ഇസ്‌ലാമും ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങളും

ശൈഖ് മുഹമ്മദ് കാരകുന്ന്‌‌
img

പൗരസ്ത്യ പ്രദേശങ്ങളെയും ജനതകളെയും സംസ്‌കാരങ്ങളെയും നാഗരികതകളെയും സംബന്ധിച്ച് പഠിക്കാനായി പാശ്ചാത്യര്‍ ആവിഷ്‌കരിച്ച ജ്ഞാനശാഖയാണ് ഓറിയന്റലിസം. എങ്കിലും അവരതുവഴി ലക്ഷ്യം വെക്കുന്നത് ഇസ്‌ലാമും മുസ്്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള പഠനമാണ്. ഇസ്്‌ലാമിന്റെ മൗലിക വിശ്വാസങ്ങള്‍, അടിസ്ഥാന പ്രമാണങ്ങള്‍, മുസ്്‌ലിം ചരിത്രം, ആചാനുഷ്ഠാനങ്ങള്‍, സാമൂഹിക-സാംസ്‌കാരിക ജീവിതം, സാമ്പത്തികാവസ്ഥയും വ്യവസ്ഥയും, നാഗരികത, രാഷ്ട്രങ്ങളും ഭരണവ്യവസ്ഥകളും തുടങ്ങിയവയെല്ലാം ഓറിയന്റലിസ്റ്റുകളുടെ പഠനപരിധിയില്‍ വരുന്നു.
ഓറിയന്റലിസത്തിന്റെ വൈകാരിക വേരുകള്‍ പ്രവാചകകാലത്തോളം എത്തിനില്‍ക്കുന്നു. മദീനയില്‍ ഇസ്‌ലാം ഒരു രാഷ്ട്രീയ ഘടനയായി വളര്‍ന്നതോടെ അതിനെ തകര്‍ക്കാന്‍ ആഭ്യന്തരവും ബാഹ്യവുമായ ശക്തികള്‍ അണിനിരന്നു. അന്നാരംഭിച്ച ആസൂത്രിത ശ്രമങ്ങള്‍ ഇന്നും തുടരുന്നു.
റോമാസാമ്രാജ്യത്തിന്റെ തകര്‍ച്ച ക്രൈസ്തവതയെ അത്യധികം പ്രകോപിച്ചു. അവസരം ലഭിക്കുമ്പോഴെല്ലാം അവര്‍ ഇസ്്‌ലാമിനും മുസ്്‌ലിംകള്‍ക്കുമെതിരെ ഗൂഢശ്രമങ്ങള്‍ നടത്തി. മുസ്്‌ലിംകള്‍ക്കിടയില്‍ തങ്ങളുടെ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് അവരെ സത്യശുദ്ധമായ പാതയില്‍നിന്ന് തെറ്റിക്കാനായിരുന്നു ആദ്യശ്രമം. ഒട്ടേറെ ഇസ്രായേലീ കഥകള്‍ മുസ്‌ലിം സമൂഹത്തിലും അവരുടെ ഗ്രന്ഥങ്ങളിലും സ്ഥാനംപിടിച്ചത് അങ്ങനെയാണ്.
എന്നാല്‍ പ്രത്യക്ഷ പോരാട്ടം ആരംഭിച്ചത് 1096ലാണ്. അന്നത്തെ പോപ്പിന്റെ ആഹ്വാനമനുസരിച്ച് മുസ്്‌ലിംകള്‍ക്കെതിരെ കുരിശുയുദ്ധം ആരംഭിച്ചു. നീണ്ട രണ്ടു നൂറ്റാണ്ടുകാലം അത് തുടര്‍ന്നു. യേശുവിന്റെ ജന്മനാട് മോചിപ്പിക്കാനുള്ള മോഹവും ഫലസമൃദ്ധമായ സിറിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള സാമ്രാജ്യത്വ ത്വരയുമായിരുന്നു കുരിശുയുദ്ധത്തിന്റെ പ്രേരകം. പടയോട്ടത്തിന്റെ പ്രാരംഭഘട്ടത്തില്‍ പരാജയം മുസ്്‌ലിംകള്‍ക്കായിരുന്നു. ക്രിസ്ത്വബ്ദം 1099ല്‍ കുരിശു സേനാനികള്‍ ഫലസ്ത്വീനും ബൈത്തുല്‍ മുഖദ്ദസും പിടിച്ചടക്കി. എങ്കിലും സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക സേന 1187-ല്‍ അവ മോചിപ്പിച്ചു. 1270ല്‍ കുരിശു യുദ്ധത്തിന് പ്രത്യക്ഷത്തില്‍ അറുതിയുണ്ടായത് ക്രൈസ്തവ സേനയുടെ പൂര്‍ണ പതനത്തോടെയാണ്.
സൈനിക ഏറ്റുമുട്ടലില്‍ തോറ്റ് പിന്‍മാറേണ്ടി വന്നതോടെ കുരിശുസേന, ഇസ്്‌ലാമിക ചൈതന്യം തുടിച്ചുനില്‍ക്കുന്ന മുസ്്‌ലിംകളെ ആളും ആയുധവുമുപയോഗിച്ച് അധീനപ്പെടുത്തുക സാധ്യമല്ലെന്ന് മനസ്സിലാക്കി. അതോടെ പുതിയ തന്ത്രങ്ങളാവിഷ്‌കരിച്ച് ഇസ്‌ലാമിന്നെതിരെ ഇറങ്ങിത്തിരിച്ചു. മുസ്്‌ലിം മനസ്സുകളില്‍ ആഴത്തില്‍ വേരൂന്നിയ ആദര്‍ശവിശ്വാസത്തിനു വിഘ്‌നം വരുത്താനും അവരില്‍ പലവിധ സംശയങ്ങള്‍ വളര്‍ത്താനും മുസ്്‌ലിം സമൂഹത്തെ ശിഥിലമാക്കാനും അവരുടെ നാടുകളെ അസ്ഥിരമാക്കാനും ആസൂത്രിത ശ്രമങ്ങളാരംഭിച്ചു. ഇതാണ് ഓറിയന്റലിസത്തിന്റെ പിറവിയുടെ പശ്ചാത്തലം.

അറബി ഗ്രന്ഥങ്ങള്‍ യൂറോപ്പിലേക്ക്
സ്‌പെയിനിലെ കൊര്‍ദോവയും സെവിയ്യയുമുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ അധീനപ്പെടുത്തിയ കുരിശുസേന അവിടെ താമസമുറപ്പിച്ചു. ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്ന മുസ്്‌ലിംകള്‍ ക്രൈസ്തവ സമൂഹത്തെ വിശ്വാസപരമായി സ്വാധീനിച്ചുകൊണ്ടിരുന്നു. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കണമെങ്കില്‍ ഇസ്്‌ലാമിനെതിരെ ശക്തമായ കടന്നാക്രമണം നടത്തണമെന്നും അതിന് ഇസ്്‌ലാമിനെകുറിച്ച് പഠിക്കണമെന്നും ക്രൈസ്തവ മതനേതാക്കളും ഭരണാധികാരികളും മിഷനറിമാരും തീരുമാനിച്ചു. ഇതും ഓറിയന്റലിസത്തിന്റെ പിറവിക്ക് പശ്ചാത്തലമൊരുക്കി. അങ്ങനെ അറബി ഭാഷയിലെ കനപ്പെട്ട ഗ്രന്ഥങ്ങള്‍ യൂറോപ്യന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചു. മുസ്്‌ലിം നാടുകളില്‍ വളര്‍ന്നു വികസിച്ച ശാസ്ത്ര സാങ്കേതിക വിദ്യ സ്വായത്തമാക്കലും അവരുടെ ലക്ഷ്യമായിരുന്നു.
മിഷന്‍ സ്‌കോട്ട് എന്ന ക്രൈസ്തവ പണ്ഡിതനാണ് ആദ്യമായി അറബി ഗ്രന്ഥങ്ങള്‍ ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഖശ്താപയിലെ രാജാവ് അല്‍ഫ്രാന്‍സ് ആണ് അതിന് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. മറ്റൊരു പ്രമുഖ പരിഭാഷകനാണ് ടോളിസോയിലെ ആര്‍ച്ച് ബിഷപ്പായിരുന്ന റൈമണ്‍ റോള്‍. സ്‌പെയിനില്‍നിന്ന് സ്വന്തം നാടുകളില്‍ തിരിച്ചെത്തിയ അറബിഭാഷ അഭ്യസിച്ച ക്രൈസ്തവ പണ്ഡിതന്മാരും മിഷനറിമാരും എണ്ണമറ്റ ഗ്രന്ഥങ്ങള്‍ ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തും രണ്ടരലക്ഷത്തോളം അറബി കൈയെഴുത്തു പ്രതികള്‍ അവര്‍ തങ്ങളുടെ നാടുകളിലേക്ക് കടത്തിക്കൊണ്ടുപോയി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെയുള്ള ഒന്നര നൂറ്റാണ്ടിനുള്ളില്‍ ഇസ്്‌ലാമിനെയും മുസ്്‌ലിംകളെയും സംബന്ധിച്ച അറുപതിനായിരത്തിലേറെ ഗ്രന്ഥങ്ങള്‍ അവര്‍ സ്വയം രചിച്ച് പ്രസിദ്ധീകരിച്ചു.
ഫ്രാന്‍സിലെ കൊളോണിക്കേ മഠാധിപന്‍ ആല്‍വിന്‍ റോബ്‌യെയാണ് ഖുര്‍ആന്‍ ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താന്‍ പരിപാടികളാവിഷ്‌കരിച്ചത്. 1145 ആയപ്പോഴേക്ക് റോബര്‍ട്ട്, ഹെര്‍മന്‍ എന്നീ പുരോഹിതന്മാര്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. തുടര്‍ന്ന് അതിന്റെ കൈയെഴുത്ത് പ്രതികള്‍ വിവിധ നാടുകളിലെ ക്രൈസ്തവ സഭകള്‍ക്ക് അയച്ചു കൊടുത്തും ഖുര്‍ആനും അറബിഭാഷയും അറബികളുടെ ചരിത്രവും അഭ്യസിപ്പിക്കുന്ന ഒരു സ്ഥാപനം 1292ല്‍ വിയര്‍മാ പട്ടണത്തില്‍ സ്ഥാപിച്ചു. മൂലഭാഷയില്‍ തന്നെ അറബിഗ്രന്ഥങ്ങള്‍ അച്ചടിപ്പിക്കാനായി ഒരു പ്രസ്സും അവര്‍ സ്ഥാപിച്ചു.
പതിനെട്ടാം നൂറ്റാണ്ടോടെയാണ് ഓറിയന്റലിസ്റ്റുകളുടെ ശ്രമങ്ങള്‍ക്ക് ശക്തിയും വ്യാപ്തിയും വര്‍ധിപ്പിച്ചത്. അറബി ഭാഷ പഠിക്കാന്‍ മാത്രമായി വിവിധ യൂനിവേഴ്‌സിറ്റികളില്‍ പ്രത്യേക വകുപ്പ് സ്ഥാപിച്ചു.

മുസ്‌ലിം നാടുകളില്‍
മുസ്്‌ലിം നാടുകളില്‍ കടന്നുകയറ്റം നടത്തിക്കൊണ്ടിരുന്നതിനാല്‍ അറബിഭാഷയിലും സംസ്‌കാരത്തിലും മുസ്്‌ലിം ജീവിതത്തിലും അവഗാഹം നേടിയ അനേകമാളുകള്‍ അവര്‍ക്കാവശ്യമായിവന്നു. കീഴ്‌പ്പെടുത്തിയ നാടുകളില്‍ തങ്ങളുടെ മതം പ്രചരിപ്പിക്കലും അവരുടെ പ്രധാന ലക്ഷ്യമായിരുന്നു. അതിനായി അവര്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കി. ഈജിപ്തിലെ മഅ്ഹദുശ്ശര്‍ഖി, അല്‍മഅഹദുല്‍ ഫറന്‍സി അല്‍ജാമിഅതുല്‍ അംരീകിയ്യ, കുല്ലിയതുസ്സലാം, വിക്ടോറിയാ കോളേജ്, ലബനാനിലെ സെന്റ് ജോസഫ് സര്‍വകലാശാല, സിറിയയിലെ ലായിക് ഫ്രയര്‍ സ്‌കൂള്‍ തുടങ്ങിയവ ഇതിനുദാഹരണമാണ്. അതോടൊപ്പം മുസ്്‌ലിം നാടുകളില്‍ നിരവധി പത്രങ്ങളും മാസികകളും പ്രസിദ്ധീകരിച്ചു.
1873ല്‍ പാരിസില്‍ ഓറിയന്റലിസ്റ്റുകളുടെ ആദ്യത്തെ അന്താരാഷ്ട്ര സമ്മേളനം നടന്നതോടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീഭാവം കൈവന്നു. 1908ല്‍ അറബി പാഷയുടെ വീട്ടില്‍ ചേര്‍ന്ന കൈറോ കോണ്‍ഫറന്‍സും 1910ല്‍ നടന്ന എഡിന്‍ബറോ സമ്മേളനവും 1911ല്‍ നടന്ന ലക്‌നോ കോണ്‍ഫറന്‍സും ക്രൈസ്തവ പുരോഹിതന്മാര്‍ ഇസ്്‌ലാമിനെതിരെ പദ്ധതികളാവിഷ്‌കരിക്കാന്‍ സംഘടിപ്പിക്കപ്പെട്ടവയായിരുന്നു. ഈ രംഗത്ത് വിഖ്യാതമിഷനറിയും പ്രമുഖ ഓറിയന്റലിസ്റ്റുമായ എസ്.എം സൈ്വമര്‍(S.M Zwimer)വഹിച്ച പങ്ക് വളരെ വലുതാണ്.

എല്ലാം ഇസ്്‌ലാമിനെതിരെ
ഓറിയന്റലിസം ഇസ്്‌ലാമിനെതിരെ നടത്തുന്ന ഉപജാപങ്ങള്‍ ഒളിച്ചുവെക്കപ്പെട്ട ഒന്നല്ല. പാശ്ചാത്യ എഴുത്തുകാര്‍ തന്നെ അത് തുറന്നുകാണിച്ചിട്ടുണ്ട്. സ്വിസ് പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ റോജര്‍ ഡു പാസ്‌കിയര്‍ (Roger du Pasqier) പറയുന്നു. ''പടിഞ്ഞാറന്‍ ലോകം ഒരിക്കലും ഇസ്്‌ലാമിനെ ശരിക്കറിഞ്ഞിട്ടില്ല. ലോകവേദിയില്‍ ഇസ്്‌ലാം പ്രത്യക്ഷപ്പെടുന്നത് കണ്ടുനിന്നതുമുതല്‍ അതിനുനേരെ തങ്ങള്‍ നടത്തുന്ന യുദ്ധത്തെ ന്യായീകരിക്കാനായി ഇസ്്‌ലാമിനെ നിന്ദിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും ഒരിക്കലും നിര്‍ത്തിയിട്ടില്ല. ബീഭത്സമായ വളച്ചൊടിക്കലുകള്‍ക്ക് ഇസ്്‌ലാം ഇരയായിട്ടുണ്ട്. ഇപ്പോഴും അവയുടെ നെടുവീര്‍പ്പുകള്‍ യൂറോപ്യന്‍ മനസ്സില്‍ നിലനില്‍ക്കുന്നു. ഇന്നും പല പാശ്ചാത്യര്‍ക്കും ഇസ്്‌ലാമെന്നാല്‍ മൂന്നു കാര്യങ്ങളിലൊതുങ്ങും; മതഭ്രാന്ത്, വിധിവിശ്വാസം, ബഹുഭാര്യത്വം'' (ഉദ്ധരണം; ഇസ്്‌ലാമിക വിജ്ഞാനകോശം 7/260).
നബിതിരുമേനിയുടെ ജീവചരിത്രത്തോട് താരതമ്യേന നീതിപുലര്‍ത്തിയ ഫ്രഞ്ചുകാരനായ എമില്‍ ദെര്‍മെന്‍ങാം തന്റെ കൂട്ടുകാരായ ചില ക്രൈസ്തവ ലേഖകരെ ഉദ്ധരിച്ച് എഴുതുന്നു; ഇസ്്‌ലാമും ക്രൈസ്തവതയും തമ്മില്‍ നടന്ന ദീര്‍ഘകാലത്തെ യുദ്ധത്തെ തുടര്‍ന്ന് ശത്രുതയും തെറ്റിദ്ധാരണയും സ്വാഭാവികമായും വര്‍ധിക്കുകയും തീക്ഷ്ണമാവുകയും ചെയ്തു. പാശ്ചാത്യരായിരുന്നു ഏറ്റവും കടുത്ത ശത്രുത വെച്ചുപുലര്‍ത്തിയിരുന്നതെന്ന് സമ്മതിച്ചേ തീരൂ. ഇസ്്‌ലാമിനെക്കുറിച്ച് എന്തെങ്കിലും പഠിക്കാന്‍ അശേഷം ഉദ്യമിക്കാതെ നിന്ദാപൂര്‍വം അതിനെക്കുറിച്ചെഴുതിയ ബൈസാന്റിയന്‍ എഴുത്തുകാര്‍ നിരവധിയായിരുന്നു. ഒരു പക്ഷേ, ഇതിനൊരപവാദം ഡമസ്‌കസിലെ സെന്റ് ജോണ്‍ മാത്രമായിരുന്നു. അറബികള്‍ക്കെതിരെ കുരിശുയുദ്ധം നടത്തിയ എഴുത്തുകാരും കവികളും പരിഹാസ്യമായ അപവാദപ്രചാരണത്തിന്റെ മാര്‍ഗം തന്നെയാണ് അവലംബിച്ചത്. ഒട്ടകക്കള്ളനായും വിഷയലമ്പടനായും ആഭിചാരകനായും കൊള്ളത്തലവനായും മാത്രമല്ല; പോപ്പായി തെരഞ്ഞെടുക്കപ്പെടാതിരുന്നതിനാല്‍ പ്രതികാരമൂര്‍ത്തിയായിത്തീര്‍ന്ന ഒരു റോമന്‍ കര്‍ദിനാളായും അവര്‍ മുഹമ്മദിനെ ചിത്രീകരിച്ചു. അവിശ്വാസികള്‍ നരബലി നടത്തിയിരുന്നു. കള്ളദൈവമായും അദ്ദേഹത്തെ അവര്‍ വര്‍ണിച്ചു.
നല്ലവനായ ഗീബര്‍ ദെഗോഷാങ് പോലും 'അമിത മദ്യപാനം മൂലം മുഹമ്മദ് മരണമടഞ്ഞുവെന്നും ഒരു ചാണകക്കൂനയിലുപേക്ഷിക്കപ്പെട്ട മൃതദേഹം പന്നികള്‍ ഭക്ഷിച്ചു'വെന്നും പറയുന്നു. പന്നിമാംസവും മദ്യവും നിഷിദ്ധമാകാനുള്ള കാരണം അതാണെന്നും തുടര്‍ന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മുഹമ്മദിനെ ഒരു സ്വര്‍ണവിഗ്രഹമായും പള്ളികളെ പ്രതിമകളും വിഗ്രഹങ്ങളും നിറഞ്ഞ ഒരഖിലദേവ മണ്ഡലമായും വീരഗാഥയിലെ ഗാനങ്ങള്‍ ചിത്രീകരിച്ചു. ശുദ്ധ സ്വര്‍ണത്തില്‍നിന്ന് വാര്‍ത്തെടുത്തതും ആനപ്പുറത്തെ മാര്‍ബിള്‍ സിംഹാസനത്തില്‍ ഉപവിഷ്ഠമായതുമായ 'മാഹൂം' എന്ന വിഗ്രഹത്തെക്കുറിച്ച ഗ്രന്ഥകാരന്‍ നേരിട്ടുകണ്ടതുപോലുള്ള ഒരു വര്‍ണന 'ഷണ്‍സോണ്‍ ദാന്തിയോക്ക്' എന്ന കൃതിയിലുണ്ട്. ഷാള്‍ മെയിന്റെ അശ്വഭടന്മാര്‍ മുസ്്‌ലിം വിഗ്രഹങ്ങളെ എറിഞ്ഞുടക്കുന്നത് ചിത്രീകരിക്കുന്ന 'ഷണ്‍സോണ്‍ ദെറോളാങ്' എന്ന കൃതി തെര്‍മനന്‍, മാഹൂം, അപ്പോളോ എന്നീ ദൈവത്രയത്തെ മുസ്്‌ലിംകള്‍ ആരാധിക്കുന്നതായി പറയുന്നു. 'റൊമാന്‍ ദെ മൊഹാശ' എന്ന കൃതി ഇസ്്‌ലാം ബഹുഭര്‍തൃത്വത്തെ അനുവദിക്കുന്നതായി പ്രസ്താവിക്കുന്നു.
''വെറുപ്പും വിദ്വേഷവും രക്തത്തില്‍ ജീവിതത്തിന്റെ അനിവാര്യ സ്വഭാവങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. റുദോള്‍ഫ് ദെപദേം, നിക്കോളോ ദെക്യൂസ് വിവിസ്, മറാച്ചി, ഹാട്ടിന്‍ങ്കര്‍, ബിബിളിയാന്‍, ദര്‍, പ്രിദോ തുടങ്ങിയ ആധുനികന്മാര്‍ വരെ മുഹമ്മദിനെ ദജ്ജാലായും ഇസ്്‌ലാമിനെ പൈശാചികമായ ഒരു മതാഭാസമായും മുസ്്‌ലിംകളെ മൃഗതുല്യരായ കാട്ടാളരായും ഖുര്‍ആനെ അര്‍ഥശൂന്യമായ ജല്‍പനങ്ങളായുമാണ് അവതരിപ്പിച്ചിട്ടുള്ളത്.. ഇന്നസെന്റ് മൂന്നാമന്‍ മുഹമ്മദ് അന്ത്യക്രിസ്തുവാണെന്ന് പ്രഖ്യാപിച്ചു. വെറും ഒരു മതനിന്ദകനും നാസ്തികനുമായാണ് മധ്യനൂറ്റാണ്ടുകളില്‍ മുഹമ്മദ് കരുതപ്പെട്ടത്. പതിനാലാം നൂറ്റാണ്ടില്‍ റ്റാമാങ് ല്യൂളും പതിനെട്ടാം നൂറ്റാണ്ടില്‍ റോലാങ്ങും ഗാനിയറും പത്തൊമ്പതാം നൂറ്റാണ്ടില്‍ അബ്ബെ ദെബ്രാനിയും റെനാനും മുഹമ്മദിനെക്കുറിച്ച വൈവിധ്യപൂര്‍ണമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രസിദ്ധമായ തന്റെ ദുരന്തനാടകത്തില്‍ വോള്‍ട്ടയര്‍ ധൃതിപിടിച്ചെത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ പിന്നീട് പലയിടങ്ങളില്‍ അദ്ദേഹം തന്നെ തിരുത്തുകയുണ്ടായി. 1876ല്‍ ജീവിച്ച ഡോട്ടി മുഹമ്മദിനെ 'വൃത്തികെട്ട വഞ്ചകനായ കാട്ടറബി' എന്നു വിളിച്ചു. അതിനുമുമ്പ് 1828ല്‍ ഫ്രോസ്റ്റര്‍ ഡാനിയലിന്റെ ആട്ടിന്‍ കുട്ടിയുടെ ചെറിയ കൊമ്പായിരുന്നു മുഹമ്മദ്; പോപ്പ് വലിയകൊമ്പും' എന്നിങ്ങനെയാണ് വര്‍ത്തിച്ചത് (എമില്‍ ദെര്‍മങാം, ദലൈഫ് ഓഫ് മുഹമ്മദ്, ഉദ്ധരണം; ഹൈക്കല്‍; മുഹമ്മദ് പുറം; 39,40).
1840ല്‍ തോമസ് കാര്‍ലൈല്‍ ചെയ്ത പ്രഭാഷണത്തില്‍ പറഞ്ഞു: 'മുഹമ്മദിനെ സംബന്ധിച്ച് ഇന്ന് നമ്മുടെ ധാരണ സൂത്രശാലിയായ കപടന്‍, അസത്യത്തിന്റെ മൂര്‍ത്തി എന്നൊക്കെയാണ്. അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് വ്യാജങ്ങളുടെയും വിഡ്ഢിത്തങ്ങളുടെയും ആകത്തുകയെന്നും നാം കരുതുന്നു. ഈ മനുഷ്യനു ചുറ്റും നാം കെട്ടിപ്പൊക്കിയ നുണകള്‍ നമുക്കു തന്നെയാണ് അപമാനം വരുത്തുന്നത്.'
''മുഹമ്മദിന്റെ ചെവിയില്‍ കൊത്തിപ്പെറുക്കാന്‍ പരിശീലിപ്പിക്കപ്പെട്ട പ്രാവിനെ തനിക്ക് വെളിപാടെത്തിക്കുന്ന മാലാഖയായി അദ്ദേഹം തെറ്റിദ്ധരിപ്പിച്ചു എന്ന കഥയുണ്ടല്ലോ. ഈ കഥക്ക് തെളിവെന്തുണ്ടെന്ന് പോകോക്ക് ഗ്രോഷ്യസിനോട് ചോദിച്ചപ്പോള്‍ തെളിവൊന്നുമില്ലെന്ന് പറഞ്ഞു: (on the Heros and Hero worship. ഉദ്ധരണം പ്രബോധനം മുഹമ്മദ് നബി വിശേഷാല്‍ പതിപ്പ് 77)
ഫിലിപ്പ് കെ. ഹിറ്റി എഴുതുന്നു: ഒമ്പതാം നൂറ്റാണ്ടുകാരനായ ഒരു ഗ്രീക്ക് ചരിത്രകാരന്‍ വരച്ചുവെച്ച 'വ്യാജപ്രവാചകനും കപടനു'മെന്ന ചിത്രം പിന്നീട് പൊടിപ്പും തൊങ്ങലും വെച്ച് പലരും മുഴപ്പിച്ചു. വിഷയാസക്തിയുടെയും ദുര്‍നടപ്പിന്റെയും രക്തദാഹത്തിന്റെയും കൊള്ളശീലത്തിന്റെയുമൊക്കെ കട്ടഞ്ചായങ്ങള്‍കൊണ്ട് അവരതിനു പകിട്ടു നല്‍കി. പാതിരിമാര്‍ക്കിടയില്‍ മുഹമ്മദ് ഒരു അന്ത്യക്രിസ്തുവായി. അദ്ദേഹത്തിന്റെ മൃതശരീരം ഭൂമിക്കും സ്വര്‍ഗത്തിനുമിടയില്‍ എവിടെയോ തൂക്കിയിട്ടിരിക്കുകയാണെന്ന് അവര്‍ വിശ്വസിച്ചു. ദാന്തെയാകട്ടെ അദ്ദേഹത്തിന്റെ ശരീരത്തെ രണ്ടായി മുറിച്ചു. അഭിശപ്തരെയും മതത്തില്‍ ഛിദ്രതയുണ്ടാക്കുന്നവരെയും ഇടുന്ന ഒമ്പതാം നരകത്തിലേക്കയച്ചു.
''പാശ്ചാത്യ കാഥാകാരന്മാര്‍ 'മൗമദി'(maumet) നെ വിഗ്രഹമെന്ന അര്‍ഥത്തിലുപയോഗിച്ചു. പിന്നീടതിന് 'പാവ, ബൊമ്മ' എന്നെല്ലാമുള്ള അര്‍ഥം കിട്ടി. ഷേക്‌സ്പിയറിന്റെ 'റോമിയോ ആന്റ് ജൂലിയറ്റി'ല്‍ ഈ അര്‍ഥത്തില്‍ അത് പ്രയോഗിച്ചിട്ടുണ്ട്. മുഹമ്മദിന്റെ മറ്റൊരു ലുപ്ത രൂപമായ 'മഹീന്‍' (mahoun) മധ്യകാല ഇംഗ്ലീഷ് നാടകങ്ങളില്‍ പൂജാവിഗ്രഹമായി. ഏറ്റവും വലിയ വിഗ്രഹഭഞ്ജകന്‍, ദൈവത്തിന്റെ ഏകത്വത്തിന്റെ മുഖ്യവക്താവ്, ഒരു ആരാധനാ മൂര്‍ത്തിയായിത്തീര്‍ന്നത് വമ്പിച്ച വൈപരീത്യം തന്നെ. ആധുനിക എഴുത്തുകാരില്‍ ചിലര്‍ മുഹമ്മദെന്ന നായകനെ ഇടിച്ചു താഴ്ത്താനും മുഹമ്മദ് എന്ന ഭര്‍ത്താവിനെ മനശ്ശാസ്ത്രവിശകലനത്തിനു വിധേയനാക്കാനും മുതിര്‍ന്നിരിക്കുന്നു. പക്ഷപാതപരവും ഊഹാധിഷ്ഠിതവുമായ അഭിമതങ്ങളുടെ കൂമ്പാരത്തിനുമേല്‍ അങ്ങനെ കുറേ വ്യാജശാസ്ത്ര വിധികളും അവര്‍ കൂട്ടിയിരിക്കുന്നു. അദ്ദേഹം അനുഭവിച്ച വെളിപാടിന്റെ അനുഭൂതികള്‍ വെറും അപസ്മാര ബാധകളായിരുന്നു പോല്‍.
കാരന്‍ ആംസ്‌ട്രോങ് എഴുതുന്നു: 'പാശ്ചാത്യര്‍ക്കിടയില്‍ പ്രചരിപ്പിച്ച ചില വിചിത്ര ഐതിഹ്യങ്ങള്‍ നോക്കുക. ജനങ്ങളെ സംഭീതരാക്കിക്കൊണ്ടിരുന്ന ഒരു വെളുത്ത കാളക്കൂറ്റന്‍ ഒരു ദിവസം കൊമ്പുകള്‍ക്കിടയില്‍ വഹിച്ചാണ് ഖുര്‍ആന്‍ നബിക്ക് സമ്മാനിച്ചത്. പ്രവാചകന്‍ തന്റെ ചെവിയിലെ പൊടികള്‍ നീക്കം ചെയ്യാന്‍ ഒരു പ്രാവിനെ വളര്‍ത്തി. ദിവ്യാത്മാക്കള്‍ തന്റെ കര്‍ണപുടങ്ങളില്‍ വെളിപാടുകള്‍ മന്ത്രിക്കുന്നതായി തോന്നിപ്പിക്കാനായിരുന്നുവത്രെ ഈ പ്രാവിനെ അദ്ദേഹം ഉപയോഗപ്പെടുത്തിയത്. അപസ്മാരരോഗം മൂര്‍ഛിക്കുന്നവേളയിലായിരുന്നുവത്രെ പ്രവാചകന് ആധ്യാത്മികാനുഭൂതികള്‍ അനുഭവപ്പെട്ടിരുന്നത്. പ്രവാചകന്‍ പലപ്പോഴും പിശാചുക്കളുടെ വരുതിയിലായിരുന്നു. ജന്തുസജമായ വാസനകള്‍ പ്രോത്സാഹിപ്പിച്ചായിരുന്നു അദ്ദേഹം തന്റെ മതത്തിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചത്. ലൈംഗികവൈകൃതങ്ങള്‍ പ്രവാചകന്റെ സ്വഭാവമായിരുന്നു. ഇസ്്‌ലാം സ്വതന്ത്രമല്ലെന്നും ക്രിസ്തുമതത്തില്‍നിന്ന് വിഘടിച്ചുണ്ടായ വിശ്വാസ സംഹിതയാണെന്നും ഇതോടൊപ്പം പ്രചാരണമുണ്ടായി. ക്രിസ്തുമതം വിട്ട സര്‍ജിയസ് എന്ന സന്യാസിയാണ് ക്രൈസ്തവ പ്രമാണങ്ങള്‍ മുഹമ്മദിനെ അഭ്യസിപ്പിച്ചത്. 'മുഹമ്മദനിസം' വാളിന്റെ സഹായമില്ലാതെ അഭിവൃദ്ധി പ്രാപിക്കില്ലായിരുന്നുവെന്നും പ്രചരിപ്പിക്കപ്പെട്ടു, (Muhammed a western attempt to under stand 1992. ഉദ്ധരണം പ്രവാചകന്‍. പാപ്പിയോണ്‍. പുറം 36,37).
അദ്ദേഹം തന്നെ തുടരുന്നു: 'മുസ്്‌ലിം തത്വജ്ഞാനികളായ ഇബ്‌നുസീനയും ഇബ്‌നുറുശ്ദും ബൗദ്ധികലോകത്തെ തേജസ്വികളായി യൂറോപ്പിലുടനീളം ആദരിക്കപ്പെട്ടു. എന്നാല്‍ ഇരുവരും മുസ്‌ലിംകളാണ് എന്ന വസ്തുതയുമായി സമരസപ്പെട്ടു പോകാന്‍ പലര്‍ക്കും കഴിഞ്ഞില്ല. ഇരുവരെയും മുഹമ്മദ് നബിയെയും നരകാവകാശികളായാണ് ഡിവൈന്‍ കോമഡിയില്‍ ഡാന്റെ ചിത്രീകരിച്ചിരിക്കുന്നത്. നരകത്തില്‍ എട്ടാം കളത്തില്‍ മുഹമ്മദ് അതിതീവ്രമായ ശിക്ഷകള്‍ക്ക് ഇരയാകുന്നതായി ഡാന്റേ ഭാവനചെയ്യുന്നു. ക്രിസ്തുമതത്തില്‍നിന്ന് വിഘടിച്ചു മതമുണ്ടാക്കിയതാണ് ഈ ശിക്ഷക്കു കാരണം. ഇസ്്‌ലാം ക്രൈസ്തവ മനസ്സുകളില്‍ സൃഷ്ടിച്ച നിരാശയും ആശങ്കയും പ്രതിഫലിപ്പിക്കുന്നവയാണ് ഈ വിചിത്ര സങ്കല്‍പങ്ങള്‍' (ibid. പുറം; 38,39).
ബര്‍തര്‍ മിസി ഹെര്‍ബലോട്ട് തന്റെ 'ബിബ്‌ലിയോതിക് ഓറിയന്റേഷന്‍' എന്ന കൃതിയില്‍ മുഹമ്മദ് നബിയെ കപടനാട്യക്കാരന്‍, ദൈവനിന്ദയുടെ സ്ഥാപകന്‍, മുഹമ്മദിസം എന്ന മതമുണ്ടാക്കിയവന്‍ എന്നൊക്കെയാണ് വിശേഷിപ്പിച്ചത് (ഉദ്ധരണം; A dward w. said. Orientalism western conception of the orient. New york and London 1985, p. 66).
ഹംഫ്രി പ്രിഡിയോക്‌സ തന്റെ കൃതിക്കു കൊടുത്ത പേരുതന്നെ 'മുഹമ്മദ് കപടനാട്യത്തിന്റെ യഥാര്‍ഥ സ്വഭാവം (mohammed the True Nature of Imposture) എന്നാണ്. അതില്‍ അദ്ദേഹം എഴുതി: 'മുഹമ്മദ് ജീവിതത്തിന്റെ ആദ്യപാതിയില്‍ ദുഷ്ടജീവിതം നയിച്ചു. കൊള്ളയിലും കവര്‍ച്ചയിലും രക്തച്ചൊരിച്ചിലിലും നിര്‍വൃതി പൂണ്ടു. ആര്‍ത്തിയും ലൈംഗികാസക്തിയുമായിരുന്നു മുഹമ്മദിന്റെ പ്രധാന വികാരങ്ങള്‍. അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു കടന്നുവന്ന സ്ത്രീകളുടെ ബാഹുല്യം ഇതു തെളിയിക്കുന്നുണ്ട് (Humphry, Preceaus, The True Nature of Imposture, Fully displayed in the life of Mohamet, 7th Edn. London 1708. ഉദ്ധരണം: Adward w said orientalism, p. 45).
സൈമണ്‍ ഓക്ക്‌വി എഴുതി: 'അദ്ദേഹം അതിസൂത്രശാലിയായ വ്യക്തിയായിരുന്നു. ഉല്‍കൃഷ്ട ഗുണങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്നു പ്രത്യക്ഷത്തില്‍ തോന്നിപ്പിച്ച് ആര്‍ത്തിയും ലൈംഗികാസക്തിയും നിറഞ്ഞ ആത്മാവോടെയാണ് മുഹമ്മദ് ജീവിച്ചത് (Daniel Islam and west p. 297).
ജോര്‍ജ് സെല്‍ തന്റെ ഖുര്‍ആന്‍ പരിഭാഷയുടെ അവതാരികയിലെഴുതി: മനുഷ്യന്റെ കണ്ടുപിടുത്തമല്ലാതെ മറ്റൊന്നുമല്ല മുഹമ്മദനിസം. അതിന്റെ സംസ്ഥാപനത്തിനും പുരോഗതിക്കും അത് വാളിനോട് കടപ്പെട്ടിരിക്കുന്നു (ibid p. 300).
ഓറിയന്റലിസത്തെ സംബന്ധിച്ച് സൂക്ഷ്മവും ആധികാരികവുമായ പഠനം നടത്തിയ എഡ്വേര്‍ഡ് സഈദ് തന്റെ 'ഓറിയന്റലിസം' എന്ന വിഖ്യാത കൃതിയില്‍ എഴുതുന്നതിങ്ങനെ; 'എത്രയായാലും 1840കളുടെ തുടക്കത്തില്‍ ജീവിച്ച ഏണസ്റ്റ് റെനാന്റെ കാലം മുതല്‍ ഇന്നത്തെ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് വരെ എല്ലായിടത്തും അക്കാദമിക സ്ഥാപനങ്ങളിലും പുസ്തകങ്ങളിലും ചര്‍ച്ചാ സമ്മേളനങ്ങളിലും സര്‍വകലാശാലകളിലും ഫോറിന്‍ സര്‍വീസ് സ്ഥാപനങ്ങളിലും പാഠ്യവിഷയമായി മാറ്റമില്ലാതെ നിലനിന്നിട്ടുള്ള ഏതു ആശയ സംഹിതയും കുറേ കള്ളങ്ങളുള്ള ഒരു സമാഹാരമെന്നതിനപ്പുറം കൂടുതല്‍ വിധ്വംസകമായ ഒന്നാകാതെ വയ്യ. അതുകൊണ്ട് ഓറിയന്റലിസമെന്നത് പൗരസ്ത്യ ലോകത്തെക്കുറിച്ചുള്ള യൂറോപ്യന്‍ ഭാവനയല്ല, മറിച്ച് പടച്ചുണ്ടാക്കിയ തത്വങ്ങളുടെയും പ്രയോഗങ്ങളുടെയും ആകത്തുകയാണ്. തലമുറകളായി ഇവ കാര്യമായിത്തന്നെ വര്‍ധിച്ചുവരുന്നുണ്ട്. ആശയാചാരങ്ങള്‍ ഇങ്ങനെ കൂടുതല്‍ നിക്ഷേപിക്കപ്പെടുന്നതു കൊണ്ടാണ് പൗരസ്ത്യ ലോകത്തെ സംബന്ധിച്ച വിജ്ഞാനസംഹിത എന്ന നിലക്ക് ഓറിയന്റലിസം ഒരു അംഗീകൃത ചട്ടക്കൂടാകുന്നത്. ഈ ചട്ടക്കൂടില്‍ അരിച്ചെടുത്ത ശേഷമാണ് പൗരസ്ത്യ ലോകത്തെ പടിഞ്ഞാറന്‍ ബോധമണ്ഡലത്തിലേക്ക് കടത്തിവിടുന്നത്. ക്രമപ്രവൃദ്ധമായി നടക്കുന്ന ഈ ആശയ പ്രചാരണം തന്നെയാണ് പിന്നെയും പെരുകിപ്പെരുകി ഓറിയന്റലിസത്തില്‍നിന്ന് പുറത്ത് ചാടി പൊതുസംസ്‌കാരത്തില്‍ എത്തിപ്പെടുന്നതും. ''നമ്മള്‍ യൂറോപ്യര്‍ അവര്‍ യൂറോപ്പിതരര്‍' എന്ന മനോഭാവത്തില്‍നിന്ന് ഏറെ അകലയല്ല ഓറിയന്റലിസം'' (ഉദ്ധരണം: ഇസ്‌ലാമിക വിജ്ഞാനകോശം 7/263).

ഇസ്‌ലാം പേടി
ഇന്ന് പാശ്ചാത്യ ലോകത്ത് ശക്തമായി നിലനില്‍ക്കുന്നതും അവര്‍ ലോകമെങ്ങും വളര്‍ത്തിക്കൊണ്ടുവരുന്നതുമായ ഇസ്‌ലാം പേടിക്ക് ജന്മം നല്‍കിയത് ഓറിയന്റലിസമാണ്.
അമേരിക്കന്‍ ഓറിയന്റലിസ്റ്റ് റോബര്‍ട്ട് ബിന്‍ തന്റെ 'വിശുദ്ധവാന്‍' എന്ന കൃതിയുടെ മുഖവുരയിലെഴുതുന്നു: 'അറബികളെയും അവരുടെ രീതികളെയും പഠിക്കാന്‍ നമുക്ക് ശക്തമായ പ്രേരകമുണ്ട്. ഒരുകാലത്ത് അവര്‍ ലോകം മുഴുവന്‍ വെട്ടിപ്പിടിച്ചു. അവര്‍ രണ്ടാമതും അത് ചെയ്തുകൂടായ്കയില്ല. മുഹമ്മദ് കത്തിച്ചുവിട്ട തീ ഇപ്പോഴും കെടാതെ ഉജ്വലമായി ജ്വലിക്കുകയാണ്. ഇത് കെടാത്ത തീയാണെന്ന് കരുതാന്‍ ഒരായിരം കാരണങ്ങളെങ്കിലുമുണ്ട്(ഉദ്ധരണം. I™eƒ©ÙG ‡j™µa …gG ¿e).
ഇറ്റാലിയന്‍ രാജകുമാരന്‍ കയറ്റാനി എഴുതുന്നു: 'ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമതത്തില്‍നിന്ന് ദശലക്ഷക്കണക്കിന് അനുയായികളെ അപഹരിച്ചെടുത്ത ഇസ്‌ലാമിക വിപത്തിന്റെ രഹസ്യമറിയുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.'
ജര്‍മന്‍ ഓറിയന്റലിസ്റ്റ് പവല്‍ഷ് മിത്സ് 'ഇസ്‌ലാം നാളെയുടെ ലോകശക്തി' എന്ന ഗ്രന്ഥത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു: 'യൂറോപ്പിന്റെ ചക്രവാളത്തില്‍ അപകടമണി മുഴങ്ങുന്നു. ഈ രാക്ഷസനെ നേരിടാന്‍ യൂറോപ്പിന്റെ കൂട്ടായ്മ രൂപപ്പെടേണ്ട സന്ദര്‍ഭമാണിത്. രാക്ഷസന്‍ ഉണരുകയാണ്. അവന്റെ കണ്ണുകളില്‍നിന്ന് ഉറക്കം വിട്ടുമാറിയിരിക്കുന്നു. കേള്‍ക്കുന്നുണ്ടോ ആരെങ്കിലും? മറുപടി തരുമോ ആരെങ്കിലും?'
ആല്‍ബര്‍ ഷമേദര്‍ 'ഗ്രാനഡയിലെ ഹംറാ' എന്ന പുസ്തകത്തിലെഴുതുന്നു: 'നൂറ് വര്‍ഷം കൊണ്ട് ലോകവിജ്ഞാനം സ്വന്തമാക്കിയ, നൂറു കൊല്ലംകൊണ്ട് ലോകത്തിന്റെ പാതികീഴ്‌പ്പെടുത്തിയ ധീരനും ബുദ്ധിശാലിയുമായ ഈ അറബി ഗ്രാനഡയില്‍ അവന്റെ വിജ്ഞാനത്തിന്റെയും കലയുടെയും സ്മാരകങ്ങള്‍ നമുക്കായി ബാക്കിയാക്കിയിരിക്കുന്നു. ഈ അറബി നൂറ്റാണ്ടുകള്‍ ഗാഢമായി ഉറങ്ങി. ഇപ്പോള്‍ അവന്‍ ഉണര്‍ന്നു. ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്ന് എന്ന് ലോകത്തോട് വിളിച്ചു പറയാന്‍ തുടങ്ങിയിരിക്കുന്നു. രണ്ടാം തവണയും ലോകം കീഴ്‌പ്പെടുത്താന്‍ അറബികള്‍ ആകാശത്ത്‌നിന്ന് ഊര്‍ന്നിറങ്ങില്ലെന്ന് ആരു കണ്ടു? പ്രവചന ശക്തിയുണ്ടെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ, ലക്ഷണങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഇതൊക്കെ സംഭവിക്കാനുള്ള സാധ്യതകള്‍ വളരെ വളരെ കൂടുതലാണ്. അണുബോംബിനോ റോക്കറ്റിനോ ആ പ്രവാഹത്തെ തടയാനാവുന്നില്ല. അതിനാല്‍ ഹംറായിലെ അറബി ഗോത്രങ്ങളെ ഓടിക്കുക. അവ ഉയിര്‍ത്തെഴുന്നേല്‍ക്കും മുമ്പ്' (ഉദ്ധരണം ibid. പുറം 261).
ഓറിയന്റലിസം എങ്ങനെയാണ് ഇസ്്‌ലാം പേടി വളര്‍ത്തി പടിഞ്ഞാറിനെ ഒന്നാകെ അതിനെതിരെ അണിനിരത്തിയതെന്ന് ഇതൊക്കെയും വ്യക്തമാക്കുന്നു. ആയുധത്തെക്കാള്‍ മൂര്‍ച്ചയുള്ള പേനയെയാണ് അവരതിനുപയോഗിച്ചത്.

ക്ഷുദ്രകൃതികള്‍
ശാസ്്ത്ര പുരോഗതിയുടെയും വികസിത വിജ്ഞാനത്തിന്റെയും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും മുമ്പില്‍ തങ്ങളുടെ മുരടിച്ച മത തലങ്ങളെ താങ്ങിനിര്‍ത്താനാകാതെ പതറിയ പാതിരിമാര്‍ക്ക് ജനങ്ങളുടെ തിരിച്ചുവിടേണ്ടതും ആവശ്യമായിരുന്നു. അതിനവര്‍ കണ്ടെത്തിയ മാര്‍ഗവും ഇസ്‌ലാം വിരോധമാണ്. നൂറ്റാണ്ടുകളായി ഇസ്്‌ലാമിനോട് ഉള്ളിലൊതുക്കിവെച്ച പക ഇതിന് പ്രചോദനമായി വര്‍ത്തിക്കുകയും ചെയ്തു. അങ്ങനെ ഓറിയന്റലിസ്റ്റുകള്‍ക്ക് ഒരേസമയം ഇസ്്‌ലാമിന്റെ പ്രചാരണത്തെ പ്രതിരോധിക്കാനും അണികള്‍ തങ്ങള്‍ക്കെതിരെ തിരിയുന്നത് തടഞ്ഞുനിര്‍ത്താനും സാധിച്ചു. മുസ്്‌ലിം നാടുകളില്‍ കടന്നുകയറ്റത്തിന് ന്യായം ചമക്കാനും അവിടങ്ങളില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കാനും വഴിയൊരുക്കി. സാമ്രാജ്യത്വപരമായ താല്‍പര്യമാണ് മികച്ചുനിന്നിരുന്നത്. മുസ്്‌ലിംനാടുകളിലേക്ക് ഇരച്ചുകയറാന്‍ അവസരം പാര്‍ത്തിരുന്ന പാശ്ചാത്യര്‍ക്ക് പ്രസ്തുത പ്രദേശങ്ങളിലെ പാരമ്പര്യ രീതികളും സ്വഭാവക്രമങ്ങളും ആചാര സമ്പ്രദായങ്ങളും വിശ്വാസ വിശേഷതകളും വിശദമായി പഠിച്ചറിഞ്ഞ് അവയിലെ ദൗര്‍ബല്യങ്ങള്‍ അടുത്തറിയുകയും ശക്തികേന്ദ്രങ്ങള്‍ ശിഥിലീകരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. അതോടൊപ്പം ലോകത്തിലെ ഏറ്റവും കൊള്ളരുതാത്ത കാടന്മാരും അപരിഷ്‌കൃതരും അക്രമികളും സംസ്‌കാരശൂന്യരുമാണ് മുസ്്‌ലിംകളെന്നും അവരുടെ നാടുകളില്‍ കടന്നുചെന്ന് ആധിപത്യം നടത്തേണ്ടത് അനിവാര്യമാണെന്നും അണികളെ ബോധ്യപ്പെടുത്തലും അവരുടെ മുഖ്യലക്ഷ്യമായിരുന്നു.
ഇങ്ങനെ മുസ്്‌ലിം നാടുകള്‍ പാശ്ചാത്യ സാമ്രാജ്യശക്തികളുടെ പിടിയിലമര്‍ന്നതോടെ ഓറിയന്റലിസ്റ്റുകള്‍ മുസ്്‌ലിംകളുടെ ആദര്‍ശപരവും ആത്മീയവുമായ കരുത്ത് നശിപ്പിക്കാന്‍ ആവുന്നതൊക്കെ ചെയ്തു. മുസ്്‌ലിംകള്‍ക്കിടയില്‍ ചിന്താപരമായ ശൈഥില്യം സൃഷ്ടിക്കാനും മഹിതമായ ഇസ്്‌ലാമിക ധാര്‍മിക മൂല്യങ്ങളില്‍നിന്ന് അവരെ അകറ്റാനും പരമാവധി ശ്രമിച്ചു. അങ്ങനെ സ്വന്തം സംസ്‌കാരത്തെ സംബന്ധിച്ച് മതിപ്പില്ലാതാവുകയും മൂല്യബോധത്തിന് ക്ഷതമേല്‍ക്കുകയും ചെയ്താല്‍ മുസ്്‌ലിംകള്‍ തങ്ങളിലഭയം തേടുമെന്ന് പാശ്ചാത്യര്‍ക്കറിയാമായിരുന്നു. അതുതന്നെ സംഭവിക്കുകയും ചെയ്തു. ഗ്രന്ഥരചന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സേവനത്തിന്റെ മുഖാവരണമിട്ട മിഷനറി പ്രവര്‍ത്തനങ്ങള്‍, പത്രപ്രവര്‍ത്തനം തുടങ്ങി എല്ലാവിധ മാധ്യമങ്ങളും ഓറിയന്റലിസ്റ്റുകള്‍ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് ഉപയോഗപ്പെടുത്തി. അറബ് നാടുകളിലെ കലാശാലകളില്‍ ഇസ്്‌ലാമിക വിഷയങ്ങളെ സംബന്ധിച്ച് പ്രഭാഷണം സംഘടിപ്പിക്കുക അവരുടെ പതിവായിരുന്നു.
ആധുനിക മസ്തിഷ്‌കങ്ങളെ ആകര്‍ഷിക്കത്തക്കവിധം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പത്രമാസികകള്‍ ഓറിയന്റലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇപ്രകാരം തന്നെ പടിഞ്ഞാറന്‍ സര്‍വകലാശാലകളില്‍ ഇസ്്‌ലാമിക വിഷയങ്ങള്‍ പഠിപ്പിക്കുന്നത് മുസ്്‌ലിം വിരോധം മുഖമുദ്രയാക്കിയ ക്രൈസ്തവ മിഷനറിമാരാണ്. ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, എഡിന്‍ബര്‍ഗ്, ഗ്ലാസ്‌കോ എന്നീ യൂനിവേഴ്‌സിറ്റികളെല്ലാം ഇതിനുദാഹരണമാണ്. ഇസ്്‌ലാമിനെ പ്രത്യക്ഷമായെതിര്‍ക്കുന്ന രീതിയല്ല പല ഓറിയന്റലിസ്റ്റുകളും സ്വീകരിച്ചത്. മറിച്ച് ഇസ്്‌ലാമിന്റെ സംരക്ഷകരായി ചമഞ്ഞ് രംഗം കൈയടക്കി വിഷം കുത്തിവെക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഈ കപടതന്ത്രത്തിലവര്‍ ഒട്ടൊക്കെ വിജയിക്കുകയും ചെയ്തു.
ഇസ്്‌ലാമിന്റെ മൗലിക വിഷയങ്ങളില്‍ തെറ്റായ ധാരണകള്‍ സൃഷ്ടിക്കുക, അവയുടെ പ്രാധാന്യം കുറച്ചു കാണിക്കുക, അടിസ്ഥാന പ്രമാണമായ ഹദീസിനെപ്പറ്റി സംശയം ജനിപ്പിക്കുക, അവയുടെ നിവേദകരെ അവമതിക്കുക, സച്ചരിതരായ സ്വഹാബികളെയും പ്രാമാണികരായ പണ്ഡിതന്മാരെയും സംബന്ധിച്ച മതിപ്പ് കുറക്കുക, ഇസ്്‌ലാമിന്റെ സാംസ്‌കാരികവും നാഗരികവുമായ വശങ്ങളെ തെറ്റായി വ്യാഖ്യാനിക്കുക, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ, ഭരണരംഗങ്ങളിലെ ഇസ്്‌ലാമിക നിയമങ്ങള്‍ കാലാനുസൃതമല്ലെന്ന ധാരണ സൃഷ്ടിക്കുക, ചരിത്രവസ്തുതകള്‍ സംശയം തോന്നത്തക്കവിധം അവതരിപ്പിക്കുക, വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം, സ്ത്രീസ്വാതന്ത്ര്യം, ശിക്ഷാ സമ്പ്രദായങ്ങള്‍, പ്രവാചകന്മാരുടെ അമാനുഷ ദൃഷ്ടാന്തങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച് വിദ്യാസമ്പന്നര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുക തുടങ്ങി വിവിധ മാര്‍ഗേണ മുസ്്‌ലിംകളെ ഇസ്്‌ലാമില്‍നിന്നകറ്റാന്‍ ഓറിയന്റലിസ്റ്റുകള്‍ നിരന്തരം ശ്രമിച്ചുപോരുകയുണ്ടായി.
ഇങ്ങനെ വിശ്വാസികളെ യഥാര്‍ഥ ഇസ്്‌ലാമില്‍നിന്ന് അടര്‍ത്തിയെടുക്കാനും അമുസ്്‌ലിംകളില്‍ ഇസ്്‌ലാമിനെ സംബന്ധിച്ച് ഭീമമായ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനുമായി ഓറിയന്റലിസ്റ്റുകള്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, ജര്‍മന്‍ തുടങ്ങി എല്ലാ പ്രധാന ഭാഷകളിലും ഇത്തരം അനേകം ഗ്രന്ഥങ്ങള്‍ കാണാവുന്നതാണ്. കെന്നത്ത് ക്രാഡിന്റെ ദ കാള്‍ ഓഫ് മിനാററ്റ്, ഷാക്ടി (schact) ന്റെ 'ദ ഒറിജിന്‍ ഓഫ് മുഹമ്മദന്‍സ് ജൂറിസ്പ്രുഡന്റ്‌സ്, എച്ച്.എ.ആര്‍. ഹിബ്ബിന്റെ മൊഹമ്മദാനിസം, വിലടം മൂറിന്റെ ദ ലൈഫ് ഓഫ് മുഹമ്മദ്, ദര്‍മം ഗാമിന്റെ ലൈഫ് ഓഫ് മുഹമ്മദ് എന്നിവ ഈ രംഗത്ത് ഏറെ ശ്രദ്ധേയങ്ങളാണ്. വൈജ്ഞാനിക ലോകത്ത് അംഗീകാരം നേടിയ ദ എന്‍സൈക്ലോപീഡിയ ഓഫ് ഇസ്്‌ലാമും എന്‍സൈക്ലോപീഡിയ ഓഫ് റിലീജ്യന്‍ ആന്റ് എത്തിക്‌സും എന്‍സൈക്ലോപീഡിയ ഓഫ് സോഷ്യല്‍സയന്‍സും ഇസ്്‌ലാമിന്നെതിരെ വിഷം ചീറ്റുന്നവയാണ്.
ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളൊന്നും പ്രവാചക വചനങ്ങളല്ലെന്നും ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലുണ്ടാക്കിയവയാണെന്നും പ്രമുഖ ഓറിയന്റലിസ്റ്റ് ഗോള്‍ഡ് സിഹര്‍ വാദിക്കുന്നു. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലെ മുസ്്‌ലിംകള്‍ക്ക് ശരീഅത്ത് നിയമങ്ങള്‍ തന്നെ അറിയില്ലായിരുന്നുവെന്നും ഈ അജ്ഞത വലിയ ഇമാമുകള്‍ക്കു വരെ ഉണ്ടായിരുന്നുവെന്നും അയാള്‍ ആരോപിക്കുന്നു. ഇമാം അബൂഹനീഫക്ക് ബദ്‌റ് യുദ്ധമാണോ ഉഹ്്ദ് യുദ്ധമാണോ ആദ്യം നടന്നതെന്ന് അറിയില്ലായിരുന്നുവെന്നും ഗോള്‍ഡ് സിഹര്‍ തട്ടിവിടുന്നു. അതിനു തെളിവായി ഉദ്ധരിച്ചതോ നാട്ടില്‍ പറഞ്ഞുകേട്ട കഥകളും പഴമൊഴികളും പകര്‍ത്തിവെച്ച 'അല്‍ഹയവാന്‍' എന്ന കൃതിയില്‍ ദമീരീ എന്നൊരാള്‍ എഴുതിയതും. യഥാര്‍ഥത്തില്‍ യുദ്ധനിയമങ്ങളെ സംബന്ധിച്ച് ആധികാരികമായി എഴുതിയ പണ്ഡിതനാണ് ഇമാം അബൂഹനീഫ.
ഗോള്‍ഡ് സിഹര്‍ ഇമാം മുഹമ്മദ്ബ്‌നു മുസ്്‌ലിമുബ്‌നു സ്സുഹ്്‌രി ഉമവീ കുടുംബത്തിനുവേണ്ടി ഹദീസുകള്‍ കെട്ടിയുണ്ടാക്കിയ വ്യക്തിയാണെന്ന് എഴുതിയിരിക്കുന്നു. 'യാത്രക്ക് ഒരുങ്ങിപ്പുറപ്പെടേണ്ടത് മൂന്നു പള്ളികളിലേക്കു മാത്രമെന്ന സര്‍വാംഗീകൃതമായ ഹദീസ് ഉമവീ ഭരണാധികാരി അബ്ദുല്‍ മലികിനു വേണ്ടി നിര്‍മിച്ചതാണെന്നാണ് അയാളുടെ ആരോപണം. തെളിവ് ഇത് റിപ്പോര്‍ട്ടു ചെയ്ത സുഹ്്‌രി സര്‍വര്‍ക്കും സ്വീകാര്യനും സുസമ്മതനുമായ ഹദീസ് നിവേദകനാണ്.
ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും ഇസ്്‌ലാമിക ചരിത്രത്തിലും മാത്രമല്ല; ഭാഷാ ഡിക്ഷ്ണറികളില്‍ പോലും വ്യാജ കഥകള്‍ കുത്തിനിറക്കാന്‍ ഓറിയന്റലിസ്റ്റുകള്‍ ബോധപൂര്‍വം നിരന്തരം ശ്രമിക്കുകയുണ്ടായി.
ഇസ്്‌ലാം ഇന്ന്, സൂഫീ ചരിത്രത്തിന് ഒരാമുഖം, സ്വൂഫിസം, ഖുര്‍ആന്‍ പരിഭാഷ എന്നിവയുടെ കര്‍ത്താവും ഇസ്ലാമിക് എന്‍സൈക്ലോപീഡിയയുടെ എഡിറ്റര്‍മാരില്‍ ഒരാളുമായ എ.ജെ.ആല്‍ബറി ഇസ്്‌ലാമിനോടും മുസ്്‌ലിംകളോടും ശത്രുത പുലര്‍ത്തിയ അധ്യാപകനാണ്. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന അദ്ദേഹം നിരവധി ഈജിപ്ഷ്യന്‍ വിദ്യാര്‍ഥികളുടെ അധ്യാപകന്‍ കൂടിയാണ്.
ജോണ്‍ മൈനാര്‍ഡ്, ഫിലിപ്പ് കെ. ഹിറ്റി, എ.ജെ വെല്‍ഡിംഗ്, ആര്‍.എ നിക്കള്‍സണ്‍, സി.എസ് മാര്‍ഗോലിയോത്ത്, ഡി.ബി മക്‌ഡൊണാള്‍ഡ്, ജി. വോണ്‍ഗ്രുണ്‍ബാം, ബാരണ്‍ കാരാസിവോ, എ.ജെ ആര്‍ബറി തുടങ്ങിയവരുടെ ഗ്രന്ഥങ്ങളെല്ലാം ഇസ്‌ലാമിനെ അവമതിക്കാനും തെറ്റിദ്ധരിപ്പിക്കാനുമായി രചിക്കപ്പെട്ടവയാണ്.
പ്രീച്ചിംഗ് ഓഫ് ഇസ്‌ലാമിന്റെ കര്‍ത്താവ് ടി.ഡബ്ല്യു ആര്‍നോള്‍ഡ്, ഫ്രഞ്ചു കലാകാരനായ ഡിനെ, ഭൗതികശാസ്ത്രജ്ഞനായ ഗുസ്താവ് ലെ ബോണ്‍ തുടങ്ങി ഇസ്്‌ലാമിനെ ശരിയായി പഠിച്ച് സത്യസന്ധമായി ഗ്രന്ഥരചന നടത്തിയ ചുരുക്കം ചില നിഷ്പക്ഷമതികളും ഓറിയന്റലിസ്റ്റുകളിലുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.
ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ്, കര്‍മശാസ്ത്രം, ചരിത്രം, നാഗരികത തുടങ്ങി ഇസ്്‌ലാമുമായി ബന്ധപ്പെട്ട എല്ലാവിഷയങ്ങളിലും ഓറിയന്റലിസ്റ്റുകള്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയുടെ വരികളിലൂടെയും വരികള്‍ക്കിടയിലൂടെയും ഇസ്‌ലാമിനെ വ്യക്തമായും വ്യംഗ്യമായും താറടിക്കാന്‍ അവര്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തി. തെറ്റും ശരിയും തിരിച്ചറിയാന്‍ പ്രയാസപ്പെടുമാറ് വസ്തുതകളും വ്യാജങ്ങളും ഇഴചേര്‍ത്ത് ഇസ്്‌ലാമിനെ വികൃതമാക്കി അവതരിപ്പിക്കുന്നതില്‍ ഓറിയന്റലിസ്റ്റുകള്‍ ഒരു പരിധിയോളം വിജയിക്കുക തന്നെ ചെയ്തു. ഇതിന്റെ ദുഷ്ഫലങ്ങള്‍ സമൂഹമിന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു. കുരിശുയുദ്ധ മനസ്ഥിതിയും മിഷനറി വികാരവും ഓറിയന്റലിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നതിനാല്‍ അത് തികച്ചും പക്ഷപാതപരവും വിഷലിപ്തവുമായി മാറി. ഏത് ക്രൂരമായ ആക്രമണങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും മടിയില്ലാത്തപോലെത്തന്നെ എന്ത് വ്യാജമായ ആരോപണങ്ങളുന്നയിക്കാനും കള്ളക്കഥകള്‍ കെട്ടിച്ചമക്കാനും ഓറിയന്റലിസ്റ്റുകള്‍ക്ക് ഒട്ടും മനസാക്ഷിക്കുത്തില്ല. ഓറിയന്റലിസ്റ്റുകളുടെ കുതന്ത്രങ്ങള്‍ പരിശോധിക്കവെ ഡോ. മുസ്ത്വഫസ്സിബാഇക്കുണ്ടായ അനുഭവം അദ്ദേഹം ഇങ്ങനെ അടയാളപ്പെടുത്തുന്നു: 'ഞാന്‍ ആദ്യമായി ബന്ധപ്പെട്ടത് ലണ്ടന്‍ സര്‍വകലാശാലയില്‍ പൗരസ്ത്യ പഠനസ്ഥാപനത്തിലെ വ്യക്തിനിയമവിഭാഗത്തിന്റെ തലവന്‍ പ്രൊഫ. ആന്‍ഡേഴ്‌സനുമായാണ്. അദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് ദൈവശാസ്ത്ര(theology)പഠനത്തില്‍ ബിരുദം നേടിയ വ്യക്തിയാണ്. രണ്ടാം ലോകയുദ്ധകാലത്ത് അദ്ദേഹം ഈജിപ്തിലെ ബ്രിട്ടീഷ് സേനയില്‍ അംഗമായിരുന്നുവെന്ന് എന്നെ അറിയിക്കുകയുണ്ടായി. കൈറോയിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ അല്‍ അസ്ഹറിലെ പണ്ഡിതന്മാര്‍ ആഴ്ചതോറും സംഘടിപ്പിച്ചിരുന്ന അറബിഭാഷാ പഠനക്ലാസുകളില്‍നിന്ന് ഒരു വര്‍ഷംകൊണ്ടാണ് അദ്ദേഹം അറബി പഠിച്ചത്. സൈനിക ജോലികള്‍ക്കിടയില്‍ സാധാരണക്കാരുമായുള്ള സമ്പര്‍ക്കത്തിലൂടെ സംസാരഭാഷയും അഭ്യസിച്ചു. അഹ്്മദ് അമീന്‍, ഡോ. ത്വാഹാ ഹുസൈന്‍, ശൈഖ് അഹ്്മദ് ഇബ്‌റാഹിം എന്നിവരുടെ ക്ലാസുകളിലൂടെ ഇസ്്‌ലാമിക പഠനത്തില്‍ പ്രത്യേക ബിരുദവും നേടി. യുദ്ധാനന്തരം സൈനിക സേവനമുപേക്ഷിച്ച് ലണ്ടന്‍ യൂനിവേഴ്‌സിറ്റിയിലെ വ്യക്തിനിയമ പഠന വിഭാഗത്തിന്റെ തലവനായി.
''ഇസ്്‌ലാമിനെതിരെ അദ്ദേഹത്തിനുള്ള പക്ഷപാതിത്വത്തിന് ഞാനിവിടെ ഏറെ ഉദാഹരണങ്ങള്‍ എടുത്തുകാണിക്കുന്നില്ല. ഡോ. ഹമൂദ് ഗറാബ എന്നോട് അതേക്കുറിച്ച് വളരെയേറെ സംസാരിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം ലണ്ടനിലെ ഇസ്്‌ലാമിക സാംസ്‌കാരിക കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു. പ്രഫ. ആന്റേഴ്‌സണ്‍ എന്നോട് നേരില്‍ പറഞ്ഞ ഒരു കാര്യം ഞാനിവിടെ ഉദ്ധരിക്കാം: അല്‍അസ്ഹറില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തുവന്ന ഒരു വിദ്യാര്‍ഥിക്ക് ലണ്ടന്‍ സര്‍വകലാശാലയില്‍ ഇസ്്‌ലാമിക നിയമത്തില്‍ ഡോക്ടറേറ്റ് ലഭിക്കാനായി അദ്ദേഹം സമര്‍പ്പിച്ച പ്രബന്ധം 'സ്ത്രീക്ക് ഇസ്്‌ലാമിലുള്ള അവകാശങ്ങളെ' സംബന്ധിച്ചായിരുന്നു. ഇസ്്‌ലാം സ്ത്രീക്ക് സമ്പൂര്‍ണമായ അവകാശം അംഗീകരിച്ചുകൊടുത്തിട്ടുണ്ടെന്ന് പ്രമാണങ്ങളുടെ പിന്‍ബലത്തോടെ സമര്‍ഥിക്കുന്ന തിസീസായിരുന്നിട്ടും വിഷയം അതായതിനാല്‍ അദ്ദേഹം പ്രസ്തുത വിദ്യാര്‍ഥിയെ തോല്‍പിക്കുകയാണുണ്ടായത്. ഇതെന്നെ ആശ്ചര്യപ്പെടുത്തി. ഞാന്‍ ചോദിച്ചു: ''ഇക്കാരണം കൊണ്ട് താങ്കള്‍ അയാളെ തോല്‍പിക്കുകയോ? നിങ്ങളുടെ സര്‍വകലാശാലകളില്‍ ചിന്താ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരല്ലേ നിങ്ങള്‍?''
''കാരണമുണ്ട്; ഇസ്്‌ലാം സ്ത്രീക്ക് ഇന്ന പദവി നല്‍കിയിരിക്കുന്നു, ഇന്ന അവകാശം സ്ഥാപിച്ചിരിക്കുന്നു എന്നിങ്ങനെ ഇസ്്‌ലാമിന്റെ പേരില്‍ ആധികാരികമായി പറയാന്‍ അര്‍ഹനാണോ അയാള്‍? അവ്വിധം സംസാരിക്കാന്‍ അയാള്‍ അബൂഹനീഫയോ ശാഫിഈയോ മറ്റോ ആണോ? അയാള്‍ ഇസ്്‌ലാമിന്റെ പേരില്‍ സംസാരിക്കുകയോ? സ്ത്രീക്ക് ഇസ്്‌ലാമിലുള്ള അവകാശങ്ങളെ സംബന്ധിച്ച് അയാള്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ പൂര്‍വികരായ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറയാത്തവയാണ്. അബൂഹനീഫയെക്കാളും ശാഫിഈയെക്കാളും മനസ്സിലാക്കിയ ആളാണ് താനെന്നു കരുതി അയാള്‍ വഞ്ചിതനായിരിക്കുകയാണ്.''
''ഇന്നു ജീവിച്ചിരിക്കുന്ന ഒരു ഓറിയന്റലിസ്റ്റിന്റെ വാക്കുകളാണിത്. അദ്ദേഹം ഇപ്പോള്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ ജോലിയിലാണോ അതോ പെന്‍ഷന്‍പറ്റി പിരിഞ്ഞോ എന്ന് എനിക്കറിയില്ല.''
''സ്‌കോട്ട്‌ലന്റിലെ എഡിന്‍ബര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍ ഇസ്്‌ലാമിക പഠനങ്ങളുടെ നേതൃത്വം വഹിച്ചിരുന്നത് നാഗരികവേഷധാരിയായ ഒരു പാതിരിയായിരുന്നു. അദ്ദേഹം തന്റെ മതപരമായ സ്ഥാനപ്പേര് വീടിന്റെ വാതിലില്‍ പതിച്ചിരുന്നു.
''സ്‌കോട്ട്‌ലെന്റിലെ തന്നെ ഗ്ലാസ്‌കോ യൂനിവേഴ്‌സിറ്റിയില്‍ അറബി പഠനത്തിന് നേതൃത്വം വഹിച്ചിരുന്നതും ഒരു പാതിരിയായിരുന്നു. ഇരുപത് വര്‍ഷത്തോളം ഖുദ്‌സില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന വ്യക്തിയാണ് അദ്ദേഹം. അതിനാല്‍ സ്വദേശികളെപ്പോലെ അറബി സംസാരിക്കാന്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ സന്ദര്‍ശനവേളയില്‍ അദ്ദേഹം തന്നെയാണ് എന്നോടിത് പറഞ്ഞത്. ലബ്്‌നാനിലെ ഒരു മുസ്്‌ലിം-ക്രൈസ്തവ സമ്മേളനത്തില്‍വെച്ച് 1954-ല്‍ ഞാനദ്ദേഹത്തെ നേരത്തെ കണ്ടിരുന്നു.
''ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ അറബി-ഇസ്്‌ലാമിക പഠനങ്ങളുടെ തലവന്‍ ഒരു ജൂതനായിരുന്നു. വളരെ സാവധാനത്തിലും പ്രയാസത്തോടെയുമാണ് അദ്ദേഹം അറബി സംസാരിച്ചിരുന്നത്. രണ്ടാം ലോക യുദ്ധകാലത്ത് അദ്ദേഹം ലിബിയയില്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. അവിടെനിന്നാണ് അറബി പഠിച്ചത്. പിന്നീട് ഇംഗ്ലണ്ടില്‍ പോയി ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴസ്റ്റിയിലെ അറബി-ഇസ്്‌ലാമികപഠന വിഭാഗത്തിന്റെ അധ്യക്ഷസ്ഥാനമേറ്റെടുത്തു. പൗരസ്ത്യ വിജ്ഞാന വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള പാഠങ്ങളില്‍ ഇമാം സമഖ്ശരിയുടെ 'തഫ്‌സീറുല്‍ കശ്ശാഫി'ല്‍നിന്ന് ചില ഖുര്‍ആന്‍ വാക്യങ്ങളുടെ വ്യാഖ്യാനം അദ്ദേഹം ഉപയോഗപ്പെടുത്തിയതു കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന് സാധാരണ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള അനായാസകരമായ വാചകംപോലും മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നിട്ടും ബുഖാരിയിലെയും മുസ്്‌ലിമിലെയും ഹദീസുകളും ഹനഫി-ഹമ്പലി മദ്ഹബുകളിലെ ആധികാരിക ഗ്രന്ഥങ്ങളിലെ കര്‍മശാസ്ത്രാധ്യായങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അതിനാല്‍ അവയെല്ലാം എവിടെനിന്നാണ് ഉദ്ധരിച്ചതെന്ന് ഞാന്‍ അന്വേഷിച്ചു. ഗോള്‍ഡ് സിഹര്‍(Gold Ziher), മാര്‍ഗോലിയോത്ത്, ശാഖെത്ത് മുതലായ ഓറിയന്റലിസ്റ്റുകളുടെ കൃതികളില്‍നിന്നാണെന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ഇസ്്‌ലാമിനും മുസ്്‌ലിംകള്‍ക്കുമെതിരെ എന്തുമാത്രം വിഷലിപ്തമായ കാര്യങ്ങളായിരിക്കും അതിലുള്‍പ്പെട്ടിരിക്കുകയെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാമല്ലോ.
''ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ പ്രൊഫസര്‍ റോബ്‌സണുമായി സന്ധിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹം 'സുനനു അബീദാവൂദ്' ഒരു കൈയെഴുത്ത് പ്രതിയുമായി ഒത്തുനോക്കുകയായിരുന്നു.
ഹദീസ് ചരിത്രത്തില്‍ അദ്ദേഹത്തിന് രണ്ട് കൃതികളുണ്ട്. കല്‍പിത കഥകള്‍ മെനഞ്ഞുണ്ടാക്കിയ ഓറിയന്റലിസ്റ്റുകളുടെ മിക്ക അഭിപ്രായങ്ങളോടും അദ്ദേഹത്തിന് യോജിപ്പാണുള്ളത്. നേരത്തെ നടന്ന ഓറിയന്റല്‍ സ്റ്റഡീസില്‍ യാഥാര്‍ഥ്യ വിരുദ്ധങ്ങളും അബദ്ധങ്ങളും ധാരാളമുണ്ടെന്നും ഗോള്‍ഡ് സിഹറിന്റെ അഭിപ്രായങ്ങളില്‍ വസ്തുതാപരവും ചരിത്രപരവുമായ ഒട്ടേറെ തെറ്റുകള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ആവുന്നത്ര ശ്രമിച്ചു. അതിന് മറുപടി നല്‍കവെ അദ്ദേഹം പറഞ്ഞു: 'ഗോള്‍ഡ് സിഹറിന്റെ കാലത്ത് പ്രസിദ്ധീകരിച്ചിരുന്നിട്ടില്ലാത്ത നിരവധി ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ പ്രചാരത്തിലുള്ളതിനാല്‍ ഇസ്്‌ലാമിക വിജ്ഞാനങ്ങളുടെ സ്രോതസ്സുകള്‍ കണ്ടുപിടിക്കാന്‍ ഇന്നത്തെ ഓറിയന്റലിസ്റ്റുകള്‍ക്ക് ഗോള്‍ഡ് സിഹറിനേക്കാള്‍ സൗകര്യമുണ്ടെന്നതില്‍ സംശയമില്ല.' ഇതുകേട്ട് ഞാന്‍ പറഞ്ഞു: 'അപ്പോള്‍ ഇക്കാലത്തെ നിങ്ങളുടെ രചനകള്‍ ഗോള്‍ഡ് സിഹര്‍, മാര്‍ഗോലിയോത്ത് പോലുള്ളവരുടേതിനേക്കാള്‍ സത്യത്തോടും നീതിയോടും ചേര്‍ന്നുനില്‍ക്കുമെന്ന് പ്രതീക്ഷിക്കാം.''
''ഞാന്‍ അങ്ങനെ പ്രതീക്ഷിക്കുന്നു'' അദ്ദേഹം പറഞ്ഞു.
''ഹോളണ്ടില്‍ ലൈഡന്‍(Leyden) സര്‍വകലാശാലയില്‍ ജര്‍മന്‍ ജൂത ഓറിയന്റലിസ്റ്റായ ശാഖെത്തുമായി സന്ധിക്കാന്‍ എനിക്കവസരം ലഭിക്കുകയുണ്ടായി. ഇസ്്‌ലാമിനെതിരില്‍ കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയും വിഷം വമിക്കുകയും അതിന്റെ വസ്തുതകള്‍ വളച്ചൊടിക്കുകയും ചെയ്യുന്നതില്‍ ഗോള്‍ഡ് സിഹറിന്റെ ദൗത്യം ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് ഇദ്ദേഹമാണ്. ഗോള്‍ഡ് സിഹറിന് പറ്റിയ അബദ്ധങ്ങളെയും നമ്മുടെ ഗ്രന്ഥങ്ങളില്‍നിന്നുള്ള ഉദ്ധരണികളില്‍ അദ്ദേഹം കാണിച്ച കൃത്രിമങ്ങളെയും സംബന്ധിച്ച് ഞാന്‍ ദീര്‍ഘനേരം സംസാരിച്ചു. ആദ്യം ശാഖെത്ത് അത് നിഷേധിച്ചു. പിന്നീട് പ്രവാചകചര്യയുടെ ചരിത്രത്തില്‍ ഗോള്‍ഡ് സിഹര്‍ വരുത്തിയ തെറ്റ് ഞാന്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം അദ്ഭുതസ്തബ്ധനായി. അദ്ദേഹം ഗോള്‍ഡ് സിഹറിന്റെ പുസ്തകം എടുത്തുനോക്കി. ഞങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യേക ഗ്രന്ഥാലയത്തിലിരിക്കുകയായിരുന്നു. അദ്ദേഹം തെറ്റ് സമ്മതിച്ചുകൊണ്ട് പറഞ്ഞു: ''നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഗോള്‍ഡ് സിഹറിന് അബദ്ധം പിണഞ്ഞതാണ്.''
''കേവലം അബദ്ധമോ?'' ഞാന്‍ ചോദിച്ചു: ''നിങ്ങളെന്തിനാണ് അദ്ദേഹത്തെ തെറ്റിദ്ധരിക്കുന്നത്?'' ചൊടിയില്‍ അദ്ദേഹം ചോദിച്ചു. അപ്പോള്‍ അബ്ദുല്‍ മലികുബ്‌നു മര്‍വാന്റെ അടുക്കല്‍ ഇമാം സുഹ്‌രിയുടെ നിലപാടിനെപ്പറ്റി ഗോള്‍ഡ് സിഹര്‍ വിവരിച്ച ഭാഗം വാസ്തവവിരുദ്ധമാണെന്ന് ചരിത്രയാഥാര്‍ഥ്യങ്ങളുദ്ധരിച്ചുകൊണ്ട് ഞാന്‍ തെളിയിച്ചു. ്അതോടെ 'ഇതും ഗോള്‍ഡ് സിഹറിന് പിണഞ്ഞ അബദ്ധമാണെ'ന്ന് അദ്ദേഹം സമ്മതിച്ചു. തുടര്‍ന്ന് ചോദിച്ചു: ''പണ്ഡിതന്മാര്‍ക്ക് തെറ്റ് പറ്റുകയില്ലേ?''
ഞാന്‍ പറഞ്ഞു: ''പൗരസ്ത്യ പഠനങ്ങളുടെ പാഠശാല സ്ഥാപിച്ചതു തന്നെ ഗോള്‍ഡ് സിഹറാണല്ലോ. ചരിത്രവസ്തുതകളുടെ വെളിച്ചത്തിലാണല്ലോ അദ്ദേഹം ഇസ്്‌ലാമിക നിയമനിര്‍മാണത്തിലെ വിധികള്‍ സ്ഥാപിച്ചിട്ടുള്ളത്. പിന്നെ എങ്ങനെയാണ് ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് കടകവിരുദ്ധമായി സുഹ്‌രിയെക്കുറിച്ച് സംസാരിക്കാനും ഇബ്‌നുസുബൈറിനെതിരെ അബ്ദുല്‍മലികിനെ തൃപ്തിപ്പെടുത്താനായി മക്കയിലെയും മദീനയിലെയും പള്ളികളുടെ ശ്രേഷ്ഠത വിവരിക്കുന്ന ഹദീസില്‍ ബൈത്തുല്‍ മുഖദ്ദസിലെ പള്ളിയുടെ പേരു കൂടി സുഹ്‌രി ചേര്‍ത്തതാണെന്ന് വിധി പ്രഖ്യാപിക്കാനും അദ്ദേഹത്തിന് സാധിച്ചത്? വാസ്തവത്തില്‍ ഇബ്‌നു സുബൈര്‍ വധിക്കപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണല്ലോ സുഹ്‌രി അബ്ദുല്‍ മലികുമായി കണ്ടുമുട്ടിയത്.'' ഇതു കേട്ടതോടെ ശാഖെത്തിന്റെ മുഖം വിവര്‍ണമായി. ഇരു കൈകളും കൂട്ടിത്തിരുമ്മാന്‍ തുടങ്ങി. അദ്ദേഹത്തില്‍ കോപവും പരിഭ്രമവും പ്രകടമായി. അപ്പോള്‍ ഞാനിങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു: ''നിങ്ങള്‍ തന്നെ വിശേഷിപ്പിച്ച വിധം ഇതുപോലുള്ള പല അബദ്ധങ്ങളും പോയ നൂറ്റാണ്ടുകളില്‍ പ്രചരിപ്പിക്കപ്പെടുകയും ചരിത്ര യാഥാര്‍ഥ്യങ്ങളെന്ന പേരില്‍ ഓറിയന്റലിസ്റ്റുകളായ നിങ്ങള്‍ അതെല്ലാം പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തത് നിങ്ങളിപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. അവയുടെ കര്‍ത്താക്കളുടെ കാലശേഷമല്ലാതെ മുസ്്‌ലിംകളായ ഞങ്ങള്‍ക്കത് വായിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ നിങ്ങളുടെ ജീവിതകാലത്തെങ്കിലും അബദ്ധങ്ങള്‍ ചരിത്ര വസ്തുതകളായി അവതരിപ്പിക്കാന്‍ ഇടവരാതിരിക്കാനായി അവയെക്കുറിച്ച ഞങ്ങളുടെ കുറിപ്പുകളും തിരുത്തുകളും നിങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.''
''ഈ ഓറിയന്റലിസ്റ്റ് നേരത്തെ കൈറോ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്നുവെന്നതും തന്റെ ഗുരു ഗോള്‍ഡ് സിഹറിനെപ്പോലെത്തന്നെ ഇസ്്‌ലാമിനെതിരെ വിഷംവമിക്കുന്നതും വളച്ചൊടിച്ചതുമായ കൃതികള്‍ രചിച്ച വ്യക്തിയാണെന്നതും പ്രത്യേകം പ്രസ്താവ്യമത്രെ.
''സ്വീഡനിലെ ഉപ്‌സലാ(Uppasla) യൂനിവേഴ്‌സിറ്റിയിലെ 'നേബ്രിജ്' എന്ന ഓറിയന്റലിസ്റ്റ് നേതാവുമായും എനിക്ക് ബന്ധപ്പെടാന്‍ അവസരം ലഭിച്ചു... ഇവയല്ലാത്ത പല സര്‍വകലാശാലകളും സന്ദര്‍ശിക്കാന്‍ എനിക്ക് സൗകര്യം കിട്ടിയിട്ടുണ്ട്. ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നോര്‍വെ, ഫിന്‍ലാന്റ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്റ്, പാരീസ് എന്നിവിടങ്ങളില്‍ പോവുകയും അവിടങ്ങളിലെ ഓറിയന്റലിസ്റ്റുകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഈ സന്ദര്‍ശനങ്ങളില്‍നിന്നും അവരുമായി നടന്ന സംഭാഷണങ്ങളെ സംബന്ധിച്ച എന്റെ ഓര്‍മക്കുറിപ്പുകളില്‍നിന്നും എനിക്ക് വ്യക്തമാകുന്ന കാര്യങ്ങളിവയാണ്:
1. അധിക ഓറിയന്റലിസ്റ്റുകളും പാതിരിയോ അല്ലെങ്കില്‍ സാമ്രാജ്യവാദിയോ അതുമല്ലെങ്കില്‍ ജൂതനോ ആയിരിക്കും. വളരെ കുറച്ചുപേര്‍ മാത്രമേ അപവാദമായുള്ളൂ.
2. സ്‌കാന്റിനേവിയ(Scandinave) പോലെ സാമ്രാജ്യശക്തികളില്ലാത്ത പാശ്ചാത്യന്‍ രാജ്യങ്ങളിലെ ഓറിയന്റലിസം സാമ്രാജ്യശക്തികളിലേതിനെ അപേക്ഷിച്ച് കാഠിന്യം കുറഞ്ഞതാണ്.
3. സാമ്രാജ്യശക്തികളില്ലാത്ത നാടുകളിലെ സമകാലീന ഓറിയന്റലിസ്റ്റുകള്‍ ഗോള്‍ഡ് സിഹറിന്റേതുപോലുള്ള ഹീനമായ പക്ഷപാതിത്വം ഉപേക്ഷിക്കാന്‍ തയാറാവും.
4. ഓറിയന്റലിസത്തിന്റെ ജന്മഗേഹം പൊതുവെ ചര്‍ച്ചുകളാണ്. എന്നാല്‍ കോളനിരാജ്യങ്ങളില്‍ കോളനികളും വിദേശമന്ത്രാലയങ്ങളും കൂട്ടുചേര്‍ന്നാണ് ഓറിയന്റലിസം പ്രയോഗവല്‍ക്കരിക്കുന്നത്.
5. ബ്രിട്ടന്‍, ഫ്രാന്‍സ് പോലുള്ള സാമ്രാജ്യശക്തികള്‍ ഓറിയന്റലിസത്തിന്റെ പാരമ്പര്യസ്വഭാവം നിലനിര്‍ത്തുന്നതില്‍ തല്‍പരരാണ്. ഇസ്്‌ലാമിനെ നശിപ്പിക്കലും മുസ്്‌ലിംകളുടെ ശക്തി ക്ഷയിപ്പിക്കലുമാണ് ലക്ഷ്യം.
''ഇംഗ്ലണ്ടിലെ ലണ്ടന്‍, ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, എഡിന്‍ബറോ, ഗ്ലാസ്‌കോ തുടങ്ങിയ സര്‍വകലാശാലകളില്‍ ഇപ്പോഴും ഓറിയന്റലിസത്തിന് അതിമഹത്തായ സ്ഥാനമുണ്ട്. ജൂതന്മാരും ആംഗ്ലേയരും സാമ്രാജ്യവാദികളും മിഷനറിമാരുമാണ് അതിന് മേല്‍നോട്ടം വഹിക്കുന്നത്. പാശ്ചാത്യരായ ഓറിയന്റലിസ്റ്റ് വിദ്യാര്‍ഥികളും അവിടങ്ങളില്‍നിന്ന് ഡോക്ടറേറ്റ് ലഭിക്കാനാഗ്രഹിക്കുന്ന അറബ്-മുസ്്‌ലിം വിദ്യാര്‍ഥികളും തങ്ങളുടെ പഠനത്തിന് അവലംബമായി ഗോള്‍ഡ് സിഹറിന്റെയും മാര്‍ഗോലിയോത്തിന്റെയും ശാഖെത്തിന്റെയുമെല്ലാം കൃതികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക് ഏറെ നിര്‍ബന്ധമുണ്ട്. അതോടൊപ്പം ഇസ്്‌ലാമിനോട് നീതി പുലര്‍ത്തുന്നതും ഓറിയന്റലിസ്റ്റുകളുടെ കൃത്രിമങ്ങള്‍ തുറന്നുകാണിക്കുന്നതുമായ പ്രബന്ധങ്ങള്‍ ഡോക്ടറേറ്റിന് സമര്‍പ്പിക്കുന്നത് സഹിക്കാനവര്‍ക്ക് സാധ്യവുമല്ല.''
നബി(സ)യുടെ പ്രവാചകത്വത്തില്‍ സംശയം ജനിപ്പിക്കുക, വിശുദ്ധ ഖുര്‍ആന്റെ ദൈവികത ചോദ്യം ചെയ്യുക, പൂര്‍വികര്‍ പ്രമാണമായി സ്വീകരിച്ചുപോന്ന അന്യൂനങ്ങളായ ഹദീസുകളെ സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുക, ഹദീസ് നിവേദകരെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുക, ഇസ്്‌ലാമിക നിയമശാസ്ത്രത്തിന്റെ പര്യാപ്തതയെക്കുറിച്ചു വിശ്വാസം നശിപ്പിക്കുക എന്നീ കാര്യങ്ങളിലാണ് ഓറിയന്റലിസ്റ്റുകള്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഇതിനുവേണ്ടി എന്തു വൃത്തികേടുകള്‍ ചെയ്യാനും അവര്‍ മടികാണിച്ചിരുന്നില്ല.
ഹദീസുകളെയും അവയുടെ നിവേദകരെയും സംബന്ധിച്ച് വ്യാജാരോപണങ്ങള്‍ നടത്തി തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നതില്‍ ഏറ്റവുമധികം പങ്കുവഹിച്ചത് ഓറിയന്റലിസ്റ്റുകളുടെ ഗുരുവര്യനായി അറിയപ്പെടുന്ന ജൂതനായ ഗോള്‍ഡ് സിഹര്‍ തന്നെ. ജര്‍മനിയിലെ ബര്‍ലിന്‍, അര്‍മേനിയയിലെ ലൈപ്‌സിക്, ബുഡോപോസ്റ്റ്, അല്‍ അസഹര്‍ എന്നീ സ്ഥാപനങ്ങളില്‍ ജോലിനോക്കിയിരുന്ന ഹങ്കറിക്കാരനായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പൊക്കിപ്പിടിച്ചാണ് പില്‍ക്കാലത്ത് പലരും ഹദീസ് നിഷേധത്തിനും വിമര്‍ശനത്തിനും മുതിര്‍ന്നത്. അദ്ദേഹത്തിന്റെ ഏറ്റവും വിഷലിപ്തമായ കൃതികള്‍ ഇസ്‌ലാമിക പഠനങ്ങള്‍(‡Çeî¡SG Šƒ¡SGQO), വിശ്വാസവും ശരീഅത്തും (‡©j™¡ždGh I~Dz©dG) എന്നിവയാണ്. പൂര്‍വികരില്‍നിന്നുള്ള ഉദ്ധരണികള്‍പോലും ഗോള്‍ഡ് സിഹര്‍ അതിനീചമായ കൃത്രിമം കാണിച്ചതിന്റെ വ്യക്തമായ തെളിവുകള്‍ ഇവ രണ്ടിലും കാണാവുന്നതാണ്.
ഓറിയന്റലിസ്റ്റുകളില്‍നിന്ന് ലോകമെങ്ങും തങ്ങളുടെ വിഷം ചീറ്റാന്‍ ഉപയോഗിക്കുന്നത് പത്രപ്രസിദ്ധീകരണങ്ങളെയും ചാനലുകളെയും മറ്റു സാമൂഹിക മാധ്യമങ്ങളെയുമാണ്. അവയിലൂടെ നടത്തപ്പെടുന്ന പ്രചാരണങ്ങള്‍ മറ്റൊരു വിശദമായ പഠനം അര്‍ഹിക്കുന്നു.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top