സകാത്ത് നിയമങ്ങളും വികസനോന്മുഖ സാമൂഹിക സേവന പദ്ധതികളും

ഡോ: ശൈഖ് അജീല്‍ ജാസിം നശ്മി‌‌
img

ധനത്തിന്റെ ബാധ്യതയായ സകാത്ത് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുടെ അടിത്തറയും സാമൂഹിക നീതി സ്ഥാപിക്കുന്നതിനുള്ള അടിക്കല്ലുമാണ്. വ്യക്തികളുടെയും സമൂഹത്തിന്റെയും ക്ഷേമം ഉറപ്പു വരുത്തുക, ജനങ്ങളില്‍ പരസ്പര സ്‌നേഹവും സഹകരണവും വളര്‍ത്തിക്കൊണ്ടുവരിക, ഇസ്‌ലാമിക പ്രബോധനത്തിന്റെ വ്യാപനം ത്വരിതപ്പെടുത്തുക തുടങ്ങിയവയെല്ലാം സകാത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ലക്ഷ്യങ്ങളാണ്.
ഇബ്‌നു ഖയ്യിം (റ) പറഞ്ഞു: 'അല്ലാഹു നേരിട്ട് തന്നെ സകാത്തിന്റെ വിഭജനം എറ്റെടുത്തിരിക്കുന്നു. എട്ട് അവകാശികള്‍. രണ്ട് വിഭാഗം ആളുകളാണവര്‍. കൂടിയും കുറഞ്ഞും ആവശ്യങ്ങളുള്ള ഫഖീര്‍, മിസ്‌കീന്‍, അടിമകള്‍, യാത്രക്കാര്‍ എന്നിവരാണതിലൊന്ന്. എന്തെങ്കിലും പ്രയോജനത്തിനു വേണ്ടി സകാത്ത് നല്‍കപ്പെടുന്നവരാണ് മറ്റൊരു വിഭാഗം. സകാത്തുദ്യോഗസ്ഥര്‍, മുസ്‌ലിംകളോട് മനസ്സിണക്കമുള്ളവര്‍, മാനുഷിക ബന്ധങ്ങള്‍ നന്നാക്കാനായി കടം വാങ്ങിയവര്‍, ദൈവിക സരണിയിലെ യോദ്ധാക്കള്‍ എന്നിവര്‍ ഈ ഗണത്തിലുള്ളവരാണ്.' 
വാങ്ങുന്നവര്‍ക്കോ മുസ്‌ലിം സമൂഹത്തിനോ ഒരു പ്രയോജനവുമില്ലാത്ത അവസ്ഥയില്‍ സകാത്ത് നല്‍കരുത് എന്ന് ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്. നമസ്‌കാരം പോലെ വിശ്വാസികളുടെ പ്രധാന ബാധ്യതയാണ് സകാത്ത്. 28 സ്ഥലത്ത് വിശുദ്ധ ഖുര്‍ആനില്‍ നമസ്‌കാരത്തോടൊപ്പം സകാത്തിനെ ചേര്‍ത്തു പറഞ്ഞിട്ടുണ്ട്. സകാത്ത് നല്‍കാത്തവരുടെ നമസ്‌കാരം അല്ലാഹു സ്വീകരിക്കില്ല. അതുകൊണ്ടാണ് ഖലീഫ അബൂബക്ര്‍ (റ) സകാത്ത് നിഷേധികളോട് സമരം ചെയ്തത്.
സകാത്ത് നിര്‍ബന്ധമാക്കിയതിന്റെ പിന്നില്‍ അല്ലാഹുവിന് ഒരു മഹത്തായ തീരുമാനമുണ്ട്. സമൂഹത്തിന്റെ പുരോഗതിയില്‍ സകാത്തിന്റെ സ്ഥാനം ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക്  ബോധ്യപ്പെട്ടതാണ്. ആധുനികകാലത്തെ പല രാജ്യങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായത് സകാത്ത് വ്യവസ്ഥ നടപ്പിലാക്കിയതിലൂടെയാണ്. ഭദ്രമായ സാമൂഹികക്രമം കെട്ടിപ്പടുക്കാന്‍ ഇസ്‌ലാമിനെ സഹായിച്ചത് സകാത്താണ്. നീണ്ടകാലം നിലനിന്ന ഒരു സമുന്നത നാഗരികത വളര്‍ത്തിയെടുക്കാന്‍ ഇസ്ലാമിന് സകാത്ത് വ്യവസ്ഥയിലൂടെ സാധിച്ചു. സകാത്താണ് ഇസ്‌ലാമിക സംസ്‌കാരത്തെ മുഴുലോക നാഗരികതയുടെയും മുന്നിലെത്തിച്ചത്.
ഹിജ്റ രണ്ടില്‍ നിര്‍ബന്ധമാക്കിയ സകാത്തിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ മുപ്പതിടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ലോകത്തിന്റെ ഏതു ഭാഗത്തുള്ള വിശ്വാസിയാണെങ്കിലും സകാത്ത് അവന്റെ അനിവാര്യ ബാധ്യതയാണ്. 
എവിടെയുള്ള മുസ്‌ലിംകള്‍ക്കും സകാത്തില്‍ അവകാശമുണ്ട്. ഒരു പ്രദേശത്ത് സകാത്തിന്റെ അവകാശികളില്ലെങ്കില്‍ ഇതര പ്രദേശങ്ങളിലുള്ളവരെ പരിഗണിക്കണം. ഏത് ധനത്തിനും സകാത്ത് നിര്‍ബന്ധമാണ് - അത് ആകാശത്തിനു മുകളിലായാലും ഭൂമിക്കടിയിലായാലും. സമൂഹത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ സകാത്ത് കൊണ്ട് പരിഹരിക്കാനാവുന്നില്ലെങ്കില്‍ സമ്പന്നരില്‍നിന്നും സകാത്തിതര ദാനധര്‍മങ്ങള്‍ സ്വീകരിക്കേണ്ടിവരും. വിശ്വാസികള്‍ ഒരിക്കലും മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുന്നവരാവരുത് എന്നാണ് ഇസ്‌ലാമിക ശരീഅത്ത് ആഗ്രഹിക്കുന്നത്.
സകാത്ത് പാവപ്പെട്ടവന്റെ അവകാശമാണ്; പണക്കാരന്റെ ഔദാര്യമല്ല. ഇബ്‌നു ഹസം പറഞ്ഞു: 'ഒരു നാട്ടിലെ ദരിദ്രരുടെ സംരക്ഷണം അവിടത്തെ സമ്പന്നരുടെ ബാധ്യതയാണ്. സകാത്തിന്റെ പണം അതിന് തികയാതെ വന്നാല്‍ അഗതികള്‍ക്ക് ആവശ്യമായ അന്നവും വസ്ത്രവും പാര്‍പ്പിടവും അവര്‍ നല്‍കേണ്ടതുണ്ട്.'
സമൂഹത്തിന്റെ പുരോഗതിയില്‍ സകാത്തിനുള്ള  പ്രാധാന്യം മനസ്സിലാക്കിയ മുസ്‌ലിം പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. അബൂ യൂസുഫിന്റെ കിതാബുല്‍ ഖറാജ്, യഹ്‌യബ്‌നു ആദമിന്റെ അല്‍ ഖറാജ്, മാവര്‍ദിയുടെ അല്‍ അഹ്കാമുസ്സുല്‍ത്വാനിയ്യ തുടങ്ങിയവ ഇവക്കുദാഹരണമാണ്. സകാത്തിന്റെ അധ്യായമില്ലാത്ത ഒരു ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥവും നമുക്ക് കാണാനാവില്ല.
മുസ്‌ലിം ലോകത്ത് നടക്കുന്ന എല്ലാ ജനസേവന പ്രവര്‍ത്തങ്ങളുടെയും അടിത്തറ സകാത്താണ്. പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും, അഗതി-അനാഥ മന്ദിരങ്ങളും യൂനിവേഴ്‌സിറ്റികളും ജനസേവന കേന്ദ്രങ്ങളും നടത്തപ്പെടുന്നത് സകാത്തിലൂടെയാണ്. ഇസ്‌ലാമിന്റെ ശത്രുരാജ്യങ്ങള്‍  ഭീകരതയുടെയും തീവ്രവാദത്തിന്റെയും ഉറവിടം സകാത്താണെന്ന് പ്രചരിപ്പിക്കാനുള്ള കാരണമതാണ്.

സകാത്ത്: അര്‍ഥവും നിര്‍വചനവും

വളര്‍ച്ച, വര്‍ധനവ് എന്നീ അര്‍ഥങ്ങളുള്ള 'സകാ' എന്ന പദത്തില്‍നിന്നാണ് സകാത്ത് ഉത്ഭവിക്കുന്നത്. വിശുദ്ധി, നന്മ എന്നീ അര്‍ഥങ്ങളിലും ഇത് പ്രയോഗിക്കാറുണ്ട്. ഇമാം അസ്വ്ഫഹാനി പറഞ്ഞു: അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ വളര്‍ച്ച, പുരോഗതി എന്നെല്ലാമാണ് സകാത്തിന്റെ അര്‍ഥം. അത് ഭൗതികമാവട്ടെ, അഭൗതികമാവട്ടെ. അല്ലാഹു അരുളി: أيها أزكى طعاما (ഏറ്റവും നല്ല ഭക്ഷണം: അല്‍ കഹ്ഫ്: 19) ഇവിടെ അനുവദനീയവും വിഹിതവുമായത് എന്ന ആശയവും സകാത്തിനുണ്ടെന്ന് സൂചിപ്പിക്കുന്നു.
നിര്‍വചനം: അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ അവകാശികളായി പ്രഖ്യാപിച്ചവര്‍ക്കുള്ള സമ്പത്തിന്റെ നിശ്ചിത ഓഹരിക്കാണ് സകാത്ത് എന്ന് പറയുക. നിശ്ചിത ആളുകളാല്‍ നിശ്ചിത അളവില്‍, നിശ്ചിത ആളുകള്‍ക്ക് നല്‍കപ്പെടുന്നതാണ് സകാത്ത്.
സകാത്തിന് സ്വദഖ (ദാനം) എന്ന പേരും ഖുര്‍ആനിലും ഹദീസിലും കാണാം.
അല്ലാഹു പറയുന്നു: خذ من أموالهم تطهر هم وتزكيهم بها
(നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും - അത്തൗബ 103).
നല്‍കുന്നവരുടെയും വാങ്ങുന്നവരുടെയും മനസ്സിനെയും സ്വഭാവത്തെയും സകാത്ത് സംസ്‌കരിക്കുന്നു എന്ന് അല്ലാഹു ഇവിടെ വ്യക്തമാക്കുന്നു.

സകാത്തിന്റെ സാമൂഹിക പ്രസക്തി

സകാത്തിന്റെ എട്ട് അവകാശികളില്‍ ഫഖീര്‍, മിസ്‌കീന്‍, സകാത്ത് പ്രവര്‍ത്തകര്‍, കടബാധിതര്‍ എന്നീ നാല് വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയത് അതിന്റെ സാമൂഹിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ്. ഇസ്‌ലാമിക പ്രബോധനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് മറ്റ് നാല് വിഭാഗങ്ങളായ, മുസ്‌ലിംകളോട് മനസ്സിണക്കമുള്ളവര്‍, മോചനപത്രം എഴുതിയ അടിമകള്‍, ദൈവിക സരണിയിലെ യോദ്ധാക്കള്‍, വഴിയാത്രക്കാര്‍ എന്നിവരെ സകാത്തിന്റെ അവകാശികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സകാത്തിന്റെ സംഭരണ-വിതരണ സംവിധാനം കാര്യക്ഷമമാവുമ്പോള്‍ മാത്രമേ ഏതൊരു രാഷ്ട്രത്തിനും പുരോഗതി കൈവരിക്കാനാവൂ.
അവകാശികളെ അല്ലാഹു തന്നെ നിര്‍ണയിച്ചത് ഇതര വിഭാഗങ്ങളിലേക്ക് സകാത്ത് വഴിതെറ്റിപ്പോവാതിരിക്കാനാണ്. അപ്രകാരം സംഭവിച്ചാല്‍ സകാത്തിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനാവില്ല. സകാത്ത് ഒരിക്കലും നിര്‍ബന്ധിത നികുതിയല്ല; മറിച്ച് സാമ്പത്തിക ആരാധനയാണ്. അതിനാല്‍ തന്നെ രാഷ്ട്രത്തിന്റെ പൊതുവായ സാമ്പത്തിക നിലവാരത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും അതിന്റെ സംഭരണ-വിതരണ സംവിധാനങ്ങളെ ബാധിക്കാന്‍ പാടില്ല. സകാത്ത് വ്യക്തികളുടെ കടപ്പാട് എന്നതിനപ്പുറം രാഷ്ട്രത്തിന്റെ ബാധ്യത കൂടിയാണ്. രാഷ്ട്രമാണത് സംഭരിക്കേണ്ടതും വിതരണം നടത്തേണ്ടതും. അല്ലാഹു പറയുന്നു:  خذ من أموالهم تطهر هم وتزكيهم بها
നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് പിടിച്ചെടുക്കുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും (അത്തൗബ 103).
രാജ്യഭരണത്തില്‍ സകാത്തിന് പ്രത്യേകമായ ഒരു വകുപ്പ് തന്നെയുണ്ടാവണം. സകാത്ത് ഉദ്യോഗസ്ഥര്‍ക്കുള്ള വേതനം സകാത്തില്‍നിന്നു തന്നെയാണ് നല്‍കേണ്ടത്. പ്രവാചകന്റെ (സ) ഭരണത്തില്‍ സകാത്തിനായി മാത്രം ഒരു വകുപ്പ് രൂപീകരിക്കുകയും അതിന്റെ എഴുത്തുകാരനായി സുബൈറുബ്‌നുല്‍ അവ്വാമിനെ നിയമിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ ജഹ്മുബ്‌നു സ്വലതിനെയും ഹുദൈഫതുബ്‌നുല്‍ യമാനിയെയും ചുമതലപ്പെടുത്തി.
അതുപോലെ പ്രധാനപ്പെട്ട മറ്റൊരു കാര്യം: സകാത്ത് വ്യവസ്ഥയുടെ ഗുണഫലം അനുഭവിക്കണമെങ്കില്‍ നിഷിദ്ധമായ സാമ്പത്തിക ഇടപാടുകള്‍ നിരോധിക്കണമെന്നതാണ്. ഉദാഹരണമായി, പലിശ വ്യാപകമായ ഒരു രാജ്യത്ത് സകാത്ത് വ്യവസ്ഥ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല. കാരണം പലിശയുടെ ഇരകള്‍ സകാത്തിന്റെ അവകാശികളായ ഫഖീര്‍, മിസ്‌കീന്‍, കടബാധിതര്‍ എന്നിവരാണ്. അതുകൊണ്ടാണ് പലിശയുടെ സ്വത്തില്‍ സകാത്തില്ല എന്ന് തിരുമേനി പ്രഖ്യാപിച്ചത്. ഒരു കൈയില്‍ ഇസ്‌ലാമിന്റെ കൊടിയും മറുകൈയില്‍ പിശാചിന്റെ വാളും ഉയര്‍ത്തിപ്പിടിക്കാന്‍ അല്ലാഹു ഒരാളെയും അനുവദിക്കുന്നില്ല.
അല്ലാഹു പറഞ്ഞു: 
  قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِين
പറയുക: നിശ്ചയമായും എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ് (അല്‍അന്‍ആം 162).
അതിനാല്‍ സകാത്ത് വ്യവസ്ഥ നടപ്പിലാക്കുന്ന രാഷ്ട്രങ്ങള്‍ പലിശയിടപാടുകളില്‍നിന്നു പൂര്‍ണമായി മുക്തമാവണം.
സകാത്തിന്റെ മുഖ്യശത്രു പലിശയാണ്. പലിശക്കാരന്‍ അല്ലാഹുവിനോടാണ് പോരാടുന്നത്:

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ ﴿٢٧٨﴾ فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّهِ وَرَسُولِهِۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ ﴿٢٧٩﴾

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍! നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍  നിങ്ങളുടെ  മൂലധനം നിങ്ങള്‍ക്കുതന്നെയുള്ളതാണ്; നിങ്ങള്‍ ആരെയും ദ്രോഹിക്കാതെയും നിങ്ങള്‍ ആരുടെയും ദ്രോഹത്തിനിരയാകാതെയുമിരിക്കാനാണിത് (അല്‍ബഖറ 278,279).
പലിശയെ പരാജയപ്പെടുത്താനുള്ള വജ്രായുധമാണ് സകാത്ത്. അതുകൊണ്ടാണ് അല്ലാഹു സകാത്തിന്റെ നന്മയെയും പലിശയുടെ തിന്മയെയും ഒരേ സ്ഥലത്ത് പരാമര്‍ശിച്ചത്:

وَمَا آتَيْتُم مِّن رِّبًا لِّيَرْبُوَ فِي أَمْوَالِ النَّاسِ فَلَا يَرْبُو عِندَ اللَّهِۖ وَمَا آتَيْتُم مِّن زَكَاةٍ تُرِيدُونَ وَجْهَ اللَّهِ فَأُولَٰئِكَ هُمُ الْمُضْعِفُونَ 

ജനങ്ങളുടെ മുതലുകളില്‍ ചേര്‍ന്ന് വളരുന്നതിനുവേണ്ടി നിങ്ങള്‍ നല്‍കുന്ന പലിശയുണ്ടല്ലോ, അത് അല്ലാഹുവിന്റെ അടുത്ത് ഒട്ടും വളരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്നുവെങ്കില്‍, അങ്ങനെ ചെയ്യുന്നവരാണ് അതിനെ ഇരട്ടിപ്പിച്ച് വളര്‍ത്തുന്നവര്‍ (അര്‍റൂം 39).
സകാത്ത് വ്യവസ്ഥ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രങ്ങള്‍ ആദ്യം ചെയ്യേണ്ടത് നിഷിദ്ധ സാമ്പത്തിക ഇടപാടുകള്‍ക്ക് പകരം പടിപടിയായി ഇസ്‌ലാമിക ബദലുകള്‍ അവതരിപ്പിക്കുകയാണ്. അത്തരം രാജ്യങ്ങള്‍ക്കേ അല്ലാഹുവിന്റെ സഹായമുണ്ടാവൂ.

وَرَحْمَتِي وَسِعَتْ كُلَّ شَيْءٍۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ

എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും ചൂഴ്ന്നുനില്‍ക്കുന്നു. സൂക്ഷ്മത പാലിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ പ്രമാണങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക്  നാമത് രേഖപ്പെടുത്തുന്നു (അല്‍അഅ്‌റാഫ് 156).
സകാത്തിന്റെ സംസ്ഥാപനം  ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ബാധ്യതയാണ്.

الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِۗ وَلِلَّهِ عَاقِبَةُ الْأُمُورِ

ഭൂമിയില്‍ നാം അധികാരം നല്‍കുകയാണെങ്കില്‍ അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കും. സകാത്ത് നല്‍കും. നന്മ കല്‍പിക്കും. തിന്മ തടയും. കാര്യങ്ങളുടെ അന്തിമമായ തീരുമാനം അല്ലാഹുവിന്റേതാണ് (അല്‍ഹജ്ജ് 41).

 

സാമൂഹിക സഹകരണത്തില്‍ സകാത്തിന്റെ പങ്ക്

നന്മയെ സ്ഥാപിക്കാനും അക്രമത്തെ തടയാനും ഒരു സമൂഹത്തിലെ ആളുകള്‍ ഒറ്റക്കും കൂട്ടായും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാമൂഹിക സഹകരണം എന്ന് പറയുന്നത്. എല്ലാ ദൈവിക മതങ്ങളും മനുഷ്യര്‍ പരസ്പരം സഹകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. മനുഷ്യനിര്‍മിത നിയമവ്യവസ്ഥയിലും മാനവ സഹവര്‍ത്തിത്വത്തിന്റെ മഹത്വം എടുത്തു പറയുന്നുണ്ട്. വ്യക്തികള്‍ സമൂഹത്തിനു വേണ്ടിയും സമൂഹം വ്യക്തികള്‍ക്കു വേണ്ടിയും പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതുണ്ട്. സിവില്‍-ക്രിമിനല്‍ നിയമവ്യവസ്ഥകള്‍ നിര്‍മിച്ചത് ജനങ്ങള്‍ പരസ്പരം സഹകരിച്ചും സ്‌നേഹിച്ചും ജീവിക്കാന്‍ വേണ്ടിയാണ്. 
ഭൗതിക വിഷയങ്ങളില്‍ ഒതുങ്ങിയുള്ള സഹകരണം മാത്രമല്ല ഇസ്‌ലാം സാമൂഹിക സഹകരണം കൊണ്ട് അര്‍ഥമാക്കുന്നത്. മനുഷ്യരുടെ ആത്മീയവും ഭൗതികവുമായ എല്ലാ കര്‍മങ്ങളിലും പരസ്പരം സഹകരിക്കണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു.
പ്രവാചകന്‍ പറഞ്ഞു: 'പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും വിശ്വാസികളുടെ ഉപമ ഒരൊറ്റ ശരീരം പോലെയാണ്. ഒരു അവയവത്തില്‍ മുള്ള് തറച്ചാല്‍ ഉറക്കമൊഴിച്ചും പനിപിടിച്ചും മറ്റുള്ള അവയവങ്ങള്‍ അതിനോട് അനുഭാവം പ്രകടിപ്പിക്കുന്നു.' 
സകാത്ത് ഇസ്‌ലാമിന്റെ സാമൂഹിക സഹകരണ വ്യവസ്ഥയുടെ മുഖ്യഘടകമാണ്. ഒരു നാട്ടിലുള്ള അവശ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊടുക്കല്‍ അന്നാട്ടുകാരുടെ സാമൂഹിക ബാധ്യതയാണ്. അതുകൊണ്ടാണ് സ്വന്തം നാട്ടില്‍ ആവശ്യക്കാരുണ്ടെങ്കില്‍ സകാത്തിന്റെ പണം ഇതര നാടുകളിലേക്ക് തിരിച്ചുവിടരുതെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നത്.
അതുപോലെ, പാവങ്ങളുടെ  മുഴുവന്‍ ആവശ്യങ്ങളും പരിഹരിക്കുന്ന രീതിയിലാവണം സകാത്തിന്റെ വിതരണം. ദരിദ്രനായ അവിവാഹിതന് വിവാഹത്തിനും വിദ്യാര്‍ഥിക്ക് പഠനത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കണം. ഇതില്‍ മുസ്‌ലിംകളെന്നോ അമുസ്‌ലിംകളെന്നോ പരിഗണിക്കേണ്ടതില്ല. ഇസ്‌ലാമിക രാഷ്ട്രത്തിലെ ജൂതന്നും ക്രിസ്ത്യാനിക്കും അവിടത്തെ സകാത്തിന് അര്‍ഹതയുണ്ട്. വഴിയില്‍ യാചിച്ച് നടക്കുന്ന ഒരു ജൂതനെ കണ്ടപ്പോള്‍ അയാള്‍ക്ക് ബൈത്തുല്‍ മാലില്‍നിന്നും ധനസഹായം നല്‍കാന്‍ ഖലീഫ ഉമര്‍(റ) ഉത്തരവിടുകയുണ്ടായി. ദമസ്‌കസിലേക്കുള്ള യാത്രക്കിടയില്‍ രോഗികളായ ക്രിസ്ത്യാനികളെ കണ്ടപ്പോഴും ഉമര്‍ (റ) ഇതുതന്നെയാണ് ചെയ്തത്. വൃദ്ധരും ദരിദ്രരുമായ അമുസ്‌ലിംകളില്‍നിന്ന് ജിസ്‌യ (നിര്‍ബന്ധിത നികുതി) വാങ്ങേണ്ടതില്ലെന്നും അവര്‍ക്ക് പണം ആവശ്യമുണ്ടെങ്കില്‍ ബൈത്തുല്‍ മാലില്‍നിന്നും നല്‍കണമെന്നും ഖലീഫ ഉമറു ബ്‌നു അബ്ദില്‍ അസീസ് വിളംബരം ചെയ്യുകയുണ്ടായി.
സാമൂഹിക സംരക്ഷണത്തിന്റെ മഹത്വം ഇസ്‌ലാമേതര രാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുന്നത് ഒന്നാം ലോക മഹായുദ്ധത്തോടെയാണ്. അങ്ങനെയാണ് 1941-ല്‍ അറ്റ്‌ലാന്റിക് കരാറില്‍ അമേരിക്കയും ഇംഗ്ലണ്ടും ഒപ്പു വെക്കുന്നത്. വ്യക്തികള്‍ക്ക് സമൂഹം സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നായിരുന്നു അതിലെ പ്രധാന വ്യവസ്ഥ.
സകാത്ത് വിതരണത്തില്‍ നീതിയും സന്തുലിതത്വവും പാലിക്കണമെന്ന ഇസ്‌ലാമിക ശരീഅത്തിന്റെ ശാസനയും സാമൂഹിക നീതി ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

مَّا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْ أَهْلِ الْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْۚ  

(വിവിധ നാടുകളില്‍നിന്ന് അല്ലാഹു അവന്റെ ദൂതന് നേടിക്കൊടുത്തതൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാണ്. സമ്പത്ത് നിങ്ങളിലെ ധനികര്‍ക്കിടയില്‍ മാത്രം ചുറ്റിക്കറങ്ങാതിരിക്കാനാണിത് - അല്‍ഹശ്ര്‍: 7).
ആളുകളുടെ പ്രകൃതത്തിലും സിദ്ധിയിലുമുള്ള വൈവിധ്യങ്ങളുടെ ഫലമായി ജീവിതവിഭവങ്ങളിലും സമ്പത്തിലുമുള്ള ഏറ്റക്കുറവുകളെ ഇസ്‌ലാം അംഗീകരിക്കുന്നു. പക്ഷേ, അത് പണക്കാരന്‍ എന്നും പണക്കാരനായും പാവപ്പെട്ടവന്‍ എന്നും പാവപ്പെട്ടവനായും  കഴിയണമെന്ന അര്‍ഥത്തിലല്ല. ധനികനും ദരിദ്രനും ഇടയിലുള്ള അകലത്തെ നിയമ ശാസനകളിലൂടെയും ഉപദേശ നിര്‍ദേശങ്ങളിലൂടെയും കുറച്ചുകൊണ്ടു വരാനാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. മുതലാളിമാരുടെ മനസ്സില്‍ അവശരോടും അശരണരോടുമുള്ള അനുകമ്പയും കാരുണ്യവും, ദരിദ്രരുടെ ഹൃദയത്തില്‍ ധനികരോടും പണക്കാരോടുമുള്ള സ്‌നേഹവും ആദരവും വളര്‍ത്താനാണ് ഇസ്‌ലാം പരിശ്രമിക്കുന്നത്.

സകാത്തിന്റെ വിഹിതം

ധനികന്നാണ് സകാത്ത് നിര്‍ബന്ധം. സകാത്തിന്റെ പരിധിയിലാണ് ധനികനും ദരിദ്രനും വേര്‍തിരിയുന്നത്. സകാത്ത് നല്‍കാനുള്ളത്ര ധനമുള്ളവന്‍ പണക്കാരന്‍. ഇല്ലാത്തവന്‍ ദരിദ്രന്‍. മിച്ചമുള്ളവനാണ് ദാനം നല്‍കേണ്ടത്. ധന്യതയുള്ളവന്നേ സകാത്ത് നിര്‍ബന്ധമുള്ളൂ. 
لا صدقة إلا عن ظهر غنى  (ധന്യതയില്ലാത്തവന് സകാത്തില്ല). 
കാരണം വ്യക്തമാണ്: ദരിദ്രന്‍ ധനം നല്‍കപ്പെടേണ്ടവനാണ്. ധനം നല്‍കേണ്ടവനല്ല.
എത്രയാണ് നല്‍കേണ്ടത്? വിശുദ്ധ ഖുര്‍ആനിലോ തിരുസുന്നത്തിലോ ഇതിന് വ്യക്തമായ ഉത്തരമില്ല. അതിനാല്‍ നല്‍കേണ്ട തോത് ഒരു ഇജ്തിഹാദീ വിഷയമാണ്. സകാത്ത് ഓഹരിയെ വിപുലമാക്കിയവരും പരിമിതപ്പെടുത്തിയവരും പണ്ഡിതന്മാരുടെ കൂട്ടത്തിലുണ്ട്. ഉമര്‍ (റ) പറഞ്ഞു: إذا أعطيتم فأغنوا
 (നല്‍കുകയാണെങ്കില്‍, വാങ്ങുന്നവന്‍ ധനികനാവുന്നതുവരെ നല്‍കുക).
'വീടും വേലക്കാരനുമുള്ളവര്‍ക്കും സകാത്ത് നല്‍കാം, അവന്‍ ആവശ്യക്കാരനാണെങ്കില്‍' എന്നാണ് ഹസന്റെ വീക്ഷണം.
സഈദുബ്‌നു ജുബൈര്‍ (റ): 'വീടും കുതിരയും ഭൃത്യനുമുള്ളയാള്‍ക്ക് സകാത്ത് നല്‍കാം.'
ഇബ്‌നു ഹസം: 'സകാത്ത് കൂടുതലോ കുറച്ചോ നല്‍കാം, കാരണം ഖുര്‍ആന്‍ അതിന് പരിധി നിര്‍ണയിച്ചിട്ടില്ല.' 
ദരിദ്രന്‍ ധനികനാവുന്നതുവരെ നല്‍കാം എന്ന് പറയുന്ന പണ്ഡിതന്മാരുണ്ട്. 
ഇമാം റാഫിഈ: 'ഒരു ദരിദ്രന് ജീവിതാന്ത്യം വരേക്കുമുള്ള വിഭവങ്ങള്‍ നല്‍കണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇമാം ശാഫിഈ ഈ വീക്ഷണക്കാരനാണ്. ഇമാം ഗസ്സാലിയെപ്പോലുള്ളവര്‍ ഒരു വര്‍ഷത്തേക്കുള്ള വിഭവങ്ങള്‍ നല്‍കിയാല്‍ മതി എന്ന അഭിപ്രായക്കാരനാണ്. ഇമാം നവവി: ഇറാഖിലും ഖുറാസാനിലുമുള്ള പണ്ഡിതന്മാര്‍ പറഞ്ഞത് ദാരിദ്ര്യത്തില്‍നിന്ന് പൂര്‍ണമായി മോചനം നേടാനുള്ളത്ര നല്‍കണമെന്നാണ്. ഇമാം ശാഫിഈയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.'
ജീവിതച്ചെലവിനുള്ളത് നല്‍കണമെന്നതിന് ഈ ഹദീസാണ് തെളിവായി ഉദ്ധരിക്കുന്നത്:
ഖബീസഃ(റ)യില്‍നിന്ന് നിവേദനം: ഞാനൊരു ചുമതല ഏറ്റെടുത്തു. അതിലേക്ക് എന്തെങ്കിലും ചോദിക്കാന്‍ വേണ്ടി തിരുസന്നിധിയില്‍ ചെന്നപ്പോള്‍ അവിടുന്ന് പറഞ്ഞു: 'നീ ഇവിടെ താമസിക്കൂ! സകാത്തിന്റെ ധനം വന്നാല്‍ ഞാന്‍ നിനക്കു നല്‍കാന്‍ കല്‍പിക്കാം.' എന്നിട്ടവിടുന്ന് പറഞ്ഞു: 'ഹേ, ഖബീസഃ! മൂന്നിലൊരാള്‍ക്കല്ലാതെ ഭിക്ഷാടനം അനുവദനീയമല്ല. 1. ഏതെങ്കിലും ഭാരമേറ്റടുക്കുന്നവര്‍ക്ക് അത് പരിഹരിക്കുന്നതുവരെ യാചിക്കാം. പിന്നീട് അവനതില്‍നിന്ന് പിന്മാറണം. 2. തന്റെ ധനം മുഴുവനും നശിപ്പിക്കുമാറുള്ള വിപത്ത് നേരിട്ടവന് തനിക്കേതെങ്കിലും ജീവിതമാര്‍ഗം കൈവരുന്നതു വരെ ഭിക്ഷ യാചിക്കല്‍ അനുവദനീയമാണ്. 3. തന്റെ നാട്ടുകാരില്‍നിന്ന് മൂന്ന് നായകന്മാര്‍ കടുത്ത ക്ഷാമം നേരിട്ടിരിക്കുന്നുവെന്ന് സാക്ഷ്യം വഹിക്കുവോളം ദാരിദ്ര്യം ബാധിച്ചവന്‍, ഏതെങ്കിലും ജീവിതമാര്‍ഗം കണ്ടെത്തുന്നതുവരെ അയാള്‍ക്ക് യാചന അനുവദനീയമാണ്. ഖബീസഃ! അതല്ലാത്ത യാചനകളെല്ലാം നിഷിദ്ധമാണ്. അവനത് ഭക്ഷിക്കുന്നത് ചീത്ത ധനസമ്പാദനമാര്‍ഗത്തിലൂടെയാണ്' (മുസ്‌ലിം).
ഇവിടെ തന്റെ ആവശ്യം പൂര്‍ത്തിയാവുന്നതുവരെ യാചനക്കുള്ള അനുവാദം നല്‍കി എന്നത് ആവശ്യപൂര്‍ത്തീകരണമാണ് ദാനധനം അനുവദനീയമാവുന്നതിന്റെ പരിധി എന്നതിലേക്കുള്ള സൂചനയാണ്. ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ളത് നല്‍കണമെന്ന ഇമാം അഹ്മദ്, ഇമാം ഗസാലി തുടങ്ങിയവരുടേതാണ് ഈ വിഷയത്തിലെ മിതമായ വീക്ഷണം. കാരണം സകാത്ത് എല്ലാ വര്‍ഷവും നല്‍കേണ്ടതാണ്. അപ്രകാരം ഓരോ വര്‍ഷവും അവശരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
അബൂഹാമിദില്‍ ഗസാലി പറഞ്ഞു: 'ഒരു വര്‍ഷത്തേക്കുള്ളത് നല്‍കുന്നതാണ് ശരിയായ നിലപാട്. കൂടുതല്‍ നല്‍കുന്നത് അപായമാണ്. കുറച്ച് നല്‍കുന്നത് അപൂര്‍ണവും'
ഇസ്‌ലാം സ്വകരം കൊണ്ട് സമ്പാദിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. മുകളിലുള്ള കൈകളാണ് താഴെയുള്ള കൈകളേക്കാള്‍ മഹത്തരം. സകാത്ത് സ്വീകര്‍ത്താവ് ഭാവിയില്‍ ദാതാവാകാം എന്നതും ഇതിനുള്ള ന്യായീകരണമാണ്. 

 

സമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സകാത്തിന്റെ സ്വാധീനം

ഒരു നാട്ടിലുള്ള അധിക സാമ്പത്തിക പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നത് അവിടത്തെ ന്യൂനപക്ഷമായ മൂലധന നിക്ഷേപകരായിരിക്കും. അവരാണ് ധനമിറക്കി പണം കൊയ്യുക. മറ്റുള്ള ഭൂരിഭാഗമാളുകളും ഇവരുടെ ആശ്രിതരായിരിക്കും. കാലം കഴിയുംതോറും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം വര്‍ധിച്ചുകൊണ്ടിരിക്കും. ഇത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ പാടേ അട്ടിമറിക്കും. ഇവിടെയാണ് സകാത്ത് പ്രസക്തമാവുന്നത്. അത് പണക്കാരില്‍നിന്നും സമ്പത്തിനെ ദരിദ്രരിലേക്കെത്തിക്കുന്നു. അവശരുടെയും കടം കൊണ്ട് പാപ്പരായവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. 
അതുപോലെ സമ്പന്നരുടെയും ദരിദ്രരുടെയും ഇടയിലുള്ള പരസ്പര ബന്ധങ്ങള്‍ക്ക് സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും നിറം കൈവരാനും സകാത്ത് കാരണമാവുന്നു. കൊള്ള, കവര്‍ച്ച, കൈക്കൂലി, ചതി, വഞ്ചന തുടങ്ങിയ സാമൂഹികദൂഷ്യങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സകാത്ത് വ്യവസ്ഥക്ക് വലിയ പങ്കുണ്ട്. ദാരിദ്ര്യവും തൊഴിലില്ലായ്മയും നിര്‍മാര്‍ജനം ചെയ്യാനും സകാത്തിലൂടെ സാധ്യമാവുന്നു. ഇപ്രകാരം സമ്പത്ത് വികേന്ദ്രീകൃതമാവുന്നതോടെ സാമൂഹിക വികസനം ത്വരിതഗതി പ്രാപിക്കുന്നു.
സാമൂഹികക്ഷേമ സൈദ്ധാന്തികരെല്ലാം നിരന്തരം ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത് സാമൂഹിക പുരോഗതിയെ തടസ്സപ്പെടുത്തുന്ന കാര്യങ്ങളെന്തെല്ലാമാണ് എന്നതാണ്. അവയില്‍ പ്രധാനം ദാരിദ്ര്യവും തൊഴിലില്ലായ്മയും ധനവിതരണത്തിലെ അസമത്വവുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്‌ലാം ഇതിന് പരിഹാരം കാണുന്നത് സകാത്തിലൂടെയാണ്. വഖ്ഫും സ്വദഖയും സകാത്തിന് പിന്‍ബലമേകുന്നു. ദാരിദ്ര്യത്തിന്റെ കാരണങ്ങളായ തൊഴിലില്ലായ്മ, സാമ്പത്തികാസമത്വം തുടങ്ങിയവയെ ദൂരീകരിക്കാനാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. സകാത്തിന്റെ ശരിയായ രീതിയിലുള്ള സംഭരണ-വിതരണങ്ങളിലൂടെ ഉല്‍പാദനവും ഉപഭോഗവും ഒരു പോലെ  വര്‍ധിക്കുന്നു. ഇത് തൊഴിലില്ലായ്മ ഇല്ലാതാക്കി സമൂഹത്തില്‍നിന്ന് ദാരിദ്ര്യത്തെ അകറ്റുകയും സാമ്പത്തിക പുരോഗതിക്കിടയാക്കുകയും ചെയ്യുന്നു. അതോടെ സകാത്ത്ദായകരുടെ എണ്ണം വര്‍ധിക്കുകയും സകാത്ത്മുതല്‍ വര്‍ധിക്കുകയും ചെയ്യുന്നു. പണക്കാരെ കടിഞ്ഞാണില്ലാതെ സ്വതന്ത്രരാക്കുന്ന മുതലാളിത്ത വ്യവസ്ഥക്കോ, വ്യക്തി സ്വാതന്ത്ര്യത്തെ പാടേ നിഷേധിക്കുന്ന കമ്യൂണിസ്റ്റ് വ്യവസ്ഥക്കോ ഇത്തരം സാമ്പത്തിക സമത്വം നടപ്പിലാക്കാനാവില്ല. 
ഉല്‍പാദന-ഉപഭോഗങ്ങളെ സന്തുലിതമാക്കുന്നതില്‍ സകാത്തിന് വലിയ പങ്കുണ്ട്. പാവപ്പെട്ടവരുടെ കൈയില്‍ പണം വരുന്നതോടെ അത് മാര്‍ക്കറ്റില്‍ ഇറങ്ങുകയും വ്യാപാര-വ്യവസായങ്ങളുടെ വികസനത്തിനിടയാക്കുകയും ചെയ്യും. ഉല്‍പന്നങ്ങള്‍ക്ക് ചോദനമില്ലാതാവുന്നു എന്നതാണ് ആധുനിക മുതലാളിത്തം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ആളുകളുടെ കൈയില്‍ പണമില്ലാത്തതിനാല്‍ ധാരാളം ചരക്കുകള്‍ മാര്‍ക്കറ്റില്‍ കെട്ടിക്കിടക്കുകയും പാഴായിപ്പോവുകയും ചെയ്യുന്നു. ഇത്തരം നഷ്ടങ്ങള്‍ ഇല്ലാതാക്കാന്‍ സകാത്തിലൂടെ സാധിക്കും. ചെലവഴിക്കാതെ പണം സൂക്ഷിച്ചുവെച്ചാല്‍ വര്‍ഷാവര്‍ഷവും സകാത്ത് നല്‍കേണ്ടിവരും എന്നത് മുതലാളിമാരെ മൂലധനം പ്രത്യുല്‍പാദന പദ്ധതികളിലിറക്കാന്‍ പ്രേരിപ്പിക്കുന്നു. പലിശയുടെ നിരോധനവും പണത്തെ നിര്‍മാണാത്മക ഇടപാടുകളിലിറക്കാന്‍ ധനികരെ നിര്‍ബന്ധിക്കുന്നു.
സകാത്ത് ഒരു ഇബാദത്ത് ആണെങ്കിലും പണ്ഡിതന്മാര്‍ ഇതിന്റെ നിയമവശങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുള്ളത് സാമ്പത്തിക-രാഷ്ട്രീയ-നിയമ അധ്യായങ്ങളിലാണ്. സകാത്ത് ധനികന്റെ ധനം കുറക്കുകയല്ല, കൂട്ടുകയാണ്. ഉല്‍പാദന-ഉപഭോഗ രംഗങ്ങളില്‍ വലിയ ഉണര്‍വും ആവേശവും സകാത്ത് പ്രസരിപ്പിക്കുന്നു എന്നതാണതിന് കാരണം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞത് വളരെ സത്യമാണ്: ما نقصت صدقة من مال
 (ദാനം ധനത്തെ കുറക്കില്ല)
കച്ചവട സാധനങ്ങളുടെ സംരക്ഷണവും വര്‍ധനവും സകാത്തിലൂടെ സാധ്യമാവുന്നു. കാരണം കച്ചവടത്തിനും മറ്റും കടം വാങ്ങുന്നവരും കടബാധ്യതര്‍ (الغارمين) എന്ന വകുപ്പില്‍ ഉള്‍പ്പെടുന്നു. ഇത് വ്യാപാര -വ്യവസായങ്ങളെ പുരോഗതിയിലേക്ക് നയിക്കുന്നു. നഷ്ടത്തിലായാലും സകാത്തിന്റെ വിഹിതത്തിലൂടെ പരിഹരിക്കാം എന്ന ആത്മവിശ്വാസം വ്യാപാരികള്‍ക്കും ഉല്‍പാദകള്‍ക്കും കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നു. ഇപ്രകാരം സകാത്ത് വ്യക്തികള്‍ക്കും സമൂഹത്തിനും രാഷ്ട്രത്തിനും സാമ്പത്തിക പുരോഗതി നേടിക്കൊടുക്കുന്നു. 
യൂസുഫുല്‍ ഖറദാവി പറയുന്നു: 'പണം വിനിമയം ചെയ്യാനുള്ളതാണ്. അത് നിശ്ചലമായാല്‍ ഉല്‍പാദനം മരവിക്കും. തൊഴിലില്ലായ്മ വ്യാപിക്കും. മാര്‍ക്കറ്റുകള്‍ മന്ദീഭവിക്കും. സാമ്പത്തിക വ്യവസ്ഥ തകരാറിലാവും. അതുകൊണ്ടാണ് നിസ്വാബ് എത്തിയ പണം ഒരു വര്‍ഷം തികയുന്നതോടെ സകാത്ത് നിര്‍ബന്ധമാക്കിയത്. അത് കൈവശമുള്ളവന്‍ ആ പണം മുഖേന സമ്പാദിച്ചാലും ഇല്ലെങ്കിലും. ആളുകള്‍ പണം മാര്‍ക്കറ്റിലിറക്കാതെ പെട്ടിയില്‍ അടച്ചുപൂട്ടി വെക്കാതിരിക്കാനുള്ള ഫലപ്രദമായ നടപടിയാണിത്. സാമ്പത്തിക രംഗത്ത് വിദഗ്ധര്‍ ഏറെ ഭയപ്പെടുന്ന മാരക രോഗമാണ് പണം ശേഖരിച്ച് സൂക്ഷിച്ചുവെക്കുന്നത്. ചിലര്‍ ഇപ്രകാരം അഭിപ്രായപ്പെടുന്നു: കൂടുതല്‍ കാലം സൂക്ഷിച്ചുവെക്കുന്നവരുടെ പണം അസാധുവാക്കണം. അതിനായി  കാലാവധി തീരുന്ന തീയതി നോട്ടുകളില്‍ രേഖപ്പെടുത്തണം. പ്രസ്തുത കാലം കഴിഞ്ഞാല്‍ അതിന്റെ മൂല്യം സ്വയം നഷ്ടപ്പെടണം. അതോടെ അത് ശേഖരിച്ചുവെക്കുന്നതിന് ഫലമില്ലാതാവും. 
ഇതുവരെ പറഞ്ഞതില്‍നിന്ന് ഒരു കാര്യം മനസ്സിലാക്കാം: പണക്കാരില്‍നിന്നും കമ്പനികളില്‍നിന്നും ശരിയായ തോതില്‍ സകാത്ത് സംഭരിക്കുകയാണെങ്കില്‍ അത് ആയിരം കോടിയില്‍ അധികമുണ്ടാവും. ഈ തുക കൊണ്ട്  മുസ്‌ലിം രാഷ്ട്രങ്ങളിലെ മുഴുവന്‍ ദാരിദ്ര്യവും ഇല്ലാതാക്കാന്‍ കഴിയും! ചില സാമ്പത്തിക ഗവേഷണ പഠനങ്ങള്‍ ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു: ഗള്‍ഫിലെ ബാങ്കുകളില്‍ നിലവിലുള്ള ബാലന്‍സ് തുക നാല്‍പ്പതിനായിരം കോടിയോളമാണ്. അതിന്റെ സകാത്ത് പതിനായിരം കോടിയോളം വരും.!
സകാത്തിന്റെ പ്രത്യക്ഷത്തിലുള്ള ഗുണങ്ങളാണ് ഇവിടെ പകര്‍ത്തിയത്. എന്നാല്‍ പരോക്ഷമായ ധാരാളം മേന്മകള്‍ വേറെയുമുണ്ട്. സാമൂഹികവും സാംസ്‌കാരികവുമായ ഈ ഫലങ്ങളുടെ പ്രാധാന്യവും  ചെറുതല്ല. സാമൂഹിക ദൂഷ്യങ്ങളായ അസൂയ, പക, വിദ്വേഷം, ലുബ്ധ് തുടങ്ങിയ ദുഃസ്വഭാവങ്ങളില്‍നിന്നും സകാത്ത് വ്യക്തികളെ സംശുദ്ധരാക്കുന്നു. മാനവരുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധി സകാത്തിലുണ്ട്. ഇത് വെറും ഊഹത്തിന്റെയും അനുമാനത്തിന്റെയും അടിസ്ഥാനത്തില്‍ പറയുന്നതല്ല. നീണ്ട കാലത്തെ ഇസ്‌ലാമിക ചരിത്രം ഇതിന്റെ നേര്‍സാക്ഷ്യമാണ്. 
പക്ഷേ, ഇതോടൊപ്പം മറ്റൊരു കാര്യം: ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥ പൂര്‍ണമായി നടപ്പിലാക്കുമ്പോഴേ അതിന്റെ മുഴുവന്‍ സല്‍ഫലങ്ങളും നേടിയെടുക്കാനാവൂ. സകാത്ത് നിര്‍ബന്ധമായ എല്ലാ സമ്പന്നരില്‍നിന്നും അത് പിടിച്ചെടുക്കുകയും, സകാത്തിന് അര്‍ഹരായ എല്ലാ ആളുകള്‍ക്കും അത്  നല്‍കുകയും ചെയ്യേണ്ടതുണ്ട്.

സകാത്ത് ധനം ഉല്‍പാദന സംരംഭങ്ങളില്‍ നിക്ഷേപിക്കാമോ?

സകാത്ത്‌സ്വത്ത് ഉല്‍പാദനസംരംഭങ്ങളില്‍ നിക്ഷേപിക്കുന്നതിനെ സംബന്ധിച്ച് മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. സകാത്ത് അതിന്റെ അവകാശികള്‍ക്ക് വേഗത്തില്‍ വിതരണം ചെയ്യണമെന്നും എത്ര നല്ല ലക്ഷ്യത്തിനു വേണ്ടിയായാലും വിതരണം വൈകിപ്പിക്കല്‍ അനുവദനീയമല്ലെന്നുമാണ് ഒരു വീക്ഷണം. എന്നാല്‍ സകാത്തിന്റെ അവകാശികള്‍ക്ക് പ്രയോജനമുണ്ടാവുന്ന രീതിയില്‍ നിബന്ധനകളോടെ വിതരണം താമസിപ്പിക്കുന്നത് അനുവദനീയമാണെന്ന വീക്ഷണമുള്ളവരുമുണ്ട്.
സകാത്ത്ധനത്തെ ഉല്‍പാദക സംരംഭങ്ങളില്‍ നിക്ഷേപിക്കല്‍ അനുവദനീയമാവുന്നതിനുള്ള നിബന്ധനകളായി പറയുന്നത് ഇവയാണ്:
ഒന്ന്: അവകാശികള്‍ക്ക് വേഗത്തില്‍ സകാത്ത് നല്‍കേണ്ട സാഹചര്യം ഉണ്ടാവരുത്. അവര്‍ ഭക്ഷണം, വസ്ത്രം, വീട് തുടങ്ങിയ അവശ്യ വസ്തുക്കള്‍ അനിവാര്യമായ അവസ്ഥയിലാവരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിതരണം വൈകിപ്പിക്കരുത്. ഫാക്ടറി, ഭൂമി തുടങ്ങിയ സ്ഥാവര വസ്തുക്കളില്‍ സകാത്ത്‌സ്വത്ത് നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ പോലും അവ ഉടന്‍ വില്‍പ്പന നടത്തി അവകാശികളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കണം.
രണ്ട്: ഉല്‍പാദന സംരംഭങ്ങളില്‍ മുതലിറക്കുന്നതിലൂടെ അവകാശികള്‍ക്ക് ലാഭവും നേട്ടവും ലഭിക്കണം.
മൂന്ന്: ഇസ്‌ലാമിക ശരീഅത്ത് അനുവദനീയമാക്കിയ സംരംഭങ്ങളിലേ നിക്ഷേപിക്കാവൂ. ഹലാലായ കച്ചവടം, വ്യവസായം, കൃഷി തുടങ്ങിയവ ഉദാഹരണം. പലിശ പോലെയുള്ള നിഷിദ്ധ ഇടപാടുകള്‍ക്കായി സകാത്ത്മുതല്‍ ഒരിക്കലും ഉപയോഗിക്കരുത്.
നാല്: സംരംഭങ്ങളിലിറക്കിയ പണം എപ്പോഴും സകാത്ത് മുതലായിത്തന്നെ നിലനിര്‍ത്തണം. ലാഭം അവകാശികള്‍ക്കേ ലഭ്യമാക്കാവൂ. ഭാവിയില്‍ മൂലധനം വില്‍ക്കേണ്ടിവന്നാല്‍ വില സകാത്ത് വകുപ്പിന് കൈമാറണം.
അഞ്ച്: നിക്ഷേപിക്കുന്നതിനു മുമ്പ് ലാഭസാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പഠനം നടത്തി ഉറപ്പു വരുത്തണം.
ആറ്: പദ്ധതിയുടെ നടത്തിപ്പുകാര്‍ പ്രഗത്ഭരും പ്രാവിണ്യമുള്ളവരുമായിരിക്കണം.
ഏഴ്: ഇസ്‌ലാമിക ഗവണ്‍മെന്റിന്റെ ജനറല്‍ വിഭാഗമോ വകുപ്പു മേധാവികളോ ആയിരിക്കണം കരാര്‍ വ്യവസ്ഥയില്‍ ഒപ്പു വെക്കേണ്ടത്.
എട്ട്: സംരംഭത്തിന്റെ മൂലധനവും ലാഭവും ആവശ്യം വരികയാണെങ്കില്‍ അവകാശികള്‍ക്ക് തിരിച്ചു നല്‍കണം.
വ്യത്യസ്ത നാടുകളിലെ ജനങ്ങളുടെ ജീവിത നിലവാരമനുസരിച്ച് നിബന്ധനകളില്‍ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടിവന്നേക്കാം. സകാത്ത്ദായകര്‍ കൂടുതലും, അവകാശികള്‍ കുറവുമുള്ള നാടുകളിലാണ് വിവിധ സംരംഭങ്ങളില്‍ സകാത്ത് മുതല്‍ നിക്ഷേപിക്കുന്നതുകൊണ്ട് നേട്ടമുണ്ടാക്കാനാവുക. 
(2018 ഏപ്രില്‍ 27 മുതല്‍ 29 വരെ ബൈത്തുസ്സകാത്ത് കേരള, എറണാകുളത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര സകാത്ത് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധം. പ്രബന്ധകാരന്‍ കുവൈത്ത് യൂനിവേഴ്‌സിറ്റിയിലെ കുല്ലിയത്തുശ്ശരീഅ വദ്ദിറാസാത്തില്‍ ഇസ്‌ലാമിയ്യയിലെ പ്രഫസറാണ്).

വിവ: ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്‌
 

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top