സംഗീതത്തെക്കുറിച്ചൊരു സമഗ്ര ഗ്രന്ഥം
വി.കെ അലി
ഒരു ഗള്‍ഫ് രാഷ്ട്രത്തിന്റെ തലസ്ഥാന നഗരിയില്‍ സഹപ്രവര്‍ത്തകനായ ഒരു സലഫി പണ്ഡിതനോടൊപ്പം സഞ്ചരിക്കുകയായിരുന്നു. കാറില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേയുള്ളൂ. വാര്‍ത്തകളുടെ സമയമായപ്പോള്‍ ഞാന്‍ റേഡിയോ ഓണ്‍ ചെയ്യാന്‍ ശ്രമിച്ചു. വാര്‍ത്തകള്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ലഘുവായ മ്യൂസിക് ഈണം കേള്‍ക്കാന്‍ തുടങ്ങി. ഉടനെ എന്റെ സുഹൃത്ത് 'ബന്നിദ്' (നിര്‍ത്ത്) എന്നു ആക്രോശിച്ചുകൊണ്ട് റേഡിയോ ഓഫാക്കി. തുടര്‍ന്ന് 'അല്ലാഹ് യല്‍അനുശ്ശൈത്വാന്‍ വല്‍മ്യൂസിഖാ' (അല്ലാഹു പിശാചിനെയും മ്യൂസിക്കിനെയും ശപിക്കട്ടെ) എന്നു പറഞ്ഞു. ശൈഖ് യൂസുഫുല്‍ ഖര്‍ദാവിയുടെ പാഠശാലയില്‍ വളര്‍ന്ന ഞങ്ങള്‍ക്ക് 'സംഗീത'ത്തോട് ഇത്ര വലിയ അലര്‍ജിയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ സ്‌നേഹിതന്റെ വികാരം മാനിച്ച് മൗനിയായിരുന്നു. ജീവിതത്തില്‍ ഒരല്‍പമെങ്കിലും സംഗീതാസ്വാദനമില്ലാത്ത ഒരാളുടെ മനസ്സ് എത്രകണ്ട് ഊഷരമായിരിക്കുമെന്ന് ചിന്തിക്കാറുണ്ട്. പക്ഷേ, പണ്ഡിതന്മാരടക്കമുള്ള പലരുടെയും കടുംപിടുത്തം ഒരുപാടാളുകളെ ബേജാറിലാക്കിയിരിക്കുന്നു. കുറച്ചുകാലംമുമ്പ് 'സംഗീത'ത്തെക്കുറിച്ചൊരു ചോദ്യത്തിന് പ്രബോധനം വാരികയില്‍ ഈ ലേഖകന്‍ എഴുതിയ മറുപടി തല്‍സംബന്ധമായ പ്രമാണങ്ങളെയെല്ലാം വിലയിരുത്തിക്കൊണ്ടുള്ള മിതവാദപരമായ ഒരഭിപ്രായത്തെയാണ് പ്രതിനിധീകരിച്ചത്. അത് പക്ഷേ, പലരെയും വിറളി പിടിപ്പിക്കുകയുണ്ടായി. ഫോണിലൂടെ ലഭിച്ച പല പ്രതികരണങ്ങളും വികാരപരമായിരുന്നു. കുറേപേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചുവെങ്കിലും.
സംഗീതത്തിനെതിരെ സലഫി ചിന്താധാര പൊതുവെ അവലംബിക്കുന്ന നിഷേധാത്മക നിലപാടില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് നമ്മുടെ മുന്നിലുള്ള 'സംഗീതവും ഗാനവും ഇസ്‌ലാമിന്റെ അളവ് കോലില്‍' (അല്‍ മൂസീഖാ വല്‍ഗിനാ ഫീ മീസാനില്‍ ഇസ്‌ലാം) എന്ന ഈ കൃതി സ്വീകരിച്ചിരിക്കുന്നത്. അറുന്നൂറ്റി മുപ്പത്താറ് പേജുകളുള്ള ഈ ബൃഹദ്ഗ്രന്ഥം ഗാനവും സംഗീതവുമായി ബന്ധപ്പെട്ട സകല പ്രമാണങ്ങളെയും കൂലങ്കഷമായി പരിശോധിക്കുകയും അവയിലെ കല്ലും നെല്ലും വേര്‍തിരിക്കുകയും ചെയ്യുന്നു. ഇവരണ്ടും നിഷിദ്ധ(ഹറാം)മാണെന്ന് പറയുന്നതിന് സ്വീകാര്യമായ ഒരു പ്രമാണവുമില്ലെന്ന് അസന്നിഗ്ധമായി അദ്ദേഹം വ്യക്തമാക്കുന്നു.
ഗ്രന്ഥകാരനായ അബ്ദുല്ല ബ്ന്‍ യൂസുഫുല്‍ ജുദൈഅ് അറിയപ്പെടുന്ന സലഫി പണ്ഡിതനും നിരവധി പ്രാമാണിക ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. 1959-ല്‍ ബസ്‌റയില്‍ ജനിച്ച അദ്ദേഹം ചെറുപ്പം മുതല്‍ ഇസ്‌ലാമിക ശിക്ഷണവും ദീനീ വിദ്യാഭ്യാസവും നേടി. പ്രാമാണികരായ പണ്ഡിത ശ്രേഷ്ഠരില്‍നിന്ന് കര്‍മശാസ്ത്രവും ഹദീസ് വിജ്ഞാനീയങ്ങളും അറബിഭാഷയും പഠിച്ചു. 1978 മുതല്‍ 1993 വരെ കുവൈത്തിലാണ് കഴിച്ചുകൂടിയത്. പഠനഗവേഷണങ്ങളിലും പ്രത്യേകിച്ച് ഹദീസ് വിജ്ഞാനീയങ്ങളിലുമായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം. 1993നുശേഷം ബ്രിട്ടനിലേക്ക് ചേക്കേറുകയും പഠന ഗവേഷണങ്ങള്‍ക്കായി ഒരു കേന്ദ്രം സ്ഥാപിക്കുയും ചെയ്തു. യൂറോപ്യന്‍ ഫത്‌വാ കൗണ്‍സില്‍ മെമ്പറും ഒരു കാലത്ത് അതിന്റെ സെക്രട്ടറിയുമായിരുന്നു. നിരവധി ഇസ്‌ലാമിക സാമ്പത്തിക സംരംഭങ്ങളുടെ ഉപദേഷ്ടാവ് കൂടിയാണ്. ഉലൂമുല്‍ഹദീസ്, ഉസൂലുല്‍ ഫിഖ്ഹ്, ഉലൂമുല്‍ ഖുര്‍ആന്‍, അറബി വ്യാകരണശാസ്ത്രം എന്നീ ശാസ്ത്രശാഖകളില്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രശംസ നേടിയിട്ടുണ്ട്. സലഫി അഖീദയെക്കുറിച്ചും അദ്ദേഹം പുസ്തകം രചിച്ചിട്ടുണ്ട്. സംഗീതത്തെക്കുറിച്ചുള്ള നമ്മുടെ മുന്നിലെ രചനയും അദ്ദേഹത്തിന്റെ അപഗ്രഥനപാടവം വിളിച്ചോതുന്നു.
സംഗീതവിരോധികള്‍ വിശുദ്ധ ഖുര്‍ആനില്‍നിന്ന് അവര്‍ക്കനുകൂലമായി ഉദ്ധരിക്കുന്ന അഞ്ചുസൂക്തങ്ങളെയാണ് ഒന്നാമത്തെ ചര്‍ച്ചയില്‍ ഗ്രന്ഥകാരന്‍ ആലോചനാ വിഷയമാക്കുന്നത്. സൂറത്തുല്‍ ഇസ്‌റാഅ് 64, സൂറത്തു ലുഖ്മാന്‍ 6, സൂറത്തുല്‍ ഫുര്‍ഖാന്‍ 72, സൂറത്തു നജ്മ് 61, സൂറത്തുല്‍ അന്‍ഫാല്‍ 35 എന്നിവയാണവ. ഇതില്‍ ഏറ്റവും ശക്തമായ തെളിവായുദ്ധരിക്കുന്നത് സൂറതു ലുഖ്മാനിലെ സൂക്തമാണ്. അതിങ്ങനെ: വിനോദവാര്‍ത്ത വിലക്കുവാങ്ങി അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് -വിവരമില്ലാതെ- ജനങ്ങളെ വഴിപിഴപ്പിക്കാനും അതിനെ പരിഹാസപാത്രമാക്കാനും ശ്രമിക്കുന്ന ചിലരുണ്ട്. അവര്‍ക്ക് നിന്ദ്യമായ ശിക്ഷയാണുള്ളത്. ''ഇവിടെ വിനോദവാര്‍ത്ത എന്നതിന്റെ വിവക്ഷ സംഗീതോപകരണങ്ങളാണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തശേഷം ഗ്രന്ഥകാരന്‍ എഴുതുന്നു: ഗാനം, കവിത, കഥകള്‍, നാടകങ്ങള്‍, ഫിലിമുകള്‍, നോവലുകള്‍ തുടങ്ങി വിനോദത്തിനുപയോഗിക്കുന്ന എല്ലാ വസ്തുക്കളും അവയുടെ ലക്ഷ്യം ദൈവിക ദീനില്‍നിന്ന് ജനങ്ങളെ തടയുകയോ അതിനെ പരിഹസിക്കുകയോ ആണെങ്കില്‍ അവര്‍ക്ക് കടുത്ത ശിക്ഷയുണ്ട്. എന്നാല്‍ പ്രസ്തുത ലക്ഷ്യം ഇല്ലാത്തേടത്ത് ഈ വിധി പ്രസക്തമാവുകയില്ല. ഇത്തരം വിനോദങ്ങള്‍ നിഷിദ്ധമാണെന്നതിന് വേറെ തെളിവു വേണ്ടിയിരിക്കുന്നു.'' (പേജ് 72,73)
പിന്നീടദ്ദേഹം ചര്‍ച്ച ചെയ്യുന്നത് ഈ വിഷയകമായി വന്ന ഹദീസുകളാണ്. നബി(സ) പല സന്ദര്‍ഭങ്ങളിലും ഗാനങ്ങള്‍ കേള്‍ക്കുകയും സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി അവയില്‍നിന്ന് വ്യക്തമാകും. സാഇബുബ്‌നു യസീദ് നിവേദനം ചെയ്യുന്നു: ഒരു സ്ത്രീ തിരുമേനിയുടെ അടുത്ത് വന്നു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ആഇശാ, ഇവളെ നീ അറിയുമോ? അവര്‍ പറഞ്ഞു: ഇല്ല, പ്രവാചകരെ. അപ്പോള്‍ നബി(സ) പറഞ്ഞു: ഇത് 'ഇന്ന' ഗോത്രത്തിലെ ഗായികയാണ്. അവളെ കേള്‍ക്കാന്‍ നിനക്ക് താല്‍പര്യമുണ്ടോ? ആഇശ: ഉണ്ട്. അപ്പോള്‍ തിരുമേനി അവള്‍ക്ക് ഒരു മദ്ദളം കൊടുക്കുകയും അവളതുപയോഗിച്ച് പാടുകയും ചെയ്തു. ബുറൈദ അല്‍ അസ്‌ലമിയുടെ മറ്റൊരു നിവേദനത്തില്‍ പറയുന്നു: ഒരു നീഗ്രോ അടിമസ്ത്രീ ഒരിക്കല്‍ തിരുമേനിയോടു വന്നു പറഞ്ഞു; താങ്കള്‍ യുദ്ധാനന്തരം സുരക്ഷിതനായി മടങ്ങിയെത്തുകയാണെങ്കില്‍ താങ്കളുടെ മുന്നില്‍ ദഫ്ഫുമുട്ടി പാടുമെന്ന് എനിക്ക് നേര്‍ച്ചയുണ്ട്. അപ്പോള്‍ തിരുമേനി പറഞ്ഞു: നീ നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ പാടിക്കോളൂ. അപ്പോളവര്‍ കൊട്ടിപ്പാടാന്‍ തുടങ്ങി. അബ്‌സീനിയന്‍ ട്രൂപ്പ് പള്ളിമുറ്റത്ത് കലാപരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ നബി(സ) അതാസ്വദിക്കുകയും ആഇശ(റ)യെ കൂടെ നിര്‍ത്തി കാണിച്ചുകൊടുക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. അന്‍സാരി പെണ്‍കുട്ടിയുടെ കല്യാണത്തിന് വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചു കൂടായിരുന്നില്ലേ എന്ന് നബി(സ) ചോദിച്ചതും പ്രബലമായ പരമ്പരകളിലൂടെ തെളിഞ്ഞുവന്നിട്ടുണ്ട്. ഇവയെല്ലാം വ്യക്തമാക്കുന്നത് സംഗീതവും ഗാനാലാപനവും മിതമായ തോതില്‍ സന്തോഷത്തിന്റെയും വിശ്രമത്തിന്റെയും വേളകളില്‍ അനുവദനീയമാണെന്നും അവയിലൊന്നും വിരോധമില്ലെന്നുമാണ്. എന്നാല്‍ ചില ഹദീസുകളില്‍ വാദ്യോപകരണങ്ങളെ ആക്ഷേപിച്ചുകൊണ്ടുള്ള പ്രതിപാദനമുണ്ട്. ഉദാഹരണമായി ബുഖാരി നിവേദനം ചെയ്ത ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. നബി(സ) പറഞ്ഞു: വ്യഭിചാരം, പട്ട്, മദ്യം, വാദ്യോപകരണങ്ങള്‍ എന്നിവ അനുവദനീയമാക്കുന്ന ഒരു വിഭാഗം എന്റെ സമുദായത്തില്‍ പ്രത്യക്ഷപ്പെടും.'' സംഗീതം നിഷിദ്ധമാണെന്ന് കരുതുന്നവരുടെ മുഖ്യ അവലംബമായ ഈ ഹദീസില്‍ ഇത്തരക്കാരെ അല്ലാഹു കുരങ്ങന്മാരും പന്നികളുമാക്കി കോലം മാറ്റുമെന്നാണ് പറയുന്നത്. സൂക്ഷ്മമായി പരീക്ഷിച്ചാല്‍ മദ്യപാനം, ചൂതാട്ടം, വ്യഭിചാരം, ധൂര്‍ത്ത് എന്നിവയോടൊപ്പമാണ് ഇത്തരം നിവേദനങ്ങളെല്ലാം വാദ്യോപകരണങ്ങളെയും ചേര്‍ത്തു പറഞ്ഞിരിക്കുന്നത്. തികച്ചും അനിസ്‌ലാമികമായ ഒരു സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന സദസ്സുകളാണ് അവയുടെയെല്ലാം വിവക്ഷ. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മിതമായ തോതില്‍ സംഗീതവും ഗാനാലാപനവും ആകാമെന്നതിന് അതൊന്നും എതിരല്ല.
സ്വഹാബിമാരുടെ നിലപാടിനെക്കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നു; സ്ഥിരപ്പെട്ട പരമ്പരകളിലൂടെ സ്വഹാബിമാരില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നത് അവരാരും ഗാനം നിഷിദ്ധമായി കണ്ടിരുന്നില്ല എന്നാണ്. അവയില്‍ ചിലതില്‍നിന്ന് കവിഞ്ഞാല്‍ മനസ്സിലാവുന്നത്, കൂടുതല്‍ അനിവാര്യമായ കര്‍മത്തിലേര്‍പ്പെടേണ്ട സന്ദര്‍ഭങ്ങളില്‍ ഗാനം അനഭിലഷണീയമാണ് എന്ന് മാത്രമാണ്. അതുപോലെ സംഗീതം നിഷിദ്ധമാണെന്ന് അവരുടെ വാക്കുകളിലൊന്നുമില്ല. ഇബ്‌നു അബ്ബാസിന് മാത്രമേ വ്യത്യസ്താഭിപ്രായമുള്ളൂ. അതാകട്ടെ സ്ഥിരപ്പെട്ട നിവേദനവുമല്ല. പേജ് 176
നാലു ഇമാമുകളുടെയും അനുയായികള്‍ പൊതുവെ കരുതുന്നത് വാദ്യോപകണങ്ങള്‍ ഹറാമാണെന്നത്രെ. ദഫ്ഫും മദ്ദളവുമൊഴികെ. എന്നാല്‍ പ്രസ്തുത ഇമാമുകളുടെയെല്ലാം പ്രസ്താവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയശേഷം ഗ്രന്ഥകാരന്‍ എത്തിച്ചേരുന്നത്, അവരാരും സംഗീതോപകണങ്ങള്‍ നിഷിദ്ധം(ഹറാം) ആണെന്ന് പ്രസ്താവിച്ചിട്ടില്ല എന്നാണ്. 214-ാം പേജില്‍ ഗ്രന്ഥകാരന്‍ എഴുതുന്നു: അബൂഹനീഫയുടെയും മാലിക്കിന്റെയും അഭിപ്രായം സംഗീതം ഹറാമാണെന്ന് വ്യക്തമാക്കുന്നില്ല. അവ 'കറാഹത്താ'ണെന്നേ സൂചിപ്പിക്കുന്നുള്ളൂ. ഇമാം ശാഫിഈ ചില ഉപകരണങ്ങളില്‍ തീവ്രത കാണിക്കുന്നുവെങ്കിലും ഹറാമാണെന്ന് വ്യക്തമാക്കിയിട്ടില്ല. അഹ്മദ്ബ്‌നു ഹമ്പലിന്നു മാത്രമേ അങ്ങനെ അഭിപ്രായമുണ്ടെന്ന് പറയാന്‍ പറ്റൂ. ഈ വിഷയകമായി 'ഇജ്മാഅ്' ഉണ്ടെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളയുന്നു.
ഹദീസ് ശാസ്ത്രത്തില്‍ അഗ്രഗണ്യനായ അബ്ദുല്ല അല്‍ ജുദൈഅ് ഇവ്വിഷയകമായി വന്ന എല്ലാ നിവേദനങ്ങളെയും പരിശോധനാ വിധേയമാക്കുന്നുണ്ട്. ഏത് വിഷയങ്ങളെക്കുറിച്ചും അഹ്‌ലെ ഹദീസിന്റെ(സലഫികളുടെ) സമീപനം അതാണല്ലോ. താരതമ്യേന സ്വീകാര്യമായ വന്ന പതിനൊന്ന് ഹദീസുകള്‍ 301 മുതല്‍ 386 വരെയുള്ള പേജുകളില്‍ വിശകലനം ചെയ്യുന്നു. ദുര്‍ബലമോ കൃത്രിമമോ ആയ 73 റിപ്പോര്‍ട്ടുകള്‍ 389 മുതല്‍ 570 വരെയുള്ള പേജുകളില്‍ അപഗ്രഥിക്കുന്നു. ഇത്തരം പഠനങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം തന്റെ ഗവേഷണത്തിന്റെ രത്‌നച്ചുരുക്കം ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു.
1. സംഗീതത്തെയും ഗാനത്തെയും സംബന്ധിച്ച മതവിധിയില്‍ ഇജ്മാഅ്(ഏകകണ്ഠമായ അഭിപ്രായം) ഇല്ല.
2. അവയെക്കുറിച്ച് ഒരു ഖുര്‍ആന്‍ സൂക്തവും വ്യക്തമായി പരാമര്‍ശിക്കുന്നില്ല.
3. അവ വിലക്കിക്കൊണ്ട് പ്രവാചക ചര്യയില്‍ ഖണ്ഡിതമായി യാതൊന്നും വന്നിട്ടില്ല.
4. സ്വഹാബികളുടെയോ ത്വാബിഉകളുടെയോ നിലപാടുകളില്‍ സംഗീതവും ഗാനാലാപനവും നിഷിദ്ധമാണെന്ന് സ്പഷ്ടമാക്കുന്ന യാതൊന്നുമില്ല. മാത്രമല്ല, അവരില്‍ പലരും അത് ഉപയോഗിക്കുകയും അനുവദിക്കുകയും ചെയ്തിരുന്നു. അവരുടെ കാലശേഷമാണ് അവ ഹറാമാണെന്ന അഭിപ്രായം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അത് തന്നെ വ്യക്തമായല്ല, വ്യംഗ്യമായി.
5. നാലു മദ്ഹബുകളുടെ ഇമാമുകളും ഇവ സംബന്ധമായി ഹറാമാണെന്ന് പറഞ്ഞുവെന്നത് സൂക്ഷ്മമല്ല.
6. അടിസ്ഥാനപരമായി ഈ രണ്ടു വിഷയങ്ങളും അനുവദനീയമാണ്. വ്യക്തമായ പ്രമാണമില്ലാതെ പ്രസ്തുത വിധിയില്‍ മാറ്റമുണ്ടാകാവതല്ല.
വാദ്യോപകരണങ്ങളില്‍നിന്ന് നിര്‍ഗളിക്കുന്ന ശബ്ദം അനുവദനീയമാണെന്നും അത് തെറ്റായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് നിഷിദ്ധമെന്നും തുടര്‍ന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ദുരുപയോഗമാണ് ഒരു കാര്യം തെറ്റാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലെന്നും പുരുഷന്മാരുടെയോ സ്ത്രീകളുടെയോ പാട്ടുകള്‍ കേള്‍ക്കുന്നത് തെറ്റല്ലെന്നും മ്യൂസിക്കും ഗാനവും പ്രഫഷനലായി ചെയ്യുന്നതും അനുവദനീയമാണെന്നും തുടര്‍ന്നദ്ദേഹം പറയുന്നു.
പ്രമാണബദ്ധമായി സംഗീതവും ഗാനവുമെല്ലാം വിലയിരുത്തുകയും ഇത്ര സമഗ്രമായി അവ വിശകലനം ചെയ്യുകയും ചെയ്ത മറ്റൊരു ഗ്രന്ഥം കണ്ടെത്തുക പ്രയാസമാണ്. പണ്ഡിതന്മാര്‍ക്കും മതവിജ്ഞാന കുതുകികള്‍ക്ക് ഇത് വളരെ പ്രയോജനപ്പെടും. ചില വൃത്തങ്ങളില്‍ കടുത്ത അമര്‍ഷത്തിനിടവരുത്തുമെങ്കിലും.
പ്രസാധനം
Al Judai Research and Consultations
Leeds- Britain