രണ്ട് പണ്ഡിത പ്രതിഭകള്‍

പി.കെ ജമാല്‍‌‌
img

ശൈഖ് മുഹമ്മദലി അസ്സ്വാബൂനി

''അതൊരു അമാനുഷ ഗ്രന്ഥമാണ്. അറബ് ദേശവാസിയായ നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക് അവതീര്‍ണമായ ദൈവിക വചനങ്ങളുടെ സമാഹാരമായ ആ മഹദ് ഗ്രന്ഥം-ഖുര്‍ആന്‍-മനുഷ്യവര്‍ഗത്തിന് വിജ്ഞാനവും ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും ആന്തര രഹസ്യങ്ങളെക്കുറിച്ച അറിവും പൊരുളും പ്രദാനം ചെയ്തു കൊണ്ടേയിരിക്കുകയാണ്. ദൈവദൂതനായ മുഹമ്മദി(സ)ന് ലഭിച്ച ഈ വരപ്രസാദം അനശ്വരവും അമര്‍ത്ത്യവുമായ അമാനുഷ ദൃഷ്ടാന്തത്തിന്റെ വിളംബരവും നിത്യപ്രതീകവുമാണ്....
''ജീവിതായോധനത്തിന്റെ വഴികള്‍ തേടി സമയം വിനിയോഗിക്കാന്‍ നിര്‍ബന്ധിതനായ വിശ്വാസിക്ക് ബൃഹത്തായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളെ ആലംബമാക്കി അറിവ് കരസ്ഥമാക്കാനുള്ള അവസരം കുറവാണ്. നമ്മുടെ പൂര്‍വികരായ പണ്ഡിത പ്രതിഭകള്‍ ദൈവിക വചനങ്ങളെ വ്യാഖ്യാനിച്ചും വിശദീകരിച്ചും ഖുര്‍ആനിന്റെ ആവിഷ്‌കാര ഭംഗി വെളിപ്പെടുത്തിയും ചെയ്ത മഹത്തായ സേവനങ്ങളെ കടപ്പാടോടുകൂടി കാണുന്നവരാണ് നാം. ഖുര്‍ആനില്‍ ഉള്ളടങ്ങിയ നിയമങ്ങളും വിധികളും സദാചാര മൂല്യങ്ങളും സനാതന സത്യവും ദൈവിക വചന സാഗരത്തിന്റെ അഗാധതകളില്‍ ഊളിയിട്ട് ആ മഹാമനീഷികള്‍ പുറത്തുകൊണ്ടുവന്നു. ജനങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ അനായാസേന ഗ്രഹിക്കാന്‍ സംവിധാനം ഒരുക്കേണ്ടത് പണ്ഡിതന്മാരുടെ ഇന്നത്തെ കര്‍ത്തവ്യമാണ്. തെളിഞ്ഞ ശൈലി, അനാവശ്യചമയങ്ങളും സ്ഥൂലതയുമില്ലാത്ത തിളക്കമാര്‍ന്ന വിശദീകരണം, സങ്കീര്‍ണതയില്ലാത്ത അകൃത്രിമ ഭാഷ, ആവിഷ്‌കാരത്തിന്റെയും അമാനുഷികതയുടെയും ലാവണ്യം അടയാളപ്പെടുത്തുന്ന വ്യാഖ്യാനവും വിവരണവും... അങ്ങനെ ആധുനിക കാലഘട്ടത്തിന്റെ ആത്മാവിനോട് ഇണങ്ങുന്നതും, ഖുര്‍ആനിക വിജ്ഞാനീയങ്ങളാര്‍ജിക്കാന്‍ ദാഹാര്‍ത്തരായി ഉഴറി നടക്കുന്ന അഭ്യസ്തവിദ്യരായ യുവസമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് കാതോര്‍ക്കുന്നതുമായ ഒരു ഭാഷ്യമാവണം അത്.....
''ഈ ലക്ഷണങ്ങളെല്ലാം ഒത്ത ഒരു തഫ്‌സീര്‍ എനിക്ക് കണ്ടെത്താനായില്ല. അത്തരം ഒരു തഫ്‌സീര്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. ജനങ്ങള്‍ അത്തരമൊന്ന് അന്വേഷിക്കുന്നു, കിട്ടിയെങ്കിലെന്ന് കൊതിക്കുന്നു. ഏറെ അധ്വാനവും സമയവും വ്യയം ചെയ്യേണ്ട ക്ലേശപൂര്‍ണവും പ്രയാസകരവുമായ യത്‌നമാണെന്ന് ബോധ്യമുണ്ടായിട്ടും അല്ലാഹുവിന്റെ സഹായത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് അവന്റെ വചനങ്ങള്‍ വ്യാഖ്യാനിക്കാനുള്ള ചുമതല ഞാനേറ്റെടുത്തു. ദൈവിക ഗ്രന്ഥത്തോട് ആവത് നീതി പുലര്‍ത്താന്‍ കഴിയേണമേയെന്ന പ്രാര്‍ഥന അല്ലാഹുവിന്റെ സവിധത്തില്‍ സമര്‍പ്പിച്ചുകൊണ്ട് ഈ മഹായത്‌നത്തിന് ഞാന്‍ തുനിഞ്ഞിറങ്ങി.
എന്റെ ഗ്രന്ഥത്തിന് 'സ്വഫ്‌വത്തുത്തഫാസീര്‍' എന്നാണ് ഞാന്‍ നാമകരണം ചെയ്തിരിക്കുന്നത.് 'ബൃഹത്തായ വിസ്തൃത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലെ ആശയനിര്‍ഝരിയില്‍നിന്ന് അരിച്ചെടുത്ത തെളിനീര്‍' എന്നാണ് ഞാന്‍ ഈ പേരുകൊണ്ടുദ്ദേശിച്ചത്. പേരിനെ അന്വര്‍ഥമാക്കും ഈ രചന എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ഖുര്‍ആന്‍ വ്യാഖ്യാനത്തിന് ഞാന്‍ സ്വീകരിച്ച ശൈലി വിശദമാക്കാം.
ഒന്ന്: ഓരോ അധ്യായത്തിന്റെയും മുഖവുരയായി ആ സൂറത്തിന്റെ പ്രമേയം സാമാന്യമായി വിശദീകരിക്കും. അടിസ്ഥാന ലക്ഷ്യങ്ങള്‍ വ്യക്തമാക്കും.
രണ്ട്: ഓരോ സൂക്തത്തിന്റെയും മുമ്പും പിമ്പുമുള്ള സൂക്തവുമായുള്ള ബന്ധം.
മൂന്ന്: ഭാഷയുടെ നിഷ്പത്തിയും അറബി സാഹിത്യത്തിലെ സമാനതെളിവുകളും
നാല്: അവതരണ പശ്ചാത്തലം
അഞ്ച്: വ്യാഖ്യാനം
ആറ്: സാഹിത്യഭംഗി
ഏഴ്: ഗുണപാഠങ്ങള്‍.
രാപ്പകല്‍ ഭേദമില്ലാതെ അഞ്ചു വര്‍ഷം ഈ ഗ്രന്ഥരചനക്ക് ഞാന്‍ ചെലവിട്ടു. പ്രാമാണികമായ മുഖ്യ തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിവെച്ചത് വായിക്കാതെയും ഏറ്റവും പ്രബലവും സുബദ്ധവുമായ അഭിപ്രായങ്ങളെ കുറിച്ച് സൂക്ഷ്മപഠനം നടത്താതെയും ഒന്നും ഞാന്‍ എഴുതിയിട്ടില്ല. കാലം എനിക്ക് വിധേയമാക്കപ്പെട്ടതുപോലെയാണ് എനിക്ക് തോന്നിയത്. എല്ലാം പുരാതന ദൈവഗേഹത്തിന്റെ ചാരത്ത് ജീവിക്കാന്‍ അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹത്തിന്റെ ഐശ്വര്യം ഒന്ന് മാത്രം.''
ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന 'അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിലെ' പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്രത്തില്‍ വിശാരദനുമായ ശൈഖ് മുഹമ്മദലി അസ്സ്വാബൂനി തന്റെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ 'സ്വഫ്‌വത്തുത്തഫാസീറി'ന്ന് എഴുതിയ മുഖവുരയിലെ പ്രസക്തഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്. ദുബൈ ഇന്‍ര്‍നാഷ്‌നല്‍ ഖുര്‍ആന്‍ പുരസ്‌കാര സമിതി 2007-ലെ പ്രമുഖ ഇസ്‌ലാമിക വ്യക്തിത്വമായി തെരഞ്ഞെടുത്തത് സ്വാബൂനിയെയാണ്. ഖുര്‍ആന്‍ വ്യാഖ്യാനമുള്‍പ്പെടെ നിരവധി കനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ച് ഇസ്‌ലാമിക സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സ്വാബൂനി 1930-ല്‍ സിറിയയിലെ അലപ്പോ നഗരത്തിലാണ് ജനിച്ചത്. പിതാവ് ശൈഖ് ജമീല്‍ അസ്സ്വാബൂനിയുടെ മേല്‍നോട്ടത്തില്‍ പഠനമാരംഭിച്ച മുഹമ്മദലി ചെറുപ്പന്നേ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും ദീനീ വിജ്ഞാനീയങ്ങളില്‍ വ്യുല്‍പത്തി നേടുകയും ചെയ്തു. തഫ്‌സീര്‍, ഫിഖ്ഹ്, ഹദീസ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ പ്രാവീണ്യം നേടിയ സ്വാബൂനിയെ സിറിയന്‍ ഗവണ്‍മെന്റ് ഉപരിപഠനത്തിന് കൈറോവിലെ അസ്ഹറിലേക്കയച്ചു. 1952 ശര്‍ഈ നിയമത്തില്‍ 'ആലിമിയ്യ' ബിരുദം കരസ്ഥമാക്കി. മക്കയിലെ 'കുല്ലിയ്യത്തുശ്ശരീഅഃ വദ്ദിറാസത്തില്‍ ഇസ്‌ലാമിയ്യ'യില്‍ മുപ്പതു വര്‍ഷം അധ്യാപന വൃത്തിയില്‍ തുടര്‍ന്നു. 'റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി'യിലും സേവനം അനുഷ്ഠിച്ചു. മസ്ജിദുല്‍ ഹറാമില്‍ ദിനേനയുള്ള ക്ലാസുകള്‍, ജിദ്ദയിലെ പള്ളിയില്‍ ദശകത്തോളം നീണ്ട ഖുര്‍ആന്‍ തഫ്‌സീര്‍ ക്ലാസ്, തഫ്‌സീറുല്‍ ഖുര്‍ആനില്‍ അറുനൂറ് എപ്പിസോഡുകളുള്ള ടെലിവിഷന്‍ പ്രോഗ്രാം തുടങ്ങി നിരവധി വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ നിരതനായി ശൈഖ് സ്വാബൂനി.
പിതാവ് ജമീല്‍ അസ്സ്വാബൂനി, മുഹമ്മദ് നജീബ് സിറാജ്, അഹ്മദുശ്ശമ്മാഅ്, മുഹമ്മദ് സഈദ് ഇദ്‌ലിബി, മുഹമ്മദ് റാഗിബ് അത്ത്വബ്ബാഖ്, മുഹമ്മദ് നജീബ് ഖിയാത്വ മുതലായവര്‍ ഗുരുനാഥന്മാരാണ്.
ഇംഗ്ലീഷ്, ഫ്രഞ്ച്, തുര്‍ക്കി തുടങ്ങി നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട മുപ്പതില്‍പരം കനപ്പെട്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. സ്വഫ്‌വത്തുത്തഫാസീര്‍, അല്‍മവാരീസ് ഫിശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ, മിന്‍ കുനൂസിസ്സുന്ന, മൗസൂഅത്തുല്‍ ഫിഖ്ഹിശ്ശര്‍ഇയ്യില്‍ മുയസ്സര്‍, അഖീദത്തു അഹ്‌ലിസ്സുന്നത്തി ഫീ മീസാനിശ്ശര്‍ഇ, മുഖ്തസ്വറു തഫ്‌സീര്‍ ഇബ്‌നി കഥീര്‍, മുഖ്തസ്വറു തഫ്‌സീറുത്തബ്‌രി, അത്തിബ്‌യാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍ തുടങ്ങിയ 33-ലധികം ഗ്രന്ഥങ്ങള്‍ പണ്ഡിതലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ട രചനകളാണ്.

 

അലി മുഹമ്മദ് മുഹമ്മദ് അസ്സ്വല്ലാബി

പണ്ഡിതന്‍, എഴുത്തുകാരന്‍, ചരിത്രകാരന്‍, രാഷ്ട്രീയ നിരീക്ഷകന്‍, ഗ്രന്ഥകര്‍ത്താവ്, കര്‍മശാസ്ത്ര വിശാരദന്‍ -അലി മുഹമ്മദ് മുഹമ്മദുസ്സ്വല്ലാബി. സ്വല്ലാബി കൃതികളുടെ ജനകീയതയാണ് അദ്ദേഹത്തെ ഭുവനപ്രശസ്തനാക്കിയതില്‍ പ്രധാന പങ്ക് വഹിച്ചത്.
ലിബിയയിലെ ബന്‍ഗാസിയില്‍ 1963-ല്‍ ജനിച്ച അലി അസ്സ്വല്ലാബി 1993-ല്‍ മദീന യൂനിവേഴ്‌സിറ്റിയില്‍നിന്ന് റാങ്കോടെ ലിസന്‍സ് ബിരുദം നേടി. ഉമ്മുദര്‍മാന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. 'ഫിഖ്ഹുത്തംകീനി ഫില്‍ ഖുര്‍ആനില്‍ കരീം' എന്ന ഗവേഷണ പഠനത്തിന് ഡോക്ടറേറ്റ് നേടിയ സ്വല്ലാബി, ലിബിയന്‍ രാഷ്ട്രീയത്തിലെ ഇടപെടല്‍ നിമിത്തം വിവാദപുരുഷനായിത്തീര്‍ന്നു.
'ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍' പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സ്വല്ലാബി, ഒരു ഘട്ടത്തില്‍ ലിബിയയില്‍ ശക്തി പ്രാപിച്ച ഖദ്ദാഫി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സുപ്രധാന പങ്കു വഹിച്ച് ഭരണകൂടത്തിന്റെ വിമര്‍ശകനായി. ഖദ്ദാഫി പുത്രന്‍ സൈഫുല്‍ ഇസ്‌ലാം ഖദ്ദാഫിയുമായുള്ള സ്വല്ലാബിയുടെ സുഹൃദ് ബന്ധം ഭരണകൂടവുമായുള്ള അനുനയ സമീപനത്തിന് വഴിവെച്ചു. ഖദ്ദാഫി ഭരണത്തിന്റെ അവസാന നാളുകളില്‍ ആ ബന്ധം ഉലച്ചിലില്ലാതെ തുടര്‍ന്നു. 2011-ല്‍ ഖദ്ദാഫിക്കെതിരില്‍ പൊട്ടിപ്പുറപ്പെട്ട ജനരോഷത്തിന്റെ ഭാഗമായി മാറിയ സ്വല്ലാബി സൈഫുല്‍ ഇസ്‌ലാമുമായുള്ള സകല ബന്ധങ്ങളും അറുത്തെറിയുകയാണെന്ന് പ്രഖ്യാപിച്ചു. ഖദ്ദാഫി സൈന്യവും വിപ്ലവകാരികളും തമ്മില്‍ ഏറ്റുമുട്ടിയ സന്ദിഗ്ധ ഘട്ടത്തില്‍, ഇന്റലിജന്റ്‌സ് മേധാവി അബൂസൈദ് ദൗരിദയുമായി സ്വല്ലാബി നടത്തിയ കൂടിക്കാഴ്ച നിരീക്ഷകരെയെല്ലാം ഞെട്ടിച്ചു. ഒട്ടുവളരെ വിമര്‍ശനങ്ങള്‍ക്ക് ഈ കൂടിക്കാഴ്ച ഇടയാക്കി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ അതേ മാര്‍ഗമുള്ളൂ എന്ന നിരീക്ഷണമാണ് തന്നെ ഈ നിലപാടില്‍ എത്തിച്ചതെന്ന് സ്വല്ലാബി സ്വയം ന്യായീകരിച്ചു. ട്രിപ്പോളിയില്‍ ഖദ്ദാഫിയുടെ പതനം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇടക്കാല ഭരണമേറ്റു മഹ്മൂദ് ജിബ്രീലിനെതിരില്‍ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തു വന്ന സ്വല്ലാബിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ ലിബിയന്‍ തെരുവുകളില്‍ ഇറങ്ങിയതോടെ സ്വല്ലാബി പിന്‍വാങ്ങി. ഖദ്ദാഫി ഭരണം വീഴ്ത്തിയതിന്റെ ബഹുമതി ലിബിയന്‍ ജനതക്കാകമാനമാണെന്നും ഏതെങ്കിലും വ്യക്തികള്‍ വിജയം റാഞ്ചുന്നത് അപലപനീയമാണെന്നും പ്രസിഡന്റ് മുസ്ത്വഫാ അബ്ദുല്‍ ജലീലിന് തുറന്നടിക്കേണ്ടിവന്നത് സ്വല്ലാബിക്ക് നേരെയുള്ള ഒളിയമ്പുമായിരുന്നു.
ഖദ്ദാഫി പുത്രന്‍ സൈഫുല്‍ ഇസ്‌ലാമുമായുള്ള സുദൃഢ ബന്ധവും ഖദ്ദാഫിയുടെ ഉപദേശകസമിതിയംഗമെന്ന സ്ഥാനവും ഉപയോഗപ്പെടുത്തി, ലിബിയന്‍ ജയിലുകളില്‍ വര്‍ഷങ്ങളോളം വിചാരണയില്ലാതെ കഴിഞ്ഞുകൂടേണ്ടി വന്ന ആയിരക്കണക്കില്‍ ഇഖ്‌വാന്‍ പ്രവര്‍ത്തകരെ മോചിപ്പിക്കാനായത് നേട്ടമായി സ്വല്ലാബിക്ക് എണ്ണാം.
വിശ്വാസസംഹിത, ചരിത്രം, മാനവിക ശാസ്ത്രം തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ മുപ്പതില്‍ പരം കൃതികളുടെ കര്‍ത്താവായ സ്വല്ലാബിയുടെ ഭാഷാ സൗകുമാര്യവും ആവിഷ്‌കാര ഭംഗിയും എടുത്തു പറയേണ്ടതാണ്. ഇസ്‌ലാമിക ചരിത്രത്തിന്റെ ഉള്ളറകളിലേക്കിറങ്ങി സംഭവങ്ങളെ വിശകലനം ചെയ്യുന്ന രീതി, പുതിയ കാലഘട്ടത്തിന്റെ സ്പന്ദനങ്ങളുമായി ഗതകാല ചരിത്രത്തെ കണ്ണിചേര്‍ക്കുന്ന ആഖ്യാനപാടവം തുടങ്ങി സ്വല്ലാബിയുടെ സവിശേഷതകളായി ഗണിക്കാവുന്ന സര്‍ഗാത്മക സിദ്ധികള്‍ തിളങ്ങി നില്‍ക്കുന്ന ഗ്രന്ഥമാണ് ബൃഹത്തായ 'അസ്സീറത്തുന്നബവിയ്യ' എന്ന രചന. വസത്വിയ്യത്തുല്‍ ഖുര്‍ആനില്‍ കരീം ഫില്‍ അഖാഇദ്, അദ്ദൗലത്തുല്‍ ഉസ്മാനിയ്യ; അവാമിലുന്നുഹൂദ് വഅസ്ബാബുസ്സുഖൂത്ത്, ഫിഖ്ഹുന്നസ്വ്‌രി വത്തംകീനി ഫില്‍ ഖുര്‍ആനില്‍ കരീം, സ്വലാഹുദ്ദീനുല്‍ അയ്യൂബി തുടങ്ങി മുപ്പതില്‍പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ സ്വല്ലാബി കാലഘട്ടത്തിലെ ശ്രദ്ധേയ പണ്ഡിത വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ നിശിതമായി വിമര്‍ശിക്കുന്ന പണ്ഡിതന്മാരും ഉണ്ടെന്ന വസ്തുത നിഷേധിക്കുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകള്‍ ഏറെ വിലമതിക്കപ്പെടുന്നവയാണ്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top