'സുനനു തിര്‍മിദി' മലയാള ഗ്രന്ഥപ്പുരയിലേക്ക്

അബൂസുറയ്യ‌‌
img

ഇക്കഴിഞ്ഞ റമദാന്‍ മാസത്തില്‍ ഹദീസ് വിജ്ഞാനശാഖക്ക് വിശേഷിച്ചും മലയാളി വായനക്കാര്‍ക്ക് പൊതുവിലും 'ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്' അനര്‍ഘമായ ഒരു പുരസ്‌കാരം സമ്മാനിക്കുകയുണ്ടായി. ഹദീസ് ഗ്രന്ഥങ്ങളില്‍ പുകഴ്‌പെറ്റ 'സുനനുത്തിര്‍മിദി'യുടെ മലയാള വിവര്‍ത്തനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. മഹത്തായ ഈ സംഭവം എന്തുകൊണ്ടോ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നിര്‍വഹിക്കാന്‍ പ്രസിദ്ധീകരണാലയത്തിന് സാധിച്ചില്ല. അതുകൊണ്ടുതന്നെ പ്രസ്തുത പരിപാടി ആരവങ്ങളില്ലാതെ കടന്നുപോയി.
നേരത്തേ 'സ്വഹീഹുല്‍ ബുഖാരി'യുടെയും 'സ്വഹീഹ് മുസ്‌ലിമി'ന്റെയും സംഗ്രഹങ്ങള്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'തിര്‍മിദി'യുടെ സംഗ്രഹം ഈ ഗണത്തില്‍ മൂന്നാമത്തേതാണ്. പക്ഷേ, സംഗ്രഹമെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഉയരുന്ന സങ്കല്‍പമല്ല ഈ ഗ്രന്ഥത്തിനുള്ളത്. സംഗ്രഹ കര്‍ത്താവ് തന്നെ വിവരിച്ച പോലെ ഹദീസുകളുടെ 'സനദു'കള്‍ കളഞ്ഞ്, നബി(സ)യില്‍ നിന്നുദ്ധരിക്കുന്ന ഏറ്റവും ആദ്യത്തെ റിപ്പോര്‍ട്ടറുടെ പേര്‍ മാത്രം പറയുക, സ്വഹാബിമാരുടെയോ താബിഉകളുടെയോ ചില 'അഥറു'കള്‍ ഒഴിവാക്കുക, ഒരേ ഹദീസ് വിവിധ നിവേദക ശ്രേണികളില്‍ ഒരേ ശീര്‍ഷകത്തില്‍ വന്നിട്ടുണ്ടെങ്കില്‍ ആവര്‍ത്തനം ഒഴിവാക്കുക- ഇത്തരം കാര്യങ്ങള്‍ മാത്രമാണ് സംഗ്രഹം എന്നതുകൊണ്ട് ഉദ്ദേശിച്ചത്. അതിനാല്‍ സുനനുത്തിര്‍മിദിയിലെ ഹദീസുകളെല്ലാം ഈ 'മുഖ്തസ്വിറി'ലും ഉണ്ടെന്ന് കാണാം. മൂലഗ്രന്ഥത്തില്‍ മൊത്തം 3956 ഹദീസുകളാണുള്ളതെങ്കില്‍ ഈ സംഗ്രഹത്തില്‍ 3950 ഹദീസുകളും ചേര്‍ത്തിട്ടുണ്ട്.
ആധുനിക കാലഘട്ടത്തിലെ വിഖ്യാത ഹദീസ് പണ്ഡിതനായ ഡോ. മുസ്ത്വഫാ ദീബ് അല്‍ബുഗാ(ജനനം: 1938)യാണ് ഈ കൃതിയുടെ കര്‍ത്താവ്. ഹദീസ് വിജ്ഞാനശാഖക്ക് അനര്‍ഘമായ സേവനങ്ങള്‍ ചെയ്ത പണ്ഡിത വരേണ്യനാണ് ഡോ. ബുഗാ. തന്റെ ഈ ദൗത്യനിര്‍വഹണത്തെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നു: ''സുന്നത്തിന് സേവനം ചെയ്യാനുള്ള മഹാഭാഗ്യം നല്‍കി അല്ലാഹു എന്നെ ആദരിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിലെ ജനങ്ങള്‍ക്ക് സരളവും ലളിതവുമായ രീതിയില്‍ അതെത്തിച്ചുകൊടുക്കാനുള്ള സൗഭാഗ്യം അല്ലാഹു എനിക്ക് നല്‍കി. സ്വഹീഹുല്‍ ബുഖാരിക്കും സുനനുദ്ദാരിമിക്കും നിര്‍വഹിച്ച സേവനത്തിനു ശേഷം പ്രവാചകചര്യ പഠിക്കാനും പാരായണം ചെയ്യാനും മനസ്സിലാക്കാനും ഉദ്ദേശിക്കുന്നവര്‍ക്ക് മൂലഗ്രന്ഥങ്ങളുടെ സംഗ്രഹങ്ങള്‍ നല്‍കാനുള്ള മാര്‍ഗദര്‍ശനം അല്ലാഹു എനിക്ക് നല്‍കി. അങ്ങനെ സബീദിയുടെ مختصر البخارى -യും മുന്‍ദിരിയുടെ مختصر مسلم -ഉം ഇതിനായി ഞാന്‍ തെരഞ്ഞെടുത്തു. പിന്നീട് ഞാന്‍ ചില ഗ്രന്ഥങ്ങള്‍ സ്വയം സംഗ്രഹിച്ചു. സുനനു അബീദാവൂദും സുനനുന്നസാഈയും അപ്രകാരമാണ് സംഗ്രഹിച്ച് പദങ്ങളുടെ വിശദീകരണം നല്‍കിയത്. ഈ രംഗത്തുള്ള സേവനങ്ങളുടെ തുടര്‍ച്ചയായി 'അല്‍ ജാമിഉസ്സ്വഹീഹ്' എന്ന് പേരുള്ളതും سنن الترمذى എന്ന് വിശ്രുതവുമായ ഈ ഗ്രന്ഥം സംഗ്രഹിക്കുകയും പദങ്ങള്‍ക്ക് വിശദീകരണം നല്‍കുകയും ചെയ്തിരിക്കുകയാണ്. സുന്നത്തിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ മുന്നില്‍ ഇതും ഞാന്‍ സമര്‍പ്പിക്കുന്നു'' (മൂലകൃതിയുടെ ആമുഖം പേജ് 14).
ഇരുപതോളം പണ്ഡിതന്മാരുടെ സംഘടിത ശ്രമത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം. വി.കെ അലിയാണ് ജനറല്‍ എഡിറ്റര്‍. കെ. അബ്ദുല്‍ ജബ്ബാര്‍ കൂരാരി തിര്‍മിദിയെക്കുറിച്ചെഴുതിയ ലഘു ജീവചരിത്രവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. കൂടാതെ അവസാനം ഇരുപതോളം പേജുള്ള ഒരു ഗ്രന്ഥസൂചിയുമുണ്ട്. ഹദീസുകള്‍ വിഷയാടിസ്ഥാനത്തില്‍ കണ്ടുപിടിക്കാന്‍ ഇത് സഹായകമാകും. അധ്യായങ്ങളുടെ ശീര്‍ഷകം, ഉപശീര്‍ഷകങ്ങള്‍, ഹദീസിന്റെ പേജ് നമ്പര്‍ എന്നീ ക്രമത്തിലാണ് ഗ്രന്ഥസൂചി ചേര്‍ത്തിട്ടുള്ളത്.
ഹദീസുകളുടെ സുവര്‍ണകാലം ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളാണ്. മൂന്നാം നൂറ്റാണ്ടിലാണ് ഇമാം തിര്‍മിദി ജീവിക്കുന്നത്. ബുഖാരി, മുസ്‌ലിം പോലുള്ളവരെല്ലാം ഇതേ കാലക്കാരാണ്. ബുഖാരിയുടെയും മുസ്‌ലിമിന്റെയും ശിഷ്യന്‍ കൂടിയാണ് തിര്‍മിദി. തിര്‍മിദിയില്‍നിന്ന് ഇമാം ബുഖാരിയും ഹദീസുകള്‍ സ്വീകരിച്ചിട്ടുണ്ട്. ബുഖാരി, മുസ്‌ലിം എന്നിവരുടെ ജാമിഉകള്‍ക്കു ശേഷം മൂന്നാം സ്ഥാനം ഇമാം തിര്‍മിദിയുടെ ഹദീസ് സമാഹാരത്തിന് പണ്ഡിതലോകം വകവെച്ചുകൊടുത്തിട്ടുണ്ട്.
ഉസ്‌ബെക്കിസ്താനിലെ തുര്‍മുദ് എന്ന പ്രദേശത്താണ് (തിര്‍മിദ് എന്നും പാഠഭേദമുണ്ട്) ഹിജ്‌റ 209-ല്‍ അബൂഈസാ മുഹമ്മദ് തിര്‍മിദി ജനിക്കുന്നത്. ഖുറാസാന്‍, ഇറാഖ്, ഹിജാസ് എന്നീ പ്രദേശങ്ങളിലെല്ലാം ചുറ്റി സഞ്ചരിച്ച് വിവിധ പണ്ഡിത ശ്രേഷ്ഠരില്‍നിന്ന് അദ്ദേഹം വിജ്ഞാനം കരസ്ഥമാക്കി. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ പ്രതിപാദന രീതിയനുസരിച്ചാണ് അദ്ദേഹം ഹദീസുകള്‍ ക്രോഡീകരിച്ചത്. അതിനാല്‍ 'സുനനുത്തിര്‍മിദി' എന്ന പേരിലാണ് അദ്ദേഹത്തിന്റെ ഹദീസ് സമാഹാരം വിഖ്യാതമാകുന്നത്. ഹിജ്‌റ 279-ലാണ് തിര്‍മിദിയുടെ മരണം.
ബുഖാരിയേക്കാളും മുസ്‌ലിമിനേക്കാളും സാധാരണക്കാര്‍ ഇഷ്ടപ്പെടുക 'സുനനുത്തിര്‍മിദി'യാണ്. നിത്യജീവിതവുമായി ബന്ധപ്പെട്ടതും ആശയ വ്യക്തതയുള്ളതുമായ ഹദീസുകളും ദൈനംദിന ജീവിതത്തില്‍ അനുഷ്ഠിച്ചു പോരേണ്ട കര്‍മങ്ങളെയും പ്രാര്‍ഥനകളെയും കുറിച്ച റിപ്പോര്‍ട്ടുകളും ഇതില്‍ കൂടുതലാണ് എന്നതാണതിനു കാരണം. ശുദ്ധി, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, വിവാഹം, കച്ചവടം, ശിക്ഷാവിധികള്‍, വസ്ത്രം, ഭക്ഷണം, വൈദ്യം, അനന്തരാവകാശം, കലാപങ്ങള്‍, സ്വര്‍ഗം, നരകം, വിജ്ഞാനം, ആചാരമര്യാദകള്‍, ഖുര്‍ആന്‍ വ്യാഖ്യാനം, പ്രാര്‍ഥനകള്‍, മഹാന്മാരുടെ അപദാനങ്ങള്‍ എന്നിവ അവക്കുദാഹരണമാണ്. ഇവയില്‍ പല വിഷയകമായും ചേര്‍ത്തിട്ടുള്ള ഹദീസുകള്‍ പ്രബലമായിക്കൊള്ളണമെന്നില്ല. ഹദീസുകളുടെ പ്രാബല്യം എത്രത്തോളമാണെന്ന് തിര്‍മിദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവ സ്വഹീഹ് (പ്രബലം), ഹസന്‍ (കൊള്ളാവുന്നത്), ദഈഫ് (ദുര്‍ബലം) എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. ചില ഹദീസുകളെക്കുറിച്ച് പ്രബലമാണോ, രണ്ടാം തരമാണോ എന്നതില്‍ ഹദീസ് നിരൂപകന്മാര്‍ക്ക് ഭിന്നാഭിപ്രായമുണ്ടെങ്കില്‍ അതിനെ അദ്ദേഹം حديث حسن صحيح എന്നു വിശേഷിപ്പിക്കുന്നു.  حسن صحيح എന്നു പറയുന്ന ഹദീസുകള്‍ صحيح എന്നു മാത്രം പറയുന്നതിനേക്കാള്‍ പദവി കുറഞ്ഞതായിരിക്കും. അതുപോലെ അപൂര്‍വം ഹദീസുകളെയെങ്കിലും حديث حسن ضعيف എന്ന രൂപത്തിലും വിശേഷിപ്പിച്ചിട്ടുണ്ട്. അത് ദുര്‍ബലമാണെന്ന അഭിപ്രായവും ഉണ്ട് എന്നര്‍ഥം. ചിലപ്പോള്‍ ഒരേ ഹദീസിന് വ്യത്യസ്ത പരമ്പരകളുണ്ടെങ്കില്‍ അവയില്‍ ചിലത് സ്വഹീഹും ചിലത് ഹസനും മറ്റു ചിലത് ദഈഫുമാണെന്നും അര്‍ഥമാക്കുന്നുണ്ട്. ഇവ്വിഷയകമായ വിശദമായ ചര്‍ച്ച സുനനുത്തിര്‍മിദിയുടെ വ്യാഖ്യാന ഗ്രന്ഥമായ 'തുഹ്ഫതുല്‍ അഹ്‌വദി'യില്‍ ഏകദേശം പത്തിരുപത്തഞ്ച് പേജുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാം.
ഹദീസുകളുടെ പ്രാബല്യത്തെക്കുറിച്ച് പൊതുവെ സ്വീകരിക്കപ്പെടുന്ന മാനദണ്ഡം, അവയുടെ നിവേദന പരമ്പര അവലംബനീയമാണോ എന്നാണ്. എന്നാല്‍ നിവേദന പരമ്പര സ്വീകാര്യമാകുന്നതോടൊപ്പം ആശയം അസ്വീകാര്യവും അതിനാല്‍ തള്ളിക്കളയേണ്ടതുമായ എത്രയോ ഹദീസുകളുണ്ട്; ഖുര്‍ആനിന് വിരുദ്ധമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകള്‍ പോലെ. ഇത്തരം ഹദീസുകളെ തിരസ്‌കരിക്കണമെന്നാണ് പണ്ഡിതമതമെങ്കിലും പ്രായോഗിക തലത്തില്‍ പലരും ആ നിഷ്ഠ പുലര്‍ത്താറില്ല. അതുപോലെ ദുര്‍ബലമായ ഹദീസുകള്‍ 'മതവിധി' കണ്ടെത്താന്‍ അടിസ്ഥാനമാക്കരുതെന്നും പണ്ഡിതന്മാര്‍ പറയുന്നു. അതേസമയം ഖുര്‍ആനിന് എതിരായിട്ടും മുത്ത്വലാഖിന് നിയമസാധുത നല്‍കുക പോലുള്ള ചില അബദ്ധങ്ങള്‍ സാര്‍വത്രികമായി കാണാം. അതിനാല്‍ 'സനദി'ന്റെയോ 'മത്‌നി'ന്റെയോ സ്വീകാര്യത മാത്രം അവലംബിക്കാതെ ഹദീസുകളെ സമീപിക്കുന്ന നിലപാടാണ് കൂടുതല്‍ ശരി. ആ നിലക്ക് തിര്‍മിദിയുടെ ഹദീസുകള്‍ക്ക് മുസ്‌ലിം ലോകത്ത് പ്രചാരം സിദ്ധിച്ചതില്‍ അത്ഭുതമില്ല.
ബുഖാരിയും മുസ്‌ലിമും പ്രസിദ്ധീകരിച്ചപ്പോള്‍ അടിക്കുറിപ്പുകള്‍ ഇല്ലാത്തത് വായനക്കാര്‍ക്ക് വലിയ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചില ഹദീസുകളുടെ ആശയങ്ങള്‍ മനസ്സിലാക്കാനും ചിലതിന്റെ സാധുത ബോധ്യപ്പെടാതിരിക്കാനും അത് കാരണമായി. ഈ കുറവ് വലിയൊരളവോളം പരിഹരിക്കാന്‍ 'സുനനുത്തിര്‍മിദി'യില്‍ ശ്രദ്ധിച്ചിട്ടുണ്ട്. എങ്കിലും നൂറു ശതമാനം പരിഹരിക്കപ്പെട്ടുവെന്ന് പറഞ്ഞുകൂടാ. അടുത്ത പതിപ്പുകളില്‍ ഈ ന്യൂനത പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.
പ്രവാചക ചര്യയുടെ നേരെ ആക്രമണം രൂക്ഷമായ ഒരു കാലഘട്ടമാണിത്. ഇസ്‌ലാമിനെ ഇതുമൂലം തകര്‍ക്കാന്‍ സാധിക്കുമെന്നാണ് പ്രതിയോഗികളുടെ ദുഷ്ടലാക്ക്. കാരണം സുന്നത്തിന്റെ അഭാവത്തില്‍ ഇസ്‌ലാമിന് നിലനില്‍പില്ലെന്നവര്‍ മനസ്സിലാക്കിയിരിക്കുന്നു. അതിനാല്‍ ഇത്തരം ഹദീസ് സമാഹാരങ്ങള്‍ കൂടുതല്‍ കൈകളിലെത്താന്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 1072 പേജുകളുള്ള ഈ പുസ്തകത്തിന്റെ മുഖവില 1199 രൂപയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, പള്ളികള്‍, മുസ്‌ലിം ഭവനങ്ങള്‍, മതപണ്ഡിതന്മാര്‍ എന്നിവര്‍ക്ക് അത്യന്താപേക്ഷിതമായ ഈ കൃതി ചുരുങ്ങിയ വിലയ്ക്ക് അവര്‍ക്ക് ലഭ്യമാക്കാന്‍ ഐ.പി.എച്ച് ആകര്‍ഷകമായ സ്‌കീമുകള്‍ തയാറാക്കുന്നത് നന്നായിരിക്കും.
ഇസ്‌ലാമിലെ ക്ലാസിക് കൃതികള്‍ മൊഴിമാറ്റി പ്രസിദ്ധീകരിക്കുമ്പോള്‍ കുറേക്കൂടി വ്യാപകമായ പരസ്യം നല്‍കി മുസ്‌ലിം ബഹുജന ശ്രദ്ധ ആകര്‍ഷിക്കുന്നതിലും പുതിയ പരസ്യതന്ത്രങ്ങള്‍ സ്വീകരിക്കുന്നതിലും ഐ.പി.എച്ച് ഭാരവാഹികള്‍ ബഹുദൂരം മുന്നോട്ട് പോവേണ്ടിയിരിക്കുന്നു.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top