ഇസ്‌ലാമിക കല: വിശ്വാസവും സൗന്ദര്യവും

റോബര്‍ട്ട് ഇര്‍വിന്‍‌‌
img

സ്‌ലാമിക കലയെക്കുറിച്ച് സംസാരിക്കണമെങ്കില്‍ ചരിത്രത്തിലൂടെയുള്ള ഒരു യാത്ര അനിവാര്യമാണ്. മാത്രമല്ല, ഇസ്‌ലാമിനെക്കുറിച്ച് തന്നെ നാമേറെ വായിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതുണ്ട്്. ഇസ്‌ലാമിക കലയും ചരിത്രവും വേര്‍പ്പെടുത്താനാവാത്ത വിധം കൂടിക്കലര്‍ന്ന് നില്‍ക്കുന്നു എന്നത് കൊണ്ടാണത്.
എ.ഡി 600 കളിലാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബൈസാന്റിന്‍, സസാനിന്‍ എന്നീ സാമ്രാജ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനം അതിന്റെ പാരമ്യതയിലെത്തുന്നത്. സസാനിയന്‍ ചക്രവര്‍ത്തിയായിരുന്ന കുസ്രു രണ്ടാമന്‍ എ.ഡി 614 ല്‍ ജറൂസലം കീഴടക്കുകയും 619 ല്‍ ഈജിപ്ത് അധിനിവേശപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിന് തിരിച്ചടിയെന്നോണം ബൈസാന്റിയന്‍ ചക്രവര്‍ത്തിയായ ഹെറാക്ലിയസ് ടെസിഫ(Ctesiphon) ആക്രമിക്കുകയും അധീനപ്പെടുത്തുകയും ചെയ്തു. നിരന്തരമായ സംഘട്ടനങ്ങള്‍ രണ്ട് സാമ്രാജ്യങ്ങളുടെയും ശക്തി ക്ഷയിപ്പിക്കുകയും ഒടുവില്‍ മുസ്‌ലിം മുന്നേറ്റങ്ങള്‍ക്കിരയാവുകയും ചെയ്തു.

ഉമയ്യ, അബ്ബാസി സാമ്രാജ്യങ്ങള്‍
മുആവിയ (റ)യുടെ അധികാരാരോഹണത്തോട് കൂടിയാണ് ഉമയ്യ സാമ്രാജ്യത്വത്തിന് തുടക്കം കുറിക്കപ്പെടുന്നത്. ഉമയ്യ ഖിലാഫത്തിന് കീഴില്‍ ഇസ്‌ലാമിന്റെ അതിര്‍ത്തി വികസിച്ച് കൊണ്ടിരുന്നു. ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ നോര്‍ത്താഫ്രിക്കയും എട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ട്രാന്‍സോക്‌സാനിയയും ഇസ്‌ലാമിന്റെ അധീനത്തില്‍ വന്നു. നോര്‍ത്താഫ്രിക്കയില്‍ നിന്നുള്ള അറബികളും ബെര്‍ബര്‍ സംഘവും ചേര്‍ന്ന് വലിയൊരു സൈന്യം എ.ഡി 711 ല്‍ വിസിഗോത്തിക് സ്‌പെയ്ന്‍ കീഴടക്കുകയും എ.ഡി 751 ല്‍ നടന്ന തലാസ് യുദ്ധത്തില്‍ മധ്യേഷ്യയില്‍ നിന്നുള്ള മുസ്‌ലിംകള്‍ ചൈനയെ പരാജയപ്പെടുത്തുകയും ചെയ്തു. അറ്റ്‌ലാന്റിക് മുതല്‍ ചൈനയിലേക്കും ഇന്ത്യയിലേക്കും വ്യാപിച്ച് കിടക്കുന്ന ഒരു മഹാ സാമ്രാജ്യം അന്ന് ഇസ്‌ലാമിന്റെ കീഴിലായിരുന്നു.
എ.ഡി 750 ല്‍ ഈസ്‌റ്റേണ്‍ ഇറാനിലെ ഖുറാസാനില്‍ തുടക്കം കുറിച്ച കലാപമാണ് ഉമയ്യ സാമ്രാജ്യത്വത്തിന്റെ അടിവേരിളക്കുന്നത്. അതിന് ശേഷമാണ് അബ്ബാസിയാ ഖിലാഫത്തിന് തുടക്കം കുറിക്കപ്പെടുന്നത്. സിറിയയിലെ ഡമാസ്‌കസില്‍നിന്നും ബഗ്ദാദിലേക്ക് അവര്‍ ഇസ്‌ലാമിക സാമ്രാജ്യത്വത്തിന്റെ തലസ്ഥാനം മാറ്റി. ഉമയ്യ ഖിലാഫത്തിന്റെ കീഴില്‍ ഡമാസ്‌കസായിരുന്നു അതുവരെ ഭരണ കേന്ദ്രം.
കാലദൈര്‍ഘ്യത്തില്‍ അബ്ബാസി ഖിലാഫത്തിന് അവര്‍ക്ക് മുമ്പുള്ളവരുമായുള്ള വ്യതിരിക്തത നഷ്ടപ്പെട്ടു. പക്ഷെ, അവരുടെ വിപ്ലവപരതയും അധികാരാരോഹണവും അതിഭൗതികമായ പ്രവചനങ്ങളെയും പ്രതീക്ഷകളെയും ഉണര്‍ത്തിവിടുന്നവയായിരുന്നു. ബഗ്ദാദ് ആദ്യം വിളിക്കപ്പെട്ടത് സമാധാനത്തിന്റെ പട്ടണം എന്നായിരുന്നു. ഒരുപക്ഷെ, അതൊരു സഹസ്രാബ്ദങ്ങളുടെ നഗരമാണ്. സാമ്രാജ്യനഗരം എന്ന നിലയിലുള്ള ബഗ്ദാദിന്റെ യഥാര്‍ത്ഥ പരിസര ചിത്രത്തിന് പൗരാണികരേഖകളില്‍ പ്രത്യേകിച്ച് തെളിവുകളൊന്നും കാണാനാകില്ല. പക്ഷെ, നിലനില്‍ക്കുന്ന സാഹിത്യരേഖകളില്‍ കാണാനാകുന്നത് ബഗ്ദാദ് ഒരു വൃത്താകൃതിയിലുള്ള നഗരമാണ് എന്നാണ്. ഇരട്ട ചുമരോട് കൂടിയ, ഖലീഫയുടെ കൊട്ടാരത്തിലേക്ക് എത്തിച്ചേരുന്ന നാല് റോഡുകളും പട്ടണത്തിലെ കേന്ദ്രത്തില്‍ പള്ളിയുമായി മനോഹാരിത തുളുമ്പുന്ന ഒരു നിര്‍മ്മിതി ആണ് ഈ പട്ടണം. പ്രതീകാത്മകമായി ഖലീഫ അദ്ദേഹത്തെ ബഗ്ദാദിന്റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു. അതാകട്ടെ, ലോകത്തിന്റെ തന്നെ കേന്ദ്രമായിരിക്കുകയും ചെയ്തു. അബ്ബാസി ഖിലാഫത്ത് മംലൂക്കുമാരെയും അടിമകളായ പട്ടാളക്കാരെയും തന്റെ സൈന്യത്തില്‍ വലിയ അളവില്‍ ഉപയോഗിച്ചിരുന്നു. കൂടാതെ, ബഗ്ദാദ് പൗരന്‍മാര്‍ക്കും മംലൂക്കുമാര്‍ക്കും ഇടയിലുള്ള സംഘര്‍ഷം അവസാനം ബഗ്ദാദില്‍നിന്ന് തലസ്ഥാനം സമാരയിലേക്ക് മാറ്റുന്നതിലേക്കെത്തിച്ചു. ടൈഗ്രിസ് നദിക്ക് കുറച്ചു മുന്നിലേക്കായിരുന്നു രാജധാനി. സമാര ഇസ്‌ലാമിക ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായിരുന്നതിനൊപ്പം തന്നെ അബ്ബാസി കോടതി പില്‍ക്കാല ഭരണകൂടങ്ങള്‍ക്കായി അനേകം മാതൃകകളും രീതികളുമൊക്കെ വികസിപ്പിച്ചിരുന്നെെങ്കിലും ഒമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ വ്യത്യസ്ത പ്രവിശ്യാഭരണകൂടങ്ങള്‍ കേന്ദ്രഖിലാഫത്തിന്റെ നിയന്ത്രണങ്ങളൊന്നുമില്ലാതെ തന്നെ ഇത്തരം പ്രദേശങ്ങള്‍ ഭരിച്ചു പോന്നിരുന്നു. ഒമ്പതാം നൂറ്റാണ്ടിലധികവും മംലൂക്കുകള്‍ ഒരുതരത്തില്‍ ഭരണീയരായിരുെന്നങ്കിലും അബ്ബാസ് ഖിലാഫത്തിന് അവരുടെ കാര്യത്തില്‍ ഭാഗികമായ നിയന്ത്രണമേ സാധ്യമായിരുന്നുള്ളൂ. (പിന്നീടാണ് ഈ മംലൂക്ക് ഉദ്യോഗസ്ഥര്‍ ഭരണകാലത്തേക്ക് കടക്കുന്നതും സ്വന്തമായി ഒരു ഭരണകൂടം സ്ഥാപിക്കുന്നതും. അതാണ് പില്‍ക്കാലത്ത് പ്രസിദ്ധമായിത്തീര്‍ന്ന മംലൂക്ക് ഭരണകൂടം). എ.ഡി 945 മുതല്‍ 1055 വരെ കാസ്പിയന്‍ തീരത്തെ ചില യുദ്ധപ്രഭുക്കളുടെ പാവകള്‍ മാത്രമായിരുന്നു അവര്‍. കൂടാതെ അവരുടെ പൂര്‍വ്വ സാമ്രാജ്യത്തിന്റെ ഖിലാഫത്തിനോടു പേരിനെങ്കിലും ഉണ്ടായിരുന്ന കൂറ് പൂര്‍ണമായും വലിച്ചെറിയുകയും ചെയ്തു.

ഫാത്തിമീ ഈജിപ്തും മുസ്‌ലിം സ്‌പെയിനും
അബ്ബാസികള്‍ക്കുണ്ടായിരുന്ന അധികാരത്തെ എ.ഡി 850 മുതല്‍ നോര്‍ത്താഫ്രിക്കയില്‍ അന്നാരും തിരിച്ചറിഞ്ഞിരുന്നില്ല. 10-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫാത്തിമി വംശത്തില്‍ പെട്ട ഉബൈദല്ല അല്‍ മഹ്ദി വര്‍ഷങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിലൂടെയാണ് തുനീഷ്യ കീഴടക്കിയത്. എ.ഡി 969ല്‍ ഫാത്തിമി സൈന്യം ഈജിപ്ത് കീഴടക്കുകയും കൈറോയില്‍ ഒരു പുതിയ നഗരം സ്ഥാപിക്കുകയും ചെയ്തു. നോര്‍ത്താഫ്രിക്ക, സിസിലി, യെമന്‍, ഹിജാസ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലുടനീളം വ്യാപിച്ച് കിടക്കുന്ന വലിയൊരു സാമ്രാജ്യത്തിന്റെ ഭരണമാണ് 10, 11, 12 നൂറ്റാണ്ടുകളിലെ ഫാത്തിമി ഖലീഫമാരുടെ കൈയ്യില്‍ വന്നുചേര്‍ന്നത്. ഈ സാമ്രാജ്യത്വത്തിന്റെ അതിര്‍ത്തി വികസിച്ചുകൊണ്ടേയിരുന്നു. കാരണം ഇസ്‌ലാമിന്റെ പ്രചാരണാര്‍ഥം മുസ്‌ലിംകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രകള്‍ നടത്തുന്ന കാലമായിരുന്നു അത്.
ഉമയ്യ രാജകുമാരനായിരുന്ന അബ്ദുല്‍ റഹ്മാനോട് കൂടിയാണ് സ്‌പെയ്‌നിലെ മുസ്‌ലിംകളുടെ ചരിത്രം തുടങ്ങുന്നത്. അബ്ബാസികളില്‍നിന്ന് രക്ഷപ്പെട്ടാണ് അദ്ദേഹം സ്‌പെയ്‌നിലെത്തുന്നത്. തുടര്‍ന്ന് അദ്ദേഹമവിടെ ഒരു ഉമയ്യ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു.
സിറിയയിലെ ഉമയ്യ സാമ്രാജ്യം സ്‌പെയ്‌നിലേക്ക് പറിച്ചുനടുകയാണ് അദ്ദേഹം ചെയ്തത്. കൊറദോബയിലെ തന്റെ കൊട്ടാരത്തിന് അല്‍ റുസാഫ എന്നാണ് അദ്ദേഹം പേര്‍ നല്‍കിയത്. മാത്രമല്ല, തന്റെ കൊട്ടാരത്തിന് പൂന്തോട്ടം നിര്‍മ്മിക്കാന്‍ സിറിയയില്‍നിന്ന് അദ്ദേഹം പൂക്കള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. എ.ഡി 1031 വരെയാണ് ഉമയ്യ ഖലീഫമാര്‍ സ്‌പെയ്ന്‍ ഭരിച്ചത്.

സമാനിദ്, ഗസ്‌നവിദ്, സെല്‍ജൂഖ് ഭരണകൂടങ്ങള്‍
അബ്ബാസീ ഭരണകൂടത്തിന് കീഴില്‍ പേര്‍ഷ്യക്കാര്‍ അധികാരസ്ഥാപനങ്ങളിലും സാംസ്‌കാരിക വ്യവഹാരങ്ങളിലും പ്രധാനപ്പെട്ട സാന്നിദ്ധ്യമായിരുന്നു. അബ്ബാസി ഭരണകൂടം തകര്‍ച്ച നേരിട്ടപ്പോള്‍, സമനീദ് എന്ന ഇറാനിയന്‍ ഭരണസംവിധാനം ഖുറാസാന്റെയും ട്രാന്‍സോക്‌സാനിയയുടെയും കിഴക്കന്‍ പ്രവിശ്യകളിലായി ഉദയം കൊണ്ടു (819-1020). സമാനിദ് ഭരണകൂടം ട്രാന്‍സോക്‌സാനിയയിലെ ബുഖാറ എന്ന പ്രദേശം ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കേന്ദ്രമാക്കി വികസിപ്പിച്ചു. പദ്യ-സാഹിത്യ ലോകത്ത്് പുതിയ പരിഷ്‌കരണസംരംഭങ്ങള്‍ക്കും അവര്‍ മേല്‍നോട്ടം വഹിച്ചു. പേര്‍ഷ്യന്‍ ചരിത്രത്തിലേറ്റവും മഹത്വം നേടിയതും പില്‍ക്കാലത്ത് നൂറ്റാണ്ടുകളോളം ലോകത്തെ ബൃഹത് സൃഷ്ടിയായി നിലനിന്നതുമായ ഫിര്‍ദൗസിയുടെ (935 - 1020c) 'ഷാഹ്‌നാമ' സമാനീദ് ഭരണകൂടത്തിന്റെ കാലത്താണ് രചന ആരംഭിച്ചത്. പില്‍ക്കാലത്ത് പ്രസ്തുത ഭൂഭാഗത്തേക്ക് കടന്നുകയറിയ ടര്‍ക്കിഷ് ഗസ്‌നവീദുകള്‍ സമാനീദ് കാലത്തെ സാംസ്‌കാരികോന്നമനത്തെ വളരെയധികം വാഴ്ത്തിയിരുന്നു. ഖുറാസാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്റെ കുറെ ഭാഗങ്ങള്‍ തുടങ്ങിയവ പിടിച്ചടക്കിയതിനൊപ്പം ഗസ്‌നവീദുകള്‍ ഇന്ത്യയിലേക്ക് കടന്നുകയറിക്കൊണ്ടിരുന്നു. അവസാനം പഞ്ചാബില്‍ അവര്‍ സ്ഥിരഭരണമുറപ്പിച്ചു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗസ്‌നി തലസ്ഥാനമാക്കുകയും ചെയ്തു. ഇന്ത്യയുടെ കലാരൂപങ്ങള്‍ അവിടെ സ്ഥാപിക്കുകയും ചെയ്തു. ഗസ്‌നയിലെ മഹമൂദ് (998-1030) പില്‍ക്കാല ഇന്ത്യന്‍ മുസ്‌ലിം തലമുറയില്‍ വീരനായകനായി അറിയപ്പെട്ടു. കൂടാതെ, പില്‍ക്കാല തുര്‍ക്കി-മംഗോള്‍ ഭരണാധികാരികള്‍ക്ക് ഒരു റോള്‍ മോഡലായിരുന്നു അദ്ദേഹം. വിജയകരമായി ഭരിച്ച, കലാസംരക്ഷകനായ ഒരു നല്ല മുസ്‌ലിം ആയിരുന്നു അദ്ദേഹം.
ഗസ്‌നവീദുകളുടെ വീഴ്ച ആരംഭിക്കുന്നത് വടക്കിലേക്ക് തുര്‍ക്കികളെ കൂലിപ്പടയാളികളായി റിക്രൂട്ട് ചെയ്തു തുടങ്ങുമ്പോഴാണ്്. 1030 ല്‍ സെല്‍ജൂഖ് വിഭാഗത്തിന്റെ നേതൃത്വത്തിന് കീഴില്‍ ഈ തുര്‍ക്കികളധികവും വിമതവൃത്തി നടത്തുകയും 1055 ആയപ്പോഴേക്കും തുഖ്രില്‍ ബെഗ്് ഗസ്‌നവികളെ ഖുറാസാനിലേക്ക് നാടുകടത്തിക്കൊണ്ടു ബഗ്ദാദിലേക്ക് പ്രവേശിക്കുകയും ചെയ്തു. അദ്ദേഹം തനിക്ക് സുല്‍ത്താന്‍ പദവി തരണമെന്ന് അബ്ബാസി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പിന്നീട് ഖലീഫ എന്ന പേരില്‍ അദ്ദേഹം ഇറാന്‍, ഇറാഖ്, സിറിയ എന്നിവയുടെ അധികഭാഗങ്ങളും ഭരിച്ചു. ശേഷം, പതിനൊന്നാം നൂറ്റാണ്ടോട് കൂടി, കുടുംബത്തിലെ ഒരു വിഭാഗം അനറ്റോളിയയിലേക്ക് മാറി. ബൈസാന്റിയന്‍ മുമ്പ് അറിയപ്പെട്ടിരുന്ന ഭൂമേഖലയില്‍ സല്‍ജൂഖ് സല്‍ത്തനത്ത് സ്ഥാപിക്കപ്പെട്ടു.

ഇസ്‌ലാം സ്ഥാപിതമാകുന്നു
അബ്ബാസി ഭരണകൂടം വലിയ അളവില്‍ തുര്‍ക്കിക്കാരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തത് പില്‍ക്കാലത്ത് ഗസ്‌നവികളും സല്‍ജൂക്കുകളും തുടര്‍ന്നു. എന്നാലത് യഥാര്‍ത്ഥത്തില്‍ തുര്‍ക്കികളുടെ ശരിക്കുള്ള ആഗമനത്തിന്റെ വിളംബരമായിരുന്നു. കിഴക്കന്‍ മുസ്‌ലിം നാടുകളിലെ സൈന്യത്തിലും അധികാരമേഖലകളിലും തുര്‍ക്കികള്‍ കുറേക്കാലം വലിയ സാന്നിദ്ധ്യമായിരുന്നു. പടിഞ്ഞാറ്, സ്‌പെയിന്‍ ഭരിച്ചിരുന്നത് രാജകുമാരന്റെ മുന്‍ഗാമികളും ഉത്തരാഫ്രിക്കന്‍ വംശവുമായിരുന്നു.

തുര്‍ക്കികളുടെ ഔന്നത്യവും മംലൂക്ക് ഭരണാധികാരവും
സല്‍ജൂഖ് ഭരണകൂടത്തിന് അടിമ വൃത്തി ചെയ്തിരുന്ന മലിക് ഷായുടെ മകന്‍ തുര്‍ക്ക് സെങ്കി (r.1072-92) പന്ത്രണ്ടാം ശതകത്തിന്റെ ആദ്യം ഇറാന്റെയും സിറിയയുടെയും നല്ലൊരു പങ്ക് പിടിച്ചടക്കി. സെങ്കിയുടെ മകന്‍ നൂറുദ്ദീന്‍ 1146 ല്‍ ഡമാസ്‌കസിന്റെ നേതാവായി സ്വയം അവരോധിതനായി. ഒപ്പം, ഫാതിമീകളില്‍നിന്ന് ഈജിപ്ത് പിടിച്ചടക്കാനുള്ള ശ്രമവും നടത്തി. 1169 ല്‍ ആ രാജ്യം സ്വന്തം സൈനികോദ്യോഗസ്ഥനായ സലാഹുദ്ദീനാല്‍ ആക്രമിക്കപ്പെട്ടു. 1174 ല്‍ നൂറുദ്ദീന്റെ മരണശേഷം, സലാഹുദ്ദീന്‍ സിറിയയിലേക്ക് നീങ്ങുകയും അത് തന്റെ അതിദ്രുതം വളര്‍ന്നു കൊണ്ടിരിക്കുന്ന സാമ്രാജ്യത്തിലേക്ക് ചേര്‍ക്കുകയും ചെയ്തു. തനിക്ക് മുമ്പും പിമ്പുമുള്ള അനേകം മുസ്‌ലിം ഭരണാധികാരികളെപ്പോലെ സലാഹുദ്ദീനും തന്റെ അധികാരവിപുലീകരണത്തെ ന്യായീകരിച്ചത് മുസ്‌ലിംകള്‍ ക്രൈസ്തവരെ പ്രതിരോധിക്കേണ്ടതുണ്ടെന്ന് വാദിച്ചു കൊണ്ടാണ്. പ്രഥമ ക്രൈസ്തവ സൈന്യം 1097 ല്‍ സിറിയയിലേക്ക് പ്രവേശിച്ചു. 1099 ല്‍ ജറുസലേം പിടിച്ചടക്കി. തുടര്‍ന്ന് മുസ്‌ലിംകള്‍ക്കെതിരെ ശ്രദ്ധേയമായ അനവധി വിജയങ്ങള്‍ നേടിയ ശേഷം ജറുസലേമില്‍ ഒരു ക്രൈസ്തവ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടു. സെങ്കി, നൂറുദ്ദീന്‍, സലാഹുദ്ദീന്‍ ശേഷമുള്ള 13ാം നൂറ്റാണ്ടിലെ ഈജിപ്തിലെയും സിറിയയിലെയും ഭരണാധികാരികള്‍ ഒക്കെത്തന്നെ മുസ്‌ലിം നാടുകളില്‍ ആധിപത്യം ചെലുത്താന്‍ തുടങ്ങിയ ക്രൈസ്തവ സാമ്രാജ്യത്തിനെതിരെ ജിഹാദിന് നേതൃത്വം കൊടുക്കുന്നവരായി സ്വയം കണ്ടു. ക്രൈസ്തവ സാമ്രാജ്യത്തിന്റെ പതനമായിരുന്നു ഈ ജിഹാദിന്റെ പ്രാഥമിക ലക്ഷ്യം. സെങ്കി 1144 ല്‍ ഇദേസ്സയും 1187 ല്‍ സലാഹുദ്ദീന്‍ ജറുസലേമും പിടിച്ചടക്കിയെങ്കിലും 1193 ല്‍ സലാഹുദ്ദീന്റെ മരണശേഷം ഈജിപ്തിലെയും സിറിയയിലെയും ഭരണം കലഹിച്ചുകൊണ്ടിരുന്ന അയൂബി കുലത്തിന് വീതിച്ചു നല്‍കപ്പെട്ടു. 1291 വരെ സാധ്യമായില്ലെങ്കിലും ഈജിപ്തിലെയും സിറിയയിലെയും മംലൂക്ക് ഭരണാധികാരിയായ അല്‍ അശ്‌റഫ ഖലീല്‍ (r.1290-93) അവസാനം സിറിയന്‍ ഫലസ്തീന്‍ തീരങ്ങളിലെ ബാക്കിയുള്ള ക്രൈസ്തവ ഭരണപ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു.

സ്‌പെയിനിലെ പില്‍ക്കാല മുസ്‌ലിംഭരണം
പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്‌പെയിനില്‍ ഉമയ്യ ഖിലാഫത്ത് തകരുകയും കോര്‍ദോബയും നഗരത്തിന് പുറത്തുള്ള കൊട്ടാരങ്ങളും വിമത ബെര്‍ബെര്‍ പട്ടാളക്കാര്‍ പിടിച്ചടക്കുകയും ചെയ്തു. ഏകോപിത മുസ്‌ലിം ഖിലാഫത്ത് എന്ന സങ്കല്‍പം 1030 വരെ നിലനിന്നെങ്കിലും മുസ്‌ലിം സ്‌പെയിന്‍ തായിഫ(പാര്‍ട്ടി) എന്ന് വിളിക്കപ്പെടുന്ന വിഭാഗം ഭരിക്കുകയും ചെയ്തു. മലാഗ, സെവിയ്യ, ഗ്രാനഡ, ടോളെഡോ, വലന്‍സിയ തുടങ്ങിയ നഗരങ്ങള്‍ തായിഫ കോടതികളുടെയും അധികാരത്തിന്റെയും സ്തൂപങ്ങളായി പ്രസിദ്ധി നേടി. സംഘശേഷി കുറഞ്ഞതു കൊണ്ട് തന്നെ തായിഫ വിഭാഗത്തിന് വടക്കന്‍ സ്‌പെയിനില്‍ നിന്നുള്ള ക്രൈസ്തവ കടന്നു കയറ്റം പ്രതിരോധിക്കുന്നതില്‍ ദൗര്‍ബല്യം നേരിട്ടു. 1085 ല്‍ ടോളെഡോ ക്രൈസ്തവര്‍ക്ക് കീഴടങ്ങിയ ശേഷം, ഉത്തരാഫ്രിക്കയില്‍ നിന്ന് യൂസുഫ് ഇബ്‌നു തഷ്ഫീന്‍ (1061-1106) സ്പാനിഷ് മുസ്‌ലിംകളെ സഹായിക്കാനെത്തി. തഷ്ഫീന്‍ അല്‍മൊറാവിദുകളുടെ നേതാവായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ ഉത്തരാഫ്രിക്കയില്‍ സാമ്രാജ്യം കെട്ടിപ്പടുത്ത പട്ടാള സംഘക്കാരായിരുന്ന ബെര്‍ബെറുകളായിരുന്നു അവര്‍. സ്‌പെയിനില്‍ ക്രൈസ്തവാക്രമണത്തെ ഒരു പരിധി വരെ ചെറുത്തെങ്കിലും തായിഫ രാജഭരണപ്രദേശങ്ങള്‍ പിടിച്ചടക്കുന്നതിലായിരുന്നു അവര്‍ കൂടുതല്‍ വിജയിച്ചത്. 1140 ആയപ്പോഴേക്കും നോര്‍ത്താഫ്രിക്കയില്‍ വിമത ബെര്‍ബെര്‍ സഖ്യവും ശുദ്ധ പരിഷ്‌കൃത ഇസ്‌ലാമിന്റെ വക്താക്കളുമായ അല്‍മൊഹാദസ് അല്‍മൊറാവിദുകളെ പരാജയപ്പെടുത്തി. 1147 ല്‍ അല്‍മൊറാവിദുകളുടെ മാറക്കേഷ് തലസ്ഥാനം അല്‍മൊഹാദസ് കീഴ്‌പ്പെടുത്തി. തുടര്‍ന്ന് സ്‌പെയിനിലേക്ക് കടക്കുകയും സെവിയ്യ തങ്ങളുടെ തലസ്ഥാനമാക്കുകയും ചെയ്തു. ദീര്‍ഘകാലവീക്ഷണത്തില്‍ അല്‍മൊഹാദിസ് അല്‍മൊറാവിദുകളെക്കാളും വിജയകരമായിരുന്നില്ല. ലാസ് നെവാസ് ദേ ടൊലോസയില്‍ 1212 ല്‍ സംഭവിച്ച ഒരു വന്‍ പരാജയത്തിന്് ശേഷം അവര്‍ സ്‌പെയിനില്‍നിന്ന്് പിന്‍വാങ്ങി. സ്‌പെയിനില്‍ അവശേഷിച്ച മുസ്‌ലിം പ്രദേശങ്ങള്‍ സംരക്ഷിക്കാനുള്ള ദൗത്യം 1230 ല്‍ ഗ്രാനഡയില്‍ ഭരണകൂടം സ്ഥാപിച്ച അറബ് വംശക്കാരായ നാസിരിയ്യാക്കളുടെ കയ്യിലായി. 1492 വരെ അത് അതിജീവിച്ചു. ക്രൈസ്തവര്‍ക്കെതിരെ അവര്‍ ആപേക്ഷികമായി ചില വിജയങ്ങള്‍ നേടി. പക്ഷെ എന്നിട്ടും തെക്കന്‍ സ്‌പെയിനില്‍ മുസലിം ഭരണത്തിന്റെ അന്ത്യനൂറ്റാണ്ടുകള്‍ സ്‌പെയിനിന്റെ തന്നെ സുവര്‍ണ കാലഘട്ടമായിരുന്നു. നാസിരീ ഭരണകൂടത്തിന്റെ കീഴിലായിരുന്നു അല്‍ഹംറ കൊട്ടാരം പണികഴിക്കപ്പെട്ടത്. 1492 ലാണ് കാത്തലിക് വിഭാഗത്തിന്റെയും അറാഗന്‍ക്കാരുടെയും സംയുക്ത സൈന്യം സ്‌പെയിന്‍ കീഴടക്കിക്കൊണ്ട് മുസ്‌ലിം ഭരണത്തിന് അന്ത്യം വരുത്തുന്നത്.

പില്‍ക്കാല മംലൂക്ക് കാലഘട്ടം
അടിമ പട്ടാളക്കാര്‍ എന്നറിയപ്പെടുന്ന മംലൂക്കുകള്‍ പല മുസ്‌ലിം സാമ്രാജ്യങ്ങളുടെയും വികാസത്തില്‍ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. എ.ഡി 1250 മുതല്‍ 1517 വരെ മംലൂക്കുകള്‍ ഈജിപ്തും സിറിയയുമടക്കം നിരവധി രാജ്യങ്ങള്‍ ഭരിച്ചിട്ടുണ്ട്. മാത്രമല്ല, ഭരണകൂടത്തിലെ പ്രധാനപ്പെട്ട പദവികളെല്ലാം അലങ്കരിച്ചിരുന്നത് അവരായിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് അറബ് മതപണ്ഡിതന്‍മാര്‍ അവര്‍ക്ക് അധ്യാപനങ്ങള്‍ നല്‍കിയിരുന്നു. മംഗോളികളില്‍ നിന്നും കുരിശുയുദ്ധക്കാരില്‍ നിന്നും മുസ്‌ലിം രാഷ്ട്രങ്ങളെ പ്രതിരോധിക്കാനാവശ്യമായ പരിശീലനവും അവര്‍ക്ക് ലഭിച്ചിരുന്നു.
എന്നാല്‍ പതിനാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോട് കൂടി മംലൂക്ക് സാമ്രാജ്യം പ്രതിസന്ധിയിലകപ്പെട്ടു. 1347-49 വര്‍ഷങ്ങളില്‍ പടര്‍ന്ന് പിടിച്ച പകര്‍ച്ചവ്യാധി ഈജിപ്ത്, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളെ സാരമായി ബാധിച്ചു. ആ സമയത്താണ് യൂറോപ്യന്‍ കുരിശ് യുദ്ധക്കാരും ബദവികളും മുസ്‌ലിം രാഷ്ട്രങ്ങളെ ആക്രമിക്കുന്നത്. അതോടൊപ്പം തന്നെയാണ് എ.ഡി 1400ല്‍ മംഗോളിയന്‍ യുദ്ധപ്രഭുവായിരുന്ന തിമൂര്‍ സിറിയ കീഴടക്കുന്നത്. ഇതെല്ലാം മംലൂക്ക് സാമ്രാജ്യത്വത്തിന്റെ പതനത്തിലേക്കാണ് നയിച്ചത്.

മംഗോളികളും തിമൂരിദികളും
12-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടിയാണ് മംഗോളികള്‍ ചരിത്രത്തില്‍ പ്രത്യക്ഷരാകുന്നത്. 13-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മംഗോളിയന്‍ ഗോത്രങ്ങളെ ചെങ്കിസ്ഖാന്‍ ഏകോപിപ്പിക്കുകയും തുടര്‍ന്ന് മംഗോളിയന്‍ സൈന്യം ചൈനയെയും മിഡിലീസ്റ്റിനെയും അധീനപ്പെടുത്തുകയും ചെയ്തു. എ.ഡി 1220ല്‍ ട്രാന്‌സോറക്‌സാനിയ കീഴടക്കപ്പെടുകയും മിഡിലീസ്റ്റിലുടനീളം മംഗോളിയന്‍ സൈന്യം നാശം വിതക്കുകയും ചെയ്തു. എ.ഡി 1256ല്‍ അവര്‍ നോര്‍ത്തേണ്‍ ഇറാന്‍ അധീനപ്പെടുത്തുകയും 1258 ല്‍ ബാഗ്ദാദ് കീഴടക്കുകയും ചെയ്തു. മാത്രമല്ല, അവസാന അബ്ബാസി ഖലീഫയെ വധിക്കുകയും ചെയ്തു. എ.ഡി 1260ല്‍ ഫലസ്തീനില്‍ വെച്ച് ഈജിപ്തില്‍ നിന്നുള്ള മംലൂക്ക് സൈന്യം മംഗോളികളെ പരാജയപ്പെടുത്തി.
മംഗോളിയന്‍ സാമ്രാജ്യത്വത്തെ വികസിപ്പിക്കുന്നതിലാണ് തന്റെ ഭരണകാലത്ത് തിമൂര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ട്രാന്‍സോക്‌സാനിയ, ഖുറാസാന്‍, പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളിലുടനീളം വ്യാപിച്ച് കിടക്കുന്നതായിരുന്നു തിമൂറിന്റെ സാമ്രാജ്യം.

സഫാവിദുകളും ഒട്ടോമന്‍ തുര്‍ക്കികളും
16-ാം നൂറ്റാണ്ട് വരെ തിമൂറികള്‍ ഖുറാസാന്‍ ഭരിച്ചു. ഇറാനിലെയും ഇറാഖിലെയും മുന്‍ തിമൂറിയന്‍ അതിര്‍ത്തികള്‍ 15-ാം നൂറ്റാണ്ടിലെ വിവിധങ്ങളായ തുര്‍ക്കോമന്‍ സാമ്രാജ്യത്തിലേക്ക് വന്നുചേര്‍ന്നു. എന്നാല്‍ 16-ാം നൂറ്റാണ്ടോട് കൂടി സഫാവിദുകള്‍ അവ അധീനപ്പെടുത്തി. സഫാവിദ് സാമ്രാജ്യത്വത്തിന്റെ സ്ഥാപകനായ ശൈഖ് സാഫി അദ്ദീന്‍ ഒരു സുന്നീ സൂഫി കമ്മ്യൂണിറ്റിയുടെ മാര്‍ഗദര്‍ശിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അടുത്ത ഒരു ശിഷ്യന്‍ ഒരു ശീഈ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. ഈജിപ്തിലെ ഫാത്തിമീ ഖിലാഫത്തിന്റെ പതനത്തിന് ശേഷം അദ്ദേഹവും അനുയായികളും പ്രവിശാലമായ ശീഈ സാമ്രാജ്യം അടക്കി ഭരിക്കുകയും ചെയ്തു.
തുര്‍ക്ക് ഗോത്രങ്ങളിലെ പ്രധാനപ്പെട്ട ഒരു വംശമായിരുന്നു ഉസ്മാനികള്‍. എ.ഡി 1300-ലാണ് അവര്‍ ഏഷ്യാമൈനറില്‍ സ്ഥിരമായ ഒരു ഭൂപരിധി സ്ഥാപിക്കുന്നത്. മംഗോളിയന്‍ ഭൂപരിധികളുടെ തകര്‍ച്ചക്ക് ശേഷം അവര്‍ ബൈസാന്റിയന്‍ അധിവാസ മേഖലകള്‍ അധീനപ്പെടുത്തുകയും ചെയ്തു. എ.ഡി 1345-ലാണ് ഉസ്മാനികള്‍ യൂറോപ്പ് ആദ്യമായി അധീനപ്പെടുത്തുന്നത്. തുടര്‍ന്ന് ബൈസാന്റിയന്‍ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴ്‌പ്പെടുത്തുകയും ചെയ്തു.

സൂഫീ ദര്‍വീഷ് ഭരണങ്ങള്‍
14-ാം നൂറ്റാണ്ടിലെ സഫാവീദ് ഭരണകൂടത്തിന്റെ സ്ഥാപകന്‍ സഫീഅദ്ദീന്‍ നേരത്തെ തന്നെ സൂഫീ ശൈഖായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. ചുരുങ്ങിയത് 12-ാം നൂറ്റാണ്ടു മുതലെങ്കിലുമുള്ള ഇസ്‌ലാമിക ലോകത്തിലെ രാഷ്ട്രീയപരവും സാംസ്‌കാരികവുമായ വികാസങ്ങള്‍ സൂഫീ ഭരണകൂടത്തിന്റെ സംഭാവനകള്‍ തിരിച്ചറിയാതെ മനസിലാക്കുക സാധ്യമല്ല. അതിന് ഇസ്‌ലാമിക ലോകത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലേക്ക് പോകേണ്ടത് അനിവാര്യമാണ്.
സൂഫിസം എന്നത് ഒരു ഒറ്റ പ്രസ്ഥാനമായിരുന്നില്ല. ഈ പദപ്രയോഗം സൂചിപ്പിച്ചിരുന്നത് ഇസ്‌ലാമിനുള്ളിലെ അതിവിശാലവും ബഹുസ്വരവുമായ അദ്ധ്യാത്മിക വ്യവഹാരങ്ങളെ ആയിരുന്നു. സൂഫികള്‍ മുഖ്യധാരാ ഇസ്‌ലാമിന്റെ വിശ്വാസ സംഹിതകളില്‍ നിന്നൊന്നും വഴിമാറാതെയും നവഭക്തിമാര്‍ഗങ്ങളിലും വിരക്തിപ്രക്രിയകളിലും മുഴുകുകയും ചെയ്തിരുന്നെങ്കിലും ചില സൂഫികള്‍ ക്രൈസ്തവ അദ്ധ്യാത്മികത, ജൂതകബ്ബാലിസം, മധ്യേഷ്യയിലെ ശമാനിസം തുടങ്ങിയവയാല്‍ വലിയ അളവില്‍ സ്വാധീനിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ചില സൂഫികള്‍ ഇസ്‌ലാമിക യാഥാസ്ഥിതികതയുടെ സ്തംഭങ്ങളായി മനസിലാക്കപ്പെട്ടിരുന്നെങ്കില്‍ (ശിയാക്കളാവട്ടെ, സുന്നികളാവട്ടെ) മറ്റുള്ളവര്‍ കൂടുതലായി മതവിരുദ്ധ ബഹുസ്വരതയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ചുരുക്കത്തില്‍ സൂഫികളെന്നത് അദ്ധ്യാത്മികരായിരുന്നു. അറിയപ്പെടുന്ന ആദ്യകാല സൂഫികള്‍ ഇവരായിരുന്നു: റാബിയ (റ.801), ദുല്‍നന്‍ അല്‍ മിസ്വരി (റ.859), അബൂ യസീദ് അല്‍ ബിസ്താമി (റ.874). ചില സൂഫികള്‍ ബിംബാരാധനയുടെ നാടുകളില്‍ ഇസ്‌ലാം അനുഷ്ഠിച്ചു. (ഉദാഹരണത്തിന്, തുര്‍ക്കിഷ് ഭൂവിഭാഗങ്ങളിലേക്ക് യാത്ര ചെയ്ത 10-ാം നൂറ്റാണ്ടിലെ സൂഫികളുടെ പ്രവര്‍ത്തന ഫലമായി ഇസ്‌ലാം സ്വീകരിച്ച സെല്‍ജൂഖ് തുര്‍ക്കികള്‍).
ശൈഖ് എന്ന പദം ഉപയോഗിക്കപ്പെട്ടിരുന്നത് ഒരു ഗോത്ര വിഭാഗത്തിന്റെ തലവനെ സൂചിപ്പിക്കാനോ ഒരു മതനേതാവിനെ സൂചിപ്പിക്കാനോ ഒരു വിഭാഗത്തിന്റെ മാര്‍ഗ്ഗദര്‍ശിയെ മനസിലാക്കാനോ ആണ്. സൂഫീ നേതാവ് എന്ന സങ്കല്പത്തെ സവിശേഷമായി അടയാളപ്പെടുത്താനും ഈ പദം പ്രയോഗിക്കപ്പെട്ടു. സൂഫീ നേതാവ് എന്നാല്‍ സൂഫീ ശിഷ്യന്മാരെ മാര്‍ഗ്ഗദര്‍ശനം ചെയ്യുകയും വിദ്യ അഭ്യസിപ്പിക്കുകയും ചെയ്യുന്ന ആളാണ്; പ്രത്യേകിച്ച് ദര്‍വീശുകളുടെ കാഴ്ചപ്പാടില്‍. ദര്‍വീശ് (ഒരു സൂഫീ മുസ്‌ലിം അദ്ധ്യാത്മിക വ്യക്തിത്വത്തെ സൂചിപ്പിക്കുന്ന പേര്‍ഷ്യന്‍ പദമാണ്) വ്യവസ്ഥ ഗുരുക്കളുടെയും ശിഷ്യന്മാരുടെയും അധികാരക്രമം ഉള്‍ക്കൊള്ളുകയും അദ്ധ്യാത്മിക പരിക്രമണ പരമ്പരയോടുമൊപ്പം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നത് 12-ാം നൂറ്റാണ്ടിന്റെ പില്‍ക്കാലത്താണെന്ന് കരുതപ്പെടുന്നു. ഷാദിലികളും സുഹ്‌റവര്‍ദികളുമായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. അതിന് ശേഷം സൂഫീ ദര്‍വീശ് വ്യവസ്ഥ എണ്ണത്തിലും വണ്ണത്തിലും വളര്‍ന്നു. ഉദാഹരണത്തിന്, നഖ്ശബന്ദി വ്യവസ്ഥ ഇന്ത്യയില്‍ ഏറെ അനുയായികളെ സൃഷ്ടിച്ച ഒരു വിഭാഗമായിരുന്നു. കൂടാതെ ട്രാന്‍സോക്‌സാനിയ, അതിന്റെ ഉത്തരം കിഴക്കന്‍ ദേശങ്ങള്‍, തെക്കുകിഴക്കന്‍ ഏഷ്യ, കൗക്കാസസ്, മധ്യപൗരസ്ത്യം തുടങ്ങിയ ഇടങ്ങളിലും അതിനേറെ അനുകര്‍ത്താക്കളുണ്ടായി. നഖ്ശ്ബന്ദീ മിഷനറികള്‍ കസാക്കുകളെ പതിനാറാം നൂറ്റാണ്ടില്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തിപ്പിച്ചു. അവര്‍ മലയയിലും ജാവയിലും സജീവമായിരുന്നു. കൂടാതെ, വരേണ്യ ഉസ്മാനികളുടെ സാംസ്‌കാരിക രൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുകയും ചെയ്തു. ഇതര സൂഫീ ക്രമങ്ങള്‍ക്കും സമാനമായ ഭൂതകാലമവകാശപ്പെടാനുണ്ടായിരുന്നു.

സൂഫിസവും ഇസ്‌ലാമിക കലയും
സൂഫീ എഴുത്തുകളും സൗന്ദര്യശാസ്ത്രവും മനസിലാക്കുക എന്നത് ഇസ്‌ലാമിക കലയെക്കുറിച്ചുള്ള ഏതൊരു പഠനത്തിനും അത്യന്താപേക്ഷിതമാണ്. അനുഷ്ഠാനങ്ങളിലും മറ്റും വ്യാപകമായി ലയിച്ചതു മാത്രമല്ല, അവരുടെ എഴുത്തുകളും ഇസ്‌ലാമിക ലോകത്തെ കലയുടെ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള മൂല്യവത്തായ ഉപാദാനങ്ങളായിരുന്നു. ''അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു'' എന്ന പ്രവാചക വചനം നിരന്തരം ഉദ്ധരിക്കാന്‍ സൂഫികള്‍ ഇഷ്ടപ്പെട്ടിരുന്നു. സൂഫീ ആലോചനകളില്‍ സൗന്ദര്യം ഒരു പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു. നിസാമുല്‍ മുല്‍ക് എന്ന സെല്‍ജൂക് മന്ത്രിക്ക് കീഴില്‍ പഠിപ്പിക്കുകയും എഴുതുകയും ചെയ്തിരുന്നതും പില്‍ക്കാലത്ത് സൂഫിസത്തിലേക്ക്് തിരിയുകയും ചെയ്ത മതചിന്തകന്‍ അല്‍ഗസ്സാലി (1059-1111) തന്റെ പുസ്തകങ്ങളിലൊന്നില്‍ ഒരു ചൈനീസ് പെയിന്റര്‍ക്കും ഗ്രീക്ക് പെയിന്റര്‍ക്കുമിടയിലെ ഒരു മത്സരത്തിന്റെ കഥയെക്കുറിച്ചെഴുതുന്നുണ്ട്. ചൈനീസ് കലാകാരന്‍ ഒരു ചുമരില്‍ വിശദവും യഥാതഥവുമായ ഒരു സുന്ദരരംഗം പകര്‍ത്തിയപ്പോള്‍ ഗ്രീക്ക് കലാകാരന്‍ അദ്ദേഹത്തിന്റെ ചുമര്‍ വെറുതെ മിനുക്കുക മാത്രമായിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ ആ ചുമരില്‍ ചൈനീസ് കലാകാരന്റെ രംഗസൗന്ദര്യം കൂടുതല്‍ മിഴിവോടെ പ്രതിഫലിച്ചു. ഇത് ഗസ്സാലിയെ സംബന്ധിച്ചിടത്തോളം ആത്മശുദ്ധീകരണത്തിനുള്ള സൂഫീ ശ്രമങ്ങളുടെ ദൃഷ്ടാന്തമായിരുന്നു. അങ്ങനെ അദ്ദേഹം ദൈവിക വെളിച്ചത്തിന്റെ ഒരു കണ്ണാടി ആയി മാറി.
അല്‍ ഗസ്സാലിയുടെ കിമിയാഉസ്സആദത് (The alchemy of happiness) എന്ന 1106 ല്‍ എഴുതപ്പെട്ട ഗ്രന്ഥം സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. മനുഷ്യന്‍ സുന്ദരമായ വസ്തുക്കളില്‍ പൂര്‍ണത ഇഷ്ടപ്പെടുന്നു. കാരണം, അവന്‍ സ്വയം പരിപൂര്‍ണനാവാന്‍ ആഗ്രഹിക്കുന്നു. സൗന്ദര്യം എന്നത് പൂര്‍ണമായും ബാഹ്യമായ ഒരു കാര്യമല്ല. അല്‍ ഗസ്സാലി കലാസൗന്ദര്യത്തെ ആന്തരിക സൗന്ദര്യത്തിന്റെ പ്രതിഫലനമായി കാണുന്നു. ഈ ആഭ്യന്തര സൗന്ദര്യം ദര്‍ശിക്കാനായി ഒരാള്‍ തന്റെ ഹൃദയത്തിന്റെ മിഴിയെ കൂടുതല്‍ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. 'ബാഹ്യസൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളാല്‍ ഒരു ഭിത്തിയിലെ സുന്ദര പെയിന്റിംഗ് ഇഷ്ടപ്പെടുന്ന ഒരാളും ആന്തരിക സൗന്ദര്യത്തിന്റെ മാനദണ്ഡത്താല്‍ പ്രവാചകന്‍ മുഹമ്മദിനെ(സ) ഇഷടപ്പെടുന്നയാളും തമ്മില്‍ വ്യാപക വ്യത്യാസമുണ്ട്. 'കലാകാരന്റെ ആന്തരിക സൗന്ദര്യം അവ ഉല്‍പാദിപ്പിക്കുന്ന കലാരൂപങ്ങളുടെ ബാഹ്യസൗന്ദര്യത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നു. അനറ്റോളിയയില്‍ അന്തിമജീവിതം നയിച്ച ജലാലുദ്ധീന്‍ റൂമി (1207-73) കവിതയെയും ഗദ്യകഥകളെയും ആദ്ധ്യാത്മിക സന്ദേശം പരത്താനുപയോഗിച്ചിരുന്ന വിശ്രുതനായ ആത്മീയ ഗുരുവും പ്രമുഖ എഴുത്തുകാരനുമായിരുന്നു. മസ്‌നവി എന്ന അദ്ദേഹത്തിന്റെ 27000 വരികള്‍ വരുന്ന കൃതി കഥകളിലൂടെയും ഉദാഹരണങ്ങളിലുടെയും മറ്റും സൂഫീ തത്വങ്ങള്‍ വിശദീകരിക്കുന്ന പ്രമുഖമായ ഒന്നാണ്. അതില്‍ കലയും സര്‍ഗ്ഗാത്മകതയും പലപ്പോഴും രൂപകങ്ങളായും അലങ്കാരങ്ങളായും പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. ഹമ്മാം അഥവാ, കുളിപ്പുര അദ്ദേഹത്തിന്റെ രൂപകങ്ങളിലൊന്നായിരുന്നു. അതിലാകട്ടെ, സാധാരണഗതിയില്‍ ചുമര്‍ചിത്രങ്ങളുണ്ടായിരുന്നു. പക്ഷെ, കുളിപ്പുരയിലെ തീച്ചൂളക്ക് ആ ചുമര്‍ച്ചിത്രങ്ങള്‍ക്ക് ഒരു ജീവനും നല്‍കാന്‍ കഴിഞ്ഞില്ല.
ഇസ്‌ലാമിക കാല്‍പനികത ചിലപ്പോഴൊക്കെ സൂഫിസത്തിന്റെ ഒരാത്മീയ ശോഭ കാണിക്കാറുണ്ട്. അതവരുടെ അലങ്കാര ബിംബങ്ങളിലേക്ക് ശ്രദ്ധേയമായ ഒരു ഉള്‍ക്കാഴ്ച പകരുന്നുണ്ട്. പോടിഫറിന്റെ ഭാര്യ സുലേഖക്ക് ബൈബിളിലെ ജോസഫിനോടുണ്ടായിരുന്ന പ്രണയം അനേകം എഴുത്തുകാരാല്‍ ആഘോഷിക്കപ്പെട്ട ഒന്നാണ്. പേര്‍ഷ്യന്‍ കവി ജാമി അതിലൊരാളാണ് (1414-92). ജോസഫിനെ വശീകരിക്കാനുള്ള വിഫലമായ ശ്രമത്തിനായി, അവര്‍ തന്റെയും ജോസഫിന്റെയും കാമോദ്ദീപകമായ ചിത്രങ്ങളാല്‍ തന്റെ മുറി അലങ്കരിച്ചിരുന്നു. പ്രാഥമികമായി ആസക്തിയെ സംബന്ധിച്ചാണെങ്കിലും ഈ കഥ വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടത് ദൈവികമായ സൗന്ദര്യത്തിനായുള്ള ആത്മാവിന്റെ നിരന്തരാന്വേഷണങ്ങളെ സംബന്ധിച്ച അന്യാപദേശ കഥയായാണ്. അദ്ധ്യാത്മിക സങ്കല്‍പങ്ങള്‍ ഗ്രന്ഥകര്‍ത്താവ് തന്റെ കൃതിയില്‍ ഉദ്ദേശിച്ചിട്ടില്ലെങ്കിലും അത് സൂഫീ പണ്ഡിതന്‍മാരാല്‍ വായിച്ചെടുക്കപ്പെട്ടിരുന്നു. റൂമി കലീലാ വ ദിംനാ എന്ന ജന്തു കഥയെ സൂഫീ അന്തരാര്‍ത്ഥകഥയായാണ് വായിച്ചെടുക്കുന്നത്. ഫിര്‍ദൗസിയുടെ ഷാഹ്നാമയില്‍ നിന്നുള്ള ആലേഖനം വഹിക്കുന്ന പള്ളിയുടെ മേല്‍ചുമരുകള്‍ ആ പദ്യത്തിന്റെ ആത്മീയ വായനാസാധ്യതയെ സൂചിപ്പിക്കുന്നുണ്ട്. റുസ്തം എന്ന നായകന്റെ ചിത്രം പ്രാരംഭവായനക്കാരുടെ കണ്ണിലൂടെ കാണുമ്പോള്‍ ഒരു വീരനായകന്‍ അല്ലെങ്കില്‍ കരുത്തന്‍ എന്നതിനപ്പുറമുള്ള ചില കാര്യങ്ങളാണ് പ്രതിഫലിപ്പിക്കുക. ഷാഹ്നാമയില്‍ ചിത്രീകരിച്ചിട്ടുള്ള അലക്‌സാണ്ടറുടെ മഹത്തായ പര്യവേക്ഷണം വായിക്കപ്പെട്ടത് ദൈവത്തിലേക്കുള്ള അദ്ധ്യാത്മിക യാത്ര ആയാണ്. ഇത്തരം ഗ്രന്ഥങ്ങളോടുള്ള സൂഫീ വായനകള്‍ സാധാരണമാണെങ്കില്‍ അതിന് കാരണം, അധികം വായനക്കാരും ഗ്രന്ഥത്തിലെ ചിത്രീകരണങ്ങള്‍ ഹീനമായി കാണാന്‍ ശ്രമിക്കാത്തതു കൊണ്ടാകും. ഒരു മിനിയേച്ചര്‍ ചിത്രത്തിലെ അതിസൂക്ഷ്മമായ ഘടകങ്ങള്‍ പോലും അദ്ധ്യാത്മിക തലങ്ങളില്‍ ആവിഷ്‌കരിക്കപ്പെട്ടതാവാം. ഒരുകൂട്ടിലെ പക്ഷി ലോകത്ത് അടഞ്ഞുപോയ ആത്മാവിനെ സൂചിപ്പിക്കുന്ന പ്രതീകമാകാം. ചുരുണ്ട മുടിക്കെട്ട് സൗന്ദര്യത്തിന്റെ ആരാധകനെ കുടുക്കിയിട്ട ദൈവികമായ ഒരു പാശമായും പ്രതീകവല്‍ക്കരിക്കപ്പെടാം. ഒരു പൊങ്കമരം സ്വര്‍ഗ്ഗത്തിലെ കൗസര്‍ ഉറവയെ സൂചിപ്പിക്കാം, വാതില്‍ എന്ന രൂപകം സ്വര്‍ഗ്ഗത്തിലെ പ്രവേശത്തെ വിളംബരം ചെയ്യുന്നതാകാം. ഷാഹിദ് എന്ന, രക്തസാക്ഷിയെന്നും സാക്ഷിയെന്നും അര്‍ത്ഥം വരുന്ന പദം, ഭൗമസൗന്ദര്യത്തെക്കുറിച്ച് ആലോചിക്കുന്ന ദൈവത്തിന്റെ മുന്നില്‍ മറകളാഗ്രഹിക്കാത്ത സൂഫീവര്യനെ സൂചിപ്പിക്കാനും ഉപയോഗിക്കപ്പെടുന്നുണ്ട്. അത്തരമൊരു സൂഫീവര്യന്‍ ദൈവത്തിന്റെ ദര്‍ശനം ലഭിക്കാനായി മരണത്തെ പുല്‍കേണ്ടി വരുന്നു. അങ്ങനെ ആലോചിക്കുമ്പോള്‍ ദര്‍ശനം, അല്ലെങ്കില്‍ നോട്ടവും രക്തസാക്ഷ്യവും അഭേദ്യബന്ധം പുലര്‍ത്തുന്നു. തീര്‍ച്ചയായും സൗന്ദര്യനിരീക്ഷണം അനേകം സൂഫികളുടെ ഉപാസനയിലെ അത്യന്തം പ്രധാനമായ ഒരു ഭാഗമാണ്. പ്രശസ്തനായ അന്തലൂസിയന്‍ (സ്പാനിഷ്) അദ്ധ്യാത്മിക പണ്ഡിതന്‍ ഇബ്‌നു അറബി (1165-1240) പ്രഖ്യാപിക്കുന്നത് 'സ്ത്രീകളെ സ്‌നേഹിക്കുക എന്നത് ജ്ഞാനികളുടെ പരിപൂര്‍ണതയുമായി ബന്ധിപ്പെട്ടിരിക്കുന്നു എന്നാണ്. കാരണം അത് പ്രവാചകനില്‍ നിന്ന് പകര്‍ന്നു വന്നതും ദൈവികവുമായ ഒരു സ്‌നേഹമാണ്.' ദൈവത്തെ ഒരു സ്ത്രീയുടെ രൂപത്തില്‍ ദര്‍ശിക്കുക എന്നതാണ് ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പരിപൂര്‍ണമായ ദര്‍ശനം. മറ്റു പലരെയും അപേക്ഷിച്ച് പല സൂഫികളും ശാരീരിക സൗന്ദര്യത്തിന്റെ ആസ്വാദനത്തിലൂടെ ആത്യന്തിക നിര്‍വൃതിക്കായി അന്വേഷിച്ചപ്പോള്‍ ബെക്താഷി സൂഫികള്‍ ഭൗമപ്രകൃതിയുടെ നിരീക്ഷണത്തിലൂടെ ദൈവത്തെ സമീപിക്കാന്‍ ശ്രമിച്ചു. രൂപകദര്‍ശനം ശീലിച്ച ഒരാള്‍ ഒരു കെട്ടിടത്തില്‍ പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ പ്രവേശിച്ച അതേ കെട്ടിടമായിരിക്കില്ല അത്.
ചിലപ്പോള്‍ കെട്ടിടത്തിലെ ആലേഖനങ്ങള്‍ അവയുടെ പ്രതീകാര്‍ത്ഥത്തെ സംബന്ധിച്ച് നേരിട്ട് സംസാരിക്കാം. 14-ാം നൂറ്റാണ്ടിലെ, ഗ്രാനഡയിലെ മുസ്‌ലിം ഭരണാധികാരികളുടെ ഭവനമായ, അല്‍ഹംറ കെട്ടിടം അതിന്റെ മുറ്റത്തെ ചുമരില്‍ ഇപ്രകാരമുള്ള ആലേഖനം ഉള്‍ക്കൊള്ളുന്നു. 'എന്റെ നൗകയിലെ ജലം ദൈവത്തെ അനുസ്മരിച്ചു കൊണ്ടിരിക്കുന്ന വിശ്വാസിയുടെ ആത്മാവിനെപ്പോലെയാണ്.' കൂടുതല്‍ വിസ്തരിച്ചു പറഞ്ഞാല്‍, എല്ലാ കാര്യങ്ങളും അസ്ഥിരമാണ് എന്ന ബോധം ദൈവത്തെ മാത്രമവശേഷിപ്പിക്കുന്നു. മറ്റ് എല്ലാ രൂപങ്ങളും ചിതറിനശിക്കുമെന്നതാവണം അല്‍ഹംറയിലെ കൊത്തിവെയ്പുകള്‍ പറയുന്നത്. അതോടൊപ്പം, വാസ്തുശില്പാകൃതികള്‍ സാമ്പ്രദായികമായി സ്വര്‍ഗ്ഗത്തിലെ അത്യധികം സുന്ദരമായ കുംഭഗോപുരവുമായി താരതമ്യം ചെയ്യപ്പെടുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും, വാസ്തുശില്പ സവിശേഷതകളിലെ ആദ്ധ്യാത്മികാര്‍ത്ഥങ്ങളിലേക്ക് പ്രമാണസാക്ഷ്യം ചേര്‍ത്തുവെക്കുന്നത് ദുര്‍ലഭമായേ കാണാനാവൂ. പേര്‍ഷ്യന്‍ ഗ്രന്ഥങ്ങളിലെ ചിത്രീകരണങ്ങള്‍ വായിക്കാന്‍ ഒരു സൂഫീ രീതിശാസ്ത്രമുണ്ടെങ്കിലും നമുക്ക് ആ വായന യഥാതഥമാണെന്ന് തിരിച്ചറിയാന്‍ മാത്രം നേരിട്ടുള്ള തെളിവുകളില്ല. കൂടാതെ, ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ആദ്ധ്യാത്മികവും മതകീയവുമായ സ്വഭാവത്തില്‍ അത്യുക്തി കലര്‍ത്തുന്നതില്‍ ചെറിയ അപകടം പതിയിരിക്കുന്നുണ്ട്. ഇസ്‌ലാമിക കലയിലെ 'ആത്മീയത'യിലെ പ്രധാന കാര്യമാണ് അതിന്റെ തെളിവുകള്‍ക്കപ്പുറം ഊന്നലുകളില്‍ കേന്ദ്രീകരിക്കുന്നു എന്നത്. ആലോചിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ്, തെളിവുകളന്വേഷിക്കുന്നിടത്ത് ആന്തരികമായ പക്ഷപാതം ഉണ്ട് എന്നത്. മതകീയനിര്‍മ്മിതികളും വസ്തുക്കളും ഭക്തിപൂര്‍ണമായ ഉപാസനകളാലും ചിലപ്പോള്‍ നിയമപരവും സാമ്പത്തികവുമായ നിബന്ധനകളാലും സംരക്ഷിതമായിരിക്കും. മതേതരമായ കാര്യങ്ങള്‍, ശുദ്ധസാഹിത്യങ്ങളിലെ ചിത്രണങ്ങള്‍, രാജകീയ കൊട്ടാരങ്ങള്‍, ഗാര്‍ഹികമായ തച്ചുശാസ്ത്രം തുടങ്ങിയവയൊന്നും ഇത്തരത്തിലുള്ള സംരക്ഷണത്തിന് വിധേയമായിട്ടില്ല, തദ്ഫലമായി അവയില്‍ കുറച്ചു മാത്രമേ ഇന്ന് അതിജീവിക്കുന്നുള്ളൂ. മതകീയവും മതേതരവുമായ വാസ്തു നിര്‍മ്മിതികള്‍ക്കുമിത് ബാധകമാണ്. പ്രത്യേകിച്ച് ഇസ്‌ലാമിക വിശ്വാസവൃത്തത്തിലും മുസ്‌ലിം സമുദായത്തിലും രൂപകപരമായും അക്ഷരാര്‍ത്ഥത്തിലും കേന്ദ്രസ്ഥാനം വഹിക്കുന്ന പള്ളികളുടെ കാര്യത്തില്‍.

വിവ: സഅദ് സല്‍മി, മുഹമ്മദ് ഷാ

റോബര്‍ട്ട് ഇര്‍വിന്‍ എഴുതിയ Islamic Art എന്ന പുസ്തകത്തില്‍ നിന്ന്‌

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top