ഇസ്‌ലാമിന്റെ വാള്‍: സാംസ്‌കാരിക പ്രതിനിധാനമോ ഹിംസയുടെ ആയുധമോ? ഒരു ചരിത്ര വിശകലനം

കെ. മുഹമ്മദ് മുനീര്‍‌‌
img

പ്രവാചക കാലഘട്ടത്തിനുമുമ്പേ, അറേബ്യയുടെ സാമൂഹ്യ പരിസരത്ത് രൂപപ്പെട്ട ഒരു സാംസ്‌കാരിക ചിഹ്നമായ വാളിനെ, ഇസ്‌ലാമിന്റെ ദാര്‍ശനികാടിത്തറയില്‍നിന്നു രൂപപ്പെട്ട ഹിംസയുടെ പ്രതീകമായി അടയാളപ്പെടുത്താനുള്ള പടിഞ്ഞാറിന്റെ ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്‌ലാം വാളുകൊണ്ട് പ്രചരിച്ച മതമാണെന്ന ഓറിയന്റിലിസ്റ്റ് ചരിത്രവായന അത്തരത്തില്‍ ഒന്നാണ്. അത് ഇസ്‌ലാമിന്റെ പ്രചാരത്തിന് തടയിടാന്‍ പോന്ന ഒരപകീര്‍ത്തിയായി വളരെ കാലമായി നിലനിന്നിരുന്നു. ഇസ്‌ലാം ഹിംസയുടെയും അസഹിഷ്ണുതയുടെയും മതമാണെന്ന പൊതുബോധം സൃഷ്ടിക്കുകയായിരുന്നു അത്തരം രചനകള്‍. അപ്രകാരം പാശ്ചാത്യലോകത്ത് പൊതുവെ ഇസ്‌ലാമിനെ സംബന്ധിച്ച് വളരെ പ്രതിലോമകരമായ ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ചരിത്രവും വര്‍ത്തമാനവും സത്യവും നീതിയുമൊക്കെ പടിഞ്ഞാറിനായി നിര്‍വചിക്കപ്പെടുന്ന ഒരു ലോകക്രമത്തില്‍, ഇസ്‌ലാമിനെ സംബന്ധിച്ചുള്ള പടിഞ്ഞാറന്‍ ധാരണകള്‍ ലോകത്തിന്റെ തന്നെ പൊതുബോധമായി മാറിയതില്‍ അതിശയമില്ല.
ആ പ്രചരണങ്ങള്‍ ഇസ്‌ലാം വിരോധികളാല്‍ ഇന്നും അനുസ്യൂതം തുടര്‍ന്നു വരുന്നുണ്ട്. പുതിയ ചില ചിഹ്നങ്ങളും ബിംബങ്ങളുമാണ് ഇസ്‌ലാമിന്റെ ഹിംസയുടെ പ്രതിനിധാനമായി പടിഞ്ഞാറ് അവതരിപ്പിക്കുന്നതെന്നു മാത്രം. അക്രമവും ക്രൂരതയുമെല്ലാം ഇസ്‌ലാമിനോടു മാത്രം ചേര്‍ത്തുപറയേണ്ട പര്യായ പദങ്ങളാണിന്ന്. മുസ്‌ലിംകളില്‍ നിന്ന് പേരിനെങ്കിലും ഇത്തരക്കാരെ കിട്ടാതെ വരുമ്പോള്‍, ഇസ്‌ലാമും മുസ്‌ലിംകളും ഇങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍, മുസ്‌ലിമായി സ്വയം അവരോധിച്ചെത്തുന്ന ഇറക്കുമതി ഭീകരവാദസംഘങ്ങളുണ്ടിന്ന്. ഒറ്റ നിബന്ധനയേ ഉള്ളൂ. ഈ ക്രൂരതകള്‍ മുഴുവന്‍ ഇസ്‌ലാമിന്റെ പേരില്‍ വരവു വെക്കപ്പെടണം. സ്‌കൂള്‍ കുട്ടികളെ നിഷ്‌കരുണം കൊന്നൊടുക്കുന്നതും, ഇസ്‌ലാം സ്വീകരിക്കാത്തതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ക്രിസ്ത്യാനികളും, ഇസ്‌ലാമിക രാജ്യത്തിനു വേണ്ടി, തങ്ങളല്ലാത്ത മുഴുവന്‍ മുസ്‌ലിംകളോടു യുദ്ധം പ്രഖ്യാപിക്കുന്നതും, മുജാഹിദുകള്‍ക്ക് ലൈംഗികസുഖം പകരാന്‍ അടിമ സ്ത്രീകളെ റിക്രൂട്ടു ചെയ്യുന്നതും തുടങ്ങി എല്ലാ ക്രൂരതകളും നീച വൃത്തികളും ഇസ്‌ലാമിനോടു ചേര്‍ത്തു പറയപ്പെടണം. 'ഹിംസയുടെ ഇസ്‌ലാമിന്റെ' പുതിയ കാലത്തെ പ്രതിനിധാനമാണിത്. സത്യത്തെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവര്‍ എന്നും ഇതുപോലുള്ളതോ സമാനമായതോ ആയ ആരോപണങ്ങള്‍ ഉയര്‍ത്തി, ഇസ്‌ലാമില്‍ ഭീതിയും സംശയവും ഉണ്ടാക്കിയിട്ടുണ്ട്. അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ അല്ലാഹു പ്രഖ്യാപിച്ചതത്രേ സത്യം. 'ഇവര്‍ തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നു. അല്ലാഹുവിന്റെ നിയമമോ, തന്റെ പ്രകാശത്തെ സമ്പൂര്‍ണ്ണമായി പരത്തുക തന്നെ വേണമെന്നത്രേ. സത്യനിഷേധികള്‍ക്ക് അതെത്ര അസഹ്യമായിരുന്നാലും ശരി' (ഖുര്‍ആന്‍ 61:8)

പാശ്ചാത്യ വിമര്‍ശനങ്ങള്‍
ഇസ്‌ലാമിന്റെ ആറ് അടിസ്ഥാന വിശ്വാസപ്രമാണങ്ങളില്‍ ഒന്നായ വിധിവിശ്വാസമാണ്, മുസ്‌ലിംകളെ യുദ്ധക്കൊതിയന്മാരാക്കിയതെന്നും, നിര്‍ബന്ധ മതംമാറ്റത്തിനു മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നതെന്നും 'Mohamed and His Successors' എന്ന തന്റെ വിഖ്യാത കൃതിയില്‍ കുറിച്ചിട്ടത് അമേരിക്കന്‍ എഴുത്തുകാരനും ചരിത്രകാരനുമായിരുന്ന വാഷിംഗ്ടണ്‍ ഇര്‍വിംഗ് (1783-1859) (1) ആയിരുന്നു. റിപ് വാന്‍ റിംഗിളിന്റെ കാല്പനിക കഥ അതിമനോഹരമായി മെനഞ്ഞ ആ തൂലിക മുഹമ്മദിനെ കുറിച്ചെഴുതിയതും വായനക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇസ്‌ലാമിന്റെ ചരിത്രത്തെ ഒരു പരിധിയോളം വസ്തുതാപരമായി സമീപിക്കുമ്പോള്‍ തന്നെ, അതിനെ അപകീര്‍ത്തിപ്പെടുത്താന്‍ പോന്ന ഇര്‍വിംഗിന്റെ പരാമര്‍ശങ്ങള്‍ പടിഞ്ഞാറന്‍ ജനതയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.
18-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട The History of the Decline and Fall of the Roman Empire എന്ന ബഹൃത്തായ ചരിത്ര കൃതിയിലൂടെ ഇംഗ്ലീഷ് ചരിത്രകാരനായ എഡ്വേര്‍ഡ് ഗിബ്ബന്‍ (Edward Gibbon) ആണ് ഇസ്‌ലാമിനുമേല്‍ ഹിംസയും അസഹിഷ്ണുതയും ആരോപിച്ച് തുറന്ന വിമര്‍ശനവുമായി ആദ്യമായി രംഗത്തു വന്നത്. ലോകത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ച യുദ്ധങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രം വിവരിക്കുന്ന തന്റെ എന്‍സൈക്ലോപീഡിക് കൃതിയില്‍ മറ്റു പല സാമ്രാജ്യങ്ങളെയും അതിന്റെ നായകന്‍മാരെയും വിശേഷിപ്പിച്ച പോലെ, ഇസ്‌ലാമിനെയും അതിന്റെ പ്രവാചകനെയും ഹിംസയുടെയും അക്രമത്തിന്റെയും മതമായും വക്താവായും വിശേഷിപ്പിക്കുകയായിരുന്നു ഗിബ്ബന്‍. 20-ാം നൂറ്റാണ്ടിലെ പ്രമുഖ ചരിത്രകാരനായിരുന്ന വില്‍ഫ്രഡ് കാന്റ്‌വെല്‍ സ്മിതിലൂടെ (2) ഗിബ്ബണിന്റെ വിമര്‍ശനം യൂറോപിലും അമേരിക്കയിലും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 'Muhammed preached Islam with a sword in one hand and Quran in the other' ഒരു കൈയില്‍ വാളും മറു കൈയില്‍ ഖുര്‍ആനുമേന്തിയാണ് മുഹമ്മദ് പ്രബോധനം നടത്തിയത്' എന്ന പരാമര്‍ശം, 'ഹിംസയുടെ ഇസ്‌ലാമിനെ' കുറിച്ച് നേരത്തെ പ്രചരിപ്പിക്കപ്പെട്ട 'കഥ'കളെ ശക്തിപ്പെടുത്തുന്നതായിരുന്നു.
പോപ് ബെനഡിക്റ്റ് പതിനാറാമന്‍ 2006 ല്‍ പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചു ലോകത്തോടു വിളിച്ചു പറഞ്ഞതും സമാനമായ കാഴ്ചപ്പാടാണ്. 'Show me just what Muhammed brought that was new and there you will find things only evil and inhumans, such as his command to spread by the sword the faith he preached' എന്തു നന്മയാണ് മുഹമ്മദ് ഈ ലോകത്ത് കൊണ്ടുവന്നതെന്നു കാണിക്കൂ. തിന്മയും ക്രൂരതകളും മാത്രമേ നിങ്ങള്‍ക്ക് കാണാന്‍ കഴിയൂ. വാളു കൊണ്ട് മതം പ്രചരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കല്‍പ്പനയും അത്തരത്തില്‍ ഒന്നാണ്. 'തങ്ങളുടെ വാദങ്ങള്‍ക്കുള്ള തെളിവായി ഇസ്‌ലാമിക പ്രമാണങ്ങളെയും അവര്‍ ഉപയോഗപ്പെടുത്തി. 'സ്വര്‍ഗ്ഗവാതിലുകള്‍ വാളിന്റെ നിഴലിലാണെന്നും' (3) 'ജനങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹു പറയുന്നതുവരെ അവരുമായി യുദ്ധത്തിലേര്‍പ്പെടാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു' (ബുഖാരി, മുസ്‌ലിം) എന്നുമുള്ള നബിവചനങ്ങള്‍ക്ക് മുസ്‌ലിം ലോകം ഇക്കാലമത്രയും മനസ്സിലാക്കിയതില്‍ നിന്നും വ്യത്യസ്തമായ ഒരു വ്യാഖ്യാനം നല്‍കപ്പെട്ടു, അവിശ്വാസികളെ ആരെയും കൊല്ലാനുള്ള ഇസ്‌ലാമിന്റെ ആഹ്വാനമായി അതിനെ അവതരിപ്പിക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ ആദ്യ കാലങ്ങളില്‍ നിന്നു ഭിന്നമായി, മുസ്‌ലിം നാമധാരികളായ ചില ഭരണാധികാരികള്‍ പില്‍ക്കാലത്ത് നടത്തിയ രാജ്യ വിപുലീകരണത്തിന് വേണ്ടിയുള്ള സൈനികമുന്നേറ്റങ്ങളെ പ്രസ്തുത കക്ഷിയിലേക്കു ചേര്‍ത്ത് നിര്‍ത്തിയാണ് ഓറിയന്റലിസ്റ്റുകള്‍ ഇത്തരമൊരു ചരിത്രവായനക്കു തെളിവുകള്‍ നിരത്തിയത്. ഇസ്‌ലാം ഹിംസയുടെ മതമാണെന്ന പ്രചരണം ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനും ഇതൊക്കെ ധാരാളമായിരുന്നു.
ഓറിയന്റലിസ്റ്റുകള്‍ തുടക്കം കുറിച്ച ഇസ്‌ലാമിനെതിരിലുള്ള ഇത്തരം ആരോപണങ്ങള്‍ക്ക് ഇന്ന് ഏറെ കനം വച്ചിട്ടുണ്ട്. ശൈലീഭേദങ്ങളോടെ നവമാധ്യമങ്ങളിലൂടെ അത്തരം പ്രചരണങ്ങള്‍ ആസൂത്രിതമായി നടക്കുകയും, അതിനു വേണ്ടത്ര പ്രചാരം ലഭിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കാരുണ്യത്തിന്റെ പ്രവാചകനെ ഹിംസയുടെ പ്രതീകമായി, തലപ്പാവില്‍ ബോംബുവെച്ചും ടെററിസത്തിന്റെ ലേബലൊട്ടിച്ചും കാരിക്കേച്ചറുകളിലൂടെയും സിനിമകളിലൂടെയും അവതരിപ്പിക്കപ്പെടുന്നതു ഈയൊരു പശ്ചാത്തലത്തിലാണ്. ജിഹാദ് എന്ന പവിത്രമായ ഇസ്‌ലാമിക ആശയത്തെ, അവിശ്വാസികളെ നിര്‍ദാക്ഷിണ്യം ഇല്ലായ്മ ചെയ്യുന്ന ഭീകരതയുടെ പര്യായമായി പരിചയപ്പെടുത്തപ്പെടുന്നതിന്റെ രാഷ്ട്രീയവും മറ്റൊന്നല്ല. ജിഹാദീ ഗ്രൂപ്പുകളെന്ന പേരില്‍ മുസ്‌ലിം രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അതിക്രമങ്ങളും നിഷ്ഠൂരതകളും അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന 'ഐസിസു'കളും ബോകോ ഹറാമുകളും നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ധര്‍മ്മം, ഓറിയന്റിലിസ്റ്റുകള്‍ ആസൂത്രിതമായി തുടങ്ങിവെച്ച ഇസ്‌ലാമിനെതിരിലുള്ള ബൗദ്ധികാക്രമത്തിന്റെ പിന്തുടര്‍ച്ച മാത്രമാണ്. യാത്രക്കാരെ തടഞ്ഞു നിര്‍ത്തി മുസ്‌ലിമാണോ എന്നു ചോദിക്കുകയും അല്ലെങ്കില്‍ വെടിവച്ചുകൊല്ലുകയും ചെയ്യുന്ന, സ്‌കൂള്‍ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്ന, നിരപരാധികളെയും മാധ്യമപ്രവര്‍ത്തകരുടെയും കഴുത്തറത്ത് നിഷ്ഠൂരം വധിക്കുന്ന ജിഹാദീ ഗ്രൂപ്പുകള്‍, ഓറിയന്റലിസ്റ്റുകള്‍ മുമ്പ് പടിഞ്ഞാറിന് പരിചയപ്പെടുത്തിയ മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്നുണ്ട്.
ഇസ്‌ലാമിനെ സംബന്ധിച്ചുള്ള ഇത്തരം ആരോപണങ്ങള്‍ പൊതുരംഗത്തേക്ക് ഏറെ വലിച്ചിഴക്കപ്പെട്ട ഇക്കാലത്തു തന്നെയാണ് പടിഞ്ഞാറില്‍ ഏറ്റവുമധികം ഇസ്‌ലാം വളര്‍ച്ചയുണ്ടായതെന്നതും ഏറെ കൗതുകകരമാണ്. ഇസ്‌ലാം ഹിംസയുടെ മതമാണെന്ന പതിവ് പഴംപുരാണങ്ങള്‍ക്ക് പടിഞ്ഞാറന്‍ ജനതയുടെ അന്വേഷണാത്മക പൊതുമനസ്സിനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ്, അക്രമണാത്മക ഇസ്‌ലാമിന്റെ പ്രായോഗിക മാതൃകകളുമായി ഐസിസും ബോകൊഹറാമും രംഗപ്രവേശം ചെയ്യുന്നത്. പടിഞ്ഞാറന്‍ ജനത തങ്ങള്‍ക്കൊപ്പം ജീവിക്കുന്ന മുസ്‌ലിംകളില്‍ കാണാത്ത 'ഹിംസയുടെ ഇസ്‌ലാമിനെയാണ്' ഐസിസിലൂടെയും സമാന തീവ്രവാദ ഗ്രൂപ്പുകളിലൂടെയും ഇസ്‌ലാം വിരുദ്ധത കൊണ്ടു വരാന്‍ ശ്രമിക്കുന്നത്.

നിര്‍ബന്ധ മതപരിവര്‍ത്തനവും പ്രലോഭനങ്ങളിലൂടെയുള്ള മതംമാറ്റവുമൊക്കെ ഇസ്‌ലാമിനുമേല്‍ ആരോപിക്കപ്പെടുന്ന പശ്ചാത്തലത്തില്‍, ഇവ്വിഷയകമായി ഇസ്‌ലാമിന്റെ ദാര്‍ശനിക ചരിത്ര പരിസരത്തു നിന്നുകൊണ്ടുള്ള ഒരു വിശകലനമാണ് ഈ കൃതി. കൂടാതെ ഇസ്‌ലാമിലെ ഹിംസയുടെ ചിഹ്നമായി, ഇസ്‌ലാം വിരുദ്ധര്‍ ഇന്ന് ഉയര്‍ത്തിക്കാണിക്കുന്ന വാള്‍, അറേബ്യയുടെ സാംസ്‌കാരിക ഭൂമികയില്‍ എവ്വിധമാണ് പ്രതിനിധാനം ചെയ്യപ്പെടുന്നതെന്ന ഒരു ചരിത്ര വിശകലനം കൂടിയാണ് ഈ പഠനം.

ഇസ്‌ലാം പരിവര്‍ത്തനം പ്രലോഭനങ്ങളിലൂടെയോ?
പ്രവാചക കാലത്തെ അറബ് ജീവിതവും പ്രവാചക ജീവിതത്തിലെ ചില പ്രത്യേക സംഭവങ്ങളുടെ ചരിത്രപരമായ വിശകലനവുമാണ് ഈ പഠനം മുഖ്യമായും കൈകാര്യം ചെയ്യുന്നതെങ്കിലും ഇസ്‌ലാമിന്നെതിരെ ഓറിയന്റലിസ്റ്റുകളും മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ട്. മതപരിവര്‍ത്തനത്തെ സംബന്ധിച്ചുള്ള ഇസ്‌ലാമിന്റെ ദാര്‍ശനികാടിത്തറയും പ്രവാചക നിലപാടുകളും ആദ്യം വിശദീകരിക്കപ്പെടേണ്ടതുണ്ട്.
ഇസ്‌ലാമിന്റെ പ്രചാരണം സാധിച്ചത് വാളു കൊണ്ടായിരുന്നുവെന്ന പാശ്ചാത്യവിമര്‍ശനങ്ങള്‍ പോലെ ഇസ്‌ലാമിനെതിരെ ഇന്ത്യയിലും മറ്റും വര്‍ഗീയഫാഷിസ്സ്റ്റ് ശക്തികള്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഒരാരോപണമാണ് ഭീഷണിയിലൂടെയും പ്രലോഭനങ്ങളിലൂടെയുമാണ് മുസ്‌ലിംകള്‍ മറ്റുമതസ്ഥരെ മതം മാറ്റുന്നതെന്നത്. ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ ഭീതിപൂണ്ട ഇസ്‌ലാം വിരുദ്ധര്‍ എന്നും ഇസ്‌ലാമിനെതിരെ തൊടുക്കുന്ന ഒരായുധമാണിത്. വാളുകൊണ്ടാണ് ആദ്യകാലത്ത് ഇസ്‌ലാം പ്രചരിപ്പിച്ചതെങ്കില്‍ ഇപ്പോള്‍ ബലപ്രയോഗങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയുമാണ് ഇസ്‌ലാമിലേക്കു ആളുകള്‍ കടന്നുവന്നുകൊണ്ടിരിക്കുന്നത് എന്നാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന ഒരാരോപണം. ഇസ്‌ലാം സ്വീകരിക്കുന്നവര്‍ പ്രലോഭനങ്ങള്‍ക്കോ നിര്‍ബന്ധത്തിനോ വഴങ്ങിയാണ് അങ്ങനെ ചെയ്യുന്നതെന്നും, ഇഷ്ടപ്പെടാനും സ്വീകരിക്കാനും പോന്ന ഗുണങ്ങള്‍ ഈ മതത്തിന് ഇല്ലെന്ന് വരുത്തിതീര്‍ക്കുകയാണ് ഇത്തരം ആരോപണങ്ങളിലൂടെ വിമര്‍ശകര്‍.

സത്യത്തില്‍, നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ ഉള്ള മത പരിവര്‍ത്തനം ഇസ്‌ലാമിന്റെ മൗലിക തത്വത്തിനുതന്നെ എതിരാണ്. ചരിത്രപരമായും ഈ ആരോപണങ്ങള്‍ തെറ്റാണ്.
ഒന്നാമതായി, മനുഷ്യന്റെ ഇഷ്ടങ്ങള്‍ക്കു പകരം ദൈവത്തിന്റെ ഇഷ്ടങ്ങള്‍ക്കു സ്വമേധയാ കീഴടങ്ങുന്നതിനാണ് ഇസ്‌ലാം എന്നു പറയുന്നത്. സ്വാഭീഷ്ടപ്രകാരം സ്വേഛയാല്‍ ദൈവത്തിനു കീഴൊതുങ്ങുന്നവനേ യഥാര്‍ത്ഥത്തില്‍ മുസ്‌ലിം ആകുന്നുള്ളൂ. അതു പ്രകാരം മറ്റൊരാളുടെ പ്രലോഭനങ്ങള്‍ക്കോ ഭീഷണിക്കോ വഴങ്ങി മുസ്‌ലിമാകുന്നവനെ മുസ്‌ലിമായി കണക്കാക്കാനാകില്ല. അതൊരിക്കലും നിര്‍ബന്ധത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ പ്രലോഭനങ്ങളിലൂടെയോ ഭൗതികനേട്ടങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടോ ചെയ്യാവതല്ല. അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് ഇസ്‌ലാമല്ല. ഒരാളെ മുസ്‌ലിമാകാന്‍ വേണ്ടി നിര്‍ബന്ധിക്കുക എന്നത് ഇസ്‌ലാമില്‍ സ്വീകാര്യമായ കാര്യമല്ല. മുസ്‌ലിം വിവാഹം ചെയ്ത വേദക്കാരില്‍പ്പെട്ട ഒരു സ്ത്രീയെപോലും അവളുടെ മതം മാറാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നിരിക്കെ മറ്റുള്ളവരുടെ കാര്യം പറയണമോ? വിശ്വാസം ഹൃദയത്തില്‍ നിന്നും ഉടലെടുക്കുന്നതും അതിലൂടെ ഒരു മനുഷ്യന്‍ വിചാര വികാര കര്‍മ്മമണ്ഡലങ്ങളിലെല്ലാം പരിവര്‍ത്തനത്തിനു വിധേയമാകുന്നതിനാണ് ഒരാള്‍ മുസ്‌ലിമാവുക എന്നു പറയുന്നത്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നതോ അതിലേക്കു വിരല്‍ ചൂണ്ടുന്നതോ ആയ ഒരു കല്‍പ്പനയോ പ്രേരണയോ വിശുദ്ധ ഖുര്‍ആനിലോ പ്രവാചക ചര്യയിലോ കാണാന്‍ സാധ്യമല്ല. എന്നല്ല, വിശ്വാസത്തിന്റെ പേരിലുള്ള അത്തരം ബലപ്രയോഗങ്ങളെ നിരോധിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമായ നിരവധി പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും ഉണ്ടുതാനും. വിശുദ്ധ ഖുര്‍ആന്റെ കല്‍പ്പനകള്‍ തന്നെ ഈ വിഷയത്തില്‍ ധാരാളം.

'ദീനില്‍ ബലാല്‍ക്കാരമില്ല'(2:56).

ജനങ്ങള്‍ വിശ്വാസികളാകാത്തതില്‍ പരിഭവം വേണ്ടെന്നും അവരെ വിശ്വാസിയാക്കുന്നതും ആക്കാതിരിക്കുന്നതും അല്ലാഹുവിന്റെ നിയന്ത്രണത്തിലുള്ള കാര്യമാണെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
'നിന്റെ റബ്ബിന്റെ ഇച്ഛ (ഭൂമിയിലെല്ലാവരും വിശ്വാസികളും അനുസരണയുളളവരും തന്നെ ആകണമെന്നായിരുന്നുവെങ്കില്‍ ഭൂവാസികളഖിലം വിശ്വാസം കൈക്കൊളളുമായിരുന്നു. എന്നിരിക്കെ, ജനങ്ങള്‍ വിശ്വാസികളാകാന്‍, നീ അവരെ നിര്‍ബന്ധിക്കുകയോ? അല്ലാഹുവിന്റെ ഹിതമില്ലാതെ ഒരു ജീവിക്കും വിശ്വസിക്കാന്‍ സാധിക്കുന്നതല്ല. ബുദ്ധി പ്രയോജനപ്പെടുത്താത്തവരുടെ മേല്‍ അവന്‍ മാലിന്യമണയ്ക്കുന്നു' (10:99,100).

വിശ്വാസം സ്വീകരിച്ചിട്ടില്ല എന്നതിന്റെ പേരില്‍ ഇതരമത വിശ്വാസികളോട് ഏതെങ്കിലും തരത്തിലുള്ള വിദ്വേഷമോ പകയോ ശത്രുതയോ വച്ചുപുലര്‍ത്താവതല്ലെന്നും അവരോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കണമെന്നും നീതിയുക്തമായി ഇടപെടണമെന്നും ഇസ്‌ലാം വിശ്വസികളോട് ആവശ്യപ്പെടുന്നുണ്ട്.
'മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു' (60:8).
അല്ലാഹു കല്‍പ്പിച്ചതിനു നേരെ വിപരീതമായി പ്രവാചകതിരുമേനി പ്രവര്‍ത്തിച്ചു എന്നു കരുതാന്‍ പ്രയാസമുണ്ട്. പ്രവാചകനോടും മുഴുവന്‍ വിശ്വാസികളോടുമുള്ള അല്ലാഹുവിന്റെ കല്‍പ്പന വിശ്വാസം സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നാണ്. 'മതത്തില്‍ ബലാല്‍ക്കാരമില്ല' (ഖുര്‍ആന്‍ 2:256). പ്രബോധന മാര്‍ഗത്തിലെ സുപ്രധാനമായ ഒരു തത്വമാണ് ദീനില്‍ ബലാല്‍ക്കാരം പാടില്ല എന്നത്. ഒരാള്‍ ദീന്‍ സ്വീകരിക്കുന്നു എന്നു പറയുന്നതുതന്നെയും അയാള്‍ അയാളുടെ മനസുകൊണ്ടു ആ സത്യം അംഗീകരിച്ച് ഇഷ്ടപ്പെട്ട് സ്വീകരിക്കുന്നതിനാണ്. പ്രലോഭനത്തിലൂടെയോ ഭീഷണിയിലൂടെയോ ബലപ്രയോഗം വഴിയോ ഒരാളെ ഒരിക്കലും അയാള്‍ക്കിഷ്ടമില്ലാത്ത ഒരു മതത്തിലേക്കും ചേര്‍ക്കാന്‍ സാധ്യമല്ല. ഒരാള്‍ ഭീഷണിക്കുവഴങ്ങി മതം മാറി എന്നു പ്രഖ്യാപിച്ചാല്‍ പോലും, മനസില്‍ ആ മതം സ്വീകരിക്കാത്ത കാലത്തോളം ആ മതത്തിന്റെ അനുയായി അല്ല എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അങ്ങനെയുള്ള ഒരു മതത്തിന് ഒരാളെ ബലാല്‍ക്കാരം മതപരിവര്‍ത്തനം ചെയ്യിക്കേണ്ട ആവശ്യം എന്തിരിക്കുന്നു.
ഈ സൂക്തത്തിന്റെ അവതരണപശ്ചാത്തലം കൂടി അറിയുമ്പോള്‍ മതപരിവര്‍ത്തനത്തിന്റെ വിഷയത്തില്‍ ഇസ്‌ലാമിന്റെ നിലപാട് സുതരാം വ്യക്തമാകും. പ്രവാചകന്റെ ഒരു അനുയായിയുടെ കാര്യത്തില്‍ അവതരിച്ചതാണ് ഈ സൂക്തം. ഇസ്‌ലാം വരുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാര്‍ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. ഒരു സംഘം ക്രിസ്ത്യാനികള്‍ക്കൊപ്പം ഈ രണ്ടുപുത്രന്മാരും മദീന സന്ദര്‍ശിച്ച വേളയില്‍ ആ മുസ്‌ലിം പിതാവ് അവരെ കാണാന്‍ ചെന്നു. കൂട്ടത്തില്‍ അവരോട് ഇസ്‌ലാം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രണ്ടു പുത്രന്മാരും പിതാവിന്റെ ആശ നിരസിച്ചു എന്നുമാത്രമല്ല, തങ്ങളെ ഇസ്‌ലാം സ്വീകരിക്കാന്‍ പിതാവ് നിര്‍ബന്ധിക്കുന്നതായി പ്രവാചകന്റെ അടുക്കല്‍ അവര്‍ പരാതി ബോധിപ്പിക്കുകയും ചെയ്തു. ആ പിതാവിനെ വിളിച്ച് പ്രവാചകതിരുമേനി കാര്യം തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എന്റെ മക്കള്‍ നരകത്തില്‍ പോകുന്നത് ഒരു പിതാവ് എന്ന നിലയില്‍ എനിക്കെങ്ങിനെ സഹിക്കാന്‍ കഴിയും പ്രവാചകരേ?'' ഈ സന്ദര്‍ഭത്തിലാണ് ദീനില്‍ ഒരാളെയും ബലാല്‍കാരം ചേര്‍ക്കരുത് എന്ന് ആഹ്വാനം ചെയ്യുന്ന പ്രസ്തുത സൂക്തം അവതരിക്കുന്നത്. ആ സഹാബിയുടെ രണ്ടു മക്കളും ക്രിസ്തുമതത്തില്‍ തന്നെ തുടരുകയും നബി അവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള അനുവാദം നല്‍കുകയും ചെയ്തു. (4)
'നിന്റെ റബ്ബിന്റെ ഇച്ഛ(ഭൂമിയിലെല്ലാവരും വിശ്വാസികളും അനുസരണമുളളവരും തന്നെ ആകണമെന്നു) ആയിരുന്നുവെങ്കില്‍ ഭൂവാസികളഖിലം വിശ്വാസം കൈകൊളളുമായിരുന്നു. എന്നിരിക്കെ, ജനങ്ങള്‍ വിശ്വാസികളാകാന്‍, നീ അവരെ നിര്‍ബന്ധിക്കുകയോ? അല്ലാഹുവിന്റെ ഹിതമില്ലാതെ ഒരു ജീവിക്കും വിശ്വസിക്കാന്‍ സാധിക്കുന്നതല്ല' (ഖുര്‍ആന്‍ 10:99).

നബി തിരുമേനി(സ) വിശ്വാസം സ്വീകരിക്കുവാന്‍ ആരെയെങ്കിലും നിര്‍ബന്ധിപ്പിച്ചുവെന്ന് ഇതിന് അര്‍ത്ഥമില്ല. ലോകത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും ആവശ്യമായ ഒരു നിര്‍ദേശം നല്‍കുകയാണ് അല്ലാഹു ഈ ആയത്തിലൂടെ. സയ്യിദ് മൗദൂദി ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ടെഴുതുന്നതിങ്ങനെ.
'നബി(സ) ജനങ്ങളെ വിശ്വസിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും അങ്ങനെ ചെയ്യുന്നതിന്ന് അദ്ദേഹത്തെ അല്ലാഹു തട?ുകൊണ്ടിരുന്നുവെന്നും ഇതിനര്‍ത്ഥമില്ല. ഖുര്‍ആനില്‍ മറ്റു പലേടങ്ങളിലും കാണുന്നതു പോലെ, പ്രത്യക്ഷത്തില്‍ നബി(സ)യെ സംബോധന ചെയ്തുകൊണ്ട് ജനങ്ങളെ കാര്യം കേള്‍പ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു ശൈലിയാണിത്. ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യമിതാണ്: ജനങ്ങളെ നിങ്ങള്‍ക്ക് തെളിവുകളും സാക്ഷ്യങ്ങളും നല്‍കി സന്മാര്‍ഗവും ദുര്‍മാര്‍ഗവും തമ്മിലുള്ള വ്യത്യാസം മനസിലാക്കിത്തരികയും സത്യസരണി വ്യക്തമായി തുറന്നുകാണിച്ചുതരികയും ചെയ്യുക എന്ന നമ്മുടെ ബാധ്യത ഈ ദൂതന്‍ മുഖേന പൂര്‍ണമായും നിര്‍വഹിക്കപ്പെട്ടിരിക്കുന്നു. ഇനി സന്മാര്‍ഗം സ്വയം അവലംബിക്കാതിരിക്കുകയും നിങ്ങളെ ആരെങ്കിലും നിര്‍ബന്ധിച്ചാലല്ലാതെ സന്മാര്‍ഗത്തിലേക്കു വരാതിരിക്കുകയും ചെയ്യാനാണ് നിങ്ങളുടെ ഭാവമെങ്കില്‍ അതിന്ന് പ്രവാചകന്‍ ഉത്തരവാദപ്പെടുത്തപ്പെട്ടിട്ടില്ലെന്നു നിങ്ങള്‍ മനസിലാക്കണം. ഇത്തരം നിര്‍ബന്ധിത വിശ്വാസം അല്ലാഹുവിനാവശ്യമുണ്ടായിരുന്നുവെങ്കില്‍ അവന്ന് പ്രവാചകന്മാരെ അയക്കേണ്ട ആവശ്യമെന്തിരിക്കുന്നു? അവന്‍ വിചാരിച്ചാല്‍ എപ്പോഴും ചെയ്യാന്‍ സാധിക്കുന്നതാണല്ലോ അത്.'

ചുരുക്കത്തില്‍ പ്രവാചക ജീവിതത്തിലും നമുക്കു കാണാനാവുക, തന്റെ അനുചരരില്‍ ഒരാള്‍ തന്റെ മക്കളെ നിര്‍ബന്ധിപ്പിച്ച് മതത്തിലേക്കു ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പിന്തിരിപ്പിക്കുകയും അവര്‍ ഇഷ്ടപ്പെടുന്ന മതത്തില്‍ അവരെ തുടരാനനുവദിക്കുകയും ചെയ്യുന്ന പ്രവാചകനെയാണ്.

സമകാലിക മുസ്‌ലിം ലോകം: ചില ചരിത്ര വസ്തുതകള്‍
ലോക ജനതയുടെ 23 ശതമാനം വരുന്ന മുസ്‌ലിംകള്‍ 160 കോടിയാളം വരും. മുസ്‌ലിംകള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ വാളിന്റെ പിന്‍ബലത്തിലല്ല ഇസ്‌ലാമെത്തിയത് എന്നതിനു ചരിത്രം സാക്ഷിയാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയില്‍ (6) ഇസ്‌ലാം പ്രചരിച്ചത് വാളു കൊണ്ടാണെന്ന് ചരിത്രമറിയുന്ന ആരും വാദിക്കില്ല. ഇസ്‌ലാം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരാണ് അവരോടു യുദ്ധം ചെയ്തത്. ഇന്തോനേഷ്യക്കു പുറമെ മലേഷ്യയിലും അറുപത് ശതമാനത്തിലധികം മുസ്‌ലിംകളാണ്. മറ്റു കിഴക്കനേഷ്യന്‍ രാജ്യങ്ങളായ തായ്‌ലന്റിലും ഫിലിപ്പീന്‍സിലുമുണ്ട് ഗണ്യമായ തോതില്‍ മുസ്‌ലിംകള്‍. ഈ രാജ്യങ്ങളിലേക്കുള്ള ഇസ്‌ലാമിന്റെ കടന്നുവരവില്‍ വാളുമില്ല, യുദ്ധവുമില്ല. മുസ്‌ലിംകളായ കച്ചവടക്കാര്‍ വഴിയാണ് ഈ നാടുകളില്‍ ഇസ്‌ലാം പ്രചരിച്ചത്. മധ്യകാലഘട്ടം മുതല്‍ യൂറോപ്പ് സൈനികമായി നടത്തിക്കൊണ്ടിരുന്ന അക്രമങ്ങള്‍ക്കൊപ്പം സമാന്തരമായി നടത്തിയ ക്രിസ്ത്യന്‍ മിഷനറികള്‍ ഇസ്‌ലാമിന്റെ കാര്യത്തില്‍ ചരിത്രത്തില്‍ കാണാന്‍ സാധ്യമല്ല.
ഇസ്‌ലാം അതിവേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത് ഇന്ന് ഏഷ്യന്‍ രാജ്യങ്ങളിലല്ല. യൂറോപ്പിലും അമേരിക്കയിലുമാണ്. ദിനേന നൂറുകണക്കിന് ആളുകള്‍ ഇസ്‌ലാം സ്വീകരിക്കുന്നു. വിദ്യാസമ്പന്നരായ യുവതീ യുവാക്കളാണ് അവരില്‍ അധികവും. ആരാണ് അവരെ നിര്‍ബന്ധിക്കുന്നത് ഇസ്‌ലാം സ്വീകരിക്കാന്‍? ഇസ്‌ലാം സ്വീകരിക്കാത്തതിന്റെ പേരില്‍ ആരെങ്കിലും അവരോടു യുദ്ധം ചെയ്യുന്നുണ്ടോ?

ഇസ്‌ലാം പ്രചരിച്ചതു വാളു കൊണ്ടോ സൈനികാക്രമണങ്ങള്‍ കൊണ്ടോ ആയിരുന്നുവെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെയും, മുസ്‌ലിം സാമ്രാജ്യങ്ങള്‍ പരാജയപ്പെട്ടപ്പോഴും ഇസ്‌ലാം പ്രചരണം എന്തുകൊണ്ടു ശക്തിപ്പെട്ടു എന്ന ചോദ്യം അവശേഷിക്കുന്നു. ഒരു രാജ്യവും അവിടത്തെ ജനതയെയും കീഴപ്പെടുത്തുന്നത് ആരാണോ അവരുട മതത്തിനായിരിക്കും പിന്നീട് ആ രാജ്യത്ത് ആധിപത്യം. എന്നാല്‍ ഇതിനു വിപരീതമായി മുസ്‌ലിംകളെ അതിക്രമിച്ചു കീഴ്‌പ്പെടുത്തിയ മംഗോളിയരും സെല്‍ജൂക്കികളുമൊക്കെ, കീഴടക്കിയ മുസ്‌ലിം ജനതയുടെ മതം തന്നെ പിന്നീട് സ്വീകരിച്ചുവെന്നതാണ് ചരിത്രം. ഇസ്‌ലാമിനെ അക്രമിച്ചവര്‍ പോലും ഇസ്‌ലാം സ്വീകരിക്കുക. ഇസ്‌ലാമിലല്ലാതെ മറ്റേത് മതമാണ് ഇവ്വിധം സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അടങ്ങാത്ത ശത്രുതയും വെറുപ്പുമായി വന്ന കുരിശുയുദ്ധക്കാരില്‍ ചിലര്‍ പോലും ഇസ്‌ലാം സ്വീകരിച്ചത്, ആരെങ്കിലും അവരെ മുസ്‌ലിമാവാന്‍ നിര്‍ബന്ധിച്ചതിനാലാണോ?

വാളും ഇസ്‌ലാമും

1. വാള്‍: ജാഹിലിയ്യാ അറബികള്‍ മുതല്‍ ആധുനിക അറബികള്‍ വരെ
അമ്പും വില്ലും കഴിഞ്ഞാല്‍, മാനവകുലം യുദ്ധത്തില്‍ ഏറ്റവുമധികം ഉപയോഗിച്ച ആയുധം വാളായിരിക്കും(4). ക്രിസ്തുവിനു ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍ യുദ്ധത്തിലെ പ്രധാന ആയുധമായിരുന്ന വാള്‍ 18-ാം നൂറ്റാണ്ടില്‍ തോക്കുകളുടെ വരവോടെയാണ് യുദ്ധമുഖത്തുനിന്ന് വാള്‍ അപ്രത്യക്ഷമാകുന്നത്.
വ്യത്യസ്തമായ മുന്നോറോളം പര്യായ പദങ്ങളുണ്ട് അറബി ഭാഷയില്‍ വാളിന്. വാളിന് ഇത്രയധികം പര്യായപദങ്ങളുള്ള മറ്റൊരു ഭാഷയുണ്ടാകില്ല. ഒരു ഭാഷയില്‍ ഒരു വസ്തുവിനെ സൂചിപ്പിക്കാന്‍ ഏറെ പദങ്ങളുണ്ടാവുകയെന്നത് ആ വസ്തുവിന്റെ ആ സമൂഹത്തിലെ ഉയര്‍ന്ന ഉപയോഗക്ഷമതയെ കുറിക്കുന്നു. മദ്യത്തിനും ഇരുനൂറിലധികം പര്യായ പദങ്ങളുണ്ട് അറബിയില്‍. (5) യുദ്ധോത്സുകരായിരുന്ന ജാഹിലിയ്യാ അറബികളെ വാളില്ലാതെ കാണാനാകുമായിരുന്നില്ല. എന്നാല്‍ വാള്‍ അവരുടെ ആയുധം മാത്രമായിരുന്നില്ല. അന്തസ്സിന്റെയും പ്രതാപത്തിന്റെയും അടയാളം കൂടിയായിരുന്നു. സ്വര്‍ണ്ണവും വെള്ളിയും കെട്ടിയ വാളുകള്‍ അവര്‍ക്കിടയില്‍ കൂടുതല്‍ പ്രതാപം വിളിച്ചൊതുന്നവയായിരുന്നു. ഇസ്‌ലാമിനു മുമ്പേ, അറബികള്‍ക്ക് ഇന്ത്യക്കാരുമായി നിലനിന്നിരുന്ന കച്ചവട ബന്ധത്തെ ഊട്ടിയുറപ്പിച്ച മുഖ്യ ഘടകങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യന്‍ വാളുകള്‍. ഇന്ത്യന്‍ നിര്‍മ്മിത വാളുകള്‍ക്ക് അറബികള്‍ക്കിടയില്‍ പ്രിയമുണ്ടായിരുന്നുവെങ്കിലും, ഇന്ത്യന്‍ ഇരുമ്പു കൊണ്ട് യമനില്‍ നിര്‍മ്മിച്ച വാളുകളോടായിരുന്നു അവര്‍ക്ക് കൂടുതല്‍ പ്രിയം. (6)
ശത്രുവിനെ അപായപ്പെടുത്താന്‍ ഉപയോഗിക്കുന്ന ആയുധമെന്നതില്‍ കവിഞ്ഞ്, പ്രതാപത്തിന്റെയും കുലമഹിമയുടെയും അടയാളമായി മേത്തരം വാളുകള്‍ വിലയിരുത്തപ്പെട്ടിരുന്നു അറബികള്‍ക്കിടയില്‍. വൈയക്തിക തലത്തില്‍, വാള്‍ ഒരു അറബിയുടെ അന്തസ്സിന്റെയും ധീരതയുടെയും ചിഹ്നമായിട്ടാണ് വിലയിരുത്തപ്പെട്ടത്. പ്രായപൂര്‍ത്തിയെത്തിയ അറബികളുടെ അരയില്‍ തൂങ്ങിക്കിടക്കുന്ന വാള്‍ അവന്റെ അഭിമാനത്തിന്റെ പ്രതീകമായിരുന്നു. ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തില്‍ ഒരു നിയതമായ പ്രദേശത്തിന്റെ സാംസ്‌കാരിക സാമൂഹ്യ പശ്ചാത്തലത്തില്‍ രൂപപ്പെടുന്ന ഒരു സാംസ്‌കാരിക ബിംബത്തെ ഒരു മതത്തിന്റെ ചിഹ്നമായി അവതരിപ്പിക്കുന്നതിനു പിന്നില്‍ മറ്റു ചില താല്‍പ്പര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അറേബ്യയില്‍ മാത്രമല്ല, ആ കാലഘട്ടത്തില്‍ അറിയപ്പെട്ട ചരിത്രമുള്ള എല്ലാ നാഗരികതകളിലും വാള്‍ ആ കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ആയുധമായിരുന്നു. ഇസ്‌ലാമിന്റെ കാര്യത്തിലും അതങ്ങനെ തന്നെയായിരുന്നു. അതില്‍ കവിഞ്ഞ് ഇസ്‌ലാമിന്റെ ദാര്‍ശനികാടിത്തറയിലേക്കു വാളിനെ ചേര്‍ത്തുവെച്ച് ഇതൊരു അക്രമത്തിന്റെ മതമാണെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത് യഥാര്‍ത്ഥവിരുദ്ധമാണ്.
സാര്‍വകാലികവും സാര്‍വജനീനവുമായ ഒരു ദൈവികദര്‍ശനമാണ് ഇസ്‌ലാമെങ്കിലും, ഈ ദര്‍ശനം വ്യത്യസ്ത കാലങ്ങളിലൂടെയും വ്യത്യസ്ത ജനതകളിലൂടെയും ജീവിതങ്ങളിലൂടെയും പ്രതിനിധാനം ചെയ്യപ്പെടുന്നു. ഇസ്‌ലാമിന്റെ സാര്‍വലൗകികമൂല്യങ്ങള്‍ ഏതെങ്കിലും ഒരു നിയതമായ കാലത്തിലൂടെ പ്രതിഫലിക്കപ്പെടുമ്പോള്‍ ആ കാലഘട്ടത്തിന്റെ അടയാളങ്ങളും ചിഹ്നങ്ങളും ഒരു മൂല്യത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ട മാധ്യമമായി ഉപയോഗിക്കപ്പെടാറുണ്ട്. ഉദാഹരണത്തിന് ഏഴാം നൂറ്റാണ്ടിലെ അറബ് വസ്ത്രധാരണ രീതി, ഇസ്‌ലാമിന്റെ സാര്‍വലൗകിക വസ്ത്രധാരണ രീതിയായി സ്വീകരിക്കപ്പെടേണ്ടതല്ല. ആ കാലഘട്ടത്തിന്റെയും ആ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ച് രൂപപ്പെട്ടതാണത്. വസ്ത്രധാരണത്തിന് ലോകജനതയെ മുഴുവനും പ്രതിനിധാനം ചെയ്യുന്ന സാര്‍വജനീനവും സാര്‍വലൗകികവുമായ മൂല്യങ്ങളാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. ഏഴാം നൂറ്റാണ്ടില്‍ അറബികളുടെ അബായയും മരുഭൂമിയിലെ പൊടിക്കാറ്റില്‍നിന്നു രക്ഷനേടാന്‍ ഉപയോഗിച്ചിരുന്ന ശിരോവസ്ത്രവും സ്ഥായിയായ ഇസ്‌ലാമിക ചിഹ്നമായി വിലയിരുത്തപ്പെടാവതല്ല. അറബികള്‍ ഉപയോഗിച്ചിരുന്ന വാഹനമായ ഒട്ടകവും അവരുടെ കറന്‍സിയായിരുന്ന ദീനാറും ദിര്‍ഹമുമൊക്കെ, അറേബ്യയില്‍ മാത്രം ഒതുങ്ങി നിന്ന ചിഹ്നങ്ങളാണ്. ഇസ്‌ലാമിന്റെ ദാര്‍ശനികാടിത്തറയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്ന് ഇസ്‌ലാം വിരുദ്ധര്‍ ആരോപിക്കുന്ന, ഹിംസയെ പ്രതിനിധീകരിക്കാന്‍ ഒരു പ്രദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും ചിഹ്നമായ വാളിനെയാണ് അവര്‍ ഇസ്‌ലാമിനോടു ചേര്‍ത്തു് വെച്ചുകെട്ടുന്നത്.
ഇസ്‌ലാമിന്റെ ആദ്യ കാല ചരിത്രത്തിലും വാള്‍ സജീവസാന്നിധ്യമായിരുന്നതായി കാണാം, വിശിഷ്യാ പ്രവാചക കാലത്തെ അറേബ്യയില്‍. അക്രമത്തിനുപയോഗിക്കുന്ന ഒരു ആയുധമെന്നതിലുപരി, വാളിന് അറേബ്യയുടെ ശക്തമായ സാംസ്‌കാരിക പ്രതിനിധാനവമുണ്ട്. ഈന്തപ്പനയും മരുഭൂമിയും ഒട്ടകവുമൊക്കെ ഈ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ ചിഹ്നങ്ങളായി മാറിയതു പോലെ വാളും ഒരു നീണ്ട കാലഘട്ടത്തില്‍ അറേബ്യന്‍ സംസ്‌കാരത്തിന്റെ അടയാളമായിരുന്നു. ഇപ്പോഴും അതങ്ങനെത്തന്നെ ഒരുപരിധിയോളം അറേബ്യയില്‍ തുടരുകയും ചെയ്യുന്നുണ്ട്. അതു വഴിയേ വിവരിക്കാം.
പ്രവാചക അനുചരനായിരുന്ന ഖബ്ബാബ് ബിന്‍ അറത് ജാഹിലിയ്യാ കാലത്ത് വാളുകള്‍ ഉണ്ടാക്കിയിരുന്ന ഒരു കൊല്ലന്‍ ആയിരുന്നു. പരസ്പരം പോരടിച്ചിരുന്ന അറബികള്‍ ആയുധമെന്ന രീതിയില്‍ ശേഖരിക്കുകതന്നെയായിരുന്നു ഈ വാളുകള്‍ എന്നു വെച്ചാലും, വാളുകളുടെ സാംസ്‌കാരികമായ പ്രതിനിധാനത്തിന് കോട്ടം സംഭവിക്കുന്നില്ല. ഇസ്‌ലാമിന്റെ ആഗമനത്തിനു ശേഷം, അറേബ്യയില്‍ പൊതുവെയും മുസ്‌ലിംകള്‍ക്കിടയില്‍ പ്രത്യേകമായും, വാള്‍ ഒരു ആയുധമെന്നതിനേക്കാള്‍ ഒരു സാംസ്‌കാരിക ചിഹ്നമായി മാറുകയും ചെയ്തിട്ടുണ്ട്. അതിന്റെ ആയുധപരമായ ഉപയോഗങ്ങള്‍ ഇസ്‌ലാമിന്റെ ആഗമനത്തോടെ കുറഞ്ഞു വരികയും കാലക്രമേണ തനത് സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ചിഹ്നമായി മാത്രം ഒതുങ്ങുകയുമുണ്ടായി. നിസ്സാര കാര്യങ്ങള്‍ക്കു പോലും യുദ്ധങ്ങളില്‍ ഏര്‍പ്പെടുകയും വിവേചനരഹിതമായി അക്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്ന അറബികള്‍ക്കിടയില്‍ ഇസ്‌ലാമിന്റെ ആഗമനത്തോടെ യുദ്ധവും ആയുധ ഉപയോഗവും കുറഞ്ഞു വരികയാണുണ്ടായത്. രണ്ട് കാരണങ്ങളാണ് അതിന്. ഒന്ന് മക്കയില്‍ പ്രവാചകന്‍ തിരുമേനി(സ) ഇസ്‌ലാമിക പ്രബോധനം ആരംഭിച്ചതുമുതല്‍ മുശ്‌രിക്കുകളുടെ പ്രധാന ശത്രു മുഹമ്മദും മുഹമ്മദിന്റെ മതവുമായിരുന്നു. നാനാതരം മര്‍ദ്ദനങ്ങളിലൂടെ ഈ ചെറുസംഘത്തെ പുതിയ മതത്തില്‍ നിന്ന് പിന്തിരിക്കാന്‍ ശ്രമിച്ചുവെങ്കിലും അവരെ അശേഷം ഇല്ലായ്മ ചെയ്യുമാറ് ഒരു യുദ്ധത്തിന് അവര്‍ മുതിര്‍ന്നിരുന്നില്ല. മാത്രമല്ല, എല്ലാ മര്‍ദനങ്ങളും ദണ്ഡനങ്ങളും സഹിക്കുന്ന ഒരു ന്യൂനപക്ഷത്തിനു നേരെ അത്തരം ഒരു യുദ്ധത്തിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. വളരെ ദുര്‍ബലരായ ഏതാനും മുസ്‌ലിംകളെ ശാരീരികമായ കൈയ്യേറ്റങ്ങള്‍ക്ക് അവര്‍ വിധേയമാക്കിയിട്ടുണ്ടെങ്കിലും പരിഹാസവും സാമൂഹ്യവിലക്കുമായിരുന്നു മുസ്‌ലിംകളെ സദ്പന്ഥാവില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അവര്‍ അധികവും അവലംബിച്ച മാര്‍ഗം. നബിക്കെതിരെയുള്ള വധശ്രമവും തുടര്‍ന്ന് മക്കയില്‍ തുടരാനാകാത്ത ഒരു സാഹചര്യവും ഉടലെടുക്കുമ്പോഴാണ് മുസ്‌ലിംകള്‍ പ്രവാചകത്വത്തിന്റെ നീണ്ട 13 വര്‍ഷങ്ങള്‍ക്കു ശേഷം മദീനയിലേക്കു പലായനം ചെയ്യുന്നത്. ആ 13 വര്‍ഷക്കാലം മക്കയിലെ അറബികള്‍ ആരുമായും യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. രണ്ടു കാരണങ്ങള്‍ അതിന് അനുമാനിക്കാം. ഇസ്‌ലാമിന്റെ ആഗമനത്തോടെ മുഹമ്മദിനും അദ്ദേഹത്തില്‍ വിശ്വസിച്ചവര്‍ക്കുമെതിരെ അറേബ്യയിലെ മിക്കവാറും ഗോത്രങ്ങള്‍ തമ്മില്‍ സ്വാഭാവികമായ ഒരു ഐക്യനിര രൂപപ്പെട്ടുവെന്നതാണ്. ഇസ്‌ലാമും മുസ്‌ലിംകളും എല്ലാ ഗോത്രക്കാരുടെയും പൊതു ശത്രുവായി മാറിയതോടെ പൊതുശത്രുവിനെതിരെ അവര്‍ ഒന്നിച്ചു. അറബികള്‍ പൊതുവെ ശത്രുവായി കരുതിയ മുസ്‌ലിംകള്‍ പ്രതിരോധത്തിനു പോലും തയാറാകാതെ അക്രമമര്‍ദ്ദനങ്ങള്‍ ആവതും സഹിക്കുകയായിരുന്നു.(7) ചുരുക്കത്തില്‍ യുദ്ധപ്രിയരായ അറബികള്‍ക്ക് ഇസ്‌ലാമിന്റെ ആഗമനത്തോടെ യുദ്ധസാധ്യതകള്‍ കുറഞ്ഞു.
രണ്ടാമത്തെ കാരണം, യുദ്ധവുമായി ബന്ധപ്പെട്ട ഇസ് ലാമിന്റെ അധ്യാപനങ്ങളാണ്. യുദ്ധത്തിനുവേണ്ടി ഒരു യുദ്ധം എന്ന സങ്കല്‍പ്പം ഇസ്‌ലാമിനന്ന്യമാണ്. അറേബ്യയുടെ അന്നത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ ഇതിനു വലിയ പ്രസക്തിയുണ്ട്. യുദ്ധമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ പോലും നശീകരണസ്വഭാവമല്ല ഇസ്‌ലാമിന്റെ യുദ്ധത്തിന്. യുദ്ധത്തിലെ മരണസംഖ്യപോലും തുലോം തുച്ഛമാണ്. അതും പിന്നീട് വിശദീകരിക്കാം.
ജാഹിലിയ്യാ അറബ് ജീവിതം പോലെയല്ലെങ്കിലും, ആധുനിക അറബ് ജീവിതത്തിലും വാളിന്റെ സാന്നിധ്യമുണ്ട്. തങ്ങളുടെ പൂര്‍വികരുടെ ജീവിതത്തിലെ അവിഭാജ്യഘടകമായിരുന്ന വാള്‍ അറബ് പൈതൃകത്തിന്റെ ചിഹ്നമായി ആധുനിക അറബികള്‍ക്കിടയിലുണ്ട്.
അറബികളുടെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികളില്‍ വാളും നിറസാന്നിധ്യമാണ്. കേരളത്തിലെ നാടന്‍ ആയോധന കലാരൂപമായ കളരിപ്പയറ്റിനു സമാനമായ രീതിയിലുള്ള വാളുകൊണ്ടുള്ള അഭ്യാസ പ്രകടനങ്ങള്‍ ആധുനിക സുഊദി സാംസ്‌കാരിക പരിസരത്തും കാണാം. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ സന്ദര്‍ശിച്ച ചാള്‍സ് രാജകുമാരന്‍ അറബ് പാരമ്പര്യ വസ്ത്രങ്ങള്‍ അണിഞ്ഞ് കൈയ്യില്‍ വാളുമേന്തി സൗദി ഭരണകര്‍ത്താക്കളോടൊപ്പം നൃത്തം ചെയ്യുന്ന വാര്‍ത്ത ലോക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.(8)
പരസ്പരം തിരശ്ചീനമായി നില്‍ക്കുന്ന രണ്ട് വാളുകള്‍ക്ക് മീതെ മധ്യത്തിലായി നില്‍ക്കുന്ന ഈന്തപ്പനയാണ് സൗദി അറേബ്യയുടെ ദേശീയ ചിഹ്നം പോലും. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് അറേബ്യന്‍ ജനത ഉപയോഗിച്ചിരുന്ന ഒരു ഹിംസയുടെ ആയുധമായിട്ടല്ല, ഒരു ജനതയുടെ സാംസ്‌കാരിക ചിഹ്നമാണ് ആധുനിക സൗദിയുടെ ദേശീയചിത്രത്തില്‍ പ്രതിഫലിക്കുന്നത്.(9) ഇസ്‌ലാമിക ശിക്ഷാ നിയമം നടപ്പാക്കുന്ന ഒരു ഭരണ കൂടം എന്ന നിലയില്‍ സൗദി, വധശിക്ഷ നടപ്പാക്കുന്നത് ഇപ്പോഴും വാളു കൊണ്ട് കഴുത്ത് വെട്ടികൊല്ലുകയാണെന്ന ഒരു വിമര്‍ശം മതേതരധാര ഇടക്കിടെ ഉയര്‍ത്തുന്നുണ്ട്.

2. മുഹമ്മദും വാളും
അക്കാലത്തെ ഏതൊരു അറബിയേയും പോലെ, പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തിലും വാള്‍ സജീവ സാന്നിധ്യമായിരുന്നു. അറേബ്യയുടെ അന്നത്തെ സാമൂഹ്യപശ്ചാത്തലത്തില്‍, ഒരു സാധാരണക്കാരന്റെ ചെരുപ്പും വസ്ത്രവും വാഹന(ഒട്ടക)വും പോലെ അവശ്യം വേണ്ട ഒന്നായിരുന്നു വാളും. അറേബ്യയുടെ അക്കാലത്തെ പൊതുവായ ഈ സാമൂഹ്യ സാഹചര്യത്തില്‍ നിന്ന് നബി തിരുമേനിയും മുക്തമായിരുന്നില്ല എന്നു ചുരുക്കം. തിരുമേനി(സ)ക്ക് തങ്ങളുടെ ജീവിത കാലത്ത് പലപ്പോഴായി ഒമ്പതു വാളുകള്‍(10) ഉണ്ടായിരുന്നതായി ഖു?റതു? അബ്‌സാര്‍ പോലുള്ള ചരിത്ര കൃതികളില്‍ കാണാം. അവയില്‍ പലതിനും പ്രത്യേകം പ്രത്യേകം പേരുകളും ഉണ്ടായിരുന്നതായും അതില്‍തന്നെ ദുല്‍ഫിഖാര്‍ എന്ന പേരിലെ വാള്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടതായും കാണാം. ബദ്ര്‍ യുദ്ധവേളയില്‍ ശത്രുക്കള്‍ ഉപേക്ഷിച്ചു പോയ യുദ്ധോപകരണങ്ങളില്‍ നിന്നാണത്രേ ഈ വാള്‍ നബിക്കു കിട്ടിയത്. കഅ്ബയുടെ സമീപത്ത് കുഴിച്ചിട്ടിരുന്ന ഇരുമ്പില്‍ നിന്നു നിര്‍മ്മിച്ച ഈ വാള്‍, ഉഹ്ദ് യുദ്ധവേളയില്‍ തിരുമേനി അലിക്ക് നല്‍കിയെന്നും ഹദീസുകളിലുണ്ട്. അ? മഅ് ത്വൂ? അ? ഫിജ? എന്ന വാള്‍, പ്രവാചകത്വത്തിനു മുമ്പേ നബിയുടെ അടുക്കലുണ്ടായിരുന്ന വാളാണ്. ബതാ?, അ? ഹൈഫ്, റസൂബ്, അ? മുഖദ്ദം എന്ന പേരിലുള്ള വാളുകളും തിരുമേനിക്കുണ്ടായിരുന്നുവെന്നും ചരിത്ര പുസത്കങ്ങളില്‍ കാണാം.
വാള്‍ ഹിംസയുടെയും ശത്രുനിഗ്രഹത്തിന്റെയും ആയുധമായിട്ടാണ് നബി ഉപയോഗിച്ചിരുന്നതെങ്കില്‍, തീര്‍ച്ചയായും ഉണ്ടായിരുന്ന വാളിന്റെ എണ്ണത്തിനു പോന്ന ആളുകളെയെങ്കിലും അതു കൊണ്ട് വധിക്കുകയോ, അക്രമിക്കുകയോ ചെയ്തിരിക്കണം. എന്നാല്‍, നബി തിരുമേനി തന്റെ ജീവിതത്തില്‍ ഒരാളെ പോലും വാളിനിരയാക്കിയതായി കാണാന്‍ സാധ്യമല്ല. നബി(സ) ജീവിതത്തില്‍ വധിച്ചത് ഒരേ ഒരാളെ മാത്രമാണ്. അതും ഒരു യുദ്ധത്തില്‍.(11)
ഹിംസയ്ക്കും അക്രമത്തിനുമായിരുന്നില്ല നബിയുടെ വാളുകള്‍ എന്നു ചുരുക്കം. വാള്‍ അക്കാലത്തെ അറബ് സംസ്‌കാരത്തെ പ്രതിനിധീകരിച്ചിരുന്ന ശക്തമായ ഒരു അടയാളമായിരുന്നുവെന്നതാണ് ആയുധമെന്നതിനേക്കാള്‍ നബിയുടെ കാര്യത്തില്‍ കൂടുതല്‍ ചേരുക.
തിരുമേനി(സ) തന്റെ വാള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുണ്ടാവുക, വെള്ളിയാഴ്ച ഖുതുബ നിര്‍വഹിക്കാന്‍ മിമ്പറില്‍ കയറുമ്പോഴായിരിക്കണം. എല്ലാ വെളിയാഴ്ചകളിലും വാളു കുത്തിപ്പിടിച്ചുകൊണ്ടാണ് അവിടുന്ന് മിമ്പറിലേക്ക് കയറുക. ഇത് അല്ലാഹു നിയമമാക്കിയ ശരീഅത്ത് നിയമങ്ങളില്‍ ഒന്നാണ് എന്ന് കരുതിപ്പോകുംവിധം പില്‍ക്കാലത്ത് ഈ ചര്യ പല നാടുകളിലെയും പള്ളികളില്‍ ഖത്തീബ് മിമ്പറില്‍ കയറുമ്പോള്‍ തുടര്‍ന്നു പോന്നിട്ടുണ്ട്.
നമ്മുടെ നാട്ടില്‍ സുപരിചിതമായ ഒരു സമ്പ്രദായമാണ് വെള്ളിയാഴ്ച ദിവസങ്ങളിലെ ഖുതുബയില്‍ ഖതീബ് 'വാളെടുക്കുക' എന്നത്. മിമ്പറിലേക്കു കയറുന്ന ഖതീബ് വാളെടുക്കുകയും അതു കുത്തിപ്പിടിച്ച് മിമ്പറില്‍ കയറുകയും അതു കുത്തിപ്പിടിച്ചുനിന്ന് ഖുതുബ പറയുകയും ചെയ്യുന്നു. ചില പള്ളികളില്‍ വാളെടുക്കുന്നത് മുഅദ്ദിനാണ്. വാളെടുത്ത് ഇരു കൈകളിലും ചേര്‍ത്ത് പിടിച്ച് ഭൂമിയില്‍ അതിന്റെ തുമ്പ് കുത്തിയാണ് മുഅദ്ദിന്‍ 'മആശിറല്‍ മുസ്‌ലിമൂന റഹിമകുമുള്ളാഹ്' വിളിക്കുക. നിയതമായ അറബിയിലുള്ള പ്രാര്‍ത്ഥനകളും മറ്റും ഉരുവിടുന്ന അദ്ദേഹം ശേഷം ആ വാള്‍ പഴയതു പോലെ അതിന്റെ സ്ഥാനത്ത് വെക്കുന്നു. ഈ വാളുകള്‍ക്ക് ഒരു ആചാരം(ചടങ്ങ്) എന്നതില്‍ കവിഞ്ഞ് പ്രസക്തിയുമില്ല. പ്രവാചകന്മാരും ശേഷം വന്ന തലമുറകളും അത് ചെയ്തുപോന്നിരുന്നുവെന്നത് മാത്രമാണ് നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ഈ ആചാരം തുടര്‍ന്നുപോരുന്നതിന്റെ കാരണം. ഇപ്രകാരം നിര്‍മ്മിക്കപ്പെട്ട വാളുകളില്‍ അധികവും ഡൂപ്ലിക്കേറ്റ് വാളുകളാണ്; മരം കൊണ്ട് നിര്‍മ്മിച്ച് ലോഹം പൂശിയവ. ചുരുക്കത്തില്‍, ഏഴാം നൂറ്റാണ്ടിലെ അറേബ്യയിലെ വാള്‍ എവ്വിധം ഒരു സാംസ്‌കാരിക ചിഹ്നമായി ഇക്കാലത്തും അറേബ്യക്കു പുറത്തുപോലും നിലനില്‍ക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.

3. വാളും മുഹമ്മദ് നബിയുടെ മതപ്രബോധനവും
വാളു കൊണ്ടാണ് മുഹമ്മദ് തന്റെ മതം പ്രചരിപ്പിച്ചത് എന്നതാണ് നബിക്കെതിരിലുള്ള നിരവധി ആരോപണങ്ങളില്‍ ഒന്ന്. നേരത്തെ പ്രതിപാദിക്കപ്പെട്ടിട്ടുള്ള യുദ്ധവുമായി ബന്ധപ്പെട്ട പ്രമാണങ്ങളെ മനസ്സിലാക്കുന്നതില്‍ സംഭവിച്ച പിഴവാണ് പ്രവാചകനെതിരിലും ഇത്തരമൊരു ആരോപണമുന്നയിക്കാന്‍ ഇസ്‌ലാം വിമര്‍ശകരെ പ്രേരിപ്പിച്ചിരിക്കുന്നത്. വാള്‍മുനയില്‍ നിര്‍ത്തി പ്രവാചകന്‍ അവിശ്വാസികളെ മതപരിവര്‍ത്തനം ചെയ്തു എന്നു കരുതിപ്പോകും ഈ വിമര്‍ശനം കേട്ടാല്‍. പ്രവാചക ജീവതത്തില്‍ വാളുമായി ബന്ധപ്പെട്ട പല ചരിത്രങ്ങളും സംഭവങ്ങളും എന്നാല്‍ നമുക്ക് നല്‍കുന്നത് വിമര്‍ശകരുടെ ആരോപണത്തിനു നേര്‍വിപരീതമായ യാഥാര്‍ത്ഥ്യങ്ങളാണ്. അവയില്‍ സുപ്രധാനമായ ചില സംഭവങ്ങളെ വിശകലനവിധേയമാക്കുകയാണിവിടെ.
നബിയുടെ വാള്‍ പ്രയോഗങ്ങള്‍, വിമര്‍ശകര്‍ ആരോപിക്കും പോലെ ഒരര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെ പ്രചരണത്തിനു വലിയ തോതില്‍ കാരണമായിട്ടുണ്ട്. എന്നാല്‍ അത് വിമര്‍ശകര്‍ പറയും പോലെയല്ല എന്നു മാത്രം. നബിയുടെ വാള്‍ 'പ്രയോഗ'ത്തിന്റെ ഒരുദാഹരണം നോക്കാം.
ഒരിക്കല്‍ ഒരു അപരിചതന്‍ തിരുമേനിയെ സന്ദര്‍ശിക്കാന്‍ വന്നു. അപരിചതര്‍ക്കു പോലും ആതിഥ്യമരുളുക അറബികളുടെ പതിവാണ്. നബിതിരുമേനി അയാളെ അതിഥിയായി സ്വീകരിച്ചു. ഭക്ഷണവും കിടക്കാനുള്ള സൗകര്യങ്ങളും നല്‍കി. നബിതിരുമേനിയുടെ ദൗത്യത്തില്‍ ശത്രുതപൂണ്ട്, ദുരുദ്ദേശ്യത്തോടെ വന്നതായിരുന്നു അയാള്‍. നേരം വെളുത്ത് ആതിഥേയന്‍ ഉണരുന്നതിനു മുമ്പേ, തനിക്ക് കിടക്കാന്‍ നല്‍കിയ വിരിപ്പില്‍ മലമൂത്ര വിസര്‍ജനം ചെയ്ത് അയാള്‍ വീടു വിട്ടു. സംസ്‌കാരശൂന്യനായ ആ കാട്ടറബി തന്റെ ശത്രുത പ്രകടിപ്പിച്ചത് ഇങ്ങനെയാണ്. നേരം വെളുത്ത് അതിഥിയുടെ മുറിയില്‍ എത്തിയ തിരുമേനി മലമൂത്രവിസര്‍ജനം ചെയ്യപ്പെട്ട വിരിപ്പാണ് കാണുന്നത്. അനിഷ്ടങ്ങളോടു വെറുപ്പും വിദ്വേഷവും കാണിക്കുന്ന പ്രകൃതമല്ലല്ലോ കാരുണ്യത്തിന്റെ പ്രവാചകന്. അവിടുന്ന് തന്നെ സ്വകരങ്ങളാല്‍ വിരിപ്പില്‍നിന്നു മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കുകയാണ്. അതിഥി മറന്നു വെച്ച വാള്‍ തിരുമേനിയുടെ കണ്ണില്‍പ്പെടുന്നത് അപ്പോഴാണ്.
അല്‍പദൂരം പിന്നിട്ടപ്പോഴാണ്, താന്‍ മറന്നുവെച്ച വാളിനെ കുറിച്ച് അയാള്‍ക്ക് ഓര്‍മ്മ വന്നത്. ഇപ്പോഴും നേരം വെളുത്തിട്ടില്ല, നബിയും കുടുംബവും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നുകാണില്ല എന്നു കരുതിയാണ് വാള്‍ എടുക്കാനായി അയാള്‍ തിരികെ വന്നത്. എന്നാല്‍ വന്നു നോക്കുമ്പോള്‍ അയാള്‍ കാണുന്ന കാഴ്ച സ്വന്തം കൈകള്‍കൊണ്ട് വിരിപ്പു കഴുകി വൃത്തിയാക്കുന്ന നബിയെയാണ്. അപമാനവും ലജ്ജയും കൊണ്ട് നാവിറങ്ങിപ്പോയ അയാള്‍, തിരുമേനിയില്‍നിന്ന് ശാപവാക്കുകളും ചീത്തയും പ്രതീക്ഷിച്ചു മിണ്ടാതെ നിന്നു. 'വാളെടുത്ത് പൊയ്‌ക്കോളൂ' എന്നായിരുന്നു നബിയുടെ മറുപടി. നബിയുടെ ശാന്തമായ ഈ പ്രതികരണം അയാളുടെ മനസ്സുലക്കാന്‍ പോന്നതായിരുന്നു. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും പ്രഖ്യാപിച്ച് താന്‍ അതുവരെ എതിര്‍ത്തിരുന്ന മതത്തിന്റെയും പ്രവാചകന്റെയും അനുയായിയായി മാറി അയാള്‍.(3)
ഈ സംഭവത്തിനു നിരവധി മാനങ്ങളുണ്ട്. നമ്മുടെ വിഷയവുമായി ഈ കഥക്കുള്ള ബന്ധം ഒരാളുടെ ഇസ്‌ലാമാശ്ലേഷത്തിനു നേരിട്ടോ അല്ലാതെയോ ഒരു വാള്‍ കാരണമായി എന്നുള്ളതാണ്. അയാള്‍ മറന്നുവെച്ച ഒരു വാളെടുക്കാന്‍ വന്നതും നബിതിരുമേനിയുടെ തുല്യതയില്ലാത്ത പെരുമാറ്റവുമാണ് ഈ മനുഷ്യനെ ഇസ്‌ലാമിലേക്കും അതിന്റെ പ്രവാചകനിലേക്കും ആകര്‍ഷിപ്പിച്ചത്. നബിയോടുള്ള കടുത്ത വെറുപ്പു മൂലം, ഏറെ മോശപ്പെട്ട ഒരു വൃത്തികേട് ചെയ്ത ഒരാളോടു പോലും കോപവും വിദ്വേഷവും തെല്ലുമില്ലാതെ ശാന്തമായി നബി പെരുമാറിയതാണ് അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷത്തിനു മുഖ്യകാരണമായി വര്‍ത്തിച്ചത് എന്ന യാഥാര്‍ത്ഥ്യത്തോടൊപ്പം, മറന്നുവെച്ച വാള്‍ അയാളുടെ ഇസ്‌ലാമാശ്ലേഷത്തിലേക്ക് വഴിതുറക്കുകയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ആ അര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെ പ്രചരണത്തില്‍ വാളുകള്‍ക്കും ചെറിയ പങ്കുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മനുഷ്യന്റെ സ്വാഭാവികമായ പ്രതികരണം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കോപം കൂടുന്ന പക്ഷം വാളെടുത്ത് തന്നെ പ്രതികരിച്ചെന്നിരിക്കും ആ സാഹചര്യത്തില്‍ ഏതൊരാളും. ഇവിടെയാണ് നബിതിരുമേനിയുടെ വാള്‍പ്രയോഗങ്ങള്‍ ശ്രദ്ധേയമാകുന്നത്. ഉപയോഗിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പോലും അവിടുന്ന് അത് ഉപയോഗിക്കാതിരിക്കുകയാണ്. നബിയുടെ വാളുപയോഗം മറ്റേതു കാര്യവും പോലെ രചനാത്മകമായിരുന്നു. അത് നിഷേധാത്മകമോ ഹിംസാത്മകമോ ആയിരുന്നില്ല.
ഇസ്‌ലാമിന്റെ പ്രചരണ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇസ്‌ലാം സ്വീകരിച്ച സംഭവമാണ് മക്കാവിജയം. ഇസ് ലാമിക ചരിത്രത്തിലെ യുദ്ധവിജയങ്ങളേക്കാള്‍ ഒരു വേള വലിയ വിജയമായി വിലയിരുത്തപ്പെടുന്ന വിജയങ്ങളാണ് ഹുദൈബിയാ സന്ധിയും മക്കാവിജയവും. ഹിജ്‌റയുടെ എട്ടാം വര്‍ഷം മുഹമ്മദ് നബിയും മുസ്‌ലിംകളും മദീനയില്‍നിന്ന് സര്‍വായുധ സജ്ജരായി വന്ന് മക്ക കീഴടക്കിയ സംഭവമാണ് ചരിത്രത്തില്‍ മക്കാവിജയമായി അറിയപ്പെടുന്നത്. ഈ വിജയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്, മറ്റു പല സൈനിക വിജയങ്ങളിലും കാണുന്ന പോലെ അക്രമത്തിന്റെയും ക്രൂരതകളുടെയും ഹിംസയുടെയും അകമ്പടിയോടെയല്ലായിരുന്നു ഈ വിജയം എന്നുള്ളതാണ്. 13 വര്‍ഷങ്ങള്‍ പല വിധേന പീഡിപ്പിക്കുകയും, പിന്നീട് സ്വന്തം നാട്ടില്‍നിന്ന് ആട്ടിപ്പായിക്കുകയും, പലായനം ചെയ്ത് മറ്റൊരു നാട്ടില്‍ സമാധാനത്തോടെ തങ്ങളുടെ വിശ്വാസം മുറുകെപ്പിടിച്ച് ജീവിക്കാന്‍ പോലും സമ്മതിക്കാതെ പലവട്ടം അതിന്റെ പേരില്‍ യുദ്ധം ചെയ്യുകയും മറ്റുഗോത്രക്കാരെ ഈ സംഘത്തിനെതിരെ യുദ്ധത്തിനു വേണ്ടി പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്ത് 20 വര്‍ഷത്തോളം ശത്രുതമാത്രം പ്രകടിപ്പിച്ച ഒരു സമൂഹത്തെയാണ് മുഹമ്മദും കൂട്ടരും മക്കാ വിജയവേളയില്‍ അഭിമുഖീകരിക്കുന്നത്.
ചരിത്രത്തില്‍ പല യുദ്ധവിജയങ്ങളിലും കീഴടക്കലുകളിലും വായിക്കുന്നതുപോലെ, ഒരു നഗരത്തെയും നഗരവാസികളെയും ചുട്ടുചാമ്പലാക്കാന്‍ പോന്ന മതിയായ കാരണങ്ങളുണ്ടായിരുന്നു മക്കയെ കീഴടക്കുന്ന മുഹമ്മദിനും കൂട്ടര്‍ക്കും. പ്രതികാരമില്ല, ആക്രമണമില്ല, സ്വത്തുവകകളുടെ നശീകരണമില്ല. സൈന്യം വരുന്ന വഴിയില്‍ കാണുന്നവരെ അക്രമിക്കുന്നില്ല. വഴിയോരങ്ങളിലെ വൃക്ഷങ്ങള്‍ പിഴുതെറിയുന്നില്ല. ജനവാസകേന്ദ്രങ്ങള്‍ക്കു നേരെ അക്രമമില്ല. ചുരുക്കത്തില്‍ രക്തരഹിതവിപ്ലവമായിരുന്നു മക്കം ഫതഹ്. നിരവധി പേര്‍ ഇസ്‌ലാം സ്വീകരിച്ച ഈ ഘട്ടത്തില്‍, ഒരു മുസ്‌ലിം ആരെയും വാള്‍മുനയില്‍ നിര്‍ത്തിയിട്ടില്ല മുസ്‌ലിമാവാന്‍ കല്‍പ്പിച്ചുകൊണ്ട്. പ്രതികാരദാഹിയായി മക്കയെ കീഴടക്കുന്ന മുഹമ്മദിനെയാണ് ശത്രുക്കള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ കരുതാനേ ന്യായമുള്ളൂ. കാരണം തങ്ങള്‍ ഈ മനുഷ്യനോടും കൂട്ടരോടും ചെയ്തുകൂട്ടിയ ക്രുരതകള്‍ അത്രയുമുണ്ടല്ലോ. എന്നാല്‍ മുഹമ്മദില്‍ പ്രതികാരദാഹിയായ ഒരു സൈന്യാധിപനെയല്ല അവര്‍ കണ്ടത്. 'നിങ്ങള്‍ പൊയ്‌ക്കൊള്ളൂ, നിങ്ങള്‍ സ്വതന്ത്രരാണ്' എന്നു പ്രഖ്യാപിക്കുന്ന മുഹമ്മദിനെയാണ്.
മക്കാ വിജയവേളയില്‍ കഅ്ബക്കു മുമ്പിലെത്തിയ പ്രവാചകന്‍ എല്ലാവരോടുമായി പ്രഖ്യാപിക്കുന്നു: ''കഅ്ബയുടെ മുമ്പിലുള്ളവരെ, മുഹമ്മദിന് നിങ്ങളോട് ചിലത് സംസാരിക്കാനുണ്ട്.'' മദീനയില്‍ നിന്നെത്തിയ മുസ്‌ലിംകളും മക്കയിലെ ആയിരക്കണക്കിന് അവിശ്വാസികളും കഅ്ബയുടെ മുമ്പില്‍ ആകാംക്ഷയോടെ തടിച്ചുകൂടി. ഒരു ഉച്ചസമയത്തായിരുന്നു. മുഹമ്മദ് നബി തന്റെ മുഅദ്ദിന്‍ ആയ ബിലാലിനോടു ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. ബിലാല്‍ കഅ്ബയുടെ മുകളില്‍ കയറി ഉച്ചത്തില്‍ ബാങ്ക് വിളിച്ചു. 'അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍.' കഅ്ബയുടെ മുമ്പില്‍ തടിച്ചുകൂടിയ അവിശ്വാസികളില്‍ അത്വാബ് ബിന്‍ ആസ്വിദ് എന്ന മക്കയിലെ ഗോത്രപ്രമുഖനുമുണ്ടായിരുന്നു. കഅ്ബയുടെ മുകളില്‍ നിന്ന് ബാങ്ക് വിളിക്കുന്ന ബിലാലിനെ കണ്ട് അത്വാബ് തന്റെ അടുത്ത് നിന്ന സുഹൃത്തിന്റെ ചെവിയില്‍ മന്ത്രിച്ചു. 'എന്റെ പിതാവ് മരിച്ചത് നന്നായി. അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍, ഈ കറുത്തകഴുത കഅ്ബയുടെ മുകളില്‍ കയറി കുരക്കുന്നത് കണ്ട് അടങ്ങിയിരിക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല' (Muhammad Hamidullah, Tolerance in the Prophet's deeds at Medina in Islam, Philosophy and Science, Paris: UNESCO, 1981. 31.). നമസ്‌കാര ശേഷം കൂടിനില്‍ക്കുന്ന മക്കാമുശ്‌രിക്കുകളോടു പ്രവാചകന്‍ തന്നില്‍നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്നു തിരക്കി. എല്ലാവരും തലയും താഴ്ത്തി അപമാനിതരായി മിണ്ടാന്‍ കഴിയാതെ നില്‍ക്കുകയാണ്. തങ്ങള്‍ ഈ മനുഷ്യനോടു ചെയ്തുകൂട്ടിയ കൊള്ളരുതായ്മകള്‍ ഓര്‍ത്തിട്ടാകണം, മുഹമ്മദിനോട് മാപ്പ് ചോദിക്കാന്‍ പോലും തങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് അവര്‍ക്ക് തോന്നിയിരിക്കാം. 20 വര്‍ഷമായി തന്നെയും കൂട്ടരെയും പലവിധേനയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന കടുത്ത ശത്രുക്കളെ മുഴുവനും കൊന്നുകളയണമെന്ന ഒരു കല്‍പ്പനയാണ് നബി കൊടുക്കുന്നതെങ്കില്‍ പോലും അതിന് വേണ്ടത്ര ന്യായീകരണങ്ങളുണ്ട്. എന്നാല്‍ പ്രവാചകന്‍ മുഹമ്മദ് അങ്ങനെ ചെയ്തില്ല. മക്കയിലെ ശത്രുക്കളുടെ സകല സ്വത്തുക്കളും കണ്ടുകെട്ടാന്‍ അദ്ദേഹത്തിനു ഉത്തരവിടാമായിരുന്നു. അതിന് അദ്ദേഹത്തിന് അവകാശവും ന്യായവുമുണ്ട്. എന്നാല്‍ അതും അദ്ദേഹം ചെയ്തില്ല. ശത്രുക്കളെ അടിമകളാക്കാമായിരുന്നു. അക്കാലത്ത് വ്യാപകമായി നിലനിന്ന ഒരു സമ്പ്രദായം എന്ന നിലക്ക് അത് മക്കാമുശ്‌രിക്കുകള്‍ അര്‍ഹിക്കുന്നതിനുമപ്പുറമുള്ള ഔദാര്യമായിരിക്കും. എന്നാല്‍ അതും നബി ചെയ്തില്ല. മക്കാമുശ്‌രിക്കുകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് നബി തിരുമേനി പ്രഖ്യാപിച്ചു: ''നിങ്ങളുടെ മേല്‍ ഒരു പ്രതികാര നടപടിയുമില്ല. നിങ്ങള്‍ക്കു പോകാം. നിങ്ങളിന്ന് സ്വതന്ത്രരാണ്.'' മറ്റൊരു നിവേദനത്തില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞതായും കാണാം: ''എന്റെയും നിങ്ങളുടെയും ഉദാഹരണം യൂസുഫിന്റെയും സഹോദരങ്ങളുടെയും ഉദാഹരണം പോലെയാണ്. അദ്ദേഹം തന്റെ സഹോദരന്മാരോടു പറഞ്ഞു. ഇന്നു നിങ്ങളുടെ പേരില്‍ പ്രതികാര നടപടിയൊന്നുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരുമാറാകട്ടെ. അവന്‍ ഏറ്റവും വലിയ കരുണാവാരിധിയല്ലോ.'' (യൂസുഫ്: 92) (മൗസൂഅതു ഖുതബി? മിന്‍ബ?, മക്തബ ?ാമിലത്)
പ്രാവാചകന്റെ ഈ പ്രഖ്യാപനം കേട്ടയുടന്‍, അത്വാബ് മുഹമ്മദിന്റെ അടുക്കല്‍ ഹാജരായിട്ട് പറഞ്ഞു: ''മുഹമ്മദേ, ഞാന്‍ അത്വാബ്, ഇസ്‌ലാമിന്റെ കടുത്ത ശത്രു. മുഹമ്മദേ, അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.'' സംഭവങ്ങള്‍ ഇവിടെ തീരുന്നില്ല, ഇസ്‌ലാം സ്വീകരണം പ്രഖ്യാപിച്ച അത്വാബിനോടു ഒരു നിമിഷം ആലോചിക്കാതെ മുഹമ്മദ് പ്രതിവചിക്കുന്നു: ''അത്വാബ്, താങ്കളെ ഞാന്‍ മക്കയുടെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നു.''
നോക്കൂ, എങ്ങനെയാണ് ഇസ്‌ലാമിന്റെ ഒരു കടുത്ത ശത്രുപോലും ഒരു നിമിഷം കൊണ്ട് പ്രവാചകന്റെ അനുയായി ആയി മാറുന്നതെന്ന്. ഇസ്‌ലാം സ്വീകരിക്കുന്നതെന്ന്. ഇസ്‌ലാം സ്വീകരിക്കാതെ നിങ്ങള്‍ക്ക് സ്വതന്ത്രമായി പോകാം എന്നു പറഞ്ഞിരിക്കെ, എന്തുകൊണ്ടാണ് അതുവരെ ശത്രുക്കളായിരുന്ന ആളുകള്‍ ഇസ്‌ലാം സ്വീകരിക്കുന്നത്? പ്രവാചകന്റെ ഉദാത്തവും തുല്യതയുമില്ലാത്തതുമായ ദയാവായ്പിന്റെ സമീപനമാണ് ഒരു നിമിഷത്തിന്റെ വ്യത്യാസത്തില്‍ കഠിന ശത്രുതയില്‍നിന്ന് പ്രവാചകനോടും ഇസ്‌ലാമിനോടും അങ്ങേയറ്റത്തെ സ്‌നേഹവും ആദരവുമുള്ളവരായി പരിവര്‍ത്തിക്കപ്പെടുന്നത്. അത്വാബ് മാത്രമല്ല, ആ ഒരൊറ്റ ദിവസം അനേകം പേര്‍ ഇസ്‌ലാം ആശ്ലേഷിച്ചു. പ്രലോഭനങ്ങളോ ഭീഷണിയോ കൊണ്ടല്ല, ഈ മതത്തോടും അതിന്റെ പ്രവാചകനോടുമുള്ള അളവില്ലാത്ത ആദരവും സ്‌നേഹവും കൊണ്ടാണ്. ബാഹ്യസമ്മര്‍ദ്ദം കൊണ്ടല്ല, ഉള്ളിന്റെ ഉള്ളില്‍ നിന്നുള്ള തേട്ടം കൊണ്ടാണ്. മക്ക കീഴടക്കിയ പ്രവാചകന്‍ മുഹമ്മദ് തന്റെ സൈന്യത്തിലെ ഒരാളെ പോലും മക്കയില്‍ കീഴടക്കിയ പ്രദേശത്ത് വിന്യസിക്കാതെയാണ് മദീനയിലേക്ക് മടങ്ങിയത്. കീഴടക്കപ്പെട്ട ജനതയുടെ മനസ്സിനെ ഇസ്‌ലാം കീഴ്‌പ്പെടുത്തിയിരിക്കെ ആ പ്രദേശത്തെ ഇസ്‌ലാമിന്റെ വരുതിയില്‍ നിര്‍ത്താന്‍ പിന്നെന്തിനാണ് പടയാളികള്‍.
മറ്റൊരിക്കല്‍ തിരുമേനി(സ) ഒരു സൈനിക മുന്നണിയിലാണ്. മുസ്‌ലിം സൈന്യത്തിന്റെ വരവറിഞ്ഞ് ശത്രുസൈന്യം പിന്തിരിഞ്ഞോടി. കുന്നുകളാല്‍ ചുറ്റപ്പെട്ട ആ പ്രദേശത്ത് അധിക ദൂരമൊന്നും അവര്‍ പോയിരുന്നില്ല. താഴ്‌വരകളിലും മലനിരകള്‍ക്കിടയിലും അഭയം തേടിയ ശത്രുസൈന്യം മുസ്‌ലിം സൈന്യത്തിന്റെ ചലനങ്ങള്‍ സശ്രദ്ധം വീക്ഷിക്കുന്നുമുണ്ട്, ഒരു ആക്രമണത്തിനു കോപ്പു കൂട്ടാന്‍. കുന്നിന്‍ മുകളില്‍ കയറി മുസ്‌ലിം സൈന്യത്തെ നിരീക്ഷിച്ച ശത്രുസേനാധിപന്‍ നിരായുധനായി ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുന്ന തിരുമേനിയെ കണ്ടു. പ്രവാചകന്റെ അനുചരന്മാരും പല ദിക്കുകളിലേക്കു മാറിയിട്ടുണ്ട്. അന്നേ ദിവസം മഴപെയ്തിരുന്നതിനാല്‍, നനഞ്ഞ വസ്ത്രങ്ങള്‍ ഉണങ്ങാനായി മരക്കമ്പില്‍ തൂക്കിയിട്ടായിരുന്നു തിരുമേനി മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ കിടന്നത്. ഇതു കണ്ട ശത്രു സൈന്യാധിപന്‍, മലമുകളില്‍നിന്ന് ഇറങ്ങിവന്ന് തിരുമേനിയുടെ അടുക്കല്‍ വന്ന് ഉറയില്‍നിന്നു വാളൂരി നബിയോടു അലറി: ''ഏയ്, മുഹമ്മദ്. നിന്നെ ഇപ്പോള്‍ എന്റെ കൈകളില്‍നിന്ന് രക്ഷിക്കാന്‍ ആരുണ്ട്?'' തിരുമേനി വളരെ ശാന്തമായി തന്നെ മറുപടി പറഞ്ഞു: ''അല്ലാഹ്''. ഇതു കേട്ട് ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന അയാളുടെ കൈകള്‍ നബിയുടെ മറുപടി കേട്ടു വിറച്ചു വാള്‍ താഴെ വീണു. ആ വാളെടുത്ത് തിരുമേനി അയാള്‍ക്കു നേരെ ചൂണ്ടിയിട്ടു ചോദിച്ചു: ''ഇപ്പോള്‍ എന്റെ കൈയില്‍നിന്ന് നിന്നെ രക്ഷിക്കാന്‍ ആരുണ്ട്?'' ശത്രു സൈന്യാധിപന്‍ പറഞ്ഞു: ''ആരുമില്ല''. ഭയവിഹ്വലനും നിസ്സഹായനുമായി തന്റെ മുമ്പില്‍ നില്‍ക്കുന്ന ആ ശത്രുവിന് വാള്‍ തിരികെ നല്‍കി നബി അയാളെ പോകാന്‍ അനുവദിച്ചു. ആ നിമിഷംതന്നെ അയാള്‍ ഇസ്‌ലാം സ്വീകരിച്ചു. അയാള്‍ തിരികെ അദ്ദേഹത്തിന്റെ ഗോത്രക്കാരുടെ അടുക്കല്‍ ചെന്ന് നബിയുടെ ഈ മഹാമനസ്‌കതയെ കുറിച്ചു പറയുകയും അവര്‍ക്കിടയില്‍ ഇസ്‌ലാമിന്റെ പ്രചാരകനായി മാറുകയും ചെയ്തു.(4)
ശത്രുവിനോടു പോലും കാണിക്കുന്ന തിരുമേനിയുടെ അപാരമായ മഹാമനസ്‌കത എന്ന ഉദാത്തസ്വഭാവഗുണമാണ് ഇവിടെ യുദ്ധവേളയില്‍ പോലും ഒരു ശത്രുവിനെ ഇസ്‌ലാം സ്വീകരിക്കുന്നതിലേക്കും അതിന്റെ പ്രചാരകനായി മാറുന്നതിലേക്കും കൊണ്ടെത്തിച്ചത്. ഈ സംഭവത്തിലും വാള്‍ ഒരു റോള്‍ നിര്‍വഹിക്കുന്നുണ്ട്. വാളു കൊണ്ട് ശത്രുവിനെ വധിക്കാമായിരുന്ന ഒരു സാഹചര്യം മുന്നില്‍ വന്നുകിട്ടിയിട്ടും, വാളിനെ ആയുധം എന്ന നിലയില്‍ ഹിംസക്ക് വേണ്ടി ഉപയോഗിക്കാതിരുന്നുവെന്നതാണ് നബിയുടെ ശത്രുക്കളോടുപോലുമുള്ള പെരുമാറ്റത്തിന്റെ രീതിശാസ്ത്രം. ഈ മഹാമനസ്‌കത അയാളെ മാത്രമല്ല, അയാളുടെ ഗോത്രത്തിലെ അനേകം പേരെ ഇസ്‌ലാമാശ്ലേഷിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് ചരിത്രം. ഇവിടെ പ്രവാചകന്‍ തന്റെ ശത്രുവെ കൊല്ലുന്നത് ഒരു നിലക്കും ആക്ഷേപാര്‍ഹമല്ല. കാരണം, തന്നെ വധിക്കുക എന്ന ഉദ്ദേശ്യത്തോടെ വാള്‍ കൈയിലേന്തി നില്‍ക്കുന്ന ശത്രുവിന്റെ മുമ്പിലാണ്. ഒരു വേള യുദ്ധമുഖത്തു തന്നെയാണ്. യുദ്ധവേളയില്‍ ശത്രുവിനെ വധിക്കുകയോ കീഴ്‌പ്പെടുത്തുകയോ ചെയ്യലാണല്ലോ യുദ്ധധര്‍മ്മം. അത്തരമൊരു സാഹചര്യത്തില്‍ ശത്രുവിനെ പ്രവാചകന്‍ വധിച്ചുവെന്നിരിക്കട്ടെ. അത് ആക്ഷേപാര്‍ഹമായ ഒരു കാര്യമായി വിലയിരുത്തപ്പെടില്ല. തന്നെയും താന്‍ പ്രതിനിധാനം ചെയ്യുന്ന ആദര്‍ശ പ്രസ്ഥാനത്തെയും ഇല്ലായ്മ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട കൂട്ടരാകുമ്പോള്‍ വിശേഷിച്ചും. തന്റെ ശത്രുവിനെ ഒറ്റവെട്ടിന് അവസാനിപ്പിക്കാമായിരുന്ന അവസരമാണ് നബി(സ) തിരുമേനി വേണ്ടെന്നു വെക്കുന്നത്. ശത്രുക്കളെ ഇല്ലായ്മ ചെയ്യുകയും വധിക്കുകയുമാണ് പ്രവാചകന്റെ ലക്ഷ്യമെങ്കില്‍ മറ്റൊരവസരത്തിന് കാത്തുനില്‍ക്കാതെ കൊല്ലുകയായിരുന്നു പ്രവാചകന്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇസ്‌ലാം അതിനുവേണ്ടിയുള്ളതല്ല. നബിതിരുമേനി വന്നതും അതിനു വേണ്ടിയല്ല. ഇസ്‌ലാമിന്റെ ശത്രുക്കളെ എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യണമെന്നോ അവരെയെല്ലാം വധിച്ചു കളയണമെന്നോ ആയിരുന്നില്ല അവിടുന്ന് ആഗ്രഹിച്ചത്. മറിച്ച്, അവരോടു പോലും വിട്ടുവീഴ്ചയും ദയാവായ്പും പ്രകടിപ്പിച്ചു. പ്രതികാരം ചെയ്യാനും കൊല്ലാനും ലഭിച്ച അവസരങ്ങള്‍ പോലും വേണ്ടെന്നു വെക്കുന്നു. ആയുധം ഉപയോഗിക്കാതെ യുദ്ധം ജയിക്കുന്നു. വാളെടുത്തല്ല; വാള്‍ ഉപയോഗിക്കാതെ ജനങ്ങളെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നു. പടിഞ്ഞാറ് ആരോപിക്കുന്നതു പോലെ വാള്‍മുനയില്‍ നിര്‍ത്തിയല്ല നബി ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്തത്. ആയുധങ്ങള്‍ ഉപയോഗിക്കാവുന്ന സന്ദര്‍ഭങ്ങളില്‍ പോലും അവ ഉപയോഗിക്കുന്നതില്‍നിന്നു വിട്ടുനിന്നാണ് നബിതിരുമേനി ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചത്. ആരും ബലപ്രയോഗം കൊണ്ടോ ഭീഷണികൊണ്ടോ അല്ല ഇസ്‌ലാം ആശ്ലേഷിച്ചത്. ഇത്രയം മഹാമനസ്‌കനും, പ്രതികാര ചിന്തയില്ലാത്ത അനുതാപിയുമായ മുഹമ്മദിന്റെ മതം എത്ര സുന്ദരമായിരിക്കുമെന്ന സ്വയം ബോധ്യപ്പെടലില്‍ നിന്നുള്ള മാനസിക പരിവര്‍ത്തനമായിരുന്നു അവരുടെ ഇസ്‌ലാമാശ്ലേഷത്തിന്റെ ആദ്യ ബിന്ദു. അവിടെ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും ബലാല്‍ക്കാരത്തിനും സ്ഥാനമില്ല. വിശ്വസിക്കാത്തവരെയും ശത്രുവിനെയും എത്രയും വേഗം വെട്ടിക്കൊലപ്പെടുത്തുന്ന മുഹമ്മദിനെയല്ല, ശത്രുക്കളെ പോലും വാള്‍മുനയില്‍നിന്നു ജീവിതത്തിലേക്കു കൈപിടിച്ചുയര്‍ത്തുന്ന കാരുണ്യദൂതനെയാണ് മുഹമ്മദില്‍ കാണാനാവുക.
വാള്‍ ആയുധമായിരുന്നു പല സംസ്‌കൃതികളിലും കാലഘട്ടങ്ങളിലും. മുന്‍കാല ജനതയുടെ ശേഷിപ്പുകളായി മ്യൂസിയങ്ങളില്‍ സ്ഥാനം പിടിക്കുന്ന അവ മുന്‍കാല ജനതയുടെ സാംസ്‌കാരിക നാഗരികശേഷിപ്പുകളാണ്. എന്നാല്‍ ഇസ് ലാമിന്റെവാള്‍ കാലഘട്ടങ്ങള്‍ക്കിപ്പുറവും ഹിംസയുടെ മാത്രം വാളായി അവതരിപ്പിക്കപ്പെടുന്നതിനു പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. ഇസ്‌ലാമിന്റെ വാള്‍, നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്റെ ചിഹ്നമായി എഴുത്തുകാരാലും ചരിത്രകാരന്മാരാലും അവരോധിക്കപ്പെടുന്നത് ചരിത്രത്തില്‍ ഇസ്‌ലാം നേടിയെടുത്ത തുല്യതയില്ലാത്ത യശസ്സിനെ താറടിച്ചുകാണിക്കാനും അതുവഴി ഇസ്‌ലാമില്‍നിന്ന് ജനങ്ങളെ അകറ്റാനുമാണ്. ഇസ്‌ലാമും മുസ്‌ലിംകളും അക്രമത്തിന്റെയും ഹിംസയുടെയും ആളുകളായി വരാതിരിക്കുമ്പോള്‍, മുസ്‌ലിംകളായി ചമഞ്ഞ് അക്രമങ്ങളും ക്രൂരതകളും ഇസ്‌ലാമിന്റെ പേരില്‍ നടത്തിക്കൊടുക്കാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ ഇക്കാലത്ത് രൂപംകൊണ്ടിരിക്കുന്നു.

കുറിപ്പുകള്‍
1. 19ാം നൂറ്റാണ്ടില്‍ അമേരിക്ക കണ്ട ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാള്‍. റിപ് വാന്‍ റിംഗിളിന്റെ ചെറുകഥയാണ് വാഷിംഗ്ടണ്‍ ഇര്‍വിംഗിനെ ലോകപ്രശസ്തനാക്കിയത്. അദ്ദേഹത്തെ അറിയാത്തവര്‍ക്കു പോലും, റിപ് വാന്‍ റിംഗിളിന്റെ കഥ അറിയാം.
2. മതതാരതമ്യ പഠനമേഖലയില്‍ 20ാം നൂറ്റാണ്ടിലെ അറിയപ്പെട്ട കനേഡിയന്‍ ചരിത്രകാരന്‍(1916-2000). ഹാര്‍വാര്‍ഡിലെ Cetnre for the Study of World Religions ഡയറക്ടറായിരുന്നു ഏറെ കാലം. മതങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുന്ന The Meaning and End of Religion (1962) എന്ന കൃതി ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.
3. സ്വഹീഹു മുസ്‌ലിം
4. ശൈഖ് വഹ്ബത് ബിന്‍ മുസ്ത്വഫ അ?ുഹൈലി, തഫ്‌സീറുല്‍ വസീത്വ്. ദമസ്‌കസ്, ദാറുല്‍ ഫിഖ് ?, 1422 ഹി) 148.
5. ചരിത്രാതീത കാലം മുതലുള്ള മാനവകുലത്തിലെ സംഘട്ടനങ്ങളെയും യുദ്ധങ്ങളെയും പറ്റി പഠിച്ച ഒരു ചരിത്രകാരന്റെ നിരീക്ഷണം.
6. ഡോ. യൂസുഫുല്‍ ഖറദാവി, മദ് ഖ? ഫിത്തശ്‌രീആത്തുല്‍ ഇസ് ലാമി?.
7. ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ്, അദ്ദഅ്‌വതുല്‍ ഇസ്‌ലാമി? വ തത്വ?റുഹാ ഫീ ശിബ്ഹി? ഖാറതി? ഹിന്ദി?.
8. നീണ്ട പതിമൂന്നു വര്‍ഷക്കാലത്തെ മക്കാപ്രബോധനത്തി? ഒരു ഗോത്രവും പൂര്‍ണ്ണമായി ഇസ്‌ലാമിലേക്കു വന്നിരുന്നില്ല. മദീനയില്‍ ഔസു ഖസ്‌റജുമാണ് ഗോത്രം ഒന്നടങ്കമായി ഇസ്‌ലാം സ്വീകരിക്കുന്ന ആദ്യ ഗോത്രങ്ങള്‍.
9. Price Charles dances with sword in Saudi Arabia, <http://www.telgegraph.co.uk/news/prince-charles/10648236/Prince-dances-with-sword-in-Saudi-Arabia.htmal. viwed on 12th April 2015.
10. ആധുനിക സൗദിയുടെ ദേശീയ ചിഹ്നമായി വാളുകളും ഈന്തപ്പനയും തെരഞ്ഞെടുക്കപ്പെടുന്നത് 1950ലാണ്. രാജ്യം 1926 ല്‍ ഇബ്‌നു സഊദിന്റെ നേതൃത്വത്തില്‍ ഏകീകരിക്കുന്നതിനു മുമ്പ് നിലനിന്നിരുന്ന രണ്ടു വിശാല ഭൂപ്രദേശങ്ങളായ നജ്ദിനെയും ഹിജാസിനെയും കുറിക്കുന്നതാണ് ദേശീയ ചിഹ്നത്തില്‍ ആലേഖനം ചെയ്യപ്പെട്ട രണ്ട് വാളുകള്‍. ഈന്തപ്പന സൗദി ജനതയെയും പൈതൃകത്തെയും സൂചിപ്പിക്കുന്നു.
11. 12 വാളുകള്‍ എന്നും അഭിപ്രായമുണ്ട്.
12. ഉബയ്യ് ബിന്‍ ഖലഫിനെയാണ് നബിതിരുമേനി ജീവിതത്തില്‍ ആകെ വധിച്ചത്. മക്കയിലെ ഖുറൈശി പ്രമുഖരില്‍ ഒരാളായിരുന്നു ഇദ്ദേഹം. പ്രവാചകദൗത്യത്തിനെതിരെ തുടക്കം മുതലേ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ച വ്യക്തിയായിരുന്നു ഉബയ്യ്. ശാരീരികമായ പീഡനങ്ങള്‍ക്കു പുറമെ, അതിരൂക്ഷമായി പരിഹസിച്ച് നബിയുടെ മനോവീര്യം തകര്‍ക്കാനും ഇദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. മക്കയില്‍ വെച്ച് മുഹമ്മദിനെ വധിക്കും എന്ന് സത്യമിട്ടു പ്രഖ്യാപിക്കുക കൂടി ചെയ്തു ഇയാള്‍. നബിയെ വധിക്കാന്‍ ഇയാള്‍ പ്രതിജ്ഞയെടുത്ത വിവരം അറിഞ്ഞപ്പോള്‍ നബിതിരുമേനി പറഞ്ഞു: ''അല്ലാഹു ഉദ്ദേശിച്ചാല്‍ ഞാന്‍ അയാളെ വധിക്കും.'' നബിയെ കണ്ടുമുട്ടുമ്പോഴൊക്കെ അയാള്‍ പറയും: ''മുഹമ്മദേ, നിന്നെ വന്ന് വധിക്കാനായി ഞാന്‍ എന്റെ കുതിരയ്ക്ക് പ്രത്യേകം തീറ്റ നല്‍കി ഒരുങ്ങുകയാണ്.'' ഇതു കേള്‍ക്കുമ്പോള്‍ തിരുമേനി പ്രതിവചിക്കും: ''അല്ലാഹു ഉദ്ദേശിച്ചാല്‍ ഞാനായിരിക്കും താങ്കളെ വധിക്കുക.'' മുസ്‌ലിംകള്‍ക്കെതിരില്‍ ബഹിഷ്‌കരണം കൊണ്ടുവരുന്നതിലും മക്കയില്‍നിന്നു മുസ്‌ലിംകളെ ആട്ടിപ്പായിക്കുന്നതിലും ഇദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. ഉഹ്ദ് യുദ്ധവേളയില്‍ അദ്ദേഹത്തെ വധിക്കാനിടയായ സംഭവം ഇബ് നുഹിശാമിന്റെ സീറതുന്നബി(നബിയുടെ ജീവചരിത്രം)യില്‍ വിശദീകരിക്കുന്നുണ്ട്. മലമുകളിലേക്കു കയറുകയായിരുന്ന നബിയെ പിന്തുടര്‍ന്നുവന്ന ഉബയ്യ് വിളിച്ചുചോദിച്ചു: ''എവിടെയാണ് മുഹമ്മദ്. ഒന്നുകില്‍ ഞാന്‍ മുഹമ്മദിനെ വധിക്കും. അല്ലെങ്കില്‍ ഞാന്‍ കൊല്ലപ്പെടും.'' ഇതുകേട്ട പ്രവാചകാനുചരന്മാര്‍ ഉബയ്യുമായി ഏറ്റുമുട്ടാന്‍ തിരുമേനിയോടു അനുവാദം ചോദിച്ചു. നബി പറഞ്ഞു: ''അവനെ വിട്ടേക്കുക.'' ഉബയ്യ് കുറേക്കൂടി അടുത്തെത്തിയപ്പോള്‍, അരികില്‍ നിന്ന ഹാരിഥ് ബിന്‍ അസിമ്മയുടെ കുന്തം തിരുമേനി കൈയിലെടുത്തു. കുന്തം കൈയിലെടുത്ത നബിതിരുമേനി ശക്തമായി സ്വയം ഒന്നു കുതറിത്തെറിച്ചു. എല്ലാവരെയും തട്ടിത്തെറിപ്പിക്കാന്‍ പോന്നതായിരുന്നു നബിയുടെ ആ കുതറല്‍. പിന്നീട് ഉബയ്യിനെതിരെ നബി തിരിഞ്ഞു. അയാളുടെ പടച്ചട്ടയുടെ ഇടയിലൂടെ പുറത്തു കാണാന്‍ കഴിയുമായിരുന്ന ക?ാ?ി ഉന്നം വച്ച് നബി കുന്തം കൊണ്ടു ലക്ഷ്യസ്ഥാനത്ത് കുത്തി. കുന്തത്തിന്റെ പ്രഹരം മാരകമായിരുന്നു. അയാള്‍ കുതിരപ്പുറത്തിരുന്നു വേദനകൊണ്ടു പുളഞ്ഞു. ഖുറൈശികള്‍ക്കരികില്‍ തിരികെയെത്തിയ ഉബയ്യില്‍ ചെറിയ ഒരു മുറിവേ അവര്‍ കണ്ടുള്ളൂ. രക്തം കട്ടപിടിക്കുന്നതു കണ്ട അയാള്‍ പറഞ്ഞു: ''അല്ലാഹുവാണ, മുഹമ്മദ് എന്നെ കൊന്നു.'' ഇതു കേട്ടവര്‍ പറഞ്ഞു: ''അല്ലാഹുവാണ, നീ മരിച്ചു പോകുമെന്ന് വെറുതെ പേടിക്കുകയാണ്. നിന്നെ ഏതോ പിശാച് ബാധിച്ചതാണ്.'' ഉബയ്യ് പറഞ്ഞു: ''അല്ല, മുഹമ്മദ് എന്നെ വധിക്കുമെന്ന് മക്കയില്‍ വച്ച് എന്നോടു പറഞ്ഞിരുന്നു. യുദ്ധം കഴിഞ്ഞ് മടങ്ങും വഴി (മക്കയില്‍ തിരികെയെത്തും മുമ്പ്) സാരിഫ് എന്ന സ്ഥലത്ത് ഉബയ്യ് അന്ത്യശ്വാസം വലിച്ചു. (ഇബ്‌നു ഹിശാം. 2/84, സാദുല്‍ മആദ് 2/97. )
13. Muhammad Hamidullah, The Emergence of Islam, Lectures on the Development of Islamic World-View, Intellectual Tradition and Poltiy, Islamic Research Institute, Islamabad. p. 262.
14. Ibid.
15. 2014 Pew Research Cetnre പുറത്തുവിട്ട കണക്കു പ്രകാരം 205 ദശലക്ഷം (ഇരുപത് കോടി അഞ്ചു ലക്ഷം) മുസ്‌ലിംകളുണ്ട് ഇന്തോനേഷ്യയില്‍. രാജ്യത്ത് 88 ശതമാനവും മുസ്‌ലിംകളാണ്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top