പ്രവാചകനും അനുചരന്‍മാരും നിരുല്‍സാഹപ്പെടുത്തിയിട്ടുണ്ട് എന്ന് ചില പണ്ഡിതര്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണാം. അതിലേറ്റവും പ്രധാനപ്പെട്ടത് അബൂസഈദ് അല്‍ഖുദ്‌രിയുടെ റിപ്പോര്‍ട്ടാണ്. 'പ്രവാചകന്‍ (സ) പറയുന്നു: ഖുര്‍ആനല്ലാതെ എന്നില്‍നിന്ന് കേള്‍ക്കുന്ന മറ്റൊന്നും നിങ്ങള്‍ എഴുതിവെക്കരുത്. ആരെങ്കിലും ഞാന്‍ പറഞ്ഞത് എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ അത് മായ്ച്ച് കളയട്ടെ.' സമാനമായ ഒരു ഹദീസ് അബൂഹുറയ്‌റയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ഖുദ്‌രി തന്നെ വേറൊരു സംഭവം ഉദ്ധരിക്കുന്നു. 'ഹദീസ് എഴുതിവെക്കട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പ്രവാചകനത് നിരസിക്കുകയാണുണ്ടായത്.'
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളിലൊന്നും തന്നെ അത് ഉദ്ധരിക്കപ്പെട്ട സന്ദര്‍ഭത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഹദീസിന്റെ ചരിത്രസന്ദര്‍ഭത്തെക്കുറിച്ച് മനസ്സിലാക്കാതെ അതിനെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കുന്നത് അപകടകരമാണ്.
മേല്‍പറഞ്ഞ ഹദീസുകളില്‍നിന്ന് അവയുടെ ചരിത്രസന്ദര്‍ഭത്തെ മനസ്സിലാക്കുക പ്രയാസകരമാണ്. എന്നാല്‍ അബൂഹുറയ്‌റയുടെ റിപ്പോര്‍ട്ടില്‍നിന്നും അതിന്റെ സന്ദര്‍ഭത്തെ മനസ്സിലാക്കാന്‍ കഴിയും. ഹിജ്‌റക്ക് ശേഷം ഖൈബര്‍ യുദ്ധത്തിന്റെ കാലത്താണ് അബൂഹുറയ്‌റ ഇസ്‌ലാം സ്വീകരിക്കുന്നത്. അബൂഖുദ്‌രിയും സൈദ്ബ്‌നു സാബിത്തും ഉഹ്ദ് യുദ്ധത്തിന് അനുവാദം ചോദിച്ചപ്പോള്‍ അവര്‍ക്ക് പ്രായമായിട്ടില്ല എന്ന് പറഞ്ഞ് പ്രവാചകന്‍ തിരിച്ചയച്ച ചരിത്രവും കൂട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. അബൂഹുറയ്‌റ തന്നെ വേറൊരു സംഭവവും കൂടി ഉദ്ധരിക്കുന്നുണ്ട്: 'ഞങ്ങള്‍ ഹദീസ് എഴുതിക്കൊണ്ടിരുന്ന സമയത്ത് പ്രവാചകന്‍ അദ്ദേഹത്തിന്റെ റൂമില്‍നിന്നും പുറത്തേക്ക് വന്നു. ഞങ്ങളോടദ്ദേഹം ചോദിച്ചു. 'എന്താണ് നിങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നത്?' താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ എഴുതിയെടുക്കുകയാണ്. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ദൈവികവചനമല്ലാത്ത വേറൊരു പുസ്തകം നിങ്ങള്‍ക്കെന്തിനാണ്? ദൈവികവചനങ്ങളല്ലാത്ത കാര്യങ്ങള്‍ മതത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങിയത് മുതലാണ് നിങ്ങള്‍ക്ക് മുമ്പുള്ള സമുദായങ്ങള്‍ നശിക്കാന്‍ തുടങ്ങിയത്.' അത് കേട്ടയുടന്‍ എഴുതിവെച്ചതെല്ലാം ഞങ്ങള്‍ കത്തിച്ചുകളഞ്ഞു.
എന്നാല്‍ യമനില്‍നിന്ന് വന്ന പുതുവിശ്വാസികളെ ഉദ്ദേശിച്ചാണ് പ്രവാചകനിത് പറഞ്ഞത്. പുതുതായി ഇസ്‌ലാം സ്വീകരിച്ച യമനികള്‍ പ്രവാചകവചനങ്ങളും ഖുര്‍ആനും കൂടി കൂട്ടിക്കലര്‍ത്തുമെന്ന് ഭയന്നിട്ടാണ് പ്രവാചകന്‍ അങ്ങനെ പറഞ്ഞത്. അതിനാല്‍ തന്നെ ഈ ഹദീസിന്റെ ചരിത്രസന്ദര്‍ഭത്തെ പരിഗണിക്കേണ്ടത് അനിവാര്യമാണ്. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത അബൂഹുറയ്‌റ സ്വയംതന്നെ ഒരുപാട് ഹദീസുകള്‍ എഴുതിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യവും കൂടി നാം ഓര്‍ക്കേണ്ടതുണ്ട്.
ഇബ്‌നു അബ്ബാസിന്റെ കാര്യത്തിലും ഇത് ശരിയാണ്. ഹദീസുകള്‍ രേഖപ്പെടുത്തി വെക്കാന്‍ പാടില്ല എന്ന് നബിതിരുമേനി പറഞ്ഞതായി ഇബ്‌നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്തുവെന്ന് ചില പണ്ഡിതര്‍ പറയുന്നുണ്ട്. എങ്കില്‍പിന്നെ എങ്ങനെയാണ് ധാരാളം ഹദീസുകള്‍ അദ്ദേഹത്തിന്റെതായി നമുക്ക് ലഭ്യമായത്?
എന്നാല്‍ ഹദീസ് എഴുതിവെക്കുന്നത് അനുവദിച്ചുകൊണ്ടുള്ള പ്രവാചകവചനങ്ങളും നമുക്ക് കാണാന്‍ സാധിക്കും. റാഫി ഇബ്‌നു ഖദീജ് റിപ്പോര്‍ട്ട് ചെയ്യുന്നു: 'ഞങ്ങളൊരിക്കല്‍ പ്രവാചകനോട് ചോദിച്ചു, അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ താങ്കളില്‍നിന്ന് പല കാര്യങ്ങളും കേള്‍ക്കുന്നുണ്ട്. അതെല്ലാം ഞങ്ങള്‍ എഴുതിവെക്കട്ടയോ?' അപ്പോള്‍ അവിടുന്ന് പറഞ്ഞു, 'തീര്‍ച്ചയായും, അതിലൊരു പ്രശ്‌നവുമില്ല.'
അംറ്ബ്‌നുല്‍ ആസ് പതിവായി ഹദീസുകള്‍ എഴുതിവെക്കാറുണ്ടായിരുന്നു. അദ്ദേഹം പറയുന്നത് നോക്കൂ: 'അല്ലയോ ദൈവദൂതരേ, താങ്കള്‍ പറയുന്ന കാര്യങ്ങള്‍ എനിക്ക് ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നുണ്ട്. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'എങ്കില്‍ ആദ്യം ഞാന്‍ പറയുന്ന കാര്യങ്ങള്‍ മനപ്പാഠമാക്കൂ. എന്നിട്ട് മനസ്സാന്നിധ്യത്തോട് കൂടെ എഴുതൂ.' മനപ്പാഠമാക്കലും എഴുതിവെക്കലും ഒരുമിച്ച് ചെയ്യുക എന്നതായിരുന്നു തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ സ്വഹാബികള്‍ അവലംബിച്ച രീതി.
എഴുതിവെച്ച കാര്യങ്ങള്‍ മൂലകൃതിയുമായി ഒത്തുനോക്കുന്നതും അവരുടെ ഒരു രീതിയായിരുന്നു. ഹിശാമുബ്‌നു ഉര്‍വ്വ പറയുന്നു: 'എന്റെ പിതാവ് ഒരിക്കല്‍ എന്നോട് ചോദിച്ചു, 'നീ രേഖപ്പെടുത്തിക്കഴിഞ്ഞോ? ഞാന്‍ അതെ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു, 'നീയത് മൂലകൃതിയുമായി ഒത്തുനോക്കിയോ? ഇല്ല എന്ന് ഞാന്‍ പറഞ്ഞയുടന്‍ അദ്ദേഹം പറഞ്ഞു; എങ്കില്‍ നീയൊന്നും രേഖപ്പെടുത്തിയിട്ടില്ല.'
ഇബ്‌നു അല്‍ഖയ്യിം പറയുന്നു: 'ഹദീസ് എഴുതുന്നതിനെതിരെയും അനുകൂലമായും പ്രവാചകന്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ പ്രവാചക ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ഹദീസ് എഴുതുന്നതിനെ അനുകൂലിക്കുകയാണ് പ്രവാചകന്‍ ചെയ്തിട്ടുള്ളത്. അതിനാല്‍ പ്രവാചകന്‍ ഹദീസിനെക്കുറിച്ച് മുമ്പ് പറഞ്ഞ കാര്യങ്ങളെല്ലാം അപ്രസക്തമാണ്.
ഹദീസ് എഴുതുന്നതിനെക്കുറിച്ച പ്രവാചകന്റെ വൈരുദ്ധ്യമെന്ന് തോന്നിക്കുന്ന വചനങ്ങള്‍ പ്രവാചകാനുയായികളെ ഒട്ടും ആശയക്കുഴപ്പത്തിലാക്കിയിട്ടില്ല എന്നിരിക്കെ നാമെന്തിനാണ് ആശങ്കാകുലരാകുന്നത്? ഹദീസുകളെല്ലാം അതിന്റെ ചരിത്രപശ്ചാത്തലത്തില്‍ തന്നെ വായിക്കുകയാണ് നാം ചെയ്യേണ്ടത്.

വിവ: സഅദ് സല്‍മി

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top